(കുറിപ്പ്: പതിനെട്ട് വയസ്സിന്ന് കീഴെയുള്ള വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും ഇതു വായിക്കാൻ പാടുള്ളതല്ല. രക്ഷിതാക്കന്മാർ വളരെ സൂക്ഷിയ്ക്കണം. വായിച്ചു പോയാൽ പിന്നീട് ഉണ്ടായേയ്ക്കാനിടയുള്ള യാതൊരു അനിഷ്ടസംഭവങ്ങൾക്കും ലേഖകൻ ഉത്തരവാദിയായിരിയ്ക്കുന്നതല്ല. പത്രാധിപർ ഉത്തരവാദിത്തം എടുക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ഇഷ്ടം. ഞാൻ പറയേണ്ടതു പറഞ്ഞു:– പി.എസ്സ്.)
ചെറിയ കുട്ടികൾക്കു പഠിയ്ക്കുവാൻവേണ്ടി പാഠപുസ്തകങ്ങളിൽ സാന്മാർഗ്ഗികകഥകളെഴുതുന്ന ജനദ്രോഹികളെ നിങ്ങളാരെങ്കിലും അറിയുമെങ്കിൽ അവരുടെ പേരും മേൽവിലാസവും ദയചെയ്ത് എന്നെ അറിയിച്ചുതന്നാൽ നന്നായിരുന്നു. എനിയ്ക്ക് അവരോട് ചില കാര്യങ്ങൾ ‘ഓപ്പ’നായി പറയുവാനുണ്ട്. അവർക്കതു രസിയ്ക്കുകയില്ലായിരിയ്ക്കും. വേണ്ട; മറ്റുള്ളവരുടെ രസവും രസക്കേടും നോക്കിയാൽ എങ്ങിനെയാണ് ഹേ പൊതുജനസേവനം നടക്കുക?
ഈ കൂട്ടർ എഴുതുന്ന കഥകളുടെ അടിയിലോ, മേലെയോ, വിഷയാനുക്രമണികയിലോ, ഫുട്ട്നോട്ടിലോ അവർ പേരുവെക്കാറില്ല. കുട്ടികളെ പേടിച്ചിട്ടാണ് അവർ ഇങ്ങിനെ ചെയ്യാത്തതെന്ന് കേചിൽ (ചിലർ) ശശിങ്കരേ (ശങ്കിയ്ക്കുന്നു); അല്ലാതെ സഞ്ജയനെപ്പോലെ, കീർത്തിയ്ക്ക് ആഗ്രഹമില്ലാത്തതുകൊണ്ടാണെന്ന് അഹം (ഞാൻ) ന മന്യേ (വിചാരിയ്ക്കുന്നില്ല).
എത്ര അത്യാപത്തിന്റെ വിത്തുകളാണ് ഈ മഹാപാപികൾ വിതച്ചിട്ടില്ലാത്തത്! ഞാൻ ആറാം ക്ലാസ്സിൽ പഠിയ്ക്കുന്ന കാലത്ത്, അന്നത്തെ പാഠപുസ്തകത്തിൽ—അന്നൊക്കെ “ഈ മാർസ്ഡൻ സായ്വവർകൾ ചമച്ച” മാക്മില്ലൻ എന്നവരുടെ ദേശഭാഷാപുസ്തകങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നാണെങ്കിൽ ആകെയുള്ള കുട്ടികളെക്കാളധികം പാഠപുസ്തകാവലികളുണ്ട്. അതിരിയ്ക്കട്ടെ- അന്നത്തെ പാഠപുസ്തകത്തിൽ ജോർജ്ജ് വാഷിങ്ടൺ നേരു പറഞ്ഞ കഥയുണ്ടായിരുന്നു.
