images/TwitteringMachine.jpg
Twittering Machine, a painting by Paul Klee (1879–1940).
പ്രതികരണങ്ങൾ
വായനക്കാർ
അഷ്ടമൂർത്തി: സിംഗപ്പൂരിലെ പക്ഷികൾ
നന്ദിനി മേനോൻ:
വൃത്തിയും വെടിപ്പും സ്വാതന്ത്യവും നിറഞ്ഞ പറുദീസകളിലെ മനുഷ്യ നിർമ്മിതികൾക്കകത്ത് മുഖക്കോണകങ്ങളുമായി മനുഷ്യൻ പരിമിതപ്പെട്ടു പോയ ഇക്കാലത്ത് ഉയരത്തെ കൊമ്പിലെ തുഞ്ചത്തെ കൂട്ടിലിരുന്ന് കിളികൾ കളിയായി പറയുന്നെതെന്താണ്…! നല്ല എഴുത്ത് കുട്ടേട്ടാ….
സിയാറ്റിൽ മൂപ്പൻ (തുടർച്ച)
നന്ദിനി മേനോൻ:
മൂപ്പന്റെ ആത്മഗതം, പുതിയ സാഹചര്യത്തിൽ പുനർവായന… വെളുത്ത മൂപ്പന്റെ ദൈവത്തെ അവൻ തന്നെ സൃഷ്ടിക്കുന്നു. നിലവിൽ ചുവന്ന മൂപ്പന് വിട്ടുകൊടുക്കാൻ വെളുത്ത മൂപ്പന്റെ കൈവശം വേറെ ലോകമില്ല. വെളുത്ത മൂപ്പന്റെ ഏകാന്തരാവുകളിൽ ചുവന്ന മൂപ്പൻ നിറയുന്നില്ല, കാരണം ചുവന്ന മൂപ്പന് മരണം പോലും സ്വന്തമായില്ല. സക്കറിയ സാറിന് പൂച്ചെണ്ടു്!
സജിനാ വിപിൻ:
സിയാറ്റിൽ മൂപ്പന്റെ വിശ്വപ്രശസ്തമായ പ്രസംഗത്തിന്റെ പരിഭാഷ വായിച്ച കണ്ണൂർ സർവ്വകലാശാല നിയമവിഭാഗം അഞ്ചാം സെമസ്റ്റർ ഡിഗ്രി വിദ്യാർത്ഥികൾ പങ്കു വെച്ച അഭിപ്രായങ്ങൾ:
അലീന ക്രിസ്റ്റി:
ചുവപ്പ്, വെളുപ്പ് എന്നീ നിറങ്ങളുടെ പേരിൽ മനുഷ്യർ മനുഷ്യനിൽ തീർക്കുന്ന അന്തരം വലുതാണ്. മണ്ണിനെ ജീവന്റെ സത്തായി കരുതുന്ന മണ്ണിന്റെ മക്കളെ അറപ്പോടെ കാണുന്ന ജനത ഇന്നുമുണ്ടെന്നതിന്റെ തെളിവാണ് അമേരിക്കയിൽ ഈയിടെയുണ്ടായ സംഭവം വ്യക്തമാക്കുന്നത്. വികസനമെന്ന വാക്കിനാൽ പാരമ്പര്യത്തെയും പ്രകൃതിയെയും തന്നെ തുടച്ചു മാറ്റുമ്പോൾ മനുഷ്യന് നഷ്ടമാകുന്നത് അവന്റെ ആദിമ വേരു തന്നെയാണ്. ഭൂമിയുടെ സ്വന്തമായതിനെയെല്ലാം മനുഷ്യൻ പകുത്തെടുത്തു, ആ പങ്കുവയ്ക്കലിൽ ഒറ്റപ്പെട്ടു പോയവരാണ് ആദിവാസി ജനങ്ങൾ. നാമെല്ലാവരും ഒരു കുടുംബത്തെ ഒന്നാക്കുന്ന രക്തത്തെപ്പോലെ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടവരാണ് യാഥാർത്ഥ്യത്തിൽ അവിടെ വേർതിരിവുകൾ പാടുള്ളതല്ല. സിയാറ്റിൽ മൂപ്പൻ പറഞ്ഞതുപോലെ ഭൂമി മനുഷ്യന്റെയല്ല മനുഷ്യൻ ഭൂമിയുടേതാണ്.
അക്ഷയ കെ:
വാസ്തവത്തിൽ ഭൂമിയുടെ ഭാവി ആലോചിച്ചു നൊന്തു പൊള്ളുകയായായിരുന്നു സിയാറ്റിൽ മൂപ്പൻ. ഭൂമിദേവിയുടെ സമ്പത്തിനു ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ള കെൽപ്പുണ്ട് പക്ഷെ, ഒരാളെയുടെയും ദുരമാറ്റാൻ ഭൂമിക്ക് വിഭവം ഇല്ല എന്ന ഗാന്ധിജിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. പരിഹാസവും ക്ഷോഭവും എല്ലാം കലർന്ന മൂപ്പന്റെ വാക്കുകൾ എല്ലാ കാലത്തെയും സാമൂഹിക പരിസരത്തിന് ഒരു ആഘാതമാണ്.
ആര്യ എം:
വികസനം എന്നത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അവിഭാജ്യ ഘടകമാണ്. എന്നിരുന്നാലും “നാടോടുമ്പോൾ നടുവെ ഓടണം” എന്ന മലയാളിയുടെ പഴഞ്ചൊല്ലാണ് എനിക്ക് ഓർമ്മ വന്നത്. പൂർവ്വികർ പകർന്നുതന്ന പ്രകൃതിയുടെ മനോഹാര്യത നാം ആണ് കാത്തുസൂക്ഷിക്കേണ്ടത്. ഓരോ ജീവജാലങ്ങളും പ്രകൃതിയുടെ സമ്പത്താണ്. അത് സംരക്ഷിച്ചു നിലനിർത്തേണ്ടത് നാം ഓരോരുത്തരും ആണ്. പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതയും അതിന്റെ പ്രത്യാഘാതങ്ങൾ ആണ് സിയാറ്റിൽ മൂപ്പന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. അടുത്ത തലമുറയ്ക്കുകൂടി കാണാൻ പറ്റുന്ന തരത്തിലുള്ള വികസനമായിരിക്കണം ഇനി ഉണ്ടാവേണ്ടത്. വികസനം നല്ലതാണ് പക്ഷെ അതൊരിക്കലും പ്രകൃതിയുടെ മേൽ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നവയായിരിക്കരുത്.
ജയ്:
ചരിത്രം ആവർത്തിക്കാതിരിക്കാൻ, അമേരിക്കയിലെ തദ്ദേശീയരായ റെഡിന്ത്യൻസ് എന്ന വിഭാഗത്തിന്റെ വേദന നമ്മുടെ നാട്ടിലെ ആദിവാസി (ആദിമവാസി) ജനതയ്ക്ക് വന്നുകൂടാ… മുമ്പ് വായിച്ച ലേഖനങ്ങളെയും മുൻനിർത്തി ഞാൻ വീണ്ടും പറയുന്നു, വികസനം മനുഷ്യത്വത്തെ മറക്കാനുള്ള മറയായി മാറുമ്പോൾ നഷ്ടമാക്കുന്നത് തിരിച്ചുപിടിക്കാൻ ആവുന്നവയല്ല…
അഫ്ര:
പൂർവികന്മാർ നമ്മുടെ പ്രകൃതിയെ ഒരു കേടുപാടും ആകാതെ ആണ് അവരുടെ പൂർവികരിൽ നിന്ന് നമ്മുക്ക് തന്നത്, അത് നമ്മളും അടുത്ത തലമുറക്ക് വേണ്ടി നിലനിർത്തണം എന്ന് ഈ പരിഭാഷ നമ്മളെ ഓർമിപ്പിക്കുന്നു.
