‘കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ’ എന്ന ജൂലിയസ് ഫ്യൂച്ചിക്കിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള വായന.
മാനവസമൂഹം കടന്നു് പോകേണ്ടി വന്നിരുന്ന വഴിത്താരകളിൽ ബന്ധനങ്ങളുടെ തുറുങ്കുമുറികളും സഹനങ്ങളുടെ കിടങ്ങുകളും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടു്. നിശബ്ദമായ സഹനങ്ങൾ കൊണ്ടു് ചിലർ തങ്ങളുടെ തടവുമുറികളെ ഇക്കാലത്തും ആരാധനാലയങ്ങളുടെ വിശുദ്ധിയിലേക്കു് ഉയർത്തിയിരിക്കുന്നു ദുർബ്ബലമായ ശരീരത്തിൽ സഹനസമരം കൊണ്ടു് ധാർമ്മികവിജയം നേടിയാണു് അവരൊക്കെ കടന്നു പോയതു്. അതും തങ്ങളുടെ ജീവൻ തന്നെ മുതലിറക്കികൊണ്ടു്.
ചരിത്രത്തിലോട്ടു് തിരിഞ്ഞു നോക്കിയാൽ അങ്ങനെ പലരെയും കാണാം. അവർ വസിച്ചിരുന്ന തടവുമുറിയുടെ ചുവരുകളിൽ ഒരു മനുഷ്യജന്മത്തിന്റെ എല്ലാ വികാരങ്ങളും വിചാരങ്ങളും നിഴൽരൂപങ്ങളായി മിന്നിമറഞ്ഞിട്ടുണ്ടാവും.
വിചാരങ്ങളുടെ പ്രതിധ്വനി അവർ വാക്കുകളിൽ ഏഴുതി വച്ചു, ഏറ്റവും പരിമിതമായ സാഹചര്യങ്ങളിൽ പോലും.
ജൂലിയസ് ഫ്യൂച്ചിക്കും അഗസ്തിനയും!!
ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞ രണ്ടു് സഖാക്കൾ. അവരെ ഞാൻ അറിഞ്ഞതു് അച്ഛന്റെ കുറിപ്പുകളിൽ നിന്നാണു്. അതിവേഗമാണു് ജീവിക്കുന്ന വർത്തമാനത്തിലേക്കു് അവർ വായനയിൽ കൂടെ വന്നതു് “കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ” എന്ന പുസ്തകത്തിലൂടെ, തികച്ചും യാദൃശ്ചികമായി.
വായിക്കാൻ ഏറെ പുതിയ പുസ്തകങ്ങൾ മേശപ്പുറത്തു് നിരന്നു കിടന്നിരുന്നു അവയ്ക്കിടയിൽ നിന്നാണു് സ്വാതന്ത്ര്യലബ്ധിക്കുമുമ്പു് കോളേജ് വിദ്യാഭ്യാസത്തിനായി മുംബൈയിൽ എത്തിയ എന്റെ പിതാവിന്റെ ഓർമ്മക്കുറിപ്പുകൾ കൈയിൽ തടയുന്നതു്.
വർഷങ്ങളുടെ കാലപ്പഴക്കത്തിൽ ആ ഇരുനൂറു് പേജിന്റെ നോട്ടുബുക്ക് ഇളം മഞ്ഞനിറത്തിൽ ആയിത്തീർന്നിരുന്നു ഈർപ്പം തങ്ങിനിൽക്കുന്നൊരു തണുപ്പിൽ ഒട്ടിച്ചേർന്നിരിക്കുന്ന താളുകൾ.
തൊട്ടാൽ പൊടിയുന്ന പ്രതലത്തിലൂടെ വല്ലാത്തൊരു ആർജ്ജവത്തോടെ മുന്നോട്ടു് മാർച്ച് ചെയ്യുന്ന അക്ഷരങ്ങൾ. അതൊരു ജനാവലി പോലെ തോന്നിപ്പിച്ചു.
