images/Trinidad_Tobago.jpg
Morang River in Trinidad, a painting by Peeteman Studios .
ശാസ്ത്രീയമായി മരിക്കേണ്ടതെങ്ങനെ?—കൊറോണയോടൊപ്പം
വി. സനിൽ

എന്തിനാണു് ഇത്ര ഗതികെട്ട ചോദ്യം ഉന്നയിക്കുന്നതു് എന്നു തോന്നിയേക്കാം. ശാസ്ത്രീയമായി ജീവിക്കേണ്ടതു് എങ്ങനെ എന്നല്ലേ ചോദിക്കേണ്ടിയിരുന്നതു്? നന്നായി ജീവിക്കണമെന്നുണ്ടെങ്കിൽ ശാസ്ത്രീയമായി ജീവിക്കണം എന്ന കാര്യത്തിൽ ഏതാണ്ടു് തീരുമാനമായിട്ടുണ്ടു്. എങ്ങനെ മരിക്കണം എന്ന ചോദ്യത്തിനു് ഇന്നിടമില്ല. മരണം ഒരു സംഭവമാണു്. ചെയ്തിയല്ല. അനിവാര്യമെങ്കിലും കഴിവതും ഒഴിവാക്കേണ്ട, നീട്ടിവെയ്ക്കേണ്ട ഒരപകടമാണതു്. മരിക്കാനായി ഒന്നും അറിയേണ്ടതില്ല, എന്നാൽ മരണത്തെ നീട്ടിവെച്ചു ജീവിക്കാൻ ആരോഗ്യശാസ്ത്രം പറയുന്നതു് അനുസരിക്കണം.

കൊറോണയിൽനിന്നു് നമ്മൾ പഠിക്കേണ്ടതെന്താണു്? ശാസ്ത്രത്തിൽ വിശ്വസിക്കുക. ശാസ്ത്രത്തിൽ മാത്രം വിശ്വസിക്കുക; സാഹിത്യകാരന്മാരും മതാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാക്കളും നമ്മോടു് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇവിടെ ശാസ്ത്രം എന്നതു് രോഗകാരണം, പ്രതിവിധി, മുൻകരുതലുകൾ ഇവയെക്കുറിച്ചുള്ള അറിവാണു്. ഈ അറിവു് ഉപയോഗിക്കുക മാത്രമല്ല, ഈ അറിവിനു പിറകിലുള്ള ശാസ്ത്രീയരീതിയിൽ ജീവിക്കുകയും വേണം. ശാസ്ത്രം വസ്തുനിഷ്ഠവും സാർവ്വത്രികവുമായ അറിവാണു്. അതു സാധ്യമാകുന്നതു് ശാസ്ത്രത്തിനും അതിന്റേതായ ഒരു രീതിയുള്ളതുകൊണ്ടാണു്. ഈ രീതിയെ നമ്മൾ ജീവിതത്തിന്റെ എല്ലാ തുറകളിലും പകർത്തണം. ‘ശാസ്ത്രീയം’ എന്നതിനെ പ്രായോഗിക ബുദ്ധി എന്ന നിലയിലും നാം ഉപയോഗിക്കാറുണ്ടു്. ശാസ്ത്രീയമായി റോഡ് മുറിച്ചുകടക്കേണ്ടതെങ്ങനെ എന്നു ചോദിക്കാം. ഉത്തരത്തിനു് ശാസ്ത്രവുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും.

ഇന്നു് ശാസ്ത്രമോ പ്രായോഗിക ബുദ്ധിയോ എങ്ങനെ മരിക്കണം എന്നു നമ്മെ പഠിപ്പിക്കുന്നില്ല. ലോക്ഡൗൺ ഉയർത്തുന്ന ചോദ്യങ്ങൾ ശ്രദ്ധിക്കൂ. ജീവനാണോ പ്രധാനം അതോ സമ്പത്തോ? ജീവനോ? സ്വാതന്ത്ര്യമോ? ഉത്തരം വ്യക്തമാണു്. ഒരേ ഒരു ഉത്തരമേയുള്ളു—ജീവൻ. കാരണം ജീവനൊടുക്കുന്ന മരണത്തെപ്പറ്റി ചിന്തിക്കാനോ അതു തെരഞ്ഞെടുക്കാനുള്ള സാധ്യത ആരായാനോ നമ്മുടെ കയ്യിൽ കോപ്പുകളൊന്നുമില്ല. കൊവിഡിനു മുൻപായിരുന്നെങ്കിൽ ‘പാരതന്ത്ര്യം മാനികൾക്കു് മൃതിയേക്കാൾ ഭയാനകം’ എന്നൊക്കെ തട്ടിവിട്ടേനെ!

കഴിയുമെങ്കിൽ ആരും മരിക്കരുതു്. ഒഴിവാക്കാനാവില്ലെങ്കിൽ എത്രത്തോളം നീട്ടിവെയ്ക്കാമോ അത്രയും നല്ലതു്. താൻ മറ്റൊരുവന്റെ മരണകാരണമാവരുതു്. താൻ തന്റെ തന്നെ പോലും മരണകാരണമാവരുതു്. ആത്മരക്ഷ അപരരക്ഷ തന്നെയാണു്. അന്യനെ രോഗവാഹകനും മരണകാരണവുമായി കാണണം. തന്നെത്തന്നെയും അങ്ങനെ തന്നെ കാണണം. ഞാൻ എന്റെ ജീവനെ തെരഞ്ഞെടുക്കുന്നതു് അന്യന്റെ ജീവനെ സംരക്ഷിക്കുന്നതിനു വേണ്ടിയാണു്. ഇതാണു് ഇന്നത്തെ ലോക്ഡൗൺ ധാർമ്മികത. അപരനുവേണ്ടി മരിക്കുന്നതിലല്ല, ജീവിച്ചിരിക്കുന്നതിലാണു് ധീരത. (ആരോഗ്യപ്രവർത്തകരും ഭക്ഷണവിതരണക്കാരും പൊലീസുകാരും നമുക്കുവേണ്ടി മരിച്ചേക്കാം. അതുകൊണ്ടാണു് അവരെയൊക്കെ പട്ടാളക്കാരോടു് ഉപമിക്കുന്നതു്. എന്നാൽ, മേൽപ്പറഞ്ഞവർക്കൊന്നും പട്ടാളക്കാരുടെ വീരമൃത്യു വിധിച്ചിട്ടില്ല. അവരുടേതു് വെറും ഒഴിവാക്കേണ്ടിയിരുന്ന ദയനീയ മരണങ്ങൾ മാത്രം!)

അന്യനെ സംശയത്തോടെ വീക്ഷിക്കുന്നതു് ഇതു് ആദ്യമായല്ല. അപരൻ തരുന്ന ഭക്ഷണമോ വാക്കോ സമ്മാനമോ അവൻ ഉപേക്ഷിച്ചു പോകുന്ന വസ്തുക്കളോ സ്വീകരിക്കരുതെന്ന മുന്നറിയിപ്പു് ഭീകരവാദിയെ നേരിടാൻ പണ്ടേ നല്കിത്തുടങ്ങിയതാണു്. ഇന്നു് പരിഭ്രാന്തിയോടെ നാം നമ്മെത്തന്നെ സംശയിച്ചു തുടങ്ങിയിരിക്കുന്നു.

പരിഭ്രാന്തിയാണു് ഇന്നിന്റെ വികാരം. അതണയ്ക്കാനുള്ള ഏതു ശ്രമത്തേയും നാം സംശയത്തോടെ കാണുന്നു. കൊവിഡ് മരണനിരക്കു് കുറഞ്ഞുവരുന്നുവെന്നോ ഇതുമൂലം മരിക്കുന്നതിനേക്കാൾ ഏറെ ആളുകൾ ഇന്ത്യയിൽ വാഹനാപകടങ്ങളിൽ (ഒരുമാസം ഏകദേശം പതിനായിരം പേർ) മരിക്കാറുണ്ടെന്നോ പറയുന്നവൻ ക്രൂരനാണു്, മനുഷ്യപ്പറ്റില്ലാത്തവനാണു്. ഇതൊരു പകർച്ചവ്യാധിയാണു്. ഏതു മഹാവ്യാധിയേയും പോലെ കുറേപ്പേർ മരിക്കും. അതിനെ വൈകിപ്പിക്കാമെന്നല്ലാതെ തടയാനാവില്ല! ഇങ്ങനെയെങ്ങാൻ പറഞ്ഞുപോയാൽ നിങ്ങളെ ട്രംപിന്റേയും ബോൾ സൊനാരോയുടേയും കൂട്ടത്തിൽ പെടുത്തും. ഭാവിയല്ല പ്രശ്നം. ഇന്നു് ഈ നിമിഷത്തിൽ സംഭവിച്ചേക്കാവുന്ന ഓരോ മരണത്തിനും തടയിടുക. ഇതാണു് ധാർമ്മികത. ഈ ധാർമ്മികതയുടെ സ്രോതസ്സാണു് നാം അന്വേഷിക്കേണ്ടതു്. ഒപ്പം ഈ ധാർമ്മികതയ്ക്കു് അറിവും അധികാരവുമായുള്ള ബന്ധവും.

മരണവും അകലവും

ഈ ആസന്നമരണ ചിന്തയ്ക്കു് വ്യക്തിപരമായ വശം കൂടിയുണ്ടു്. സാമൂഹികമായ അകലം എന്നതു് കൊവിഡിനു മുൻപേ തന്നെ നമ്മളിൽ പലരും ഒരു ജീവിതവീക്ഷണവും അസ്തിത്വബോധവുമായി സ്വയം തെരഞ്ഞെടുത്തതാണു്. സാമൂഹികതയിൽനിന്നുള്ള ഉൾവലിയൽ സൃഷ്ടിപരമായ ജീവിതത്തിന്റെ അടിസ്ഥാന നിലയായി തിരിച്ചറിയുകയാണു് ഇവിടെ. അദ്ധ്യാപകൻ, ശാസ്ത്രജ്ഞൻ, കലാകാരൻ എന്തിനു്, രാഷ്ട്രീയ പ്രവർത്തകനുപോലും സാമൂഹികമായ അകലം ഒഴിച്ചുകൂടാനാവാത്തതാണു്.

യൂണിവേഴ്സിറ്റി എന്നും ഒരു ക്വാറന്റൈൻ ആയിരുന്നു. നിത്യജീവിതത്തിന്റെ സമ്മർദ്ദങ്ങളിൽനിന്നു് മാറിനിന്നു് അറിയാനും അന്വേഷിക്കാനുമുള്ള സ്ഥാപനവല്കൃതമായ ഒരിടമാണതു്. തത്ത്വചിന്തകനായ കാന്റ് യൂണിവേഴ്സിറ്റിയുടെ ആശയപരമായ ഘടന അവതരിപ്പിക്കുന്നുണ്ടു്. വൈദ്യം, വേദശാസ്ത്രം, നീതിന്യായശാസ്ത്രം തുടങ്ങിയ പ്രായോഗിക വിഷയങ്ങൾ സമൂഹവുമായി ബന്ധപ്പെട്ടും ശുദ്ധശാസ്ത്രവും ഗണിതവുമൊക്കെ സമൂഹത്തിൽനിന്നു് പിൻവാങ്ങി സ്വച്ഛന്ദമായ ജ്ഞാനാന്വേഷണം നടത്തിയുമാണു് യൂണിവേഴ്സിറ്റി നടന്നുപോരുന്നതു്. ലൈബ്രറി, പരീക്ഷണശാല, സ്റ്റുഡിയോ തുടങ്ങിയ സ്ഥലങ്ങൾ സാമൂഹികമായ അകലത്തിൽ പരിരക്ഷിക്കപ്പെടുന്നതും യുക്തിയുടെ പരസ്യപ്രയോഗം നടക്കുന്നതുമായ ദ്വീപുകളാണു്. ഒരു രാഷ്ട്രീയ സാഹചര്യത്തിലെ പൊതുസമ്മതിയോടു് തെറ്റി ന്യൂനപക്ഷ നിലപാടിൽ നിന്നുകൊണ്ടു് സാർവ്വത്രിക പ്രസക്തിയുള്ള തീരുമാനങ്ങളെടുക്കുന്ന രാഷ്ട്രീയ പ്രവർത്തകനും ഗോൾകീപ്പറുടെ ഏകാന്തത പ്രധാനമാണു്.

ഈ സ്വച്ഛന്ദ സ്വൈരതയിലേയ്ക്കാണു് സാമൂഹിക അകലം എന്ന മുദ്രാവാക്യവുമായി ഇന്നു് പൊതുജനം ഇടിച്ചുകയറുന്നതു്. ഒട്ടേറെ റിസ്കുകൾ എടുത്തും പ്രലോഭനങ്ങളെ അതിജീവിച്ചും പൊതുമൂല്യങ്ങളെ നിഷേധിച്ചും—പലരും നല്ല വരുമാനത്തോടെ—പരിപാലിച്ചിരുന്ന സ്വൈരതയെയാണു് ആൾക്കൂട്ടം അപര രക്ഷയെന്ന പേരിൽ കയ്യാളിയിരിക്കുന്നതു്. എല്ലാവരും തന്റേതായ ഇടങ്ങളിലേയ്ക്കു് ഒതുങ്ങിയിരിക്കുന്നു. മരിക്കാതിരിക്കുക എന്ന ഒരേ ഒരു ലക്ഷ്യത്തോടെ.

അല്പനും നശ്വരനുമായ മനുഷ്യന്റെ യുക്തിക്കു് അനശ്വരത എന്ന ആശയത്തെ ചിന്താമണ്ഡലത്തിൽ നിലനിർത്തികൊണ്ടു മാത്രമേ ഭൗതികലോകത്തിന്റെ അറിവിനും അനുഭവത്തിനും വിഷയമാക്കാനാവൂ. അനശ്വരതയെ നമുക്കു് അറിയാനോ അനുഭവിക്കാനോ ആവില്ല. എന്നാൽ, യുക്തിയുടെ അനിവാര്യമായ ഒരു സങ്കല്പനം എന്ന നിലയിൽ അതു് മരണത്തിന്റെ സപോട്ടു് ലൈറ്റിനെ ജീവിതത്തിനു നേരെ തിരിച്ചുവെയ്ക്കുന്നു.

മനുഷ്യവംശം ഇതാദ്യമായാണു് അതിന്റെ തന്നെ നാശത്തെ തൽക്ഷണ സംപ്രേഷണത്തിലൂടെ നേർക്കുനേർ ഓൺലൈനായി കാണുന്നതു്. ഓരോരുത്തരും സ്വന്തം മരണത്തിനു സമകാലീനനായിരിക്കുന്നു. നമ്മുടെ ഭീതി അടിസ്ഥാനരഹിതമാണെന്നിരിക്കാം. കൊവിഡ് വെറും ഫ്ലൂവിനേക്കാൾ മഹത്തായ മാരിയൊന്നുമല്ലായിരിക്കാം. എന്നാൽ, പരിഭ്രാന്തിക്കു് ലക്ഷ്യമോ കാര്യകാരണ ബന്ധമോ വേണമെന്നില്ല. ടി. വി.യിലും വാർത്തയിലും വാട്ട്സാപ്പിലുമൊക്കെ അക്കവും അക്ഷരവും പടവുമായി അരങ്ങേറുന്ന തൽസമയ നാട്യത്തിലെ സാന്നിദ്ധ്യമാണു് പരിഭ്രാന്തി. ഒരു ഫുട്ബോൾ മത്സരം ലൈവായി കാണുന്നതുപോലെയാണു് പരിഭ്രാന്തബോധം മരണത്തിനു സമകാലികമാകുന്നതു്. ഓരോരുത്തരും സ്വന്തം വീട്ടിലേയ്ക്കു് വലിയുമ്പോഴും ഈ പരിഭ്രാന്തിയുടെ രൂപത്തിൽ ആൾക്കൂട്ടം എല്ലാ സ്വകാര്യതയിലേയ്ക്കും സ്വച്ഛന്ദരഹിതമായ സാന്നിദ്ധ്യമായി തള്ളിക്കയറുന്നു. ഇതു് മരണഭയം പോലുമല്ല. ഭയത്തിനു് വസ്തുബോധവും സാഹചര്യങ്ങളിലുള്ള പിടിപ്പമുണ്ടായിരിക്കും. എന്നാൽ, പരിഭ്രാന്തിയാവട്ടെ, എന്തിനെയാണു് ഭയക്കുന്നതെന്നുപോലുമറിയാതെ ലക്കും ലഗാനും നഷ്ടപ്പെട്ടു് വെകിളിപിടിച്ചുള്ള നടപ്പാണു്.

സാമൂഹിക അകലം എന്ന ആശയം തന്നെ ഈ ‘പാനിക്’ പിടിച്ച പൊതുബോധത്തിനു് അംഗീകരിക്കാനാവുന്നില്ല. അകലം വെറും ശാരീരികം മാത്രമാണെന്നു് അതു് വാശി പിടിക്കുന്നു. ശാരീരിക അകലം സാമൂഹികമായ ഒരുമയാണെന്നു് അതു സ്വയം ആശ്വസിപ്പിക്കുന്നു. വീട്ടിലിരുന്നു് ഡിജിറ്റൽ മാധ്യമങ്ങളിലൂടെ സ്ക്രീൻ സാമൂഹികതയുടെ ആർപ്പുവിളികൾ ഉയർത്തുന്നു.

ഗവേഷകനും വിപ്ലവകാരിയും കലാകാരന്മാരും കമിതാക്കളും സൂക്ഷിച്ചിരുന്ന സ്വകാര്യതയാണു് കൊവിഡ് തകർത്തെറിഞ്ഞതു്. വീടുകളുടെ ഇരമ്പലിൽനിന്നു് സ്വകാര്യതയുടെ പുതിയ രൂപങ്ങൾ നമ്മൾ പണിഞ്ഞെടുക്കേണ്ടിയിരിക്കുന്നു. ഇതു് ആത്മീയമായ പുതിയ അന്വേഷണം ആവശ്യപ്പെടുന്നു. മരണവുമായി പുതിയ ബന്ധം സ്ഥാപിക്കുന്നതിലൂടെയേ ഇതു സാധ്യമാകൂ.

