ബിജു ഓടുകയാണു്, അതിവേഗത്തിൽ. തനിക്കപരിചിതമായ വഴികളിലൂടെ. ചരലുകൾ ചിതറിക്കിടക്കുന്ന പരുക്കൻ ചെമ്മൺപാതയിലൂടെ, പായൽ പറ്റിപ്പിടിച്ച മതിലുകൾക്കിടയിൽ ഞെരുങ്ങിക്കിടക്കുന്ന ഊടുവഴികളിലൂടെ, തൊട്ടാവാടികൾ നിറഞ്ഞുനില്ക്കുന്ന വെളിമ്പ്രദേശത്തൂടെ. എവിടേക്കാണിത്ര വേഗത്തിലെന്നു് ചോദിച്ചുകൊണ്ടു്, തൊട്ടാവാടി മുള്ളുകൾ അവന്റെ കാലുകളിൽ കൊളുത്തിപ്പിടിക്കാനൊരു ശ്രമം നടത്തി. അരികിലൂടെ പാഞ്ഞോടിപ്പോയപ്പോൾ ചേമ്പിലകളവനെ തലതിരിച്ചു നോക്കി. ശ്വാസം നിലച്ചുപോകുമെന്നു തോന്നുന്നുണ്ടവനു്. എവിടെയെങ്കിലും ഒന്നിരിക്കണം. ഒന്നണയ്ക്കണം. നെഞ്ചു് ശ്വാസം കിട്ടാതെ പിടയുന്നു. കാലിലെവിടെയൊക്കെയോ നീറ്റലറിയുന്നുണ്ടു്. ചോര തെളിഞ്ഞു വരുന്നുണ്ടാവും. മുറിവുകളിലേക്കു് നോക്കാൻ സമയമില്ല. ഒരു കഴപ്പു്, ഉപ്പൂറ്റി മുതൽ കാൽമുട്ടു വരെ പിടിച്ചുകയറി വന്നു. പൊന്തക്കാട്ടിൽ നിന്നെത്തിനോക്കുന്ന സർപ്പം പോലെ ഒരു വിയർപ്പുത്തുള്ളി അവന്റെ കൃതാവിനരികിലൂടെ പുറത്തേക്കിഴഞ്ഞിറങ്ങി. കനാലിനരികിലൂടെ അവനോടി. ദിക്കോ ദിശയോ അറിയാനാവുന്നില്ല. രക്ഷപ്പെടണം. എങ്ങനെയെങ്കിലുമിവിടെ നിന്നു്… രഘു എവിടെ? അവനെ കാണുന്നില്ല. കുറച്ചു് മുൻപു് വരെ അവൻ പിന്നിലുണ്ടായിരുന്നു… പിന്നിലേക്കൊന്നു് നോക്കാൻ പോലും സമയമില്ല. ബിജു ഓട്ടം തുടർന്നു.
ഏകദേശം ഒരാഴ്ച്ച മുൻപു്.
“ടാ… ഞാനന്നൊരു കാര്യം പറഞ്ഞില്ലെ…?” താത്പര്യം പ്രകടിപ്പിക്കാത്ത മട്ടിലാണു് രഘു പറഞ്ഞതു്.
മുന്നിലിരിക്കുന്ന, കരിപിടിച്ച ചെറിയ മണ്ണെണ്ണ വിളക്കിൽ നിന്നും കറുത്തപുകച്ചുരുളുകൾ ഇണചേർന്ന സർപ്പങ്ങളെ പോലെ മുകളിലേക്കു് പുളഞ്ഞുയർന്നു് ഇരുട്ടിൽ അപ്രത്യക്ഷമായി.
“എന്തു് കാര്യം?” ബിജുവിനു രഘുവെന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല.
“ടാ, പതുക്കെ പറയെടാ… ഞാനന്നു് പറഞ്ഞില്ലെ?… കൊറച്ചു് ദൂരെയൊരടത്തു് പോണ കാര്യം…”
“ഏതു? ആ പെണ്ണിനെ കാണാൻ പോണ…” പറയുമ്പോൾ ബിജുവിന്റെ കണ്ണുകൾ വിളക്കിന്റെ തീനാളം പോലെ തെളിഞ്ഞു.
“ങാ… അതു് തന്നെ… നീയൊന്നു് പതുക്കെ പറ…”
കടയുടെ ചുറ്റിലുമായി നിറഞ്ഞുനില്ക്കുന്ന ഇരുട്ടിലേക്കു് നോക്കിക്കൊണ്ടു് രഘു ശബ്ദംതാഴ്ത്തി താക്കീതു് ചെയ്തു.
രഘുവിന്റെ അപ്പന്റേതാണാ പഴയ പലചരക്കു കട. ഇരുപത്തിയഞ്ചു് വർഷത്തിലധികമായി ആ കട റെയിൽ പാളത്തിനടുത്തായി കൂനിപ്പിടിച്ചു നില്പ്പുണ്ടു്. അസംഖ്യം ട്രെയിനുകളുടെ ഹോണുകളും കിതപ്പും മുരൾച്ചയുമൊക്കെ കേട്ടുപഴകിയ കട. പാളത്തിലൂടെ ട്രെയിനുകൾ കുതിച്ചുപായുമ്പോൾ, പ്രായാധിക്യം കാരണം അതു് നിന്നു് ചെറുതായി വിറയ്ക്കും. ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമെ വേലായുധേട്ടൻ കടയിൽ വന്നിരിക്കാറുള്ളൂ. വലിയ കൺസ്യൂമർസ്റ്റോറുകൾ വരികയും, രാത്രികളിൽ പവർ കട്ടു് ഏർപ്പെടുത്തുകയും ചെയ്തപ്പോൾ, സ്വാഭാവികമായി ആ പഴയ കടയിൽ കച്ചവടം കുറഞ്ഞു. പതിവുകാർ പോലും വലിയ സ്റ്റോറുകളിലേക്കു് പോയിത്തുടങ്ങി. അതിലയാൾക്കു് ചെറുതല്ലാത്ത ആധിയുണ്ടു്. രഘുവും ബിജുവും കുഞ്ഞുനാള് മുതൽക്കെ കളിച്ചു വളർന്നവരാണു്. കൗമാരപ്രായമായപ്പോഴേക്കും അവർ ആരാലോ മുൻകൂട്ടിയെഴുതപ്പെട്ട ജീവിതതിരക്കഥയനുസരിച്ചു് രണ്ടു വഴികളിലേക്കു് നടന്നുതുടങ്ങിയിരുന്നു. എങ്കിലും അവർക്കിടയിലുള്ള സൗഹൃദബന്ധം കമ്പിയില്ലാകമ്പി പോലെ തുടരുക തന്നെ ചെയ്തു. പുതിയ പുതിയ കാര്യങ്ങളറിയുന്നതിൽ സ്വാഭാവികമായ താത്പര്യം ഉണ്ടാവുന്നതിനിടയിലാണു് തങ്ങൾ ഇതുവരേയും അനുഭവിക്കാത്തതും, അറിവു സമ്പാദിക്കാത്തതുമായ ചില ജീവിതവിഷയങ്ങളുണ്ടെന്നു് മനസ്സിലാക്കിയതു്. കണക്കിലെ കുഴഞ്ഞ പ്രശ്നങ്ങളും, ജീവശാസ്ത്രത്തിലെ ശാസ്ത്രീയനാമങ്ങളും പത്താം ക്ലാസ്സ് കഴിഞ്ഞു് തുടർന്നു പഠിക്കാൻ വിലക്കിയെങ്കിലും, രഘുവിനതിൽ അശേഷം വിഷമം തോന്നിയില്ല. അപ്പന്റെ കടയുണ്ടു്. അതിനി നടത്തിക്കൊണ്ടു് പോകേണ്ടതു് താൻ തന്നെ. അതാണവന്റെ ആത്മവിശ്വാസം. ബിജു കുറച്ചകലെയുള്ള കോളേജിലേക്കു് പഠിക്കാൻ പോയിത്തുടങ്ങിയിരുന്നു. കൂടെയുള്ള സുഹൃത്തുക്കൾ തങ്ങളുടെ പ്രേമബന്ധങ്ങളെക്കുറിച്ചു് പറയുമ്പോൾ, സ്ത്രീവിഷയങ്ങളിൽ അവർക്കുള്ള അവഗാഹം പങ്കുവെച്ചപ്പോൾ, തനിക്കു മാത്രമെന്തേ അതിനൊരു ഭാഗ്യമുണ്ടാകുന്നില്ല എന്നോർത്തവൻ നഖം കടിച്ചു. രാത്രികളിൽ മുറിക്കുള്ളിലേക്കു് നിലാവിനോടൊപ്പം അനാവശ്യചിന്തകളും കയറിവരുന്നുണ്ടോ എന്നവനു് സംശയമായി. ജീവിതത്തിലെ സുവർണ്ണനിമിഷങ്ങൾ വെറുതെ പാഴാക്കിക്കളയുകയാണെന്നു് സുഹൃത്തുക്കൾ നിരന്തരം പറഞ്ഞുകേൾപ്പിച്ചപ്പോൾ, തനിക്കു് ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം താൻ കരുതുന്നതിലുമെത്രയോ അധികമാണെന്നവനു് തോന്നിത്തുടങ്ങി.