അതിവേഗം അലിഞ്ഞു ഇല്ലാതാകുമോ എന്നൊരു ജാഗ്രതയിൽ ഞാൻ അവയൊക്കെ പുതിയൊരു നോട്ട ബുക്കിലോട്ടു് പകർത്തി എഴുതി. എന്റെ അച്ഛന്റെ കയ്യക്ഷരത്തിൽ ജൂലിയസ് ഫ്യൂച്ചിക്കിന്റെ വിലാപങ്ങൾ “ആരുടെ നന്മക്കായി ജീവിതം ഉഴിഞ്ഞുവച്ചുവോ അവരെക്കൊണ്ടു തന്നെ ഞാൻ മർദ്ദനം ഏൽക്കുന്നു.” പട്ടാളത്തിലും പോലീസിലും ജോലിയുള്ള ഗ്രാമീണരുടെ മക്കൾത്തന്നെ തന്റെ വിപ്ലവസഖാക്കളെ മർദ്ദിക്കുന്നതു കണ്ടു് ജൂലിയസ് ഫ്യൂച്ചിക് വിലപിക്കുകയാണു്.
വായനയിൽ മുന്നോട്ടു് മാർച്ചു ചെയ്യാനാവാതെ ഞാൻ അവിടെ നിന്നു. എഴുതിയതിനേക്കാൾ കൂടുതൽ ഒഴിഞ്ഞു കിടക്കുന്ന താളുകളുണ്ടായിരുന്ന ആ നോട്ടബുക്ക് മടക്കി വച്ചു് ജൂലിയസ് ഫ്യൂച്ചിക്കിനെ അന്വേഷിച്ചിറങ്ങി.
കണ്ടെത്തുകയും ചെയ്തു!!
പ്രാഗിലെ പാൻക്രാട്സ് ജയിലറകളിലെ പല മുറികളിലായി. ഏറ്റവും ശക്തമായൊരു ആയുധം രണ്ടു് വിരലുകൾക്കുള്ളിൽ തെരുപ്പിടിപ്പിച്ചു ജൂലിയസ് കുനിഞ്ഞിരുന്നു് എഴുതുകയാണു് “കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ” ജീവിതസ്നേഹധന്യത നിറഞ്ഞ മനസ്സോടെ.
ലോകത്തു് ഏറ്റവും കൂടുതൽ വായിക്കപ്പെട്ട യുദ്ധകാല സാഹിത്യകൃതിയാണിതു്. രണ്ടാം ലോക മഹായുദ്ധകാലത്തു് നാസികൾ ചെക്കോസ്ലോവാക്കിയ പിടിച്ചടക്കിയപ്പോൾ അദ്ദേഹം ജർമ്മൻ രഹസ്യാന്വേഷണവിഭാഗമായ ഗെസ്റ്റാപ്പോയാൽ അറസ്റ്റു ചെയ്യപ്പെടുകയും നിരന്തരം പീഡനമേൽക്കുകയും ചെയ്തു. എങ്കിലും ജീവിതത്തോടുള്ള സ്നേഹം കാത്തുസൂക്ഷിച്ചു കൊണ്ടു് അനശ്വരതയെ നോക്കി പുഞ്ചിരിച്ചു കൊണ്ടാവണം നാല്പതാമത്തെ വയസ്സിൽ 1943 സെപ്റ്റംബർ 8-നു് അദ്ദേഹം കൊല്ലപ്പെട്ടതു്. കരുതി ഇരിക്കണമെന്നും യഥാർത്ഥ ജീവിതത്തിൽ കാഴ്ചക്കാരില്ലെന്നും നാമെല്ലാവരും ജീവിതത്തിൽ പങ്കെടുക്കുന്നു എന്നു് ഓർമിപ്പിച്ചു കൊണ്ടും ‘കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ’ അവസാനിപ്പിക്കേണ്ടി വന്നു ഫ്യൂച്ചിക്കിനു്.