കഥ നിങ്ങളറിയുമല്ലോ. ജോർജ്ജ് വാഷിങ്ടൺ കുട്ടിയായിരുന്നപ്പോൾ അയാളുടെ (മുതിർന്നവരേയും നരിയേയും കുട്ടികളേയും കത്തിയേയും പറ്റിയുള്ള പഴഞ്ചൊല്ലു നിശ്ചയമില്ലാതിരുന്ന) അച്ഛൻ ആ മനുഷ്യന്ന് ഒരു പേനാക്കത്തി വാങ്ങിക്കൊടുത്തു. അച്ഛൻ പുറത്തുപോയ തഞ്ചം നോക്കി മകൻ അച്ഛന്റെ ഒരു ഓമനമരം (ഫേവറിറ്റ് ട്രീ) മുറിച്ചു കളഞ്ഞു. അച്ഛൻ വന്ന് “ആരാണിതു ചെയ്ത”തെന്ന് അട്ടഹസിച്ചപ്പോൾ മകൻ ഓടിച്ചെന്നു “ഞാനാണ് അച്ഛാ ചെയ്ത”തെന്നു പറഞ്ഞു. അച്ഛൻ സന്തോഷിച്ചു. തനിയ്ക്ക് ഇങ്ങിനെ നേരു പറയുന്ന ഒരു കുട്ടി ജനിച്ചതിനെപ്പറ്റി അത്ഭുതപ്പെട്ടു മകന്റെ ചെവി പിടിച്ച് ആകാശം കാണിയ്ക്കുകകൂടി ചെയ്തില്ല. പിന്നീട് ജോർജ്ജ് വാഷിങ്ടൺ അമേരിയ്ക്കയിലെ പ്രസിഡന്റായി. അങ്ങിനെയൊരു കഥ.
ഈ കഥയെക്കുറിച്ച് “നല്ല കഥ” എന്ന് നിങ്ങൾ പറയും; ഇല്ലേ? നിങ്ങൾക്ക് വിവരമില്ലാഞ്ഞിട്ടാണ് അങ്ങിനെ പറയുന്നത്. ശൃണു: എന്റെ ക്ലാസ്സിൽ ഒരു കുട്ടിയുണ്ടായിരുന്നു. ശങ്കരനെന്നോ, നാരായണനെന്നോ, വാസുദേവനെന്നോ മറ്റോ ആണ് പേര്. ഈ കഥ മാസ്റ്റർ വായിച്ച് സത്യത്തിന്റെ മാഹാത്മ്യത്തെപ്പറ്റിയും മറ്റും ബഹുകേമമായി വിവരിച്ചു. രാമനോ, കൃഷ്ണനോ, അച്ചുതനോ, ഗോവിന്ദനോ ആയ നമ്മുടെ കഥാനായകൻ ഇതൊക്കെ കേട്ടു വിശ്വസിച്ചു; പലതും മനസ്സിലാക്കി; ചിലത് ഉറപ്പിച്ചു വീട്ടിലേയ്ക്ക് ഓടി.
സത്യം പറയുന്നതിൽ ഒരു പേരെടുക്കണമെന്ന് ആ കരുണാകരനോ, ഗോപാലനോ, മാധവനോ, ദാമോദരനോ തീർച്ചപ്പെടുത്തി. ആ വിദ്വാന്റെ അച്ഛൻ അന്നു വൈകുന്നേരം നഗരം സന്ദർശിയ്ക്കുവാൻ തീർച്ചപ്പെടുത്തിയിരുന്ന സംസ്ഥാനഗവർണ്ണർക്കു സമർപ്പിയ്ക്കുവാൻ വേണ്ടി ചങ്ങലംപരണ്ട നിവാസികളുടെ വകയായി, പട്ടിൽ അച്ചടിപ്പിച്ച അതിഭംഗിയുള്ള ഒരു മംഗളപത്രം കണ്ണാടിക്കൂട്ടിലാക്കി അളമാരിയിൽ വെച്ചു പൂട്ടിയിട്ടുണ്ടായിരുന്നു. നമ്മുടെ ചന്തുവോ, ചാത്തുവോ, കോമനോ, കോമപ്പനോ എങ്ങിനെയോ ആ അളമാരി തുറന്ന് പ്രസ്തുതമംഗളപത്രമെടുത്ത് ഇരുമ്പുലക്കകൊണ്ട് തച്ചുടച്ചു, വലിച്ചുചീന്തി, അടുപ്പിലിട്ടു കരിച്ചുപുകച്ചു സത്യം പറയുവാൻ വേണ്ടി അച്ഛൻ വരുന്നതും കാത്തുനിന്നു.
