images/An_Old_Woman.jpg
An Old Woman: The Artist’s Mother, a painting by Rembrandt (1606–1669).
പിലാഗേയ നിലോവ്ന—തൊഴിലാളിയുടെ വിധവ
റോസ്സ് ജോര്‍ജ്ജ്

അടപ്പില്ലാത്ത പഴയൊരു അലമാരയുടെ മൂന്നാമത്തെ തട്ടിൽ നിന്നാണു് അവരെ ഞാൻ വലിച്ചെടുത്തതു്. മാക്സിം ഗോർക്കി യുടെ ‘അമ്മ’യിലെ പിലാഗേയ നിലോവ്ന അവരുടെ ശ്രേഷ്ഠസാന്നിദ്ധ്യം കൊണ്ടു് എന്നെ അമ്പരപ്പിക്കാൻ തയ്യാറായിരുന്നുവെങ്കിലും വായന പൂർത്തിയാക്കാനോ മുന്നോട്ടു് പോകാനോ സാധിച്ചില്ല. പത്തു വയസ്സിൽ എത്തിവലിഞ്ഞു അതെടുത്തു തുറക്കുമ്പോൾ ഇളംചുവപ്പു നിറത്തിലുള്ള പുറംചട്ടയിൽ നിന്നു് അവരുടെ മകൻ ഉരുക്കുമനുഷ്യനായ പാവേൽ വ്ലാസോവിന്റെ രേഖാചിത്രം മാഞ്ഞു തുടങ്ങിയിരുന്നു. കുട്ടികൾക്കു വായിക്കാൻ ഇനിയും സമയമായില്ലെന്നു കേട്ടതു കൊണ്ടാകാം ചില കാഴ്ചകൾ മാത്രം കണ്ടു് പാതിയിൽ പുസ്തകം അടക്കുകയാണുണ്ടായതു്. എങ്കിലും ഫാക്ടറി സൈറൺ കേൾക്കുമ്പോൾ ചാരനിറമാർന്ന കൂരകളിൽ നിന്നും ഭയപ്പാടോടെ പാറ്റകളെപ്പോലെ നീങ്ങുന്ന തൊഴിലാളികളും ഈർപ്പമുള്ള ചതുപ്പുകളും താമ്രവൃക്ഷങ്ങളും വൈകുന്നേരങ്ങളിലുള്ള യുവാക്കളുടെ അർക്കേഡ്യൻ സംഗീതമേളകളും മനസ്സിൽ തങ്ങി നിന്നു. അതിലുപരി മയമില്ലാത്തവരുടെ പെരുമാറ്റങ്ങൾക്കു് സൗമ്യമായ ആതിഥ്യമര്യാദകൊണ്ട് പ്രതിവിധി കാണുന്ന ഒരമ്മയും. അവർ സമോവർ ഒരുക്കാൻ കാണിക്കുന്ന വ്യഗ്രതയും ചായ പകരാൻ കാണിച്ച ശുഷ്കാന്തിയും ഏറ്റവും ഹൃദ്യമായി ആ വായനയിൽ തോന്നി. രണ്ടാം ഭാഗത്തു എത്തുന്നതിനു് മുൻപേ അലമാരയുടെ മൂന്നാമത്തെ തട്ടിലേയ്ക്കു് പിലാഗേയ നിലോവ്ന അതിവേഗം മടങ്ങിപ്പോയി! മാപ്പു്!! മാക്സിം ഗോർക്കിയോടു്!

വർഷങ്ങൾക്കു ശേഷം പുനർവായന തന്ന ആനന്ദത്തിൽ നിന്നും ബോധ്യത്തിൽ നിന്നുമാണു് അവരെ ഞാൻ സമക്ഷത്തിലേയ്ക്കു വീണ്ടും കൂട്ടിക്കൊണ്ടു വരുന്നതു്. കാലം ഉഴുതുമറിച്ച നിലത്തു ഗോർക്കിയുടെ അക്ഷരങ്ങൾ പുതുജീവൻ പ്രാപിച്ചു ആഴ്‌ന്നിറങ്ങിയതുപോലെ. തങ്ങളുടെ കൂട്ടിപ്പിടിച്ച അധരങ്ങളുമായി വിസ്മൃതിയിൽ ലയിച്ചിട്ടും അക്ഷരങ്ങളിൽ ജീവിക്കുന്ന എഴുത്തുകാർ, അവർ മനോമുകുരത്തിൽ ജീവൻ കൊടുത്ത കഥാപാത്രങ്ങൾ! മഹാമാരിയുടെ ദണ്ഡനപാടുകൾ മായ്ക്കാൻ പുസ്തകങ്ങൾക്കു് ആവുമെന്നു് സത്യമായും വിശ്വസിക്കുന്ന നിമിഷങ്ങൾ.