അഞ്ജലി:
യന്ത്രവൽകൃതമായ ഇന്നത്തെ സമൂഹത്തിൽ വികസനം അനിവാര്യമാണ്, എന്നാൽ അത് പ്രകൃതിയുടെ ആത്മാവിൽ പോറൽ ഏൽപ്പിക്കുന്നതും, ആദിവാസി ജനതയുടെ ജീവിതത്തിനെയും നിലനിൽപ്പിനെയും ബാധിക്കുന്ന തരത്തിലും ആവാതെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പൂർവികർ നമുക്ക് പകർന്ന പ്രകൃതിയുടെ സമ്പത്തും സംരക്ഷണവും വരും തലമുറയ്ക്കു വേണ്ടി കാത്തുസൂക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യത, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ തീവ്രത എന്നിവ സിയാറ്റിൽ മൂപ്പന്റെ വാക്കുകളിൽ തെളിഞ്ഞു കാണുന്നു. പ്രകൃതിക്ഷോഭങ്ങൾ വർധിക്കുന്ന ഇന്നത്തെ സമൂഹത്തിൽ മനുഷ്യൻ ഭൂമിയുടേതാണ് എന്ന് വിശ്വസിക്കുന്ന, അവന്റെ അമ്മയാണ് ഭൂമി എന്നു വിശ്വസിക്കുന്ന മൂപ്പന്റെ വാചകങ്ങൾ ജീവിതദർശനത്തിന്റെ പലതരം അർത്ഥങ്ങളാണ് നൽകുന്നത് അതിന്റെ പ്രസക്തിയും വളരെ വലുതാണ് ഇന്നത്തെ സമൂഹത്തിൽ.
രേവതി:
ഇന്നത്തെ സമൂഹം വികസനത്തിന് പിന്നാലെ പോവുകയാണ്, എന്നാൽ ആ വികസനം മനുഷ്യജീവനു തന്നെ ഭീഷണി ഉയർത്തുന്നു. ഇവിടെ എനിക്ക് ഓർമ വരുന്നത് ഗാന്ധിജിയുടെ വാക്കുകളാണ്—എന്തെന്നാൽ മനുഷ്യന് ആവശ്യമുള്ളത് പ്രകൃതിയിൽ ഉണ്ട്, എന്നാൽ അത്യാഗ്രഹത്തിനുള്ളത് ഇല്ല. പ്രകൃതി എല്ലാവർക്കും തുല്യം ആണ് എന്നാൽ ചിലർ അത് തന്റേത് മാത്രം എന്ന് കരുതി മറ്റുള്ളവനെ ചൂഷണം ചെയ്യുന്നു. വികസനം എന്ന പേരിൽ പ്രകൃതി നശിക്കപ്പെടുന്നു എന്നത് തർക്കം ഇല്ലാത്ത കാര്യമാണ്. വികസനം എന്ന പ്രക്രിയയെ നാം കണ്ണും അടച്ച് സ്വീകരിക്കുന്നു. വികസനം വേണ്ട എന്നല്ല വിനാശം പാടില്ല എന്ന ആശയം ആണ് നാം മുന്നോട്ട് വെക്കേണ്ടത്. ഭൂമിയിലെ ജീവനെ പരിഗണിച്ച് കൊണ്ടാവണം വികസനം.
തെസ്നീമ:
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ചൂണ്ടികാണിക്കുകയാണ് ഇവിടെ സിയാറ്റിൽ മൂപ്പൻ, അത് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. മൂപ്പന്റെ ഓരോ വാക്കിന്റെയും പ്രസക്തി കാലത്തിന്നിപ്പുറവും ജ്വലിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതയെ കുറിച്ച് അദ്ദേഹം പറയുന്നതായി നമുക്ക് കാണാം. ഭൂമി അമ്മയാണ്, ആയതുകൊണ്ടുതന്നെ ഭൂമി മനുഷ്യന്റേതല്ല മറിച്ച് മനുഷ്യൻ ഭൂമിയുടെതാണ്. ഭൂമിക്ക് സംഭവിക്കുന്നതെല്ലാം ഭൂമിയുടെ മക്കൾക്കും സംഭവിക്കും. അതെ നാം ഇന്ന് ചെയ്തതിന്റെ ഫലം നാളെ നമ്മളെ കാത്തിരിക്കുന്നു എന്നതാണ് വാസ്തവം. ജീവന്റെ വല നെയ്തതു മനുഷ്യനല്ല അവനതിൽ ഒരു ഇഴ മാത്രമാണ്. പൂർവികർ നമുക്ക് കരുതലോടെ നൽകിയ പ്രകൃതിയെ നാം വരും തലമുറയ്ക്കുകൂടി നൽകേണ്ടതുണ്ട്. ആയതിനാൽ അതിന്റെ സംരക്ഷണം നാം ഉറപ്പ് വരുത്തൽ അനിവാര്യമാണ്. കാലത്തിനിപ്പുറവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽ മങ്ങൽ ഏൽക്കാതെ കാത്തുസൂക്ഷിക്കുക എന്നത് മനുഷ്യനെന്ന നിലയിൽ നാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മൂപ്പന്റെ വാക്കുകളിൽ നിന്നും മനസിലാക്കാം.
ഹൃതു:
വികസനം, അത് അനിവാര്യമാണ്. എന്നാൽ അത് പരിസ്ഥിതിയെ നോവിച്ചു കൊണ്ടോ അതിന്റെ ആന്തരിക ബാഹ്യ വസ്തുതകളെ കണ്ടില്ല എന്ന് നടിച്ചു കൊണ്ടോ ആവരുത്. സിയാറ്റിൽ മൂപ്പൻ പറഞ്ഞത് പോലെ തന്നെ പ്രകൃതി എന്നും അതിന്റെ ഓരോ സ്പന്ദനവും അറിയുന്ന ആദിമനിവാസികളുടെ കൂടെയാണ്. പരിസ്ഥിതി പ്രശ്നങ്ങൾ നമ്മൾ ചർച്ച ചെയ്യുന്നുണ്ടെങ്കിലും ഒരിക്കലും തദ്ദേശീയ ജനതയുടെ വിഭവാധികാരത്തിന്റെ പ്രശ്നമായി അത് മനസിലാക്കപെട്ടിട്ടില്ല… ഇപ്പോൾ വാർത്താ പ്രാധാന്യം നേടിയ അതിരപ്പിള്ളി പദ്ധതി തന്നെയെടുക്കാം: അണക്കെട്ട് നിർമ്മിക്കുമ്പോൾ വെള്ളച്ചാട്ടത്തിന്റെ ഭംഗി നശിപ്പിക്കാതെയുള്ള മാർഗങ്ങൾ തേടും എന്ന് പറയുന്നവർ അതിരപ്പിള്ളി–വാഴച്ചാൽ മേഖലയിലെ ഊരു ഗ്രാമങ്ങളിൽ ഏതാണ്ട് എൺപതോളം കാടർ എന്ന ഗോത്ര വിഭാഗത്തിൽപെട്ട കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അന്യം നിന്ന് പോകുന്ന ഈ ഗോത്ര വിഭാഗത്തെ കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇല്ല. പ്രകൃതി അല്കെങ്കിൽ ഭൂമി എല്ലാവർക്കും ഉള്ളതാണ്. സിയാറ്റിൽ മൂപ്പൻ പറഞ്ഞപോലെ ഭൂമി മനുഷ്യരുടെയല്ല മനുഷ്യൻ ഭൂമിയുടെതാണ്.
ഹംദാൻ മൻസൂർ:
പരിസ്ഥിതി നശിക്കുമെല്ലൊ എന്ന് കരുതി ഒന്നും ചെയ്യാതിരിക്കാൻ കഴിയുമോ? പരിസ്ഥിതിയുടെ വളർച്ചക്ക് നമ്മൾ ആധുനിക രീതിയിൽ വഴികൾ കണ്ടെത്തണം.
മുനീഫ്:
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ചൂണ്ടി കാണിക്കുകയാണ് ഇവിടെ സിയാറ്റിൽ മൂപ്പൻ. പ്രകൃതി സംരക്ഷണത്തിന്റെ അത്യാവശ്യമാണ് സിയാറ്റില്‍ മൂപ്പന് ഇവിടെ പ്രസ്താവിച്ചത്. വികസനത്തിന്റെ പേരില്‍ പ്രകൃതിയെ നശിപ്പിക്കാന്‍ പാടില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്നിരുന്നാലും വികസനം ഒരു അനിവാര്യ ഘടകം ആണ്. പ്രകൃതിയെ ചൂഷണം ചെയ്യാതെ വികസനം നടപ്പിലാക്കുക.
