images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 1.

ശൌനകന്‍ ഗൃത്സമദന്‍ ഋഷി; ജഗതി ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)

അഗ്നേ, നൃപാല, നീയധ്വരനാൾകളി-
ലുല്‍പന്നനാകുന്നു; നീയാശുശുക്ഷണി;
നീ നീരില്‍നിന്നു; നീ കല്കളില്‍നിന്നു; നീ
സസ്യത്തില്‍നിന്നു; നീ കാട്ടില്‍നിന്നു ശുചേ! 1
ഹോത്രമഗ്നേ, തവ; പോത്രവും നേഷ്ട്രവു-
മാർത്ത്വിജ്യവും തേ; മഖേച്ഛുവഗ്നിത്തു നീ;
അധ്വര്യു നീ; തേ പ്രശാസ്ത്രവും; ബ്രാഹ്മണാ-
ച്ഛംസി, ഞങ്ങൾക്കു ഗൃഹേശനും നീ ഗൃഹേ! 2
ഇന്ദ്രനഗ്നേ, സുശീലർക്കു വൃഷാവു നീ;
വന്ദ്യൻ ബഹുജനകീർത്തിതന്‍ വിഷ്ണു നീ;
അർത്ഥഗന്‍ ബ്രഹ്മാവു നീ ബ്രഹ്മണസ്പതേ;
ധർത്താവു ബുദ്ധിയാല്‍ വാഴ്ത്തപ്പെടുന്നു, നീ! 3
അഗ്നേ, ക്രിയാവാൻ വരുണരാജാവു, നീ;
ഭഗ്നാഹിതൻ മിത്ര,നീഡിതൻ ദേവ, നീ;
അര്യമാവാ,തതത്യാഗി നീ സല്‍പതി;
യംശനാ,നീതഫലന്‍ നീ മഖങ്ങളില്‍! 4
ത്വഷ്ടാവു നീ സേവകന്നൊരു നന്മുതല്‍;
സുഷ്ടുതി നിന്റേതു; ബന്ധു, നിൻദീധിതി;
പെട്ടെന്നയച്ചുകൊടുപ്പൂ, ഹയേന്ദ്രരെ-
പ്പുഷ്ടാർത്ഥനഗ്നേ, നരർക്കൊരു കെല്പു നീ! 5
രുദ്രനഗ്നേ, വിരിവിണ്ണിന്നുയിരു നീ;
ഭുക്തിനേതാവു നീ; മാരുതശക്തി നീ;
രക്തശീഘ്രാശ്വന്‍ സുഖേന ചെല്ലുന്നു, നീ;
ഭക്തരെപ്പോറ്റുന്നു, പൂഷാവു നീ സ്വയം! 6
സേവകന്നാ ദ്രവിണോദസ്സു, നീ നൃപ;
ദേവൻ സവിതാവു, രത്നവാനായ നീ;
നീ ഭഗനഗ്നേ, ധനങ്ങളില്‍ശ്ശക്തിമാൻ;
നിന്നെ യജ്ഞേ ഭജിപ്പോനു നീ രക്ഷകന്‍! 7
ആളുകളഗ്നേ, ചമയിപ്പു, ധീയുറ്റ
പാലകനാം പുരാനായ നിന്നെഗ്ഗൃഹേ;
ഉത്തമസേന, നീയേതിനും സ്വാമി; നീ
പത്തുനൂറായിരങ്ങൾക്കും പ്രതിനിധി! 8
അർച്ചിപ്പു കർമ്മികൾ, മൈകളിലാളുന്നൊ-
രച്ഛനാം നിന്നെസ്സഹോദരത്വത്തിനും;
നിന്നെയഗ്നേ, പരിസേവിപ്പവന്നു നീ-
യുണ്ണി, സുഖദൻ സഖാവു,റ്റ രക്ഷകന്‍! 9
അഗ്നേ, സമീപപ്രണമ്യൻ, സുമതി, നീ;
ചൊല്ക്കൊണ്ട ചോറ്റിനും സ്വത്തിനും സ്വാമി, നീ;
കത്തിയെരിച്ചു, വെളിച്ചം തരുന്നു നീ;-
യധ്വരം സാധിച്ചി,യററുന്നു നീ ഫലം! 10
ദേവ, ദാതാവിന്നദിതിയഗ്നേ, ഭവാൻ;
നീ വാഴ്ത്തല്‍കൊണ്ടു വളരുന്നു, ഭാരതി;
നൂർവർഷമെത്തിയ ശക്തയിള ഭവാൻ;
നീ വൃത്രമാഥി ധനേശ, സരസ്വതി! 11
വർദ്ധിതനഗ്നേ, വരായുസ്സു, നീ; തവ
മുഗ്ദ്ധകാമ്യാഭയില്‍ നില്ക്കുന്നു; ലക്ഷ്മികൾ;
നീയന്നഭൂതൻ, കടത്തിവിടും മഹാൻ;
നീളെപ്പരന്നോരു വൻപണക്കുന്നു, നീ! 12
നിന്നെയഗ്നേ, കവേ, വായയാക്കീടിനാര്‍,
നിർമ്മലരാദിത്യര്‍ നാവുമാക്കീടിനാര്‍;
നിന്നെയേ കാത്തിരിയ്ക്കുന്നൂ ധനാന്വിതര്‍;
നിങ്കല്‍പ്പൊഴിച്ചതേ ഭക്ഷിപ്പു ദേവകൾ! 13
ആഹുതമഗ്നേ, ഭുജിപ്പു നിന്‍വായയാല്‍,
സ്നേഹികളക്ഷയര്‍ ദേവകളേവരും;
ഉണ്ണുന്നു, നിന്നാല്‍ മനുഷ്യരുമുൽപന്ന;-
മുണ്ണിയായ്ജ്ജാതന്‍, ലതകൾക്കുദർച്ചി നീ! 14
അക്കൂട്ടരില്‍ച്ചെന്നുചേരും, പിരിഞ്ഞിടു;-
മഗ്നേ, ബലാല്‍ മുന്തിനില്ക്കും, സുജാത, നീ;
നിന്നുടെയല്ലോ, മഹത്ത്വാലിഹാന്നങ്ങൾ;
മന്നിലും വാനിലും ചെല്ലുന്നു രണ്ടിലും! 15
അഗ്നേ, സ്തുതിയ്ക്കുന്നവർക്കു ഗവാശ്വമാ-
മർത്ഥം കൊടുക്കുന്ന ബുദ്ധിമാന്മാരെയും
ഞങ്ങളെയും കൊണ്ടുപോക, നീ നല്പാരിൽ;
ഞങ്ങൾ യജ്ഞത്തില്‍ വാഴ്ത്താവൂ, സുവീരരായ് ! 16
കുറിപ്പുകൾ: സൂക്തം 1.

[1] അഗ്നി ജലാദികളില്‍നിന്നും ജനിയ്ക്കുന്നു. ആശുശുക്ഷണിയും ശുചിയും അഗ്നിപര്യായങ്ങൾ. നൃപാല – നേതാക്കളെ (യഷ്ടാക്കളെ) വിശേഷാല്‍ രക്ഷിയ്ക്കുന്നവനേ.

[2] ഹോത്രം – ഹോതാവിന്റെ കർമ്മം. തവ – അങ്ങയ്ക്കുള്ളതാണു്. പോത്രം – പോതാവിന്റെ കർമ്മം. നേഷ്ട്രം – നേഷ്ടാവിന്റെ കർമ്മം. ആർത്ത്വിജ്യം – ഋത്വിക്കിന്റെ കർമ്മം. തേ – അങ്ങയ്ക്കുള്ളതാണു്. അഗ്നിത്തു് – ആഗ്നീധ്രന്‍. പ്രശാസ്ത്രം – പ്രശാസ്താവിന്റെ കർമ്മം. ഗൃഹേശന്‍ – ഗാർഹപത്യാഗ്നി. ഹോതാവും മറ്റും ഋത്വിക്കുകളുടെ പേരുകളാണു്.

[3] സുശീലർക്കു് അഭീഷ്ടങ്ങൾ വർഷിയ്ക്കുന്ന നീ ഇന്ദ്രനാകുന്നു. അർത്ഥഗന്‍ = ധനാഭിജ്ഞന്‍. ബ്രഹ്മണസ്പതി = ഉല്‍കൃഷ്ടകർമ്മപാലകന്‍. ധർത്താവു് – എല്ലാറ്റിനെയും നിലനിർത്തുന്നവന്‍. ബുദ്ധിയാല്‍ – ബുദ്ധിമാന്മാരാല്‍.

[4] ക്രിയാവാൻ = കർമ്മവാന്‍. ഭഗ്നാഹിതന്‍ = അഹിതരെ (ശത്രുക്കളെ) നശിപ്പിക്കുന്നവൻ. മിത്രന്‍ – മിത്രനെന്ന ദേവന്‍. ഈഡിതന്‍ = സ്തുതന്‍. ആതതത്യാഗി = വ്യാപ്തമായ ത്യാഗ(ദാന)ത്തോടുകൂടിയവന്‍. മഖങ്ങളില്‍ ആനീതഫല(ഫലങ്ങൾ കൊണ്ടുവരുന്നവ)നായ നീ അംശന്‍ എന്ന ദേവനാകുന്നു.

[5] നന്മുതല്‍ – നല്ല സമ്പത്തിനെ കൊടുക്കുന്നവന്‍ എന്നർത്ഥം; കെല്പ് എന്നതിന്റെ സാരവും ഇതുതന്നെ. ത്വഷ്ടാവു് – ഒരു ദേവന്‍. സുഷ്ടുതി = നല്ല സ്തുതി. ദീധിതി = തേജസ്സ്. ബന്ധു – ഞങ്ങൾക്കു ബന്ധുവാണു്. ഹയേന്ദ്രരെ (ഉത്തമാശ്വങ്ങളെ) പെട്ടെന്നയച്ചുകൊടുക്കുന്നു – യജമാനന്മാർക്കു്. പുഷ്ടാർത്ഥന്‍ = സമ്പത്സമൃദ്ധന്‍.

[6] വിരിവിണ്ണു് = വിശാലമായ സ്വർഗ്ഗം. ഉയിരു് – പ്രാണഭൂതന്‍, ബലപ്രദന്‍. ഭുക്തിനേതാവു് – ഹവിസ്സിന്റെ ഉടമസ്ഥന്‍. മാരുതശക്തി = മരുത്തുക്കളുടെ ബലം. രക്തശീഘ്രാശ്വന്‍ – വായുവേഗികളായ ചെംകുതിരകളെ പൂട്ടി. ചെല്ലുന്നു – യാഗശാലയില്‍.

[7] ദ്രവിണോദസ്സു് – ഒരഗ്നിയുടെ പേര്‍; സ്വർണ്ണം കൊടുക്കുന്നവന്‍. ധനങ്ങളില്‍ശ്ശക്തിമാന്‍ – ധനദാനത്തിന്നു ത്രാണിയുള്ളവന്‍.

[8] ചമയിപ്പു = അലങ്കരിയ്ക്കുന്നു. ധീ – അറിവ്. ഉത്തമസേന = മികച്ച സേനകളോടു – ജ്വാലകളോടു – കൂടിയവനേ. ഏതിനും – എല്ലാ ഹവിസ്സുകൾക്കും. പ്രതിനിധി – പത്തുനൂറായിരങ്ങൾക്കു പകരം, അങ്ങുമാത്രം മതി.

[9] മൈകളിലാളുന്നൊരച്ഛന്‍ – അച്ഛനെന്നപോലെ ലാളിച്ചു, ദേഹങ്ങളില്‍ ജ്വലിയ്ക്കുന്ന ജഠരാഗ്നി. സഹോദരത്വത്തിനും – സൗഭ്രാത്രത്തിന്നുവേണ്ടിയും; അങ്ങയെ അച്ഛനാക്കിയും ഭ്രാതാവാക്കിയും പൂജിയ്ക്കുന്നു.

[10] സമീപപ്രണമ്യൻ = അരികില്‍ത്തന്നേ നമസ്കരിയ്ക്കപ്പെടാവുന്നവൻ; മറ്റു ദേവന്മാരെപ്പോലെ പരോക്ഷനല്ല. എരിച്ചു – വിറകും മറ്റും.

[11] ദാതാവു് – ഹവിസ്സു നല്കുന്ന യജമാനന്‍. അദിതി – രക്ഷിതാവു് എന്നർത്ഥം. ഭാരതിയായ നീ വാഴ്ത്തലാല്‍ (സ്തുതിയാല്‍) വളരുന്നു. നൂർവർഷമെത്തിയ – വളരെക്കാലംചെന്ന, സനാതനിയായ. ശക്ത – ദാനസമർത്ഥ. വൃത്രമാഥി – പാപനാശനന്‍. ആദിത്യാഗ്നിവായുക്കളുടെ ഭാരതി, ഇള, സരസ്വതി എന്നീ ദേവിമാര്‍ ഭവാൻതന്നെ.

[12] വർദ്ധിതനായ നീ വരായുസ്സാകുന്നു – ഉത്തമമായ ആയുസ്സു നല്കുന്നവനാകുന്നു. മൃഗ്ദ്ധകാമ്യാഭ = സുന്ദരവും കമനീയവുമായ നിറം. ലക്ഷ്മികൾ = വിഭൂതികൾ; കാന്തികൾ എന്നുമാകാം. അന്നഭൂതൻ – അന്നസാധകന്‍ എന്നർത്ഥം. കടത്തിവിടും – പാപം കടത്തിയയയ്ക്കുന്ന. വന്‍പണക്കുന്നു നീ – അങ്ങ് ഒരു വലിയ ധനക്കൂമ്പാരമാകുന്നു.

[13] ആദിത്യര്‍ – അദിതിപുത്രന്മാര്‍, ദേവന്മാര്‍; ഇവരുടെ ഭക്ഷണാസ്വാദനാവയവങ്ങൾ, നീയാണു്. ധനാന്വിതര്‍ – ഹവിസ്സാകുന്ന ധനത്തോടുകൂടിയവര്‍, ദേവന്മാര്‍. കാത്തിരിയ്ക്കുന്നൂ – അതിന്റെ കാരണം, അടുത്ത പാദത്തില്‍. പൊഴിച്ചതേ – ഹോമിച്ചതുമാത്രമാണു്, ദേവകൾക്കാഹാരം.

[14] ആഹുതം – ഹോമിയ്ക്കപ്പെട്ട ഹവിസ്സ്. അക്ഷയര്‍ = ക്ഷയം (മരണം) ഇല്ലാത്തവര്‍. നിങ്കല്‍നിന്നുതന്നേ, മനുഷ്യർക്കും ഭക്ഷണം. ലതകൾക്ക് ഉണ്ണിയായ് – ലതാദ്യന്തവർത്തിയാണല്ലോ, അഗ്നി. ഉദർച്ചി = ഉയർന്ന അർച്ചി(ജ്വാല)യോടുകൂടിയവന്‍.

[15] അക്കൂട്ടര്‍ – ദേവകൾ. ബലാല്‍ മുന്തിനില്ക്കും – ബലംകൊണ്ടു് അവരെ കവിച്ചുനില്ക്കും. ഇഹ – ഈ യജ്ഞത്തിലെ അന്നങ്ങൾ മഹത്ത്വംമൂലം അങ്ങയുടെയാണു്; അവ ദ്യാവാപൃഥിവികളില്‍ രണ്ടിലും ചെല്ലുന്നു – വ്യാപിയ്ക്കുന്നു.

[16] സ്തുതിയ്ക്കുന്നവർക്കു് – അങ്ങയെ പുകഴ്ത്തുന്ന സ്തോതാക്കൾക്കു്. ഗവാശ്വമാമർത്ഥം = ഗോവും കുതിരയുമാകുന്ന ധനം. ബുദ്ധിമാന്മാര്‍ – യജമാനന്മാര്‍. നല്പാരില്‍ – സ്വർഗ്ഗാദിലോകത്തില്‍. സുവീരരായ് – നല്ല പുത്രാദികളോടുകൂടി.

സൂക്തം 2.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

വായ്പിപ്പിനി,ഷ്ടിയാൽജ്ജാതവേദസ്സിനെ-
വാഴ്ത്തിയജിപ്പിൻ ഹവിസ്സാല്‍സ്സമിദ്ധനെ,
സ്വന്നനെ,ക്കെല്പേകുവോനെ, ഹോതാവിനെ,
വിണ്ണിനു കൊണ്ടുപോം ദിവ്യനാമഗ്നിയെ! 1
കാക്കുന്നു രാത്രിപകലുകളങ്ങയെ,-
പ്പൈക്കൾ തൊഴുത്തില്‍ക്കിടാവിനെപ്പോലവേ;
നിത്യം ദ്യുചാരി നീയഗ്നേ, പുരുകാമ്യ,
മർത്ത്യകാലത്തും ജ്വലിയ്ക്കുന്നു രാവിലും! 2
രോദോവിഹാരിയായ്, ശ്ശോഭനാലോകനായ്,
രോചിഷ്ണുവാം വേദ്യനഗ്നിയെദ്ദേവകൾ
തേരിനെപ്പോലേ നടത്തുന്നു വേദിമേല്‍,-
സ്സൂരന്‍ കണക്കേ നരർക്കു നുത്യർഹനെ! 3
ക്ഷോണീനഭശ്ചാരി, വാനം നനപ്പവന്‍,
പ്രാണായിതജ്വാലനപ്പൊന്നൊളിപ്രഭൻ
സ്ഥാപിതനാകുന്നു തൻവിവിക്താലയേ,
നീര്‍പോലെ പാലകന്‍, വിണ്ണിന്നു പോകുവോൻ! 4
ലാത്തട്ടെ യാഗത്തിലെങ്ങുമാ ഹോതാവു:
വാഴ്ത്തി ഹവ്യത്താല്‍ച്ചമയിപ്പിതാളുകൾ.
പൊൻതൊപ്പിയിട്ടവൻ സസ്യമെരിയ്ക്കുന്നു;
ചിന്തുന്നു, രോദസ്സില്‍ വാൻപോലുഡുക്കളെ; 5
അബ്ഭവാനഗ്നേ, വളർന്നാളുകെ,ങ്ങൾതൻ
നല്പിനായെങ്ങൾക്കു വായ്ക്കും ധനം തരാൻ;
വാനൂഴികളെ വശത്താക്കുകെങ്ങൾക്കു,
മാനുഷന്നുമ്പരെ ഹവ്യങ്ങളൂട്ടുവാൻ. 6
ഭൂരി നല്കഗ്നേ – ശതം നല്കുകെങ്ങൾക്കു;
ചോറെന്ന കേൾവിക്കതകു തുറക്ക നീ;
വാനൂഴിയെ വഴങ്ങിയ്ക്ക വൻകർമ്മണാ,
ഭാനുപോലേ പ്രഭാതോദ്യോതിതൻ ഭവാന്‍! 7
ആനന്ദമേകുമുഷസ്സില്‍ വളർന്നഗ്നി,
ഭാനുമാൻപോലേ വിളങ്ങും സുശോഭനായ്;
മർത്ത്യസ്തുതനാ,ളുകൾക്കു പുരാൻ, ശുഭ
സത്രൻ, ചരിയ്ക്കുമതിഥി നരന്നവൻ! 8
ഇമ്പപ്പെടുത്തട്ടെയിമ്മട്ടൊ,ളി വീശു-
മുമ്പരില്‍ മുമ്പനാം നിന്‍ ബുദ്ധി മർത്ത്യരെ:
അധ്വരസ്തോതാവിനപ്പൈ ചുരത്തുമേ,
പത്തുനൂറീപ്സിതവിത്തമഗ്നേ, സ്വയം! 9
അഗ്നേ, ജനങ്ങളില്‍ മുന്തിയോരാകെ,ങ്ങ-
ളഗ്ര്യവീര്യത്താല്‍,ക്കുതിരയാൽ,ച്ചോറിനാല്‍;
ഞങ്ങൾതന്‍ പഞ്ചജനങ്ങളില്‍ശ്ശോഭിയ്ക്ക,
തുംഗദുഷ്പ്രാപമാം വിത്തം, രവിസമം! 10
കേൾക്കെ,ങ്ങൾതന്‍ സ്തവം ധൃഷ്ണോ, ബുധര്‍ സുജ-
ന്മാക്കൾ പുകഴ്ത്തും പ്രശംസ്യനഗ്നേ, ഭവാന്‍:
അന്നവാൻ സേവിപ്പു, പുത്രങ്കലാംവിധം
തന്നിടത്താളുന്ന യാജ്യനാമങ്ങയെ! 11
സ്തോതാക്കൾ, മേധാഢ്യ,രീയിരുപേരെങ്ങൾ
ജാതവേദസ്സേ, സുഖിതരാകങ്ങയാല്‍:
പോരുമല്ലോ നീ പൊറുപ്പിനഗ്നേ, തരാന്‍
ഭൂരിഹേമപ്രജാസല്‍പുത്രമാം ധനം! 12
അഗ്നേ, സ്തുതിയ്ക്കുന്നവർക്കു ഗവാശ്വമാ-
മർത്ഥം കൊടുക്കുന്ന ബുദ്ധിമാന്മാരെയും
ഞങ്ങളെയും കൊണ്ടുപോക, നീ നല്പാരില്‍;
ഞങ്ങൾ യജ്ഞത്തില്‍ വാഴ്ത്താവൂ, സുവീരരായ്! 13
കുറിപ്പുകൾ: സൂക്തം 2.

[1] ഋത്വിക്കുകളോടു പറയുന്നു: ഇഷ്ടി = യജ്ഞം. സമിദ്ധനെ – ഉജ്ജ്വലിപ്പിച്ച അഗ്നിയെ. സ്വന്നന്‍ = നല്ല അന്നമുള്ളവന്‍. കെല്പേകുവോന്‍ – ജഠരാഗ്നിയായി വർത്തിച്ചു ശരീരത്തിന്നു ബലം നല്കുന്നവന്‍. വിണ്ണിനു കൊണ്ടുപോം – യജമാനന്മാരെ.

[2]രാത്രിപകലുകൾ – സായംപ്രാതഃകാലങ്ങൾ. അങ്ങയെ കാക്കുന്നു – കാത്തുനില്ക്കുന്നു. സായംകാലത്തും പ്രഭാതത്തിലുമാണല്ലോ, അഗ്നിഹോത്രം. നിത്യം – നിയമേന. ദ്യുചാരി = ദ്യോവില്‍ ചരിയ്ക്കുന്ന. മർത്ത്യകാലം – മനുഷ്യരുടെ കർമ്മസമയങ്ങൾ.

[3] രോദോവിഹാരി = വാനൂഴികളില്‍ വ്യാപരിയ്ക്കുന്നവന്‍. ശോഭനാലോകൻ = ശുഭദർശനന്‍. രോചിഷ്ണു = പ്രകാശമാനന്‍. വേദ്യന്‍ = ജ്ഞേയന്‍. തേരിനെപ്പോലെ – തേര്‍ ആളുകളെ ഉദ്ദിഷ്ടസ്ഥാനത്തേയ്ക്കു കൊണ്ടുപോകുമല്ലോ; അതുപോലെ അഗ്നി ആളുകൾക്ക് അഭീഷ്ടസിദ്ധി വരുത്തുന്നു. നുത്യർഹന്‍ = സ്തുത്യന്‍.

[4] ക്ഷോണീനഭശ്ചാരി = രോദോവിഹാരി. വാനം നനപ്പവന്‍ – അന്തരീക്ഷത്തില്‍ മഴവെള്ളം പാറ്റുന്നവന്‍. പ്രാണായിതജ്വാലന്‍ – ജ്വാലകളാണല്ലോ, അഗ്നിയുടെ പ്രാണങ്ങൾ. തൻവിവിക്താലയേ സ്ഥാപിതനാകുന്നു – തനിയ്ക്കുള്ളതായ വിജനമായ യജ്ഞഗൃഹത്തില്‍ പ്രതിഷ്ഠിയ്ക്കപ്പെടുന്നു. നീര്‍പോലെ – വെള്ളം സർവജീവനമാണല്ലോ. വിണ്ണിന്നു പോകുവോന്‍ – ഉയരെജജ്വലിയ്ക്കുന്നതിനെ സ്വർഗ്ഗഗമനമാക്കി ഉല്‍പ്രേക്ഷിച്ചിരിയ്ക്കുന്നു.

[5] ആ ഹോതാവു് – അഗ്നി. ചമയിപ്പിതു – സ്തുതിച്ചും ഹോമിച്ചും അദ്ദേഹത്തെ പ്രശോഭിപ്പിയ്ക്കുന്നു. പൊന്തൊപ്പി – പൊങ്ങിയ ജ്വാല. വാന്‍ – ആകാശം. ഉഡുക്കൾ = നക്ഷത്രങ്ങൾ; തീപ്പൊരികൾക്കു നക്ഷത്രത്വം കല്പിച്ചിരിയ്ക്കയാണു്. ചിന്തുന്നു – വിതറുന്നു.

[6] നല്പ് – ക്ഷേമം. വീണ്ടും വീണ്ടും യാഗങ്ങൾ ചെയ്വാന്‍ മനുഷ്യന്നു കഴിവുണ്ടാകുമാറു, ദ്യാവാപൃഥിവികളെ ഞങ്ങൾക്കു് അനുകൂലകളാക്കിനിർത്തുക!

[7] ഭൂരി – വളരെ ഗവാശ്വാദിധനം. ശതം – വളരെ വളരെ പുത്രാദികളെ. ചോറെന്ന കീർത്തിക്കതക് – അന്നമുണ്ടായാലേ കേൾവി (കീർത്തി) കിട്ടുകയുള്ളവല്ലോ. വഴങ്ങിയ്ക്കു – വശത്തു നിർത്തിയാലും. വന്‍കർമ്മണാ = വലിയ കർമ്മംകൊണ്ട്. ഭാനു = സൂര്യൻ. പ്രഭാതോദ്യോതിതന്‍ = പ്രഭാതത്താല്‍ പ്രകാശിപ്പിയ്ക്കപ്പെടുന്നവന്‍; പുലർകാലത്താണല്ലോ, അഗ്നിയെ ജ്വലിപ്പിയ്ക്കുക.

[8] ഭാനുമാന്‍ = സൂര്യൻ. ശുഭസത്രന്‍ = സുയജ്ഞൻ, ചരിയ്ക്കും – സഞ്ചാരിയായ. അതിഥി – അതിഥിപോലെ പൂജനീയന്‍.

[9] ബുദ്ധി = നിനവു്. അപ്പൈ – അങ്ങയുടെ നിനവാകുന്ന കറവുപയ്യ്. ഈപ്സിതവിത്തം – ഇച്ഛിയ്ക്കപ്പെട്ട പലതരം (ഗവാശ്വാദി) ധനം അങ്ങയുടെ നിനവില്‍നിന്നു സ്തോതാവു കറന്നെടുക്കുന്നു!

[10] ഞങ്ങൾ സാധാരണരില്‍ മീതെയാകുമാറു, ഞങ്ങൾക്കു ശ്രേഷ്ഠമായ വീര്യവും കുതിരയെയും അന്നവും അവിടുന്നു തന്നരുളക. തുംഗദുഷ്പ്രാപം = തുംഗവും (ബഹുവും) ദുഷ്പ്രാപ(ദുർല്ലഭ)വുമായിട്ടുള്ളതു്. രവിസമം ശോഭിയ്ക്ക – സൂര്യനെപ്പോലെ ശോഭിയ്ക്കുമാറാകട്ടെ.

[11] ബുധര്‍ = വിദ്വാന്മാര്‍. സുജന്മാക്കൾ = നല്ല ആളുകൾ. പ്രശംസ്യന്‍ = സ്തുത്യന്‍. അന്നവാൻ – ഹവിഷ്മാന്‍, യജമാനന്‍. പുത്രങ്കലാംവിധം – അച്ഛന്‍ മകന്റെ അടുക്കലെന്നപോലെ തന്നിടത്തു് (യാഗശാലയില്‍ സ്വസ്ഥാനത്തു്) ആളുന്ന – ജ്വലിയ്ക്കുന്ന.

[12] മേധാഢ്യര്‍ = യജമാനന്മാര്‍. ഇരുപേര്‍ – രണ്ടുകൂട്ടര്‍. അങ്ങയാല്‍ – അങ്ങയുടെ കനിവിനാല്‍. പൊറുപ്പു് – കാലക്ഷേപം. ഹേമം = സ്വർണ്ണം. പ്രജകൾ = ആൾക്കാര്‍.

സൂക്തം 3.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സ്; സമിഗ്ദ്ധാദ്യഗ്നികൾ ദേവത. (കാകളി)

വേദിമേല്‍ സ്ഥാപിതനായ സമിഗ്ദ്ധാഗ്നി-
യാദൃശ്യനായ്ത്തീർന്നു, സർവലോകത്തിനും;
പാവകൻ ഹോതാവു മേധാവിയർഹനായ്-
ദ്ദേവരെപ്പൂജിയ്ക്ക, ദേവന്‍, പുരാതനൻ! 1
മുവ്വുലകും മഹത്ത്വത്താലിടങ്ങളും
വെവ്വേറെ കാട്ടും നരാശംസനുജ്ജ്വലൻ
ഹൃത്തിനാല്‍ നൈ വീഴ്ത്തി ഹവ്യം കുതിർത്തുകൊ-
ണ്ടധ്വരാഗ്രേ തെളിയിയ്ക്കട്ടെ,യുമ്പരെ! 2
അഗ്നേ, കനിഞ്ഞീഡിതന്‍ ഭവാനർഹനാ-
യർച്ചിപ്പു, മർത്ത്യന്നു മുമ്പിന്നമർത്ത്യരെ;
ആ നീ വിളിയ്ക്ക, കെല്പാർന്ന മരുത്ത്വാനെ;-
യർച്ചിപ്പിനഗ്ര്യരേ, ദർഭസ്ഥനിന്ദ്രനെ! 3
ദേവ, ബർഹിസ്സേ, വളർന്നു സുവീരമാം
നീ വിരിയ്ക്കുപ്പെടുകെ,ങ്ങുമീ വേദിമേല്‍:
ഹേ വസുവിശ്വദേവാദിത്യയാജ്യരേ,
വാഴ്‌വിൻ ധനാർത്ഥം ഘൃതാസിക്തമാമിതില്‍! 4
വാഴ്ത്തിവണങ്ങി വിളിയ്ക്കപ്പെടും മഹാ-
ദ്വാർദ്ദേവിമാരേ, തുറപ്പിനുൾപ്പൂകുവാൻ;
വ്യാപ്തമാരധ്വസ്തമാര്‍ നിങ്ങൾ സദ്വീര-
കീർത്തിമത്താം നിറം കൂട്ടി,പ്പുകഴുവിന്‍! 5
ഞങ്ങൾ സല്‍ക്കർമ്മാർത്ഥമർച്ചിച്ച നിത്യമാര്‍,
ഭംഗിയില്‍ നെയ്യുവോർപോലേ സമേതരായ്
നൂല്ക്കട്ടെ വാര്‍നൂല്‍ മഖത്തിന്നുടുപ്പിനായ്-
നേർക്കു നീര്‍ പാറ്റുന്ന വാസരരാത്രികൾ! 6
ബോധവും മൈമാണ്‍പുമേറിയ രണ്ടു വിണ്‍-
ഹോതാക്കളാദിമര്യക്കാല്‍ യജിപ്പവര്‍
വേദിയില്‍ത്തുംഗമാം മുന്നിടത്തു വസി-
ച്ചാദിത്യരെ യജിയ്ക്കട്ടെ, കാലങ്ങളില്‍! 7
നമ്മൾക്കു ബുദ്ധി തരുന്ന സരസ്വതി,-
യമ്മട്ടിളാദേവി, സര്‍വഗ ഭാരതി,
ഇമ്മൂന്നുദേവിമാര്‍ കാക്കട്ടെ, ഗേഹമാ-
ണ്ടിമ്മഖം, ഹാനി പറ്റാതെ ഹവിസ്സിനാല്‍! 8
വേഗവാനന്നവാന്‍ ദേവകാമൻ ശുഭ-
യാഗന്‍ ജനിയ്ക്കട്ടെ, കാഞ്ചനനേര്‍നിറന്‍:
ത്വഷ്ടാവു വേരാം പ്രജയെ നമുക്കു ന-
ല്കട്ടെ; ദേവാന്നവുമെത്തട്ടെ, നമ്മളില്‍! 9
സമ്മതിച്ചന്തികേ വാഴ്ക വനസ്പതി;
ചെമ്മേ പചിയ്ക്കട്ടെ, യഗ്നി ഹവിസ്സിനെ;
ദിവ്യൻ ശമിതാവഭിജ്ഞൻ ത്രിസിക്തമാം
ഹവ്യത്തെയെത്തിച്ചിടട്ടേ, നിലിമ്പരില്‍! 10
നെയ്യു തൂകുന്നു ഞാന്‍: നെയ്യാല്‍പ്പിറന്നവന്‍,
നെയ്യില്‍ വാഴ്‌വോനിവൻ, നെയ്യാല്‍ജ്ജ്വലിപ്പവൻ;
ആഹുതിതോറും വിളിയ്ക്ക, രസിപ്പിയ്ക്ക;
സ്വാഹാകൃതം ഹവിസ്സേല്ക്ക, വൃഷാവു നീ! 11
കുറിപ്പുകൾ: സൂക്തം 3.

[1] ആദൃശ്യന്‍ = കാണാകുന്നവൻ. സർവലോകത്തിനും = എല്ലാ ജ്ജനങ്ങൾക്കും. അർഹന്‍ – ദേവയജനയോഗ്യന്‍. സമിഗ്ദ്ധന്‍, നരാശംസന്‍ മുതലായവര്‍ അഗ്നികളാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടു്. പൂജിയ്ക്ക – യജിയ്ക്കട്ടെ.

[2] ഇടങ്ങൾ – ആഹുതിസ്ഥാനങ്ങൾ. കാട്ടും – വെളിപ്പെടുത്തുന്ന. ഹൃത്തിനാല്‍ നൈ വീഴ്ത്തി – ഉപസ്തരിച്ച്; തന്റെ ഹൃദയം നെയ്യാണ്, അലിവേറിയതാണ്! അധ്വരാഗ്രേ – ഹോമസമയത്ത്. തെളിയിയ്ക്കട്ടെ – വ്യക്തീകരിയ്ക്കട്ടെ; തൃപ്തിപ്പെടുത്തട്ടെ എന്നർത്ഥം.

[3] ഈഡിതന്‍ = സ്തുതന്‍; ഈഡിതന്‍ എന്ന അഗ്നി. മർത്ത്യന്നു മുമ്പ് – മനുഷ്യന്‍ ഹോമിയ്ക്കുന്നതു പിന്നീടാണ്. മരുത്ത്വാനെ – മരുത്തുക്കളോടുകൂടിയ ഇന്ദ്രനെ. നാലാംപാദം ഋത്വിക്കുകളോടുള്ളതാണ്: ദർഭസ്ഥന്‍ = ദർഭപ്പുല്ലിലിരിയ്ക്കുന്നവനായ.

[4] ബർഹിസ്സ് = ദർഭ; ഇതിന്റെ ദേവതയായ ബർഹിസ്സെന്ന അഗ്നിയോടു പറയുന്നത്: സുവീരം = നല്ല വീരന്മാരോടുകൂടിയത്; ഞങ്ങൾക്കു നല്ല വീരന്മാരെ (പുത്രാദികളെ) നല്കുന്നത്. ഹേ വസുക്കളും വിശ്വേദേവകളും ആദിത്യരുമാകുന്ന യാജ്യരേ(യജനീയരേ), നിങ്ങൾ ധനാർത്ഥം (ഞങ്ങൾക്കു ധനം തരാന്‍) ഘൃതാസിക്തമാം (ഉപസ്തരിയ്ക്കപ്പെട്ട) ഇതില്‍ (ദർഭവിരിപ്പില്‍) വാഴ്‌വിന്‍ (ഇരിയ്ക്കുവിന്‍).

[5] മഹാദ്വാർദ്ദേവിമാര്‍ = മഹതികളായ (അഗ്നിയുടെ) ദ്വാരദേവതമാര്‍; വാതിലുകൾ. അധ്വസ്തമാര്‍ – ഉപദ്രവിയ്ക്കപ്പെടാത്തവര്‍, ശക്തിമതികൾ. സദ്വീരകീർത്തിമത്താം നിറം കൂട്ടി – യജമാനന്നു നല്ല വീരന്മാരാലും യശസ്സാലുമുള്ള ശോഭയുളവാക്കി.

[6] ഭംഗിയില്‍ നെയ്യുവോര്‍ – രണ്ടു നെയ്ത്തുവിദഗ്ദ്ധമാര്‍. സമേതരായ് = തമ്മില്‍ച്ചേർന്ന്. വാര്‍നൂല്‍ – യജ്ഞാംഗങ്ങൾ. നേർക്കു – ശരിയ്ക്കു, വഴിപോലെ. ഓരോ യജ്ഞാംഗത്തെയും ക്രമേണ അനുഷ്ഠിപ്പിച്ചു, പൂർത്തിവരുത്തട്ടെ!

[7] ബോധം = അറിവ്. മൈമാണ്‍പ് = ആകാരസൌഷ്ഠവം. വിണ്‍ഹോതാക്കൾ – ദിവ്യാഗ്നിജാതരായ ഹോതാക്കൾ; ഭൌമാഗ്നിയും അന്തരിക്ഷാഗ്നിയും. ആദിമര്‍ – പ്രഥമപൂജ്യന്മാര്‍. ഋക്കാല്‍ – മന്ത്രം ചൊല്ലി. മൂന്നിടം – ഗാർഹപത്യാഹവനീയദക്ഷിണസ്ഥാനങ്ങൾ. ആദിത്യര്‍ = ദേവന്മാര്‍.

[8] സര്‍വഗ – സർവവിഷയവ്യാപ്ത. ഗേഹമാണ്ട് – യാഗശാലയില്‍ വന്ന്. ഫവിസ്സിനാല്‍ – നമ്മൾ കൊടുത്ത ഹവ്യം കൊണ്ട്.

[9] ജനിയ്ക്കട്ടെ – വേഗവാനും മറ്റുമായ പുത്രന്‍ നമുക്കു പിറക്കട്ടെ. വേരാം പ്രജയെ – കുലത്തെ നിലനിർത്തുന്ന സന്താനത്തെ. ദേവാന്നം – ദേവന്മാർക്കുള്ള അന്നം.

[10] സമ്മതിച്ച് – കർമ്മത്തിന്ന് അനുമതി തന്ന്. അന്തികേ – നമ്മുടെ അരികില്‍. വനസ്പതി – യൂപദേവതയായ അഗ്നി. അഗ്നി – അടുപ്പിലെ അഗ്നി. ശമിതാവ് – ശമിതാവ് എന്ന അഗ്നി. ത്രിസിക്തം – ഉപസ്തരണം, അവദാനം, അഭിഘാരണം എന്നിവകൊണ്ടു ശുദ്ധീകൃതം. നിലിമ്പരില്‍ – ദേവന്മാരുടെ അടുക്കല്‍.

[11] തൂകുന്നു – അഗ്നിയില്‍ വീഴ്ത്തുന്നു. ഇവന്‍ – അഗ്നി. ഉത്തരാർദ്ധം പ്രത്യക്ഷവചനം: വിളിയ്ക്ക – ദേവന്മാരെ. സ്വാഹാകൃതം – സ്വാഹാ എന്നുച്ചരിച്ചു ഹോമിയ്ക്കപ്പെട്ട. ഏല്ക്ക – വഹിച്ചാലും.

സൂക്തം 4.

ഭൃഗുഗോത്രന്‍ സോമാഹുതി ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്. അഗ്നി ദേവത.

യാതൊരു ജാതവേദസ്സായ ദേവന്‍ ദേവന്മാര്‍വരെയുള്ളവരെ ഒരു സുഹൃത്തെന്നപോലെ താങ്ങിപ്പോരുന്നുവോ; ആ അഗ്നിയെ; തുലോം തിളങ്ങുന്നവനെ, തുലോം നിഷ്പാപനെ, മനുഷ്യർക്ക് അതിഥിയെ, ശോഭനാന്നനെ നിങ്ങൾക്കുവേണ്ടി ഞാന്‍ വിളിയ്ക്കാം. 1

ഭൃഗുക്കളത്രേ, ഈ അഗ്നിയെ പരിചരിച്ചു രണ്ടിടങ്ങളില്‍ – അന്തരിക്ഷത്തിലും മനുഷ്യപ്രജകളിലും – പ്രതിഷ്ഠിച്ചതു്. ദേവകളില്‍ വെച്ചു ശീഘ്രഗമനനും ജവനാശ്വനുമായ അവിടുന്നു വിരോധികളെയെല്ലാം തീരെ കീഴമർത്തട്ടെ! 2

ദേവകൾ പോകുമ്പോൾ യാതൊരുവനെയാണോ, മനുഷ്യപ്രജകളില്‍ ഒരു പ്രിയസുഹൃത്തിനെയെന്നപോലെ നിർത്തിയതു്; ഹവിർദ്ദാതാവിന്റെ ഗൃഹത്തില്‍ യാവനൊരുത്തൻ ആധാനംചെയ്യപ്പെടുന്നുവോ; ആ സമ്പല്‍കരനായ അഗ്നി കാമിനികളായ യാമിനികളില്‍ മിന്നിത്തിളങ്ങുന്നു! 3

ഇദ്ദേഹത്തിന്റെ പുഷ്ടി, സ്വന്തം പുഷ്ടിപോലെ സന്തോഷകരമാണ്; വളർന്നു ചുട്ടെരിപ്പാൻതുടങ്ങുന്ന ഇദ്ദേഹത്തെ കാണുന്നതും സന്തോഷകരംതന്നെ. ഇദ്ദേഹം മരങ്ങൾക്കിടയില്‍, ഒരു തേര്‍ക്കുതിര വാലാട്ടുന്നതുപോലെ, നാവിളക്കും! 4

ആരുടെ മഹത്ത്വം എന്റെ ആളുകൾ സ്തുതിയ്ക്കുന്നുവോ, അദ്ദേഹം സ്വന്തം രൂപം ഋത്വിക്കുകളെ കാണിയ്ക്കും. അവിടുന്നു ഹവ്യങ്ങളില്‍ വിചിത്രശോഭകൊണ്ടു തിരിച്ചറിയപ്പെടുന്നു. അവിടുന്നു കിഴവനായിട്ടു, വീണ്ടും വീണ്ടും യുവാവായിച്ചമയുന്നു! 5

അവിടുന്നു വനങ്ങളില്‍, ദാഹംപൂണ്ടവന്‍പോലെ ഉജ്ജ്വലിയ്ക്കുന്നു; വെള്ളംപോലെ ഒഴുകുന്നു; തേര്‍ക്കുതിരപോലെ മുരളുന്നു; ആ പൊള്ളിയ്ക്കുന്ന കൃഷ്ണവര്‍ത്മാവു നക്ഷത്രങ്ങളാല്‍ പുഞ്ചിരിയിടുന്ന നഭസ്സുപോലെ പ്രകാശിയ്ക്കുന്നു. 6

ആ തേജസ്വിയായ അഗ്നി നാനാരൂപനായി സ്ഥിതിചെയ്യുന്നു; ഭൂമിയിലെങ്ങും വളരുന്നു; വരണ്ടവയെ എരിച്ചും, നോവിയ്ക്കുന്നവയെ കരിച്ചും, ധാരാളം കുടിയ്ക്കുന്നപോലെയായും, ഇടയനില്ലാത്ത ഒരു നാല്ക്കാലിപോലെ സ്വയം മേഞ്ഞുനടക്കുന്നു! 7

അഗ്നേ, അങ്ങയുടെ മുമ്പേത്തെ അഭീഷ്ടദാനം സ്മരിച്ചു (ഞങ്ങൾ) ഇപ്പോൾ മൂന്നാം യാഗത്തിലും (അങ്ങയെ) സ്തുതിച്ചുകൊള്ളുന്നു. അങ്ങു ഞങ്ങൾക്കു, വീരരെ അടക്കുന്നതും മഹത്തും കേൾവിപ്പെട്ടതുമായ അന്നത്തെയും സത്സന്താനത്തെയും ധനത്തെയും തന്നരുളുക! 8

അഗ്നേ, ഗൃത്സമദന്മാര്‍ അങ്ങയുടെ തുണയാല്‍, ഗുഹയില്‍ക്കിടക്കുന്ന രമണീയങ്ങളെ കീഴടക്കണം, നല്ല വീരന്മാരെ നേടണം, ആക്രമണം താങ്ങണം; അതിന്നു തക്ക അന്നം അവിടുന്നു മേധാവികൾക്കും സ്തോതാക്കൾക്കും നല്കിയാലും! 9

കുറിപ്പുകൾ: സൂക്തം 4.

[1] ദേവന്മാര്‍വരെയുള്ളവരെ – മനുഷ്യർമുതല്‍ ദേവകൾവരെയുള്ള ജനങ്ങളെ.

[2] ജവനാശ്വന്‍ = വേഗമേറിയ കുതിരകളുള്ളവന്‍.

[3] പോകുമ്പോൾ – സ്വർഗ്ഗത്തിലെയ്ക്കു തിരിയ്ക്കുമ്പോൾ. പ്രിയസുഹൃത്തിനെയെന്നപോലെ – വിദേശത്തെയ്ക്കു പോകുന്നവർ സ്വഗൃഹരക്ഷയ്ക്ക് ഒരു സ്നേഹിതനെ വെയ്ക്കുന്നതുപോലെ. കാമിനികൾ – അഗ്നിയെ കാമിയ്ക്കുന്നവര്‍. യാമിനികൾ = രാത്രികൾ.

[4] ഒരാൾക്കു സ്വന്തം പുഷ്ടി എപ്രകാരമോ, അപ്രകാരം സന്തോഷകരമാണ്, അഗ്നിയുടെ പുഷ്ടി (തടിയ്ക്കല്‍, കത്തിപ്പടരുക). നാവ് – ജ്വാല.

[5] അദ്ദേഹം – അഗ്നി. ഋത്വിക്കുകളെ കാണിയ്ക്കും – അവരുടെ മുമ്പില്‍ ഉജ്ജ്വലിയ്ക്കും. വിചിത്രശോഭ – ഓരോന്നു ഹോമിയ്ക്കുമ്പോൾ ഓരോ നിറം കാണുമല്ലോ. കിഴവനായിട്ടു – കെടാൻ തുടങ്ങിയിട്ടു. യുവാവായിത്തീരുന്നു – നെയ്യും മറ്റും വീഴ്ത്തുകയാല്‍ കത്തിയാളുന്നു.

[6] ദാഹം പൂണ്ടവൻ – വെള്ളം കുടിപ്പാൻ വെമ്പുന്നവൻ. കൃഷ്ണവര്‍ത്മാവ് = അഗ്നി; അഗ്നിയുടെ വഴി പുകകൊണ്ടു കുറുക്കുമല്ലോ.

[7] വരണ്ടവ – മരവും കുററിക്കാടും മറ്റും. നോവിയ്ക്കുന്നവ – മുള്ളം മറ്റും. കുടിയ്ക്കുന്നതു – വൃക്ഷാദികളുടെ നീരിനെ.

[8] മഹത്ത് – വളരെപ്പേരെ പുലർത്താന്‍ മതിയാവുന്നത്.

[9] ഗുഹയില്‍ക്കിടക്കുന്ന രമണീയങ്ങൾ – ഭൂഗര്‍ഭത്തിലുള്ള നിധികൾ. ആക്രമണം – ശത്രുക്കളുടെ. മേധാവികൾ – യജമാനന്മാര്‍.

സൂക്തം 5.

സോമാഹുതി ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (“താമരക്കണ്ണൻ” പോലെ)

ജാതനായ്, ജീവസ്സേകും പിതാവാം
ഹോതാവു പിതൃരക്ഷാർത്ഥം;
വെന്നടക്കേണ്ടും മാന്യമാം ധന-
വൃന്ദം നേടാവൂ, സാന്നർ നാം. 1
സത്രനേതാവാമാരിലോ രശ്മി-
സപ്തകം പാടേ വ്യാപിപ്പൂ;
മര്‍ത്ത്യൻപോലപ്പോതാവെട്ടാം യജ്ഞ-
കൃത്യവും ചെയ്വൂ നിശ്ശേഷം! 2
അല്ലെങ്കിലിങ്ങെടുപ്പാനും സ്തോത്രം
ചൊല്ലാനുമറിവോനവൻ
ഋത്വിക്കർമ്മത്തിലെല്ലാം വ്യാപിപ്പൂ,
ചക്രത്തില്‍ നേമിപോലവേ! 3
ശുദ്ധയജ്ഞത്തോടൊത്തല്ലോ, ശുദ്ധി-
കൃത്താം പ്രശാസ്താവുണ്ടായി;
സത്യമാമേതല്‍ക്കർമ്മത്തില്‍ക്കേറും,
വിദ്വാന്‍ കൊമ്പത്തുപോലവേ! 4
മുത്തണച്ചി,തില്‍ച്ചെന്നു ചേഷ്ടിയ്ക്കും
ഹസ്താംഗുലികൾ നൂറുരു,
മൂന്നിലും മുഖ്യമാമിന്നേഷ്ടാവിൻ
മൂർത്തിയെശ്ശുശ്രൂഷിയ്ക്കുന്നു. 5
അമ്മതന്നനുജത്തി നെയ്യെടു-
ത്തന്തികേ ചെല്ലുംവേളയില്‍
ഹൃഷ്ടനായ് ത്തീരു,മധ്വര്യു,വിവൻ,
വൃഷ്ടിയാല്‍ നെല്ലുപോലവേ! 6
താൻതാൻ സ്വകർമ്മത്തിന്നൃത്വിക്കായോ-
നേന്തുമാറാകി,ങ്ങാർത്ത്വിജ്യം;
സ്തോത്രം ചൊല്ലാവൂ നാമുടന,തി-
മാത്രം നല്കാവൂ, ഹവ്യവും! 7
ആചരിയ്ക്കട്ടേ വിദ്വാനിങ്ങഗ്നേ,
പൂജാർഹർക്കെല്ലാം ധാരാളം:
അങ്ങയ്ക്കുതന്നെയുള്ളതാണല്ലോ,
ഞങ്ങൾ നടത്തുമീ യാഗം! 8
കുറിപ്പുകൾ: സൂക്തം 5.

[1] പിതാവ് = പാലകന്‍. ഹോതാവ് – അഗ്നി. പിതൃരക്ഷാർത്ഥം – യജമാനന്മാരെ രക്ഷിപ്പാൻ. സാന്നർ – ഹവിസ്സാകുന്ന അന്നത്തോടുകൂടിയവര്‍.

[2] സത്രനേതാവ് = യജ്ഞനിർവാഹകന്‍. രശ്മിസപ്തകം – ഏഴു ഹോത്രങ്ങൾ. പോതാവു് – ദേവകളുടെ പോതാവെന്ന ഋത്വിക്കായ അഗ്നി. മർത്ത്യന്‍ – മനുഷ്യനായ പോതാവ്. എട്ടാം – സപ്തഹോത്രങ്ങളോടുകൂടി എട്ടാമത്തെ കർമ്മവും നിർവഹിയ്ക്കുന്നു.

[3] എടുപ്പാനും – അധ്വര്യുവായിനിന്നു ഹവിസ്സു കൈക്കൊൾവാനും. സ്തോത്രം ചൊല്ലാനും – ഹോതാവായിനിന്നു സ്തുതിപ്പാനും. വ്യാപിപ്പൂ – പെരുമാറുന്നു. ചക്രം = തേരുരുൾ. നേമി = ഉരുൾച്ചുററ്.

[4] ശുദ്ധികൃത്ത് = വിശുദ്ധിയുണ്ടാക്കുന്നവന്‍. പ്രശാസ്താവു് – ദേവന്മാരുടെ പ്രശാസ്താവെന്ന ഋത്വിക്കായ അഗ്നി. ഉണ്ടായി = ജനിച്ചു. സത്യം – തീർച്ചയായും ഫലപ്രദം. ഏതല്‍ക്കർമ്മം = ഇവന്റെ (അഗ്നിയുടെ) കർമ്മം; കർമ്മങ്ങൾ. വിദ്വാന്‍ – അറിവുള്ള യജമാനൻ. കൊമ്പത്തുപോലവേ – മരംകേറുന്നവന്‍ ഒരു കൊമ്പിന്മേൽ നിന്നു മറെറാരു കൊമ്പിന്മേല്‍ കേറുന്നതുപോലെ, കർമ്മങ്ങൾ ക്രമേണ അനുഷ്ഠിയ്ക്കും.

[5] മുത്തണച്ച് = സന്തോഷമുളവാക്കിക്കൊണ്ടു്. ഇതില്‍ – കർമ്മത്തില്‍. ഹസ്താംഗുലികൾ = കൈവിരലുകൾ. നൂറുരു – വളരെ പ്രാവശ്യം. മൂന്നിലും മുഖ്യം. മൂന്നഗ്നികളുടേതിനെക്കാളും മുന്തിയ. ഇന്നേഷ്ടാവ് – ദേവകളുടെ നേഷ്ടാവെന്ന ഋത്വിക്കായ ഈ അഗ്നി.

[6] അമ്മതന്നനുജത്തി – വേദിയുടെ അനുജത്തി, ജൂഹു. ഹൃഷ്ടനായ്ത്തീരും = ഹർഷിയ്ക്കും. അധ്വര്യുവിവൻ – ദേവകളുടെ അധ്വര്യു, ഈ അഗ്നി.

[7] ഋത്വിക്കായോന്‍ – ദേവന്മാരുടെ ഋത്വിക്കായ അഗ്നി. ഇങ്ങ് – മനുഷ്യരുടെ. ആർത്ത്വിജ്യം ഏന്തുമാറാക – ഋത്വിക്കിന്റെ ചുമതല വഹിയ്ക്കട്ടെ. അതിമാത്രം = ധാരാളം.

[8] വിദ്വാന്‍ – അങ്ങയുടെ മാഹാത്മ്യമറിയുന്ന യജമാനന്‍. പൂജാർഹര്‍ – ദേവന്മാർ. ധാരാളം ആചരിയ്ക്കട്ടെ – വളരെ പൂജനമനുഷ്ഠിയ്ക്കട്ടേ; അതിന്നനുഗ്രഹിച്ചാലും.

സൂക്തം 6.

സോമാഹുതി ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.

ഇതാ, മദീയം ചമത,യിതാ, കൈക്കൊള്ളുകാഹുതി;
അഗ്നേ, കേൾക്കുകയുംചെയ്ക വഴിപോലീ സ്തവങ്ങളെ! 1
അഗ്നേ, സുജാത, സേവിയ്ക്കാമിതുകൊണ്ടെങ്ങളങ്ങയെ
ഇസ്സൂക്തംകൊണ്ടുമൂർജ്ജസ്സിന്‍പുത്ര സാർവത്രികക്രതോ! 2
ആ സ്തോത്രവശനായ് ദ്രവ്യമിച്ഛിപ്പോനാകുമങ്ങയെ
പൂജിയ്ക്കാം ദ്രവിണോദസ്സേ, നുതിയാലെങ്ങൾ പൂജകർ! 3
അതു കേൾ, സൂരി മഘവാൻ ധനേശന്‍ ധനദന്‍ ഭവാൻ;
ആട്ടിപ്പായിയ്ക്കയുംചെയ്കെ,ങ്ങളില്‍നിന്നു രിപുക്കളെ! 4
അവന്‍ നമുക്കു വാനിങ്കല്‍നിന്നു വർഷം, നമുക്കവൻ
നല്കട്ടെ വൻകെല്പു,മവന്‍ നമുക്കായിരമന്നവും! 5
തുലോം യുവാവേ, യജ്ഞാർഹ, ഞങ്ങൾതൻ സ്തവനങ്ങളാല്‍
വന്നാലും, ദൂത, ഹോതാവേ, രക്ഷയ്ക്കർച്ചിപ്പവങ്കല്‍ നീ! 6
ഉള്ളില്‍ക്കടക്കുവോനല്ലോ, ദ്വിജന്മജ്ഞൻ ഭവാന്‍ കവേ,
ജനങ്ങൾക്കും സഖാക്കൾക്കും ഹിതൻ ദൂതൻകണക്കിനേ! 7
അതിനാല്‍പ്പൂർത്തി തരികിങ്ങ,ഭിജ്ഞനുയിരുള്ള നീ;
യഥാക്രമം ചെയ്ക മഖ; – മിദ്ദർഭയിലിരിയ്ക്കുക! 8
കുറിപ്പുകൾ: സൂക്തം 6.

[1] ഈ സ്തവങ്ങൾ – എന്റെ സ്തുതികൾ.

[2] ഇതുകൊണ്ട് – ഈ ആഹുതികൊണ്ട്. ഇസ്സൂക്തംകൊണ്ടും സേവിയ്ക്കാം. ഊർജ്ജസ്സ് = ബലം. സാർവത്രികക്രതോ – എല്ലാടത്തും യജിയ്ക്കപ്പെടുന്നവനേ.

[3] ദ്രവ്യം – ഹവിസ്സാകുന്ന ധനം.

[4] അതു – ഞങ്ങളൂടെ സ്തുതി. മഘവാന്‍ = അന്നവാന്‍.

[6] തുലോം യുവാവ് = യുവതമന്‍. രക്ഷയ്ക്കർച്ചിപ്പവങ്കല്‍ – രക്ഷാർത്ഥിയായി പൂജിയ്ക്കുന്നവന്റെ (എന്റെ) അടുക്കല്‍.

[7] ഉള്ളില്‍ – ആളുകളുടെ ഹൃദയത്തില്‍; ജനഹൃദയജ്ഞന്‍. ദ്വിജന്മജ്ഞന്‍ – രണ്ടു കൂട്ടരെയും, യഷ്ടാക്കളെയും യഷ്ടവ്യരെയും അറിയുന്നവൻ, ദൂതൻകണക്കിനേ – ജനാഭിപ്രായമറിയാന്‍ രാജാവിനാല്‍ നിയുക്തനായ ദൂതന്‍ അതു മനസ്സിലാക്കുന്നതുപോലെ, ഭവാൻ ഞങ്ങളുടെ ഉള്ളറിയുന്നു.

[8] പൂർത്തി – ഇഷ്ടപൂർത്തി. ഇങ്ങ് – ഞങ്ങൾക്ക്. ഉയിര്‍ – ചൈതന്യം.

സൂക്തം 7.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അങ്ങഗ്നേ, കൊണ്ടുവന്നാലു,മതിതാരുണ്യ, ഭാരത,
മികച്ചതായൊളിപെറും പുരുകാമ്യധനം വസോ! 1
സുരന്റെയും നരന്റെയും വൈരമിങ്ങു ഫലിയ്ക്കൊലാ:
സംരക്ഷിയ്ക്കണമാ വിദ്വേഷത്തില്‍നിന്നെങ്ങളെബ്ഭവാൻ! 2
മാററാരെയൊക്കയും, കൊച്ചുനീർത്തോടുകളെയാംവിധം
കടന്നു പോകുമാറാക, ഞങ്ങൾ നിൻതുണയാല്‍ സ്വയം! 3
അഗ്നേ, പാവക, വന്ദിയ്ക്കപ്പെടേണ്ടും ശുചിയാം ഭവാൻ
അതിമാത്രം വിളങ്ങുന്നൂ, ഘൃതഹോമാന്തരങ്ങളില്‍! 4
അഗ്നേ, പൂജിതനാകുന്നു നേർക്കെങ്ങളുടെയാം ഭവാന്‍,
കാള, മച്ചി – ചിനപ്പൈക്കളിവയെക്കൊണ്ടു ഭാരത! 5
നെയ്യില്‍ക്കുളിച്ചു ചമതച്ചാർത്തുണ്ണുന്നോൻ, പുരാതനൻ,
വരേണ്യനായ ഹോതാവു, ബലത്തിൻ മകനദ്ഭുതൻ! 6
കുറിപ്പുകൾ: സൂക്തം 7.

[1] അതിതാരുണ്യ = യുവതമ. ഭാരത – ഋത്വിക്പുത്ര, ഋത്വിക്കുകളാല്‍ ഉല്‍പാദിപ്പിയ്ക്കപ്പെട്ടവനേ. ഒളിപെറും – കനകാദികളാല്‍ തിളങ്ങുന്ന.

[2] ഇങ്ങു – ഞങ്ങളാല്‍. ആ വിദ്വേഷം – ദേവ – നരവൈരം.

[3] സ്വയം – പരാപേക്ഷകൂടാതെ.

[4] ഘൃതഹോമാന്തരങ്ങളില്‍ = നെയ്യു ഹോമിയ്ക്കുന്ന സമയങ്ങളില്‍.

[5] മച്ചി – ചിനപ്പൈക്കൾ = മച്ചിപ്പയ്യും ചിനയുള്ള പയ്യും. ഇവയെക്കൊണ്ട് – ഇവയെ ഹോമിച്ച്.

സൂക്തം 8.

ഗൃത്സമദന്‍ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സ്; അഗ്നി ദേവത.

തുലോം പുകൾപ്പെട്ട ഫലപ്രദനാമഗ്നിതന്നുടെ
രഥാശ്വങ്ങളെ,യന്നൈഷിയെന്നപോലേ സ്തുതിയ്ക്ക നീ! 1
അവിടുന്നു സുനേതാവു, ശുഭാരംഭൻ, ദുരാസദന്‍,
ആരാധിതൻ, പ്രദാതാവിൻ വിരോധിയെ മുടിപ്പവന്‍! 2
ആ ശ്രീമാന്‍ യജ്ഞഗേഹത്തില്‍ വന്നല്ലിലുമുഷസ്സിലും
വാഴ്ത്തപ്പെടുന്നു; വല്ലന്തി തല്‍ക്കർമ്മത്തിന്നു വന്നിടാ! 3
കെടാജ്വാലകളാല്‍പ്പാടേ വെളിച്ചം വീശുവോനവന്‍
വിചിത്രനായ് വിളങ്ങുന്നു, കതിരാല്‍ബ്ഭാനുപോലവേ! 4
ഉക്ഥങ്ങളാ വിഴുങ്ങുന്ന താൻതാന്‍ വിലസുമഗ്നിയെ
വളർത്തുന്നിത; – വൻപക്കലല്ലോ, സർവവിഭൂതിയും! 5
അഗ്നീന്ദ്രസോമപ്രഭൃതിദേവരക്ഷിതരായി നാം,
ഉപദ്രവം പെടാതേ കീഴടക്കാവൂ, രിപുക്കളെ! 6
കുറിപ്പുകൾ: സൂക്തം 8.

[1] സ്വന്തം ഹൃദയത്തോടു പറയുന്നു: അന്നൈഷിയെന്നപോലേ – ഭക്ഷണസാധനങ്ങൾ കൊണ്ടുപോരാൻ കുതിരയെ ഇണക്കുന്നതുപോലെ.

[2] പ്രദാതാവ് – ഹവിസ്സർപ്പിച്ചവന്‍, യജമാനന്‍. വിരോധി = ശത്രു.

[3] വല്ലന്തി = ആപത്ത്, ഇടിവു്. തല്‍ക്കർമ്മം – അഗ്നിയുടെ കർമ്മം.

[5] വിഴുങ്ങന്ന – ശത്രുക്കളെ, അല്ലെങ്കില്‍ ഹവിസ്സുകളെ. സർവവിഭൂതിയും = സമസ്തസമ്പത്തും.

സൂക്തം 9.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

വസിയ്ക്ക, ഹോതാവിഹ ഹോതൃഗേഹേ,
വളർന്നുകത്തും ശുചിജിഹ്വനഗ്നി,
വിദ്വാന്‍, സഹസ്രംഭരന,വ്യപായ-
കർമ്മോല്‍ക്കനൂർജ്ജസ്വി, വസുപ്രവേകൻ! 1
നീ ദൂതനായ് നില്ക്ക; കടത്തി രക്ഷി-
ച്ചെത്തിയ്ക്കുകെ,ങ്ങൾക്കു ധനം വൃഷാവേ;
തെററാതെയസ്മത്തനുപുത്രപൌത്ര-
ത്രാതാവുമാണെന്നറികു,ജ്ജ്വലാഗ്നേ! 2
അഗ്നേ, ഭജിയ്ക്കാം, തിരുവിണ്ണില്‍ നിന്നെ;-
ക്കീഴ്‌വാനിലും ഞങ്ങൾ തുലോം പുകഴ്ത്താം.
പൂജിയ്ക്കുവന്‍, നിൻജനിദേശ: – മിങ്ങാ-
ണല്ലോ, ജ്വലിപ്പിച്ച ഭവാനു ഹോമം! 3
യജിയ്ക്ക നീ യഷ്ട്രുതമന്‍ ഹവിസ്സാല്‍:-
ച്ചിക്കെന്നു വർണ്ണിയ്ക്കുക, ദേയമന്നം;
അഗ്നേ, ഭവാനുറ്റ ധനേശനല്ലോ;
തെളിഞ്ഞ വാക്കൊക്കെയറിഞ്ഞവൻ, നീ! 4
ക്ഷയിച്ചിടാ ദൃക്പ്രിയ, നാളില്‍ നാളില്‍-
പ്പിറന്നിടും നിന്റെ വിഭൂതി രണ്ടും;
നീ കീർത്തിമാനാക്കുക വാഴ്ത്തുവോനെ-
സ്സല്‍പുത്രപിത്തേശനുമാക്കുക,ഗ്നേ! 5
ഇസ്സേനയൊത്തെങ്ങളില്‍ വെയ്ക്ക, നല്‍ദ്ധനം;
നീ കാത്തുരക്ഷിയ്ക്ക, കടത്തി ഞങ്ങളെ;
അഗ്നേ, ധനശ്രീകളൊടാളുക,വ്യഥം
പൂജ്യൻ സുയഷ്ടാവു സുരാർച്ചകൻ ഭവാന്‍! 6
കുറിപ്പുകൾ: സൂക്തം 9.

[1] ഹോതൃഗേഹേ – ഹോതാവിന്റെ ഇരിപ്പിടത്തില്‍, ഉത്തരവേദിയില്‍. വസിയ്ക്ക – സ്ഥിതിചെയ്യട്ടെ. സഹസ്രംഭരന്‍ = ആയിരം (വളരെ) പേരെ ഭരിയ്ക്കുന്നവന്‍. അവ്യപായകർമ്മോല്‍ക്കന്‍ – അപായമില്ലാത്ത കർമ്മങ്ങളില്‍ മനസ്സുവെയ്ക്കുന്നവന്‍: അദ്ദേഹത്തിന്റെ കർമ്മങ്ങൾക്കപായം വരില്ല. വസുപ്രവേകന്‍ = വാസയിതാക്കളില്‍വെച്ചു ശ്രേഷ്ഠൻ.

[2] ദൂതൻ – ഞങ്ങളുടെ യജ്ഞത്തില്‍ ദേവന്മാരെ ക്ഷണിച്ചുവരുത്തുന്നവന്‍. കടത്തി – ആപത്തിന്റെ മറുകരയിലണച്ച്. അസ്മത്തനുപുത്രപൌത്രത്രാതാവ് – ഞങ്ങളുടെ ശരീരത്തെയും പുത്രപൌത്രന്മാരെയും രക്ഷിയ്ക്കുന്നവന്‍. തെററാതെ – വീഴ്ചവരാതെ.

[3] ഭജിയ്ക്കാം – പരിചരിയ്ക്കാം. കീഴ്‌വാനിലും – സ്വർഗ്ഗത്തിന്റെ താഴേ അന്തരിക്ഷത്തിലും. ജനിദേശം = ഉല്‍പത്തിസ്ഥാനം. ഇങ്ങ് – ഉല്‍പത്തിസ്ഥാനത്ത്.

[4] ദേയമന്നം വർണ്ണിയ്ക്കുക – ദേവന്മാർക്കു കൊടുക്കേണ്ടതായ അന്നത്തെ, ‘ഇതു സ്വാദുതരം, ഇതു സ്വാദുതരം’ എന്നിങ്ങനെ അവരോടു വർണ്ണിച്ചുപറയുക. തെളിഞ്ഞ വാക്കു് – ഞങ്ങളുടെ പരിശുദ്ധസ്തുതി.

[5] ദൃക്പ്രിയ – കണ്ണിന്നിഷ്ടപ്പെട്ടവനേ, ദര്‍ശനീയ. നാളില്‍ നാളില്‍ പ്പിറന്നിടും – പ്രതിദിനം അഗ്നിഹോതൃസമയത്തു ജനിയ്ക്കുന്ന. വിഭൂതി രണ്ടും. ദിവ്യസമ്പത്തും, ഭൌമസമ്പത്തും. വാഴ്ത്തുവോൻ = സ്തോതാവു്. സല്‍പുത്രവിത്തേശന്‍ – നല്ല മക്കളുടെയും ധനത്തിന്റെയും അധിപതി.

[6] ഇസ്സേന – ജ്വാലാസമൂഹം. ധനശ്രീകൾ = ധനവും കാന്തിയും. അവ്യഥം – സുഖേന. സുരാർച്ചകൻ – ദേവന്മാരെ ഹവിസ്സർപ്പിച്ചു പൂജിയ്ക്കുന്നവന്‍.

സൂക്തം 10.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

വേദിസ്ഥലേ മർത്ത്യർ വളർത്തുമാദ്യന്‍,
ഹ്വാതവ്യനാമഗ്നിയൊരച്ഛനത്രേ:
നിഷേവ്യന,ന്നം തരുമബ്ബലിഷ്ഠന്‍
തേജസ്സുടുപ്പോനമൃതൻ വിബുദ്ധൻ! 1
വിശ്വസ്തവം മേ വിളി കേൾക്കുക,ഗ്നി
വിചിത്രതേജസ്സമൃതൻ വിബുദ്ധന്‍:
കൃഷ്ണാരുണശ്വേതഹയങ്ങളത്രേ,
തൃത്തേര്‍ വഹിപ്പൂ; പെരുമാറുമെങ്ങും! 2
മലർന്ന പെണ്ണില്‍ജ്ജനിതൻ ക്രിയാർത്ഥ;-
മീയഗ്നി നാനൌഷധിഗർഭമാകും;
രാവിങ്കലും ചെറ്റിരുളേറ്റിടാതെ
തേജസ്വിയായ് വാണരുൾവൂ പ്രബുദ്ധൻ! 3
ആളിപ്പു ഞാനഗ്നിയെ നൈഹവിസ്സാൽ,-
പ്പാരിങ്കലെല്ലാം മരുവും മഹാനെ,
വളർന്നു നീളെ ദ്യുതി വീശുവോനെ,-
ബഹ്വന്നനെ,ദൃശ്യനെ, വേഗവാനെ! 4
കൈക്കൊള്ളുകെ,ങ്ങും നടകൊള്ളുമഗ്നി
നിര്‍ബാധമായ് വാഴ്ത്തിടുമെന്റെ ഹവ്യം:
യഥേഷ്ടവർണ്ണന്‍, മനുജർക്കു സേവ്യന്‍,
സ്പർശിച്ചുകൂടാത്തവനാ, മഹസ്വി! 5
നിൻപ്രേരണത്താല്‍, മനുപോലെ ഞങ്ങൾ
ചൊല്ലും സ്തവം കേൾക്ക, പരന്തപന്‍ നീ:
അനൂനനാമഗ്നിയെ ഞാൻ ധനാർത്ഥം,
തേന്‍ തൂകുവോനെജ്ജുഹുവാല്‍ വിളിപ്പൻ! 6
കുറിപ്പുകൾ: സൂക്തം 10.

[1] വളർത്തും – ജ്വലിപ്പിയ്ക്കുന്ന. ഹ്വാതവ്യന്‍ = വിളിയ്ക്കപ്പെടേണ്ടുന്നവന്‍. അച്ഛന്‍ അച്ഛനെന്നപോലെ രക്ഷിയ്ക്കുന്നവൻ. നിഷേവ്യന്‍ – പരിചരണീയനാകുന്നു.

[2] വിശ്വസ്തവം മേ വിളി – എന്റെ സർവസ്തോത്രസഹിതമായ ആഹ്വാനം. കൃഷ്ണാരുണശ്വേതഹയങ്ങൾ = കറുത്തവയോ ചെമന്നവയോ വെളുത്തവയോ ആയ അശ്വങ്ങൾ. തൃത്തേര്‍ – അവിടുത്തെ രഥം. പെരുമാറുമെങ്ങും – അവിടുന്ന് എല്ലാടത്തും വിഹരിയ്ക്കുന്നു.

[3] മലർന്ന പെണ്ണില്‍ – അരണിയില്‍. ക്രിയാർത്ഥം ജനിതന്‍ – അഗ്നിഹോത്രത്തിന്നായി ഉൽപാദിപ്പിയ്ക്കപ്പെട്ടവൻ. നാനൌഷധിഗർഭമാകും – വിവിധസസ്യങ്ങളുടെ അന്തർഭാഗത്തു വർത്തിയ്ക്കും.

[4] ദ്യുതി = ശോഭ. ദൃശ്യന്‍ = ദർശനീയന്‍.

[5] എങ്ങും – യജ്ഞസ്ഥലങ്ങളിലൊക്കെ. യഥേഷ്ടവർണ്ണന്‍ – യജമാനന്റെ ഇച്ഛയ്ക്കൊത്ത നിറം വഹിയ്ക്കുന്നവന്‍. സ്പർശിച്ചുകൂടാത്തവന്‍ – തൊട്ടാല്‍ പൊള്ളുമല്ലോ. മഹസ്വി = തേജസ്സു തഴച്ചവൻ.

[6] പരന്തപന്‍ = ശത്രുക്കളെ തപിപ്പിയ്ക്കുന്നവന്‍. അനൂനന്‍ = പൂർണ്ണന്‍. തേന്‍ – മധുരമായ കർമ്മഫലം. തൂകുവോനെ – യജമാനങ്കൽ പൊഴിയ്ക്കുന്നവനെ.

സൂക്തം 11.

ഗൃത്സമദന്‍ ഋഷി; വിരാട്സ്ഥാനയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (മാകന്ദമഞ്ജരി)

കേൾക്കിന്ദ്ര, മല്‍സ്തുതി, തള്ളൊല്ലേ; ഞങ്ങളി-
ലാക്കിയാല്‍ക്കൊള്ളാം, നിന്നർത്ഥദാനം:
വായ്പിയ്ക്കുമല്ലോ, ഭവാനെദ്ധനൈഷിയും
നൈപ്പുഴയ്ക്കൊത്തതുമാമീയന്നം! 1
ശൂര, നീ വായ്പിയ്ക്കെ വൃത്രൻ തടുത്ത വന്‍-
നീരിന്ദ്ര, ധാരാളം വർഷിച്ചു നീ:
സ്തുത്യാ വളർന്നു പിളർത്തിനാനല്ലോ നീ,
മൃത്യുവില്ലെന്നോർത്ത വിധ്വംസിയെ! 2
ഉക്ഥവും രുദ്രിയസ്തോമവുമിന്ദ്ര, നീ
വിദ്രുതമിച്ഛിപ്പോനല്ലോ, ശൂര:
ഇങ്ങോട്ടെഴുന്നള്ളും നിൻനേർക്കേ പായുന്നി-
ത,ങ്ങയ്ക്കൻപേകുമീ സ്വച്ഛോക്തികൾ! 3
വെക്കം, വിളങ്ങും നിൻകെല്പു വളർത്തെങ്ങൾ
തൃക്കയ്യിൽ വെയ്ക്കാം, വിളങ്ങും വജ്രം:
ഇന്ദ്ര, വളർന്നു വിളങ്ങി നീയസ്ത്രത്താല്‍
വെന്നരുൾകെ,ങ്ങൾതന്‍ ധ്വംസകരെ! 4
കാണപ്പെടാതൊളിച്ചേതോ മടയ്ക്കുള്ളില്‍
വാണാ,കാശത്തെയും വെള്ളത്തെയും
മായയാല്‍ സ്തംഭിപ്പിച്ചീടിന വൃത്രനെ
നീയല്ലോ, വീര്യത്താല്‍ക്കൊന്നു ശൂര! 5
വാഴ്ത്താം, ജവേന നിന്‍പൂർവവന്‍കർമ്മങ്ങൾ;
വാഴ്ത്താം, നവങ്ങളുമിന്ദ്ര, ഞങ്ങൾ;
വാഴ്ത്താമേ, സൂര്യനാം നിന്റെ ഹരികളെ;
വാഴ്ത്താം, തൃക്കയ്യില്‍ വിളങ്ങും വജ്രം! 6
നിന്റെ ഹരിദ്വയം പാഞ്ഞെത്തിച്ചിക്കെന്നു
നീര്‍ പെയ്യുമാറിടിയൊച്ച കൂട്ടീ:
പാരൊട്ടുക്കിന്ദ്ര, കിടന്നുപുളച്ചിതു;
കാറുമുലാത്തി രമിയ്ക്കയായി! 7
ശ്രദ്ധ വിടാതേ വർത്തിച്ച കാറ,മ്മമാ-
രൊത്തൊച്ചയിട്ടു നടന്നിതെങ്ങും;
ദൂരേ വളർത്തിപ്പരത്തിനാരി,ന്ദ്രനാല്‍
പ്രേരിതയാകിയ ഭാരതിയെ! 8
ആയതമായ വെളളത്തില്‍ക്കിടന്നോരു
മായിയാം വൃത്രനെക്കൊന്നാനിന്ദ്രൻ;
ഭൂവംബരങ്ങൾ പേടിച്ചു വിറച്ചുപോ-
യീ, വർഷകന്റെ വജ്രാരവത്താല്‍! 9
ആ മർത്ത്യാതീതനെക്കൊല്കേ വൃഷാവാമി-
ദ്ധീമാന്റെ വജ്രമിരമ്പീ പാരം;
മായ്ച്ചുകളഞ്ഞാനേ, സോമം നുകർന്നിട്ടു
മായാവിദാനവമായകളെ! 10
‘ഇന്ദ്ര,കുടിയ്ക്ക, കിസ്സോമം നീ:
നന്ദി വളർക്ക, തേ മത്തേകം നീർ;
ശൂര, വീർക്കട്ടേ, നിൻകക്ഷി, യെന്നായ്പ്പിഴി-
ഞ്ഞോരു നീരിന്ദ്രനെത്തർപ്പിയ്ക്കട്ടേ! 11
നിന്നിൽ വാഴട്ടെയോ മേധാഢ്യരാമെങ്ങൾ?
നിന്നെത്തൊട്ടിച്ഛയാ ചെയ്യാം, കർമ്മം;
ഇങ്ങിന്ദ്ര, രക്ഷയ്ക്കായ് വാഴ്ത്തിടാ;-മിപ്പൊഴേ
ഞങ്ങളിലാക, നിന്നർത്ഥദാനം! 12
ദേവ, നിൻകൂട്ടരാകാവൂ, നിൻനേതൃത്വാൽ
സ്വാവനമോർത്തന്നം കൂട്ടുമെങ്ങൾ:
തന്നരുൾകെ, ങ്ങൾതന്നിച്ഛയ്ക്കൊത്തിന്ദ്ര, നൽ-
ത്രാണിയും വീരരും ചേർന്ന ധനം! 13
നല്കി, ല്ലമെങ്ങൾക്കു; നല്ക, നീ മിത്രത്തെ;
നല്കെ,ങ്ങൾക്കിന്ദ്ര, മരുൽബലവും;
ഒപ്പമൻപാർന്നു വന്നിമ്പംപിടിച്ചിവർ
മുല്പാടു സേവിപ്പോരല്ലോ, സോമം! 14
നിന്നെ മത്താടിപ്പോർ മോന്തട്ടേ സോമം; നീ
തന്നുറപ്പിന്നായ്ക്കുടിയ്ക്കുകിന്ദ്ര;
വായ്പിയ്ക്ക, വമ്പരാം പൂജ്യരൊത്തെങ്ങളെ-
ക്കോപ്പിനാൽത്താരക, വിണ്ണിനെയും! 15
ഉക്ഥത്താൽസ്സൗഖ്യദ, നിന്നെബ്ഭജിപ്പവ-
രുൽക്കർഷം താരക, നേടും വെക്കം;
ദർഭ വിരിപ്പോർക്കുമിന്ദ്ര, ലഭിയ്ക്കുമേ,
ത്വൽപരിരക്ഷയാൽ വീടും ചോറും! 16
സാഹ്ലാദം ശൂര, കുടിയ്കുകി, സ്സോമം നീ
സാഘോഷാഭിപ്ലവികാഹങ്ങളിൽ;
മീശ കടഞ്ഞഥ പോയ്ക്കൊൾക, സാശ്വനായ്-
ത്തോഷമാർന്നിന്ദ്ര, നീ നീർ കുടിപ്പാൻ! 17
എട്ടുകാലിയ്ക്കൊത്ത ദാനവവൃത്രനെ-
യിട്ടു പിളർത്ത കെല്പേന്തുകിന്ദ്ര!
ധന്യർക്കായ്ശ്ശൂര, തുറന്നു വെളിച്ചം നീ;
നിന്നിടത്തായ് വീണാന,ദ്ധ്വംസകൻ! 18
വൃദ്ധിയാർജ്ജിയ്ക്കാവൂ, ഞങ്ങൾ നിൻപാലനാൽ-
ശ്ശത്രുദസ്യക്കളെയെല്ലാം പോക്കി:
ചേർത്തരുൾകെ,ങ്ങളിൽ ത്വാഷ്ടനെക്കൊന്ന കെ-
ല്പാ, ത്രിതന്നർപ്പിച്ച മൈത്രിയെയും! 19
മത്തേകം നീർ പിഴിഞ്ഞാ ത്രിതന്നായ് മുതി-
ന്നസ്തമിപ്പിച്ചാന,ങ്ങർബുദനെ;
കൊന്നാൻ ചുഴററിയ ഭാസ്കരചക്രംകൊ-
ണ്ടിന്ദ്രൻ വലനെയും സാംഗിരസ്സായ് ! 20
വാഴ്ത്തുവോർക്കുത്തമാർത്ഥത്തെച്ചുരത്തുമേ,
രാധ്യനാമിന്ദ്ര, നിന്‍ദാനലക്ഷ്മി;
നല്ക,തീ സ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ: 21
കുറിപ്പുകൾ: സൂക്തം 11.

[1] നിന്റെ അർത്ഥദാനം ഞങ്ങളിലാക്കിയാല്‍ക്കൊള്ളാം – നിന്റെ ധനദാനത്തിനു ഞങ്ങളെ പാത്രമാക്കിയാലും. ധനൈഷി – യജമാനന്നു ധനലാഭത്തെ ഇച്ഛിയ്ക്കുന്നതു്. അന്നം – ഹവിസ്സുകൾ.

[2] വന്‍നീര്‍ = മഹത്തായ ജലം. സ്തുത്യാ = സ്തുതിയാല്‍. മൃത്യുവില്ലെന്നോർത്ത – തനിയ്ക്കു മരണമില്ലെന്നഭിമാനിച്ച. വിധ്വംസി – വിശ്വം മുടിയ്ക്കുന്ന വൃത്രന്‍.

[3] രുദ്രിയസ്തോമം = സുഖകരമായ സ്തോമം. അന്‍പ് – ഹർഷം. ഈ സ്വച്ഛോക്തികൾ – ഉക്ഥവും സ്തോമവും; രണ്ടുതരം സ്തോത്രങ്ങൾ.

[4] അസ്ത്രം = ആയുധം. വെന്നരുൾക – കല്പിച്ചു ജയിച്ചാലും. ധ്വംസകര്‍ – നാശകര്‍; അസുരാദികൾ.

[6] പൂർവവന്‍കർമ്മങ്ങൾ = പണ്ടത്തെ മഹാകർമ്മങ്ങൾ. നവങ്ങൾ – ഇപ്പോഴത്തെ കർമ്മങ്ങൾ. സൂര്യന്‍ – സൂര്യരുപന്‍. ഹരികൾ – ഹരികൾ എന്ന രണ്ടശ്വങ്ങൾ.

[7] കിടന്നുപുളച്ചിതു – മഴ പെയ്യുമെന്ന ആഹ്ലാദത്താല്‍. ഉലാത്തി – വർഷണത്തിന്നു് എങ്ങും സഞ്ചരിച്ച്.

[8] അമ്മമാര്‍ – ജലങ്ങൾ. ഭാരതിയെ – അന്തരിക്ഷവാണിയെ, ശബ്ദത്തെ. പരത്തിനാര്‍ എന്നതിന്റെ കര്‍ത്തൃപദമായി മരുത്തുക്കളെ അധ്യാഹരിയ്ക്കണം: ശബ്ദത്തെ മരുത്തുക്കൾ വ്യാപിപ്പിച്ചു.

[9] ആയതം – വിശാലം. വർഷകൻ = വൃഷാവ്, ഇന്ദ്രന്‍.

[10] മർത്ത്യാതീതൻ – താനൊരു മർത്ത്യനല്ല എന്നഭിമാനിച്ചവൻ. ഉത്തരാർദ്ധത്തില്‍ ധീമാന്‍ കര്‍ത്തൃപദം. മായാവിദാനവമായകൾ = മായാവിയായ ദാനവന്റെ (വൃത്രന്റെ) മായകൾ.

[11] നന്ദി വളർക്ക തേ – അങ്ങയ്ക്ക് ആഹ്ലാദം വളർത്തട്ടെ. എന്നായ് – എന്നിങ്ങനെ പ്രാർത്ഥിച്ചുകൊണ്ട്. തർപ്പിക്കുക = സന്ത്യപ്തനാക്കുക.

[12] നിന്നെത്തൊട്ട് – അങ്ങയെ പരിചരിച്ച്. ഇച്ഛയാ – ഫലാഭിലാഷത്തോടേ. ഇപ്പോഴെ – ഉടനെ.

[13]നിൻനേതൃത്വാൽ സ്വാവനമാർത്ത് = അങ്ങയുടെ നേതൃത്വത്തിൽ നിന്നു സ്വരക്ഷ കിട്ടണമെന്നിച്ചിച്ച്. അന്നം കൂട്ടും – ഹവിസ്സു ധാരാളം സംഭരിയ്ക്കുന്ന.

[14]ഇല്ലം = ഗൃഹം. മരുൽബലം = മരുത്തുക്കളുടെ ബലം. മരുത്തുക്കൾക്കത്രേ. ആദ്യം സോമം.

[15] നിന്നെ മത്താടിപ്പോർ – അങ്ങയെ ഇമ്പപ്പെടുത്തുന്ന മരുത്തുക്കൾ. ഉറപ്പ് – മനോദാർഢ്യം. അഥവാ ദേഹബലം. പൂജ്യരൊത്ത് – മരുത്തുക്കളോടു കൂടി. കോപ്പ് – പശുപുത്രാദിസമ്പത്ത്. താരക – പാപങ്ങളെ കടത്തിവിടുന്നവനേ. വിണ്ണിനെയും – ഞങ്ങളെ അഭിവൃദ്ധിപ്പെടുത്തി, അതുകൊണ്ടുതന്നെ സ്വർഗ്ഗത്തെയും അഭിവൃദ്ധിപ്പെടുത്തിയാലും; ഞങ്ങളുടെ യാഗമാണല്ലോ. സ്വർഗ്ഗത്തിന്റെ സമ്പത്ത്.

[17] സാഘോഷാഭിപ്ലവികാഹങ്ങൾ – സ്തോത്രഘോഷത്തോടുകൂടിയ ‘ത്രികദ്രുക’കർമ്മദിവസങ്ങൾ. അഥ = അനന്തരം. മീശ കടഞ്ഞ് – മീശമേൽ പറ്റിയ സോമരസം കടഞ്ഞുകളഞ്ഞ്. സാശ്വനായ് – ഹരികളോടുകൂടി. നീർകുടിപ്പാൻ – മറ്റു യാഗങ്ങളിൽ

[18] ധന്യർ – കർമ്മാനുഷ്ടാതാക്കൾ. വെളിച്ചം തുറന്നു – സൂര്യന്റെ മൂടൽ നീക്കി. ഇടത്തായ് = ഇടത്തുവശത്ത്.

[19] ത്വാഷ്ടൻ – ത്വഷ്ടാവിന്റെ മകനായ വിശ്വരൂപൻ. ത്രിതൻ – ത്രി തന്നെന്ന മഹർഷി.