വാക്സിൻ കണ്ടുപിടിക്കുന്നതുവരെയുള്ള താൽക്കാലിക ക്രമീകരണം മാത്രമാണു് സാമൂഹികമായ അകലം എന്നാണു് പൊതുവിശ്വാസം. എന്നാൽ, വാക്സിൻ സാമൂഹികമായ അകലത്തെ ശരീരത്തിൽ കുത്തിവെയ്ക്കുകയാണു് ചെയ്യുക. അതു് സാമൂഹികമായ അകലത്തെ ഒരു ജൈവവസ്തുതയായി സാമാന്യവൽക്കരിക്കുന്നു. പ്രതിരോധ കുത്തിവെയ്പ്പെടുത്തു കഴിഞ്ഞാൽ നിങ്ങൾക്കു് ഏതു് സ്വകാര്യതയിലും ഇടിച്ചുകേറാം. ഈ സാമാന്യവൽക്കരണത്തിനെതിരെയാണു് പുതിയൊരു സ്വകാര്യത നിർമ്മിച്ചെടുക്കേണ്ടതു്. ഇതു് സുരക്ഷാകവചങ്ങളില്ലാതെയുള്ള ശരീരത്തിന്റെ പരസ്യപ്രകടനം തന്നെയാണു്. ഈ വൈരുദ്ധ്യം നമ്മൾ കാണാതിരിക്കരുതു്. സാമൂഹിക അകലം നശിപ്പിച്ച സ്വകാര്യതയ്ക്കു് പകരംവെയ്ക്കുന്ന സ്വകാര്യത ശരീരങ്ങളുടെ പരസ്യപ്രയോഗമാണു്. രാഷ്ട്രീയം എന്നതു് പൊതുവിടങ്ങളിലെ ശരീരത്തിന്റെ പരസ്യപ്രദർശനവും പ്രകടനവുമാണെന്നു് ഹന്നാ അരണ്ട്. ഇതു കാണാതെ പോകുന്ന ഡിജിറ്റൽ ഒരുമകൾ ഒരുപക്ഷേ, പൊതുതെരഞ്ഞെടുപ്പിനെ തന്നെ ഡിജിറ്റലാക്കിയേക്കാം! ജാഥയുടെ കോലാഹലമില്ല. കലാശക്കൊട്ടില്ല. അഴിമതിയും കുറയും. നമ്പരുകൾ ചവച്ചരയ്ക്കുന്ന ബിഗ് ഡാറ്റ അനലിസ്റ്റുകൾ ഒരു ജനതയുടെ അബോധമായ തെരഞ്ഞെടുപ്പിനെത്തന്നെയും കണക്കുകൂട്ടിയെടുക്കും. മരണത്തെപ്പറ്റിയുള്ള എന്തറിവാണു് ശരീരത്തെ സാമൂഹികമായ അകലത്തിൽനിന്നും അകലെയായി പുതിയ സാന്നിദ്ധ്യമാക്കുന്നതു്? മെയ് വഴക്കത്തിന്റെ ഏതു സാധ്യതയാണു് പുതിയൊരു രാഷ്ട്രീയം തുടങ്ങിവെയ്ക്കുക. ഓൺലൈൻ ഒരുമയുടെ നൈസർഗ്ഗിക ശുംഭത്വത്തിനു വെളിയിൽ എവിടെയാണു് ആ ജൈവമണ്ഡലം?

എന്റെ മരണം എന്റെ മാത്രം

ആദി മുതലേ മരണം മനുഷ്യനെ അലട്ടിയിരുന്നു. ഭാഷാബദ്ധമായ സാംസ്കാരിക രൂപങ്ങൾക്കും എത്രയോ മുൻപേ തന്നെ മനുഷ്യൻ ശവസംസ്കാര ചടങ്ങുകളും പിരമിഡുകളും സൃഷ്ടിച്ചു. മരണത്തോടെ ഒരാൾ ഈ ലോകത്തുനിന്നു് അപ്രത്യക്ഷനാകുന്നു. എന്നാൽ, അയാളുടെ സാന്നിദ്ധ്യം ഇവിടെയുണ്ടു്. ഉണ്ടാവണം. ശവം തന്നെയായിരുന്നു മരിച്ചയാളുടെ ഇഹലോകത്തിലെ സജീവ സാന്നിദ്ധ്യം. അതുതന്നെ ആയിരിക്കണം മനുഷ്യൻ കണ്ടെത്തിയ ആദ്യ ഇമേജും. ഇന്നു മരണത്തെ പറ്റിക്കാൻ നാം ധരിക്കുന്ന മാസ്കു് അന്നു് ശവത്തിൽ ആത്മാവിനെ ആവാഹിച്ചു നിർത്താൻ തീർത്തതായിരിക്കണം.

മരണത്തോടുള്ള പോരിൽനിന്നാണു് കല പിറന്നതു്. ഇതിനെക്കുറിച്ചു് ഗാന്ധാര പാരമ്പര്യത്തിൽ ഒരു കഥയുണ്ടു്. ഗാന്ധാര രാജാവായിരുന്ന ഭയജിത്തിന്റെ കാലത്തു് എങ്ങും ധർമ്മം വിളങ്ങിയിരുന്നു. ആരും മരിച്ചിരുന്നില്ല. എന്നാൽ, ഒരിക്കൽ ഒരാളുടെ മകൻ മരണമടഞ്ഞു. അയാൾ രാജാവിനോടു് കാരണമാരാഞ്ഞു. ഭയജിത്തു് നേരെ യമധർമ്മനെ പോയി കണ്ടു. ഒരാൾ മരിക്കാനായി എന്തു ധർമ്മച്യുതിയാണു് തന്റെ രാജ്യത്തുണ്ടായതു്? യമനു് ഉത്തരമുണ്ടായിരുന്നില്ല. ധർമ്മത്തിനു് ഒരു ചേതവുമില്ല. അങ്ങനെയെങ്കിൽ യമനെടുത്ത ജീവനെ തിരിച്ചുതരണമെന്നായി ഭയജിത്തു്. അതു നടപ്പില്ലെന്നു് യമൻ. ഒടുവിൽ ഭയജിത്തും യമലോകരും തമ്മിൽ യുദ്ധമായി. യമന്റെ പരലോകത്തുള്ളവർ നഗ്നശരീരികളാണു്. ആടയാഭരണങ്ങളോ അടയാളങ്ങളോ ഇല്ലാത്ത ബെയർ ബോഡികൾ! നഗ്നശരീരികളെ യുദ്ധത്തിൽ തോല്പിച്ചു് ഭയജിത്തു്, നഗ്നജിത്തായി. ഒടുവിൽ യമൻ ഒരു ഉടമ്പടിവെച്ചു. മരിച്ചയാളെ ഇഹലോകത്തിലേയ്ക്കു് ജീവശരീരത്തോടെ തിരിച്ചയയ്ക്കാനാവില്ല. എന്നാൽ, അയാളുടെ ചിത്രം വരയ്ക്കുക. അതിൽ അയാളുടെ സാന്നിദ്ധ്യമുണ്ടാകും. പരലോകത്തിലെ വെറും ശരീരങ്ങൾക്കു് വസിക്കാൻ ഇഹലോകത്തിൽ നിർമ്മിക്കുന്ന രൂപങ്ങളാണു് കലാസൃഷ്ടികൾ.

എന്നാൽ, യുക്തിയുടെ ചരിത്രത്തിലെവിടെയോ മരിച്ചുപോയവരുടെ പോക്കുവരത്തുകൾ നിലച്ചു. മനുഷ്യനു് തീയും ടെക്നോളജിയും നൽകിയ അസ്കെലസിന്റെ പ്രൊമിത്യുസ് പകരമായി മനുഷ്യന്റെ ഒരറിവു് എടുത്തുകളഞ്ഞു—മരണത്തെ പ്രതീക്ഷിക്കാനുള്ള അറിവു്. ആ ഗ്യാപ്പിലാണു് മനുഷ്യന്റെ ചിന്ന ചിന്ന ആശകൾ മുളച്ചതു്. ഇതോടെ പരലോക ശരീരങ്ങളുടെ സാന്നിദ്ധ്യം നഷ്ടപ്പെട്ട ചിത്രങ്ങൾ വെറും ‘സാമ്യം’ മാത്രമുള്ള പ്രതിരൂപങ്ങളായി മാറി. കല അനുകരണമാണോ എന്ന ചോദ്യത്തിന്റെ തുടക്കം ഇവിടെയാണു്. ഗ്രീക്കു് ട്രാജഡിയിൽ നായകന്റെ മരണം കൊണ്ടുവരുന്ന സാന്നിദ്ധ്യം നഗരരാഷ്ട്രത്തിലെ നിയമത്തിന്റേതാണു്. പരലോകവുമായുള്ള കൊടുക്കൽ വാങ്ങലുകൾ ഇതോടെ അവസാനിച്ചു. മരണത്തോടെ ശരീരം റദ്ദു് ചെയ്യപ്പെടുന്നു എന്നു നിശ്ചയിക്കപ്പെട്ടു. ഇനി മരണത്തെ അതിജീവിക്കുന്നതു് അചരമായ ആത്മാവു മാത്രമാണു്.

ആത്മാവിന്റെ നിത്യജീവിതത്തെക്കുറിച്ചു് ശാസ്ത്രമോ തത്ത്വചിന്തയോ ചിന്തിച്ചു മിനക്കെടുകയില്ല. മരണോന്മുഖമായ ഈ ധാർമ്മികതയിൽ അറിവും അധികാരവും തമ്മിലുള്ള ബന്ധമെന്താണു്? ജീവിതത്തിനുള്ളിലെ മരണത്തിന്റെ ചിലമ്പലുകൾ വൈദ്യശാസ്ത്രവും ജീവശാസ്ത്രവും ശ്രദ്ധിക്കുന്നതെങ്ങനെയാണു്?

ക്രിസ്തുമതം ആത്മാവിന്റെ നിത്യജീവനെ പൂർണ്ണമായും ഏറ്റെടുക്കുന്നതുവരെയെങ്കിലും ‘എങ്ങനെ മരിക്കണം’ എന്നതു് പാശ്ചാത്യ ധർമ്മശാസ്ത്രത്തിലെ പ്രധാന ചോദ്യങ്ങളിലൊന്നായിരുന്നു. സെനേക്ക യുടെ (Seneca) ‘How to Die’ ജീവിതത്തെ മരണത്തിനുള്ള അപ്രന്റിസ്ഷിപ്പായി കാണുന്നു. നഷ്ടബോധം പരിഹരിച്ചു് മരണത്തിനു തൊട്ടുമുൻപുള്ള നിമിഷത്തെ ജീവിതം പൂർണ്ണമായി എന്ന തിരിച്ചറിവിൽ ആനന്ദതുന്തിലമാക്കുക. ഇതിനുള്ള തയ്യാറെടുപ്പുകളിലൂടെ പുതിയ കർതൃത്വവും ധാർമ്മികതയും സൃഷ്ടിക്കുക. മരണത്തിന്റെ വക്കിൽനിന്നുകൊണ്ടു് ജീവിതത്തെ ലാളിക്കുക. അങ്ങനെ മരണത്തെ വലിയൊരു സംഭവമല്ലാതാക്കുക. ഇതായിരുന്നു സെനേക്കയുടെ ജീവിതത്തിന്റെ മരണതന്ത്രം. (സ്റ്റോയിക്കുകൾക്കു് മരണത്തോടു് അഭിനിവേശമുണ്ടായിരുന്നു എന്നതു് നേരു്. എന്നാൽ ആത്മഹത്യ അവർക്കെളുപ്പമായിരുന്നില്ല. നിർബ്ബന്ധമുള്ളവർ അതു പരസ്യമായി പൊതുസ്ഥലത്തു ചെയ്യേണ്ടിയിരുന്നു; അതും ചോരവാർന്നോ സ്വയം പട്ടിണിക്കിട്ടോ ഒക്കെ.)

ക്രിസ്തുമതത്തിന്റെ വരവോടെ മരണവും ജീവിതവും തമ്മിലുള്ള അതിരുകൾ മാറ്റി വരയ്ക്കപ്പെട്ടു. പാപത്തിന്റെ ശമ്പളമാണു് മരണം. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പു് നിത്യജീവന്റെ മറ്റൊരു കാലപ്രമാണം നടപ്പിലാക്കി. പാപിയായി സ്വയം വിധിക്കുന്ന ആത്മാവിനു് ഓരോ നിമിഷവും മരണമാണു്. എന്നാൽ, ‘വേണ്ട വേണ്ട, ഭൂപ്രദേശം അല്ല എന്റെ പാർപ്പിടം’ എന്നു തിരിച്ചറിയുന്ന ആത്മാവു് സമയമാം രഥത്തിലേറി സ്വദേശത്തേയ്ക്കു് വീണ്ടെടുക്കപ്പെടാനുള്ള അന്തിമ വിധി വരേയ്ക്കുമുള്ള മറ്റൊരു യാത്രയ്ക്കു് തയ്യാറാവുന്നു. ഇന്നലയെക്കാളും ഇന്നിനോടടുത്തു നിൽക്കുന്ന നാളെയിലേയ്ക്കാണു് ഈ യാത്ര.

എന്നാൽ, ആധുനിക ചിന്തയും ശാസ്ത്രവും മരണാനന്തര ജീവിതത്ത അറിവിൽനിന്നു വിടുവിച്ചു് ധാർമ്മികമായ ആഗ്രഹത്തിന്റെ ഭാഗമാക്കി. ഭൗതിക ലോകത്തു് കാര്യകാരണ ബന്ധത്തിനു വശപ്പെട്ടു നടക്കുന്ന സംഭവങ്ങളാണു് ശാസ്ത്രീയമായ അറിവിന്റെ വിഷയം. നിത്യജീവനും ആത്മാവും ശാസ്ത്രത്തിന്റെ വിഷയങ്ങളല്ല. എന്നാൽ, അല്പനും നശ്വരനുമായ മനുഷ്യന്റെ യുക്തിക്കു് അനശ്വരത എന്ന ആശയത്തെ ചിന്താമണ്ഡലത്തിൽ നിലനിർത്തികൊണ്ടു മാത്രമേ ഭൗതികലോകത്തിന്റെ അറിവിനും അനുഭവത്തിനും വിഷയമാക്കാനാവൂ. അനശ്വരതയെ നമുക്കു് അറിയാനോ അനുഭവിക്കാനോ ആവില്ല. എന്നാൽ, യുക്തിയുടെ അനിവാര്യമായ ഒരു സങ്കല്പനം എന്ന നിലയിൽ അതു് മരണത്തിന്റെ സപോട്ടു് ലൈറ്റിനെ ജീവിതത്തിനു നേരെ തിരിച്ചുവെയ്ക്കുന്നു. ഈ വെളിച്ചത്തിലാണു് നമ്മൾ ജീവിതത്തെ അറിയുന്നതും അനുഭവിക്കുന്നതും. ജീവിച്ചിരിക്കുന്ന ഓരോ നിമിഷത്തിലും അനിവാര്യവും അപ്രതീക്ഷിതവുമായ മരണത്തിന്റെ സാന്നിദ്ധ്യം കണ്ടറിഞ്ഞു ജീവിക്കുക. മരണത്തിന്റെ സാന്നിദ്ധ്യമാണു് നമ്മുടെ നിമിഷങ്ങളെ ഭാവിയിലേയ്ക്കു് തുറന്നുവെയ്ക്കുന്നതു്.

പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്പിൽ ജ്ഞാനോദയമുണ്ടായതു് മനുഷ്യന്റെ പരിമിതിയെക്കുറിച്ചുള്ള തീവ്രബോധത്തിൽനിന്നാണു്. മനുഷ്യൻ തന്റെ പരിമിതിയെ തിരിച്ചറിയുന്നതു് മനുഷ്യാതീതമായ അപാരതയുമായി താരതമ്യം ചെയ്തുകൊണ്ടല്ല. അങ്ങനെ താരതമ്യം ചെയ്യണമെങ്കിൽ നമുക്കു് അപാരതയെ അറിയാനാകണം. മനുഷ്യന്റെ അറിവു് പരിമിതമാണു്. ഈ പരിമിതിക്കുള്ളിൽനിന്നും സ്വന്തം പരിമിതിയെ തിരിച്ചറിയുന്നവനാണു് മനുഷ്യൻ. സ്വന്തം പരിമിതിക്കുള്ളിലെ അനുരണനങ്ങളിലാണു് അവൻ അപാരതയെ അറിയുന്നതു്.

എന്റെ മരണമാണു് മറ്റാർക്കും വെച്ചുമാറാനാകാത്ത എന്റെ ഒരേ ഒരു ജീവിതവൃത്തി. എന്റെ മരണം എനിക്കേ മരിക്കാനാവൂ. എന്നാൽ, എന്റെ മരണം എന്റെ ജീവിതത്തിലെ മറ്റൊരു സംഭവമോ ചെയ്തിയോ അല്ലതാനും. എന്റെ മരണമാണു് ആൾക്കൂട്ടങ്ങളിൽനിന്നു് എന്നെ വേറിട്ടറിയിച്ചു് എനിക്കു് വ്യക്തതയും വ്യക്തിത്വവും തരുന്നതു്. ഞാൻ ചിന്തിക്കുന്നു, അതിനാൽ ഞാനുണ്ടു് എന്നതിനേക്കാൾ ഞാൻ മരിക്കും, അതിനാൽ ഞാനുണ്ടു് എന്നതാവും ശരി. മരണം മുട്ടി തുറക്കുന്നതാണു് ഭാവിയിലേയും അന്യനിലേയ്ക്കുമുള്ള എന്റെ വാതിലുകൾ. ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനാണോ എന്ന ചോദ്യത്തിനു ഉത്തരമാണു് ഞാൻ. ഞാൻ ഇരിക്കുന്ന ഇടം—എന്റെ അസ്തിത്വം തന്നെ. ഇവിടെ ഇരിക്കേണ്ടിയിരുന്ന മറ്റൊരുവനിൽനിന്നു കടം കൊണ്ടതാണു്. മറ്റൊരുവന്റെ മരണത്തിനു് ഉത്തരവാദിയായേ എനിക്കു ജീവിതമുള്ളു. മരണമുള്ള മർത്ത്യന്റെ ചിന്തയ്ക്കുള്ളിലെ പ്രകമ്പനത്തിനോ പ്രചോദനത്തിനോ അപ്പുറം അമർത്യതയ്ക്കു് ഇനി ഒരു പ്രാധാന്യവുമില്ല. ആത്മാവിന്റെ നിത്യജീവിതത്തെക്കുറിച്ചു് ശാസ്ത്രമോ തത്ത്വചിന്തയോ ചിന്തിച്ചു മിനക്കെടുകയില്ല. മരണോന്മുഖമായ ഈ ധാർമ്മികതയിൽ അറിവും അധികാരവും തമ്മിലുള്ള ബന്ധമെന്താണു്? ജീവിതത്തിനുള്ളിലെ മരണത്തിന്റെ ചിലമ്പലുകൾ വൈദ്യശാസ്ത്രവും ജീവശാസ്ത്രവും ശ്രദ്ധിക്കുന്നതെങ്ങനെയാണു്?