ദിൽന:
അനുദിനം പരിണമിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിന് അഥവാ നമ്മുടെ ചുറ്റുപാടിന് വികസനം അനിവാര്യമാണ്. എന്നാൽ വികസനത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന ചില ചെയ്തികള്‍ മനുഷ്യരാശിയുടെ നിലനില്പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കാഴ്ചകളാണ് ഈയിടെയായി നാം കാണുന്നത്. കാട്ടാളനും മറ്റൊരു തരത്തിൽ പറഞ്ഞാൽ കാടിനെ ആളുന്നവനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധം നമുക്കിവിടെ കാണാന്‍ സാധിക്കും. ഭൂമിയിലെ ഓരോ ഭാഗവും ഓരോരോ സ്മരണകള്‍ കൊണ്ടും പ്രത്യേകതകള്‍ കൊണ്ടും വിശുദ്ധവും പവിത്രവുമാണെന്നും, മനുഷ്യനും മണ്ണും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വ്യക്തമാക്കി തരുന്ന വരികളാണ് ഓരോന്നും. എല്ലാ ജീവികളും പങ്കുവയ്ക്കുന്നത് ഒരേ ശ്വാസമാണ്. അതു കൊണ്ട് തന്നെ ഭൂമിയുടെ ശ്വാസോച്ഛ ്വാസത്തെ തകിടം മറിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെ നാം നമ്മുടെ ജീവൻ തന്നെയാണ് നശിപ്പിക്കുന്നത്. നമ്മുടെ പുതിയ തലമുറകള്‍ക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. അതുകൊണ്ട് തന്നെ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാതെ വികസനങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്ന സന്ദേശമാണ് ഇവിടെ വ്യക്തമാകുന്നത്.
ആരതി കെ ആർ:
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം സിയാറ്റിൽ മൂപ്പന്റെ വാക്കുകളിലൂടെ നമുക്കു മുന്നിൽ വരച്ചു കാണിക്കുന്നുണ്ട്. വികസനം എന്നതു ഒരിക്കലും പരിസ്ഥിതിയെ ഹനിക്കുന്ന തരത്തിലാവരുത്. കാടും മേടും കാട്ടു ജീവിതവും ഉൾക്കൊണ്ടും ആ സ്വാഭാവിക പരിസ്ഥിതിയിൽ ഒതുങ്ങി അവരുടെ ജീവിതം അവർ ജീവിക്കുന്നു. പരിഷ്കൃതർ എന്നു സ്വയം വിശ്വസിക്കുന്ന നമ്മൾ അവരെ എന്നും തഴയുകയല്ലേ ചെയ്യുന്നത്.
ആര്യ ശശി:
മഴത്തുള്ളികൾ പൊഴിയാതെ, ഇളം വെയിൽ പരക്കാതെ പരിസ്ഥിതിയുടെ താളക്രമങ്ങൾ ഉലഞ്ഞുപോകുന്ന ഒരു കാലം മനുഷ്യനെ ഭയപ്പെടുത്തുന്നു. അത്തരമൊരു ദുരവസ്ഥയിലേയ്ക്ക് വഴി തെളിക്കുന്നത് അവന്റെ തന്നെ ചെയ്തികളാണെന്നും കാണാം. അതുകൊണ്ടുതന്നെ, അടിസ്ഥാനപരമായി പ്രകൃതിയോട് ചേർന്നുനിൽക്കുന്ന മനുഷ്യന്റെ ജീവിതം പരിസ്ഥിതിയുടെ താളക്രമങ്ങളോട് ഒത്തുപോകുമ്പോഴാണ് സന്തുലിതമായ ഭൂമിയുടെ അവസ്ഥകളിൽ മനുഷ്യനു ഭാഗമാകാൻ കഴിയുന്നത്.
സലീക്:
പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതയാണ് സിയാറ്റിൽ മൂപ്പൻ ഇവിടെ പ്രസ്താവിച്ചത്. എന്റെ അഭിപ്രായത്തിൽ വികസനം മനുഷ്യരെ സംബന്ധിച്ച് വളരെ അനിവാര്യമാണ്. അത് പ്രകൃതിക്കു കോട്ടം തട്ടിക്കുന്ന വിധത്തിൽ ആവരുത്. അതുപോലെ ഈ വികസനങ്ങളുടെ എല്ലാ ഗുണങ്ങളും ഓരോ മനുഷ്യർക്കും ഒരു തരത്തിലുള്ള വിവേചനവും ഇല്ലാതെ തുല്യമായി അനുഭവിക്കാനും സാധിക്കണം.
കെ എച്ച് ഹുസൈൻ: സൈബർ കാലത്തെ മലയാള അക്ഷരങ്ങൾ (തുടർച്ച)
കെ എച്ച് ഹുസൈൻ:
1999 ജൂലൈ 7-ലെ രചന സമ്മേളനത്തോടനുബന്ധിച്ച് വിട്ടുപോയ ചിലത്: ഖത്തറിലുള്ള ‘പ്രവാസി’യുടെ സ്പോൺസർഷിപ്പ് തരമായത് തൃശ്ശൂരുള്ള സുഹൃത്ത് ഷംസുവിന്റെ ശ്രമഫലമായാണ്. അദ്ദേഹം ഇപ്പോൾ സായാഹ്നയുടെ സഹയാത്രികനാണ്. ‘Sayahna 4’ ഗ്രൂപ്പിന്റെ അഡ്മിനുമാണ്. രചനയും സമ്മേളനവും ലഘുലേഖയും സമർപ്പിച്ചത് ഗുരു നിത്യയതിക്കാണ്. അദ്ദേഹത്തിന്റെ ‘തുമ്പപ്പൂ മുതൽ സൂര്യൻ വരെ’ എന്ന പുസ്തകം (രചനയിൽ ആദ്യമച്ചടിച്ച പുസ്തകം) വൈകുന്നേരം നടന്ന സമാപനസമ്മേളനത്തിൽ പ്രകാശനം ചെയ്തു. അതു നിർവ്വഹിച്ചത് സുഗതകുമാരി കടമ്മനിട്ടയ്ക്കു കൊടുത്താണ് എന്നാണോർമ്മ. കോഴിക്കോട്ടെ മൾബറിയായിരുന്നു അത് പബ്ലിഷ് ചെയ്ത് വിതരണത്തിനായി ഒരുക്കിയത്. മൾബറിയുടെ ഡയറക്ടരായിരുന്ന ഷെൽവി എടുത്ത സാഹസികമായ തീരുമാനമായിരുന്നു ഇതു സാദ്ധ്യമാക്കിയത്. കുന്ദംകുളത്തു് ഡിറ്റിപി ചെയ്തിരുന്ന അലീഷാണ് വ്യത്യസ്തമായൊരു കീബോർഡിൽ പ്രയാസപ്പെട്ട് അതടിച്ച് പേജ്മേക്കറിൽ ലേഔട്ട് ചെയ്തത്. ഇതിനായി ഒരാഴ്ചയോളം രാത്രിയിൽ അദ്ദേഹം കുന്ദംകുളത്തുനിന്നും പീച്ചിയിലെത്തി. അലീഷ് തന്നെയാണ് കുന്ദംകുളത്തെ പ്രസ്സിൽ 100 പോസ്റ്ററുകൾ അച്ചടിച്ചു തയ്യാറാക്കിയതും. ഞങ്ങൾ രണ്ടുപേരും ചേർന്ന് ട്രെയ്നിൽ സമ്മേളനത്തിനു നാലു ദിവസം മുമ്പ് തൃശ്ശൂരു നിന്നും തിരുവനന്തപുരത്ത് അതെത്തിച്ചു. റെയിൽവെ സ്റ്റേഷനിൽ തലച്ചുമടായായി അതുംകൊണ്ടു നടന്ന് തീവണ്ടിയിൽ കയറ്റിയിറക്കിയത് രസകരമായൊരോർമ്മയാണ്. തിരുവനന്തപുരത്തെ പ്രധാന സെന്ററുകളിൽ മാത്രം പതിച്ച ആ പോസ്റ്ററുകളിൽ പലതും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ചിലർ കീറിക്കളഞ്ഞു. സമ്മേളനത്തിന്റെ തലേദിവസം രാത്രിയിൽ വഴുതക്കാടുവച്ച് പോസ്റ്റർ കീറുന്നതിൽ വ്യപൃതരായിരുന്ന അവരെ ചിത്രജന്റെ നേതൃത്വത്തിൽ കയ്യോടെ പിടികൂടി. അർദ്ധരാത്രിയിൽ അവിടെ വച്ചുണ്ടായ വാക്കേറ്റവും ലിപി തർക്കവും കയ്യാങ്കളിയുടെ അടുത്തുവരെയെത്തി. അവരിൽ പലരും ചിത്രജന്റെ പരിചയക്കാരായിരുന്നു.