മൂന്നുമണിയ്ക്ക് അച്ഛൻ കോടതിയിൽനിന്നെത്തി. അഞ്ചുമണിയ്ക്കാണ് ഗവർണ്ണരുടെ ദർബാർ. അദ്ദേഹം ചായ കുടിച്ചു. ഉടുപ്പു മാറ്റി. കണ്ണാടിനോക്കി ടൈ നേരെയാക്കി. വണ്ടി വന്നു നിന്നു. മംഗളപത്രം എടുപ്പാൻ വേണ്ടി അളമാരി തുറന്നു. കണ്ടില്ല. തിരയലായി. നിയമപുസ്തകങ്ങൾ മുഴുവൻ വലിച്ചു താഴെയിടുകയായി. പലതും അട്ടിമറിഞ്ഞു. പലതും പൊളിഞ്ഞു ഛിന്നഭിന്നമായി. ഓട്ടവും ചാട്ടവുമായി. നിലവിളിയും ശകാരവുമായി. വീടു മുഴുവൻ ഭൂകമ്പമായി. വക്കീലിന്ന്—അദ്ദേഹം ചങ്ങലംപരണ്ടയോടു തൊട്ടു കിടക്കുന്ന ഉഴലൂർ മുനിസിപ്പാലിറ്റിയിലെ ചേർമ്മാനായിരുന്നു—അദ്ദേഹത്തിന്നു തനി ഭ്രാന്തായി.
ഈ ഘട്ടത്തിലാണ് നമ്മുടെ ജനാർദ്ദനനോ, ഗോപിനാഥനോ, കോന്തുവോ, കോവുണ്ണിയോ, ജോർജ്ജ് വാഷിങ്ടണെപ്പോലെ ഒരു പച്ചച്ചിരിയും ചിരിച്ചു കൊണ്ട് അച്ഛന്റെ മുൻപാകെ ഹാജരായത്. മകന്റെ അവസരരഹിതമായ ചിരി അച്ഛന്ന് തീരെ പിടിച്ചില്ല. “നീ എന്താ കഴുതേ, ഇളിയ്ക്കുന്നതു? ആ മംഗളപത്രമെവിടെപ്പോയി? നീ കണ്ടുവോ?” എന്ന് ചേർമ്മാൻ അലറി.
ജോർജ്ജ് വാഷിങ്ടണെ ധ്യാനിച്ച് കൊണ്ട് ഗംഗാധരനോ, കോരുവോ, കോരപ്പനോ, ദിവാകരനോ ഇങ്ങിനെ പറഞ്ഞു: “അച്ഛാ, എനിയ്ക്ക് കളവുപറയാൻ കഴിയുകയില്ല. വലിയമ്മ വെറ്റിലയിടിയ്ക്കുന്ന ഇരുമ്പുലക്കകൊണ്ട് ഞാനാണച്ഛാ, ആ മംഗളപത്രം ഉടച്ച്, അച്ഛന്ന് ചായയുണ്ടാക്കുവാൻ വേണ്ടി ജ്വലിപ്പിച്ച തീയിലിട്ടു കരിച്ചത്!”
അച്ഛന്ന് ആദ്യം കാര്യം മനസ്സിലായില്ല. തന്റെ മകന് ഭ്രാന്തായിപ്പോയെന്നാണ് ആ ശുദ്ധൻ വിചാരിച്ചത്. പിന്നീട് പൊട്ടിയ ചില്ലും കരിഞ്ഞ മംഗളപത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടപ്പോൾ എല്ലാം മനസ്സിലായി. മഹാകവി ഉള്ളൂർ പറഞ്ഞതു പോലെ “ശേഷമുൾബ്ബലമുണ്ടെങ്കിൽ നിനച്ചുകൊള്ളുവിൻ!”