1903-ൽ പ്രേഗിലെ സ്മിച്ചോവിൽ ജനിച്ച അദ്ദേഹം പത്രപ്രവർത്തകൻ, സാഹിത്യനിരൂപകൻ, കമ്മ്യൂണിസ്റ്റ് നേതാവു് എന്നൊക്കെ നിലയിൽ വ്യക്തി മുദ്ര പതിപ്പിച്ചു കടന്നു പോയ ആളാണു്. പ്രേഗ് സർവകലാശാലയിലെ വിദ്യാഭ്യാസത്തിനു ശേഷം 1929-ൽ അദ്ദേഹം തോർബ എന്ന സോഷ്യലിസ്റ്റ് പത്രത്തിന്റെ ചുമതല ഏറ്റെടുത്തു. ചെക്കോസ്ലോവാക്കിയയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ റൂദ് പ്രാവോയുടെ പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചു രാഷ്ട്രീയവും സാംസ്ക്കാരികവുമായ പ്രവർത്തനങ്ങളുടെ അനുരണനങ്ങൾ തൊഴിലാളിവർഗത്തിന്റെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും ഫാസിസത്തിൽ നിന്നുള്ള വിടുതലിനും അത്യന്താപേക്ഷിതമാണെന്നു് വിശ്വസിച്ച ജൂലിയസ് ഫ്യൂച്ചിക് കർമ്മനിരതനായി ഓടിനടന്നു. കൂടെ അദ്ദേഹത്തിന്റെ ഭാര്യ അഗസ്തിനയും.
നാസി ആരാച്ചാരന്മാരുടെ കൊലമരത്തിന്റെ കുരുക്കുകൾ എതു നിമിഷവും തന്റെ മേൽ വീഴുമെന്നു് അറിഞ്ഞിട്ടും ആസന്നമായ മരണത്തെ കൺമുൻപിൽ ദർശിച്ചിട്ടും ആത്മവഞ്ചന ചെയ്യാതെ അതിനായി ഒരുങ്ങി ജീവിച്ച ഒരു മനുഷ്യൻ. മരണത്തിന്റെ നിഴൽ വീണ ജയിൽ മുറികളിൽ വൈക്കോൽതടുക്കുകളിൽ ഇരുന്നു് അയാൾ സ്വാതന്ത്ര്യത്തിലേക്കുള്ള കലാസ്സു പാലങ്ങൾ ഉണ്ടാക്കി.
അനിശ്ചിതത്വത്തിന്റെ ഇന്നിനെ പ്രതീക്ഷയുടെ നാളെയുമായി കൂട്ടിമുട്ടിക്കാൻ.
മുറിപെൻസിൽ കൊണ്ടു് ജൂലിയസ് ഇരുന്നെഴുതിയപ്പോൾ കോളിൻസ്കി എന്ന ദയാലുവായ ജയിൽ വാർഡർ വാതിൽക്കൽ കാവൽ നിന്നു ജൂലിയസ് കണ്ണുയർത്തി നോക്കുമ്പോഴെല്ലാം അയാൾ കൺപോളകൾ അമർത്തിയടച്ചു ധൈര്യം കൊടുത്തു. പിന്നീടു് അവ ഓരോന്നും സുരക്ഷിതമായി പുറത്തേക്കു് കടത്തിക്കൊണ്ടു വന്നു. കാലത്തിന്റെ തികവിൽ അവയൊക്കെ പ്രസിദ്ധീകരിക്കുമെന്നും തനിക്കു് പൂർത്തിയാക്കാനാവാത്ത അവസാന അധ്യായങ്ങൾ എഴുതി പൂർത്തിയാക്കാൻ ജനകോടികൾ ഭൂമിയിൽ നിലനിൽക്കുമെന്നും അയാൾ വിശ്വസിച്ചു. പ്രത്യാശിച്ചു.
ജൂലിയസും അഗസ്തീനയുമാണു് വായനവഴിയിൽ എന്നെ തടഞ്ഞു നിർത്തിയവർ. ചരിത്രത്തിലെ ആ സഹയാത്രികർ ആഴമായ ഇച്ചാശക്തികൊണ്ടാണു് അത്ര സമാധാനപരമല്ലാത്ത ജീവിതത്തിലും ആത്മാവിന്റെ സമ്പന്നതയാൽ കരുത്താർജ്ജിച്ചതു്. കുതിരയുടെ ഉടലുള്ള ജൂലിയസിന്റെ പോരാട്ടവീര്യത്തിനു് കാരിരുമ്പിന്റെ കരുത്തു പകർന്ന പ്രിയതമ.