മരണവും ആധുനിക വൈദ്യവും

പതിനെട്ടു്, പത്തൊൻപതു് നൂറ്റാണ്ടുകളിൽ ആധുനിക വൈദ്യം പിറക്കുന്നതു് അറിവും മരണവും തമ്മിലുണ്ടായ പുതിയ കൂട്ടുകെട്ടിലൂടെയാണു്. ഇനി മരണമെന്നതു് ശരീരം ക്രമേണ ക്ഷയിച്ചു് ജഡവസ്തുക്കളായി പിരിഞ്ഞുപോകുന്നതല്ല. മരണം ജീവിതത്തിന്റെ തന്നെ ഒരു തലമാണു്. മരണത്തിന്റെ പ്രകാശം ശരീരത്തിനുള്ളിലെ ഇരുളിനെ തെളിക്കുമ്പോഴാണു് നമുക്കു് ജീവനെ അറിയാനാവുന്നതു്.

ജീവനെ അജൈവവസ്തുവിൽനിന്നു് വേർതിരിക്കുന്നതു് സ്വയം നശിക്കാനുള്ള പ്രവണതയാണു്. Apoptosis: മരണം ജീവനിൽ പ്രോഗ്രാം ചെയ്തു വെച്ചിരിക്കുകയാണു്. ആധുനിക വൈദ്യം രോഗലക്ഷണത്തെയാണു് ചികിത്സിക്കുന്നതെന്നും രോഗത്തേയോ രോഗിയേയോ അല്ല എന്നുമൊരു പരാതിയുണ്ടു്. വാസ്തവത്തിൽ രോഗവും ലക്ഷണവും തമ്മിലുള്ള ബന്ധത്തെ പുനർനിർമ്മിച്ചുകൊണ്ടാണു് വൈദ്യത്തിലെ ആധുനികതയുടെ തുടക്കം.

ഫൂക്കോ ‘ക്ലിനിക്കിന്റെ പിറവി’യിൽ ശവം കീറിയുള്ള പരിശോധന വൈദ്യജ്ഞാനത്തിന്റെ ഭാഗമായതെങ്ങനെ എന്നതു വിശദീകരിക്കുന്നുണ്ടു്. മരണം ജീവന്റെ അഭാവമെങ്കിൽ ശവം കീറി പഠിച്ചതുകൊണ്ടു് എന്തു പ്രയോജനം. അന്ധവിശ്വാസങ്ങൾ അനുവദിക്കാത്തതുകൊണ്ടല്ല. പാരമ്പര്യവൈദ്യം ശവത്തിൽ കുത്താതിരുന്നതു്. ആധുനിക വൈദ്യം മരണത്തെ ജീവന്റെ കണ്ണാടിയും വെളിച്ചവുമാക്കിയപ്പോഴേ ശവം അറിവിന്റെ ഉറവിടമായുള്ളു. ജനനം മുതലേ നാം മരിച്ചുകൊണ്ടിരിക്കുകയാണു്. നമ്മൾ ഒരിക്കലും മരിച്ചുതീരുന്നില്ല എന്നു പറയാം. രോഗം വരുന്നതുകൊണ്ടല്ല നമ്മൾ മരിക്കുന്നതു്. മറിച്ച്, മരണമുള്ളതുകൊണ്ടാണു് നമ്മൾ രോഗികളാവുന്നതു്. മരണവും ജീവിതവുമായുള്ള ബന്ധത്തിലെ ഈ തകിടംമറിയലിലാണു് ആധുനിക വൈദ്യത്തിലെ പതോളജിക്കൽ അനാട്ടമിയുടെ പിറവി.

ആധുനിക വൈദ്യം ആശുപത്രിയെ രോഗത്തെ പഠിക്കാനും ചികിത്സിക്കാനുമുള്ള സ്ഥലമാക്കിയെടുത്തു. അതുവരെ രോഗികൾ ആശുപത്രിയിൽ പോയിരുന്നതു് മരിക്കാനായിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടെ രോഗം മാറി ആശുപത്രിയിൽനിന്നു പുറത്തിറങ്ങാമെന്നായി. മരണത്തെ ആശുപത്രിയിലേയ്ക്കു് ആനയിച്ചുകൊണ്ടാണിതു് സാധ്യമാക്കിയതു്. പാതോളജിക്കൽ അനാട്ടമി ശരീരത്തെ ആശുപത്രിയിലേയ്ക്കു കൊണ്ടുവരുന്നതു് മരണത്തിന്റെ പ്രകാശത്തിൽ കുളിപ്പിച്ചാണു്. ആരോഗ്യം എന്ന സങ്കലനമില്ലാതെതന്നെ ആധുനിക വൈദ്യത്തിനു് രോഗത്തെ അറിയാനും ചികിത്സിക്കാനും കഴിയും. ഈ പുതിയ നോട്ടത്തിന്റെ വ്യവസ്ഥകളാണു് ഫൂക്കോ അവതരിപ്പിച്ചതു്.

ശരീരത്തിന്റെ ഇരുട്ടിനെ മരണത്തിന്റെ വെളിച്ചംകൊണ്ടു് കീറിമുറിച്ചു പഠിക്കുന്ന സർജനാണു് രോഗം. രോഗം ശരീരത്തെ ജീർണ്ണിപ്പിക്കുകയല്ല, വിശകലനം ചെയ്യുകയാണു്. ആരോഗ്യമല്ല. രോഗത്തിന്റേയും ചികിത്സയുടേയും മാനദണ്ഡം. മൃത്യകിരണങ്ങൾ രോഗത്തേയും ജീവനേയും പാതോളജിക്കൽ അനാട്ടമിയുടെ നോട്ടത്തിനു മുന്നിൽ തെളിച്ചു നിർത്തുന്നു. സത്യം പറയിപ്പിക്കുന്നു. രോഗം ശരീരത്തെ വൈദ്യദൃഷ്ടിക്കുവേണ്ടി അഴിച്ചെടുക്കുന്നു. മരണം ജീവിതത്തിലുണ്ടാക്കുന്ന ഒരു ക്രമഭംഗത്തിലൂടെയാണു് ജീവൻ അതിനെ തന്നെ നോക്കിക്കാണുന്നതും അറിയുന്നതും. മരണം ജീവിതത്തിലെ മാത്രമല്ല, അറിവിലേയും റിസ്കാണു്. ഈ റിസ്ക്കിലൂടെയാണു് ശരീരത്തിന്റെ സ്ഥലതയിലേയ്ക്കു് രോഗത്തിന്റെ കാലപ്രമാണം ആലേഖനം ചെയ്യപ്പെടുന്നതു്. ഫൂക്കോ തന്റെ സ്വതസിദ്ധമായ പൊട്ടിച്ചിരിയോടെ പറയുന്നുണ്ട്—തത്ത്വചിന്ത ഇന്നിതുവരെ ഗണിതത്തിലും ശാസ്ത്രത്തിലും വെറുതെ തിരഞ്ഞുപോന്ന വിശ്ലേഷണയുക്തി ഒടുവിൽ അവതരിക്കുന്നതു് പതോളജിയെ സാധ്യമാക്കിയ മരണലീലയായാണു്.

രോഗം ഒരു വ്യതിയാനമാണു്. എന്നാൽ, ഈ തെറ്റലിനൊരു ക്രമമുണ്ടു്. ഈ ക്രമത്തിന്റെ ഉറവിടം മരണത്തിലേയ്ക്കു് വഴുതിനിൽക്കുന്ന പരിമിതമായ ജീവനാണു്. രോഗം ജീവിതം തന്നെയാണു്. നിലതെറ്റിയ ജീവന്റെ വഴിവിട്ട രൂപം തന്നെയാണു് ഇതിന്റേതു്. മരണവും ജഡത്വവും തമ്മിലുള്ള ബന്ധം ജീവവസ്തുവും അജൈവവസ്തുവും തമ്മിലുള്ള സാമ്യ-വൈജാത്യങ്ങളെ അപ്രസക്തമാക്കി. ഭൗതിക ശരീരത്തിലെ കലകളിൽ രോഗകാരണം തെരയുന്ന വൈദ്യയുക്തിയെ ലഘൂകരണമോ ന്യൂനീകരണമോ ആയി കാണാനാകില്ല. മരണത്താൽ നയിക്കപ്പെട്ടാണു് രോഗം ശരീരത്തിൽ അതിന്റെ ഭൗതികമായ ഇടവും അടിസ്ഥാനവും കണ്ടെത്തുന്നതു്. ജീവനെ അജൈവവസ്തുവിൽനിന്നു് വേർതിരിക്കുന്നതു് സ്വയം നശിക്കാനുള്ള പ്രവണതയാണു്. Apoptosis: മരണം ജീവനിൽ പ്രോഗ്രാം ചെയ്തു വെച്ചിരിക്കുകയാണു്. ആധുനിക വൈദ്യം രോഗലക്ഷണത്തെയാണു് ചികിത്സിക്കുന്നതെന്നും രോഗത്തേയോ രോഗിയേയോ അല്ല എന്നുമൊരു പരാതിയുണ്ടു്. വാസ്തവത്തിൽ രോഗവും ലക്ഷണവും തമ്മിലുള്ള ബന്ധത്തെ പുനർനിർമ്മിച്ചുകൊണ്ടാണു് വൈദ്യത്തിലെ ആധുനികതയുടെ തുടക്കം. പാരമ്പര്യ വൈദ്യത്തിൽ ലക്ഷണങ്ങളിലൂടെ രോഗം വൈദ്യനോടു് സംസാരിക്കുകയായിരുന്നു. രോഗത്തിലൂടെ ശരീരവും ലക്ഷണത്തിലൂടെ രോഗവും, വേദനയുടേയും സഹനത്തിന്റേയും കാര്യകാരണങ്ങളുടേയും കഥകൾ പറഞ്ഞു. എന്നാൽ, ആധുനികതയോടെ ഈ സംഭാഷണം നിലച്ചു. ലക്ഷണങ്ങൾ മൗനികളായി. രോഗം ലക്ഷണങ്ങൾക്കു പിറകിൽ മറഞ്ഞിരിക്കുന്ന സത്ത അല്ലാതായി.

ലക്ഷണങ്ങളുടെ സംഘാതമാണു് രോഗം. എന്നാൽ, ലക്ഷണം രോഗത്തിന്റെ ആവിഷ്കാരമല്ല, മറിച്ചു് സൂചകമാണു്. രോഗത്തിനു് സത്തയില്ലെങ്കിലും അതിനൊരിടമുണ്ടു്. പാരമ്പര്യ വൈദ്യത്തിലെപ്പോലെ അവയവങ്ങളുടേയോ അടിസ്ഥാന മൂലകങ്ങളുടേയും വർഗ്ഗീകരണത്തിലൂടെയല്ല. ആധുനിക വൈദ്യം രോഗത്തിന്റെ ഇരിപ്പിടം കണ്ടെത്തുന്നതു്. കലകളിലെ ക്ഷതത്തിൽ രോഗത്തിനു സ്ഥാനം കാണുന്നതു് ഒരു പുതിയ നോട്ടവും ശ്രദ്ധയുമാണു്.

ചുമ പല രോഗങ്ങളുടേയും ലക്ഷണമാണു്. ആധുനിക വൈദ്യം ചുമയെ മറ്റൊന്നിന്റെ കലമ്പിയ ഭാഷണമായി കാണാതെ ചുമയിൽ ചുമയുടെ കലമ്പൽ മാത്രം കേൾക്കുന്നു. അതിന്റെ സ്ഥാനം നോക്കുന്നു. പാരമ്പര്യവൈദ്യൻ നാഡിമിടിപ്പിൽ രോഗത്തിന്റെ സംസാരം ശ്രദ്ധിക്കുന്നു. മഹാവൈദ്യനു് നാഡിസ്പന്ദത്തിൽ പ്രപഞ്ചത്തിന്റെ സംഗീതം തന്നെ കേൾക്കാം! (ആരോഗ്യനികേതനത്തിലെ ജീവൻ മശായിയെ ഓർക്കുക!) ആധുനിക വൈദ്യത്തിനു് നാഡീസ്പന്ദം കലകളിലെ ക്ഷതത്തിന്റെ സൂചനയാണു്. മുദ്രവാക്യക്കാർ പറയുമ്പോലെ സൂചന സൂചന സൂചന മാത്രം!

ലക്ഷണശാസ്ത്രത്തിൽനിന്നു സൂചകശാസ്ത്രത്തിലേയ്ക്കുള്ള മാറ്റമാണു് ആധുനിക വൈദ്യം കൊണ്ടുവന്നതു്. രോഗിയുടെ യാതനയും ആവലാതികളും തങ്ങളുടെ ശ്രദ്ധ തിരിക്കാതിരിക്കാൻ ചില പാരമ്പര്യ നാഡീ വൈദ്യന്മാർ രോഗികളെ കാണാമറയത്തു നിർത്തി അവരുടെ കൈത്തണ്ടയിൽ കെട്ടിയ ചരടിന്റെ മറ്റേ അറ്റത്തു പിടിച്ചു് സ്പന്ദമറിഞ്ഞിരുന്നുവത്രെ. ആധുനിക വൈദ്യമാകട്ടെ, നാഡീസ്പന്ദത്തെ മറ്റു് പല തെളിവുകൾക്കുമൊപ്പം രോഗിയുടെ കേസ് ഷീറ്റിൽ എഴുതിവെയ്ക്കുന്നു.

രോഗമോ രോഗിയോ അല്ല, ‘കേസ്’ ആണു് ആധുനിക വൈദ്യത്തിന്റെ അടിസ്ഥാന യൂണിറ്റ്. ഓരോ കേസും വ്യത്യസ്തങ്ങളാണു്. അതിനു് ശരീരത്തിൽ വ്യക്തവും വ്യതിരിക്തവുമായ ഒരിടമുണ്ടു്. ഇതുറപ്പിക്കുന്നതിനുള്ള ടെസ്റ്റ് പരീക്ഷണമല്ല, പരിശോധനയാണു്. രോഗസൂചനകളുടെ ഈ വ്യക്തീകരണം സാധ്യമാക്കുന്നതു് ശരീരവും മരണവുമായുള്ള ബന്ധമാണു്. മരണത്തിൽ മാത്രം വ്യക്തമാകുന്ന വ്യക്തിശരീരത്തിന്റെ വ്യതിരിക്തമായ വ്യാസത്തിലാണു് രോഗത്തിന്റെ ഇടം. ഇവിടെയാണു് ലക്ഷണങ്ങൾ തെളിയുന്നതു്.

ദാരിദ്ര്യവും അലമ്പൻ തൊഴിലുകളും 18-ാം നൂറ്റാണ്ടു മുതലേ ആരോഗ്യപ്രശ്നങ്ങളായിരുന്നിട്ടുണ്ടു്. കണ്ണുവെട്ടിച്ചുള്ള ചേരി ജീവിതങ്ങൾ, കണക്കുവെട്ടിച്ചുള്ള അവരുടെ പ്രയാണങ്ങൾ ഇതൊക്കെ വൈദ്യനും പൊലീസിനും എന്നും പ്രശ്നമായിരുന്നിട്ടുണ്ടു്. മെഡിക്കൽ പൊലീസ് എന്നൊരു വിഭാഗം തന്നെ നിലവിൽ വന്നു. പൗരവ്യക്തിത്വത്തിനു പറ്റിയ ശരീരം രൂപമെടുക്കുന്നതും ഇക്കാലത്താണു്.

ഇനി ആധുനിക ശാസ്ത്രത്തിന്റെ പിറവിയുടെ സാമൂഹിക സാഹചര്യങ്ങൾ അന്വേഷിക്കാം. നമ്മുടെ ലോക്ക് ഡൗൺ സന്ദർഭത്തിലെ പ്രതിസന്ധിയുമായി ഈ സാഹചര്യങ്ങൾക്കുള്ള ബന്ധമെന്താണു്? ജീവനാണോ സമ്പദ്വ്യവസ്ഥയാണോ പ്രധാനം? ജീവൻ വേണോ? സ്വാതന്ത്ര്യം വേണോ? കരുതലിന്റേയും കാരുണ്യത്തിന്റേയും ഉടലെടുത്ത രൂപമായ ആധുനിക വൈദ്യം ഒരു വശത്തും കണ്ണിൽ ചോരയില്ലാത്ത ക്യാപ്പിറ്റലിസ്റ്റുകളും (ഗതികിട്ടാത്ത അലമ്പൻ (അതിഥി) തൊഴിലാളികളും മറുവശത്തും നിന്നുള്ള ആശയസംഘട്ടനമായാണു് ഇതു് അവതരിക്കപ്പെടുന്നതു്. എന്നാൽ, ഈ വിവാദത്തിനു് ഒരു പുതുമയുമില്ല. ആധുനിക വൈദ്യം പിറന്നതും വളർന്നതും ഈ പ്രതിസന്ധിയിൽ കിടന്നു കളിച്ചുകൊണ്ടാണു്. ഈ പ്രതിസന്ധികൾ അതിന്റെ മാർഗ്ഗത്തിൽ എവിടെനിന്നോ പൊട്ടിവീണ ആധുനിക വൈദ്യത്തിന്റെ മുളപൊട്ടലിലും സ്ഥാപനവൽക്കരണത്തിലും ഉൾച്ചേർന്നിരിക്കുന്നതാണു് ഈ പ്രതിസന്ധികൾ. ലോക് ഡൗൺ നിർഭാഗ്യകരമാണു്; പക്ഷേ, വേറെ നിവൃത്തിയില്ല എന്നു് ഒരു വൈദ്യൻ പറയുമ്പോൾ 18, 19 നൂറ്റാണ്ടു് മുതൽ സാമൂഹ്യ സാമ്പത്തിക മണ്ഡലങ്ങളുമായി വൈദ്യം നടത്തിപ്പോരുന്ന ചില ഇടപാടുകൾ തുടരുക മാത്രമാണു് ചെയ്യുന്നതു്.