ഇരുട്ടിൽ, മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം സാക്ഷിയാക്കി രഘു ബിജുവിനോടു് ആ വിശേഷവാർത്ത വിശദമായി പങ്കുവെച്ചു. താൻ സ്വപ്നം കണ്ടിരുന്ന സുഖങ്ങൾ രഘു ഏതാനും ദിവസങ്ങൾക്കു് മുൻപു് അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന സത്യം! എല്ലാം കേട്ടു കഴിഞ്ഞപ്പോൾ രഘുവിനോടു് കടുത്ത അസൂയയാണു് ബിജുവിനു് തോന്നിയതു്.
ഒരു നിമിഷം നിരാശയോടെ മുഖം കുനിച്ചു് നിന്ന ശേഷം കുറ്റപ്പെടുത്തുന്ന സ്വരത്തിൽ ബിജു ചോദിച്ചു,
“ഇങ്ങനെ ഒരു സംഭവം നടന്നിട്ടു്… നീ ഇപ്പഴാണോടാ എന്നോടു് പറയുന്നതു?”
“അതെങ്ങനെയാ? നീ പഠിക്കാൻ പോയിട്ടു് വരുമ്പോ നേരം താമസിക്കില്ലെ?”
പഠിക്കാൻ പോകുന്നതു് കൊണ്ടു് ഇതാ ജീവിതത്തിൽ ഒരു വലിയ നഷ്ടം സംഭവിച്ചിരിക്കുന്നു.
നഷ്ടബോധം നിറഞ്ഞ ആ ചിന്ത ഉപേക്ഷിക്കാനെന്ന മട്ടിലവൻ തല കുടഞ്ഞു.
“ഇതു് പറ, നിന്നോടാരാ ആ സ്ഥലത്തെ പറ്റി പറഞ്ഞതു?”
“ങാ!! അതൊന്നും നീ അറിയണ്ട! നിനക്കു് പോകണോന്നുണ്ടെ പറ. ഞാൻ കൊണ്ടു പോകാം”
ആ ഒരു വാഗ്ദാനത്തിനു് ഉടനൊരുത്തരം കൊടുക്കാൻ ബിജുവിനു കഴിഞ്ഞില്ല.
“അതു് പിന്നെ… ആരെങ്കിലും അറിഞ്ഞാ…”
“എങ്ങനെയറിയാൻ? ഇപ്പോൾ തന്നെ… ഞാൻ പോയ കാര്യം നീയറിഞ്ഞാ?”
“അല്ല… പോലീസോ മറ്റോ…”
അപ്പോൾ പോകുന്നതിൽ ഒരു വിരോധമൊന്നുമില്ല അവനു്. ഭയമാണു് പ്രശ്നം. രഘു ബിജുവിനെ സൂക്ഷിച്ചു നോക്കി. “എന്തു് പോലീസ്?… ഒരു പ്രശ്നവുമില്ല… നീ വിചാരിക്കുന്ന പോലെയല്ല… കൊറച്ചു് ദൂരെയാ… ഒരു കുഞ്ഞു പോലും അറിയാൻ പോണില്ല… ഒരു കാര്യം ചെയ്യാം, ഈ വരുന്ന… വെള്ളിയാഴ്ച്ച… അല്ല… ശനിയാഴ്ച്ച പോകാം. എന്താ?”
ഇത്ര പെട്ടെന്നു് പോകണോ? രഘു കൂടെയുള്ളപ്പോൾ ശരിക്കും ഒന്നിനേയും പേടിക്കേണ്ട കാര്യമില്ല. അവനു് നല്ല തടിമിടുക്കുണ്ടു്. ഏതൊരാളോടും എന്തും പറഞ്ഞു നില്ക്കാൻ അവനറിയാം. അവന്റെ നാവിൽ കൃത്യസമയത്തു് ശരിയായ വാക്കുകൾ വരും. തനിക്കാ സിദ്ധിയില്ല. മാത്രവുമല്ല, അവനു് ലോകപരിചയം കൂടുതലുണ്ടു്. എത്ര പേരെയാണു് ദിവസവും കാണുന്നതും, സംസാരിക്കുന്നതും.
“എന്റെ അമ്മ ഇതു് വല്ലതും അറിഞ്ഞാ…” എന്തോ ചില അരുതായ്മകൾ താൻ ചെയ്യാൻ പോകുകയാണു്. വീണ്ടുവിചാരങ്ങൾ ചിന്തകളെ ചവിട്ടിപ്പിടിച്ചു വെയ്ക്കുന്നതു പോലെ.
“ഹോ! നിന്നെ കൊണ്ടു് തോറ്റു. നിന്റെ അമ്മ ഇതെങ്ങനെ അറിയാനാണു്?! ഇതൊക്കെ ചെറിയ കാര്യമല്ലെ? എല്ലാരുടെ ജീവിതത്തിലും ഇതൊക്കെ ഉണ്ടാവും”
അടുത്ത നിമിഷം രഘു തികഞ്ഞ ഉപദേശിയായി.
ബിജുവിന്റെ സംശയം നിറഞ്ഞ നോട്ടം കണ്ടു് അവൻ ചോദിച്ചു,
“നിനക്കു് നമ്മുടെ ശശിയെ അറിയാവോ?”
“ങെ… ഏതു? … ആ കുള്ളൻ ശശിയാ?”
“അവൻ കുള്ളനൊന്നുമല്ല… നീയാ കുള്ളൻ! അവനീ കാര്യത്തിൽ ജഗജില്ലിയാ… അറിയോ?”
“പക്ഷേ,…അവനെ കണ്ടാൽ ഒന്നും തോന്നൂല്ലല്ലോ…”
“ഇതെങ്ങനെയാടാ കണ്ടാൽ തോന്നുന്നെ!… നിനക്കു് വേണ്ടെങ്കി വേണ്ട… വിട്ടേക്കു്”
“ടാ… ഞാൻ വീട്ടീന്നു് എന്തു് പറഞ്ഞു് ഇറങ്ങും?”
“അതു് പിന്നെ… സിനിമ കാണാനെന്നും പറഞ്ഞു് ഇറങ്ങു്… ഒരു സൂപ്പർ പടം വന്നിട്ടുണ്ടു്… ഞാൻ കണ്ടതാ… നീ അതു് കാണാനാണെന്നും പറഞ്ഞു് ഇറങ്ങിക്കോ… കഥയൊക്കെ ഞാൻ പറഞ്ഞു് തരാം”
“ഉം…”
താൻ വില കുറച്ചു കണ്ടിരുന്ന കുള്ളൻ ശശി ഇതാ തന്നെ തോൽപ്പിച്ചിരിക്കുന്നു! താനോ? ഇപ്പോഴും സ്വപ്നങ്ങളുടെ കുളത്തിൽ മുങ്ങിക്കിടക്കുന്നു. എന്നാലിതാ, അന്വേഷിച്ചതു് പോലുമില്ല ആഗ്രഹിച്ചതേയുള്ളൂ അവസരം മുന്നിൽ വന്നു് കൈനീട്ടി നില്ക്കുന്നു!
അന്നു് രാത്രി ബിജുവിനെ ചിന്തകൾ ഉറങ്ങാനനുവദിച്ചില്ല. കല്ലേറു് കൊണ്ട തേനീച്ചക്കൂടു് പോലെയായി മനസ്സു്.
എങ്ങനെ അമ്മയോടു് കള്ളം പറയും?