പ്രാഗിലെ പാൻക്രാട്സ് ജയിലിൽ ഗെസ്തപ്പോയുടെ ഒരോ ചോദ്യം ചെയ്യലിലും അവൾ അവർ തമ്മിലുള്ള വിശ്വസ്തത കാത്തു സൂക്ഷിച്ചു.
“വാക്കുകൾകൊണ്ടു്
തല്ലിക്കൊഴിച്ചിട്ടും
അവളിൽ നിന്നൊരു തരി
വീണുപോയില്ല
കണ്ണുകൾകൊണ്ടു്
ചൂഴ്‌ന്നെടുത്തിട്ടും
കണ്ണീരുറവകൾ പൊട്ടിയതുമില്ല.”
ജൂലിയസിന്റെ തടവുമുറിയുടെ താഴത്തെ നിലയിൽ ആയിരുന്നു അഗസ്തീനയുടെ വാസം. ദീനരോദനങ്ങളും നെടുവീർപ്പുകളും അവളുടെ തകർന്ന മനസ്സു് കാന്തം പോലെ പിടിച്ചെടുത്തു. ഉത്കണ്ഠയും ആകുലതയും പുതച്ചിരുന്ന ആ നാളുകളിൽ ജൂലിയസ് കൊല്ലപ്പെട്ടുവെന്ന കിംവദന്തിയും അവരെ തേടിയെത്തി. അപ്പോഴൊക്കെ സന്ധ്യസമയത്തു് ജനാലക്കരുകിൽ മതിലിനു് അഭിമുഖമായി ചേർന്നു് നിന്നു് സ്വാന്തനത്തിന്റെ ഒരു ഗാനം ജൂലിയസ് അവൾക്കു് വേണ്ടി മൂളി.
ഞാൻ അവരെ ഒന്നു് അറിയാൻ ശ്രമിക്കുകയാണു്. ഹൃദയം കൊണ്ടു് കോറിയിട്ട വരികളിൽ എഴുത്തുകാരൻ ഒരു കുടുംബാംഗമായി തങ്ങളിരുവരെയും കാണാമോ എന്നും ഒരു പടി കൂടി കടന്നു് നിങ്ങൾക്കു് ഞങ്ങളാകാൻ തക്കവണ്ണം അടുപ്പത്തിൽ ചേർത്തു് നിർത്താമോ എന്നും ചോദിക്കുന്നു. ജൂലോയുടെയും ഗസ്തയുടെയും സ്നേഹതുറുങ്കിൽ വായനക്കാരിയായ ഞാനും അകപ്പെട്ടിരിക്കുന്നു.
1943, മെയ് 19-നു് ജൂലിയസ് എഴുതുന്നു. എന്റെ അഗസ്തീന പോയി… അവർ അവളെ എങ്ങോട്ടായിരിക്കും കൊണ്ടു പോയതു്? കടൽബോട്ടിലെ വേലക്കോ കപ്പലിലെ കുശിനിയിലേക്കോ അതോ വസൂരി കൊണ്ടുള്ള മരണത്തിലേക്കോ?
വിശ്വസ്തയായ അനർഘമിത്രം സാന്നിദ്ധ്യം കൊണ്ടു് വിദൂരത്തിലായപ്പോഴും സന്ധ്യസമയത്തു് ജൂലിയസ് അവൾക്കായി പാടി.
മർദ്ദനമേറ്റ ശരീരം വേച്ചു വേച്ചു പൈൻമരപ്പലകയിലൂടെ ജനാലക്കലേക്കു് നിങ്ങി.
ഏതൊക്കെ പാട്ടുകൾ ആയിരുന്നു അവ?
ആ സ്റ്റെപ്പി പരപ്പിലെ ആ ഇളം പച്ച പുൽക്കൊടികൾ പോലും മർമ്മരമുണർത്തി പാടുന്ന ഗറില്ലാ യുദ്ധകഥകൾ, പിന്നെ ആ കൊസാക് ബാലികയില്ലേ, ഭർത്താവുമൊന്നിച്ചു രാക്കുരാമാനം സ്വാതന്ത്ര്യത്തിനു വേണ്ടി യുദ്ധക്കളത്തിലിറങ്ങിയവൾ. നിലത്തു വീണ അവളെയല്ലേ എണീൽപ്പിക്കാൻ പറ്റാതെ വന്നതു്.