images/mother-chinthan-books_FrontImage_986.jpg

1902-ൽ നിഷ്നിയോ നോവ്-ന്റെ പ്രാന്തപ്രദേശത്തിലെ സൊർമോവ എന്ന തൊഴിലാളി കേന്ദ്രത്തിൽ നടന്ന മെയ്ദിന പ്രകടനമാണല്ലോ ‘അമ്മ’ എന്ന കൃതി എഴുതാൻ ഗോർക്കിയെ പ്രേരിപ്പിച്ചതു്. വാസ്തവത്തിൽ ‘അമ്മ’യിലേയ്ക്കു് കണ്ണുകൂർപ്പിക്കുമ്പോൾ മഹത്തായ അതിന്റെ ഇതിവൃത്തത്തിൽ നിന്നും സജീവ സാന്നിദ്ധ്യമായി നിറഞ്ഞു നില്ക്കുന്ന ‘തൊഴിലാളിയുടെ വിധവ’ എന്നു് സ്വയം അഭിമാനിച്ച പിലാഗേയ നിലോവ്നയെ പ്രത്യേകമായി ഓർത്തെടുക്കുകയാണിവിടെ.

കരിപുരണ്ട അസമത്വത്തിന്റെ നേർചിത്രങ്ങളോടൊപ്പം സ്വാതന്ത്ര്യത്തിലേയ്ക്കും ആന്തരികപരിവർത്തനത്തിലേയ്ക്കും അവർ കടന്നു വന്നതു് കൂടുതൽ തെളിമയോടെ കാണാനായി.

കലഹപ്രിയനായ മിഖായിൽ വ്ലാസോവ് എന്ന മെക്കാനിക് വോഡ്കയുടെ ഗന്ധം കലർന്ന ഫലിതങ്ങളിൽ നൃത്തവും സംഗീതവും കൂടിക്കലർന്ന ഒരു ഇരുണ്ട ഇടനാഴിയിൽ വെച്ചു ഭിത്തിയോടു് ചേർത്തു പിടിച്ചു നിർത്തി നേടിയെടുത്തൊരു മൗനാനുവാദമാണു് പിലാഗേയ നിലോവ്നയുടെ ജീവിതമെന്നു് ഗോർക്കി എഴുതുന്നു. കുത്തഴിഞ്ഞ ജീവിതവും മദ്യപാനവും ഭർത്താവിനെ മരണത്തിലേയ്ക്കു തള്ളിവിട്ടപ്പോൾ അവരിൽ ജ്വലനമുണർത്താൻ പാവേൽ വ്ലാസോവ് എന്ന ക്ഷുഭിതയൗവനം ചോദിച്ച ഒരു ചോദ്യം ഉണ്ടു് “അമ്മ എന്തു സുഖമാണു് അറിഞ്ഞിട്ടുള്ളതു്? ഓർമ്മിക്കാനായി എന്താണു കൈവശമുള്ളതു്?”

ഇതു് കാലപ്പഴക്കത്താൽ തേഞ്ഞുപോയൊരു ചോദ്യമല്ല. കേൾക്കാനും കാണാനും തുറവിയുള്ള ഇക്കാലത്തും ഏതൊരാൾക്കും പരസ്പരം ചോദിക്കാവുന്നൊരു ചോദ്യമാണിതു്. നിലോവ്നക്കു് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്ത്രീകളോടു് ഏറെ പറയാനുണ്ടു്. അവരുടെ മകൻ ഉയർത്തിപ്പിടിച്ച ചെങ്കൊടി മാനവസമത്വത്തിന്റെ സന്ദേശം പേറുമ്പോഴും ചരിത്രത്തിലെ ഈ ‘അമ്മ’ എന്റെ ഉറക്കം കെടുത്തുകയും അവരുടെ സൗമ്യമായ ചലനങ്ങളാൽ ചിന്തകൾ പൊലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവരുടെ ഉയർന്ന വലത്തേ പുരികക്കൊടി ഉയർത്തി തിടുക്കത്തിലും ജാഗ്രതയിലും ചെയ്തു കൂട്ടുന്ന കാര്യങ്ങൾ പുതുജീവൻ നേടിയ ഒരാത്മാവിന്റെ പ്രഭയാൽ കൂടുതൽ അർത്ഥവത്താക്കുകയാണു് ജീവിതം തന്നെ.

