images/Thunderstorm_over_Mont_Blanc.jpg
Thunderstorm over Mont Blan, a painting by Théodore Rousseau (1812–1867).
ആ വമ്പിച്ച പ്രേരണ
സഞ്ജയൻ

പണമില്ലാത്തവൻ പിണമല്ലെങ്കിൽ, പണത്തെ ആരാധിയ്ക്കുന്ന ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളെ സംബന്ധിച്ചിടത്തോളം, തീർച്ചയായും അവൻ പിണ്ടിസമനാണെന്നു സമ്മതിയ്ക്കാതെ കഴിയുകയില്ല. പണത്തിന്റെ വെളിച്ചത്തിൽ സകലദോഷാന്ധകാരങ്ങളും അസ്തമിയ്ക്കുന്നു; പണമില്ലായ്മയുടെ ഇരുട്ടിലാകട്ടെ, സകലഗുണങ്ങളും മങ്ങിക്കെട്ടുപോവുകയും ചെയ്യുന്നു. പണമുള്ളവനു എന്തും വാങ്ങാൻ കഴിയുമെന്നു പറയുന്നതു് എല്ലാ കാര്യത്തിലും നേരല്ലെങ്കിൽ, പണമില്ലാത്തവന്നു് ഒന്നും വാങ്ങാൻ കഴിയുകയില്ലെന്നു് പറയുന്നതു് ഒരു കാര്യത്തിലും നേരല്ലാതെയല്ല. സത്യമായും പണം ജീവിതക്കാറിന്റെ പെട്രോളാണു്; ജീവിതവിളക്കിലെ എണ്ണയാണു്; ജീവിതവാച്ചിലെ ഹെയർ സ്പ്രിങ്ങാണു്; ജീവിതഗജത്തിന്റെ തുമ്പിക്കൈയാണു്; ജീവിതശിവന്റെ ശക്തിയാണു്; ജീവിതച്ചെടിയുടെ വേരാണു്; ജീവിതപ്പായസത്തിലെ ശർക്കരയാണു്; ജീവിതത്തീവണ്ടിയുടെ റെയിൽപ്പാതയാണു്.

കള്ളൻ കക്കുന്നതും, ഇൻസ്പെക്ടർ അന്വേഷണം നടത്തുന്നതും, പോലീസുകാരൻ അറസ്റ്റു ചെയ്യുന്നതും, വക്കീൽ വാദിയ്ക്കുന്നതും, മജിസ്രേട്ടു വിധി കല്പിയ്ക്കുന്നതും, ജെയിൽ വാർഡൻ പാറാവു നിൽക്കുന്നതും ഒക്കെ പണത്തിനുവേണ്ടിയാണെന്ന സംഗതി ആലോചിയ്ക്കുമ്പോൾ ആരാണു് അദ്ഭുതപ്പെടാത്തതു്? എന്താണു് അദ്ഭുതപ്പെടുവാനുള്ളതു്? നന്നെ ചെറിയ കുട്ടികൾ, തനിഭ്രാന്തന്മാർ, കാമുകന്മാർ, യുവകവികൾ, മഹായോഗികൾ എന്നിവരൊഴിച്ചു് ബാക്കിയാരെങ്കിലും, എന്തെങ്കിലും, എപ്പോഴെങ്കിലും, എവിടെയെങ്കിലും, ശ്രദ്ധാപൂർവ്വം ചെയ്യുന്നതായി കണ്ടാൽ അതു് നേർവഴിയ്ക്കല്ലെങ്കിൽ വളഞ്ഞ വഴിയ്ക്കെങ്കിലും, പണത്തിന്നുവേണ്ടിയാണെന്നു നിങ്ങൾ അനുമാനിയ്ക്കുന്ന പക്ഷം വളരെത്തെറ്റുമെന്നു തോന്നുന്നില്ല.