കഥകൾ എല്ലാം സംഗീതത്തിലൂടെ പാട്ടുകളായ സായാഹ്നങ്ങൾ.
ആത്മമിത്രങ്ങൾക്കു് മാത്രം സാധിക്കുന്ന രീതിയിൽ പല ജീവിത യാഥാർഥ്യങ്ങളും നേരിടുന്നതിൽ അവർ ഒരേ ഹൃദയമിടിപ്പോടെ ഒത്തു ചേർന്നു.
തന്റെ ഒന്നാമത്തെ വായനക്കാരിയും വിമർശകയും ആണു് അഗസ്തീന എന്നു് ജൂലിയസ് എഴുതുന്നു. അവളുടെ കണ്ണുകൾ തന്റെ മേൽ ഉണ്ടെന്നുള്ളൊരു തോന്നൽ ഇല്ലെങ്കിൽ എഴുത്തു് പോലും മുന്നോട്ടു് പോവില്ലെന്നും.
യാത്ര പറഞ്ഞു പിരിയാൻ പോലും അവർക്കായില്ല. തീവ്രമായ ഒരു ആലിംഗനമോ കയ്യമർത്തലോ ഇല്ലാതെ ഒരു നാൾ വിദൂരതയിലേക്കു് അഗസ്തീന അകറ്റപ്പെട്ടു.
പ്രത്യാശയുടെ ഗീതങ്ങൾ പേനത്തുമ്പിൽ നിന്നു് ഉതിരുന്നു പിന്നെയും.
“ആനന്ദത്തിനു വേണ്ടിയാണു്
ഞങ്ങൾ പൊരുതിയതതു്
മരിക്കുന്നതും അതിനു വേണ്ടി തന്നെ
വ്യസനം ആ സന്തോഷങ്ങളിൽ
തേച്ചു പിടിപ്പിക്കരുതേ… ”
പിന്നെയും പല വിധത്തിലുള്ള കടന്നു പോവലുകൾ. പകൽ മുഴുവൻ നീണ്ടു നില്ക്കുന്ന വിസ്താരങ്ങൾക്കുശേഷം പ്രേഗിലെ നെരൂദ തെരുവിലെ കൊട്ടാരകെട്ടിലൂടെ പല വിധ പ്രലോഭനങ്ങളിലൂടെ ജൂലിയസ്.
“നോക്കു പ്രേഗ് എത്രമനോഹരിയാണു്
നീ അവളെ സ്നേഹിക്കുന്നില്ലേ?
മടങ്ങി വരണ്ടേ നിനക്കു്?
ഈ ഗ്രിഷ്യ സന്ധ്യയിൽ
മഞ്ഞിന്റെ വരവിനു് ഒരുക്കം കൂട്ടുന്ന കുളിർകാറ്റു്
ഇളം നീലനിറം പൂണ്ട
പഴുത്ത മുന്തിരിക്കുല പോലെ
മാദകവും വശ്യവുമായ കാഴ്ച്ചകൾ.
എത്ര കണ്ടാലാണു് മതി വരിക.”
ഗെസ്തപ്പോയുടെ വശീകരണ ചോദ്യങ്ങൾ. ലോകത്തിന്റെ പ്രലോഭനങ്ങൾ!
ആ അവസാന വിചാരണയിലെ ഭ്രമിപ്പിക്കുന്ന കാഴ്ചകളിൽ വീണുപോവാതെ ക്ഷയിക്കാത്ത പ്രത്യാശയോടെ സത്യത്തിലുള്ള മൗലികമായ പ്രത്യാശയോടെ ജൂലിയസ് തടവു് മുറിയിലേക്കു് വീണ്ടും എത്തിച്ചേരുന്നു.
അറ്റെൻഷൻ ആയി കാൽമുട്ടുകളിൽ കൈകൾ ഊന്നി ഇരിക്കേണ്ട വിചാരണമുറികളിൽ ചിന്തകളെ അറ്റെൻഷൻ ആക്കാൻ പറ്റാതെ ജൂലിയസ് പണിപ്പെട്ടു. ശരിയായ വെളിച്ചത്തിൽ ഭരണകൂടങ്ങളുടെ മുഖം പ്രകാശിപ്പിക്കേണ്ടതെങ്ങനെ എന്നു് ചിന്തിച്ചു കൂട്ടുന്നു.