കേളുവിന്നോ, കുഞ്ഞപ്പക്കോ, കുമാരന്നോ, സുകുമാരന്നോ അന്നു കൊണ്ട അടിക്ക് കയ്യോ, കണക്കോ, അതിരോ, അളവോ, സീമയോ, പരിധിയോ ഉണ്ടായിരുന്നില്ല. കയ്യിൽ കിട്ടിയ സകലസാധനങ്ങൾ കൊണ്ടും ആ സത്യവാന്ന് അടി പാസ്സായി. ഒടുക്കം രത്തൻലാലിന്റെ വലിയ വ്യാഖ്യാനത്തോടു കൂടിയ “ഇന്ത്യൻ പീനൽകോഡ്” കൊണ്ട് തലയ്ക്ക് ഒരു ഏറും കിട്ടി. അയൽവക്കക്കാരും, എന്റെ കാരണവരായിരുന്ന മരിച്ച ചാപ്പ്മാനും, കളരിയിലെ ഉണ്ണിക്കുറുപ്പും കൂടിയാണ് ഒടുക്കം ചേർമ്മാനെ പിടിച്ചു നിർത്തിയത്.
അതൊക്കെ സഹിയ്ക്കാം. കഥാനായകനായ കണ്ണനോ, കണ്ടുണ്ണിയോ, കുഞ്ഞുണ്ണിയോ, രാവുണ്ണിയോ പിന്നീട് ലെജിസ്ലേറ്റീവ് അസംബ്ലി പ്രസിഡന്റായോ? ചങ്ങലംപരണ്ട അംശം അധികാരിയായോ? മാന്യസഹോദരരേ, ഇല്ല. ആ വിദ്വാൻ ഇപ്പോൽ പതിമ്മൂന്നര ഉറുപ്പിക ശമ്പളത്തിന്മേൽ ഒരു മാന്യനും പോർട്ടരുമായി ദിനവൃത്തി കഴിയ്ക്കുകയാണ്.
ആ മനുഷ്യൻ അന്നു വലവെച്ചുപിടിച്ച അടി പരേതനായ കുറുപ്പുമാസ്റ്ററുടെ കീഴിൽ പത്തുകൊല്ലം പഠിച്ച ആൾക്കു കിട്ടിയ അടിയുടെ ആകെത്തുകയെടുത്താൽകൂടി, അതിലുമധികം ഉണ്ടായിരിയ്ക്കും. ക്ലാസ്സിൽ ബാക്കിയുണ്ടായിരുന്ന ഞങ്ങൾ ഇന്നും, മഹാത്മജിയെപ്പോലെയോ ഹരിശ്ചന്ദ്രനെപ്പോലെയോ വലിയ സത്യവാന്മാരൊന്നുമല്ലെങ്കിലും ഒരു വിധം പത്തിനെട്ടായി സത്യം പറഞ്ഞു കഴിച്ചുകൂട്ടിപ്പോരുന്നു. പക്ഷേ പ്രസ്തുത അപ്പുവോ, ശ്രീധരനോ, കേശവനോ, കുങ്കനോ പിന്നീട് ഇതുവരെ ഒരൊറ്റ നേര് പറഞ്ഞിട്ടില്ല. ആ വിദ്വാന്ന് മതിയായിപ്പോയിപോലും. ഇത്രയധികം അടികൊണ്ടിട്ട് അമേരിയ്ക്കയിലെ പ്രസിഡണ്ടാവാത്തതാണ് ഭേദമെന്ന് അയാൾ പറയുന്നു.