[20] അങ്ങയ്ക്കു തരാൻ, മത്തുണ്ടാക്കുന്ന സോമനീര്‍ പിഴിഞ്ഞ ആ ത്രിതന്നുവേണ്ടി മുതിർന്നു് (സോമപാനത്താല്‍ വളർന്ന്) അങ്ങ് അര്‍ബുദനെന്ന അസുരനെ അസ്തമിപ്പിച്ചു (നശിപ്പിച്ചു). ഭാസ്കരചക്രംകൊണ്ട് – സൂര്യന്റെ രഥചക്രങ്ങളിലൊന്നെടുത്ത്, അതുകൊണ്ട്. സാംഗിരസ്സായ് = അംഗിരസ്സുകളോടുകൂടി. പണികൾ എന്ന അസുരന്മാരുടെ തലവനത്രേ, വലൻ. ഉത്തരാർദ്ധം പരോക്ഷം.

[21] ഉത്തമാർത്ഥത്തെച്ചുരത്തുമേ – തീർച്ചയായും ശ്രേഷ്ഠധനത്തെ നല്കും. രാധ്യന്‍ = ആരാധ്യൻ. അതു് ഉത്തമാർത്ഥം. ഈ സ്തോതാക്കൾക്കു് – ഞങ്ങൾക്ക്. സുവീരര്‍ = നല്ല വീരന്മാരോടുകൂടി.

സൂക്തം 12.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

ആര്‍ ജനിച്ചപ്പോൾത്തന്നേ പ്രധാനനും അതിമനസ്വിയും ദേവനുമായിട്ടു, കർമ്മംകൊണ്ടു ദേവന്മാർക്കു മേലാളായിച്ചമഞ്ഞുവോ; ആരുടെ ബലത്താല്‍ വാനൂഴികൾ പേടിച്ചുപോയോ; ആളുകളേ, ഒരു വമ്പിച്ച സൈന്യവുമുള്ള അദ്ദേഹമാണ്, ഇന്ദ്രൻ! 1

ആര്‍ ഭൂമിയുടെ ഇളക്കം മാറ്റിയോ; ആര്‍ ചീറിപ്പറന്നിരുന്ന പർവതങ്ങളെ അടക്കിനിർത്തിയോ; ആര്‍ അന്തരിക്ഷത്തിന്നു വീതി കൂട്ടിയോ; ആര്‍ വാനിനെ ഉറപ്പിച്ചുവോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 2

ആര്‍ മേഘത്തെ പിളർത്തു, സപ്തനദികളെ പ്രവഹിപ്പിച്ചുവോ; വലന്‍ തടഞ്ഞുനിർത്തിയ ഗോക്കളെ ആര്‍ വിടുവിച്ചുവോ; ആര്‍ ഇരുമേഘങ്ങളുടെഇടയില്‍ അഗ്നിയെ ഉല്‍പാദിപ്പിച്ചുവോ ആളുകളേ, യുദ്ധങ്ങളില്‍ വധിയ്ക്കുന്ന അദ്ദേഹമാണ്, ഇന്ദ്രന്‍! 3

ആര്‍ ഈ ഭുവനങ്ങളെ വീഴാതാക്കിയോ; ആര്‍ താന്ന മുടിയന്മാരെ കുഴിയില്‍ മൂടിയോ; ലക്ഷ്യത്തെ വെല്ലുന്നവനായ ആര്‍ ശത്രുവിന്റെ സമൃദ്ധിയെ, ഒരു വേടനെന്നപോലെ കൈക്കലാക്കുമോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 4

ആ ഘോരനെ ആളുകൾ ചോദിയ്ക്കും, ‘അയാളെവിടെ?’ എന്ന് അല്ലെങ്കില്‍ അദ്ദേഹത്തെപ്പറ്റി പറയും, ‘അയാളില്ലെ’ന്നു്. എന്നാല്‍, അദ്ദേഹം പേടിപ്പിച്ചുതന്നേ മുടിയ്ക്കും, ശത്രുവിന്റെ മുതല്‍. ആളുകളേ, അദ്ദേഹത്തെ വിശ്വസിപ്പിൻ: അദ്ദേഹമാണ്, ഇന്ദ്രന്‍! 5

ആര്‍ സമ്പന്നന്നും, ആര്‍ ദരിദ്രന്നും. ആര്‍ യാചിച്ചു സ്തുതിക്കുന്ന ബ്രഹ്മജ്ഞന്നും ധനം അയച്ചുകൊടുക്കുന്നുവോ; അഴകൊത്ത ശിരസ്സുള്ള ആര്‍ സോമം അമ്മിക്കുഴകൊണ്ടു ചതച്ചു പിഴിഞ്ഞവനെ രക്ഷിച്ചരുളുമോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 6

അശ്വങ്ങൾ ആരുടെ, ഗോക്കൾ ആരുടെ, ഗ്രാമങ്ങൾ ആരുടെ, എല്ലാ രഥങ്ങളും ആരുടെ ചൊല്ക്കീഴില്‍ നില്ക്കുന്നുവോ; സൂര്യനെ ആര്‍, ഉഷസ്സിനെ ആര്‍ ജനിപ്പിച്ചുവോ; വെള്ളം ആര്‍ വർഷിച്ചുവോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 7

ചേർന്നുനില്ക്കുന്ന വാനൂഴികളും, ഉത്തമര്‍ അധമര്‍ എന്ന രണ്ടു തരം ശത്രുക്കളും ആരെ ആഹ്വാനംചെയ്യുന്നുവോ; ഒരേ തേരിലിരിയ്ക്കുന്ന ഇരുവര്‍ ആരെ നാനാപ്രകാരേണ വിളിയ്ക്കുന്നുവോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രൻ! 8

ആളുകൾ ആരെക്കൂടാതെ ജയം നേടില്ലയോ; പൊരുതുന്നവര്‍ രക്ഷയ്ക്ക് ആരെ വിളിയ്ക്കുന്നുവോ; സർവലോകത്തിന്നും പ്രതിനിധി ആരോ; ആര്‍ വീഴാത്തവയേയും വീഴിയ്ക്കുമോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രൻ! 9

തന്നെത്താനറിയാത്ത വളരെ മഹാപാപികളെ ആര്‍ വജ്രംകൊണ്ടു വധിച്ചുവോ; ആര്‍ ഉങ്കുകാരന്ന് ഉത്തമകർമ്മം കൊടുക്കില്ലയോ; ആര്‍ മുടിയനെ മുടിയ്ക്കുമോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 10

ആര്‍ മലകളിലൊളിച്ച ശംബരനെ നാല്പതാംസംവത്സരത്തില്‍ കണ്ടുപിടിച്ചുവോ; കെല്പെടുത്തു പൊരുതിയ ആ ദാനവനെ ആര്‍ കൊന്നുവീഴ്ത്തിയോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 11

സപ്തരശ്മിയും വർഷിതാവും ബലവാനുമായ ആര്‍ സപ്തനദികളെ ഒഴുകിച്ചുവോ; സ്വർഗ്ഗത്തിലെയ്ക്കു കേറുന്ന രൌഹിണനെ ആര്‍ വജ്രമെടുത്തു വധിച്ചുവോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 12

വാനൂഴികൾ ആരെ വണങ്ങുന്നുവോ; പർവതങ്ങൾ ആരുടെ ബലത്തെ പേടിയ്ക്കുന്നുവോ സോമപനും, ദൃഢഗാത്രനും, വജ്രതുല്യബാഹുവും വജ്രപാണിയും ആരോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രൻ!13

ആര്‍ സോമം പിഴിയുന്നവനെ, ആര്‍ പചിയ്ക്കുന്നവനെ, ആര്‍ രക്ഷയ്ക്കു ‘ശസ്ത്ര’ങ്ങൾ ചൊല്ലുന്നവനെ, ആർ സ്തുതിയ്ക്കുന്നവനെ രക്ഷിയ്ക്കുമോ; ആരെ ഉല്‍കൃഷ്ടസ്തോത്രം, ആരെ സോമം, ആരെ ഈ അന്നം വർദ്ധിപ്പിയ്ക്കുമോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 14

പിഴിയുന്നവന്ന്, പചിയ്ക്കുന്നവന്ന് അന്നമെത്തിച്ചുകൊടുക്കുന്ന ഭവാന്‍ ദുര്‍ജ്ഞേ യനെങ്കിലും സത്യൻതന്നെ. ഇന്ദ്ര, ഞങ്ങൾ അങ്ങയ്ക്കു പ്രിയപ്പെട്ടവരും ശോഭനവീരാന്വിതരുമായിട്ടു, നാൾതോറും സ്തോത്രം ചൊല്ലുമാറാകണം! 15

കുറിപ്പുകൾ: സൂക്തം 12.

[1] ഗൃത്സമദന്റെ യജ്ഞത്തില്‍ ചെന്ന ഇന്ദ്രൻ ഏകാകിയാണെന്നറിഞ്ഞിട്ട്, അദ്ദേഹത്തെ അസുരന്മാർ വളഞ്ഞു. അപ്പോൾ ഇന്ദ്രന്‍ ഗൃത്സമദന്റെ വേഷത്തിൽ യാഗശാലയില്‍നിന്നു പുറത്തെയ്ക്കിറിങ്ങി, സ്വർഗ്ഗത്തിലെയ്ക്കു പോയി. അസുരന്മാരാകട്ടേ, ‘ഇന്ദ്രൻ വരാൻ വൈകിയ്ക്കയാണെ’ന്നു കരുതി അകത്തു കടന്നു. അവിടെ ഗൃത്സമദൻമാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍, ‘ഗൃത്സമദന്‍ പോയല്ലോ; ഇയ്യാൾ നമ്മെപ്പേടിച്ചു ഗൃത്സമദരൂപം ധരിച്ചിരിയ്ക്കുന്ന ഇന്ദ്രനാണെ’ന്നു നിശ്ചയിച്ച്, അസുരന്മാർ അദ്ദേഹത്തെ കടന്നുപിടിച്ചു. അപ്പോൾ അദ്ദേഹം, ‘ഞാനല്ല ഇന്ദ്രന്‍’ എന്നു് അവരോടു പറയുന്നു: (ഈ ഇതിഹാസം വേറേ രണ്ടുമൂന്നുവിധത്തിലുമുണ്ട്; മഹാഭാരതത്തിലേതാണ് ഇവിടെ കാണിച്ചത്.) അദ്ദേഹമാണ്, ഇന്ദ്രന്‍ – തുച്ഛനായ ഞാനല്ല.

[3] അഗ്നി – വൈദ്യുതാഗ്നി.

[4] വീഴാതാക്കുക – ഉറപ്പില്‍ നിർത്തുക. താന്ന മുടിയന്മാര്‍ – നികൃഷ്ടരായ വിധ്വംസകന്മാർ, അസുരന്മാര്‍. കുഴിയില്‍ മൂടുക – കൊല്ലുക, അഥവാ നരകത്തില്‍ വീഴ്ത്തുക. ലക്ഷ്യത്തെ വെല്ലുന്നവന്‍ – എതിരാളികളെ ജയിയ്ക്കുന്നവന്‍. ഒരു വേടനെന്നപോലെ – വേടന്‍ ഉദ്ദേശിച്ച മൃഗത്തെ പിടിയ്ക്കുന്നതുപോലെ.

[5] ഘോരന്‍ – ശത്രുഘാതകനായ ഇന്ദ്രന്‍.

[6] പിഴിഞ്ഞവനെ – യജമാനനെ.

[7] ജനിപ്പിയ്ക്കുക – മൂടല്‍ നീക്കി വെളിപ്പെടുത്തുക.

[8] രണ്ടുതരം ശത്രുക്കളും – സ്വസ്വവിജയത്തിന്നായി.

[9] വീഴാത്തവ – പർവതാദികൾ.

[10] ഉങ്കുകാരൻ – അഹങ്കാരി.

[12] സപ്തരശ്മി – വരാഹു, സ്വതപസ്സ്, വിദ്യുന്മഹസ്സ്, ധൂപി, ശ്വാപി, ഗൃഹമേധം, അശിമിവിദ്വിട്ട് എന്നീ ഏഴു പർജ്ജന്യ(വർഷക)രശ്മികളോടുകൂടിയവന്‍. രൌഹിണന്‍ – ഒരസുരൻ.

[14] ഈ അന്നം – ഞങ്ങളുടെ പുരോഡാശവും മറ്റും.

[15] ഇന്ദ്രനോടു നേരിട്ടു പറയുന്നു: സത്യന്‍ – എളുപ്പത്തിൽ അറിയപ്പെടാവുന്നവനല്ലെങ്കിലും യഥാർത്ഥഭൂതൻ.

സൂക്തം 13.

ഗൃത്സമദന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

ഋതു പെറ്റ സോമലത ചിക്കെന്നു് അമ്മയുടെ അടുക്കല്‍നിന്നു, വളർച്ച വരുത്തുന്ന വെള്ളത്തില്‍ മുഴുകി; അതിനാല്‍ ചതയ്ക്കാവുന്നതായിത്തീർന്ന അതില്‍നിന്ന് ഒരു കുഴമ്പു ധാരാളം പുറപ്പെട്ടു. ആ അമൃതു മികച്ചതും സ്തുത്യവുംതന്നെ! 1

ഒത്തൊരുമിച്ചു ജലം വഹിയ്ക്കുന്ന ഈ നദികൾ അംഭോനിധിയ്ക്ക് ആഹാരം കൊണ്ടുപോകയാണു്: വഴി ഒന്നേ ഉള്ളുവല്ലോ, കിഴ്പോട്ടൊഴുകാൻ. ഇവ മുമ്പേ ചെയ്തുവെച്ച ഭവാൻ സ്തുത്യൻതന്നെ! 2

ഒരാൾ നല്കപ്പെടുന്നത് എടുത്തുപറയുന്നു; ഒരാൾ പ്രാണികളെ വിശസിച്ച്, അതേ കർമ്മവുമായി നടക്കുന്നു; ഒരാളുടെ പിഴയെല്ലാം പൊറുക്കപ്പെടുന്നു. ഇവ മുമ്പേ ചെയ്തുവെച്ച ഭവാൻ സ്തുത്യൻ തന്നെ! 3

വേണ്ടുവോളം പൊറുപ്പുമുതല്‍, അതിഥിയ്ക്കെന്നപോലെ, ഗൃഹസ്ഥര്‍ ധനം മക്കൾക്കു പങ്കിട്ടുകൊടുക്കുന്നു; അച്ഛന്‍ നല്കിയ ഭോജനം വെറുതെയിരിയ്ക്കുന്നവന്‍ കടിച്ചുചവച്ചു ഭക്ഷിയ്ക്കുന്നു. ഇവ മുമ്പേ ചെയ്തുവെച്ച ഭവാന്‍ സ്തുത്യൻതന്നെ! 4

വൃത്രഹന്താവേ, ഭവാന്‍ ഭൂമിയെ സൂര്യന്നു കാണാവുന്നതാക്കി നിർത്തി; നദികളുടെ വഴികൾ നന്നാക്കി. അതിനാല്‍, ദേവനായ ഭവാനെ സ്തോതാക്കൾ, കുതിരയെ വെള്ളംകൊണ്ടെന്നപോലെ, സ്തോത്രംകൊണ്ടു വർദ്ധിപ്പിച്ചു. ആ ഭവാന്‍ സ്തുത്യന്‍തന്നെ! 5

ഭവാന്‍ ഭക്ഷണവും ജലവും നല്‍കുന്നു; നനഞ്ഞതില്‍നിന്ന് ഉണങ്ങിയ മധുരവസ്തു കറന്നെടുക്കുന്നു; പരിചരിയ്ക്കുന്നവങ്കല്‍ ധനം ഈടുവെയ്ക്കുന്നു; ലോകത്തിനൊക്കെ ഭവാനൊരാളാണ്, ഈശൻ. ആ ഭവാൻ സ്തുത്യൻതന്നെ! 6

ഭവാനാണല്ലോ, പൂക്കുന്നവയും കായ്ക്കുന്നവയുമായ ഓഷധികളെ ധർമ്മംകൊണ്ടു വയലില്‍ നിർത്തിയത്; മഹാനായ ഭവാനാണല്ലോ, എങ്ങും മഹത്തുക്കളെയും, ഒളിമിന്നുന്ന വിവിധനക്ഷത്രങ്ങളെയും സൃഷ്ടിച്ചതു്; ആ ഭവാന്‍ സ്തുത്യൻതന്നെ! 7

ബഹുകർമ്മാവേ, ഭവാനാണല്ലോ, അന്നത്തിന്നും ദസ്യുവിനാശത്തിന്നുംവേണ്ടി, നൃമരപൃത്രനായ സഹവസുവിനെ ഹനിപ്പാൻ ഉടനടി വജ്രത്തിന്റെ സ്വച്ഛമായ വായില്‍ കടത്തിയത്; ആ ഭവാൻ സ്തുത്യൻതന്നെ! 8

ആയിരമുണ്ടല്ലോ, ഭവാനൊരാൾക്കു സുഖത്തിന്ന്; എല്ലാവർക്കും ഭവാനാണ്, അന്നദാതാവ്: സ്തുതിപ്പിയ്ക്കുന്നവനെ ഭവാന്‍ രക്ഷിച്ചു; ദഭീതിയ്ക്കുവേണ്ടി, ദസ്യുക്കളെ ഭവാൻ തടവിലിട്ടു കൊന്നു. സുപ്രാപനായിത്തീർന്ന ആ ഭവാന്‍ സ്തുത്യൻതന്നെ! 9

നദികളെല്ലാം ഭവാന്റെ പൌരുഷത്തെ അനുവർത്തിയ്ക്കുന്നു; ഭവാന്നു സമർപ്പിയ്ക്കുന്നു; ധനം ഭവാന്റെ കർമ്മത്തിന്നു വെയ്ക്കുന്നു; ആറു വിശാലവസ്തുക്കളെ വ്യവസ്ഥാപിച്ചതു, ഭവാനാണ്; ഭവാന്‍ പഞ്ചജനങ്ങളെ എങ്ങും പാലിയ്ക്കുന്നു. ആ ഭവാന്‍ സ്തുത്യൻതന്നെ! 10

വീര, തുലോം വര്‍ണ്ണനീയമാണ്, ഭവാന്റെ വീര്യം: ഒറ്റക്കർമ്മംകൊണ്ടാണല്ലോ, ഭവാൻ ധനം കൈക്കലാക്കുന്നത്! ബലവാനായ ജാതൂഷ്ഠിരന്നു ഭവാന്‍ അന്നം കല്പിച്ചു കൊടുത്തു. ഇന്ദ്ര, ഇതൊക്കെ ചെയ്ത ആ ഭവാൻ സ്തുത്യന്‍തന്നെ! 11

തുർവീതിയ്ക്കും വര്യന്നുംവേണ്ടി, ഭവാന്‍ നദീപ്രവാഹത്തെ സുഖേന കടക്കാവുന്നതാക്കിത്തീർത്തു; കുരുടനും കാല്‍മുടന്തനുമായ പരാവൃക്കിനെ ഭവാൻ അധോഗതിയില്‍നിന്നു കരയേറ്റി. അങ്ങനെ പേര്‍ കേൾപ്പിച്ച ഭവാന്‍ സ്തുത്യൻതന്നെ! 12

വസോ, ഇന്ദ്ര, ഭവാന്‍ ഞങ്ങൾക്കു ദാനത്തിന്നു ധനം തന്നാലും: വളരെയുണ്ടല്ലോ, ഭവാന്നു സമ്പത്തു്; പൂജനീയമായ അതാണല്ലോ, ഭവാന്‍ നാൾതോറും ഭുജിയ്ക്കുന്നത്. ഞങ്ങൾ ശോഭനവീരാന്വിതരായിട്ടു, യജ്ഞത്തില്‍ സ്തുതിയ്ക്കുമാറാകണം! 13

കുറിപ്പുകൾ: സൂക്തം 13.

[1] ഋതു – വർഷാകാലം.

[2] അംഭോനിധിയ്ക്ക് ആഹാരം – സമുദ്രത്തിന്നു ഭക്ഷണം, ജലം. ഇവ – സോമോല്‍പാദന നദീപ്രവർത്തനാദികൾ.

[3] ഒരാൾ – ഹോതാവ്. നല്കപ്പെടുന്നത് – യജമാനനാല്‍ ദേവന്മാർക്കു കൊടുക്കപ്പെടുന്നത്. എടുത്തുപറയുന്നു – ദേവന്മാരെ ശ്രദ്ധിപ്പിപ്പാൻ. വിശസിയ്ക്കുക – ഞെക്കിക്കൊല്ലുക. അതേകർമ്മം – വിശസനം. ഇത്, ഒരധ്വര്യുവിന്റെ ജോലിയാണ്. ഒരാളുടെ – മറെറാരധ്വര്യുവിന്റെ. പൊറുക്കപ്പെടുന്നു – ബ്രഹ്മാവെന്ന ഋത്വിക്കിനാല്‍; ഇദ്ദേഹം പിഴയ്ക്കു പ്രായശ്ചിത്തം ചെയ്യും. ഇവ – ഹവിഷ്പ്രദാനാദികൾ.

[4] അച്ഛന്‍ – രക്ഷിതാവായ യജമാനന്‍. വെറുതെയിരിയ്ക്കുന്നവന്‍ – ജോലിയൊന്നും ചെയ്യാത്ത അഗ്നി. കത്തുന്ന വിറകിന്റെ ഒച്ചയാണ്, കടിച്ചുചവയ്ക്കൽ. ഇവ – ധനവിഭജനാദികൾ.

[5] നന്നാക്കി – സുഗമങ്ങളാക്കി. കുതിരയെ വെള്ളംകൊണ്ടെന്നപോലെ – നനച്ചാല്‍ കുതിരയ്ക്കു ചൊടി കൂടുമല്ലോ.

[6] നനഞ്ഞതില്‍നിന്ന് – വെള്ളം വീണ തണ്ടിന്മേല്‍നിന്ന്. ഉണങ്ങിയ – നനവില്ലാത്ത. മധുരവസ്തു – ആസ്വാദ്യമായ നെല്ലും മറ്റും. പരിചാരകനെ ധനസമൃദ്ധനാക്കുന്നു.

[7] മഹത്തുക്കൾ – പർവതാദികൾ.

[8] അന്നത്തിന്നും – അന്നങ്ങളെ രക്ഷിപ്പാനും. സഹവസു – ഒരസുരന്‍. കടത്തിയതു് – വജ്രംകൊണ്ടു വധിച്ചതു്.

[9] ആയിരം – വാഹനങ്ങൾ. സുഖത്തിന്ന് – സുഖസഞ്ചാരത്തിന്ന്. സ്തുതിപ്പിയ്ക്കുന്നവന്‍ – സ്തോതാവിനെ ഏർപ്പെടുത്തുന്ന യജമാനന്‍. ദഭീതി – ഒരു ഋഷി.

[10] ഭവാന്നു സമർപ്പിയ്ക്കുന്നു – യജമാനന്മാര്‍ ഹവിസ്സ്. വെയ്ക്കുന്നു – ആളുകൾ ധനം ഭവാന്റെ കർമ്മത്തിന്നു (ഭവദാരാധനത്തിന്നു) സൂക്ഷിയ്ക്കുന്നു. ആറു വിശാലവസ്തുക്കൾ – ദ്യോവ്, ഭൂവ്, പകല്‍, രാത്രി, ജലം, ഔഷധി.

[11] ഒരൊറ്റക്കർമ്മം – ഒരിയ്ക്കല്‍മാത്രം പൊരുതല്‍. ധനം – ശത്രുക്കളുടെ മുതല്‍. ജാതൂഷ്ഠിരന്‍ – ഒരാളുടെ പേര്‍.

[12] തുർവീതി, വയ്യന്‍ എന്നീ രണ്ടുപേര്‍ വെള്ളം നിറഞ്ഞ ഒരു പുഴ കടക്കാൻ വയ്യാഞ്ഞു വിഷമിയ്ക്കെ, അവരെ അങ്ങു സുഖേന കടത്തിവിട്ടു. പരാവൃക്ക് – ഒരൃഷി. കരയേററി – കാഴ്ച തെളിയിച്ചും കാല്‍മുടന്തു പോക്കിയും ദുഃഖത്തില്‍നിന്നുദ്ധരിച്ചു. പേര്‍കേൾപ്പിച്ച = യശസ്സാർജ്ജിച്ച.

[13] ദാനത്തിന്നു – ആളുകൾക്കു കൊടുക്കാനും, തങ്ങൾക്കനുഭവിപ്പാനും.

സൂക്തം 14.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

അധ്വര്യുക്കളേ, നിങ്ങൾ ഇന്ദ്രന്നു സോമം കൊണ്ടുവരുവിന്‍; ആ മദകരമായ അന്നം പാത്രങ്ങൾകൊണ്ടു തൂകുവിൻ: ഇതു കുടിയ്ക്കാൻ സദാ കൊതിയ്ക്കുന്നവനാണല്ലോ, ആ വീരന്‍; അതിനാല്‍ വൃഷാവിന്നായി ഹോമിപ്പിൻ. അതുതന്നെയാണ്, അവിടുന്നാഗ്രഹിയ്ക്കുന്നത്. 1

അധ്വര്യുക്കളേ, ജലങ്ങളെ മറച്ചുനിന്ന മേഘത്തെ, ആര്‍ ഇടിവാൾകൊണ്ടു വൃക്ഷത്തെ എന്നപോലെ പിളർത്തിയോ; കൊതിയ്ക്കുന്ന അദ്ദേഹത്തിന്നായി അതു കൊണ്ടുവരുവിന്‍: അതു കുടിപ്പാൻ അർഹനാണല്ലോ, ഈ ഇന്ദ്രന്‍. 2

അധ്വര്യുക്കളേ, ആര്‍ ദൃഭീകനെ നിഹനിച്ചുവോ; ആര്‍ ഗോക്കളെ പുറത്തിറക്കി, വലനെ വധിച്ചുവോ; അദ്ദേഹത്തിന്നായി ഇതിനെ, വാനത്തു വായുവിനെയെന്നപോലെ വ്യാപിപ്പിയ്ക്കുവിന്‍ – ഇന്ദ്രനെ സോമംകൊണ്ടു, കിഴവനെ പുതപ്പുകൊണ്ടെന്നപോലെ മൂടുവിൻ! 3

അധ്വര്യുക്കളേ, തൊണ്ണൂറെറാമ്പതു കൈകളുണ്ടായിരുന്ന ഉരണനെ ആര്‍ കൊന്നുവോ; ആര്‍ അര്‍ബുദനെ കമിഴ്ത്തിവീഴിച്ചുവോ; ആ ഇന്ദ്രനെ, സോമമൊരുക്കി പ്രീതിപ്പെടുത്തുവിന്‍. 4

അധ്വര്യുക്കളേ, ആര്‍ അശ്നനെ, ആർ ശോഷം പറ്റാത്ത ശുഷ്ണനെ, തോൾ വെട്ടിക്കൊന്നുവോ; ആര്‍ പിപ്രുവിനെ, ആര്‍ നമുചിയെ, ആര്‍ രുധിക്രാവിനെ കൊന്നുവോ; ആ ഇന്ദ്രന്ന് അന്നങ്ങൾ ഹോമിയ്ക്കുവിന്‍. 5

അധ്വര്യുക്കളേ, ആർ ശംബരന്റെ നൂറു പുരാതനനഗരങ്ങളെ വജ്രംകൊണ്ടു പിളർത്തിയോ; ആര്‍ വർച്ചിയുടെ നൂറായിരത്തെ വീഴിച്ചുവോ; ആ ഇന്ദ്രന്നു സോമം കൊണ്ടുവരുവിന്‍. 6

അധ്വര്യുക്കളേ, ആര്‍ നൂറായിരംപേരെ കൊന്നു നിലംപൊത്തിച്ചുവോ; കുത്സന്‍, ആയു, ദിവോദാസന്‍ എന്നിവരുടെ എതിരാളികളെ കൊന്നൊടുക്കിയോ; അദ്ദേഹത്തിന്നു സോമം കൊണ്ടുവരുവിന്‍. 7

യജ്ഞനേതാക്കളായ അധ്വര്യുക്കളേ, നിങ്ങൾ ഇന്ദ്രന്ന് അതു വേഗത്തില്‍ കൊണ്ടുവന്ന് അഭീഷ്ടം നേടുവിൻ: പുകൾപ്പെട്ട ഇന്ദ്രന്നു കൈകൾകൊണ്ടരിച്ച സോമം കൊണ്ടുവരുവിന്‍; ഹോമിയ്ക്കുവിന്‍. 8

അധ്വര്യുക്കളേ, നിങ്ങൾ ഈ ഇന്ദ്രന്നു സുഖകരമായ സോമം ഉണ്ടാക്കുവിൻ: വെള്ളത്തില്‍ വെടുപ്പു വരുത്തി, ചമസത്തില്‍ പകരുവിന്‍. നിങ്ങളുടെ അരിച്ച സോമത്തെ അദ്ദേഹം പ്രീതിയോടേ ഇച്ഛിയ്ക്കുന്നു; ആ മാദകം ഹോമിയ്ക്കുവിൻ. 9

അധ്വര്യുക്കളേ, പയ്യിന്റെ അകിടിനെ പാല്‍കൊണ്ടെന്ന പോലെ, ഈ രക്ഷിതാവായ ഇന്ദ്രനെ സോമംകൊണ്ടു നിറയ്ക്കുവിന്‍. എന്റേതായ ഇതിന്റെ ഈ രഹസ്യം എനിയ്ക്കറിയാം: ഇതു കൊടുക്കാനിച്ഛിക്കുന്നവനെ ആ യഷ്ടവ്യൻ ധാരാളം അറിയും! 10

അധ്വര്യുക്കളേ, സ്വർഗ്ഗത്തിലും അന്തരിക്ഷത്തിലും ഭൂമിയിലുമുള്ള സമ്പത്തിന്ന് അരചന്‍ ആരോ; ആ ഇന്ദ്രനെ നിങ്ങൾ, യവം കൊണ്ടു വല്ലത്തെയെന്നപോലെ, സോമംകൊണ്ടു നിറയ്ക്കുവിൻ. അതാവട്ടേ, നിങ്ങളുടെ ജോലി! 11

വസോ, ഇന്ദ്ര, ഭവാന്‍ ഞങ്ങൾക്കു ദാനത്തിന്നു ധനം തന്നാലും: വളരെയുണ്ടല്ലോ, ഭവാനു സമ്പത്ത്. പൂജനീയമായ അതാണല്ലോ, ഭവാൻ നാൾതോറും ഭുജിയ്ക്കുന്നതു്. ഞങ്ങൾ ശോഭനവീരാന്വിതരായിട്ടു, യജ്ഞത്തില്‍ സ്തുതിയ്ക്കുമാറാകണം! 12

കുറിപ്പുകൾ: സൂക്തം 14.

[1] ഗൃത്സമദന്‍ പറയുന്നു: മദകരമായ അന്നം – സോമം. പാത്രങ്ങൾ – ചമസങ്ങൾ. തൂകുവിന്‍ – അഗ്നിയില്‍ പകരുവിന്‍.

[2] അതു – സോമം.

[3] ദൃഭീകന്‍ – ഒരസുരന്‍. ഇതിനെ – സോമരസത്തെ.

[4] ഉരണന്‍ – ഒരസുരന്‍. അര്‍ബുദൻ – മറെറാരസുരന്‍.

[5] അശ്നനും മറ്റും അസുരന്മാർതന്നെ. ശോഷം – ബലക്ഷയം.

[6] വർച്ചിയുടെ നൂറായിരത്തെ – വർച്ചി എന്ന അസുരന്റെ നൂറായിരം ആളുകളെ.

[7] നൂറായിരംപേരെ – നൂറായിരം അസുരന്മാരെ. കുത്സനും, ആയുവും ഭിവോദാസനും രാജർഷിമാരത്രേ.

[9] ആ മാദകം – ലഹരിപിടിപ്പിയ്ക്കുന്ന സോമം.

[10] അറിയും – അറിഞ്ഞനുഗ്രഹിയ്ക്കും.

സൂക്തം 15.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

ഈ സത്യനായ മഹാന്റെ സത്യങ്ങളായ മഹാകർമ്മങ്ങൾ ഞാനിപ്പോൾ വർണ്ണിയ്ക്കാം: ഇന്ദ്രന്‍ ആഭിപ്ലവികദിനങ്ങളില്‍ സോമനീര്‍ കുടിച്ചു; അതിന്റെ മത്തില്‍ വൃത്രനെ വധിച്ചു! 1

അവിടുന്ന് ആകാശത്തു ദ്യോവിനെ ഉറപ്പിച്ചു; വലിയ അന്തരിക്ഷത്തെയും വാനൂഴികളെയും നിറച്ചു; ഭൂമിയെ താങ്ങി, വിസ്താരപ്പെടുത്തി. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രന്‍ ഇതൊക്കെ ചെയ്തത്! 2

ഒരു ഗൃഹത്തെയെന്നപോലെ കിഴക്കേദിക്കിനെ ശരിയ്ക്കളന്നു; നദികളുടെ അടിവശങ്ങളെ വജ്രംകൊണ്ടു കുഴിച്ചു; മാർഗ്ഗങ്ങൾ നിഷ്പ്രയാസം സുചിരഗന്തവ്യങ്ങളുമാക്കി. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രൻ ഇതൊക്കെ ചെയ്തത്! 3

അവിടുന്നു ദഭീതിയെ പിടിച്ചുകൊണ്ടുപോകുന്നവരോടെതിർത്ത്, (അവരുടെ) ആയുധമെല്ലാം കത്തുന്ന തിയ്യിലെരിച്ചു; അദ്ദേഹത്തിന്നു ഗവാശ്വരഥങ്ങൾ നല്കുകയും ചെയ്തു. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രന്‍ ഇതൊക്കെ ചെയ്തത്! 4

അവിടുന്ന് ഈ മഹാനദിയിലെ വെള്ളം, കടക്കാവുന്നവിധം ചുരുക്കി; ഇറങ്ങാൻ വയ്യാത്തവരെ സുഖേന മറുകരയിലെത്തിച്ചു. അവര്‍ കടന്നു, ധനാപ്തിയ്ക്കായി നടകൊണ്ടു; സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രൻ ഇതൊക്കെ ചെയ്തത്! 5

അവിടുന്നു മഹത്ത്വത്താല്‍ സിന്ധുവിനെ വടക്കോട്ടൊഴുകിച്ചു; ഉശിരില്ലാത്തവരെ ഉശിരന്മാരെക്കൊണ്ടു പിളർത്ത്, ഉഷസ്സിന്റെ വണ്ടി വജ്രംകൊണ്ടു തപിടുപൊടിയാക്കി. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രന്‍ ഇതൊക്കെ ചെയ്തത്! 6

കന്യകമാര്‍ പോയ്ക്കളഞ്ഞതറിഞ്ഞ വിദ്വാനായ പരാവൃക്ക് അതാ, പ്രത്യക്ഷമാംവണ്ണം എഴുനേറ്റു; അതാ, കാല്‍മുടന്തന്‍ പാഞ്ഞെത്തി, നന്നായി കണ്ടു. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രന്‍ ഇതൊക്കെ ചെയ്തതു് ! 7

അവിടുന്ന് അംഗിരസ്സുകളാല്‍ സ്തുതിയ്ക്കപ്പെട്ടു വലനെ വധിച്ചു. പർവതത്തിന്റെ ശിലാദ്വാരങ്ങൾ തുറന്നു – അതിന്റെ കൃത്രിമങ്ങളായ അടപ്പുകൾ പൊളിച്ചു. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രന്‍ ഇതൊക്കെ ചെയ്തത്! 8

അവിടുന്നു ദസ്യുവായ ചുമുരിയെയും ധുനിയെയും ദീർഗ്ഘനിദ്രയോടിണക്കി നിഹനിച്ചു, ദഭീതിയെ രക്ഷിച്ചു; അതില്‍ രംഭിയ്ക്കു ധനവും കിട്ടി. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രൻ ഇതൊക്കെ ചെയ്തതു് ! 9

(മാകന്ദമഞ്ജരി)

വാഴ്ത്തുവോർക്കുത്തമാർത്ഥത്തെച്ചുരത്തുമേ,
രാധ്യനാമിന്ദ്ര, നിൻദാനലക്ഷ്മി;
നല്ക,തീസ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ! 10
കുറിപ്പുകൾ: സൂക്തം 15.

[2] നിറച്ചു – തന്റെ തജസ്സുകൊണ്ട്.

[3] മാർഗ്ഗങ്ങൾ – പ്രവാഹമാർഗ്ഗങ്ങൾ.

[4] പണ്ടു ചുമുരി, ധുനി മുതലായ അസുരന്മാര്‍ ദഭീതി എന്ന ഒരു രാജർഷിയുടെ പുരി വളഞ്ഞ്, അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയിപോൽ.

[5] ഈ മഹാനദി – പരുഷ്ണി എന്ന നദി. ഇറങ്ങാന്‍ വയ്യാത്തവര്‍ – ചില ഋഷിമാര്‍. ധനാപ്തിയ്ക്കായി – തങ്ങൾ ഉദ്ദേശിച്ച ദ്രവ്യം നേടാന്‍.

[6] വണ്ടി തകർത്ത കഥ മറെറാരേടത്തു വിവരിയ്ക്കും.

[7] പണ്ടു, കാലും കണ്ണുമില്ലാത്ത പരാവൃക്ക് ചില കന്യകമാരെ പിടികൂടാൻനോക്കി; അവര്‍ പാഞ്ഞുപോയ്ക്കളഞ്ഞു. അപ്പോൾ ആ ഋഷി ഇന്ദ്രനെ സ്തുതിച്ചു കാലും കാഴ്ചയും നേടി. ഇക്കഥയാണ്, ഈ ഋക്കില്‍. കാല്‍മുടന്തന്‍ പാഞ്ഞെത്തി – ഇന്ദ്രപ്രസാദത്താല്‍ മുടന്തുനീങ്ങി, പാഞ്ഞു, കന്യകമാരുടെ അടുക്കലെത്തി. നന്നായി കണ്ടു – അന്ധത നീങ്ങുകയാല്‍ കന്യകമാരെ സ്പഷ്ടമായി കാണുകയുംചെയ്തു.

[9] രംഭി – ദഭീതിയുടെ ഹരിക്കാരന്‍.

സൂക്തം 16.

ഗൃത്സമദൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

ഞാൻ നിങ്ങൾക്കുവേണ്ടി സജജനോത്തമന്ന്, അഗ്നിയെ ജ്വലിപ്പിച്ചു ഹവിസ്സൊ രുക്കി, നന്നായി സ്തുതിയ്ക്കാം. ജര പറ്റാതെ ജരപിടിപ്പിയ്ക്കുന്ന നിത്യയുവാവായ ഇന്ദ്രനെ നീര്‍ തളിച്ചു നാം രക്ഷയ്ക്കായി വിളിയ്ക്കുക. 1

മഹാനായ ഇന്ദ്രനെക്കൂടാതെ ഈ ലോകം എന്തുള്ളു? അദ്ദേഹത്തിലിരിയ്ക്കുന്നു, വീര്യം മുഴുവൻ: അവിടുന്നു വയറ്റില്‍ സോമവും, വപുസ്സില്‍ തേജോബലങ്ങളും, കയ്യില്‍ വജ്രവും, തലയില്‍ അറിവും വഹിച്ചരുളുന്നു! 2

ഇന്ദ്ര, അവിടുന്നു വളരെയോജന ഒരൂക്കില്‍ പറക്കുമ്പോൾ, അങ്ങയുടെ ബലം വാനൂഴികൾക്കോ, രഥം സമുദ്ര – പർവതങ്ങൾക്കോ തടുക്കാനാവില്ല; അങ്ങയുടെ വജ്രത്തെ ആരും നേരിടില്ല! 3

ആ യഷ്ടവ്യന്ന്, ധർഷകന്ന്, വർഷകന്ന്, ഒരുങ്ങിനില്ക്കുന്നവന്ന് എല്ലാവരും യജ്ഞം അനുഷ്ഠിയ്ക്കുന്നുണ്ടല്ലോ; അതിനാല്‍, അറിവേറിയ ഭവാന്‍ സോമനീര്‍ തൂകി യജിയ്ക്കുക. ഇന്ദ്ര, അവിടുന്നു വർഷകനായ വഹ്നിയോടൊന്നിച്ചു സോമം കുടിച്ചാലും! 4

വർഷിയായ മധുരസം വർഷകാന്നനായ വർഷകന്നു കുടിപ്പാന്‍, പ്രേരിപ്പിച്ചുംകൊണ്ടു ചെല്ലുന്നു; വൃഷാക്കളായ രണ്ടധ്വര്യുക്കളും വർഷകങ്ങളായ അമ്മികളും വർഷിയായ സോമത്തെ വൃഷഭന്നായി പിഴിയുന്നു! 5

വൃഷഭ, ഇന്ദ്ര, അങ്ങയുടെ വജ്രം വൃഷാവാണ്; അങ്ങയുടെ രഥം വൃഷാവാണ്; ഹരികൾ വൃഷാക്കളാണ്; ആയുധങ്ങളും വൃഷാക്കളാണ്. അങ്ങാകുന്നു, വൃഷാവായ മാദകത്തിന്‍റെ ഉടയവന്‍. വര്‍ഷകമായ സോമംകൊണ്ടു മതി വരുത്തിയാലും! 6

യുദ്ധത്തില്‍ സ്തുതിതല്‍പരനും തോണിയ്ക്കൊത്തവനുമായ ഭവാനെ ധർഷകനായ ഞാൻ സവനങ്ങളില്‍ സ്തോത്രംകൊണ്ടു സമീപിയ്ക്കുന്നു; നമ്മുടെ ഈ വാക്കിനെ ഇന്ദ്രൻ തുലോം മനസ്സിലാക്കട്ടെ. കിണറിന്നൊത്ത ആ ധനനിധിയെ നാം സോമംകൊണ്ടു നീരാടിയ്ക്കുക! 7

ശതക്രതോ, അവിടുന്നു ഞങ്ങളെ ശത്രുബാധയില്‍നിന്നു, പുല്ലു മതിയാവോളം തിന്ന പയ്യ കുട്ടിയെഎന്നപോലെ മുന്‍കൂട്ടി പിന്മാററിയാലും. ഞങ്ങൾ ഒരു തവണയെങ്കിലും, അങ്ങയെപ്പററിയുള്ള സ്തുതികളോടു, യുവാക്കൾ പത്നിമാരോടെന്നപോലെ ചേരുമാറാകേണമേ! 8

(മാകന്ദമഞ്ജരി)

വാഴ്ത്തുവോർക്കുത്തമാർത്ഥത്തെച്ചുരത്തുമേ,
രാധ്യനാമിന്ദ്ര, നിൻദാനലക്ഷ്മി;
നല്ക,തീസ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ! 9
കുറിപ്പുകൾ: സൂക്തം 16.

[1] യജമാനന്മാരോടു പറയുന്നു: സജജനോത്തമന്ന് – സജ്ജനങ്ങളില്‍(ദേവന്മാരിൽ)വെച്ചു ശ്രേഷ്ഠനായ ഇന്ദ്രന്നു്. ജരപിടിപ്പിയ്ക്കുന്ന – ലോകത്തിന്നു വാർദ്ധക്യം വരുത്തുന്ന. നീര്‍ – സോമരസം.

[4] യജമാനനോടും, ഒടുവില്‍ ഇന്ദ്രനോടും പറയുന്നു: ഒരുങ്ങിനില്ക്കുന്നവൻ – കർമ്മികളെ അനുഗ്രഹിപ്പാൻ.

[5] വർഷി – ഫലങ്ങളെ വർഷിയ്ക്കുന്നത്. മധുരസം – മത്തുണ്ടാക്കുന്ന സോമനീർ. വർഷകാന്നൻ = ഫലവർഷികളായ അന്നങ്ങളോടുകൂടിയവൻ വർഷകൻ – ഫലം വർഷിയ്ക്കുന്ന ഇന്ദ്രൻ. ചെല്ലുന്നു – ഇന്ദ്രന്റെ അടുക്കലെയ്ക്ക്. വൃഷാക്കൾ – സോമരസം തളിയ്ക്കുന്നവര്‍. വൃഷഭൻ – ദേവശ്രേഷ്ഠൻ.

[6] വൃഷാവ് – കാമവർഷി. മാദകം – മത്തുണ്ടാക്കുന്ന സോമനീർ.

[7] യുദ്ധത്തില്‍ സ്തുതിതല്‍പരന്‍ – സ്തുതിയ്ക്കുന്നവരെ ജയിപ്പിയ്ക്കുന്നവന്‍. തോണിയ്ക്കൊത്തവന്‍ – ആപത്തുകളെ കടത്തി വിടുന്നവൻ. ധർഷകന്‍ – ഭവല്‍പ്രസാദത്താല്‍ ശത്രുക്കളെ ആക്രമിയ്ക്കാൻ കഴിവുള്ളവന്‍. നമ്മുടെ എന്നു തുടങ്ങുന്ന വാക്യങ്ങൾ യജമാനന്മാരോടുള്ളവയാണു്: വാക്ക് – സ്തൂതി. കിണറിന്നൊത്ത – കിണർ ജലത്തിന്റെ ഇരിപ്പിടമാണല്ലോ; അതുപോലെ, ധനത്തിന്റെ ഇരിപ്പടമാണ്, ഇന്ദ്രൻ.

[8] കുട്ടിയെ – ക്ഷുല്‍പീഡയില്‍നിന്നെന്നപോലെ.

സൂക്തം 17.

ഗൃത്സമദന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

അദ്ദേഹത്തെപ്പററി പുതിയതൊന്നു നിങ്ങൾ അംഗിരസ്സുകളെപ്പോലെ ചൊല്ലുവിന്‍: എന്നാല്‍, അദ്ദേഹത്തിന്റെ തേജസ്സു പണ്ടേത്തെപ്പോലെ പൊന്തും. പിടിച്ചു തടവിലാക്കപ്പെട്ട ഗോക്കളെയെല്ലാം അദ്ദേഹം സോമത്തിന്റെ മത്തില്‍ ചിക്കെന്നു പുറത്തുവിട്ടുവല്ലോ. 1

ആര്‍ ഓജസ്സുപുണ്ട് ഒന്നാമത്തെപ്പാനത്തിന്നായി മഹിമ വളർത്തിയോ; യാതൊരു ശൂരന്‍ യുദ്ധങ്ങളില്‍ മൈച്ചട്ടയണിഞ്ഞുവോ; ആര്‍ മഹത്ത്വംകൊണ്ടു ദ്യോവിനെ തലയിൽ ചുമന്നുവോ; അവന്‍ വർദ്ധിപ്പൂതാക! 2

മുന്തിയ മഹാവീര്യമാണ്, അങ്ങു കാണിച്ചത്: അതിനെ സ്തുതിച്ചവരുടെ മുമ്പില്‍ അങ്ങു ബലം പൊങ്ങിച്ചുവല്ലോ; ഒത്തൊരുമിച്ച ദ്രോഹികൾ തേരിലിരുന്ന ഹര്യശ്വനായ ഭവാനാല്‍ വീഴിയ്ക്കപ്പെട്ടിട്ടു, ചിന്നിച്ചിതറിപ്പായുകയായി! 3

ആ പുരാതനന്‍ ബലംകൊണ്ട് ഉലകെല്ലാം കീഴടക്കി; കോയ്മ പൂണ്ടു, വളർന്നു; ആ വോഢാവു വാനൂഴികളില്‍ തേജസ്സു വ്യാപിപ്പിച്ചു; ഇരുട്ടുകളെ പീഡിപ്പിച്ച് ഒന്നിച്ചു കുഴിച്ചുമൂടി! 4

അവിടുന്നു പറന്നിരുന്ന പർവതങ്ങളെ അനങ്ങാതാക്കി; മേഘ ജലങ്ങളുടെ ഒഴുകല്‍ താഴത്തെയ്ക്കാക്കി; വിശ്വംഭരയായ ഭൂവിനെ താങ്ങി; ദ്യോവിനെ ഉപായംകൊണ്ടു വീഴാതുറപ്പിച്ചു! 5

അദ്ദേഹം ലോകത്തിന്നു പര്യാപ്തനായിത്തീർന്നു: എല്ലാ ആളുകളെക്കാളും അറിവേറിയവനാക്കിയാണ്, അദ്ദേഹത്തെ അച്ഛന്‍ തൃക്കൈകൾകൊണ്ടു സൃഷ്ടിച്ചതു്. അതിനാലാണല്ലോ, ഈ യശസ്വി ക്രിവിയെ വജ്രമെയ്തു മന്നില്‍ കിടത്തിയുറക്കിയത്! 6

അച്ഛനമ്മമാരോടൊന്നിച്ചു നാൾകഴിയ്ക്കുന്ന ഒരു സ്ത്രീ തറവാട്ടില്‍നിന്നെന്നപോലെ, ഞാന്‍ അങ്ങയോടു ഭാഗം യാചിയ്ക്കുന്നു; ശരിയ്ക്കു കണക്കിട്ടുനോക്കി ഭവാന്‍ സ്തോതാക്കൾക്കു സമ്മാനിയ്ക്കാറുള്ള പങ്ക് ഇവന്നു തന്നരുളുക! 7

ഇന്ദ്ര, രക്ഷിതാവായ ഭവാനെ ഞങ്ങൾ വിളിയ്ക്കുന്നു: ഇന്ദ്ര, കർമ്മവും അന്നവും തരുന്നവനാണല്ലോ, ഭവാൻ. ഇന്ദ്ര, വിവിധരക്ഷകൾകൊണ്ടു ഞങ്ങളെ പാലിച്ചാലും; വൃഷാവായ ഇന്ദ്ര, ഞങ്ങളെ വലിയ ധനികന്മാരാക്കിയാലും! 8

(മാകന്ദമഞ്ജരി)

വാഴ്ത്തുവോർക്കുത്തമാർത്ഥത്തെച്ചുരത്തുമേ,
രാധ്യനാമിന്ദ്ര, നിന്‍ദാനലക്ഷ്മി;
നല്ക,തീസ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ! 9
കുറിപ്പുകൾ: സൂക്തം 17.

[1] പുതിയതൊന്നു – പുതിയ ഒരു സ്തോത്രം.

[2] അവന്‍ – ആ ഇന്ദ്രന്‍.

[3] പൊങ്ങിച്ചു – തുലോം പ്രകടിപ്പിച്ചു.

[4] ആ പുരാതനൻ – ഇന്ദ്രന്‍. വോഢാവ് – ലോകത്തെ വഹിയ്ക്കുന്നവന്‍. ഇരുട്ടുകൾ – തമോരൂപര്‍.

[5] താഴത്തെയ്ക്ക് – ഭൂമിയിലെയ്ക്ക്.

[6] അച്ഛൻ – പ്രജാപതി. ക്രിവി – ഒരസുരന്‍. ഉറക്കിയത് – കൊന്നത്.

[7] ഒരു സ്ത്രീ – അവിവാഹിത.

സൂക്തം 18.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

ഒരു പുതിയ വിശുദ്ധരഥം പുലര്‍കാലത്തു പൂട്ടപ്പെട്ടു: നാലു നുകം, മൂന്നു ചമ്മട്ടി, ഏഴു കടിഞ്ഞാണ്‍, പത്തു ചക്രം എന്നിവയോടു കൂടിയതും അഭീഷ്ടപ്രദവും മനുഷ്യഹിതയും സ്വർഗ്ഗപ്രാപകവുമായ അതു യജ്ഞങ്ങൾകൊണ്ടും സ്തോത്രങ്ങൾകൊണ്ടുമേ കിട്ടുകയുള്ളു! 1

അത് അവിടുത്തെയ്ക്ക് ഒന്നാമത്തതിന്നും, അതു രണ്ടാമത്തതിന്നും, മൂന്നാമത്തതിന്നും പര്യാപ്തമായി. അതു മനുഷ്യർക്കു നന്മ കൊണ്ടുവരുന്നു. അന്യര്‍ അന്യയുടെ ഗർഭത്തില്‍ ഉല്‍പാദിപ്പിച്ചു; വിജയിയും വൃഷാവുമായ അതു് അന്യരോടു ചേരുന്നു! 2

സുഖേന വന്നുചേരുന്നതിന്നു് ഇന്ദ്രന്റെ രഥത്തില്‍ ഞാൻ ഒരു പുതിയ സൂക്തംകൊണ്ടു കുതിരകളെ പൂട്ടാം. ഇവിടെ വളരെയുണ്ടല്ലോ, മേധാവികൾ; എന്നാലും, മറ്റു യജമാനന്മാര്‍ അങ്ങയെ അധികം രസിപ്പിയ്ക്കരുത്! 3

സുയജ്ഞ, ഇന്ദ്ര, വിളിയ്ക്കപ്പെടുന്ന ഭവാന്‍ രണ്ടോ നാലോ ആറോ എട്ടോ പത്തോ കുതിരകളെ പൂട്ടി, സോമം കുടിപ്പാന്‍ വന്നുചേർന്നാലും: ഇതാ, പിഴിഞ്ഞത്; പാഴാക്കരുത്! 4

ഇന്ദ്ര, ഭവാൻ ഇരുപതോ മുപ്പതോ നാല്പതോ അമ്പതോ അറുപതോ എഴുപതോ സുഖഗാമികളായ കുതിരകളെ പൂട്ടി, സോമം കുടിപ്പാന്‍ ഇങ്ങോട്ടു വന്നാലും! 5

ഇന്ദ്ര, എണ്പതോ തൊണ്ണൂറോ നൂറോ കതിരകളെ പൂട്ടി, ഇങ്ങോട്ടു വന്നാലും: ഇതാ, അങ്ങയുടെ ഇമ്പത്തിന്നായി, അങ്ങയ്ക്കുവേണ്ടി, പിഴിഞ്ഞ സോമം പാത്രങ്ങളില്‍! 6

ഇന്ദ്ര, അവിടുന്ന് എന്റെ സ്തോത്രം കേൾപ്പാൻ വരിക: വമ്പിച്ച കുതിരകളെ തേരിൻമുമ്പില്‍ കെട്ടുക; വളരെപ്പേര്‍ വിളിയ്ക്കുമല്ലോ, അങ്ങയെ; ശൂര, ഭവാൻ ഈ യാഗത്തില്‍ ഇമ്പംകൊണ്ടാലും! 7

ഇന്ദ്രനോട് എനിയ്ക്കുള്ള സഖ്യം വിട്ടുപോകരുത്. അവിടുത്തെ ദാനശീലത ഞങ്ങൾക്കു ചുരത്തട്ടെ. വരിഷ്ഠവും വരേണ്യവുമായ തൃക്കയ്യിന്റെ അടുക്കലാകണം, ഞങ്ങൾ; യുദ്ധത്തില്‍ യുദ്ധത്തില്‍ ഞങ്ങൾ ജയം നേടണം! 8

(മാകന്ദമഞ്ജരി)

വാഴ്ത്തുവോർക്കുത്തമാർത്ഥത്തെച്ചുരത്തുമേ,
രാധ്യനാമിന്ദ്ര, നിൻദാനലക്ഷ്മി;
നല്ക,തീസ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ! 9
കുറിപ്പുകൾ: സൂക്തം 18.

[1] ഇന്ദ്രരഥത്തെ വർണ്ണിയ്ക്കുന്നു: സ്വർഗ്ഗപ്രാപകം – സുകൃതികളെ സ്വർഗ്ഗത്തില്‍ കൊണ്ടാക്കുന്നതു്. അത് – ആ രഥം.

[2] യജ്ഞത്തെ വർണ്ണിയ്ക്കുന്നു: അതു് – യജ്ഞം. ഒന്നാമത്തതു് – പ്രാതസ്സവനം. അന്യർ – ഋത്വിക്കുകൾ. അന്യ – വേദി. അന്യരോടു – ദേവന്മാരോടു.

[3] അധികം – എന്നെക്കാളേറെ. ഭവാന്‍ മറ്റാരുടെയെങ്കിലും യജ്ഞത്തിന്നു പോയ്ക്കളയരുത്; ഇവിടെ വന്നു, സോമം കുടിച്ചാലും!

[6] പാത്രങ്ങൾ – ചമസാദികൾ.

[8] ചുരത്തട്ടെ – അഭീഷ്ടം നല്കട്ടെ.

സൂക്തം 19.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

പിഴിയുന്ന മനീഷിയുടെ ഈ പ്രീതികരമായ അന്നം ഇമ്പത്തിന്നായി പാനംചെയ്തരുളട്ടെ: പുരാതനമായ ഇതിങ്കലാണല്ലോ, വർദ്ധമാനനായ ഇന്ദ്രന്റെയും സ്തോത്രം ചൊല്ലുന്ന നേതാക്കളുടെയും ഇരിപ്പ്! 1

ഈ മധുകൊണ്ട് ഇമ്പംപിടിച്ചു, വജ്രപാണിയായ ഇന്ദ്രന്‍ വെളളം മറച്ച വൃത്രനെ വെട്ടിമുറിച്ചു; അപ്പോൾ, നദികളുടെ പ്രീതികരങ്ങളായ ജലങ്ങൾ, പക്ഷികൾ കൂട്ടിലെയ്ക്കെന്നപോലെ നേരേ ഒഴുകിത്തുടങ്ങി! 2

മേഘത്തെ ഹനിച്ച ആ മഹനീയനായ ഇന്ദ്രൻ ജലങ്ങളെ സമുദ്രത്തിലെയ്ക്ക് ഒഴുകിച്ചു; സൂര്യനെ ജനിപ്പിച്ചു; ഗോക്കളെ കണ്ടുപിടിപ്പിച്ചു; തേജസ്സുകൊണ്ടു പകലുകൾക്കു വെളിച്ചം വരുത്തി! 3

ആര്‍ സൂര്യപ്രാപ്തിയില്‍ മത്സരിച്ച ആളുകൾക്ക് ഉടനടി സമാശ്രയണീയനായോ, ആ ഇന്ദ്രന്‍ ഹവിസ്സർപ്പിയ്ക്കുന്ന മനുഷ്യന്നു വളരെദ്ധനം കല്പിച്ചുകൊടുക്കുന്നു; വൃത്രനെ കൊല്ലുന്നു! 4

ആ സ്തുതിയ്ക്കപ്പെട്ട ഇന്ദ്രദേവൻ സോമം പിഴിഞ്ഞ ഒരു മനുഷ്യന്നുവേണ്ടി സൂര്യനെ മങ്ങിച്ചു: അവിടുത്തെയ്ക്കു, യജ്ഞമനുഷ്ഠിച്ച ഏതശന്‍ സ്വച്ഛമായ ധനം, ഭാഗംപോലെ നല്കിയല്ലോ! 5

ആ തിളങ്ങുന്ന ഇന്ദ്രന്‍ തേര്‍ തെളിയ്ക്കുന്ന കത്സന്നുവേണ്ടി, ശുഷ്ണൻ, അശുഷന്‍, കുയവന്‍ എന്നിവരെ കീഴടക്കി; ശംബരന്റെ തൊണ്ണൂറെറാമ്പതു നഗരങ്ങൾ ദിവോദാസന്നുവേണ്ടി പിളർത്തി! 6

ഇന്ദ്ര, യശസ്സിന്നായി അന്നം തേടുന്ന ഞങ്ങൾ സ്തോത്രം ഇപ്പോൾ ഭവാങ്കല്‍ത്തന്നെ സ്വയം എത്തിയ്ക്കുന്നു: സേവകരായ ഞങ്ങൾക്ക് ആ സഖ്യം കിട്ടുമാറാകണം; ദേവന്മാരെ കൂസാത്ത പീയുവിന്റെ ആയുധത്തെ ഭവാൻ കുനിയിച്ചുവല്ലോ! 7

ശൂര, ഗൃത്സമദൻ അങ്ങയെക്കുറിച്ചുതന്നെ സ്തോത്രങ്ങൾ, യാത്രോദ്യതൻ വഴികളെന്നപോലെ നിർമ്മിച്ചിരിയ്ക്കുന്നു; ഇന്ദ്ര, അതിയുവാവായ അങ്ങയെ സ്തുതിപ്പാനിച്ഛിയ്ക്കുന്ന ഇവന്ന് അന്നവും ബലവും നല്ല പാർപ്പിടവും സുഖവും കൈവരുമാറാകണം! 8

(മാകന്ദമഞ്ജരി)

വാഴ്ത്തുവോർക്കുത്തമാർത്ഥത്തെച്ചുരത്തുമേ,
രാധ്യനാമിന്ദ്ര, നിന്‍ദാനലക്ഷ്മി;
നല്ക,തീസ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ! 9
കുറിപ്പുകൾ: സൂക്തം 19.

[1] പിഴിയുന്ന – സോമം. അന്നം – സോമം.

[2] നേരേ – സമുദ്രാഭിമുഖമായി.

[4] സൂര്യപ്രാപ്തിയില്‍ മത്സരിച്ച – ‘സൂര്യങ്കല്‍ ഞാന്‍ ചെല്ലും, മുമ്പേ – ഞാന്‍ ചെല്ലും, മുമ്പേ’ എന്നു സ്പർദ്ധിച്ച.

[5] ഒരു മനുഷ്യന്‍ – താഴേ പറയുന്ന ഏതശന്‍. മങ്ങിച്ചു – നിഷ്പ്രഭനാക്കി, തോല്പിച്ചു. ഇക്കഥ മുമ്പു പറഞ്ഞിട്ടുണ്ടു്. ധനം – സോമം. ഭാഗംപോലെ – അച്ഛന്‍ മകന്നു സ്വത്തിന്റെ ഒരു പങ്ക് കൊടുക്കുന്നതുപോലെ.

[6] തേര്‍ തെളിയ്ക്കുന്ന – ഇന്ദ്രന്നു സാരഥ്യം വഹിച്ച. ശുഷ്ണന്‍, അശുഷന്‍, കുയവന്‍ എന്നിവരും ശംബരനും അസുരന്മാരത്രേ.

[7] പീയു – ഒരസുരൻ.

സൂക്തം 20.

ഋഷിച്ഛന്ദോദേവതകള്‍ മുമ്പേത്തവ.

ഇന്ദ്ര, ശരിയ്ക്കറിഞ്ഞാലും: സ്തുതിയ്ക്കുന്നവരും, മനീഷയാല്‍ ശോഭിയ്ക്കുന്നവരും, അങ്ങയെപ്പോലുള്ള നേതാക്കളോടു സുഖം യാചിയ്ക്കുന്നവരുമായ ഞങ്ങൾ, കൊററു തേടുന്നവന്‍ വണ്ടിയെന്നപോലെ, അങ്ങയ്ക്ക് അന്നം ഒരുക്കിയിരിയ്ക്കുന്നു. 1

ഇന്ദ്ര, അങ്ങ്, അങ്ങയുടെ രക്ഷകൾകൊണ്ടു ഞങ്ങളെ പാലിച്ചാലും: അങ്ങയെ സേവിയ്ക്കുന്ന ജനങ്ങളെ എതിരാളികളില്‍നിന്നു രക്ഷിയ്ക്കുന്നവനാണല്ലോ, അങ്ങ്; ഹവിസ്സേകുന്നവന്ന് ഈശ്വരന്‍, പീഡാനിവാരകൻ – അങ്ങയെ പരിചരിയ്ക്കുന്നവന്ന് ഇങ്ങനെയൊക്കെയുള്ളവനാണല്ലോ, അങ്ങ്! 2

യുവാവും ആഹ്വാതവ്യനും സഖാവും സുഖദനുമായ ആ ഇന്ദ്രൻ കർമ്മനേതാക്കളായ നമ്മെ രക്ഷിച്ചരുളട്ടെ: ശസ്ത്രം ചൊല്ലുന്നവനെയും, ക്രിയകൾ ചെയ്യുന്നവനെയും; പചിയ്ക്കുന്നവനെയും, സാമം പാടുന്നവനെയും രക്ഷിച്ചു മറുകരയിലെത്തിയ്ക്കുമല്ലോ, അവിടുന്ന്! 3

ആരാല്‍ പണ്ടുള്ളവര്‍ വളരുകയും വൈരികളെ വധിയ്ക്കുകയും ചെയ്തുവോ, ആ ഇന്ദ്രനെ ഞാൻ സ്തുതിയ്ക്കുന്നു; അദ്ദേഹത്തെ ഞാന്‍ വർണ്ണിയ്ക്കുന്നു. യാചിയ്ക്കപ്പെടുന്ന അവിടുന്നു സ്തുതിപ്പാൻനോക്കുന്ന പുതിയ മനുഷ്യന്റെ ധനാഭിലാഷത്തെ നിറവേറ്റട്ടെ! 4

അംഗിരസ്സുകളുടെ ഉകു്ഥങ്ങൾ ശ്രവിച്ച ആ ഇന്ദ്രന്‍ വഴിയരുളി, സ്തോത്രം വർദ്ധിപ്പിച്ചു; സ്തുതിയ്ക്കപ്പെടുന്ന അവിടുന്നു സൂര്യനെക്കൊണ്ട് ഉഷസ്സിനെ പിന്മാററിച്ചു; അശ്നന്റെ പുരാതനനഗരങ്ങൾ തകർത്തു! 5

ആ പുകൾപ്പെട്ട അതിദർശനീയനായ ഇന്ദ്രദേവന്‍ മനുവിങ്കല്‍ ഉന്മുഖനായി; ആ അമർത്തുന ബലവാൻ ദ്രോഹിയായ ദാസന്റെ പ്രിയപ്പെട്ട തല താഴെ വീഴ്ത്തി! 6

വൃത്രനെക്കൊന്ന ആ പുരന്ദരനായ ഇന്ദ്രൻ നികൃഷ്ടജാതികളായ ദാസസേനകളെ മുച്ചൂടും മുടിച്ചു; മനുവിന്നുവേണ്ടി ഭൂമിയെയും ജലത്തെയും ഉല്‍പാദിപ്പിച്ചു; യജമാനന്റെ മഹത്തായ അഭിലാഷം നിറവേററി! 7

സ്തോതാക്കളാല്‍ വെള്ളം കിട്ടാന്‍വേണ്ടി, ആ ഇന്ദ്രന്നു നാൾ തോറും ബലവർദ്ധകം യഥാക്രമം നല്കപ്പെട്ടു; വജ്രം തൃക്കയ്യില്‍ ധരിപ്പിയ്ക്കപ്പെട്ട അവിടുന്നു ദസ്യുക്കളെക്കൊന്ന്, ഇരിമ്പുനഗരങ്ങൾ തരിപ്പണമാക്കി! 8

(മാകന്ദമഞ്ജരി)

വാഴ്ത്തുവോർക്കുത്തമാർത്ഥത്തെച്ചുരത്തുമേ,
രാധ്യനാമിന്ദ്ര, നിൻദാനലക്ഷ്മി;
നല്ക,തീസ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ! 9
കുറിപ്പുകൾ: സൂക്തം 20.

[1] വണ്ടിയെന്ന പോലെ – വണ്ടിയ്ക്കു കിട്ടുന്ന കൂലികൊണ്ടു കൊററ് (ആഹാരം) സാധിയ്ക്കാമല്ലോ. അന്നം – സോമം.

[3] പചിയ്ക്കുക – പുരോഡാശാദികൾ വേവിയ്ക്കുക. മറുകര – കർമ്മാവസാനം.

[5] വഴി – പണികളെന്ന അസുരരുടെ ഉപദ്രവം നീക്കാന്‍. സ്തോത്രം വർദ്ധിപ്പിച്ചു – അവരുടെ സ്തുതിയെ അഭീഷ്ടദാനത്താല്‍ സഫലമാക്കി. പിന്മാററിച്ചു – ഉഷസ്സ് സൂര്യോദയത്തിൽ അപ്രത്യക്ഷമാകുമല്ലോ. അശ്നൻ – ഒരസുരന്‍.

[6] ഉന്മുഖനായി – അഭീഷ്ടം നല്കാനൊരുങ്ങി. അമർത്തുന്ന – ശത്രുക്കളെ. ദാസന്‍ – ഒരസുരന്‍.

[7] ദാസസേനകൾ – ദാസാസുരന്റെ പടകൾ.

[8] ബലവർദ്ധകം – ഹവിസ്സ്.

സൂക്തം 21.

ഗൃത്സമദന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ചന്ദസ്സ്; ഇന്ദ്രൻ ദേവത.

വിശ്വജിത്തും, ധനജിത്തും, സ്വർഗ്ഗജിത്തും, സത്രാജിത്തും, നായകജിത്തും, ഉർവരാജിത്തും, അശ്വജിത്തും, ഗോജിത്തും, ജലജിത്തും, യഷ്ടവ്യനുമായ ഇന്ദ്രന്നു ഭവാന്‍ കമനീയമായ സോമം ഒരുക്കുക. 1

അമർത്തുന്നവനും, അമർത്തപ്പെടാത്തവനും, ഹിംസിയ്ക്കുന്നവനും, ഹിംസിയ്ക്കുപ്പെടാത്തവനും, അടക്കുന്നവനും, സദാ ചെറുക്കുന്നവനും, സർവംസഹനും, സവിതാവും, കഴുത്തു തടിച്ചവനും, വോഢാവുമായ ഇന്ദ്രന്നു നിങ്ങൾ നമസ്സു ചൊല്ലുവിന്‍! 2

സദാ ചെറുക്കുന്നവൻ, കരുത്തരെ ചെറുക്കുന്നവൻ, ജനങ്ങളില്‍ ചെല്ലുന്നവന്‍, ഭ്രംശിപ്പിയ്ക്കുന്നവൻ, യോദ്ധാവ്, പ്രീതിപ്പെടുവോളം സോമസിക്തന്‍, അഭീഷ്ടസമ്പാദകൻ, അമർത്തുന്നവൻ, പ്രജാരക്ഷകൻ – ഇപ്രകാരമുള്ള ഇന്ദ്രന്‍ കാണിച്ച വീര്യങ്ങൾ ഞാന്‍ വർണ്ണിയ്ക്കാം: 3

അദ്വിതീയനായ ദാതാവ്, ശ്രേഷ്ഠൻ, ഹിംസകരെ ഹിംസിയ്ക്കുന്നവൻ, ഗംഭീരന്‍, മഹാന്‍, ദുസ്സാധകർമ്മാവ് സമ്പന്നപ്രേരകൻ, മെലിയിയ്ക്കുന്നവന്‍, ദൃഢഗാത്രൻ, തടിച്ചവൻ, സുയജ്ഞൻ – ഇപ്രകാരമുള്ള ഇന്ദ്രൻ ഉഷസ്സിനെയും സൂര്യനെയും ഉൽപ്പാദിപ്പിച്ചു. 4

മഴ പെയ്യിയ്ക്കുന്ന ഇന്ദ്രനെ സ്തുതിച്ചു, തല്‍പരരായ മനീഷികൾ തപസ്സുകൊണ്ടു വഴിയറിഞ്ഞു; ഉടനേ, രക്ഷയ്ക്കായി ഉറക്കെ സ്തുതിച്ചു സമീപിച്ചു ധനത്തെ വീണ്ടെടുത്തു. 5

ഇന്ദ്ര, അങ്ങു ഞങ്ങൾക്ക് ഉത്തമധനങ്ങളും, കർമ്മകൌശലഖ്യാതിയും, സൌഭാഗ്യവും, ഞങ്ങളുടെ സമ്പത്തിന്നഭിവൃദ്ധിയും ദേഹത്തിന്നാരോഗ്യവും, വാക്കിന്നു മാധുര്യവും, പകലുകൾക്കു സുദിനത്വവും തന്നരുളുക! 6

കുറിപ്പുകൾ: സൂക്തം 21.

[1] വിശ്വജിത്ത് –.എല്ലാററിനെയും ജയിച്ചവൻ; ഇതിന്റെ വിവരണമാണ്, ജലജിത്ത് എന്നതുവരെ. സത്രാജിത്ത് = സതതവിജയി. ഉർവര = എല്ലാസ്സസ്യങ്ങളുമുള്ള ഭൂമി. ഭവാന്‍ – അധ്വര്യുയുവിനോടു പറയുന്നതാണിത്.

[2] സ്തോതാക്കളോടു പറയുന്നു: സവിതാവ് = സ്രഷ്ടാവു്. നമസ്സ് – നമസ്കാരത്തോടുകൂടിയ സ്തോത്രം.

[3] ജനങ്ങളില്‍ ചെല്ലുന്നവന്‍ – അഭീഷ്ടം നല്കാന്‍. ഭ്രംശിപ്പിയ്ക്കുന്നവന്‍ – ശത്രുക്കളെ. സോമസിക്തന്‍ – സോമനീര്‍ തളിയ്ക്കപ്പെട്ടവന്‍.

[4] സമ്പന്നപ്രേരകന്‍ – ധനാഢ്യരെ യജ്ഞത്തിന്നു പ്രേരിപ്പിയ്ക്കുന്നവന്‍. മെലിയിയ്ക്കുന്നവന്‍ – ശത്രുക്കളെ ശോഷിപ്പിയ്ക്കുന്നവന്‍.

[5] തൽപരര്‍ – ഇന്ദ്രകാമന്മാര്‍. മനീഷികൾ – അംഗിരസ്സുകൾ. വഴി – ഗോക്കൾ പോയ വഴി. സമീപിച്ച് – ഇന്ദ്രന്റെ അടുക്കൽ ചെന്ന്. ധനത്തെ – ഗോവൃന്ദത്തെ.

[6] പകലുകൾക്കു സുദിനത്വം – എല്ലാദ്ദിവസങ്ങളും ഞങ്ങൾക്കു സുദിനങ്ങളായിബ്ഭവിയ്ക്കുട്ടെ!

സൂക്തം 22.

ഗൃത്സമദന്‍ ഋഷി; അഷ്ടിയും അതിശക്വരിയും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

ഈ പൂജനീയനായ ബലിഷ്ഠന്‍ ആഭിപ്ലവികദിവസങ്ങളില്‍ പിഴിഞ്ഞു യവമലര്‍പ്പൊടിയിട്ടതു വിഷ്ണുവൊന്നിച്ചു യഥേഷ്ടം മതിയാവോളം പാനംചെയ്തു; അതു് ഈ വലിയ മഹാനെ മഹാകർമ്മം ചെയ്യാൻ മത്തുപിടിപ്പിച്ചു – ആ തിളങ്ങുന്ന സത്യസോമം ഈ സത്യനായ ഇന്ദ്രദേവങ്കല്‍ വ്യാപിച്ചു! 1

പിന്നീട്, ഈ തേജസ്വി ഓജസ്സുകൊണ്ടു ക്രിവിയെ പൊരുതിത്തോല്പിച്ചു; അവന്റെ രക്തക്കുഴമ്പുകൊണ്ടു വാനൂഴികൾ നിറച്ചു, വളർന്നരുളി. ഒരു ഭാഗം തിരുവയറ്റിലാക്കി; മറേറബ്ഭാഗം വിട്ടുകൊടുത്തു. ആ തിളങ്ങുന്ന സത്യസോമം ഈ സത്യനായ ഇന്ദ്രദേവങ്കല്‍ വ്യാപിച്ചു! 2

അങ്ങു കർമ്മത്തോടുകൂടി ജനിച്ച്, ഓജസ്സോടുകൂടി ഭരിപ്പാൻതുടങ്ങി: വീര്യത്തോടുകൂടി വളർന്നു, ഹിംസകരെ അമർത്തുന്നു; വേര്‍തിരിച്ചു കാണുന്നു; സ്തുതിയ്ക്കുന്നവന്നു പൊറുക്കാന്‍ സ്പൃഹണീയമായ ധനം നല്കുന്നു. ആ തിളങ്ങുന്ന സത്യസോമം ഈ സത്യനായ ഇന്ദ്രദേവങ്കല്‍ വ്യാപിച്ചു! 3

ഇന്ദ്ര, നൃത്തംവെപ്പിയ്ക്കുന്നവനേ, സ്വർഗ്ഗത്തില്‍ ശ്ലാഘിയ്ക്കത്തക്കതാകുന്നു, മനുഷ്യഹിതവും മഹത്തരവുമായി ഭവാന്‍ പണ്ടു ചെയ്ത കര്‍മ്മം: അങ്ങു ബലംകൊണ്ട് അസുരന്റെ അസു പോക്കി, ജലമൊഴുക്കിയല്ലോ. ശതക്രതു വ്യാപ്തനായ അസുരനെ കരുത്തുകൊണ്ടമർത്തട്ടെ; കെല്പു നേടട്ടെ; അന്നം നേടട്ടെ! 4

കുറിപ്പുകൾ: സൂക്തം 22.

[1] ഇട്ടത് – ഇട്ട സോമനീര്‍.

[2] ഒരു ഭാഗം – സോമത്തിന്റെ ഒരംശം. വിട്ടുകൊടുത്തു – ദേവന്മാർക്കു്.

[3] വേര്‍തിരിച്ചു – സദസജ്ജനങ്ങളെ.

[4] നൃത്തംവെപ്പിയ്ക്കുന്നവന്‍ – എല്ലാരെയും ചേഷ്ടിപ്പിയ്ക്കുന്നവന്‍. അസുരൻ – വൃത്രൻ. അസു = പ്രാണന്‍. ജലമൊഴുക്കി – മഴ പെയ്യിച്ചു. അടുത്ത വാക്യം പരോക്ഷം.

സൂക്തം 23.

ഗൃത്സമദന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ബ്രഹ്മണസ്പതിയും ബൃഹസ്പതിയും ദേവത. (കേക)

വിളിപ്പൂ, കവികൾക്കു കവിയായ്ഗ്ഗണങ്ങൾക്കു
വിഭുവായുൽക്കൃഷ്ടാന്നം വായ്ക്കുമങ്ങയെ ഞങ്ങൾ:
ബ്രഹ്മണസ്പതേ, ബ്രഹ്മസ്വാമി മുമ്പരില്‍ മുമ്പ-
നങ്ങസ്മല്‍സ്തുതി കേട്ടു വാഴ്ക, രക്ഷയ്ക്കായ് ഗ്ഗേഹേ! 1
ജ്ഞാനമേറിയ ദൈത്യഹന്താവാം ഭവാനുടെ
വാനവന്മാരും നേടീ, യജ്ഞാംശം ബൃഹസ്പതേ;
വന്മഹസ്സാളും സൂര്യൻ കിരണങ്ങളെപ്പോലേ,
നിർമ്മിച്ചതങ്ങുന്നല്ലോ, സർവമന്ത്രങ്ങളെയും! 2
ദുരിതത്തെയും തമസ്സിനെയും പോക്കിയിരു-
ന്നരുൾവൂ, ബൃഹസ്പതേ, യജ്ഞസിദ്ധിയ്ക്കായ്ബ്ഭവാൻ,
ഘോരമായ്ദ്ധ്വസ്താരിയായ്ദ്ദീപ്രമായ് രക്ഷോഘ്നമായ്-
ക്കാറിനെപ്പിളർപ്പതായ് വിണ്‍പൂകിപ്പതാം തേരില്‍! 3
നരരെസ്സന്മാർഗ്ഗത്തില്‍ നടത്തും, രക്ഷിയ്ക്കും നീ;
ദുരിതം തൊടുകില്ലാ, ഭവാനു തരുന്നോനെ.
ബ്രഹ്മദ്വിട്ടിനെ നീറ്റും നിഹതക്രോധന്‍ ഭവാൻ;
ഇമ്മട്ടില്‍പ്പെരുതു, നിൻമാഹാത്മ്യം ബൃഹസ്പതേ! 4
ബ്രഹ്മണസ്പതേ, സാധുരക്ഷകന്‍ ഭവാന്‍ കാക്കു-
മമ്മനുഷ്യനെത്തീണ്ടാ, പാപവും സന്താപവും;
മാററാരോ ചതിയരോ ദ്രോഹിയ്ക്കില്ലൊരേടത്തും;
മാററിനിർത്തുമേ, കൊലക്കൂട്ടരെയെല്ലാം ഭവാന്‍! 5
ഞങ്ങൾക്കു വഴിവെട്ടും രക്ഷകന്‍, സുദൃക്കാം നീ;
ഞങ്ങൾ നിന്മഖത്തിന്നായ് സ്തോത്രങ്ങൾ പാടീടുന്നു:
ഞങ്ങളില്‍ച്ചതികൂട്ടന്നവന്റെ ദുര്‍ബുദ്ധിയ്ക്കു
ഭംഗമഞ്ജസാ ഭവിയ്ക്കേണമേ, ബൃഹസ്പതേ! 6
വന്നേറ്റു മുതല്‍ കവർന്നേതൊരു കേമന്‍ പിഴ-
യൊന്നുമേ ചെയ്തിട്ടില്ലാത്തെങ്ങളെ ദ്രോഹിയ്ക്കുമോ;
നീക്കുക, വഴിയില്‍നിന്നവനെബ്ബൃഹസ്പതേ;
തീർക്കുകി,ക്രതുവിന്നു നേര്‍വഴി ഞങ്ങൾക്കു നീ! 7
അംഗരക്ഷകന്‍, കൂട്ടിച്ചൊല്ലുവോന,സ്മല്‍പര-
നങ്ങയെ വിളിയ്ക്കുന്നൂ ദുഃഖതാരക, ഞങ്ങൾ:
ദേവനിന്ദകരെ നീ മുടിയ്ക്ക, ബൃഹസ്പതേ;
കേവലസുഖം നേടീടൊല്ല, ദുർന്നടത്തക്കാർ! 8
ബ്രഹ്മണസ്പതേ, പുഷ്ടിദായിയാം നിന്നാല്‍ നേടു-
കി,മ്മനുഷ്യരില്‍നിന്നു കാമ്യമാം ധനം ഞങ്ങൾ;
ദൂരത്തോ സമീപത്തോ ഞങ്ങളെക്കയ്യേറുന്ന
വൈരികളാകും കർമ്മഹീനരെത്തുലയ്ക്ക നീ! 9
ഒരുക്കീടാവൂ, ഞങ്ങളഗ്ര്യാന്നം ബൃഹസ്പതേ,
നിറവു വരുത്തും നിര്‍മ്മലനാം നിന്‍ യോജിപ്പാല്‍!
ഞങ്ങളിലാളാകൊല്ലാ, കയ്യേറാനൊരു ദുഷ്ടന്‍:
മംഗളസ്തോത്രം ചൊല്ലിക്കൈവളരാവൂ, ഞങ്ങൾ! 10
പടയില്‍ക്കയ്യേറുന്നോന,ദ്വിതീയനാം ദാതാ-
വ,ടരില്‍ച്ചെൽവോന്‍, കാമം പെയ്യുവോൻ, പരന്തപൻ,
ദൃഢദർപ്പരാമുഗ്രന്മാരെയുമടക്കുവോന്‍,
കടമവീട്ടുന്നവൻ, ബ്രഹ്മണസ്പതേ, ഭവാന്‍. 11
ഏവനാസുരഭാവാല്‍ ദ്രോഹിയ്ക്കും, ഞെളിച്ചില്‍ പൂ-
ണ്ടേതുഗ്രന്‍ മുതിർന്നീടും, സ്തോതാവെ നിഹനിപ്പാൻ;
അവന്റെ ശസ്ത്രം തീണ്ടായ്കെ,ങ്ങളെ ബ്ബൃഹസ്പതേ;
ജവിയാമദ്ദുഷ്ടന്റെ ചുണ പോക്കാവൂ, ഞങ്ങൾ! 12
അടരിലാഹ്വാതവ്യാനാ,നമിച്ചുപഗമ്യൻ,
പടയില്‍ച്ചെല്‍വോന്‍, ധനം, ധനമേകുന്നോൻ, നാഥന്‍,
പിടികൂടുവാൻനോക്കുമിപ്പടകളെയെല്ലാ-
മുടയ്ക്ക, രഥങ്ങളെപ്പോലവേ ബൃഹസ്പതി! 13
ദൃഷ്ടവീര്യനാം നിന്നെപ്പഴിയ്ക്കുമരക്കരെ-
ച്ചുട്ടെരിച്ചാലും, തീക്ഷ്ണതാപനായുധത്താല്‍ നീ-
നഷ്ടമായ്ക്കിടന്ന നിന്‍ നവ്യമാം വീര്യം കാണി-
ച്ചി,ട്ടരച്ചാലും, നിന്ദിപ്പോരെ നീ ബൃഹസ്പതേ! 14
ഏതിനെ മികച്ചോനും മാനിയ്ക്കും, ബൃഹസ്പതേ;
യാതൊന്നു ജനങ്ങളില്‍ക്കർമ്മാർത്ഥം വിളങ്ങീടും;
ഋദ്ധിയാല്‍ശ്ശോഭിപ്പിയ്ക്കും, യാതൊന്നു; വിചിത്രമാ-
മദ്ധനം സത്യോല്‍പന്ന, ഞങ്ങളില്‍ വെച്ചാലും നീ! 15
ഏവര്‍ തീങ്കൊതിയന്മാർ, ദ്രോഹത്തിലിമ്പംകൊൾവോര്‍,
ദേവപൂജനം ചെയ്യില്ലെന്നുള്ളിലുറച്ചവര്‍;
പറ്റലരാമക്കളളന്മാർക്കു നല്കൊല്ലേ, സാമം
മററില്ലെന്നറിഞ്ഞോരാം ഞങ്ങളെ ബൃഹസ്പതേ! 16
ത്വഷ്ടാവാലുലകങ്ങൾക്കൊക്കയുമുപരിയായ്-
സ്സൃഷ്ടനാം ഭവാനല്ലോ, നിർമ്മിച്ചു സാമം, സാമം;
ദുഷ്ടരെ വധിയ്ക്കുമാ ബ്രഹ്മണസ്പതി കട-
പ്പെട്ടവൻ, മഹായജ്ഞകാരിയ്ക്കു കടം തീർപ്പോന്‍! 17
ഗോരോധിഗിരിദ്വാരം തുറന്നൂ, തവ പൂകാൻ;
ഗോക്കളെപ്പുറത്തെയ്ക്കു വിട്ടിതാംഗിരസന്‍ നീ;
ഇന്ദ്രനോടൊന്നിച്ചി,രുൾ മൂടിയ മുകിലിനെ-
ച്ചെന്നധോമുഖമാക്കി നിർത്തി, നീ ബൃഹസ്പതേ! 18
വിശ്വയന്താവാം ഭവാന്‍ ബ്രഹ്മണസ്പതേ, കേൾക്കു-
കിസ്സൂക്തം; തരികയും ചെയ്ക, മക്കൾക്കു സുഖം;
സർവവും ശുഭമാമേ, ദേവരക്ഷിതമായാല്‍;-
സ്സത്രത്തില്‍ സ്തുതിയ്ക്കാവൂ, സദ്വീരാന്വിതരെങ്ങൾ! 19
കുറിപ്പുകൾ: സൂക്തം 23.

[1] ഗണങ്ങൾ – ദേവാദിവർഗ്ഗങ്ങൾ. വിഭു = സ്വാമി. ബ്രഹ്മസ്വാമി = മന്ത്രങ്ങളുടെ അധിപതി. മുമ്പരില്‍ മുമ്പൻ – ഉത്തമോത്തമന്‍. അങ്ങ് = ഭവാന്‍. ഗേഹേ – യജ്ഞഗൃഹത്തില്‍.

[2] ഭവാനുടെ – അങ്ങയുടെ ആളുകളായ.

[3] ഘോരം – ശത്രുക്കൾക്കു ഭയങ്കരം. ധ്വസ്താരി = ശത്രുക്കളെ നശിപ്പിയ്ക്കുന്നത്, ഇതിന്റെ വിവരണമാണു്, രക്ഷോഘ്നമായ് എന്നതു്.

[4] തരുന്നോനെ – ഹവിരർപ്പകനെ. ബ്രഹ്മദ്വിട്ട് = മന്ത്രദ്വേഷി. നീറ്റും – ചുട്ടെരിയ്ക്കും. നിഹതക്രോധൻ = ക്രോധത്തെ നശിപ്പിച്ചവൻ.

[5] സാധുരക്ഷകന്‍ = വഴിപോലെ രക്ഷിയ്ക്കുന്നവന്‍. കൊലക്കൂട്ടര്‍ = ഹിംസകര്‍.

[6] വഴി – സന്മാർഗ്ഗം. സുദൃക്ക് = വഴിപോലെ കാണുന്നവന്‍, സർവജ്ഞന്‍. നിന്മഖത്തിന്നായ് – അങ്ങയെ യജിപ്പാൻ. ഭംഗം = നാശം.

[7] തീർക്കുക = ഉണ്ടാക്കുക.

[8] അംഗരക്ഷകന്‍ – ഞങ്ങളൂടെ ദേഹം രക്ഷിയ്ക്കുന്നവന്‍. അസ്മല്‍പരന്‍ – ഞങ്ങളില്‍ താല്‍പര്യമുളളവന്‍. ഇതുമൂലം കൂട്ടിച്ചൊല്ലുവോന്‍ – ഞങ്ങളുടെ ഗുണത്തെ അധികമാക്കി പറയുന്നവൻ. ദുഖതാരക = ദുഃഖങ്ങളെ കടത്തിവിടുന്നവനേ. കേവലസുഖം – ദുഃഖസ്പർശമില്ലാത്ത, മികച്ച സുഖം.