അവർ ഇന്നിൽ ജീവിക്കുകയും പ്രവചനാതീതമായി കുറേ ഏറെ കാര്യങ്ങൾ പറഞ്ഞു വച്ചിരിക്കയും ചെയ്തിരിക്കുന്ന പോലെ.

അസംതൃപ്തിയുടെ മർമ്മരത്താൽ തള്ളി നീക്കിയ ജീവിതത്തിന്റെ ഏകപ്രകാരതയിൽ നിന്നു് മൂരി നിവർത്തിയ നിലോവ്ന വെറുമൊരു കണ്ണീരിന്റെ അമ്മയല്ല. മകൻ പാവ്ലോവ് കൈമാറിയ നീതിയെക്കുറിച്ചുള്ള സ്വപ്നങ്ങളിലേയ്ക്കുള്ള അവരുടെ പ്രയാണത്തിനു് നിരവധി മാനങ്ങളുണ്ടു്. അനിവാര്യമായ ഉയിർത്തെഴുനേൽപ്പിനു് അവർ തോളിൽനിന്നിറക്കി വച്ച മൂന്നു് ഭാരങ്ങൾ—ഗോർക്കി പരാമർശിക്കുന്നവ—തൊഴിലാളി വർഗ്ഗത്തിന്റെ, കുടുംബത്തിന്റെ, പിന്നെ സ്വന്തം ആത്മാവിന്റെ—കാരണം അവർ ഒരേ സമയം മതത്തിന്റെ അധീനതയിൽ പെട്ടവളും അടിച്ചമർത്തപ്പെട്ടവരുടെ ഭാഗവും ആയിരുന്നു.

മകനും കൂട്ടുകാരും വായിക്കുന്ന പുസ്തകങ്ങൾ നേരു പറയുന്നതായതുകൊണ്ടാണു് വിലക്കപ്പെട്ടതാവുന്നതു് എന്നു് അവർ തിരിച്ചറിഞ്ഞൊരു നിമിഷമുണ്ടു്. നിശ്ശബ്ദമായ ഒരു അകൽച്ചയോടെ അതിലേറെ ഹൃദയത്തോടടുത്ത ഒരു അടുപ്പത്തോടെ അന്നു മുതൽ അവർ തിളങ്ങുന്ന പിച്ചളസമോവറിൽ മാറുന്ന അവരുടെ മുഖച്ഛായ നോക്കിയിരുന്നു. മനോഹരമായ ഒരു രൂപാന്തരീകരണം! എങ്ങനെ ജീവിച്ചിരുന്നു എന്നല്ല ഇനിയും എങ്ങനെ ജീവിക്കണമെന്നു് അവർ ഉറപ്പിച്ച നിമിഷങ്ങൾ.

അവർ പാട്ടു് പാടി. വാ തുറന്നു സംസാരിച്ചു, സ്വന്തം വാക്കുകൾ കേട്ടു വിസ്മയപ്പെട്ടു. പുക നിറഞ്ഞ വായുവിൽ തന്നെ ചലിപ്പിക്കുന്ന ഒരു ശക്തി അവർ കണ്ടെത്തി നീതിയെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ ജ്വലിച്ചു.

