images/Arrival_of_the_Normandy_Train.jpg
Arrival of the Normandy Train, Gare Saint-Lazare, a painting by Claude Monet (1840–1926).
പ്രതികരണങ്ങൾ
വായനക്കാർ
മനോജ് കെ. പുതിയവിള: തനതുലിപി തന്നെ വേണം; അതുമാത്രം പോര (തുടർച്ച)
കെ. എച്ച്. ഹുസൈൻ:
1975 ജൂൺ 25 അടിയന്തിര പ്രഖ്യാപനത്തിന്റെ 45-ാം വാർഷികം. ആ ഇരുണ്ട കാലത്തിന്റെ അവശേഷിപ്പുകൾ വലിയ സൗഹൃദങ്ങൾക്കു വഴിതെളിയിച്ചു. ടി. എൻ. ജോയി, മുഹമ്മദലി, ഷംസു, മോഹൻദാസ്, ഹേമചന്ദ്രൻ, തുളസി, ചിത്രജകുമാർ, അശോൿകുമാർ, സിവിആർ. മലയാളത്തിന്റെ അക്ഷരങ്ങൾ വീണ്ടെടുക്കുന്നതിന്റെ സ്നേഹപഥങ്ങളാണവ. വർഷങ്ങളേറെ കഴിഞ്ഞിട്ടും അന്നത്തെ യുവത്വവും ആവേശവും മാമൂലുകൾക്കെതിരെയുള്ള നിലപാടുകളും വാർദ്ധക്യത്തിനു ചേതനയേകുന്നു. ഇന്നും ഉടയാത്ത കൂട്ടായ്മ പുതിയ വിതാനങ്ങൾ സൃഷ്ടിക്കുന്നു. അരനൂറ്റാണ്ടടുക്കുമ്പോൾ ഇരുൾച്ചയ്ക്കു് കനപ്പേറുകയാണു്. പുതിയ യുവത്വം കൂടുതൽ ധീരവും സർഗ്ഗാത്മവുമാകട്ടെ. രചന ഫോണ്ട് അണിയറയിൽ രൂപംകൊള്ളുന്ന നാളുകളിൽ, 1999 ആദ്യം, ഒരു ദിവസം ചിത്രജകുമാറുമൊത്തു് പ്രൊഫ. എം. കൃഷ്ണൻനായരെ കാണാനായി പോയതു് ഓർക്കുന്നു. കൂടെ ഹേമചന്ദ്രനും തുളസിയും ഉണ്ടായിരുന്നു. അവരെല്ലാം യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലത്തു് അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. പഴയലിപിയുടെ വീണ്ടെടുപ്പിനെകുറിച്ചു് പറയുമ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായം എന്തായിരിക്കുമെന്നതിനെപ്പറ്റി ആർക്കും ഊഹമുണ്ടായിരുന്നില്ല. സാഹിത്യത്തിലെ പ്രധാന എതിരനായിരുന്നല്ലൊ അദ്ദേഹം. എതിർപ്പാണു് പറയുന്നതെങ്കിൽ തല്ലുപിടിക്കാനായി ചിത്രജൻ ഒരുങ്ങിനിന്നു. ഞാനദ്ദേഹത്തെ ആദ്യമായി കാണുകയായിരുന്നു. പഴയ ശിഷ്യരെ കണ്ടതോടെ അദ്ദേഹം അത്യന്തം ആഹ്ലാദവാനായി. ആഗമനോദ്ദേശം അറിഞ്ഞതോടെ ആഹ്ലാദം ഇരട്ടിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും പ്രബോധചന്ദ്രൻ നായരുടേയും നേതൃത്വത്തിൽ അരങ്ങേറാൻ പോകുന്ന പുതിയ വെട്ടിമുറിക്കൽ പ്രസ്ഥാനം (‘മലയാളത്തനിമ’) അറിഞ്ഞതോടെ അദ്ദേഹം കോപാകുലനായി. വിറച്ചു. ഇതുപോലെയുള്ള ഒരു തീവ്രപ്രതികരണം അതിനുമുമ്പു് കണ്ടതു് പ്രൊഫ. പന്മന രാമചന്ദ്രനിൽ നിന്നായിരുന്നു. രചനയുടെ സമ്മേളനം കഴിഞ്ഞതോടെ അദ്ദേഹം ടി. എൻ. ജയചന്ദ്രൻ നായരെ ഫോണിൽ വിളിച്ചു് ‘ശല്യ’പ്പെടുത്താൻ തുടങ്ങി. സമകാലികമലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന വാരഫലം തനതുലിപിയിൽ തന്നെ വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ജയചന്ദ്രൻനായരും രചന മൂവ്മെന്റിന്റെ ഇഷ്ടക്കാരനായിരുന്നു. അദ്ദേഹമാണു് രചനയുടെ വരവറിയിച്ചുകൊണ്ടുള്ള മനോജ് പുതിയവിളയുടെ ദീർഘലേഖനം അത്യന്തം പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നതു്. പ്രൊഫ. കൃഷ്ണൻനായരുടെ ലേഖനം തനതുലിപിയിൽ പ്രസിദ്ധീകരിക്കുന്നതിന്റെ പ്രാധാന്യം അന്നു് വളരെ വലുതായിരുന്നു. ‘വലിയ’ സാഹിത്യകാരന്മാരാരും ഇന്നും പരിഗണിക്കാത്ത ഒന്നാണതു്. അക്ഷരം ഏതു കോലത്തിലായാലും വേണ്ടില്ല ‘സാഹിത്യം’ മഹത്തരമാകണം എന്നേ അവർക്കു് ആലോചനയുള്ളു. വലിയ പ്രയാസങ്ങൾ സഹിച്ചാണു് വാരഫലം അദ്ദേഹം മരിക്കുന്നതുവരെ സമകാലിക മലയാളത്തിൽ ഓരോ ആഴ്ചയും ടൈപ്പ്സെറ്റ് ചെയ്തിരുന്നതു്. ഇന്നത്തെ യൂണികോഡിന്റെ എളുപ്പങ്ങളൊക്കെ പതിറ്റാണ്ടുകൾക്കപ്പുറത്തായിരുന്നു. ഓരോ ആഴ്ചയും മലയാളത്തിന്റെ തനതുലിപിയിൽ അച്ചടിച്ച താളുകൾ കാണുന്നതു് രചനയുടെ പ്രവർത്തനത്തിനു് നൽകിയ ഊർജ്ജം വിവരണാതീതമാണു്. ഇന്നു് അതേ വാരഫലം അതേ അക്ഷരങ്ങളിൽ സായാഹ്നയിൽ കാണുന്നതും ആവേശകരം തന്നെ. പന്മനയോ കൃഷ്ണൻനായരോ ഭാഷാചിന്തകളുടെയും സാഹിത്യവിമർശനത്തിന്റെയും കാര്യത്തിൽ അഗണ്യരായിരിക്കാം. പൈങ്കിളി എന്നാണു് അന്നും ഇന്നും അവരെ കനപ്പെട്ടവർ വിശേഷിപ്പിക്കുന്നതു്. പക്ഷെ അവർ അക്ഷരങ്ങളിലൂടെ ദർശിച്ച ഭാഷയുടെ സൗന്ദര്യം ഇന്നും ‘മഹാന്മാരായ’ പല സാഹിത്യകാരന്മാർക്കും അജ്ഞാതമാണു്.
ഡോ: ബാബു ചെറിയാൻ:
മാനകീകരണം (standardisation) വർണവിന്യാസക്രമത്തിനും ബാധകമാകേണ്ടതാണു് (വ്യക്തിഭാഷകൾ ഭാഷണതലത്തിൽ പ്രസക്തമാണു്; ആകാം). നിഘണ്ടുക്കൾ പദത്തിന്റെ അർഥത്തെമാത്രമല്ല, രൂപത്തെയും ‘വേലികെട്ടി’ സുരക്ഷിതമാക്കുന്നുണ്ടു്.
കെ. സച്ചിദാനന്ദൻ:
‘കേരള കവിത, സമീക്ഷ, നവസാഹിതി, ഗോപുരം ഈ പ്രസിദ്ധീകരണങ്ങളും ഡിജിറ്റൈസ് ചെയ്യണം’. കേരള കവിത – അയ്യപ്പപ്പണിക്കർ, കെ. എസ്. നാരായണപിള്ള, സമീക്ഷ, നവ സാഹിതി, ഗോപുരം: എം. ഗോവിന്ദൻ, സി. ജെ. തോമസ്, കെ. സി. എസ്. പണിക്കർ – ആരും ഇന്നില്ല. കോപ്പിറൈറ്റ് പ്രശ്നം വരാനുമില്ല. കേരള കവിത പ്രിയ ദാസിന്റെ (സംക്രമം) കയ്യിലുണ്ടാകും. തിരുവനന്തപുരത്തു തന്നെയാണല്ലോ.
സി. വി. രാധാകൃഷ്ണൻ:
മാനകീകരണത്തിനെക്കുറിച്ചു് സാഹിത്യകാരന്മാരും വായനക്കാരും അക്കാദമിൿ സമൂഹവും സജീവ സംവാദത്തിലേർപ്പെടുകയും അതിലൂടെ ഒരു രൂപരേഖ തയ്യാറാക്കുവാനും കഴിഞ്ഞാൽ നമുക്കു് ഈ രംഗത്തു് താല്പര്യമുള്ളവരെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ടു് വെബിനാറുകൾ നടത്തി പ്രയോജനപ്പെടുന്ന തീരുമാനങ്ങളെടുക്കുകയും മലയാള പ്രസാധനത്തിനു് ഉതകുന്ന ശൈലീപുസ്തക രചനയിലേർപ്പെടുകയും ചെയ്യാമെന്നു സായാഹ്ന ആശിക്കുന്നു. ഈ വിഷയത്തിൽ പ്രബന്ധങ്ങളും നീണ്ട പ്രതികരണങ്ങളും ഇനിയും വളരെയധികം പ്രതീക്ഷിക്കുകയാണു്. ലേഖകർ അവലംബങ്ങൾ കൂടി ഉപയോഗിക്കുകയാണെങ്കിൽ നിലപാടുകളെ ചൊല്ലിയുള്ള വിവാദങ്ങൾ നമുക്കു് പറ്റുന്നിടത്തോളം ഒഴിവാക്കുകയും ഭാഷാസമൂഹത്തിനു് പ്രയോജനമുള്ള നിഗമനങ്ങളിൽ വേഗമെത്തുവാൻ കഴിയുകയും ചെയ്യും. അക്കാദമിൿ സമൂഹത്തിന്റെ സജീവപങ്കാളിത്തം വളരെയധികം വേണ്ട ഒരു സംരംഭമാണിതു്. ഏവരെയും ഹാർദ്ദമായി ക്ഷണിക്കുന്നു. ലേഖനങ്ങളും പ്രബന്ധങ്ങളും പ്രതികരണങ്ങളും നമുക്കു് വെബിനാറുകളോടൊപ്പം തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്യാം.
സക്കറിയ: രഹസ്യപ്പൊലീസ് (തുടർച്ച)
സുഭാഷ് കുര്യാക്കോസ്:
രഹസ്യപ്പൊലീസിന്റെ ആരംഭത്തിൽതന്നെ ഉമ്മ നൽകുന്ന കാമുകിയുടെ ജീവിതം ഭൂമി പോലെ ഉരുണ്ടാണിരിയ്ക്കുന്നതെന്ന വിടപറച്ചിലിൽ കഥാന്ത്യം ഊഹിയ്ക്കാവുന്നതാൽ കഥ സൃഷ്ടിയ്ക്കുന്ന സക്കറിയ കഥ സഹജമായ ബഷീറിനു് പിൻഗാമിയാകുമോ?