[9] നിന്നാല്‍ – അങ്ങയുടെ തുണയാല്‍.

[10] അഗ്ര്യാന്നം – ഉത്തമഹവിസ്സ്. നിറവ് – അഭീഷ്ടപൂർത്തി. യോജിപ്പ് = ചേച്ച, തുണ. കൈവളരാവൂ – വർദ്ധിയ്ക്കുമാറാകട്ടെ.

[11] കയ്യേറുന്നോന്‍ – ശത്രുക്കളെ ആക്രമിയ്ക്കുന്നവന്‍.

[12] ജവി = വേഗവാന്‍.

[13] ആനമിച്ചുപഗമ്യന്‍ = നമസ്കരിച്ചു സമീപിയ്ക്കപ്പെടേണ്ടുന്നവന്‍. ധനം ധനം – ആദരത്താല്‍ ദ്വിരുക്തി. ഇപ്പടകൾ – ഹിംസകസേനകൾ. രഥങ്ങളെപ്പോലവേ – യുദ്ധത്തില്‍ എതിർതേരുകളെ ഉടയ്ക്കുന്നതുപോലെ.

[14] തീക്ഷ്ണതാപനായുധം = മൂർച്ചയേറിയ, തപിപ്പിയ്ക്കുന്ന ആയുധം.

[15] അദ്ധനം – ബ്രഹ്മതേജസ്സാകുന്ന ധനം. സത്യോല്‍പന്ന = സത്യത്തില്‍ നിന്നു ജനിച്ചവനേ.

[16] സാമം മററില്ലെന്ന് – അങ്ങല്ലാതെ മറെറാരു സാമമില്ലെന്ന്, അങ്ങുതന്നെ സാമമെന്ന്.

[17] ത്വഷ്ടാവു് = പ്രജാപതി. സാമം സാമം – ഓരോ സാമവും. ഉത്തരാർദ്ധം പരോക്ഷവചനം. മഹായജ്ഞകാരി = വലിയ യാഗം ചെയ്യുന്നവന്‍.

[18] ഗോരോധിഗിരിദ്വാരം = ഗോക്കളെത്തടഞ്ഞ പർവതത്തിന്റെ ഗുഹ. തവ പൂകാന്‍ = അങ്ങയ്ക്കു കടപ്പാന്‍. തുറന്നൂ – താനേ തുറന്നു. ആംഗിരസന്‍ – അംഗിരോഗോത്രോല്‍പന്നന്‍. അധോമുഖമാക്കി നിർത്തി – ഭൂമിയില്‍ മഴ പെയ്യാന്‍.

[19] വിശ്വയന്താവ് = ജഗന്നിയാമകന്‍. ദേവരക്ഷിതമായാല്‍ – അങ്ങയെപ്പോലുള്ള ദേവന്മാര്‍ രക്ഷിച്ചാല്‍. സത്രം = യാഗം.

സൂക്തം 24.

ഗൃത്സമദൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ബ്രഹ്മണസ്പതിയും ഇന്ദ്രനും ദേവത. (കേക)

ബ്രഹ്മണസ്പതേ, കേൾക്കുകിസ്തുതി സർവേശൻ നീ;-
യിമ്മഹാനവവാക്കാല്‍സ്സേവിച്ചിടാവൂ ഞങ്ങൾ!
ഞങ്ങൾതന്‍ സ്തോതാവു നിൻമിത്രമായ് സ്തുതിയ്ക്കുന്നു-
ണ്ട; – ങ്ങതിന്നൊത്ത ഫലം ഞങ്ങളെയേല്പിച്ചാലും! 1
കരുത്താല്‍ക്കുനിയിച്ചാൻ കുനിയിയ്ക്കേണ്ടുന്നോരെ;-
ക്കനത്ത മുകിലിനെപ്പിളർത്താനരിശത്താല്‍;
വീഴ്ത്തിനാൻ വീഴാതെനിന്നതിനെ; – ദ്ധനങ്ങളെ-
പ്പൂഴ്ത്തിയ മലയിലും ബ്രഹ്മണസ്പതി പുക്കാൻ! 2
അദ്ദേവദേവൻ ചെയ്തതാണേ: – റ്റമുറപ്പുള്ള
വസ്തുവുമുടഞ്ഞുപോയ്; പരുഷം പതുപ്പാർന്നൂ;
ഗോക്കളെക്കേറ്റീ; ചീന്തീ വലനെ; മന്ത്രംകൊണ്ടു
പോക്കി, കൂരിരുൾ; പേർത്തും സൂര്യനെത്തെളിയിച്ചൂ! 3
തേന്‍ തൂകും വിശാലമാമേതൊരു മുകിലിനെ-
ത്താൻതന്നേ പിളർത്തിയോ ബ്രഹ്മണസ്പതി കെല്പാൽ;
അതിനെത്തന്നേ മോന്തുമർക്കാംശുവെല്ലാം പില്പാ-
ടധികം നിറയ്ക്കുന്നൂ, ചേർന്നൊത്തു വർഷാഭ്രത്തെ! 4
ബ്രഹ്മണസ്പതിയുടെ ചില ശാശ്വതജ്ഞാന-
നിർമ്മിതി നിങ്ങൾക്കായിത്തിങ്ങളാണ്ടുകളാലേ
വന്നെത്തുമുദകത്തിന്‍ കതകു തുറക്കുമ്പോ-
ളൊന്നിനെബ്ഭുജിയ്ക്കും ഭൂവൊ,ന്നിനെ ദ്യോവും സ്വൈരം! 5
പണികൾ കുഴിച്ചിട്ട പെരിയ നിധിയെപ്പാർ-
ത്തണഞ്ഞാര്‍, ചുഴലവുമലഞ്ഞുനടന്നെവർ;
അറിവേറിയോരവര്‍ മായകൾ കണ്ടു,ൾപ്പൂകാൻ
പുറപ്പെട്ടേടത്തെയ്ക്കേ മടങ്ങിപ്പോന്നീടിനാര്‍. 6
മായകൾ കണ്ടു തിരിച്ചിട്ടു, പിന്നെയും മഹ-
ത്തായൊരു മാർഗ്ഗേ നിന്നക്കവികൾ നേരുറ്റവര്‍
ഇരുകൈത്തിരുമ്മലാ,ലങ്ങില്ലാതിരുന്ന ചു-
ട്ടെരിയും ചെന്തീ ചമച്ചെറിഞ്ഞാർ, പാറക്കെട്ടില്‍. 7
സത്യമാകിയ ഞാണുള്ളെയ്ത്തുവില്ലിനാലെത്തു,-
മുദ്ദിഷ്ടസ്ഥലത്തെങ്ങും ബ്രഹ്മണസ്പതിദേവന്‍:
അർത്ഥസാധകമല്ലോ, വിശ്വദൃക്കവനെയ്യും
ബുദ്ധിജാതവും കർണ്ണസ്പൃക്കുമാമമ്പോരോന്നും! 8
ചേര്‍ത്തിണക്കീടും, വേറുപെടുത്തും, പോരില്‍ച്ചെല്ലും,
കീർത്തിതൻ പുരോഹിതന്‍ ബ്രഹ്മണസ്പതിദേവൻ;
ദ്രഷ്ടാവാമവൻ കൊറ്റും നല്‍സ്വത്തും വളർക്കയാല്‍
ക്ലിഷ്ടതയെന്ന്യേ ജ്വലിയ്ക്കുന്നു, ചൂടേകും സൂര്യൻ! 9
വൃഷ്ടികർത്താവാം ബൃഹസ്പതിതൻ വിഭൂതികൾ
പുഷ്ടങ്ങളു,ദാരങ്ങൾ, മുഖ്യങ്ങൾ, സംപ്രാപ്യങ്ങൾ;
ഭരിതാന്നനാം കമനീയന്റെയിസ്സമ്പത്താ-
ലിരുന്നു ഭുജിയ്ക്കുന്നൂ, രണ്ടുകൂട്ടരും സൌഖ്യം! 10
പെരിയോനെയും ശേഷി കുറഞ്ഞോനെയും കെല്പാല്‍-
ബ്ഭരിപ്പിതെ, ല്ലാംകൊണ്ടും വിഭുവാം സ്തുത്യനെവൻ;
ദേവര്‍തൻ പ്രതിനിധിയായേറ്റം പുകൾപ്പെട്ടോ-
നേ,വർക്കും മുകളിലാ, ബ്രഹ്മണസ്പതിദേവൻ! 11
സത്യമേ, നിങ്ങൾക്കുള്ളതൊക്കയും സമ്പന്നരേ;
നിർത്തിയ്ക്കില്ലൊ,രുത്തരും നിങ്ങൾതൻ പ്രവൃത്തിയെ;
ഇങ്ങാഗമിപ്പിൻ, തീറ്റയ്ക്കിരുതേരശ്വങ്ങൾപോ-
ലെ,ങ്ങൾതന്നവിസ്സിന്നായ് ബ്രഹ്മണസ്പതീന്ദ്രരേ! 12
ശ്രവിയ്ക്കും, ശൂരഘ്നന്റെ വേഗികൾ കുതിരകൾ;
കവിയാം സഭ്യന്‍ സ്തുതിച്ചൊരുക്കുന്നുണ്ടു ധനം.
ആകാംക്ഷപോലേ തിരിച്ചെടുത്തീടട്ടേ കടം:
യാഗാന്നഭാക്കാണല്ലോ, ബ്രഹ്മണസ്പതിയവൻ! 13
പെരിയ കർമ്മം ചെയ്യും ബ്രഹ്മണസ്പതിയുടെ-
യരിശമമോഘമായ്ത്തീർന്നിതു യഥാകാമം:
ഗോക്കളെക്കേററിപ്പങ്കിട്ടേകിനാൻ വിണ്ണിന്നവൻ;
പൈക്കൂട്ടം പിരിഞ്ഞോടീ, വൻനീര്‍ച്ചാല്‍കണക്കൂക്കില്‍! 14
വടിവില്‍സ്സൂക്ഷിയ്ക്കേണ്ടും സ്വത്തിനുമന്നത്തിന്നു-
മുടയോരാകെ,ന്നെന്നും ബ്രഹ്മണസ്പതേ, ഞങ്ങൾ;
ഞങ്ങൾതന്‍ വീരന്മാരെച്ചേർക്ക വീരരോ;ടീശ –
നങ്ങിച്ഛിപ്പതുണ്ടല്ലോ, വിളിയും ഹവിസ്സും മേ! 15
വിശ്വയന്താവാം ഭവാന്‍ ബ്രഹ്മണസ്പതേ, കേൾക്കു-
കിസ്സൂക്തം; തരികയും ചെയ്ക മക്കൾക്കു സുഖം.
സർവവും ശുഭമാമേ, ദേവരക്ഷിതമായാൽ;-
സ്സത്രത്തില്‍ സ്തുതിയ്ക്കാവൂ, സദ്വീരാന്വിതരെങ്ങൾ! 16
കുറിപ്പുകൾ: സൂക്തം 24.

[1] മഹാനവവാക്കു് – മഹത്തായ പുതിയ സ്തുതി.

[2] കുനിയിയ്ക്കേണ്ടുന്നോര്‍ – രാക്ഷസാദികൾ. വീഴാതെനിന്നത് – വെള്ളം. ധനങ്ങളെപ്പൂഴ്ത്തിയ – ഗോക്കളെ ഗുഹയിലടച്ച.

[3] അദ്ദേവദേവൻ ചെയ്തുതാണ് – ഇതൊക്കെ. വസ്തു – പർവതാദി. പരുഷം പതുപ്പാർന്നൂ – പറുപറുപ്പുള്ള വൃക്ഷവും മറ്റും മൂദുത്വം പൂണ്ടു. കേററീ – ഗുഹയില്‍നിന്നു്. ചീന്തീ = പിളർത്തി. കൂരിരുൾ – വലനിർമ്മിതമായ തമസ്സ്.

[4] തേൻ – മധുരജലം. അത് – മേഘജലം. മോന്തും – വേനല്ക്കാലത്തുകുടിയ്ക്കുന്ന. നിറയ്ക്കുന്നൂ – നീരാവികൊണ്ട്.

[5] ഋത്വിക്കുകളോടും യജമാനന്മാരോടും പറയുന്നു: ശാശ്വതജ്ഞാനനിർമ്മിതി – മന്ത്രനിർമ്മാണം. ഉദകത്തിന്‍ കതക് = മേഘദ്വാരം. ഒന്നിനെ – വർഷജലത്തെ. ഒന്നിനെ ദ്യോവും – ഭൂമിയിൽ മഴയാലുണ്ടാകുന്ന അന്നത്തെ ദ്യോവും ഭുജിയ്ക്കും. സ്വൈരം – നിഷ്പ്രയാസം.

[6] പണികൾ – അസുരര്‍. നിധിയെ – ഗോധനത്തെ. അവര്‍ – അംഗിരസ്സുകൾ. മായകൾ – അസുരരുടെ. ഉൾപ്പൂകാന്‍ പുറപ്പെട്ടേടത്തെയ്ക്കേ – ഗുഹയില്‍ കടക്കാന്‍ എവിടെനിന്നു പുറപ്പെട്ടുവോ, അവിടെയ്ക്കുതന്നെ.

[7] അക്കവികൾ – അംഗിരസ്സുകൾ. കൈപ്പടങ്ങൾ കൂട്ടിത്തിരുമ്മി തിയ്യുണ്ടാക്കി.

[8] എയ്ത്തുവില്ല് – അമ്പെയ്യുന്ന വില്ല്. വിശ്വദൃക്ക് – ജഗദ്ദ്റഷ്ടാവ്. അമ്പ് – മന്ത്രം. കർണ്ണസ്പൃക്കു് = ചെവികളെ സ്പർശിക്കുന്നതു്; ശ്രോത്രഗ്രാഹ്യം. തൊടുത്തുവലിയ്ക്കുമ്പോൾ അമ്പും കർണ്ണസ്പൃക്കാകുമല്ലോ. മന്ത്രംകൊണ്ട് അദ്ദേഹം എന്തും സാധിയ്ക്കും!

[9] മന്ത്രബലംകൊണ്ടു ചേർത്തിണക്കിടും – വേര്‍പെട്ടവയെ. കീർത്തിതന്‍ = സ്തുതന്‍.

[10] ഭരിതാന്നന്‍ = അന്നങ്ങളെ സംഭരിയ്ക്കുന്നവന്‍. രണ്ടുകൂട്ടരും – ദേവകളും മനുഷ്യരും.

[12] നിങ്ങൾക്കുള്ളതൊക്കയും സത്യമേ – നിങ്ങളെക്കുറിച്ചുള്ളതു മുഴുവനും യഥാർത്ഥംതന്നെയാണു്; അതില്‍ ഗുണാരോപണമൊന്നുമില്ല. നിർത്തിയ്ക്കില്ല – ആരും ആളാവില്ല, മുടക്കാന്‍. അവിസ്സിന്നായ് – ഹവിസ്സു ഭുജിപ്പാന്‍. ബ്രഹ്മണസ്പതീന്ദ്രർ = ബ്രഹ്മണസ്പതിയും ഇന്ദ്രനും.

[13] ശൂരഘനന്റെ – ശൂരരായ രാക്ഷസാദികളെ ഹനിയ്ക്കുന്ന ബ്രഹ്മണസ്പതിയുടെ. കുതിരകൾ ശ്രവിയ്ക്കും – നമ്മുടെ സ്തുതി കേൾക്കും; അവ അദ്ദേഹത്തെ ഇവിടെ കൊണ്ടുവരും. സഭ്യന്‍ – ഹോതാവ്. ധനം – ഹവിസ്സ്. കടം – നാം കൊടുത്തുതീർക്കേണ്ടത്.

[14] വിണ്ണിന്ന് – ദേവന്മാർക്ക്. പിരിഞ്ഞ് ഓടി – വെവ്വേറെ ഉടമസ്ഥന്മാരുടെ അടുക്കലെയ്ക്കു പാഞ്ഞുപോയി.

[15] വടിവില്‍ – വഴിപോലെ. വീരന്മാരെ വീരരോടു ചേർക്ക – പുത്രന്മാരെ പുത്രന്മാരോടു ചേർത്താലും; ഞങ്ങൾക്കു പൌത്രരും ഉണ്ടാകട്ടെ. ഇച്ഛിപ്പതുണ്ടല്ലോ – അതിനാല്‍, ഞാനപേക്ഷിച്ചതു ചെയ്യുക.

സൂക്തം 25.

ഗൃത്സമദന്‍ ഋഷി; ജഗതി ഛന്ദസ്സ്; ബ്രഹ്മണസ്പതി ദേവത. (കേക)

ആരിലുണ്ടാമോ സഖ്യം ബ്രഹ്മണസ്പതിയ്ക്ക,വന്‍
വൈരിഹന്താവായ്ത്തീരും; സ്തോത്രോച്ചാരണത്തോടേ
അഗ്നിയെ ജ്വലിപ്പിച്ചു ഹവിസ്സു സമർപ്പിച്ചി-
ട്ടുദ്ഗതി നേടും; കാണും, മകന്റെ മകനെയും! 1
ആരിലുണ്ടാമോ സഖ്യം ബ്രഹ്മണസ്പതിയ്ക്ക,വന്‍
വീരരാൽ വീരന്മാരാം മാറ്റാരെക്കൊലചെയ്യും;
ഭൂരിഗോധനനാകും;സ്വയമേ ജ്ഞാനം നേടും;
ചേരുമേ, വളർച്ചയും മകന്നും തൽപുത്രന്നും! 2
ആരിലുണ്ടാമോ സഖ്യം ബ്രഹ്മണസ്പതിയ്ക്ക,വൻ,
തീരത്തെപ്പുഴപോലേ,മൂരിയെ വൃഷംപോലെ
വൈരിവർഗ്ഗത്തെക്കെല്പാൽത്തട്ടിവീഴിയ്ക്കും;ദുർന്നി-
വാരനുമാകും,ചെന്തീജ്ജ്വാലപോലക്കർമ്മസ്ഥൻ! 3
ആരിലുണ്ടാമോ സഖ്യം ബ്രഹ്മണസ്പതിയ്ക്ക,വൻ
ഭൂരിഭൃത്യനായ് മുമ്പേ നേടീടും,ഗോവൃന്ദത്തെ;
വന്നെത്തും,തടവില്ലാതവങ്കൽദ്ദിവ്യജലം;
ദുർന്നിവാരൌജസ്സായിശ്ശത്രുഹത്യയും ചെയ്യും! 4
ആരിലുണ്ടാമോ സഖ്യം ബ്രഹ്മണസ്പതിയ്ക്ക,വ-
ന്നാറുകൾ മുഴുവനുമൊഴുകിച്ചെല്ലും നേരേ;
ധാരാളമവന്നുണ്ടാം, ചോർച്ചയില്ലാത്ത ഗൃഹം;
സ്വൈരമുമ്പരെസ്സുഖിപ്പിച്ചവനുയർന്നീടും! 5
കുറിപ്പുകൾ: സൂക്തം 25.

[1] മകന്റെ മകനെയും കാണും – അത്രയ്ക്കു ദീർഗ്ഘായസ്സു നേടും.

[2] വീരർ – സ്വപുത്രന്മാർ. ചേരുമേ – ഉണ്ടായിവരും.

[3] പുഴ – നിറഞ്ഞൊഴുകുന്ന നദി. മൂരി – നിലമുഴുതാൻ ഉടയുടയ്ക്കപ്പെട്ട കന്നാലി. വൃഷം = കാള. കർമ്മസ്ഥൻ – ബ്രഹ്മണസ്പതിയെ പരിചരിയ്ക്കലാകുന്ന കർമ്മത്തിൽ വർത്തിയ്ക്കുന്നവൻ.

[4] മുമ്പേ – മറ്റു യജമാനന്മാരെക്കാൾ. ദിവ്യജലം – മഴവെള്ളം;യഥാകാലം മഴ കിട്ടും.

[5] വേണമെങ്കിൽ, പുഴകൾതന്നേ അവന്റെ അടുക്കലെത്തും. ഉയർന്നീടും – അഭിവൃദ്ധി നേടും.

സൂക്തം 26.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക)

മാറ്റാരെക്കൊലചെയ്യും, നിർവ്യാജം സ്തുതിപ്പവ;-
നേറ്റുകീഴടക്കീടും, സേവകനസേവിയെ;
ദുര്‍ജയനെയും പോരില്‍ക്കൊല്ലുമേ, തർപ്പിപ്പവൻ;
യജ്വാവിന്നധീനമാ,മയജ്വാവിന്റെ ധനം! 1
വീര, പൂജിയ്ക്ക; മദംകൊൾവോരെച്ചെറുക്കുക;
ധീരമാക്കുക, മനം പറ്റലര്‍പ്പറക്കൊട്ടില്‍;
നിർമ്മിയ്ക്ക, ഹവ്യം ഭവാന്‍ സൌഭാഗ്യവാനായ്ത്തീരും;
ബ്രഹ്മണസ്പതിയോടു രക്ഷണം പ്രാർത്ഥിയ്ക്ക, നാം! 2
ദേവപാലകനാകും ബ്രഹ്മണസ്പതിയ്ക്കെവൻ
കേവലാസ്ഥയാ ചെയ്യും, ഹവ്യത്താല്‍സ്സപര്യയെ;
അന്നമിങ്ങവന്‍ നേടും, ലോകരാല്‍ പ്രജകളാ-
ലുണ്ണിയാല്‍ സ്വജനത്താല്‍; ധനവും നേതാക്കളാല്‍! 3
നമ്രനായ് നെയ്യോലുന്ന ഹവ്യത്താല്‍ബ്ഭജിപ്പോനെ
ബ്രഹ്മണസ്പതി കൊണ്ടുനടക്കും, നേര്‍മാർഗ്ഗത്തില്‍;
കല്മഷം നീക്കും; പോക്കും, വിനയും വറുതിയു;–
മമ്മഹാന്‍ ചെയ്യു,മവന്നുരുവാമുപകാരം! 4
കുറിപ്പുകൾ: സൂക്തം 26.

[1] അസേവി – ബ്രഹ്മണസ്പതിയെ സേവിയ്ക്കാത്തവന്‍. തർപ്പിപ്പവന്‍ – ബ്രഹ്മണസ്പതിയെ സന്തൃപ്തനാക്കുന്നവന്‍.

[2] ഋഷി ഒരു സ്വകീയനെ അനുശാസിയ്ക്കുന്നു: പൂജിയ്ക്ക – ബ്രഹ്മണസ്പതിയെ യജിയ്ക്കുക. മദം = ഗർവ്. പറ്റലര്‍പ്പറക്കൊട്ടില്‍ – ശത്രുക്കൾ യുദ്ധത്തിന്നൊരുങ്ങി പടഹമടിയ്ക്കുമ്പോൾ മനം ധീരമാക്കുക.

[3] കേവലാസ്ഥയാ – നിഷ്കളങ്കശ്രദ്ധയോടേ. സപര്യ = പരിചരണം. നേതാക്കളാല്‍ – മറ്റു പരിചാരകരാല്‍ ധനവും നേടും.

[4] വിന = ആപത്ത്. വറുതി = ദാരിദ്ര്യം. ഉരു = മഹത്ത്.

സൂക്തം 27.

ഗൃത്സമദനോ, മകന്‍ കൂർമ്മനോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ആദിത്യര്‍ ദേവത. (കേക)

നൈ തൂകും വചസ്സിതു നിച്ചലുമരചരാ-
മാദിതേയന്മാർക്കായ് ഞാന്‍ നാക്കിനാല്‍ ഹോമിയ്ക്കുന്നേന്‍:
കേൾക്കുകെ,ങ്ങൾതൻ സ്തോത്രമര്യമഭഗമിത്രര്‍,
യോഗ്യനംശുവും ബഹുത്രോദിതൻ വരുണനും! 1
മതിവെച്ചരുൾകി,പ്പോൾ മാമകസ്തോത്രമിതില്‍,-
സ്സദൃശകർമ്മാക്കളാം വരുണാര്യമമിത്രര്‍,
ആദിത്യര്‍, സുദീപ്തര്‍ നീരാടിയപോലേ സ്വച്ഛര്‍,
ബാധയേശാത്തോര്‍, വെടിയാത്തവ,രനവദ്യര്‍! 2
ആദിത്യര്‍, പെരിയവര്‍, ഗംഭീരര്‍, ബഹുനേത്രര്‍,
ബാധ പററാതേ ശത്രുനിഗ്രഹമിച്ഛിപ്പവര്‍;
ഹൃത്തില്‍ വാണവര്‍ കാണ്മൂ, നന്മതിന്മകൾ; ദൂര-
വർത്തിയുമെല്ലാം തിരുമേനികൾക്കരികത്താം! 3
സ്ഥാവരചരങ്ങളെയുറപ്പില്‍ നിർത്തുന്നോര-
ദ്ദേവകളാ,ദിത്യന്മാരു,ലകൊക്കയും കാപ്പോര്‍,
വിസ്തീർണ്ണവിജ്ഞാനന്മാര്‍, മേഘാംബു രക്ഷിപ്പവര്‍,
സത്യശാലികൾ, കടപ്പാടുകൾ തീർക്കുന്നവര്‍! 4
കൈവരികെനിയ്ക്കു മിത്രാര്യമവരുണരേ,
ഭാവല്‍ക്കപരിത്രാണം, സുഖദം ഭയപ്പാടില്‍:
നിങ്ങളാല്‍ നടത്തപ്പെട്ട,ഘങ്ങൾ കുഴികൾപോ-
ലിങ്ങു വർജ്ജിയ്ക്കാവൂ, ഞാനദിതിസുതന്മാരേ! 5
അര്യമൻ, വരുണ, ഹേ മിത്ര, നിങ്ങൾതന്‍ മാർഗ്ഗ-
മച്ഛവും സുഗമവും മുള്ളില്ലാത്തതുമല്ലോ;
അതിലേ നടത്തുവി,നെങ്ങളെക്കൂട്ടിച്ചൊല്‍വി,-
നഴിയാസ്സുഖം ഞങ്ങൾക്കരുൾവിനാദിത്യരേ! 6
മാററാർക്കപ്പുറത്താക്കുകെ,ങ്ങളെപ്പുരാന്മാർതൻ
മാതാവാമദിതിയു,മീയര്യമാവും നേരേ;
വരുണമിത്രന്മാർതൻ വലിയ സുഖം നേടു-
ക,രിഷ്ടു പിണയാതേ ഭൂരിവീരരൊത്തെങ്ങൾ! 7
മൂലോകം ഭരിപ്പോരാണാ,ദിത്യര്‍ മുത്തേജസ്സും;
മൂന്നു കർമ്മങ്ങളിവർക്കുണ്ടു, യാഗത്തിൻമധ്യേ;
എത്ര ശോഭനം, ഭവാന്മാരുടെ സത്യംകൊണ്ടു
മെത്തിയ മഹത്ത്വം മിത്രാര്യമവരുണരേ! 8
നിർത്തിനാര്‍ മുത്തേജസ്സിസ്തോതൃമർത്ത്യര്‍ക്കായ് വാനില്‍,
നിദ്രയും മിഴിയ്ക്കിമവെട്ടലുമില്ലാത്തവര്‍,
അർദ്ദിയ്ക്കപ്പെടാത്തോർ, നീരാടിയപോലേ സ്വച്ഛ,-
രുദ്ദീപ്തര്‍ ഭൂരിസ്തുത്യർ പൊമ്പണ്ടമണിഞ്ഞവര്‍! 9
അരചനല്ലോ, ഭവാന്‍ മാററാരെത്തട്ടുന്നോനേ,
വരുണ, ദേവന്മാർക്കും സകലമനുഷ്യർക്കും:
ഞങ്ങൾക്കു തരികൊ,രു നൂറ്റാണ്ടു നോക്കിക്കാണ്മാൻ;
ഞങ്ങൾക്കു ലഭിയ്ക്കാവൂ, പൂർവനിശ്ചിതായുസ്സും! 10
അറിയില്ലാദിത്യരേ, വലവുമിടവും ഞാ;-
നറിയില്ലഥ മുമ്പും പിമ്പും ഞാന്‍ വസുക്കളേ;
കാതരനപക്വന്‍ ഞാനെങ്കിലു,മഭയമാം
ജ്യോതിസ്സിലണയ്ക്കേണം, നിങ്ങൾ കൊണ്ടുപോയെന്നെ! 11
സത്യനായകരാമീയരചർക്കർപ്പിച്ചോനും,
നിത്യപോഷകരവര്‍ കൈവളർത്തവനുമേ
വിത്തവും വിഖ്യാതിയും ലഭിച്ചു ധനം നല്കി
സ്തുത്യനായ്ത്തേരില്‍ക്കേറി നടക്കും, ഗൃഹങ്ങളില്‍! 12
ആദിത്യര്‍ കൊണ്ടുനടത്തുന്നവന്‍ വിശുദ്ധനായ്-
ബ്ബാധ പറ്റാതേ മേവും, സത്സസ്യതോയോപാന്തേ;
ഭൂരിഭക്ഷ്യവും നല്ല വീരരുമവന്നുണ്ടാം;
ദൂരത്തോ സമീപത്തോ ദ്രോഹിയ്ക്കപ്പെടില്ലവന്‍! 13
അദിതേ, വരുണനേ, മിത്രനേ, കനിഞ്ഞാലു,-
മഥവാ തെറ്റേതാനും ഞങ്ങള്‍ ചെയ്തിരിക്കിലും!
തന്നരുള്‍കെ,നിയ്ക്കു നിൻമേദുരാഭയജ്യോതി-
സ്സിന്ദ്ര: ഞങ്ങളില്‍ വരൊല്ലി,രുണ്ട നെടുംരാത്രി! 14
ഇരുവര്‍ മിളിതമാരവനെ വർദ്ധിപ്പിയ്ക്കും:
പരിപോഷിപ്പിയ്ക്കു,മസ്സുഭഗന്‍ വാനിൻവെള്ളം;
ഇരുവീടുകൾ പൂകും, പടയിലമർത്തവ;-
നിരുപാതികളവന്നധീനങ്ങളുമാകും! 15
ദ്രോഹിയ്ക്കു തീർത്ത ഭവന്മായയും യഷ്ടവ്യരേ,
വൈരിയ്ക്കു പരത്തിയ കെണിയുമാദിത്യരേ,
ഒരശ്വരഥാരൂഢൻപോലെ ഞാന്‍ കടക്കേണം;
പെരുതാം ഗൃഹത്തില്‍പ്പാർക്കാവു, നിർബാധം ഞങ്ങൾ! 16
പുരുദാതാവായ് പ്രിയപ്പെട്ടൊരു ധനികങ്കല്‍
വരുണ, ധരിപ്പിയ്ക്കായ്കാ,ത്മീയദാരിദ്ര്യം ഞാൻ:
പൊറുപ്പുമുതല്‍ പോയോനാകൊലാ, പുരാനേ, ഞാൻ;
പെരികെ വാഴ്ത്താം, യജ്ഞേ സുവീരാന്വിതരെങ്ങൾ! 17
കുറിപ്പുകൾ: സൂക്തം 27.

[1] നൈ തൂകും വചസ്സ് – മന്ത്രങ്ങളില്‍നിന്നു പാലും നെയ്യുമൊഴുകുമെന്നു തൈത്തിരീയം പറയുന്നു. നാക്കിനാല്‍ – നാവാകുന്ന ജുഹുകൊണ്ട്. ആദിതേയന്മാര്‍ (അദിതിപുത്രന്മാര്‍) എട്ടുപേരത്രേ: മിത്രന്‍, വരുണന്‍, ധാതാവ്, അര്യമാവ്, അംശു, ഭഗന്‍, ഇന്ദ്രന്‍, വിവസ്വാന്‍. യോഗ്യന്‍ – ത്രാണിയുള്ളവന്‍. ബഹുത്രോദിതന്‍ = വളരെയിടങ്ങളില്‍ (അനുഗ്രഹാർത്ഥം) ആവിർഭവിച്ചവന്‍.

[2] മതിവെച്ചരുൾക – കല്പിച്ചു ശ്രദ്ധിയ്ക്കട്ടെ. സദൃശകർമ്മാക്കൾ = ഒരേതരം കർമ്മത്തോടുകൂടിയവര്‍. ബാധ – ശത്രുപീഡയും മറ്റും. വെടിയാത്തവര്‍ – ഭക്തരെ ത്യജിയ്ക്കാതെ അനുഗ്രഹിയ്ക്കുന്നവര്‍.

[3] ബഹുനേത്രര്‍ = വളരെക്കണ്ണുകളുള്ളവര്‍. ഹൃത്തിൽ – പ്രാണികളുടെ ഹൃദയത്തില്‍. ദൂരവർത്തി = ദൂരസ്ഥിതം.

[4] മേഘാംബു (മേഘജലം) രക്ഷിപ്പവര്‍ – യഥാകാലം മഴ പെയ്യിയ്ക്കാന്‍. കടപ്പാടുകൾ – സ്തോതാക്കൾ വീട്ടേണ്ടുന്ന കടങ്ങൾ.

[5] ഭാവല്‍ക്കപരിത്രാണം = ഭവാന്മാരുടെ രക്ഷണം. അഘങ്ങൾ = പാപങ്ങൾ. കുഴികൾപോലെ – കുഴികളില്‍ വീഴാതിരിപ്പാന്‍ മനസ്സിരുത്തുന്നതുപോലെ.

[6] അച്ഛം = നിർമ്മലം. കൂട്ടിച്ചൊല്ലുക – ഉള്ളതിലധികം ഗുണം പറയുക. അഴിയാസ്സുഖം = സുദൃഢമായ (അംഭഗമായ) സൌഖ്യം.

[7] മാററാർക്കപുറത്താക്കുക – ശത്രുക്കളാകുന്ന പുഴയുടെ മറുകരയിലണയ്ക്കട്ടെ. പുരാന്മാര്‍ – ആദിത്യര്‍.

[8] മൂലോകം – ഭൂമ്യന്തരിക്ഷസ്വർഗ്ഗങ്ങൾ. മുത്തേജസ്സും (അഗ്നി – വായു – സൂര്യരെയും) ഭരിപ്പോരാണു് (വഹിച്ചുപോരുന്നു). മൂന്നുകർമ്മങ്ങൾ – സവനത്രയം. ഉത്തരാർദ്ധം പ്രത്യക്ഷോക്തി.

[9] സ്തോതൃമർത്ത്യർക്കായ് – സ്തുതിയ്ക്കുന്ന മനുഷ്യർക്കുവേണ്ടി. അർദ്ദിയ്ക്കുപ്പെടാത്തോര്‍ – അസുരാദികളാല്‍ അപീഡിതര്‍. ഭൂരിസ്തുത്യര്‍ = വളരെയാളുകളാല്‍ സ്തുതിയ്ക്കപ്പെടേണ്ടുന്നവർ.

[10] ഒരു നൂറ്റാണ്ടു തരിക – ഞങ്ങളെ ശതായുസ്സുകളാക്കുക. പൂർവനിശ്ചിതായുസ്സും (നൂറുവയസ്സും) ഞങ്ങൾക്കു കിട്ടുമാറാകണം.

[11] കാതരന്‍ = അധീരന്‍. അപക്വന്‍ – മനസ്സിന്നു പക്വത വന്നിട്ടില്ലാത്തവന്‍. ജ്യോതിസ്സ് = വെളിച്ചം, ജ്ഞാനം.

[12] അർപ്പിച്ചോനും – ഹവിസ്സു നല്കിയവനും. ധനം നല്കി – യാചകർക്ക്.

[13] സത്സസ്യതോയോപാന്തേ = നല്ല സസ്യങ്ങളുള്ള ജലത്തിന്നരികില്‍.

[14] മേദുരം – മഹത്ത്.

[15] അവനെ (ആദിത്യര്‍ കൊണ്ടുനടത്തുന്നവനെ) മിളിതമാര്‍ (ചേർന്നുനില്ക്കുന്ന ഇരുപേര്‍ (ദ്യാവാപൃഥിവികൾ) വർദ്ധിപ്പിയ്ക്കും. വാനിന്‍വെള്ളം – വർഷജലം. അവന്‍ പടയില്‍ (ശത്രുക്കളെ) അമർത്ത് ഇരുവീടുകൾ (സ്വഗൃഹവും, കൈവശപ്പെടുത്തിയ പരഗൃഹവും) പൂകും. ഇരുപാതികൾ – മർത്ത്യരും, അമർത്ത്യരും.

[16] ദ്രോഹിയ്ക്കു തീർത്ത – രാക്ഷസാദികളെ തോല്പിയ്ക്കാന്‍ നിർമ്മിച്ച. വൈരിയ്ക്കു – ശത്രക്കളെ കുടുക്കാന്‍. ഒരശ്വരഥാരുഢന്‍പോലെ – കുതിരത്തേരില്‍ക്കേറിയവന്‍ ദുർഗ്ഗമാർഗ്ഗങ്ങളെ വേഗത്തില്‍ പിന്നിടുന്നതുപോലെ.

[17] എന്റെ ദാരിദ്യം ഒരു സ്നേഹിതധനികന്റെ അടുക്കല്‍ അറിയിയ്ക്കാന്‍ (അറിയിച്ചു, വല്ലതും തരണമെന്നിരക്കാൻ) എനിയ്ക്കു സംഗതിവരരുത്.

സൂക്തം 28.

ഗൃത്സമദനോ കൂർമ്മനോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വരുണന്‍ ദേവത. (കേക)

കവിയാമദിതിജത്തമ്പുരാന്നിതാ, സ്തോത്രം:
ഭുവനമൊട്ടുക്കിവൻ മേന്മയാലടക്കട്ടേ;
പുരുസന്തോഷം യഷ്ടാവിന്നേകുമധിപനാം
വരുണദേവങ്കല്‍ ഞാന്‍ സദ്യശസ്സർത്ഥിയ്ക്കുന്നേൻ! 1

വരുണ, സുഭഗന്മാരാകാവൂ, ശുഭധ്യാന-
പരരായ് സ്തുതിച്ചെങ്ങൾ നിൻപരിചരണത്താല്‍:
പൊല്ക്കതിര്‍ പൊഴിയ്ക്കുന്ന പുലരി വരുമ്പോളു-
ള്ളഗ്നികൾ പോലായ്ത്തീരുക,ന്വഹം വാഴ്ത്തും ഞങ്ങൾ! 2
പുരുവീരനായുരുസ്തുതനാം നിന്‍ സൌഖ്യത്തില്‍
മരുവീടാവൂ, ഞങ്ങൾ വരുണ, സുനേതാവേ;
ആദിത്യദേവന്മാരേ, ഞങ്ങൾക്കു മാപ്പേകേണം,
ബാധിയ്ക്കപ്പെടാത്തോരാം ഭവാന്മാര്‍ സഖ്യത്തിന്നായ് ! 3
ധാരകനാദിത്യനാം വരുണനെല്ലാടത്തും
നീരുതിർക്കുകമൂലം നദികളൊഴുകുന്നൂ –
പാറ്റില്ല വാട്ട,മവയ്ക്കില്ല നില്ക്കലു,മവ
പക്ഷികൾപോലേ പറന്നൂഴിയില്‍പ്പതിയ്ക്കുന്നു! 4
വരുണ, മമ പാപം കയര്‍പോലഴിയ്ക്ക, നീ;
വരട്ടേ, നിൻതണ്ണീരിൻപുഴ ഞങ്ങൾതൻപക്കല്‍;
പൊട്ടൊലാ, വ്രതം നെയ്യുമെന്റെ നൂല്‍ – കാലത്തിൻമു-
മ്പൊട്ടുമേ ജീർണ്ണിയ്ക്കൊല്ലാ, കർമ്മത്തിൻകളേബരം: 5
വരുണ, ഭയം നിക്കുകെങ്കല്‍നി; – ന്നനുഗ്രഹി-
ച്ചരുൾക, സമ്രാട്ടായ സത്യവാൻ ഭവാനെന്നെ:
പൈക്കുട്ടിയുടെ കയര്‍പോലഴിയ്ക്കുകെന്‍പാപം;
നേര്‍ക്കൊരു നിമിഷവുമാളാകാ, ഭവദന്യന്‍! 6
വരുണ, നിൻയജ്ഞത്തില്‍പ്പിഴ ചെയ്തോരെക്കൊല്ലും
വധഹേതികൾ വിടൊല്ലെ,ങ്ങളില്‍പ്പാപിധ്വംസിൻ;
ജ്യോതിസ്സില്‍നിന്നെങ്ങാനുമകലെപ്പോകായ്കെങ്ങൾ;
ബാധകന്മാരെപ്പോക്കുകെ,ങ്ങൾക്കു പൊറുപ്പാൻ നീ! 7
വരുണ, ബഹൂദ്ഭൂത, മേലിലും മുമ്പേത്തെപ്പോ-
ലുരചെയ്യാവൂ, ഞങ്ങളങ്ങയ്ക്കു നമസ്കാരം:
ഗിരിമേലെന്നവിധമങ്ങയിലല്ലോ, വീഴാ-
തുറച്ചുനിന്നീടുന്നു, കർമ്മങ്ങൾ ദുരാധർഷ! 8
എന്നുടെ കടം – മുമ്പുമിന്നുമുള്ളതു – പോക്കു-
കു; – ന്യാർജ്ജിതത്താലാകൊല്ലെ,ന്റെ ഭക്ഷണം സ്വാമിൻ;
പെരുതു പുലരികളെനിയ്ക്കു വെളുത്തിട്ടി-
ല്ല; – രുൾക,ങ്ങന്നേരത്തെങ്ങൾക്കു ജീവനമാർഗ്ഗം! 9
ബന്ധുവോ ചങ്ങാതിയോ സ്വപ്നദൃഷ്ടമാം ഭയ-
മെൻതമ്പുരാനേ, പേടിത്തൊണ്ടനാമെങ്കല്‍ച്ചൊന്നാൽ,
ചെന്നായോ തിരുടനോ ഞങ്ങളെക്കൊല്ലാൻ വന്നാ-
ല,ന്നേരം വരുണ, നീ ഞങ്ങളെ രക്ഷിയ്ക്കേണം! 10
പുരുദാതാവാം പ്രിയപ്പെട്ടൊരു ധനികങ്കല്‍
വരുണ, ധരിപ്പിയ്ക്കായ്കാ,ത്മീയദാരിദ്ര്യം ഞാന്‍:
പൊറുപ്പുമുതല്‍ പോയോനാകൊലാ, പുരാനേ, ഞാൻ;
പെരികെ വാഴ്ത്താം, യജ്ഞേ സുവീരാന്വിതരെങ്ങൾ! 11
കുറിപ്പുകൾ: സൂക്തം 28.

[1] ഇവൻ – വരുണനെ സ്തുതിയ്ക്കുന്നവൻ. മേന്മയാല്‍ – വരുണപ്രസാദലബ്ധമായ മഹത്ത്വംകൊണ്ട്. അധിപൻ – ഭരിയ്ക്കുന്നവന്‍.

[2] അഗ്നികൾ – പുലര്‍കാലത്തു തുലോം ജ്വലിപ്പിയ്ക്കപ്പെടുമല്ലോ. വാഴ്ത്തും – ഭവാനെ സ്തുതിയ്ക്കുന്ന.

[3] പുരുവീരന്‍ = വളരെ വീരന്മാരോടുകൂടിയവൻ. ഉരുസ്തുതന്‍ = വളരെപ്പേരാല്‍ സ്തുതിയ്ക്കപ്പെട്ടവൻ. ഞങ്ങൾ ചെയ്തുപോയ പാപങ്ങൾക്കു മാപ്പു തന്നു ഞങ്ങളെ നിങ്ങളുടെ സഖാക്കളാക്കണം.

[4] ധാരകന്‍ – ഒരു ചിറപോലെ വെള്ളം നിർത്തുന്നവന്‍. പൂർവാർദ്ധത്തിന്റെ വിവരണമാണു്, ഉത്തരാർദ്ധം:

[5] കാലം – സമാപ്തിസമയം.

[6] ഭയം എങ്കല്‍നിന്നു നീക്കുക – എന്നെ നിർഭയനാക്കുക. പൈക്കുട്ടിയുടെ കയര്‍ പയ്യിനെ കറക്കാൻതുടങ്ങുന്നവൻ അഴിയ്ക്കുന്നതുപോലെ എന്റെ പാപം നീക്കുക; അതിന്നു ഭവദന്യന്‍ (ഭവാനല്ലാതെ മറെറാരാൾ) ആളാകില്ല.

[7] വധഹേതികൾ = കൊലയായുധങ്ങൾ. ബാധകന്മാരെ – ഞങ്ങളെ ഉപദ്രവിയ്ക്കുന്നവരെ.

[8] ബഹൂദ്ഭൂത – വളരെ പ്രദേശങ്ങളില്‍ ആവിർഭവിച്ചവനേ.

[9] വെളുത്തിട്ടില്ല – രാത്രിയുടെ അന്ത്യയാമത്തില്‍ ഉറക്കം വിട്ട് ഋണചിന്തയില്‍ മുഴുകുന്നതിനാല്‍ ഞാന്‍ പ്രായേണ നേരം വെളുക്കുന്നതറിയാറില്ല. അന്നേരത്ത് – പുലര്‍കാലത്ത്. എങ്ങൾക്കു ജീവനമാര്‍ഗ്ഗം അരുൾക (ഉപദേശിച്ചാലും); കടങ്ങൾ വീട്ടി, കഴിച്ചിലിന്നുള്ള വക തന്നാലും എന്നു പര്യവസിതാർത്ഥം.

[10] ബന്ധു – അച്ഛനും മറ്റും. തിരുടൻ – ചോരന്‍.

സൂക്തം 29.

ഗൃത്സമദനോ കൂർമ്മനോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവതകൾ ദേവത. (കേക)

സംപ്രാപ്യര്‍ സകർമ്മാക്കാളാദിത്യര്‍ വാനോര്‍ നിങ്ങ-
ളെൻപിഴയകററുവി,നൊളിവില്‍പ്പെറേറാൾപോലെ;
നിങ്ങൾതന്‍ നന്മയറിഞ്ഞി,ങ്ങു രക്ഷയ്ക്കായ്,ക്കേൾക്കും
നിങ്ങളെ വിളിപ്പൂ, ഞാൻ വരുണമിത്രന്മാരേ! 1
നിങ്ങൾ വാത്സല്യം, നിങ്ങളോജസ്സു ദേവന്മാരേ:
നിങ്ങളെങ്ങാനും ചിന്നിച്ചരുൾവിന്‍, ദ്വേഷ്ടാക്കളെ;
അരിസൂദനര്‍ നിങ്ങളമർത്തുകയുംചെയ്വിൻ;
തരുവിന്‍, സുഖമെങ്ങൾക്കിന്നും നാളെയുമെല്ലാം! 2
ഇന്നെന്തു ചെയ്യും ഞങ്ങൾ, നാളെയെന്തുവാൻ നിങ്ങൾ-
ക്കെ,ന്നെന്നും ലഭിയ്ക്കേണ്ടുമൊന്നിനാല്‍ വസുക്കളേ?
അദിതേ, വരുണനേ, മിത്രനേ, ഞങ്ങൾക്കു ത-
ന്നരുൾവിന്ദ്ര, മരുത്തുക്കളേ, ശുഭം നിങ്ങൾ! 3
നിങ്ങൾതാന്‍ ദേവന്മാരേ, കൊണ്ടുവന്നീടുന്നവ;-
രിങ്ങു യാചിയ്ക്കുമെനിയ്ക്കേകുവിന്‍ സുഖം നിങ്ങൾ.
മന്ദമാകൊലാ, യാഗത്തിന്നു നിങ്ങൾതന്‍ തൃത്തേര്‍-
നിന്നെങ്ങൾ തളരൊല്ലാ, യുഷ്മാദൃക്സ്വജനത്തില്‍! 4
നിങ്ങളില്‍ച്ചേർന്നേകന്‍ ഞാന്‍ പോക്കിനേന്‍ പിഴ; ഞാനീ
നിങ്ങൾ ശാസിച്ചോനല്ലോ, ധൂർത്തനെയച്ഛന്‍പോലേ.
സുരരേ, പാശം പോക, പോക പാപവും: കുഞ്ഞി-
ന്നരികില്‍പ്പറവയെപ്പോലെന്നെക്കുടുക്കായ്വിന്‍! 5
വരുവിനി,ന്നിങ്ങോട്ടു യാജ്യദേവരേ, പേടി-
ച്ചരളും ഞാന്‍ നേടാവൂ, നിങ്ങൾതന്‍ തിരുവുള്ളം:
ചെന്നായ്ബ്ബാധയില്‍നിന്നു യാജ്യരേ, രക്ഷിയ്ക്കുവിൻ –
വന്നാപല്‍ക്കരനില്‍നിന്നെങ്ങളെ രക്ഷിയ്ക്കുവിൻ! 6
പുരുദാതാവാം പ്രിയപ്പെട്ടൊരു ധനികങ്കല്‍
വരുണ, ധരിപ്പിയ്ക്കായ്കാ,ത്മീയദാരിദ്ര്യം ഞാന്‍:
പൊറുപ്പുമുതല്‍ പോയോനാകൊലാ, പുരാനേ, ഞാൻ;
പെരികെ വാഴ്ത്താം, യജേഞ സുവീരാന്വിതരെങ്ങൾ! 7
കുറിപ്പുകൾ: സൂക്തം 29.

[1] ഒളിവില്‍പ്പെറ്റോൾപോലെ – ജാരനില്‍നിന്നു ഗർഭം ധരിച്ച അഭര്‍ത്തൃകസ്ത്രീ ആരുമറിയാതെ പ്രസവിച്ചു, കുട്ടിയെ ദ്ദൂരത്തെങ്ങാനും കളയുന്നതുപോലെ. നിങ്ങൾതന്‍ നന്മ – നിങ്ങളില്‍നിന്നു കിട്ടേണ്ടുന്ന ശ്രേയസ്സു്. കേൾക്കും – വിളി കേൾക്കുന്ന.

[2] ദ്വേഷ്ടാക്കൾ – ദ്രോഹിയ്ക്കുന്ന പിശാചാദികൾ. അമർത്തുക – ശത്രുക്കളെ.

[3] നിങ്ങൾക്ക് എന്നെന്നും ലഭിയ്ക്കേണ്ടുന്ന ഒന്ന് (ഒരു വസ്തു) ഇല്ലായ്കയാൽ,നിങ്ങൾക്കായി ഞങ്ങൾ എന്തു ചെയ്യാനാണ്? അതിന്നു ഞങ്ങൾ ശക്തരല്ല.

[4] കൊണ്ടുവന്നീടുന്നവര്‍ – ഞങ്ങൾക്കു തരാന്‍ ധനം. യാഗത്തിന്ന് – യാഗത്തിലെത്താന്‍. യൂഷ്മാദൃക്സ്വജനം = നിങ്ങളെപ്പോലുള്ള ബന്ധുക്കൾ.

[5] നിങ്ങളില്‍ച്ചേർന്ന് – നിങ്ങളുടെ ഇടയില്‍ വർത്തിച്ച്. ധൂർത്തനെയച്ഛന്‍പോലെ – അസന്മാർഗ്ഗപ്രവൃത്തനായ മകനെ അച്ഛന്‍ അനുശാസിയ്ക്കുന്നതുപോലെ, നിങ്ങൾ അനുശാസിച്ചവനാണല്ലോ, ഞാൻ. പാശം – നിങ്ങളുടെ വല. പാപം – എന്റെ പാപം; രണ്ടും ദൂരേപ്പോകട്ടെ. കുഞ്ഞിന്നരികില്‍ – പക്ഷിക്കുട്ടിയുടെ മുമ്പില്‍വെച്ചു വേടന്‍ പക്ഷിയെ കുടുക്കുന്നപോലെ.

[6] തിരുവുള്ളം – പ്രസാദം. ആപൽകരൻ = ആപത്തുണ്ടാക്കുന്നവന്‍.

സൂക്തം 30.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സ്; ഇന്ദ്രാദികൾ ദേവത.

മഴ പെയ്യിയ്ക്കുന്ന ദേവനായ സവിതാവിന്നും വൃത്രനെക്കൊന്ന ഇന്ദ്രന്നും ജലങ്ങൾ വിരമിയ്ക്കാറില്ല; അവ നാൾതോറും പ്രവഹിയ്ക്കുക തന്നെ ചെയ്യുന്നു. എന്നായിരിയ്ക്കാം, ഇവ സൃഷ്ടിയ്ക്കപ്പെട്ടത്? 1

ഒരുവന്‍ വൃത്രന്ന് ഇവിടെ അന്നം പചിപ്പാൻതുടങ്ങി; അത് അമ്മ അഭിജ്ഞനെ അറിയിച്ചു. അവിടുത്തെ ഇഷ്ടമനുസരിച്ചത്രേ, നാൾതോറും നദികൾ വഴി തോണ്ടിക്കൊണ്ടു പ്രാപ്യസ്ഥാനത്തെയ്ക്കുപോകുന്നതു്. 2

വൃത്രന്‍ അന്തരിക്ഷത്തില്‍ ഉയർന്നുനില്‍ക്കുകയായിരുന്നുവല്ലോ; അതിനാലാണു്, ഇന്ദ്രന്‍ വജ്രമെടുത്തതു്. അവന്‍ മഴക്കാറിനെ മറച്ച്, ഇദ്ദേഹത്തെ ചെറുത്തു; അപ്പോൾ ഈ തീക്ഷ്ണായുധന്‍ ശത്രുവിനെ ജയിച്ചു! 3

ബൃഹസ്പതേ, പഴുതടച്ചുനിന്ന അസുരന്റെ വീരന്മാരില്‍ ഭവാന്‍ വജ്രം, ഇടിവാൾപോലെ ചാട്ടുക. ഇന്ദ്ര, അവിടുന്നു പണ്ടും വജ്രംകൊണ്ടു വധിച്ചുവല്ലോ; അതുപോലെ, ഞങ്ങളുടെ ശത്രുവിനെ കൊല്ലുക! 4

ഇന്ദ്ര, സ്തൂയമാനനായ ഭവാന്‍ ശത്രുവിനെ ഹനിച്ചതു യാതൊന്നുകൊണ്ടോ, ആ കല്ലു മുകളില്‍ ആകാശത്തുനിന്നു കീഴ്പോട്ടെറിയുക. പുത്രനും ഭർത്തവ്യനായ പൌത്രനും ഗോക്കളും ഉണ്ടായിവരുമാറു, ഞങ്ങൾക്കു സമൃദ്ധിയരുളുക! 5

ഇന്ദ്രാസോമന്മാരേ, നിങ്ങൾ ഹന്തവ്യനായ വിദ്വേഷിയെ വേരറുക്കുന്നു; പൂജിയ്ക്കുന്ന യജമാനനെ പ്രേരിപ്പിയ്ക്കുകയുംചെയ്യുന്നു. നിങ്ങൾ ഞങ്ങളെ രക്ഷിയ്ക്കണം; ഈ യുദ്ധത്തില്‍ ലോകത്തിന്റെ ഭയം നീക്കണം! 6

ആര്‍ എന്നെ പൂർണ്ണകാമനാക്കുമോ, ആര്‍ തരുമോ, ആര്‍ അറിയുമോ, ആര്‍ സോമം പിഴിയുന്ന എന്റെ അടുക്കല്‍ ഗോക്കളെയും കൊണ്ടു വരുമോ; അദ്ദേഹം എന്നെ തളർത്തരുത്, വലയ്ക്കുരുത്, മടിപിടിപ്പിയ്ക്കരുതു്; സോമം പിഴിയരുതെന്നു ഞങ്ങൾ പറഞ്ഞുപോകരുത്! 7

സരസ്വതി, ഭവതി ഞങ്ങളെ രക്ഷിച്ചാലും: മരുത്സഹിതയായി ആക്രമിച്ചു ശത്രുക്കളെ ജയിച്ചാലും. എന്തും താങ്ങുന്ന ബലിഷ്ഠനും, ശണ്ഡവംശ്യരില്‍ മുഖ്യനുമായ അവനെയും ഇന്ദ്രന്‍ കൊന്നിരിയ്ക്കുന്നു! 8

ബൃഹസ്പതേ, ഞങ്ങളെ തട്ടിപ്പറിയ്ക്കാനോ കൊല്ലാനോ തുടങ്ങുന്നവനെ അങ്ങു കണ്ടുപിടിച്ചു, തീക്ഷ്ണായുധംകൊണ്ടു വധിച്ചാലും! തമ്പുരാനേ, വൈരികളെ ആയുധങ്ങൾകൊണ്ടു ജയിച്ചാലും! ദ്രോഹിയ്ക്കുന്നവങ്കല്‍ വജ്രം ചുഴറ്റിയെറിഞ്ഞാലും! 9

ശൂര, ഞങ്ങളുടെ കരുത്തുള്ള ശൂരരെക്കൊണ്ടു ചെയ്യിച്ചാല്‍ മതി, അവിടുന്നു ചെയ്യേണ്ടുന്ന വീരകർമ്മങ്ങൾ: വളരെക്കാലമായി കരൾ പുകയുന്നവരെ കൊന്ന് അവരുടെ മുതല്‍ ഞങ്ങൾക്കു കൊണ്ടു വന്നാലും! 10

മരുത്തുക്കളേ, ഇന്ദ്രനോടു ചേർന്നു വെളിപ്പെട്ടതായ നിങ്ങളുടെ ബലത്തെ ഞാന്‍ സുഖാർത്ഥം വണങ്ങി സ്തുതിയ്ക്കുന്നു: എല്ലാ വീരരോടും മക്കളോടും കൂടിയ ശ്ലാഘ്യമായ ധനം ഞങ്ങൾക്കു നാളില്‍ നാളില്‍ കൈവരുമാറാകണം! 11

കുറിപ്പുകൾ: സൂക്തം 30.

[2] അമ്മ – അദിതി. അഭിജ്ഞനെ – വിദ്വാനായ ഇന്ദ്രനെ.

[7] തരും – അഭീഷ്ടഫലം. അറിയും ഞങ്ങളുടെ സ്തോത്രം. അദ്ദേഹം – ആ ഇന്ദ്രന്‍. പറഞ്ഞുപോകരുത് – മറ്റുള്ളവരോട്.

[8] ശണ്ഡവംശ്യര്‍ – ശണ്ഡനെന്ന അസുരപുരോഹിതന്റെ വംശക്കാര്‍, അവന്‍ – അസുരന്‍.

[10] കരൾ പുകയുന്ന – വൈരമുൾക്കൊള്ളുന്ന

സൂക്തം 31.

ഗൃത്സമദന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; വിശ്വേദേവതകൾ ദേവത.

മിത്രാവരുണന്മാരേ, ഞങ്ങളുടെ തേരുകൾ മറുനാട്ടില്‍, ഇമ്പത്തോടേ ഇരതേടുന്ന കാട്ടുപക്ഷികൾപോലെ പറക്കുമ്പോൾ, അവയെ ആദിത്യരുദ്രവസുസമേതരായ നിങ്ങൾ രക്ഷിച്ചരുളണം! 1

ഒപ്പം പ്രീതിപ്പെടുന്ന ദേവന്മാരേ, കുതിരകൾ നടകളാല്‍ വഴി കടന്ന്, ഉയർന്ന സ്ഥലത്തെയ്ക്കു മുൻകാലുകളാൽ പറക്കുമ്പോൾ, ഞങ്ങളുടെ ചോറ്റുതേരിനെ നിങ്ങൾ നാട്ടുപുറങ്ങളില്‍ നേരേ ഉദ്ഗമിപ്പിയ്ക്കുവിൻ! 2

വിശ്വദ്രഷ്ടാവും മരുദ്ബലസമേതനും ശോഭനകർമ്മാവുമായ ആ ഇന്ദ്രന്‍ നിര്‍ബാധങ്ങളായ രക്ഷകളോടേ സ്വർഗ്ഗത്തില്‍നിന്നു വന്ന്, ഇപ്പോൾ വമ്പിച്ച ധനവും അന്നവും ലഭിയ്ക്കുമാറു ഞങ്ങളുടെ തേരില്‍ ഇരുന്നരുളട്ടെ! 3

ഭുവനസേവ്യനായ, ദേവപത്നികളോടൊപ്പം പ്രീതിപ്പെടുന്ന, ആ ത്വഷ്ടൃദേവന്‍, ഇള, തേജസ്സേറിയ ഭഗന്‍, ദ്യാവാപൃഥിവികൾ, ബുദ്ധിമാനായ പൂഷാവ്, ഭർത്താക്കന്മാരായ അശ്വികൾ എന്നിവരും (ഞങ്ങളുടെ) തേർ നടത്തട്ടെ! 4

തങ്ങളില്‍ നോക്കുന്ന സുഭഗമാരായ ആ അഹോരാത്രികളാകുന്ന ദേവിമാരും ജംഗമങ്ങളെ നടത്തുന്നവരാണല്ലോ. പൃഥിവി, നിങ്ങളിരുവരെയും ഞാൻ അതിനൂതനമായ വാക്കുകൊണ്ടു സ്തുതിയ്ക്കുന്നു; മൂന്നന്നങ്ങളോടുകൂടിയ ഞാൻ സ്ഥാവരത്തിന്റേതായ അന്നം ഉപസ്തരിയ്ക്കുകയുംചെയ്യുന്നു. 5

ഇപ്പോൾ, താല്‍പര്യമുള്ള നിങ്ങളെ സ്തുതിപ്പാൻ ഞങ്ങൾ ആഗ്രഹിയ്ക്കുന്നു: അഹിര്‍ബുധ്ന്യന്‍, അജനായ ഏകപാത്ത്, അങ്ങേഅറ്റത്തരുളുന്ന ഇന്ദ്രന്‍, സവിതാവ് എന്നിവര്‍ ഞങ്ങള്‍ക്ക് അന്നം നല്കട്ടെ; ജവേന ഗമിയ്ക്കുന്ന ജലപൌത്രനും സ്തുതിയാല്‍ പ്രസാദിയ്ക്കട്ടെ! 6

യജനീയരേ, എനിയ്ക്കു നിങ്ങളെ ഇങ്ങനെ സ്തുതിയ്ക്കേണമെന്നുണ്ട്. മനുഷ്യര്‍ യശസ്സിന്നും അന്നത്തിന്നുംവേണ്ടി സ്തോത്രങ്ങൾ വെടുപ്പിൽ ചമച്ചിരിയ്ക്കുന്നു; (നിങ്ങളുടെ സംഘം) ഒരു തേര്‍ക്കുതിരപോലെ കർമ്മത്തില്‍ വന്നെത്തട്ടെ! 7

കുറിപ്പുകൾ: സൂക്തം 31.

[2] ചോറ്റുതേർ – ഭക്ഷ്യവസ്തുക്കളെ കേറ്റുന്ന വണ്ടി.

[5] നിങ്ങളിരുവരെയും – ഭവതിയെയും ദ്യോവിനെയും. മൂന്നന്നങ്ങൾ – സസ്യവും പശുവും സോമവും. സ്ഥാവരത്തിന്റേതായ അന്നം – നെല്ലു മുതലായവയുടെ അന്നം (ചരുപുരോഡാശാദി).

[6] താല്‍പര്യമുള്ള – ഞങ്ങളുടെ സ്തുതിയിൽ ആഗ്രഹമുള്ള. അഹിര്‍ബുധ്ന്യൻ – അന്തരിക്ഷത്തിലെ അഹി എന്ന ദേവൻ. ഏകപാത്ത് – തന്നാമകനായ സൂര്യന്‍. അങ്ങേഅററം – പരമോന്നതസ്ഥാനം. ജലപൌത്രൻ – അഗ്നി.

സൂക്തം 32.

ഗൃത്സമദന്‍ ഋഷി; ജഗതിയും അനുഷ്ടുപ്പും ഛന്ദസ്സ്;ദ്യാവാപൃഥിവ്യാദികൾ ദേവത.

ദ്യാവാപൃഥിവികളേ, നിങ്ങൾ യജ്ഞേച്ഛുവും സേവനേച്ഛുവുമായി സ്തുതിയ്ക്കുന്ന ഈ എന്നെ രക്ഷിയ്ക്കണം: നിങ്ങളില്‍നിന്നാണല്ലോ, അത്യുല്‍കൃഷ്ടമായ അന്നം; ആ സ്തുതിയ്ക്കപ്പെട്ട നിങ്ങളെ ഞാന്‍ ഇപ്പോൾ മഹത്തായ (സ്തോത്രംകൊണ്ടു) പുരസ്കരിച്ചുകൊള്ളുന്നു. 1

മനുഷ്യന്റെ മറിമായങ്ങൾ അഹസ്സിലും അല്ലിലും ഞങ്ങളെ ഹനിയ്ക്കരുത്; ഞങ്ങളെ ഈ പറ്റലര്‍പ്പടയ്ക്കു കീഴ്പെടുത്തരുത്; ഞങ്ങളുടെ സഖ്യം ഭവാന്‍ വേര്‍പെടുത്തരുത്; അതു ഞങ്ങൾക്കു സുഖം തരാനിച്ഛിയ്ക്കുന്ന തിരുവുള്ളംകൊണ്ടറിയണം. ആ അങ്ങയോടു ഞങ്ങൾ യാചിയ്ക്കുന്നു. 2

പുരുഹൂത, തടിച്ച് അസക്താംഗിയായി സുഖകരിയായ ഒരു കറവുപയ്യിനെ അങ്ങ് അരിശമുൾക്കൊള്ളാതെ കൊണ്ടുവന്നാലും; കാല്‍നടകളിലും വാക്കിലും വേഗവാനായ ഭവാനെ ഞാൻ നിത്യം സ്തുതിയ്ക്കും. 3

വിളിയ്ക്കപ്പെടേണ്ടുന്ന രാകയെ ഞാൻ വിളിയ്ക്കുന്നു; ഞങ്ങളുടെ വിളി കേട്ട് ആ സൌഭാഗ്യവതി സ്വയം അറിയട്ടെ; കർമ്മത്തെ മുറിയാത്ത തൂശികൊണ്ടു തുന്നട്ടെ; സമ്പത്തേറിയ ഒരു സ്തുത്യനായ പുത്രനെ തരട്ടെ! 4

രാകേ, ഭവതിയുടെ അഴകൊത്ത സദ്വിചാരങ്ങൾ എവയോ; ഭവതി ഹവിർദ്ദാതാവിന്നു ധനങ്ങൾ നല്കുന്നതെവകൊണ്ടോ; സുഭഗേ, അവയോടുകൂടി, ഇപ്പോൾ മനംതെളിഞ്ഞ്, ആയിരക്കണക്കില്‍ തരാൻ വന്നുചേർന്നാലും! 5

സിനീവാലി, പൃഥുജഘനേ, ദേവന്മാരുടെ പെങ്ങളാണല്ലോ, ഭവതി: ഹോമിയ്ക്കപ്പെട്ട ഹവിസ്സു കൈക്കൊണ്ടാലും; ദേവി, ഞങ്ങൾക്കു സന്താനത്തെ തന്നാലും! 6

നല്ല കൈകളും നല്ല വിരലുകളുമുള്ള, സുപ്രസവയും ബഹുപ്രസവയുമായ, പ്രജാപാലികയായ സിനീവാലിയ്ക്കു നിങ്ങൾ ഹവിസ്സു ഹോമിയ്ക്കുവിന്‍. 7

കുഹു, സിനീവാലി, രാക, സരസ്വതി എന്നിവരെയും, രക്ഷയ്ക്ക് ഇന്ദ്രാണിയെയും, സ്വസ്തിയ്ക്കു വരുണാനിയെയും ഞാന്‍ വിളിയ്ക്കുന്നു. 8

കുറിപ്പുകൾ: സൂക്തം 32.

[2] മനുഷ്യന്റെ – ശത്രുഭൂതന്റെ. ഭവാന്‍ – ഇതിന്ദ്രനോടു പറയുന്നതാണു്.

[3] അസക്താംഗി – വിഭക്താവയവ.

[4] രാക = പൌർണ്ണമാസി. അറിയട്ടെ – ഞങ്ങളുടെ ഉള്ള്. തൂശി – അനുഗ്രഹബുദ്ധി.

[5] ആയിരക്കണക്കില്‍ – ധനം.

[6] സിനീവാലി – ചന്ദ്രന്‍ കാണുമാറാകുന്ന അമാവാസ്യ.

[7] ഋത്വിക്കുകളോടു പറയുന്നത്: പ്രജാപാലിക = പ്രജകളെ രക്ഷിയ്ക്കുന്നവൾ.

[8] സ്വസ്തി = നാശമില്ലായ്മ. വരുണാനി = വരുണപത്നി. മുഴുത്ത (ചന്ദ്രനെ തീരെ കാണാത്ത) കറുത്ത വാവാണ്, കുഹു.

സൂക്തം 33.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; രുദ്രന്‍ ദേവത

മരുല്‍പിതാവേ, അങ്ങയുടെ സുഖം വന്നുചേരട്ടെ. അങ്ങു ഞങ്ങളെ സൂര്യപ്രകാശത്തില്‍നിന്നകറ്റരുത്. ശത്രുവിനെ ഞങ്ങളുടെ വീരന്‍ അമർത്തട്ടെ. രുദ്ര, ഞങ്ങൾ സന്താനങ്ങളാല്‍ വർദ്ധിയ്ക്കുമാറാകേണമേ! 1

രുദ്ര, അങ്ങു തരുന്ന അതിസുഖദങ്ങളായ മരുന്നുകൾകൊണ്ടു ഞാന്‍ നൂറുകൊല്ലം ജീവിച്ചിരിയ്ക്കണം; ശത്രുക്കളെയും പാപത്തെയും രോഗങ്ങളെയും വിഷൂചികളെയും ഭവാന്‍ ഞങ്ങളില്‍നിന്നു തുലോം അകററുക! 2

രുദ്ര, ഐശ്വര്യംകൊണ്ടു ലോകത്തില്‍വെച്ചു ശ്രേഷ്ഠനാണ,വിടുന്ന്; വജ്രബാഹോ, വളർന്നവരില്‍വെച്ചു വളർന്നവനുമാണ്. അവിടുന്നു ഞങ്ങളെ സുഖേന പാപങ്ങളുടെ മറുകരയിലണച്ചാലും; എല്ലാപാപത്തിന്റെയും വരവു തടുത്താലും! 3

രുദ്ര, ഞങ്ങളുടെ നമസ്സോ ചീത്തസ്തുതിയോ സഹാഹ്വാനമോ അങ്ങയെ അരിശംകൊള്ളിയ്ക്കരുതു്. വർഷിതാവേ, ഞങ്ങളുടെ വീരന്മാർക്കു മരുന്നുകൾ വേണ്ടുവോളം കൊടുക്കുക: അങ്ങു വൈദ്യന്മാരില്‍ വെച്ചു വലിയ വൈദ്യനാണെന്നു ഞാന്‍ കേട്ടിട്ടുണ്ട്! 4

ആര്‍ ഹവിസ്സഹിതങ്ങളായ സ്തുതികൾകൊണ്ടു വിളിയ്ക്കപ്പെടുന്നുവോ, ആ രുദ്രനെ ഞാന്‍ സ്തോത്രങ്ങൾകൊണ്ടു കനിയിയ്ക്കുമാറാകണം. ആ മൃദൂദരൻ, ശുഭാഹ്വാനൻ, ഭരിയ്ക്കുന്നവൻ, ശോഭനഹനു ഞങ്ങളെ ഈ ഹിംസാബുദ്ധിയ്ക്കു വിട്ടുകൊടുക്കരുതേ! 5

വർഷിതാവായ മരുത്ത്വാന്‍ യാചിയ്ക്കുന്ന എനിയ്ക്കു തിളങ്ങുന്ന അന്നം ധാരാളം തന്നരുളട്ടെ. വെയിലേറ്റവന്‍ തണലിനെ എന്ന പോലെ, ഞാന്‍ പാപരഹിതനായിട്ടു രുദ്രന്റെ സുഖത്തെ പ്രാപിയ്ക്കുമാറാകണം – അതിന്നു പരിചരിയ്ക്കുമാറാകണം! 6

രുദ്ര, അങ്ങയുടെ ആ സുഖകരമായ – സ്വാസ്ഥ്യം നല്കാന്‍ മരുന്നുണ്ടാക്കുന്ന – തൃക്കയ്യെവിടെ? വർഷിതാവേ, ദേവകൃതമായ പാപം നശിപ്പിച്ച്, എനിയ്ക്കു വേഗത്തില്‍ മാപ്പു തരിക! 7

ഭരിയ്ക്കുന്ന വർഷിതാവായ ശുഭ്രവര്‍ണ്ണന്നായി ഞാന്‍ വലുതിലും വലിയ ശോഭനസ്തുതി ചൊല്ലുന്നു. ഭവാന്‍ തേജോമയനെ നമസ്സുകൊണ്ടു പുജിയ്ക്കു; ഞങ്ങൾ രുദ്രന്റെ തിളങ്ങുന്ന തിരുനാമം കീർത്തിയ്ക്കാം. 8

ദൃഢഗാത്രനും ബഹുസ്വരൂപനും ഭരണകർത്താവുമായ ഉഗ്രൻ സ്വച്ഛങ്ങളായ സ്വർണ്ണാഭരണങ്ങളാല്‍ വിളങ്ങുന്നു; ഈ ഭുവനം ഭരിയ്ക്കുന്ന ഈശാനനായ രുദ്രങ്കല്‍നിന്നു വിട്ടുപോകാറില്ല, ബലം! 9

രുദ്ര, അങ്ങു് അർഹനായിത്തന്നേ അമ്പുകളും, അർഹനായിത്തന്നേ വില്ലും, അർഹനായിത്തന്നേ പൂജിയ്ക്കേണ്ടുന്ന വിശ്വരൂപമായ പതക്കവും ധരിയ്ക്കുന്നു; അർഹനായിത്തന്നേ ഈ വിശാലമായ വിശ്വത്തെ ഭരിയ്ക്കുന്നു. അങ്ങല്ലാതെ ഒരു വലിയ ബലം ഇല്ലതന്നെ! 10

പ്രസിദ്ധനും രഥസ്ഥനും യുവാവും സിംഹത്തെപ്പോലെ ഭയങ്കരനും നിഹന്താവുമായ ഉഗ്രനെ ഭവാൻ സ്തുതിയ്ക്കുക. രുദ്ര, സ്തൂയമാനനായ അവിടുന്നു സ്തോതാവിനെ സുഖിപ്പിച്ചാലും. അങ്ങയുടെ സേനകൾ ഞങ്ങളില്‍നിന്നന്യനെ കൊന്നുകൊള്ളട്ടെ! 11

രുദ്ര, അനുഗ്രഹിയ്ക്കുന്ന അച്ഛനെ മകനെന്നപോലെ, സമീപത്തു വന്ന ഭവാനെ ഞാന്‍ നമസ്കരിയ്ക്കുന്നു; വളരെ കൊടുക്കുന്ന സല്‍പതിയായ ഭവാനെ സ്തുതിയ്ക്കുകയും ചെയ്യുന്നു. സ്തുതനായ ഭവാന്‍ ഞങ്ങൾക്കു മരുന്നുകൾ തന്നാലും! 12

മരുത്തുക്കളേ, നിങ്ങളുടെ വിശുദ്ധങ്ങളായ മരുന്നുകൾ എവയോ, തുലോം സ്വാസ്ഥ്യപ്രദങ്ങൾ എവയോ, വൃഷാക്കളേ, സുഖകരങ്ങൾ എവയോ, ഞങ്ങളുടെ അച്ഛന്‍ വാങ്ങിയതെവയോ; അവയും, രുദ്രന്റെ സുഖവും, ശമവും എനിയ്ക്കു തന്നാല്‍ക്കൊള്ളാം! 13

തിളങ്ങുന്ന രദ്രന്റെ ആയുധങ്ങൾ ഞങ്ങളില്‍ പതിയ്ക്കരുതു്; മഹത്തായ മുഷിച്ചിലും മറെറാരേടത്തു പോകട്ടെ! വൃഷാവേ, പള്ളിവില്ലുകൾ യജമാനന്മാർക്കുവേണ്ടി കുലയ്ക്കുക. ഞങ്ങളുടെ പുത്രപൌത്രന്മാർക്കു സുഖം നല്കിയാലും! 14

ഭരിയ്ക്കുന്നവനേ, വൃഷാവേ, സർവജ്ഞ, രദ്രദേവ, അവിടുന്ന് അരിശംകൊള്ളാതെ, ഹനിയ്ക്കാതെ, ഇവിടെ ഞങ്ങളുടെ വിളി കേട്ടറിഞ്ഞാലും! ഞങ്ങൾ നല്ല വീരന്മാരോടുകൂടി യാഗത്തില്‍ സ്തുതിയ്ക്കാം. 15

കുറിപ്പുകൾ: സൂക്തം 33.

[1] മരുല്‍പിതാവ് = മരുത്തുക്കളുടെ അച്ഛൻ. അങ്ങയുടെ സുഖം – ഞങ്ങൾക്കു തരാന്‍ അങ്ങു കയ്യില്‍ വെച്ചിരിയ്ക്കുന്ന സുഖം. വന്നുചേരട്ടെ – ഞങ്ങളിലെത്തട്ടെ. വീരന്‍ = പുത്രന്‍.

[2] വിഷൂചികൾ – പകരുന്ന രോഗങ്ങൾ.

[4] നമസ്സ് – വേണ്ടുംവണ്ണമല്ലാതായ നമസ്കാരം. സഹാഹ്വാനം ഇതരദേവന്മാരോടുകൂടി വിളിയ്ക്കല്‍.

[5] ശുഭാഹ്വാനൻ – രുദ്രനെ വിളിയ്ക്കുന്നതു ശ്രേയസ്കരമാണെന്നർത്ഥം. ഹിംസാബുദ്ധിയ്ക്കു് – ഞങ്ങൾക്കു ഹിംസാതാല്‍പര്യമുണ്ടാകരുത്.

[6] മരുത്ത്വാന്‍ – പുത്രരായ മരുത്തുക്കളോടുകൂടിയ രുദ്രൻ. പരിചരിയ്ക്കു മാറാകണം – രുദ്രനെ സേവിയ്ക്കുമാറാകണം.

[8] ഭവാന്‍ – സ്തോതാവിനോടു പറയുന്നതാണ്. നമസ്സ് = നമസ്കാരം, ഹവിസ്സ്.

[9] ബഹുസ്വരൂപന്‍ – അഷ്ടമൂർത്തി. വിട്ടുപോകാറില്ല – അവിടുന്ന് എന്നെന്നും ബലവാൻതന്നെ.

[11] സ്തോതാവിനോട്: നിഹന്താവ് – ശത്രുഘാതി. ഞങ്ങളില്‍നിന്നന്യനെ – ഞങ്ങളെ കൊല്ലരുതു്.

[13] ഞങ്ങളുടെ അച്ഛന്‍ – മനു. ശമം – രോഗശാന്തി.

[14] മറെറാരേടത്തു പോകട്ടെ – ഞങ്ങളില്‍ മുഷിയരുത്. വൃഷാവേ ഇത്യാദി പ്രത്യക്ഷവചനം.

സൂക്തം 34.

ഗൃത്സദമൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; മരുത്തുക്കൾ ദേവത. (കേക)

ധാരകര്‍, ധൃതോദകര്‍, ധർഷകബലര്‍, സിംഹ-
ഘോരന്മാർ, കരുത്തുകൊണ്ടാരാധിച്ചരുളുവോര്‍,
മേല്ക്കുമേല്‍ ഭൃമി മീട്ടിക്കൊണ്ടഗ്നിതുല്യാഭന്മാര്‍
ഗോക്കളെത്തുറന്നുവിട്ടാരല്ലോ മരുത്തുക്കൾ! 1
മീനണിവാനംപോലെ ശോഭിപ്പൂ, വളകളാല്‍;
മിന്നുന്നു, മിന്നല്ക്കൊപ്പം വർഷകര്‍ മരുത്തുക്കൾ;
പൂതമാം പയ്യിനുടെയകിട്ടില്‍ വൃഷരുദ്രോല്‍-
പാദിതരല്ലോ, മാറില്‍പ്പൊന്നു ചാർത്തിയ നിങ്ങൾ! 2
പാരിനെ നനയ്ക്കുന്നൂ, പോരിലശ്വത്തെപ്പോലേ;
പായുന്നു, മുകില്‍മധ്യേ ചാലകര്‍ വാജിസ്ഥരായ്;
പുള്ളിമാൻതേരില്‍ മരുത്തുക്കളേ, ഹവിഷ്മാങ്കല്‍-
ചെല്ലുന്നു, പൊന്നിൻതൊപ്പിയിട്ടേകാശയര്‍ നിങ്ങൾ. 3
യഷ്ടാവിന്നൊ,രു തോഴന്നെന്നപോലെയത്തണ്ണീ-
രൊട്ടുക്കു നിത്യം കൊണ്ടുവരുന്നൂ പൃഷദശ്വര്‍,
അക്ഷയദ്രവിണന്മാര്‍ വിദ്രുതപ്രദാനന്മാ-
ര,ശ്വങ്ങൾപോലേ പോക്കില്‍ മേഘത്തെ വലിപ്പവര്‍! 4
മിന്നുവാളേന്തും മരുത്തുക്കളേ, മധുമത്തി-
ന്ന,ന്നങ്ങളാവാസത്തിൽപ്പോലേ,കാശയര്‍ നിങ്ങൾ
വന്നുചേരുവിൻ, മുകൾത്തട്ടിരമ്പത്താലിമ്പം
തന്നീടുമിടിവറ്റ വാർവഴികളിലൂടേ! 5
മർത്ത്യര്‍ ഞങ്ങൾതന്നന്നം, സവനം, സ്തോത്രമിവ-
യ്ക്കെത്തുവിൻ, മരുത്തുക്കളേകമാനസര്‍ നിങ്ങൾ;
മേഘത്തെ മീതേ തടിപ്പിയ്ക്കുവിന,ശ്വത്തെപ്പോ;-
ലേകുവിൻ, സ്തോതാവിന്നു കർമ്മയോഗ്യമാമന്നം! 6
പ്രതിവാസരമെഴുന്നള്ളവേ വെളിവാക്കി-
സ്തുതിയ്ക്കുന്നോനെ ഞങ്ങൾക്കേകുവിൻ മരുത്തുക്കൾ,
സ്തോതാവിന്നശനവും, പോരില്‍ വാഴ്ത്തുവോന്നാജി-
ബോധവു,മബാധമാം ദുസ്തരൌജസ്സും നിങ്ങൾ! 7
തേരിനുമുന്നില്‍ത്തുരഗങ്ങളെപ്പൂട്ടുമ്പോഴേ,
മാറില്‍പ്പൊന്നണി മിന്നും സുദാനര്‍ മരുത്തുക്കൾ,
കുട്ടിയ്ക്കു കറവപ്പൈപോലവേ പൊഴിയ്ക്കുന്നൂ,
പുഷ്ടമാമന്നം ദത്തഹവ്യനു ഗൃഹത്തിങ്കല്‍! 8
പകയാല്‍ത്തട്ടിപ്പറിയ്ക്കുന്ന ഹിംസ്രനില്‍നിന്നു
പരിപാലിപ്പിൻ, നിങ്ങളെങ്ങളെ വസുക്കളേ:
പിന്മാറ്റുകെ,രിവേല്‍കൊണ്ടവനെ രുദ്രന്മാരേ;
തിന്മനെക്കൊല്‍വിന്‍, മരുത്തുക്കളേ, ദൂരത്താക്കി! 9
അറിയാം, മാന്യം മരുത്തുക്കളേ, യുഷ്മല്‍പ്രാപ്തി:
കറന്നാരല്ലോ, ചെന്നപ്പയ്യിന്റെയകിടവര്‍;
സ്തുതിയ്ക്കും ത്രിതനെ നിന്ദിപ്പോരെ ഹനിപ്പോരെ-
പ്പൊതുക്കിവിട്ടാരല്ലോ, രുദ്രജരദമ്യന്മാർ! 10
ആ മഹാന്മാരാം മരുത്തുക്കളേ, വിളിയ്ക്കുന്നൂ,
സോമമെമ്പാടും തയ്യാറാക്കി നിങ്ങളെ ഞങ്ങൾ:
എത്തേണ്ടുമിടത്തെത്തും ശ്രേഷ്ഠരാം സ്വർണ്ണാഭരോ-
ടർത്ഥിപ്പൂ, സ്രുവമേന്തി സ്തുതിച്ചു വിശിഷ്ടാന്നം! 11
അദ്ദശഗ്വന്മാര്‍ മുമ്പേ സാധിച്ചുവല്ലോ, യജ്ഞം;
പ്രത്യുഷസ്സിങ്കല്‍ പ്രേരിപ്പിയ്ക്ക, ഞങ്ങളെയവര്‍:
പുലരി തുടുപ്പാല്‍പ്പോലല്ലിനെപ്പോക്കീടുന്നൂ,
വിലസും സതോയമാമുരുതേജസ്സാലവര്‍! 12
നല്‍ത്തുടുമൈക്കോപ്പുകൾ ചാർത്തി വീണയുമൊത്താ
രുദ്രജര്‍ വളരുന്നൂ, സലിലസ്ഥാനങ്ങളില്‍;
വിദ്രുതം പായും കെല്പാൽ കാറില്‍ നിന്നംഭസ്സുതി-
ർത്ത,ത്യാഹ്ലാദകമായ കാന്തിയും വഹിയ്ക്കുന്നു! 13
ത്രിതനായുധമേന്തുമഞ്ചഗ്രഹോതാക്കളെ
സ്ഥിതരാക്കിനാനല്ലോ തർപ്പിച്ചു കാമം നേടാൻ;
അവരെ,പ്പെരുതർത്ഥമിരന്നീ നമസ്സിനാ-
ലവനത്തിനായ്ച്ചാരേ സ്തുതിച്ചീടുന്നൂ ഞങ്ങൾ. 14
ശ്രിതനെപ്പാപത്തിന്നപ്പുറമാക്കുവതേതോ,
നതനെപ്പഴിപ്പോനില്‍നിന്നകറ്റുവതേതോ,
അബ്ഭവദ്രക്ഷ മരുത്തുക്കളേ, വരികിങ്ങോ-
ട്ട; – ഭ്യാഗമിയ്ക്ക, തിരുവുള്ളവും പശുപോലേ! 15
കുറിപ്പുകൾ: സൂക്തം 34.

[1] ധാരകര്‍ – വിശ്വംഭരര്‍. ആരാധിച്ചരുളുവോര്‍ – ലോകത്തെ പ്രീതിപ്പെടുത്തുന്നവര്‍. ഭൂമി – മരുത്തുക്കളുടെ വീണ.

[2] മീനണിവാനം = നക്ഷത്രങ്ങൾ നിരന്ന ആകാശം. ഉത്തരാർദ്ധം പ്രത്യക്ഷവചനം; വൃഷരുദ്രോല്‍പാദിതര്‍ = കാളയുടെ രൂപം പൂണ്ട രുദ്രനാല്‍ ഉൽപാദിപ്പിയ്ക്കപ്പെട്ടവര്‍. പയ്യു് – ഗോരുപം ധരിച്ച ഭൂമി.

[3] അശ്വത്തെപ്പോലെ – കുതിരയെ വിയർപ്പുപോക്കാൻ നനയ്ക്കുന്നതുപോലെ. മുകിൽമധ്യേ = മേഘമധ്യത്തില്‍. പായുന്നു – മഴ പെയ്യിയ്ക്കാന്‍. ചാലകര്‍ – വൃക്ഷാദികളെ ഇളക്കുന്നവര്‍. വാജിസ്ഥരായ് – കുതിരപ്പുറത്തു കേറി. ബാക്കി പ്രത്യക്ഷവചനം: ഏകാശയർ = സമാനമനസ്കർ.

[4] വിദ്രുതപ്രദാനന്മാര്‍ = വേഗത്തിൽ കൊടുക്കുന്നവര്‍. അശ്വങ്ങൾപോലേ – കുതിരകൾ തേരിനെ എന്നപോലെ.

[5] മിന്നുവാൾ = മിന്നുന്ന വാൾ (ചുരിക). മധുമത്തിന്ന് – മധു (സോമം) കുടിച്ചു ലഹരിപിടിയ്ക്കാൻ. അരയന്നങ്ങൾ വാസസ്ഥാനത്തെന്നപോലെ ഇവിടെ വന്നുചേരുവിന്‍. മുകൾത്തട്ടിരമ്പത്താലിമ്പംതന്നീടും – മുകൾത്തട്ടിലെ ഇരമ്പംകൊണ്ട് ആഹ്ലാദപ്രദങ്ങളായ. വാര്‍വഴികൾ = വിശാലമാർഗ്ഗങ്ങൾ.

