രണ്ടു വേദനകൾക്കിടയിലുള്ള
ഒരിടുങ്ങിയ സ്ഥലമാണ് ആനന്ദം.
സൂര്യകാന്തി പോലെ
പൂത്ത ഇളം വെയിലുള്ള ഒരിടം.
ഒരാൾക്ക്, ഏറിയാൽ രണ്ടാൾക്ക്
മാത്രം ഇരിക്കാവുന്നത്,
ഏറെ നിറങ്ങളില്ലാത്ത ഒരു പൂമ്പാറ്റയ്ക്കും.
ആ ഇടുങ്ങിയ ഇടത്തിൽ പറ്റുന്നത്ര
ചലനങ്ങളും ചേഷ്ടകളുമായി
നിങ്ങൾക്ക് നൃത്തം ചെയ്യാം.
ഒച്ച ഉയർത്താതെ പാടാം.
വെയിൽ ശിശുവിനെ ഇക്കിളിയാക്കി
മെല്ലെ ചിരിക്കുകപോലുമാകാം.
പക്ഷേ, ഏറെ സമയമില്ല,
അത് നിങ്ങൾക്കുമറിയാം.
വെയിൽ മൂത്തേക്കാം,
ഇരുപുറവുമുള്ള വേദനകൾ
തിങ്ങി അടുത്തുവന്നു ശ്വാസം മുട്ടിക്കാം
ഏതുസമയവും അവയ്ക്കിടയിൽ
പുറത്തുകടക്കാനാകാതെ
നിങ്ങൾ കുടുങ്ങിപ്പോയെന്നുവരാം.
ദേഹം മുഴുവൻ ചോരപൊടിയുമ്പോൾ,
ആനന്ദം ഒരുകെണിയാണോ
എന്ന് സംശയിച്ചെന്നും വരാം.
അത് തീർത്തും തെറ്റല്ല.
എന്നാലും പൂ കണ്ടല്ലോ.
നൃത്തം ചെയ്തല്ലോ.
പക്ഷേ വേദനകൾ, അവ
ശാശ്വതമാണ്, അവയുടെ
ഇടം വിശാലവും.
ഭൂമിയെ കെണിയിലാക്കിയ
ശൂന്യാകാശം പോലെ.
അവിടെയും നക്ഷത്രങ്ങളുണ്ടെന്നു കാണാൻ
ഭൂമി ഉപേക്ഷിക്കേണ്ടി വരും.
ആർക്കറിയാം, പ്രകാശവർഷങ്ങൾ സഞ്ചരിച്ച്
നിങ്ങളുടെ ആത്മാവ്
ഒരു നക്ഷത്രത്തിൽ ചേക്കേറിയേക്കാം
അവിടെ അതിന് പുതിയ ഒരുടൽ കൈവരും
അപ്പോൾ നിങ്ങൾ അറിയും,
രണ്ടു വേദനകൾക്കിടയിലുള്ള
ഒരിടുങ്ങിയ സ്ഥലമാണ് ആനന്ദം.
കവിതാവിവര്‍ത്തനം
ഒരു കൂടു വിട്ടു കൂടുമാറ്റമാണ്
മത്സ്യം വെള്ളത്തിലൂടെ ഊളിയിടുന്നതുപോലെ
വിവര്‍ത്തകന്‍ മനസ്സുകളിലൂടെ ഊളിയിടുന്നു
ഓരോ വാക്കിന്റെയും തീരത്ത്
അവന്‍ തരിമണലില്‍ കുനിഞ്ഞിരിക്കുന്നു
ഓരോ കക്കയുടെയും നിറം പഠിക്കുന്നു
ഓരോ ശംഖും ഊതിനോക്കുന്നു.
കവിതാവിവര്‍ത്തനം വിക്രമാദിത്യന്‍ കഥയിലെ
അമ്പരപ്പിക്കുന്ന തല മാറ്റിവെയ്ക്കലാണ്
വിവര്‍ത്തകന്‍ തന്റെ ഉടലില്‍
മറ്റൊരു കവിയുടെ ശിരസ്സു താങ്ങി നിര്‍ത്തുന്നു
ഓരോ വരിയും ഓരോ വഴിയാണ്
ദുഃഖവും യുദ്ധവും മടുപ്പുംകൊണ്ടു
കീറിപ്പറിഞ്ഞ ഒരു വഴി
അനശ്വരരായ മനുഷ്യരും ദൈവങ്ങളും
മരങ്ങളും വിഹരിക്കുന്ന
സംഗീതാത്മകമായ ഒരു പിന്‍വഴി.