ആധുനിക വൈദ്യത്തിന്റെ ഉറവിടമായി ഫൂക്കോ കണ്ടെത്തുന്ന പ്രവണതകൾ ഇവയാണു്: സമൂഹത്തിന്റെ പൂർണ്ണമായ വൈദ്യവല്ക്കരണം, വൈദ്യത്തിന്റെ ദേശീയവല്ക്കരണവും നഗരവൽക്കരണവും ജൈവചരിത്രത്തിന്റെ പിറവി, ഹെൽത്ത് എക്കണോമിക്സിന്റെ സ്ഥാപനം. അറിവും രോഗവും മരണവുമായി പുതിയ ബന്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടാണു് ക്ലിനിക്ക് എന്ന ക്രമീകരണം നിലവിൽ വന്നതു്. ക്ലിനിക്ക് രോഗത്തെ പഠിക്കാനും ചികിത്സിക്കാനുമുള്ള കൃത്രിമമായ സാഹചര്യമൊരുക്കി. അതേസമയം ഈ ക്ലിനിക്കിനെ സമൂഹമൊട്ടാകെ വ്യാപിപ്പിക്കുകയും ചെയ്തു. ശുചിത്വം, വ്യായാമം, ലൈംഗികത തുടങ്ങി ഇതുവരെ വൈദ്യത്തിന്റെ ഭാഗമല്ലാതിരുന്ന പലതും അതിനുള്ളിലായി.

വൈദ്യം ദേശീയവൽക്കരിക്കപ്പെട്ടു. പൊതുജനാരോഗ്യം, ജനനനിരക്കും മരണനിരക്കും കണക്കാക്കിയുള്ള പ്ലാനിങ്, പകർച്ചവ്യാധികളുടെ ഡേറ്റയുടെ പ്രാമാണ്യം—ഇതൊക്കെ ദേശീയതയുടെ ഭാഗമാണു്. ദാരിദ്ര്യവും അലമ്പൻ തൊഴിലുകളും 18-ാം നൂറ്റാണ്ടു മുതലേ ആരോഗ്യപ്രശ്നങ്ങളായിരുന്നിട്ടുണ്ടു്. കണ്ണുവെട്ടിച്ചുള്ള ചേരി ജീവിതങ്ങൾ, കണക്കുവെട്ടിച്ചുള്ള അവരുടെ പ്രയാണങ്ങൾ ഇതൊക്കെ വൈദ്യനും പൊലീസിനും എന്നും പ്രശ്നമായിരുന്നിട്ടുണ്ടു്. മെഡിക്കൽ പൊലീസ് എന്നൊരു വിഭാഗം തന്നെ നിലവിൽ വന്നു. പൗരവ്യക്തിത്വത്തിനു പറ്റിയ ശരീരം രൂപമെടുക്കുന്നതും ഇക്കാലത്താണു്. തോക്കും പുതിയ പട്ടാളതന്ത്രങ്ങളും പട്ടാളക്കാരന്റെ ശരീരത്തെ സൃഷ്ടിച്ചതുപോലെ ക്ലിനിക്കിലെ നിരീക്ഷണ ലേഖന സമ്പ്രദായങ്ങളും പുതിയ കണക്കെടുപ്പു് രീതികളും പൗരവ്യക്തി ശരീരത്തെ പരുവപ്പെടുത്തിയെടുത്തു.

ഭീകരവാദിയുടേയും പകർച്ചവ്യാധിയുടേയും രൂപത്തിൽ വരുന്ന മരണത്തിനെതിരെ ഭരണകൂടങ്ങൾ നെഞ്ചുവിരിച്ചും മസിലുപിടിച്ചും ചില നമ്പരുകൾ ഇറക്കിയേക്കാം. എന്നാൽ, ബോംബറും വൈറസും പോയാലും ഭരണകൂടമിറക്കിയ സുരക്ഷാനമ്പരുകൾ പൂർവ്വാധികം പ്രാബല്യത്തോടെ നിലനില്ക്കും.

എന്നാൽ, വൈദ്യവല്ക്കരണത്തിനു ചുറ്റം തുടക്കം മുതലേ വിവാദങ്ങളുണ്ടായിരുന്നു. ആശുപത്രി രോഗവിതരണ കേന്ദ്രമാണെന്നതായിരുന്നു ഒരു അപഖ്യാതി. ഡോക്ടർമാർ പണിമുടക്കുമ്പോഴൊക്കെ മരണനിരക്കു് കുറയുന്നു! കണ്ണിംഗാമും കൂട്ടരും 2008-ൽ പ്രസിദ്ധീകരിച്ച ഒരു പേപ്പറുണ്ടു് ഇതിനെക്കുറിച്ചു്—ഡോക്ടർമാരുടെ പണിമുടക്കും മരണനിരക്കും (S. A. Cunningham, Doctor’s Strikes and Mortality a review, 2008) 1976 മുതൽ 2003 വരെയുള്ള ഡോക്ടർമാരുടെ അഞ്ചു് പ്രധാന പണിമുടക്കുകളെക്കുറിച്ചാണു് പഠനം. എവിടെ ഡോക്ടർമാർ പണിമുടക്കുന്നുവോ അവിടെ മരണനിരക്കു് കുറയും! ഇതിന്റെ കാര്യകാരണങ്ങളെക്കുറിച്ചു് നമുക്കു വലിയ പിടിയൊന്നുമില്ല. വേറെയുമുണ്ടു് അപഖ്യാതികൾ. ആന്റിബയോട്ടിക് മരുന്നുകൾ രോഗപ്രതിരോധശക്തി കുറയ്ക്കുന്നു. വാക്സിൻ ഒരു രോഗത്തെ പ്രതിരോധിക്കുമ്പോൾ പല മഹാരോഗങ്ങൾ വരുത്തിവെയ്ക്കുന്നു.

സമൂഹത്തിന്റെ വൈദ്യവൽക്കരണത്തിനൊപ്പം ആധുനിക വൈദ്യം മറ്റൊന്നിനുകൂടെ തുടക്കമിട്ടു: മനുഷ്യന്റെ ജൈവചരിത്രം. ജൈവരാഷ്ട്രീയവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണു് ചരിത്രം. പതിനെട്ടാം നൂറ്റാണ്ടോടെ അധികാരം ജനങ്ങളുടെ ജീവനിലും ആരോഗ്യത്തിലും നേരിട്ടു് ഇടപെട്ടു തുടങ്ങി. വധഭീഷണിയിലൂടെയല്ല ഇനി അധികാരം പ്രവർത്തിക്കുക. മനുഷ്യരെ തമ്മിലടിച്ചു മരിക്കാതെ സംരക്ഷിച്ചു നിർത്തുകയുമല്ല ഭരണകൂടത്തിന്റെ ലക്ഷ്യം. അതു് ജീവനിലും സുരക്ഷയിലും നേരിട്ടു് കൈവച്ചു തുടങ്ങി. ഭീകരവാദിയുടേയും പകർച്ചവ്യാധിയുടേയും രൂപത്തിൽ വരുന്ന മരണത്തിനെതിരെ ഭരണകൂടങ്ങൾ നെഞ്ചുവിരിച്ചും മസിലുപിടിച്ചും ചില നമ്പരുകൾ ഇറക്കിയേക്കാം. എന്നാൽ, ബോംബറും വൈറസും പോയാലും ഭരണകൂടമിറക്കിയ സുരക്ഷാനമ്പരുകൾ പൂർവ്വാധികം പ്രാബല്യത്തോടെ നിലനില്ക്കും. മനുഷ്യൻ ജീവനിൽ നടത്തുന്ന ഇടപെടലുകളെ അവന്റെ വംശചരിത്രത്തിലേയ്ക്കു് ആരോപിച്ചു് എഴുതപ്പെടുന്നതാണു് ജൈവചരിത്രം.

ഹെൽത്ത് എക്കണോമിക്സിന്റെ ഏറ്റവും വലിയ സംഭാവനയാണു് ആരോഗ്യ ഇൻഷുറൻസ്. ഇതിന്റെ പേരിൽ ആശുപത്രികൾ രോഗികളെ കൊള്ളയടിച്ചു പോരുന്നു. മാത്രമല്ല, പാവങ്ങളുടെ പണംകൊണ്ടു് കെട്ടിപ്പടുത്ത ആശുപത്രികളിൽ സമ്പന്നർ സുഖചികിത്സ ആസ്വദിക്കുകയും ചെയ്യുന്നു.

നിങ്ങളെ പരിശോധിക്കുന്ന ഡോക്ടർ ഒരു വ്യക്തിയിലല്ല മനുഷ്യൻ എന്ന സ്പീഷിസിന്റെ ചരിത്രത്തിലാണു് ഇടപെട്ടുകൊണ്ടിരിക്കുന്നതു്. നിയതമായ സത്തയില്ലാത്ത, വൈജാത്യങ്ങളിൽ വ്യാപരിക്കുന്ന ബഹുരൂപിയായ ‘പോപ്പുലേഷൻ’ എന്ന ജൈവസംഘാതത്തിലാണു് ഡോക്ടറുടെ ഇടപെടൽ. ഈ ജൈവചരിത്രത്തെ പണ്ടുണ്ടായിരുന്ന പ്രകൃതി ചരിത്രത്തിൽ (Natural History) നിന്നു വേറിട്ടു കാണണം. പ്രകൃതി ചരിത്രത്തിൽ മനുഷ്യൻ തനതു സ്വഭാവമുള്ള മറ്റു പലതിനുമൊപ്പം ഒരു ജീവി മാത്രമായിരുന്നു. മരണത്തോടെ അചരങ്ങളായ പദാർത്ഥങ്ങളായി അതിന്റെ ശരീരം പിരിഞ്ഞുപോവുകയും മരണമില്ലാത്ത ആത്മാവു് പരലോകം പൂകുകയും ചെയ്തു. എന്നാൽ, ജൈവചരിത്രം മരണത്തെ ജീവശരീരത്തിൽ പ്രവേശിപ്പിക്കുകയും ജീവനെക്കുറിച്ചുള്ള അറിവിന്റെ തെളിച്ചമാക്കുകയും ചെയ്തു. ഇതുവരെ പുറത്തുനിന്നു നമ്മെ വിരട്ടിയിരുന്ന മരണത്തിനു് ജീവിതം ഒരു പണികൊടുത്തു എന്നു പറയാം. ഇതോടെ ജീവശാസ്ത്ര സങ്കല്പനങ്ങൾ ചരിത്രവിജ്ഞാനത്തിൽ ഇടപെട്ടു തുടങ്ങി. ലക്ഷണങ്ങൾക്കു പിറകിൽ മിടിക്കുന്ന ചിരന്തന സത്തയായിരുന്നു നാച്ചുറൽ ഹിസ്റ്ററിയിലെ ജീവൻ. എന്നാൽ, ജൈവചരിത്രത്തിലെ ജീവൻ കാലത്താൽ മിതപ്പെട്ട പരിണാമബദ്ധമായ പലതാണു്. ജീവനെക്കുറിച്ചുള്ള അറിവു് ജീവന്റെ പരിണാമത്തിലുണ്ടായിവരുന്നതും അതിലിടപെടുന്നതുമാണു്.

വൈദ്യവൽക്കരണത്തോടും ജൈവശാസ്ത്രത്തോടുമൊപ്പം പിറന്നതാണു് ആരോഗ്യ സമ്പദ്ശാസ്ത്രം. ആരോഗ്യം ഒരു ഉപഭോഗവസ്തുവും ഉല്പന്നവുമായി മാറി. ആരോഗ്യത്തിൽ സമ്പദ്ശാസ്ത്രത്തിനു് നേരിട്ടൊരു താല്പര്യമുടലെടുത്തു എന്നു പറയാം. വ്യവസായ വിപ്ലവത്തിന്റെ ആദ്യകാലം വരെ സമ്പദ്ശാസ്ത്രത്തിന്റെ താല്പര്യം തൊഴിലാളിക്കു് പണിയെടുക്കാനുള്ള ആരോഗ്യം ഉറപ്പുവരുത്തുകയായിരുന്നു. എന്നാൽ, പിന്നീടു് സിക്ക് ലീവ് തൊഴിലാളിയുടെ അവകാശമായി മാറി. രോഗമുണ്ടെങ്കിൽ ശമ്പളത്തോടെ അവധിയെടുത്തു ചികിത്സ നേടാം.

എന്നാൽ, ആരോഗ്യത്തിലുള്ള സമ്പദ്ശാസ്ത്രത്തിന്റെ താല്പര്യം വിവാദ വിഷയമായിരുന്നിട്ടുണ്ടു്, അന്നും ഇന്നും. ആരോഗ്യം ചരക്കായെങ്കിലും അതിന്റെ ഉപഭോഗം ജീവിതനിലവാരം മെച്ചപ്പെടുത്തി എന്നു പറയാനാവില്ല. പ്രാഥമിക വിദ്യാഭ്യാസവും ശമ്പളവർദ്ധനയുമൊക്കെ മരുന്നിനേക്കാൾ ജീവിതനിലവാരമുയർത്താൻ സഹായിക്കുന്നുണ്ടു്. കമ്പോളച്ചരക്കാക്കിയതു് ആരോഗ്യത്തെ മെച്ചപ്പെടുത്തി എന്നു പറയാനാവില്ല. ഹെൽത്ത് എക്കണോമിക്സിന്റെ ഏറ്റവും വലിയ സംഭാവനയാണു് ആരോഗ്യ ഇൻഷുറൻസ്. ഇതിന്റെ പേരിൽ ആശുപത്രികൾ രോഗികളെ കൊള്ളയടിച്ചു പോരുന്നു. മാത്രമല്ല, പാവങ്ങളുടെ പണംകൊണ്ടു് കെട്ടിപ്പടുത്ത ആശുപത്രികളിൽ സമ്പന്നർ സുഖചികിത്സ ആസ്വദിക്കുകയും ചെയ്യുന്നു.

ചുരുക്കത്തിൽ ഇന്നു് ആരോഗ്യത്തിനു ചുറ്റും ഭരണകൂടവും ശാസ്ത്രവും സമ്പദ്വ്യവസ്ഥയും പെട്ടുകിടക്കുന്ന പ്രതിസന്ധികളും വിവാദങ്ങളും പുതിയവയല്ല. കൊറോണ കൊണ്ടുവന്നതുമല്ല. ആധുനിക വൈദ്യത്തിന്റെ പിറവി തന്നെ ഈ ചളിക്കുണ്ടിലാണു്. വൈദ്യവും വൈദ്യ വിമർശനവും ഒരുപോലെ പെട്ടുകിടക്കുകയാണു് ഇവിടെ. വൈദ്യത്തിന്റെ അറിവിനോടും അധികാരത്തോടുമുള്ള ബന്ധത്തെ മാറ്റിപ്പണിതുകൊണ്ടുമാത്രമേ ആരോഗ്യത്തോടു് മറ്റൊരു സമീപനം സാധ്യമാകൂ.

വൈദ്യനിരാസം: അറിവും വിശ്വാസവും

വൈദ്യം ശാസ്ത്രമാണോ എന്നതല്ല പ്രശ്നം. ഭൗതികശാസ്ത്രങ്ങളെപ്പോലെ ഗണിതത്തിനു വഴങ്ങി അനുഭവങ്ങളെ നിയന്ത്രിച്ചു നിർണ്ണയിക്കാൻ ശേഷിയുള്ള ശാസ്ത്രരൂപമല്ല വൈദ്യം. എല്ലാ ശാസ്ത്രങ്ങളും ഫിസിക്സിനെ പിന്തുടരണം എന്നു് വാശിപിടിക്കേണ്ടതില്ല. സനാതനമായ മാർഗ്ഗമോ രീതിയോ ചോദ്യം ചെയ്യാനാവാത്ത അടിസ്ഥാന പ്രമാണങ്ങളോ ഒരു ജ്ഞാനരൂപത്തെ ശാസ്ത്രമാക്കില്ല. ശാസ്ത്രത്തിനു് ഇതൊന്നും വേണ്ടതാനും. എന്നാൽ, ആധുനിക വൈദ്യം അഭിമാനത്തോടെ എഴുന്നള്ളിക്കുന്ന Evidence Based Medicine (EBM), Randomized controlled Trials (RCT), Meta analysis തുടങ്ങിയ രീതികൾ അതിനെ അനുഭവത്തിനുമേലുള്ള വെറും കടന്നുകയറ്റത്തിനപ്പുറത്തുള്ള മാന്യമായ ശാസ്ത്രവ്യവഹാരത്തിലേയ്ക്കു് ഉയർത്തുന്നുണ്ടോ? ചോദ്യം പ്രസക്തമാണെങ്കിലും നാമിവിടെ അതിനെ ചർച്ചക്കെടുക്കുന്നില്ല. ഇതര വൈദ്യസമ്പ്രദായങ്ങളുടെ ശാസ്ത്രീയതയും ഇവിടെ വിഷയമാക്കുന്നില്ല. ആധുനിക വൈദ്യത്തിന്റെ തൊട്ടിലിൽ കടന്നുകയറാനുള്ള ശ്രമത്തിലാണു് അവയിൽ പലതും. ആയുഷ് വകുപ്പു് എല്ലാവരേയും കാത്തുരക്ഷിക്കട്ടെ എന്നു് പ്രാർത്ഥിച്ചുകൊണ്ടു് നമുക്കു് ചർച്ച തുടരാം. (ഗണിത രീതിയിൽ അടിസ്ഥാന പ്രമാണങ്ങളിൽ ഉറച്ചുള്ള അന്വേഷണം ആരോഗ്യകാര്യത്തിൽ അസാധ്യമൊന്നുമല്ല. ഹിപ്പോക്രറ്റ്സിന്റെ വൈദ്യം അത്തരത്തിലുള്ളതായിരുന്നു. ആധുനിക ജനിതകശാസ്ത്രത്തിനും ഇതു സാദ്ധ്യമായേക്കാം. ആധുനിക വൈദ്യത്തിനു് ഇതു സാധ്യമാകാത്തതെന്തുകൊണ്ടാണു്? വൈദ്യത്തിന്റെ അരക്ഷിതത്വം ജനിതകബദ്ധമായ ജീവശാസ്ത്രത്തെ പിന്നോട്ടു വലിക്കുന്നുണ്ടോ? വൈദ്യം യാതന മാറ്റിയാൽ പോരേ, ശാസ്ത്രീയമാകേണ്ടതുണ്ടോ? ഇവിടെ ഇടമില്ലാത്ത ചോദ്യങ്ങൾ പലതുണ്ടു്.)