എല്ലാ അവിശ്വാസങ്ങളുടെ പിന്നിലും ഒരു വിശ്വാസമുണ്ടെന്നു് ആശ്വസിച്ചു. നികൃഷ്ടമായ തന്റെ ഭൂതകാലത്തിൽ തന്നെ മറന്നതോർത്തു അവർ ലജ്ജിച്ചു. വിപ്ലവകാരിയായ മകന്റെ കാലടികളെ പിന്തുടർന്നപ്പോൾ അർത്ഥസമ്പുഷ്ടമായ ഒരു ജീവിതം അവരും സ്വപ്നം കണ്ടു. നിലോവ്നയും ചിന്തിച്ചു തുടങ്ങി ചുറ്റുമുള്ള സഹജർക്കുവേണ്ടി. അതു കണ്ടു പാവേൽ വ്ലാസോവ് എന്ന മകൻ പറയുന്നു “ഒരാളുടെ അമ്മ അയാളുടെ ആദർശത്തിൽ വിശ്വസിക്കുക കൂടി ചെയ്യുമ്പോൾ അയാൾക്കതു് ഒരു അപൂർവ്വഭാഗ്യമാകുന്നു” എന്നു്.

images/Maxim_Gorky.jpg
മാക്സിം ഗോർക്കി

സ്വതന്ത്ര മനുഷ്യരുടെ വിശേഷ ദിവസമെന്നു് വിശേഷിപ്പിച്ച മെയ്ദിനജാഥയിൽ ന്യായത്തിന്റെയും നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പതാകയുമായി പാവേൽ വ്ലാസോവ് നടന്നു നീങ്ങുമ്പോൾ അമ്മക്കൊരു അന്തർഗതമുണ്ടു് “അവരുടെ ലക്ഷ്യം പരിശുദ്ധമാണു്.” മകന്റെ അറസ്റ്റിനുശേഷം ഒസ്യത്തായി കിട്ടിയ ആത്മീയതയിൽ ഒടിഞ്ഞ കൊടിക്കാലിൽ മുറുകെ പിടിച്ചു കൊണ്ടു് അവർ ആത്മഗതം നടത്തുന്നു “ആളുകൾ തനിക്കു വേണ്ടി മരിക്കാൻ ഉണ്ടായിരുന്നില്ലെങ്കിൽ ക്രിസ്തു തന്നെ കാണുമായിരുന്നില്ല.” സാർവത്രിക സ്നേഹത്തിന്റെ പ്രഭാവലയത്തിൽ അവരുടെ അധരങ്ങളിൽ നിന്നു പ്രവഹിക്കുന്നതു് ദൈവ വചനങ്ങളാണെന്നു് പോലും ആളുകൾക്കു് തോന്നിപ്പോവുന്നു.

നല്ല മനുഷ്യർ സഹതപിക്കുമോ? ഇല്ലാ എന്നു് ഗോർക്കി പറയുന്നു. പഴയതു് മാഞ്ഞു പോയിരിക്കുന്നു. തീവ്രമായ ഒരു ആഗ്രഹത്തിന്റെ കുടുക്കിലേയ്ക്കു് നിലോവ്നയെ ഗോർക്കിയുടെ അക്ഷരങ്ങൾ ഉയർത്തുന്നു. മനോഹരമായ ഒരു വാങ്മയചിത്രം. പുറത്തൊരു ഭാണ്ഡവും കയ്യിലൊരു വടിയുമായി കാടുകളും ഗ്രാമങ്ങളും കടന്നു് നാടു ചുറ്റാനൊരു മോഹം. ദാക്ഷിണ്യമില്ലാതെ തന്നോടു തന്നെ ആലോചിക്കാനാവുക, പഴയതിലും അല്പം കൂടി ഉയർന്നു ചാടാനുള്ള മോഹങ്ങൾ, വേഷപ്പകർച്ചകൾ. മാനവരാശിയുടെ വെളിച്ചമാകാൻ ഓടി നടന്നൊരു സ്ത്രീ.

ഒരോ യാത്രകളിലും മടങ്ങിവരവുകളിലും അവരുടെ ചിന്താമണ്ഡലത്തിൽ സത്യത്തിന്റെ വിത്തുകൾ മുളച്ചു.

ഒരുക്കമുള്ള മണ്ണിൽ തന്നാലാവുന്നതു പോലെ അവരതു വിതച്ചു.