[6] മർത്ത്യര്‍ – മനുഷ്യരായ. അശ്വത്തെപ്പോലെ – കുതിരയെ തടിപ്പിയ്ക്കുന്നതുപോലെ, മുകൾവശത്തു മേഘത്തെ തടിപ്പിയ്ക്കുവിൻ, വർഷണസമർത്ഥമാക്കുവിന്‍.

[7] പ്രതിവാസരം – നിത്യം. എഴുന്നള്ളവേ – നിങ്ങൾ വരുമ്പോൾ. വെളിവാക്കി – നിങ്ങളുടെ ഗുണങ്ങൾ വെളിപ്പെടുത്തി. സ്തുതിയ്ക്കുന്നോനെ – സ്തുതിയ്ക്കുന്ന പുത്രനെ. അശനം = ഭക്ഷണം. ആജിബോധം = യുദ്ധപരിജ്ഞാനം. ദുസ്തരൌജസ്സും – ശത്രുക്കൾക്കു പിന്നിടാവതല്ലാത്ത ബലവും ഏകുവിന്‍.

[8] പൂട്ടുമ്പോഴേ – യാഗത്തിന്നു പോരാന്‍. കുട്ടിയ്ക്കു കറവപ്പൈപോലവേ – കുട്ടിയ്ക്കു പയ്യു പാല്‍ ചുരത്തിക്കൊടുക്കുന്നതുപോലെ. ദത്തഹവ്യൻ = ഹവിസ്സു നല്കിയവന്‍, യജമാനൻ.

[9] ഹിംസ്രന്‍ = ഹിംസകന്‍. എരിവേല്‍ = ചുട്ടെരിയ്ക്കുന്ന വേല്‍ എന്ന ആയുധം. രുദ്രന്മാര്‍ – രുദ്രപുത്രന്മാർ. തിന്മൻ – രാക്ഷസനും മറ്റും.

[10] മാന്യമായ നിങ്ങളുടെ പ്രാപ്തി (വരവ്) എല്ലാവർക്കും അറിയാം. അവശിഷ്ടം പരോക്ഷവചനം: അപ്പയ്യിന്റെ അകിട് – മേഘം.

[11] എമ്പാടും – ചമസാദികളില്‍. ഉത്തരാർദ്ധം പരോക്ഷവചനം: എത്തേണ്ടുമിടം – യജ്ഞസ്ഥലം. അർത്ഥിപ്പൂ – ഞങ്ങൾ യാചിയ്ക്കുന്നു.

[12] അദ്ദശഗ്വന്മാര്‍ – പത്തുമാസംകൊണ്ടു യജ്ഞസിദ്ധിയ്ക്ക് ഒരുങ്ങിയ ആ അംഗിരസ്സുകൾ. മുമ്പേ – ആദിത്യന്മാരെക്കാൾ മുമ്പേ. പ്രത്യുഷസ്സ് = പുലര്‍കാലം. പുലരി തുടുപ്പുകൊണ്ട് അല്ലിനെ (രാത്രിയെ) പോക്കുന്നതുപോലെ, അവര്‍ സതോയമായ (ജലസഹിതമായ ഉരു(മഹാ)തേജസ്സുകൊണ്ട് (സൂര്യനെക്കൊണ്ട്) ഇരുട്ടിനെ പോക്കുന്നു.

[13] സലിലസ്ഥാനങ്ങൾ – മേഘങ്ങൾ. അംഭസ്സ് = ജലം.

[14] അഞ്ചഗ്ര്യഹോതാക്കൾ – പഞ്ചപ്രാണവായുക്കളാകുന്ന മുഖ്യഹോതാക്കൾ. സ്ഥിതരാക്കിനാന്‍ – വിട്ടുപോകാതെ നിർത്തി. അവര്‍ – പഞ്ചപ്രാണര്‍. അവനത്തിന്നായ് – ഞങ്ങളെ ആയുധം(ചുരിക)കൊണ്ടു രക്ഷിപ്പാൻ.

[15] ശ്രിതന്‍ – ആശ്രയിച്ചവന്‍, ആരാധകന്‍. നതന്‍ = നമിച്ചവന്‍, വന്ദിച്ചവന്‍. ഇങ്ങോട്ട് – ഞങ്ങളുടെ അടുക്കലെയ്ക്ക്. പശുപോലെ – പയ്യു കുട്ടിയുടെ അടുക്കലെയ്ക്കെന്നപോലെ. അഭ്യാഗമിയ്ക്ക – വരുമാറാകട്ടെ.

സൂക്തം 35.

ഗൃത്സമദൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അപാംനപാത്ത് ദേവത.

അന്നത്തിന്നുവേണ്ടി ഞാന്‍ ഈ സ്തോത്രം ചൊല്ലുന്നു: ജല സംബന്ധിയും ജവഗാമിയുമായ അപാംനപാത്ത് സ്തോതാവായ എനിയ്ക്ക് അന്നം വളരെത്തരട്ടെ; ഞങ്ങളെ സുരൂപരുമാക്കട്ടെ! അവിടുന്നു സ്തോത്രതല്‍പരനാണല്ലോ. 1

ഹൃദയംകൊണ്ടു വഴിപോലെ നിർമ്മിച്ച ഈ സ്തോത്രം നാം ചൊല്ലുക; അദ്ദേഹം ഇതു ധാരാളം അറിയട്ടെ. സ്വാമിയായ അപാംനപാത്താണല്ലോ, ബലത്തിന്റെ മഹിമാവാല്‍ ഭുവനമെല്ലാം ഉല്‍പാദിപ്പിച്ചത്! 2

വന്നുചേരുന്നവയും നില്ക്കുന്നവയുമായ ജലങ്ങൾ ഒന്നിച്ചു നദികളായിട്ടു, ബഡബാഗ്നിയെ പ്രീതിപ്പെടുത്തുന്നു – പരിശുദ്ധങ്ങളായ അവ ആ വിളങ്ങിത്തിളങ്ങുന്ന അപാംനപാത്തിനെത്തന്നെയാണ്, പര്യുപാസിയ്ക്കുന്നത്! 3

യുവതികൾ വണക്കത്തോടേ ഒരു യുവാവിനെ എന്നപോലെ, തണ്ണീരുകൾ അദ്ദേഹത്തെ തുലോം അലംകരിച്ചുകൊണ്ടു പരിചരിയ്ക്കുന്നു; ആ ദീപ്തരൂപൻ വെള്ളത്തില്‍, വിറകുകൂടാതെ, നമുക്കു ധനമുണ്ടായിവരുമാറു, സ്വച്ഛമായ സ്വതേജസ്സുകൊണ്ട് ഉജ്ജ്വലിയ്ക്കുന്നു! 4

ഈ സുഖിതനായ ദേവന്നു നായികമാരായ മൂന്നു ദേവിമാര്‍ അന്നം ഒരുക്കിവെയ്ക്കുന്നു; ജലത്തില്‍ ജനിപ്പിയ്ക്കപ്പെട്ടവര്‍പോലെ പ്രസരിയ്ക്കുന്നു. അതിനാല്‍, പ്രഥമസൃഷ്ടത്തിന്റെ സത്ത് അദ്ദേഹം നുകരുന്നു! 5

അദ്ദേഹത്തില്‍നിന്നാണ്, അശ്വത്തിന്റെ – പോരാ സര്‍വജഗത്തിന്റെയും – ഉല്‍പത്തി. ഭവാന്‍ സ്തോതാക്കളെ കവർച്ചക്കാരന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിച്ചാലും. അപക്വജലങ്ങൾക്കപ്പുറം വർത്തിയ്ക്കുന്ന ആ അധൃഷ്യങ്കല്‍ മാറ്റലരും ചെല്ലില്ല, മായകളും ചെല്ലില്ല! 6

ആര്‍ സ്വഗൃഹത്തില്‍ വർത്തിയ്ക്കുന്നുവോ, ആരുടെ പയ്യു സുഖേന കറക്കാവുന്നതോ, ആര്‍ സ്വധയെ വർദ്ധിപ്പിയ്ക്കുകയും നല്ല അന്നം ഭക്ഷിയ്ക്കുകയും ചെയ്യുന്നുവോ; ആ അപാംനപാത്ത് ജലമധ്യ ത്തില്‍ ബലംപൂണ്ടു, പരിചാരകന്നു ധനം നല്കാനായി പ്രശോഭിയ്ക്കുന്നു! 7

ആ സത്യവാനും നിത്യനുമായ മഹാന്‍ ജലങ്ങളില്‍ ദിവ്യതേജസ്സോടേ വിളങ്ങുന്നു; അദ്ദേഹത്തിന്റെ മററു ശാഖകളത്രേ, ഭുവനങ്ങൾ; (അദ്ദേഹത്തില്‍ നിന്നുതന്നെയാണു്) ഓഷധികളൂം മക്കളും ജനിയ്ക്കുന്നതു് ! 8

അപാംനപാത്ത് വെള്ളത്തില്‍ ഊർദ്ധ്വം ജ്വലിച്ചു, മേഘത്താല്‍ ഉടുപ്പിട്ട്, അന്തരിക്ഷത്തിലിരിയ്ക്കുകയാണല്ലോ; അദ്ദേഹത്തിന്റെ മുതിർന്ന മാഹാത്മ്യത്തെ വഹിച്ചുകൊണ്ടു, വമ്പിച്ച നദികൾ ചുററും ഒഴുകുന്നു! 9

ആ ഹിരണ്യരൂപനും ഹിരണ്യേന്ദ്രിയനും ഹിരണ്യവർണ്ണനുമായ അപാംനപാത്ത് ഹിരണ്യസ്ഥാനത്തിന്നു മുകളില്‍ ഇരുന്നരുളുന്നു; അവിടെയ്ക്കു ഹിരണ്യദാതാക്കൾ അന്നം സമർപ്പിയ്ക്കുന്നു! 10

ഈ അപാംനപാത്തിന്റെ അഴകൊത്ത രൂപവും നാമവും മറവില്‍ വർദ്ധിയ്ക്കുന്നു; ഈ ഹിരണ്യവർണ്ണനെ അവിടെ യുവതികൾ വഴിപോലെ വളർത്തുന്നു; വെള്ളമാണ്, അവിടെയ്ക്കാഹാരം! 11

വളരെപ്പേരില്‍ ഒന്നാമനായ ഈ സഖാവിനെ നാം നമസ്സുകൊണ്ടും യജ്ഞ ഹവിസ്സുകൊണ്ടും പരിചരിയ്ക്കുക: ഞാന്‍ മുകൾബ്ഭാഗം തുടയ്ക്കാം ഞാന്‍ വിറകു പൂട്ടാം; ഞാൻ അന്നം നിവേദിയ്ക്കാം; ഞാൻ ഋക്കു് ചൊല്ലി സ്തുതിയ്ക്കാം. 12

ഈ അപാംനപാത്ത് വൃഷാവായി അവയില്‍ ഗർഭമുണ്ടാക്കുന്നു; കിടാവായി കുടിയ്ക്കുന്നു; അവ മുകരുന്നു. ഇവിടെ അദ്ദേഹം നിറം മങ്ങാതെ, മറ്റഗ്നിയുടെ ദേഹംകൊണ്ടുതന്നെ വ്യാപിയ്ക്കുന്നു! 13

ആ ഉല്‍കൃഷ്ടസ്ഥാനത്തിരുന്നു നിത്യം ജ്വലിയ്ക്കുന്ന തേജസ്വിയുടെ ചുററും, വമ്പിച്ച തണ്ണീരുകൾ നപ്താവിന്നു ജലമാകുന്ന അന്നം വഹിച്ചുകൊണ്ടു സ്വയം നില്ക്കാതെ പായുന്നു! 14

അഗ്നേ, ഞാന്‍ ആളുകൾക്കുവേണ്ടി ശോഭനനിവാസനായ ഭവാങ്കല്‍ അണയുന്നു; ഹവിർദ്ധനന്മാർക്കുവേണ്ടി വെടുപ്പില്‍ സ്തുതിയ്ക്കുന്നു. ദേവന്മാരുടെപക്കലുള്ള എല്ലാ നന്മയും (ഞങ്ങൾക്കു കിട്ടട്ടെ!). ഞങ്ങൾ നല്ല വീരന്മാരോടുകൂടി യാഗത്തില്‍ സ്തുതിയ്ക്കാം. 15

കുറിപ്പുകൾ: സൂക്തം 35.

[1] ജലസംബന്ധി – മേഘസ്ഥജലസംബന്ധി.

[2] ബലത്തിന്റെ മഹിമാവാല്‍ – മഴ പെയ്യിച്ച്.

[3] വന്നുചേരുന്നവ – വർഷംകൊണ്ട്. നില്ക്കുന്നവ – മുമ്പുതന്നെ ഉള്ളവ. ബഡബാഗ്നി – സമുദ്രത്തിന്റെ അടിയിലിരിയ്ക്കുന്ന ഔർവാഗ്നി.

[5] മൂന്നു ദേവിമാര്‍ – ഇളയും സരസ്വതിയും ഭാരതിയും. പ്രഥമസൃഷ്ടം – ജലം.

[6] അശ്വം – ഉച്ചൈശ്ശ്രവസ്സ്. ഭവാൻ എന്നു തുടങ്ങുന്ന ഒരു വാക്യം പ്രത്യക്ഷകഥനം.

[7] സ്വധ – വർഷജലം. അന്നം – മഴകൊണ്ടുണ്ടായ ഹവിസ്സ്. പരിചാരകന്‍ – പരിചരിയ്ക്കുന്ന യജമാനന്‍.

[8] മക്കൾ – പുഷ്പഫലാദികൾ.

[9] നദീപ്രവാഹങ്ങൾ അപാംനപാത്തിന്റെ മഹിമയെ വെളിപ്പെടുത്തുന്നു.

[10] ഹിരണ്യം = സ്വർണ്ണം. ഹിരണ്യദാതാക്കൾ ദക്ഷിണയായി സ്വർണ്ണം കൊടുക്കുന്ന യജമാനന്മാര്‍.

[11] മറവില്‍ – മേഘങ്ങളുടെ. യുവതികൾ – തണ്ണീരുകൾ.

[12] വളരെപ്പേരില്‍ – വളരെ ദേവന്മാരുടെ ഇടയില്‍.

[13] അവയില്‍ – മേഘജലങ്ങളില്‍. ഗർഭമുണ്ടാക്കുന്നു – താൻതന്നെ ഗർഭമായിത്തീരുന്നു. കുടിയ്ക്കുന്നു – മുലപ്പാലിന്നൊത്ത മേഘജലം നുകരുന്നു. മുകരുന്നു – കിടാവിനെ ചുംബിയ്ക്കുന്നതുപോലെ. മറ്റഗ്നി – ഭൌമാഗ്നി.

[14] നപ്താവ് = അപാംനപാത്ത്.

[15] ശോഭനനിവാസൻ = നല്ല പാർപ്പിടത്തോടുകൂടിയവന്‍. ഹവിർദ്ധനന്മാര്‍ – യജമാനന്മാര്‍.

സൂക്തം 36.

ഗൃത്സമദന്‍ ഋഷി; ജഗതി ഛന്ദസ്സ്; ഇന്ദ്രാദികൾ ദേവത.

ഇന്ദ്ര, അങ്ങയ്ക്കായി ഒരുക്കുന്ന സോമം ഗോരസങ്ങളോടും ജലത്തോടും ചേർന്നു; ഇതിനെ നേതാക്കൾ ആട്ടിൻരോമങ്ങൾകൊണ്ടും അമ്മിക്കുഴകൾകൊണ്ടും അരിച്ചു. സ്വാഹാഹുതവും വഷട്കൃതവുമായ ഇതു ഹോതൃയാഗത്തില്‍നിന്ന് അവിടുന്നു മുമ്പേ കുടിച്ചാലും: അവിടുന്നാണല്ലോ, ഈശ്വരൻ! 1

യജ്ഞസംയുക്തരും, പുള്ളിമാൻപേടത്തേരില്‍ കേറിയവരും, ചുരികയാല്‍ ശോഭിയ്ക്കുന്നവരും, ആഭരണപ്രിയന്മാരും, അന്തരിക്ഷനേതാക്കളുമായ രദ്രപുത്രന്മാരേ, നിങ്ങൾ ദർഭയിലിരുന്നു പോതൃയാഗത്തില്‍നിന്നു സോമം കുടിയ്ക്കുവിൻ! 2

ശോഭനാഹ്വാനന്മാരേ, നിങ്ങൾ ഒന്നിച്ചുതന്നെ ഞങ്ങളുടെ അടുക്കല്‍ വരുവിന്‍, ദർഭയിലിരിയ്ക്കുവിൻ, വിളയാടുവിന്‍! ത്വഷ്ടാവേ, ദേവന്മാരും ദേവപത്നിമാരുമാകുന്ന നല്ല ഗണത്തോടുകൂടിയ ഭവാന്‍ അന്നം ഭുജിച്ചു സംതൃപ്തി പൂണ്ടാലും! 3

മേധാവിൻ, ഭവാന്‍ ദേവന്മാരെ ഇവിടെ കൊണ്ടുവന്നു യജിയ്ക്കുക; ഹോതാവേ, ഇച്ഛയോടേ മൂന്നിടങ്ങളില്‍ ഇരിയ്ക്കുക; ആനീതമായ സോമമധു സകൌതുകം അഗ്നീധ്രയാഗത്തില്‍നിന്നു കുടിയ്ക്കുക; അങ്ങയുടെ പങ്കുകൊണ്ടു സംതൃപ്തനാകുക! 4

മഘവാവേ, ഇതാ, തിരുമേനിയ്ക്കു ബലം വർദ്ധിപ്പിച്ച സോമം: ഇതു പണ്ടേ തൃക്കൈകൾക്കു കെല്പും മിടുക്കും ഉളവാക്കിയതാണല്ലോ; അങ്ങയ്ക്കായി പിഴിഞ്ഞു കൊണ്ടുവന്ന ഇതു ഭവാന്‍ ബ്രാഹ്മണാച്ഛംസിയാഗത്തില്‍നിന്നു മതിയാവോളം കുടിച്ചാലും! 5

തമ്പുരാക്കന്മാരേ, നിങ്ങളിരുവരും എന്റെ യാഗത്തില്‍ എഴുന്നള്ളുവിൻ: വിളി കേൾക്കുവിൻ. ഹോതാവ് ഇരുന്നു പഴയ ‘ശസ്ത്ര’ങ്ങൾ ചൊല്ലുന്നു. ഇതാ, അന്നം തിരുമുമ്പില്‍ എത്തിയ്ക്കപ്പെട്ടിരിയ്ക്കന്നു; നിങ്ങൾ ഈ സോമമധു പ്രശാസ്തൃയാഗത്തില്‍നിന്നു പാനംചെയ്താലും! 6

കുറിപ്പുകൾ: സൂക്തം 36.

[1] അമ്മിക്കുഴകൾകൊണ്ടും – ചതച്ചു്. ആട്ടിന്‍രോമങ്ങൾകൊണ്ട് അരിച്ചു.

[2] രുദ്രപുത്രന്മാര്‍ – മരുത്തുക്കൾ.

[3] ത്വഷ്ടാവ് മുതലായവരോട്:

[4] അഗ്നിയോട്: ഹോതാവ് – ദേവന്മാരെ വിളിയ്ക്കുന്നവന്‍.

[6] മിത്രാവരുണന്മാരോട്:

സൂക്തം 37.

ഗൃത്സമദന്‍ ഋഷി; ജഗതി ഛന്ദസ്സ്; ദ്രവിണോദസ്സും അശ്വികളും അഗ്നിയും ദേവത.

ദ്രവിണോദസ്സേ, ഭവാൻ ഹോതൃയാഗത്തില്‍നിന്ന് അന്നത്താല്‍ സന്തുഷ്ടനായി തൃപ്തിപൂണ്ടാലും: അധ്വര്യുക്കളേ, അദ്ദേഹം പുർണ്ണാഹുതിയെ ഇച്ഛിയ്ക്കുന്നു; അദ്ദേഹത്തിന്നു് അതു കൊണ്ടുവരുവിന്‍. അതു കൈക്കൊണ്ട് അദ്ദേഹം (ഇഷ്ടഫലം) തരും. ഭവാന്‍ ഋതുക്കളോടുകൂടി ഹോതൃയാഗത്തില്‍നിന്നു സോമം കുടിച്ചാലും! 1

ദ്രവിണോദസ്സേ, ഞാൻ ആരെ മുമ്പു വിളിച്ചുവോ, ആ അങ്ങയെത്തന്നെ ഇപ്പോൾ വിളിയ്ക്കുന്നു. അദ്ദേഹം ആഹ്വാതവ്യനും ദാതാവും കഴിവുള്ളവനുമാകുന്നു; അദ്ദേഹത്തിന്ന് അധ്വര്യുക്കൾ സോമമധുകൊണ്ടുവന്നിരിയ്ക്കുന്നു. അങ്ങ് ഋതുക്കളോടുകൂടി പോതൃയാഗത്തില്‍ നിന്നു സോമം കുടിച്ചാലും! 2

ദ്രവിണോദസ്സേ, അങ്ങയെ കൊണ്ടുനടക്കുന്ന വാഹനങ്ങൾ തൃപ്തിയടയട്ടെ. വനസ്പതേ, അങ്ങ് ഉപദ്രവിയ്ക്കാതെ ഉറച്ചുനില്ക്കുക. ധർഷക, അങ്ങു വന്നു, മുതിർന്ന് ഋതുക്കളോടു കൂടി നേഷ്ട്രുയാഗത്തില്‍ നിന്നു സോമം കടിച്ചാലും! 3

ആര്‍ ഹോത്രത്തില്‍നിന്നു കുടിച്ചുവോ, ആര്‍ പോത്രത്തില്‍ നിന്നു മത്തുകൊണ്ടുവോ, ആര്‍ നേഷ്ട്രത്തില്‍നിന്നു ഹിതമായ അന്നം ഭുജിച്ചുവോ; ഹവിർദ്ദാതാക്കൾക്കനുകൂലനായ ആ ദ്രവിണോദസ്സ് അരിച്ച മരണനിവാരകമായ നാലാമത്തെപ്പാത്രം കുടിച്ചരുളട്ടെ! 4

ഇന്നു നിങ്ങളിരുവരെയും കൊണ്ടു പോന്ന് ഇവിടെ വിടാൻ നിങ്ങളുടെ പള്ളിത്തേര്‍ പൂട്ടുവിൻ; വരുവിൻ; ഹവസ്സില്‍ തേന്‍ പകരുവിന്‍; വാജിനീവസുക്കളേ, എന്നിട്ടു സോമം കുടിയ്ക്കുവിൻ! 5

അഗ്നേ, അവിടുന്നു ചമത കൈക്കൊള്ളുക, ആഹുതി കൈക്കൊള്ളുക, ജനഹിതമായ ‘ശസ്ത്രം’ കൈക്കൊള്ളുക, നല്ല സ്തുതി കൈക്കൊള്ളുക; വസോ, ഇച്ഛിയ്ക്കുന്ന ഭവാന്‍ ഇച്ഛിയ്ക്കുന്ന ദേവന്മാരെയെല്ലാം, ഋതുവോടും എല്ലാവരോടും കൂടി, ഹവിസ്സു കുടിപ്പിച്ചാലും! 6

കുറിപ്പുകൾ: സൂക്തം 37.

[1] അതു – സോമം. ഒടുവിലെ വാക്യം പ്രത്യക്ഷവചനം:

[2] പ്രത്യക്ഷ – പരോക്ഷവചനങ്ങൾ:

[3] വനസ്പതി = വനനാഥൻ. മുതിർന്ന് – ഒരുങ്ങി.

[4] നാലാമത്തെപ്പാത്രം – നാലാംപാത്രത്തിലെ സോമം.

[5] അശ്വികളോട്: വാജിനീവസുക്കൾ – ആളുകളെ ആഹാരം നല്കി പൊറുപ്പിയ്ക്കുന്നവർ.

സൂക്തം 38.

ഗൃത്സമദൻ ഋഷി; ത്രിഷ്ടൂപ്പ് ഛന്ദസ്സ്; സവിതാവ് ദേവത.

ആ ഭാരവാഹിയായ സവിതൃദേവന്‍ പ്രസവത്തിന്നനുജ്ഞ നല്കാൻ പ്രതിദിനം എഴുനേല്ക്കുന്നു: ഇതത്രേ, തന്റെ ജോലി. അവിടുന്ന് ഇപ്പോൾ സ്തോതാക്കൾക്കു രത്നം നല്കും; ശോഭനയജ്ഞന്നു ക്ഷേമവും വരുത്തും! 1

ആ കൈപ്പടം പരന്ന ദേവന്‍ ലോകസുഖത്തിന്നായി ഉദ്ഗമിച്ചു കൈകൾ നീട്ടുന്നു: അദ്ദേഹത്തിന്റെ കർമ്മത്തില്‍, പരിപാവനങ്ങളായ ജലങ്ങളും ഒഴുകുന്നു; ഈ വായുവും അന്തരിക്ഷത്തില്‍ വിഹരിയ്ക്കുന്നു. 2

പോകുന്ന സവിതാവു രശ്മികളോടു വേര്‍പിരിയുന്നു; സതതസഞ്ചാരികളുടെപോലും യാത്ര നിർത്തിയ്ക്കുന്നു, വൈരികളെ ചെറുക്കാൻ പോകുന്നവരുടെയും ഗമനേച്ഛ അടക്കിയ്ക്കുന്നു. സവിതാവിന്റെ ജോലി കഴിഞ്ഞാല്‍, രാത്രി വരികയായി. 3

വീണ്ടും, ഒരു നെയ്ത്തുകാരിപോലെ (രാത്രി) വെളിച്ചം നെയ്യുന്നു. ധീരൻപോലും സാധ്യമായ ജോലി ഇടയ്ക്കുവെച്ചു നിർത്തുന്നു; വീണ്ടും ശയ്യ വിട്ടെഴുനേല്ക്കുന്നു. നിർത്തലില്ലാത്ത ദേവന്‍ സവിതാവു വരുന്നു; ഋതുക്കളെ ചീന്തിവെയ്ക്കുന്നു. 4

അഗ്നിയുടെ വളർന്ന ഗൃഹ്യതേജസ്സു വിവിധസ്ഥാനങ്ങളിലും എല്ലാ അന്നത്തിലും സ്ഥിതിചെയ്യുന്നു; അവന്റെ അടയാളമായി സവിതാവിനാല്‍ അയയ്ക്കപ്പെട്ട പ്രഥമഭാഗം അമ്മ മകന്നായി വെയ്ക്കുന്നു! 5

ജയത്തിന്നായി പുറപ്പെട്ടവൻ തിരിച്ചുപോരുന്നു; സകലജംഗമങ്ങളുടെയും ഗൃഹത്തിൽ കാമൻ ആവിർഭവിയ്ക്കുന്നു. തൊഴിലാളി പകുതി ചെയ്ത വേല നിർത്തി, മടങ്ങുന്നു. ദിവ്യനായ സവിതാവിന്റെ പണിത്തരമാണിത്!6

അങ്ങയാൽ അന്തരിക്ഷത്തിൽ വെയ്ക്കപ്പെട്ട ജലാംശത്തെ തിരഞ്ഞുകൊണ്ടു മൃഗങ്ങൾ മരുഭൂമിയിൽ മരുവുന്നു; പക്ഷികൾ വൃക്ഷങ്ങളിൽ പാർക്കുന്നു. ഈ സവിതൃദേവന്റെ ആ ചേഷ്ടിതങ്ങൾ ആരും മുടക്കുന്നില്ല! 7

സവിതാവു മറയുമ്പോൾ, വരുണൻ വഴിപോക്കർക്കു സേവ്യവും പ്രാപ്യവും സുഖകരവുമായ താവളം നല്കുന്നു; പറക്കുന്ന എല്ലാ പക്ഷിയും തിരിയ്ക്കുന്നു; പശു തൊഴുത്തിൽ കേറുന്നു. സവിതാവു പ്രാണികളെ സ്വസ്ഥാനങ്ങളിലെയ്ക്കു വേർതിരിയ്ക്കുന്നു! 8

അദ്ദേഹത്തിന്റെ ജോലി ഇന്ദ്രനോ വരുണനോ മിത്രനോ അര്യമാവോ രുദ്രനോ മുടക്കില്ല;വൈരികളും മുടക്കില്ല. ആ സവിതൃദേവനെ ഞാൻ ക്ഷേമത്തിന്നായി, ഹവിസ്സൊരുക്കി വിളിയ്ക്കുന്നു. 9

സേവ്യനും ധ്യേയനുമായ ബഹുപ്രജ്ഞനെ കീർത്തിയ്ക്കുന്ന ഞങ്ങളെ ആ നരസ്തുത്യനായ ഛന്ദസ്പതി രക്ഷിയ്ക്കട്ടെ; ധനവും പശുക്കളും വരാനും ചേർന്നുനില്ക്കാനും ഞങ്ങളിൽ സവിതൃദേവൻ പ്രസാദിയ്ക്കട്ടെ! 10

അങ്ങു നല്കിയ ആ കമനീയമായ ധനം ഞങ്ങൾക്കു സ്വർഗ്ഗത്തിൽനിന്നും അന്തരിക്ഷത്തിൽനിന്നും ഭൂമിയിൽനിന്നും കൈവരട്ടെ; സവിതാവേ, സ്തോതാക്കളുടെ ബന്ധുവിന്നു സുഖകരം യാതൊന്നോ, അതു, വളരെ സ്തുതിയ്ക്കുന്ന സ്തോതാവിന്നു തന്നാലും! 11

കുറിപ്പുകൾ: സൂക്തം 38.

[1] ഭാരവാഹി – ഭുവനഭാരം വഹിയ്ക്കുന്നവന്‍. പ്രസവം = സന്തത്യുൽപാദനം. ഇതു് – ലോകത്തില്‍ സന്തത്യുൽപാദനം നടത്തിയ്ക്കല്‍. എഴുനേല്ക്കുന്നു – ഒരുങ്ങുന്നു.

[4] വീണ്ടും – തലേന്നാളത്തെപ്പോലേ, നിർത്തുന്നു – വൈകുന്നേരം പണി നിർത്തുമല്ലോ. വീണ്ടും – പുലര്‍കാലത്ത്. ശയ്യ വിട്ടെഴുനേൽക്കുന്നു – ഉറക്കമുണർന്നു വേല തുടരുന്നു. സവിതാവു വരുന്നു – സൂര്യന്‍ ഉദിയ്ക്കുന്നു. ചീന്തിവെയ്ക്കുന്നു – വേര്‍തിരിയ്ക്കുന്നു.

[6] പ്രഥമഭാഗം – അഗ്നിഹോത്രം. അമ്മ – ഉഷസ്സ്. മകന്‍ – അഗ്നി.

[10]ഛന്ദസ്പതി = ഛന്ദസ്സുകളുടെ അധിപതി, സവിതാവ്.

[11]അതു – ധനം.

സൂക്തം 39.

ഗൃത്സമദൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത.

വളരെയാളുകളാൽ ആഹ്വാതവ്യരായ നിങ്ങളിരുവരും കവിണക്കല്ലുകൾപോലെ പരിപന്ഥിയെ പരിക്കേല്പിയ്ക്കുന്നു; കഴുകർവൃക്ഷത്തെയെന്നപോലെ ഹവിർദ്ധനനെ പ്രാപിയ്ക്കുന്നു; ഉക്ഥം ചൊല്ലുന്ന ബ്രാഹ്മണർപോലെ യജ്ഞത്തിലും, ദൂതർപോലെ നാട്ടുപുറങ്ങളിലും പെരുമാറുന്നു.1

രാവിലെത്തന്നെ പോകുന്നവരും, രഥികൾപോലെ വീരരും, ആടുകൾപോലെ ഇണയും, സ്ത്രീകൾപോലെ സുന്ദരാംഗരും ദമ്പതിമാർപോലെ സംയുക്തരും, നാട്ടുപുറങ്ങളിൽ കർമ്മജ്ഞരുമായ നിങ്ങൾ ഭക്തങ്കൽ ചെല്ലുന്നു. 2

കൊമ്പുകൾപോലെ മുമ്പരും, കുളമ്പുകൾപോലെ തുലോം ശീഘ്രഗാമികളുമായ നിങ്ങൾ ഞങ്ങളുടെ അടുക്കലെയ്ക്കു വന്നാലും; രഥികൾപോലെ രിപുക്കളെ ആട്ടിക്കളയുന്ന ശക്തന്മാരായ നിങ്ങൾ, ചക്രവാകങ്ങൾ പകലിലെയ്ക്കെന്നപോലെ, ഇങ്ങോട്ടെഴുന്നള്ളിയാലും! 3

നിങ്ങൾ തോണിപോലെ ഞങ്ങളെ അപ്പുറത്താക്കണം – നുകംപോലെയും ചക്രകൂടംപോലെയും അതിന്റെ പലകപോലെയും, ബാഹ്യവലയംപോലെയും ഞങ്ങളെ അപ്പുറത്താക്കണം; നായ്ക്കൾപോലെ ഞങ്ങളുടെ ദേഹരക്ഷകരാകണം; ചട്ടപോലെ, ഞങ്ങളെ ജരയിൽ നിന്നു രക്ഷിയ്ക്കണം! 4

കാറ്റുപോലെ നിർത്താവതല്ലാത്തവരും, നദിപോലെ ശീഘ്രഗാമികളുമായ നിങ്ങൾ കണ്ണുകൾപോലെ നോക്കി, ഇങ്ങോട്ടുവന്നാലും; കൈകൾപോലെയും കാലുകൾപോലെയും ദേഹത്തിന്നു സുഖമുളവാക്കുന്ന നിങ്ങൾ ഞങ്ങൾക്കു മികച്ച ധനം കൊണ്ടുവന്നാലും ! 5

നിങ്ങൾ ചുണ്ടുകൾപോലെ വായ് മധുരിയ്ക്കുന്ന വാക്കുച്ചരിച്ചു, സ്തനങ്ങൾപോലെ, ജീവിപ്പാൻ ഞങ്ങളെ പുഷ്ടിപ്പെടുത്തുവിൻ; മൂക്കുകൾപോലെ ഞങ്ങളുടെ ദേഹത്തെ രക്ഷിയ്ക്കുവിൻ; ചെവികൾ പോലെ ഞങ്ങൾക്കു സുശ്രവണരാകുവിൻ! 6

അശ്വികളേ, നിങ്ങൾ, കൈകൾപോലെ ഞങ്ങൾക്കു ത്രാണിയുണ്ടാക്കുവിൻ; വാനൂഴികൾപോലെ ഞങ്ങൾക്കു വെള്ളം കിട്ടിയ്ക്കുവിൻ; നിങ്ങളെക്കുറിച്ചുളള ഈ സ്തുതികൾക്കു, കത്തിയ്ക്കു ചാണ എന്നപോലെ മൂർച്ച വരുത്തുവിൻ! 7

അശ്വികളേ, ഇങ്ങനെ നിങ്ങളെ വളർത്തുന്ന മന്ത്രവും സ്തോത്രവും ഗൃത്സമദന്മാര്‍ നിർമ്മിച്ചിരിയ്ക്കുന്നു; നേതാക്കളായ നിങ്ങൾ ഇവയില്‍ പ്രീതിപൂണ്ടു വന്നുചേർന്നാലും! ഞങ്ങൾ നല്ല വീരന്മാരോടുകൂടി യാഗത്തില്‍ സ്തുതിയ്ക്കാം. 8

കുറിപ്പുകൾ: സൂക്തം 39.

[1]ദൂതർ – രാജാവയച്ച ദൂതർ.

[2]പോകുന്നവർ – യജ്ഞത്തിന്ന്. സംയുക്തർ = ചേർന്നിരിയ്ക്കുന്നവർ.

[3]കൊമ്പുകൾ – വൃഷാദികളുടെ, മുമ്പർ – പ്രധാനർ. കുളമ്പുകൾ – അശ്വാദികളുടെ. ചക്രവാകങ്ങൾക്കു രാത്രിയിൽ വിരഹദുഃഖം പ്രസിദ്ധമാണല്ലോ.

[4]അപ്പുറത്ത് – ദുർഗ്ഗമങ്ങളുടെ മറുകരയിൽ. നുകവും മറ്റും തേരിന്റെ അവയവങ്ങളാകയാൽ തേർപോലെ എന്നർത്ഥം. ചട്ടപോലെ – കവചം ആയുധങ്ങളിൽനിന്നു രക്ഷിയ്ക്കുന്നതുപോലെ.

[6] സ്തനങ്ങൾ – അമ്മയുടെ മുലകൾ. മൂക്കുകൾപോലെ – നാസാരന്ധ്രങ്ങൾ ശ്വാസോച്ഛ ്വാസങ്ങൾകൊണ്ടെന്നപോലെ.

[7] കൈകള്‍പോലെ – കൈകളാണല്ലോ, ജോലിചെയ്യുക.

സൂക്തം 40.

ഗൃത്സമദൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സോമനം പൂഷാവും അദിതിയും ദേവത.

സോമാപൂഷാക്കളേ, നിങ്ങൾ ധനത്തെ ഉൽപാദിപ്പിച്ചു, ദ്യോവിനെ ഉൽപാദിപ്പിച്ചു, ഭൂവിനെ ഉല്‍പാദിപ്പിച്ചു; ജനിച്ചപ്പോൾത്തന്നെ നിങ്ങളെ ദേവന്മാർ സമസ്തജഗദ്രക്ഷകരും അമൃതപ്രദരുമാക്കിവെച്ചു. 1

ഈ ദേവന്മാര്‍ ജനിച്ചപ്പോൾത്തന്നേ സേവിതരായി. കൊള്ളരുതാത്ത തമസ്സിനെ ഇവര്‍ കഴിച്ചുമൂടുന്നു. ഈ സോമാപൂഷാക്കളോടൊന്നിച്ചത്രേ, ഇന്ദ്രന്‍ തരുണികളായ പൈക്കളുടെ അകിട്ടില്‍ പക്വമായ പാല്‍ ഉല്‍പാദിപ്പിയ്ക്കുന്നത്. 2

വൃഷാക്കളായ സോമാപൂഷാക്കളേ, ലോകത്തെ അളക്കുന്നതും, ആർക്കും അളന്നുകൂടാത്തതും, ഏഴു ചക്രവും അഞ്ചു കടിഞാണുമുള്ളതും, നീളെ ചുററിനടക്കുന്നതും, മനസ്സുകൊണ്ടു പൂട്ടുന്നതുമായ ആ പളളിത്തേര്‍ നിങ്ങൾ ഇങ്ങോട്ടു തെളിച്ചാലും! 3

ഒരാൾ ഉയർന്ന വാനത്തും, മററാൾ ഭൂമ്യന്തരിക്ഷങ്ങളിലും പാർപ്പുറപ്പിച്ചു; അവര്‍ ഞങ്ങൾക്കനുഭവിപ്പാൻ, ബഹുവരേണ്യവും ബഹുയശസ്കവുമായ ‘ധനപോഷം’ ഞങ്ങൾക്കു തന്നരുളട്ടെ! 4

ഒരാൾ ഉലകെല്ലാം ഉല്‍പാദിപ്പിച്ചു; മാറ്റൾ എല്ലാററിനെയും നോക്കിക്കൊണ്ടു വന്നണയുന്നു. അങ്ങനെയുള്ള സോമാപൂഷാക്കളേ, നിങ്ങൾ എന്റെ കർമ്മത്തെ രക്ഷിയ്ക്കുവിന്‍; നിങ്ങളുടെ തുണയാല്‍ ഞങ്ങൾ പറ്റലർപ്പടകളെയെല്ലാം വെല്ലുമാറാകണം! 5

വിശ്വപ്രീതിദനായ പൂഷാവു കർമ്മം പൂർത്തിപ്പെടുത്തട്ടെ; ധനേശനായ സോമന്‍ ധനം തരട്ടെ; ആനുകൂല്യം വിടാത്ത അദിതിദേവി രക്ഷിച്ചരുളട്ടെ! ഞങ്ങൾ നല്ല വീരന്മാരോടുകൂടി യാഗത്തില്‍ സ്തുതിയ്ക്കാം. 6

കുറിപ്പുകൾ: സൂക്തം 40.

[1] അമൃതം – മരണമില്ലായ്കു.

[2] സേവിതരായി – സർവദേവന്മാരാലും.

[4] ഒരാൾ – പൂഷാവ്, സൂര്യന്‍. മററാൾ – സോമൻ; ഭൂമിയില്‍ ഓഷധിരൂപനായും അന്തരിക്ഷത്തില്‍ ചന്ദ്രരൂപനായും. ധനപോഷം – പശുക്കളാകുന്ന ധനം.

[5] ഒരാൾ – സോമന്‍. മററാൾ – പൂഷാവ്, സൂര്യൻ.

സൂക്തം 41.

ഗൃത്സമദന്‍ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ബൃഹതിയും ഛന്ദസ്സ്; വായ്വിന്ദ്രാദികൾ ദേവതകൾ.

വായോ, ഭവാന്നായിരമുണ്ടല്ലോ തേര; – തിലൊക്കയും
ആ നിയുത്തുക്കളെപ്പൂട്ടി വരു, സോമം കുടിയ്ക്കുവാന്‍! 1
വായോ, വരൂ, നിയുത്ത്വാനായ്: മിന്നും സോമം ഭവാന്നിതാ,
വെച്ചിരിയ്ക്കുന്നു; പോകാറുണ്ടല്ലോ, സോമിഗൃഹേ ഭവാന്‍. 2
പിഴിയുന്നവന്റെ, യജമാനന്റെ ഗൃഹത്തില്‍.
വായ്വിന്ദ്രരേ, നിയുത്ത്വാന്മാര്‍ നിങ്ങൾ നേതാക്കൾ സാമ്പ്രതം
വന്നെത്തുവിൻ; പാല്‍ പകർന്ന മിന്നും സോമം കുടിയ്ക്കുവിന്‍! 3
സത്യവർദ്ധനരേ, നിങ്ങൾക്കിതാ, വരുണമിത്രരേ,
സോമം പിഴിഞ്ഞിരിയ്ക്കുന്നു; കേൾപ്പിനിങ്ങെന്റെയീ വിളി! 4
ആയിരം തുണുകളെഴും സ്ഥിരോത്തമസഭാന്തരേ
ഇരുന്നരുളുവോരല്ലോ, സ്നിഗ്ദ്ധരത്തിരുമേനിമാര്‍! 5
നെയ്യുണ്ണുവോരാമദിതിപുത്രരച്ചക്രവർത്തികൾ
ചേരുന്നു, നേരുള്ളവനില്‍ദ്ധനങ്ങളുടെ നായകര്‍. 6
നാസത്യരാമശ്വികളേ, പാഞ്ഞു മാർഗ്ഗത്തിലൂടവേ
വരുവിന്‍, സോമപാനത്തിന്ന,ശ്വഗോലാഭകാരരായ് ! 7
അകലത്തോ സമീപത്തോ രിപുവാമൊരു ദുർന്നരൻ
തട്ടിപ്പറിയ്ക്കാത്ത ധനം തരുവിന്‍, വൃഷ്ടവിത്തരേ! 8
ആ നിങ്ങൾ കൊണ്ടുവരുവിനശ്വിമാരേ, സ്തവാർഹരേ,
ഞങ്ങൾക്കു മുതലുണ്ടാകാൻ നാനാരൂപപശുക്കളെ! 9
ഇന്ദ്രന്‍ വീഴ്ത്തട്ടെ, വന്നേല്ക്കും വമ്പിച്ച ഭയകാരിയെ:
അക്ഷോഭ്യനല്ലോ, വിശ്വത്തെത്തൃക്കണ്പാർത്തീടുവോനവൻ! 10
ഇന്ദ്രനെങ്കില്‍സ്സുഖം നല്കും, ഞങ്ങൾക്കു: പുനരെങ്ങളില്‍
പിമ്പേ വന്നണയാ, പാപം; നന്മ ഞങ്ങൾക്കു മുന്നിലാം! 11
ശരിയായ്ക്കാണുവോനിന്ദ്രനെല്ലാദ്ദിക്കിങ്കല്‍നിന്നുമേ
കല്പിച്ചേകട്ടെയഭയം, വിരോധികളെ വെല്ലുവോൻ! 12
വന്നെത്തുവിൻ ദേവകളേ; കേൾപ്പിനെ,ന്നുടെയീ വിളി;
ഇതാ, വിരിച്ച ദർഭപ്പുല്ലി,ങ്ങിരിയ്ക്കുവിനേവരും! 13
ഇതാ, നിങ്ങള്‍ക്കു കൊടുതാം മധുരം ശുനഹോത്രരില്‍:
കാമ്യം മത്തുപിടിപ്പിയ്ക്കുമിതു നിങ്ങൾ കുടിയ്ക്കുവിൻ! 14
ഇന്ദ്രന്‍ മുമ്പാകിയ മരുത്തുക്കളേ, നിങ്ങളേവരും
പൂഷാദ്യരാം ദേവകളേ, ചെവിക്കൊള്ളുവിനെൻവിളി! 15
മാതൃശ്രേഷ്ഠേ, നദീശ്രേഷ്ഠേ, ദേവിശ്രേഷ്ഠേ, സരസ്വതി,
കഷ്ടിക്കാർ ഞങ്ങൾ; ഞങ്ങൾക്കങ്ങമ്മേ, പുഷ്ടി തരേണമേ! 16
അന്നമൊട്ടുക്കു നിൻപക്കലല്ലോ, ദേവി, സരസ്വതി:
ശുനഹോത്രരില്‍ മത്തേല്ക്ക; നല്കുകെങ്ങൾക്കു കുഞ്ഞിനെ! 17
ദേവപ്രിയം ഗൃത്സമദരീ ഹോമിച്ച ഹവിസ്സു നീ
കൈക്കൊൾക, മാന്യം സജലേ, സംഭൃതാന്നേ, സരസ്വതി! 18
വരട്ടേ, യജ്ഞസുഖദമാരാമിരുവര്‍: നിങ്ങളില്‍
ഞങ്ങളർത്ഥിപ്പു, ഹവ്യങ്ങൾ കൊണ്ടുപോമഗ്നിതങ്കലും! 19
വിണ്ണിൽച്ചെല്ലും ഫലദമാമീ ഞങ്ങളുടെയധ്വരം
ദേവന്മാരിലണയ്ക്കട്ടെ,ദ്യാവാപൃത്ഥ്വികൾ സാമ്പ്രതം! 20
കനിവുറ്റവരേ, യജ്ഞയോഗ്യർ ദേവകൾ സാമ്പ്രതം
നില്ക്കട്ടെ നിങ്ങൾതൻ ചാരത്തി,ങ്ങു സോമം കുടിയ്ക്കുവാൻ! 21
കുറിപ്പുകൾ: സൂക്തം 41.

[1] നിയുത്തുക്കൾ – വായുവിന്റെ അശ്വങ്ങൾ.

[2] നിയുത്ത്വാനായ് = നിയുത്തുക്കളോടുകൂടി. സോമിഗൃഹേ – സോമം പിഴിയുന്നവന്‍റെ, യജമാനന്‍റെ ഗൃഹത്തില്‍.

[5] സ്ഥിരോത്തമസഭാന്തരേ = ശാശ്വതവും ഉല്‍കൃഷ്ടവുമായ സഭാസ്ഥാനത്തു്. സ്നിഗ്ദ്ധര്‍ = സസ്നേഹര്‍.

[7] അശ്വഗോലാഭകാരര്‍ = അശ്വങ്ങളുടെയും ഗോക്കുളുടെയും ലാഭം (ലബ്ധി) ഉണ്ടാക്കുന്നവർ; ഞങ്ങൾക്ക് അശ്വങ്ങളെയും ഗോക്കളെയും കിട്ടിയ്ക്കാൻ.

[8] വൃഷ്ടവിത്തര്‍ = ധനവർഷികൾ.

[9] സ്തവാർഹര്‍ = സ്തൃത്യർ.

[11] ഇന്ദ്രനെങ്കില്‍ – അദ്ദേഹം ഇന്ദ്രനാണെങ്കില്‍ ഞങ്ങൾക്കു സുഖം നല്കും; നല്കാഞ്ഞാല്‍ ഇന്ദ്രനല്ല!

[14] മധുരം – സോമരസം. ശുനഹോത്രരില്‍ – ഗൃത്സമദന്മാരുടെ പക്കല്‍.

[17] ശുനഹോത്രരില്‍ – ഗൃത്സമദന്മാരുടെ ഇടയില്‍ സോമം കുടിച്ചു മദം കൊണ്ടാലും.

[18] സജലേ = ജലസഹിതേ. സംഭൃതാന്നേ = അന്നം സംഭരിച്ചവളേ.

[19] ഇരുവര്‍ – ദ്യാവാവൃഥിവികൾ. നിങ്ങളില്‍ എന്നു തുടങ്ങുന്ന വാക്യം പ്രത്യക്ഷകഥനം: ഞങ്ങൾ നിങ്ങളിലും ഹവിസ്സുകൾ കൊണ്ടുപോകുന്ന അഗ്നിയിങ്കലും അർത്ഥിപ്പു – നന്മ തരേണമേ എന്നു പ്രാർത്ഥിയ്ക്കുന്നു.

[21] കനിവുറ്റവരേ – ദയയുള്ള ദ്യാവാപൃഥിവികളേ.

സൂക്തം 42.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടപ്പ് ഛന്ദസ്സ്; കപിഞ്ജലരൂപനായ ഇന്ദ്രൻ ദേവത.

വീണ്ടും വീണ്ടും ശബ്ദിച്ചു ഭാവിയെ സൂചിപ്പിയ്ക്കുന്ന ഇവന്‍, തുഴക്കാരൻ തോണിയെ എന്നപോലെ വാക്കിനെ പ്രവർത്തിപ്പിയ്ക്കുന്നു. ശകുനേ, നീ സുമംഗലനാവുക: നിനക്കു് ഒരിടത്തും ഒരുപദ്രവവും നേരിടരുത്. 1

നിന്നെ പരുന്തോ ഗരുഡനോ കൊത്തരുതു്; അമ്പെയ്യുന്ന വീരന്‍ നിങ്കല്‍ വരരുതു്. നീ തെക്കുഭാഗത്തു വീണ്ടും വീണ്ടും ശബ്ദിച്ചു സുമംഗലനായി, ഞങ്ങൾക്കിവിടെ നന്മ സൂചിപ്പിയ്ക്കുക! 2

ശകുന്തമേ, നീ സുമംഗലനായി നന്മ സൂചിപ്പിച്ചുകൊണ്ടു ഗൃഹത്തിന്റെ തെക്കുവശത്തു ശബ്ദിയ്ക്കുക: കക്കുന്നവനോ പഴിയ്ക്കുന്നവനോ ഞങ്ങളെ കിഴടക്കരുത്! ഞങ്ങൾ നല്ല വീരന്മാരോടുകൂടി യാഗത്തില്‍ സ്തുതിയ്ക്കാം. 3

കുറിപ്പുകൾ: സൂക്തം 42.

[1] ഇവന്‍ കപിഞ്ജലപക്ഷി. ശകനേ = ഹേ പക്ഷിൻ. വേഴാമ്പലോ, പിതാരിപ്പുള്ളോ അത്രേ, കപിഞ്ജലം.

[3] ശകുന്തം = പക്ഷി.

സൂക്തം 43.

ഗൃത്സമദന്‍ ഋഷി; ജഗതിയും അതിശക്വരിയും ഛന്ദസ്സ്; കപിഞ്ജലരുപിയായ ഇന്ദ്രൻ ദേവത.

പക്ഷികൾ കാലംതോറും അന്നം സൂചിപ്പിച്ചുകൊണ്ടു, സ്തോതാക്കൾപോലെ വലംവെച്ചു ശബ്ദിയ്ക്കട്ടെ: അവ, സാമഗര്‍ ഗായത്രവും ത്രൈഷ്ടുഭവുമെന്നപോലെ, ഇരുമൊഴികൾ പാടും – രസിപ്പിയ്ക്കും. 1

ശകുനേ, നീ, ഉദ്ഗാതാവു സാമമെനന്നപോലെ പാടുന്നു; നീ, സവനങ്ങളില്‍ ബ്രാഹ്മണാച്ഛംസിപോലെ ശംസിയ്ക്കുന്നു; നീ, ഒരു യുവാശ്വം പെണ്‍കുതിരകളില്‍ ചെന്നിട്ടെന്നപോലെ ശബ്ദിച്ചു, ഞങ്ങൾക്കു സർവത്ര നന്മ സൂചിപ്പിക്കുക! 2

ശകനേ, നീ ശബ്ദിച്ചു നന്മ സൂചിപ്പിയ്ക്കുക; മിണ്ടാതിരുന്നാലും, ഞങ്ങളുടെ നല്ല മനസ്സറിയുക. നീ മേല്പോട്ടു പറക്കുമ്പോൾ കർക്കരിപോലെ ശബ്ദിയ്ക്കുമല്ലോ! ഞങ്ങൾ നല്ല വീരന്മാരോടുകൂടി യാഗത്തില്‍ സ്തുതിയ്ക്കാം. 3

കുറിപ്പുകൾ: സൂക്തം 43.

[1] അന്നം – അന്നലബ്ധി. പക്ഷികൾ വലംവെച്ചു പാടുന്നതു ശുഭമത്രേ. സാമഗര്‍ – സാമവേദികൾ. ഗായത്രവും ത്രൈഷ്ടഭവും – ഗായത്രീ – ത്രിഷ്ടുപ്പ് ഛന്ദസ്സൂക്തങ്ങൾ. ഇരുമൊഴികൾ – ഗാനവും രാഗവും. രസിപ്പിയ്ക്കും – ശ്രോതാക്കളെ.

[2] ശംസിയ്ക്കുന്നു – ‘ശസ്ത്രം’ ചൊല്ലുന്നു.

[3] കർക്കരി – ഒരുതരം വാദ്യം; വീണ (?)

സൂക്തം 1.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

അഗ്നേ, അങ്ങു് എന്നെ യജ്ഞത്തില്‍ യജിപ്പാൻ സോമമെടുപ്പിച്ചുവല്ലോ; എനിയ്ക്കു ബലം തരാനിച്ഛിച്ചാലും! ദേവന്മാരെക്കുറിച്ച്, ഉജ്ജ്വലിയ്ക്കുന്ന ഞാന്‍ അമ്മിക്കുഴയെടുത്തു സ്തുതിയ്ക്കുന്നു. അഗ്നേ, അവിടുന്നു ദേഹത്തില്‍ വാണരുളുക! 1

ഞങ്ങൾ യാഗം കേമമായി നടത്താം: വാക്കു വർദ്ധിയ്ക്കട്ടെ! അഗ്നിയെ (ഇവര്‍) ചമതകൊണ്ടും ഹവിസ്സുകൊണ്ടും പരിചരിയ്ക്കും; ദേവകളാല്‍ അറിവുപദേശിയ്ക്കപ്പെട്ട കവികൾ വളർന്ന സ്തുത്യനെക്കുറിച്ചു പാടാനും തുടങ്ങുന്നു. 2

മേധാവിയും വിശുദ്ധബലനും ജാത്യാ സുബന്ധുവുമായ യാതൊരാൾ ദ്യോവിന്നും ഭൂവിന്നും സുഖം വരുത്തിയോ; ആ ദർശനീയനായ അഗ്നിയെ നദീജലത്തിന്നുള്ളിലത്രേ, ദേവകൾ കർമ്മത്തിന്നു കണ്ടെത്തിയത്. 3

സുഭഗനായി, ശുഭ്രനായി, ജനിച്ചപ്പോൾത്തന്നെ മഹിമയാല്‍ വിളങ്ങിയ അഗ്നിയെ ഏഴു മഹതികൾ, പിറന്ന കുട്ടിയെ പെണ്‍കുതിരകൾപോലെ സമീപിച്ചു, വളർത്തിപ്പോന്നു; ദേവകൾ അഗ്നിയെ പിറപ്പില്‍ത്തന്നേ ദീപ്തരൂപനുമാക്കി. 4

അവിടുന്നു സ്വച്ഛങ്ങളും സ്തൃത്യങ്ങളും പാവനങ്ങളുമായ അംഗങ്ങൾകൊണ്ട് അന്തരിക്ഷത്തില്‍ വ്യാപിയ്ക്കുന്നു; കർമ്മിയെ വിശുദ്ധനാക്കുന്നു; തേജസ്സുടുത്തു, കർമ്മികൾക്ക് അന്നവും കുറവില്ലാത്ത വമ്പിച്ച സമ്പത്തുമുണ്ടാക്കുന്നു! 5

അവിടുന്ന് ആഹാരവും അല്ലലുമില്ലാത്ത, വസ്ത്രം വേണ്ടാത്ത, നഗ്നതയില്ലാത്ത അന്തരിക്ഷപുത്രിമാരെ സർവത്ര പ്രാപിച്ചു; നിത്യയുവതികളും ഒരേ ഇടത്തു വസിയ്ക്കുന്നവരുമായ ആ സപ്തനദികൾ ഈ ഏകനെ ഗർഭത്തില്‍ ധരിച്ചു. 6

അദ്ദേഹത്തിന്റെ വിവിധരശ്മികൾ അന്തരിക്ഷത്തില്‍ കുന്നുകൂടി, പരന്നു നീരൊഴുക്കില്‍ നിലക്കൊണ്ടു; നിറയുന്ന ജലങ്ങൾ അദ്ദേഹത്തെ സന്തോഷിപ്പിച്ചു; ആ ദർശനീയന്റെ അമ്മമാരാണ്; വിളങ്ങുന്ന രണ്ടു മഹതികൾ! 7

ബലത്തിന്റെ മകനേ, ഭവാന്‍ സ്വച്ഛങ്ങളും വേഗികളുമായ അംഗങ്ങളാല്‍ തിളങ്ങുന്നു. വൃഷാവ് എവിടെ സ്തുതിയാല്‍ വളരുന്നുവോ, അവിടെ തേനും നെയ്യും പൊഴിയുകയായി! 8

അവിടെയ്ക്കു സ്വയമേ അറിയാം അച്ഛന്റെ അകിട്; അതില്‍ നിന്നു പാലും വാക്കും താൻ കറന്നു. നന്മ വരുത്തുന ചങ്ങാതികളോടും അന്തരിക്ഷപുത്രിമാരോടുംകൂടി ഗുഹയില്‍ സ്ഥിതിചെയ്ത അദ്ദേഹത്തെ ഗുഹയിലുള്ള ആരും സമീപിച്ചില്ല! 9

അവിടുന്ന് അച്ഛന്റെയും സ്രഷ്ടാവിന്റെയും ഗർഭത്തെ ഭരിച്ചു പോരുന്നു; പുഷ്ടിപ്പെട്ടവയെ ഒറ്റയ്ക്കു ഭക്ഷിയ്ക്കുന്നു. സപത്നിമാരിരുവർക്കും ഒരേ ബന്ധുവാണ്, ഈ വൃഷാവായ ശുചി; ഈ മനുഷ്യഹിതകളെ ഭവാന്‍ സംരക്ഷിച്ചാലും! 10

അഗ്നി ഇടുക്കമില്ലാത്ത പരപ്പില്‍ വളരുന്നു: അന്നപ്രദങ്ങളായ ഭൂരിസലിലങ്ങളാല്‍ വർദ്ധിപ്പിയ്ക്കപ്പെടുന്നവനാണല്ലോ, ഈ മഹാൻ. ആ അഗ്നി ജലോല്‍പത്തിസ്ഥാനത്തു, സോദരിമാരായ നദികൾക്കു വേണ്ടുന്ന വെള്ളത്തില്‍, മനസ്സടക്കി പള്ളികൊള്ളുന്നു! 11

ജനയിതാവ്, ജലതതിയുടെ ഗർഭശിശു, മികച്ച നേതാവ്, മഹാൻ, ധർഷകൻ, അടരില്‍ പെരുംപടയെ ഭരിയ്ക്കുന്നവന്‍, ദർശനീയൻ, ദീപ്തതേജസ്കൻ – ഇങ്ങനെയുള്ള അഗ്നി സോമം പിഴിയുന്നവന്നു വെള്ളമുണ്ടാക്കിക്കൊടുക്കുന്നു! 12

സുഭഗയായ അരണി ജലതതിയുടെയും ഓഷധികളുടെയും ഗർഭശിശുവും വിവിധരൂപനുമായ യാതൊരു ദർശനീയനെ പ്രസവിച്ചുവോ; ആ സ്തുത്യനായി വളർന്ന അഗ്നിയെ, ജനിച്ചപ്പോൾത്തന്നെ, ദേവകൾ വാഴ്ത്തിക്കൊണ്ട് ഉപഗമിയ്ക്കുകയും പരിചരിയ്ക്കുകയും ചെയ്തു! 13

അറ്റമില്ലാത്ത കടലിൻനടുവില്‍ തണ്ണീരിനെ കറക്കുന്നവയും, മിന്നലുകൾപോലെ തിളങ്ങുന്നവയുമായ വമ്പിച്ച രശ്മികൾ, ഗുഹയിലെന്നപോലെ സ്വസ്ഥാനത്തു വളർന്നു ദീപ്തതേജസ്കനായ അഗ്നിയോടു ചേർന്നുനില്ക്കുന്നു! 14

യജിയ്ക്കുന്ന ഞാന്‍ ഹവിസ്സർപ്പിച്ച് അങ്ങയോടു യാചിയ്ക്കുന്നു – സഖ്യവും സന്മനസ്സും തുലോം ഇച്ഛയോടേ യാചിയ്ക്കുന്നു. അങ്ങു ദേവന്മാരോടുകൂടി സ്തോതാവിന്നു രക്ഷയരുളിയാലും; പിടിച്ചുനിർത്തപ്പെടേണ്ടുന്ന തേജസ്സുകൾകൊണ്ടു ഞങ്ങളെയും പരിപാലിച്ചാലും! 15

അഗ്നേ, നേരേ കൊണ്ടുനടക്കുന്നവനേ, അങ്ങയെ സമീപിച്ചു, നല്ലതെല്ലാം ചെയ്തു, ഹവിസ്സർപ്പിയ്ക്കുന്ന ഞങ്ങൾ തുലോം വീര്യമുള്ള അന്നംകൊണ്ടു, ദേവപൂജാരഹിതരായ ദ്രോഹികളെ അമർത്തുമാറാകണം! 16

അഗ്നേ, സ്തുത്യനായ ഭവാൻ സർവത്ര ദേവന്മാരുടെ അടയാളമായി വർത്തിയ്ക്കുന്നു; സ്തോത്രമെല്ലാം അറിയുന്ന ഭവാന്‍ മനുഷ്യരെ ഗൃഹങ്ങളില്‍ സുഖിപ്പിയ്ക്കുന്നു; കർമ്മാനന്തരം തേരില്‍ക്കേറി ദേവന്മാരെ അനുഗമിയ്ക്കുകയും ചെയ്യുന്നു. 17

മരണരഹിതനായ യാതൊരു രാജാവു യജ്ഞങ്ങൾ നിർവഹിച്ചു കൊണ്ടു മനുഷ്യരുടെ ഗൃഹത്തില്‍ വാണരുളുന്നുവോ; സ്തോത്രമെല്ലാം അറിയുന ആ അഗ്നി നെയ്യുണ്ടു തടിച്ചുരുണ്ടു മിന്നിത്തിളങ്ങുന്നു! 18

സഞ്ചാരതല്‍പരനും മഹാനുമായ ഭവാന്‍ നല്ല സഖ്യങ്ങളോടും വലിയ രക്ഷകളോടുംകൂടി ഞങ്ങളുടെ അടുക്കല്‍ എഴുന്നള്ളിയാലും; ഞങ്ങൾക്കു പീഡകൾ കടക്കാൻ, നല്ല വാക്കും യശസ്സും ചേർന്ന സേവനീയമായ വളരെദ്ധനം ഞങ്ങൾക്കു കല്പിച്ചുതന്നാലും! 19

അഗ്നേ, പുരാതനനായ നിന്തിരുവടിയെക്കുറിച്ചു ഞാൻ ഇങ്ങനെ സനാതനങ്ങളായ നവീനസ്തോത്രങ്ങൾ ഉച്ചരിച്ചു. യാതൊരു ജാതവേദസ്സു മനുഷ്യനില്‍ മനുഷ്യനില്‍ വെയ്ക്കപ്പെടുന്നുവോ, ആ വൃഷാവിന്നായി ഈ സവനങ്ങൾ അനുഷ്ഠിച്ചു. 20

മനുഷ്യനില്‍ മനുഷ്യനിൽ വെയ്ക്കപ്പെട്ട യാതൊരു ജാതവേദസ്സു വിശ്വാമിത്രന്മാരാല്‍ അനവരതം ഉജ്ജ്വലിപ്പിയ്ക്കപ്പെടുന്നുവോ; ആ യജ്ഞാർഹന്റെ ഭദ്രമായ നന്മനസ്സു സ്വച്ഛഹൃദയരായ ഞങ്ങളില്‍ പതിയില്ലയോ! 21

ബലവാനും ശോഭനകർമ്മാവുമായ അഗ്നേ, ഒലിക്കൊള്ളുന്ന ഭവാന്‍ ഞങ്ങളുടെ ഈ യാഗം ദേവന്മാരില്‍ എത്തിച്ചാലും; ഹോതാവേ, മഹത്തായ അന്നം ഞങ്ങൾക്കു കല്പിച്ചുതന്നാലും; മഹത്തായ ധനവും നല്കിയാലും! 22

അഗ്നേ, അങ്ങ് കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും; ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകണം; അഗ്നേ, അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 23

കുറിപ്പുകൾ: സൂക്തം 1.

[1] ഉജ്ജ്വലിയ്ക്കുന്ന – ഉന്മേഷദീപ്തനായ. ദേഹത്തില്‍ വാണരുളുക – എന്റെ ശരീരം രക്ഷിച്ചാലും.

[2] വാക്കു് – സ്തുതി. കവികൾ – സ്തോതാക്കൾ.

[4] ഏഴു മഹതികൾ – സപ്തനദികൾ.

[5] അംഗങ്ങൾ – ജ്വാലകൾ. കുറവില്ലാത്ത – പരിപൂർണ്ണമായ.

[6] അന്തരിപുത്രിമാര്‍ – നദികൾ. നഗ്നതയില്ലാത്ത – ജലംതന്നെ, അവരുടെ വസ്ത്രം

[7] രണ്ടു മഹതികൾ – ദ്യാവാപൃഥിവികൾ.

[8] വൃഷാവ് എന്നാദിയായ വാക്യം പരോക്ഷം: തേനും നെയ്യും – മധുരവും ബലകരവുമായ ജലം.

[9] അച്ഛന്റെ അകിട് – അന്തരിക്ഷത്തിന്റെ ജലപ്രദേശം. പാല്‍ – ജലം. വാക്കു് – ശബ്ദം. ചങ്ങാതിമാര്‍ – വായുക്കൾ. ഗുഹയില്‍ – അടിത്തട്ടില്‍. സമീപിച്ചില്ല – സമീപിപ്പാൻ ആളായില്ല.

[10] ഗർഭം – ഓഷധ്യാദി. പുഷ്ടിപ്പെട്ടവ – സസ്യങ്ങൾ. സപത്നിമാര്‍ – ദ്യാവാപൃഥിവികൾ. ഈ മനുഷ്യഹിതകളെ – ദ്യാവാപൃഥിവികളെ.

[13] ഉപഗമിയ്ക്കുക – സമീപിയ്ക്കുക.

[14] സ്വസ്ഥാനം – അന്തരിക്ഷം.

[15] പിടിച്ചുനിർത്തപ്പെടേണ്ടുന്ന – ഊക്കില്‍പ്പടരുന്ന.

[16] ദ്രോഹികളെ അമർത്താൻപോന്ന വീര്യമേറിയ അന്നം അങ്ങു ഞങ്ങൾക്കു തരണം.

[18] പരോക്ഷവചനം:

[19] നല്ല വാക്കും യശസ്സും ചേർന്ന – ധനമുണ്ടായാല്‍ വാഗ്മിത്വവും കീർത്തിയും സാധിയ്ക്കാമല്ലോ.

[20] രണ്ടാംവാക്യംമുതല്‍ പരോക്ഷം: വെയ്ക്കപ്പെടുന്നു – യാഗത്തിന്നു സ്ഥാപിയ്ക്കപ്പെടുന്നു.

[21] വിശ്വാമിത്രന്മാര്‍ – ആത്മനി ബഹുവചനം. പതിയില്ലയോ – പതിയേണമേ എന്നാശയം.

സൂക്തം 2.

വിശ്വാമിത്രന്‍ ഋഷി; ജഗതി ഛന്ദസ്സ്; വൈശ്വാനരൻ ദേവത. (കാകളി)

അംബു വളർത്തുന്ന വൈശ്വാനരാഗ്നിയ്ക്കു
നിർമ്മിയ്ക്ക, തൂനെയ്യുപോലൊരു ഗീതി നാം:
ആയിരുഹോതാവെ, വെണ്മെഴു തേരിനെ-
പ്പോലേ പുതുക്കുന്നു, മർത്ത്യരൃത്വിക്കുകൾ. 1
വാനൂഴികളാകുമമ്മമാർക്കീ,ഡ്യന-
സ്സൂനു പിറപ്പാൽ പ്രകാശം വരുത്തിനാൻ;
മർത്ത്യർക്കതിഥി, ഹവിർവാഹന,ന്നദൻ,
ദുർദ്ധർഷന,ഗ്നി വിഭാവസു, നിർജ്ജരൻ! 2
താരകൌജസ്സാല്‍ ക്രതുവില്‍ജ്ജനിപ്പിച്ചു,
ഭൂരിവിജ്ഞാനരാം ദേവകളഗ്നിയെ;
ചോറിനായ് വാഴ്ത്തുവന്‍, വാജിയെയെന്നപോ-
ലാ രാജമാനതേജസ്സാം മഹാനെ ഞാന്‍. 3
ഞങ്ങൾ ഭജിയ്ക്കുന്നു, നാണം കെടുത്താത്ത
മംഗളകാമ്യമാമന്നം ലഭിയ്ക്കുവാന്‍,
സ്തുത്യൻ, ഭൃഗുക്കൾക്കഭീഷ്ടദന്‍, തല്‍പര-
നൂ,ദ്ദിവ്യതേജസ്സു,രുപ്രജ്ഞനഗ്നിയെ. 4
സ്രുക്കെടുത്താളുകൾ ദർഭ വിരിച്ചിങ്ങു
സല്‍ക്കരിയ്ക്കുന്നൂ, സുഖേച്ഛയാലഗ്നിയെ,
ദത്താന്നനെ,സ്സര്‍വദേവേഷ്ടനെ, ക്രതു-
കൃത്യനിർവാഹിയെ,ദ്ദീപ്തനെ, രുദ്രനെ. 5
പാവകോദ്യോത, ഹോതാവേ, കുശപ്പുല്ല
നാല്‍വശത്തും വിരിച്ചധ്വരകർമ്മികൾ
സേവനസക്തരായ് പ്രാപ്യമാം നിൻഗൃഹേ
മേവുന്നിതഗ്നേ; ധനം നല്കി,വർക്കു നീ! 6
വാനൂഴിയന്തരിക്ഷങ്ങളെങ്ങും നിറ-
ച്ചോനെപ്പിറപ്പിലേ കൈക്കൊണ്ടു കർമ്മികൾ;
ദത്താന്നനക്കവി കൊണ്ടുപോകപ്പെടു,-
മധ്വരേ വാജിപോലാഹാരകാമരാല്‍. 7
വന്മഖം കണ്ട നേതാവു, ഗൃഹോചിതന്‍
ചെമ്മേ പുരോഹിതനായി, വാനോർക്കെവൻ;
പൂജിപ്പി,നാ ഹവിസ്സേകും സുയജ്ഞനെ;-
സ്സേവിപ്പിനഗ്നിയെ,ജജാതവേദസ്സിനെ! 8
അസ്സഞ്ചരിഷ്ണുവിന്ന,ഗ്യനാമഗ്നിയ്ക്കു
വെച്ചൂ, കൊതിച്ചുമ്പർ മൂന്നു ചമതകൾ:
മർത്ത്യഭോഗത്തിന്നെടുത്താരതിലൊന്നു;
മറ്റവ രണ്ടുമടുത്ത ലോകത്തിനും. 9
അര്‍ത്ഥൈഷികൾ കവിയാമിപ്രജേശനെ-
ക്കത്തിജ്ജ്വലിപ്പിപ്പു, കത്തിയെപ്പോലവേ;
ആയവന്‍ മീതെയും താഴെയും വ്യാപിച്ചു
പായുന്നു; പാരിതില്‍ഗ്ഗർഭഭൂതനവൻ! 10
വായ്ക്കുന്നു ജാതനായ് നാനോദരങ്ങളി-
ലാ,ർക്കുന്ന കേസരിപോലെയാ വർഷകൻ;
മൃത്യുഹീനൻ, പൃഥുദീപ്തി, വൈശ്വാനരൻ
ദത്തഹവ്യന്നു നൽസമ്പത്തു നല്കുമേ! 11
സ്തോതൃനുതനായ വൈശ്വാനരൻ ദിവി
മീതെ വിണ്ണേറീ, ചിരന്തനൻപോലവേ;
വാഴ്ത്തുവോനു ധനം പൂർവർക്കുപോലേകി
വാനില്‍ച്ചരിയ്ക്കുന്നു, ജാഗരൂകനവന്‍! 12
സ്തുത്യന്‍ മഖാർഹൻ കരുത്തൻ കവി നാക-
സംസ്ഥനാരിങ്ങുപാനീതനായ്, വായുവാല്‍;
ചിത്രചാരി ഹരികേശനാദ്ദീപ്തിമാ-
നഗ്നിയോടർത്ഥിയ്ക്ക, നമ്മൾ നവ്യം ധനം! 13
ദീപ്തൻ മഖാന്വേഷ്യനൊക്കയും കണ്ടവന്‍
ദ്യോവിൻ ധ്വജം സൂര്യസംസ്ഥനുഷർബ്ബുധൻ
അന്നവാൻ വിണ്ണിന്‍ ശിരസ്സഭംഗാരവ-
നമ്മഹാനഗ്നിയോടർത്ഥിയ്ക്ക, വാഴ്ത്തി നാം! 14
സ്തുത്യൻ വിശുദ്ധിമാൻ ഹോതാവവഞ്ചക-
നുത്തമൻ ദാനോല്‍ക്കനൊക്കയും കണ്ടവൻ
നിത്യം നൃബന്ധു തേര്‍പോലെ ദൃശ്യാംഗന-
ച്ചിത്രരോചിസ്സിനോടർത്ഥിയ്ക്ക, നാം ധനം! 15
കുറിപ്പുകൾ: സൂക്തം 2.

[1] അംബു = ജലം. തൂനെയ്യ് അഗ്നിയെ വളർത്തുമല്ലോ; അതുപോലെ പ്രീതിപ്പെടുത്തുന്ന ഒരു ഗീതി (പാട്ട്, സ്തുതി) നാം നിർമ്മിയ്ക്കുക. ആയിരുഹോതാവെ – ഗാർഹപത്യാഹവനീയരൂപനായ ഹോതാവിനെ; ഹോതാവ് – ദേവന്മാരെ വിളിയ്ക്കുന്നവൻ. വെണ്മഴു – തച്ചന്റെ പണിയായുധം പഴകിയ രഥത്തെ പുതുക്കുമല്ലോ.

[2] ഈഡ്യൻ = സ്തുത്യൻ. അസ്സുനു – മകന്‍ അഗ്നി.

[3] താരകൌജസ്സ് – ദുഃഖങ്ങളെ തരണംചെയ്യിയ്ക്കുന്ന ബലം. വാജിയെയെന്നപോലെ – കൂടുതല്‍ ഭാരം വഹിപ്പാൻ കുതിരയെ വാഴ്ത്തുന്നതുപോലെ.

[4] നാണം കെടുത്താത്ത – നികൃഷ്ടപ്രവൃത്തിയാല്‍ കിട്ടുന്നതല്ലാത്ത. മംഗളകാമ്യം = നല്ലതും സ്പൃഹണീയവുമായിട്ടുള്ളത്. തല്‍പരൻ – ദാനത്തില്‍. ഉദ്ദിവ്യതേജസ്സ് = ദിവ്യതേജസ്സേറിയവന്‍.

[5] സല്‍ക്കരിയ്ക്കുന്നു = പൂജിയ്ക്കുന്നു, സ്തുതിയ്ക്കുന്നു. രദ്രൻ – ദുഃഖങ്ങളെ ഓടിയ്ക്കുന്നവന്‍, ദുഃഖനാശനന്‍.

[6] പാവകോദ്യോത = പാവനമായ പ്രകാശത്തോടുകൂടിയവനേ. കുശം = ദർഭ. നിൻഗൃഹേ – യാഗശാലയില്‍.

[7] നിറച്ചോനെ – തേജസ്സുകൊണ്ടു നിറച്ച അഗ്നിയെ. വാജിപോലെ – സാമാനം കൊണ്ടുവരാന്‍. ആഹാരകാമരാല്‍ = അന്നേച്ഛുക്കളാല്‍.

[8] കണ്ട – അറിഞ്ഞ. ഹവിസ്സേകും – ഹവിസ്സു ദേവകൾക്കു കൊണ്ടുകൊടുക്കുന്ന. ഋത്വിക്കുകളോടു പറയുന്നതാണിത്.

[9] സഞ്ചരിഷ്ണു = സഞ്ചരണശീലൻ, കൊതിച്ച് – യജ്ഞകാമത്താല്‍. മൂന്നു ചമതകൾ – രണ്ടാധാരസമിത്തും ഒരു അനൂയാജസമിത്തും. അതിലൊന്നു – അനൂയാജസമിത്ത് മനുഷ്യർക്കായി എടുത്തു. അടുത്ത ലോകം – അന്തരിക്ഷം; ആധാരസമിത്തു രണ്ടും ദേവകൾക്ക്.

[10] അർത്ഥൈഷികൾ = ധനേച്ഛുക്കൾ. കത്തിയെപ്പോലവേ – ആയുധത്തെ ചാണമേല്‍ മൂർച്ചകൂട്ടുന്നതുപോലെ. ആയവൻ – ജ്വലിപ്പിയ്ക്കപ്പെട്ട അഗ്നി. പാരിതില്‍ – ഭൂമിയിൽ. ഗർഭഭുതൻ – അരണിയുടെ ഗർഭമായിച്ചമഞ്ഞവൻ.

[11] നാനോദരങ്ങളില്‍ – പ്രാണികളടെ വിവിധജഠരങ്ങളില്‍. ആർക്കുന്ന വിവിധവനങ്ങളില്‍ ഗർജ്ജിയ്ക്കുന്ന.

[12] ദിവി മീതെ – അന്തരിക്ഷോപരി. ചിരന്തനന്‍പോലവേ – ജനിച്ചപ്പോൾത്തന്നേ ഒരു പഴമക്കാരനെന്നപോലെ. പൂർവർക്കുപോലെ – പണ്ടുള്ളവർക്ക് ഏകിയപോലെ. വാനില്‍ച്ചരിയ്ക്കുന്നു – സൂര്യരൂപേണ.

[13] നാകസംസ്ഥൻ – സ്വർഗ്ഗവാസി. ഉപാനീതന്‍ = കൊണ്ടുവരപ്പെട്ടവന്‍. ചിത്രചാരി = വിവിധസഞ്ചാരന്‍. ഹരികേശന്‍ = പിംഗള(മഞ്ഞ) ജ്വാലന്‍.

[14] ഒക്കയും കണ്ടവന്‍ – സർവവസ്തുവിജ്ഞാനയുക്തന്‍. സൂര്യസംസ്ഥന്‍ = സൂര്യങ്കലിരിയ്ക്കുന്നവന്‍. ശിരസ്സ് – പ്രധാനഭൂതന്‍. അഭംഗാരവന്‍ = ഇടിവില്ലാത്ത ഒച്ചയോടുകൂടിയവൻ. അർത്ഥിയ്ക്ക – ധനം യാചിയ്ക്കുക.

[15] നൃബന്ധു – മനുഷ്യബന്ധു. ദൃശ്യാംഗന്‍ = ദർശനീയരൂപൻ. ചിത്രരോചിസ്സ് = വിചിത്ര (നാനാവർണ്ണ) ശോഭൻ.

സൂക്തം 3.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

കെല്പുറ്റ വൈശ്വാനരാഗ്നിയെസ്സൂരികൾ
സല്‍പഥാപ്തിയ്ക്കായ് സ്തുതിപ്പൂ, ക്രതുക്കളില്‍;
മൃത്യുഹീനൻ സുരർക്കേകുമല്ലോ സുഖം;
നിത്യധർമ്മത്തെപ്പഴിയ്ക്കില്ലൊരുത്തനും! 1
ദൂതനായ് വാനൂഴി മധ്യേ ചരിയ്ക്കുന്ന
ഹോതാവു മർത്ത്യപുരോഹിതനായ് സ്വയം
ദീപ്ത്യാ വിളങ്ങിപ്പൂ, വൻഗൃഹം സന്ദൃശ്യ-
മൂർത്തി, ദേവേരിതന,ഗ്നി മഹാമതി! 2
യജ്ഞധ്വജം ഗൃഹസാധനമീയഗ്നി
വിജ്ഞരാല്‍ ശ്ശുശ്രൂഷകൊണ്ടു സംപൂജിതൻ
കർമ്മമിവങ്കലർപ്പിപ്പൂ, സ്തുതിപ്പവർ;
ശർമ്മമിവങ്കല്‍നിന്നിച്ഛിപ്പു, യാഗവാന്‍! 3
അധ്വരപാലന്‍ ബുധർക്കു ബലപ്രദ-
നൃത്വിക്പരിജ്ഞാനസല്‍ക്കർമ്മസാധനം
വാനൂഴി പുക്കാന,നേകരൂപന്‍ കവി
വാഴ്ത്തപ്പെടും ദീപ്തനഗ്നി പുരുപ്രിയൻ. 4
ആഹ്ലാദകൻ വ്യാപ്തനാഹ്ലാദകരഥ-
നാശുസഞ്ചാരി ജലസ്ഥന്‍ സുപിംഗളന്‍
സ്വാമി സർവജ്ഞനാ വൈശ്വാനരാഗ്നിയെ,
ശ്രീമാനെയിങ്ങു പാർപ്പിച്ചിതു ദേവകൾ! 5
വാനോര്‍കളും യജ്ഞസിദ്ധരുമൊന്നിച്ചു
നാനാമഖങ്ങൾ നരന്നായ് നടത്തുവോൻ,
വിദ്രുതകാരി, നേതാവു, ദാനോത്സുകന്‍
മധ്യേ വസിയ്ക്കുന്നിതഗ്നി,യരിന്ദമന്‍. 6
വാഴ്ത്തുക, സത്സുതാന്നാർത്ഥമഗ്നേ; രസ-
ച്ചാർത്താല്‍സ്സുഖിപ്പിയ്ക്ക; മാരി പെയ്കെ,ങ്ങളില്‍;
യജ്ഞവാന്നന്നവും നല്കു,ണര്‍വോടു നീ;
വിജ്ഞരാം വിണ്ണവർക്കിഷ്ടൻ, സുയജ്ഞ, നീ! 7
ഋത്വിക് പ്രിയന്‍, പ്രജാസംരക്ഷകൻ, മഹാന്‍,
ബുദ്ധിനിയന്താവ,തിഥി, പുരജവൻ,
അധ്വരോദ്ബോധകൻ ജാതവേദസ്സിനെ
നിത്യം വണങ്ങി സ്തുതിപ്പൂ, ധനൈഷികൾ! 8
ശ്രീലന്‍, രമയിതാവഗ്നിദേവൻ ബല-
ത്താലേ വശത്താക്കി, ലോകരെസ്സദ്രഥൻ;
ശാലയിലബ്ബഹുപോഷകന്‍ ചെയ്വതു
ലാലസിപ്പിയ്ക്കാവു, ഞങ്ങൾ നുതികളാല്‍! 9
വാഴ്ത്തുവനഗ്നേ, ഭവാനു സർവജ്ഞത
ചേർത്ത നിൻതേജസ്സു ദക്ഷ, വൈശ്വാനര:
വാനൂഴിവിശ്വം നിറച്ചൂ പിറപ്പില്‍ നീ;
താനേ വരുതിയില്‍ വെച്ചിതതൊക്കയും! 10
ഋദ്ധമേ, വൈശ്വാനരപ്രീതി: സല്‍ക്കർമ്മ-
ബുദ്ധ്യാ തനിച്ചു നല്കുന്നുവല്ലോ, കവി;
ഈയഗ്നി, വീര്യം വളർന്ന വാനൂഴിക-
ളായ തായ്താതരെപ്പൂജിച്ചുദിച്ചവന്‍! 11
കുറിപ്പുകൾ: സൂക്തം 3.

[1] സുരർക്കു സുഖം ഏകും – ദേവന്മാരെ ഹവിസ്സു കൊടുത്തു പരിചരിയ്ക്കുന്നു.

[2] ദീപ്ത്യാ = പ്രഭകൊണ്ടു്. ഗൃഹം – യാഗശാല. സന്ദൃശ്യമൂർത്തി = ദർശനീയരൂപന്‍. ദേവേരിതന്‍ = ദേവന്മാരാല്‍ അയയ്ക്കപ്പെട്ടവൻ.

[3] ഗൃഹസാധനം – ഗൃഹപ്രാപ്തിയ്ക്കു കാരണഭൂതന്‍. ശർമ്മം = സുഖം. യാഗവാൻ – യജമാനന്‍.

[4] ബുധര്‍ = വിദ്വാന്മാര്‍. ഋത്വിക്പരിജ്ഞാനസല്‍ക്കർമ്മസാധനം = ഋത്വിക്കുകളുടെ അറിവിന്നും സല്‍ക്കർമ്മത്തിന്നും കാരണഭൂതന്‍. അനേകരൂപന്‍ – ഭൌമ – വൈദ്യുതാദി ബഹുസ്വരുപൻ. പുരുപ്രിയൻ = ശ്രേഷ്ഠന്മാർക്കു പ്രിയപ്പെട്ടവന്‍.

[5] ശ്രീമാൻ = ശോഭയേറിയവന്‍.

[6] മധ്യേ – ദ്യാവാപൃഥിവികൾക്കിടയില്‍. അരിന്ദമന്‍ – യജ്ഞം മുടക്കുന്ന ശത്രുക്കളെ അടക്കുന്ന (നശിപ്പിയ്ക്കുന്ന)വൻ.

[7] വാഴ്ത്തുക – ദേവന്മാരെ സ്തുതിച്ചാലും. സത്സുതാര്‍ന്നാത്ഥം – ഞങ്ങള്‍ക്കു നല്ല മക്കളും അന്നവുമുണ്ടാകാന്‍. രസച്ചാര്‍ത്താല്‍ – മധുരാദിരസങ്ങള്‍കൊണ്ട്. സുഖിപ്പിയ്ക്ക – ദേവന്മാരെ പ്രീതിപ്പെടുത്തിയാലും. എങ്ങളില്‍ – ഞങ്ങളുടെ നിലങ്ങളിലും മറ്റും. യജ്ഞവാന്‍ – യജമാനൻ. ഇഷ്ടൻ. – പ്രിയപ്പെട്ടവനാണല്ലോ.

[8] അധ്വരോദ്ബോധകന്‍ – യജ്ഞകര്‍മ്മോപദേഷ്ടാവ്.

[9] ശ്രീലന്‍ = ശോഭയേറിയവന്‍. ബഹുപോഷകന്‍ = വളരെജ്ജനങ്ങളെ പോറ്റുന്നവന്‍. ലാലസിപ്പിയ്ക്ക = പ്രകാശിപ്പിയ്ക്കുക.

[10] സവജ്ഞത ചേര്‍ത്ത – അങ്ങയുടെ തേജസ്സുതന്നെയാണ്, അങ്ങയെ സര്‍വ്വജ്ഞനാക്കിയത്. ദക്ഷന്‍ = വിചക്ഷണന്‍. വാനൂഴിവിശ്വം = വാനൂഴികളും വിശ്വവും. അത് – വാനൂഴിവിശ്വം.

[11] വൈശ്വാനരന്റെ പ്രീതി (പ്രസാദം) ഋദ്ധം(സമൃദ്ധം)തന്നെ; വൈശ്വാനരനെ പ്രസാദിപ്പിച്ചാല്‍ വമ്പിച്ച ധനം കിട്ടുമെന്നതു ശരിതന്നെ. സൽക്കർമ്മബുദ്ധ്യാ = സല്‍ക്കർമ്മേച്ഛകൊണ്ട്. നല്കുന്നു – യജമാനാദികൾക്കു ധനം കൊടുക്കുന്നു. വീര്യം = രേതസ്സ്, വൃഷ്ട്രിജലം. തായ്താതര്‍ – മാതാപിതാക്കൾ. ഉദിച്ചവന്‍ – ജനിച്ചവനാകുന്നു.