പണത്തിന്നു ചിലപ്പോൾ ചെയ്യാൻ കഴിയുന്ന അദ്ഭുതകൃത്യങ്ങൾ പറഞ്ഞാലൊടുങ്ങുകയില്ല. കൊലക്കേസ് വിചാരണ ചെയ്യുന്ന സെഷൻസ് ജഡ്ജിയ്ക്കുണ്ടായിരിയ്ക്കേണ്ടുന്നതിലധികം ഗൗരവത്തോടുകൂടി, ചുറ്റും ആയിരം ആളുകൾ നിന്നാൽക്കൂടി അവയൊന്നും കാണാതെ, നോക്കുവാൻ സമയമില്ലാതെ, കടലാസ്സുകളിൽത്തന്നെ ശ്രദ്ധപതിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന ആ കോടതിഗുമസ്തനെ (വക്കീൽഗുമസ്തനല്ല) കുറച്ചുനേരം സൂക്ഷിച്ചുനോക്കുവിൻ! വല്ല കക്ഷിയും ഏതെങ്കിലും ഒരു റിക്കോട്ടിന്നാവശ്യപ്പെട്ടാൽ വാലു പിടിച്ചു വലിയ്ക്കപ്പെട്ട പൂച്ചയെപ്പോലെ, ആ വിദ്വാൻ മുരളുകയും, പല്ലിളിയ്ക്കുകയും, ആട്ടുകയും, തുപ്പുകയും ചെയ്യുന്നതു് കണ്ടുവോ? “സമയമില്ല. കടന്നുപോവിൻ. ഒരു പണിയെടുക്കാൻ സമ്മതിയ്ക്കുകയില്ല. ദ്രോഹം! ആരോടാണു് ചെന്നു പറയുന്നതെങ്കിൽ പറയിൻ! പോവാനല്ലേ പറഞ്ഞതു്… ആ റിക്കാർട്ട് ഇവിടെയില്ല. ഫോറം ഞാൻ കണ്ടിട്ടില്ല. ഞാനറിയില്ല. ആ കടലാസ്സ് ഇവിടെ എത്തീട്ടില്ല. പിന്നെ സമയമുള്ളപ്പോൾ നോക്കി പറഞ്ഞുതരാം… എന്തൊരു മാരണമാണു്! നിങ്ങൾ കടന്നുപോകുന്നോ ഇല്ലയോ, ഹേ…? എടുത്തു തരാൻ മനസ്സില്ല. കടന്നു പുറത്തു നിൽക്കിൻ!” ഇത്യാദി ചില ദുർഭാഷണങ്ങൾ പബ്ലിക്കിന്റെ “ഭൃത്യസ്യഭൃത്യപരിചാരകഭൃത്യഭൃത്യഭൃത്യസ്യ ഭൃത്യ” നാണെന്നു സങ്കല്പിയ്ക്കപ്പെട്ടിരിയ്ക്കുന്ന ആ ഉദ്യോഗസ്ഥൻ പറയുന്നതു കേട്ടുവോ?

ശരി. നല്ലവണ്ണം സൂക്ഷിയ്ക്കിൻ. അതാ! കക്ഷിയുടെ കൈ കീശയിലേയ്ക്കും, കീശയിൽനിന്നു മേശയുടെ കന്നിക്കോണിലൂടെയോ ധനുക്കോണിലൂടെയോ കസാലയുടെ അടുത്തേയ്ക്കും നീങ്ങുന്നു. ഗുമസ്തന്റെ കുപ്പായത്തിന്റെ തൂക്കം ബഹുകൃത്യമായി ഒരു തോല അധികമാകുന്നു.

പെട്ടെന്നുണ്ടായ പരിവർത്തനം നോക്കുക: “എന്തു കടലാസ്സാണെന്നാണു് പറഞ്ഞതു്… ഓ, ഹോ, അതോ? അതിവിടെയുണ്ടു്. രണ്ടുമൂന്നു ദിവസമായി ഇവിടെക്കിടക്കുന്നു. ഇതൊക്കെ സമയത്തിനു വന്നു കൊണ്ടുപോണം, ഹേ! ഇപ്പോഴത്തെ ഇയാൾ (എന്നു വെച്ചാൽ മുനിസീഫോ ജഡ്ജിയോ) വന്നതിന്നു ശേഷം ഇവിടെയുള്ള തിരക്കു് എന്താണെന്നറിയാമോ? ശ്വാസം കഴിയ്ക്കാൻ നേരമില്ല. കടലാസ്സിതാ. മറ്റൊന്നും വേണ്ടല്ലോ…? ശരി… സലാം”.

മനുഷ്യന്റെ സ്വഭാവത്തിൽ ഈ മാറ്റം വരുത്തിച്ചേർക്കുന്ന വസ്തു, വേദാന്തികൾ എന്തുതന്നെ പുലമ്പിയാലും, കാമ്യമല്ലേ സാറേ? കൊയനാവിനെ പഞ്ചസാരയാക്കുന്ന മഹേന്ദ്രജാലമല്ലേ ഇവിടെ കാണപ്പെട്ടതു്? ഒരുറുപ്പികയെടുത്തു കോടതിവളപ്പിലെ ചട്ടുകക്കള്ളിയ്ക്കു നേരെ കാട്ടിയാൽ അതു പെട്ടെന്നു പൂത്തുനിൽക്കുന്ന കുരുക്കുത്തിമുല്ലച്ചെടിയായി മാറുമെന്നുകൂടി എനിയ്ക്കു ചിലപ്പോൾ തോന്നിപ്പോയിട്ടുണ്ടു്. മലബാറിനെ സംബന്ധിച്ചേടത്തോളം, മറ്റു ഗവർമ്മേണ്ടാപ്പീസ്സുകളിലെക്കാൾ കോടതികളിൽ പണത്തിന്റെ ഈ പരിവർത്തനശക്തി കുറെയധികം വെളിപ്പെട്ടുകാണുന്നതുകൊണ്ടാണു് ഞാൻ കോടതികളെ ഉദാഹരണമായെടുത്തതു്.