അദ്ദേഹം ചോദിക്കുന്നു.
തടവുമുറിയിൽ, ഭീകരതയുടെ ഒത്ത നടുവിൽ താമസിക്കുന്ന ഞങ്ങൾ രാജ്യത്തിലെ മറുള്ളവരിൽ നിന്നും വ്യത്യസ്തരായ സൃഷ്ടികളാണോ? നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്നുള്ള ഈ ചോദ്യം ഇന്നും പ്രതിധ്വനിക്കുന്നു. 1943, ജൂൺ 9-നു് കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ അവസാനിപ്പിച്ചു കൊണ്ടു് ജൂലിയസ് പറയുന്നു
“മരണം എപ്പോഴും എന്റെ പരിഗണനയിലുണ്ടു്.
ഇനി ഉയരേണ്ടതു് ജീവിതത്തിന്റെ അവസാന തിരശീലയാണു് സുഹൃത്തുക്കളെ നിങ്ങളെ ഞാൻ സ്നേഹിച്ചു കരുതലോടെ ഇരിക്കുക”
ഇനി മുന്നോട്ടു വായിക്കാൻ താളുകളില്ല. വായനക്കാർക്കും എഴുത്തുകാരനും അജ്ഞാതമായ ആ ജീവിതത്തിന്റെ അന്ത്യം എങ്ങനെ ആയിരുന്നു? കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ എന്ന ജീവിതപുസ്തകത്തിന്റെ പുറംചട്ടയോടു് ചേർന്നു് ആദ്യത്തെ പേജുകളിലൊന്നിൽ അന്നൊരുനാൾ ജൂലിയസിൽ നിന്നു് അകറ്റപെട്ട പ്രിയതമ അഗസ്തീന ഫ്യൂച്ചിക് ഉണ്ടു്. ഒരേ പുസ്തകത്തിൽ ഒരൊറ്റ ഉടൽ ആയി.
അഗസ്തീന കപ്പൽശാലയിൽ നിന്നു് എത്തിപ്പെട്ടതു് ജർമനിയിലെ റവൻസ്ബ്രൂക്കിലെ കോൺസെൻട്രേഷൻ ക്യാമ്പിലായിരുന്നു. സഹതടവുകാരിയിൽ നിന്നാണു് അവരുടെ ചെവിയിൽ ആ വാർത്ത എത്തിയതു്. 1943, ആഗസ്റ്റ് 25-നു് ബെർലിനിലെ നാസി കോടതി ജൂലിയസിനു മരണ ശിക്ഷ വിധിച്ചിരിക്കുന്നു എന്നു്.
അവരുടെ വ്യഥകൾ, ഭർത്താവിന്റെ വിധിയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ, എല്ലാം അവരിൽ തന്നെ ഉത്തരം കിട്ടാതെ എരിഞ്ഞു കെട്ടടങ്ങി പിന്നീടു് ആ ദിവസം സമാഗതമായി.
1945-ൽ രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിയുടെ പരാജയത്തോടെ തടവറകളിൽ നിന്നും മോചിതരായ ആയിരങ്ങളുടെ കൂടെ ജന്മദേശത്തേക്കു അഗസ്തീനയും എത്തി.
പരതുന്ന കണ്ണുകളോടെ അലയുന്ന ജനതയിൽ ഒരുവളായി.
ഏറ്റവും ദുഃഖകരമായ ആ വാർത്ത അഗസ്തീനയിൽ എത്താൻ അധികതാമസമുണ്ടായില്ല.
ശിക്ഷക്കു് വിധിക്കപ്പെട്ടതിന്റെ പതിനാലാം ദിനം ബർലിനിൽ വച്ചു് ജൂലിയസിന്റെ മരണശിക്ഷ നടപ്പാക്കപ്പെട്ടു എന്നു് അഗസ്തീന അറിയുന്നു.