ഇത് നിങ്ങളുടെ സാന്മാർഗ്ഗികപാഠങ്ങൾ ചെയ്യുന്ന തകരാറാണ്. “ധൈര്യശാലിയായ നാവികബാലന്റെ” കഥ വായിച്ച ഒരു മനുഷ്യൻ അച്ഛന്റെ കല്പന കിട്ടാതെ മോട്ടോർ കാർ വരുമ്പോൾ നടുനിരത്തിൽ നിന്ന് തെറ്റുകയില്ലെന്ന് വിചാരിച്ചു നിന്നതിനാൽ ആ ധൈര്യശാലിയുടെ കാലുകൾ രണ്ടും അരഞ്ഞു ചമ്മന്തിപ്രായമായിപ്പോയി. “ഗ്രാമത്തിലെ ചിറ സംരക്ഷിച്ച ബാല”ന്റെ കീർത്തി കയ്ക്കലാക്കേണമെന്ന് കരുതിയ മറ്റൊരു ത്യാഗി ഇടവഴിയുടെ വക്കിലുള്ള ഞെണ്ടിന്മാളത്തെ അടച്ചുകൊണ്ട് ഇരുന്നതിനാലുണ്ടായ അപകടം ഞാൻ രേഖപ്പെടുത്തുന്നില്ല.
ഇങ്ങിനെയുള്ള ഓരോ കഥകൾ പഠിപ്പിച്ച് നിങ്ങളെന്തിനാണ് കുട്ടികളെ ദ്രോഹിയ്ക്കുന്നത്. തീപ്പിടിച്ച കപ്പലിൽനിന്നു കൊണ്ട് “അച്ഛാ, ഞാനെനിയും ഇവിടെത്തന്നെ നിൽക്കേണമോ?” എന്നു ചോദിച്ച ആ വങ്കശിരോമണിയായ നാവികബാലനെപ്പോലെയുള്ള ഒരു മകൻ ആർക്കും ജനിയ്ക്കരുതേ! എന്നാണ് എന്റെ പ്രാർത്ഥന. ഇതു കേൾക്കുമ്പോൾ ചില സാന്മാർഗ്ഗികകഥാകർത്താക്കൾ എന്റെ നേരെ വാളെടുക്കുമായിരിയ്ക്കും. എന്നാലെന്താണ്? മറ്റുള്ളവരുടെ ഹിതം നോക്കീട്ടാണ് എഴുതുന്നതെങ്കിൽ സഞ്ജയൻ ഇതിന്ന് എത്രയോ മുൻപ് “കവിത കലാശിച്ച് കാശിയ്ക്കു” പോയിട്ടുണ്ടായിരിയ്ക്കും; ഇല്ലെങ്കിൽ രാമേശ്വരത്തേയ്ക്കെങ്കിലും പോയിട്ടുണ്ടായിരിയ്ക്കും. തഥാസ്തു.
06-02-1935
ഞാൻ ഒരു കഥ പറയാൻ പോകുന്നു. മനസ്സിരുത്തി കേൾക്കണം. ഇടക്കു അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ച് അലട്ടരുത്. കൈ മുട്ടുന്നതു അവസാനമാക്കാം. കുറച്ചു വിട്ടു നിൽക്കിൻ!—ശരി, എന്നാൽ പറയട്ടെ?