ഇനി വർത്തമാനകാലത്തിലോട്ടു വരാം. നീതിക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മുറവിളി എങ്ങുമുണ്ടു്. സോഷ്യൽ മീഡിയയിൽ ഒരു ചെറുപ്പക്കാരൻ ചോദിക്കുന്നു. പ്രതികൂലമായ എല്ലാ സാമൂഹ്യ അവസ്ഥകളെയും നിലനിർത്തിക്കൊണ്ടു തന്നെയല്ലേ നിങ്ങൾ അവയ്ക്കു വേണ്ടി വാദിക്കുന്നതു് എന്നു്. അയിത്തം നിലനിർത്തികൊണ്ടു് ജാതീയതക്കെതിരായും മനസ്സിന്റെ അതിരുകൾ ഭേദിക്കാതെ ദേശീയതക്കുവേണ്ടിയും സ്ത്രീയെ തുല്യയായി കാണാതെ സമത്വത്തിനു വേണ്ടിയും എന്തിനാണു് നിങ്ങൾ ശബ്ദമുയർത്തുന്നതു് എന്നു്?

ബഹുമാനവും ആദരവും തോന്നി ആ യുവാവിനോടു്. പെട്ടെന്നു് ഓർമ്മയിൽ വന്നതു് ആ ദൃശ്യമാണു് നൂറ്റാണ്ടുകളപ്പുറത്തു നിന്നും. ചിറകു വിരിച്ചു പറക്കാനൊരുങ്ങുന്ന പക്ഷി പോലെ ജനക്കൂട്ടം. അതിന്റെ കൊക്കായി അയാൾ—പാവേൽ വ്ലാസോവ് “പഴയ ലോകത്തോടു് വിട പറയാം പാദം കുടഞ്ഞതിൻ പൊടി കളയാം”

മകന്റെ കാരാഗൃഹവാസത്തിൽ അവന്റെ കൈകളാവുകയാണു് പിന്നീടുള്ള ജീവിതത്തിൽ നിലോവ്ന. ലഘുലേഖകളുമായി സഞ്ചരിക്കുമ്പോൾ ചാരന്മാരുടെ സംശയാസ്പദമായ നോട്ടത്തെ എത്ര സമർത്ഥമായിട്ടാണു് അവർ മറികടക്കുന്നതു്. ആന്തരികമായ ഉണർവാൽ ഭയത്തെ കുടഞ്ഞു കളയുന്നതു്. മഹാമാരിയുടെ ഇരുണ്ട നാളുകളിൽ ശൈശവം മുതൽ വാർദ്ധക്യം വരെയുള്ള ജീവിതാവസ്ഥകളിലൂടെ കടന്നു പോകുന്ന എല്ലാവരും ശീലമാക്കേണ്ട ഒന്നാണു് ഭയത്തിനെതിരായ സ്വയം പ്രതിരോധത്തിന്റെ ഈ നിലോവ്ന ടെക്നിക്. “ഇല്ലാ ഞാൻ ഒന്നിനെയും ഭയക്കുന്നില്ല. എന്നാലാവും വിധം ഞാൻ പ്രതിരോധിക്കും” നെറ്റിയിൽ അത്തരമൊരു മുദ്ര പേറുന്നതാണു് ആ അതിജീവനതന്ത്രം.

മാറ്റത്തിനായി കൊതിക്കുന്നൊരു ആന്തരികതലം സമൂഹത്തിൽ വിദഗ്ദ്ധമായി ഒളിഞ്ഞിരിപ്പുണ്ടു്. അനുകൂലമായോ പ്രതികൂലമായോ പോലും പ്രതികരിക്കാനാവാത്തവർ. ഞാനും കാഴ്ചകൾ കാണുന്നുണ്ടു്, കേൾക്കുന്നുണ്ടു്, അറിയുന്നുണ്ടു്, എഴുതണമെന്നുമുണ്ടു്. പക്ഷേ, സമൂഹം എന്തു വിചാരിക്കും? പലരും ചോദിക്കുന്നു. ഒരു വിരൽ തുമ്പാൽ അവരെ വലിയൊരു പ്രതലത്തിൽ അടയാളപ്പെടുത്താൻ വിസിബിലിറ്റിയുടെ പരിമിതികളിൽ മുഖം പൂഴ്ത്താതെ സ്വാതന്ത്ര്യം അനുഭവിപ്പിക്കാൻ സമയമായിരിക്കുന്നു. ഇവിടെയാണു് മാക്സിം ഗോർക്കിയുടെ പിലാഗേയ നിലോവ്ന എന്ന ആദർശവതിയായ ചരിത്രനായിക ഉത്തരവുമായെത്തുന്നതു്. അവർ പറയുന്നു.