മേൽപ്പറഞ്ഞ ചോദ്യങ്ങൾ മാറ്റിവെച്ചിട്ടു് ആധുനിക വൈദ്യത്തിന്റെ നിശ്ചയങ്ങളെ മുഖവിലയ്ക്കെടുക്കാൻ തന്നെയാണു് നമ്മുടെ ഭാവം! വൈദ്യം മുന്നോട്ടുവെയ്ക്കുന്ന അറിവിനോടു് നമ്മൾ എന്തു നിലപാടെടുക്കണം? ഉദാഹരണത്തിനു് തെളിവുറപ്പള്ള വൈദ്യം (EBM) തന്നെയെടുക്കുക. ഈ പേരു കേട്ടാൽ തോന്നുക ഇതിനു മുൻപുള്ള വൈദ്യസമ്പ്രദായങ്ങളൊന്നും എന്തിനു്, ആധുനിക വൈദ്യം തന്നെയും തെളിവിലല്ല ഉറപ്പുനേടിയിരുന്നതെന്നു്. വൈദ്യം ശാസ്ത്രമാണെങ്കിൽ തെളിവിലാണു് ഉറപ്പെന്നു് എടുത്തുപറയേണ്ടതുണ്ടോ? തെളിവല്ലാതെ മറ്റെന്തു് ഉറപ്പാണു് നമുക്കു് ആവശ്യപ്പെടാനാവുക?

1980-കളിൽ കമ്പോള പണവ്യവസ്ഥയെക്കുറിച്ചുള്ള പഠനങ്ങളിൽനിന്നു് എക്കണോമിസ്റ്റുകൾ ഔട്ട് ആയി. എൻജിനീയർമാരും ഗണിതശാസ്ത്രജ്ഞന്മാരുമൊക്കെയാണു് ഈ രംഗത്തു് ഗവേഷണത്തിൽ തെളിഞ്ഞുനിന്നതു്. ഇതിനൊരു കാരണം കമ്പോളത്തേയോ പണത്തേയോ കുറിച്ചു് സമ്പദ്ശാസ്ത്രത്തിനു് ഒരു ക്ലൂവും ഇല്ലാതായി എന്നതുതന്നെ. കമ്പോളത്തിൽ കളിക്കാൻ എക്കണോമിക്സിന്റെ സഹായം വേണ്ടാതായി. കണക്കും കംപ്യൂട്ടറും കയ്യിലുള്ള ആർക്കും അവിടെ മേയാമെന്നായി.

പരമ്പരാഗത ശാസ്ത്രത്തിൽ തെളിവു് സിദ്ധാന്തബദ്ധമാണു്. സിദ്ധാന്തത്തിന്റെ വെളിച്ചത്തിലേ വസ്തുതകൾ തെളിഞ്ഞു് തെളിവാവുകയുള്ളു. സിദ്ധാന്ത നിരപേക്ഷമായ തെളിവു് എന്നൊന്നില്ല. എന്നാൽ ഇ. ബി. എം. അവതരിപ്പിക്കുന്നതു് സിദ്ധാന്തബദ്ധമല്ലാത്ത ശുദ്ധ തെളിവുകളാണു്. കഴിവതും പക്ഷപാതങ്ങൾ ഒഴിവാക്കി വസ്തുതകളെ നിരത്തിവെയ്ക്കുകയാണു് ഇവിടെ. പക്ഷപാതം പൂർണ്ണമായും ഒഴിവാക്കാനാവുമോ എന്ന ചോദ്യം ഉയർന്നേക്കാം. അതിലും വലിയ മറ്റൊരു പ്രശ്നമുണ്ടു്. സിദ്ധാന്തവുമായി നൂൽബന്ധമില്ലെന്നു് അവകാശപ്പെടുന്ന ഈ തെളിവുകൾ ഏതു സിദ്ധാന്തത്തെയാണു് തെളിയിക്കുക? (കാക്കകൾ എല്ലാം കറുത്തതാണു് എന്നു തെളിയിക്കണമെന്നിരിക്കട്ടെ. ആ വാദത്തെ ഇങ്ങനെയും എഴുതാം—കറുത്തതല്ലാതൊന്നും കാക്കയല്ല. ഒരു വെളുത്ത മുയൽ ഈ രണ്ടാം വാദത്തിനു് തെളിവാണു്. എന്നാൽ, വെളുത്ത മുയൽ, രണ്ടാം വാദത്തിന്റെ പരാവർത്തനമായ ‘കാക്കകൾ കറുത്തതാണു്’ എന്ന വാദത്തിനു തെളിവാകുമോ?) പോട്ടെ, ഇ. ബി. എം.-നെ മുഖവിലയ്ക്കെടുത്തേയ്ക്കാം!

കൊവിഡിനിടയിലെ ആധുനിക വൈദ്യസംബന്ധിയായ ഗവേഷണങ്ങളെക്കുറിച്ചുള്ള ചില വസ്തുതകൾ രസകരങ്ങളാണ് ! ദ്രുത ഗവേഷണമാണു് ഇന്നത്തെ നടപ്പുരീതി. സാമ്പ്രദായിക ഗവേഷണത്തിന്റെ ഉരകല്ലായ ‘പീർ റിവ്യു’വിനൊന്നും പലരും മിനക്കെടുന്നില്ല. റിവ്യുവിനു മുൻപേ ഗവേഷണ പ്രബന്ധങ്ങൾ ഇന്റർനെറ്റിൽ പ്രസിദ്ധപ്പെടുത്തുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെയാണു് ചർച്ചകൾ.

ലോകമെങ്ങും നിലവിൽ വന്ന ലോക്ഡൗൺ നയത്തിന്റെ ശാസ്ത്രീയ അടിത്തറയായി ഉയർത്തി കാണിക്കപ്പെട്ട ലണ്ടനിലെ ഇംപീരിയൽ കോളേജിലെ നീൽ ഫെർഗൂസണി ന്റെ (Niel Ferguson) പേപ്പർ (March 2020) പിയർ റിവ്യു ചെയ്ത പ്രസിദ്ധപ്പെടുത്തിയതു് ജൂൺ 2020-ൽ മാത്രമാണു്. അതിനു മുൻപേ അതു് പോളിസിയെ നിർണ്ണയിച്ചിരുന്നു. മാധ്യമ ശ്രദ്ധ നേടിയ ആദ്യത്തെ പതിപ്പിൽ റിവ്യുവിനെത്തുടർന്നു് പിൻവലിക്കപ്പെട്ട മറ്റൊരു പേപ്പർ ഫെർഗൂസണിന്റെ വിവാദ പേപ്പറിന്റെ ഗ്രന്ഥവരിയിലുണ്ടുതാനും. (ഏതായാലും താൻ ന്യായീകരിച്ച ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചു് കാമുകിയെ വീട്ടിൽ വരുത്തിയതിന്റെ പേരിൽ ഫെർഗൂസണിനു് തന്റെ കൊറോണ ഉപദേശകപദവി നഷ്ടപ്പെടുകയും ചെയ്തു).

കൊവിഡിനെക്കുറിച്ചുള്ള ഗവേഷണപ്രബന്ധങ്ങൾ ഓരോ പതിന്നാലു ദിവസവും ഇരട്ടിക്കുന്നുവെന്നു് കണ്ടെത്തിയിട്ടുണ്ടു്. ഡോക്ടർമാർ മാത്രമല്ല ഗവേഷകർ. മിക്കവാറും പേപ്പറുകളൊക്കെ കംപ്യൂട്ടർ വിദഗ്ദ്ധരും സ്റ്റാറ്റിസ്റ്റീഷ്യൻസും സമ്പദ്ശാസ്ത്രജ്ഞരുമൊക്കെ എഴുതിയതാണു്. 1980-കളിൽ കമ്പോള പണവ്യവസ്ഥയെക്കുറിച്ചുള്ള പഠനങ്ങളിൽനിന്നു് എക്കണോമിസ്റ്റുകൾ ഔട്ട് ആയി. എൻജിനീയർമാരും ഗണിതശാസ്ത്രജ്ഞന്മാരുമൊക്കെയാണു് ഈ രംഗത്തു് ഗവേഷണത്തിൽ തെളിഞ്ഞുനിന്നതു്. ഇതിനൊരു കാരണം കമ്പോളത്തേയോ പണത്തേയോ കുറിച്ചു് സമ്പദ്ശാസ്ത്രത്തിനു് ഒരു ക്ലൂവും ഇല്ലാതായി എന്നതുതന്നെ. കമ്പോളത്തിൽ കളിക്കാൻ എക്കണോമിക്സിന്റെ സഹായം വേണ്ടാതായി. കണക്കും കംപ്യൂട്ടറും കയ്യിലുള്ള ആർക്കും അവിടെ മേയാമെന്നായി. ഒടുവിൽ എല്ലാ കണക്കുകളേയും തെറ്റിച്ചു് 2008-ൽ കമ്പോളം തകരുകയും ചെയ്തു. വൈദ്യഗവേഷണത്തിന്റെ ഇന്നത്തെ സ്ഥിതിയും ഇതിൽനിന്നും ഏറെ വ്യത്യസ്തമല്ല. ഈ പുതിയ വൈറസിനെക്കുറിച്ചോ അതിനുള്ള പ്രതിവിധിയെക്കുറിച്ചോ വൈദ്യത്തിനു് പ്രത്യേകിച്ചൊന്നും പറയാനില്ല. ജൈവവസ്തുവിന്റെ സവിശേഷതകളിൽനിന്നു് ഏറെ അകലം സൂക്ഷിക്കുന്ന മോഡലുകളിലൂടെയാണു് നാം വൈറസിനെ പഠിക്കുന്നതു്.

ഏതു് അനുമാനമാണു് പരിശോധിക്കപ്പെടുക എന്നതിനു പുറകിൽ നിക്ഷിപ്ത താല്പര്യങ്ങളുണ്ടാകാം. ‘ഹോട്ട്’ വിഷയങ്ങളിൽ ഒരുപാടുപേർ ഒരേ സമയം ഗവേഷണം നടത്തുമ്പോൾ ചെറിയ കണ്ടെത്തലുകൾപോലും ഊതിവീർപ്പിക്കപ്പെടും. അനുമാനത്തെ അതിന്റെ നിഷേധത്തിൽ വേർതിരിക്കുന്ന നേരിയ ഇഫക്ട് സൈസിന്റെ ബലമേ കാണു ഈ അവകാശവാദത്തിനു്. നിഷേധത്തെ അംഗീകാരമാക്കാനുള്ള രീതിശാസ്ത്രപരമായ തരികിടകൾ വേറെയുണ്ടു്. കയ്യിൽ കിട്ടുന്ന ഹൈപ്പോതിസിസെല്ലാം പരിശോധിച്ചു തുടങ്ങുമ്പോൾ ഇല്ലാ തെളിവുകൾക്കുള്ള (false positives) സാധ്യത കൂടും.

പരീക്ഷണശാലയിൽ കാര്യങ്ങൾ വ്യത്യസ്തമാണു് എന്നു തോന്നിയേക്കാം. അവിടെ പ്രവർത്തിക്കുന്ന ബയോടെക്നോളജി എന്ന അറിവിന്റെ സ്വഭാവവും വൈദ്യത്തിനു നിരക്കുന്നതല്ല. കൊവിഡിനെ ജനിതകക്കുറി വായിക്കാൻ ഉപയോഗിക്കുന്ന പി. സി. ആർ. (PCR) ടെസ്റ്റിന്റെ കാര്യം പറയുന്ന പോൾ റാബിനോയുടെ മേക്കിംഗ് ഓഫ് പി. സി. ആർ. ഇതു കാണിച്ചുതരുന്നുണ്ടു്. ഗവേഷണ-കച്ചവട-ബിസിനസ്സ് മോഡലുകൾ ഒരുമിക്കുന്ന സീറ്റസ് (Cetus) എന്ന സ്ഥാപനത്തിലാണു് ഈ ഗവേഷണം നടത്തുന്നതു്. പി. സി. ആർ. കണ്ടുപിടുത്തത്തിനു് നൊബേൽ നേടിയ കാരി മുല്ലിസ് (Kary Mullis) നു് മോളിക്കുലാർ ബയോ കെമിസ്ട്രിയിൽ വലിയ പിടിയൊന്നുമില്ലെന്നു് ലാബിലുള്ളവർ തുറന്നടിച്ചിരുന്നു. ചിലർ അയാളെ സാക്ഷരനാക്കാൻ സഹായിക്കാനും തയ്യാറായിരുന്നു. കംപ്യൂട്ടർ പ്രോഗ്രാമിങ്ങിലായിരുന്നു മുല്ലിസിന്റെ ഭ്രാന്തു്. ലാബിൽ പോകാതെ വീട്ടിലിരുന്നു പരീക്ഷണങ്ങളെ നിയന്ത്രിക്കാനുള്ള പ്രോഗ്രാമുകൾ എഴുതുകയായിരുന്നു മുല്ലിസിന്റെ ഹോബി. നൊബേൽ കണ്ടുപിടുത്തത്തിനു് ഏതാനും മാസങ്ങൾക്കു മുൻപുപോലും വഴക്കാളിയായ മുല്ലിസിനെ ലാബിനു പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തന്റെ പി. സി. ആറിനെ ഒരു ഉപകരണം എന്നതിനേക്കാൾ ആശയമായാണു് അയാൾ കണ്ടതു്. അതിനു് ജനിതകഘടനയെ പ്രകാശിപ്പിക്കാനാവുമെങ്കിലും വൈറസിനെ തിരിച്ചറിയാനാവില്ലെന്നു് അയാൾ തുറന്നടിച്ചു. എഡിസ് രോഗം വൈറസ്സുണ്ടാക്കുന്നതാണെന്നു് മുല്ലിസ് അംഗീകരിച്ചില്ല. തന്നെയുമല്ല മയക്കുമരുന്നുകൾ ഉപയോഗിക്കുകയും അന്യഗ്രഹജീവികളോടു് സംസാരിക്കുകയും ചെയ്തു.

ഇങ്ങനെ കലങ്ങി കലമ്പി നാഥനില്ലാക്കളരിയായി പൊടിപൊടിക്കുന്ന വൈദ്യരംഗത്തെ ദ്രുതഗവേഷണ ഫലങ്ങൾ എത്രത്തോളം വിശ്വാസയോഗ്യമാണു്? ‘പ്രസിദ്ധീകരിക്കപ്പെടുന്ന ഗവേഷണ പഠനങ്ങൾ മിക്കവാറും തെറ്റാവുന്നതു് എന്തുകൊണ്ടു്’ എന്നൊരു പാനം സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ മെഡിസിൻ പ്രൊഫസറായ ജോൺ ഇയോനിഡിസ് (John Ioannidis) നടത്തിയിട്ടുണ്ടു്. പ്രധാന വൈദ്യ പ്രസിദ്ധീകരണങ്ങളിൽ കഴിഞ്ഞ പതിമൂന്നു് വർഷമായി പ്രസിദ്ധീകരിക്കപ്പെട്ട നാല്പത്തഞ്ചു് പ്രബന്ധങ്ങളാണു് ഈ പഠനം പരിശോധിച്ചതു്. ഇതിൽ പതിനൊന്നെണ്ണത്തിലേയും പരീക്ഷണങ്ങൾ പിന്നീടൊരിക്കലും ആവർത്തിക്കപ്പെടുകയോ പുനഃപരിശോധിക്കപ്പെടുകയോ ഉണ്ടായിട്ടില്ല. പതിന്നാലെണ്ണത്തിലെ പരീക്ഷണങ്ങൾ ആവർത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ചുരുക്കത്തിൽ ശാസ്ത്രസത്യമായി കരുതപ്പെടുന്ന നാല്പത്തഞ്ചു് ഫലങ്ങളിൽ ഇരുപത്തഞ്ചെണ്ണത്തിനേയും വിശ്വസിക്കാനാവില്ല. അക്കാദമിക ഗവേഷണ ഫലങ്ങളെ വ്യവസായങ്ങൾ ഏറ്റെടുക്കുമ്പോൾ ഇരുപത്തഞ്ചു് ശതമാനവും പരാജയപ്പെടുകയാണത്രെ.