‘പണമെന്നു കേട്ടാൽ പിണവും വായ്പൊളിയ്ക്കും’ എന്നുള്ളതാണു് പണത്തെയും പിണത്തെയും സംബന്ധിയ്ക്കുന്ന വേറൊരു പഴഞ്ചൊല്ലു്. ഇതും അതിശയോക്തിയാണെന്നു വിചാരിയ്ക്കുന്നവരുണ്ടെങ്കിലും, ഞാൻ ആ കൂട്ടത്തിൽ പെട്ടവനല്ല. കാരണം പണത്തിനു വേണ്ടി ഒരിയ്ക്കൽ താച്ചുപണിയ്ക്കർ പ്രസംഗിച്ചതു് ഞാൻ കേട്ടുനിന്നവനാണു്. താച്ചുപണിയ്ക്കർക്കു് പ്രസംഗിയ്ക്കാമെങ്കിൽ പിണത്തിന്നു വായ പൊളിയ്ക്കുകയും ചെയ്യാമെന്നുള്ളതു് താച്ചുപണിയ്ക്കരെ പരിചയമുള്ള ആരും സമ്മതിയ്ക്കുന്ന സംഗതിയാണു്.

താച്ചു എന്റെ കൂടെ ഇന്റർമീഡിയറ്റു ക്ലാസ്സുകളിൽ പഠിച്ചിരുന്ന ഒരു ദേഹമാണു്. നല്ല ഒരു ചങ്ങാതിയായിരുന്നു. പക്ഷേ ഒരു പ്രാസംഗികനായി കീർത്തി നേടുവാനുള്ള കോപ്പുകളോടു കൂടിയല്ല പ്രകൃതി താച്ചുവെ സൃഷ്ടിച്ചതെന്നു മനസ്സിലാക്കുവാൻ താച്ചുവുമായി അധികപരിചയമൊന്നും വേണ്ട.

ഒരു ദിക്കിൽ കുറയുന്നതു് വേറൊരു ദിക്കിൽ ഏറുമെന്നുള്ളതു് ലോകത്തിലെ സ്ഥിരനിയമമാണല്ലോ. അതുപ്രകാരം പ്രസംഗപാടവത്തെസ്സംബന്ധിച്ചുള്ള കുറവു പണത്തോടുള്ള അത്യാർത്തിയുടെ ആധിക്യത്താൽ താച്ചുവും പരിഹരിച്ചിട്ടുണ്ടെന്നു വേണമെങ്കിൽ സമാധാനിയ്ക്കാം.