ഇ. പി. ഉണ്ണി: കാർട്ടൂണിസ്റ്റ് വിജയൻ-ഒരു പ്രശ്നവിചാരം (തുടർച്ച)
കെ. ജി. എസ്.:
‘രഹസ്യപ്പൊലീസ്’ പെട്ടെന്നു് വിട്ടയച്ചെങ്കിലും ചില വിവർത്തനക്കുരുക്കുകളിൽ കുടുങ്ങി എന്റെ മൂന്നു് ദിവസം അന്യാധീനമായി. സായാഹ്നയിൽ വരുന്നവ കാണുന്നുണ്ടെങ്കിലും വായിക്കാൻ കഴിയാതായി. വായനക്കുടിശ്ശിക ഒടുക്കുമെന്ന ശപഥം ഇന്നു് പുലർച്ചെ പാലിച്ചു. പുലർന്നപ്പോൾ വിസ്മയം മുന്നിൽ: അയിഷയും zentangle ചിത്രങ്ങളും. അയിഷ താണ്ടിയ അപൂർവ ജ്ഞാന/സഹന/സാധന/സർഗ്ഗ/സ്വപ്ന ദൂരങ്ങളുടെ വരവഴികൾ ഞാനൊരു സെൻ ഗുരുവിനെ കൂടെക്കൂട്ടി നടന്നു് തീർക്കാനിറങ്ങി. പടയണിക്കോലവും മുഗൾപ്പരവതാനികളും ഹോങ്കോങ് ഗ്രാഫിറ്റികളും ഓർമ്മിപ്പിച്ച സാമ്യമൂലകാലങ്കാരങ്ങൾ ഒന്നൊന്നായി വേഗം മറഞ്ഞു. അയിഷയുടെ നിബിഡ പ്രപഞ്ചം കാഴ്ച നിറഞ്ഞു. സമയച്ചില്ലയിൽ അയിഷയുടെ ജ്ഞാനിമൂങ്ങയെ കണ്ടതും സെൻഗുരു: “അതു് ഞാൻ തന്നെ. നീയും അതു് തന്നെ.” എന്നു് ജപിച്ചു് കാണാമറ അണിഞ്ഞു. തനിച്ചായ ഞാൻ വീണ്ടും ഇ. പി. ഉണ്ണിയുടെ വിജയൻവായനയിലേക്കു് മടങ്ങി. ഉണ്ണിയുടെ എഴുത്തിനു് നല്ല നാട്ടുമൂർച്ച. ഇടയ്ക്കിടെ ഫിലോസഫിക്കൽ കയറ്റിറക്കങ്ങളും ചരിത്രനിരപ്പുകളുമുള്ള രസകരമായ ബൌദ്ധികമൂർച്ച. എഴുത്തിനും വരയ്ക്കും മുനയും മൂർച്ചയും ഉൾക്കാഴ്ചയും നിർബ്ബന്ധം കാർട്ടൂണിസ്റ്റിനു്. ചിരിപ്പിക്കലിനപ്പുറം ചിന്തിപ്പിക്കലിലേക്കു്, ചിരിക്കണ വിദ്വാൻ ഭീകരമായതു് കേൾക്കാനിരിക്കുന്നേയുള്ളെന്ന തരം ബ്രെഹ്റ്റിയൻ മുന്നറിയിപ്പുകളിലേക്കു്, പാതകളോ പടവുകളോ രചനയിൽ വേണമെന്ന നിർബ്ബന്ധം. വാച്യത്തിൽ വിരമിക്കാൻ മടിക്കുന്ന വരയും കുറിയും. ഓർക്കിഡുകളുടേയും മുൾച്ചെടികളുടേയും മറ്റൊരു തോട്ടക്കാരൻ ഇ. പി. ഉണ്ണിയുമെന്നു് ഞാനുറപ്പിച്ചു. വിജയൻകാർട്ടൂണുകളുടെ വരപ്രകാരവും ഉരിപ്പൊരുളും ശക്തിശാസ്ത്രവും (സൌന്ദര്യശാസ്ത്രമെന്നു് പറയുന്നതു് കാർട്ടൂണിനു് രസിക്കില്ല). ഉണ്ണിയുടെ പ്രശ്നവിചാരത്തിൽ തെളിയുന്നതു് ലഗ്നാലും ചന്ദ്രാലും സ്വപ്നാലും ചരിത്രാലും വെട്ടിത്തിളങ്ങുന്ന വിജയൻഗരിമ. നീരൊലിക്കുന്ന പാലക്കാടൻ ശിലാമൂർത്തികളെ മഴക്കാലത്തെ ഉച്ചത്തോർച്ചയിൽ കാണുന്നതു് പോലെ. അലിവും ദാർഢ്യവും ചേർന്ന ഇണക്കത്തിന്റെ പ്രാചീനഭാഷ കാലത്തിൽ മുന്നിലേക്കെത്തി കണ്മുന്നിൽ എണീറ്റു് നിൽക്കുന്നതു് പോലെ. വേരു് പാലക്കാട്ടുണ്ടെങ്കിൽ എഴുത്തിൽ നർമ്മം ഉറപ്പെന്നുണ്ടോ? കുഞ്ചനും ചാക്യാരും വിജയനും വി. കെ. എന്നും ഉണ്ണിയുമൊക്കെ ഒരേ ദേശനൂലിലോ? നർമ്മമർമ്മങ്ങളുടെ താളം തുളുമ്പുന്ന ഒരേ മിഴാവിലോ അവർ അധികാരവിമർശനത്തിന്റെ പല യാമം കൊട്ടുന്നതു്? പച്ചക്കുതിര സച്ചിക്കുതിരയായി മാന്ത്രികച്ചിറകു് വീശി ലോകാന്തരങ്ങളെ ആവാഹിച്ചു് മലയാളത്താളിൽ ചൊല്ലിയിരുത്തിയ കാലത്തു് വായിച്ചപ്പോഴും ഇ. പി. ഉണ്ണിയുടെ ഈ ലേഖനം പെരിയ ഊർജ്ജം തന്നു. ആഗോള ഫാസിസ്റ്റു വിരുദ്ധ ട്രാൻസ്ഫോർമറുകളായ കാർട്ടൂണുകളും സിനിമകളും കവിതകളും ചിന്തകളും തരുന്നു നമ്മിലെയെല്ലാം പ്രതിരോധികൾക്കു് ഊർജ്ജം. അന്നു് രാവിൽ ഞാൻ ആയുധങ്ങളെ സ്വപ്നം കണ്ടു. കുന്തം, കഠാര, വാൾ, അമ്പ്, വില്ല്, അണുബോംബ്, കുഴിബോംബ്, നാടൻ തോക്ക്, മെഷീൻഗൺ, പുല്ലാങ്കുഴൽ, സ്വസ്തിക്, തൊപ്പികളിലെ നക്ഷത്രങ്ങൾ, പട്ടാളട്രക്കുകൾ, ടാങ്കുകൾ, മിസ്സൈലുകൾ… എല്ലാം വിജയന്റെയും മറ്റും ഫാസിസിറ്റുവിരുദ്ധ കാർട്ടൂണുകൾ വിട്ടിറങ്ങി സ്വപ്നത്തിൽ വന്നു് നിരന്നവ. അവയുടെ ഓരോ കൂർപ്പിലുമുണ്ടായിരുന്നു പിക്കാസോശൈലിയിൽ ഓരോ സമാധാനപ്രാവ്.
ദാമോദർ പ്രസാദ്:
ലഘുവായൊരു വാട്സ് ആപ്പ് മെസ്സേജ് പോലും കവിതയോടു് അടുപ്പിക്കുന്ന കെ. ജി. എസ്. മാഷിന്റെ എഴുത്തു് ഒരു രസം തന്നെ.
സി. സന്തോഷ് കുമാർ: സൽമ റേഡിയോസ്
ലിസ്സി മാത്യു:
“സൽമ റേഡിയോസ്” ഇഷ്ടമായി. യുക്തിയുടെ മേൽ ഭാവനയുടെ കുടമാറ്റം, കൂടുമാറ്റം. ആമുഖത്തോടു നീതിപുലർത്തുന്ന കഥാന്ത്യം. ജനിമൃതികൾക്കിടയിൽ പല വാതിലുകൾ കടന്നുപോകണമല്ലോ. നഗരം, പഴയകെട്ടിടം, പിൻവാതിൽ, പുഴയോരം, തുറസ്സ്, ചൂണ്ട… ഇങ്ങനെ വെളിച്ചത്തിന്റെയും ഇടത്തിന്റെയും വിവിധവിന്യാസങ്ങൾ… എന്നാൽ ‘ജരയുടെ ചുളിവുകൾ’ എന്ന പ്രയോഗത്തിൽ വിയോജിപ്പു്.
അനൂപ് നായർ:
“മരിച്ച കണ്ണുകളിൽ കൂടി പരലോകത്തെ കാഴ്ചകൾ കണ്ടുകൊണ്ടു് അവ ശാന്തരായി കിടന്നു”. സന്തോഷ്കുമാറിന്റെ “സൽമ റേഡിയോസ്” അസ്വസ്ഥമായ ഒരു സ്വപ്നത്തിലെ വിഹ്വലതയായി മനസ്സിൽ നിറയുന്നു!
വി. കെ. ആദർശ്:
കഥ നന്നായി. എഞ്ചിനീയറിംഗ് പദങ്ങൾ വളരെ കയ്യടക്കത്തോടെ ഉപയോഗിച്ചിരിക്കുന്നു. സാദാ ബൾബ് അല്ലെങ്കിൽ ഉണ്ട ബൾബ് എന്നു് പറയുന്നതിനു് പകരം കൃത്യമായ ഇൻകാൻഡസന്റ് എന്നു്. നന്നായി.
എം. എച്ച്. സുബൈർ:
സി. സന്തോഷ് കുമാറിന്റെ ‘സൽമ റേഡിയോസ്’ ഉൾക്കാമ്പുള്ള, സൂക്ഷ്മ വായന അർഹിക്കുന്ന ഒരു കഥയാണു്. ‘നമ്മളൊക്കെ ജീവിക്കുന്നതു് നമ്മുടെ തന്നെ ജീവിതങ്ങളാണു് എന്നതിനു് എന്താണു് ഉറപ്പുള്ളതു്’. എന്നു് ചോദിച്ചു കൊണ്ടു് കഥാകാരൻ ഒരു തത്വ ശാസ്ത്ര പ്രശ്നത്തെ നമുക്കായി കഥയിലൂടെ വച്ചു നീട്ടുന്നു. ഗണിത സമവാക്യങ്ങളിൽ ഉത്തരം കണ്ടെത്താൻ കഴിയാത്ത യഥാർത്ഥ-അയഥാർത്ഥ ലോകങ്ങളുടെ വേർതിരിവുകൾ, ആ ലോകങ്ങളിലെ അനുഭവങ്ങൾ. ഗഹനമായൊരു വിഷയത്തെ ലളിതമായ വാക്കുകളാൽ വരച്ചിട്ട സി. സന്തോഷ് കുമാറിനു് അഭിനന്ദനങ്ങൾ. സായാഹ്നക്കു് നന്ദി.
E. P. Unny: Cartoons
സജിന കാവിൽ:
ഇന്നത്തെ ഇന്ത്യൻ ഭരണകൂടത്തിന്റെ യഥാർത്ഥ മുഖം ചിത്രീകരിക്കുന്ന ശ്രീ ഇ. പി. ഉണ്ണിയുടെ കാർട്ടൂണിനോടൊപ്പം എന്റെ പ്രിയവിദ്യാർത്ഥികളുടെ പ്രതികരണങ്ങൾ പ്രസിദ്ധീകരിച്ച സായാഹ്നയോടുള്ള ഇഷ്ടം ഏറിവരുന്നു.
മനോജ് കെ. പുതിയവിള: തനതുലിപി തന്നെ വേണം; അതുമാത്രം പോര
നന്ദിനി മേനോൻ:
മനോജ് പുതിയവിളയുടെ തനതു ലിപി… ഇംഗ്ലീഷ് അക്ഷരമാല പഠിപ്പിച്ചു തുടങ്ങുന്നതു് A B എന്നല്ല, standing line, leaning line, sleeping line, curve ഇവ കുട്ടികളെ കൊണ്ടു് വരപ്പിച്ചാണു്. അതൊരു കളി പോലാണു്, ഇതു നാലും ഉറച്ചു കഴിഞ്ഞാൽ ഇംഗ്ലീഷിലെ എല്ലാ അക്ഷരങ്ങളും എഴുതാം. എന്റെ മകൻ ഇതുപോലെ വളരെ അനായാസം അക്ഷരമാല എഴുതുന്നതു് നേരിൽ കണ്ടറിവു്.