പോയിവരാനെത്ര സമയമെടുക്കും?
കാണാൻ…എങ്ങനെയുണ്ടാവും?
കാണുമ്പോൾ… എന്തൊക്കെ… എവിടെയൊക്കെ… എങ്ങനെയൊക്കെ…
സ്വയം ചോദിച്ച ചോദ്യങ്ങൾക്കിടയിൽ കിടന്നു് ബിജു ഉറങ്ങി പോയി.
ഉണർന്നെഴുന്നേറ്റപ്പോഴും ചിന്തകൾ ബിജുവിനെ പിന്തുടർന്നു.

കൃത്യമായി സ്ഥലമെവിടെയെന്നു് രഘു പറഞ്ഞിട്ടില്ലെങ്കിലും ബസ്സിൽ പോകണമെന്നല്ലെ പറഞ്ഞതു? അപ്പോൾ കുറച്ചകലെയാണു്. അതേതായാലും നന്നായി. ഇവിടെ താൻ മര്യാദാപുരുഷോത്തമനാണു്. അനാവശ്യമായി ഒരു വാക്കു് പോലും ആരോടും സംസാരിക്കാത്തവനാണു്. അമ്മയ്ക്കു് മുന്നിൽ എല്ലാ നന്മകളുടെയും ആൾരൂപമാണു്. നല്ല അനുസരണയുള്ള മകനാണു്. ഒരേയൊരു സന്തതി… അവസാനചിന്ത മാത്രം ബിജുവിന്റെ ഉള്ളിൽ ഒരു ചൂണ്ടക്കൊളുത്തു് പോലെ ഉടക്കി. സകല പ്രതീക്ഷകളോടുമാണു് അമ്മ വളർത്തുന്നതു്. വീടിന്റെ നെടുംതൂൺ ആവേണ്ടവൻ. അച്ഛന്റെ മരണം, എല്ലാ ഉത്തരവാദിത്വവും തന്റെ ചുമലിലേക്കാണു് എടുത്തു വെച്ചതു്. പക്ഷേ,… അതെല്ലാം എന്തിനു് ഇതുമായി കൂട്ടിക്കുഴയ്ക്കണം? ഇതു് വെറുമൊരു നേരമ്പോക്കു്. അല്ലെങ്കിൽ തന്നെ ഈയൊരു കാര്യം ചെയ്യാനാഗ്രഹിക്കുന്ന ലോകത്തിലെ ആദ്യത്തെ ആളൊന്നുമല്ലല്ലോ താൻ. ആഗ്രഹങ്ങൾ ആത്മനിയന്ത്രണങ്ങളുടെ കെട്ടു് വിട്ടു പായുമ്പോൾ, അരുതെന്നു് മനസ്സു് പറയുന്നതിനൊക്കെയും തന്റേതായ ന്യായവാദങ്ങൾ കൊണ്ടു് മൂടുക—ഏതൊരു സാധാരണക്കാരനെ പോലെയും അവനുമതിനു തുടർച്ചയായി ശ്രമിച്ചു കൊണ്ടിരുന്നു. താൻ ചിന്തിക്കുന്നതും, പ്രവർത്തിക്കുന്നതും തികച്ചും സ്വാഭാവികം. ഈ പ്രായത്തിൽ ചെയ്യേണ്ടതൊക്കെയും ഈ പ്രായത്തിൽ തന്നെ ചെയ്യണം.
നിസ്സാരമായൊരു നുണ. ഒരു സിനിമ കാണാൻ പോകുന്നു. അവിടെ അടുത്തൊരു സുഹൃത്തുണ്ടു്. അവന്റെ വീട്ടിലുമൊന്നു് പോകണം. തിരികെ വരുമ്പോൾ കുറച്ചു് വൈകും. കണ്ണാടിയുടെ മുന്നിൽ ചെന്നു് നിന്നു് രണ്ടു് വട്ടം പറഞ്ഞു നോക്കി. പിന്നീടു് ആത്മവിശ്വാസത്തോടെ അമ്മയുടെ മുന്നിൽ ചെന്നു് നിന്നു് പറഞ്ഞു ഫലിപ്പിച്ചപ്പോൾ ആശ്വാസമായി.
ശനിയാഴ്ച്ച.
പറഞ്ഞയിടത്തു് ബസ്സിറങ്ങിയപ്പോൾ, അടുത്തുള്ള പീടികയുടെ മുന്നിൽ തന്നെ രഘു ഒരു പോസ്റ്റിൽ ചാരി നിൽക്കുന്നതു് ബിജു കണ്ടു. ഒന്നിച്ചു് പോകുന്നതു് ബുദ്ധിയല്ല എന്നു് പറഞ്ഞതു് രഘുവാണു്. ബുദ്ധിമാൻ. അവന്റെ കൃത്യനിഷ്ഠ അത്ഭുതപ്പെടുത്തുന്നില്ല. അവൻ വാക്കു് പറഞ്ഞാൽ വാക്കാണു്. അവനെ വിശ്വസിക്കാം. എങ്കിലും ചെറിയൊരു ഭയം ഇല്ലാതില്ല. അതുപക്ഷേ, പുറത്തു് കാട്ടാൻ പാടില്ല. തന്റെ മൂക്കിനു താഴെയും കറുത്ത രോമങ്ങളുണ്ടു്. ജീവിതത്തിൽ എന്നെന്നും ഓർത്തോർത്തു് ആസ്വദിക്കാനുള്ള ദിവസമാണു്.
രണ്ടു് വട്ടം ഓട്ടോ മാറി കയറി. അതൊക്കെയും, ആരും തങ്ങൾ എവിടെ പോകുന്നതെന്നു് അറിയാതിരിക്കാനുള്ള വിദ്യയെന്നാണു് രഘു പറഞ്ഞതു്. രഘുവിന്റെ ഗൂഢപദ്ധതിയുടെ ഭാഗം. സ്ഥലമെത്തിയപ്പോൾ രഘു ഇറങ്ങി മുന്നിൽ നടന്നു. ബിജു പിന്നാലെയും. അത്ര ചൂടുള്ള ദിവസമല്ല. പക്ഷേ, വിയർക്കുന്നു. അവൻ ചുറ്റിലും നോക്കിക്കൊണ്ടിരുന്നു. ഈ പ്രദേശത്തെക്കുറിച്ചു് കേട്ടിട്ടുണ്ടെങ്കിലും, ഇതാദ്യമായാണു് വരുന്നതു്. ഒന്നോ രണ്ടോ ഓട്ടോറിക്ഷകൾ, സൈക്കിളുകൾ അവരെയും കടന്നു പോയി. ജവുളി കടകൾ, ചായപീടികകൾ, ഒരു മില്ല്, ചെറിയൊരു പച്ചക്കറിക്കട… പട്ടണമാവാൻ കൊതിച്ചു നില്ക്കുന്നൊരു ഗ്രാമപ്രദേശമെന്നു് ഒറ്റ നോട്ടത്തിൽ തോന്നും. കുറച്ചു് നടന്നു് അവർ വീതി കുറഞ്ഞൊരു വഴിയിലേക്കു് കയറി. അല്പദൂരം കഴിഞ്ഞപ്പോൾ ആ വഴിയും ചെറുതായി. പിന്നീടതു്, ടാറ് സ്വപ്നം കണ്ടു് കിടക്കുന്ന ചെമ്മൺപാതയായി. അവിടെ നിന്നു് മറ്റൊരു വഴിയിലേക്കു്. ഇപ്പോൾ ഒന്നോ രണ്ടോ പേർക്കു് നടക്കാവുന്ന വീതി മാത്രമേയുള്ളൂ. ഇരുവശത്തും പറമ്പു്. തെങ്ങിൻത്തോപ്പാണു്. കൈലിയുടുത്ത ഒന്നു രണ്ടു ചെറുപ്പക്കാർ അവരെയും കടന്നു പോയി. അതിലൊരുവൻ തന്നെ തുറിച്ചു് നോക്കിയോ? ബിജുവിനു സംശയമായി.
രഘു പറഞ്ഞിടം എവിടെയാണു്? ബിജുവിനു് ആകാംക്ഷ അടക്കാനായില്ല. രഘുവാണങ്കിൽ ഒന്നും സംസാരിക്കാതെ പോവുകയാണു്. അവന്റെയൊപ്പമെത്താൻ ബിജുവിനു് പതിയെ ഓടേണ്ടി വന്നു.