തിരുവോണദിവസം. ഓണത്തിന്നു ഊണ് അല്പം വൈകീട്ടാണല്ലോ പതിവ്. ഊണിന്നടുത്തേ പഴമക്കാർ കുളിക്കുകയുള്ളൂ; കുളി കഴിയുന്നതു വരെ അവരൊന്നും കഴിക്കുകയുമില്ല. അങ്ങിനെ, രണ്ടു മണിക്ക് കുളി കഴിഞ്ഞ്, പാവുടുത്ത്, ചന്ദനക്കുറിയും, നനഞ്ഞ തോർത്തും, കലശലായ വിശപ്പും, തെല്ലൊരു ശുണ്ഠിയുമായി ഒരു വലിയ തറവാട്ടിലെ രണ്ടാംകൂറു കാരണവർ കോണിയിറങ്ങി തളത്തിലേയ്ക്കു നോക്കിയപ്പോൾ, പന്തിപ്പായ വിരിച്ച്, ഇലയുടെ മുൻപിൽ കാരണവർ തുടങ്ങി വിഷുവിന്നു ചോറൂണ് കഴിഞ്ഞ കുട്ടിവരെ ഇരുന്നു കഴിഞ്ഞിരിയ്ക്കുന്നു. ഇരുന്നവരുടെ എണ്ണം മുപ്പത്തൊന്ന്, ഇലയെണ്ണം മുപ്പത്തൊന്ന്; പൂജ്യം അണ, പൂജ്യം പൈ; സർക്കാർ കണക്കു പോലെ എന്നർത്ഥം. രണ്ടംകൂറിന്നു ഇലയുമില്ല, സ്ഥലവുമില്ല, ഇരുന്നവരുടെ മുൻപിൽ നിന്നു ഇല വലിച്ചു പായുകയോ, ഭാഗത്തിന്ന് വ്യവഹാരം ഫയലാക്കുകയോ, കാരണവരോട് കയർക്കുകയോ, അനന്തരവന്മാരുടെ നേരെ കണ്ണുരുട്ടുകയോ, ഇലവെച്ചവനെ പ്രഹരിക്കുകയോ, എന്താണ് രണ്ടാംകൂറു ചെയ്യുക?
നിങ്ങൾക്കറിഞ്ഞുകൂട. എനിയ്ക്കും അറിഞ്ഞുകൂട. പക്ഷേ നമ്മുടെ വൈസ്ചേർമാനറിയും, കഥയിലെ രണ്ടാംകൂറിന്റെ സ്ഥിതിയാണ് അദ്ദേഹത്തിന്നു പറ്റിയിരിയ്ക്കുന്നത്. വൈസ് ചേർമാന്റെ പേര് വോട്ടർമാരുടെ ലിസ്റ്റിലില്ല! നോക്കിൻ സർ, ഒരു തമാശ! ഇങ്ങിനെ പരമരസികന്മാരായിട്ട് ഒരു മുനിസിപ്പാലിറ്റിക്കാരെ ഞാൻ ഈ വയസ്സിനകത്ത് കണ്ടിട്ടില്ല. ഇനി നാളെ ചേർമാൻ കൗൺസിലിൽ വരുമ്പോൾ അദ്ദേഹത്തിന്നു കസേരയില്ലെന്നു കേൾക്കാം. ഇതെന്തൊരു മക്കാറാണ്!
നിങ്ങളുടെ മുനിസിപ്പാലിറ്റി സാക്ഷാൽ പരബ്രഹ്മജി താൻ തന്നെ വിചാരിച്ചാലും നന്നാക്കുവാൻ കഴിയാത്ത മുനിസിപ്പാലിറ്റിയാണ്. ഈ ബാലിയുടെ വാലിന്നു സഞ്ജയനും കയറിപ്പിടിച്ചു എന്നൊന്നും ഘോഷിച്ചു നടക്കേണ്ടുന്ന ആവശ്യം സഞ്ജയന്നുമില്ല. നിങ്ങൾ നന്നായാൽ നിങ്ങൾക്കു നന്ന്. നന്നെ ബുദ്ധിമുട്ടിച്ചാൽ പണ്ടു മാവിലായിക്കാരൻ പറഞ്ഞൊഴിഞ്ഞതുപോലെ സഞ്ജയനും ഒഴിയും.