മഞ്ജു:
മനോജ് പുതിയവിളയുടെ ‘തനതുലിപി തന്നെ വേണം; അതു മാത്രം പോര’ എന്ന ലേഖനം വിഷയ പ്രാധാന്യം കൊണ്ടും ആ ലേഖനം അച്ചടിച്ച രീതികൊണ്ടും ശ്ലാഘനീയം തന്നെ. ‘ഭാഷാവിദഗ്ദ്ധർ’ ഭാഷാവിദഗ്ധർ ആകുന്നതും അദ്ധ്യാപകൻ – അധ്യാപകൻ, മദ്ധ്യവർത്തി – മധ്യവർത്തിയാകുന്നതും പുതിയ ലിപി പരിഷ്കരണത്തിന്റെ ഭാഗം തന്നെയല്ലെ? അക്ഷരങ്ങളുടെ ഉച്ചാരണ വ്യത്യാസങ്ങളിൽ ‘ദ’യും ‘ധ’ യും ‘ഗ’യും ‘ഘ’യും വേർതിരിച്ചറിയാൻ പുതിയ തലമുറയ്ക്കു് സാധിക്കാതെ പോകുന്നുണ്ടു്. ‘അദ്ധ്യാപകൻ – അധ്യാപകൻ’ ആകുമ്പോൾ ‘ദയ’ ഇല്ലാതാവുകയും ‘ധനം’ മാത്രം നിലനില്ക്കുകയും ചെയ്യുന്നു എന്നു് വായിച്ച ഓർമ്മ പങ്കു വയ്ക്കുന്നു. ചന്ദ്രക്കല ഒഴിവാക്കി അക്ഷരങ്ങൾ കൂട്ടി എഴുതുന്നതു പോലെ പ്രാധാന്യം ഇത്തരം അക്ഷര ലോപങ്ങൾക്കില്ലെ? എന്ന സംശയവും ഉടലെടുക്കുന്നു. യൂണിക്കോഡിന്റെ സാധ്യത ഇത്തരം പദങ്ങളുടെ കാര്യത്തിലും സ്വീകരിക്കേണ്ടതല്ലെ? ഒരു ഗവേഷക എന്ന നിലയിൽ ഒരു പ്രബന്ധത്തിൽ ഒരേ വാക്കു് രണ്ടു രീതിയിൽ എഴുതരുതു് ഉദാ: ‘അദ്ധ്യാപകൻ – അധ്യാപകൻ’. എന്നാൽ ഇവയിലേതെങ്കിലുമൊന്നുറപ്പിച്ച് തുടർ എഴുത്തുകൾ നടത്താം. ഈ പദത്തിന്റെ ശരിയായ രൂപം എതാണു്? ‘തനതുലിപി’ എന്ന പ്രയോഗത്തിൽ ഇത്തരം പദങ്ങൾ ഏതു രൂപത്തിലാണു് സ്വീകരിക്കപ്പെടുക എന്ന സംശയവും നിലനിൽക്കുന്നു.
ചാരു മഞ്ജു:
അച്ചടിയെ കുറിച്ചും ലിപിയെ കുറിച്ചും പഠനം നടത്തുന്നവർക്കു് ഉപകാരപ്രദമായ ലേഖനമാണു് മനോജ് പുതിയവിളയുടേതു്. കഥകൾ മാത്രമല്ലാതെ ലേഖനങ്ങളും ഉൾപ്പെടുത്തുന്നതു് നല്ലതാണു്.
സി. വി. രാധാകൃഷ്ണൻ:
സായാഹ്ന കഥകൾക്കു് മുൻതൂക്കം കൊടുക്കുന്നു എന്ന സൂചന തെറ്റു്. ഇതുവരെ പ്രസാധനം ചെയ്തതു് വർഗ്ഗം തിരിച്ചു് കാണുക: 12 കഥ 24 ലേഖനം 15 കവിത 23 സാഹിത്യവാരഫലം 13 ഐതിഹ്യമാല 04 കാർട്ടൂൺ സമാഹരണം 06 പലവക ആകെ: 97 സാക്ഷ്യം: www.sayahna.org
ടി. ജിതേഷ്:
ഈ ലേഖനം നേരത്തേതന്നെ വായിച്ചിട്ടുണ്ടു്. പരിഷ്കരിച്ചു പ്രസിദ്ധീകരിച്ചതു് വളരെ നന്നായിട്ടുണ്ടു്. അഭിനന്ദനങ്ങൾ. ലിപി പരിഷ്കരണവുമായി ബന്ധപ്പെട്ടു് അനിവാര്യമായും നടക്കേണ്ട കാര്യങ്ങൾ തികച്ചും യുക്തിയുക്തമായി ചർച്ച ചെയ്തിരിക്കുന്നു. ഭാഷാപരമായ അവ്യവസ്ഥകളെക്കുറിച്ചുള്ള ചിന്ത ലിപിയുടെ ഉചിതമായ രൂപത്തെക്കുറിച്ചുള്ള ചർച്ചയിൽത്തന്നെ തുടങ്ങുന്നുവെന്നു് മനസ്സിലാക്കാൻ പ്രയാസമില്ല. പഴയ കൃതികൾ മുതലിങ്ങോട്ടുള്ളവയുടെ അച്ചടിരൂപം പരിശോധിക്കുമ്പോൾ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടു തന്നെയാണു് അവയോരോന്നും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെന്നതിൽ സംശയമില്ല. തനതുലിപിയെ സംബന്ധിക്കുന്ന കൃത്യമായ നിലപാടു് സർക്കാരുകൾക്കും മലയാളഭാഷാപഠനവിഭാഗങ്ങൾക്കും ഉണ്ടാവേണ്ടതാണു്. മാത്രമല്ല, നിർബന്ധമായും അതിലേക്കു് ഭാഷാപഠിതാക്കൾ എത്തുകയും വേണം. പുതിയ കാലം ആവശ്യപ്പെടുന്നതും അതു തന്നെയാണു്. ഏതുതരം ഗാഡ്ജറ്റിലും ഒരേപോലെ തടസ്സമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്കു് മാറണമെന്ന നിർദ്ദേശം ഔദ്യോഗികതലത്തിൽ ഉണ്ടാകുന്നതുപോലും നല്ലതാണെന്നു് ചിലപ്പോൾ തോന്നിയിട്ടുണ്ടു്. അത്രമാത്രം വ്യവസ്ഥയില്ലായ്മ സാങ്കേതികവിദ്യയുടെ കാര്യത്തിലേക്കു വരുമ്പോൾ ഭാഷയിൽ നിലനിൽക്കുന്നുണ്ടു്. എഴുത്തിനും അച്ചടിക്കും ഒരു പൊതുമാതൃക ഉണ്ടാവേണ്ടതു് അനിവാര്യമാണു്. മാനകീകരണം തന്നെ. ഒരഭിപ്രായം – രണ്ടാം ഭാഷയായി മലയാളം പഠിക്കുന്നവർക്കു് റ-ന-ത രീതിയാണു് നല്ലതെന്നാണു് മനസ്സിലാക്കാനായിട്ടുള്ളതു്. അതു് ലിപിപഠനത്തിനു് അനുയോജ്യമായ രീതിയാണു്. ഒന്നാം ഭാഷക്കാർ ഭാഷ പരിചയിച്ചു വരുന്നതിനാലും സംസാരിക്കാൻ അറിയുന്നതിനാലും പഠനരീതി വ്യത്യസ്തമായിരിക്കും. ഒരു മണിക്കൂർ വീതമുള്ള പത്തു ക്ലാസുകൾ കൊണ്ടുതന്നെ അന്യസംസ്ഥാനക്കാരായ വിദ്യാർത്ഥികൾ മലയാള അക്ഷരങ്ങൾ പൊതുവെ പൂർണ്ണമായും പരിചയപ്പെടാറുണ്ടു്. അക്ഷരപഠനം, സംസാരഭാഷയുമായി ബന്ധപ്പെട്ട ഡ്രില്ലുകൾ എന്നിവയടക്കമാണു് ഇതു സാധിക്കുന്നതു്. എന്നാൽ രണ്ടുതരം ലിപിരീതികളും പരിചയപ്പെടുത്തേണ്ടി വരുന്ന അവസ്ഥയും ഇതോടൊപ്പം നിലനിൽക്കുന്നുണ്ടു്. എഴുതാനും വായിക്കാനും കൂടുതൽ താല്പര്യമുള്ളവർ പരിചയത്തിലൂടെ ഈ വ്യത്യാസം മനസ്സിലാക്കിയെടുക്കുന്നതു് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടു്. ഭാഷ ഉപയോഗിച്ചു തുടങ്ങുമ്പോൾ നടക്കുന്ന ഇത്തരം സ്വാഭാവികതകളെ ഉൾക്കൊണ്ടുതന്നെയല്ലേ നാം വായിക്കുന്നതും ആസ്വദിക്കുന്നതും…
മുരളി മംഗലത്ത്:
പി ഡി എഫ് വേർഡ് ഫോമാറ്റിലേയ്ക്കു് പരിവർത്തനം ചെയ്യുമ്പോൾ മറ്റു ഭാഷകൾ ശരിയായ രൂപത്തിൽത്തന്നെ കിട്ടും. മലയാളം കിട്ടാറില്ല. ആധുനിക സാങ്കേതിക ലോകം മലയാളത്തിനു് ഇതുവരെ വേണ്ട രീതിയിൽ കീഴടക്കാൻ കഴിഞ്ഞിട്ടില്ല എന്നതിന്റെ ഉദാഹരണമായിട്ടാണു് ഈ പ്രയാസത്തെ ഞാൻ കാണുന്നതു്. എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്ന യുണീക്കോഡ് ലിപിയുടെ അഭാവത്തിലേക്കാണു് ഇതു വിരൽ ചൂണ്ടുന്നതു്. ഇക്കാര്യത്തിൽ സർക്കാരിന്റേതടക്കം മൊത്തം മലയാളി കേന്ദ്രങ്ങളിൽനിന്നു് കൂട്ടായ യത്നം അത്യാവശ്യമാണു്. നമ്മൾ പണ്ടുതൊട്ടേ ഉപയോഗിച്ചുവന്നിട്ടുള്ള തനതു ലിപിയിലേക്കുള്ള തിരിച്ചുപോക്കു് ക്ഷിപ്രസാധ്യമാണെന്നു് മനോജ് കെ. പുതിയവിള വിശദമാക്കിയിട്ടുള്ളതു് സാങ്കേതികരംഗത്തെ വർധിച്ച മുന്നേറ്റത്തെ മുന്നിൽ കണ്ടാണെന്നു് വ്യക്തമാണു്. ഈ അറിവുകൾ മലയാളത്തിന്റെ പൂർവകാലപ്രതാപം നില നിർത്താൻ പ്രയോജനപ്പെടുത്തേണ്ടതു് അത്യാവശ്യമാണെന്ന കാര്യം ആർക്കും ബോധ്യപ്പെടുന്നില്ലല്ലോ എന്ന ധർമ്മസങ്കടമാണു് എന്നെ നിരാശപ്പെടുത്തുന്നതു്. മനോജ് തന്നെ ചൂണ്ടിക്കാട്ടുന്നതുപോലെ മലയാളമല്ലേ, ഇതൊക്കെ മതി എന്ന വിചാരമാണോ ഇതിനു കാരണമെന്നു് ഞാൻ ആശങ്കപ്പെടുന്നു. എന്തായാലും ഈ സ്ഥിതി മാറാൻ ബോധപൂർവമുള്ള ശ്രമം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണമെന്നു് തീവ്രമായിത്തന്നെ ആഗ്രഹിക്കുന്നു. കമ്പ്യൂട്ടർ ഭാഷയിലെ പരിമിതജ്ഞാനമാണു് പുതിയ ലിപിയിൽ എന്നെ തളച്ചിടുന്നതു് എന്നതിൽ ഞാൻ ലജ്ജിക്കുന്നു. പഴയ ലിപിയുടെയും പുതിയ ലിപിയുടെയും സങ്കരക്കടലിൽപ്പെട്ടു് എന്റെ വിദ്യാർഥികൾ മുങ്ങിപ്പൊങ്ങിവലയുന്നതു് നിത്യവും കണ്ടു് സങ്കടപ്പെടുന്ന ഒരധ്യാപകനാണു് ഞാൻ. അവരെ അതിൽനിന്നു കര കയറ്റാൻ എന്തെങ്കിലും ചെയ്യണമെന്ന മോഹത്തിനു് സമർത്ഥമായ ഒരു വഴി തെളിയുമെന്നു് മനോജിന്റെ ലേഖനം പ്രതീക്ഷ നൽകുന്നു. കള്ളുഷാപ്പ്, തൽക്കാലം, ഉൽഘാടനം തുടങ്ങിയ പദങ്ങൾ ഒരേപോലെ എഴുതുന്ന ഒരു കാലം അതിവിദൂരമല്ല എന്നാശിക്കട്ടെ. ഇംഗ്ലീഷിൽ ABC എളുപ്പത്തിൽ പഠിപ്പിച്ചു തുടങ്ങാൻ അവർക്കാകുന്നുണ്ടെങ്കിലും എഴുതിപ്പഠിക്കുന്നതിൽ മലയാളത്തിൽ റ നല്ല തുടക്കമാണു് എന്നും വിശ്വസിക്കുന്നു. സ്വരങ്ങളും വ്യഞ്ജനങ്ങളും ക്രമത്തിൽത്തന്നെ വായിൽ ഉറപ്പിച്ചശേഷം ‘റ’യിൽ എഴുതിത്തുടങ്ങട്ടെ. റ അടിസ്ഥാന ലിപിരൂപമായെടുത്തു് അതിൽ പരിഷ്കാരങ്ങൾ വരുത്തി മറ്റക്ഷരങ്ങളിലേയ്ക്കു് എങ്ങനെ സഞ്ചരിക്കാം എന്നു കുട്ടികൾ പരിശീലിക്കുന്നതിൽ തെറ്റൊന്നും ഉണ്ടെന്നു തോന്നുന്നില്ല. ഈ അഭിപ്രായങ്ങൾ പൂർണ്ണമായും ശരിയാവണമെന്നില്ല. എങ്കിലും ചില വിചാരങ്ങൾ പങ്കുവച്ചു എന്നു കരുതിയാൽ മതി.