“എടാ ഇനി എത്ര ദൂരമുണ്ടു്?”
“നീ വാ…”
പാത ഉപേക്ഷിച്ചു് അവർ ഒരു പറമ്പിലേക്കു് കയറി. അതിരടയാളമായി നാട്ടിയ കല്ലുകൾ. മുട്ടോളം പൊക്കത്തിൽ കുറ്റിച്ചെടികൾ, കാട്ടുചെമ്പരത്തികൾ, ഉറക്കം തൂങ്ങുന്ന ചേമ്പിലകൾ. ദൂരെയായി പാടം കാണാം. കാറ്റിന്റെ തഴുകലിൽ അലയിളകുന്ന പച്ചക്കടൽ. പറമ്പു് മുഴുവനും തൊട്ടാവാടിച്ചെടികളുണ്ടായിരുന്നു. കാറ്റിൽ തലയാട്ടിക്കളിക്കുന്ന ചെറിയ വയലറ്റ് പൂക്കൾ. തൊട്ടാവാടിയുടെതാവാം, ഏതോ ചെടിയുടെ മുള്ളുകൾ ബിജുവിന്റെ കാലിലുരസുകയും പോറലുണ്ടാവുകയും ചെയ്തു.
“ഇവിടെ മുഴുവനും മുള്ളാണല്ലൊ…” അതും പറഞ്ഞു് ബിജു നിന്നു. അവൻ പിന്നിലേക്കു് കാലു് മടക്കി തല കുനിച്ചു നോക്കി. ചെറുതായി ചോര പൊടിഞ്ഞിരിക്കുന്നു.
“ആഹാ! ചോര വന്നല്ലൊ! നല്ല ശകുനം. അപ്പോളെല്ലാം നന്നാവും. ഇനി നീ ഒന്നും പേടിക്കണ്ട!” അതു് കണ്ടു് രഘു പറഞ്ഞു.
എന്തു പേടി? മുഖത്തു് പേടിയുടെ ഭാവമുണ്ടോ? ഈർഷ്യ പുറമെ കാട്ടാതെ രഘുവിന്റെ പിന്നാലെ നടന്നു. ഇതുവരെ ആയില്ലേ. ഇനി ചിലപ്പോൾ കുറച്ചു് ദൂരം കൂടിയേ ഉണ്ടാവൂ.
ചെന്നു നിന്നതു് ഒരു ഓടിട്ട വീടിനു മുന്നിലാണു്. പായലുപിടിച്ച മതിലുകൾ വീടിനെ വളഞ്ഞുനിൽപ്പുണ്ടു്. ഉയരത്തിൽ നിന്നും നോക്കിയാൽ ഒരുപക്ഷേ, ആ മതിൽ, വീടിനെ ചുറ്റിവരിഞ്ഞുകിടക്കുന്നൊരു പാമ്പു് പോലെ തോന്നുമായിരിക്കും. ഒരപരിചിതന്റെ മുന്നിൽ ചെന്നു് പെട്ടതു് പോലെ ആ വീടിനെ നോക്കി നിന്ന ബിജുവിനെ രഘു കൈയ്യിൽ പിടിച്ചുകൊണ്ടു വന്നു് അടഞ്ഞുകിടന്ന മുൻവാതിലിനു് മുന്നിൽ നിർത്തി. നിറം മങ്ങിയ തടിവാതിലിൽ പതിയെ രണ്ടു് മുട്ടു്. അല്പനേരം കഴിഞ്ഞു് അകത്തു നിന്നും ആരോ നടന്നുവരുന്ന പതിഞ്ഞ ശബ്ദം കേട്ടു. പാതി തുറന്ന വാതിലിനിടയിലൂടെ ഒരു വയസ്സന്റെ മുഖം കണ്ടു. ക്ഷൗരം ചെയ്യാത്ത മുഖം. ഒട്ടിയ കവിളുകൾ. കണ്ണുകൾക്കു് താഴെയായി വീർത്ത സഞ്ചികൾ. നരച്ച താടി രോമങ്ങൾ അലസമായി തടവിക്കൊണ്ടയാൾ രണ്ടു പേരെയും നോക്കി. കണ്ണു് കൊണ്ടൊരു കണക്കുകൂട്ടൽ. ബിജുവിനു് താൻ ഒരു നിമിഷം കൊണ്ടു് വിവസ്ത്രനായതു പോലെ തോന്നി. ഒരു സ്വാഭാവിക പ്രതികരണം പോലെ ബിജു രഘുവിന്റെ പിന്നിലേക്കു് ഒതുങ്ങി. ഇയാളുടെ കണ്ണുകളും നോട്ടവും ശരിയല്ല. ഏതോ മൃഗത്തിന്റെ രൂപമാണയാൾക്കു്. ഏതു് മൃഗമാണിതു?
“മനസ്സിലായില്ലെ…?” രഘു ശബ്ദം താഴ്ത്തി ചോദിച്ചു.
“ഉം…” ഒരു വരണ്ട മൂളൽ ശബ്ദം.
“ഇതാണു് ഞാൻ പറഞ്ഞ…” രഘു തുടർന്നു.
“ഉം ഉം…” ഈ പ്രാവശ്യം മൂളലിനൊരു പ്രത്യേക താളമുണ്ടായിരുന്നു.
“കൊണ്ടു വന്നിട്ടുണ്ടൊ?” അപ്പോൾ രൂപത്തിനു സംസാരിക്കാനറിയാം. ബിജു അയാളിൽ നിന്നും കണ്ണെടുത്തു് ചുറ്റും നോക്കി. ഒരു വല്ലാത്ത പ്രദേശം. ദൂരെയെവിടെയോ ഒരു ഉപ്പൻ പതിവു ചോദ്യം ഉറക്കെ ചോദിക്കുന്നതു് കേട്ടു. ബിജുവിനു് ഒരുപാടു് ചോദ്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു.
എന്തു പ്രായം വരും?
വല്ല അസുഖവും വരുമോ?
പക്ഷേ, അതൊക്കെയും നേരത്തെ ചോദിക്കേണ്ട ചോദ്യങ്ങളായിരുന്നു. ഇനിയിപ്പോൾ സമയമില്ല.
സഞ്ചി തൂക്കിയിട്ട കണ്ണുകൾ ചുറ്റും ആരേയോ പരതി. എന്നിട്ടയാൾ ഒരു വശത്തേക്കു് വഴിമാറി. ബിജുവിനു് ചെരിപ്പു് പുറത്തു് ഊരിയിടണോ വേണ്ടയോ എന്നു സംശയമായി.
“ചെരുപ്പൂരണ്ട” രഘു പതിയെ പറഞ്ഞതു് കേട്ടു.
ബിജുവും രഘുവും അകത്തേക്കു് കയറിയതും ശബ്ദമുണ്ടാക്കാതെ അയാൾ വാതിലടച്ചു.
കാഴ്ച്ച തെളിയാൻ സമയമെടുത്തു. വോൾട്ടേജ് കുറഞ്ഞ ഒരു ബൾബ്ബ്, മുറിയുടെ നടുവിലായി ആത്മഹത്യ ചെയ്തവനെ പോലെ തൂങ്ങിക്കിടക്കുന്നു. കുമ്മായമിളകി തുടങ്ങിയ ചുവരുകൾ. ഒരു മൂലയിലായി തറയിൽ ചുളിവു നിറഞ്ഞ ഒരു പഞ്ഞിമെത്ത, ഒരു ചെറിയ മേശ. അതിനു് മുന്നിലായി ഒരു കസേര. അതിലൊരു മുഷിഞ്ഞ തോർത്തു്. മുറിയുടെ മൂലയിലായി ഒരു പായ ചുരുട്ടി വെച്ചിരിക്കുന്നു. ഇയാൾ സദാ സമയവും ഉറക്കമായിരിക്കും. ആ മെത്ത കണ്ടാലറിയാം, ഇപ്പോൾ കിടപ്പിൽ നിന്നെഴുന്നേറ്റു് വന്നതേയുള്ളൂവെന്നു്. തൊട്ടു നോക്കിയാലറിയാം, അതിൽ ചൂടുണ്ടാവും. ബിജു അയാളെ നോക്കി. മെലിഞ്ഞു് അല്പം കൂനിപ്പിടിച്ച ദുർബ്ബലമായ ശരീരം. ഒരു മുഷിഞ്ഞ കൈലി മാത്രമാണു് വേഷം. എഴുന്നു് നില്ക്കുന്ന നരച്ച രോമം നിറഞ്ഞ കുഴിഞ്ഞ നെഞ്ചു്. കഷണ്ടി കയറിയ ശിരസ്സു്.