മധുസൂദനൻ: ഗാന്ധിജിയും വസ്തുക്കളും
പി രാമൻ:
മധുസൂദനൻ മാഷിന്റെ ചിത്രങ്ങളും എഴുത്തും വളരെയേറെ പ്രചോദനാത്മകം. പുതുമയുള്ളത്. ചർക്ക, കസേര, ഉപ്പ്, വീട് — വസ്തുക്കൾ ഗാന്ധിയുടെ കയ്യിൽ എങ്ങനെ വളർന്നു എന്ന നിരീക്ഷണം വ്യത്യസ്തം. ഗാന്ധിയുടെ കസേരയെ ഒസുവിന്റെ ക്യാമറയുമായി ചേർത്തുവെച്ച നിരീക്ഷണത്തിന് പ്രത്യേകം സലാം.
അഷ്റഫ്:
നല്ല ഉള്ളടക്കം എത്തിച്ചു തരുന്നതിന് സായാഹ്നക്ക് നന്ദി. സുന്ദരമായ ഉള്ളിലടക്കത്തിന് മധുസൂദനൻ മാഷിനും നന്ദി. കലയുടെ ഊർജത്തിൽ ജീവിതം അറിയാനുള്ള അലങ്കാരങ്ങളില്ലാത്ത വാതിൽ തുറന്നിട്ട് കൊണ്ടുള്ള… വളരെ നല്ല ഉൾക്കാമ്പിന്, നന്ദി പറഞ്ഞാൽ തീരില്ല! (Art is one step from visibly known towards the unknown എന്ന് എപ്പോഴോ എവിടെയോ വായിച്ച്, ഇഷ്ടത്തോടെ മനസ്സിൽ കൊണ്ടുനടന്നത് വെറുതെയായില്ല എന്ന്, സന്തോഷവും തോന്നി.)
കെജിഎസ്:
സിയാറ്റിലെ മൂപ്പൻ പ്രവാചകന്റെ സുവിശേഷം സക്കറിയ മലയാളത്തിൽ കേൾപ്പിച്ചപ്പോൾ അതിൽ ജീവരാശികളുടെയെല്ലാം ജീവൻ മിടിക്കുന്ന പോലെയും നിത്യത മുഴങ്ങുന്ന പോലെയും ഭാഷ ചെറു പക്കികളുടെയും വൻ പരുന്തുകളുടെയും ചിറകൊച്ചകൾ കേട്ടു. സ്വരഭേദത്തിൽ അനുഭവത്തിന്റെ മഹാവ്യാപ്തി. ഇന്ന് മധുവിന്റെ എഴുത്തിലും ചിത്രത്തിലും ദൃശ്യഭേദത്തിൽ ചരിത്രത്തിന്റെ അനുഭവ പരമ്പര. വർക്കല തുരപ്പ് കടന്ന് കൂക്കി വിളിയും റാന്തൽ വിളക്കും താഴ്ത്തി പുറത്തേക്ക് വരുന്ന ചരക്കു വള്ളത്തെ നോക്കി ഭയന്നും വിരണ്ടും ത്രസിച്ചും നിന്നിട്ടുണ്ട് കുട്ടിക്കാലത്ത് ഞാൻ. മധുവിന്റെ ചിത്രങ്ങളും എഴുത്തുകളും വരുന്നത് നീണ്ട ഇരുൾ തുരങ്കം താണ്ടിയാണെന്നാണ് മുതുകാലത്ത് എന്റെ തോന്നൽ. അവ വെളിച്ചത്തെ കണ്ടു പടിക്കുന്ന യാത്രകൾ. HISTORY IS A SILENT FILM, എന്ന് വിശ്വസിക്കുന്ന മധു പതിറ്റാണ്ടുകളായി ഇരുട്ടുകളുടെയും വെളിച്ചങ്ങളുടെയും നിറങ്ങളുടെയും നിലവറയിലിരുന്ന് മനുഷ്യചരിത്രമെഴുതുന്നു. ചിത്രഗുപ്തനായും ചലച്ചിത്രഗുപ്തനായും ഇരുന്നും നടന്നുമെഴുതുന്നു. നിശിതഗഹനമായ സ്വന്തം ചിത്രഭാഷകളിൽ. ആലാപനങ്ങളിൽ. നിലവിളികളിൽ. കഥനങ്ങളിൽ. വെളിപാടുകളിൽ. കാഫ്കയിൽ നിന്ന് മധുവിന്റെ കൂടെപ്പോന്ന ഒരു വെളിച്ചക്കീറ് അവയിൽ അവിചാരിതമായി നാം കണ്ടുമുട്ടുന്നു. ഡയോജനീസിന്റെ നട്ടുച്ചറാന്തൽ പോലെ ഓരോ ചരിത്രനായകന്റെയും മുഖത്തേക്ക് ആ ചൂട്ട് അടുപ്പിച്ച് പിടിച്ച് മധു മാർക്സ്, ഗാന്ധി, സ്റ്റാലിൻ, ലെനിൻ, ഗാമ, ഗുരു, ബഡേ ഗുലാം അലി ഖാൻ, ടാഗോർ, മദർ, ഓ വി വിജയൻ, ബാലാമണിയമ്മ, കാഫ്ക, ചക്രം, സൈക്കിൾ, കപ്പൽ, എലി, പൂച്ച, പുലി, തുടങ്ങി ഐതിഹ്യ/പുരാണ ചരിത്രചിഹ്നങ്ങളുടെ വലിയ ബിംബശാല നമ്മുടെ സ്വതന്ത്ര വായനയ്ക്ക്, പുതുകാണലിന്, പുതുനോട്ടത്തിന്, വെളിച്ചം പാകപ്പെടുത്തിത്തരുന്നു. വളരെ നാൾ കൊണ്ട് മാത്രം കണ്ട് തീരുന്ന ദൃശ്യക്കയങ്ങൾ, ലോകങ്ങളും ലോകചരിത്രങ്ങളും, മധു നമ്മുടെ വിചാരത്തിനും വിചാരണയ്ക്കും തരുന്നു. പീനൽ കോളനിയാണ് പരിസരം, സമകാലം, അസമകാലം, വിഷമചരിത്രം, എന്ന് കാണിക്കാൻ മധുവിന് ഹരം.
കെ സച്ചിദാനന്ദൻ:
മധു കലാവിദ്യാർത്ഥിയായിരുന്ന കാലം മുതൽ ജീവിതത്തിന്റെ ഭാഗമായതിനാൽ ദൂരക്കാഴ്ച്ച പറ്റുന്നില്ല. നല്ല വായനക്കാർ ഏറ്റവും കുറവുള്ള രണ്ടു വിഭാഗക്കാർ കേരളത്തിൽ കോളേജദ്ധ്യാപകരും ചിത്രകാരന്മാരുമാണ്. പക്ഷെ മധു എക്കാലവും മറ്റെല്ലാ കലകളുമായും ചിന്താധാരകളുമായി ഗാഢവും സ്വകാര്യവുമായ ഒരു ബന്ധം നിലനിർത്തി, കഠിന കാലങ്ങളിലൂടെ ഒരിക്കലും സന്ധി ചെയ്യാതെ കടന്നു പോന്നു, എന്നും പഠിച്ചു, ഏറ്റവും പുതിയ കല നിർമ്മിച്ചു. മാർക്സ് ആർക്കൈവും ഗാന്ധി പരമ്പരയും കലയുടെയും ചിന്തയുടെയും ലോകകലയിൽ തന്നെ അപൂർവ്വമായ സമന്വയങ്ങൾ സാധിക്കുന്നു. കലയുടെ ഭാഷയും ചിന്തയുടെ ഭാഷയും ഇവയിൽ ഒരു പോലെ ഉണർന്നിരിക്കുന്നു. പലകുറി കണ്ട ഈ ചിത്രങ്ങളും എന്നും മധു അയച്ചു തരാറുള്ള ഈ കുറിപ്പുകളും പുതിയതു പോലെ വീണ്ടും കാണുന്നു, വായിക്കുന്നു.
നന്ദിനി മേനോൻ:
ശ്രീ മധുസൂദനന്റെ ‘ഗാന്ധിജിയും വസ്തുക്കളും’ നല്ല വായന. കസേരകൾ എന്ന ആശയം… കസേരകൾ മോഷ്ടിക്കപ്പെടുന്നത് പലപ്പോഴും അതിലിരിക്കാനല്ല, ഭയാനകമാംവണ്ണം ഒഴിഞ്ഞ സ്വന്തം പൂമുഖങ്ങളുടെ നഗ്നത മറയ്ക്കാൻ കൂടിയാണ്…
ജോയ് മാത്യു: ഉന്മാദത്തിന്റെ സൂര്യകാന്തിപ്പൂവു്
കെ സച്ചിദാനന്ദൻ:
ജോയ് മാത്യുവിന്റെ കുറിപ്പിൽ ഒരു കാലത്തിന്റെ പാർശ്വ കിരണങ്ങൾ കണ്ടു. ഒരുപാട് ഓർമ്മകൾ.