പി. തോമസ്:
ശ്രീ മനോജ് പുതിയവിളയുടെ ലേഖനം വായിച്ചു നിയതമായ സ്പെല്ലിംഗിനെക്കുറിച്ച് കണ്ടു. അങ്ങിനെ എന്നും അങ്ങനെ എന്നും എഴുതാമോ. കൈ ഇല്ലാതെ കൈയ്യക്ഷരം എഴുതാമോ. ലേഖനത്തെ സർവ്വാത്മനാ പിന്തുണയ്ക്കുന്നു.
അഷ്റഫ്:
അന്നത്തെ അവസ്ഥയിൽ ‘സാവാഫ’ ഒരു സാഹിത്യ‘ഗൂഗിൾ’ ആയിരുന്നു. ആധുനിക വേഗത്തിൽ, പല സൗകര്യങ്ങളോടെ അറിവിന്റെ പുതിയ ലക്കങ്ങൾ വരുമ്പോൾ, പഴയവ വിലയിരുത്തുന്നതിൽ ഇപ്പോഴത്തെ അളവുകോലുകൾ ഇടങ്കോലാവരുതു് എന്നു് മാത്രം. വായനക്കാരുടെ മതിപ്പുകൾ പലതുമാകാം. അവ പങ്കിടാൻ നല്ലൊരു വേദി സായാഹ്ന സൃഷ്ടിച്ചു. കടന്നു പോന്നവ ഒരു ചരിത്രമെന്ന നിലയിൽ മലയാളത്തനിമയിൽ സൂക്ഷിച്ചുവെക്കാൻ സായാഹ്ന എടുത്ത തീരുമാനം പ്രശംസനീയമാണു്. (വെങ്കിടിയുടെ മെയ് 21 ലെ സായാഹ്ന മെസ്സേജ് റെഫർ ചെയ്യാവുന്നതാണു്).
അയിഷ ശശിധരൻ: ZENTANGLES
കെ. സച്ചിദാനന്ദൻ:
രാവിലെ പതിവുള്ള യോഗ കഴിഞ്ഞാണു് അയിഷയുടെ രചനകൾ കണ്ടതു്. അപ്പോൾ ധ്യാനവുമായി.
കെ. ജി. എസ്.:
അയിഷയുടെ ജ്ഞാനി മൂങ്ങ എങ്ങും പോയിട്ടില്ല പോകുന്നില്ല പോവുകയുമില്ല ഞാനെന്നിരിക്കുന്നതു് ഒരു നിശ്ചല സമയച്ചില്ലയിൽ. കാതങ്ങൾ ആ ചില്ല കാറ്റിലാടിയ ദൂരമെല്ലാം അയിഷയുടെ വരകളിൽ വളഞ്ഞും നിവർന്നും വിടർന്നും കൊഴിഞ്ഞും അറിഞ്ഞും മറന്നും കുരുങ്ങിയും തെളിഞ്ഞും, പലതായി പലരായി ജനിച്ചു്, സമയച്ചില്ലയിലിരുന്നു്, നമ്മോടു് കടംകഥ പറയുന്നു.
നന്ദിനി മേനോൻ:
ആയിഷ ശശിധരൻ കറുത്ത ലോകത്തു് വെളുത്ത മഷി കൊണ്ടെഴുതിയ മനോഹര ചിത്രങ്ങൾ…
ഡോ. താര:
സുന്ദരമായ ചിത്രങ്ങൾ! ചിത്രങ്ങളുടെ അടിക്കുറിപ്പുകളും ധ്യാനത്തിനു പ്രേരകം. സായാഹ്നയ്ക്കും,… നന്ദി!
Ashraf:
Ayisha sketches – entangled zentangles of poetry with striking sharpness of patience…!
Chithrasenan:
johnyml.blogspot.com/2020/06/ayisha-sasidharans-zentangles Here is a fantastic evaluation of “Ayisha’s Zentangles” by Johny, M. L., an art critic. Take a look for an indepth study of today’s release by Sayahna.
Damodar Prasad:
This is a very interesting note to understand and appreciate zentangle pictographic art. It is also quite interesting to note the fusion of two contradictory ideas – Zen and Tangle – that creates a meditative art. Tangle actually means a confused sort of state or all messed up. Applying Zen Philosophy into it creates a new dimension of aesthetic. Beauty also lies in the patterning of curves, lines and also in foregrounding certain images at the surfacial plane. I have not seen much of Zentangle art. But today after seeing this I visited a few sites and tried to get an awe of it. What striked me in Ayesha Sasidharan’s Zentangle pictography is the ethnic motifs and owl being one such representative of a kind with an eastern mystic aura. I also liked the first picture which is quite different from the rest in which you have a vertical surfacial urbanscape merging into an infinite skyscape littered with stars.
വി. കെ. സുബൈദ: ഇരിപ്പ്-നടപ്പ്
കെ. സച്ചിദാനന്ദൻ:
പി. പി. രാമചന്ദ്രനുമായുള്ള അഭിമുഖം ഉചിതവും പ്രസക്തവുമായി. ബാലചന്ദ്രന്റെയും മറ്റും തീവ്ര കവിതകൾക്കു ശേഷം മലയാള കവിതയിൽ ഗുണാത്മകമായ ഒരു മാറ്റം പി. പി. രാമചന്ദ്രനും പി. രാമനും അൻവറും അനിതയുമുൾപ്പെട്ട ഒരു തലമുറയാണു് കൊണ്ടുവരുന്നതു്. വ്യക്തിയുടേതായ സാമൂഹികത, ഭാഷാശ്രദ്ധ, ബിംബശ്രദ്ധ, പ്രത്യക്ഷരാഷ്ട്രീയത്തോടുള്ള വിരക്തി ഇതെല്ലാം ഈ ഇടത്തലമുറയുടെ സവിശേഷതകളായിരുന്നു.
നന്ദിനി മേനോൻ:
പി. പി. ആറുമായുള്ള അഭിമുഖം, കാവ്യാത്മകം. അഞ്ചു വർഷങ്ങൾ തലമുറകളുടെ വിടവു് സൃഷ്ടിക്കുന്ന പുതുക്കാലത്തിൽ സ്വയം പരിഷ്ക്കരിച്ചുക്കൊണ്ടിരിക്കുന്നതിന്റെ പ്രസക്തി, മാത്രമല്ല അതു ചിന്തകളിലുണ്ടാക്കുന്ന വെടിപ്പു്. സന്ധിചെയ്യാത്ത പിണക്കങ്ങളുടെ കാലങ്ങളിൽ നിന്നു് സമരസപ്പെടലിന്റെ പുത്തൻ സമയങ്ങളിലേക്കു സ്വാഭാവികമായി പൊരുത്തപ്പെട്ട കവിതകൾ, കയ്പ്പു കുറഞ്ഞിരിക്കാം പക്ഷെ ഏറിയ മധുരമില്ല, കുതറൽ കുറഞ്ഞിരിക്കാം പക്ഷെ കുതിപ്പില്ലാതെയുമില്ല. സംഭാഷണത്തിലുടനീളം തിരഞ്ഞെടുത്ത വാക്കുകൾ…
എം. കൃഷ്ണൻനായർ: സാഹിത്യവാരഫലം
ഇ. വി. രാമകൃഷ്ണൻ:
സായാഹ്ന എത്തിക്കുന്ന രചനകൾ നല്ല നിലവാരം പുലർത്തുന്നു. എന്നാൽ കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലത്തിനു് കല്പിച്ചു കൊടുക്കുന്ന ക്ലാസിക്ക് പദവി അതു് അർഹിക്കുന്നില്ല എന്ന സത്യം വിനയപൂർവ്വം ഇവിടെ രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. മലയാളിയെ ചിന്താജാഡ്യത്തിലേക്കാണു് ഈ കോളം നയിച്ചതു്. വായനാസുഖത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ പ്രതിലോമസമീപനങ്ങൾ സ്വീകാര്യത നേടി. അദ്ദേഹം പറയുന്ന വിശ്വസാഹിത്യം ചതിക്കുഴികൾ നിറഞ്ഞ വർഗീകരണമാണു്, അന്നും ഇന്നും. പ്രജ്ഞാവിരുദ്ധതയെ അദ്ദേഹം ആഘോഷിച്ചതു് മലയാളിയുടെ ബുദ്ധിജീവിവിരുദ്ധത ഏറ്റെടുത്തു. ആശയങ്ങളിൽ സൗന്ദര്യമുണ്ടു് എന്നു് നാം തിരിച്ചറിയണം. ഒരു വലിയ നോവലോ ചിത്രമോ ചെറിയ കവിതയോ പ്രസരിപ്പിക്കുന്ന ഊർജത്തിൽ അതിന്റെ സൗന്ദര്യവും ഉണ്ടു്. അതിലുള്ള പലതരം ചേരുവകളിൽ പ്രധാനം അതിന്റെ പിറകിൽ പ്രവർത്തിച്ച പ്രജ്ഞതന്നെയാണു്. അലസവായനയിലൂടെ കിട്ടുന്ന സിനിക്കൽ സമീപനങ്ങൾ കൊണ്ടു് ലോകത്തെ അളക്കാൻ മലയാളിയെ പ്രേരിപ്പിച്ച ഈ കോളത്തിനു് നമ്മുടെ ഇന്നത്തെ സമൂഹത്തിൽ ഒരു പ്രസക്തിയും ഞാൻ കാണുന്നില്ല.
കെ. ജി. എസ്.:
ഒരു സാധുമനുഷ്യന്റെ അസാധുപ്രവർത്തനമായേ സാഹിത്യവാരഫലത്തെ ഞാൻ കണ്ടിട്ടുള്ളൂ. ഇ. വി. രാമകൃഷ്ണനും ചിത്രഭാനുവും സച്ചിയും സക്കറിയയും മറ്റെത്രയോ പേരും അതിലെ ശൂന്യത തിരിച്ചറിഞ്ഞിട്ടുണ്ടു്. ഏതെങ്കിലുമൊരു ചകിതമനസ്സിന്റെ ഗൃഹാതുരത കാരണം സായാഹ്നയിൽ ഈ പഴങ്കാല പാവത്തരം വന്നു് പോകുന്നതാണെന്നേ ഞാൻ കരുതിയിട്ടുള്ളൂ. സനിൽ, വി. വാരഫലത്തെപ്പറ്റി എഴുതിയ ലേഖനം ഇവിടെ കൊടുക്കാവുന്നതാണു്. ഭാവുകത്വമരവിപ്പിനു് സാഹിത്യവാരഫലം കനത്ത സംഭാവന കൊടുത്തിട്ടുണ്ടു്. അന്യസാഹിത്യ വാഴ്ത്തു് ധാര കോരുന്നതാണു് മലയാളത്തിലെ എഴുത്തിൽ അദ്ദേഹം കണ്ട വിളർച്ച, ദർശനമാന്ദ്യം, മഹത്വക്കുറവു്, എന്നിവ മാറാനും ഓജസ്സും സൗന്ദര്യവും ധാതുപുഷ്ടിയും എഴുത്തിൽ പെരുകാനും, കൃഷ്ണൻ നായർ സാർ സ്വീകരിച്ച ചികിത്സാക്രമം. വായനാവികൃതിയായേ, ഏറിയാൽ വായനാ വിനോദമായേ, അതു് ഫലിച്ചുള്ളൂ. അതേൽപ്പിച്ച സാംസ്കാരികപ്പരിക്കു് അത്ര നിസ്സാരമല്ല.