രഘു ചോദ്യഭാവത്തിൽ അയാളെ നോക്കി. ഒരു മുറിയുടെ ചാരിക്കിടന്ന തടിവാതിലിലേക്കു് അയാൾ താടിയുയർത്തി കാണിച്ചു. രഘു ബിജുവിനോടു് കണ്ണു കൊണ്ടു് “അങ്ങോട്ടു് പൊയ്ക്കോളൂ” എന്നാംഗ്യം കാണിച്ചു.
ഇതാണു് താൻ കാത്തിരുന്ന സ്വപ്നമുഹൂർത്തം. എന്നാൽ കാലുകൾ ചലിക്കുന്നില്ല. കൈകളിൽ തണുപ്പു് പടർന്നിരിക്കുന്നു. തല ശൂന്യമായിരിക്കുന്നു. ചിലപ്പോൾ താനീ കാണുന്നതു് മുഴുക്കേയും സ്വപ്നമായിരിക്കും. കണ്ണു് തുറക്കരുതു്. ഉണർന്നാൽ ഈ സ്വപ്നം മുഴുക്കെയും ഉടഞ്ഞു ചിതറും. വീണ്ടും തന്റെ കിടക്കയിൽ… വലത്തേക്കു് തല ചെരിച്ചു നോക്കിയാൽ ഒരു പാളി തുറന്നിട്ടിരിക്കുന്ന ജനൽ… അല്ല, ഇതൊന്നും സ്വപ്നമല്ല. ഇതാണു് യാഥാർത്ഥ്യം. എത്രയോ ദൂരം സഞ്ചരിച്ചു്, എത്രയോ പേരുടെ കണ്ണു് വെട്ടിച്ചു് വന്നു്, കുമ്മായമിളകി വീഴുന്ന ചുവരുകളുള്ള ഒരു വീടിനുള്ളിനാണു് താനിപ്പോൾ.
രഘു വീണ്ടും ബിജുവിനെ കണ്ണു കാണിച്ചു. വയസ്സൻ അതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ ശബ്ദമുണ്ടാക്കാതെ നടന്നു പോയി തറയിലിട്ടിരുന്ന പഞ്ഞിമെത്തയിൽ ചുരുണ്ടു് കിടപ്പായി. അത്രയും സമാധാനം. അയാളുടെ സാന്നിധ്യം തന്നെ ഒരു വല്ലാത്ത അറപ്പുണ്ടാക്കിയിരുന്നു. താൻ രഘുവിനു കൊടുത്ത പണമെപ്പോഴാണവൻ അയാൾക്കു് കൊടുത്തതു? അതു് ശ്രദ്ധയിൽ പെട്ടില്ലല്ലോ. ആരുടെയും ശ്രദ്ധയിൽ പെടാതെ കാര്യങ്ങൾ ചെയ്യാനുള്ള വൈദഗ്ദ്ധ്യമവനുണ്ടു്.
വാതിലിനു് നേർക്കു് നടക്കുമ്പോൾ പൊട്ടിയടർന്ന സിമന്റ് തറയിൽ ചെരുപ്പുരഞ്ഞു് വല്ലാത്ത ശബ്ദമുണ്ടായി. അവൻ ചെരുപ്പൂരിയിട്ടു. വാതിലിൽ മുട്ടണോ? വേണ്ട. ചാരി കിടക്കുകയല്ലെ? അനുവാദം കിട്ടിയതല്ലെ? തല ചെരിച്ചു് ഒരുവട്ടം കൂടി രഘുവിനെ നോക്കിയ ശേഷം വാതിൽ തള്ളിത്തുറന്നു് ബിജു അകത്തേക്കു് കയറി. നേരിയ വെളിച്ചം വിതറുന്ന ഒരു ബൾബ്ബ് മച്ചിൽ നിന്നും ഇറക്കിയിട്ടിട്ടുണ്ടു്. മുറിയുടെ മൂലയിൽ ചുരിദാറിട്ടൊരു രൂപം. അഴിച്ചിട്ടിരിക്കുന്ന മുടി, മുന്നിൽ ചുമലിലേക്കു് വീണു് കിടപ്പുണ്ടു്. രൂപത്തിനു നിറം കറുപ്പുമല്ല, വെളുപ്പുമല്ല. ഇവൾക്കു് തന്നെക്കാൾ പ്രായം കുറവാണു്! എന്തായിരിക്കും ഇവളും, മുൻവശത്തെ മുറിയിൽ ചുരുണ്ടു കൂടി കിടക്കുന്ന മൃഗവുമായുള്ള ബന്ധം? മകളാവുമോ? ഏയ്… ആവില്ല. ഇവളെ എവിടെനിന്നെങ്കിലും കൊണ്ടുവന്നതാവുമോ? അവൾ ബിജുവിനെ തന്നെ സൂക്ഷിച്ചു് നോക്കുകയായിരുന്നു. ബിജുവിനു എന്തോ ചോദിക്കണമെന്നു തോന്നി. പക്ഷേ, നാവു് വരണ്ടു പോയിരിക്കുന്നു. വികാരമെല്ലാം തണുത്തു പോയിരിക്കുന്നു. ഭയം മാത്രം ബാക്കി.
“വാതിലടയ്ക്കു്…” മൃദുവെങ്കിലും മൂർച്ചയുള്ള പെൺസ്വരം.
അനുസരണയോടെ ബിജു വാതിലടച്ചു.
പതിയെ നടന്നു് അവളുടെ അടുക്കലേക്കു് പോയി. ഇതു് തന്റെ ആദ്യാനുഭവമാണെന്നു് ഇവളറിയരുതു്. മൂക്കിനു താഴെയുള്ള കറുത്ത രോമങ്ങൾ…താനൊരു ചെറിയ ചെക്കനൊന്നുമല്ല. ആ കാര്യം മറക്കാൻ പാടില്ല.
നേരെ ചെന്നു് അവളുടെ കൈയ്യിൽ പിടിക്കുകയാണു് ചെയ്തതു്.
“ആദ്യായിട്ടാ അല്ലെ…?” അതു പറഞ്ഞു് അവൾ ചെറുതായി ചിരിച്ചു. ഒപ്പം വലതു കൈയുയർത്തി സ്വന്തം വാ പൊത്തുകയും, മുഖം കുനിക്കുകയും ചെയ്തു.
ഒന്നു വിളറിയെങ്കിലും ബിജുവും ചിരിച്ചു.
“എങ്ങനെ മനസ്സിലായി…?” മൂക്കിനു താഴെയുള്ള രോമങ്ങളുടെ കാര്യം ഒരു നിമിഷം മറന്നു്, വളരെ നിഷ്ക്കളങ്കമായി അവൻ ചോദിച്ചു.
“അതു്… പറഞ്ഞു തരാം…” കുസൃതിയോടെ പറഞ്ഞു് കൊണ്ടവൾ ബിജുവിന്റെ കൈയ്യിൽ പിടിച്ചു.
ഘോരമഴ പെയ്യുന്ന നേരത്തു് മിന്നൽപ്പിണറുകൾ ആകാശത്തു് വെള്ളിവേരുകൾ വരച്ചു് അപ്രത്യക്ഷമാകുന്നതു് കണ്ടിട്ടുണ്ടു്. എന്നാലാദ്യമായി സ്വന്തം ശരീരത്തിനുള്ളിൽ…
മുറിക്കു് പുറത്തു് രഘു പോക്കറ്റിൽ നിന്നും ഒരു സിഗറെറ്റെടുത്തു് കത്തിച്ചു. വയസ്സൻ അപ്പോഴേക്കും പുതപ്പിനടിയിലേക്കു് നൂണ്ടു കഴിഞ്ഞിരുന്നു. തീപ്പെട്ടി ഉരച്ചതിന്റെ ശബ്ദം കേട്ടു് പുതപ്പിനുള്ളിൽ നിന്നും ഒരു തല പുറത്തേക്കു് നീണ്ടു. എന്നിട്ടതു പോലെ ഉള്ളിലേക്കു് പോയി. കടലാമയുടേതു പോലെ തോന്നിച്ചു ആ ചലനങ്ങൾ. രഘു പുകയൂതി വിട്ടു കൊണ്ടിരുന്നു.