ചുരുക്കത്തിൽ ശാസ്ത്രീയമായി തയ്യാർ ചെയ്യപ്പെടുന്ന വൈദ്യപഠനങ്ങളിൽ പകുതിയേയും വിശ്വസിക്കാൻ കൊള്ളില്ല. എന്തുകൊണ്ടാണിതു് സംഭവിക്കുന്നതു്? (ഇയോനിഡിസിന്റെ രസകരമായ മറ്റൊരു പാനമുണ്ടു്. ബോസ്റ്റണിലെ പാചക സ്കൂളിലെ പുസ്തകത്തിലെ കുറിപ്പുകളിൽനിന്നു് അൻപതു് ഭക്ഷ്യപദാർത്ഥങ്ങൾ തെരഞ്ഞെടുത്തു. എന്നിട്ടു് അവയും കാൻസറുമായുള്ള ബന്ധത്തെക്കുറിച്ചു് ഗവേഷണ പ്രബന്ധങ്ങളുണ്ടോ എന്നു നോക്കി. ഇതിൽ നാല്പതിനേയും കാൻസറുമായി ബന്ധിപ്പിക്കുന്ന ഒരു പഠനമെങ്കിലുമുണ്ടായിരുന്നു. ഇരുപതു് ഐറ്റങ്ങളെപ്പറ്റി പത്തു പഠനങ്ങളെങ്കിലും നടന്നിരുന്നു. പരിമിതമായ സ്റ്റാറ്റിസ്റ്റിക്സ് തെളിവുകളുടെ ബലത്തിലാണു് ഈ പഠനങ്ങളെങ്കിലും ഒരു ആഹാരം ഒന്നിനു പകരം രണ്ടു തവണ കഴിച്ചാൽ കാൻസറിനുള്ള സാധ്യത എത്ര കൂടുമെന്നുപോലും അവർ പ്രവചിച്ചുകളയും!) ഇയോണിഡിസ് കണ്ടെത്തിയ കാരണങ്ങളിൽ ചിലതു് ഇതാ: ഏതു് അനുമാനമാണു് പരിശോധിക്കപ്പെടുക എന്നതിനു പുറകിൽ നിക്ഷിപ്ത താല്പര്യങ്ങളുണ്ടാകാം. ‘ഹോട്ട്’ വിഷയങ്ങളിൽ ഒരുപാടുപേർ ഒരേ സമയം ഗവേഷണം നടത്തുമ്പോൾ ചെറിയ കണ്ടെത്തലുകൾപോലും ഊതിവീർപ്പിക്കപ്പെടും. അനുമാനത്തെ അതിന്റെ നിഷേധത്തിൽ വേർതിരിക്കുന്ന നേരിയ ഇഫക്ട് സൈസിന്റെ ബലമേ കാണു ഈ അവകാശവാദത്തിനു്. നിഷേധത്തെ അംഗീകാരമാക്കാനുള്ള രീതിശാസ്ത്രപരമായ തരികിടകൾ വേറെയുണ്ടു്. കയ്യിൽ കിട്ടുന്ന ഹൈപ്പോതിസിസെല്ലാം പരിശോധിച്ചു തുടങ്ങുമ്പോൾ ഇല്ലാ തെളിവുകൾക്കുള്ള (false positives) സാധ്യത കൂടും.

വൈദ്യഗവേഷണത്തിലെ പരിതാപകരമായ ഈ അവസ്ഥയെ വിപുലമായ പരിസരങ്ങളിൽ വെച്ചു് പരിശോധിക്കുന്നതാണു് വൈദ്യചിന്തകനായ ജേക്കബ് സ്റ്റെഗെൻഗ (Jacob Stegenga) യുടെ മെഡിക്കൽ നിഹിലിസം എന്ന പുസ്തകം. വൈദ്യഗവേഷണം സത്യമെന്നവകാശപ്പെടുന്ന ഫലങ്ങൾ സത്യമാകാനുള്ള സാധ്യത എത്രയെന്നു് വൈദ്യത്തിനുതന്നെ സമ്മതമായ രീതിയിൽ ഗണിച്ചുനോക്കുകയാണു് സ്റ്റെഗെൻഗ. വളരെ പരിമിതമാണു് ഈ സാധ്യത. നാൾക്കുനാൾ ഈ സാധ്യത കുറയാനാണു് കൂടുതൽ സാധ്യത! വൈദ്യത്തിന്റെ സത്യങ്ങൾ സത്യങ്ങളായിരിക്കുമ്പോൾത്തന്നെ അവയിൽ വിശ്വാസമർപ്പിക്കാൻ മതിയായ ഉറപ്പില്ല. അതുകൊണ്ടു് വൈദ്യത്തിന്റെ സത്യങ്ങളിൽ ജീവനിൽ കൊതിയുള്ളവർ എത്രയും കുറവു് മാത്രം വിശ്വസിക്കുക—ഇതാണു് വൈദ്യ നിരാസവാദം! (Medical Nihilism)

വൈദ്യത്തിന്റെ ഇടപെടൽ ഒഴിവാക്കാനാവില്ല. പകർച്ചവ്യാധികളും മഹാമാരികളും വരുമ്പോൾ ആധുനിക വൈദ്യമേ സഹായത്തിനുള്ളു. അവികസിത രാജ്യങ്ങളിലെ ആരോഗ്യനിലവാരം ഉയർത്താൻ മരുന്നുവേണം; മന്ത്രം പോരാ.

H എന്നതാണു് നമ്മുടെ ഹൈപ്പോതിസിസ് എന്നു കരുതുക. E-യാണു് അതിനുവേണ്ടി നിരത്തിയിട്ടുള്ള തെളിവു്. ഈ തെളിവിന്റെ അടിസ്ഥാനത്തിൽ H സത്യമാകാനുള്ള സാധ്യത P. ഇതിനെ P (H/E) എന്നു രേഖപ്പെടുത്താം. ഈ ഹൈപ്പോതിസിസ് H ശരിയാണെന്നു വെയ്ക്കുക; എങ്കിൽ E എന്ന തെളിവു് കണ്ടെത്താനുള്ള സാധ്യത P (E/H) അല്ലെങ്കിൽ P1 എന്നെടുക്കുക. പരീക്ഷണത്തിനു മുൻപേ ഈ ഹൈപ്പോതിസിസ് ശരിയായിരിക്കാനുള്ള സാദ്ധ്യതയാണു് P(H) അല്ലെങ്കിൽ P2. ഈ ഹൈപ്പോതിസിസ് തെറ്റാണെന്നിരിക്കട്ടെ, എങ്കിലും ഈ തെളിവു കിട്ടാനുള്ള സാധ്യതയാണു് P3. സംഭാവ്യതാ ശാസ്ത്രത്തിലെ ബേയ്സ് തിയറമനുസരിച്ചു് (Bayes Theorem) (P1 ×P2)/P3. ആദ്യം P2 എടുക്കുക. തെളിവുകളിലേയ്ക്കു കടക്കുന്നതിനു മുൻപു് വൈദ്യം ഇന്നു മുന്നോട്ടുവെയ്ക്കുന്ന ഒരു ഹൈപ്പോതിസിസ് ശരിയാകാനുള്ള സാധ്യത വളരെ കുറവാണു്. ഉദാഹരണത്തിനു് കൊവിഡ് വാക്സിൻ എടുക്കുക. കഴിഞ്ഞ കുറെ വർഷങ്ങളിൽ ഫലം കണ്ടിട്ടുള്ള പുതിയ വാക്സിനുകൾ അത്രയൊന്നും ഉണ്ടായിട്ടില്ല. വസൂരിക്കെതിരായ വാക്സിൻ, പോളിയോ വാക്സിൻ അല്ലെങ്കിൽ ആന്റിബയോട്ടിക്കുകൾ തുടങ്ങിയ ഫലപ്രദമായ വൻ വിജയങ്ങൾ വൈദ്യത്തിന്റെ സമകാലീന ചരിത്രത്തിൽ കുറവാണു്. ഒരുപാടു് ഔഷധ അമ്പുകൾ തൊടുക്കപ്പെടുന്നുവെങ്കിലും ഉന്നത്തിലെത്തുന്നവർ കുറവാണു്. ഓരോ പുതിയ അമ്പും ഉന്നം കാണാനുള്ള സാധ്യത കുറഞ്ഞുവരികയാണു്.

ഇനി P1 എടുക്കാം. H ശരിയാണെങ്കിൽ E എന്ന തെളിവു കിട്ടാനുള്ള സാധ്യതയും കുറഞ്ഞുവരികയാണു്. ഉദാഹരണത്തിനു് കൊവിഡ് വാക്സിൻ ഫലപ്രദമല്ല എന്ന നിഗമനത്തിനുള്ള തെളിവാണു് E എന്നു കരുതുക. ആ തെളിവു് നമ്മൾ ശ്രദ്ധിക്കാനുള്ള സാധ്യത ഇന്നു കുറവാണു്. ശരിതെറ്റുകൾ തിരിച്ചറിയാനുള്ള എഫക്റ്റ് സൈസ് ചുരുങ്ങുന്നതാണു് ഇതിനു കാരണം. പരീക്ഷണവിധേയമാകുന്ന രോഗികളുടെ നിയന്ത്രിത കൂട്ടവും പ്ലാസിബോ എടുക്കുന്ന കൂട്ടവും തമ്മിലുള്ള വ്യത്യാസം കുറവാണിന്നു്. ഉദാഹരണത്തിനു് സ്റ്റാറ്റിൻ മരുന്നുകൾ 1.2 ശതമാനം മരണനിരക്കേ കുറയ്ക്കുന്നുള്ളൂ. എന്നാൽ, ബെൻഡിങ്ങ് ഇൻസുലിൻ കണ്ടുപിടിച്ച കഥ വേറൊന്നായിരുന്നു. പഞ്ചസാരയുടെ അളവുകൂടി കോമയിലായിരുന്ന കുട്ടികൾ ഇൻസുലിൻ കുത്തിവയ്ക്കപ്പെട്ടപ്പോൾ ചാടി എണീറ്റുവത്രെ. ഇത്തരം വ്യക്തമായ വ്യത്യാസങ്ങൾ ഇന്നു ഔഷധപരീക്ഷണങ്ങൾ രേഖപ്പെടുത്തുന്നില്ല.

ഇനി P3. H ശരിയോ തെറ്റോ ആകട്ടെ, പക്ഷേ, അതു ശരിയാണെന്ന തെളിവുകിട്ടാനുള്ള സാധ്യത വളരെ കൂടുതലാണു്. നാമിന്നു പരിശോധിക്കുന്ന ഒരു വാക്സിനെ അനുകൂലിക്കുന്ന തെളിവു് നാം ശ്രദ്ധിക്കാനുള്ള സാധ്യതയാണു്. ഒരർത്ഥത്തിൽ നിഷ്കളങ്കമായ ഒരു പക്ഷഭേദമാണിതു്. മരുന്നുകമ്പനികൾ തമ്മിലുള്ള മത്സരവും ലാഭേച്ഛയും ഈ ചായ്വിനെ പ്രോത്സാഹിപ്പിച്ചേക്കാം.

അപ്പോൾ P1 ഉം P2 ഉം കുറയുന്നു. P3 കൂടുന്നു. ഫലത്തിൽ P കുറയുന്നു. അതായതു് E എന്ന തെളിവിന്റെ അടിസ്ഥാനത്തിൽ H-ൽ ശരിയാകാനുള്ള സാധ്യത കുറവാണു്. കുറഞ്ഞുവരികയാണു്. ഉദാഹരണത്തിനു് നിങ്ങളുടെ കൊളസ്ട്രോൾ നില കൂടുമ്പോൾ വൈദ്യം പറയുന്നതനുസരിച്ചു് ഡോക്ടർ നിങ്ങൾക്കു് സ്റ്റാറ്റിൻ മരുന്നുകൾ നിർദ്ദേശിച്ചേക്കാം. എന്നാൽ ആ ഗവേഷണ ഫലത്തിൽ നിങ്ങൾ പൂർണ്ണമായി വിശ്വസിക്കേണ്ടതില്ല. രോഗി മാത്രമല്ല, ഡോക്ടറും ആരോഗ്യപ്രവർത്തകരുമൊന്നും വൈദ്യഗവേഷണ ഫലങ്ങളെ വിശ്വാസത്തിലെടുക്കരുതു്.

സാധാരണഗതിയിൽ രീതിശാസ്ത്രപരമായ പരിഗണനകളാണു്, മാനുഷിക മൂല്യങ്ങളല്ല ഈ പരീക്ഷണത്തെ നിയന്ത്രിക്കേണ്ടിയിരുന്നതു്. പക്ഷപാതമേതുമില്ലാതെ നല്ലപോലെ കശക്കി, നിയന്ത്രിത ഗ്രൂപ്പും പ്ലാസെബോ ഗ്രൂപ്പമാക്കുകയാണു് പരീക്ഷണത്തിന്റെ പതിവു രീതി. എന്നാൽ, എബോള പോലൊരു മഹാമാരി പടരുമ്പോൾ പരീക്ഷണത്തിനുവേണ്ടി പ്ലാസെബോ കൊടുക്കുന്നതു് രോഗികൾക്കു് ചികിത്സ നിഷേധിക്കുന്നതിനു തുല്യമാണു്. അതുകൊണ്ടു് ഈ പരീക്ഷണത്തിൽ താമസിച്ചു വാക്സിൻ എടുത്തവരെയാണു് പ്ലാസബോ ഗ്രൂപ്പാക്കിയതു്.

ശാസ്ത്രചിന്തയുടെ ഭാഗമായി ആഘോഷിക്കപ്പെടുന്ന വിമർശനാത്മകമായ സന്ദേഹവാദമല്ല ഇതു്. എന്നാൽ, ശാസ്ത്രവിരുദ്ധവുമല്ലിതു്. ശാസ്ത്രസത്യങ്ങൾ മാറിമറിയാമെന്നും അതുകൊണ്ടു് അറിവിനോടു് വിമർശനാത്മകമായ അകലം സൂക്ഷിക്കണമെന്നു വാദിക്കാറുണ്ടു്. എന്നാൽ, ന്യൂട്ടന്റെ ചലനനിയമങ്ങൾ സത്യമാണെന്നു നമ്മൾ അംഗീകരിച്ചാൽ അതിൽ വിശ്വാസമർപ്പിക്കാതെ തരമില്ല. എന്നാൽ, വൈദ്യത്തിന്റെ സത്യത്തേയും അതിലുള്ള ഉറപ്പിനേയും വേർതിരിച്ചു കാണാനാണു് സ്റ്റെഗെൻഗാ ആവശ്യപ്പെടുന്നതു്. വൈദ്യത്തിന്റെ ഇടപെടൽ ഒഴിവാക്കാനാവില്ല. പകർച്ചവ്യാധികളും മഹാമാരികളും വരുമ്പോൾ ആധുനിക വൈദ്യമേ സഹായത്തിനുള്ളു. അവികസിത രാജ്യങ്ങളിലെ ആരോഗ്യനിലവാരം ഉയർത്താൻ മരുന്നുവേണം; മന്ത്രം പോരാ. എന്നാൽ, ശാസ്ത്രമെന്ന വൈദ്യത്തിന്റെ അവകാശവാദത്തിൽനിന്നു് നമ്മുടെ വിശ്വാസത്തെ പിൻവലിച്ചുകൊണ്ടു് വൈദ്യവുമായുള്ള ഇടപെടലാണു് സ്റ്റെഗെൻഗയുടെ വൈദ്യനിരാസം. വിശ്വാസത്തെ പാകപ്പെടുത്തുന്നതു് ശാസ്ത്രരീതിയല്ല, മറിച്ചു് രാഷ്ട്രീയ, സാംസ്കാരിക, ധാർമ്മിക പരിശീലനത്തിലൂടെ ആർജ്ജിക്കുന്ന അറിവും ഉൾക്കാഴ്ചയും അച്ചടക്കവുമാണു്. ഒരുപക്ഷേ, ബോധമുള്ള മിക്കവാറും ആധുനിക വൈദ്യന്മാർ ഇങ്ങനെ ചിന്തിക്കുന്നവരാണു്. ജേർണലുകളിലെ തെളിവുകളല്ല, സ്വന്തം പ്രാക്ടീസിലൂടെ ആർജ്ജിച്ച അനുഭവമാണു് അവരെ നയിക്കുന്നതു്. വൈദ്യജ്ഞാനത്തെപ്പറ്റി ഒരു പഴഞ്ചൊല്ലുണ്ടു്. എല്ലാ വൈദ്യന്മാർക്കുമറിയാം എങ്ങനെ ശസ്ത്രക്രിയ ചെയ്യണമെന്നു്. ഒരുവിധം നല്ല വൈദ്യന്മാർക്കറിയാം എപ്പോളതു് ചെയ്യണമെന്നു്. എന്നാൽ, വിദഗ്ദ്ധനേ അറിയൂ എപ്പോൾ ശസ്ത്രക്രിയ ചെയ്യരുതെന്നു്?

എന്നാൽ, മരണത്തെ സ്വയം തെരഞ്ഞെടുക്കുന്നതിലല്ല, മറിച്ചു് മരണത്തിനു പകരം ജീവന്റെ പ്രകാശത്തിൽ സ്വയമറിയാനും നിർണ്ണയിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ സാധ്യത എന്താണു്? മരണത്തിന്റെ കാരണങ്ങൾ അറിഞ്ഞു് അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനു പകരം അറിവിനെ ജീവിതത്തിൽ ഉറപ്പിച്ചുനിർത്തി. മരണത്തിന്റെ കാറ്റൂരിക്കളയാൻ കഴിയുമോ?