നിങ്ങൾ അക്കഥ കേട്ടിട്ടില്ലല്ലോ. പണ്ടൊരു ദിവസം രാത്രി ആറ്റുപുറം വയലിൽക്കൂടി രണ്ടു കള്ളുകുടിയന്മാർ പോവുകയായിരുന്നു. പൂർണ്ണചന്ദ്രൻ ഉദിച്ചുയർന്നിരിയ്ക്കുന്നു. “എന്നാൽ ലോകത്തിൽ വെളിച്ചം തരുന്ന പല സാധനങ്ങളുമുണ്ടെങ്കിലും ആ സാക്ഷാൽ സൂര്യഭഗവാൻ സൂര്യഭഗവാൻ തന്നെ” എന്നു പറഞ്ഞ് ഒരു കുടിയൻ ചന്ദ്രനെ നോക്കി വളരെ ഭക്തിയോടു കൂടി ഒന്നു കണ്ണടച്ചു തൊഴുതു. “തനിക്കു തലക്കു പിടിച്ചിരിയ്ക്കുന്നു; അതു ചന്ദ്രനാണെടോ”, എന്ന് മറ്റേക്കുടിയൻ വാദമായി. വാദം മൂത്തു പിടിയും വലിയും തുടങ്ങി; കത്തി വലിക്കേണ്ടുന്ന ഘട്ടമായി. അപ്പോഴാണ് പട്ടണത്തിൽനിന്നു പതിവായി നേരം വൈകി തിരിച്ചുപോകാറുള്ള ഒരു വഴിപോക്കൻ അവിടെയെത്തിയത്. കുടിയന്മാർ രണ്ടു പേരും അയാളെ കടന്നു പിടിച്ചു. “പറയെടാ, ആ കാണുന്നത് ചന്ദ്രനാണോ? സൂര്യനല്ലേ” എന്നൊരാൾ; “നല്ലവണ്ണം സൂക്ഷിച്ചു പറഞ്ഞോ. ചന്ദ്രനല്ലേ അത്?” എന്നു മറ്റേയാൾ.
എന്തു ചെയ്യും? പെരുങ്കളം പാലയുടെ കീഴിൽനിന്നാണ് ചോദിക്കുന്നത്. നാലു ഭാഗത്തും പാടം പരന്ന ശാന്തസമുദ്രം പോലെ കിടക്കുന്നു. നമ്മുടെ ഡപ്യൂട്ടി ഇൻസ്പെക്ടറും കൂടി വീട്ടിലേയ്ക്കു മടങ്ങിയിരിയ്ക്കുന്നു. ഒരു നരജീവി ആ പ്രദേശത്തൊന്നുമില്ല. കുടിയന്മാരാണെങ്കിൽ ദീർഘകായന്മാർ. വഴിപോക്കന് പെട്ടെന്ന് ഒരു യുക്തി തോന്നി. “അയ്യോ കൂട്ടരേ, ഞാനെങ്ങിനെയാണ് ഇതെല്ലാം അറിയുക? ഞാൻ ഇന്നാട്ടുകാരനല്ല; മാവിലായിക്കാരനാണ്” എന്നാണയാൾ പറഞ്ഞത്. “എന്നാൽ പോ കഴുതേ” എന്നും പറഞ്ഞ് കുടിയന്മാർ അയാളെ വിട്ടു. അതു പോലെ സഞ്ജയനും ചെയ്യും. ഏറെപ്പറഞ്ഞാൽ, ഞാൻ ഇന്നാട്ടുകാരനല്ല, മാവിലായിക്കാരനാണ്. നിങ്ങളായി, നിങ്ങളുടെ പാടായി.
09-09-1934
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് സഞ്ജയൻ. സഞ്ജയൻ എന്നത് തൂലികാനാമമാണ്, യഥാർത്ഥനാമം മാണിക്കോത്ത് രാമുണ്ണിനായർ (എം. ആർ. നായർ) എന്നാണ്. (ജനനം: 1903 ജൂൺ 13 – മരണം: 1943 സെപ്റ്റംബർ 13). തലശ്ശേരിക്കടുത്ത് 1903 ജൂൺ 13-നു ജനിച്ചു. തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്.