തുണ്ടു കടലാസ്സിൽ തന്റെ ഭർത്താവു് കുറിച്ചു വച്ചതൊക്കെ അവർ ജയിൽ വാർഡർ ആയിരുന്ന കോളിൻസ്കിയുടെ പക്കൽ നിന്നും ശേഖരിച്ചു ലോകത്തിനു് സമർപ്പിക്കുകയാണു് ഉണ്ടായതു്.
ബന്ധിതരുടെയും പീഡിതരുടെയും നെടുവീർപ്പിൽ അലിഞ്ഞുചേർന്നിരിക്കുന്ന അത്യന്തം ശ്രേഷ്ടമായ വിചാരങ്ങളുടെ മഞ്ഞു തുള്ളികൾ ഒരോ കുറിപ്പിലും കാണാം.
രാഷ്ട്രം വ്യക്തിയുടെ വലിയ പതിപ്പാകയാൽ ഒരോ മനുഷ്യജന്മവും പ്രകാശിപ്പിക്കപ്പെടേണ്ടതാണെന്നും പിന്തിരിപ്പൻ മനോഭാവങ്ങളും ഭരണകൂടഭീകരതയും ആ ലക്ഷ്യങ്ങൾക്കു് എതിരു നിൽക്കുന്നുവെന്നും ഈ കാലവും നമ്മെ ഓർമ്മിപ്പിക്കുന്നു. ജൂലിയസിന്റെ കുറിപ്പുകളിൽ ആ ഹൃദയവ്യഥയുടെ നീറൽ അനുഭവിക്കാനാവും.
നിമിഷങ്ങളും മണിക്കൂറുകളും കൈവിരലുകളിൽ എണ്ണിയെടുത്തു് ആരെയും ഉണർത്താതെ മരണവും ജീവിതവും ഒരേ നേർരേഖയിൽ കണ്ടുമുട്ടുകയും മരണം ജീവിതത്തെ നോക്കി കോക്രി കാണിക്കുകയും ചെയ്യുന്ന കാലമാണിതു്. അരികുകളിലേക്കും അകങ്ങളിലേക്കും മാറി നിൽക്കുമ്പോഴും സമർത്ഥനായ കബഡി കളിക്കാരനെപോലെ അതു് ലോകത്തെ മുഴുവൻ ജാഗ്രതയിൽ ആക്കിയിരിക്കുന്നു കലയും സാഹിത്യവും ഈ ഇരുണ്ടകാലത്തു് ആത്മാവിന്റെ ആഴങ്ങളോളം കടന്നു ചെല്ലുന്നു. അതെന്നും സൗഖ്യദായകവും ജീവദായകവുമാണു്. ജൂലിയസ് ഫ്യൂച്ചിക്കിന്റെ കുറിപ്പുകൾ ചെന്നെത്തിക്കുന്നതു് ആ ഒരു വിമലീകരണത്തിലാണു്.
കഴിഞ്ഞു പോയ ഇന്നലെകളെയും ജീവിച്ചു തീർക്കുന്ന ഇന്നിനെയും പുലരുവാനിരിക്കുന്ന നാളെകളെയും ഒന്നിപ്പിക്കുന്ന സത്യവെളിച്ചങ്ങൾ ഒരു കാലത്തു് ഞെരുക്കപ്പെട്ടവരുടെ മനോവിചാരങ്ങളിൽ അലിഞ്ഞു ചേർന്നിരുന്നു എന്നതു് വിസ്മയം തന്നെ.
1972-ല്‍ കോട്ടയം ജില്ലയില്‍ ജനനം. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാംപസിൽനിന്നും പൊളിറ്റിക്കല്‍ സയന്‍സിൽ എംഫില്‍. ഏറെ നാളത്തെ വിദേശവാസത്തിനും അധ്യാപനത്തിനും ശേഷം ഇപ്പോള്‍ കൊച്ചിയില്‍ സ്ഥിരതാമസം. Bitter Almonds, Ether ore എന്നീ English ആന്തോളജികളിൽ കഥയെഴുതി മഹാമാരിക്കാലത്തു് ഇഷ്ടമേഖലയിലേയ്ക്കു് പ്രവേശം. വായനയും സാഹിത്യവും എഴുത്തും ഏറെ പ്രിയം.