കുറെ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ, പുറത്തു് ചില കാൽപെരുമാറ്റങ്ങൾ കേട്ടതു പോലെ രഘുവിനു തോന്നി. അവനെഴുന്നേറ്റു് ചെന്നു് മുൻവശത്തെ വാതിലിന്റെ വിടവിലൂടെ നോക്കി. എന്നിട്ടു് പരിഭ്രാന്തിയോടെ ബിജു കയറി പോയ മുറിയുടെ മുന്നിലേക്കു് ഓടി.
“ടാ, തുറക്കടാ, വേഗം പുറത്തേക്കു് വാടാ…”
രഘുവിന്റെ പരിഭ്രാന്തി നിറഞ്ഞ ശബ്ദം കേട്ടു്, തന്നെ മൂടിയിരിക്കുന്ന നീളൻ മുടിയിഴകൾക്കിടയിൽ നിന്നു് ബിജു തലയുയർത്തി.
രഘുവിന്റെ ശബ്ദം തന്നെയല്ലെ?
വാതിലിൽ തുടർച്ചയായി മുട്ടുന്ന ശബ്ദം.
എന്താണു്…? എന്താണു് നടക്കുന്നതു്…?
“എടാ… ഒന്നു് വേഗം വാതിലു് തൊറക്കെടാ…”
വാതിലിൽ തട്ടുന്ന ശബ്ദത്തിന്റെ ശക്തി വർദ്ധിച്ചിരിക്കുന്നു.
പരിഭ്രാന്തി നിറഞ്ഞ നിലവിളി പോലെയാണാ ശബ്ദം. എന്തോ പ്രശ്നമുണ്ടായിട്ടുണ്ടു്. അല്ലെങ്കിൽ അവനിങ്ങനെ ഒച്ച വെക്കില്ല. തനിക്കപരിചിതമാണു് അവന്റെയീ ശബ്ദം.
ബിജു ചാടിയെഴുന്നേറ്റു് വസ്ത്രങ്ങളണിഞ്ഞു. ഷർട്ടിന്റെ കുടുക്കുകളിടുന്നതിനൊപ്പം നടന്നു് ചെന്നു് വാതിൽ തുറന്നു. തൊട്ടു മുന്നിൽ തന്നെ രഘു നിൽപ്പുണ്ടായിരുന്നു. രഘു ബിജുവിന്റെ കൈപിടിച്ചു് വലിച്ചു് മുൻവശത്തെ മുറിയിലേക്കു് നീക്കി നിർത്തി. അവന്റെ പിടുത്തത്തിനു വല്ലാത്ത ബലമുണ്ടെന്നു ബിജുവിനു തോന്നി.
“എടാ… കൊറേ പേരു്… നമുക്കു് എത്രേം പെട്ടെന്നു് ഇവിടുന്നു് പോണം” അതു പറയുമ്പോൾ രഘു ചെറുതായി കിതയ്ക്കുന്നതു് കണ്ടു. ഇത്രയും ഭയം അവന്റെ മുഖത്തു് മുൻപൊരിക്കലും കണ്ടിട്ടില്ല. ഒരുതരം വിറ അടിമുടി ബാധിച്ചതു പോലെ. അവൻ വിരൽനഖങ്ങൾ കടിച്ചു തുപ്പുന്നുണ്ടു്. ആധി കയറുമ്പോൾ മാത്രം അവൻ പ്രകടിപ്പിക്കുന്ന ചേഷ്ടകൾ. അരണ്ടവെളിച്ചത്തിലും കണ്ടു, മുറിയുടെ മൂലയിലായി പഞ്ഞിമെത്തയിൽ വയസ്സൻ എഴുന്നേറ്റു് നില്ക്കുന്നതു്. ഇപ്പോൾ അയാളുടെ കണ്ണുകളിൽ ഉറക്കമില്ല. കണ്ണും മിഴിച്ചു്, വായും പൊളിച്ചങ്ങനെ നില്ക്കുകയാണു്. ബിജുവിനു തലയിലേക്കു് രക്തം ഇരച്ചു് കയറുന്നതായി തോന്നി. തലമുടിക്കു് തീ പിടിച്ചതു് പോലെയാണു് രഘു നില്ക്കുന്നതു്.
“തൊറക്കെടാ…”
“ഇന്നു കൊണ്ടിതു് അവസാനിപ്പിക്കും”
“കൊറച്ചു് നാളായി തുടങ്ങീട്ടു്”
“ഇറങ്ങി വാടാ നായിന്റെ മക്കളെ…!”
“ഇവനേയൊക്കെ കെട്ടിയിട്ടടിക്കണം”
വീടിനു പുറത്തു് നിന്നുമുള്ള ആക്രോശങ്ങളുടെയും, ഭീഷണികളുടെയും ശബ്ദം ബിജു അപ്പോഴാണു് ശ്രദ്ധിച്ചതു്. ശബ്ദങ്ങളുടെ ശക്തി വർദ്ധിച്ചിരിക്കുന്നു. വാതിലിൽ ആരൊക്കെയോ ശക്തിയായി തട്ടുന്നുണ്ടു്. ഏതു നിമിഷവും പുറത്തു് നില്ക്കുന്ന കൂട്ടം, വാതിൽ തല്ലിത്തകർത്തു് അകത്തേക്കു് കുതിച്ചു് വരുമെന്നവനു് തോന്നി.
ബിജു ഒരു നിമിഷം തിരിഞ്ഞു നോക്കി. എന്തോ പന്തികേടു് തോന്നിയതു് കൊണ്ടാവണം, വാതിലിനരികിലേക്കു് അവളും വന്നിരുന്നു. ചാരിയിട്ടിരുന്ന വാതിൽ മറഞ്ഞു് അഴിഞ്ഞമുടിയോടെയവൾ. ഒരു കണ്ണു മാത്രം കാണാം. നിർവ്വികാരത നിറഞ്ഞ ഒരു കണ്ണു്. വാതിൽ പിടിച്ചിരുന്ന ചുവന്ന വളയിട്ട കൈകൾ പതിയെ താഴേക്കൂർന്നു് അകത്തേക്കു് മറഞ്ഞു. വാതിലടയുകയും ചെയ്തു.
“നീ വാടാ” അതും പറഞ്ഞു് രഘു ബിജുവിന്റെ കൈയ്യിൽ മുറുക്കെ പിടിച്ചു കൊണ്ടു് വീടിന്റെ പിൻഭാഗത്തേക്കു് ഓടി. വാതിൽ തുറന്നു് പുറത്തേക്കു് രണ്ടു പേരും ചാടുകയായിരുന്നു. അപ്പോൾ വീടു് ചുറ്റി പിൻഭാഗത്തേക്കോടി വരുന്ന കുറച്ചു പേരെ അവർ കണ്ടു. സർവ്വശക്തിയുമെടുത്തു് ഓടുമ്പോൾ, “അവന്മാരതാ!”, “വിടരുതു് ഒരുത്തനേയും” എന്ന ചില വിളികൾ പിന്നാലെ പാഞ്ഞു വന്നു.
“ടാ, ആദ്യം കാണുന്ന ബസ്സിൽ കയറിക്കോ” ഓടുന്നതിനിടയിൽ രഘു വിളിച്ചു പറഞ്ഞതു ബിജു കേട്ടു.
ഓട്ടത്തിന്റെ വേഗത കൂടി. ഏതോ ഒരു നിമിഷത്തിൽ അവർ വഴി പിരിഞ്ഞോടി. കുറേ ദൂരം പിന്നിട്ട രഘു തിരിഞ്ഞു നോക്കി. പിന്നിൽ ആരേയും കാണുന്നില്ല. ബിജു… അവനെവിടെ?… എവിടെയെങ്കിലും വീണു പോയിരിക്കുമോ?… അതോ അവരവനെ പിടികൂടിയിരിക്കുമോ?… അതോ അവനെവിടെയെങ്കിലും ഒളിച്ചിരിക്കുകയാണോ?… പാലത്തിനടുത്തു് വരെ അവനുണ്ടായിരുന്നു. അവിടെ വെച്ചായിരിക്കും അവൻ വഴി മാറി ഓടിയിട്ടുണ്ടാവുക. പാലത്തിനപ്പുറം ഒരു ബസ്റ്റോപ്പുണ്ടു്. അവിടെ താൻ പോയിട്ടുള്ളതാണു്. രഘു ഓർത്തെടുത്തു. ഒരുപക്ഷേ, അവൻ ഏതെങ്കിലും ബസ്സിൽ ചാടിക്കയറിയിട്ടുണ്ടാവും. ശ്ശെ, തനിക്കു് പറ്റിയ ഒരു വലിയ തോൽവി. ഇതുപോലുള്ള കാര്യങ്ങളിൽ ഇതുവരെയും ഒരു ചെറിയ പിഴവു് പോലും വന്നിട്ടില്ല. അവനെ വിളിച്ചു കൊണ്ടു് വന്നിട്ടു്… ഇനിയെങ്ങനെ അവന്റെ മുഖത്തു് നോക്കും?…
രഘു തിരിച്ചെത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു.