സനൽ ഹരിദാസ്:
ബൗദ്ധികമായി എത്രയേറെ മുന്നോട്ടു പോയാലും പണത്തോടുള്ള സമീപനം മിക്കവരിലും പൊതുബോധ സമാനമാണെന്നു തോന്നുന്നു. ജോയ് മാത്യുവിന്റെ തുറന്നു പറച്ചിലിനോട് ബഹുമാനമുണ്ട്. എന്നാൽ ധന വിനമയത്തിലെ സാമ്പ്രദായിക ചിന്തകളോട് വിയോജിപ്പും. ടി. എൻ. ജോയിയെ ഞാൻ പരിചയപ്പെടുന്നത് പത്തൊൻപതാം വയസ്സിലാണ്. അധികമൊന്നും അദ്ദേഹത്തെ അടുത്തറിയാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞിരുന്നെങ്കിൽ ജീവിത യത്നം അൽപമെങ്കിലും സുഗമമായേനെ എന്ന് ഇപ്പോൾ കരുതുന്നു. കവി ലൂയിസ് പീറ്ററിലൂടെയാണ് നോട്ടുകളുടെ ആപേക്ഷിക നിസ്സാരത ഞാൻ കൂടുതലും അറിഞ്ഞിട്ടുള്ളതെന്നു കൂടി ഈയവസരത്തിൽ ഓർക്കുന്നു.
രമേശൻ കേശവൻ:
പോലീസ് കസ്റ്റഡിയിൽ ആറര മാസം ഒറ്റചങ്ങലയിൽ കഴിഞ്ഞവരാണ് ജോയിയും ഞാനും. കൂടെ കിടന്ന മറ്റാളുകൾക്കു വേറെ വേറെ ചങ്ങലകൾ ആയിരുന്നു. ജോയ് കാൽ വലിച്ചാൽ ഞാൻ ഉണരും തിരിച്ചും. അന്നുതൊട്ടു മരണംവരെയും അഭിപ്രായവ്യത്യാസങ്ങൾ ഉള്ളപ്പോഴും വക്തിബന്ധത്തിൽ ഒരു വിള്ളലും ഇല്ലാതെ മരണം വരെ കഴിഞ്ഞു. സ്വകാര്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാവുന്ന കാര്യങ്ങൾ പോലും ഞങ്ങൾ തമാശയായെടുത്തു. ജയറാം പടിക്കലിന്റെ നേതൃത്വത്തിൽ ഉരുട്ടൽ നടത്തിയപ്പോൾ ജോയ് കരഞ്ഞില്ല. പക്ഷേ അതുകഴിഞ്ഞു ചോദ്യം ചെയ്യലിൽ ജോയിക്കു പി ടി തോമസ് ആകാൻ കഴിഞ്ഞില്ല. ആ കാരണത്താൽ ആപ്പോഴേ പ്രവർത്തനത്തിൽ നിന്നും മാനസികമായി പിന്മാറി. വളരെ നന്മകൾ ഉണ്ടായിരുന്ന നല്ല സുഹൃത്തു്.
എം പി പോൾ: സൗന്ദര്യത്തിന്റെ അധിഷ്ഠാനം
ഐറിസ് കൊയ്ലിയോ:
ഗഹനം, സുന്ദരം! ഏകാഗ്രതയോടെയുള്ള വായന ആവശ്യപ്പെടുന്നു എം പി പോളിന്റെ പ്രശസ്ത രചന. ലാവണ്യശാസ്ത്രത്തിന് മലയാളത്തിന്റെ സംഭാവന! ലോകതത്ത്വചിന്തകരെയും സാഹിത്യമീമാംസകരെയും ഏകോപിപ്പിച്ചുള്ള ഈ എഴുത്ത്, സാഹിത്യരചനയുടെ അനന്യതയും ഗൗരവവും വിളിച്ചുപറയുന്നുണ്ട്. സഹൃദയത്വം എത്ര ദുർലഭമാണ് എന്ന് ഓർമിപ്പിക്കുന്നു. ഇന്നും പ്രചോദിപ്പിക്കുന്ന ആഴത്തിലുള്ള വായന!
വി ആർ സന്തോഷ്: ചോരയുടെ കഥ അഥവാ അവയവമില്ലാത്ത ശരീരം
ലിസ്സി മാത്യു:
വി ആർ സന്തോഷ്, അനിത തമ്പിയുടെ ‘ചോരയുടെ കഥ’യ്ക്കെഴുതിയ പഠനം വളരെ ഇഷ്ടമായി. ചരിത്രം ചോരത്തിളപ്പിനോട് പൗരുഷം ചേർത്തു വച്ചതിനു ബദലായി. പെണ്ണുടലിന്റെ ചോരയൊഴുക്കുകളുടെ അർത്ഥസാധ്യതകൾ കൂടുതൽ വെളിച്ചം പ്രസരിപ്പിക്കുന്നു. ചരിത്രത്തിൽ തഴയപ്പെട്ടവരുടെ ചോര കൊണ്ടുള്ള പിഴയൊടുക്കലുകൾ ആധുനികാനന്തരകാലത്ത് വേറിട്ട ശബ്ദമാകുന്നത് എങ്ങനെയാണെന്ന് സൗമ്യമായി അവതരിപ്പിച്ച സന്തോഷിനോട് യോജിക്കുന്നു. കവിത സാധാരണക്കാരിൽ നിന്ന് അകന്നു പോയത് രൂപത്തിലും സ്വഭാവത്തിലും അത് കൊണ്ടുവന്ന ദുരൂഹതകൾ നിമിത്തമാണ്. പല കവിതാപഠനങ്ങളും കവിതാസ്വാദനം കൂടുതൽ സങ്കീർണ്ണമാക്കി. ഗവേഷണ പ്രബന്ധങ്ങളും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ആധുനിക പാശ്ചാത്യ ചിന്തകരോട് ചേർത്തുവച്ചാൽ മലയാളത്തിന്റെ പരിമിതികൾ മറികടക്കാമെന്നൊരു ധാരണ പൊതുവെയുണ്ട്. അത് താങ്ങാനുള്ള കെല്പ് ജനസാമാന്യത്തിനുണ്ടായതുമില്ല. ഇവിടത്തെ മണ്ണിൽ വേരോട്ടം ഉണ്ടാകുമ്പോഴേ പുതിയ പൊടിപ്പുകളും പൂക്കളുമുണ്ടായി ചിന്തകൾ ഫലവത്താവുകയുള്ളൂ. സന്തോഷിന്റെ പ്രബന്ധം വേറിട്ടു നിൽക്കുന്നത് അതിന്റെ വ്യക്തത കൊണ്ടാണ്. ഒന്നാമത്തെ ഖണ്ഡിക തന്നെ എത്ര ലളിതവും ഉദാത്തവുമാണ്. സന്തോഷ് വീണ്ടും വീണ്ടും എഴുതുക, കവിതയുടെ ശിഷ്ടകാലം കഷ്ടരഹിതമാകട്ടെ.
സക്കറിയ: രഹസ്യപ്പൊലീസ്
നിരഞ്ജൻ:
പതിവുപോലെ ഒറ്റയിരിപ്പു വായനക്ക് കൂടെ വലിച്ചുകൊണ്ടു പോകുന്ന സക്കറിയക്കഥയുടെ മന്ത്രവാദം. സായാഹ്നക്ക് നന്ദി! ഭജഗോവിന്ദം!
രാജഗോപാൽ:
അസാദ്ധ്യ കഥ. നമിക്കുന്നു. കറിയാച്ചന് സ്നേഹം.