സൂക്തം 4.

വിശ്വാമിത്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്ന്യാദികൾ ദേവത.

അഗ്നേ, ഭവാന്‍ വളർന്നു വളർന്നു മനംതെളിഞ്ഞുണർന്നാലും: തിളങ്ങിത്തിളങ്ങി, ധനം നല്കുന്ന തിരുവുള്ളം ഞങ്ങളില്‍ വെയ്ക്കുക. ദേവ, ദേവന്മാരെ യാഗത്തിന്നു കൊണ്ടുവരുന്നവനാണല്ലോ, ഭവാൻ; സഖാക്കളെ സഖാവായ ഭവാന്‍ മനംതെളിഞ്ഞു പൂജിച്ചാലും! 1

തനൂനപാത്തേ, വരുണനും മിത്രനും അഗ്നിയുമാകുന്ന ദേവന്മാരാല്‍ നാൾതോറും മൂന്നുരു പൂജിയ്ക്കപ്പെടുന്ന ഭവാന്‍, ജലത്തിന്നായി അനുഷ്ഠിയ്ക്കുന്ന ഈ ഞങ്ങളുടെ യജ്ഞത്തെ മധുരീകരിച്ചാലും! 2

വിശ്വവരേണ്യമായ സ്തോത്രം ഹോതാവിങ്കല്‍ ചെന്നണയട്ടെ; അന്നങ്ങൾ മുഖ്യനും വന്ദ്യനുമായ വർഷിതാവിങ്കല്‍, നമസ്കരിച്ചു പ്രസാദിപ്പിയ്ക്കാൻ ചെന്നണയട്ടെ; പ്രേരിതനായ ആ പെരിയ യഷ്ടാവു ദേവകളെ യജിയ്ക്കട്ടെ! 3

നിങ്ങൾക്കിരുവർക്കും യാഗത്തില്‍ ഉന്നതമാർഗ്ഗം കല്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു: ഹവിസ്സുകൾ ജ്വാലകളോടൊന്നിച്ചു മേല്പോട്ടു പോകുന്നു; ഹോതാവിന്റെ ഇരിപ്പു, വിളങ്ങുന്ന ശാലയുടെ നടുവിലാണ്; ദേവകൾക്കു നിരന്നിരിപ്പാൻ ദർഭയും ഞങ്ങൾ വിരിയ്ക്കാം. 4

മനസ്സുകൊണ്ടു പ്രാർത്ഥിയ്ക്കപ്പെടുന്നവര്‍, വെള്ളംകൊണ്ടു വിശ്വത്തെ ഉല്ലസിപ്പിയ്ക്കുന്നവർ, സപ്തഹോത്രങ്ങളില്‍ സംബന്ധിയ്ക്കുന്നു. യാഗങ്ങളില്‍ മനുഷ്യരൂപരായി പിറക്കുന്ന വളരെദ്ദേവതകൾ ഈ യജ്ഞത്തില്‍ പെരുമാറട്ടെ! 5

സ്തുതിയ്ക്കപ്പെടുന്ന, സമ്മിളിതമാരായ ദിനരാത്രികൾ വന്നുചേരട്ടെ! തേജസ്സിയന്ന ഭിന്നരൂപമാരായ രണ്ടു ഭാസുരാംഗിമാരും മിത്രവരുണേന്ദ്രമരുത്തുക്കളെന്നപോലെ നമ്മെ പ്രാപിയ്ക്കട്ടെ! 6

ദിവ്യരായ രണ്ടു പ്രധാനഹോതാക്കളെ ഞാന്‍ ചമയിയ്ക്കാം; തണ്ണീര്‍ നേരുന്ന ഏഴന്നവാന്മാര്‍ സോമനീര്‍കൊണ്ടു മത്തുപിടിപ്പിയ്ക്കും. ഉജ്ജ്വലരായ കർമ്മരക്ഷകന്മാര്‍ കർമ്മങ്ങളില്‍, അവിടുന്നുതന്നെ സത്യം എന്നു പറയുന്നു! 7

ഭാരതികളോടുകൂടിയ ഭാരതിയും, ദേവമനുഷ്യസംയുക്തയായ ഇളയും, അഗ്നിയും, സാരസ്വതരോടുകൂടിയ സരസ്വതിയും ഇവിടെ വന്നെത്തട്ടെ; ആ ദേവിമാര്‍ മുവ്വരും ഈ ദർഭയില്‍ ഇരുന്നരുളട്ടെ! 8

ദേവ, ത്വഷ്ടാവേ, രമിയ്ക്കുന്ന ഭവാന്‍ ഞങ്ങളെ കടത്തിവിടുന്ന ആ പോഷകം പൊഴിച്ചരുളിയാലും: എന്നാല്‍, കർമ്മകുശലനും ബലവാനും അമ്മിക്കുഴയെടുക്കുന്ന ദേവകാമനുമായ വീരൻ പിറക്കുമല്ലോ! 9

വനസ്പതേ, നീ ദേവന്മാരെ കൊണ്ടുവരിക. ശമിതാവായ അഗ്നി ഹവിസ്സു കൊണ്ടുപോകട്ടെ. ആ സത്യസമ്പന്നനായ ഹോതാവുതന്നെ യജിയ്ക്കട്ടെ: ദേവന്മാരുടെ ഉല്‍പത്തിയറിയുന്നവനാണല്ലോ, അദ്ദേഹം! 10

അഗ്നേ, ഉജ്ജ്വലിപ്പിയ്ക്കപ്പെടുന്ന ഭവാൻ ഇന്ദ്രനോടും വെമ്പൽക്കൊള്ളുന്ന ദേവകളോടുംകൂടി ഒരേതേരില്‍ ഇങ്ങോട്ടു വന്നാലും; പുത്രാന്വിതയായ അദിതിയും ഞങ്ങളുടെ ദർഭയില്‍ ഉപവേശിയ്ക്കട്ടെ; സ്വാഹയോടുകൂടിയ മരണരഹിതരായ ദേവന്മാര്‍ സംതൃപ്തിയടയട്ടെ! 11

കുറിപ്പുകൾ: സൂക്തം 4.

[1] സഖാക്കൾ – ദേവകൾ.

[2] മൂന്നുരു – പ്രാതർമ്മധ്യാനസായംസവനങ്ങളില്‍. മധുരീകരിച്ചാലും – വൃഷ്ട്യാദിഫലയുക്തമാക്കിയാലും.

[3] ഹോതാവ് – അഗ്നി. അന്നങ്ങൾ – ഹവിസ്സുകൾ. പ്രേരിതന്‍ – ഞങ്ങളാല്‍.

[4] നിങ്ങളിരുവര്‍ – അഗ്നിയും ബർഹിസ്സും.

[5] ഉല്ലസിപ്പിയ്ക്കുന്നവര്‍ – ദേവന്മാർ. ദേവതകൾ – ദ്വാരാഭിമാനിദേവതകൾ.

[7] തണ്ണീർ നേരുന്ന – മഴ പെയ്യട്ടേ എന്നു പ്രാർത്ഥിയ്ക്കുന്ന. അന്നവാന്മാർ – ഋത്വിക്കുകൾ. അവിടുന്ന് – അഗ്നി. ഈ അഗ്നിയും അന്തരീക്ഷാഗ്നിയുമത്രേ, രണ്ടു പ്രധാനഹോതാക്കൾ.

[9] ത്വഷ്ടാവ് – സൃഷ്ടികർത്താവു്. കടത്തിവിടുന്ന – ദുഃഖതാരകമായ. പോഷകം – രേതസ്സ്. അമ്മിക്കുഴ – സോമം ചതയ്ക്കാൻ. വീരന്‍ – പുത്രൻ.

[11] ഉപവേശിയ്ക്ക = ഇരിയ്ക്കുക. സ്വാഹ – സ്വാഹാകാരം.

സൂക്തം 5.

വിശ്വാമിത്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

മേധാവിയും കവിമാർഗ്ഗഗാമിയുമായ യാതൊരഗ്നി ഉഷസ്സിനെ അറിഞ്ഞു പള്ളിയുണരുന്നുവോ; ആ തേജസ്സേറിയ വഹ്നി ദേവകാമരാല്‍ സമുജ്ജ്വലിപ്പിയ്ക്കപ്പെട്ടിട്ട്, ഇരുട്ടിന്റെ വാതില്‍ അടയ്ക്കുന്നു! 1

യാതൊരു പൂജനീയന്‍ സ്തോതാക്കളുടെ സ്തോത്രവാക്യങ്ങൾ കൊണ്ടും ഉക്ഥങ്ങൾകൊണ്ടും വർദ്ധിയ്ക്കുന്നുവോ, ആ ദൂതനായ അഗ്നി സൂര്യന്റെ ബഹുപ്രകാശമിച്ഛിച്ചു പുലരിപ്പോക്കില്‍ തുലോം വിളങ്ങുന്നു. 2

സഖാവായി സത്യംകൊണ്ടു സാധകനായി തണ്ണീരിന്റെ ഉണ്ണിയായ അഗ്നി മനുഷ്യരുടെ ഇടയില്‍ സ്ഥാപിയ്ക്കപ്പെട്ടു; ആ സ്പൃഹണീയനും യജനീയനുമായ മേധാവി ഉന്നതസ്ഥാനത്തു വാണരുളി; മതിമാന്മാർക്കു സ്തുത്യനുമായി! 3

ഉജ്ജ്വലിച്ച അഗ്നി മിത്രനായിത്തീരുന്നു; മിത്രനായിരിയ്ക്കെ, ഹോതാവും വരുണനും ജാതവേദസ്സുമാകുന്നു. ആ ദാനോത്സുകനായ മിത്രന്‍ അധ്വര്യുവും വായുവുമാകുന്നു; സമുദ്ര – പർവതങ്ങൾക്കും മിത്രനാകുന്നു! 4

ദർശനീയനായ മഹാന്‍ അഗ്നി ഭൂമിയുടെ അരുമപ്പെട്ട പ്രഥമ പദത്തെ രക്ഷിയ്ക്കുന്നു; സൂര്യന്റെ സഞ്ചാരമാർഗ്ഗത്തെ രക്ഷിയ്ക്കുന്നു; നടുവില്‍ സപ്തഗണത്തെ രക്ഷിയ്ക്കുന്നു; ദേവയജ്ഞത്തെ രക്ഷിയ്ക്കുന്നു! 5

അറിയേണ്ടതെല്ലാമറിഞ്ഞ മഹാനായ അഗ്നിദേവൻ സ്തുത്യവും സുന്ദരവുമായ ജലം സൃഷ്ടിച്ച്, അതിനെ പ്രമാദമെന്നിയേ രക്ഷിച്ചു പോരുന്നു; ഉറക്കത്തിലും ആ വ്യാപ്തന്റെ രൂപം തിളങ്ങിക്കൊണ്ടിരിയ്ക്കും! 6

കാമയമാനനായ അഗ്നി തിളക്കവും പാട്ടും തഴച്ച കാമയമാനമായ സ്ഥാനത്തു വാണരുളുന്നു; ഉജ്ജ്വലനും വിശുദ്ധനും ദർശനീയനുമായ ആ പാവകന്‍ അമ്മമാരിരുവരെയും കൂടെക്കൂടെ പുതുക്കുന്നു! 7

ജനിച്ച ഉടന്‍ അഗ്നി ഓഷധികളാല്‍ വഹിയ്ക്കപ്പെടുന്നു; അപ്പോൾ, കീഴ്പോട്ടൊഴുകുന്ന വെള്ളംപോലെ ശോഭിയ്ക്കുന്ന അവ പ്രസവിച്ചു, ജലംകൊണ്ടു വളർത്തുന്നു. അച്ഛനമ്മമാരുടെ മടിയിലിരിയ്ക്കുന്ന അവന്‍ രക്ഷിയ്ക്കട്ടെ! 8

സ്തുതനായി ചമതകൊണ്ടു വളർന്ന അഗ്നി വേദിയുടെ നടുവിലിരുന്ന്, അന്തരിക്ഷപദത്തില്‍ വിളങ്ങുന്നു; മിത്രനും മാതരിശ്വാവുമായ ആ സ്തുത്യൻ ദൂതനായിട്ടു യജ്ഞത്തിന്നു ദേവകളെ കൊണ്ടുവരട്ടെ! 9

ശോഭമാനരില്‍ ശ്രേഷ്ഠനായ വായു സൂര്യരശ്മികളില്‍നിന്നു ഗുഹയിലൊളിച്ച ഹവ്യവാഹനെ ഉജ്ജ്വലിപ്പിച്ചതെപ്പൊഴോ, അപ്പോൾ ആ അഗ്നി തേജസ്സുകൊണ്ടു സ്വർഗ്ഗത്തെ സ്തംഭിപ്പിച്ചു! 10

അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും; ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകണം. അഗ്നേ, അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 11

കുറിപ്പുകൾ: സൂക്തം 5.

[1] വാതില്‍ – ആഗമനദ്വാരം; ഇരുട്ടിന്റെ വരവിനെ തടുക്കുന്നു.

[3] സഖാവ് – യഷ്ടാക്കളുടെ. സാധകൻ – സിദ്ധി വരുത്തുന്നവന്‍. ഉന്നതസ്ഥാനം – ഉത്തരവേദി.

[4] അഗ്നിയുടെ സർവാത്മകത്വം: മിത്രന്‍ = സൂര്യന്‍. മിത്രന്‍ (മിത്രം) = സഖാവ്.

[5] നടു = അന്തരിക്ഷമധ്യം. സപ്തഗണം – മരുദ്ഗണം.

[6] ഉറക്കത്തിലും – ജ്വാലകളടങ്ങിയ സമയത്തും.

[7] കാമയമാനന്‍ = കാമി(അഭിലഷി)യ്ക്കുന്നവൻ. അമ്മമാര്‍ – ദ്യാവാപൃഥിവികൾ.

[8] പ്രസവിച്ചു – പുഷ്പഫലങ്ങളെ ഉല്‍പാദിപ്പിച്ച്. അച്ഛനമ്മമാര്‍ – വാനൂഴികൾ.

സൂക്തം 6.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ജോലിക്കാരേ, ദേവകാമരായ നിങ്ങൾ മന്ത്രത്താല്‍ പ്രേര്യമാണരായിട്ടു, ദേവകളില്‍ ചെല്ലുന്ന സ്രുക്ക് കൊണ്ടുവരുവിന്‍: അഗ്നിയ്ക്കുള്ള ഹവിസ്സു നിറച്ചു നെയ്യു പുരട്ടിയ ആ അന്നവതി വലത്തുഭാഗത്തുനിന്നെടുത്തു, തല കിഴക്കോട്ടാക്കി എത്തിയ്ക്കപ്പെടുന്നു. 1

അഗ്നേ, യജനീയ, ജനിച്ചപ്പോൾത്തന്നേ അങ്ങു ദ്യാവാപൃഥിവികളെ നിറച്ചു; പിന്നീടു മഹത്ത്വത്താല്‍ ദ്യോവിനെയും ഭൂവിനെയും കവിച്ചു. അങ്ങയുടെ ഏഴുനാവുള്ള വഹ്നികൾ സ്തുതിയ്ക്കപ്പെടട്ടെ! 2

ദേവകാമരായ മനുഷ്യര്‍ ഹവിസ്സൊരുക്കി, തെളിഞ്ഞ തേജസ്സിനെ സ്തുതിയ്ക്കുന്നതെപ്പൊഴോ, അപ്പോൾ ദ്യോവും ഭൂവും യജനീയരും ഹോതാവായ അങ്ങയെ യജ്ഞത്തിന്നിരുത്തും. 3

കാമ്യമാനനായ മഹാൻ വാനൂഴികൾക്കിടയില്‍ മഹിമയുള്ള സ്വസ്ഥാനത്ത് അനങ്ങാതിരിയ്ക്കുന്നു; ആക്രമിയ്ക്കുന്നവരും ഉപദ്രവിയ്ക്കപ്പെടാത്തവരും നത്യതരുണിമാരും ജലം ചുരത്തുന്നവരുമായ ആ സപത്നിമാര്‍ ബഹുസ്തുതനെ പ്രീതിപ്പെടുത്തുന്നു. 4

അഗ്നേ, മഹത്തുക്കളാകുന്നു, മഹാനായ ഭവാന്റെ കർമ്മങ്ങൾ: ഭവാന്‍ സ്വപ്രകാശംകൊണ്ടു വാനൂഴികൾക്കു വലുപ്പം കൂട്ടി. വൃഷാവേ, അങ്ങു ദൂതനായിബ്ഭവിച്ചാലും: ജനിച്ചപ്പോൾത്തന്നേ ഭവാന്‍ മനുഷ്യർക്കു നേതാവായി! 5

ദേവ, അങ്ങ് നല്ല സ്കന്ധരോമങ്ങളുള്ളവയും നെയ്യൊലിയ്ക്കുന്നവയുമായ രണ്ടു ചെംകുതിരകളെ കയര്‍കൊണ്ടു തേരിനു മുമ്പില്‍ കെട്ടുക; അതില്‍ ദേവന്മാരെയെല്ലാം കൊണ്ടുവരിക. ജാതവേദസ്സേ, അവർക്കുള്ള യാഗം നന്നാക്കുക! 6

അഗ്നേ, അങ്ങു വനങ്ങളില്‍ ജലങ്ങളെ കൊതിയോടേ വറ്റിയ്ക്കുമ്പോൾ, അങ്ങയുടെ കാന്തി സൂര്യന്റേതിനെക്കാൾ തിളങ്ങും. അങ്ങു് ഒളി വീശുന്ന സനാതനോഷസ്സുകളെ അനുസരിച്ചു ശോഭിയ്ക്കുന്നു; സ്തുത്യനായ ഹോതാവിന്റെ ശോഭയെ വാനവർ വാഴ്ത്തുന്നു! 7

അഗ്നേ, വിശാലമായ അന്തരിക്ഷത്തില്‍ വിളയാടുന്ന ദേവകൾ എവരോ, സൂര്യന്റെ വെളിച്ചത്തിലുള്ളവരെവരോ, ഊമര്‍ എവരോ, ശോഭനാഹ്വാനരായി നിലക്കൊള്ളുന്ന യജനീയര്‍ എവരോ, തേർക്കുതിരകളെവയോ; 8

അവരോടൊന്നിച്ച്, ഒരേ തേരിലോ പല തേരിലോ അഗ്നേ, ഭവാന്‍ ഇങ്ങോട്ടെഴുന്നള്ളുക: മിടുക്കുള്ളവയാണല്ലോ, പള്ളിക്കുതിരകൾ. പത്നീസഹിതരായ മുപ്പത്തിമൂന്നു ദേവന്മാരെയും സോമത്തിന്നു കൊണ്ടുവരിക; മത്തുപിടിപ്പിയ്ക്കുക! 9

ആരുടെ യജ്ഞത്തെ യജ്ഞത്തെ വിശാലകളായ ദ്യാവാപൃഥിവികളും അഭിവൃദ്ധിയ്ക്കായി പുകഴ്ത്തിപ്പോരുന്നുവോ, അദ്ദേഹംതന്നെ ഹോതാവ്: ആ സുരൂപകളും ജലാന്വിതകളുമായ സത്യവതികൾ യാഗത്തിന്നായി പിറന്നവന്നു, രണ്ടധ്വരങ്ങള്‍പോലെ അനുകൂലകളായി വര്‍ത്തിയ്ക്കുന്നു! 10

അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും. ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകണം; അഗ്നേ, അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 11

കുറിപ്പുകൾ: സൂക്തം 6.

[1] അന്നവതി – സ്രുക്കു്. വലത്തുഭാഗം – ആഹവനീയാഗ്നിയുടെ.

[2] വഹ്നികൾ – അംശങ്ങളായ അഗ്നികൾ.

[3] യജനീയര്‍ – ദേവന്മാര്‍.

[4] കാമ്യമാനൻ – യജമാനാദികളാല്‍ കാമിയ്ക്കപ്പെടുന്നവന്‍. ആക്രമിയ്ക്കുന്നവര്‍ – എല്ലാദിക്കുകളിലും വ്യാപിയ്ക്കുന്നവര്‍. ആ സപത്നിമാര്‍ – ദ്യാവാവൃഥിവികൾ.

[6] നെയ്യൊലിയ്ക്കുന്ന – ദേഹത്തിന്ന് അത്ര സ്നിഗ്ദ്ധതയുള്ള.

[7] അനുസരിച്ചു – ഉഷസ്സിലാണല്ലോ, അഗ്നിയെ ജ്വലിപ്പിയ്ക്കുക.

[8] ഊമര്‍ – ഊമരെന്ന പിതൃക്കൾ.

[10] സത്യവതികൾ – ദ്യാവാപൃഥിവികൾ. യാഗത്തിന്നായി പിറന്നവൻ – അഗ്നി.

സൂക്തം 7.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

മുതുകു കറുത്ത ധാരകന്റെ ഉദ്ഗമിച്ച രശ്മികൾ അമ്മമാരിരുവരെയും ഏഴുനദികളെയും പ്രാപിച്ചു. ചുഴെച്ചുഴന്ന മാതാപിതാക്കൾ വഴിപോലെ പെരുമാറുന്നു: മികവോടേ യജിപ്പാൻ ദീർഗ്ഘായുസ്സു സമ്പാദിയ്ക്കുന്നു. 1

വൃഷാവിന്റെ അശ്വങ്ങൾ വാനിലെങ്ങും വ്യാപിച്ചു പ്രീതിയുളവാക്കുന്നു. അദ്ദഹം തേന്‍ വഹിച്ച ദേവിമാരില്‍ വാണരുളുന്നു. ജലത്തിന്റെ ആസ്പദത്തില്‍ വാസം തേടുന്ന, ആളിക്കത്തുന്ന ഭവാനെ ഒരു ഗോവു പരിചരിച്ചുപോരുന്നു. 2

ധനങ്ങളില്‍വെച്ചു മികച്ച ധനം കിട്ടിയ്ക്കുന്ന ജ്ഞാനവാനായ സ്വാമി സുഖനിയന്തവ്യകളായ എവയുടെ പുറത്തു കേറുമോ; അവയെ, നില്ക്കാത്ത നട വളർത്താൻ, ബഹുധാ അംഗവിക്ഷേപം ചെയ്യുന്ന നീലപൃഷ്ഠന്‍ വിശ്രമിപ്പിയ്ക്കും. 3

ലോകങ്ങളെ ഉറപ്പിയ്ക്കാന്‍ നോക്കുന്ന, തളർത്താവുന്നവനല്ലാത്ത, മഹാനായ ത്വഷ്ടൃപുത്രനെ ബലപ്പെടുത്തിക്കൊണ്ടു നദികൾ വഹിയ്ക്കുന്നു; അരികില്‍ കത്തിജ്ജ്വലിച്ച അദ്ദേഹം ദ്യാവാപൃഥിവികളെ, ഒരുത്തിയെയെന്നപോലെ പ്രാപിച്ചു! 4

നിസ്സപത്നനായ വൃഷാവിനെ സേവിച്ചാലത്തെസ്സുഖം ആളുകൾക്കറിയാം; അവര്‍ മഹാന്റെ വരുതിയില്‍ ഇമ്പംകൊള്ളുന്നു. എവരുടെ മഹത്തായ സ്തുതിവാക്യം മതിയ്ക്കത്തക്കതോ, അവര്‍ നല്ല തേജസ്സാല്‍ സ്വർഗ്ഗത്തെശ്ശോഭിപ്പിച്ചുകൊണ്ടു വിളങ്ങും! 5

യാവചിലരില്‍ വർഷിയ്ക്കുന്നവന്‍ രാത്രിയ്ക്കുടുപ്പായ സ്വതേജസ്സിനെ സ്തോതാവിന്റെ അടുക്കലെയ്ക്കു നീട്ടിയോ; അവര്‍ അവന്നു മഹത്തുക്കളെക്കാൾ മഹത്തുക്കളായ അമ്മയച്ഛന്മാരുടെ പ്രവേദനത്താല്‍ ഘോഷിയ്ക്കപ്പെട്ട സുഖം വരുത്തി. 6

അഞ്ചധ്വര്യുക്കളോടുകൂടി ഏഴു മേധാവികൾ വ്യാപനശീലന്റെ അരുമപ്പെട്ട നിശ്ചിതസ്ഥാനം സംരക്ഷിയ്ക്കുന്നു. കിഴക്കോട്ടു നോക്കി നടക്കുന്ന, തളർത്താവുന്നവരല്ലാത്ത, സേക്താക്കളായ സ്തോതാക്കൾ ഇമ്പംകൊള്ളുന്നു; ദേവകർമ്മങ്ങളെ അനുഗമിയ്ക്കുകയുംചെയ്യുന്നു! 7

ദിവ്യരായ രണ്ടു പ്രധാനഹോതാക്കളെ ഞാന്‍ ചമയിയ്ക്കാം; തണ്ണീർ നേരുന്ന ഏഴന്നവാന്മാര്‍ സോമനീര്‍കൊണ്ടു മത്തുപിടിപ്പിയ്ക്കും. ഉജ്ജ്വലരായ കർമ്മരക്ഷകന്മാര്‍ കർമ്മങ്ങളില്‍, അവിടുന്നുതന്നെ സത്യം എന്നു പറയുന്നു! 8

ദേവ, ഹോതാവേ, സർവാതീതനായ മഹാനും വൃഷാവും പൂജനീയനുമായ ഭവാന്റെ പരന്ന ഭൂരിജ്വാലകൾ പർജ്ജന്യനായിത്തീരുന്നു; ഏറ്റവും ആഹ്ലാദിപ്പിയ്ക്കുന്ന ജ്ഞാനിയായ ഭവാന്‍ യഷ്ടവ്യരായ ദേവന്മാരെയും ദ്യാവാപൃഥിവികളെയും ഇവിടെ കൊണ്ടുവന്നാലും! 9

ദ്രവിണ, അഗ്നേ, ഹവിരാഹുതിയും നല്ല സ്തുതിയും ചേർന്ന സുജ്ഞേയകളായ ഉഷസ്സുകൾ ധനം കൈവരുമാറു പുലരുന്നു; അവിടുന്നു, മഹാന്നുവേണ്ടി, വല്ല പാപവും ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെ വലിയ ജ്വാലകൊണ്ടു നശിപ്പിച്ചാലും! 10

അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും. ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകണം. അഗ്നേ, അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 11

കുറിപ്പുകൾ: സൂക്തം 7.

[1] മുതുകു കറുത്ത – പുകകൊണ്ട് ദീർഗ്ഘായുസ്സ് – അഗ്നിയ്ക്ക്.

[2] തേന്‍ വഹിച്ച ദേവിമാര്‍ – മധുരജലകളായ നദികൾ. ജലത്തിന്റെ ആസ്പദം – അന്തരിക്ഷം. പ്രത്യക്ഷവചനമാണിത്; ഗോവ് = വാക്ക്, ശബ്ദം.

[3] അവ – പെണ്‍കുതിരകൾ. നീലപൃഷ്ഠന്‍ = മുതുക കറുത്തവന്‍.

[4] ഒരുത്തിയെ – ഒരു പുരുഷൻ ഒരു സ്ത്രീയെ പ്രാപിയ്ക്കുന്നതുപോലെ.

[5] അവര്‍ – ആ ആളുകൾ.

[6] നീട്ടിയോ – സ്തുതി കേൾപ്പാന്‍. അവര്‍ – ആ യജമാനന്മാര്‍. അവന്ന് – അഗ്നിയ്ക്ക്.

[7] ഉദ്ഗാതാക്കൾക്കു പുറമേ, പന്തിരണ്ട് ഋത്വിക്കുകളുണ്ട്; അവരില്‍ ഏഴുപേര്‍ വഷട്കാരവും, അഞ്ചുപേര്‍ യജ്ഞവും അനുഷ്ഠിയ്ക്കുന്നു. സേക്താക്കൾ – സോമനീര്‍ തൂകുന്നവര്‍.

[9] പർജ്ജന്യനായിത്തീരുന്നു – മഴ പെയ്യിയ്ക്കുന്നു; വൃഷ്ടിദേവനാണ്, പർജ്ജന്യന്‍.

[10] ദ്രവിണ = സതതഗമനശീല. സുജ്ഞേയകൾ – പക്ഷികൂജിതാദികൾ കൊണ്ട് എളുപ്പത്തില്‍ അറിയാവുന്നവ. കൈവരുമാറ് – ഞങ്ങൾക്ക്. മഹാന്‍ – യജമാനന്‍.

സൂക്തം 8.

വിശ്വാമിത്രൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും വൈശ്വദേവിയും ഛന്ദസ്സ്; യൂപം ദേവത.

വനസ്പതേ, യാഗത്തില്‍ ദേവകാമന്മാര്‍ നിങ്കല്‍ ദിവ്യമധു പുരട്ടുന്നു: നീ എണീറ്റുനില്ക്കുകയായാലും, അമ്മയുടെ മടിയില്‍ കിടക്കുകയായാലും, ഇവിടെ ധനങ്ങൾ നിക്ഷേപിയ്ക്കുമാറാകണം! 1

നീ അഗ്നിയുടെ കിഴക്കുവശത്ത്, അക്ഷയവും സത്സന്താനജനകവുമായ അന്നം തന്നു, ഞങ്ങളെ വലയ്ക്കുന്ന വിശപ്പു പോക്കി, മഹത്തായ സൌഭാഗ്യത്തിന്നായി ഉയർന്നുനിന്നാലും! 2

വനസ്പതേ, നീ ഉല്‍കൃഷ്ടസ്ഥലത്ത് ഉയർന്നുനിന്നാലും: തക്കവലുപ്പത്തില്‍ അളക്കപ്പെട്ട നീ യജ്ഞാനുഷ്ഠാതാവിന്ന് അന്നം നല്കിയാലും! 3

അരഞാണിട്ടു നല്ല വസ്ത്രം ചുറ്റിയ യുവാവു വന്നുചേർന്നു: അവന്‍ ജാതരില്‍വെച്ചു മീതെയായി. അവനെ ധീരരായ കവികൾ – ശോഭനധ്യാനരായ ദേവകാമന്മാർ – പൊക്കിനാട്ടുന്നു! 4

മനുഷ്യരുടെ യാഗത്തിൽ വളർന്നു, ദിവസങ്ങളെ സുദിനങ്ങളാക്കാനത്രേ, ഇവൻ ജനിച്ചത്! ഇവനെ ധീരരായ കർമ്മികൾ ശ്രദ്ധവെച്ചു ശുദ്ധിപ്പെടുത്തുന്നു; ദേവയഷ്ടാവായ മേധാവി സ്തുതിയും ചൊല്ലുന്നു. 5

വനസ്പതേ, മഴു നിങ്ങളെ മുറിച്ചു; ദേവകാമരായ നേതാക്കൾ കുഴിച്ചിടുകയുംചെയ്തു. തിളങ്ങിനില്ക്കുന്ന അവയും പൂളുകളും ഇദ്ദേഹത്തിന്നു സന്തതിയും സമ്പത്തും ഉളവാക്കട്ടെ! 6

മുറിച്ചു വീഴ്ത്തപ്പെട്ട്, ഋത്വിക്കുകളാൽ കുഴിയിൽ നാട്ടപ്പെട്ട ആ യാഗസാധനങ്ങൾ ഞങ്ങളുടെ വരണീയത്തെ ദേവകളിലെത്തിയ്ക്കട്ടെ! 7

നല്ല നേതാക്കളായ ആദിത്യന്മാർ, രുദ്രന്മാർ, വസുക്കൾ, ദ്യാവാപൃഥിവികൾ, വിശാലമായ അന്തരീക്ഷം എന്നീ ദേവകൾ ഒരേ മനസ്സോടേ യജ്ഞത്തെ രക്ഷിയ്ക്കട്ടെ; യാഗത്തിന്റെ കൊടിമരത്തെ ഉയർത്തിനിർത്തട്ടെ! 8

സ്വച്ഛവസ്ത്രമുടുത്തു, ഹംസങ്ങൾപോലേ വരിവെച്ചുനില്ക്കുന്ന അവയും പൂളുകളും ഞങ്ങളിൽ വന്നെത്തി; കവികളാൽ ഉയർത്തപ്പെടുന്ന ആ തേജസ്വികൾ ദേവപഥത്തിലും ചെല്ലുന്നു! 9

പൂളുകളോടും വളയങ്ങളോടും കൂടിയ അവ, ഭൂമിയിൽ ശൃംഗികളുടെ കൊമ്പുകൾപോലെ കാണപ്പെടുന്നു; യാഗത്തിൽ ഋത്വിക്കുകളുടെ സ്തോത്രം കേൾക്കുന്ന അവ ഞങ്ങളെ കൊലനിലങ്ങളിൽ രക്ഷപ്പെടുത്തട്ടെ! 10

ഹേ മരക്കുറ്റി, നീ നൂറു ശാഖകളോടുകൂടി മുളച്ചുപൊന്തുക; ഞങ്ങളും ആയിരം ശാഖകളോടുകൂടി മുളച്ചുപൊന്തുട്ടെ! ഈ മൂർച്ചയേറിയ മഴു നിന്നെ മഹത്തായ സൗഭാഗ്യത്തിലെത്തിച്ചു! 11

കുറിപ്പുകൾ: സൂക്തം 8.

[1] വനസ്പതി = വൃക്ഷം. ദിവ്യമധു – നെയ്യ്. അമ്മ – ഭൂമി. ഇവിടെ – ഞങ്ങളില്‍.

[2] അഗ്നി – ആഹവനീയന്‍.

[4] യുവാവു് – ദൃഢാംഗമായ യൂപം. യൂപത്തെ വസ്ത്രംകൊണ്ടു പൊതിയും. ജാതര്‍ – ജനിച്ച വൃക്ഷങ്ങൾ.

[6] നിങ്ങൾ – വൃക്ഷങ്ങൾ. പൂളുകൾ – ചെറിയ മരക്കഷ്ണങ്ങൾ. ഇദ്ദേഹം – യജമാനൻ.

[7]വരണീയത്തെ – സ്പൃഹണീയമായ ഹവിസ്സിനെ.

[8]കൊടിമരം – യൂപം.

[9]അവ – യൂപങ്ങൾ

[10]ശൃംഗികൾ – കാളയും മറ്റും.

സൂക്തം 9.

വിശ്വാമിത്രൻ ഋഷി; ബൃഹതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; അഗ്നി ദേവത. (പാന)

സ്വാവനത്തിനുവേണ്ടി വരിയ്ക്കുന്നു,
ദേവ, മർത്ത്യരാം ചങ്ങാതിമാരെങ്ങൾ,
വാരിപൗത്രൻ സുഭഗനനാമയൻ
ഭൂരിശോഭൻ സുഖപ്രാപ്യനങ്ങയെ! 1
തായയായ തണ്ണീരിങ്കലെയ്ക്കല്ലോ
പോയി,കാടുകൾ തേടും ഭവാനഗ്നേ;
അന്നിലപാടു വയ്യാ സഹിയ്ക്കുവാൻ;
വന്നുവല്ലോ, വിദൂരാലിഹ ഭവാൻ! 2
ഇഷ്ടദാനമാം ഭാരം വഹിയ്ക്കിലും
തുഷ്ടചിത്തനായ്ത്ത്ന്നെ മേവുന്നു നീ;
അങ്ങു മിത്രങ്ങളാക്കിയോരിൽച്ചില-
രങ്ങു പോകും, ചുഴന്നിരിയ്ക്കും ചിലർ. 3
മാറ്റലരെയും കൂറ്റൻപടയെയു-
മേറ്റു പിന്നിട്ടു വെള്ളത്തിലാണ്ടോനെ
ചെന്നു കണ്ടെത്തിയല്ലോ, പുരാണരാ-
കുന്ന മിത്രങ്ങൾ സിംഹത്തെപ്പോലവേ. 4
അക്കണക്കിച്ഛപോലേ നിലീനനാ-
മഗ്നിയെക്കടഞ്ഞുണ്ടാക്കി, വാനോർക്കായ്
കൊണ്ടുപോന്നാന,കലത്തുനിന്നൊരു
തെണ്ടിയെയെന്നപോലേ സമീരണന്‍! 5
അബ്ഭവാനെ ഹുതവഹ, വാനോർക്കാ-
യത്ര കൈക്കൊണ്ടു, മർത്ത്യർ യുവതമ:
അധ്വരമൊക്കെ രക്ഷിയ്ക്കുവോനല്ലോ,
മര്‍ത്ത്യബാന്ധവ, തൻക്രിയയാല്‍ബ്ഭവാന്‍! 6
അബ്ഭവച്ഛുഭകർമ്മമഗ്നേ, വെറു-
മർഭകനെയുമൃദ്ധിയാല്‍ മൂടുന്നു:
അന്തിനേരത്തു കത്തിജ്ജ്വലിച്ച നി-
ന്നന്തികേ കൂടുമല്ലോ, പശുവ്രജം! 7
ചെയ്വിനാ,ഹുതി പള്ളികൊള്ളും പരി-
പാവനാഭനാം സ്തുത്യസുയജ്ഞന്നായ്-
ക്ഷിപ്രമർച്ചിപ്പിന,ഞ്ജസാ വ്യാപിയ്ക്കു-
മപ്പുരാതനദേവനാം ദൂതനെ! 8
ആയിരം മൂന്നു, മൂന്നു നൂർ, മുപ്പത്തി-
യൊമ്പതുമുമ്പര്‍ പൂജിച്ചിതഗ്നിയെ:
നെയ്യു തൂകിനാര്‍; ദർഭ തൂർത്തു വിരി-
ച്ചങ്ങിരുത്തിനാരീ, ഹോമകാരനെ! 9
കുറിപ്പുകൾ: സൂക്തം 9.

[1]സ്വാവനം = സ്വരക്ഷ.

[2]അന്നിലപാട് – വെള്ളത്തിൽത്തന്നെ വസിയ്ക്കൽ. വന്നുവല്ലോ – അരണിമഥനത്താൽ ആവിർഭവിച്ചുവല്ലോ. വിദൂരാൽ = അകലത്തുനിന്ന്.

[3]ചിലർ – അധ്വര്യുപ്രഭൃതികൾ. അങ്ങു പോകും – ഹോമിപ്പാൻ. ചിലർ – ഉദ്ഗാതാവും മറ്റും.

[4]പട = സേന. ആണ്ടോനെ – മുഴുകിയ അഗ്നിയെ. പുരാണരാകുന്ന മിത്രങ്ങൾ – ചിരന്തനസുഹൃത്തുക്കളായ ദേവന്മാർ. സിംഹത്തെപ്പോലവേ – ഗുഹയിലിരിയ്ക്കുന്ന സിംഹത്തെ എന്നപോലെ.

[5] നിലീനന്‍ = ഒളിച്ചവന്‍. തെണ്ടിയെ – അലഞ്ഞുനടക്കുന്ന മകനെ അച്ഛന്‍ പിടിച്ചുകൊണ്ടുപോകുന്നതുപോലെ. സമീരണന്‍ = വായു.

[6] വാനോർക്കായ് – ദേവന്മാരെ യജിപ്പാൻ.

[7] അർഭകനെയും – അജ്ഞനെപ്പോലും

[8] ഋത്വിക്കുകളോട്: പള്ളികൊള്ളും – വിറകുകളിലും ഓഷധികളിലും ശയിയ്ക്കുന്ന.

[9] ആയിരം – മുവ്വായിരത്തിമുന്നൂററിമുപ്പത്തൊമ്പതു ദേവന്മാര്‍. ഹോമകാരന്‍ = ഹോതാവ്, അഗ്നി.

സൂക്തം 10.

വിശ്വാമിത്രന്‍ ഋഷി; ഉഷ്ണിക് ഛന്ദസ്സ്; അഗ്നി ദേവത. (‘മാബലി നാടുവാണീടുംകാലം’ എന്ന മട്ടില്‍)

ഭൂവാസികൾക്കൊരു തമ്പുരാനും
ദേവനുമായ ഭവാനെയഗ്നേ,
ഉദ്ദീപിപ്പിച്ചുപോരുന്നു, നന്നായ്-
ബുദ്ധിയുള്ളാളുകളധ്വരത്തില്‍! 1
മർത്ത്യർ പുകഴ്ത്തുന്നു, ഹോതാവാകു-
മൃത്വിക്കായുള്ള ഭവാനെയഗ്നേ;
സത്യത്തിൻപാലകനായിബ്ഭവാൻ
കത്തിജ്ജ്വലിച്ചാലും, തൻഗൃഹത്തില്‍! 2
ജാതവേദസ്സാകുമങ്ങയ്ക്കഗ്നേ,
യാതൊരാളേകുമോ, ഹവ്യങ്ങളെ;
ഉണ്ടാമവന്നു സുവീര്യശാലി,-
യുണ്ടാമവന്നു സമൃദ്ധികളും! 3
യാഗങ്ങൾതന്‍ ധ്വജമഗ്നിയവ-
നാഗമിയ്ക്കട്ടേ, ഹവിഷ്മാന്നായി
ഹോതാക്കളേഴ്‌വരാൽത്തേപ്പിയ്ക്കപ്പെ-
ട്ടാ,ദിതേയന്മാരോടൊന്നിച്ചുതാൻ! 4
മേധാവികൾക്കുള്ള തേജസ്സേന്തും
ധാതാവും ഹോതാവുമാമഗ്നിയ്ക്കായ്
സംഭരിച്ചീടുവിൻ, നിങ്ങൾ ചെമ്മേ
മുമ്പുളേളാര്‍ നിർമ്മിച്ച വന്മൊഴികൾ! 5
ചേണുറ്റ ചോറ്റിനും സ്വത്തിനുമായ്,-
ക്കാണപ്പെടേണ്ടുന്നൊരീയഗ്നിയെ
വർദ്ധിപ്പിച്ചീടട്ടെ, നമ്മൾതൻ വാ-
ക്കത്രയും സ്തുത്യനായ്ത്തീരുമാറേ! 6
ദേവകാമന്നായ്,സ്സുയഷ്ടാവു നീ
ദേവരെപ്പൂജിയ്ക്കുക,ധ്വരത്തില്‍:
മാദകൻ ഹോതാവു നീയിങ്ങഗ്നേ,
മാററാരെത്തള്ളി ലസിപ്പോനല്ലോ! 7
ഞങ്ങൾക്കു പാവക, വീറും ശ്രീയും
തിങ്ങുമാറുജ്ജ്വലിച്ചാലു,മാ നീ;
സ്തോത്രങ്ങൾ ചൊല്‍വോര്‍തന്‍ ക്ഷേമത്തിന്നായ്-
പ്പാർത്താലു,മേറ്റമടുക്കല്‍ത്തന്നേ! 8
സ്തോത്രങ്ങൾ ചൊല്ലുന്ന മേധാവിമാ-
രാസ്ഥയോടുജ്ജ്വലിപ്പിച്ചിടുന്നു,
അവ്യയനും, ബലാല്‍ വർദ്ധിപ്പോനും,
ഹവ്യം വഹിപ്പോനുമായ നിന്നെ! 9
കുറിപ്പുകൾ: സൂക്തം 10.

[2] തൻഗൃഹം – യാഗശാല.

[3] സുവീര്യശാലി – നല്ല വീര്യമുള്ള പുത്രന്‍.

[4] തേപ്പിയ്ക്കപ്പെട്ട് – സോമ-ഘൃതാഹുതികൾകൊണ്ട്.

[5] ഹോതാക്കളോടും മറ്റും പറയുന്നു: വന്മൊഴികൾ – സ്തോത്രങ്ങൾ.

[6] കാണപ്പെടേണ്ടുന്ന = ദർശനീയനായ. വാക്ക് – സ്തുതി.

[7] മാദകന്‍ – യജമാനാഹ്ലാദകന്‍.

[8] വീറ് = വീര്യം. ശ്രീ – തേജസ്സ്. ആ – താദൃശനായ.

സൂക്തം 11.

വിശ്വാമിത്രന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.

യജ്ഞത്തെശ്ശരിയായ്ക്കണ്ട ഹോതാവ,ഗ്നി പുരോഹിതന്‍:
അറിഞ്ഞിരിപ്പോന,വിടുന്നധ്വരത്തെ യഥാക്രമം. 1
അന്നാർത്ഥം നിഹിതൻ ദൂതനാഗ്രഹിപ്പോനനശ്വരൻ;
ആ ഹവ്യവാഹനാമഗ്നി മനീഷയൊടു ചേർന്നവൻ! 2
അഗ്നി യജ്ഞധ്വജം ധീയാലറിയുന്നു, ചിരന്തനൻ;
അവന്റെ തേജസ്സകലെപ്പോക്കുമല്ലോ, തമസ്സിനെ! 3
ജാതവേദസ്സു, കെല്പിന്റെ പുത്രൻ, ചൊല്ക്കൊണ്ട ശാശ്വതൻ;
ഈയഗ്നിയെ ഹവിർവാഹനാക്കിവെച്ചിതു, ദേവകൾ. 4
അഗ്നി, മാനുഷജാതിയ്ക്കു മുൻനടപ്പോൻ, ത്വരാന്വിതൻ,
തള്ളാവുന്നവനല്ലാത്തോന്‍, പള്ളിത്തേരെ,പ്പൊഴും നവന്‍! 5
എതിരാളരെയൊട്ടുക്കു തട്ടിനീക്കുമഹിംസിതന്‍,
അതിമാത്രപ്രഭൂതാന്നന,ഗ്നി ദൈവതപോഷകൻ! 6
ഹവിസ്സേകും നരൻ വോഢാവിങ്കല്‍നിന്നന്നമെങ്ങുമേ
നേടുന്നു, പാവനാർച്ചിസ്സിൻപക്കല്‍നിന്നു നികേതവും! 7
പ്രാജ്ഞരേ, ജാതവേദസ്സാമഗ്നിയ്ക്കു നുതി ചൊല്ലി നാം
കൈവരുത്തുക, കാംക്ഷിച്ച ധനമൊക്കയുമെങ്ങുമേ! 8
അഗ്നേ, ഞങ്ങൾക്കടര്‍കളില്‍, പ്രാർത്ഥിയ്ക്കേണ്ടുന്നതൊക്കയും
കിട്ടേണമേ: നിങ്കലല്ലോ പൂകിമേവുന്നു, ദേവകൾ! 9
കുറിപ്പുകൾ: സൂക്തം 11.

[2] അന്നാർത്ഥം നിഹിതന്‍ – ഹവിസ്സ്വീകരണത്തിന്നു സ്ഥാപിതന്‍. ആഗ്രഹിപ്പോന്‍ – ഹവ്യേച്ഛു. മനീഷ = പ്രജ്ഞ, കർമ്മജ്ഞാനം.

[3] അറിയുന്നു – എല്ലാം.

[5] മുൻനടപ്പോന്‍ – നേര്‍വഴി കാട്ടിക്കൊണ്ട്. ത്വരാന്വിതന്‍ – മനുഷ്യരെ കർമ്മങ്ങളില്‍ പ്രവർത്തിപ്പിച്ചനുഗ്രഹിപ്പാന്‍ വെമ്പുന്നവൻ. പള്ളിത്തേര്‍ – ദേവകൾക്കു ഹവിസ്സു കൊണ്ടുപോകുന്ന രഥം. എപ്പൊഴും നവൻ = നിത്യനൂതനന്‍.

[6] അതിമാത്രപ്രഭൂതാന്നന്‍ = ഏറ്റവും പ്രഭൂതാന്നന്‍, അന്നസമൃദ്ധന്‍. ദൈവതപോഷകന്‍ = ദേവന്മാരെ പോറ്റുന്നവൻ.

[7] വോഢാവ് – ഹവ്യവാഹന്‍. നികേതം = ഗൃഹം.

[8] ഹോതാവിനോടും മറ്റും:

[9] പ്രാർത്ഥിയ്ക്കേണ്ടുന്നത് – ധനം.

സൂക്തം 12.

വിശ്വാമിത്രൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രാഗ്നികൾ ദേവത.

ഇന്ദ്രാഗ്നിമാരേ, വരുവിന്‍, വിണ്ണില്‍നിന്നിസ്തവങ്ങളാല്‍:
പിഴിഞ്ഞ സംസേവ്യമിതു കുടിപ്പിൻ, കർമ്മസക്തരായ്! 1
ഇന്ദ്രാഗ്നിമാരേ, മുൻഭാഗത്തെത്തുന്നൂ, യജ്ഞസാധനം;
കുടിപ്പിനീ, നീരിവയാല്‍ സ്തോതൃമിത്രം സുതർപ്പണം! 2
വരിപ്പനി,ന്ദ്രാഗ്നികളെ ക്രതുചോദിതനായ ഞാൻ:
സോമത്താൽത്തൃപ്തരാകട്ടെ,യിങ്ങാ സ്തോതൃപരായണര്‍! 3
വിളിപ്പനിന്ദ്രാഗ്നികളെ, ധ്വസ്താഘരെ,യരിഘ്നരെ,
അന്നമേറ്റം തരുന്നോരെ,ത്തോല്ക്കാത്ത സമജൈത്രരെ! 4
ചൊല്ലിയും പാടിയും പൂജിയ്ക്കുന്നൂ, സ്തോതാക്കള്‍ നിങ്ങളെ;
വരിപ്പനിന്ദ്രാഗ്നികളേ, ഞാനുമന്നാഗമത്തിനായ് 5
ഒന്നിച്ചൊറ്റയൊരുമ്പാടാല്‍ നിങ്ങളിന്ദ്രഹുതാശ്വാ,
കുലുക്കിയല്ലോ, തൊണ്ണൂറു പറ്റലര്‍പ്പട്ടണങ്ങളെ! 6
സ്തോത്രങ്ങളിന്ദ്രാഗ്നികളേ, പെരുമാറുന്നു മേന്മയിൽ,
യജ്ഞമാർഗ്ഗാനുസാരേണ കർമ്മത്തിന്‍ നാലിടത്തുമേ! 7
അന്നങ്ങളും കെല്പുകളും സഹവർത്തികൾ നിങ്ങളിൽ;
നിക്ഷിപ്ത,മിന്ദ്രാഗ്നികളേ, നിങ്ങളില്‍ പ്രേരകത്വവും! 8
വിണ്‍ വിളങ്ങിയ്ക്കുവോര്‍ നിങ്ങളണി ചാർത്തുന്നു പോര്‍കളില്‍;
അതുകൊണ്ടറിയാ,മിന്ദ്രാഗ്നികളേ, നിങ്ങൾതന്‍ തിറം! 9
കുറിപ്പുകൾ: സൂക്തം 12.

[1] ഇത് – സോമം. കർമ്മസക്തരായ് – ഞങ്ങളുടെ കർമ്മത്തില്‍ ശ്രദ്ധവെച്ച്.

[2] മുന്‍ഭാഗത്ത് – നിങ്ങളുടെ മുമ്പില്‍. ഇവയാല്‍ – ഞങ്ങളുടെ സ്തുതികളാൽ. സ്തോതൃമിത്രം – സ്തോതാക്കളെ സ്വർഗ്ഗാദിഫലപ്രാപ്തിയിൽ സഹായിയ്ക്കുന്നതു്. സുതർപ്പണം – ഇന്ദ്രിയങ്ങൾക്കു തൃപ്തിവരുത്തുന്നത്. രണ്ടും നീരിന്റെ വിശേഷണം.

[3] ക്രതുചോദിതന്‍. – ക്രതു(യജ്ഞ)സാധനത്താല്‍ (സോമത്താല്‍) പ്രേരിതന്‍; സോമം കിട്ടിയതിനാല്‍ യജ്ഞം ച്ചെയ്യാനൊരുങ്ങിയവന്‍.

[4] സമജൈത്രര്‍ = ഒരേമട്ടില്‍ ജയിയ്ക്കുന്നവര്‍.

[5] ചൊല്ലിയും പാടിയും – സ്തോത്രം ചൊല്ലിയും, സാമം പാടിയും. അന്നാഗമം = അന്നലബ്ധി.

[7] കമ്മത്തിലെങ്ങും നിങ്ങൾ പ്രകർഷേണ സ്തുതിയ്ക്കപ്പെടുന്നു.

[8] സഹവർത്തികൾ = കൂടെപ്പാർക്കുന്നവ. പ്രേരകത്വം – മഴപെയ്യിച്ച്, അന്നമുല്‍പാദിപ്പിച്ചു യജ്ഞത്തിന്നു പ്രേരിപ്പിയ്ക്കല്‍; ഇതും നിങ്ങളില്‍ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു.

[9] അണി ചാർത്തുന്നു – ജയശ്രീഭൂഷിതരാകുന്നു, വിജയം നേടുന്നു. തീറം = ത്രാണി.

സൂക്തം 13.

വിശ്വാമിത്രപുത്രന്‍ ഋഷഭന്‍ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (‘താമരക്കണ്ണൻ’ പോലെ.)

നിങ്ങൾതൻ ദേവനാമീയഗ്നിയെ-
ത്തുംഗവാക്യത്താല്‍ വാഴ്ത്തുവിന്‍:
വാനവരൊത്തു വന്നാ യജിഷ്ഠൻ
വാണരുളട്ടേ, ദർഭയില്‍! 1
രോദസ്സുകളും രക്ഷിതാക്കളു-
മാര്‍തൻ കെല്പിനെസ്സേവിപ്പൂ;
അസ്സത്യാത്മാവെ വാഴ്ത്തുന്നു, രക്ഷ-
യ്ക്കർത്ഥകാമര്‍ ഹവിഷ്മാന്മാർ! 2
യന്താവി,വർക്കദ്ധീമാനാമഗ്നി;
യജ്ഞങ്ങൾക്കുമദ്ദേഹംതാൻ;
സേവിപ്പിൻ, നിങ്ങളാ നിജാഗ്നിയെ,
ശ്രീവിധായിയാം ദാതാവെ! 3
വിണ്മന്നന്തരിക്ഷങ്ങളിലുള്ള
വന്മുതല്‍, നമുക്കാരാലോ;
ആയഗ്നി നമുക്കേകട്ടേ, സുഖ-
പ്രായഗൃഹങ്ങൾ കർമ്മാർത്ഥം! 4
ഋദ്ധാഭൻ പ്രജാപാലൻ ഹോതാവു
നിത്യനവീനനഗ്നിയെ
വർദ്ധിപ്പിയ്ക്കുന്നൂ, തൻതിരുമേനി-
യ്ക്കൊത്ത കർമ്മത്താല്‍ സ്തോതാക്കൾ! 5
കാത്താലു,മസ്മൽക്കര്‍മ്മസ്തോത്രങ്ങൾ
പേർത്തും ദേവാഹ്വാതാവാം നീ;
വായുവർദ്ധിത, നല്കി,ങ്ങു സുഖ-
മായിരം തരും നീയഗ്നേ! 6
നീയഗ്നേ, തരികെ,ങ്ങൾക്കു ചിക്കെ-
ന്നായിരപ്പടി വന്മുതല്‍,
സദ്വീര്യപുഷ്ട്രിസന്താനകര,-
മത്യയഹിനമുജ്ജ്വലം! 7
കുറിപ്പുകൾ: സൂക്തം 13.

[1] തുംഗവാക്യം – ഉയർന്ന (മഹത്തായ) സ്തോത്രം. യജിഷ്ഠന്‍ – വലിയ യഷ്ടാവ്. ഹോതാവിനോടും മറ്റും യജമാനന്‍ പറയുന്നതാണിത്.

[2] രക്ഷിതാക്കൾ = ദേവന്മാർ; ദ്യാവാപൃഥിവികളും ദേവന്മാരും അഗ്നിയ്ക്കധീനരാണ്. അര്‍ത്ഥകാമര്‍ = ധനേച്ഛുക്കള്‍

[3] ഇവര്‍ – ഹവിഷ്മാന്മാര്‍, യജമാനന്മാര്‍. യജ്ഞങ്ങൾക്കും അദ്ദേഹം തന്നെ യന്താവ് (നിയാമകന്‍). ആ നിജാഗ്നിയെ (സ്വന്തം അഗ്നിയെ) നിങ്ങൾ (ഋത്വിക്കുകൾ) സേവിപ്പിന്‍ (പരിചരിയ്ക്കുവിൻ). ശ്രീവിധായി = സമ്പല്‍ക്കരൻ.

[4] ആരാലോ – ആരുടെ പ്രസാദത്താലോ നമുക്കു കിട്ടുന്നു. സുഖപ്രായഗൃഹങ്ങൾ = സുഖമേറിയ ഗൃഹങ്ങൾ. കർമ്മാർത്ഥം = കമ്മാനുഷ്ഠാനങ്ങൾക്ക്.

[5] ഋദ്ധാഭൻ = ശോഭ വളർന്നവന്‍. തൻതിരുമേനിയ്ക്കൊത്ത – തദ്വിഷയകമായ.

[6] അസ്മല്‍(ഞങ്ങളുടെ) കർമ്മവും സ്തോത്രവും കാത്താലും – ഏറ്റക്കുറവുവരാതെ രക്ഷിച്ചാലും. പേർത്തും ദേവാഹ്വാതാവ് – വീണ്ടും വീണ്ടും ദേവന്മാരെ വിളിയ്ക്കുന്നവൻ. ഇങ്ങു – ഞങ്ങൾക്ക്. ആയിരം തരും – ആയിരം ധനം നല്കുന്ന.

[7] സദ്വീര്യപുഷ്ടിസന്താനകരം = നല്ല വീര്യം, ദേഹപുഷ്ടി, സന്താനങ്ങൾ എന്നിവയെ ഉളവാക്കുന്നത്. അത്യയഹീനം – എത്ര ചെലവുചെയ്താലും ക്ഷയിയ്ക്കാത്തത്. ഉജ്ജ്വലം – രത്നകനകാദികൾകൊണ്ടു തിളങ്ങുന്നത്. മൂന്നും വന്മുതലിന്റെ വിശേഷണങ്ങൾ.

സൂക്തം 14.

ഋഷഭൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കേക)

ഹോതാവു ഹർഷിപ്പിപ്പോൻ സത്യവാന്‍ യഷ്ടാവഗ്നി
ധാതാവു മേധാശാലി മേധത്തിന്നെഴുന്നള്ളും:
തിളങ്ങും പള്ളിത്തേരില്‍ക്കേറുമശ്ശോചിഷ്കേശ-
നൊളി വീശുന്നൂ, കെല്പിൻപുത്രനന്തരിക്ഷത്തില്‍. 1
ചൊല്ലുന്നേനുണര്‍വേകുമങ്ങയ്ക്കു നമസ്കാരം;
കല്യ, സത്യാത്മൻ, കൈക്കൊൾക,ങ്ങിതു യജനീയ:
അറിവുറേറാരെക്കൊണ്ടുവരിക, വിജ്ഞൻ ഭവാൻ;
വിരിദർഭയിലിരുന്നരുൾക, സംരക്ഷയ്ക്കായ്! 2
അന്നമുണ്ടാക്കും പകലല്ലുകൾ നിങ്കല്‍ച്ചേരു-
ക; – ങ്ങുന്നുമഗ്നേ, ചെല്ക, വായുവീഥിയിലൂടേ;
തുകിടുമല്ലോ, ഹവ്യം പൂർവനാം നിങ്കൽപ്പാടേ;
വാഴ്ക, വാഴ്കവ ഗേഹേ, തേര്‍നുകത്തണ്ടില്‍പ്പോലേ! 3
മിത്രനും, വരുണനും ദേവകളെല്ലാവരും
ശക്തിസൂനുവാമഗ്നേ, സ്തോത്രമോതുന്നൂ നിങ്കല്‍:
മർത്ത്യർക്കായ്ക്കതിർകളെപ്പരത്തിത്തേജസ്സോടേ
വർത്തിയ്ക്കുന്നവനല്ലോ, ബലവാന്‍ സൂര്യന്‍ ഭവാൻ! 4
കൈമലർന്നവരെങ്ങളിപ്പൊഴുതർപ്പിയ്ക്കുന്നൂ,
കാമ്യമങ്ങയ്ക്കു: നമസ്കാരത്താൽ പ്രസന്നനായ്
മേധാഭിലാഷത്തോടേ പൂജിയ്ക്ക ദേവന്മാരെ
മേധാവി ഭവാനഗ്നേ, വളരെ സ്തോത്രങ്ങളാല്‍! 5
വളരെസ്സംരക്ഷയുമന്നവും കർമ്മോദ്യുക്ത-
ന്നുളവാകുന്നുണ്ടല്ലോ; നിങ്കല്‍നിന്നൂര്‍ജ്ജസ്സൂനോ:
വിത്തമായിരം കല്പിച്ചേകുക, ഞങ്ങൾക്കു നീ-
യദ്രോഹവചസ്സായ സത്യവാനെയുമഗ്നേ! 6
യാഗത്തിലഗ്നേ, ദേവ, മർത്ത്യരാം ഞങ്ങളെവ-
യേകിയോ, ഭവാനു കെല്പുറേറാനേ, കവിപ്രജ്ഞ;
ആസ്വദിച്ചാലുമവയൊക്കെയിങ്ങമൃത, നീ;
ഭാസ്വരരഥർക്കെല്ലാമാൾ നീയെന്നറിഞ്ഞാലും! 7
കുറിപ്പുകൾ: സൂക്തം 14.

[1] മേധം = യാഗം.

[2] പ്രത്യക്ഷോക്തി: കല്യ – ബലവാനേ. ഇത് – നമസ്കാരോക്തി. അറിവുറേറാര്‍ – ദേവന്മാര്‍.

[3] ചെല്ക – ദിനരാത്രികളുടെ അരികത്തെയ്ക്കു ചെല്ലുക. വായുവീഥി – ആകാശം. പ്രഭാതത്തിലും സായംകാലത്തുമാണല്ലോ, പൂർവ(പുരാതന)നായ ഭവാങ്കല്‍ ഹവ്യം തൂകുക; അതിനാല്‍ അവ (പകലല്ലുകൾ) ഞങ്ങളുടെ ഗേഹത്തില്‍ വാഴ്ക വാഴ്ക – വീണ്ടും വീണ്ടും വസിയ്ക്കട്ടെ. തേര്‍നുകത്തണ്ടില്‍ – ഈഷകൾ (നുകത്തണ്ടിന്റെ ഇരുവശത്തും വെയ്ക്കുന്ന മരപ്പട്ടികകൾ – ‘ഇരുപ്പടി’ –)നില്ക്ന്നതുപോലെ.

[4] ശക്തിസൂനു – അരണിമഥനബലത്തിന്റെ പുത്രന്‍. സൂര്യന്‍ = ശോഭനവീര്യന്‍.

[5] കൈമലർന്നവര്‍ – ഹവിസ്സെടുത്തതിനാല്‍ കൈ മലർന്നവരായ. കാമ്യം – കമനീയമായ പുരോഡാശവും മറ്റും. മേധാഭിലാഷം = യാഗേച്ഛ.

[6] ഊർജ്ജസ്സൂനോ = ബലത്തിന്റെ മകനേ. അദ്ദോഹവചസ്സ് – ആർക്കും ഉപദ്രവമുണ്ടാക്കാതെ സംസാരിയ്ക്കുന്നവൻ. സത്യവാനെയും – സത്യവാനായ പുത്രനെയും കല്പിച്ചേകുക.

[7] ഭാസ്വരരഥര്‍ – ശോഭനമായ തേരുള്ളവര്‍, യജമാനന്മാര്‍. ആൾ – രക്ഷിതാവ്.

സൂക്തം 15.

കതഗോത്രക്കാരന്‍ ഉല്‍കീലന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കേക)

പുരുതേജസ്സാലേറ്റം വിളങ്ങും ഭവാന്‍ മുടി-
ച്ചരുൾക, മാററാരെയും ശക്തരാക്ഷസരെയും:
അഗ്ര്യമാം സുഖം നല്കും പെരിയ സുഹവനാ-
മഗ്നിയെ നയിയ്ക്കുമാറാക, ഞാന്‍ സുഖത്തിന്നായ് ! 1
ഇപ്പുലര്‍കാലത്തു നീ, ഭാസ്കരോദയത്തില്‍ നീ-
യിപ്പരിഷയ്ക്കു പരിത്രാതാവെന്നറിഞ്ഞാലും:
അച്ഛനുണ്ണിയെയെന്നപോലവേ ലാളിയ്ക്ക, നീ
നിച്ചലും മല്‍സ്തോത്രത്തെസ്സുപ്രഭാംഗനാമഗ്നേ! 2
വളരെജ്ജ്വാലകളെ വർഷക, മുറയ്ക്കല്ലിൽ-
ത്തിളങ്ങിത്തെളിയിയ്ക്ക, മർത്ത്യദർശി നീയഗ്നേ;
നീക്കുക പാപം വസോ; കിട്ടിയ്ക്ക ഫലം; സിദ്ധ-
മാക്കുകെ,തങ്ങൾതന്‍ വിത്തകാമം നീ യുവതമ! 3
മാററാര്‍തൻ പുരികളും സമ്പത്തുമെല്ലാം കീഴ്‌വെ-
ച്ചേറ്റമാളുക, വർഷിൻ, തോല്ക്കാത്ത ഭവാനഗ്നേ;
നടത്തുകൊ,ന്നാമതാം ഫലദമഹായജ്ഞം,
വടിവില്‍ നയിയ്ക്കുവാനറിവുള്ളോനാം ഭവാന്‍! 4
വിടവു പെടായ്കു,മ്പർക്കുള്ള സല്‍ക്കർമ്മങ്ങൾക്കി,-
ങ്ങുടലില്‍ജ്ജര കേറ്റുമുജ്ജ്വല, സുമേധസ്സേ;
വണ്ടിപോല,നങ്ങാതങ്ങോട്ടു വാങ്ങുക, ഹവ്യം;
ഉണ്ടാക്കുകൊ,ളി ഭവാൻ വാനൂഴികളിലഗ്നേ! 5
കൈവളർത്തുക; തരിക,ന്നവുമഗ്നേ, വർഷിൻ;
ദേവ, ദേവകളൊന്നിച്ചുജ്ജ്വലശ്രീയാം ഭവാന്‍
സുഷ്ഠുവായ്ച്ചുരത്തിയ്ക്ക, വാനൂഴികളെ ഞങ്ങൾ;-
ക്കൊട്ടുമെങ്ങളിലേശായ്കെ,തിരാളിതന്‍ ദ്രോഹം! 6

അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും; ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകണം; അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 7

കുറിപ്പുകൾ: സൂക്തം 15.

[1] ശക്തരാക്ഷസര്‍ = ത്രാണിയുള്ള രക്ഷസ്സുകൾ. സുഹവന്‍ = ശോഭനാഹ്വാനൻ. നയിയ്ക്കുക – ഉത്തരവേദിയിലും മറ്റും കൊണ്ടുപോവുക.

[2] ഇപ്പരിഷ – ഞങ്ങൾ.

[3] മുറയ്ക്ക് – ക്രമേണ. മര്‍ത്ത്യദർശി – മനുഷ്യരുടെ ശുഭാശുഭകർമ്മങ്ങൾ കാണുന്നവന്‍. വിത്തകാമം (ധനാഭിലാഷം) സിദ്ധമാക്കുക – നിറവേറ്റുക.

[4] ഒന്നാമത്തെ മഹായജ്ഞം, ജ്യോതിഷ്ടോമമത്രേ.

[5] ഉടലില്‍ജ്ജര കേറ്റും – സർവപ്രാണികളുടെയും ശരീരത്തില്‍ അവസാനകാലത്തു ജര പിടിപ്പിയ്ക്കുന്ന. വണ്ടി – ധാന്യങ്ങളും മറ്റും കേറ്റപ്പെട്ട്, ഉടമസ്ഥങ്കലെത്തിയ്ക്കുന്ന ശകടം.

[6] കൈവളർത്തുക – ഞങ്ങൾക്ക് അഭിലഷിതഫലങ്ങൾ വർദ്ധിപ്പിയ്ക്കുക. വാനൂഴികളെ സുഷ്ഠുവായ് (നന്നായി) ചുരത്തിയ്ക്ക – മഴയും സസ്യങ്ങളും വേണ്ടുവോളം ഞങ്ങൾക്കു കിട്ടട്ടെ എന്നു സാരം.

സൂക്തം 16.

ഉല്‍കീലന്‍ ഋഷി; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സ്; അഗ്നി ദേവത. (മഞ്ജരി)

ശോഭനവീര്യമിണങ്ങും മഹത്തായ
സൌഭാഗ്യത്തിന്നു പോന്നോ,നീയഗ്നി;
സുപ്രജാഗോയുക്തസ്വത്തിന്നു പോന്നവന്‍
കില്ബിഷോച്ഛിത്തിയ്ക്കും പോന്നോൻതന്നെ! 1
ദുർവിചാരക്കാരെപ്പോര്‍കളില്‍ത്തോല്പിയ്ക്കും –
സർവദാ വൈരിയെക്കൊല്ലുമെവര്‍ –
ആ മരുത്തുക്കളേ, നിങ്ങളിസ്സൌഖ്യദ-
ശ്രീമാങ്കല്‍ച്ചെല്ലുവിൻ, നേതാക്കളേ! 2
തദ്വിധന്‍ നീ മൂർച്ചകൂട്ടുക, ഞങ്ങളെ
വിത്താഢ്യനായ വൃഷാവാമഗ്നേ,
സുപ്രജാവീര്യൌർജ്ജിത്യാരോഗ്യഹേതുവാ-
മല്പേതരമായ സമ്പത്തിനാല്‍! 3
പാരൊക്കെസൃഷ്ടിച്ചോൻ, ഭാരം വഹിപ്പവ,-
നാരാധിപ്പോനി,വന്‍ ദേവന്മാരെ;
സ്തോതാക്കന്മാരിലും പോരിലും ചെല്ലുന്നൂ,
നേതാക്കന്മാരുടെ ‘ശസ്ത്ര’ത്തിലും! 4
വിട്ടുകൊടുക്കൊല്ലാ ഞങ്ങളെശ്ശക്തിജ,
കഷ്ടപ്പാടിന്നുമപുത്രതയ്ക്കും
ഗോരാഹിത്യത്തിന്നും നിന്ദയ്ക്കുമഗ്നേ, നീ;
ദൂരീകരിയ്ക്കേണം, ദ്വേഷങ്ങളും! 5
പാരിച്ച സപ്രജമാകുമന്നത്തിനു
പോരുവോൻ, യജ്ഞേ സുഭഗ, ഭവാൻ:
ഭൂരിദ്രവിണ, തരേണമേ, സൌഖ്യവും
പേരും വളർത്തും വൻസമ്പത്തഗ്നേ! 6
കുറിപ്പുകൾ: സൂക്തം 16.

[1] സൌഭാഗ്യത്തിന്നു പോന്നോന്‍ – സൌഭാഗ്യം നല്കാൻ ശക്തനാണ്. കില്ബിഷോച്ഛിത്തി = പാപത്തെ നശിപ്പിയ്ക്കൽ.

[2] സൌഖ്യദശ്രീമാൻ = സൌഖ്യം നല്കുന്ന സമ്പത്തുകളോടുകൂടിയവൻ.

[3] തദ്വിധൻ = അപ്രകാരമിരിയ്ക്കുന്നവന്‍. മൂർച്ചകൂട്ടുക – കർമ്മസമർത്ഥരാക്കുക. ഔര്‍ജ്ജിത്യം = ബലം.

[5] ശക്തിജ – ബലജാത. കഷ്ടപ്പാട് – ദാരിദ്യം. അപുത്രത – മക്കളില്ലായ്ക. ഗോരാഹിത്യം = മാടുകളില്ലായ്ക.

[6] ഭൂരിദ്രവിണ = വളരെദ്ധനമുള്ളവനേ. പേരും = യശസ്സും.

സൂക്തം 17.

വിശ്വാമിത്രപുത്രൻ കതന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

ധർമ്മങ്ങളില്‍ മുമ്പേ ഉജ്ജ്വലിപ്പിയ്ക്കപ്പെടുന്നവനും, ഏവർക്കും വരണീയനും, ശോചിഷ്കേശനും, നെയ്യുരുക്കുന്നവനും, ശുദ്ധി വരുത്തുന്നവനും, സുയജ്ഞനുമായ അഗ്നിയില്‍, ദേവകളെ യജിപ്പാൻവേണ്ടി നെയ്യും മറ്റും തൂകുന്നു. 1

അഗ്നേ, ജാതവേദസ്സേ, കർമ്മജ്ഞനായ ഭവാന്‍ ഭൂവിന്റെയും ദ്യോവിന്റെയും ഹോതാവായല്ലോ; അപ്രകാരം ഈ ഹവിസ്സുകൊണ്ടു ദേവന്മാരെ യജിച്ചാലും; ഇന്ന് ഈ യജ്ഞത്തെ, മനുവിന്റേതിനെപ്പോലെ മറുകരയിലെത്തിയ്ക്കുകയും ചെയ്താലും! 2

ജാതവേദസ്സേ, അങ്ങയ്ക്ക് അന്നങ്ങൾ മൂന്നുണ്ട്; അഗ്നേ, മൂന്നുഷസ്സുകൾ അങ്ങയുടെ അനുജത്തിമാരാകുന്നു. അവരോടുകൂടിയ വിദ്വാനായ ഭവാന്‍ അന്നം ദേവന്മാരിലെത്തിച്ചാലും; യജമാനന്നു സുഖവും വരുത്തുക! 3

ജാതവേദസ്സേ, നല്ല തേജസ്സും നല്ല കാഴ്ചയുമുള്ള സ്തുത്യനായ അഗ്നിയെ – നിന്തിരുവടിയെ – ഞങ്ങൾ സ്തുതിച്ചു പൂജിയ്ക്കുന്നു: നിസ്സംഗനും അമൃതിന്റെ ഇരിപ്പിടവുമായ നിന്തിരുവടിയെ ദേവന്മാര്‍ ഹവിസ്സു വഹിയ്ക്കുന്ന ദൂതനാക്കിവെച്ചു! 4

അഗ്നേ, അങ്ങയെക്കാൾ മുമ്പേ ഒരു അതിയഷ്ടാവായ ഹോതാവു സ്വധയോടുകൂടി രണ്ടിടത്തുമിരുന്നു സുഖമുളവാക്കിയല്ലോ; വിദ്വൻ, അദ്ദേഹത്തിന്റെ ധർമ്മം നോക്കി ഭവാന്‍ യജിച്ചാലും. അങ്ങനെ ഞങ്ങളുടെ യാഗം ദേവകൾക്കു പ്രീതികരമാക്കിയാലും! 5

കുറിപ്പുകൾ: സൂക്തം 17.

[1] ധർമ്മങ്ങൾ – യജ്ഞങ്ങൾ.

[3] നെയ്യ്, സസ്യം, സോമം എന്നിവയത്രേ, മൂന്നന്നങ്ങൾ. മൂന്നുഷസ്സുകൾ – പ്രജാരക്ഷിണിയും അന്നരക്ഷിണിയും രാഷ്ട്രരക്ഷിണിയുമായ ഉഷോദേവതകൾ.

[5] സ്വധ – അന്നം, സോമം. രണ്ടിടം – മധ്യമോത്തമസ്ഥാനങ്ങൾ. സുഖം – യഷ്ടാക്കൾക്ക്.

സൂക്തം 18.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അഗ്നേ, ഭവാന്‍ ഇവിടെ വരാന്‍ കനിഞ്ഞു, തോഴന്‍ തോഴന്നും, അച്ഛനമ്മമാര്‍ മകന്നുമെന്നപോലെ ഞങ്ങൾക്കു കാര്യസാധകനായിബ്ഭവിച്ചാലും: മനുഷ്യര്‍ മനുഷ്യരെ തുലോം ഉപദ്രവിച്ചുകൊണ്ടിരിയ്ക്കുമല്ലോ; നേരിടുന്ന വൈരികളെ അങ്ങു ചുട്ടെരിയ്ക്കണം! 1

അഗ്നേ, ആക്രമിയ്ക്കുന്ന ശത്രുക്കളെ തപിപ്പിയ്ക്കുകു; ഹവിസ്സർപ്പിയ്ക്കാത്ത എതിരാളിയുടെ ആശ തപിപ്പിയ്ക്കുക; വസോ, അറിവുള്ള ഭവാൻ സല്‍ക്കർമ്മവിമുഖരെ തപിപ്പിയ്ക്കുക. അങ്ങനെ, അങ്ങയുടെ രശ്മികൾ തടവില്ലാത്തവയാകട്ടെ! 2

അഗ്നേ, ധനകാമനായ ഞാന്‍ ഭവാനു ദ്രുതഗതിയ്ക്കും ബലത്തിന്നുമായി, ചമതയോടും നെയ്യോടും കൂടി ഹവിസ്സു ഹോമിയ്ക്കുന്നു; ആവുന്നേടത്തോളം സ്തോത്രം ചൊല്ലി വന്ദിയ്ക്കുന്നു. അങ്ങ് ഈ സ്തുതിയെ, നൂറുനൂറായിക്കിട്ടുമാറു വിളങ്ങിച്ചാലും! 3

ബലത്തിന്റെ മകനേ, അവിടുന്നു കത്തിജ്ജ്വലിയ്ക്കുക: അഗ്നേ, സ്തുതിയ്ക്കപ്പെട്ട ഭവാൻ പുകഴ്ത്തുന്ന വിശ്വാമിത്രഗോത്രക്കാർക്കു വളരെ അന്നവും ധനവും രോഗശമവും ഭയശാന്തിയും കല്പിച്ചരുളുക; കർത്താവേ, ഞങ്ങൾ അങ്ങയുടെ തിരുമൈ വളരെത്തവണ കഴുകാം! 4

നല്ല ദാതാവായ അഗ്നേ, അവിടുന്നു കത്തിജ്ജ്വലിയ്ക്കുമ്പോൾത്തന്നെ, ധനങ്ങളില്‍വെച്ചു മികച്ചതു തന്നരുളിയാലും: സുഭഗനായ സ്തോതാവിന്റെ ഗൃഹത്തില്‍, ധനമുണ്ടാകുമാറു പെരുമാറുന്നവയാണല്ലോ, ഇരുതൃക്കൈകളും തിരുവുടലും! 5

കുറിപ്പുകൾ: സൂക്തം 18.

[3] നൂറുനൂറായി കിട്ടുമാറ് – ഞങ്ങൾക്കു ധനം വളരെ വളരെ കിട്ടത്തവണ്ണം.

[4] കഴുകാം – സോമരസാദികൾകൊണ്ട്.

[5] തൃക്കൈകൾ – ജ്വാലകൾ.

സൂക്തം 19.

ഗാഥി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

സ്തുതിയ്ക്കുന്ന, കവിയായ, സർവജ്ഞനായ, അമൂഢനായ അഗ്നിയെ ഞാന്‍ യജ്ഞത്തില്‍ ഹോതാവാക്കി വരിയ്ക്കുന്നു: ആ അതിയഷ്ടാവു ഞങ്ങളുടെ ദേവകളെ യജിയ്ക്കട്ടെ; ധനവും അന്നവും തരാനായി ഹവിസ്സുകൾ സ്വീകരിയ്ക്കുകയുംചെയ്യട്ടെ! 1

അഗ്നേ, ഹവിസ്സും നെയ്യും നിറച്ച, നല്ല ശോഭയുള്ള ജുഹു ഞാൻ അങ്ങയുടെ നേര്‍ക്കു നീട്ടുന്നു. ദേവകളെ ബഹുമാനിയ്ക്കുന്ന ഭവാന്‍ ദേയങ്ങളായ ധനങ്ങളോടുകൂടി, വലംവെച്ചു യജ്ഞത്തില്‍ സംബന്ധിച്ചാലും! 2

അഗ്നേ, ഭവാന്‍ ആരെ രക്ഷിയ്ക്കുന്നുവോ, അവന്റെ മനസ്സു ശുഷ്കാന്തിയുള്ളതായിത്തീരും; അവന്നു സത്സന്താനത്തെയും ധനത്തെയും കല്പിച്ചുനല്കുക. ഞങ്ങള്‍ ധനം പെരികെക്കൊണ്ടുവരുന്ന ഭവാന്റെ മഹിമയില്‍ ഉള്‍പ്പെടുമാറാകണം – അങ്ങയെ വഴിപോലെ സ്തുതിച്ചു സമ്പന്നരാകണം! 3

അഗ്നേ, തിരുമേനിയെ യജിയ്ക്കുന്ന ആളുകൾ വളരെസ്സൈന്യങ്ങളെ ഭവാങ്കല്‍ ഉണ്ടാക്കുന്നുണ്ടല്ലോ; ആ ഭവാന്‍ ദേവന്മാരെ വിളിച്ചാലും: ഹേ യുവതമ, ഇവിടെ ദിവ്യമായ തേജസ്സിനെ യജിയ്ക്കുന്നവനാണല്ലോ, ഭവാന്‍! 4

അഗ്നേ, യജനത്തിന്ന് ഋത്വിക്കുകൾ ഹോതാവായ ഭവാനെ യജ്ഞത്തിലിരുത്തി, കുളിപ്പിച്ചുവല്ലോ; ആ ഭവാനാണ്, ഇതില്‍ ഞങ്ങൾക്കു രക്ഷിതാവെന്ന് അറിഞ്ഞാലും. ഞങ്ങളുടെ കിടാങ്ങൾക്ക് ആഹാരവും കൊടുക്കുക! 5

കുറിപ്പുകൾ: സൂക്തം 19.

[1] സ്തുതിയ്ക്കുന്ന – ദേവകളെ.

[2] ദേയങ്ങൾ – ഞങ്ങൾക്കു തരേണ്ടുന്നവ.

[3] ശുഷ്കാന്തി – സല്‍ക്കർമ്മങ്ങളില്‍ നിശിതമായ ശ്രദ്ധ. മഹിമയില്‍ ഉൾപ്പെടുക – അങ്ങയുടെ ധനദാനത്തിന്നു പാത്രങ്ങളാവുക എന്നു സാരം.

[4] സൈന്യങ്ങൾ – ജ്വാലകൾ. ദിവ്യമായ തേജസ്സിനെ – ദേവഗണത്തെ.

[5] കുളിപ്പിച്ചുവല്ലോ – നെയ്യാടിച്ചുവല്ലോ. ഇതില്‍ – ഈ കർമ്മത്തില്‍.

സൂക്തം 20.

ഗാഥി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകളും അഗ്നിയും ദേവത.

അഗ്നി, ഉഷസ്സ്, അശ്വികൾ, ദധിക്രാവ് എന്നിവരെ ഹോതാവു പുലര്‍കാലത്ത് ഉക്ഥങ്ങൾകൊണ്ടു വിളിയ്ക്കുന്നു; ഇതു, ഞങ്ങളുടെ യജ്ഞത്തെ ഇച്ഛിയ്ക്കുന്ന സുപ്രഭരായ ദേവന്മാര്‍ ഒത്തൊരുമിച്ചു കേൾക്കട്ടെ! 1

അഗ്നേ, യജ്ഞങ്ങളില്‍ ജനിച്ചവനേ, അങ്ങയ്ക്കു മൂന്നന്നവും, മൂന്നു സ്ഥാനവുമുണ്ട്; അങ്ങയ്ക്കു പൂരകമായ മൂന്നു നാവുണ്ട്; അങ്ങയ്ക്കു ദേവന്മാര്‍ അഭിലഷിച്ച മൂന്നു തിരുവുടലുണ്ട്. അവകൊണ്ടു ഭവാന്‍ ഞങ്ങളുടെ സ്തുതികളെ നിഷ്പ്രമാദം സംരക്ഷിച്ചാലും! 2

അഗ്നേ, ദേവ, ജാതവേദസ്സേ, അന്നസമേത, അമരണായ അങ്ങയ്ക്കു വളരെയുണ്ട്, തിരുനാമങ്ങൾ. ലോകത്തിനു മതിവരുത്തുന്നവനേ, ഫലൈഷികൾക്കു ബന്ധുവായുള്ളോവേ, മായാവികളുടെ വളരെ മായകളും ഭവാങ്കല്‍ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു! 3

ഋതുപ്രവത്തകനായ സൂര്യൻപോലെ മനുഷ്യരുടെയും ദേവകളുടെയും നേതാവായി, സത്യകർമ്മാവായി, വൃത്രസൂദനനായി, സനാതനനായി, വിശ്വവേദസ്സായിരിയ്ക്കുന്ന ആ അഗ്നിദേവന്‍ സ്തോതാവിനെ സർവദുരിതങ്ങളും കടത്തിവിടട്ടെ! 4

ദധിക്രാവ്, അഗ്നി, ഉഷോദേവി, ബൃഹസ്പതി, സവിതൃദേവന്‍, അശ്വികൾ, മിത്രൻ, വരുണന്‍, ഭഗൻ, വസുക്കൾ, രുദ്രന്മാർ, ആദിത്യന്മാര്‍ എന്നിവരെ ഞാന്‍ ഇവിടെയ്ക്കു വിളിയ്ക്കുന്നു! 5

കുറിപ്പുകൾ: സൂക്തം 20.

[1] ദധിക്രാവ് – ഒരു ദേവന്‍. ഇത് – വിളി.

[2] മൂന്നു സ്ഥാനം – മൂവുലകം. പൂരകം – ദേവന്മാരുടെ വയര്‍ നിറയ്ക്കുന്നത്. മൂന്നു നാവ് – ഗാർഹപത്യം, ആഹവനീയം, ദക്ഷിണം. മൂന്നു തിരുവുടൽ – പവമാനം, പാവകം, ശുചി.

[3] യജ്ഞം മുടക്കുന്നവരുടെ മായകൾ പോക്കി, ഞങ്ങളുടെ യജ്ഞം രക്ഷിച്ചാലുമെന്നു രണ്ടാംവാക്യത്തിന്റെ ധ്വനി.

[4] വൃത്രസൂദനനൻ = പാപനാശനന്‍,

സൂക്തം 21.

ഗാഥി ഋഷി; ത്രിഷ്ടുപ്പും, അനുഷ്ടുപ്പും, വിരാട്സതോബൃഹതിയും ഛന്ദസ്സുകൾ; അഗ്നി ദേവത.

ജാതവേദസ്സേ, അവിടുന്നു ഞങ്ങളുടെ ഈ യജ്ഞത്തെ അമര്‍ത്ത്യരില്‍ എത്തിയ്ക്കുക; ഈ ഹവ്യങ്ങൾ കൈക്കൊള്ളുകയുംചെയ്യുക. അഗ്നേ, ഹോതാവേ, അവിടുന്ന് ഇരുന്നരുളി, ഒന്നാമനായിട്ടു വപയുടെയും നെയ്യിന്റെയും തുള്ളികൾ ഭക്ഷിച്ചാലും! 1

ദേവ, പാവക, ധർമ്മകർമ്മത്തില്‍ അങ്ങയ്ക്കമറേത്തിനു നെയ്യിന്റേയും വപയുടെയും തുള്ളികൾ ഇററിററുവീഴുന്നു; അങ്ങു ഞങ്ങൾക്കു മികച്ച ധനം തന്നരുളുക! 2

ഫലദാതാവായ അഗ്നേ, മേധാവിയായ അവിടെയ്ക്കു നൈ ഇററിറ്റുവീഴുന്നു; ഋഷിയും ശ്രേഷ്ഠനുമായ ഭവാന്‍ ജ്വലിപ്പിയ്ക്കപ്പെടുന്നു. അവിടുന്നു യജ്ഞത്തെ സംരക്ഷിച്ചാലും! 3

സതതസഞ്ചാരിയും ശക്തിമാനുമായ അഗ്നേ, അങ്ങയ്ക്കു വപയുടെയും നെയ്യിന്റെയും തുള്ളികൾ ഇററിററുവീഴുന്നു; മേധാവിന്‍, കവികളാല്‍ സ്തുതിയ്ക്കപ്പെട്ട ഭവാന്‍ വളർന്ന തേജസ്സോടേ വന്നു, ഹവിസ്സുകൾ സ്വീകരിച്ചാലും! 4

അങ്ങയ്ക്കായി നടുവില്‍നിന്നെടുക്കപ്പെട്ട കാമ്പുറ്റ വപ ഞങ്ങൾ അങ്ങയ്ക്കർപ്പിയ്ക്കുന്നു: വസോ, അതിന്റെ തുള്ളികൾ തിരുമെയ്യില്‍ വീഴുന്നു; അവ ഭവാന്‍ ദേവകൾക്കു വീതിച്ചാലും! 5

കുറിപ്പുകൾ: സൂക്തം 21.

[1] ഒന്നാമനായിട്ട് – ഋത്വിക്കുകളെക്കാൾ മുമ്പെ.