ഇ. ദിവാകരൻ:
കെ. ജി. എസ്സിന്റെ അഭിപ്രായത്തോടു് നൂറുശതമാനം യോജിയ്ക്കുമ്പോൾത്തന്നെ, സായാഹ്നയുടെ ജനാധിപത്യപരമായ മൂല്യബോധത്തോടു് ആദരവു് രേഖപ്പെടുത്താൻ അതിയായ സന്തോഷമുണ്ടു്.
സെന്തിൽ:
കൃഷ്ണൻ നായരെക്കുറിച്ചു് രാമകൃഷ്ണൻ നടത്തിയ നിരീക്ഷണം പൂർണമായി ശരിയല്ല. 80-മുതലേ വാരഫലത്തെ വിമർശിക്കുന്ന കൂട്ടത്തിലാണു് ഞാൻ. ഇന്റർനെറ്റ് ഒന്നും ഇല്ലാതിരുന്ന ഒരു സമയത്തു് പാശ്ചാത്യ എഴുത്തുകാരെയും ചിന്തകരെയും മറ്റും പ്രൊഫ. എം. കൃഷ്ണൻ നായർ മലയാളിക്കു് പരിചയപ്പെടുത്തി. നല്ല കാര്യം തന്നെയാണതു്. പക്ഷേ വളരെ biased ആയിരുന്നു കൃഷ്ണൻ നായർ. അദ്ദേഹത്തിന്റെ ശൈലിയാവട്ടെ യാഥാസ്ഥിതികവും. ലിറ്റററി ജേർണലിസം മാത്രമാണു് തന്റെ പംക്തി എന്നു് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ടു്. പലപ്പോഴും തരം താണ ഗോസിപ്പുകൾ അതിലുണ്ടായിരുന്നു. വി. സി. ഹാരിസ്, കൃഷ്ണൻ നായരുടെ സാഹിത്യ സമീപനത്തെ വിമർശിച്ചു് എഴുതിയതോർക്കുന്നു. ഇന്നത്തെ കാലത്തു് വാരഫലത്തിനു് പ്രസക്തിയുണ്ടോ എന്നതു് ചർച്ചയ്ക്കു് പറ്റിയ വിഷയമാണു്.
Chitrabhanu;
What Sri. Ramakrishnan told about Sahithyavarabhalam is exactly correct. I always wondered why Sayahna is giving importance to this column. In most of the cases I find his views were superficial or shallow.
Resmi Revindran:
Senthil, what you are saying regarding Krishnan Nair’s Sahithya Varaphalam is mostly spot on. Some of the content in these columns are petty and prejudiced and often quite derogatory and that is to say nothing of his snide remarks regarding women! But see, there is also the fact that there has never been something quite like it in Malayalam before; atleast simply for the range of works and the span of writers that have been covered. Also, Sayahna’s publication of SVP is mostly intended as a digital preservation initiative. Even though written from a myopic point of view, SVP is still a record of some of the major literary happenings of that period in history. Moreover, it is still undeniable that for the average Malayali, the chances of reading about a reclusive writer in Uruguay or a short story about a bus in Ghana through SVP is more than her/him digging it out from the internet. Of course, some of the readers in the Sayahna groups are probably familiar with the column already and we understand that being presented the content all over again with its apparent superficiality can be quite exacting. But for the younger and new readers, knowing such a column existed in Malayalam is still a revelation. So for their sake, we only hope that the senior, more experienced readers like you will bear with this inclusion a bit longer. Anyway, much love for sharing your feedback as I am sure it reflects the opinion of many members of the group! We have put it up for consideration with the Sayahna editorial board.
Damodar Prasad:
One refraining accusation against Prof. M. Krishnan Nair is ‘prejudice’ and ‘bias’. They are not synonyms. Very interesting indeed!! As if Malayalam literary criticism pre and post Krishnan Nair is bereft of bias and free of prejudice!!! പക്ഷപാതം സിദ്ധാന്തമാക്കിയ ചരിത്രമാണു് മലയാള സാഹിത്യ വിമർശനത്തിന്റേതു്! Is there no single person to speak for Prof. Krishnan Nair just for the even the sake of being contrarian and moving against the main current views.
സായാഹ്ന പ്രവർത്തകർ:
സായാഹ്ന ഫൗണ്ടേഷൻ ലിബറൽ ജനകീയമൂല്യങ്ങളിൽ അധിഷ്ഠിതമാണു്. ഇതിന്റെ പ്രവർത്തകരെ അറിയുന്ന ആരും തന്നെ സാഹിത്യവാരഫലം മുന്നോട്ടു് വെയ്ക്കുന്ന ഫ്യൂഡൽ സ്ത്രീവിരുദ്ധനിലപാടുകൾ പിന്തുടരുന്നവരാണെന്നു് വിശ്വസിക്കുമെന്നു തോന്നുന്നില്ല. എന്നിരിക്കിലും സാഹിത്യവാരഫലം തുടർച്ചയായി എന്തുകൊണ്ടു് പ്രസിദ്ധീകരിക്കുന്നു എന്നതിനു് ഒരു വിശദീകരണം ഇപ്പോൾ ആവശ്യമായി വന്നിരിക്കുന്നു.
  • 36 കൊല്ലക്കാലം മുടങ്ങാതെ (കണ്ണു ശസ്ത്രക്രിയയുടെ കാലമൊഴിച്ചു്) നടന്ന ഒരു പംക്തിയാണു് സാഹിത്യവാരഫലം. രശ്മി ചൂണ്ടിക്കാണിച്ചപോലെ അതൊരു കാലഘട്ടത്തിന്റെ കലാസാംസ്കാരിക സംഭവങ്ങളുടെ രേഖയാണു്. മറ്റാരും ഈ ദൗത്യം ഇത്ര നീണ്ടകാലം ഇത്ര ശുഷ്കാന്തിയോടെ ചെയ്തതായി അറിവില്ല. ചരിത്രരേഖകൾ ഭാവനാശൂന്യവും ആശയദാരിദ്ര്യം നേരിടുന്നതാണെങ്കിൽപ്പോലും തലമുറകൾക്കുവേണ്ടി സംരക്ഷിക്കുക എന്നതു് നമ്മുടെ കടമയാണു്.
  • സാഹിത്യവാരഫലം പോലെ സംരക്ഷിക്കപ്പെടേണ്ട ചില സാഹിത്യസംഭവങ്ങളുണ്ടു്: എഴുപതുകളിൽ മലയാളനാടു് വാരികയിൽ ഏതാണ്ടു് ഒന്നര കൊല്ലക്കാലം നീണ്ടുനിന്ന “മലയാളസാഹിത്യം എങ്ങോട്ടു്?” എന്ന ചർച്ചാപരമ്പര. അന്നത്തെ രണ്ടു് തലമുറകളിൽപെട്ട എല്ലാ എഴുത്തുകാരും പങ്കെടുത്ത സജീവചർച്ചയായിരുന്നു. പിന്നൊന്നു് ടി എൻ ജയചന്ദ്രൻ മലയാളത്തിലെ മിക്കവാറും എഴുത്തുകാരുമായി നടത്തിയ ദീർഘസംഭാഷണങ്ങൾ (മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ചതു് എന്നാണു് ഓർമ്മ).
  • ഇവ മൂന്നും ഇന്നത്തെ വായനോപകരണങ്ങളിൽ എത്തിച്ചാൽ മാത്രമേ നമ്മുടെ സാഹിത്യത്തിന്റെ വികാസചരിത്രം നമ്മുടെ കുട്ടികൾക്കു് പ്രാപ്യമാവുകയുള്ളൂ. അവർക്കു് ദിശാബോധം നഷ്ടപ്പെടാതിരിക്കുവാൻ ഇതുപോലുള്ള പൊതുചർച്ചയും അതിന്റെ ഡോക്കുമെന്റേഷനും സഹായിക്കും എന്നാണു് സായാഹ്ന കരുതുന്നതു്.
  • സായാഹ്ന ഒരു ഡിജിറ്റൽ ഗ്രന്ഥശാലയാണു്. അവിടെ എല്ലാം സൂക്ഷിക്കപ്പെടുന്നു, വിവേചനപൂർവ്വം കൊള്ളേണ്ടതും തള്ളേണ്ടതും വായനക്കാരാണു്.
  • പ്രഫ എം കൃഷ്ണൻ നായർ മുന്നോട്ടു് വെയ്ക്കുന്നതു് ഏതാനും ആശയങ്ങളാണു്. ഏതു ആശയങ്ങളും കാലത്തിന്റെ കൂടി സൃഷ്ടിയാണെന്നും അവയെ ശരിയായി വിലയിരുത്തുന്നതു് പിൻതലമുറകളാണെന്നും സായാഹ്ന വിശ്വസിക്കുന്നു. ആശയങ്ങളുടെ അർത്ഥശൂന്യതപോലും പുറത്തുകൊണ്ടുവരുവാൻ ഏറ്റവും നല്ല മാർഗ്ഗം അതു പൊതുവായനയ്ക്കും പൊതുചർച്ചയ്ക്കും വിധേയമാക്കുക എന്നതാണു്. അങ്ങിനെ മാത്രമേ തലമുറകളുടെ കാഴ്ചപ്പാടുകൾ ശുദ്ധീകരിക്കപ്പെടുകയുള്ളു. തമസ്കരണം നമുക്കു് ചേർന്നതല്ല.
  • മറ്റെല്ലാ വിയോജിപ്പുകളും നിലനിൽക്കെ അപ്രധാനമെങ്കിലും വളരെയധികം യോജിപ്പുള്ള ഒന്നു രണ്ടു കാര്യങ്ങൾ കൂടി പറയേണ്ടതുണ്ടു്:
  • തനതുലിപി ഡിജിറ്റൽ ടൈപ്സെറ്റിങ്ങിൽ കടന്നുവന്ന കാലത്തു് അതിനുവേണ്ടി വാശിപിടിച്ചു് സാഹിത്യവാരഫലം തനതുലിപിയിൽ അച്ചടിച്ചു പ്രസിദ്ധീകരിക്കുവാൻ ശ്രീ കൃഷ്ണൻ നായർക്കു് കഴിഞ്ഞു. ഇന്നു പോലും പല എഴുത്തുകാർക്കും ആഗ്രഹമുണ്ടെങ്കിലും അതു നടക്കുന്നില്ല.
  • 2013-ൽ സായാഹ്ന പ്രവർത്തനമാരംഭിച്ച കാലത്തു സ്വതന്ത്രപ്രകാശനത്തിനു വേണ്ട ഉള്ളടക്കത്തിനായി സമീപിച്ചപ്പോൾ സായാഹ്നയ്ക്കു മുഴുവൻ കൃതികളും നൽകി അത്ഭുതപ്പെടുത്തിയ രണ്ടുപേരാണു്: ഈയിടെ അന്തരിച്ച ശ്രീ ഇ ഹരികുമാർ, പിന്നെ പ്രഫ എം കൃഷ്ണൻ നായരുടെ അവകാശികൾ. സ്വതന്ത്രപ്രകാശനം ഇന്നും അത്രയ്ക്കു സ്വീകാര്യത നേടിയിട്ടില്ല എന്നതു് ഏവർക്കും അറിവുള്ളതാണു്.
  • ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്നവയാണു് വാരഫലത്തിന്റെ പിഡിഎഫുകൾ, ഇന്നും അവ ജനകീയാംഗീകാരം നിലനിറുത്തുന്നു.
ഒ. വി. ഉഷ:
ഞാൻ യോജിക്കുന്നു.