വൈദ്യനിരാസത്തെ നീച്ചേയുടെയും മറ്റം ജ്ഞാനനിരാസത്തിന്റേയും മൂല്യനിരാസത്തിന്റേയും പിന്തുടർച്ചയായി കാണാം. നീച്ചെ നിഷേധിയായിരുന്നെങ്കിലും ആപേക്ഷികതാവാദിയായിരുന്നില്ല. അറിവിന്റെ നടപ്പുരൂപങ്ങളെ നിരസിക്കുന്നതു് ജ്ഞാനതൃഷ്ണയെ ജീവതൃഷ്ണയാക്കി മാറ്റി അറിവിനെ ഏറ്റെടുക്കാൻ വേണ്ടിയാണു്. മൂല്യചിന്തയെ ജീവിതനിഷേധത്തിൽനിന്നു് വിടുവിച്ചു് ജീവന്റെ അതിജീവന വ്യഗ്രതയിലേയ്ക്കു് കണ്ണിചേർക്കുകയാണു് മൂല്യനിരാസം. പതിനെട്ടു് പത്തൊൻപതു് നൂറ്റാണ്ടുകളിൽ പുതിയ വൈദ്യം എന്ന പേരിൽ നിലവിൽ വന്ന ജീവിതത്തിന്റെ വൈദ്യവൽക്കരണത്തേയും അതിനോടനുബന്ധിച്ചുവന്ന ജൈവ രാഷ്ട്രീയ-സാമ്പത്തിക സംവിധാനത്തേയുമാണു് വൈദ്യനിരാസം ലക്ഷ്യമാക്കുന്നതു്. ജീവനും അറിവും തമ്മിലുള്ള ബന്ധത്തെ ഈ മെഡിക്കൽ-പൊലീസ്-സാമ്പത്തിക സംവിധാനത്തിൽനിന്നു വിടുവിച്ചു് ഒരു പുതിയ ജൈവ ജാഗ്രതയുടെ ഭാഗമാക്കാനാണു് ശ്രമം. രീതിശാസ്ത്രപരമായി തെളിയിക്കപ്പെട്ട വിശ്വാസമാണു് അറിവു് എന്ന ധാരണയാണു് ചോദ്യം ചെയ്യപ്പെടുന്നതു്. വിശ്വാസം എന്ന വിഷയിക്കുന്ന ആത്മനിഷ്ഠമായ നിലപാടിൽ ഒട്ടൊന്നു മാറിനിന്നു് അറിവിനെ അതിന്റേതായ വസ്തുനിഷ്ഠതയിലും മൂർത്തതയിലും നേരിടുകയാണു് വേണ്ടതു്.

ഈ നിലപാടു് സമകാലീന വൈദ്യത്തിനു് അന്യമല്ല. എബോള വാക്സിൻ പരീക്ഷണത്തെക്കുറിച്ചു് ജോബി വർഗ്ഗീസിന്റെ ശ്രദ്ധേയമായ ഒരു പ്രബന്ധമുണ്ടു്. (Influence and prioritization of non epistemic values in Clinical trial designs: A study of Ebola ca Suffit trial, Syntheses, 2018) ആഫ്രിക്കയിലെ ഗയാനയിലായിരുന്നു, സെബോവ് എന്ന ഈ വാക്സിൻ പരീക്ഷിക്കപ്പെട്ടതു്. സാധാരണഗതിയിൽ രീതിശാസ്ത്രപരമായ പരിഗണനകളാണു്, മാനുഷിക മൂല്യങ്ങളല്ല ഈ പരീക്ഷണത്തെ നിയന്ത്രിക്കേണ്ടിയിരുന്നതു്. പക്ഷപാതമേതുമില്ലാതെ നല്ലപോലെ കശക്കി, നിയന്ത്രിത ഗ്രൂപ്പും പ്ലാസെബോ ഗ്രൂപ്പമാക്കുകയാണു് പരീക്ഷണത്തിന്റെ പതിവു രീതി. എന്നാൽ, എബോള പോലൊരു മഹാമാരി പടരുമ്പോൾ പരീക്ഷണത്തിനുവേണ്ടി പ്ലാസെബോ കൊടുക്കുന്നതു് രോഗികൾക്കു് ചികിത്സ നിഷേധിക്കുന്നതിനു തുല്യമാണു്. അതുകൊണ്ടു് ഈ പരീക്ഷണത്തിൽ താമസിച്ചു വാക്സിൻ എടുത്തവരെയാണു് പ്ലാസബോ ഗ്രൂപ്പാക്കിയതു്. അതേപോലെ രോഗികളെ ഒറ്റക്കൊറ്റയ്ക്കല്ല കശക്കിയതു് (Randomization). മറിച്ചു് ചെറുകൂട്ടങ്ങളായി തിരിച്ചു് വാക്സിൻ നൽകി കൂട്ടമായി കശക്കി താരതമ്യം ചെയ്യപ്പെടുന്ന ഗ്രൂപ്പുകളിലേയ്ക്കു ചേർക്കുകയാണുണ്ടായതു്. ഇതും പരീക്ഷണത്തിന്റെ ശാസ്ത്രീയതയെ ബാധിക്കുന്ന നടപടിയാണു്. എന്നാൽ, ധാർമ്മികത ഇതിലാണു്.

വ്യക്തികളായി തരംതിരിച്ചു വാക്സിൻ കൊടുക്കുമ്പോൾ രോഗം പകരാനുള്ള സാധ്യതയുണ്ടു്. എന്നാൽ, ഒരുമിച്ചു കഴിയുന്ന ഒരു കൂട്ടത്തെ ഒന്നായി വാക്സിനേറ്റ് ചെയ്യുമ്പോൾ ഇതു നിയന്ത്രിക്കാം. തന്നെയുമല്ല, എല്ലാവർക്കും ഒരുപോലെ നീതി ഉറപ്പാക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ രീതിശാസ്ത്രപരമായി ശാസ്ത്രീയത കുറഞ്ഞ രീതികൾ നീതിശാസ്ത്രപരമായ മൂല്യങ്ങളുടെ പേരിൽ സ്വീകരിക്കാൻ വൈദ്യഗവേഷണം തയ്യാറായി. അടുത്ത കാലത്തു് ഫ്രഞ്ചു ഡോക്ടറായ ദിദേർ റൂവൂ (Didier Raoult) കൊവിഡിനു പ്രതിവിധിയായി ഹൈഡ്രോക്സി ക്ലോറെക്വിൻ ഉപയോഗിച്ചു. മരുന്നിന്റെ ശാസ്ത്രീയമായ പരീക്ഷണത്തിനൊന്നും കാത്തുനില്ക്കാൻ ഈ ഡോക്ടർ തയ്യാറായില്ല. പരീക്ഷണത്തിനുവേണ്ടി ഒരു രോഗിക്കു് മരുന്നു നിഷേധിക്കാനാവില്ല എന്നയാൾ ശഠിച്ചു.

ചുരുക്കത്തിൽ വൈദ്യനിരാസം ചികിത്സയ്ക്കും മരുന്നിനും പുറംതിരിഞ്ഞു നിൽക്കലല്ല, മറിച്ചു് വ്യവസ്ഥാപിത ഗവേഷണരീതിശാസ്ത്രങ്ങളുടെ ഉറപ്പിനെ വേണ്ടെന്നുവെച്ചു് വൈദ്യത്തിലെ അറിവിനോടും പ്രയോഗത്തോടും മൂല്യബദ്ധവും ജാഗ്രത്തുമായ പുതിയ ബന്ധം സ്ഥാപിക്കലാണു്.

അതോ ഇതോ എന്ന വ്യവച്ഛേദിച്ചു വിവരിക്കാവുന്ന നാളെയെയാണു് നമ്മുടെ ഭാവിയായി കാണുന്നതു്. വാലും തലയുമുള്ള നാണയമോ ആറു വശങ്ങളുള്ള പകിടയോ ഒക്കെ കശക്കിയെറിഞ്ഞു് ഫലം പറയാവുന്ന ഭാവിയാണിതു്. എന്നാൽ, മരണഭയം ഇങ്ങനെ കവിടിനിരത്തി പറയാവുന്ന ഭാവിയെപ്പറ്റിയല്ല. ഭാവി തന്നെ ഉണ്ടോ ഇല്ലയോ എന്നതാണു് പ്രശ്നം. അതോ ഇതോ എന്നതല്ല. അതും ഇതും ഒന്നും ഇല്ലാതാവുന്നു എന്നതാണു് ഭയകാരണം.

മരണത്തിന്റെ വെട്ടത്തിൽ ജീവനെ വ്യക്തിവൽക്കരിക്കുകയും അറിയുകയും ചെയ്യുന്ന ആധുനിക വൈദ്യജ്ഞാന രൂപത്തിനു വെളിയിൽ മരണത്തെ കാണാൻ വൈദ്യനിരാസത്തെ സന്നദ്ധമാക്കേണ്ടതുണ്ടു്. മൃത്യോന്മുഖമായ കാലസങ്കല്പത്തിനുള്ളിൽ മരണവുമായി പല കളികളും അമേരിക്കൻ സയൻസ് ഫിക്ഷൻ സിനിമകൾ (ഉദാ: റിഡി സ്കോട്ടിന്റെ ബ്ലേഡ് റണ്ണർ) കളിച്ചുനോക്കിയിട്ടുണ്ടു്. അപൂർവ്വം തത്ത്വചിന്തകരും ചില നമ്പരുകൾ പയറ്റിയിട്ടുണ്ടു്. ഡാനിയൽ ഡെന്നറ്റ് (Daniel Dennett), കോശവിനാശത്തെ (cell apoptosis) പ്രോഗ്രാം ചെയ്താലോ എന്നു ചോദിക്കുന്നുണ്ടു്. അതായതു് 85 വയസ്സാകുന്നതോടെ നിങ്ങളുടെ ബാദ്ധ്യതകളും ചുമതലകളുമൊക്കെ തീർന്നു് നിങ്ങൾ മരണത്തിനു റെഡിയാവുമെന്നു കരുതുക. നേരത്തേകൂട്ടി നിങ്ങൾ 85-നും 90-നും ഇടയ്ക്കു് മരിക്കത്തക്കവിധത്തിൽ കോശവിനാശം പ്ലാൻ ചെയ്യാം. ഈ മരണം സ്വാഭാവികമായിരിക്കും. ഒപ്പം അപ്രതീക്ഷിതവും. കൃത്യമായ തീയതിയും സമയവും നിർണ്ണയിക്കാനാവില്ല. എന്നാൽ, പ്ലാൻ ചെയ്ത കാലാവധിക്കുള്ളിൽ മരിക്കുകയും ചെയ്യും.

എന്നാൽ, മരണത്തെ സ്വയം തെരഞ്ഞെടുക്കുന്നതിലല്ല, മറിച്ചു് മരണത്തിനു പകരം ജീവന്റെ പ്രകാശത്തിൽ സ്വയമറിയാനും നിർണ്ണയിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ സാധ്യത എന്താണു്? മരണത്തിന്റെ കാരണങ്ങൾ അറിഞ്ഞു് അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനു പകരം അറിവിനെ ജീവിതത്തിൽ ഉറപ്പിച്ചുനിർത്തി. മരണത്തിന്റെ കാറ്റൂരിക്കളയാൻ കഴിയുമോ?

മരണം വാതിൽക്കൽ ഒരുനാൾ…

മരണഭയം ഭാവിയെക്കുറിച്ചുള്ള വേവലാതിയാണു്. ഭാവി തന്നെ ഉണ്ടായിരിക്കുമോ എന്ന ഭയമാണതു്. നാളെ നടക്കേണ്ട ഒരു കാര്യം നടക്കുമോ ഇല്ലയോ എന്ന ആശങ്ക സാധാരണമാണു്. അതു സംഭാവ്യതാ ശാസ്ത്രത്തിന്റെ വിഷയമാണു്. ഇന്നത്തെ ലോകത്തിൽ സംഗതമായിട്ടുള്ള ചില സ്ഥിതിവിശേഷങ്ങൾ—നാളെ മഴപെയ്യുമോ ഇല്ലയോ, സ്വർണ്ണത്തിന്റെ വിലകുറയുമോ കൂടുമോ—നാളെ സംജാതമാകാനുള്ള സാധ്യതയാണു് നമ്മുടെ ശങ്കയുടെ വിഷയം. അതോ ഇതോ എന്ന വ്യവച്ഛേദിച്ചു വിവരിക്കാവുന്ന നാളെയെയാണു് നമ്മുടെ ഭാവിയായി കാണുന്നതു്. വാലും തലയുമുള്ള നാണയമോ ആറു വശങ്ങളുള്ള പകിടയോ ഒക്കെ കശക്കിയെറിഞ്ഞു് ഫലം പറയാവുന്ന ഭാവിയാണിതു്. എന്നാൽ, മരണഭയം ഇങ്ങനെ കവിടിനിരത്തി പറയാവുന്ന ഭാവിയെപ്പറ്റിയല്ല.

ഭാവിയെ സംഭാവ്യതാ ശാസ്ത്രത്തിനു പുറത്തേയ്ക്കു തുറന്നുവിടാനാകുമോ? എന്റെ ഉൺമയെ ആസ്പദമാക്കിയല്ലാതെ എന്റെ കുട്ടികൾ, എന്റെ പുസ്തകം, എന്റെ കലാസൃഷ്ടി എന്ന കരുതലുകളിലൂടെ ഭാവിയെ കാണാനാവുമോ? ആരെങ്കിലും പകിട എറിയാതെ എന്തു ചാൻസ്? കൃതിയെ ഭാവിയിലേയ്ക്കു കശക്കി എറിഞ്ഞുവിടുന്നതു് കർത്താവിന്റെ കരങ്ങളാണു്. കർത്താവിന്റെ മരണം എന്നൊക്കെ വെറുതെ പറയുന്നതാണ്! കൃതി കർത്താവിനെ എന്നതുപോലെ കർത്താവു് കൃതിയേയും അതിജീവിക്കുന്നുണ്ടു്.

ഭാവി തന്നെ ഉണ്ടോ ഇല്ലയോ എന്നതാണു് പ്രശ്നം. അതോ ഇതോ എന്നതല്ല. അതും ഇതും ഒന്നും ഇല്ലാതാവുന്നു എന്നതാണു് ഭയകാരണം. അതുകൊണ്ടുതന്നെ സംഭാവ്യതാശാസ്ത്രത്തിന്റെ സങ്കല്പനങ്ങൾ മരണത്തെക്കുറിച്ചോ മരണാനന്തരതയെക്കുറിച്ചോ ചിന്തിക്കാൻ അപര്യാപ്തമാണു്. മരണനിരക്കു പോലെയുള്ള കണക്കുകൾ ഉണ്ടു്, ഇല്ല, ഞാനും നീയും എന്നിങ്ങനെ പകുത്തെടുക്കാവുന്ന സാദ്ധ്യതകളുടെ കണക്കുകൂട്ടലാണു്. എന്നാൽ, മരണം മുന്നിൽ വെയ്ക്കുന്നതു് പല ജീവിതാവസ്ഥകളുടെ സംഭാവ്യതയല്ല. കശക്കി എറിയുന്ന പകിട താഴെ വരാതിരിക്കാനുള്ള സാധ്യതകൂടിയാണു് മരണത്തിൽ തിരഞ്ഞുനോക്കുന്നതു്. നാണയവും പകിടയും കവടിയുമെല്ലാം നീളമളക്കാനുള്ള സ്കെയിലോ പനി അളക്കാനുള്ള തെർമോ മീറ്ററോ പോലെ മുൻകൂട്ടി കാലിബ്രേറ്റ് (Calibrate) ചെയ്ത ഉപകരണങ്ങളാണു്. ഈ കാലിബ്രേഷൻ നമ്മുടെ ലോകത്തിന്റെ ആപേക്ഷികമാണു്. ഈ കാലിബ്രേഷനുകൾ തന്നെ കലമ്പിപ്പോകുന്ന ഭാവിയാണു് മരണത്തിന്റേതു്. അതുകൊണ്ടാണു് നമ്മൾ മരണത്തെ ഭയപ്പെട്ടപ്പോൾ എന്തിനെയാണു് ഭയപ്പെടുന്നതു് എന്നു പുരാതന ചിന്തകർ ചോദിച്ചതു്. നമ്മുടെ ഉത്തരങ്ങളുടെ യുക്തിരാഹിത്യം ചൂണ്ടിക്കാട്ടി ഭയക്കാതിരിക്കാനാണു് അവരും ഉപദേശിച്ചതു്. മരണശേഷം ഞാനില്ലാതാകും ഭയം വേണ്ട. കാരണം, ജനനത്തിനു മുൻപും ഞാനില്ലായിരുന്നല്ലോ? എന്നാൽ, നാം ഭയക്കുന്നതു് എന്തിനെയെന്നു് തിരിച്ചറിഞ്ഞു് ഭയത്തെ അതിജീവിക്കാനാകുമോ?

മരണത്തെ അതിജീവിക്കാനുള്ള ഒട്ടേറെ പരിപാടികൾ നമുക്കു് പരിചിതങ്ങളാണു്. സന്താനങ്ങളെ ഉല്പാദിപ്പിച്ചു് വളർത്തി ജൈവികമായും അവരുടെ സ്മരണകളിലൂടെയും നമുക്കു് തുടരാം. ചിലർ മരണത്തെ അതിജീവിക്കുന്ന പുസ്തകങ്ങളെഴുതുന്നു. ചിലർ കലാസൃഷ്ടികളിലൂടെ എക്കാലവും ജീവിക്കുന്നു. എന്നാൽ, ഇതൊന്നും മരണത്തെ നേരിടാൻ നമ്മെ സന്നദ്ധമാക്കുന്നില്ല. ഒപ്പം ഞാനില്ലെങ്കിൽ കുട്ടികൾക്കു് എന്തു് ആനന്ദം? സ്വീകരിക്കാൻ ഞാനില്ലെങ്കിൽ പ്രശസ്തിക്കും പ്രശംസയ്ക്കും എന്തർത്ഥം? ചുരുക്കത്തിൽ അതിജീവിക്കാനുള്ള സിംബോളിക് കോപ്പുകൾ തയ്യാറാക്കിയാലും അവയൊക്കെ നമ്മെ ജീവിതത്തിലേയ്ക്കു തന്നെ പിടിച്ചു താഴ്ത്തുന്നു. അവയുടെ ഭാവിയെ ഈ ജീവിതത്തിൽ കാലിബ്രേറ്റ് ചെയ്ത ഉപകരണങ്ങളിലൂടെ മുൻകൂട്ടി കണ്ടു നിയന്ത്രിക്കാനാണു് നമ്മുടെ ശ്രമം. എന്നാൽ, ഭാവിയെ സംഭാവ്യതാ ശാസ്ത്രത്തിനു പുറത്തേയ്ക്കു തുറന്നുവിടാനാകുമോ? എന്റെ ഉൺമയെ ആസ്പദമാക്കിയല്ലാതെ എന്റെ കുട്ടികൾ, എന്റെ പുസ്തകം, എന്റെ കലാസൃഷ്ടി എന്ന കരുതലുകളിലൂടെ ഭാവിയെ കാണാനാവുമോ? ആരെങ്കിലും പകിട എറിയാതെ എന്തു ചാൻസ് ? കൃതിയെ ഭാവിയിലേയ്ക്കു കശക്കി എറിഞ്ഞുവിടുന്നതു് കർത്താവിന്റെ കരങ്ങളാണു്. കർത്താവിന്റെ മരണം എന്നൊക്കെ വെറുതെ പറയുന്നതാണ്! കൃതി കർത്താവിനെ എന്നതുപോലെ കർത്താവു് കൃതിയേയും അതിജീവിക്കുന്നുണ്ടു്. ഈ അതിജീവനങ്ങളുടെ പാരസ്പര്യത്തെ താങ്ങിനിർത്തുന്നതാണു് എഴുത്തു്.