“ഇനി അപ്പൻ പോയ്ക്കോള്ളൂ”
കടയിലേക്കു് കയറുമ്പോൾ രഘു പറഞ്ഞു.
“മോനെ നീ വല്ലതും കഴിച്ചോ?”
“ഉം…”
വിശപ്പു്… അതെപ്പോഴോ കെട്ടു പോയിരുന്നു. കടയിൽ ആളുകൾ വരികയും പോവുകയും ചെയ്തു കൊണ്ടിരുന്നു. അപ്പോഴെല്ലാം ബിജുവിന്റെ മുഖം അവിടെല്ലാം രഘു തിരഞ്ഞു കൊണ്ടിരുന്നു. അവൻ ഏതു നിമിഷവും മുന്നിൽ പ്രത്യക്ഷപ്പെടാം. ചീത്ത പറയും. ഉറപ്പു്. സാരമില്ല, പറഞ്ഞോട്ടെ. അവനെ സമാധാനപ്പെടുത്താവുന്നതേയുള്ളൂ. അല്ലെങ്കിൽ തന്നെ അവനെ ചതിച്ചതൊന്നുമല്ലല്ലോ. ആരു് വിചാരിച്ചു ഇങ്ങനെയൊക്കെ ആവുമെന്നു്. വേറേയും ഇടങ്ങളുണ്ടു്. പിന്നൊരിക്കൽ അവനെ അങ്ങോട്ടു് കൊണ്ടു പോവാം…
“ടാ, നീ നമ്മടെ ബിജൂനെ കണ്ടോ?”
സന്ധ്യ കഴിയാറായപ്പോൾ പത്രമിടുന്ന ജോണി വന്നു് രഘുവിനോടു് ചോദിച്ചു. രഘു കടയടയ്ക്കാനുള്ള തിരക്കിലായിരുന്നു.
“ഇല്ല… ഇന്നവനെ കണ്ടതേയില്ല… എന്തായേട്ടാ?”

“അവനിന്നു് രാവിലെ സിനിമയ്ക്കെന്നു് പറഞ്ഞു് എവിടെയോ പോയതാ… ഇതുവരെ വീട്ടിൽ തിരിച്ചു വന്നിട്ടില്ല… അവന്റെ അമ്മ അതാ കരഞ്ഞോണ്ടു് നടക്കുന്നു…”
ജോണി സൈക്കിൾ ചവിട്ടി പോയി. ആ സമയം പാളത്തിലൂടെ ഒരു ട്രെയിൻ അവിടം മുഴുക്കെയും നടുക്കി വിറപ്പിച്ചു കൊണ്ടു് പാഞ്ഞു. രഘു കടന്നു് പോകുന്ന വെളിച്ചങ്ങളിലേക്കു് കണ്ണും തുറിച്ചു് നോക്കി നിന്നു.
എന്തോ പ്രശ്നമുണ്ടായിട്ടുണ്ടു്. ചിലപ്പോൾ… അവന്മാരു് ബിജുനെ പിടിച്ചു കാണും. അവൻ തന്റെ പേരു് പറയുമോ? ഇനി… പോലീസ് കേസോ മറ്റോ ആയിട്ടുണ്ടാവുമോ? എങ്കിൽ പോലീസ് ഇവിടെയും വരാൻ സാദ്ധ്യതയുണ്ടു്. അവിടെ വെച്ചു് ബഹളമുണ്ടാക്കിയവരിൽ ചിലരെങ്കിലും തന്റെ മുഖം കണ്ടിട്ടുണ്ടാവും. തന്നെ തിരിച്ചറിയും. ചോദ്യം ചെയ്യും. സത്യമെല്ലാം പറയേണ്ടിവന്നാൽ ഈ നാട്ടിലിനി എങ്ങനെ തലയുയർത്തി നടക്കും? അവനേം വിളിച്ചോണ്ടു് ഏതു സമയത്താണു് പോകാൻ തോന്നിയതു്… ഇതിപ്പോൾ എന്താവുമോ…?
രാത്രിയടുക്കുമ്പോൾ ബിജുവിന്റെ അമ്മ രഘുവിനെ തേടി വീട്ടിൽ വന്നു.
“മോനെ, നീയിന്നു് ബിജൂനെ കണ്ടോ?”
“ഇല്ല…”
“നിന്നോടു് അവൻ വല്ലതും പറഞ്ഞോ?”
“ഇല്ല… ഒന്നും പറഞ്ഞില്ല…”
കള്ളം പറയാൻ ഒരു നിമിഷം പോലുമെടുക്കുന്നില്ല. രഘു സ്വയം അത്ഭുതപ്പെട്ടു.
ഇവിടെ സ്വന്തം ഭാഗം രക്ഷിക്കാൻ താൻ മാത്രമേയുള്ളൂ. ഒരു തരത്തിലും ഒരു സൂചന പോലും കൊടുക്കരുതു്.
അർദ്ധരാത്രിയോടെ മഴ പെയ്യാനാരംഭിച്ചു. ആർത്തലച്ചു പെയ്ത മഴയിൽ ചെടികളും മരങ്ങളും നനഞ്ഞു വിറച്ചു. ഉറക്കം നഷ്ടപ്പെട്ട രഘു എഴുന്നേറ്റു് മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു. ചോദ്യമഴയിൽ അവൻ നനയുകയും വിറയ്ക്കുകയും ചെയ്തു. ബിജു… ഈ മഴയത്തു് അവനെവിടെ നനഞ്ഞു കൊണ്ടു് നില്ക്കുകയാണു്? ഇനിയവൻ നാടു വിട്ടു് പോയിക്കാണുമോ? എന്തിനു് നാടു വിടണം? അവന്റെ എല്ലാം ഇവിടെയല്ലെ? ഇനി ഒരുപക്ഷേ,… അവിടെയെവിടെയെങ്കിലും ഒളിവിൽ… അവൻ തിരിച്ചു വന്നില്ലെങ്കിൽ എങ്ങനെ അവിടെ പോയി അവനെ തിരയും? ബിജു ചെന്നു കിടന്നു. കണ്ണുകളിറുക്കിയടച്ചു് ഉറങ്ങാൻ ശ്രമിച്ചു.
എങ്ങനെയോ ഒന്നുറങ്ങി വന്നതാണു്. മുൻവശത്തെ കതകിൽ ആരോ ശക്തിയായി മുട്ടുന്ന ശബ്ദം. ചെന്നു് വാതിൽ തുറന്നു.
ബിജു നനഞ്ഞു് കുളിച്ചു് നില്ക്കുന്നു! മുടിയിൽ നിന്നു് വെള്ളത്തുള്ളികൾ ഇറ്റിറ്റു് വീഴുന്നുണ്ടു്. കൈകൾ മാറിൽ പിണച്ചു് പിടിച്ചിട്ടുണ്ടു്. ശരീരത്തിൽ ഒട്ടിപ്പിടിച്ച നനഞ്ഞ വസ്ത്രങ്ങൾക്കുള്ളിൽ അവന്റെ മെലിഞ്ഞ ശരീരം വിറയ്ക്കുന്നുണ്ടു്.
പല്ലുകൾ കൂട്ടിയിടിക്കുന്ന ശബ്ദത്തിൽ അവൻ ചോദിച്ചു,
“എന്തിനാ… എന്തിനാ നീ എന്നെ ഒറ്റയ്ക്കാക്കീട്ടു് പോയതു?”