[2] ധർമ്മകർമ്മം – യജഞം.

[4] കവികൾ – കർമ്മജ്ഞര്‍.

[5] നടുവില്‍നിന്ന് – പശുവിന്റെ മധ്യഭാഗത്തുനിന്ന്.

സൂക്തം 22.

ഗാഥി ഋഷി ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സ്; പഞ്ചചിതിരൂപാഗ്നികൾ ദേവത.

ആരില്‍ പിഴിഞ്ഞൊഴിച്ച സോമമോ, ഇന്ദ്രന്‍ കൊതിയോടേ തിരുവയറ്റിലാക്കിയത്; ആ അഗ്നി ഇതാ! ജാതവേദസ്സേ, അങ്ങ് ഒരായിരം വടിവെടുത്തു നില്ക്കാതെപായുന്ന ഒരശ്വത്തെയെന്നപോലെ അന്നത്തെ സ്വീകരിച്ചു, സ്തുതിയ്ക്കപ്പെടുന്നു. 1

അഗ്നേ, യജനീയ, അങ്ങയുടേതുതന്നെ, ദ്യോവിലും ഭൂവിലും സസ്യങ്ങളിലും ജലത്തിലുമുള്ള തേജസ്സ്. ഇതുകൊണ്ടാണല്ലോ, വിളങ്ങിത്തിളങ്ങുന്ന മഹാനും മനുഷ്യസാക്ഷിയുമായ ഭവാൻ അന്തരിക്ഷത്തെ വീതിവെപ്പിച്ചത്! 2

അഗ്നേ, അങ്ങു ദ്യോവിലെ ജലത്തില്‍ നേരിട്ടണയുന്നു; പ്രാണദേവന്മാരെ ക്രമേണ ഒരുമിപ്പിയ്ക്കുന്നു; സൂര്യന്നു മീതേ രോചനത്തിലും, താഴത്തുമുള്ള ജലങ്ങളെ പ്രേരിപ്പിയ്ക്കുകയുംചെയ്യുന്നു! 3

പുരീഷ്യരായ അഗ്നികൾ ഒത്തൊരുമിച്ചു, പാരക്കോലുകളുമെടുത്തു യജ്ഞത്തില്‍ സംബന്ധിയ്ക്കട്ടെ; രോഗരഹിതങ്ങളായ മികച്ച അന്നങ്ങൾ സസ്നേഹം തരട്ടെ! 4

അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും; ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകട്ടെ; അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 5

കുറിപ്പുകൾ: സൂക്തം 22.

[1] ഒടുവിലെ വാക്യം പ്രത്യക്ഷോക്തി: ഒരായിരം വടിവെടുത്തു – യുദ്ധത്തില്‍ നാനാരൂപിയായി (അങ്ങനെ തോന്നിച്ചുകൊണ്ട്).

[3] രോചനം – ഒരു ലോകം. താഴത്തും – അന്തരിക്ഷത്തിലും.

[4] പുരീഷ്യരായ അഗ്നികൾ – ചയനാഗ്നികൾ. പാരക്കോലുകൾ – മണ്ണു കുഴിയ്ക്കാനുള്ള ഒരുതരം ആയുധങ്ങൾ. യജ്ഞത്തില്‍ – ഞങ്ങൾ അഗ്നിചയനപൂർവകം അനുഷ്ഠിയ്ക്കുന്ന ഈ സോമയാഗത്തില്‍.

സൂക്തം 23.

ഭരതപുത്രന്മാരായ ദേവശ്രവസ്സും ദേവവാതനും ഋഷികൾ; ത്രിഷ്ടുപ്പും സതോബൃഹതിയും ഛന്ദസ്സുകൾ; അഗ്നി ദേവത.

മഥിയ്ക്കപ്പെട്ടു ഗൃഹത്തില്‍ പ്രതിഷ്ഠാപിതൻ, യുവാവ്, കവി, യജ്ഞനിർവാഹകന്‍, വനങ്ങൾ വാർദ്ധക്യമടഞ്ഞാലും വാർദ്ധക്യം പെടാത്തവൻ – ഇങ്ങനെയുള്ള ജാതവേദസ്സായ അഗ്നി ഇവരില്‍ അമൃതം നിക്ഷേപിയ്ക്കുന്നു! 1

നല്ല മിടുക്കുള്ള ധനവാനായ അഗ്നിയെ ഭരതന്റെ പുത്രന്മാരായ ദേവശ്രവസ്സും ദേവവാതനും കടഞ്ഞുണ്ടാക്കി. അഗ്നേ, അങ്ങു വളരെദ്ധനത്തോടുകൂടി തൃക്കണ്‍പാർത്താലും; ഞങ്ങൾക്കു നാൾതോറും അന്നങ്ങൾ കൊണ്ടുവന്നാലും! 2

ദേവവാതന്റെ പത്തു കൈവിരലുകൾ ഈ പുരാതനനെ ജനിപ്പിച്ചു: ദേവശ്രവസ്സേ, രണ്ടമ്മമാരില്‍ വഴിപോലെ പിറന്ന കമനീയനായ അഗ്നിയെ, ഭവാന്‍ സ്തുതിയ്ക്കുക; ജനങ്ങൾക്കു വശഗനാണല്ലോ, ഇദ്ദേഹം! 3

അഗ്നേ, ദിവസങ്ങളെ സുദിനങ്ങളാക്കാൻവേണ്ടി, അങ്ങയെ ഞാന്‍ പരന്ന ഭൂമിയുടെ പ്രധാനസ്ഥാനത്തു പ്രതിഷ്ഠിയ്ക്കുന്നു; അങ്ങു ദൃഷദ്വതിയിലും തീരത്തും ആപയയിലും സരസ്വതിയിലും ധനയുക്തനായി സമുജ്ജ്വലിച്ചാലും! 4

അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ എന്നെയ്ക്കുമായി സ്തോതാവിന്നു കിട്ടിച്ചാലും; ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകട്ടെ; അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 5

കുറിപ്പുകൾ: സൂക്തം 23.

[1] വനങ്ങൾ – താന്‍ ചുട്ടെരിയ്ക്കുന്ന കാടുകൾ. ഇവര്‍ – സ്തുതിയ്ക്കുന്ന യജമാനന്മാർ. അമൃതം – അക്ഷയമായ അന്നം.

[2] തൃക്കണ്‍പാർത്താലും – ഞങ്ങളെ അനുഗ്രഹദൃഷ്ടിയാല്‍ നോക്കിയാലും.

[3] രണ്ടമ്മമാര്‍ – അരണികൾ. ജനങ്ങൾ – സ്തുതിയ്ക്കുന്ന ആളുകൾ.

[4] പ്രധാനസ്ഥാനം – ഉത്തരവേദി. ദൃഷദ്വതി മുതലായ നദികളുടെ തീരം യജ്ഞോചിതമായ പുണ്യസ്ഥലമാകുന്നു.

സൂക്തം 24.

വിശ്വാമിത്രന്‍ ഋഷി; അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; അഗ്നി ദേവത.

അഗ്നേ, പടയെ വെല്‍കൂ; – റ്റക്കാരെപ്പോക്കുക; മാറ്റരെ
പിന്നിട്ടു, ദുസ്തരൻ നീയിങ്ങന്നം യഷ്ടാവിനേകുക! 1
അഗ്നേ, വേദിയില്‍ നന്നായിജ്ജ്വലിപ്പിയ്ക്കപ്പെടുന്നു, നീ;
വീതിഹോത്രനമർത്ത്യൻ നീ ചേർന്നാലും, ഞങ്ങൾതൻ മഖേ! 2
അഗ്നേ, മഹസ്സോടുണര്‍വാർന്നരുൾവോനേ, ബലാത്മജ,
വിളിയ്ക്കപ്പെട്ട നീയെന്റെയിദ്ദർഭയിലിരിയ്ക്കുക! 3
അഗ്നേ, വിശിഷ്ടപ്രഭരാം സർവാഗ്നികളുമൊത്തു നീ
ആദരിയ്ക്കുക, യജ്ഞത്തില്‍പ്പൂജിപ്പോരുടെ ഗീതിയെ! 4
അഗ്നേ, നല്ക, ഹവിർദ്ദായിയ്ക്കേററം വീരാന്വിതം ധനം;
മൂർച്ചകൂട്ടുക, സന്താനയുക്തരാമെങ്ങളെബ്ഭവാൻ! 5
കുറിപ്പുകൾ: സൂക്തം 24.

[1] പട – എതിര്‍സൈന്യം. ഊറ്റക്കാര്‍ – അഹംകാരികൾ

[2] മഖേ = യാഗത്തില്‍.

[3] മഹസ്സോട് = തേജസ്സോടുകൂടി.

[4] ഗീതി – സ്തുതി.

[5] ഹവിർദ്ദായി – യജമാനൻ. ഏററം = വളരെ.

സൂക്തം 25.

വിശ്വാമിത്രന്‍ ഋഷി; വിരാട് ഛന്ദസ്സ്. അഗ്നിയും ഇന്ദ്രനും ദേവത. (‘താമരക്കണ്ണൻ’ പോലെ.)

ദ്യോവിന്റെ സൂനു, ചൈതന്യവാന്‍ നീ;
ഭൂവിന്റെയും കുഞ്ഞ,ഗ്നേ, നീ;
വിണ്ണോരെ ക്രമാല്‍പ്പൂജിയ്ക്കുകി,ങ്ങു
വിശ്വവേദസ്സാം വിജ്ഞന്‍ നീ! 1
നല്കുന്നു, വീര്യം വിദ്വാനാമഗ്നി;
നല്കുന്നു, ദിവ്യർക്കന്നവും;
ആ നീ വിളിയ്ക്കി,ങ്ങുമ്പരെ ഞങ്ങൾ-
ക്കാ,മണ്ഡിതാശ, ബഹ്വന്ന! 2
കെല്പനന്നവാനീശ്വരൻ വിദ്വാന്‍
സുപ്രഭനഗ്നി മിന്നിപ്പൂ,
ഹാനിവരാത്ത വിശ്വാംബമാരാം
വാനൂഴിദേവിമാര്‍കളെ! 3
ഇന്ദ്രനുമങ്ങും ദേവന്മാരഗ്നേ,
വന്നാലും, വാട്ടം ചേർക്കാതേ,
നീര്‍ തരുവോന്റെ മന്ദിരത്തിലീ
മേധത്തില്‍സോമപാനാർത്ഥം! 4
ജാതവേദസ്സേ, കെല്പിങ്കല്‍നിന്നു
ജാതനാമഗ്നേ, നിത്യന്‍ നീ
വിശ്വത്തെപ്പാലിച്ചാദരിച്ചുകൊ-
ണ്ടുജ്ജ്വലിയ്ക്കുന്നു, വാനിങ്കല്‍! 5
കുറിപ്പുകൾ: സൂക്തം 25.

[1] കുഞ്ഞ് – മകന്‍. ഇങ്ങു – യജ്ഞത്തില്‍.

[2] നല്കുന്നു – യജമാനന്നു കൊടുക്കുന്നു. ദിവ്യന്മാര്‍ – ദേവന്മാര്‍. ആമണ്ഡിതാശ – തന്റെ തേജസ്സുകൊണ്ട് ആശകളെ (ദിക്കുകളെ) മുഴുവന്‍ അലങ്കരിച്ചവനേ. ബഹ്വന്ന = വളരെ അന്നങ്ങളുള്ളവനേ.

[3] മിന്നിപ്പൂ – പ്രകാശിപ്പിയ്ക്കുന്നു. ഹാനിവരാത്ത – അനശ്വരകളായ.

[4] ദേവന്മാരായ ഇന്ദ്രനും അങ്ങും. വാട്ടം ചേർക്കാതെ – നിങ്ങൾ വരാഞ്ഞാല്‍ യജ്ഞത്തിന്ന് ഇടിവു പററിപ്പോകും. നീര്‍ (സോമരസം) തരുവോന്‍ – യജമാനന്‍.

സൂക്തം 26.

വിശ്വാമിത്രന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; വൈശ്വാനരാദികൾ ദേവത.

സത്യപ്രതിജ്ഞനും സ്വർഗ്ഗജ്ഞനും സുദാതാവും തേരിലെഴുന്നള്ളുന്നവനുമായ വൈശ്വാനരനെന്ന അഗ്നിദേവനെ, ഹവിസ്സൊരുക്കിയ കുശികഗോത്രക്കാരായ ഞങ്ങൾ മനസ്സുകൊണ്ടെറിഞ്ഞു, ധനത്തിന്നുവേണ്ടി, സ്തുതികളാല്‍ ആഹ്വാനംചെയ്യുന്നു. 1

തിളങ്ങുന്ന, അന്തരിക്ഷസ്ഥനായ, സ്തുത്യനായ, ബൃഹസ്പതിയായ, മേധാവിയായ, ശ്രോതാവായ, അതിഥിയായ, ക്ഷിപ്രഗാമിയായ ആ വൈശ്വാനരാഗ്നിയെ ഞങ്ങൾ രക്ഷയ്ക്കും മനുഷ്യന്റെ ദേവയജനത്തിന്നുമായി വിളിച്ചുകൊള്ളുന്നു. 2

ആരെ കുശികഗോത്രക്കാര്‍, നിലവിളിയ്ക്കുന്ന കുതിരക്കുട്ടിയെ തള്ളമാര്‍പോലെ പ്രതിദിനം വളർത്തിപ്പോരുന്നുവോ; അമർത്ത്യരില്‍ ഉണർന്നിരിയ്ക്കുന്ന ആ വൈശ്വാനരാഗ്നി ഞങ്ങൾക്കു നല്ല മക്കളോടും നല്ല കുതിരകളോടും കൂടിയ ശ്രേഷ്ഠധനം തന്നരുളട്ടെ! 3

വേഗമേറിയ അഗ്നികൾ ചെന്നു, ജലത്തില്‍ കരുത്തരായ മരുത്തുക്കളോടു ചേരട്ടെ; ആ അദമ്യരായ വിശ്വവേദസ്സുകൾ പുള്ളിമാനുകളെപ്പൂട്ടി, മേഘങ്ങളെ, ധാരാളം മഴ പെയ്യുമാറ് ഇളക്കിവിടും! 4

അഗ്നിയോടു ചേർന്ന, ഉലകത്തെ ചാഞ്ചാടിയ്ക്കുന്ന മരുത്തുക്കളുടെ തിളങ്ങുന്ന ബലവത്തായ രക്ഷയെ ഞങ്ങള്‍ യാചിയ്ക്കുന്നു: അലറുന്ന സിംഹങ്ങൾപോലെ ഇരമ്പുന്ന ആ വർഷണശീലരായ രുദ്രപുത്രന്മാര്‍ നല്ലതു തരുന്നവരാണല്ലോ! 5

അഗ്നിയെ ജ്വലിപ്പിയ്ക്കുന്ന മരുത്തുക്കളുടെ തേജസ്സിനെ ഞങ്ങൾ കൂട്ടത്തില്‍ കൂട്ടത്തില്‍ – ഗണത്തില്‍ ഗണത്തില്‍ – മന്ത്രം ജപിച്ചു യാചിയ്ക്കുന്നു: യജ്ഞങ്ങളില്‍ ഹവിസ്സിന്നു ചെല്ലുന്നവരാണല്ലോ, ആ അക്ഷയധനരും ധിരരുമായ പൃഷദശ്വന്മാര്‍! 6

“ജനിച്ചപ്പോൾത്തന്നെ ജാതവേദസ്സാണു്, അഗ്നിയായ ഞാന്‍. നെയ്യ് എന്റെ കണ്ണാകുന്നു; അമൃതം എന്റെ വായിലുണ്ട്. മൂന്നായി സ്ഥിതിചെയ്യുന്ന പ്രാണനും, അന്തരിക്ഷമളന്നവനും ഇടവിടാതെ ചൂടുളവാക്കുന്നവനും ഞാനാകുന്നു; ഹവിസ്സെന്നതും ഞാൻതന്നെ.” 7

താന്‍ മനംകൊണ്ടു മനനീയമായ തേജസ്സിനെ അറികയാല്‍, മൂന്നു പരിശുദ്ധന്മാർക്കും പൂജനീയനായിത്തീർന്നുവല്ലോ; അങ്ങനെ, ആ വിശ്വംഭരന്മാർക്കും സ്പൃഹണീയമായ ശ്രേഷ്ഠത നേടിയ അഗ്നി വാനൂഴികളെയെല്ലാം സ്വാത്മതയാ ദർശിച്ചു! 8

നൂറൊഴുക്കുള്ള നീരുറവുപോലെ അക്ഷയനും, വിദ്വാനും, അച്ഛനും, വക്തവ്യങ്ങളെ ഒരുമിപ്പിയ്ക്കുന്നവനും, അച്ഛനമ്മമാരുടെ അരികില്‍ ആഹ്ലാദിയ്ക്കുന്നവനുമായ ആ സത്യഭാഷിയെ, ദ്യാവാപൃഥിവികളേ, നിങ്ങൾ സംതൃപ്തനാക്കുവിൻ! 9

കുറിപ്പുകൾ: സൂക്തം 26.

[2] ബൃഹസ്പതി – യജ്ഞപാലകൻ. ശ്രോതാവു് – സ്തോത്രാദികൾ കേൾക്കുന്നവന്‍.

[3] തള്ളമാര്‍ – പെണ്‍കുതിരകൾ.

[4] വിശ്വവേദസ്സുകൾ – പ്രാണികളുടെ കർമ്മമെല്ലാം അറിയുന്നവര്‍, മരുത്തുക്കൾ.

[7] താൻ സ്വാത്മകനാണെന്ന ജ്ഞാനമുദിച്ച അഗ്നി പറയുന്നു: അമൃതം – കർമ്മഫലം. എന്റെ വായിലുണ്ട് – ഞാന്‍ അനുഭവിച്ചുപോരുന്നു. മൂന്നായി – പ്രാണാപാനവ്യാനരൂപേണ. അന്തരിക്ഷമളന്നവൻ – വായു. ചൂടുളവാക്കുന്നവന്‍ – സൂര്യന്‍.

[8] താൻ – അഗ്നി. തേജസ്സ് – പരബ്രഹ്മം. മൂന്നു പരിശുദ്ധന്മാര്‍ – അഗ്നി, വായു, സൂര്യൻ. സ്വാത്മതയാട = സ്വസ്വരൂപേണ.

[9] വിശ്വാമിത്രന്‍, തന്റെ അധ്യാത്മഗുരുവിനെ സ്തുതിയ്ക്കുന്നു: അക്ഷയന്‍ – അവിച്ഛിന്നവാക്പ്രവാഹന്‍. അച്ഛന്‍ – ശിഷ്യരെ പുത്രരെയെന്നപോലെ രക്ഷിയ്ക്കുന്നവന്‍.

സൂക്തം 27.

വിശ്വാമിത്രൻ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത

തിങ്ങൾക്കു തിങ്ങളും പക്ഷം ഹവിർഭോജികൾ ധേനുവും
യോജിച്ചുവന്നാല്‍, വാനോരില്‍ച്ചെല്ലുന്നു, സുഖതല്‍പരന്‍. 1
പാടി സ്തുതിച്ചിടുന്നേൻ ഞാൻ വിപശ്ചിത്താകുമഗ്നിയെ,
യജ്ഞം നടത്തുന്നവനെ,സ്സുഖിയെ,ദ്ധൃതവിത്തനെ. 2
അഗ്നേ, പിടിച്ചിരുത്താവൂ, ഹവിസ്സാലെങ്ങളങ്ങയെ;
പുരാനേ, പിന്നിടുകയുംചെയ്യാവൂ, ദുരിതങ്ങളെ! 3
യജ്ഞത്തിലുജ്ജ്വലിപ്പിയ്ക്കപ്പെടുവോന,ഗ്നി പാവകൻ;
യാചിപ്പൂ ഞങ്ങളശ്ശോചിഷ്കേശങ്കല്‍, സ്തുതിയോഗ്യനില്‍! 4
നെയ്യുരുക്കി വെടുപ്പാക്കും ഭൂരിതേജസ്സ,നത്യയൻ,
നന്നായ്പ്പൂജിതനാമഗ്നി വഹിപ്പൂ ഹവ്യമധ്വരേ! 5
ആയഗ്നിയെ,ബ്ബാധിതരായ് സ്രുക്കെടുത്ത ഹവിർദ്ധരര്‍
ശ്രദ്ധിപ്പിയ്ക്കുന്നു, രക്ഷാർത്ഥമീദൃശസ്തവനങ്ങളാല്‍. 6
ഹോതാവമർത്ത്യനാം ദേവന്‍ വിഷയജ്ഞാനയുക്തനായ്
കർമ്മങ്ങൾ ചെമ്മേ ചെയ്യിപ്പാന്‍ മുല്പാടിങ്ങെഴുനള്ളിടും! 7
നിർത്തപ്പെടുന്നു, യുദ്ധത്തില്‍;ക്കെല്പന്‍ കവി മഖത്തിലും
കൊണ്ടുവെയ്ക്കപ്പെടുന്നൂ, നേര്‍ക്കധ്വരത്തെ നടത്തുവോൻ! 8
വരേണ്യനാക്കീ, കർമ്മിഷ്ഠര്‍ ഭൂതജാതോദരസ്ഥനെ;
ആയച്ഛനെ വഹിയ്ക്കുന്നു, സിദ്ധ്യർത്ഥം ദക്ഷനന്ദിനി: 9
അഗ്നേ, നിന്നെ വഹിയ്ക്കുന്നു, ദക്ഷന്റെ മകൾ മേദിനി,
വരേണ്യനെ,ബ്ബലജനെ,ക്കാമിപ്പോനെ,സ്സുദീപ്തനെ. 10
യജ്ഞക്രിയയ്ക്കു, യന്താവാം മഴപെയ്യിയ്ക്കുമഗ്നിയെ
ഹവിസ്സാലുജ്ജ്വലിപ്പിപ്പൂ, ഭജിയ്ക്കുന്ന മനീഷികൾ. 11
സ്തുതിച്ചിടുന്നേനി,വനീയധ്വരത്തിങ്കലഗ്നിയെ,
വാനില്‍ത്തിളങ്ങുന കവിക്രതുവാമന്നപുത്രനെ. 12
ദർശനീയന്‍ നമസ്കാര്യൻ നുത്യർഹനിരുൾ നീക്കുവോന്‍
ജ്വലിപ്പിയ്ക്കപ്പെടുന്നൂ, നേര്‍ക്കഗ്നി, കാമാഭിവർഷകന്‍! 13
ഒരശ്വംപോലെയുമ്പർക്കു വാഹനം, വർഷിതാവെവൻ;
ആയഗ്നിയെജ്ജ്വലിപ്പിച്ചു പുകഴ്ത്തുന്നു, ഹവിര്‍ദ്ധരർ! 14
വർഷിയ്ക്കുന്ന മഹാനായ തേജസ്സിയലുമങ്ങയെ
നൈ പൊഴിച്ചുജ്ജ്വലിപ്പിപ്പൂ, ഞങ്ങളഗ്നേ, സുവർഷക! 15
കുറിപ്പുകൾ: സൂക്തം 27.

[1] പക്ഷം = അർദ്ധമാസം. ഹവിർഭോജികൾ = ദേവന്മാര്‍. ധേനു – കറവുപയ്യ്. വാനോരില്‍ച്ചെല്ലുന്നു – യജ്ഞോദ്യതനാകുന്നു.

[2] വിപശ്ചിത്തു് = മേധാവി. ധൃതവിത്തന്‍ = ധനം കരുതിവെച്ചിട്ടുള്ളവന്‍.

[4] യാചിപ്പൂ – അഭീഷ്ടഫലം അർത്ഥിയ്ക്കുന്നു.

[5] അനത്യന്‍ = നാശ(മരണ)രഹിതന്‍.

[6] ബാധിതര്‍ – രക്ഷസ്സുകളാല്‍ ബാധിയ്ക്കപ്പെട്ടു, തദുച്ചാടനത്തിന്നു മന്ത്രം ജപിയ്ക്കുന്നവര്‍. ഹവിർദ്ധരര്‍ – യജമാനന്മാര്‍. രക്ഷാർത്ഥം – രക്ഷോബാധയില്‍നിന്നു രക്ഷിപ്പാൻ.

[7] വിഷയം – കർമ്മമാകുന്ന വിഷയം.

[8] നിർത്തപ്പെടുന്നു – ദേവന്മാരാല്‍. കൊണ്ടുവെയ്ക്കപ്പെടുന്നൂ – അധ്വര്യുപ്രഭൃതികളാല്‍.

[9] കർമ്മിഷ്ഠര്‍ – ആധാനവും മറ്റും അനുഷ്ഠിച്ചവര്‍. ഭൂതജാതോദരസ്ഥനെ – സർവപ്രാണികളുടെയും വയററില്‍ (ജഠരാഗ്നിയായി) സ്ഥിതിചെയ്യുന്ന അഗ്നിയെ. അച്ഛന്‍ – സർവജഗദ്രക്ഷകന്‍. ദക്ഷനന്ദിനി = ഭൂമി, ഉത്തരവേദി.

[10] മുന്‍ ഋക്കിന്റെ വിവരണം: കാമിപ്പോന്‍ – പുരോഡാശാദിയെ ഇച്ഛിയ്ക്കുന്നവന്‍.

[11] യന്താവ് – സർവനിയന്താവ്.

[12] കവിക്രതു – മേധാവിക(അധ്വര്യാദിക)ളാകുന്ന കർത്താക്കാളോടു (ഉല്‍പാദകരോടു)കൂടിയവന്‍; അവരാല്‍ അരണിമഥനംകൊണ്ട് ഉല്‍പാദിതൻ. അന്നപുത്രന്‍ – അന്നം (ഹവിസ്സ്) ആണല്ലോ, അഗ്നിയെ വളർത്തുന്നത്; ഇതിനാലത്രേ, അന്നപുത്രത്വം.

[13] കാമാഭിവർഷകന്‍ – യജമാനന്ന് അഭീഷ്ടങ്ങൾ പെയ്തുകൊടുക്കുന്നവന്‍.

[14] ഉമ്പർക്കു വാഹനം – ദേവകൾക്കു ഹവിസ്സെത്തിയ്ക്കുന്നവന്‍.

[15] സുവർഷക – അഭീഷ്ടവർഷിന്‍.

സൂക്തം 28.

വിശ്വാമിത്രന്‍ ഋഷി; ഗായത്രിയും ഉഷ്ണിക്കും ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സ്; അഗ്നി ദേവത.

അഗ്നേ, ഭുജിയ്ക്കെ,ങ്ങളുടെ പുരോഡാശഹവിസ്സു നീ
പ്രഭാതസവനേ ജാതവേദസ്സേ, സ്തോതൃവിത്തദ! 1
പചിയ്ക്കപ്പെട്ടിതങ്ങയ്ക്കായ്പ്പുരോഡാശം വെടുപ്പൊടേ;
അതു കൈക്കൊള്ളുകിങ്ങഗ്നേ, തുലോം തരുണനാം ഭവാന്‍! 2
സായംകാലത്തു ഹോമിച്ച പുരോഡാശം ഭുജിയ്ക്ക, നീ;
അഗ്നേ, യജ്ഞത്തില്‍ വെയ്ക്കപ്പെട്ടോനല്ലോ, ബലസൂനു നീ! 3

(കാകളി)

മധ്യാഹ്നികസവനത്തിൻ പരോഡാശ-
മത്ര കൈക്കൊള്ളുക, ജാതവേദസ്സു നീ;
യാഗത്തിലഗ്നേ, മഹാനാം ഭവാന്നുള്ള
ഭാഗം മുടക്കില്ല, കർമ്മഠന്മാര്‍ കവേ! 4
സാന്ധ്യസവനാഹുതമാം പുരോഡാശ-
മേന്തുമല്ലോ, രസിച്ചഗ്നേ, ബലോത്ഥ, നീ;
എത്തിയ്ക്കുകീ,യുണര്‍വേകും സരത്നമാ-
മധ്വരം നിത്യരാം വാനോരില്‍ നീ നുതൻ! 5
നൈശം പുരോഡാശഹവ്യമഗ്നേ, ഭവാന്‍
പ്രാശിയ്ക്ക, ജാതവേദസ്സേ, സമിദ്ധനായ്! 6
കുറിപ്പുകൾ: സൂക്തം 28.

[1] പ്രഭാതസവനേ = പ്രാതസ്സവനത്തില്‍. സ്തോതൃവിത്തദ = സ്തുതിയ്ക്കുന്നവർക്കു ധനം നല്കുന്നവനേ.

[4] കർമ്മഠന്മാര്‍ = കർമ്മകുശലര്‍. മുടക്കില്ല. അങ്ങയ്ക്കുതന്നെ തരും.

[5] സാന്ധ്യസവനാഹുതം = സന്ധ്യയിലെ (മൂന്നാം) സവനത്തില്‍ ഹോമിയ്ക്കപ്പെട്ടത്. ഏന്തും – കൈക്കൊള്ളും. ബലോത്ഥ – മഥനബലത്തില്‍നിന്നു ജനിച്ചവനേ. സരത്നം – സ്വർഗ്ഗാദിശ്രേഷ്ഠഫലങ്ങളോടുകൂടിയത്; ശ്രേഷ്ഠഫലപ്രദം. അധ്വരം – യജ്ഞസോമം. നിത്യര്‍ – മരണരഹിതര്‍.

[6] നൈശം – രാത്രിയിലേതായ.

സൂക്തം 29.

വിശ്വാമിത്രന്‍ ഋഷി; അനുഷ്ടുപ്പും ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; അഗ്നി ദേവത.

ഇതാ, അരണിമേല്‍ വെയ്ക്കാനുള്ളത്; ദർഭക്കെട്ടും ഉണ്ടാക്കിയിരിയ്ക്കുന്നു. ഈ പ്രജാപാലികയെ കൊണ്ടുവരൂ: നമുക്കു മുമ്പേത്തെപ്പോലെ കടയാം. 1

ഗർഭിണികളില്‍ ഗർഭമെന്നപോലെ, ജാതവേദസ്സ് അരണികളില്‍ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു; ആ അഗ്നി ഹവിസ്സൊരുക്കിയ ജാഗരൂകരായ മനുഷ്യരാല്‍ നാളില്‍ നാളില്‍ സ്തുത്യനാകുന്നു! 2

അറിവുള്ള ഭവാന്‍ മലർന്നതിന്മേല്‍ കമിഴ്ത്തുക: ഉടനടി രേതസ്സൊഴുക്കി വൃഷാവിനെ ഉൽപാദിപ്പിയ്ക്കട്ടെ. ഇരുട്ടകററുന്ന ഒരു തേജസ്സ് – അങ്ങനെ ഉജ്ജ്വലിച്ചുയർന്ന തന്തിരുവടി – ഇളയുടെ മകനായി യോനിസ്ഥാനത്തു പിറന്നു! 3

അഗ്നേ, ജാതവേദസ്സേ, ഹവിസ്സുകൾ വഹിപ്പാനായി അങ്ങയെ ഞങ്ങൾ പൃഥിവീമധ്യത്തില്‍ – ഇളാപദത്തില്‍ – പ്രതിഷ്ഠിയ്ക്കട്ടെ! 4

നേതാക്കളേ, രണ്ടില്ലാത്തവനും കവിയും പ്രചേതസ്സും അമരണനുമായ ആ സുന്ദരാംഗനെ നിങ്ങൾ കടഞ്ഞുണ്ടാക്കുവിൻ – നേതാക്കളേ, യജ്ഞത്തിന്റെ കൊടിമരമായ, മുമ്പനായ, നല്ല സുഖിയായ അഗ്നിയെ നിങ്ങൾ മുമ്പേ ഉല്‍പാദിപ്പിയ്ക്കുവിൻ! 5

കൈകൾകൊണ്ടു കടഞ്ഞാല്‍ വെളിപ്പെടുന്ന ആ വേഗവാൻ വനങ്ങളില്‍ ഒരു കുതിരപോലെയും അശ്വികളുടെ പായുന്ന വിചിത്രരഥംപോലെയും മിന്നിത്തിളങ്ങും; തടവെന്ന്യേ കല്ലും പുല്ലും ചുട്ടെരിച്ചിട്ട് അവിടം വിടുകയുംചെയ്യും! 6

ഉല്‍പന്നാനായ അഗ്നി അഭിജ്ഞനും വേഗവാനും കർമ്മകുശലനും കവിസ്തുതനും നല്ല ദാതാവുമായി പരിശോഭിയ്ക്കുന്നു; ഈ സ്തുത്യനായ വിശ്വവേദസ്സിനെ ദേവകൾ യാഗങ്ങളില്‍ ഹവ്യവാഹനാക്കിവെച്ചു! 7

ഹോതാവേ, അങ്ങു സ്വസ്ഥാനത്ത് ഇരുന്നരുളുക; അഭിജ്ഞനായ ഭവാൻ യഷ്ടാവിനെ പുണ്യലോകത്തിരുത്തിയാലും. ദേവരക്ഷകനായ അവിടുന്നു ദേവന്മാരെ ഹവിസ്സുകൊണ്ടു യജിയ്ക്കുക; അഗ്നേ, യജമാനന്നു ധാരാളം അന്നവും നല്കുക! 8

സഖാക്കളേ, നിങ്ങൾ വൃഷാവായ അഗ്നിയെ ഉല്‍പാദിപ്പിയ്ക്കുവിൻ – നിർത്താതെ നേരിട്ടു മല്ലടിയ്ക്കുവിൻ. പോരിന്നു പോന്നവനാണു്, ഈ അഗ്നി: ഈ സുവീരനെക്കൊണ്ടാണത്രേ, ദേവകൾ ദസ്യുക്കളെ അമർത്തിയത് ! 9

അഗ്നേ, ഭവാന്‍ പിറന്നു വിളങ്ങിയതു യാതൊന്നില്‍നിന്നോ; ഇതാ, അങ്ങയുടെ ആ ഉല്‍പത്തിസ്ഥാനം. ഇതറിഞ്ഞ്, അതിലിരുന്നുകൊള്ളുക; എന്നിട്ടു, ഞങ്ങളുടെ സ്തുതികളെ വളർത്തിയാലും! 10

അസുരഘ്നൻ ഗർഭത്തിലിരിയ്ക്കുമ്പോൾ തനൂനപാത്തെന്നു പറയപ്പെടുന്നു; ജനിച്ചാല്‍, നരാശംസനായി; മാതാവിങ്കല്‍ വിളങ്ങുമ്പോള്‍ മാതരിശ്വാവാകും. അദ്ദേഹത്തിന്റെ ശീഘ്രഗമനത്താലാണ് വായു പുറപ്പെടുന്നത്. 11

അഗ്നേ, കവിയായ ഭവാൻ നല്ല മഥനംകൊണ്ടു തുലോം മഥിതനായി; നല്ല നിധാനംകൊണ്ടു നിഹിതനുമായി. അങ്ങു യജ്ഞങ്ങളെ നന്നാക്കുക; ദേവകാമന്നുവേണ്ടി ദേവകളെ യജിയ്ക്കക! 12

മൃതിയും ക്ഷതിയുമില്ലാത്ത, പല്ലുറപ്പുള്ള താരയിതാവിനെ മനുഷ്യർ ഉല്‍പാദിപ്പിച്ചു; ആണ്‍കുട്ടി പിറന്നതു കണ്ടിട്ടു, പണിയെടുത്ത പത്തുവിരലുകൾ ഒന്നിച്ചുകൂടി ഘോഷം കൂട്ടി! 13

സനാതനൻ സപ്തഹോതാക്കളോടൊന്നിച്ചു സമുജ്ജ്വലിച്ചു: അമ്മയുടെ മടിയില്‍ – അകിട്ടില്‍ – ശോഭിച്ച ആ ശോഭനസ്വനൻ ഒരു നാളിലും കണ്ണടയ്ക്കുകയില്ല; മരത്തിന്റെ വയറഠില്‍നിന്നാണല്ലോ, തന്റെ ജനനം! 14

മരുൽസൈന്യങ്ങൾപോലെ എതിരാളികളോടു പൊരുതുന്നവരും, ബ്രഹ്മാവിങ്കല്‍നിന്ന് ഒന്നാമതു ജനിച്ചവരും, വിശ്വവേത്താക്കളുമായ കുശികഗോത്രക്കാര്‍ ഹവിസ്സും സ്തോത്രവും അയയ്ക്കുന്നു; ഓരോരുത്തനും അഗ്നിയെ ഗൃഹത്തില്‍ ജ്വലിപ്പിയ്ക്കുന്നു. 15

അറിവുറ്റ ഹോതാവേ, ഇന്നു തുടങ്ങിയ ഈ യജ്ഞത്തില്‍ ഞങ്ങൾ അങ്ങയെ വരിച്ചിരിയ്ക്കുന്നുവല്ലോ; അങ്ങു ഹവിസ്സു കൊണ്ടുപോയി ശാന്തനാക്കപ്പെട്ടാലും. പിന്നീട്, അറിവുറ്റ വിദ്വാനായ ഭവാൻ സോമത്തിന്നു വന്നാലും! 16

കുറിപ്പുകൾ: സൂക്തം 29.

[1] യജമാനന്‍ അധ്വര്യാദികളോടു പറയുന്നു: പ്രജാപാലിക – പ്രജകളെ സ്വര്‍ഗ്ഗാദിഫലസമ്പാദനംകൊണ്ടു രക്ഷിയ്ക്കുന്ന അരണി.

[3] ഒരധ്വര്യുവോട്: മലർന്നതിന്മേല്‍ – അടിയിലെ അരണിമേല്‍ മുകളിലെ അരണി കമിഴ്ത്തുക. രേതസ്സ് – വൃക്ഷത്തിന്റെ നീര്.

[4] ഇളാപദം – ഉത്തരവേദി.

[5] രണ്ട് – മനസ്സിലൊന്ന്, വാക്കില്‍ മറെറാന്ന്, എന്ന മട്ട്.

[6] ഭാവാഗ്നിയെപ്പററി:

[8] ഹോതാവേ – അഗ്നേ.

[9] മല്ലടിയ്ക്കുവിന്‍ – മഥനംചെയ്യുവിന്‍. പോന്നവന്‍ – ത്രാണിയുള്ളവന്‍.

[10] ഉല്‍പത്തിസ്ഥാനം – അരണി. വളർത്തിയാലും – അങ്ങു കേട്ടരുളിയാലേ സ്തുതികൾ വളരു.

[11] അസുരഘ്നൻ – അഗ്നി. ഗർഭം – അരണ്യന്തർഭാഗം. മാതാവ് – അന്തരിക്ഷം.

[12] നിഹിതന്‍ – സ്ഥാപിതന്‍. നന്നാക്കുക – നിര്‍ബാധങ്ങളാക്കുക. ദേവകാമന്‍ – യജമാനൻ.

[13] ക്ഷതി = ക്ഷയം. പല്ല് – ജ്വാല. താരയിതാവ് – പാപങ്ങളെ കടത്തിവിടുന്ന അഗ്നി. പണി – മഥനക്രിയ. ഘോഷം കൂട്ടി – കർമ്മികൾ ആഹ്ലാദിച്ചു കൈകൊട്ടി.

[14] അകിട് – ഉത്തരവേദി.

[15] മരുത്സൈന്യങ്ങൾ = മരുത്തുക്കളുടെ സേനകൾ. വിശ്വവേത്താക്കൾ = ലോകജ്ഞര്‍.

[16] അഗ്നിയോട്: ശാന്തനാക്കപ്പെട്ടാലും – ഹവിസ്സു ഭക്ഷിച്ചു തൃപ്തരായ ദേവന്മാരാല്‍ വിശ്രമിപ്പിയ്ക്കപ്പെട്ടാലും.

സൂക്തം 30.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്. ഇന്ദ്രന്‍ ദേവത. (കാകളി)

നിന്നെയിച്ഛിച്ചു സഖാക്കളാം സോമാർഹ-
രന്നം വഹിപ്പൂ, പിഴിയുന്നു സോമവും;
പോരാ, സഹിപ്പൂ, ജനദ്രോഹമിന്ദ്ര; മ-
ററാരുള്ളു, നീയൊഴിഞ്ഞിത്ര പേര്‍കേട്ടവൻ? 1
ദൂരസ്ഥലവുമകലെയല്ല,ങ്ങയ്ക്കു-
പാരാതണകി,ങ്ങു ഹര്യശ്വ, സാശ്വനായ്:
തെയ്യാര്‍, സവനം വൃഷാവാം സ്ഥിരന്നിതാ;
തിയ്യു കത്തുന്നൂ; മുതിർന്നിതമ്മിക്കുഴ! 2
ഇന്ദ്രൻ മഘവാവ,നേകകൃത്യൻ, മരു-
ദവൃന്ദവാൻ, താരകൻ, നല്‍ത്തൊപ്പിയിട്ടവൻ;
സൊല്ലയേറ്റു,ഗ്രഹന്താവു നീ മാറ്റരില്‍-
ക്കൊള്ളിച്ച വീര്യങ്ങളെങ്ങിന്നു വർഷക? 3
ഒറ്റയ്ക്കു, വീഴാത്തവയെയും വീഴ്ത്തിയും,
കുറ്റമകറ്റിയുമല്ലോ, വസിച്ചു നീ;
നിന്നരുൾപ്പാടിന്നനങ്ങാതെ നില്ക്കുന്നു,
മന്നുമാകാശവും മാമലക്കൂട്ടവും! 4
പ്രൌഢിയാലേകനായ് വൃത്രനെക്കൊന്നിട്ടു,
‘പേടിയായ്കെ’ ന്നു നീ ചൊന്നതു നേരുതാൻ!
ഇമ്മഹാവാനൂഴിയേയുമൊതുക്കി, ഹാ,
നിന്മുഷ്ടിയിന്ദ്ര, പുരുഹുത, ഭൂതിമൻ! 5
ഇന്ദ്ര, നിൻഹര്യശ്വമോടിയിറങ്ങട്ടെ;-
യൊന്നായ് വധിയ്ക്ക, നിൻവജ്രം രിപുക്കളെ;
മുൻപിൻപരെക്കൊല്ക നീ പായുവോരെയും;
സമ്പത്തി ചേർക്ക ജഗത്തി; – ലസ്തു ശുഭം! 6
ഇന്ദ്ര നീ ഭൂതിമാനാരില്‍ വെയ്ക്കും കരു-
ത്ത,ന്നരൻ നേടുമപൂർവധനങ്ങളും;
ഭദ്രം, ഹവിസ്സെടുക്കും നിന്മനോഗുണം:
പത്തുനൂറേകും, പുരുഹൂത, നിൻതിറം! 7
പാണികൾ വെട്ടിപ്പൊതുക്കൂ, പുരുഹൂത,
ദാനവിയൊത്ത വിദ്രോഹി കുണാരുവെ:
കൊന്നുവല്ലോ, കാല്‍മുറിച്ചിന്ദ്ര, ഹിംസ്രനാം
കുന്നിച്ച വൃത്രനെയിന്ദ്ര ബലേന നീ! 8
ഇന്ദ്ര, ചലിയ്ക്കുമപാരമഹോർവിയെ
നന്നായ് നിരത്തി, നിജാസ്പദേ നിർത്തി നീ;
ദ്യോവന്തരിക്ഷമുറപ്പിച്ചു; വർഷി നീ-
യേവമയച്ച നീരിങ്ങു വിഴേണമേ! 9
ത്വദ്വജ്രഭീത്യാ പൊളിഞ്ഞുപോയ്, നീര്‍ക്കനം
മെത്തിയ ഗോവിന്‍ തൊഴുത്താം മുകില്‍ പുരാ;
തീർത്തു, തണ്ണീരുകൾക്കിന്ദ്ര, നല്‍പ്പാത നീ;
പ്രാർത്ഥിതാംഭസ്സിലിരമ്പി വീണിതവ! 10
ഇന്ദ്രന്‍ തനിച്ചേ നിറച്ചാനി,ണങ്ങിനി-
ല്ക്കുന്ന സമ്പന്നമാം വാനൂഴി രണ്ടുമേ.
ശൂര, തെളിയ്ക്ക, നഭസ്സില്‍നിന്നെങ്ങൾതന്‍
ചാരേ വരാൻ സാശ്വമായ തേരബ്ഭവാന്‍! 11
ഇന്ദ്രൻ കുറിച്ച ഹരിത്തുക്കളെത്തിരു-
ത്തുന്നതില്ലാ,ദിത്യനേതൊരുനാളിലും;
അധ്വാവു പിന്നിട്ടണഞ്ഞാലഴിയ്ക്കു,മ-
ങ്ങശ്വബന്ധത്തെ – യതെല്ലാമിവന്റെതാൻ! 12
വിട്ടുപോം രാവിന്‍ പുലരി തിരിയ്ക്കവേ
പുഷ്ടചിത്രാഭയെപ്പാർക്കുന്നു സർവരും:
ശിഷ്ടബോധം വരും, തല്‍പ്രാപ്തിയിലവ-
ര്‍ക്കൊ – ട്ടല്ലി,വണ്ണമിന്ദ്രന്റെ നല്‍ച്ചെയ്തികൾ! 13
നിർത്തി, വൻതണ്ണീര്‍ നദികളില്‍; – പ്പക്വമാം
ദുഗ്ദ്ധമേന്തുന്നു, കടിഞ്ഞൂല്‍പ്പശുക്കളും;
വെള്ളത്തില്‍നിന്നെടുത്തല്ലോ, രസാഢ്യമി-
തെല്ലാമവന്‍ വെച്ചു, ഗോവിങ്കലൂണിനായ്! 14
കെല്പു, കൊൾകു,ണ്ടിന്ദ്ര, മാർഗ്ഗം മുടക്കുവോ;-
രർപ്പിയ്ക്ക, വാഴ്ത്തും മഖിയ്ക്കു,മിഷ്ടർക്കുമേ;
ദുർന്നടപ്പൊത്ത ദുശ്ശസ്ത്രര്‍ നിഷംഗികൾ
കൊന്നിടും വൈരികൾ കൊല്ലപ്പെടേണമേ! 15
കേൾക്കുന്നതുണ്ടാർപ്പ,ടുത്തുള്ള മാറ്റർതൻ
നേർക്കു പൊള്ളിയ്ക്കുമിടിവാളയയ്ക്ക നീ:
ഏല്ക്കുക, നോവിയ്ക്ക, കൊയ്യുകി,വററിനെ;-
ത്തീർക്കുക,രക്കനെ;പ്പൂർത്തി ചേർക്കൂ ഹരേ! 16
ഇന്ദ്ര വേരോടേ പറിയ്ക്കുകരക്കനെ;-
തന്നടു വെട്ടുക; കൊല്ക, നേർത്തെത്തുകില്‍;
എത്രയെന്നില്ലാതകറ്റുക, പാഞ്ഞോനെ;-
വിദ്യുദസ്ത്രം വിടൂ, ബ്രഹ്മവിദ്വേഷിയിൽ! 17
ശ്രേയസ്സു നല്ക, ഹയങ്ങളെയും പ്രഭോ;
നീയിങ്ങിരിയ്ക്കുകിലെങ്ങൾ ധനങ്ങളും
ഭൂരിമഹാന്നവും നേടിത്തഴയ്ക്കുമേ –
ചേരട്ടെ, ഞങ്ങളില്‍ ദ്രവ്യവും മക്കളും! 18
ഞങ്ങൾക്കു കൊണ്ടുവരിക, മിന്നും ധനം:
ഞങ്ങളിലാകാവു, നിൻപ്രദാനം ഹരേ!
കത്തുന്നി,തൌർവാഗ്നിപോലെങ്ങൾതന്‍ കൊതി;-
യുത്തമാർത്ഥേശ, നിറയ്ക്കുകി,തിനെ നീ! 19
ഇക്കൊതി ഗോവാജിദീപ്തധനങ്ങൾകൊ-
ണ്ടൊക്കെ നിറവേററി വായ്പിയ്ക്ക, ഞങ്ങളെ;
ഇന്ദ്രനാമങ്ങയ്ക്കു തീർത്താര്‍, മനുസ്തോത്ര-
മൊന്നറിവേറും കുശികര്‍ നാകൈഷികൾ. 20
കാര്‍ പിളർത്തെങ്ങൾക്കു നീര്‍ നല്ക, ഗോപതേ:
കാമ്യങ്ങളന്നങ്ങളെത്തട്ടെ, ഞങ്ങളില്‍!
വിണ്ണാളുവോൻ, വൃഷാവ,വ്യാജശക്തി നീ;
നണ്ണുകെ,ങ്ങൾക്കു ഗോദായി നീ ഭൂതിമന്‍. 21
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 22
കുറിപ്പുകൾ: സൂക്തം 30.

[1] സോമാര്‍ഹര്‍ – യജ്ഞാധികാരികൾ. അന്നം – മറ്റു ഹവിസ്സുകൾ. വഹിപ്പൂ – എടുത്തൊരുക്കിവെയ്ക്കുന്നു. പോരാ – അത്രതന്നെയല്ല. ജനദ്രോഹം – ശത്രുപീഡ.

[2] സാശ്വൻ = അശ്വസഹിതൻ. സ്ഥിരന്‍ – ഫലം കൊടുക്കുന്നതില്‍ ദൃഢചിത്തൻ. മുതിർന്നിതു – സോമലത ചതയ്ക്കാൻ.

[3] താരകൻ – ദേവന്മാരെ ശത്രുക്കൾക്കരയിലെത്തിയ്ക്കുന്നവന്‍. സൊല്ല – അസുരബാധ. തൊല്ല എന്നും പറയും; ഉപദ്രവമെന്നർത്ഥം, ഉഗ്രഹന്താവ് = ഉഗ്രനായ ഹന്താവ്; ശത്രുഹിംസകന്‍. എങ്ങിന്നു – ഇപ്പോൾ എവിടെപ്പോയി.

[4] വീഴാത്തവ – മുരടുറപ്പുള്ളവ; രക്ഷസ്സുകളും മറ്റും. കുററം – പാപങ്ങൾ. അരുൾപ്പാടിന്ന് – ആജ്ഞയെ കാത്ത്.

[5] ചൊന്നതു – ദേവന്മാരോടു പറഞ്ഞത്. വമ്പിച്ച വാനൂഴികളും അങ്ങയുടെ മുഷ്ടി(കൈപ്പിടി)യില്‍ ഒതുങ്ങിയിരിയ്ക്കുന്നു, ഹാ! ഭൂതിമന്‍ = മഘവാവേ, ധനവാനേ.

[6] ഹര്യശ്വം – ഹരികളെന്ന അശ്വങ്ങളോടുകൂടിയ രഥം. നീ മുന്‍പിൻപരെ (മുന്നില്‍ വന്ന ശത്രുക്കളെയും പിന്നില്‍ വന്നവരെയും) കൊല്ലുക; പായുവോരെയും (പേടിച്ചോടുന്ന ശത്രുക്കളെയും) കൊല്ലുക. സമ്പത്തി – കർമ്മസമൃദ്ധി. അസ്തുശുഭം – അങ്ങയുടെ ഇത്തരം മിടുക്കു ശുഭമായി നില്ക്കട്ടെ.

[7] ആരില്‍ വെയ്ക്കും കരുത്ത് – ആരെ ബലവാനാക്കും. ഹവിസ്സു സ്വീകരിയ്ക്കുന്നതായ നിന്റെ മനോഗുണം (സൌമനസ്യം) ഭദ്രം (മംഗളകരം) ആകുന്നു. പത്തുനൂറ് – ആയിരം; അപരിമിതമായ ധനത്തെ. തിറം – ത്രാണി, ദാനശക്തി.

[8] കുണാരു – ഒരസുരന്‍. ദാനവി – വൃത്രന്റെ അമ്മ. ഇന്ദ്രശബ്ദാവൃത്തി ആദരാതിശയത്തെ ദ്യോതിപ്പിയ്ക്കുന്നു.

[9] അപാരമഹോർവി = അതിവിശാലമായ വലിയ ഭൂമി. നിജാസ്പദേ – അതിന്റെ സ്ഥാനത്ത്. ദ്യോവന്തരിക്ഷം = സ്വർഗ്ഗവും അന്തരിക്ഷവും. ഏവം – വാനൂഴികളെ ഉറപ്പിച്ച്. നീര – വര്‍ഷജലം. ഇങ്ങു = ഭൂമിയില്‍.

[10] ഗോവിന്‍ തൊഴുത്താം – വെള്ളത്തിന്റെ (പയ്യിന്റെ എന്നും) പാർപ്പിടമായ. പുരാ – വജ്രമേല്ക്കുന്നതിന്നുമുമ്പ്. നല്‍പ്പാത – നല്ല പ്രവാഹമാർഗ്ഗം. പ്രാർത്ഥിതാംഭസ്സ് = പ്രകർഷേണ (വളരെയാളുകളാല്‍) അർത്ഥിയ്ക്കപ്പെട്ട (അപേക്ഷിതമായ) അംഭസ്സ്; ഭൂമിയിലെ വെള്ളം.

[11] സമ്പന്നം = ധനയുക്തം. വാനൂഴികളെ സമ്പത്തുകൊണ്ടു നിറച്ചു. ഉത്തരാർദ്ധം പ്രത്യക്ഷവചനം: നഭസ്സ് – അന്തരിക്ഷം.

[12] കുറിച്ച – സൂര്യഗമനത്തിന്നു നിർദ്ദേശിച്ച. ഹരിത്തുക്കൾ = കിഴക്കു മുതലായ ദിക്കുകൾ. തിരുത്തുന്നില്ല – ശരിവെച്ച്, അവയിലൂടേ പോകുന്നതേ ഉള്ളു. അധ്വാവ് = വഴി. അണഞ്ഞാല്‍ – പ്രാപ്യസ്ഥാനത്തെത്തിയാല്‍. അങ്ങ് (അവിടെ) അശ്വബന്ധത്തെ അഴിയ്ക്കും; തേര്‍ക്കുതിരകളെ അഴിച്ചുവിടും. അതെല്ലാമിവന്റെതാന്‍ – അതൊക്കെ ഇന്ദ്രന്റെതന്നെ, നിശ്ചയമാണ്.

[13] വിട്ടുപോം – അവസാനിയ്ക്കുന്ന രാത്രിയുടേതാണല്ലോ, ഉഷസ്സ്. ആഭ – സൂര്യന്റെ ശോഭ. തല്‍പ്രാപ്തിയില്‍ (സൂര്യശോഭ വന്നാല്‍) അവർക്കു (പാർക്കുന്ന സർവർക്കും) ശിഷ്ടബോധം (കർത്തവ്യജ്ഞാനം) വരും.

[14] കടിഞ്ഞൂല്‍പ്പശുക്കൾ – നവപ്രസ്തുതകളായ പൈക്കൾ. രസാഢ്യമിതെല്ലാം (സ്വാദേറിയ പാലും മറ്റും) വെള്ളത്തില്‍നിന്നു സംഭരിച്ചാണ്, ഊണിനായ് (മനുഷ്യരുടെ ഭക്ഷണത്തിന്നായി) ഗോവിങ്കല്‍ നിക്ഷേപിച്ചത്. ജലത്തിന്റെ സത്തത്രേ, ഗോരസം.

[15] കെല്പു കൊൾക – മാർഗ്ഗം മുടക്കുന്നവരെ വധിപ്പാൻ അവിടുന്ന് ഉറച്ചുനില്ക്കുക. അർപ്പിയ്ക്ക – വാഴ്ത്തുന്ന മഖിയ്ക്കും (യഷ്ടാവിന്നും) ഇഷ്ടർക്കും (സഖാക്കൾക്കും) അഭീഷ്ടഫലം കൊടുത്താലും. ദുശ്ശസ്ത്രർ – ദുഷ്ടങ്ങളായ ആയുധങ്ങൾ പ്രയോഗിയ്ക്കുന്നവര്‍. നിഷംഗികൾ = ആവനാഴിയുള്ളവര്‍. കൊല്ലപ്പെടേണമേ – ഭവാനാൽ.

[16] ഏല്ക്കുക – ആക്രമിച്ചാലും. നോവിയ്ക്ക – പരിക്കേല്പിച്ചാലും. കൊയ്യുക – വെട്ടിയാലും. അരക്കനെ (കർമ്മം മുടക്കുന്ന രക്ഷസ്സുകളെ) തീർക്കുക, നശിപ്പിച്ചാലും. പൂർത്തി ചേര്‍ക്കൂ – യാഗത്തിന്നു പൂർത്തി വരുത്തുക. ഹരേ = ഹേ ഇന്ദ്ര.

[17] തന്നടു = അവന്റെ മധ്യം, അര. നേത്തെത്തിയാല്‍ (വന്നെതിർത്താല്‍) കൊന്നേയ്ക്കുക; പാഞ്ഞാല്‍, അതിദൂരത്തകറ്റുക. ബ്രഹ്മവിദ്വേഷിയില്‍ (വേദദ്വേഷിയുടെ നേരെ) വിദ്യുദസ്ത്രം (മിന്നൽപോലെയുള്ള, പൊള്ളിയ്ക്കുന്ന ആയുധം) വിടൂ, പ്രയോഗിച്ചാലും.

[18] പ്രഭോ – ജഗന്നിവർഹണശക്ത. ഭൂരിമഹാന്നം – ബഹുവും മഹത്തുമായ അന്നം. ദ്രവ്യം = സമ്പത്ത്.

[19] മിന്നും – കനകരത്നാദികൾകൊണ്ടു വിളങ്ങുന്ന. പ്രദാനം – ധനദാനം. ഔർവാഗ്നി = ബഡവാഗ്നി. ഉത്തമാർത്ഥേശ = മികച്ച ധനങ്ങളുടെ അധിപതേ. ഇതിനെ (കൊതിയെ, ധനകാമത്തെ) നിറയ്ക്കുക – പൂരിപ്പിച്ചാലും, സഫലീകരിച്ചാലും.

[20] വായ്പിയ്ക്ക = വളർത്തിയാലും. മനുസ്തോത്രമൊന്ന് = ഒരു മന്ത്രസ്തവം. നാകൈഷികൾ = സ്വർഗ്ഗകാമർ.

[21] ഗോപതി = സ്വര്‍ഗ്ഗാധിപതി. എങ്ങൾക്കു ഗോദാധി (ഗോക്കളെ തരുന്നവൻ) ഭവാനാണെന്നു, ഭവാന്‍ നണ്ണുക = വിചാരിയ്ക്കുക, അറിയുക.

[22] കൊറേറകും രണേ – പടയാളികൾക്കു ഭക്ഷണം നല്കപ്പെടുമല്ലോ. വായ്ക്കും – ഉത്സാഹംകൊണ്ടു വളരുന്ന. സ്വത്ത് – ശത്രുകളുടെ. ത്രാണാർത്ഥം = രക്ഷയ്ക്ക്. പോരില്‍ വൃത്രഘ്നനെ – പൊരുതി വൃത്രനെ ഹനിച്ചവനെ.

സൂക്തം 31.

വിശ്രാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കാകളി)

ശാസിച്ച വോഢാവു ദൌഹിത്രലബ്ധിയ്ക്കു
വിശ്വസിച്ചാദരിയ്ക്കുന്നൂ, സുവീര്യനെ;
എന്നാല്‍, മകളില്‍ മണാളന്‍ സുഖാർത്ഥിയായ്-
ച്ചെന്നാണനുഷ്ഠിപ്പത,ശ്ശുക്ലസേചനം! 1
ആത്മജന്‍ പെങ്ങൾക്കു നല്കവേണ്ടാ, ധനം:
ആയവൾ വേട്ടവന്നാസേകഭാജനം.
ആണ്‍പെണ്‍കിടാങ്ങളെത്തായമാര്‍ പെറ്റിടു;-
മാണതില്‍സ്സല്‍ക്കർമ്മി; പെണ്ണോ, ചമയുവാൻ! 2
ലാലസിപ്പോനെ യജിപ്പാൻ ജനിപ്പിച്ചു,
നാളങ്ങളാല്‍ത്തത്തുമഗ്നി വന്‍പുത്രരെ;
ഗർഭം മഹത്തായ്, മഹത്തായി പേറി,ന്ദ്ര-
തർപ്പണത്താല്‍ മഹത്തായി, തച്ചെയ്തിയും! 3
സ്ഫാരതേജസ്സിന്നൊഴിഞ്ഞൂ തമസ്സെന്നു
തേറിനാര്‍, പോരിലണഞ്ഞ വിജയികൾ;
എന്നതറിഞ്ഞങ്ങണഞ്ഞാ,രുഷസ്സുക;-
ളിന്ദ്രനൊരാളായി, രശ്മികൾക്കീശ്വരൻ! 4
അദ്രിസ്ഥഗോക്കളില്‍ മന്ദിച്ച ധീരരാം
സപ്തമേധാവികൾ വാഴ്ത്തി വളർത്തിനാര്‍;
കണ്ടെത്തിനാരാ മഖാധ്വത്തുണകളെ;
മണ്ടിയണഞ്ഞാനറിഞ്ഞു പണിഞ്ഞിവന്‍. 5
ഗഹ്വരം കണ്ടുപിടിച്ച സരമയ്ക്കു
ബഹ്വന്നവും കോപ്പുമേറ്റപോലേകിനാൻ;
മുല്പാടൊലി കേട്ടു ചെന്നവളാകയാല്‍-
സ്സല്‍പ്പാദ ശാശ്വതീപാർശ്വത്തിലെത്തിനാൾ. 6
സഖ്യമിച്ഛിച്ചെഴുന്നള്ളീ, സുമേധസ്സു;
സല്‍ക്കർമ്മവാന്നായ് പ്രസവിച്ചു പർവതം;
വീണ്ടേകി, ഗോധനം കൊല്‍വോൻ യുവാന്വിതൻ;
വേണ്ടപോലർച്ചിച്ചിതംഗിരസ്സപ്പൊഴേ. 7
സത്തിന്റെ സത്തിന്റെയെല്ലാം പ്രതിനിധി,
സർവജ്ഞനാം കവി ശുഷ്ണഘ്ന,ഗ്രഗൻ,
വിണ്ണില്‍നിന്നെത്തിസ്സഖാവു സഖാക്കളാം
നമ്മെ നിർദ്ദോഷരാക്കട്ടെ, ഗോദന്‍ മുദാ! 8
ഗോവാഞ്ഛയാല്‍ സ്തുതിചെയ്തിരുന്നീടിനാര്‍,
ദേവത്വലബ്ധിയ്ക്കു മാർഗ്ഗം ചമച്ചവർ;
സത്യേന മാസങ്ങൾ നോക്കുമവരുടെ-
യിസ്ഥിതിയുത്തമംതന്നെയല്ലോ, തുലോം! 9
സ്വന്തമേതേതെന്നു പാർത്തറിഞ്ഞിട്ടു പാല്‍
സന്തതികൾക്കായ്ക്കറന്നാർ, സഹർഷരായ്;
വാനൂഴിയില്‍ത്തിങ്ങി, തല്‍സ്വനം; മുന്മട്ടില്‍
വാണാര്‍ പശുക്കളില്‍ശ്ശൂരരെ വെച്ചവര്‍. 10
കൊന്നൂ തുണക്കാരൊടൊത്തവൻ വൃത്രനെ;
വന്ദ്യരാം യാജ്യരൊത്തർപ്പിച്ചു, ഗോവിനെ:
നെയ്യുപാലേന്തുമാക്കാമ്യയാമാഹുതി-
പയ്യില്‍നിന്നിയ്യാൾ കറന്നാൻ, നറുംമധു! 11
താതന്നു തീർത്താര്‍, വിളങ്ങുമൊരുത്തമ-
കേതനം, നേര്‍ക്കു കാണിച്ചസ്സുകൃതികൾ:
മാതൃദ്വയത്തെയൊരൂന്നാലുറപ്പിച്ചൂ
മീതെ വാഴിച്ചാർ, സവേഗനെസ്സത്രികൾ. 12
വാനൂഴികൾ വേര്‍പെടുവാനുടന്‍തന്നെ
വായ്ക്കുമൊരൂന്നിനെ നാട്ടീ,മഹാസ്തുതി;
ആകയാലിന്ദ്രങ്കലെത്തുമേ, കേടറ്റ
ചൊല്കള; – വന്റെ കെല്പെല്ലാം നിസർഗ്ഗജം! 13
ത്വത്തുംഗസഖ്യവും കെല്പും കൊതിച്ചു ഞാൻ;
എത്തും മഘവാന്നു ഭൂരിബഡബകൾ;
വിദ്വാന്നയപ്പോം, മഹാസ്തോത്രമന്നവും;
വൃത്രഘ്ന, ഞങ്ങൾക്കറിക, നീ രക്ഷകന്‍! 14
മെത്തിയ പൊന്നുമാരേകി, വൻപാടവു-
മർത്ഥിച്ച മിത്രർക്കു,ടൻതാൻ ചരത്തെയും;
അദ്ദീപ്തനിന്ദ്രന്‍ മരുത്ത്വാൻ ജനിപ്പിച്ചു,
മിത്രനെ,ബ്ഭൂവെ,യുഷസ്സിനെ,യഗ്നിയെ! 15
ഉച്ഛമനീ വിഭുതന്നെയല്ലോ ജനി-
പ്പിച്ചു, വിശ്വത്തിനൻപേകും ജലങ്ങളെ;
സ്വച്ഛകവികളാല്‍സ്സോമം വിശുദ്ധമാ-
ക്കിച്ച,വ കർമ്മങ്ങൾ ചെയ്യിപ്പു രാപ്പകല്‍! 16
സൂര, നിൻപ്രാഭവാല്‍പ്പോകും, വരും, മുത-
ല്ക്കാരാം മഖാർഹമാരാ വെണ്‍കറുമ്പികൾ;
നേരേ നടക്കുന്ന കാമ്യര്‍ സഖാക്കൾ നിന്‍-
ഗൌരവാലിന്ദ്ര, നീക്കുന്നു, വിഘ്നങ്ങളെ! 17
വൃത്രഘ്ന, കീഴ്പെയ്ക്ക, സൂനൃതോക്തികളെ
വിസ്തൃതായുസ്സു നീയ,ന്നദൻ, വർഷകൻ;
നത്സഖ്യവും മഹാരക്ഷയും പൂണ്ടെത്തു-
ക,സ്മല്‍സമീപേ യിയാസു മഹാന്‍ ഭവാന്‍! 18
അംഗിരസ്തുല്യമർച്ചിച്ച,പ്പുരാണനെ-
യിങ്ങു പുകഴ്ത്തിപ്പുതുക്കട്ടെ, സേവി ഞാൻ:
താമസരാം ബഹുദ്രോഹികളെക്കൊല്ക;
നീ മഘവൻ, തരികെ,ങ്ങൾക്കു വിത്തവും! 19
ഇന്ദ്ര, പരന്നൂ പരിപാവനം ജല –
മെന്നെയ്ക്കുമായ് നിറയ്ക്കെങ്ങൾക്കതിൻതടം;
മാറ്റരില്‍നിന്നു രക്ഷിയ്ക്ക, തേരാളി നീ;-
യേററം ജവാലെങ്ങൾ നേടാവു, ഗോക്കളെ! 20
ഗോക്കളെ നല്കട്ടെ, വൃത്രാരി ഗോപതി;
പോക്കട്ടെ, തേജോബലത്താല്‍ക്കറുമ്പരെ;.
നേര്‍കൊണ്ടു നല്കിയോന്‍, തൻപ്രിയഗോക്കളെ-
പ്പൂകിച്ചടച്ചാൻ, കതകുകളൊക്കയും! 21
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെപ്പോരിൽ വൃത്രഘ്നനെ! 22
കുറിപ്പുകൾ: സൂക്തം 31.

[1] വോഢാവു് – മകളെ വേളികഴിച്ചയച്ച അപുത്രനായ പിതാവത്രേ, വോഢാവ്. ‘ഇവളില്‍ ആണ്‍പ്രജയുണ്ടായാല്‍, അതു് എന്റെ ആയിരിയ്ക്കും’ എന്നു ശാസിച്ചാണ്, (ജാമാതാവുമായി കരാറുചെയ്തിട്ടാണ്) മകളെ അയാളോടുകൂടി അയച്ചതു്. വിശ്വസിച്ച് – ജാമാതാവു കരാറു ലംഘിയ്ക്കില്ലെന്നുറച്ച്. സുവീര്യനെ – പുത്രോല്‍പാദനശക്തിയുള്ള ജാമാതാവിനെ. ആദരിയ്ക്കുന്നു – വസ്ത്രാഭരണാദികൾകൊണ്ടു പൂജിയ്ക്കുന്നു. എന്നാല്‍ അയാൾ ഭാര്യയെ പ്രാപിച്ചു രമിയ്ക്കുന്നതു, സുഖംമാത്രം കരുതിയാണ്. അങ്ങനെ വോഢാവു, തന്റെ ശേഷക്രിയയ്ക്കു ദൌഹിത്രനെ കിട്ടാതെ വഞ്ചിതനാകുന്നു.

[2] ആണ്‍മക്കൾക്കേ അച്ഛന്റെ സ്വത്തിന്ന് അവകാശമുള്ളു; പെണ്മക്കൾക്കു ധനം ഭർത്താവു കൊടുക്കണം. ആസേകഭാജനം – രേതസ്സേചനപാത്രം. ആണ്‍പ്രജ നല്ല കർമ്മങ്ങൾ ചെയ്യും (പണിയെടുക്കും); പെണ്‍പ്രജയോ, ചമഞ്ഞ് (ആഭരണങ്ങളണിഞ്ഞ്) അങ്ങനെയിരിയ്ക്കും. അതിനാല്‍ മുതലവകാശം പുത്രന്നുതന്നെ; പെങ്ങളെ വേളികഴിച്ചുകൊടുക്കേണ്ട ചുമതലയേ അവന്നുള്ളു.

[3] ലാലസിപ്പോനെ – പ്രകാശമാനനായ ഇന്ദ്രനെ. നാളങ്ങളാല്‍ത്തത്തും – ഇളകുന്ന ജ്വാലകളുള്ള. വന്‍പുത്രർ – വലിയ രശ്മികൾ. ഗർഭം ജലത്തെ ഉള്ളിലൊതുക്കൽ. പേറ് – സസ്യരൂപേണ ജനനം. ഗർഭവും പേറും മഹത്തായതുപോലെ തച്ചെയ്തിയും (ആ രശ്മികളുടെ പ്രവൃത്തിയും) ഇന്ദ്രതർപ്പണത്താല്‍ (ഇന്ദ്രനെ സോമഘൃതാദ്യാഹുതികൾകൊണ്ടു തൃപ്തിപ്പെടുത്തിയതിനാല്‍) മഹത്തായി. ആണ്‍മക്കൾ പണിയെടുക്കുമെന്നു മുന്‍ഋക്കില്‍പ്പറഞ്ഞുവല്ലോ; ഈ ഋക്കിൽ അഗ്നിപുത്രന്മാരുടെ കർമ്മശീലത പ്രതിപാദിച്ചിരിയ്ക്കുന്നു.

[4] പോരിലണഞ്ഞ വിജയികൾ – വൃത്രയുദ്ധത്തില്‍ ഇന്ദ്രനെ പ്രാപിച്ച മരുത്തുക്കൾ. സ്ഫാരതേജസ്സിന്നു തമസ്സൊഴിഞ്ഞു എന്നു തേറിനാര്‍ – മഹത്തായ തേജസ്സ് (സൂര്യതേജസ്സ്) തമോമുക്തമായി എന്നു കണ്ടറിഞ്ഞു.

[5] അദ്രിസ്ഥഗോക്കളില്‍ മന്ദിച്ച – അസുരന്മാര്‍ മലയിലൊളിപ്പിച്ച പൈക്കളെ വീണ്ടെടുക്കുന്നതില്‍ (അസാധ്യത്വബുദ്ധ്യാ) ഉദാസീനരായിത്തീർന്ന. സപ്തമേധാവികൾ – അംഗിരസ്സുകൾ. വാഴ്ത്തി – ഇന്ദ്രനെ. ഒടുവില്‍ സരമയിൽനിന്ന് അറിവു കിട്ടിയതിനാല്‍ അവര്‍ ആ മഖാധ്വത്തുണകളെ (യജ്ഞമാർഗ്ഗത്തില്‍ തുണയ്ക്കുന്നവയായ പൈക്കളെ) കണ്ടെത്തി. അതറിഞ്ഞ് ഇവന്‍ (ഇന്ദ്രന്‍) പണിഞ്ഞ് (അംഗിരസ്സുകളെ വണങ്ങി) മണ്ടിയണഞ്ഞാൻ – വേഗേന ഗുഹയില്‍ പ്രവേശിച്ചു.

[6] ബഹ്വന്നവും കോപ്പും – വളരെ അന്നവും മറ്റു ഭോജ്യങ്ങളും. ഏറ്റപോലെ – തന്റെ പ്രതിജ്ഞയനുസരിച്ച്. ഏകിനാൻ – ഇന്ദ്രന്‍ കൊടുത്തു. സല്‍പ്പാദ (നല്ല കാലുകളുള്ള സരമ) മുമ്പേ ചെന്നത്, ഒലി (പൈക്കളുടെ ഉമ്പാശബ്ധം) കേട്ടിട്ടാണ്; അതിനാല്‍ അവൾ ശാശ്വതീപാർശ്വത്തില്‍ (സനാതനികളായ പൈക്കളുടെ അരികില്‍) എത്തി, ഇന്ദ്രന്നു വഴി കാട്ടിക്കൊണ്ട്.

[7] സുമേധസ്സ് (നല്പ മേധയുള്ള ഇന്ദ്രൻ) സഖ്യമിച്ഛിച്ച് (അംഗിരസ്സുകളുമായി സഖ്യംകൊള്ളാൻ എഴുന്നള്ളീ, ഗിരിഗുഹ പ്രാപിച്ചു. പർവതം സല്‍ക്കർമ്മവാന്നായ് (നല്ല യുദ്ധം ചെയ്യുന്നവനായ ഇന്ദ്രന്നുവേണ്ടി) പ്രസവിച്ചു – പൈക്കളെ ഗുഹാഗർഭത്തില്‍നിന്നു നിർഗ്ഗമിപ്പിച്ചു. യുവാന്വിതനായ (മരുത്തുക്കളോടുകൂടിയ) കൊല്‍വോന്‍ (അസുരഹന്താവായ ഇന്ദ്രന്‍) ഗോധനം വീണ്ടേകി – ഗോക്കളെ വീണ്ടെടുത്തു് അംഗിരസ്സുകൾക്കു കൊടുത്തു. അംഗിരസ്സ് – അവരില്‍ മൂപ്പുചെന്ന ഋഷി. ഈ ഇതിഹാസം മുന്മണ്ഡലങ്ങളിലുണ്ടു്.

[8] സത്ത് = നല്ലതു്. ശുഷ്ണഘ്നൻ – ശുഷ്ണാസുരനെ കൊന്നവന്‍. അഗ്രഗന്‍ – യുദ്ധങ്ങളില്‍ മുന്‍നില്ക്കുന്നവന്‍. ഗോദൻ – അംഗിരസ്സുകൾക്കു പൈക്കളെ കൊടുത്തവന്‍. മുദാ – നമ്മളില്‍ പ്രീതിയോടേ.

[9] സ്തുതിചെയ്തിരുന്നീടിനാര്‍ – ഇന്ദ്രനെ സ്തുതിച്ചു സത്രമിരുന്നു. അവര്‍ – അംഗിരസ്സുകൾ. മാസങ്ങൾ നോക്കും – യജ്ഞമാസങ്ങളെ കാത്തിരിയ്ക്കുന്ന. ഇസ്ഥിതി – സത്രമിരിപ്പ്.

[10] സ്വന്തം – തങ്ങളുടെ പയ്യ്. സന്തതികൾക്കായ് – മക്കൾക്കു കൊടുക്കാൻ. തൽസ്വനം – അവരുടെ, അംഗിരസ്സുകളുടെ സ്വനം, ആഹ്ലാദജനിതമായ ആർപ്പ്. വെച്ച് – കാവലിന്നു നിയമിച്ച്.

[11] തുണക്കാരും, വന്ദ്യരായ യാജ്യരും, മരുത്തുക്കൾതന്നെ. അവന്‍ – ഇന്ദ്രന്‍. അർപ്പിച്ചു – യജ്ഞത്തിന്നായി കൊടുത്തേല്പിച്ചു. ഗോവിനെ – ജാത്യേകവചനം: ഗോക്കളെ. കാമ്യ = സ്പൃഹണീയ. ആഹുതിപ്പയ്യ് = ഹോമധേനു. ഇയ്യാൾ – യജമാനന്‍; ഹസ്തനിർദ്ദേശം. നറുംമധു – മധുരമായ പാല്‍.

[12] താതന്നു – അച്ഛൻപോലെ രക്ഷിയ്ക്കുന്ന ഇന്ദ്രന്ന്. കേതനം – ഇരിപ്പിടം. നേര്‍ക്കു കാണിച്ച് – ഇന്ദ്രന്നുചിതമായ സ്ഥാനം നിർദ്ദേശിച്ച്. അസ്സുകൃതികൾ – അംഗിരസ്സുകൾ. മാതൃദ്വയം – ദ്യോവും ഭൂവും. മീതെ – സ്വർഗ്ഗത്തില്‍. സവേഗൻ – വേഗവാനായ ജന്ദ്രൻ. സത്രികൾ – സത്രമിരുന്നവര്‍, അംഗിരസ്സുകൾ.

[13] വേര്‍പെടുവാൻ – കൂട്ടിമുട്ടാതെ വിട്ടുനില്ക്കാന്‍. ഉടന്‍തന്നെ വായ്ക്കും – വേണ്ടപ്പോൾ വലുതാവുന്ന. മഹാസ്തുതി – നമ്മൂടെ വലിയ സ്തുതി. ആകയാല്‍ = അതുകൊണ്ട്. ഇന്ദ്രങ്കല്‍ – അവിടെ മേവുന്ന ഇന്ദ്രങ്കൽ. ചൊല്കൾ – നമ്മുടെ സ്തുതികൾ. നിസർഗ്ഗജം = സ്വാഭാവികമാകുന്നു.

[14] ത്വത്തുംഗസഖ്യം = അങ്ങയുടെ മഹത്തായ സഖ്യം. കെല്പ് – അങ്ങയുടെ കഴിവ്, ദാനം. മഘവാന്നു ഭൂരിബഡബകൾ (വളരെ പെണ്‍കുതിരകൾ) എത്തും – വേണ്ട സമയത്തു വാഹനമായി വന്നുചേരും. വിദ്വാന്ന് – ഇന്ദ്രന്ന്. അയപ്പോം – ഞങ്ങൾ അയയ്ക്കുന്നു. അന്നം – ഹവിസ്സ്.

[15] മിത്രർക്കു – സഖാക്കളായ നമുക്ക്. ചരം – ഗോക്കാൾ മുതലായ ജംഗമസ്വത്ത്. മിത്രന്‍ = സൂര്യന്‍. ജനിപ്പിച്ചു – വെളിപ്പെടുത്തി.

[16] ഉച്ഛമന്‍ – ഉൽകൃഷ്ടമായ ശമം (ശാന്തി) ഉള്ളവന്‍. ഈ വിഭു – സർവവ്യാപിയായ ഇന്ദ്രന്‍. അന്‍പ് = ആഹ്ലാദം. സ്വച്ഛകവികളാല്‍ – പരിശുദ്ധരായ അഗ്നിവായുസൂര്യന്മാരെക്കൊണ്ട്. അവ – ജലങ്ങൾ. കർമ്മങ്ങൾ ചെയ്യിപ്പു – ആളുകളെ സ്വസ്വകർമ്മവ്യാപൃതരാക്കുന്നു.

[17] സൂര – ഹേ ജഗല്‍പ്രേരക. മുതല്ക്കാരും (ആളുകൾക്കു പൊറുക്കാന്‍ വേണ്ടുന്നവ കൊടുക്കുന്നവരും) മഖാർഹ(യജനീയ)മാരുമായ ആ വെണ്‍കുറുമ്പികൾ (വെളുത്ത പകലും കറുത്ത രാത്രിയും) പോവുകയും വരികയും ചെയ്യുന്നത്, അങ്ങയുടെ പ്രാഭവത്താലാകുന്നു. നേരേ നടക്കുന്ന = ഋജുഗതികളായ. കാമ്യർ = കമനീയര്‍. സഖാക്കൾ – മരുത്തുകൾ. ഗൌരവാല്‍ – മഹിമാവിനാല്‍. വിഘ്നങ്ങൾ – കർമ്മം മുടക്കുന്നവര്‍.

[18] സൂനൃതോക്തികളെ കീഴ്‌വെയ്ക്ക – ഞങ്ങളുടെ സത്യപ്രിയവാക്കുകൾക്കു) (സ്തുതികൾക്കു) സ്വാമിയാവുക. വിസ്തൃതായുസ്സ് – മരണരഹിതന്‍. യിയാസു – യജ്ഞഗമനേച്ഛു.

[19] അംഗിരസ്തുല്യം = അംഗിരസ്സുകൾ അർച്ചിച്ചപോലെ. അപ്പുരാണനെ – സനാതനനായ ഇന്ദ്രനെ. സേവി = സേവിച്ചുപോരുന്നവൻ. താമസര്‍ = തമോഗുണക്കാര്‍.

[20] നിറയ്ക്ക – അക്ഷയജലമാക്കിനിര്‍ത്തിയാലും.

[21] കറുമ്പര്‍ – കർമ്മം മുടക്കുന്ന അസുരർ. നേര്‍ = സത്യം. നല്കിയോന്‍ – അംഗിരസ്സുകൾക്കു പൈക്കളെ വീണ്ടുകൊടുത്ത ഇന്ദ്രന്‍. പൂകിച്ച് – തൊഴുത്തിലാക്കി.

[22] മുമ്പു വിവരിച്ചിരിയ്ക്കുന്നു.

സൂക്തം 32.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)

ഇന്ദ്ര, സോമേശ, കുടിയ്ക്കുകിസ്സോമനീര്‍:
നന്ദ്യമധ്യാഹ്നസവനമിതാ, തവ.
യുക്തഹരികളെ വിട്ടു തീററിയിഹ
മത്തടിപ്പിയ്ക്കൂ, മഘവന്നൃ,ജീഷി നീ! 1
പാല്‍, കടകോലിവ ചേർന്ന സോമം നവം
നീ കുടിയ്ക്കെ; – ങ്ങൾ തരുന്നു, നിൻമത്തിനായ്;
രുദ്രരും, വാഴ്ത്തും മരുത്തുക്കളുമൊത്തു
തൃപ്തി പൂണ്ടിന്ദ്ര വർഷിയ്ക്കൂ, വയറ്റില്‍ നീ! 2
പേർത്തിന്ദ്ര, തേ ബലം, ശേഷി തേജസ്സിവ
വാഴ്ത്തി വളർത്തിയോരല്ലോ, മരുത്തുകൾ;
മധ്യാഹ്നികസവനത്തിലാ രുദ്രജ-
രൊത്തു കുടിയ്ക്കുക, വജ്രിൻ, സുശിപ്ര, നീ! 3
ശക്തിയായ്നിന്ന മരുത്തുക്കൾതന്നെയാ-
ണ,ത്തേന്‍വചസ്സാലിറക്കിയതിന്ദ്രനെ:
തല്‍പ്രേരിതനിവൻ നേർക്കറിഞ്ഞാൻ, ധൃത-
ദർപ്പനാം വൃത്രന്റെ ദുര്‍ഗ്രഹമർമ്മവും! 4
ഇന്ദ്ര, മനുവിന്റെപോലെ,ന്റെ യജ്ഞത്തില്‍-
നിന്നു കുടിയ്ക്ക, നീരീടുറ്റ വീറിനായ്;
വന്നെത്തുകോ,ടിനടക്കുന്ന യാജ്യരോ-
ടൊന്നിച്ചു; ഹര്യശ്വ, പെയ്ക, ദിവ്യോദകം! 5
തത്തും ജലങ്ങളെ മൂടി നിഗൂഢമായ്
വർത്തിച്ച വൃത്രനെപ്പോരിട്ടു കൊന്നു നീ
തണ്ണീർകളെയിന്ദ്ര, വിട്ടുവല്ലോ, രണം-
തന്നിലോടാന്‍ തുരഗങ്ങളെപ്പോലവേ; 6
ആ വളർന്ന മഹാനിന്ദ്രനെ സ്തോത്രേണ
സേവിപ്പു, ഞങ്ങളജരയുവാവിനെ;
ഓമല്‍വാനൂഴികളില്ലൊ,ന്നളന്നതി-
ല്ലീ, മഖയോഗ്യനാം സ്തുത്യന്റെ മേന്മയെ! 7
ഇന്ദ്രന്റെ നല്ല കർമ്മങ്ങൾ, നാനാവ്രത-
മെന്നിവ തള്ളുന്നതില്ലാ,രുമുമ്പരില്‍:
ദ്യോവൂഴിവാനങ്ങൾ നിർത്തിനാ,നിസ്സുക-
ര്‍മ്മാവുയദിപ്പിച്ചാൻ, മുറയ്ക്കുഷസ്സൂര്യരെ! 8
സത്യ,മാ നിന്മഹിമാവിന്ദ്ര: സോമനീ-
രദ്രോഹ, നീ നുകർന്നല്ലോ, പിറപ്പിലേ;
കല്യ, നിൻത്രാണിയെത്തട്ടിമാററില്ല വി-
ണ്ണി,ല്ലഹസ്സി,ല്ല മാസങ്ങ,ളില്ലാണ്ടുകൾ! 9
ഇന്ദ്ര, പിറപ്പിലേ ശ്രേഷ്ഠമാം സ്ഥാനത്തു
നിന്നു മത്തിന്നായ് നുകർന്നു, നീ സോമനീര്‍:
മന്നംബരങ്ങളുൾപ്പൂകിയല്ലോ, ഭവാൻ;
പിന്നെപ്പഴകിയ കർമ്മകർത്താവുമായ്! 10
നീരില്‍പ്പരന്നുകിടന്ന കെല്പേറിയ
കാറിനെബ്ഭൂരിധാതാവേ, പിളർത്തി നീ;
ദ്യോവറിഞ്ഞീല, തന്നാസനമൊന്നിനാല്‍-
ബ്ഭൂവെ മറച്ചുനിന്നോരു നിൻ വൈഭവം! 11
ഇന്ദ്ര, ഭവാനെ വളർത്തുമല്ലോ, മഖം:
നന്ദിപ്പു, സോമം പിഴിഞ്ഞ മേധത്തില്‍ നീ;
യഷ്ടാവെ രക്ഷിയ്ക്ക, യാജ്യ, നീ; കാക്കട്ടെ,
വൃത്രവധത്തില്‍ നിൻവജ്രത്തെയധ്വരം! 12
പണ്ടുമിടയിലുമിന്നുമുള്ള നുതി-
കൊണ്ടു വളരുവോനാമിന്ദ്രനെജ്ജനം
ത്രാണകൃത്താം മഖംകൊണ്ടടുപ്പിയ്ക്കുന്നു;
ഞാനും വരുത്തുവന്‍, പുത്തൻധനത്തിനായ്! 13
ഇന്ദ്രനെ വാഴ്ത്തണം ദൂരദൂരപ്പക-
ലിന്നു മുമ്പെന്നു തോന്നുമ്പോൾച്ചമച്ചു ഞാന്‍:
പാപം കടത്താന്‍ വിളിപ്പതുമപ്പോഴേ,
പാർശ്വദ്വയസ്ഥര്‍ നൌഗാമിയെപ്പോലവേ! 14
‘സ്വോഹാ’ നിറച്ചേന്‍ കുടത്തില്‍, നിൻപീതിയ്ക്കു,
വീഴ്ത്തുകാരന്‍ ജലം കോശത്തിലാംവിധം;
നിന്നെ വലംവെച്ചു ചുറ്റും നിരക്കട്ടെ,
നിന്മത്തിനിന്ദ്ര, നല്‍സ്വാദുറ്റ സോമനീര്‍! 15
നിന്നെത്തടുക്കാ, പുരുഹൂത, ചുറ്റുമേ
നില്ക്കും മലകളുമാഴമുള്ളാഴിയും:
മിത്രാർത്ഥനാല്‍ക്കെടുത്തല്ലോ, ഭവാനിന്ദ്ര,
ഗർത്തസ്ഥനാം കരുത്തേറുമൂർവനെയും! 16
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 17
കുറിപ്പുകൾ: സൂക്തം 32.

[1] സോമേശ = സോമത്തിന്റെ അധിപതേ. യുക്തഹരികളെ വിട്ടു – തേരിന്നു പൂട്ടിയ രണ്ടു ഹരികളെ അഴിച്ചുവിട്ട്. മത്തടിപ്പിയ്ക്കൂ – ഇമ്പപ്പെടുത്തിയാലും. ഋജീഷി = ഋജീഷത്തോടുകൂടിയവൻ; ഋജീഷം = നീർ പിഴിഞ്ഞെടുത്ത സോമലതയുടെ ചണ്ടി; ഇത് ഇന്ദ്രന്നുള്ളതത്രേ.