ഒരു വരി അവസാനിക്കുന്നിടത്ത്
ഒരഗാധത പൊട്ടിത്തുറക്കുന്നു
അവിടെ മരിച്ചവരുടെ ആത്മാക്കള്‍
ദാഹം തീര്‍ക്കാനെത്തുന്നു.
വിശുദ്ധമായ ഈ വഴിയേ പോരുന്നവര്‍
ചെരിപ്പും ഉടുപ്പും അഴിച്ചുവെയ്ക്കണം
അടിവാരത്തിലെ കാറ്റുകളെപ്പോലെ
നഗ്നരായി നൂണുപോകണം.
ഒരു ദിവസം ഞാന്‍ എന്റെ കവിത
എന്റെതന്നെ ഭാഷയിലേയ്ക്കു
വിവര്‍ത്തനം ചെയ്യുന്നതായി സ്വപ്നം കണ്ടു
നാമേവരും ഓരോ കവിതയും
നമ്മുടെ ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യുന്നു
പിന്നെ നാം അര്‍ത്ഥത്തെച്ചൊല്ലി വഴക്കിടുന്നു
എനിക്കു തോന്നുന്നു,
ബാബേല്‍ ഒരിക്കലും പണിതീരുകയില്ല.
ഏപ്രില്‍, 1977
മലയാളത്തിലെ പ്രമുഖ കവിയായ സച്ചിദാനന്ദൻ (ജനനം: മേയ് 28, 1946) തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ജനിച്ചത്. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് മറന്നു വച്ച വസ്തുക്കൾ എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിന്റെ എഡിറ്ററായിരുന്നു.
സച്ചിദാനന്ദൻ തർജ്ജമകളടക്കം അമ്പതോളം പുസ്തകങ്ങൾ രചിച്ചു. തന്റെ തനതായ ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ തുടങ്ങിയവരുടെ രചനകളെ, കേരളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തി. 1989, 1998, 2000, 2009, 2012 വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി. 1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ ഇംഗ്ലിഷ് പ്രൊഫെസർ ആയി ജോലി നോക്കി. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2011 വരെ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേർസിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസ്സറും വകുപ്പു മേധാവിയും ആയിരുന്നു.
എഴുത്തച്ഛനെഴുതുമ്പോൾ, സച്ചിദാനന്ദന്റെ കവിതകൾ, ദേശാടനം, ഇവനെക്കൂടി, കയറ്റം, സാക്ഷ്യങ്ങൾ, അപൂർണ്ണം, വിക്ക്, മറന്നു വച്ച വസ്തുക്കൾ, വീടുമാറ്റം, മലയാളം, കവിബുദ്ധൻ, സംഭാഷണത്തിനൊരു ശ്രമം, അഞ്ചു സൂര്യൻ, പീഡനകാലം, വേനൽമഴ, തുടങ്ങി ഇരുപത് കവിതാസമാഹാരങ്ങൾ; 1965 മുതൽ 2005 വരെ എഴുതിയ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരങ്ങളായ അകം, മൊഴി, എന്നിവ; കവിതയും ജനതയും, അന്വേഷണങ്ങൾ, പാബ്ലോ നെരൂദാ എന്നീ പഠനങ്ങൾ; കുരുക്ഷേത്രം, സംവാദങ്ങൾ സമീപനങ്ങൾ, സംസ്കാരത്തിന്റെ രാഷ്ട്രീയം, വീണ്ടുവിചാരങ്ങൾ, മാർക്സിയൻ സൗന്ദര്യശാസ്ത്രം: ഒരു മുഖവുര, തുടങ്ങിയ ലേഖനസമാഹാരങ്ങൾ പ്രധാന കൃതികളാണ്.
(ചിത്രങ്ങൾക്ക് വിക്കിപ്പീഡിയയോട് കടപ്പാട്)