രഘു കണ്ണു് തുറന്നു് നോക്കി. പുറത്തു് മഴ തോർന്നിരിക്കുന്നു. താൻ ശരീരം മുഴുക്കെയും വിയർത്തു് കട്ടിലിൽ…അവൻ കണ്ണുകൾ ഇറുക്കിയടച്ചു.
പിറ്റേന്നു് ഉച്ച കഴിഞ്ഞിട്ടും ബിജുവിനെക്കുറിച്ചു് ഒരറിവും ആർക്കും ലഭിച്ചിട്ടില്ലെന്നറിഞ്ഞപ്പോൾ രഘുവിനു് മാനസികസമ്മർദ്ദം താങ്ങാവുന്നതിനപ്പുറമായി. ഒന്നവിടം വരെ അന്വേഷിച്ചു പോയാലോ? വേണ്ട അതപകടം. അവൻ തിരിച്ചു വരിക തന്നെ ചെയ്യും. എന്നാൽ ആ വിചാരങ്ങളെ തകർത്തതു്, ഓടിക്കിതച്ചു കൊണ്ടു് വന്ന സുധീറിന്റെ വാക്കുകളാണു്.
“നമ്മുടെ ബിജു മരിച്ചു പോയെടാ… പൊഴേലു് മുങ്ങി മരിച്ചെന്നാ കേട്ടതു്…”
അത്രയുമേ രഘു കേട്ടുള്ളൂ. നീന്തലറിയാത്ത അവനെന്തിനു പുഴയിൽ ചാടണം?
ചിലപ്പോൾ നിവൃത്തിയില്ലാതെ വന്നപ്പോൾ ചാടിയതാവുമോ?
അതോ… അവനെ ആരെങ്കിലും പുഴയിലേക്കു്…
ഇനി… ചിലപ്പോൾ… ഏയ്… ഇല്ല, മരിച്ചതു് അവനാവില്ല…
രഘു കട പൂട്ടി ബിജുവിന്റെ വീട്ടിലേക്കു് പോയി.
സന്ധ്യ കഴിഞ്ഞപ്പോൾ ഒരു ആംബുലൻസ് വന്നു് ബിജുവിന്റെ വീടിനടുത്തു് നിന്നു.
അങ്ങോട്ടു് പോകണമോ വേണ്ടയോ എന്ന ചോദ്യവുമായി രഘു കുറച്ചകലെയായി നിന്നു. സ്ത്രീകളുടെ കരച്ചിലുകൾ ഉയർന്നു. ആരൊക്കെയോ ചേർന്നു് മൂടിപ്പൊതിഞ്ഞൊരു ശരീരം വീട്ടിനുള്ളിലേക്കു് എടുത്തുകൊണ്ടു പോയി.
രഘു വീട്ടിനുള്ളിലേക്കു് നടന്നു. ബിജുവിനെ തറയിൽ കിടത്തിയിരിക്കുന്നു. താടിയിലൊരു വെളുത്ത കെട്ടുണ്ടു്. കാലിലെ തള്ളവിരലുകൾ കൂട്ടിക്കെട്ടിയിട്ടുണ്ടു്. രഘു ബിജുവിന്റെ അടുത്തേക്കു് ചെന്നു് മുഖത്തേക്കു് സൂക്ഷിച്ചു നോക്കി. മുഖം നീരു വന്ന പോലെ വീങ്ങിയിരിക്കുന്നു. കണ്ണിലും കവിളിലും നിറയെ ദ്വാരങ്ങൾ. കൊത്തിപ്പറിച്ചതു് പോലെ… ഇനി മീനുകൾ?… മുഖം മുഴുവനും ഏതോ പൊടി കൊണ്ടു് പൂശിയിരിക്കുന്നു. പൗഡറാണോ? അവന്റെ മുഖം തന്നെയാണോ എന്നറിയാൻ ബുദ്ധിമുട്ടുണ്ടു്. എങ്കിലും പുരികത്തിനു അരികെയുള്ള മറുകു്… അതവിടെ തന്നെയുണ്ടു്. ഇതു്… ഇതവൻ തന്നെ…
മുഖക്കുരു വന്നപ്പോൾ വിഷമം പറഞ്ഞവനാണു്… അവന്റെ മുഖമാണു് മീനുകൾ കൊത്തിയും പാറകളിലുരഞ്ഞും… രഘു മുഖം തിരിച്ചു. തനിക്കൊരു കള്ളന്റെ മുഖഭാവമുണ്ടോ?
“എന്നാലും ഇവനെന്തിനാ അത്രേം ദൂരെ പോയി… പൊഴേലു് ചാടിയതെന്നു്…”
“ഇനി കോളേജിലു് വല്ല പ്രശ്നോം… ഇപ്പഴത്തെ പിള്ളേരല്ലെ… ആർക്കറിയാം…”
“ഇപ്പഴത്തെ പിള്ളേർക്കു് കഞ്ചാവിന്റെ പരിപാടി ഒണ്ടെന്നാ…”
കൂടി നിന്നവരുടെ ഉറക്കെയുള്ള ചിന്തകൾക്കിടയിലൂടെ രഘു സാവധാനം വീടിനു പുറത്തേക്കു് നടന്നു.
“ടാ എനിക്കൂടെ താടാ…” സ്കൂളിൽ പഠിക്കുമ്പോൾ നാരങ്ങാ മിഠായി തന്റെ കൈയ്യിൽ നിന്നു് ചോദിച്ചു് വാങ്ങുന്ന ബിജുവിന്റെ മുഖം ഇപ്പോഴും കാണാം.
“ഈ ഉടുപ്പെങ്ങനെയൊണ്ടു്?” ഓണത്തിനു് അമ്മ വാങ്ങി കൊടുത്ത പുതിയ കുപ്പായവുമിട്ടു് വന്നു് മുന്നിൽ ഗമയിൽ നിന്നിരുന്നു അവൻ…
“എന്റെ അമ്മ ഇതു് വല്ലതും അറിഞ്ഞാ…” ഒരാഴ്ച്ച മുൻപു് അവൻ ചോദിച്ച ചോദ്യം ഇപ്പോഴും ചെവിക്കുള്ളിലുണ്ടു്…
“ആദ്യം കാണുന്ന ബസ്സിൽ കയറിക്കോ” അവസാനമായി അവനോടു് പറഞ്ഞ വാക്കുകൾ…
ഇരുട്ടിലേക്കിറങ്ങി നടക്കുമ്പോൾ രഘു കണ്ണു് തുടച്ചു. തോളിൽ കൈയ്യിട്ടു് ആറ്റുവക്കിൽ അവനോടൊപ്പം ഇരിക്കുമായിരുന്നു… അവനെ കാണാതാകുമ്പോഴൊക്കെ അവിടെയാണു് തേടി പോയിട്ടുള്ളതു്. അവൻ അവിടെയുണ്ടാവും. അവിടെ തന്നെയുണ്ടാവും. അവനോടു് സംസാരിക്കണം… കുനിഞ്ഞു പോയ മുഖത്തോടെ രഘു പതിയെ ആറ്റിൻക്കരയിലേക്കു് നടന്നു, പിന്നിലുയരുന്ന അലമുറകൾ ശ്രദ്ധിക്കാതെ…

ജനനം: 1972 ൽ.
സ്വദേശം: തിരുവനന്തപുരം.
അമ്മ: പി. ലളിത.
അച്ഛൻ: എം. എൻ. ഹരിഹരൻ.
കെമിസ്ട്രിയിൽ ബിരുദവും, കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ഡിപ്ലോമയും. സോഫ്റ്റ് വെയർ എഞ്ചിനീയർ. വായന, എഴുത്തു്, യാത്ര, ഭക്ഷണം എന്നിവയിൽ താത്പര്യം.
- ‘നിയോഗങ്ങൾ’ (പൂർണ പബ്ലിക്കേഷൻസ്, 2015).
- ‘ഉടൽദാനം’ (സൈകതം ബുക്സ്, 2017).
- ‘ഓർവ്വ്’ (ധ്വനി ബുക്സ്, 2022).
പുരസ്കാരം: നന്മ സി വി ശ്രീരാമൻ കഥാമത്സരം 2020 ഒന്നാം സമ്മാനം.
കഴിഞ്ഞ പത്തു് വർഷങ്ങളായി ന്യൂ സീലാന്റിൽ ഭാര്യയും മകനുമൊത്തു് താമസം.
ഭാര്യ: സിനു
മകൻ: നന്ദൻ