ലിസ്സി മാത്യു:
രഹസ്യപോലീസ് വിസ്മയിപ്പിക്കുന്ന ക്രാഫ്റ്റ് കൊണ്ട് തികച്ചും വ്യത്യസ്തമായ ഒരു കഥ. തിരക്കിൽപ്പെട്ട് വായന വൈകി. (രാവിലെ വാഹനം കാത്ത് 15 മിനിറ്റ് മഴ നോക്കിനിൽക്കേണ്ടി വരുമെന്നറിഞ്ഞപ്പോൾ നേരെ കഥയിലേക്ക് കയറാൻ അവസരമാരുക്കിയ സായാഹ്നയ്ക്കു പ്രത്യേകം നന്ദി). ജീവിതം എത്ര വേഗത്തിലും തീവ്രതയിലുമാണ് മുന്നോട്ടോടുന്നത്. അറിയാരഹസ്യമായി പ്രപഞ്ചവും ജാതിയും മതവും തൊഴിലും രാഷ്ട്രീയവും എന്നു വേണ്ട ഉണ്മ തന്നെ ചോദ്യം ചെയ്യപ്പെടുന്നു. അലസമായും ആഴമില്ലാതെയും ജീവിതത്തെ നേരിടുന്നവന് ക്ഷണികമായ ആനന്ദവാദം മുറുകെ പിടിക്കാം, അതിനുമപ്പുറം ചിലതുണ്ട് ഉരുണ്ട ഭൂമിയിൽ. കഥയിലെ കാമുകി ഒന്നാന്തരം. അണ്ണാറക്കണ്ണനും തന്നാലായതെന്ന് കഥയിലെ അണ്ണാറക്കണ്ണൻ ഓർമിപ്പിച്ചു. വീഞ്ഞുപോലെ നുരയുന്ന കഥ! അതിന്റെ ലഹരിയുൾക്കൊണ്ട വായന!! ശരിക്കും സുപ്രഭാതം
അബ്ദുസലാം:
കഥയെഴുതുന്ന ക്രാഫ്റ്റില്ലേ,അതു ബഷീറിന് ശേഷം സക്കറിയായിലാണ് മലയാളി കാണുന്നത്.
ഡോ. ആഷ്ലി മേരി ബേബി:
സക്കറിയയുടെ രഹസ്യപ്പോലീസ് ഒരു പാട് ചിരിപ്പിച്ചു.

“വിനാശകാലേ സംപ്രാപ്തേ

കാകഃ കാകഃ പികഃ പികഃ”

കൊറേണക്കാലത്തിനു ചേർന്ന നിരീക്ഷണം. ചിത്രവും ഗംഭീരമായി.

പ്രദീപ്:
സക്കറിയയുടെ രഹസ്യ പ്പൊലീസ് മനോഹരമായ വായനാനുഭവമാണ് നൽകിയത്.
ശ്രീകുമാർ എ. ജി: രഹസ്യത്തിന്റെ നാനാർത്ഥങ്ങൾ:
ആധുനികാനന്തര കഥ ആഖ്യാന സവിശേഷത കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അതിന്റെ തന്നെ ഉള്ളടക്കത്തെ പലപ്പോഴും പുതുക്കി കൊണ്ടിരിക്കുന്നു. ദേശീയത, ഹിംസ, വംശീയത, പാസ്റ്റിഷ്… എന്നിങ്ങനെ പല പ്രശ്നപരിസരങ്ങൾ കഥയിൽ ആവിഷ്കരിക്കുന്നു. ഹാസ്യത്തിന്റെ അമ്ലരുചിയിലാണ് സക്കറിയയുടെ കഥാലോകം പടുത്തുയർത്തിയിരിക്കുന്നത്. അതിന്റെ ഗന്ധവും രുചിയും രഹസ്യ പോലീസിലുണ്ട്. “എല്ലാവരിലും ഒരു രഹസ്യ പോലീസുണ്ട്. ആ ചുവട് പിടിച്ചു പോയാൽ പ്രശ്നം തീർന്നു. അതു പോലെ തന്നെ നായരിൽ ഒരു ക്രിസ്ത്യാനിയിരിപ്പുണ്ട് ക്രിസ്ത്യാനിയിൽ ഒരു നായരും ഉണ്ട്”. ദേശസ്നേഹത്തിന്റെ രഹസ്യ കുപ്പായം ഇട്ടു നിർത്തിയിരിക്കുന്ന സുഖലോലുപതയുടെ ലോകത്തെ തുറന്നു കാട്ടുന്നു. രഹസ്യത്തിന്റ നാനാർത്ഥം തേടുന്നു കഥ.
കെജിഎസ്:
സക്കറിയയുടെ ‘രഹസ്യപ്പോലീസ് ’ സൌമ്യവന്യമായ ഒരു ഭദ്രകഥ. ഇന്നലെ സായാഹ്നയിൽ വായിച്ചപ്പോഴും ഈസ്റ്റാംബുൾ ബാംഗ്ലൂരിനു് മേൽ നീർത്തി വിരചിക്കപ്പെട്ടു. ഇന്നലെയും ബോസ്ഫറസ് കടൽ നീല നിറത്തിൽ ചിരിച്ചു. മുമ്പത്തെപ്പോലെ മേഘങ്ങൾ യൂറോപ്പിലേക്ക് പോയിക്കൊണ്ടിരുന്നു. കടലിനും ആകാശത്തിനും നഗരപ്രാചീനതയ്ക്കും ഇടയിൽ വെള്ളിമഠം തിരുമേനി ജപിച്ചെഴുതിയ ഏലസ് ഇന്നലെയും പ്രപഞ്ചരഹസ്യങ്ങളുടെ സ്വകാര്യ റിമോട് കണ്ട്രോൾ ആയി ഇമ ചിമ്മുന്നുണ്ടായിരുന്നു. രഹസ്യം എന്ന ഗഹനപ്രതിഭാസം എന്തെന്നറിയാൻ ശൂന്യവിസ്തൃതിയിലേക്ക് തൊടുത്തു വിട്ട ഉപഗ്രഹമായി ആ ഏലസ്സ് ചെറുതോട്ടത്തിൽ ജോസഫ് ജെയിംസിലെ രഹസ്യാസ്തിത്വമായ വേലിത്താഴത്ത് ഗോപിനാഥൻ നായർ പോലുമറിയാതെ അജ്ഞാതവിസ്തൃതിയിൽ സഞ്ചരിക്കുന്നുണ്ടെന്ന് ഇന്നലെയും എനിക്ക് തോന്നി. വായിച്ചപ്പോഴൊക്കെ ഈ കഥ എനിക്ക് കഥയ്ക്കുള്ളിൽ സഞ്ചരിക്കാൻ ഇഷ്ടം പോലെ വഴികൾ തന്നു. ദൂരവും ആഴവും ചരിത്രവും തൃഷ്ണകളുടെ വിളയാട്ടങ്ങളും കാണാൻ ഉയരത്തിൽ ജനാലകൾ തുറന്നു തന്നു. പുതുവെളിവ് തന്നു. സ്വാതന്ത്ര്യം തന്നു. ഒരു ദർശനത്തിന്റെയും പേരു് പറയുന്നില്ലെങ്കിലും, ചെറുപുഞ്ചിരിയെങ്കിലും ഇല്ലാത്തൊരു വാക്ക് പോലും ഈ കഥയിലില്ലെങ്കിലും, ഏത് ദാർശനികകഥ പോലെ ഒട്ടും ലഘുവല്ല ഇതിന്റെയും രഹസ്യ ഉൾക്കനം. രഹസ്യാന്വേഷികളായ ഋഷികളുടെ, ശങ്കരനദ്ദേഹത്തിന്റെയും മറ്റും, പരമ്പരയിലാണു് ഈ കഥയിലെ ഐ പി എസ് ബിരുദൻ രഹസ്യപ്പോലീസിനെ, വേലിത്താഴത്ത് ഗോപിനാഥൻ നായരെ, ചെറുതോട്ടത്തിൽ ജോസഫ് ജെയിംസായി സക്കറിയ ഒളിവിൽ പാർപ്പിച്ചിരിക്കുന്നത്. ക്രിസ്ത്യാനിയിൽ നായരെ. ഇരുവരിലും മന്ത്രതന്ത്ര വിശ്വാസിയായ ആർഷനെ. ആധുനികനിൽ പ്രാചീനനെ. പ്രേമത്തിൽ നയത്തെ. കാമത്തിൽ തന്ത്രത്തെ. എല്ലാവരിലും ആസക്തരെ. അങ്ങനെയങ്ങനെ രഹസ്യത്തെ മൂടുന്ന രഹസ്യം, അതിനെ മൂടുന്ന രഹസ്യം, ദൈനംദിനവും ദാർശനികവും ശാസ്ത്രീയവുമായി രഹസ്യത്തിനു് അനന്തമായ അടരുകൾ കാണുന്ന കഥ. രഹസ്യത്തിന്റെ മോഹിപ്പിക്കുന്ന നടനവേദിയാവുന്ന കഥ. അന്വേഷിക്കാം, കണ്ടുപിടിക്കാം, നിർമ്മിക്കാം, മോഷ്ടിക്കാം, നഷ്ടപ്പെടാം, രതി പോലെ രസിക്കാം രഹസ്യം. സ്വത്തിനും സത്യത്തിനും അധികാരത്തിനും ആയുധക്കച്ചവടത്തിനും സുഖത്തിനുമുള്ളത് പോലെ രഹസ്യത്തിനുമുണ്ട് നിയമവിചാരസാധ്യതകൾ. ലാഭ/നഷ്ട സാധ്യതകൾ. വിമർശനാത്മക വായനകൾ. പ്രേമം, സാഹോദര്യം, ദേശഭക്തി, നാഗരികത… രഹസ്യത്തിനു് താവളമാകാതെ അറിവിലും അനുഭവത്തിലും ഓർമ്മയിലും യുക്തിയിലും ഭാഷയിലും ആരും ഒന്നും ഇല്ലെന്നിടത്തോളം, ആരിലുമുണ്ടൊരു രഹസ്യപ്പോലീസ്. രഹസ്യാന്വേഷിയായ ഒരു ദാർശനികൻ, എന്നിടത്തോളം, ഈ കഥയിൽ രഹസ്യത്തിനു് ലോകവ്യാപ്തി. സൂക്ഷ്മനർമ്മങ്ങളുടെ ബഹുനിലകളിൽ നിർമ്മിതമായ ഒരു ബന്ധഗോപുരം, ഈ കഥ. വിമാനമോ വേദാന്തമോ പോലെ ഗണിത കണിശമായ ഉയരലും നിരക്കലും താഴലും—കഥനത്തിന്റെ സൂക്ഷ്മസംഗീതമുള്ളത്. ഈ രഹസ്യപ്പോലീസിന്റെ വേരും തൈയും സക്കറിയയുടെ കഥകളിൽത്തന്നെയുണ്ട്. രഹസ്യദർശനം, അഥവാ, രഹസ്യ നിരീക്ഷണം സക്കറിയയ്ക്ക് എന്നും പ്രിയം. ഒരു ചാരൻ, സദാ മറുപുറം വായിച്ച് ഇപ്പുറത്ത് നടക്കുന്ന ജാരൻ പോലൊരു രഹസ്യാരൂഢൻ, സക്കറിയയുടെ ഭാവനാസേനയിലുണ്ട്. അവിചാരിതമായി പുഴയോരത്ത് ഒരവിഹിതം കണ്ണിൽപ്പെട്ട് നിഷിദ്ധസാക്ഷ്യം സഹിക്കേണ്ടി വന്ന കുട്ടിയായിരുന്നു ആദ്യമയാൾ. കുയിലിന്റെ പാടലിൽ വെളിപ്പെട്ട് പോകുന്ന കാക്കസത്യം കാണിച്ച ശങ്കരനോളം ചിലപ്പോളയാൾ. പല കാമുകിമാരോട് പല ചിരി ചിരിച്ച് ചിരിയിലും ജോസഫിലും മറഞ്ഞ് നിൽക്കുന്ന ഗോപി ഇനിയൊരാൾ. വേറെയും എത്രയോ പേർ. ഇവരിലൂടെല്ലാം രഹസ്യത്തിനു സംഭവിക്കുന്നത് പുരാണങ്ങളിലെ തത്ത്വനിർദ്ധാരണത്തിന്റെ പാരഡി പോലൊന്ന്, അപനിർമ്മിതി പോലൊന്ന്, ഉദാത്തങ്ങളിൽ തെറിച്ച് വീഴുന്ന പരിഹാസം പോലൊന്ന്, ജോസഫ് ജെയിംസിലെ ഗോപിയിൽ, ക്രിസ്ത്യാനിയിലെ നായരിൽ, ഉന്നത ബിരുദവും ഏലസും ചാർത്തിയ യുവകോമളനിൽ, ഈസ്റ്റാംബുളിൽ സംഭവിക്കുന്നുണ്ട്. പരിഹാസപ്പരിക്കേൽക്കാത്ത പാരമ്പര്യം വാത്സ്യായനനും കാമസൂത്രത്തിനും മാത്രം. ആധുനിക ലോകത്തെ അധികാരാനന്ദത്തിലെവിടെയുമുണ്ട്. ഏത് നയാനന്ദത്തിലുമുണ്ട്. രഹസ്യദർശന ചരിത്രം, സക്കറിയാക്കഥയുടെ ചരിത്രം എന്ന് കഥാവിമർശകർക്ക് തോന്നിപ്പോകുന്നത് വെറുമൊരു കഥാസ്നേഹിയായ എനിക്കും തോന്നിത്തുടങ്ങിയാൽ ഈ വായനക്കളി പാളി. എന്തായിരിക്കുമോ എന്തോ അതിനുടയ രഹസ്യം? എല്ലാറ്റിലും രഹസ്യം പുരണ്ടിരിക്കുന്നു, പൂണ്ടിരിക്കുന്നു, എന്ന രഹസ്യദർശനം ഒരു നാൾ ഒരു കുന്നിൻ മുകളിൽ നിൽക്കുമ്പോൾ തീവാൾ പോലെ, അഥവാ സാർത്രെയൻ തണ്ടർബോൾട് പോലെ, സ്വാതന്ത്ര്യ കല്പനകൾ പോലെ, തലയിൽ വെളിപാടായി വന്നു് പതിച്ചത് മുതൽ സക്കറിയ കഥയെഴുത്ത് എന്ന രഹസ്യാന്വേഷണം തുടങ്ങിയെന്നാണെനിക്ക് തോന്നാറുള്ളത്… കഥയാണു് ഭൂമിയിൽ രഹസ്യത്തിന്റെ പ്രിയവാഹനം. തെന്നുവണ്ടി മുതൽ വിമാനവും സാറ്റലൈറ്റും വരെ വാഹനവംശം മുഴുവൻ, ചരാചരചാരപ്രപഞ്ചം മുഴുവൻ, രഹസ്യങ്ങളുമായി സദാ നമ്മെ കേറ്റിയും കേറ്റാതെയും ചുറ്റിസഞ്ചരിക്കുന്നു. രഹസ്യത്തിന്റെ പേടകമാകാനാണു് വസ്തുക്കളുടേയും നിഘണ്ടുക്കളുടേയും കാമസൂത്രത്തിന്റെയും ഉന്നത ബിരുദങ്ങളുടേയും കഥകളുടേയും നിയോഗം. ഏലസ്സിന്റെ കണ്ടുപിടുത്തത്തോടെ സക്കറിയ കഥയെ മഹാചരിത്രമാക്കി; ചക്രത്തിന്റെ കണ്ടുപിടുത്തത്തോടെ ചരിത്രകാരൻ ചരിത്രത്തെ മഹാകഥയാക്കിയ പോലെ എന്ന് തോന്നി. ഏലസ്സ് രഹസ്യങ്ങളുടെ എവറസ്റ്റ്, റോം, ഈസ്റ്റാംബുൾ… എവിടവും. ഈ കഥയിൽത്തന്നെ രഹസ്യത്തിനു് പാർക്കാൻ ഒളി, അണ്ടർ കവർ, ഡിപ്ലൊമാറ്റിക് പാസ്പോർട്ട്, മൈക്രോചിപ്, മന്ത്രവാദം, ഏലസ്, ഭജഗോവിന്ദം, തുടങ്ങി പല പല മുന്തിരിത്തോപ്പുകൾ. സക്കറിയ, സായാഹ്ന, സുപ്രഭാതം.
ഇ പി ഉണ്ണി: കാർട്ടൂണിസ്റ്റ് വിജയൻ—ഒരു പ്രശ്നവിചാരം
കെ സച്ചിദാനന്ദൻ:
സക്കറിയയുടെ ഗംഭീരവും രസകരവും സങ്കീർണ്ണവുമായ കഥയ്ക്കു ശേഷം, വിജയനെക്കുറിച്ചുള്ള ഉണ്ണിയുടെ ഉൾക്കാഴ്ച്ചയുള്ള ലേഖനം ഗംഭീരമായി. അത് ആദ്യം പ്രസിദ്ധീകരിക്കാൻ ഭാഗ്യമുണ്ടായത് എനിക്കായിരുന്നു, പച്ചക്കുതിരയുടെ ത്രൈമാസികമായിരുന്ന പൂർവ്വജന്മത്തിൽ അതിന്റെ സ്ഥാപക പത്രാധിപരെന്ന നിലയിൽ. വീണ്ടും വായിക്കുമ്പോഴും പുതുത്. നന്ദി.