ലിസ്സി:
സാഹിത്യവാരഫലം എന്റെ ജീവിതത്തെ വഴിതിരിച്ചുവിട്ട ഒന്നാണു്. മണ്ണെണ്ണവിളക്കും ആകാശവാണിയും ആഡംബരമായി അനുഭവിച്ചിരുന്ന ഒരു കാലത്തു് നെരൂദയെയും കവാബത്തയേയും മാർകേസിനേയുമൊക്കെ ആരു കാണിച്ചുതരാൻ? പൊതു ഇടങ്ങളും വായനശാലയും സംവാദ വേദികളും വൈകുന്നേരങ്ങളും സ്ത്രീകൾക്കു് അന്യമായിരുന്നു. കൃഷ്ണൻനായർ സ്പൂണിൽ കോരിത്തന്നതൊക്കെ പിന്നീടു് തേടിപ്പിടിച്ചു വായിച്ചു. ആ എഴുത്തിനു് പരിമിതികളുണ്ടാവാം. സ്ത്രീവിരുദ്ധതയും ആഴക്കുറവും വ്യക്തി അധിക്ഷേപവുമൊക്കെ അതിൽ കാണാം. അന്നു് അധിക്ഷേപിക്കപ്പെട്ടവരിൽ പലരും ഇന്നു് സാംസ്കാരിക രംഗത്തു് മുൻനിരയിൽ ഉള്ളവരാണു്. അതൊരു പ്രശ്നമായി ചിലപ്പോൾ തോന്നിയേക്കാം പക്ഷേ അതു് കുറവായി കാണേണ്ട കാര്യമില്ല. ഒരു കാലത്തെ ത്രസിപ്പിച്ച ആ ചിന്തകൾ വായനക്കാർക്കു മുമ്പിൽ അവതരിപ്പിക്കുന്ന സായാഹ്നയോടു് ചേർന്നു നിൽക്കുന്നു… But the caravan moves.
മനോജ് പുതിയവിള:
ചർച്ചയുടെ ഭാഗമായി കുറിക്കുന്നതല്ല, ഒരു ഓർമ്മ പങ്കുവയ്ക്കൽ മാത്രം. നിലപാടുപരമായ വിയോജിപ്പുകൾ ഉള്ളപ്പോഴും മലയാളത്തിലെ സാംസ്കാരിക-സാഹിത്യ പ്രസിദ്ധീകരണങ്ങളിൽ ഏറ്റവും വായിക്കപ്പെട്ട പംക്തി ഒരുപക്ഷെ, സാഹിത്യവാരഫലം ആയിരുന്നു. രണ്ടുമൂന്നു കൊല്ലത്തിലേറെ അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ അവസരം കിട്ടിയ ആൾ (സമകാലികമലയാളം വാരികയിൽ ജോലി ചെയ്യുമ്പോൾ) എന്നനിലയിൽ എന്നെ അത്ഭുതപ്പെടുത്തിയതു് അക്കാര്യത്തിൽ കൃഷ്ണൻ നായർ സർ പുലർത്തിയ നിഷ്ഠയാണു്. എഴുതിയയച്ചുതരുന്നത്തിലെ നിഷ്ഠയെപ്പറ്റി CVR പറഞ്ഞു. അതല്ല, ഒരു ചെറിയ തെറ്റുപോലും അദ്ദേഹത്തിനു് അസഹ്യമായിരുന്നു. വാരിക കയ്യിൽ കിട്ടിയാലുടൻ നിഷ്കൃഷ്ടമായി പരിശോധിച്ചു് എന്തെങ്കിലും പിശകു കണ്ടാൽ അപ്പോൾ വിളിക്കും. അദ്ദേഹത്തിനുതന്നെ പറ്റിയ പിഴവാണെങ്കിൽ അടുത്ത ലക്കത്തിൽ സ്വയം തിരുത്തായി ചേർക്കും. അതൊക്കെക്കൊണ്ടുതന്നെ പത്രാധിപർ ജയച്ചന്ദ്രൻ നായർ സർ ‘അതിപാവനത്വ’ത്തോടെയാണു് അതു പരിഗണിച്ചിരുന്നതെന്നതും ഓർക്കുന്നു. മൂന്നും ചിലപ്പോൾ നാലും തവണ പ്രൂഫ് നോക്കിച്ചും നമ്മൾ തെരഞ്ഞെടുക്കുന്ന ലീഡും ബ്ലർബ്ബുകളുമൊക്കെ നേരിട്ടു നോക്കി ബോദ്ധ്യപ്പെട്ടുമേ എഡിറ്റർ അച്ചടിക്കുമായിരുന്നുള്ളൂ. അന്നു പ്രൂഫ് റീഡറായിരുന്ന വേണു ബാലകൃഷ്ണൻ അതു് ആസ്വദിച്ചു നിർവ്വഹിച്ചിരുന്നെങ്കിലും എനിക്കായിരുന്നു മിക്കപ്പൊഴും മൂന്നാംവായനയുടെയും ലീഡ്/ബ്ലർബ് എഴുതുന്നതിന്റെയും അധികച്ചുമതല. (അന്നു് M V ബെന്നിയും V R ജ്യോതിഷും എഡിറ്റോറിയൽ വിഭാഗത്തിലുണ്ടു്. അവരും ഇതൊക്കെ നിർവ്വഹിച്ചിരുന്നു). മലയാളത്തിന്റെ സമ്പൂർണ്ണലിപിസഞ്ചയം ഡിജിറ്റൽ അച്ചടിയിൽ സാദ്ധ്യമായപ്പോൾ തന്റെ പംക്തി അതിൽത്തന്നെ വേണമെന്നു് അദ്ദേഹം നിഷ്കർഷിച്ചതു് വളരെ സന്തോഷമുണ്ടാക്കിയെങ്കിലും യൂണിക്കോഡിനു മുമ്പത്തെ അവസ്ഥയിൽ എല്ലാ ആഴ്ചയും അതു നിർവഹിക്കാൻ ടൈപ്പ് സെറ്റിങ് വിഭാഗം (ഹരിദാസും ഗോപകമാറും) അനുഭവിച്ചിരുന്ന പ്രയാസങ്ങളും ഓർക്കുന്നു. K H ഹുസൈനെയൊക്കെ ഇടയ്ക്കിടെ വിളിച്ചുവരുത്തേണ്ടി വരുമായിരുന്നു. പംക്തീകാരന്റെ നിലപാടുകളോടു കൃത്യമായ വിയോജിപ്പുള്ള കാലത്തുതന്നെയാണു് ഇതൊക്കെയെങ്കിലും അതിലെ ലോകസാഹിത്യം പരിചയപ്പെടുത്തലും എന്താണു (നല്ല) സാഹിത്യം എന്ന ബോദ്ധ്യപെടുത്തലും ‘ക്ഷുദ്ര’ സാഹിത്യത്തിനെതിരായ ആക്രമണവും (വിയോജിപ്പുകൾ ഉണ്ടു്) ഒക്കെ പ്രസക്തമായിത്തന്നെ തോന്നിയിരുന്നു. മലയാളം ആനുകാലികങ്ങളുടെ ചരിത്രത്തിലെ സംരക്ഷിക്കപ്പെടേണ്ട ഒരു ഏടു തന്നെയാണതു്.
അബ്ദുൾ റസാൿ:
സാഹിത്യവാരഫലം അതു് പ്രസിദ്ധീകരിച്ചു തുടങ്ങിയതു മുതൽ ഞങ്ങളുടെ തലമുറ വായിച്ചിരുന്നു. അതിനു വേണ്ടി കാത്തിരുന്നിരുന്നു എന്നു പറയുന്നതാണു് കൂടുതൽ ശരി. അതിനേക്കാൾ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പംക്തി മലയാളനാടു് വാരികയിൽ ഉണ്ടായിരുന്നു. ഒ. വി. വിജയന്റെ ഇന്ദ്രപ്രസ്ഥം.
സെന്തിൽ:
എൺപതുകളുടെ തുടക്കത്തിൽ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ വായനമുറിയിൽ ഇരിക്കുമ്പോൾ ആദ്യം കൈകൾ ചെന്നെത്തുന്നതു് എപ്പോഴും “മലയാളനാട്” വാരികയിലേക്കാവും. അതിൽ തന്നെ ആദ്യം വായിക്കുന്നതു് പ്രഫ. എം. കൃഷ്ണൻ നായരുടെ “സാഹിത്യവാരഫലവും”, ഒ. വി. വിജയന്റെ “ഇന്ദ്രപ്രസ്ഥവും”, എസ്. കെ. നായരുടെ ഓർമക്കുറിപ്പുകളും ആവും. എസ്കെ-യുടെ ഭാഷ അതിസുന്ദരമായിരുന്നു. വിജയൻ ആവട്ടെ ഭാഷയെ പൊളിച്ചെഴുതി തനതു ശൈലിയിൽ ഏറെ തീക്ഷണമായി സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളെ അപഗ്രഥിക്കുമായിരുന്നു. “സാഹിത്യവാരഫലം” ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതു് പാശ്ചാത്യ എഴുത്തുകാരെയും ചിന്തകരെയും മലയാളിക്കു് പരിചയപ്പെടുത്തിയതിനാലാണു്. പുസ്തകശാലകൾ കുറവായിരുന്ന ഒരു കാലത്തു്, ഇന്റർനെറ്റ് ഇല്ലാതിരുന്ന ഒരു സമയത്തു്, കൃഷ്ണൻ നായർ പുതിയ പുസ്തകങ്ങൾ വായിച്ചു് അവയെ കുറിച്ചു് എഴുതിയതു് ഏറെ സഹായകമായി. സറിന്റെ ചില പ്രസ്താവങ്ങളും നിരീക്ഷണങ്ങളും നിഗമനങ്ങളും പലപ്പോഴും പലരെയും അലോസരപ്പെടുത്തി. വിശ്വസാഹിത്യത്തിലെ വിശിഷ്ടമായ കൃതികൾക്കടുത്തെങ്ങും മലയാളത്തിൽ എഴുതപ്പെടുന്ന കൃതികൾ എത്തുന്നില്ല എന്ന അദ്ദേഹത്തിന്റെ നിഗമനം പലരെയും നിരാശരാക്കി, ചിലപ്പോഴെങ്കിലും ക്ഷുഭിതരാക്കി. അപ്രിയകരമെങ്കിലും തനിക്കു പറയുവാനുള്ളതു് തുറന്നു പറയാനുള്ള മനഃസ്ഥിതി കൃഷ്ണൻ നായർ സറിനു് ഉണ്ടായിരുന്നു. ബെർട്രണ്ട് റസ്സൽ ഒരു എഴുത്തുകാരനു് വിശേഷിച്ചും ഒരു ചിന്തകനു് അവശ്യം ഉണ്ടാവേണ്ട “intellectual honesty”-യെ കുറിച്ച് പരാമർശിച്ചിട്ടുള്ളതു് സർ ചൂണ്ടിക്കാണിക്കുമായിരുന്നു. സാഹിത്യവാരഫലം “ലിറ്റററി ക്രിട്ടിസിസം” ആണോ അതോ “ലിറ്റററി ജേർണലിസം” ആണോ എന്ന ചോദ്യം പലരും ഉയർത്തി. പ്രഫ കൃഷ്ണൻ നായർക്ക് ഒരു “നയം” (policy) ഉണ്ടായിരുന്നു. സാഹിത്യത്തെ സമീപിക്കേണ്ട ഒരു നയം. അത്തരത്തിൽ സാഹിത്യ വാരഫലം ഒരു “ലിറ്റററി പോലീസിംഗ്”-ഉം (literary policing), “ലിറ്റററി പോളിസീയിംഗ്”-ഉം (literary policy-ing) ആയിരുന്നു. അദ്ദേഹവുമായി എനിക്കു് വർഷങ്ങളുടെ പരിചയം ഉണ്ടായിരുന്നു. ആദ്യം നേരിട്ടു് കണ്ടു സംസാരിക്കുന്നതു് 1980-ൽ ആവണം. ഏറെ സ്നേഹിച്ച, ഏറെ അറിവു് പകർന്നു തന്ന മനുഷ്യൻ. സറിനെ മരുതംകുഴിയിലെ വീട്ടിലും ജവഹർ നഗറിലെ വീട്ടിലും വച്ച് പല തവണ കണ്ടു് സംസാരിച്ചിട്ടുണ്ടു്. കടന്നു പോകുന്നതിനു് കുറെ നാൾ മുമ്പും ഫോണിലൂടെ സംസാരിച്ചിരുന്നു. കുറെ നല്ല ഓർമ്മകൾ ഉണ്ടു്. പിന്നീടു് പങ്കു വെക്കാം.