1903 ജൂൺ 13-ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടിൽ മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണ് സഞ്ജയൻ ജനിച്ചത്. പിതാവ് തലശ്ശേരി ബാസൽ മിഷൻ ഹൈസ്കൂളിൽ മലയാളപണ്ഡിതനായിരുന്നു. കടത്തനാട്ടു രാജാവ് കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു വൈദ്യർ എന്നതു്. കവിയും ഫലിതമർമ്മജ്ഞനും സംഭാഷണചതുരനുമായിരുന്ന കുഞ്ഞിരാമൻ വൈദ്യർ 42-ആം വയസ്സിൽ മരിച്ചുപോയി. അച്ഛന്റെ കാലശേഷം രാവുണ്ണിയും സഹോദരങ്ങളും മാടാവ് വിട്ട് ഒതയോത്തേക്കു തിരിച്ചുപോന്നു.
വൈദ്യരുടെ രണ്ടാമത്തെ പുത്രനായിരുന്നു രാമുണ്ണി. രണ്ടു വയസ്സിനു മൂപ്പുള്ള, മൂത്തമകൻ കരുണാകരൻ നായർ റവന്യൂ വകുപ്പിൽ തഹസീൽദാരായിരുന്നു. നല്ല കവിതാവാസനയുണ്ടായിരുന്ന കരുണാകരൻ നായർ രാമുണ്ണി നായർ മരിക്കുന്നതിനു് ഒന്നര വർഷം മുമ്പേ മരിച്ചുപോയി.
എം.ആറിന്റെ ഇളയ സഹോദരിയായിരുന്നു പാർവ്വതി എന്ന പാറുക്കുട്ടി. എം.ആറിനു വളരെയധികം വാത്സല്യമുണ്ടായിരുന്ന അനുജത്തിയെ പി. കുട്ടി എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നതു്. കോഴിക്കോട്ടു സാമൂതിരി ഹൈസ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന പി. കുഞ്ഞിരാമൻ നായരായിരുന്നു പാറുക്കുട്ടിയുടെ ഭർത്താവു്.
വൈദ്യരുടെ അകാലചരമത്തിനുശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ, വേണ്ടപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങി സഞ്ജയന്റെ അമ്മ, പിണറായി പുതിയവീട്ടിൽ ഡോ. ശങ്കരൻ നായരെ പുനർവിവാഹം ചെയ്തു. ഇങ്ങനെ കുഞ്ഞിശങ്കരൻ, ബാലകൃഷ്ണൻ, ശ്രീധരൻ എനീ പേരുകളിൽ മൂന്നു് അനുജന്മാരെക്കൂടി രാമുണ്ണിയ്ക്ക് ലഭിച്ചു.
തലശ്ശേരി ബ്രാഞ്ച് സ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്. 1919-ൽ പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ദേഹം ഇന്റർമീഡിയറ്റിനു ചേർന്നു.
1927-ൽ ലിറ്ററേച്ചർ ഓണേഴ്സ് ജയിച്ച സഞ്ജയൻ 1936-ലാണ് പ്രശസ്തമായ “സഞ്ജയൻ” എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്. 1938 മുതൽ 1942 വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. 1935 മുതൽ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികൾ സാഹിത്യനികഷം (രണ്ട് ഭാഗങ്ങൾ), സഞ്ജയൻ (ആറ് ഭാഗങ്ങൾ), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവർത്തനം) തുടങ്ങിയവയാണ്. അദ്ദേഹത്തിന്റെ സഞ്ജയോപഖ്യാനമെന്ന കവിതയും പ്രസിദ്ധമാണ്. കുഞ്ചൻ നമ്പ്യാർക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയൻ അറിയപ്പെടുന്നത്. കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പരിഹാസപ്പുതുപനിനീർച്ചെടിക്കെടോ ചിരിയത്രേ പുഷ്പം, ശകാരം മുള്ളു താൻ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
1943 സെപ്റ്റംബർ 13-ന് കുടുംബസഹജമായിരുന്ന ക്ഷയരോഗം മൂർച്ഛിച്ച് അന്തരിച്ചു.