ദാമോദർ പ്രസാദ്:
ഗംഭീരം. രാവിലെ തന്നെ ഉഷാറായി. ഒ വി വിജയന്റെയും ഇ പി ഉണ്ണിയുടെയും കാർട്ടൂണുകളിൽ കാണാവുന്ന ചില സാദൃശ്യതകളുണ്ട്. അതൊരു ജനാധിപത്യപരമായ അരാജകത്വ രാഷ്ട്രീയ ബോധത്തിൽ നിന്നു വരുന്നതാണ്. എത്രമേൽ പ്രാദേശികമാണോ അത്രമേൽ അന്താരാഷ്ട്രീയവുമാണത്. ലുട്ടിയൻസിന്റെ വരേണ്യ ബിംബങ്ങളെയും അധികാര ചിഹ്നങ്ങളയും കൊച്ചാക്കി മാറ്റുന്ന ഒ വി വിജയന്റെ വേലയെക്കുറിച്ച് ഇ പി ഉണ്ണിയുടെ നിരീക്ഷണം രസകരമായി. ഒ വി വിജയന്റെ രാഷ്ട്രീയ ലേഖനങ്ങളിലും ഈ പരിഹാസം കേൾക്കാം. അത് ലൂട്ടിയൻസിനെതിരെ എന്ന പേരിൽ ലിബറൽ നെഹ്റുവിയൻ കാലത്തോടും ആശയങ്ങളോടും ഹിന്ദുത്വ പ്രചോദിതരായ വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വെറുപ്പല്ല. പ്രത്യേകിച്ചും ടൈംസ് നൗ ചാനലും ചില വലതു പക്ഷ കോളമിസ്റ്റുകളും. അത് വാസ്തവത്തിൽ കൊതി കുറവ് പോലെ എന്തോ ഒന്നിൽ നിന്നുണ്ടാവുന്ന വെറുപ്പാണ്. ഒ വി വിജയന്റെത് പരിഹാസമാണ്. അത് വേറേയാണ്. അതിലൊരു കേരളീയമായ മാനമുണ്ട്. അത് കേരളത്തിന്റെ പരിതോവസ്ഥയിൽ നിന്നു സമ്പാദ്യമാകുന്ന ചില സ്വതന്ത്ര അരാജക വീക്ഷണങ്ങളാണ്. ഇ പി ഉണ്ണിയുടെ കാർട്ടൂണുകളിലും ഇത് ദൃശ്യമാവും—വരയിലും കുറിപ്പിലും. ഇ പി ഉണ്ണിയുടെ മെയ് ഡേ കാർട്ടൂണിലെ റോബോട്ടിക്സിനെ കുറിച്ചുള്ള ആ നിരീക്ഷണം നോക്കൂ. അതൊരു മലയാളിക്ക് മാത്രം ഒരു പക്ഷേ അനുഭവപ്പെടുന്ന ഒന്നായാണ് എനിക്ക് തോന്നിയത്.
ബഷീർ അബ്ദുൾ:
ഇത്ര സൂക്ഷ്മതയോടെ വിജയന്റെ കാർട്ടൂണുകൾ വിലയിരുത്തപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. അവയുടെ ഉൾക്കനവും ചരിത്രപരമായ സാംഗത്യവും അതീവ ശ്രദ്ധയോടെ, നിരീക്ഷണ പടുവും സമശീർഷനുമായ മറ്റൊരു കാർട്ടൂണിസ്റ്റിന്റെ പരിപക്വമായ നോട്ടപ്പാടിൽ ആലേഖനം ചെയ്തിരിക്കുന്നു. ഗൗരവമായി കാർട്ടൂണിനെ കാണുന്നവർക്ക് ഒരു തികഞ്ഞ പാഠപുസ്തകം. വരും തലമുറയ്ക്ക് വേണ്ടി വിജയന്റെ കാർട്ടൂണുകളുടെ സമ്പൂർണ്ണ ശേഖരം ഉണ്ടാകുമെന്ന് ആഗ്രഹിക്കാം.
ദാമോദർ പ്രസാദ്:
ഒ വി വിജയന്റെ കാർട്ടൂണുകളുടെ സമ്പൂർണ്ണ ശേഖരം പ്രസിദ്ധീകരിക്കാൻ പറ്റിയ സമയമാണ്. ഒ വി വിജയൻ കാർട്ടൂണിൽ പ്രമേയവല്ക്കരിച്ച രാഷ്ട്രീയാശയങ്ങൾ പ്രസക്തമായിരിക്കുകയും പുതിയ വായനകൾ ആവശ്യപ്പെടുകയും ചെയ്യുന്ന സമയം. ഡി. സി. പുറത്തിറക്കിയ കാർട്ടൂണുകളുടെ അപൂർണ്ണമായ സമാഹാരം ഇപ്പോൾ സ്റ്റോക്കൗട്ടാണെന്നാണ് മനസ്സിലാക്കുന്നത്.
രാധാകൃഷ്ണൻ:
അതെ, തീർച്ചയായും. ജീവിച്ചിരിക്കെ സമ്മതം വാങ്ങാൻ വിട്ടുപോയ രചയിതാക്കളുടെ സൃഷ്ടികളുടെ കാര്യമൊക്കെ ഇങ്ങനെയാണു്. അവകാശികൾ മിക്കവാറുംപേർ സ്വതന്ത്രപ്രകാശനത്തെക്കുറിച്ചു് അറിവുള്ളവരോ ഇതിൽ താല്പര്യം കാണിക്കുന്നവരോ അല്ല. മിക്കവാറും സൃഷ്ടികൾ ഏതെങ്കിലും പ്രസാധകന്റെ ഇരുമ്പഴിക്കുള്ളിൽ അവസാനിക്കുകയാണു് പതിവു്. രചയിതാവിന്റെ മരണാനന്തരം സൃഷ്ടികളുടെ വാണിജ്യസാദ്ധ്യത കുറയുന്നതിനാൽ പ്രസാധകർക്കു് അച്ചടിച്ചിറക്കാൻ നന്നെ വൈമുഖ്യമുണ്ടു്. ഇതുതന്നെയാണു് ഒ വി വിജയന്റെ കാർട്ടൂണുകളുടെയും സ്ഥിതി. വായനാസമൂഹം അങ്ങേയറ്റം ആദരിക്കുന്ന ഒരു കാർട്ടൂണിസ്റ്റിന്റെ സൃഷ്ടികൾ സ്വതന്ത്ര ഡിജിറ്റൽ പതിപ്പുകളായി ഇറങ്ങുന്നതുകൊണ്ടു് അച്ചടിപ്പതിപ്പിന്റെ വിപണനത്തെ ഒന്നുകൊണ്ടും പ്രതികൂലമായി ബാധിക്കുന്നില്ല, മാത്രവുമല്ല, പലപ്പോഴും അച്ചടിപ്പതിപ്പിന്റെ വില്പനയെ നന്നായി പ്രോത്സാഹിപ്പിക്കുന്നുമുണ്ടു് എന്നാണു് അനുഭവം. അതുകൊണ്ടു് വായനക്കാർ, വിശിഷ്യാ വിദ്യാർത്ഥിസമൂഹം ഒന്നായി വിജയന്റെ അവകാശികളോടു് കാർട്ടൂണുകൾക്കു് സ്വതന്ത്ര ഡിജിറ്റൽ പ്രകാശനത്തിനു് അനുവാദം നൽകണമെന്നു് അപേക്ഷിക്കുകയാണു് ഇപ്പോൾ ചെയ്യേണ്ടതു്. യുവതലമുറ മുന്നോട്ടു വന്നാലും.
സച്ചിദാനന്ദൻ:
യോജിക്കുന്നു. ധാരാളം അനുഭവങ്ങൾ.

(ജൂൺ 14 മുതൽ 20 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്.)

Colophon

Title: Responses—3 (ml: പ്രതികരണങ്ങൾ—3).

Author(s): Readers.

First publication details: Sayahna Foundation; Trivandrum, Kerala; 2020-06-22.

Deafult language: ml, Malayalam.

Keywords: Response, Readers, Responses—3, വായനക്കാർ, പ്രതികരണങ്ങൾ—3, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Twittering Machine, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: CVR; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.