ഒടുവിലത്തെ പകിടകളി

എഴുത്തു് ഭാവിയുടെ സാധ്യതകളെ പുൽകുന്നതു് എങ്ങനെ എന്നതിനു് നല്ല ഉദാഹരണമാണു് ബോർഹസിന്റെ പിയറെ മെനാർഡ്. ഓഹരി കമ്പോളത്തിലെ ഊഹക്കച്ചവടക്കാരനും തത്ത്വചിന്തകനുമായ ഏലി അയാച്ചേ (Elie Ayache) സംഭാവ്യതാശാസ്ത്രത്തിനു വെളിയിലുള്ള വിപണിയുടെ മരണചാൻസിന്റെ പ്രതീകമായി അവതരിപ്പിക്കുന്നതു് മെനാർഡിന്റെ എഴുത്തിനെയാണു്. പതിനേഴാം നൂറ്റാണ്ടിൽ സെർവാന്റീസ് എഴുതിയ നോവലാണല്ലോ ഡോൺ ക്വിഹോട്ടെ. ഇരുപതാം നൂറ്റാണ്ടിൽ പിയറെ മെനാർഡ് എന്നൊരാൾ ഈ കൃതി തന്നെ വീണ്ടും പുതിയതായി എഴുതുകയാണു്. പഴയ പുസ്തകത്തിന്റെ കോപ്പിയടിയോ പുനരാഖ്യാനമോ ഒന്നുമല്ല മെനാർഡിന്റെ ലക്ഷ്യം. തന്റെ അനുഭവവും ഭാവനയും ഉപയോഗിച്ചു് പുതിയതായി അതേ വാക്കുകളും വരികളും ഒന്നുകൂടി എഴുതുകയാണു് അയാൾ. സാധാരണഗതിയിൽ വാക്കുകളുടേയും വരികളുടേയും പല കോമ്പിനേഷനുകളായാണു് ഒരു കൃതിയുടെ പല സാധ്യതകളെ നാം കാണുന്നതു്. രചന കഴിയുന്നതോടെ അർത്ഥവത്തും അല്ലാത്തതുമായി പല കോമ്പിനേഷനുകളിൽ ഒന്നു് യാഥാർത്ഥ്യമായി തീരുന്നു. എന്നാൽ, മെനാർഡിന്റെ മുൻപിൽ ഇത്തരം പല കോമ്പിനേഷനുകൾ ഇല്ല. അയാൾ ഭാവനയിൽ വാക്കുകളെ കശക്കിയെറിയുന്നതു് ഡോൺ ക്വിഹോട്ടെ എന്ന ഒറ്റക്രമത്തിൽ വന്നുവീഴാനാണു്. ക്ഷണചഞ്ചലമായ ഈ പ്രപഞ്ചം ഓരോ നിമിഷത്തിലും ന്യൂട്ടണിന്റെ ചലനനിയമങ്ങളിലേയ്ക്കു തന്നെ പതിക്കുന്നതുപോലെ. ഭാവിയിലേയ്ക്കുള്ള തുറവിനെ പല ഓപ്ഷനുകളുടെ ലഭ്യതയായല്ല മെനാർഡ് കാണുന്നതു്. ഒരേ ഒരു ഓപ്ഷനിലേയ്ക്കു് എടുക്കുന്ന റിസ്കാണു് എഴുത്തു്. ഈ റിസ്കാണു് ക്വിഹോട്ടയിൽ മെനാർഡിന്റെ കയ്യൊപ്പായി മാറുന്നതു്. ക്വിഹോട്ടെ എന്ന കൃതി വായനക്കാർ ചാർത്തിക്കൊടുക്കുന്ന പുതിയ അർത്ഥങ്ങളിലൂടെ അതിന്റെ കർത്താവിനേയും രചനയുടെ ചരിത്ര സന്ദർഭത്തേയും അതിജീവിക്കുന്നു. മെനാർഡാകട്ടെ, എഴുത്തുകാരൻ എന്ന സർവ്വ സ്വാതന്ത്ര്യവുമെടുത്തു് ഭാവനാവിലാസത്തോടെ ക്വിഹോട്ടെ എന്ന ലക്ഷ്യത്തിലേയ്ക്കു് കൃത്യമായി എഴുതി കൃതിയേയും അതിന്റെ നാനാർത്ഥങ്ങളേയും അതിജീവിക്കുന്നു. ക്രിയാഫലത്തെക്കുറിച്ചുള്ള ആശങ്കകൾക്കപ്പുറത്തേയ്ക്കു് ക്രിയയെ അതിന്റെ പൂർണ്ണമായ അസ്ഥിരതയോടെ മുൻപോട്ടു വെയ്ക്കുകയാണു് മെനാർഡിന്റെ എഴുത്തു്. എന്തും സംഭവിച്ചേക്കാവുന്ന ലോകം ഒരുപക്ഷേ, അങ്ങനെ തന്നെ മാറ്റമൊന്നും കൂടാതെ ഇരുന്നേക്കാം. എന്നാൽ, ആ അസ്ഥിര-സ്ഥിരതയെ അങ്ങനെയാക്കുന്ന ക്രിയ കൂടിയേ തീരൂ. അതുകൊണ്ടാണു് മെനാർഡിനു് ക്വിഹോട്ടെ എഴുതേണ്ടിവരുന്നതു്.

കൊവിഡിനെക്കുറിച്ചോ അതിന്റെ വ്യാപനത്തേയും ചികിത്സയേയും കുറിച്ചോ നമുക്കു് കാര്യമായ അറിവൊന്നുമില്ല എന്നു് എല്ലാവരും സമ്മതിക്കുന്നുണ്ടു്. ഈ അറിവില്ലായ്മയെ നമ്മൾ എങ്ങനെ നേരിടണം? നാളയെ കാത്തിരിക്കുന്ന എന്തുറപ്പാണു് ഇന്നുള്ളതു്? അജ്ഞത സൃഷ്ടിക്കുന്ന പരിഭ്രാന്തിക്കപ്പുറം ജീവനെ സാക്ഷ്യപ്പെടുത്തുന്നതു് എങ്ങനെയാണു്?

കൊറോണയെക്കുറിച്ചുള്ള അജ്ഞതയിലും മരണഭീതിയിലും വലയുമ്പോഴും അടങ്ങിയിരിക്കാതെ മനുഷ്യർ അവർക്കുള്ള അറിവെല്ലാം പാചകവിധി മുതൽ സംഗീതം വരെ, പൂന്തോട്ട നിർമ്മാണം മുതൽ ജ്യോതിഷം വരെ ഇന്റർനെറ്റിൽ പ്രതിഫലേച്ഛയില്ലാതെ ഷെയർ ചെയ്യുകയല്ലേ? അറിവിനു് വെളിവാകാൻ ഉറപ്പുകൾ കൂടിയേ തീരൂ എന്നില്ല.

കൊറോണ പിടിച്ച കാലത്തിന്റെ ഭാവിയെക്കുറിച്ചു് ഗൗരവമായി ചിന്തിക്കുന്നവരാണു് ഫൈസൽ ദേവ്ജിയും അഖിൽ ബിൽഗ്രാമിയും. ദേവ്ജിയുടെ നോട്ടത്തിൽ കൊറോണ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിലുള്ള ദീർഘകാല പ്ലാനിംഗ് എന്ന ആശയത്തെ അപ്രസക്തമാക്കിയിരിക്കുന്നു. അത്തരം പ്ലാനിംഗിനുവേണ്ടി അറിവൊന്നും നമ്മുടെ കയ്യിലില്ല. ആ അറിവിനുള്ള കൊതി അപകടവുമാണു്. പഴയ പകർച്ചവ്യാധികളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ പുതിയ കൊറോണയെ തെരയുക. വൈറസിന്റെ ഉറവിടത്തേയും ഉത്തരവാദിയേയും തെരയുക. ഇതിന്റെയൊക്കെ ബലത്തിൽ വരാനിരിക്കുന്ന പ്രതിരോധശക്തിയേയും വാക്സിനേയും കുറിച്ചു് ആശ കൊടുക്കുക. ഭീതിയേയും യാതനയേയും അവഗണിച്ചു് സാമ്പത്തികരംഗം തുറന്നുകൊടുക്കുക. ഇതൊക്കെ ഭാവിപരിപാടികളിലൂന്നുന്ന രാഷ്ട്രീയത്തിലെ അപകടങ്ങളാണു്. ജനങ്ങളാകട്ടെ, ഇത്തരം പ്ലാനിങിനെതിരെ മുഖം തിരിച്ചു് തങ്ങൾക്കു് ഇന്നു ചെയ്യാൻ പറ്റുന്ന ചെറിയ കാര്യങ്ങൾ—മാസ്ക്കിടുക, അകലം പാലിക്കുക—മാത്രം ശ്രദ്ധിക്കുന്നു. ലക്ഷ്യത്തിനു പകരം മാർഗ്ഗത്തിൽ ഊന്നുന്ന രാഷ്ട്രീയമാണു് അവരുടേതു്.

എന്നാൽ, അഖിൽ ബിൽഗ്രാമി ഇതേ കാലസന്ധിയെ എതിർദിശയിൽനിന്നു കാണുന്നു. കൊറോണയുടെ ഗതിയെ കൃത്യമായി പ്രവചിക്കാൻ ശാസ്ത്രത്തിനു കഴിയുന്നില്ലായിരിക്കാം. എന്നാൽ, ഇന്നിന്റെ കൊച്ചു കൊച്ചു തീർച്ചകളിൽനിന്നു് ഭാവിയെ തുറന്നിടാനുള്ള കരുതൽ മനുഷ്യസഹജമാണു്. ഇതിനു ഭാവിയെക്കുറിച്ചുള്ള ഉറപ്പുകൾ വേണ്ട. പുതിയ വൈറസ്സുകളുടെ വരവിനെക്കുറിച്ചുള്ള ഉറപ്പുകളില്ലാത്തതെങ്കിലും മുന്നറിയിപ്പുകൾ നമുക്കു കിട്ടിയിരുന്നു. അവയുടെ തെളിച്ചത്തിൽ ആരോഗ്യസുരക്ഷയൊരുക്കാനുള്ള റിസ്കു് നമ്മൾ എടുക്കേണ്ടിയിരുന്നു. കൊറോണയെക്കുറിച്ചുള്ള അജ്ഞതയിലും മരണഭീതിയിലും വലയുമ്പോഴും അടങ്ങിയിരിക്കാതെ മനുഷ്യർ അവർക്കുള്ള അറിവെല്ലാം പാചകവിധി മുതൽ സംഗീതം വരെ, പൂന്തോട്ട നിർമ്മാണം മുതൽ ജ്യോതിഷം വരെ ഇന്റർനെറ്റിൽ പ്രതിഫലേച്ഛയില്ലാതെ ഷെയർ ചെയ്യുകയല്ലേ? അറിവിനു് വെളിവാകാൻ ഉറപ്പുകൾ കൂടിയേ തീരൂ എന്നില്ല. ബിൽഗ്രാമിയുടെ കണ്ണിൽ ആപൽസൂചനയും പ്രവചനവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല.

ദേവ്ജിയും ബിൽഗ്രാമിയും വിപരീത ധ്രുവങ്ങളിലാണെന്നു തോന്നിയേക്കാം. ഒരാൾ പ്രവചനങ്ങൾക്കു് എതിരെ തിരിഞ്ഞു് ഇന്നിന്റെ ഉറപ്പുകളിലൂന്നുന്നു. മറ്റെയാൾ ഇന്നിന്റെ ഉറപ്പുകൾക്കപ്പുറത്തു് പ്രവചനത്തിന്റെ കരുതലിൽ ആശയർപ്പിക്കുന്നു. എന്നാൽ, രണ്ടുപേരുടേയും ശ്രദ്ധ അറിവും ഭാവിയും തമ്മിലുള്ള ബന്ധത്തിലാണു്. ശാസ്ത്രനിയമങ്ങളുടെ ഉറപ്പിൽ ഭാവിയെ പ്രവചിച്ചുകൊണ്ടു് പ്ലാനും പദ്ധതിയുമിട്ടു് ജീവിക്കേണ്ടതില്ലെന്നു് രണ്ടുപേരും സമ്മതിക്കുന്നു. എന്നാൽ, ഗാന്ധിഭക്തന്മാരായ ഇരുവരും അറിവും സാങ്കേതികവിദ്യയും സമയവും തമ്മിലുണ്ടെന്നു് കരുതുന്ന നിഷ്കളങ്കവും സുതാര്യവുമായ ബന്ധത്തിലാണു് ഊന്നുന്നതു്. ഭാവിയിലേക്കുള്ള തുറവും വർത്തമാനത്തിലുള്ള ഉറപ്പുമൊന്നും ശാസ്ത്ര-സാങ്കേതിക-ഭരണകൂട വിദ്യകളുടെ ഇടപെടലുകളില്ലാതെ സാധ്യമല്ല. വൈദ്യത്തിലായാലും കമ്പോളത്തിലായാലും ചാൻസ് കംപ്യൂട്ടറിലും കണക്കുകൂട്ടലുകളിലും കൂടെ പണിതെടുക്കുന്നതാണു്. പ്രവചനാതീതമായ സംഭവങ്ങൾ—നാസിം നിക്കോളാസ് താലേബി ന്റെ (Nassim Nicholas Taleb) കറുത്ത അരയന്നങ്ങൾ—നമ്മുടെ അറിവിന്റെ പരിമിതിയേക്കാൾ അറിവിന്റെ തന്നെ അതിർണ്ണനീയങ്ങളായ ഇടപെടലുകളെയാണു് കാണിക്കുന്നതു്. ദേവ്ജിയും ബിൽഗ്രാമിയും വിശ്വാസമർപ്പിച്ചിരിക്കുന്ന സാദാ മനുഷ്യനും അവന്റെ ദൈനംദിന കാലപ്രമാണവും മോഡലുകളിലും ബിഗ് ഡേറ്റയിലും ഉയർന്നുവന്നേക്കാവുന്ന അപൂർവ്വ പ്രതിഭാസം മാത്രമാണു്. അതുകൊണ്ടുതന്നെ വൈദ്യനിരാസം പോലെയുള്ള ജാഗ്രതയിലും ചിന്താപരമായ തെരഞ്ഞെടുപ്പകളിലും കൂടി മാത്രമേ സംഭവ്യതാ ശാസ്ത്രത്തിനപ്പുറത്തേയ്ക്കു് ചാൻസിനെ തുറന്നിടാനാകൂ. ആത്മഹത്യയും കൊലയ്ക്കും അപ്പുറം, ബലിയാടോ രക്തസാക്ഷിയോ ആകാതെ മരണത്തെ ജീവിതം തന്നെയായി കാണാനുള്ള രാഷ്ട്രീയ ബാദ്ധ്യതയാണു് കൊറോണ മുന്നോട്ടുവയ്ക്കുന്നതു്.

സനിൽ, വി.
images/sanil.jpg

തലയോലപ്പറമ്പ് സ്വദേശി. ദില്ലി ഐ. ഐ. റ്റി. യിലെ ഹൂമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസസ് വിഭാഗത്തിൽ പ്രൊഫസറാണു്. തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ നിന്നു് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം, കാൻപൂർ ഐ. ഐ. റ്റി.-യിൽ നിന്നു പിഎച്ച്.ഡി. ശാസ്ത്രം, സാങ്കേതികവിദ്യ, കല, രാഷ്ട്രീയം തുടങ്ങിയ മണ്ഡലങ്ങളിൻ തത്ത്വചിന്താപരമായ അന്വേഷണങ്ങളിൽ താല്പര്യം. അനേകം ഗവേഷണ പ്രബന്ധങ്ങൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അമേരിക്കയിലെ ഹവായ് യൂണിവേഴ്സിറ്റിയിലെ വാറ്റുമൽ പ്രൊഫസർ, ബ്രിട്ടനിലെ ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ ചാൾസ് വാലസ് ഫെലോ, പാരീസിലെ മിസോ ദിസ്യോസ് ദ്ലൂമിലെ അസോസ്സിയേറ്റ് റിസർച്ച് ഡയറക്ടർ, ബുഡോപെസ്റ്റ് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിലെ റിസേർച്ച് എക്സലൻസ് ഫെലോ എന്നീ നിവൃത്തികളിലും ഏർപ്പെട്ടിട്ടുണ്ടു്.

(ചിത്രങ്ങൾക്കും വിവരങ്ങൾക്കും വിക്കിപ്പീഡിയയോടു് കടപ്പാടു്).

Colophon

Title: Sasthreeyamaayi Marikkendathengane?—Coronayodoppam (ml: ശാസ്ത്രീയമായി മരിക്കേണ്ടതെങ്ങനെ?—കൊറോണയോടൊപ്പം).

Author(s): V. Sanil.

First publication details: Sayahna Foundation; Trivandrum, Kerala; 2020-09-12.

Deafult language: ml, Malayalam.

Keywords: Article, V. Sanil, Sasthreeyamaayi Marikkendathengane?—Coronayodoppam, വി. സനിൽ, ശാസ്ത്രീയമായി മരിക്കേണ്ടതെങ്ങനെ?—കൊറോണയോടൊപ്പം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 15, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Morang River in Trinidad, a painting by Peeteman Studios . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.