മഞ്ജു:
സാഹിത്യ വാരഫലം സായാഹ്നയിൽ വരുന്നതിനെക്കുറിച്ചുള്ള ചർച്ച നടക്കുന്നതിനാൽ സായാഹ്നയുടെ വായനക്കാരി എന്ന നിലയിൽ, ആ കൃതി ഇങ്ങനെ ഓരോ ഭാഗങ്ങളായി വരുന്നതു കൊണ്ടു തന്നെ വായന നടന്നു പോകുന്നു. ആ കാലഘട്ടത്തിൽ അപ്രാപ്യമായ കൃതികളെ എങ്ങനെയാണു് അത്രയും പരിമിതമായ പരിതസ്ഥിതിയിൽ എം. കൃഷ്ണൻ നായർ മലയാളി വായനക്കാരെ പരിചയപ്പെടുത്തിയതു് എന്നതു് ഞങ്ങളുടെ ഈ തലമുറയിലുള്ളവർക്കു് മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കുന്നു. സാഹിത്യ വാരഫലമെടുത്തു് ഒറ്റയിരുപ്പിൽ വായിച്ചു തീർക്കുക എന്നതു് അസാധ്യമായ കാര്യമാണു്. മുകളിൽ ചർച്ച ചെയ്യപ്പെട്ട കുറെയേറെ പ്രശ്നങ്ങൾ വായനക്കിടയിൽ രൂപപ്പെടുന്നുണ്ടെങ്കിലും, വായന നടക്കുന്നുണ്ടു്. അതിനു് സായാഹ്നയ്ക്കു് നന്ദി.
ഡോ. ആഷ്ലി മേരി ബേബി:
സാഹിത്യവാരഫലം ആദ്യമായി വായിക്കുന്നതു് സായാഹ്നയിലൂടെയാണു്. മലയാളം വായന സജീവമായതിൽ സന്തോഷമുണ്ടു്. ഇന്നലത്തെ സാഹിത്യവാരഫലത്തിൽ കൃഷ്ണൻ നായർ പറയുന്നതു് പുതിയ കാലത്തെ കാര്യങ്ങൾ തന്നെ ആണെന്നു് തോന്നിപ്പോയി. നല്ല പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.
പ്രൊഫ. എസ്. കെ. വസന്തൻ:
സാഹിത്യ വാരഫലത്തെ എതിർക്കുന്നവർ ഓർക്കാത്ത ഒരു കാര്യം ഉണ്ടു് – ഒട്ടേറെ ചവറുകൾ അരങ്ങിൽ എത്താതിരുന്നതു് കൃഷ്ണൻ നായരെ പേടിച്ചാണു്. ഇന്നു് കൃഷ്ണൻ നായർ ഉണ്ടായിരുന്നു എങ്കിൽ “കോവർ കവിതകൾ” ഇത്രയധികം ശല്യം ചെയ്യുമായിരുന്നില്ല.
സന്ദീപ്, കെ. പി.
എം കൃഷ്ണൻ നായർ, വാരഫലം എഴുതിയിരുന്ന കാലത്തു് ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നു—ഏതാണ്ടെല്ലാവരും സാഹിത്യകാരന്മാർ—അവർ ടെലിഫോണിൽ വിളിച്ചു തെറി പറയുമായിരുന്നു എന്നും മറ്റു ചിലർ ഊമക്കത്തുകൾ അയക്കുമായിരുന്നു എന്നും അദ്ദേഹം എഴുതിയിട്ടുണ്ടു്—ബഷീറിനെ കുറിച്ചും ഒ വി വിജയനെക്കുറിച്ചും അദ്ദേഹം മോഷണമാരോപിച്ചിട്ടുണ്ടു്—ഇന്നു് എം കൃഷ്ണൻ നായർക്കെതിരെ ആളുകൾ വിളറി പിടിക്കുന്നതു് കാണുമ്പോൾ, അദ്ദേഹം അവരുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു അവരുടെ സൃഷ്ടികളെ കരുണയില്ലാതെ വിമർശിക്കുന്നുണ്ടാകും എന്നു് വേണം കരുതാൻ.
Sreeprakash:
He was a great inspiration and an in gate to world classics, for me. I do remember those days waiting for weekly Sahityavarabhalam in my school-college days with gratitude as I learned a lot from his writings, not only literature but also about history, fine arts etc. Writers move with time, but the people like him are unmatchable. Here in Andamans we are facing internet problems and frequent reading using links given in Sayahna is difficult. However, thanks.
വേണു എടക്കഴിയൂർ:
മാതൃഭൂമിയിൽ വന്നിരുന്ന ടി. എൻ. ജയചന്ദ്രന്റെ അഭിമുഖങ്ങൾ അക്കാലത്തു് തന്നെ എൻ. ബി. എസ്സിന്റെ പുസ്തകമായിട്ടുണ്ടു്. അദ്ദേഹം എം. ടിയുമായി നടത്തിയ അഭിമുഖം ജനയുഗത്തിലാണു് വന്നതു്. താൻ എഡിറ്റർ ആയിരിക്കെ തന്നെക്കുറിച്ച് ഒരു അഭിമുഖം മാതൃഭൂമിയിൽ വരുന്നതു് അനുചിതമാണു് എന്നു് എം. ടി. പറഞ്ഞതു കൊണ്ടായിരുന്നു അതു് എന്നു് അതിന്റെ ആമുഖത്തിൽ ഉണ്ടു്.
മോഹൻ കാക്കനാടൻ:
രാമകൃഷ്ണൻ സർ പറഞ്ഞതിനോടു് അൽപം വിയോജിപ്പുണ്ടു്. ബൗദ്ധികമായി ആ കോളം അധികമൊന്നും പ്രദാനം ചെയ്തില്ലെങ്കിലും എന്റെ തലമുറയെ ലോകസാഹിത്യവുമായി ബന്ധിപ്പിക്കാൻ അതിനായി എന്നു തന്നെയാണെന്റെ വിശ്വാസം. ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും പുതിയ എഴുത്തുകൾ ഞങ്ങളിലെത്തിച്ചതിന്റെ ക്രെഡിറ്റ് തീർച്ചയായും കൃഷ്ണൻ നായർ സാറിനുണ്ടു്. ഒട്ടനവധി എഴുത്തുകാരെ പരിചയപ്പെടാൻ അതു് സഹായിച്ചു.
ആലുക്ക അബ്ദുൾ ഗഫൂർ:
സാഹിത്യ വാരഫലം പലർക്കും പല രീതിയിൽ ആണു് ഉൾക്കൊള്ളാനായതു്. ഞാൻ വർഷങ്ങളോളം വായിച്ചിരുന്ന ഒരു പംക്തി. പലർക്കും എതിർ അഭിപ്രായം ഉണ്ടാകാം, എങ്കിലും അന്നത്തെ മലയാള വായനക്കാർക്കിടയിൽ സമ്മതി നേടിയ ഒന്നു് എന്ന നിലയിൽ അതു് പരിഗണിക്കപ്പെടേണ്ടതു് തന്നെയാണു്.
ഇ. പി. ഉണ്ണി:
വന്ന കാലത്തു് വാരഫലത്തിനെതിരെ രണ്ടു് വാദങ്ങൾ ഉണ്ടായിരുന്നു. ഒന്നു്: കനപ്പെട്ട നിരൂപണത്തെ പുറംതള്ളി. രണ്ടു്: ആനുകാലികങ്ങൾ ഇതുപോലത്തെ പംക്തികളിലേക്കു് തിരിയും. ആദ്യത്തെ കാര്യം കൃഷ്ണൻ നായരുടെ സാന്നിദ്ധ്യം കൊണ്ടു് മാത്രം നടന്നതാവണമെന്നില്ല. രണ്ടാമത്തേതു് നടന്നിട്ടില്ല. അതുപോലെ മറ്റാരും എഴുതിയിട്ടില്ല.
കെ. സച്ചിദാനന്ദൻ:
കൃഷ്ണൻ നായർക്കു് നാലഞ്ചു് അനുകർത്താക്കളുണ്ടായി. ഇപ്പോഴും രണ്ടു ആനുകാലികങ്ങളിൽ പംക്തികളുണ്ടു്. പക്ഷേ കൃഷ്ണൻ നായർക്കുണ്ടായിരുന്ന മൂന്നു കാര്യങ്ങൾ ഇവർക്കില്ല, പരന്ന വായന, നർമ്മബോധം, അനെക് ഡോട്ടുകളിൽ കാണിച്ച ആഖ്യാന പാടവം. പേരുകൾ പറയുന്നില്ല. ഇപ്പോഴും എഴുത്തു് എന്ന ചെറു മാസികയിലും കേരള സാഹിത്യ അക്കാദമി മാസികയിലും (genre-wise) തുടരുന്നുണ്ടു്. കലാകൗമുദിയിലും ഒരാൾ എഴുതുന്നു. മറ്റൊരാൾ സർഗ്ഗ രചനയിലേയ്ക്കു ‘വളർന്നു’.
ജമാൽ:
നല്ലോണം ആസ്വദിച്ചാണു് വാരഫലം വായിച്ചതു്. അതുപോലെത്തന്നെ നല്ലോണം ആസ്വദിച്ചാണു് വി. സി. ഹാരിസിന്റെ വാരഫലം നിരൂപണം – കിടിലോൽക്കിടിലം – വായിച്ചതു്. വായനാസുഖം ഒരസുഖമാണോ ഡോക്ടർ? ജനകീയമായതിനോടൊക്കെ ഒരു തരം പുളിച്ച സമീപനം ഇല്ലാത്തതു് ബുദ്ധി കുറവിന്റെ ലക്ഷണമാണോ ഡോക്ടർ?
കെ. ജി. എസ്.:
അക്കാദമിയുടെ സാഹിത്യ ചക്രവാളം ആ വൈറസിൽ നിന്നു് തൽക്കാലം മുക്തം.
പ്രദീപ് പനങ്ങാട്:
എഴുത്തുമാസികയും വൈറസ് വിമുക്തമായി എന്നു് തോന്നുന്നു.