[2] രുദ്രരോടും അങ്ങയെ സ്തുതിയ്ക്കുന്ന മരുത്തുക്കളോടുംകൂടി തൃപ്തി പൂണ്ടു (സോമം മതിയാവോളം കുടിച്ചു) വയററില്‍ വർഷിയ്ക്കൂ – ഉദരത്തില്‍ ഒരു സോമനീര്‍മഴ പെയ്താലും!

[3] രുദ്രജര്‍ = രുദ്രപുത്രര്‍, മരുത്തുക്കൾ. സുശിപ്ര = നല്ല അണക്കടകളുള്ളവനേ.

[4] ശക്തി – ഇന്ദ്രന്ന് ഒരു ബലമായിട്ടുള്ളവരത്രേ, മരുത്തുക്കൾ. അത്തേൻ വചസ്സാല്‍ – ‘ഞങ്ങളുണ്ട്, സഹായിപ്പാൻ; അങ്ങു യുദ്ധത്തിലിറങ്ങിക്കൊള്ളുക’ എന്നു മധുരമായി പറഞ്ഞ്. തല്‍പ്രേരിതനിവനൻ – അവര്‍ പ്രേരിപ്പിച്ച ഇന്ദ്രൻ. ധൃതദർപ്പന്‍ – എന്നെ കൊല്ലാനാരുമമില്ലെന്ന ഗർവു പൂണ്ട. ദുര്‍ഗ്രഹമർമ്മവും – കണ്ടുപിടിയ്ക്കാവതല്ലാത്ത മർമ്മംപോലും.

[5] മനുവിന്റെപോലെ – അങ്ങു മനുവിന്റെ യജ്ഞത്തില്‍ സോമം കുടിച്ചുവല്ലോ; അതുപോലെ. വീറ് = വീര്യം. ഓടിനടക്കുന്ന യാജ്യര്‍ – മരുത്തുക്കൾ. ദിവ്യോദകം – അന്തരിക്ഷസ്ഥമായ ജലം.

[6] തത്തും – ഇളകിക്കളിയ്ക്കുന്ന. വിട്ടു – ഭൂമിയിലെയ്ക്കൊഴുക്കി.

[7] സ്തോത്രേണ – സ്തോത്രംകൊണ്ട്, സ്തോത്രങ്ങൾ ചൊല്ലി. അജരയുവാവ് = ജരവരാത്ത നിത്യതരുണൻ. ഓമല്‍വാനൂഴികൾ – പ്രിയപ്പെട്ട ദ്യാവാപൃഥിവികൾ. ഇല്ല, ഒന്നളന്നില്ല എന്ന ആവർത്തനം ആദരത്തിന്നാണ്. മേന്മ – മികവ്, മഹിമ.

[8] കർമ്മങ്ങൾ – പൃഥിവ്യാദിനിർമ്മാണം. നാനാവ്രതം – യജ്ഞാദികൾ. ഉമ്പരിലാരും തള്ളുന്നതില്ല – ദേവന്മാരെല്ലാം ആദരിയ്ക്കുകതന്നെ ചെയ്യുന്നു. വാനം – അന്തരിക്ഷം. ഉഷസ്സൂര്യര്‍ = ഉഷസ്സും സൂര്യനും.

[9] നിന്മഹിമാവ് സത്യമാണ്, യഥാർത്ഥമാണ്. അദ്രോഹ – ദ്രോഹമില്ലാത്തവനേ. പിറപ്പിലേ = ജനിച്ചപ്പോൾത്തന്നെ. വിണ്ണും മറ്റും നിന്റെ ത്രാണിയെ അനുസരിയ്ക്കുകതന്നെ ചെയ്യുന്നു. കല്യ – ബലവാനേ.

[10] പഴകിയ – കുട്ടിയാണെങ്കിലും, പഴക്കംവന്ന. മന്നംബരങ്ങൾ = ഭൂവും ദ്യോവും.

[11] ഭൂരിധാതാവേ = വളരെ വസ്തുക്കളെ സൃഷ്ടിച്ചവനേ. ആസനമൊന്നിനാല്‍ – ഒരാസനം (കടിപ്രദേശം)കൊണ്ട്.

[12] മഖം – ഞങ്ങളുടെ ഈ യാഗം. നന്ദിപ്പു – സന്തോഷിയ്ക്കുന്നു; മേധം (യജ്ഞം) അങ്ങയ്ക്കു പ്രിയമാണ്.

[13] ഇടയിലും – ഇടക്കാലത്തും. ത്രാണകൃത്താം – തങ്ങളെ രക്ഷിയ്ക്കുന്നതായ.

[14] ദൂരദൂരപ്പകലിന്നുമുമ്പ് – അതിദൂരസ്ഥമായ പകല്‍ വന്നു വിഘ്നമുണ്ടാക്കുന്നതിന്നു മുമ്പ്. ചമപ്പു – സ്തോത്രം രചിയ്ക്കുന്നു. അപ്പോൾത്തന്നെയാണ്, പാർശ്വദ്വയസ്ഥര്‍ (ഇരുവശത്തും നില്ക്കുന്നവര്‍) പാപം കടത്തിവിടാന്‍ ഇന്ദ്രനെ വിളിയ്ക്കുന്നതും; പാർശ്വദ്വയസ്ഥര്‍ (നദിയുടെ ഇരുകരയിലും നില്ക്കുന്നവര്‍) നൌഗാമിയെ (തോണിയില്‍ പോകുന്നവനെ) തങ്ങളെയും പുഴ കടത്താന്‍ വിളിയ്ക്കുന്നതുപോലെ.

[15] സ്വാഹാ – സ്വാഹാ എന്നുച്ചരിച്ച്. നിറച്ചേന്‍ – ഞാന്‍ സോമനീര്‍ കുടത്തില്‍ നിറച്ചു. പീതി = പാനം. വീഴ്ത്തുകാരന്‍ (വഴിയമ്പലത്തില്‍ ആളുകൾക്കു വെള്ളം പകർന്നുകൊടുക്കുന്നവൻ) കുറെ വെള്ളമെടുത്തു, പകർന്നുകൊടുക്കാന്‍ പറ്റിയ കോശത്തില്‍ (ഒരുതരം പാത്രം) നിറച്ചുവെയ്ക്കുന്നതുപോലെ.

[16] മിത്രാർത്ഥനാല്‍ – സഖാക്കളായ ദേവകൾ അപേക്ഷിച്ചതിനാല്‍. ഗർത്തസ്ഥന്‍ = കുണ്ടിലിരിയ്ക്കുന്നവന്‍. ഊർവൻ – ഔർവാഗ്നി.

സൂക്തം 33.

വിശ്രാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

‘മലകളുടെ മടിയില്‍ നിന്നു, കൊതിയ്ക്കുന്ന വിപാട്ടും ശുതുദ്രിയും, വിമുക്തകളായ രണ്ടു പെണ്‍കുതിരകൾപോലെ ഇമ്പംപൂണ്ടും, നക്കാനിച്ഛിയ്ക്കുന്ന രണ്ടു തള്ളപ്പൈക്കൾപോലെ ശോഭിച്ചും, കുതിച്ചോടുന്നു. 1

ഇന്ദ്രനാല്‍ അയയ്ക്കപ്പെട്ടു വിടചോദിയ്ക്കുന്ന നിങ്ങളിരുവരും സമ്മിളിതകളായി, തിരകളാല്‍ തഴപ്പിച്ചുകൊണ്ടു, രണ്ടു തേരാളികൾ പോലെ, നേരേ സമുദ്രത്തിലെയ്ക്കു പോകയാണ്; പ്രഭാവതികളേ, നിങ്ങളില്‍ ഒരുവൾ മാറ്റവളോടു ചേരുന്നു! 2

ഞാന്‍ ഉറ്റമാതാവായ സിന്ധുവിനെ പ്രാപിച്ചു – ഞങ്ങൾ മഹതിയും സുഭഗയുമായ വിപാട്ടിന്റെ അടുക്കലെത്തി. കുട്ടിയെ നക്കാന്‍ രണ്ടു തള്ളപ്പൈക്കൾപോലെ, ഒരേ സ്ഥലത്തെയ്ക്കു പോവുകയാണിവര്‍!’ 3

‘ഞങ്ങൾ ഈ വെള്ളത്താല്‍ തഴപ്പിച്ചുകൊണ്ടു, തമ്പുരാനരുളിയ സ്ഥലത്തെയ്ക്കു പോവുകയാണ്; യാത്രയില്‍ പിന്തിരിയലില്ല. എന്തിനാണീ വിപ്രൻ നദികളെ വിളിയ്ക്കുന്നത്?’ 4

‘തരംഗിണികളേ, ഞാന്‍ സോമത്തിന്നു പോവുകയാണ്; നിങ്ങളുടെ ഓട്ടം ഇത്തിരിനേരത്തെയ്ക്കു നിർത്തുവിൻ. കുശികന്റെ മകനായ ഞാന്‍ വലിയ സ്തുതികൊണ്ടു രക്ഷ നേടാൻവേണ്ടി സിന്ധുവിനെ നേരിട്ടു വിളിയ്ക്കുന്നു.’ 5

‘ഇന്ദ്രനാണ്, ഞങ്ങളെ കുഴിച്ചത്: ആ വജ്രപാണി ജലത്തില്‍ ചുഴന്നുനിന്ന മേഘത്തെ പിളർത്തി; സവിതാവും ശോഭനഹസ്തനുമായ തമ്പുരാന്‍ ഞങ്ങളെ കൊണ്ടുപോയി. തന്റെ അരുളപ്പാടിനാലാണ്, വെള്ളം നിറഞ്ഞ ഞങ്ങൾ പോകുന്നത്. 6

ഇന്ദ്രന്റെ ആ വീരകർമ്മം – മേഘത്തെ ഛേദിച്ചത് – എന്നെന്നും വർണ്ണനീയമാകുന്നു. ചുഴന്നുകൂടിയവരെയും വജ്രംകൊണ്ടു വധിച്ചു. അതിനാൽ തണ്ണീരുകൾ സ്ഥാനം തേടി പോയ്ത്തുടങ്ങി. 7

സ്തോതാവേ, ഭവാൻ കൊട്ടിഗ്ഘോഷിച്ചുവല്ലോ, ആ വാക്കു മറക്കരുത്: മേലിലെ യുഗങ്ങളില്‍, ഉക്ഥം ചമയ്ക്കുന്ന ഭവാന്‍ ഞങ്ങളില്‍ വന്നുകൊൾക; ഇപ്പോൾ ഞങ്ങളെ ആണുങ്ങളാക്കരുത്; ഭവാനു നമസ്കാരം!’ 8

‘സഹോദരിമാരേ, സ്തോത്രക്കാരന്റെ വാക്കു നിങ്ങൾ കേൾക്കുകതന്നെ വേണം: അകലത്തുനിന്നു, വണ്ടിയും തേരുമായി നിങ്ങളെ പ്രാപിച്ചിരിയ്ക്കയാണു്, ഞാൻ; നദികളേ, നിങ്ങൾ നന്നായി താഴുവിന്‍, കരകൾ സുഗമങ്ങളാക്കുവിൻ, വെള്ളം അച്ചുതണ്ടിന്‍റെ താഴേനിർത്തുവിൻ!’ 9

സ്തോതാവേ, താങ്കൾ പറഞ്ഞതു ഞങ്ങൾ കേൾക്കാം: വണ്ടിയും തേരുമായി ദൂരത്തുനിന്നു വന്നിരിയ്ക്കയാണല്ലോ, താങ്കൾ. മുലകൊടക്കുന്ന ഒരു സ്ത്രീയെന്നപോലെയും, – പുരുഷനെപ്പുണരാൻ ഒരു യുവതിയെന്നപോലെയും ഞങ്ങൾ താങ്കൾക്കുവേണ്ടി, താങ്കൾക്കുവേണ്ടി കുനിയാം!’ 10

‘എന്നാല്‍ ഭരതര്‍ നിങ്ങളെ കടക്കും – നിങ്ങൾ സമ്മതിച്ചതുകൊണ്ടും, ഇന്ദ്രനാൽ അയയ്ക്കപ്പെട്ടതാകകൊണ്ടും, സംഘം മാടുകളെ കടത്തും: പോയ്ക്കൊള്ളാന്‍ മുമ്പ് അനുജ്ഞ തന്നുവല്ലോ; യജ്ഞാർഹകളായ നിങ്ങളെ ഞാൻ വഴിപോലെ സ്തുതിയ്ക്കുന്നു.’ 11

ഭരതര്‍ മാടുകളോടുകൂടി കടന്നു. വിപ്രന്‍ വഴിപോലെ നദികളെ സ്തുതിച്ചു: – ‘നിങ്ങൾ അന്നവും നല്ല ധനവും ഉല്‍പ്പാദിപ്പിച്ചുകൊണ്ടു തോടുകളെ തഴപ്പിയ്ക്കുവിൻ – അവയെ നിറയ്ക്കുവിൻ! ഇനി, വേഗത്തില്‍ പോയ്ക്കൊള്ളുവിന്‍. 12

ഓളം കയറുകളുടെ താഴേ പോകട്ടെ; വെള്ളം കടിഞാണുകളെ തൊടരുതു്; ദുഷ്കൃതവും ദുരിതവുമില്ലാത്ത ദുർദ്ധഷമാരേ, നിങ്ങൾ പൊങ്ങിക്കളയരുതേ!’ 13

കുറിപ്പുകൾ: സൂക്തം 33.

[1] കൊതിയ്ക്കുന്ന – സമുദത്തിലെത്താനിച്ഛിയ്ക്കുന്ന. വീപാട്ടും ശുതുദ്രിയും – രണ്ടു നദികൾ. വിമുക്തകൾ = അഴിച്ചുവിടപ്പെട്ട. നക്കാന്‍ – കുട്ടിയെ. ഈ നദികൾതന്നെയായിരിയ്ക്കാം, പുരാണങ്ങളിലെ വിപാശയും ശതദ്രുവും.

[2] തഴപ്പിച്ചുകൊണ്ടു – പരിസരങ്ങളില്‍ സസ്യസമൃദ്ധിവരുത്തിക്കൊണ്ട്. ഒരുവൾ മറ്റവളോടു ചേരുന്നു – പരസ്പരൈക്യം കൊള്ളുന്നു.

[3] സിന്ധു – നദി, ശുതുദ്രി.

[4] ഇങ്ങനെ സ്തുതിച്ച വിശ്വാമിത്രനോടു നദികളിരുവരും പറയുന്നു: തമ്പുരാൻ – ഇന്ദ്രന്‍. നദികളെ – ഞങ്ങളെ.

[5] വിശ്വാമിത്രന്റെ മറുപടി:

[6] നദികൾ: സവിതാവ് = ജഗൽപ്രേരകന്‍. കൊണ്ടുപോയി – സമുദ്രം നിറയ്ക്കാൻ. തന്റെ – അദ്ദേഹത്തിന്റെ.

[7] ചുഴന്നുകൂടിയവര്‍ – പ്രതിബന്ധകാരികളായ അസുരന്മാര്‍.

[8] കൊട്ടിഗ്ഘോഷിച്ചുവല്ലോ – ഞങ്ങളെ കേമമായി സ്തുതിയ്ക്കുകയും മറ്റും ചെയ്തുവല്ലോ. ആണുങ്ങളാക്കരുത് – ഏറെ സംസാരിപ്പിയ്ക്കരുത്. ഭവാനു നമസ്കാരം – പോയ്ക്കൊൾക എന്നു സാരം. സ്ത്രീകൾ പ്രകൃത്യാ മിതഭാഷിണികളാണ്.

[9] സ്തോത്രക്കാരൻ – ഞാന്‍. വെള്ളം അച്ചുതണ്ടിന്റെ കീഴ്ഭാഗംവരെയേ ഉള്ളു എങ്കില്‍, വണ്ടിയും തേരും കൊണ്ടുപോകാമല്ലോ. ഇതു വിശ്വാമിത്രവാക്യമാണ്.

[10] നദികൾ: താങ്കൾക്കുവേണ്ടി എന്നതിന്റെ ആവർത്തനം ആദരദ്യോതകമാകുന്നു. കുനിയാം = കുമ്പിടാം, താഴാം.

[11] വിശ്വാമിത്രന്‍: ഭരതന്മാര്‍ – ഭരതഗോത്രക്കാര്‍, ഞങ്ങൾ. സംഘം – എന്റെ ആളുകൾ.

[13] കയറുകൾ – മാടുകളുടെ, പൊങ്ങിക്കളയരുതേ – ഞങ്ങൾ അക്കരയിലെത്തുന്നതിന്നു മുമ്പ്.

സൂക്തം 34.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കാകളി)

ഇന്ദ്രൻ പുരന്ദരൻ ഖ്യാപകാർത്ഥന്‍ പരാ-
സ്കന്ദി മഹസ്സാല്‍ വളർത്തീ, പകലിനെ;
വാഴ്ത്തലില്‍ത്തോഷാല്‍ത്തിരുമൈ തടിയ്ക്കയാല്‍
വാനൂഴി രണ്ടും നിറച്ചു, ബഹ്വായുധൻ! 1
കെല്പുറ്റ പൂജ്യനാമങ്ങയെ വർണ്ണിച്ചു,
ഹൃല്‍പ്രേരിതമൊന്നു ചൊല്‍വന,ന്നാർത്ഥി ഞാന്‍:
മുൻനടക്കുന്നവനല്ലോ, ഭവാനിന്ദ്ര,
വൃന്ദാരകർക്കും മനുഷ്യവൃന്ദത്തിനും! 2
ഇന്ദ്രന്‍ തടുത്തു, വൻചെയ്തിയാല്‍ വൃത്രനെ;-
ക്കൊന്നു, മായാപരന്മാരെ നിവാരകൻ;
കാടനെക്കാംക്ഷയാ തോൾ വെട്ടി വീഴിച്ചു;
കാട്ടീ പുറത്ത,ല്ലിലുൾപ്പെട്ട ഗോക്കളെ! 3
വിണ്‍ നല്കുമിന്ദ്രനുണ്ടാക്കീ പകലിനെ;
വെന്നു, സൈന്യത്തെയമര്‍ത്തംഗിരോയുതൻ;
മർത്ത്യന്നുവേണ്ടി വിളങ്ങിച്ചു സൂര്യനെ;
മെത്തിയ പോരിന്നു നേടീ വെളിച്ചവും! 4
ഇന്ദ്രന്‍ കടന്നാൻ, നരൻപോലെ യോധർക്കു
കന്നിച്ച കോപ്പുമായ്, മെത്തിയ ഹിംസ്രരില്‍;
ചൊല്ലിവിട്ടാന്‍, സ്തുതിപ്പോന്നീയുഷസ്സിനെ;-
യുല്ലസിപ്പിച്ചാനി,തിന്നു വെളുപ്പിതും! 5
വാഴ്ത്തപ്പെടുന്നു, വമ്പാളുമീയിന്ദ്രന്റെ
വായ്പുറ്റവയാം വളരെ നല്‍ച്ചെയ്തികൾ:
മാപാപികളെച്ചതച്ചാൻ കരുത്തിനാൽ,
മായയാല്‍ ദസ്യുക്കളേയുമരിന്ദമന്‍! 6
കുന്നിച്ച പോരാല്‍ദ്ധനം നല്കി, വാഴ്ത്തുവോ-
ര്‍ക്കിന്ദ്രൻ, സതാംപതി, മർത്ത്യേഷ്ടപൂരകൻ;
ഇച്ചെയ്തികളെ യഷ്ടാവിൻ ഗൃഹത്തില്‍വെ-
ച്ചുച്ചൈഃ സ്തുതിച്ചുപാടുന്നു, മേധാവികൾ! 7
കെല്പേകമിന്ദ്രനെ,ജ്ജിഷ്ണുവെ, വിണ്ണിലും
തൃപ്പയസ്സിങ്കലും വാഴും വരേണ്യനെ,
വാനൂഴിയന്തരിക്ഷങ്ങൾ പകുത്തേകി-
യോനെശ്ശരിയ്ക്കനുമോദിപ്പു, വാഴ്ത്തികൾ! 8
നല്കി,യശ്വങ്ങളെ; നല്കി, ദിനേശനെ;
നല്കി,യിന്ദ്രൻ പുരുഭോഗ്യയാം ഗോവിനെ;
നല്കി, പൊന്നിന്മുതൽ; ദസ്യുക്കളെക്കൊന്നു
നന്നായി രക്ഷിച്ചിതാര്യവർണ്ണങ്ങളെ! 9
നല്കി, സസ്യങ്ങളെയിന്ദ്രൻ ദിനത്തെയും;
നല്കി, വൃക്ഷങ്ങളെയന്തരിക്ഷത്തെയും;
കീറി, മേഘത്തെ; വലച്ചൂ രിപുക്കളെ;-
പ്പാരാതടക്കി,യെതിർത്ത കരുത്തരെ! 10
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറ്റേകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 11
കുറിപ്പുകൾ: സൂക്തം 34.

[1] ഖ്യാപകാർത്ഥൻ – തന്റെ മഹിമയെ പ്രഖ്യാപിയ്ക്കുന്ന ധനങ്ങളോടു കൂടിയവന്‍; സമ്പത്സമൃദ്ധികൊണ്ടറിയാം, തന്റെ മഹിമ. പരാസ്കന്ദി = ശത്രുക്കളെ ആക്രമിയ്ക്കുന്നവന്‍, ഹനിയ്ക്കുന്നവന്‍. പൂർവാര്‍ദ്ധം ഇന്ദ്രന്റെ സൂര്യാത്മകത്വത്തെ വ്യഞ്ജിപ്പിയ്ക്കുന്നു. ബഹ്വായുധൻ = വളരെ ആയുധമുള്ളവന്‍.

[2] പ്രത്യക്ഷവചനം: ഹൃല്‍പ്രേരിതമാമൊന്നു – ഹൃദയത്തില്‍നിന്നു പുറപ്പെട്ട ഒരു സ്തുതി.

[3] മായാപരന്മാര്‍ – അസുരന്മാര്‍. നിവാരകന്‍ – പരപ്രഹാരങ്ങളെ തടുക്കുന്നവന്‍. കാടൻ – ഗോക്കളെ അപഹരിച്ചു വനങ്ങളില്‍ ഒളിച്ചു നടന്ന അസുരൻ. കാംക്ഷയാ – ശത്രുവധാഭിലാഷത്താല്‍. അങ്ങനെ അല്ലിലുൾപ്പെട്ട (രാത്രിയില്‍ തിരോഹിതകളായ) ഗോക്കളെ പുറത്തുകാട്ടീ, വീണ്ടുകൊണ്ടുപോന്നു.

[4] സൈന്യം – ശത്രുസേന. അമർത്ത് – കീഴടക്കി.

[5] നരന്‍പോലെ – ഒരു മനുഷ്യന്‍ പൊരുതാന്‍ പോകുന്നതുപോലെ. യോധർക്കു – പടയാളികൾക്കു കൊടുക്കാന്‍. മെത്തിയ – യുദ്ധോത്സാഹത്താല്‍ തഴച്ച. ഹിംസ്രർ = ദ്രോഹികൾ. ഇത് – ഉഷസ്സ്. വെളുപ്പിതും (ഈ വെളുപ്പ്) ഉല്ലസിപ്പിച്ചാൻ – തന്റെ തേജസ്സുകൊണ്ടു വർദ്ധിപ്പിച്ചു.

[6] വായ്പുറ്റവ = മഹത്തുക്കൾ.

[7] പോരാല്‍ – യുദ്ധംകൊണ്ടു ധനം നേടി സ്തോതാക്കാൾക്കു കൊടുത്തു.

[8] കെല്പേകം – ദുർബ്ബലർക്കു (യാചിച്ചാല്‍) ബലം കൊടുക്കുന്ന. തൃപ്പയസ്സ് – ദിവ്യജലം. പകുത്തേകിയോനെ – അവിടങ്ങളിലെ നിവാസികൾക്ക്. അനുമോദിപ്പു – ഇന്ദ്രനെ മോദിപ്പിച്ചു, തങ്ങളും മോദിയ്ക്കുന്നു.

[9] മരുത്തുകൾക്കു് അശ്വങ്ങളെ നല്കി; ലോകത്തിന്നു സൂര്യനെ; യജ്ഞപ്രവൃത്തർക്കു ഗോവിനെ; അർത്ഥികൾക്കു പൊന്നിന്മുതല്‍ (സ്വർണ്ണമയമായ ധനം).

[10] ഉപഭോക്താക്കൾക്കു സസ്യങ്ങളെയും ആയുർന്നിർണ്ണയത്തിനു ദിവസങ്ങളെയും നല്കി യജഞത്തിനു വൃക്ഷങ്ങളെയും, സഞ്ചരിപ്പാൻ അന്തരിക്ഷത്തെയും നല്കി.

സൂക്തം 35.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

വായു നിയുത്തുക്കളെപ്പോലെ, തേരിനു
നീയാ ഹരികളെപ്പൂട്ടി നിന്നെങ്ങളില്‍
വന്നനുജ്ഞാതനായ്സ്സോമം നുകർന്നാലു:-
മിന്ദ്ര, തേ സ്വാഹാ തരാ,മെങ്ങൾ മത്തിനായ്! 1
പൂട്ടിനിർത്താം, പുരുഹൂതന്റെ തേർമുന്നി-
ലോട്ടത്തിനാശുഹര്യശ്വദ്വയത്തെ ഞാൻ:
കൊണ്ടുവരട്ടെ,യതെല്ലാവിഭവും
കൊണ്ടു നിറഞ്ഞൊരീ യജ്ഞത്തിലിന്ദ്രനെ! 2
ശത്രുഭീ പോക്കും യുവാരുണാശ്വങ്ങളെ-
യെത്തിച്ചഴിച്ചുവിടുകി,ങ്ങു തിന്നുവാൻ;
അന്നവാന്‍ വർഷി നീയൊത്ത പൊരിയവി-
ലന്വഹം ഭക്ഷിയ്ക്ക; രക്ഷിയ്ക്ക, കർമ്മിയെ! 3
മന്ത്രേണ പൂട്ടുവൻ, പോരില്‍ത്തുണയ്ക്കുന്ന
മന്ത്രയോക്തവ്യരാം നിൻദ്രുതാശ്വങ്ങളെ
നന്നായറിഞ്ഞു,റപ്പേറും സുഖത്തേരില്‍
വന്നാലുമിന്ദ്ര, സോമത്തിനു സൂരി നീ! 4
അന്യയഷ്ടാക്കൾ സുഖിപ്പിയ്ക്കൊലാ, പുറം
മിന്നും വൃഷാക്കളാം നിന്റെ ഹരികളെ:
വിദ്രുതം മുമ്പേ വരികിങ്ങു; ഞങ്ങൾ തേ
തൃപ്തി വരുത്താം, പിഴിഞ്ഞ സോമങ്ങളാല്‍! 5
സോമമിതാ, തവ: വന്നാലുമിങ്ങി,തു
കാമം നുകർന്നാലു,മുള്ളം തെളിഞ്ഞു നീ-
വാരുറ്റതാമീ മഖത്തിലിരുന്നിന്ദ്ര,
നീരിതെമ്പാടും നിറയ്ക്ക, തൃക്കുക്ഷിയില്‍! 6
ദർഭ വിരിച്ചു, പിഴിഞ്ഞു സോമം തവ;
നല്‍പ്പൊരി തീർത്തു, ഹരികൾക്കു തിന്നുവാൻ;
ഇങ്ങിരിയ്ക്കും പുരുസ്തുത്യൻ മരുദ്യുത-
നങ്ങയ്ക്കു തന്നൂ ഹവിസ്സിന്ദ്ര, വർഷക. 7
നേതാക്കളമ്മി, തണ്ണീരുമൊന്നിച്ചു തേ
പാല്‍ തൂകിയുണ്ടാക്കിനാരീ,യിനിപ്പുനീര്‍:
സ്വസ്തുതി കേട്ടു വന്നിന്ദ്ര, നുകർന്നാലു-
മുൾത്തെളിവോടിതു സുന്ദരന്‍ സൂരി നീ! 8
ഏവരെക്കൊണ്ടാടി സോമത്തിലിന്ദ്ര, നീ;-
യേവര്‍ നിന്നെ വളർത്താരേ;വര്‍ നിന്റെയായ്;
ആ മരുത്തുക്കളൊത്തിന്ദ്ര, കൊതിയൊടി-
സ്സോമം കുടിയ്ക്ക, നീയഗ്നിതൻ നാക്കിനാല്‍! 9
ഞെക്കിപ്പിഴിഞ്ഞതു സേവിയ്ക്കുകിന്ദ്ര, നീ;-
യഗ്നിനാക്കാലോ കുടിയ്ക്ക, യഷ്ടവ്യ, നീ;
അധ്വര്യുവോ ഹോമകാരനോ കൈക്കൊണ്ട
ശുദ്ധമാം ഹവ്യാംശമുണ്ണുക, ശക്ര, നീ! 10
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 11
കുറിപ്പുകൾ: സൂക്തം 35.

[1] നിയുത്തുക്കൾ എന്ന പെണ്‍കുതിരകളത്രേ, വായുവിന്റെ തേര്‍ വലിപ്പാൻ. നിന്നു് – ഇത്തിരിനേരം നിന്നിട്ടു, പിന്നെ തേരില്‍ കേറി. അനുജ്ഞാതനായ് – ഞങ്ങളുടെ അനുമതിയ്ക്കുശേഷം. തേ = അങ്ങയ്ക്ക്.

[2] ആശുഹര്യശ്വദ്വയം = ശീഘ്രഗാമികളായ ഹരികളെന്ന രണ്ടു കുതിരകൾ. ഓട്ടത്തിന് – തേര്‍ വലിച്ച് ഓടാന്‍. അത് – രഥം.

[3] യുവാരുണാശ്വങ്ങൾ = യുവാക്കളായ ചെംകുതിരകൾ. എത്തിച്ച് – കൊണ്ടുവന്ന്. ഒത്ത – സമാനരൂപമായ, ഒരേ മട്ടിലുള്ള.

[4] മന്ത്രേണ = മന്ത്രംകൊണ്ട്. മന്ത്രയോക്തവ്യർ = മന്ത്രംകൊണ്ടു പൂട്ടാവുന്നവ. സുഖത്തേര്‍ = നല്ല ദ്വാരങ്ങളുള്ള രഥം. സോമത്തിനു – സോമം കുടിപ്പാന്‍.

[5] അന്യയഷ്ടാക്കൾ (മറ്റുയാഗകർത്താക്കൾ) സുഖിപ്പിയ്ക്കൊലാ – ഞങ്ങൾതന്നെ വേണം, സുഖിപ്പിയ്ക്കുക. മുമ്പേ – മറ്റുള്ളവര്‍ വരുന്നതിന്നുമുമ്പ്.

[6] കാമം – ധാരാളം. വാരുറ്റത് – സമൃദ്ധം.

[7] നല്‍പ്പൊരി = നല്ല പൊരിയവില്‍. ഇങ്ങ് – ദർഭവിരിപ്പില്‍.

[8] ഇനിപ്പുനീര്‍ – മാധുര്യമുള്ള സോമരസം. സ്വസ്തുതി = തന്നെക്കുറിച്ചുള്ള സ്തുതി. സൂരി – കർമ്മാഭിജ്ഞൻ.

[9] സോമത്തില്‍ കൊണ്ടാടി – സോമഭാഗം ഏർപ്പെടുത്തി, എന്നർത്ഥം. വളർത്താര്‍ – യുദ്ധത്തില്‍ പ്രോത്സാഹിപ്പിച്ചു. നിന്റെയായ് = ഭവദീയര്‍തന്നെയായ്. നാക്ക് – ജ്വാല.

[10] സേവിയ്ക്കു – കുടിച്ചാലും. കൈക്കൊണ്ട – അങ്ങയ്ക്കു തരാന്‍ കയ്യിലെടുത്ത.

സൂക്തം 36.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

എന്നുമെന്നും മരുത്സംഗമപ്രാർത്ഥി നീ
നന്നായ് ഗ്രഹിയ്ക്ക, ധനാർത്ഥമിസ്സോമനീര്‍:
വായ്ക്കും, പിഴിഞ്ഞാല്‍പ്പിഴിഞ്ഞാലവിസ്സിനാല്‍,
ശ്ലാഘ്യകർമ്മങ്ങൾകൊണ്ടേററം പുകഴ്‌ന്നവൻ! 1
ഇന്ദ്രൻ മഹാന്‍ വൃഷപർവാവു, മത്താടി,
മുൻനാൾകളിൽദ്ദത്തമായ സോമത്തിനാല്‍;
അമ്മികൾകൊണ്ടു പിഴിഞ്ഞ സുവർഷിയാ-
മിമ്മന്ത്രനീരിന്ദ്ര, വാങ്ങിക്കുടിയ്ക്ക, നീ! 2
ഇന്ദ്ര, ഭവാനു മുല്പാടേ പിഴിഞ്ഞതാ-
ണിസ്സോമമെല്ലാം: കുടിയ്ക്ക, തടിയ്ക്ക, നീ;
ഇന്ദ്ര, നുത്യർഹ, മുൻസോമം നുകർന്നപോ-
ലിന്നും കുടിയ്ക്കുക, നവ്യനവ്യൻ ഭവാന്‍! 3
പോരിലമർത്തുവോന്‍ കൈകൾ കൊട്ടുന്നവൻ
പാറിപ്പു, ധൃഷ്ണുവാമുഗ്രതേജസ്സിനെ;
പാരിങ്കലുമൊതുങ്ങാറില്ല, തൃസ്സോമ-
നീരാൽ മദം കൊൾകെ ഹര്യശ്വനീ മഹാന്‍! 4
വായ്ക്കുന്നു, വീര്യത്തിനിന്ദ്രനുഗ്രന്‍ മഹാൻ;
വാഴ്ത്തപ്പെടുന്നൂ, കവികളാല്‍ വർഷകൻ;
ഭക്ഷ്യമിസ്സേവ്യന്നു നല്കുന്നു, ധേനുക്കൾ;
ദക്ഷിണയായും ഭവിപ്പിത,നേകകൾ! 5
കൂറാല്‍ഗ്ഗമിയ്ക്കും നദികൾതൻ തോയങ്ങൾ
തേരാളര്‍പോലെത്തുമല്ലോ,പയോധിയില്‍;
ഇത്ഥ,മീ വാനിനെക്കാൾപ്പോരുമിന്ദ്രനെ-
ത്തൃപ്തിപ്പെടുത്തു,മൊരിത്തിരി സോമനീർ. 6
ആഴിയില്‍ച്ചേരാൻ കൊതിയ്ക്കും നദികൾപോ-
ലാ,ളുകളിന്ദ്രന്നു സോമനീര്‍ തീർക്കുവാൻ
വള്ളി പിഴിഞ്ഞ,തിൻ ധാരയാല്‍ശ്ശുദ്ധമാ
യുളള കയ്യാല്‍ വെടുപ്പാക്കുന്നു, തേനിനെ! 7
ഇന്ദുനീരിൻ കയമാണിവന്റെ വയ;-
റിന്ദ്രനണയുന്നു, മുസ്സവനങ്ങളില്‍;
വൃത്രാരി ഭക്ഷ്യങ്ങൾ മുല്പാടശിയ്ക്കയാ-
ലത്രേ വിഭജിച്ചു, സോമരസങ്ങളെ! 8
ഇങ്ങാശു കൊണ്ടുവരികാ,ര്‍ വിലക്കുവാ?-
നെങ്ങൾക്കറിയാം; വസൂത്തമസ്വാമി, നീ;
ഇന്ദ്ര, നിന്‍തൃക്കയ്യിലുള്ള മഹാധനം
തന്നരുളേണ,മെങ്ങള്‍ക്കു ഹര്യശ്വ, നീ! 9
ഇന്ദ്ര, മഘവ,ന്നൃജീഷിൻ, ശുഭഹനോ,
തന്നരുൾകെ,ങ്ങൾക്കു കാമ്യം ബഹുധനം;
നൂറാണ്ടു വെയ്ക്കുകെ,ങ്ങൾക്കു ജീവിയ്ക്കുവാന്‍;
ഭൂരിവീരന്മാരെയും തരികിന്ദ്ര, നീ! 10
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 11
കുറിപ്പുകൾ: സൂക്തം 36.

[1] മരുത്സംഗമപ്രാർത്ഥി = മരുത്തുക്കളുടെ സംഗമം (കൂടിച്ചേരല്‍) ഇച്ഛിയ്ക്കുന്നവന്‍. ഗ്രഹിയ്ക്ക = സ്വീകരിച്ചാലും. ധനാർത്ഥം – ഞങ്ങൾക്കു ധനമുണ്ടാവാന്‍. ഉത്തരാർദ്ധം പരോക്ഷം. പിഴിഞ്ഞാല്‍പ്പിഴിഞ്ഞാല്‍ – സോമം പിഴിയുമ്പോളൊക്കെ. അവിസ്സ് = ഹവിസ്സ്.

[2] വൃഷപർവാവ് – ഫലവർഷികളായ കാലാവയവങ്ങളോടു(വർഷാദിഋതുക്കളോടു)കൂടിയവൻ; കാലസ്വരൂപനെന്നർത്ഥം. സുവർഷി – സ്വർഗ്ഗാദിഫലങ്ങളെ പെയ്തുകൊടുക്കുന്നത്. മന്ത്രനീർ – മന്ത്രം ജപിയ്ക്കപ്പെട്ട സോമരസം.

[3] നവ്യനവ്യന്‍ – അതിനവീനൻ. ആദരാതിശയത്താലാണു്, ഇന്ദ്രപദാവൃത്തി.

[4] അമർത്തുവോൻ – ശത്രുക്കളെ. കൈകൾ കൊട്ടുന്നവന്‍ – ശത്രുക്കളെ യുദ്ധത്തിന്നു കൈകൊട്ടിവിളിയ്ക്കുന്നവൻ. ധൃഷ്ണു = ധർഷകം. പാറിപ്പൂ – എങ്ങും പ്രസരിപ്പിയ്ക്കുന്നു. പാരിങ്കലും – പരപ്പേറിയ ഭൂമിയില്‍പ്പോലും.

[5] വീര്യത്തിന് – വീര്യം പ്രകടിപ്പിയ്ക്കാന്‍. ഭക്ഷ്യം – ക്ഷീരാദി. അനേകകൾ – വളരെ ധേനുക്കൾ, ദക്ഷിണയായും ഭവിയ്ക്കുന്നു; ഇദ്ദേഹത്താല്‍ ദാനംചെയ്യപ്പെടുന്നു.

[6] കൂറാല്‍ – സമുദ്രപ്രേമത്താല്‍. എത്തുമല്ലോ – എത്തി പയോധിയെ പ്രീതിപ്പെടുത്തുമല്ലോ. ഇത്ഥം (ഇപ്രകാരം) ഒരിത്തിരി സോമനീര്‍ വാനിനെക്കാൾ പോരും (അന്തരിക്ഷത്തെക്കാൾ വലുപ്പമുള്ള) ഇന്ദ്രനെ തൃപ്തിപ്പെടുത്തുന്നു. അല്പജലവും സമുദ്രത്തെ പ്രീണിപ്പിയ്ക്കും; അതുപോലെ, അല്പസോമം ഇന്ദ്രനെയും തൃപ്തനാക്കും.

[7] വള്ളി – സോമലത. തേൻ – മധുരമായ സോമരസം.

[8] ഇന്ദുനീരിന്റെ (സോമരസത്തിന്റെ) ഒരു കയമാണ്, ഇന്ദ്രന്റെ വയര്‍; അതില്‍ വളരെ നീര്‍ ഒതുങ്ങും. മുസ്സവനങ്ങൾ = മൂന്നു സവനങ്ങൾ. വിഭജിച്ചു – മധ്യാഹ്നസവനത്തില്‍ ദേവന്മാർക്കു വീതിച്ചുകൊടുത്തു.

[9] കൊണ്ടുവരിക – ധനം. ആര്‍ വിലക്കുവാന്‍ – ആരും തടുക്കില്ല. വസൂത്തമസ്വാമി – മികച്ച ധനങ്ങളുടെ ഉടമസ്ഥൻ.

[10] എങ്ങൾക്കു ജീവിയ്ക്കുവാന്‍ നൂറാണ്ടു വെയ്ക്കുക – ഞങ്ങളെ ശതായുസ്സുകളാക്കിയാലും. വീരന്മാര്‍ – പുത്രന്മാര്‍.

സൂക്തം 37.

വിശ്വാമിത്രന്‍ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

ഇന്ദ്രനേ, ഞങ്ങൾ വൃത്രന്റെ വധത്തിന്നുള്ള കെല്പിനും
പടയെപ്പേർത്തമർത്താനുമേർപ്പെടുത്തട്ടെ,യങ്ങയെ! 1
ഇന്ദ്ര, നിന്‍തിരുവുള്ളത്തെ,ത്തിരുനോട്ടത്തെയും സമം
ഇങ്ങോട്ടാക്കട്ടെ, യജ്ഞത്തില്‍ സ്തോത്രം ചൊല്‍വോര്‍ ശതക്രതോ!2

ഇന്ദ്ര, നിൻതിരുനാമങ്ങളെല്ലാച്ചൊല്ലുകൾകൊണ്ടുമേ
യാചിയ്ക്കും, ഞങ്ങൾ മേനിക്കാരോടെതിര്‍ക്കെർശ്ശതക്രതോ! 3
പൂജിപ്പൂ, ഞങ്ങളപരിമേയതേജസ്സമേതനെ,
മനുഷ്യരെബ്ഭരിപ്പോനെ,പ്പുരുസ്തുതനെ,യിന്ദ്രനെ! 4
ഞാനിന്ദ്രനെ വിളിയ്ക്കുന്നേൻ, വൃത്രസംഹരണത്തിനും,
യുദ്ധങ്ങളില്‍ദ്ധനം കിട്ടുവാനുമായ്പ്പുരുഹൂതനെ! 5
യുദ്ധങ്ങളിലമർത്താലും, ഭവാനിന്ദ്ര, ശതക്രതോ,
ഞങ്ങളങ്ങയൊടർത്ഥിപ്പൂ, വൃത്രനെക്കൊലചെയ്യുവാൻ! 6
സ്വത്തില്‍,പ്പടപുറപ്പാടില്‍,പ്പോർ വെല്‍വോരില്‍,ബ്ബലത്തിലും
ഞെളിച്ചിലേവർക്ക;വരെക്കീഴമർത്തേണ,മിന്ദ്ര, നീ! 7
ഉണര്‍വുറ്റു കരുത്തോടേ തിളങ്ങും സോമനീരിനെ
കുടിയ്ക്ക, നീ ഞങ്ങളുടെ രക്ഷഷ്ക്കിന്ദ്ര, ശതക്രതോ! 8
ഇന്ദ്ര, നിൻപഞ്ചവർഗ്ഗത്തിന്നുള്ള കെല്പുകളേവയോ,
ഭവദീയങ്ങളവ മേ കൈവരാവൂ, ശതക്രതോ! 9
അങ്ങെത്തട്ടെ,യനല്പാന്നം; നല്ക, നീ ദുസ്തരം ധനം;
ഞങ്ങളിന്ദ്ര, തഴപ്പിയ്ക്കാം, ഭവാനുടെ കരുത്തിനെ! 10
വജ്രിൻ, വരിക, ചാരത്തോദൂരത്തോനിന്നു ശക്ര, നീ-
ഉയർന്ന നിന്നുലകില്‍നിന്നിങ്ങെഴുന്നള്ളുകി,ന്ദ്ര നീ! 11
കുറിപ്പുകൾ: സൂക്തം 37.

[1] ഇന്ദ്രനേ – ഹേ ഇന്ദ്ര. പട – ശത്രുസൈന്യം.

[2] സമം – ഒരുപോലെ.

[3] നാമങ്ങൾ = പേരുകൾ, അഥവാ ബലങ്ങൾ. ചൊല്ലുകൾ – സ്തുതികൾ. മേനിക്കാര്‍ – ഗർവിഷ്ഠരായ ശത്രുക്കൾ.

[5] വൃത്രസംഹരണം = വൃത്രവധം. വിളിയ്ക്കുന്നേന്‍ – സോമപാനത്തിന്ന്. ധനം – ശത്രുവിജയംകൊണ്ട്.

[6] അമർത്താലും – ശത്രുക്കളെ.

[7] പോർ വെല്വോര്‍ – ശൂരയോദ്ധാക്കൾ. ഞെളിച്ചില്‍ – ഡംഭ്.

[9] പഞ്ചവർഗ്ഗം – ദേവഗന്ധർവപിതൃക്കളും അസുരരക്ഷസ്സുകളും. ഭവദീയങ്ങൾ – ഭവാന്റെതന്നെയാണല്ലോ, ആ കെല്പുകൾ.

[10] അങ്ങ് – ഭവാന്റെ അരികില്‍. തഴപ്പിയ്ക്കാം – ഹവിസ്സുകൾകൊണ്ട്.

[11] ഉയർന്ന നിന്നുലക് – സ്വർഗ്ഗം.

സൂക്തം 38.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)

‘തച്ചൻകണക്കേ മിനുക്കൂ സ്തവത്തെ നീ;-
യശ്വം ഭരം വഹിച്ചോടുന്നതിൻവിധം
ചേണുറ്റതാം പ്രിയമേർപ്പെട്ടനുഷ്ഠിച്ചു
കാണാവു, സന്മതി ഞാനക്കവികളെ!’ 1
ചോദിയ്ക്ക, നാഥരോടക്കവിസംഭവം:
ചേതോയമാല്‍ത്തീർത്തു, വിണ്ണസ്സുകൃതികൾ;
ചിത്തവേഗത്തൊടെത്തട്ടേ, ഭവാങ്ക,ലീ-
യധ്വരേ ചൊല്ലുന്ന വർദ്ധകഗീതികൾ! 2
ഗോപ്യമിങ്ങെങ്ങുമേ ചെയ്തു, ധനത്തിനായ്-
ക്കോപ്പണിയിച്ചി,ടചേർന്ന ഭൂദ്യോക്കളെ
അദ്രികൾ കൊണ്ടളന്ന,മ്മഹോർവികളെ
നിർത്തി,യതിർക്കുള്ളില്‍; നാട്ടി,യൂന്നുമവര്‍! 3
തേരില്‍ വാഴ്‌വോനെച്ചമയിച്ചു, സർവരും:
തേജസ്സുടുത്തു ചരിപ്പൂ സ്വയംപ്രഭൻ;
പ്രേരകനാം വൃഷാവിന്റെയത്തൃത്തനു
വാരുറ്റതേ! വാഴ്‌വു, വിശ്വരൂപന്‍ ജലേ! 4
മൂത്തവനായ ചിരന്തനൻ വർഷകന്‍
തീർത്തതല്ലോ, പെരുതാമിക്കുളിര്‍ജലം;
തുംഗാഭയഷ്ട സ്തുതികളാല്‍ക്കൈക്കൊൾവു,
നിങ്ങൾ വിണ്‍ താങ്ങുമിരുപുരാന്മാര്‍ ധനം! 5
നിങ്ങൾ പുരാന്മാര്‍ മഖത്തില്‍ച്ചമയിപ്പു,
തിങ്ങിയ വാരുറ്റ മുസ്സവനങ്ങളെ:
അങ്ങു വരില്ലയോ! കണ്ടേന്‍, ക്രതുവിതില്‍
ത്വംഗല്‍പ്രകാശരാം ഗന്ധർവരെ ഹൃദി. 6
ഈ വൃഷാവിനെവര്‍ ധേനുനാമാഢ്യയാം
ഗോവിങ്കല്‍നിന്നസ്സുഭോജ്യം കറന്നുവോ;
നവ്യാസുരക്കെല്പുടുത്തഥ മായയാ
സ്വവ്യക്തി ചേർത്താരിവങ്കലളന്നവര്‍! 7
എണ്ണുമാരി,സ്സവിതാവാകുമെന്നുടെ
പൊന്നൊളി? – യേവനിതിനെബ്ഭജിയ്ക്കുമോ;
ഒക്കെപ്പുലർത്തുന്ന ഭൂദ്യോക്കളെക്കയ്യില്‍
വെയ്ക്കും, കിടാങ്ങളെ സ്ത്രീപോലെയാ സ്തുതൻ; 8
വാനവശ്രേയസ്സിനൊത്ത ഭവ്യം സ്തുതി-
പ്പോനേകുവോര്‍ നിങ്ങളെങ്ങളില്‍ നില്ക്കണം:
ദേവകളേവരും കാണുന്നു, കാക്കുന്ന
നാവുള്ള നിത്യന്റെ നൈകകർമ്മങ്ങളെ! 9
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 10
കുറിപ്പുകൾ: സൂക്തം 38.

[1] യജമാനന്‍ സ്തോതാവിനോടു പറയുന്നു: തച്ചൻകണക്കേ – ആശാരി മരത്തിന്നു മിനുസം വരുത്തുന്നതുപോലെ. പ്രിയം – ഇന്ദ്രന്നു പ്രീതികരമായ കർമ്മം. സന്മതി – വിശുദ്ധമനസ്കന്‍. കവികൾ – മുമ്പു യജ്ഞമനുഷ്ഠിച്ചു ദേവത്വം പ്രാപിച്ചവര്‍. ഞാൻ സ്വർഗ്ഗവാസം ഇച്ഛിയ്ക്കുന്നു എന്നർത്ഥം.

[2] ഇന്ദ്രനോടു നേരിട്ട്: അക്കവികളുടെ ഉല്‍പത്തിയും മറ്റും ഭവാന്‍ നാഥരോടു (ഗുരുനാഥന്മാരോടു) ചോദിച്ചാലും: ആ സുകൃതികൾ സ്വർഗ്ഗം തീർത്തതു (സ്വർഗ്ഗവാസം നേടിയതു) ചേതോയമ(മനസ്സംയമ)ത്താലാകുന്നു. വർദ്ധകഗീതികൾ = വളർത്തുന്ന പാട്ടുകൾ, സ്തുതികൾ.

[3] ഗോപ്യം – രഹസ്യകർമ്മങ്ങൾ. കോപ്പണിയിച്ച് – ഭൂമിയെ ഓഷധികൾകൊണ്ടും ദ്യോവിനെ ദേവകളെക്കൊണ്ടും അലംകരിച്ച്. അമ്മഹോർവികളെ – മഹതികളും ഉർവി(വിശാല)കളുമായ ഭൂദ്യോക്കളെ. അവര്‍ – കവികൾ

[4] തേരില്‍ വാഴ്‌വോനെ – രഥസ്ഥനായ ഇന്ദ്രനെ. സർവരും – കവികളെല്ലാവരും. വാരുറ്റതേ – മഹത്തുതന്നെ. ജലേ വാഴ്‌വു – വരുണരൂപനായി വെള്ളത്തില്‍ വസിയ്ക്കുന്നു.

[5] മൂത്തവന്‍ – വയസ്സേറിയവന്‍. തുംഗാഭയഷ്ട്യസ്തുതികൾ = ശോഭയേറിയ യഷ്ടാവിന്റെ സ്തുതികൾ. ധനം കൈക്കൊൾവു – ഞങ്ങൾക്കു തരാന്‍ കയ്യില്‍ വെയ്ക്കുന്നു. നിങ്ങൾ – ഇന്ദ്രവരുണന്മാരോടു പറയുന്നതാണിത്: ഇരുപുരാന്മാര്‍ = രണ്ടു രാജാക്കന്മാര്‍.

[6] തിങ്ങിയ – വിഭവങ്ങൾ നിറഞ്ഞ. വാരുറ്റ = വിശാലങ്ങളായ. ചമയിപ്പു – മൂന്നു സവനങ്ങൾക്കും ഒരലങ്കാരമാണ്, നിങ്ങളുടെ സന്നിധാനം. ഗന്ധർവരെ – സോമരക്ഷകരായ സ്വാനപ്രഭൃതിഗന്ധര്‍വന്മാരെ. ഞാൻ ഹൃദാ (മനസ്സുകൊണ്ടു) കണ്ടു. ത്വംഗല്‍പ്രകാശര്‍ = പ്രസരിയ്ക്കുന്ന പ്രഭയോടുകൂടിയവര്‍.

[7] ധേനുനാമാഢ്യ = ധേനുവിന്റെ പേരുകളുള്ള. സുഭോജ്യം – ക്ഷീരാദി. അവര്‍ – കവികൾ. നവ്യാസുരക്കെല്പുടത്ത് – പുതിയ അസുരബലം ധരിച്ച്. സ്വവ്യക്തി = സ്വന്തംരുപം ഇവങ്കല്‍ അളന്നു തിട്ടപ്പെടുത്തി ചേർത്തു. അർത്ഥം ചിന്ത്യം.

[8] ഇന്ദ്രന്‍ താന്‍തന്നെ പറയുന്നു: പൊന്നൊളി = കനകതുല്യമായ കാന്തി. എന്റെ പൊന്നൊളിയെ ഭജിയ്ക്കുന്ന സ്തുതന്നു വാനൂഴികൾ, ഒരമ്മയ്ക്കു കിടാങ്ങളെന്നപോലെ വശത്താകും.

[9] ഇന്ദ്രവരുണന്മാരോട്: ഭവ്യം = നന്മ. നില്ക്കണം – രക്ഷകരാകണം. ഉത്തരാർദ്ധം പരോക്ഷവചനം: കാക്കുന്ന നാവുള്ള – ‘പേടിയ്ക്കേണ്ടാ’ എന്നും മറ്റും ആശ്വസിപ്പിച്ചു, ഭക്തരെ രക്ഷിയ്ക്കുന്ന. നിത്യന്റെ – ശാശ്വതനായ ഇന്ദ്രന്റെ. നൈകകർമ്മങ്ങൾ – വൃത്രവധാദികളായ വളരെ കർമ്മങ്ങൾ.

സൂക്തം 39.

ഋഷിച്ചന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

സ്തോതാക്കൾ നിർമ്മിച്ച മാനസപ്രോക്തമാം
സ്തോത്രമണയുന്നു, നാഥനാമിന്ദ്രനില്‍:
ചൊല്ലും, മഖത്തിലുണർച്ചയ്ക്കിത; – ങ്ങയെ-
ച്ചൊല്ലി ഞാന്‍ നിർമ്മിപ്പതുൾക്കൊള്ളുകി,ന്ദ്ര നീ! 1
പാടേ പിറക്കുന്നു സൂര്യന്റെയും മുമ്പു,
പാടപ്പെടുന്നൂ മഖത്തിലുണര്‍വിനായ്,
മംഗളശുഭ്രവസ്ത്രങ്ങളുടുക്കുന്നു,
ഞങ്ങൾതൻ പൈതൃകം, പണ്ടേത്തതി,സ്തുതി! 2
പെറ്റാളിണയെ,യിരട്ടപെറുന്നവൾ;
ചെറ്റല്ലിളകുന്നു നാവിന്റെ തുമ്പിഹ;
കൃത്യങ്ങളില്‍ച്ചേർന്നിടുന്നൂ, പകൽച്ചോട്ടി-
ലെത്തിയ നാശിതധ്വാന്തരാ രണ്ടുപേര്‍! 3
ഗോതതിയ്ക്കായിപ്പൊരുതിയ ഞങ്ങൾതൻ-
താതരെ നിന്ദിയ്ക്കുകില്ലൊരു മർത്ത്യനും:
വമ്പുറ്റ കർമ്മവാനിന്ദ്രനല്ലോ, സ്വയം
സംഭരിച്ചേകി, യിവർക്കു പശുക്കളെ! 4
നിന്ന സഖാക്കൾ നവഗ്വരൊത്തു സഖാ-
വിന്ദ്രൻ കുനിഞ്ഞെങ്ങു പൂകിയോ ഗോക്കളില്‍;
അങ്ങു ദശഗ്വര്‍ പത്താളൊത്തു കണ്ടെത്തി,-
യല്ലില്‍ക്കിടക്കുന്ന സത്യനാം സൂര്യനെ. 5
ഉണ്ടു തേൻ ഗോവിങ്കലെന്നറിഞ്ഞണ്ടര്‍കോന്‍
കൊണ്ടുപോന്നൂ, കാല്‍കുളമ്പുള്ള പൈക്കളെ;
കുണ്ടില്‍ മറഞ്ഞോനെ, വാനിലൊളിച്ചോനെ
മണ്ടിപ്പിടിച്ചാൻ, വലംകൈക്കു ദാനവാൻ! 6
ശോഭ പൂണ്ടാനി,രുൾ വിട്ടുതെളിഞ്ഞവൻ!
പാപമകന്നെങ്ങൾ നിർഭയരാകണം:
സോമപ, സോമപ്രവൃദ്ധ, പരന്തപൻ
നീയിന്ദ്ര, കേട്ടാലു,മിസ്തോതൃഗീതികൾ! 7
സൂരന്‍ മഖാർത്ഥം ലസിയ്ക്ക, വാനൂഴിയില്‍;-
ബ്ഭൂരിയാം പാപമടുക്കരുതെങ്ങളില്‍;
നേരിടുവിച്ചിടാവുന്ന വസുക്കളേ,
വാരുറ്റ സമ്പത്തു നേടണം, ത്യാഗവാന്‍. 8
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ. 9
കുറിപ്പുകൾ: സൂക്തം 39.

[1] മാനസപ്രോക്തം = മനസ്സിനാല്‍ ചൊല്ലപ്പെട്ടത്; ഹൃദയത്തില്‍നിന്നു പുറപ്പെട്ടത്. നാഥന്‍ – സർവേശ്വരന്‍. ഉത്തരാര്‍ദ്ധം പ്രത്യക്ഷോക്തി: ഞാന്‍ നിർമ്മിപ്പത് – എന്റെ സ്തോത്രം. ഉൾക്കൊള്ളുക = മനസ്സില്‍ വെയ്ക്കുക; കേട്ടു പ്രസാദിച്ചാലും.

[2] ഞങ്ങളുടെ പൈതൃകമായ (പരമ്പരാസിദ്ധമായ) ഈ പുരാതനസ്തുതി സൂര്യനുദിയ്ക്കുന്നതിന്നുമുമ്പു പിറക്കും; ഉഷസ്സില്‍ ഉച്ചരിയ്ക്കപ്പെട്ടുതുടങ്ങും. വസ്ത്രങ്ങൾ – തേജസ്സ്.

[3] ഉഷസ്സിനെപ്പററി: ഇരട്ടപെറുന്നവൾ – ഉഷോദേവത. ഇണയെ – രണ്ടുകുട്ടികളെ, അശ്വിദേവന്മാരെ; അശ്വികളെ സ്തുതിയ്ക്കുക ഉഷഃകാലത്താകയാല്‍, അതിനെ പ്രസവമാക്കിക്കല്പിച്ചിരിയ്ക്കുന്നു. ഇവരിരുവരെ ഒപ്പം പ്രസവിയ്ക്കുന്നതിനാലാണ്, ഉഷോഭിമാനിദേവത ഇരട്ടപെറുന്നവളായതും. ഇഹ (ഇപ്പോൾ) എന്റെ നാവിന്റെ തുമ്പു തുലോം ഇളകുന്നു, അശ്വികളെ സ്തുതിപ്പാൻ. പകൽച്ചോട്ടില്‍ – പുലരിയില്‍. നാശിതധ്വാന്തര്‍ = ഇരുട്ടിനെ നശിപ്പിച്ചവർ. ആ രണ്ടുപേര്‍ – അശ്വികൾ.

[4] ഗോതതി = ഗോസമൂഹം. ഞങ്ങൾതന്‍ താതര്‍ – അംഗിരസ്സുകൾ.

[5] നവഗ്വ – ദശഗ്വരെപ്പററി മുമ്പു വിവരിച്ചിട്ടുണ്ട്. നിന്ന – ഇന്ദ്രന്റെ നാലുവശത്തും സ്ഥിതിചെയ്തു. കുനിഞ്ഞ് – ഗുഹയിലെയ്ക്കിറങ്ങുമ്പോൾ തല മുട്ടാതിരിപ്പാന്‍. അല്ല് = ഇരുട്ട്. സത്യൻ – യഥാർത്ഥപ്രകാശന്‍.

[6] തേൻ – മധുരമായ പാല്‍. കുണ്ടില്‍ (ഗുഹയില്‍) മറകയും വാനില്‍ (അന്തരിക്ഷത്തില്‍) ഒളിയ്ക്കകയും ചെയ്തിരുന്ന അസുരനെ മണ്ടിച്ചെന്നു വലംകൈക്കുപിടിച്ചു. ദാനവാന്‍ – ഔദാര്യശാലി.

[7] അവന്‍ – സൂര്യാത്മകനായ ഇന്ദ്രന്‍. സ്തോതൃഗീതികൾ = സ്തോതാവിന്റെ പാട്ടുകൾ, സ്തുതികൾ. നേരിടുവിച്ചിടാവുന്ന – സ്തുതികൊണ്ട് അഭിമുഖീകരിയ്ക്കപ്പെടാവുന്ന. വസുക്കളേ – ഇന്ദ്രാദികളേ. ത്യാഗവാൻ = ദാനശീലന്‍.

സൂക്തം 40.

വിശ്വാമിത്രന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

ഇന്ദ്ര, സോമം പിഴിഞ്ഞെങ്ങൾ വർഷിതാവാകുമങ്ങയെ
വിളിയ്ക്കുന്നു: കുടിച്ചാലും, മത്തുണ്ടാക്കുന്ന നീര്‍ ഭവാന്‍! 1
ഇന്ദ്ര ബുദ്ധികരം സോമം പിഴിഞ്ഞതു സകൌതുകം
കുടിയ്ക്ക, തൃപ്തിയ്ക്കുദരം നിറയ്ക്കുക, പുരുസ്തുത! 2
ഇന്ദ്ര, വാഴ്ത്തപെടുന്നോനേ, സർവദേവാന്വിതൻ ഭവാൻ
വളർത്തുകെ,ങ്ങൾതന്‍ ഹവ്യം ചേർന്ന യജ്ഞം മരുൽപതേ! 3
ഇതാ, പിഴിഞ്ഞ ശുചിയാമിമ്പമേകുന്ന സോമനീര്‍
പൂകുന്നു, നിൻതിരുവയര്‍ക്കുള്ളിലിന്ദ്ര, സതാംപതേ! 4
നിറുത്തുകിന്ദ്ര, പിഴിയപ്പെട്ട സോമം വയറ്റില്‍ നീ:
നിന്‍ദ്യോവില്‍ മേവുവോന്നല്ലോ വരണീയമിതുജ്ജ്വലം! 5
കുടിയ്ക്കുകെങ്ങൾതൻ സോമം മധുധാരാര്‍ദ്രനായ്ബ്ഭവാന്‍:
സ്തുതിസേവ്യ, ഭവാനാല്‍ത്താനന്നമിന്ദ്ര, വിശോധിതം! 6
ഇന്ദ്രങ്കലല്ലോ, പൂർണ്ണങ്ങൾ സേവകന്റെ വിഭൂതികൾ
ചെന്നുചേരുന്നു: സോമത്തിൻപാനാല്‍ വളരുവോനവന്‍! 7
ചാരത്തുനിന്നോ ദൂരത്തുനിന്നോ വന്നെത്തുകെങ്ങളില്‍;
വൃത്രഘ്ന, നീ ചെവിക്കൊള്ളുകീ, ഞങ്ങളുടെ വാക്കുകൾ! 8
ദൂരാന്തികങ്ങൾക്കിടയിലെങ്ങർച്ചിയ്ക്കപ്പെടുന്നുവോ;
അങ്ങുനിന്നിവിടത്തിങ്കലെഴുന്നള്ളേണമിന്ദ്ര, നീ! 9
കുറിപ്പുകൾ: സൂക്തം 40.

[2] ബുദ്ധികരം = പ്രജ്ഞാജനകം.

[3] മരുല്‍പതി = മരുത്തുക്കളുടെ അധിപതി.

[5] ഇത് – സോമം.

[6] മധുധാരാർദ്രൻ – മാദകമായ സോമനീര്‍കൊണ്ടു നനഞ്ഞവന്‍. ഞങ്ങളുടെ അന്നം വിശുദ്ധീകരിയ്ക്കുന്നതു ഭവാന്‍തന്നെയാണല്ലോ.

[7] സേവകന്റെ (സേവിയ്ക്കുന്നവന്റെ) പുർണ്ണങ്ങ(അന്യൂനങ്ങ)ളായ വിഭവങ്ങൾ ഇന്ദ്രങ്കലാണ്, ചെന്നുചേരുന്നത്.

[8] ഈ വാക്കുകൾ – സ്തുതികൾ.

[9] ദൂരാന്തികങ്ങൾ – ദൂരദേശവും സമീപദേശവും.

സൂക്തം 41.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

വജ്രിൻ, വിളിയ്ക്കപ്പെട്ടീടുമങ്ങിന്ദ്ര, ഹരിയുക്തനായ്
വരികെ,ൻപക്കലെയ്ക്കാശു ഞങ്ങൾതന്‍ സോമമുണ്ണുവാൻ! 1
ഹോതാവിരുന്നൂ, നേരത്തേ; വിരിയ്ക്കപ്പെട്ടു ദർഭകൾ;
തമ്മിൽച്ചേര്‍ന്നൂ, പ്രഭാതത്തിലെങ്ങൾതൻ ചതകല്ലുകൾ! 2
ഇതാ, നുത്യർഹ, നുതികളുച്ചരിയ്ക്കപ്പെടുന്നു തേ:
ഇരിയ്ക്ക, ദർഭയില്‍ശ്ശൂര; പുരോഡാശമശിയ്ക്ക നീ! 3
രമിയ്ക്ക, ഞങ്ങളുടെയീ സ്തോത്രത്തില്‍,സ്സവനങ്ങളില്‍,
ഉക്ഥങ്ങളിലുമങ്ങിന്ദ്ര, വൃത്രഘ്ന, നുതിസേവ്യനേ! 4
ബലേശനാം മഹാനായ സോമം നുകുരുമിന്ദ്രനെ
നക്കുന്നു, കുട്ടിയെത്തള്ളപ്പൈക്കൾപോലിസ്തവോക്തികൾ! 5
ആ നീ ഹർഷിയ്ക്ക, മെയ്യോടേ സോമത്താല്‍ വൻധനത്തിനായ്:
നിന്ദയ്ക്കു പാത്രമാക്കൊല്ലേ, സ്തോത്രകർത്താവിനെബ്ഭവാൻ! 6
ഇന്ദ്ര, നിന്നെക്കൊതിച്ചെങ്ങൾ വാഴ്ത്തുന്നു, ഭൃതഹവ്യരായ്;
വസോ, ഞങ്ങളെയിച്ഛിപ്പോനായിത്തീരേണമങ്ങയും! 7
അഴിച്ചുവിടൊലാ, ഞങ്ങളറിയാതെ ഹരിപ്രിയ:
വരികിങ്ങോട്ട; – ന്നവാനാമിന്ദ്ര, മത്താടുകിങ്ങു നീ! 8
നൈതൂകുമക്കേസരികളിന്ദ്ര, നല്‍ത്തേരിലങ്ങയെ
ഇങ്ങോട്ടു കൊണ്ടുപോരട്ടേ, ദർഭപ്പായിലിരുത്തുവാൻ! 9
കുറിപ്പുകൾ: സൂക്തം 41.

[2] നേരത്തേ = സമയത്തുതന്നെ. ചതകല്ലുകൾ – അമ്മിയും അമ്മിക്കുഴയും.

[3] തേ – അങ്ങയ്ക്കായി.

[4] അങ്ങ് = ഭവാന്‍. നുതിസേവ്യനേ = സ്തോത്രങ്ങൾകൊണ്ടു സേവിയ്ക്കപ്പെടേണ്ടവനേ.

[5] ബലേശൻ – ബലത്തിന്റെ ഉടമസ്ഥന്‍. ഈ സ്തവോക്തികൾ – ഞങ്ങളുടെ സ്തുതികൾ. നക്കുന്നു – സുഖിപ്പിയ്ക്കുന്നു; ഇന്ദ്രങ്കലണയുന്നു എന്നു സാരം.

[6] ആ – അപ്രകാരമിരിയ്ക്കുന്ന. നീ സോമത്താല്‍ (സോമംകുടിച്ചു) മെയ്യോടേ ഹർഷിയ്ക്ക – ദേഹത്തിലാകെ ഇമ്പം പൂണ്ടാലും. വന്‍ധനത്തിന്നായ് – ഞങ്ങൾക്കു വമ്പിച്ച മുതല്‍ തരാന്‍.

[7] ഭൃതഹവ്യര്‍ = ഹവിസ്സൊരുക്കിയവര്‍.

[8] ഞങ്ങളറിയാതെ ഹരികളെ അഴിച്ചുവിട്ടേയ്ക്കരുതേ; അവയെ തേരിനു പൂട്ടിത്തന്നേ ഇങ്ങോട്ടു വരിക. ഇങ്ങു – യജ്ഞത്തില്‍ സോമം കുടിച്ചു മദംകൊണ്ടാലും.

[9] നൈ – ഓട്ടത്താലുണ്ടായ വിയർപ്പ്. കേസരികൾ = അശ്വങ്ങൾ. നല്‍ത്തേരില്‍ – സുഖകരമായ രഥത്തില്‍. ദർഭപ്പായില്‍ – ദർഭവിരിപ്പില്‍.

സൂക്തം 42.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

പിഴിഞ്ഞു ഞങ്ങൾ പാല്‍ ചേർത്ത സോമത്തിന്നാഗമിയ്ക്ക, നീ:
ഇന്ദ്ര, ഞങ്ങളെയിച്ഛിപ്പൊന്നല്ലോ, നിന്‍ ഹരിവാഹനം! 1
കല്ലാല്‍പ്പിഴിഞ്ഞ മധുനീര്‍ വെച്ചിരിയ്ക്കുന്നു ദർഭയില്‍:
വരികിന്ദ്ര; ജവാലേറ്റം കടിയ്ക്ക, മതിയാംവരെ! 2
ഏവം ഞാന്‍ ചൊന്ന മൊഴികളിങ്ങുനിന്നുടനിന്ദ്രനില്‍
നേരേ ചെല്ലേണമേ, സോമപാനത്തിന്നു വരുത്തുവാന്‍! 3
ഉക്ഥസ്തോമങ്ങൾകൊണ്ടെങ്ങള്‍ സോമപാനത്തിനിന്ദ്രനെ
വിളിയ്ക്കുന്നു, പലവുരു; – വവനിങ്ങു വരേണമേ! 4
ഇതാ, പിഴിഞ്ഞ സോമങ്ങളി,ന്ദ്ര, കർമ്മപ്രവർത്തക;
വയററില്‍ നിർത്തുകി,വയെത്തിരുമേനി ശതക്രതോ! 5
അറിവൂ ഞങ്ങൾ: നീ പോരിലാക്രമിപ്പോന്‍, ധനഞ്ജയന്‍;
അതിനാലെങ്ങള്‍ യാചിപ്പൂ ഭവാനുടെ ധനം കവേ! 6
അമ്മികൊണ്ടു പിഴിഞ്ഞെങ്ങൾ നറുംപാലും യവങ്ങളും
ചേർത്തുവെച്ചതിതാ: വന്നു കുടിച്ചരുളികിന്ദ്ര നീ! 7
സ്വസ്ഥാനത്തെയ്ക്കയയ്ക്കുന്നേൻ, സോമത്തെയിവിടെയ്ക്കുതാൻ
കുടിപ്പാനിന്ദ്ര: നിൻനെഞ്ചില്‍ വിളയാടുകി,തങ്ങനെ! 8
ഇന്ദ്ര, പൂർവകനാം നിന്നെസ്സോമനീരു കുടിയ്ക്കുവാൻ
വിളിപ്പൂ, രക്ഷ തേടുന്ന ഞങ്ങൾ, കൌശികവംശജര്‍! 9
കുറിപ്പുകൾ: സൂക്തം 42.

[1] ആഗമിയ്ക്ക = വന്നാലും. ഹരിവാഹനം – ഹരികളെ പൂട്ടിയ രഥം.

[2] കല്ലാല്‍ – അമ്മിക്കുഴകൊണ്ടു ചതച്ച്.

[3] മൊഴികൾ – സ്തുതികൾ

[6] ധനഞ്ജയന്‍ – ശത്രുക്കളുടെ ധനമടക്കുന്നവന്‍.

[7] ചേർത്തുവെച്ചത് – സോമനീര്‍.

[9] പൂർവകന്‍ – പുരാതനന്‍.

സൂക്തം 43.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കാകളി)

തേരേറിയിങ്ങു വന്നാലും: വിഭാഗാനു-
സാരേണ നിന്റെതാൻ സോമം കുടിയ്ക്കുവാൻ;
പൊന്നുസഖാക്കളെദ്ദർഭാന്തികേ വിടൂ;
നിന്നെയിതാ, വിളിയ്ക്കുന്നു, ഹവിർദ്ധരര്‍! 1

വന്നെത്തുകെ,ല്ലാരെയും കടന്നാ ഹരി-
ദ്വന്ദ്വമൊത്തെങ്ങൾതന്നാശയില്‍ സ്വാമി നീ:
ഇന്ദ്ര, വിളിപ്പതുണ്ടല്ലോ, സഖിത്വമാ-
ര്‍ന്നിന്നുതികാരര്‍തന്‍ ചിന്തകളങ്ങയെ! 2
ഇന്ദ്ര, ഹരികളൊത്തൊ,പ്പം തെളിഞ്ഞാശു
വന്നാലു,മെങ്ങൾതൻ ഭൂര്യന്നമാം മഖേ:
നിന്നെ വിളിപ്പതുണ്ടല്ലോ, സ്തുതിച്ചു നെ-
യ്യന്നത്തൊടും ദേവ, തേനിടത്തെയ്ക്കു, ഞാന്‍! 3
നിന്നെ വഹിയ്ക്കട്ടെ,യീ വൃഷാക്കളു,ടല്‍
മിന്നും ഹരികൾ, സഖാക്കൾ, ധുരന്ധരര്‍:
വന്നു കേൾക്ക, പൊരി ചേരും സവനത്തി-
ലിന്ദ്രൻ സഖാവു, സഖാവിൻ സ്തുതികളെ! 4
പോരാ, ജനത്തെ രക്ഷിപ്പവനാക്കുക;
പോരാ, പുരാനാക്കുകെ,ന്നെയൃജീഷവൻ;
പോരാ, ഋഷിയാക; സോമപനാക, ഞാൻ;
പോരാ, മഘവന്‍, സ്ഥിരസ്വത്തു നല്ക മേ! 5
അങ്ങയെക്കൊണ്ടിങ്ങു പോരട്ടെ, പൂട്ടിയ
തുംഗതുരംഗങ്ങളിന്ദ്ര, സഹർഷരായ്
വർഷകന്‍ തൊട്ടുതലോടുമീ വൈരിഘ്നര്‍
വാന്‍ വിട്ടിറങ്ങുന്നു, ദിക്കു രണ്ടാംവിധം! 6
ഏതു, കൊതിച്ച ഭവാനു ഖഗാഹൃത;-
മേതിന്റെ മത്തില്‍ നീ വീഴ്ത്തുന്നു, മർത്ത്യരെ;
ഏതിന്റെ മത്തില്‍ത്തുറന്നു, നീ കാര്‍കളെ;-
യിന്ദ്ര, കുടിയ്ക്കുകാ,ക്കുത്തിപ്പിഴിഞ്ഞ നീര്‍! 7
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 8
കുറിപ്പുകൾ: സൂക്തം 43.

[1] വിഭാഗാനുസാരേണ നിന്റെ താന്‍ – ക്രമമനുസരിച്ചു ഭവാന്റേതുതന്നെയായ. പൊന്നുസഖാക്കളേ – ഏറ്റവും പ്രിയപ്പെട്ട ചങ്ങാതീകളായ ഹരികളെ.

[2] എല്ലാവരെയുംകടന്ന് – മറ്റുള്ളവരുടെ അടുക്കൽ പോകുന്നതിന്നു മുമ്പ്. എങ്ങളുടെ ആശയില്‍ വന്നെത്തുക; ഭവാന്‍ വന്നു സോമം കുടിയ്ക്കണമെന്നും മറ്റുമുള്ള അസ്മല്‍പ്രാർത്ഥനയെ കൈക്കൊള്ളുക. ഇന്നുതികാരര്‍ = സ്തുതികർത്താക്കൾ. ചിന്തകൾ – ഭാവനകൾ.

[3] ഒപ്പം തെളിഞ്ഞ് – സമാനപ്രീതി പൂണ്ട്. ഭൂര്യന്നമാം മഖേ = വളരെ അന്നങ്ങളുള്ള യാഗത്തില്‍. നെയ്യന്നം – നൈ ചേർത്ത ഹവിസ്സ്. തേനിടത്തെയ്ക്കു – മധുരസോമസ്ഥാനത്തെയ്ക്കു.

[4] വൃഷാക്കൾ – യുവാക്കൾ. ധുരന്ധരര്‍ – ഭാരം നന്നായി വഹിയ്ക്കുന്നവര്‍. ഉത്തരാർദ്ധം പരോക്ഷവചനം: പൊരി – പൊരിയവില്‍. സഖാവ് – സ്തോതാവ്.

[5] പോരാ – എനിയ്ക്കു വേറെയും പ്രാർത്ഥനകളുണ്ട്. എന്നെ എന്ന പദം ഒന്നാംപാദത്തിലും ചേർക്കണം. സോമപന്‍ – യജ്ഞമനുഷ്ഠിച്ചവൻ. സ്ഥിരസ്വത്ത് = അക്ഷയസമ്പത്ത്.

[6] തുംഗതുരംഗങ്ങൾ = വലിയ കുതിരകൾ. സഹർഷര്‍ = സമാനഹർഷര്‍. ഉത്തരാർദ്ധം പരോക്ഷം: വർഷകൻ – ഇന്ദ്രന്‍. തൊട്ടുതലോടും – മുതുകത്തു സസ്നേഹംതലോടുന്ന. ഈ വൈരിഘ്നർ – ശത്രുക്കളെ കൊല്ലുന്ന തുരംഗങ്ങൾ. വാന്‍ വീട് = വാനില്‍നിന്ന്. ദിക്കു രണ്ടാംവിധം – ദിക്കുകളെ വിഭജിച്ചുകൊണ്ട്.

[7] ഖഗാഹൃതം – സുപർണ്ണപക്ഷിയാല്‍ കൊണ്ടുവരപ്പെട്ടു. മർത്ത്യര്‍ – എതിരാളികളായ മനുഷ്യര്‍.

സൂക്തം 44.

വിശ്വാമിത്രന്‍ ഋഷി; ബൃഹതി ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (അന്നനട)

ഇതാ, തിരുമേനിയ്ക്കിരിയ്ക്കട്ടേ, രമ്യം
ധൃതികരം കല്ലില്‍പ്പിഴിഞ്ഞ സോമനീര്‍:
തുരംഗയുക്തമാകിയ പച്ചത്തേരി-
ലിരുന്നരുൾകി,ന്ദ്ര; വരിക, ഞങ്ങളില്‍! 1
സകാമന്‍ നീയുഷസ്സിനെക്കൊണ്ടാടുന്നു;
സകാമൻ നീ സൂര്യന്നൊളി വരുത്തുന്നു;
ഹരിഹയ, ബുധന്‍ ഭവാനറിഞ്ഞിന്ദ്ര,
പെരുകിപ്പൂ, ഞങ്ങൾക്കഖിലഭൂതികൾ! 2
ഹരില്‍പ്രഭദ്യോവിനെയും, ഹരിദ്വർണ്ണ-
ധരയെയു,മിവയുടെ നടുവിലായ്
ചരിപ്പവനിന്ദ്രൻ ഹരി നിറുത്തിനാൻ,
ഹരിദ്വയത്തിനു തുലോം തീററിയെയും! 3
ഹരില്‍പ്രഭനായിപ്പിറന്ന വർഷകന്‍
പരിശോഭിപ്പിപ്പൂ, സമസ്തരോചനം;
ഹരിയായ ഹരില്‍പ്രഭം വജ്രായുധം
ധരിയ്ക്കുന്നു, ഹരിഹയന്‍ തൃക്കൈകളില്‍; 4
സിതയോഗാല്‍ വെളുത്തതായ്,സ്സവേഗമായ്,-
ച്ചതകല്ലാല്‍പ്പിഴിഞ്ഞതാം നറുംസോമം
നിരാവരണമാക്കിനാൻ; ധേരുക്കളെ-
ക്കരേററിനാൻ, ഹരിഹയയുതനിന്ദ്രൻ! 5
കുറിപ്പുകൾ: സൂക്തം 44.

[1] ധൃതികരം = പ്രീതികരം. പച്ചത്തേര്‍ – പച്ചനിറത്തിലുള്ള തേര്‍.

[2] സകാമൻ – സോമത്തില്‍ അഭിലാഷമുള്ളവൻ. ബുധന്‍ = വിദ്വാൻ. അറിഞ്ഞ് – ഞങ്ങളുടെ അഭിമതംമനസ്സിലാക്കി. പെരുകിപ്പൂ = വളർത്തുന്നു. അഖിലഭൂതികൾ = എല്ലാസ്സമ്പത്തുകളും.

[3] ഹരിദ്വർണ്ണധര – സസ്യങ്ങളാല്‍ പച്ചപിടിച്ച ഭൂമി. ദ്യാവാപൃഥിവികളെ തന്മധ്യസഞ്ചാരിയായ ഇന്ദ്രന്‍ നിറുത്തിനാന്‍ – ഉറപ്പില്‍നിർത്തി; തീററിയെയും, (പുല്ലുംമറ്റും) നിർത്തി – ഏർപ്പെടുത്തി.

[4] സമസ്തരോചനം – രോചനമെന്നലോകം മുഴുവൻ. ഹരിയായ – ശത്രക്കളുടെ പ്രാണനെ അപഹരിയ്ക്കുന്ന.

[5] സിതയോഗാല്‍ – വെളുത്തവ (ക്ഷീരാദികൾ) ചേർത്തതിനാല്‍. സവേഗം – ക്ഷിപ്രവ്യാപി. നിരാവരണമാക്കിനാന്‍ – വെളിപ്പെടുത്തി. കരേറ്റിനാൻ – അസുരഗുഹയിൽനിന്ന്. ഹരിഹയയുതന്‍ = ഹരികളെന്ന ഹയ (അശ്വ)ങ്ങളോടുകൂടിയവന്‍.

സൂക്തം 45.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക)

വരിക, മയിലിന്റേതിന്നു തുല്യമാം രോമ-
നിരയൊത്തിമ്പം നല്കും ഹരികളൊന്നിച്ചിന്ദ്ര:
തടയൊല്ലാരും നിന്നെ,പ്പക്ഷിയെ വേടൻപോലേ;
തടസ്സം മരുപോലേ കടന്നു വന്നാലും നീ! 1
വൃത്രനെ വിഴുങ്ങിയോന്‍, മേഘത്തെപ്പിളർത്തിയോൻ,
നല്‍ത്തണ്ണീര്‍ ചൊരിഞ്ഞവന്‍, പുരികളുടച്ചവൻ,
നേരിലിങ്ങോട്ടോടിപ്പാൻ ഹരിയുക്തമാം തേരി-
ലേറുവോനി,ന്ദ്രൻ കെല്പന്മാരെയും ചതയ്ക്കുവോന്‍! 2
ഗോഗണത്തിനെ നല്ലോരിടയൻപോലേ ഭവാൻ
യാഗത്തെത്തടിപ്പിപ്പൂ, വൻകടലിനെപ്പോലേ:
ഗോവുകൾ പുല്‍ച്ചാർത്തിലും തോടുകൾ കയത്തിലും
ചെല്‍വതുപോലേ, നിങ്കല്‍ വന്നുചേരുന്നൂ, സോമം! 3
ഞങ്ങൾക്കു കരുതേണം, വൈരിയെ നോവിയ്ക്കും സ്വ-
ത്തങ്ങിന്ദ്ര, തന്റേടംവെച്ചവന്നു വീതംപോലേ;
പഴത്തിന്നായിത്തോട്ടിയേന്തിയോൻ വൃക്ഷത്തെപ്പോ-
ല,ഴകില്‍ക്കുലുക്കുക, വേണ്ടോളം ധനത്തെ നീ! 4
വിണ്ണിന്റെ പെരുമാളുമിന്ദ്ര, നീ ധനവാനും
പുണ്യഭാഷിയും പുഷ്ടകീർത്തിശാലിയുമല്ലോ;
അങ്ങനെയുള്ള ഭവാനോജസ്സാല്‍ വളർന്ന,തി-
മംഗളാന്നനായ്ത്തീരുകെങ്ങൾക്കു ബഹുസ്തുത! 5
കുറിപ്പുകൾ: സൂക്തം 45.

[1] മയിലിന്റേതിന്നു – മയിലിന്റെ രോമത്തിന്നു. വഴിപോക്കര്‍ മരുഭൂമി പിന്നിടുക അതിവേഗത്തിലായിരിയ്ക്കുമല്ലോ; അതുപോലെ തടസ്സം കടന്നു, വന്നുചേർന്നാലും.

[2] വിഴുങ്ങിയോന്‍ – നശിപ്പിച്ചവൻ എന്നർത്ഥം. പുരികൾ – ശത്രുനഗരങ്ങൾ.

[3] യാഗത്തെത്തടിപ്പിപ്പൂ – യജമാനന്ന് അഭീഷ്ടം നല്കി, യാഗത്തെ പോഷിപ്പിയ്ക്കുന്നു. വന്‍കടലിനെപ്പോലെ – സമുദ്രങ്ങളെ വളർത്തിയത്, ഇന്ദ്രന്‍തന്നെയാണല്ലോ.

[4] വൈരിയെ നോവിയ്ക്കും – വൈരിയ്ക്ക് അസൂയയാല്‍ മനോവേദനയുണ്ടാക്കുന്ന. സ്വത്തു ഞങ്ങൾക്കു കരുതണം; ഞങ്ങൾക്കു തരാന്‍ വെയ്ക്കണം. തന്റേടംവെച്ച മകന്ന് അച്ഛന്‍ സ്വത്തിന്റെ ഒരു ഭാഗം നീക്കിവെയ്ക്കുന്നതുപോലെ. പഴത്തിന്നായി – പഴങ്ങൾ വീഴിപ്പാൻ. വേണ്ടോളം – ഞങ്ങൾക്കു മതിയാവോളം ധനത്തെ വീഴ്ത്തിത്തരിക.

[5] പുണ്യഭാഷി = നല്ലതു പറയുന്നവന്‍. എങ്ങൾക്ക് അതിമംഗളാന്നനായ്ത്തീരുക – ഞങ്ങൾക്കു മികച്ച അന്നം കൊണ്ടുവരിക എന്നു സാരം.

സൂക്തം 46.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കേക)

പോരാളി, സമ്പത്തിന്റെ തമ്പുരാന്‍, പ്രവർഷകന്‍,
കാരണവനാം യുവാവാ,ക്രമിയ്ക്കുവോനു,ഗ്രൻ,
പാരിങ്കല്‍ വിളിപ്പെട്ടോനി,ന്ദ്ര, നിർജ്ജരൻ, വജ്ര-
ധാരി, നീ – മഹത്തുക്കൾ, മഹാനാം നിന്‍ വീര്യങ്ങൾ! 1
മഹിത, മഹാനുഗ്രനങ്ങുന്നു ധനങ്ങളെ
മറുതീരത്തെത്തിപ്പോന്‍, വീര്യത്താലരിന്ദമന്‍;
പാരിനൊക്കയുമൊറ്റപ്പെരുമാളാമബ്ഭവാൻ
പോരിടുക; – രുളുക, ജനങ്ങൾക്കാവാസവും! 2
ആരുമൊന്നളന്നിട്ടില്ലാത്തവനൃജീഷവാൻ
ഭൂരിവർച്ചസനിന്ദ്രന്‍ കെല്പില്‍ വാനോരെക്കാളും,
ഭൂധരങ്ങളെക്കാളും, വാനൂഴികളെക്കാളും
മേദുരാന്തരിക്ഷത്തെക്കാളുമുന്നതി നേടീ! 3
സ്തോത്രപാലകൻ, ഗഭീരാശയൻ, സർവവ്യാപി,
ൈത്യവ ഭയങ്കരൻ, പെരുമപ്പെട്ടോനിന്ദ്രൻ-
അണഞ്ഞതവനില്‍ത്താനല്ലോ, മുൻദിനങ്ങളില്‍-
പ്പിഴിഞ്ഞ സോമങ്ങളു,മാര്‍കളാഴിയില്‍പ്പോലേ! 4
അങ്ങയെക്കൊതിച്ചൂഴിവാനുകളേതൊന്നിനെ-
യമ്മ ഗർഭത്തെപ്പോലേ വർഷക, വഹിയ്ക്കുന്നു;
അസ്സോമമിന്ദ്ര, ഭവാന്നർപ്പിപ്പിതധ്വര്യുക്ക;-
ളങ്ങയ്ക്കു കുടിപ്പാനായ് വെടുപ്പും വരുത്തുന്നു! 5
കുറിപ്പുകൾ: സൂക്തം 46.

[1] കാരണവനാം യുവാവ് – ചിരന്തനനാണെങ്കിലും ചെറുപ്പക്കാരന്‍.

[2] മറുതീരത്തെത്തിപ്പോന്‍ – ദാനഭോഗത്യാഗങ്ങൾകൊണ്ടു തികച്ചും പ്രയോജനപ്പെടുത്തുന്നവൻ. പോരിടുക – ദ്രോഹികളെ പൊരുതി കൊല്ലുക: എന്നിട്ടു ജനങ്ങൾക്കു പാർപ്പിടം അരുളുകയുംചെയ്യുക.

[3] ആരുമൊന്നളന്നിട്ടില്ലാത്തവന്‍ – ആരും ആളാവില്ല, ഇന്ദ്രന്റെ വലുപ്പം ഇത്ര എന്നറിഞ്ഞുവെപ്പാന്‍. ഭൂരിവർച്ചസൻ = വളരെ തേജസ്സുള്ളവന്‍. ഭൂധരങ്ങൾ = പർവതങ്ങൾ, മേദുരം = തടിച്ചത്, വിശാലം. ഉന്നതി – ആധിക്യം.

[4] സ്തോത്രപാലകൻ = സ്തോത്രങ്ങളെ രക്ഷിയ്ക്കുന്നവന്‍. ജാത്യൈവ ഭയംകരന്‍ – പ്രകൃത്യാതന്നേ ശത്രുഭീഷണന്‍. ആര്‍കൾ = നദികൾ.

സൂക്തം 47.

ഋഷിച്ഛന്ദോദേവതകൾ മൃമ്പേത്തവ. (കേക)

ഇന്ദ്ര, വർഷക, സാന്നം സോമനീര്‍ മരുത്തുക്ക-
ളൊന്നിച്ചു കുടിയ്ക്ക, നീ മല്ലിനും മത്തിന്നുമായ്-
തിരതല്ലട്ടേ, മധു നിൻതൃക്കുക്ഷിയിലെങ്ങും:
പെരുമാളല്ലോ, ഭവാൻ മുൻദിനസോമങ്ങൾക്കും! 1
ഇന്ദ്ര, വൃത്രഘ്നൻ മരുത്സംയുതനഭിജ്ഞൻ നീ-
യൊന്നിച്ചു കുടിച്ചാലും, സോമനീര്‍ ബലവാനേ;
എന്നിട്ടു മുടിച്ചാലും മാറ്റരെ, ദ്രോഹികളെ-
ക്കൊന്നാലു; – മെങ്ങൾക്കെങ്ങും തന്നാലു,മഭയത്തെ! 2
എവരിലണഞ്ഞു നീ,യെവര്‍ നിങ്കലു,മിന്ദ്ര,
തവ വൃത്രാരേ, വീര്യമൃതുക്കളെവര്‍ കൂട്ടീ;
ആ മരുത്തുക്കളൊടും മിത്രദേവകളൊടു-
മാമേളിച്ചൃതുപൻ നീ കുടിയ്ക്കുക,സ്മല്‍സോമം! 3
ഏവര്‍ വൃത്രാഘാതത്തി,ലേവര്‍ ശംബരപ്പോരി,-
ലേവരങ്ങയെയിന്ദ്ര, വളർത്തീ, ഗോയുദ്ധത്തില്‍;
ഏവരിന്നിമ്പം ചേർപ്പൂ; മഘവൻ, ഹര്യശ്വ, നീ-
യാ വിപ്രമരുത്തുക്കളൊത്തശിച്ചാലും സോമം! 4
മാരി പെയ്യിച്ചോൻ, മരുദന്വിതൻ, വളരുവോൻ,
വൈരികൾ പെരുകിയോന്‍, ശാസിതാവി;ന്ദ്രൻ, ദിവ്യൻ-
ആരെയുമമർത്തുമാബ്ബലദായകനായ
ഘോരനെ വിളിയ്ക്കാവൂ, പുതുരക്ഷയ്ക്കിങ്ങെങ്ങൾ! 5
കുറിപ്പുകൾ: സൂക്തം 47.

[1] സാന്നം = അന്നത്തോടു(പുരോഡാശാദിയോടു)കൂടിയ. മല്ലിനും – ശത്രുക്കളോടു പൊരുതാനും. മധു – മദകരമായ സോമം. മുന്‍ദിനസോമങ്ങൾക്കും – ഇന്നത്തേതിന്നുമാത്രമല്ല, മുന്‍ദിവസങ്ങളില്‍ പിഴിഞ്ഞ സോമങ്ങൾക്കും ഭവാന്‍ പെരുമാളല്ലോ, അധിപതിയാണല്ലോ.

[2] ഒന്നിച്ചു – ദേവകളോടുകൂടി.

[3] ഋതുക്കൾ = മരുത്തുക്കൾ. മിത്രദേവകൾ = സഖാക്കളായ ദേവന്മാര്‍. ആമേളിച്ച് = ചേർന്ന്. ഋതുപന്‍ – കാലനിർവാഹകനാകയാല്‍ ഋതുക്കളെ രക്ഷിയ്ക്കുന്നവന്‍.

[4] വൃത്രാഘാതം = വൃത്രവധം. ശംബരപ്പോര് = ശംബരനോടുണ്ടായ യുദ്ധം. ഗോയുദ്ധം – ഗോക്കളെ വീണ്ടെടുക്കാന്‍ ചെയ്ത യുദ്ധം. വളർത്തീ – സ്തുതിച്ചു പ്രവൃദ്ധോത്സാഹനാക്കി. വിപ്രര്‍ – മേധാവികൾ.

[5] വളരുവോന്‍ – ഉത്സാഹംകൊണ്ട്. വൈരികൾ പെരുകിയോന്‍ – വളരെ അസുരന്മാരെ കൊന്നവന്‍ എന്നു സാരം. ബലദായകന്‍ – യോദ്ധാക്കൾക്കുബലം കൊടുക്കുന്നവന്‍. ഘോരൻ – ശത്രുഭയങ്കരന്‍.

സൂക്തം 48.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

ആ മഴ പെയ്യിയ്ക്കുമാജന്മസുന്ദരൻ
സോമം പിഴിഞ്ഞോനെ രക്ഷിച്ചുപോന്നവൻ;
വേണുന്ന വേണുന്ന നേരമൊന്നാമതായ്-
ത്താനാസ്വദിയ്ക്ക, നീ പാല്‍ചേർത്ത നല്ല നീര്‍! 1
പെറ്റുവിണന്നേ കുടിച്ചു, നീ ദാഹമൊ-
ന്നററിടാനദ്രിസ്ഥസോമലതാമൃതം:
പെറ്റമ്മ മുല്പാടതല്ലോ, തവ വായി-
ലിറ്റിച്ചു, വമ്പാളുമച്ഛന്റെ മന്ദിരേ! 2
ചോറിനു കൊഞ്ചിയിരന്നിട്ടു തായതൻ
മാറത്തു കണ്ടു, കടുംസോമമണ്ടര്‍കോൻ;
വൈരികളെ വിറപ്പിച്ചു നടന്ന,ട-
വേറിയ മെയ്യുമായ്ച്ചെയ്താന്‍, പെരുംതൊഴില്‍! 3
ഭീമന്‍, തുരാഷാട്ടു, ധർഷകൌജസ്സിവൻ
കാമരുപത്വമുടല്ക്കു വരുത്തിനാൻ;
ത്വഷ്ടാവിനെബ്ബലാല്‍ക്കീഴമർത്തണ്ടര്‍കോന്‍
കട്ടുകുടിച്ചാൻ, ചമസസ്ഥസോമനീർ! 4
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറ്റേകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 5
കുറിപ്പുകൾ: സൂക്തം 48.

[1] സോമം പിഴിഞ്ഞോന്‍ – യജമാനന്‍. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: ഒന്നാമതായ്ത്താൻ – മറ്റുദേവന്മാര്‍ കുടിയ്ക്കുന്നതിന്നുമുമ്പുതന്നെ.

[2] അദ്രിസ്ഥസോമലതാമൃതം = മലയില്‍ നില്ക്കുന്ന സോമലതയുടെ അമൃത്; അമൃതമധുരമായ നീര്‍. പെറ്റമ്മ – അദിതി. മുല്പാട് – മുല തരുന്നതിനുമുമ്പ്. അത് – സോമനീര്‍. വമ്പാളുമച്ഛന്റെ – മഹാനായ കശ്യപന്റെ. മന്ദിരേ = ഗൃഹത്തില്‍വെച്ച്.

[3] കടുംസോമം – സ്തന്യരൂപമായ തീവ്രസോമം; അതു നുകർന്നു എന്നു വ്യംഗ്യം. അടവേറിയ മെയ്യുമായ് – പടപ്പയറെറാത്ത അവയവങ്ങളോടുകൂടി. പെരുംതൊഴില്‍ – വൃത്രവധവും മറ്റും.

[4] തുരാഷാട്ട് – സത്വരം ശത്രുക്കളെ തോല്പിയ്ക്കുന്നവൻ; ഇന്ദ്രപര്യായങ്ങളിലൊന്നാണിത്. ധർഷകൌജസ്സ് – ശത്രുക്കളെ ആക്രമിയ്ക്കുന്ന ബലത്തോടുകൂടിയവന്‍. കാമരൂപത്വം – ഇഷ്ടംപോലെ രൂപം മാററാമെന്ന അവസ്ഥ. ത്വഷ്ടാവ് – ഒരസുരന്‍. ഇക്കഥയും മുൻമണ്ഡലങ്ങളിലുണ്ട്.

സൂക്തം 49.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

സ്വർഗ്ഗസ്ഥരൊത്തിരുപ്രൌഢമാര്‍ സൃഷ്ടിച്ച
സല്‍ക്കർമ്മി, വൃത്രഘ്ന,നാരജസ്ഥാപിതൻ;
ആരാല്‍ നരജാതി സോമം കുടിച്ചിഷ്ട-
മാർജ്ജിച്ചു; നീ വാഴ്ത്തുകാ, മഹാനിന്ദ്രനെ! 1
പോരിലിരുചേരി നിർത്തി ഹരിത്തേരി-
ലേറും പുരാനെക്കടക്കില്ലൊരുത്തനും:
അഗ്ര്യനേതാവാ മഹേശന്‍ സമിത്രനായ്-
ച്ചിക്കെന്നു ചെന്നൊടുക്കുന്നു, ദസ്യുക്കളെ! 2
പോര്‍ വാജിപോലേ കടക്കുവോ,നൂർജ്ജിതൻ,
ദ്ദ്യോവിലും ഭൂവിലും വ്യാപ്തൻ, ധനി,യവൻ
യജ്ഞേ ഭഗൻപോലെ ഹവ്യൻ, സ്തവങ്ങൾക്കൊ-
രച്ഛന്‍, ശുഭാഹ്വാന,നന്നവാൻ, സുന്ദരന്‍! 3
ദ്യോവന്തരിക്ഷങ്ങൾ താങ്ങുവോൻ, തേര്‍പോലെ
മേല്‍വശം പൂകുവോന്‍, വ്യാപ്തൻ, മരുത്സഖൻ,
രാവു മറച്ചുദിപ്പിയ്ക്കുന്നു, സൂര്യനെ; –
ബ്ഭാവുകച്ചൊല്‍പോലെ വീതിപ്പു, നല്‍ഫലം! 4
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാപിനെ,പ്പോരില്‍ വൃത്രഘ്നനെ! 5
കുറിപ്പുകൾ: സൂക്തം 49.

[1] യജമാനന്‍ സ്തോതാവിനോടു പറയുന്നു: ഇരുപ്രൌഢമാര്‍ (ദ്യാവാപൃഥിവികൾ) സ്വർഗ്ഗസ്ഥരൊത്ത് (ദേവന്മാരോടൊരുമിച്ച്)സൃഷ്ടിച്ച സുകർമ്മാവും വൃത്രഘ്നനുമായ ആര്‍ അജനാല്‍ (ബ്രഹ്മാവിനാല്‍) സ്ഥാപിതനായോ, ലോകാധിപത്യത്തിൽ വാഴിയ്ക്കപ്പെട്ടുവോ; നരജാതി (മനുഷ്യവർഗ്ഗം) സോമം കുടിച്ച് ഇഷ്ടം ആർജ്ജിച്ചത് ആരാലോ; ആ ഇന്ദ്രനെ നീ വാഴ്ത്തുക.

[2] കടക്കില്ല = ലംഘിയ്ക്കില്ല; മഹേശന്‍ – വലിയ സേനാപതി. സമിത്രനായ് – മരുത്തുക്കളോടുകൂടി.

[3] ഒരു വാജി(കുതിര)പോലെ പോര്‍ കടക്കുവോന്‍ – ശത്രുസൈന്യത്തെഅതിലംഘിയ്ക്കുന്നവന്‍. ഭഗന്‍ = പൂഷാവ്. ഹവ്യൻ = ഹവനീയന്‍, യജനീയന്‍. സ്തവങ്ങൾക്കൊരച്ഛന്‍ – അച്ഛൻ മക്കളെയെന്നപോലെ, സ്തോത്രങ്ങളെ രക്ഷിയ്ക്കുന്നവന്‍. ശുഭാഹ്വാനന്‍ – ഇന്ദ്രനെ വിളിയ്ക്കുന്നതു ശുഭമാണല്ലോ.

[4] തേര്‍പോലെ മേല്‍വശം പൂകുവോൻ – തന്റെ രഥംപോലെതന്നെ മേല്പോട്ടു പോകുന്നവന്‍. ഭാവുകച്ചൊല്‍ (ആലോചനക്കാരുടെ വാക്ക്, തീർപ്പ്) ഗൃഹങ്ങളില്‍ ധനവിഭാഗം കഴിപ്പിയ്ക്കുന്നതുപോലെ, നല്ല ഫലം കർമ്മികൾക്കു വീതിയ്ക്കുന്നു.

സൂക്തം 50.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

സ്വാഹാ കുടിയ്ക്കട്ടെ, വന്നു തൻസോമനീ;-
രീ ഹവിസ്സാല്‍ വൃഷാവുഗ്രൻ മരുദ്യുതൻ
തൃപ്തനാകി,ന്ദ്രന്‍ തുലോം വ്യാപ്ത – നീയന്ന-
മത്തിരുമൈക്കിയറ്റട്ടെ,യിഷ്ടാപ്തിയെ! 1
പൂട്ടുവന്‍ തേ വരാൻ, പൂർവനാം നിന്നെ ന-
ല്ലോട്ടമായ്ക്കൊണ്ടുപോം നിന്നിരുഭൃത്യരെ:
എത്തിയ്ക്കുകി,ങ്ങാ ഹരികൾ നിന്നെ; – യഴ-
കൊത്തതാമീ നീര്‍ സുഹനോ, കുടിയ്ക്ക നീ! 2
സുപ്രാപനാം വർഷകാമന്നു വാഴ്ത്തിക-
ളർപ്പിപ്പു, പാല്‍നീര്‍ മഹത്ത്വായുരിച്ഛയാ:
സോമം കുടിച്ചിമ്പമാർന്നിന്ദ്ര, ഞങ്ങൾക്കു
ഗോമണ്ഡലത്തെയയയ്ക്കുകൃ,ജീഷി നീ! 3
ഇക്കൊതി ഗോവാജിദീപ്തധനങ്ങളാ-
ലൊക്കെ നിറവേറ്റി വായ്പിയ്ക്ക, ഞങ്ങളെ;
ഇന്ദ്രനാമങ്ങയ്ക്കു തീർത്താര്‍, മനുസ്തോത്ര-
മൊന്നറിവേറും കുശികര്‍, നാകൈഷികൾ 4
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരിൽ വൃത്രഘ്നനെ! 5
കുറിപ്പുകൾ: സൂക്തം 50.

[1] ഉഗ്രൻ – കർമ്മം മുടക്കുന്നവരെ ഹിംസിയ്ക്കുന്നവന്‍. ഈ അന്നം അത്തിരുമൈക്ക് (ഇന്ദന്റെ ശരീരത്തിന്ന്) ഇഷ്ടാപ്തിയെ ഇയറ്റട്ടെ – പൂർണ്ണകാമത വരുത്തട്ടെ.

[2] തേ വരാൻ – അങ്ങയ്ക്ക് ഇവിടെ വന്നെത്താന്‍. നിന്നിരുഭൃത്യരെ – അങ്ങയുടെ ഹരികളെ. പൂട്ടുവൻ – ഞാന്‍ തേരിനു കെട്ടാം. എത്തിയ്ക്കുക – കൊണ്ടുവരട്ടെ. ഈ നീര്‍ – സോമരസം. സുഹനോ = നല്ല അണക്കടകളുള്ളവനേ.

[3] വർഷകാമന്‍ –.സ്തോതാക്കൾക്ക് അഭീഷ്ടഫലം പെയ്തുകൊടുക്കുന്നതിൽ തൽപരന്‍. വാഴ്ത്തികൾ = സ്തോതാക്കൾ. പാല്‍നീര്‍ – പാല്‍ചേർത്ത സോമരസം. മഹത്ത്വായുരിച്ഛയാ – മഹത്ത്വവും ആയുസ്സും ലഭിപ്പാന്‍. ഉത്തരാർദ്ധം പ്രത്യക്ഷം; ഗോമണ്ഡലം = ഗോവൃന്ദം. അയയ്ക്കുക – അയച്ചുതരിക.

സൂക്തം 51.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പും ജഗതിയും അനുഷ്ടൂപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കേക)

മർത്ത്യരെപ്പോറ്റുന്നവൻ, മഘവാവുക്ഥസ്തുത്യൻ,
പ്രത്യഹം നല്‍സ്തോത്രത്താല്‍ സ്തുതിയ്ക്കപ്പെടുന്നവൻ,
വർദ്ധിപ്പോന്‍, പുരുഹൂതൻ, മൃത്യുവർജ്ജിത,നിന്ദ്രൻ-
അത്തിരുവടിയ്ക്കണിയാക, വായ്പൊക്കും വാക്യം! 1
അർണ്ണോവാന്‍, മഴപെയ്യിയ്ക്കുന്നവന്‍, ശതക്രതു
വിണ്ണുമന്നവും സ്വത്തും നല്കുവോന,രിന്ദമൻ,
സത്വരൻ, പുരന്ദരൻ, മരുത്ത്വാൻ, നേതാവി,ന്ദ്രൻ-
അത്തിരുവടിയുടെ ചുററും ചെല്കെ,ൻവാക്യങ്ങൾ! 2
വാഴ്ത്തപ്പെടുന്നൂ, പോരില്‍ വൈരിസൂദനനിന്ദ്ര;-
നാസ്ഥയാ കൊണ്ടാടുന്നൂ, നിർദ്ദോഷസ്തുതികളെ;
ആത്തഹവ്യന്റെ ഗൃഹത്തിങ്കലാഹ്ലാദിയ്ക്കുന്നൂ;
നേർത്തമർത്തുമശ്ശത്രുധ്വംസിയെ സ്തുതിയ്ക്ക, നീ! 3
മർത്ത്യർക്കു മഹാനേതാവായ വീരനാം നിന്നെ
സ്തുത്യുക്ഥങ്ങളാല്‍ നേരേ പൂജിപ്പിതൃത്വിക്കുകൾ;
കെല്പിന്നായൊരുങ്ങുമേ, പുരുകർമ്മാവാമവ;-
നപ്പുരാതനനേകനീ ഹവിസ്സിനു നാഥന്‍! 4
മർത്ത്യർക്കു വിവിധമാമനുശാസനം നല്കു-
മിത്തിരുവടിയ്ക്കൂഴിയുൾക്കൊൾവൂ, ബഹുദ്രവ്യം;
ഇന്ദ്രന്നായ്ദ്ധനങ്ങളെവെച്ചുപോരുന്നൂ, നര-
വൃന്ദ,മോഷധി, തണ്ണീര്‍, കാടു വാനുലകവും! 5
അങ്ങയ്ക്കു നുതി,യങ്ങയ്ക്കുക്ഥവും ചൊല്‍വൂ നേരാ;-
യങ്ങിന്ദ്ര, ഹരിയുക്ത, കേട്ടരുൾകി,തുകളെ;
അറിക, പുതുതാണീ ഹവിസ്സു; സഖേ, വസോ;
തരിക, പുകഴ്ത്തുവോർക്കശനം വ്യാപ്തന്‍ ഭവാന്‍! 6
ഹര്യശ്വ, കുടിയ്ക്ക, നീയിസ്സോമം മരുത്ത്വാനേ,
ശര്യാതിസുതദത്തമാസ്വദിച്ചതുപോലേ;
തവ നല്‍സ്ഥാനേ മേവും കവികൾ സുയജ്ഞന്മാ-
രവിസ്സാല്‍ നിന്നെശ്ശൂര, സംസേവിപ്പവരല്ലോ!7
ഇന്ദ്ര, കാംക്ഷിപ്പോന്‍ ഭവാന്‍ ചങ്ങാതിമരുത്തുക്ക-
ളൊന്നിച്ചു കുടിയ്ക്കുകി,ങ്ങെങ്ങൾതന്‍ സോമത്തിൻനീർ:
കെല്പുകൂടിയ തിരുമേനിയെയല്ലോ, വാനോ-
രെപ്പേരും പുരുഹുത, വൻപോരിന്നണിയിച്ചു! 8
വൃഷ്ട്രികർമ്മത്തില്‍ത്തുണച്ചതിനാലീയിന്ദ്രങ്കല്‍-
ത്തുഷ്ടിയുൾക്കൊണ്ടാരല്ലോ, ബലദർ മരുത്തുക്കൾ;
അവരൊത്തശിയ്ക്കട്ടേ, സോമനീര്‍ വൃത്രാരാതി,
ഹവിസ്സു നല്കുന്നോന്റെ തനതാം സദനത്തില്‍! 9
ചതച്ചു പിഴിയപ്പെട്ടതിതാ: ധനപതേ,
സ്തുതിസംസേവ്യ, മുറയ്ക്കിതു നീ കുടിച്ചാലും! 10
നിന്നമീത്തിന്നായ്പ്പിഴിഞ്ഞതിതു കൈക്കൊണ്ടാലും:
നിന്നുള്ളിലിതൊരിമ്പം സോമാർഹ, കിളിർത്തട്ടേ! 11
സ്തോത്രവത്തിതിന്ദ്ര, നിന്‍ വയറ്റില്‍പ്പരക്കട്ടേ,
പേർത്തുടലിലും, ശൂര, ധനാർത്ഥം കൈകളിലും! 12
കുറിപ്പുകൾ: സൂക്തം 51.

[1] വായ്പൊക്കും വാക്യം – നമ്മുടെ വലിയ സ്തുതി അത്തിരുവടിയ്ക്ക് ഒരാഭരണമായിത്തീരട്ടെ; അദ്ദേഹത്തിന്നനുരൂപമായിബ്ഭവിയ്ക്കട്ടെ.

[2] അർണ്ണോവാന്‍ = ജലസഹിതൻ. എന്‍വാക്യങ്ങൾ, എന്റെ സ്തുതികൾ ചുറ്റും ചെല്ക, ചെന്നുചേരട്ടെ.

[3] ആത്തഹവ്യന്‍ = ഹവിസ്സൊരുക്കിയവന്‍, യജമാനന്‍. നേർത്തമർത്തും – ചെറുത്തു തോല്പിയ്ക്കുന്ന. ഇതു വിശ്വാമിത്രൻ, തന്നോടുതന്നെ പറയുന്നതാണ്: നീ – വിശ്വാമിത്രന്‍.

[4] ഉത്തരാർദ്ധം പരോക്ഷം:

[6] ചൊല്വൂ – ഋത്വിക്കുകൾ ചൊല്ലുന്നു. ഇതുകൾ – സ്തുതിയും ഉക്ഥവും. അശനം = ആഹാരം.

[7] ശര്യാതിസുതദത്തമാസ്വദിച്ചതുപോലെ – ശര്യാതിയുടെ മകനായ രാജാവു തന്ന സോമം നുകർന്നതുപോലെ. ഇസ്സോമം – ഞങ്ങളുടെ യാഗത്തിലെ സോമം. തവ നൽസ്ഥാനേ – അങ്ങയുടെ നിർബാധമായ പാർപ്പിടത്തില്‍. കവികൾ – 38-ാം സൂക്തത്തിലെ ഒന്നാം ഋക്കിന്റെ ടിപ്പണി നോക്കുക.

[8] കാംക്ഷിപ്പോന്‍ – സോമകാമന്‍. വന്‍പോരിന്നണിയിച്ചു – വലിയ യുദ്ധത്തിന്നയപ്പാൻ ആഭരണാദികൾകൊണ്ടലംകരിച്ചു.

[9] ഹവിസ്സു നല്കുന്നോന്‍ – യജമാനന്‍.

[11] അമീത്ത് – അമറേത്തു്. കിളിർത്തട്ടേ – മുളപ്പിയ്ക്കട്ടേ, ഉല്‍പാദിപ്പിയ്ക്കട്ടേ.

[12] സ്തോത്രവത്ത് = സ്തോത്രസഹിതം.

സൂക്തം 52.

വിശ്വാമിത്രന്‍ ഋഷി; ഗായത്രിയും ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

ഇന്ദ്ര, ഞങ്ങളുടെ പൊരി, തയിര്‍മലര്‍പ്പൊടി, അപ്പം, എന്നിവയോടും സ്തോത്രത്തോടുംകൂടിയ സോമം അങ്ങു പ്രഭാതത്തില്‍ കൈക്കൊണ്ടാലും! 1

ഇന്ദ്ര, പചിയ്ക്കപ്പെട്ട പുരോഡാശം കൈക്കൊണ്ടു ഭക്ഷിപ്പാനൊരുങ്ങുക: അങ്ങയ്ക്കായി ഹവിസ്സുകൾ വരുന്നു. 2

അങ്ങു ഞങ്ങളുടെ പുരോഡാശം ഭക്ഷിയ്ക്കുക; ഞങ്ങളുടെ സ്തുതിയെ, ഒരു പെണ്‍കൊതിയന്‍ സ്ത്രീയെയെന്നപോലെ കൈക്കൊള്ളുകയും ചെയ്യുക! 3

ഇന്ദ്ര, പഴമയില്‍ പുകഴ്‌ന്നവനേ, ഞങ്ങളുടെ പുരോഡാശം പ്രാതസ്സവനത്തില്‍ ഭുജിച്ചാലും: വലുതാണല്ലോ, അങ്ങയുടെ കർമ്മം! 4

ഇന്ദ്ര, പരിചരിച്ചുംകൊണ്ട്, ഒരു കാളയുടെ മട്ടില്‍ വെമ്പിനടക്കുന്ന സ്തോതാവ് അരികില്‍ സ്തുതികൾ ചൊല്ലുന്നതെപ്പൊഴോ, അപ്പോൾ അവിടുന്ന് ഇവിടെ മധ്യാഹ്നസവനത്തിലെ പൊരിയവിലും കമനീയമായ പുരോഡാശവും കല്പിച്ചുഭക്ഷിച്ചാലും! 5

ബഹുസ്തുത, മൂന്നാം സവനത്തില്‍ ഞങ്ങളുടെ പൊരിയവിലിനെയും ഹോമിച്ച പുരോഡാശത്തെയും അവിടുന്നു മാനിച്ചാലും: കവേ, അന്നമൊരുക്കിയ ഞങ്ങൾ ഋഭുക്കളോടും വാജനോടും കൂടിയ നിന്തിരുവടിയെ സ്തുതിച്ചു പരിചരിയ്ക്കാം. 6

പൂഷാവോടുകൂടിയ ഭവാനു ഞങ്ങൾ തയിര്‍മലര്‍പ്പൊടിയും, കുതിരകളോടുകൂടിയ ഹര്യശ്വനായ ഭവാന്നു പൊരിയവിലും ഉണ്ടാക്കാം. മരുദ്ഗണാന്വിതനായ ഭവാന്‍ അപ്പം തിന്നാലും; ശൂര, വൃത്രഹന്താവും വിദ്വാനുമായ ഭവാന്‍ സോമം കുടിച്ചാലും! 7

പുരുഷന്മാരില്‍വെച്ച് അതിവീരനായ തന്തിരുവടിയ്ക്കു നിങ്ങൾ വേഗത്തില്‍ പൊരിയവില്‍ ഒരുക്കുവിൻ. ധൃഷ്ണോ, ഇന്ദ്ര, അങ്ങയെക്കുറിച്ചു ഞങ്ങൾ നാളില്‍ നാളില്‍ ഒരേമട്ടില്‍ സ്തുതിയ്ക്കുന്നത് അങ്ങയ്ക്കു സോമപാനത്തിൽ ഉത്സാഹമുണ്ടാക്കട്ടെ! 8

കുറിപ്പുകൾ: സൂക്തം 52.

[1] തയിര്‍മലര്‍പ്പൊടി – തയിരില്‍ക്കുഴച്ച മലര്‍പ്പൊടി.

[4] പഴമയില്‍ പുകഴ്‌ന്നവൻ – പുരാതനനെന്നു പ്രസിദ്ധന്‍. വലുതാണല്ലോ – അതിനാല്‍ പ്രാതല്‍ അത്യാവശ്യം!

[5] പരിചരിച്ചുംകൊണ്ട് – അങ്ങയെ.

[6] മാനിച്ചാലും – അവിടുന്നു ഭക്ഷിച്ചാല്‍ അവയ്ക്കു ബഹുമതിയായി. വാജൻ – ഋഭുക്കളിലൊരാൾ; എടുത്തുപറഞ്ഞു എന്നേ ഉള്ളു.

[8] പ്രഥമവാക്യം യജമാനന്‍ അധ്വര്യുക്കളോടു പറയുന്നത്.

സൂക്തം 53.

വിശ്വാമിത്രൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഗായത്രിയും അനുഷ്ടുപ്പും ബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രാപർവതന്മാരും ഇന്ദ്രനും വാക്കും രഥാംഗവും ദേവതകൾ.

ഇന്ദ്രാപർവതന്മാരേ, നിങ്ങൾ വലിയ തേരില്‍, നല്ല പുത്രന്മാരോടുകൂടിയ സ്പൃഹണീയങ്ങളായ അന്നങ്ങൾ കൊണ്ടുവന്നാലും; ദേവന്മാരേ, നിങ്ങളിരുവരും യാഗങ്ങളില്‍ ഹവിസ്സു ഭക്ഷിപ്പിൻ; ഹവിസ്സുകൊണ്ട് ഇമ്പം പൂണ്ടു, സ്തുതികളാല്‍ വർദ്ധിപ്പിൻ! 1

മഘവാവേ, അങ്ങു സുഖമായി ഇരിയ്ക്കുക – തിരിച്ചുപോകരുത്: ഞാന്‍ അങ്ങയെ നന്നായിപ്പിഴിയപ്പെട്ട സോമംകൊണ്ടു യജിയ്ക്കട്ടെ; ശക്തിമാനായ ഇന്ദ്ര, ഞാന്‍ അതിമധുരമായ കൊഞ്ചല്‍കൊണ്ട് അങ്ങയുടെ വസ്ത്രത്തുമ്പു, മകന്‍ അച്ഛന്‍റ്റേതെന്നപോലെ പിടിയ്ക്കുന്നു! 2

അധ്വര്യോ, നമുക്കു ശസ്ത്രം ചൊല്ലാം: താങ്കൾ ഏറ്റുപാടുകു; നാം ഇന്ദ്രന്നു പ്രിയമായ സ്തോത്രം ചെയ്യുക. താങ്കൾ യജമാനന്റെ ഈ ദർഭയിൽ ഇരിയ്ക്കു; എന്നിട്ട് ഇന്ദ്രനെ നന്നായി സ്തുതിയ്ക്കാം. 3

മഘവാവേ, പത്നിയത്രേ, ഗൃഹം; അവിടെത്തന്നെയാണല്ലോ, ചെല്ലേണ്ടത്. അതിനാൽ പൂട്ടിയ ഹരികൾ അങ്ങയെ അങ്ങോട്ടുതന്നെ കൊണ്ടുപോയ്ക്കൊള്ളട്ടെ. ഞങ്ങൾ വല്ലപ്പോഴും സോമം പിഴിയും; അപ്പോൾ, ദൂതന്‍ അഗ്നി അങ്ങയുടെ അടുക്കലെത്തും! 4

മഘവാവേ, ഇന്ദ്ര, ഒന്നുകില്‍ തിരിച്ചുപോയ്ക്കൊൾക; അല്ലെങ്കില്‍, വന്നുകൊൾക. ഭ്രാതാവേ, രണ്ടിലുമുണ്ട്, അവിടെയ്ക്കു കാര്യം. (പോകയാണെങ്കില്‍) വലിയ തേരിലിരിയ്ക്കാം; (വരികയാണെങ്കില്‍) ചെനയ്ക്കുന്ന കുതിരയെ അഴിച്ചുവിടാം! 5

ഇന്ദ്ര, സോമം കുടിച്ചിട്ടു, ഗൃഹത്തിലെയ്ക്കു പോയ്ക്കൊൾക: ഭദ്രയായ ഭാര്യയും പാട്ടുമുണ്ടല്ലോ, ഭവാന്റെ ഗൃഹത്തില്‍. (പോകയാണെങ്കില്‍) വലിയ തേരിലിരിയ്ക്കാം; അല്ലെങ്കില്‍, കുതിരയെ അഴിച്ചുവിട്ടു തീറ്റാം! 6

ഈ സൌദാസന്മാർ, പല പല അംഗിരസ്സുകൾ, ദേവകളെക്കാൾ ബലവാനായവന്റെ പുത്രരായ വീരന്മാര്‍ എന്നിവരെല്ലാം വിശ്വാമിത്രന്ന് അശ്വമേധത്തില്‍ ധനം തരും, ആയുസ്സും വർദ്ധിപ്പിയ്ക്കും! 7

മഘവാവു മായ പ്രയോഗിച്ചു, തന്റെ ശരീരം വിവിധരൂപങ്ങളിലാക്കും: മന്ത്രങ്ങൾകൊണ്ടു വിളിയ്ക്കപ്പെട്ടാല്‍, സ്വർഗ്ഗത്തില്‍നിന്ന് ഒരേ സമയത്തു പലേടത്തും – അതും മൂന്നുതവണ – ചെല്ലും; കാലത്തും അകാലത്തും സോമം കടിയ്ക്കും! 8

മഹാനായ ഋഷിയും, തേജസ്സുകളെ ജനിപ്പിച്ചവനും, തേജസ്സുകളാല്‍ ആകൃഷ്ടനും, നേതാക്കളെ നോക്കുന്നവനുമായ വിശ്വാമിത്രന്‍ വെള്ളംനിറഞ്ഞ പുഴയെ അനങ്ങാതാക്കി; അദ്ദേഹം സുദാസ്സിനെ യജിപ്പിച്ചപ്പോൾ, ഇന്ദ്രന്‍ കുശികരോടൊപ്പം ഒരു സുഹൃത്തായി പെരുമാറി! 9

മേധാവികളേ, ഋഷികളേ, നേതാക്കളെ നോക്കുന്നവരേ, കുശികരേ, യാഗത്തില്‍ ചതച്ചു പിഴിഞ്ഞു, സ്തുതിയാല്‍ ഇമ്പംകൊള്ളിയ്ക്കുന്ന നിങ്ങൾ, അരയന്നങ്ങൾപോലെ, സ്തോത്രം പാടുവിന്‍; ദേവന്മാരൊന്നിച്ചു സോമരസം കുടിയ്ക്കുകയും ചെയ്വിൻ! 10

കുശികരേ, ചെല്ലുവിന്‍, മനസ്സിരുത്തുവിൻ – സുദാസ്സിന്റെ കുതിരയെ ധനാർത്ഥം വിടുവിൻ: കിഴക്കും പടിഞ്ഞാറും വടക്കും അസുരനെ തമ്പുരാന്‍ വധിച്ചിരിയ്ക്കുന്നു; ഇനി, നല്ലൊരു പ്രദേശത്തു യാഗം തുടങ്ങാം! 11

ഈ വാനൂഴികൾ രണ്ടിന്റെയുമിടയില്‍ മേവുന്ന ഇന്ദ്രനെ ഞാൻ സ്തുതിച്ചുവല്ലോ; വിശ്വാമിത്രന്റെ ഈ സ്തോത്രം ഭരതഗോത്രക്കാരെ രക്ഷിയ്ക്കും. 12

വജ്രപാണിയായ ഇന്ദ്രന്നു വിശ്വാമിത്രര്‍ സ്തോത്രം രചിച്ചു; അദ്ദേഹം നമുക്കു നല്ല അന്നം തരും! 13

കീകടത്തിലെപ്പൈക്കൾ അങ്ങയ്ക്കെന്തു ചെയ്യും? സോമത്തിന്നു വേണ്ടുന്ന പാല്‍ കൊടുക്കില്ല; പാല്ക്കലം ചൂടുപിടിപ്പിയ്ക്കില്ല. ഹുണ്ടികക്കാരന്റെ കുടുംബസ്വത്തു ഞങ്ങൾക്കു കൊണ്ടുവരിക – മഘവാവേ, അധമവർഗ്ഗത്തിന്റെ ധനം അവിടുന്നു ഞങ്ങളുടെ അധീനതയിലാക്കുക!14

ജമദഗ്നികൾ തന്ന അജ്ഞാനനാശിനിയായ സസർപ്പരി അത്യന്തം ശബ്ദിയ്ക്കുന്നു; ആ സൂര്യപുത്രിയത്രേ, ദേവന്മാരില്‍ അക്ഷയമായ അമൃതാന്നം വ്യാപിപ്പിക്കുന്നത്! 15

സസർപ്പരി ഇയ്യുള്ളവർക്കു പഞ്ചജനപ്രജകളുടെ അന്നം കൂടുതലായി വേഗത്തില്‍ കൊണ്ടുവരട്ടെ: നരച്ച ജമദഗ്നികളാല്‍ നല്കപ്പെട്ട ആ സൂര്യപുത്രി എനിയ്ക്കു പുതിയ അന്നം തന്നളരുട്ടെ! 16

കുതിരകൾ രണ്ടും ഉറച്ചുനില്ക്കട്ടെ; അച്ചുതണ്ട് ഒടിയരുത്; ഇരുപ്പടി വീഴരുത്; നുകം മുറിയരുത്; ആണി ഇളകാതിരിപ്പാന്‍ ഇന്ദ്രന്‍ പിടിയ്ക്കട്ടെ; അരിഷ്ടനേമേ, നീ ഞങ്ങൾക്കിണങ്ങുക! 17

ഇന്ദ്ര, അവിടുന്നു ഞങ്ങളുടെ ദേഹത്തിന്നു ബലമുണ്ടാക്കുക; ഞങ്ങളുടെ വണ്ടിക്കാളകൾക്കു ബലമുണ്ടാക്കുക; ഞങ്ങളുടെ പുത്രപൌത്രർക്കും ജീവിച്ചിരിപ്പാൻ ബലമുണ്ടാക്കുക. ബലപ്രദനാണല്ലോ, അവിടുന്ന്! 18

അവിടുന്നു കരിങ്ങാലിക്കാതല്‍ എങ്ങും തറയ്ക്കുക; തേരിലെ ഇരുമുൾമരത്തിന്നു ബലം കൂട്ടുക. ഉറപ്പുള്ള, ഉറപ്പിയ്ക്കപ്പെട്ട അച്ചുതണ്ടേ, നീ ഉറച്ചുനില്ക്കുക; ഓടുന്ന തേരില്‍നിന്നു ഞങ്ങളെ വീഴ്ത്തിക്കളയരുതു് ! 19

ഈ മരം ഞങ്ങളെ ത്യജിയ്ക്കരുത്; അപായപ്പെടുത്തുകയും ചെയ്യരുത്. ഗൃഹത്തിലെത്തുന്നതുവരെ, നില്ക്കുന്നതുവരെ, അഴിച്ചുവിടുന്നതുവരെ, ശുഭം ഭവിയ്ക്കട്ടെ! 20

ശൂര, മഘവാവേ, ഇന്ദ്ര, അവിടുന്ന് ഈ അവസരത്തില്‍ ഹിംസിയ്ക്കുന്ന ഞങ്ങളെ മികച്ച അനേകരക്ഷകൾകൊണ്ട് ആശ്വസിപ്പിച്ചാലും; ആര്‍ ഞങ്ങളെ ദ്വേഷിയ്ക്കുന്നുവോ, അവന്‍ നികൃഷ്ടനായി അധഃപതിയ്ക്കട്ടെ; ആരെ ഞങ്ങൾ ദ്വേഷിയ്ക്കുന്നവോ, അവനെ പ്രാണന്‍ വെടിയട്ടെ! 21

അവന്‍ മഴുവേറ്റ വൃക്ഷംപോലെ സങ്കടപ്പെടട്ടെ; ഇലവിൻ പൂവുപോലെ അറ്റുവീഴട്ടെ; ഒഴുകിപ്പോകുമ്പോൾ മറിഞ്ഞ തളികപോലെ നുര തുപ്പട്ടെ! 22

‘ആളുകളേ, അറുതിപ്പെടുത്തുന്നവനെ നിങ്ങൾ അറിഞ്ഞിട്ടില്ല: മിണ്ടാതിരിയ്ക്കുന്നവനെ മാടെന്നു കരുതി കൊണ്ടുപോകുന്നു. വിദ്വാൻ മൂഢനെ പരിഹസിയ്ക്കാറില്ല; കുതിരയ്ക്കു മുമ്പേ കഴുതയെ നടത്താറില്ല!’ 23

ഇന്ദ്ര, ഈ ഭരതഗോത്രക്കാര്‍ അകലുകയേചെയ്യു, അടുക്കില്ല. യുദ്ധത്തില്‍ സ്വാഭാവികനായ ശത്രുവിന്റെ നേർക്കെന്നപോലെ കുതിരയെ വിടും; വില്ലും കുലയ്ക്കും. 24

കുറിപ്പുകൾ: സൂക്തം 53.

[1] ഇന്ദ്രാപർവതന്മാര്‍ – ഇന്ദ്രൻ പർവതനും. നല്ല വീരന്മാരോടുകൂടിയ – സല്‍പുത്രോല്‍പാദനസമർത്ഥങ്ങളായ.

[2] കൊഞ്ചല്‍ – സ്തുതി.

[3] ഹോതാവ് അധ്വര്യുവിനോട്:

[4] ഞങ്ങളുടെ ദൂതന്‍ അറിയിച്ചാലപ്പോൾ, അവിടുന്ന് ഇങ്ങോട്ടു വരണം.

[5] അഴിച്ചുവിടാം – ഇവിടെ വിശ്രമിപ്പിയ്ക്കാം.

[6] ഭദ്ര = മംഗളകാരിണി.

[7]സൌദാസന്മാർ – സുദാസ്സിൻവംശ്യരായ ക്ഷത്രിയര്‍. ബലവാനായവന്റെ (രുദ്രന്റെ) പുത്രരായ വീരന്മാര്‍ – മരുത്തുക്കൾ. വിശ്വാമിത്രന്ന് – എനിയ്ക്ക്.

[9] നോക്കുന്നവന്‍ – നേതാക്കളില്‍ ശ്രദ്ധിയ്ക്കുന്നവന്‍. കുശികര്‍ – സ്വഗോത്രക്കാര്‍.

[10] ചതച്ചു പിഴിഞ്ഞു – സോമലത. ഇമ്പംകൊള്ളിയ്ക്കുന്ന – ദേവന്മാരെ.

[11] ചെല്ലുവിൻ – അശ്വത്തിന്റെ അടുക്കല്‍. ധനാർത്ഥം – ദിഗ്ജയം കൊണ്ടു ധനം സംഭരിപ്പാൻ.

[14] കീകടം – അനാര്യർ നിവസിയ്ക്കുന്ന ഒരു രാജ്യം. എന്തു ചെയ്യും – ആ നാസ്തികനാട്ടില്‍ യാഗവും മറ്റുമില്ലല്ലോ. ഹുണ്ടികക്കാരന്‍ – ധർമ്മം ചെയ്യാതെ പണം പലിശയ്ക്കു കൊടുക്കുന്നവന്‍. കൊണ്ടുവരിക – അതു കിട്ടിയാല്‍, ഞങ്ങൾ ധർമ്മം ചെയ്യും.

[15] ജമദഗ്നികൾ – ഭൃഗുവംശ്യരായ ഋഷിമാര്‍. തന്ന – എനിയ്ക്കുപദേശിച്ച. സസർപ്പരി – വാഗ്ദേവത. ആ സൂര്യപുത്രി – വാഗ്ദേവത സൂര്യന്റെ മകളത്രേ.

[16] പഞ്ചജനങ്ങൾ മുമ്പു വിവരിയ്ക്കപ്പെട്ടിട്ടുണ്ട്. നരച്ച – കിഴവരായ, ദീർഗ്ഘായുഷ്കരായ.

[17] യജനാനന്തരം സുദാസ്സിന്റെ യാഗശാലയില്‍നിന്നു പുറപ്പെട്ട വിശ്വാമിത്രന്‍ തേര്‍ പൂട്ടിയിട്ടു, തേരിന്റെ അവയവങ്ങളെ സ്തുതിയ്ക്കുന്നു: ഇരുപ്പടി – നുകത്തണ്ടിന്റെ ഇരുവശത്തും വെയ്ക്കുന്ന പലക. അരിഷ്ടനേമേ – കേടൊന്നുമില്ലാത്ത ഉരൾച്ചുറേറാടുകൂടിയ രഥമേ. ഇണങ്ങുക – അനുകൂലമായി ഗമിച്ചാലും.

[19] കരിങ്ങാലിക്കാതല്‍കൊണ്ടത്രേ, തേരിന്റെ ആണി. ഇരുമുൾമരം കൊണ്ടാണ്, അടിപ്പലക.

[20] ഈ മരം – തേരുണ്ടാക്കിയ മരം. അഴിച്ചുവിടുന്നതുവരെ – അശ്വങ്ങളെ.

[21] ഹിംസിയ്ക്കുന്ന – ശത്രുക്കളെ ശപിപ്പാൻതുടങ്ങുന്ന. ആർ ഞങ്ങളെ എന്നു തുടങ്ങിയ വാക്യം ശാപമാകുന്നു.

[22] തളിക മറിഞ്ഞാല്‍, അകത്തു വെള്ളം കേറുകയും, അതില്‍നിന്നു നുര പുറപ്പെടുകയുംചെയ്യുമല്ലോ; അവന്‍ വായില്‍നിന്നു നുര തുപ്പുന്ന ഒരു രോഗിയായിത്തീരട്ടെ.

[23] മുമ്പൊരിയ്ക്കല്‍, തപസ്സു ക്ഷയിയ്ക്കുമെന്നു കരുതി ശപിയ്ക്കല്‍ നിർത്തി മൌനം പൂണ്ട വിശ്വാമിത്രനെ വസിഷ്ഠപുത്രന്മാര്‍ ബന്ധിച്ചുകൊണ്ടുപോയി. അപ്പോൾ അവരോടു വിശ്വാമിത്രൻ പറഞ്ഞതാണിത്: അറുതിപ്പെടുത്തുന്നവനെ – നശിപ്പിയ്ക്കാൻ ശക്തനായ വിശ്വാമിത്രനെ. ശേഷം വസിഷ്ഠനെ ധിക്കരിയ്ക്കലാണ്: ഞാൻ വിദ്വാൻ, വസിഷ്ഠന്‍ മൂഡന്‍; ഞാൻ കുതിര, വസിഷ്ഠന്‍ കഴുത. എന്നോടു മത്സരിപ്പാൻ അർഹനല്ല, അവന്‍.

[24] അകലുകയേചെയ്യൂ – സജജനസംസർഗ്ഗത്തിന്നർഹതയില്ലാത്തവരാണ്, വസിഷ്ഠനും കൂട്ടരും.

സൂക്തം 54.

വിശ്വാമിത്രപുത്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

യജ്ഞത്തില്‍ ജനിച്ച സ്തൂത്യനായ മഹാന്നായി ഈ സുഖകരമായ സ്തോത്രം പലവുരു ഉച്ചരിച്ചുപോരുന്നു; ആ അഗ്നി അടക്കാന്‍ പോന്ന തേജസ്സു പൂണ്ടു നമ്മുടെ സ്തോത്രം കേൾക്കട്ടെ – സദാ ദിവ്യതേജസ്സോടേ കേൾക്കട്ടെ! 1

മഹതിയായ ദ്യോവിനെക്കുറിച്ചും, മഹതിയായ ഭൂവിനെക്കുറിച്ചും അറിവുള്ള താങ്കൾ സ്തോത്രം ചമയ്ക്കുക: എന്റെ മനസ്സു കൊതിച്ചുനടക്കുകയാണ്. മനുഷ്യന്റെ യാഗങ്ങളില്‍ ഇവരെ സ്തുതിച്ചാല്‍, പൂജനേച്ഛുക്കളായ ദേവന്മാര്‍ ഒപ്പം ഇമ്പപ്പെടുമല്ലോ! 2

ദ്യാവാപൃഥിവികളേ, നിങ്ങളുടെ കനിവു യഥാർത്ഥമാകട്ടെ; നിങ്ങൾ ഞങ്ങൾക്കു വലിയ അഭ്യുദയം വരുത്തണം: അഗ്നേ, ഇതാ, വാനൂഴികൾക്കു നമസ്കാരം – ഞാൻ അന്നംകൊണ്ടു പൂജിയ്ക്കുന്നു; രത്നം യാചിയ്ക്കുന്നു! 3

സത്യവതികളായ ദ്യാവാപൃഥിവികളേ, പണ്ടേത്തെ സൂനൃതഭാഷികൾ നിങ്ങളിൽനിന്ന് ഇഷ്ടം നേടിയല്ലോ; പൃഥിവി, ഇന്നേത്തെ ആളുകളും ശൂരർക്കു നേട്ടമുണ്ടാക്കുന്ന യുദ്ധത്തില്‍ നിങ്ങളെ അറിഞ്ഞു വന്ദിയ്ക്കന്നു! 4

ആര്‍ നേരേ അറിയും, ഇതില്‍ ആര്‍ പറഞ്ഞുതരും? ഏതാണ്, ദേവന്മാരില്‍ ചെല്ലാന്‍ നേര്‍വഴി? ഇവരുടെ കീഴ്പോട്ടു നോക്കുന്ന സ്ഥാനങ്ങൾ കാണുന്നുണ്ട്; എന്നാല്‍, ദുർജ്ഞേയങ്ങളകായ ഉത്തമ കർമ്മങ്ങൾകൊണ്ടു ചെല്ലാവുന്നവ എവയായിരിയ്ക്കും? 5

അന്തരിക്ഷത്തില്‍ ആഹ്ലാദിയ്ക്കുന്ന ഇവരിരുവരെ മനുഷ്യദ്രഷ്ടാവായ കവി നോക്കിപ്പോരുന്നു: ഒരേ കർമ്മംകൊണ്ട് ഉള്ളിണങ്ങിയ ഇവർ പക്ഷിക്കൂടെന്നപോലെ പല തരത്തിലുള്ള സ്ഥാനം നിർമ്മിച്ചിരിയ്ക്കുന്നു. 6

ഉള്ളിണങ്ങിയവരും വേര്‍പെട്ടവരും അറുതിയില്ലാത്തവരുമായ ഇവര്‍ അനശ്വരപദത്തില്‍ ഉണര്‍വോടേ സ്ഥിതിചെയ്യുന്നു: സഹോദരിമാരാണ്, ഈ തരുണികൾ; അതിനാല്‍ ഇരട്ടപ്പേരുകൾകൊണ്ടു വ്യവഹരിയ്ക്കപ്പെടുന്നു. 7

ഇവര്‍ ഭൂതജാതത്തെയെല്ലാം വേര്‍തിരിച്ചിരിയ്ക്കുന്നു; ദേവന്മാരെയും മഹത്തുക്കളെയും തളർച്ച കൂടാതെ വഹിയ്ക്കുന്നു. ജംഗമവും സ്ഥാവരയുമായ ജഗത്തു് ഒന്നില്‍ വർത്തിയ്ക്കുന്നു; നടക്കുന്നതും ചിറകുള്ളതും നാനാരൂപമായി നടുവില്‍ വർത്തിയ്ക്കുന്നു. 8

പാലിയ്ക്കുന്ന മഹതിയായ മാതാവും ഞങ്ങളും തമ്മില്‍ പണ്ടേയുള്ള സനാതനമായ ആ ചാർച്ചയെ ഞാനിപ്പോൾ സ്മരിയ്ക്കുന്നു. ഈ ദ്യോവിന്റെ മധ്യത്തില്‍ വിവിക്തമായ വിശാലമാർഗ്ഗത്തിലത്രേ, സ്തുതിയ്ക്കുന്ന ദേവന്മാര്‍ സ്വവാഹനങ്ങളോടേ പാർപ്പുറപ്പിച്ചത്! 9

ദ്യാവാപൃഥിവികളേ, ഈ സ്തോത്രം ഞാന്‍ ചൊല്ലുന്നു: മൃദുവായ വയറും അഗ്നിയാകുന്ന നാവുമായി തുലോം വിളങ്ങുന്ന യുവാക്കളും കവികളും കർമ്മിഷ്ഠരുമായ മിത്രവരുണാദിദേവന്മാര്‍ കേട്ടരുളട്ടെ! 10

സ്വർണ്ണപാണിയും ശോഭനജിഹ്വനുമായ സവിതാവു യാഗത്തില്‍ മൂന്നുരു വാനത്തുനിന്നു വന്നണയുന്നു: സവിതാവേ, അവിടുന്നു സ്തോതാക്കളുടെ സ്തോത്രം ശ്രവിയ്ക്കുക; എന്നിട്ടു ഞങ്ങൾക്കു സർവഫലവും കിട്ടിയ്ക്കുക! 11

നന്നായി സൃഷ്ടിച്ചവനും ശോഭനഹസ്തനും ധനവാനും സത്യസങ്കല്പനുമായ ദേവന്‍ ത്വഷ്ടാവ് അതൊക്കെ രക്ഷയ്ക്കായി ഞങ്ങൾക്കു തരട്ടെ! ഋഭുക്കളേ, നിങ്ങൾ പൂഷാവോടുകൂടി ഇമ്പപ്പെടുത്തുവിന്‍: അമ്മിക്കുഴ പൊക്കി, യാഗം തുടങ്ങിയിരിയ്ക്കുന്നു! 12

മിന്നല്ക്കൊത്ത തേരോടും ചുരികയോടുംകൂടി വിളങ്ങുന്നവരും, കൊല്ലുന്നവരും, ജലോല്‍പാദകരും, സഞ്ചാരശീലരും, യജ്ഞാർഹരുമായ മരുത്തുക്കളും സരസ്വതിയും കേൾക്കുവിൻ; സത്വരം വീരസമേതമായ ധനം തന്നരുളുവിൻ! 13

ധനകാരികൾപോലിരിയ്ക്കുന്ന സ്തോമങ്ങളും ശസ്ത്രങ്ങളും യജ്ഞത്തില്‍ ബഹുകർമ്മാവായ വിഷ്ണുവിങ്കല്‍ ചെന്നണയട്ടെ: അദ്ദേഹത്തിന്റെ തൃക്കാല്‍വെപ്പു വമ്പിച്ചതാണല്ലോ; തന്റെ ചൊല്ക്കീഴിലാണ്, ജനിപ്പിയ്ക്കുന്ന യുവതികളായ ദിക്കുകളെല്ലാം! 14

എല്ലാ വീര്യങ്ങളും വന്നിണങ്ങുന്ന ഇന്ദ്രന്‍ മഹിമാവുകൊണ്ടു വാനൂഴികൾ രണ്ടിനെയും നിറച്ചു; പുരന്ദരനും വൃത്രഹന്താവും ധർഷകസേനാന്വിതനുമായ നിന്തിരുവടി ഞങ്ങൾക്കു വളരെപ്പശുക്കളെ സംഭരിച്ചുതന്നാലും! 15

നാസത്യരേ, ബന്ധുക്കളോടു ചോദിയ്ക്കുന്ന നിങ്ങളിരുവരും എന്നെ രക്ഷിയ്ക്കുമാറാകണം. അശ്വികളുടെ ചേർച്ച എത്ര കമനീയം! ധനങ്ങളില്‍വെച്ചു മികച്ച ധനം ഞങ്ങൾക്കു തരുന്നവരാണല്ലോ, നിങ്ങൾ; തിരസ്കരിയ്ക്കപ്പെട്ടിട്ടില്ലാത്ത നിങ്ങൾ ഹവിർദ്ദാതാവിനെ സല്‍ക്കർമ്മംകൊണ്ടു രക്ഷിയ്ക്കണം! 16

കവികളേ, നിങ്ങളുടെ ആ കനത്ത കർമ്മം കമനീയംതന്നെ: നിങ്ങളെല്ലാവരും ഇന്ദ്രലോകത്തു ദേവന്മാരായല്ലോ! പുരുഹൂത, പ്രിയപ്പെട്ട ഋഭുക്കൾക്ക് ഒരു സഖാവാണല്ലോ, അങ്ങ്. നിങ്ങള്‍ ഈ സ്തുതിയെ ഞങ്ങള്‍ക്കു ധനം കിട്ടാന്‍ സ്വീകരിച്ചാലും! 17

സൂര്യൻ, അദിതി, യജ്ഞാർഹര്‍, അനപായകർമ്മാവായ വരുണൻ എന്നിവര്‍ ഞങ്ങളെ രക്ഷിയ്ക്കട്ടെ: നിങ്ങൾ ഞങ്ങളുടെ വഴിയില്‍ നിന്ന് അധഃപതനങ്ങളെ നീക്കിയാലും; ഞങ്ങളുടെ ഗൃഹത്തില്‍ സന്തതിയും പശുക്കളുമുണ്ടാകട്ടെ! 18

വളരെയാളുകളാല്‍ അയയ്ക്കപ്പെടുന്ന ദേവദൂതൻ, ഞങ്ങൾ അനപരാധരാണെന്ന് എല്ലാടത്തും അരുളിചെയ്യട്ടെ! ഭൂവും ദ്യോവും ജലവും സൂര്യനും നക്ഷത്രങ്ങൾ നിറഞ്ഞ അത്തരിക്ഷവും ഞങ്ങളുടെ സ്തോത്രം കേൾക്കട്ടെ! 19

നിലയിളകാത്ത വൃഷാക്കളായ പർവതങ്ങൾ ഹവിസ്സിനാല്‍ മത്തുപിടിച്ചു ഞങ്ങളുടെ സ്തോത്രം കേൾക്കട്ടെ; പുത്രാന്വിതയായ അദിതിയും ഞങ്ങളുടെ സ്തോത്രം കേൾക്കട്ടെ; മരുത്തുക്കൾ ഞങ്ങൾക്കു മംഗളകരമായ സുഖം തരട്ടെ! 20

ഞങ്ങളുടെ മാർഗ്ഗം സദാ സുഗമവും അന്നയുക്തവുമായിബ്ഭവിയ്ക്കട്ടെ; ദേവന്മാരേ, നിങ്ങൾ സസ്യങ്ങളെ മധുരജലംകൊണ്ടു നനയ്ക്കുവിന്‍; അഗ്നേ, എന്റെ ധനം നശിയ്ക്കാതിരിയ്ക്കാൻ സഹായിയ്ക്കുക; ഞാന്‍ സമ്പത്തിന്റെയും വളരെ അന്നത്തിന്റെയും സ്ഥാനത്ത് എത്തിച്ചേരുമാറാകണം! 21

അഗ്നേ, അങ്ങ് ഹവിസ്സാസ്വദിയ്ക്കുക; അന്നം കാട്ടിത്തരിക – ഭക്ഷ്യങ്ങളെ ഞങ്ങളുടെ മുമ്പിലെത്തിയ്ക്കുക; യുദ്ധങ്ങളില്‍ ആ ശത്രുക്കളെയെല്ലാം ജയിയ്ക്കുക; മനംതെളിഞ്ഞു, ഞങ്ങളുടെ എല്ലാദ്ദിവസങ്ങളെയും ശോഭിപ്പിയ്ക്കുക! 22

കുറിപ്പുകൾ: സൂക്തം 54.

[1] അഗ്നിയെപ്പറ്റി: അടക്കാന്‍ പോന്ന – ശത്രുദമനസമർത്ഥമായ.

[2] സ്തോതാവിനോട്: കൊതിച്ചു – സർവഭോഗങ്ങളെയും ഇച്ഛിച്ചു. ഇവരെ – ദ്യാവാപൃഥിവികളെ. പൂജനേച്ഛുക്കൾ – നമ്മുടെ പൂജ ഇച്ഛിയ്ക്കുന്നവര്‍.

[3] രത്നം – ശ്രേഷ്ഠധനം.

[4] സൂനൃതഭാഷികൾ – ഋഷിമാര്‍.

[5] കീഴ്പോട്ടുനോക്കുന്ന സ്ഥാനങ്ങൾ – നക്ഷത്രങ്ങൾ.

[6] ഇവരിരുവരെ – ദ്യാവാപൃഥിവികളെ. കവി – സൂര്യൻ. ഒരേകർമ്മം – അന്യോന്യപ്രീണനം.

[7] വേര്‍പെട്ടവര്‍ – തമ്മിലകന്നുനില്ക്കുന്നവര്‍. അനശ്വരപദത്തില്‍ – അന്തരിക്ഷത്തില്‍. ഇരട്ടപ്പേരുകൾ – ദ്യാവാപൃഥിവികൾ മുതലായ പേരുകൾ.

[8] ഒന്നില്‍ – പൃഥിവിയില്‍. നടുവില്‍ – അന്തരിക്ഷത്തില്‍.

[9] മാതാവ് – ദ്യോവ്. സ്തുതിയ്ക്കുന്ന – ദ്യോവിനെ.

[11] സ്വർണ്ണപാണി – സവിതാവിന്റെ കൈപ്പടങ്ങൾ ഒരിയ്ക്കല്‍ മുറിഞ്ഞു പോയെന്നും, അവ അധര്യുക്കൾ സ്വര്‍ണ്ണംകൊണ്ടുണ്ടാക്കി പിടിപ്പിച്ചു എന്നും ഒരു കഥയുണ്ട്; ഞങ്ങൾക്കു തരാൻ സ്വർണ്ണം കയ്യില്‍ വെച്ചവന്‍ എന്നുമാകാം.

[12] അതൊക്കെ – ഞങ്ങൾ അപേക്ഷിച്ചതെല്ലാം. ഇമ്പപ്പെടുത്തുവിന്‍ – ധനം തന്നു ഞങ്ങളെ ആഹ്ലാദിപ്പിയ്ക്കുവിൻ.

[13] കൊല്ലുന്നവര്‍ – വൈരികളെ. വീരസമേതം – പുത്രസഹിതം.

[14] ധനകാരികൾപോലിരിയ്ക്കുന്ന – ധനമുണ്ടാക്കിത്തരുന്ന, ജനിപ്പിയ്ക്കുന്ന – സർവജനയിത്രികളായ.

[15] പുരന്ദരനും എന്നു തുടങ്ങുന്ന വാക്യം പ്രത്യക്ഷം:

[16] ബന്ധുക്കളോടു ചോദിയ്ക്കുന്ന – ഹവിഷ്പ്രദാനത്താല്‍ ബന്ധുക്കളായിത്തീർന്ന ഞങ്ങളോട്, ‘എന്തു വേണം?’ എന്നു ചോദിയ്ക്കുന്ന. തിരസ്കരിയ്ക്കുപ്പെട്ടിട്ടില്ലാത്ത – ആരും തള്ളിയിട്ടില്ലാത്ത, എല്ലാവരും മാനിച്ച.

[17] കവികൾ – ദേവന്മാര്‍.

[18] യജ്ഞാർഹര്‍ – ദേവന്മാർ. രണ്ടും മൂന്നും വാക്യം പ്രത്യക്ഷം; അധഃപതനങ്ങൾ – തൽകാരണങ്ങളായ കർമ്മങ്ങൾ.

[19] വളരെയാളുകളാല്‍ – വളരെ യജമാനന്മാരാല്‍.

[20] പർവതങ്ങൾ – ഗ്രാവാഭിമാനിദേവകൾ.

[22] ആ – ഉപദ്രവിയ്ക്കുന്ന. ശോഭിപ്പിയ്ക്കുക – കർമ്മയോഗ്യങ്ങളാക്കുക എന്നർത്ഥം.

സൂക്തം 55.

പ്രജാപതി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

മുൻവന്ന ഉഷസ്സു പുലർന്നാൽ, ഉദകപദത്തില്‍ അക്ഷയമായ ജ്യോതിസ്സുദിയ്ക്കുന്നു. അതോടേ യജമാനന്‍ കർമ്മങ്ങളെ ദേവന്മാരിലെത്തിയ്ക്കും. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 1

അഗ്നേ, ഈ സമയത്തു ഭേവന്മാരോ, അവരില്‍ച്ചെന്നുചേർന്ന പൂർവപിതാക്കന്മാരോ ഞങ്ങളെ തെല്ലും ഉപദ്രവിയ്ക്കുരുത്: രണ്ടു പുരാതനസ്ഥാനങ്ങളുടെ ഇടയില്‍ സൂര്യന്‍ ഉദിയ്ക്കുകയായി. ദേവന്മാരുടെ ഉറ്റപ്രാബല്യം വലുതുതന്നെ! 2

എന്റെ വളരെ അഭിലാഷങ്ങൾ നാനാപ്രകാരേണ നടക്കുകയാണ്; കർമ്മത്തിന്നായി ഞാന്‍ പുരാതനസ്തോത്രങ്ങളെ ഉദ്ദീപിപ്പിയ്ക്കന്നു. അഗ്നിയെ ജ്വലിപ്പിച്ചുകഴിഞ്ഞാല്‍, ഞങ്ങൾ സത്യമേ പറയൂ. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 3

വളരെയിടങ്ങളില്‍ വാഴിയ്ക്കപ്പെട്ട സർവസാധാരണനായ രാജാവു വേദികളില്‍ പള്ളികൊള്ളുന്നു; വനങ്ങളില്‍ വേര്‍തിരിഞ്ഞു വർത്തിയ്ക്കുന്നു. അമ്മമാരിരുവരില്‍ ഒരുവൾ കുഞ്ഞിനെ പോററുന്നു; മറ്റവൾ എടുക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 4

പഴയവയെ വിട്ടു പുതിയവയോടിണങ്ങുന്നവൻ അപ്പോൾപ്പിറന്ന തരുണികളില്‍ കടന്നുകൂടുന്നു; അവര്‍ ‘ആരുമില്ലാതെ’ ഗർഭം ധരിച്ചു പ്രസവിയ്ക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 5

രണ്ടമ്മമാരുടെ ഒറ്റമകന്‍ പടിഞ്ഞാറു പള്ളികൊള്ളുന്നു; പിന്നെ, തടവില്ലാതെ നടക്കുന്നു; മിത്രന്റെയും വരുണനന്റെയും പണിയാണിത്. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 6

ഇരുലോകങ്ങൾ നിർമ്മിച്ച, യജ്ഞങ്ങളില്‍ ഹോതാവായ സമ്രാട്ട് മുകളില്‍ സഞ്ചരിയ്ക്കുന്നു; മൂലഭൂതനായി ഭൂമിയില്‍ മേവുന്നു. രമ്യവചനന്മാര്‍ രമ്യങ്ങൾ പാടുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 7

പൊരുതുന്ന ശുരനെ എന്നപോലെ, സമീപത്തിരിയ്ക്കുന്ന അഗ്നിയെ നേരിടുന്നവരെല്ലാം പിന്മാറുന്നതു കാണാം. ആ വിദിതൻ വെള്ളത്തിന്റെ ഉള്ളില്‍ കെടാതെ സ്ഥിതിചെയ്യുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 8

ആ നരച്ച ദൂതനായ മഹാന്‍ ഓഷധികളില്‍ വ്യാപിച്ചുവാഴുന്നു; സൂര്യനോടൊപ്പം നടുവില്‍ നടക്കുന്നു; നാനാരൂപങ്ങൾ പൂണ്ടു നമ്മെ തൃക്കണ്‍പാർക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 9

വ്യാപിയായി, പാലകനായി, പ്രിയപ്പെട്ട അക്ഷയതേജസ്സുകൾ പൂണ്ടവനായ അഗ്നി പരമപദത്തെ പാലിച്ചുപോരുന്നു; അവിടെയ്ക്കറിയാം, ഉലകൊക്കെ. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 10

ഇണയായ ഇരുവര്‍ നാനാരൂപങ്ങൾ ധരിയ്ക്കുന്നു: കറുത്തവളും വെളുത്തവളുമായ സഹോദരിമാരാണവര്‍; ഒന്നു വിളങ്ങുന്നു; മറ്റതു കറുത്തതാണ്. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 11

അമ്മയും മകളുമായി രണ്ടു കറവപ്പൈക്കൾ തമ്മില്‍ച്ചേർന്നു പാല്‍ കുടിപ്പിയ്ക്കുന്നുണ്ടല്ലോ; അവരെ ഞാന്‍ യാഗശാലയ്ക്കുള്ളിലിരുന്നു സ്തുതിയ്ക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 12

ഒരു പയ്യ് മറ്റതിന്റെ കുട്ടിയെ നക്കി നിലവിളിയ്ക്കുന്നു; അവളുടെ അകിട്ടില്‍ വരണ്ട ഭൂമി വെള്ളം തളിയ്ക്കുന്നു ആ പൃഥിവിയെ സൂര്യന്‍ ജലംകൊണ്ടു കഴുകുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതു തന്നെ! 13

വിവിധരൂപങ്ങളുടുത്ത ഭൂമി ഉയർന്നുനിന്ന്, ഒന്നരവയസ്സുചെന്ന കുട്ടിയെ നക്കുന്നു; ആ സത്യഭൂതന്റെ ഇരിപ്പിടത്തെ അറിയുന്ന ഞാന്‍ പരിചരിയ്ക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 14

ദർശനീയങ്ങളായ രാപകലുകൾ ആകാശമധ്യത്തില്‍ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു: അവയില്‍ ഒന്നു നിഗൂഢമാണു്; മറ്റതു പ്രകടവും. അവ രണ്ടിന്റെയും ചേർച്ച സർവരിലും വ്യാപിയ്ക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 15

കറക്കപ്പെടാതെ കുട്ടിയില്ലാതെ കിടക്കുന്ന, പാല്‍ ചുരത്തുന്ന, അതിനൂതനകളായ, യുവതികളായ ധേനുക്കൾ പാല്‍ തരുമാറാകട്ടെ. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 16

യാതൊരു വൃഷഭന്‍ ഒരേടത്തു മുക്രയിടുകയും മറ്റൊരേടത്തു രേതസ്സൊഴുക്കുകയും ചെയ്യുന്നുവോ; അദ്ദേഹം തട്ടിനീക്കുന്നവനാകുന്നു, അദ്ദേഹം ഭഗനാകുന്നു, അദ്ദേഹം രാജാവാകുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 17

ആളുകളേ, വീരന്റെ ശോഭനാശ്വങ്ങളെ നാം ശീഘ്രം വർണ്ണിയ്ക്കുക. ഇതു ദേവകൾക്കറിയാം: അവ ആറെണ്ണം അഞ്ചഞ്ചായി പൂട്ടപ്പെട്ട് അദ്ദേഹത്തെ വഹിയ്ക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 18

സവിതാവായ, വിശ്വരൂപനായ, ദേവന്‍ ത്വഷ്ടാവു പലതരത്തില്‍ പ്രജകളെ ഉല്‍പ്പാദിപ്പിയ്ക്കുന്നു, പോററുന്നു; ഈ ഭുവനങ്ങളൊക്കെ അദ്ദേഹത്തിന്റെയാണ്. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതു തന്നെ! 19

ആഹാരം നല്കുന്ന സമ്മിളിതകളായ രണ്ടു മഹതികളെ ഇന്ദ്രൻ കുടുംബിനികളാക്കി; അവര്‍ക്കെങ്ങുമുണ്ട്, ഇദ്ദേഹത്തിന്റെ ധനം. ആ വീരന്‍ സമ്പത്തു കീഴടക്കുമെന്നാണല്ലോ, കേൾവി. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 20

വിശ്വകർത്താവായ നമ്മുടെ തമ്പുരാന്‍ ഈ ഭൂമിയുടെയും അന്തരിക്ഷത്തിന്റെയും അടുക്കല്‍ ഒരു ഹിതകാരിയായ സ്നേഹിതൻപോലെ വാണരുളുന്നു; തന്റെ അരമനയില്‍, മുന്നാളികളായ വീരന്മാരുമുണ്ട്. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 21

ഇന്ദ്ര, അവിടുന്നാണ്, സസ്യങ്ങളെ വളർത്തുന്നതും, വെള്ളം വീഴ്ത്തുന്നതും; അങ്ങയ്ക്കായി ഭൂമി ധനം സൂക്ഷിയ്ക്കുന്നു. ഞങ്ങൾ അങ്ങയുടെ സഖാക്കളായി സമ്പത്തു നേടേണമേ! ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 22

കുറിപ്പുകൾ: സൂക്തം 55.

[1] മുൻ – സൂര്യോദയത്തിനുമുമ്പ്. ഉദകപദം = ജലങ്ങളുടെ ഇരിപ്പിടം, സമുദ്രം; അല്ലെങ്കില്‍ ആകാശം. ജ്യോതിസ്സ് – സൂര്യൻ.

[2] രണ്ടു പുരാതനസ്ഥാനങ്ങൾ – ദ്യാവാപൃഥിവികൾ.

[3] ഉദ്ദീപിപ്പിയ്ക്കുന്നു – പാടുന്നു എന്നു സാരം. സത്യമേ പറയൂ – അസത്യം പറഞ്ഞാല്‍ യജ്ഞത്തിന്നു ദോഷം പറ്റും.

[4] സർവസാധാരണൻ – എല്ലാവരുടെയുമാണല്ലോ, അഗ്നി. രാജാവ് – അഗ്നി. വനങ്ങൾ – മരങ്ങൾ, അരണികൾ. അമ്മമാർ – ദ്യാവാപൃഥിവികൾ. ഒരുവൾ – ദ്യോവ്. മറ്റവൾ – പൃഥിവി.

[5] സസ്യങ്ങളില്‍ വ്യാപരിയ്ക്കുന്ന അഗ്നിയെപ്പററി: പഴയവയും മറ്റും ഓഷധികൾതന്നെ. ‘ആരുമില്ലാതെ’ – ഭർത്താവില്ലാതെ. പ്രസവിയ്ക്കുന്നു – പുഷ്പഫലാദികളെ ജനിപ്പിയ്ക്കുന്നു.

[6] രണ്ടമ്മമാരുടെ (ദ്യാവാപൃഥിവികളുടെ) ഒറ്റ മകന്‍ (സൂര്യന്‍) പടിഞ്ഞാറു പള്ളികൊള്ളുന്നു – അസ്തമയത്തില്‍. പിന്നെ – ഉദയത്തില്‍.

[7] സമ്രാട്ട് – അഗ്നി. മുകളില്‍ സഞ്ചരിയ്ക്കുന്നു – സൂര്യരൂപേണ. മൂലഭൂതന്‍ – എല്ലാക്കർമ്മങ്ങളുടെയും. രമ്യവചനന്മാര്‍ – സ്തോതാക്കൾ. രമ്യങ്ങൾ – രമണീയസ്തോത്രങ്ങൾ.

[8] കെടാതെ – വൈദ്യതാഗ്നിയായി.

[9] നരച്ച – പ്രായമേറിയ. നടുവില്‍ – വാനൂഴിമധ്യത്തില്‍.

[10] പരമപദം = ഉത്തമസ്ഥാനം, അന്തരിക്ഷം.

[11] ഇണയായ ഇരുവര്‍ – പകലും രാത്രിയും. നാനാരൂപങ്ങൾ – വെളുപ്പും കറുപ്പും മറ്റും. ഒന്നു – പകൽ. മറ്റതു – രാത്രി.

[12] അമ്മ – ഭൂവ്. മകൾ – ദ്യോവ്. പാല്‍ കുടിപ്പിയ്ക്കുന്നു – ഭൂവ് ആഹുതിയാകുന്ന രസം ദ്യോവിനെയും, ദ്യോവു വൃഷ്ടിയാകുന്ന രസം ഭൂവിനെയും കുടിപ്പിയ്ക്കുന്നു.

[13] ഒരു പയ്യ് – ദ്യോവ്. മറ്റതിന്റെ കുട്ടിയെ – ഭൂവിന്റെ കുട്ടിയായ അഗ്നിയെ. നക്കി – ജലധാരയാകുന്ന നാവുകൊണ്ട്. നിലവിളിയ്ക്കുന്നു – ഉമ്പയിടുന്നു, ഇടിവെട്ടുന്നു. അവളുടെ അകിട്ടില്‍ – ദ്യോവാകുന്ന പയ്യിന്റെ അകിട്ടില്‍, മേഘത്തില്‍. വെള്ളം തളിയ്ക്കുന്നു – നീരാവി ചേർക്കുന്നു.

[14] വിവിധരുപങ്ങളുടുത്ത – സ്ഥാവരജംഗമരൂപങ്ങളെ ധരിച്ച. ഉയർന്നുനിന്ന് – യജ്ഞവേദിയായിച്ചമഞ്ഞ്. ഒന്നരവയസ്സുചെന്ന കുട്ടിയെ – അത്രപോന്ന സൂര്യനെ. ആ സത്യഭൂതൻ – സൂര്യൻ. പരിചരിയ്ക്കുന്നു – സൂര്യന്നു ഹവിസ്സുകൾ അർപ്പിയ്ക്കുന്നു.

[15] ഒന്നു – രാത്രി. മറ്റതു – പകല്‍.

[16] ധേനുക്കൾ – ദിക്കുക്കൾക്കു ധേനുത്വം കല്പിച്ചിരിയ്ക്കുയാണ്. പാല്‍ – വർഷജലം; മഴ ശരിയ്ക്കുണ്ടാകട്ടേ എന്നു താല്‍പര്യം.

[17] വൃഷഭന്‍ – വൃഷാവ്; കാളയെന്നും. ഒരേടത്തു – ചില ദിക്കുകളില്‍. മുക്രയിടല്‍ – ഇടിവെട്ടുക. മറെറാരേടത്തു – മറ്റുദിക്കുകളില്‍. രേതസ്സ് – വർഷജലം. കാള ഒരു പൈക്കൂട്ടത്തില്‍ മുക്രയിടും; മറ്റു പൈക്കളില്‍ രേതസ്സൊഴുക്കും. അദ്ദേഹം – പർജ്ജന്യരൂപനായ ഇന്ദ്രന്‍. തട്ടിനീക്കുന്നവൻ – ശത്രുക്കളെ. ഭഗന്‍ – ഭജനീയന്‍. രാജാവ് കർമ്മാനുരൂപമായ ഫലം നല്കുന്ന അരചന്‍.

[18] സ്തോതാക്കളോട്: വീരൻ – ഇന്ദ്രന്‍. ഇതു – ഇന്ദാശ്വങ്ങളടെ ശോഭനത്വം. ആറ് ഋതുക്കളത്രേ ഇന്ദ്രാശ്വങ്ങൾ; അവ അഞ്ചായതു, ഹേമന്ത – ശിശിരങ്ങളെ ഒന്നാക്കിയതിനാലാകുന്നു. അദ്ദേഹത്തെ – കാലസ്വരൂപനായ ഇന്ദ്രനെ.

[20] രണ്ടു മഹതികൾ – ദ്യാവാപൃഥിവികൾ. കുടുംബിനികൾ – പ്രജാപശ്വാദിയായ കുടുംബത്തോടുകൂടിയവര്‍. സമ്പത്തു – ശത്രുക്കളുടെ.

[21] തമ്പുരാന്‍ – ഇന്ദ്രന്‍. വീരന്മാര്‍ – മരുത്തുക്കൾ

സൂക്തം 56.

വിശ്വാമിത്രനോ പ്രജാപതിയോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത. (കേക)

ദേവകളുടെയുറപ്പേറുമാ മുൻകർമ്മത്തെ
നോവിപ്പതില്ലാ, മായാവികളോ, ധീരന്മാരോ,
സപ്രജകളാം കനിവുറ്റ വാനൂഴികളോ;
സ്വല്പവും കുനിയിയ്ക്കുന്നില്ലു,യര്‍മലകളെ! 1
സ്ഥാവരമൊന്നുണ്ടാറു ഭാരത്തെ വഹിയ്ക്കുന്നു;
ചെല്വു, രശ്മികളൊരു നേരുറ്റ കിഴവങ്കല്‍.
നില്പുണ്ടു, മീതേ മീതേ മൂന്നു നിത്യമാം ലോകം;
വിസ്പഷ്ട,മതിലൊന്നു; രണ്ടെണ്ണം മറവിലാം; 2
മൂന്നു മാറിടവും മൂന്നകിടും മുദ്ധർമ്മവും
ചേർന്നൊരു സുവർഷിയാം പെരിയ നാനാരൂപി
ഏറിയ കിടാങ്ങളോടൊത്തു വന്നണയുന്നു;
ഭൂരിമാതരില്‍ വീര്യം തൂകന്നു, വൃഷാവവൻ; 3
അവര്‍തന്‍ ചാരേ വാഴ്‌വൂ, സശ്രദ്ധം ജനിതാവായ്.
ഇവനാദിത്യരുടെ നല്ല പേർ ചൊല്ലീടുന്നേൻ!
അവന്നായ് രമിയ്ക്കുന്നു, വെവ്വേറെ നടകൊള്ളു-
മമൃതദേവികളു,മഥ കൈവെടിയുന്നു! 4
മൂന്നുലകുകൾ, നിങ്ങളാര്‍കളേ; സുരര്‍ വാഴ്‌വൂ,
മൂന്നിലും; മൂന്നിൻ കർത്താവധ്വരേ പെരുമാളാം;
മൂന്നു ദേവിമാര്‍ പയസ്വിനിമാര്‍ സംസേവ്യമാര്‍
മൂന്നുരു വന്നെത്തുന്നൂ, നാൾതോറും ക്രതുക്കളില്‍! 5
വിണ്ണില്‍നിന്നിങ്ങെത്തി നീ നല്ക, മൂന്നുരു നിത്യം
സ്വർണ്ണങ്ങൾ സവിതാവേ, സേവ്യനാമവിതാവേ-
നാളില്‍ മൂന്നുരു ഞങ്ങൾക്കേകുക, മുസ്സമ്പത്തും
പാലോലുമിനത്തെയും; ധിഷണേ, നല്ക, ധനം! 6
നാളില്‍ മൂന്നുരു നല്കുമാറാക, സവിതാവാ;
ശ്രീലഹസ്തരാം മിത്രാവരുണരാജാക്കളും
അന്തരിക്ഷവുമിടംപെട്ട വാനൂഴികളു-
മർത്ഥിപ്പൂ, സവിതാവിന്‍പക്കല്‍നിന്നർത്ഥങ്ങളെ! 7
മൂന്നിടമക്ഷയ്യമായ് ശ്രേഷ്ഠമായ് വിളങ്ങുന്നു:
മൂന്നുപേരങ്ങുദ്ഭാസിയ്ക്കുന്നു, കാലത്തിന്‍ പുത്രര്‍;
സത്യസംയുതര്‍, ശീഘ്രഗാമിക,ളദമ്യാഭ-
രദ്ദേവരഹസ്സില്‍ മൂന്നുരു ചേരുക, യജ്ഞേ! 8
കുറിപ്പുകൾ: സൂക്തം 56.

[1] നോവിപ്പതില്ലാ – തള്ളുന്നില്ല; മാനിയ്ക്കുന്നതേ ഉള്ളു. മായാവികൾ – അസുരന്മാര്‍. ധീരന്മാര്‍ – വിദ്വാന്മാർ. ദ്യാവാപൃഥിവികളില്‍ ദേവ – മനുഷ്യരെ നിവസിപ്പിച്ചതും, മലകളെ ഉയർത്തിനിര്‍ത്തിയതും മറ്റും ദേവന്മാരാണ്. അവരുടെ ആ കര്‍മ്മങ്ങളെ ആരും മറിച്ചാക്കുകയില്ല.

[2] സ്ഥാവരമൊന്ന് – ഒരു സംവത്സരം. ആറു ഭാരം – ഷഡൃതുക്കൾ. കിഴവന്‍ – ആദിത്യൻ. അതിലൊന്നു ഭൂമി. വിസ്പഷ്ടമാകുന്നു – കാണാം. രണ്ടെണ്ണം – ദ്യോവും അന്തരിക്ഷവും. മറവിലാം – കാണപ്പെടില്ല.

[3] മൂന്നു മാറിടം – ഗ്രീഷ്മ – വർഷാ – ഹേമന്തങ്ങൾ. മൂന്നകിട് – വസന്തം, ശരത്ത്, ശിശിരം. മുദ്ധർമ്മം – ഉഷ്ണം, വർഷം, ശീതം. ഏറിയ കിടാങ്ങൾ – നെല്ലും മറ്റുമാകുന്ന വളരെ സന്താനങ്ങള്‍. ഭൂരിമാതര്‍ = വളരെ സ്ത്രീകള്‍ – ഓഷധികൾ. വീര്യം – ജലം. വൃഷാവ് – സേചനസമര്‍ത്ഥന്‍. അവന്‍ – മുന്‍ഋക്കില്‍ പ്രതിപാദിതനായ സംവത്സരാഭിമാനിദേവൻ.

[4] അവര്‍ – ഓഷധികളാകുന്ന സ്ത്രീകൾ. ജനിതാവായ് – പുഷ്പഫലാദ്യുൽപാദകനായി. ആദിത്യര്‍ – പന്തിരണ്ടുമാസങ്ങൾ. അവന്‍ – സംവത്സരാഭിമാനിദേവന്‍. അമൃതദേവികൾ – തണ്ണീരുകൾ. രമിയ്ക്കുന്നു – വർഷിച്ചുകൊണ്ടു നാലുമാസം വിഹരിയ്ക്കുന്നു. അഥ (പിന്നെ) എട്ടുമാസം കൈവെടിയുന്നു.

[5] ആര്‍കൾ = നദികൾ, ജലങ്ങൾ. മൂന്നിലും – ഓരോ ലോകവും മുമ്മൂന്നത്രേ; അപ്പോൾ, സ്വർഗ്ഗത്തിന്റെ മൂന്നുലകും സുരവാസസ്ഥാനമാകുമല്ലോ. മൂന്നിന്‍ കർത്താവ് – ത്രിലോകസ്രഷ്ടാവായ സംവത്സരം, അഥവാ സൂര്യന്‍. മൂന്നു ദേവിമാര്‍ – ഇള, സരസ്വതി, ഭാരതി. പയസ്വിനിമാര്‍ = ജലവതികൾ. മൂന്നുരു – പ്രാതർമ്മധ്യാനസായംസവനങ്ങൾക്ക്.

[6] അവിതാവ് = രക്ഷിതാവ്. മുസ്സമ്പത്ത് – മാടുകളും, സ്വർണ്ണങ്ങളും, രത്നങ്ങളും. പാലോലുമിനം – ഗോവൃന്ദം. ധിഷണ – മാധ്യമികവാക്ക്.

[7] നല്കുമാറാക – ഞങ്ങൾക്കു ധനം. ശ്രീലഹസ്തര്‍ – കയ്യിന്നു ‘വർക്കത്തു’ള്ളവര്‍. ഞങ്ങൾ മാത്രമല്ല, മിതവരുണാദികൾപോലും സവിതാവിങ്കല്‍നിന്ന് അർത്ഥങ്ങളെ (ധനങ്ങളെ) അർത്ഥിയ്ക്കുന്നു (യാചിയ്ക്കുന്നു).

[8] അക്ഷയ്യ്യം = നശിപ്പിയ്ക്കാവുന്നതല്ലാത്തത്. മൂന്നുപേര്‍ – അഗ്നിയും വായുവും സൂര്യനും. അഹസ്സില്‍ – ഒരു ദിവസത്തില്‍. യജ്ഞേ ചേരുക – ഞങ്ങളുടെ യാഗത്തില്‍ വരുമാറാകട്ടെ.