“വൈകിയും പുഷ്പിക്കാം, ഒരിക്കൽ ആരായിരുന്നുവെന്നു് ഓർത്തെടുക്കുകയും ചെയ്യാം.” സമോവറിൽ നിന്നു് ചായ പകർന്നു തന്നു് ലോകത്തെ അവർ ഉണർത്തുകയാണു്.

വീണിടത്തു നിന്നും എഴുന്നേറ്റു് തങ്ങളുടെ തളർന്ന കാൽമുട്ടുകൾക്കു് ബലം കൊടുത്തു മുന്നോട്ടു് മാൻപേടയെ പോലെ കുതിക്കാൻ സ്നേഹവും സമരവും ഇഴചേർന്നോരു ജീവിതകാവ്യം അനുഭവിപ്പിച്ചുകൊണ്ടു്. പുനർവായനയിൽ നോവലിന്റെ മുഴുവൻ ഇതിവൃത്തത്തിന്റെ അന്തഃസത്ത ഉൾകൊള്ളുമ്പോഴും മനസ്സു് ബാല്യത്തിൽ വായിച്ച ആ വരികൾ ഓർത്തെടുത്തു.

“തറയിൽ ഈർപ്പമില്ലാതിരുന്നിട്ടും

അവർ മഴച്ചെരിപ്പു് ഇട്ടു

മഴക്കോളില്ലാഞ്ഞിട്ടും കുടയുള്ളവർ

കുടയെടുത്തു.”

അദ്ധ്വാനത്തിനു ശേഷം വിശ്രമം. കായികമായ അടിമത്തത്തെ വെല്ലുന്ന മനസ്സിന്റെ തുറവി. “നമുക്കെല്ലാവർക്കും ഒരേ കൈകൾ ആണുള്ളതു്, ഞങ്ങളുടേതു് അമർത്തിയും ബലം കൊടുത്തും ഉപയോഗിക്കപ്പെടുന്നു” എന്നു് ഒരിക്കൽ എനിക്കു പറഞ്ഞുതന്നയാളെ ഞാൻ അപ്പോൾ ഓർത്തു. പുസ്തകം മടക്കി വച്ചു ഞാനും ആത്മാവിൽ ആനന്ദിച്ചു.

റോസ്സ് ജോര്‍ജ്ജ്
images/rosegeorge.jpg

1972-ല്‍ കോട്ടയം ജില്ലയില്‍ ജനനം. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാംപസിൽനിന്നും പൊളിറ്റിക്കല്‍ സയന്‍സിൽ എംഫില്‍. ഏറെ നാളത്തെ വിദേശവാസത്തിനും അധ്യാപനത്തിനും ശേഷം ഇപ്പോള്‍ കൊച്ചിയില്‍ സ്ഥിരതാമസം. Bitter Almonds എന്ന English സമാഹാരത്തില്‍ കഥയെഴുതി മഹാമാരിക്കാലത്തു് ഇഷ്ടമേഖലയിലേയ്ക്കു് പ്രവേശം. വായനയും സാഹിത്യവും എഴുത്തും ഏറെ പ്രിയം.

ഭര്‍ത്താവു്: ജോര്‍ജ്ജ് മാത്യു

മക്കൾ: മാരിബെല്‍, ഇസബെല്‍

Colophon

Title: Pilageya Nilavna—Thozhilaliyude Vidhava (ml: പിലാഗേയ നിലോവ്ന—തൊഴിലാളിയുടെ വിധവ).

Author(s): Rose George.

First publication details: Sayahna Foundation; Trivandrum, Kerala; 2021-05-29.

Deafult language: ml, Malayalam.

Keywords: Article, Rose George, Pilageya Nilavna—Thozhilaliyude Vidhava, റോസ്സ് ജോര്‍ജ്ജ്, പിലാഗേയ നിലോവ്ന—തൊഴിലാളിയുടെ വിധവ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 13, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Old Woman: The Artist’s Mother, a painting by Rembrandt (1606–1669). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.