ദാമോദർ പ്രസാദ്:
തന്റെ ആരാധകവൃന്ദത്തിന്റെ മനസ്സിൽ എം. കൃഷ്ണൻ നായർക്കു് ഒരു സാഹിത്യ ദ്രോഹ വിചാരകന്റെ രൂപവും ദൗത്യവുമായിരുന്നുവെന്നു തോന്നുന്നു. വലിയൊരു ഫാൻ ബേസുള്ള കോളമിസ്റ്റായിരുന്നു എം. കൃഷ്ണൻ നായർ. ഇത്രയധികം ആരാധകവൃന്ദമുള്ള മറ്റൊരു കോളമിസ്റ്റും അദ്ദേഹത്തിനു് മുമ്പും ശേഷവും (ഇതുവരെ) ഉണ്ടായിട്ടില്ല. അത്ര കൃത്യമായ ഓർമ്മയില്ലെങ്കിലും, ഒ. വി. വിജയന്റെ മഹത് രചന കടൽതീരത്തു് അലൻ പേറ്റണിന്റെ ക്രൈ, ദ ബിലവഡ് കണ്ട്രിയുടെ അനുകരണമെന്നു് ആരോപിച്ചു കൊണ്ടു് ലേഖനം വന്ന പത്രത്തിന്റെ സപ്ലിമെന്റ് പേജിൽ ഒ. വി. വിജയൻ പ്രതികൂട്ടിൽ നില്കുന്ന ചിത്രമായിരുന്നു വരച്ചു വെച്ചിട്ടുണ്ടായിരുന്നുതെന്നു തോന്നുന്നു. വിചാരണയായിരുന്നു എം. കൃഷ്ണൻ നായർ അവലംബിച്ച രീതി. ശിക്ഷ വിധിച്ചിരുന്നതും ഐപിസി ചട്ടപ്രകാരം. മോശം കഥയോ കവിതയോ എഴുതുന്നതു് ക്രിമിനൽ കുറ്റമാണു്. എം. കൃഷ്ണൻ നായർ തന്നെ ഇൻവസ്റ്റിഗേഷൻ നടത്തും, വിചാരണ ചെയ്യും, ശിക്ഷാ വിധി പ്രഖ്യാപിക്കും. ഈയൊരു ദ്രോഹ വിചാരണ രീതിയും ഭാഷയുമാണു് ആരാധകവൃന്ദത്തെ കൃഷ്ണൻ നായരിലേക്കു് ആകർഷിച്ചതെന്നു് തോന്നുന്നു. അതിലൊരു വധശിക്ഷയുടെ spectacle കാണുന്ന സുഖവും സന്തോഷവും അവർ അനുഭവിച്ചിരിക്കണം. ഇതു് പോലെ സെമി പോൺ രീതിയിലുള്ള തികച്ചും സെക്സിസ്റ്റായ നിരീക്ഷണങ്ങൾ—ഇതും ഒരു ആകർഷകമായ കാര്യമാണു് പലർക്കും. ഇന്നായിരുന്നെങ്കിൽ എം. കൃഷ്ണൻ നായർ വല്ലാതെ ബുദ്ധിമുട്ടി പോകുമായിരുന്നു. പെണ്ണെഴുത്തു് പോലുള്ള തൊണ്ണൂറുകളിൽ മലയാളത്തിൽ അവതരിപ്പിക്കപ്പെട്ട പുതിയ സങ്കല്പനങ്ങളോടൊക്കെ യാഥാസ്ഥിതികമായ അവജ്ഞയായിരുന്നു അദ്ദേഹത്തിനു്. ഇന്നായിരുന്നുവെങ്കിൽ, സ്ത്രീവാദ നിലപാടിൽ നിന്നു് എഴുതുകയും ഇടപെടുകയും ചെയ്യുന്നവർ എം. കൃഷ്ണൻ നായരെ ശരിക്കും എതിരിട്ടിട്ടുണ്ടാകുമായിരുന്നു. കൃഷ്ണൻ നായരുടെ അനുകർത്താക്കൾ ഇന്നു് വ്യവഹരിക്കുന്ന ലോകം വല്ലാതെ മാറി പോയ ഒന്നാണു്. ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ കട്ടിങ്ങ് എഡ്ജിൽ നില്ക്കുന്ന ഒരു നോവൽ വായിച്ചു് തൊട്ടപ്പുറത്തെ നിമിഷം മലയാളത്തിൽ ചങ്ങമ്പുഴയുടെ കവിതയുടെ അനുഭൂതി തലത്തിൽ ഒതുങ്ങി നില്ക്കുന്ന സെൻസിബിലിറ്റിയുമായി പുതിയ എഴുത്തുകാരെ കൊല്ലാകൊല ചെയ്യും എം. കൃഷ്ണൻ നായർ. അതും ഇന്നു് സാധ്യമല്ല. ഇതൊക്കെ തന്നെയാണെങ്കിലും, എം. കൃഷ്ണൻ നായർ പുതിയ രചനകളെ മലയാളത്തിനു് പരിചയപ്പെടുത്തുന്നതിൽ നല്ല വായനക്കാർക്കു് പുതുവഴി തുറന്നു കൊടുത്ത ലിറ്റററി ജേർണലിസ്റ്റാണു്. ഈയിടെ അദ്ദേഹത്തിന്റെ അസാന്നിധ്യം ഓർക്കാൻ ഇടയായി. അതു് സ്പാനിഷ് നോവലിസ്റ്റ് കാൾ റുയി സാഫോൺ മരിച്ച വാർത്ത അറിഞ്ഞപ്പോഴാണു്. സാഫോണിന്റെ Shadow of the Wind പല നല്ല വായനക്കാർ പോലും ശ്രദ്ധിച്ചിട്ടില്ല എന്നു് മനസ്സിലായി. ഒരു വരി അനുശോചനം എവിടെയും കണ്ടില്ല. ഒരു പക്ഷേ, എം. കൃഷ്ണൻ നായർ ജീവിച്ചിരിക്കുന്നുവെങ്കിൽ പുസ്തക വായനയും സ്നേഹ ബന്ധങ്ങളൊക്കെ ചേരുവയായി വരുന്ന ഒരു മലയാള നോവൽ എഴുതുകയാണെങ്കിൽ തന്റെ പ്രേരണ സാഫോണായിരിക്കുമെന്നെങ്കിലും എം. കൃഷ്ണൻ നായർ കണ്ടെത്തി പറയുമായിരുന്നു എന്നൊരു തോന്നൽ നോവലിസ്റ്റിനു് ഉണ്ടാവാതിരിക്കില്ല. പക്ഷേ, കൃഷ്ണൻ നായരുടെ അനുകർത്താക്കൾ എന്നു പറയുന്നവർ ഒരു വസ്തുവും വായിക്കാത്തവരാണെന്ന ഉത്തമ ബോധ്യത്തിൽ പ്രേരണ പോട്ടെ മൊത്തത്തിൽ പകർത്തിയാൽ പോലും അതു് പുറത്തുകൊണ്ടുവരാനുള്ള സാഹിത്യ ഫോറൻസിൿ വിദഗ്ദർ ഒന്നും ഇല്ലാതെയായി എന്നതു് ചിലർക്കെങ്കിലും ആശ്വാസകരമായ കാര്യമാണു്.
സനിൽ, വി.: വായന ജീവിതം തന്നെ
കെ. എച്ച്. ഹുസൈൻ:
മലയാള ഗ്രന്ഥസൂചിയെ രൂപകല്പനചെയ്ത കെ. എം. ഗോവിയെ സുകുമാർ അഴീക്കോട് പരിഹസിച്ചതു് ‘പുസ്തകപ്പേരുകാരൻ’ എന്നാണു്. കാൽനൂറ്റാണ്ടിനുശേഷം അദ്ദേഹമിപ്പോൾ ‘മലയാളത്തിന്റെ പൈതൃകസൂക്ഷിപ്പുകാരൻ’ ആയിത്തീർന്നിരിക്കുന്നു. (ശ്രീകുമാർ, എ. ജി., പിഎച്ച്ഡി പ്രബന്ധം). എം. കൃഷ്ണൻനായർ ഭൂരിപക്ഷം എഴുത്തുകാർക്കും സാഹിത്യചിന്തകർക്കും അന്നും ഇന്നും വെറുമൊരു ‘കാറ്റലോഗർ’ മാത്രമാണു്. ഗീതാഹിരണ്യൻ മരണത്തോടടുത്ത ദിവസങ്ങളിൽ ഏറ്റവും ആഗ്രഹിച്ചതു് അദ്ദേഹവുമായി ഫോണിലൊന്നു് സംസാരിക്കാനായിരുന്നു. ഒരൊറ്റ സ്നാപ്പിൽ ഒതുങ്ങുന്നതായിരുന്നതല്ലല്ലൊ അവരുടെ വിചാരങ്ങൾ. വായനക്കാരനുമായി എപ്പോഴും കൂടെ നടന്നവനെന്നു് എം. കൃഷ്ണൻനായരെ സനിൽ പുനർവായനയിൽ കണ്ടെത്തുമ്പോഴും അദ്ദേഹം എഴുത്തുകാരുടേയും സഹചാരിയായിരുന്നു – വൻകരകളിൽ എഴുത്തുകാരെത്തേടി എപ്പോഴുമലഞ്ഞ യാത്രികൻ. അദ്ദേഹം വായനക്കാരെ എഴുത്തുകാർക്കു് ഒറ്റുകൊടുക്കാത്ത മറ്റൊരെഴുത്തുകാരനായിരുന്നു. ഒരു എം. കൃഷ്ണൻനായരെ പുതിയകാലം ആവശ്യപ്പെടുന്നുണ്ടു്. ജീവിതം തന്നെ ചവറും ഭാവുകത്വം മായയും ആകുന്ന കെട്ടകാലത്തു് ‘ഭാവുകത്വമരവിപ്പി’ന്റെ സർവ്വ കാരണങ്ങളും അദ്ദേഹത്തിനുമേൽ മാത്രം കെട്ടിവെക്കാൻ പറ്റാത്ത അവസ്ഥയിലേക്കു് കാര്യങ്ങളിന്നു് അടിഞ്ഞിരിക്കുന്നു. പത്തുനാല്പതു വർഷത്തെ എഴുത്തുകാരുടെ ജീവിതവും സത്യസന്ധതയും എം. കൃഷ്ണൻനായരെ കുറ്റവിമുക്തനാക്കുന്നുണ്ടു്. മുട്ടത്തുവർക്കിയെ പരിഹസിക്കുകയും അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡും പണവും വാങ്ങുന്നവർ നിർമ്മിച്ചെടുത്ത ഒരു ലോകത്തെ നോക്കി ഏറ്റവും നന്നായി ഇന്നു് ചിരിക്കുന്നതു് അദ്ദേഹമായിരിക്കും. കൃഷ്ണൻനായരെ കൂട്ടുപിടിച്ചെങ്കിലും നമ്മുടെ കുട്ടികൾ സനിൽ കൃത്യമായി കണ്ടെത്തുന്ന വായനയുടെ ജനാധിപത്യം തിരിച്ചുപിടിക്കട്ടെ. സ്വന്തം കൃതികൾ ഒന്നു പകർത്തി പങ്കുവെക്കാൻപോലും നിഷേധിക്കുന്ന എഴുത്തുകാരുടെ കോപ്പിറൈറ്റ് ഏകാധിപത്യത്തിൽനിന്നുള്ള മോചനം വായനക്കാർ ഇന്നു് ആവശ്യപ്പെടുന്നുണ്ടു്. ഡിജിറ്റൽ കാലം അതു് സാദ്ധ്യമാക്കുന്നുമുണ്ടു്. തെരുവിലെ മനുഷ്യരുടെ സൃഷ്ടിപരതയായി അതു മാറിയിരിക്കുന്നു – Creative Commons. അഞ്ചുവർഷംകൊണ്ടു് ആയിരം കോപ്പിയിലൂടെയുള്ള വിതരണം ഒറ്റദിവസംകൊണ്ടു് പതിനായിരം പേരിലേക്കുള്ള വ്യാപനമായി മാറുന്നതിന്റെ ആദ്യകൃതികളിലൊന്നു് സാഹിത്യവാരഫലമാകുന്നതിൽ ഒരു കാവ്യനീതിയുണ്ടു്. ജനാധിപത്യ വായനയുടെ പ്രോദ്ഘാടനമാണു് ദിവസേന സായാഹ്നയിലൂടെ അരങ്ങേറുന്നതു്; സനിലിന്റേതു് കനപ്പെട്ട ഒരു ആമുഖവും.
ദാമോദർ പ്രസാദ്:
സമകാലീന കവിതയുടെ ലക്കങ്ങളും ഡിജിറ്റലൈസ് ചെയ്തിട്ടില്ല എന്നാണു് മനസ്സിലാക്കുന്നതു്. കെ. ജി. എസ്. എഡിറ്റു ചെയ്തിരുന്ന ഈ കവിതയ്ക്കു മാത്രമായുള്ള ജേർണലിൽ ഇന്നിപ്പോൾ യൗവനം താണ്ടിയ യുവ കവികൾ എഴുതിയിരുന്നു. സമകാലീന കവിത എന്നൊരു ജേർണൽ വിസ്മൃതമായതു പോലെ. പ്രത്യക്ഷ രാഷ്ട്രീയത്തോടു് മാത്രമല്ല പ്രത്യക്ഷ ചരിത്രത്തോടും വിമുഖമായിരിക്കുന്നതിന്റെ സുഖം ഒന്നു വേറേ തന്നെയാണു്. ദിലീപ് രാജും എസ്. സഞ്ജീവും എഡിറ്റ് ചെയ്തിരുന്ന പച്ചക്കുതിര മാസികയിൽ 2005 ലാണു് വി. സനിലിന്റെ വായന തന്നെ ജീവിതം എന്ന ലേഖനം ആദ്യം പ്രസിദ്ധീകരിച്ചതു്.

(ജൂൺ 21 മുതൽ 27 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

Colophon

Title: Responses—5 (ml: പ്രതികരണങ്ങൾ—5).

Author(s): Readers.

First publication details: Sayahna Foundation; Trivandrum, Kerala; 2020-06-29.

Deafult language: ml, Malayalam.

Keywords: Response, Readers, Responses—5, വായനക്കാർ, പ്രതികരണങ്ങൾ—5, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Arrival of the Normandy Train, Gare Saint-Lazare, a painting by Claude Monet (1840–1926). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.