ഒരു ദിവസം വൈകുന്നേരം ഞങ്ങളെല്ലാം കൂടി റെയിൽവെ സ്റ്റേഷനിലെത്തി. വെറുതെ പോയതാണു്. ഒരു പാസഞ്ചർ വണ്ടി പ്ലാറ്റുഫോറത്തിന്നടുത്തുണ്ടു്. ഞങ്ങൾ ഭയങ്കരമായി വാദപ്രതിവാദം ചെയ്യുകയായിരുന്നു; വിഷയം പ്രസംഗവുമായിരുന്നു. മലയാളത്തിൽ പ്രസംഗിയ്ക്കുന്നതു് എളുപ്പമാണെന്നു് കൂട്ടത്തിലൊരാൾ പറഞ്ഞതോടുകൂടിയാണു് വാദപ്രതിവാദം ആരംഭിച്ചതു്. പ്ലാറ്റുഫോറത്തിലെത്തിയപ്പോഴും വാദം നിന്നിരുന്നില്ല. ആ സമയത്തു കൂട്ടത്തിലൊരാൾ “മലയാളത്തിൽ വേണ്ടിവന്നാൽ നമ്മുടെ താച്ചുകൂടി പ്രസംഗിയ്ക്കു”മെന്നു പറഞ്ഞു. “ഈ ജന്മം സാധിയ്ക്കുകയില്ലെ”ന്നു എതിർസംഘം ഐക്യകണ്ഠേന സിദ്ധാന്തിച്ചു. താച്ചുവും അവരോടു അനുകൂലിച്ചു. അപ്പോഴാണു് ഒരു കുസൃതിക്കാരൻ “ഒരുറുപ്പിക കൊടുത്താൽ താച്ചു തീർച്ചയായും പ്രസംഗിയ്ക്കു”മെന്നു് പറഞ്ഞതു്. “ഒരുറുപ്പിക ഞാൻ തരാം. തീർച്ചയായി പ്രസംഗിയ്ക്കുമോ?” എന്നൊരാൾ ചോദിച്ചു. താച്ചു രണ്ടു സെക്കന്റുനേരം മടിച്ചുനിന്നു. ആത്മാവിൽ അപ്രത്യയമായ ചേതസ്സും പണത്തോടുള്ള കൊതിയും കരളിൽ കിടന്നു കമ്പവലി നടത്തുന്നതു് ഏതാണ്ടു ഞങ്ങൾക്കു കാണാമായിരുന്നു. ഒടുക്കം “ഉറുപ്പിക കാണട്ടെ!” എന്നു താച്ചു ആവശ്യപ്പെട്ടു. ഉറുപ്പിക കാണിച്ചു. ഒരു മധ്യസ്ഥന്റെ കൈവശം ഏല്പിച്ചു. താച്ചുവെ സംബന്ധിച്ചേടത്തോളം പണക്കൊതി സഭാകമ്പത്തെ ജയിച്ചു. “എവിടെവെച്ചാണു് പ്രസംഗിയ്ക്കേണ്ടതു്?”

“ഇവിടെവെച്ചു്” എന്നു് ഉറുപ്പികക്കാരൻ പറഞ്ഞു.

“ഈ പ്ലാറ്റുഫോറത്തിൽ വെച്ചോ?”

“അതെ”

“എപ്പോൾ?”

“ഇപ്പോൾ”

“ഉറക്കെ പ്രസംഗിയ്ക്കണോ?”

“വേണം”

“കുറച്ചു പറഞ്ഞാൽ പോരേ?”

“ഒരു ഡസൻ വാചകങ്ങളെങ്കിലും പറയണം”

“എന്താണു് വിഷയം?”

“വിഷയം അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട. തീവണ്ടി മുൻപിൽത്തന്നെയുണ്ടല്ലോ, അതിനെപ്പറ്റി പ്രസംഗിയ്ക്കാം” എന്നു മുൻപറഞ്ഞ കുസൃതിക്കാരൻ അഭിപ്രായപ്പെട്ടു. താൻ സയൻസുകാരനല്ലെന്നും അതുകൊണ്ടു തീവണ്ടിയെപ്പറ്റി ശാസ്ത്രീയമായി യാതൊന്നും പറയുവാൻ കഴിയുകയില്ലെന്നും; ഒടുക്കം പ്രസംഗിച്ചതു നോൺസെൻസാണെന്നു പറഞ്ഞു പണം കൊടുക്കാതിരിയ്ക്കരുതെന്നും താച്ചു ഈ ഘട്ടത്തിൽ പറഞ്ഞു. അങ്ങിനെയൊന്നും വരുന്നതല്ലെന്നു മറ്റുള്ളവർ ഉറപ്പു കൊടുത്തു.

ഞങ്ങൾ നിന്നിരുന്നതു് എഞ്ചിന്റെ സമീപമായിരുന്നു. അടുത്തു് ഒരു വലിയ പഴയ പീഞ്ഞപ്പെട്ടിയുമുണ്ടായിരുന്നു. താച്ചു അതിന്മേൽ കയറിനിന്നു “മാന്യരേ!” എന്നൊരു വിളി വിളിച്ചു. പത്തിരുപതു് മാന്യന്മാർ—ഇവരിൽ ചില പോട്ടർമാരും ഉൾപ്പെടും—ഉടനെ എത്തി. പിന്നീടൊന്നുമില്ല, താച്ചു ആകാശം നോക്കി, ചുറ്റും നോക്കി, നിലത്തു നോക്കി. പിന്നെ ഞങ്ങളുടെ മുഖത്തു നോക്കി, ഞങ്ങൾ ആ ശോകപ്രദമായ കാഴ്ചയിൽനിന്നു കണ്ണുതിരിച്ചു.

“മാന്യരേ!”

വീണ്ടും നിശ്ശബ്ദം. ആകപ്പാടെ താച്ചുവിന്റെ പ്രസംഗം “മാന്യരേ” വിളികൊണ്ടു തന്നെ അവസാനിയ്ക്കുമെന്ന നിലയിലായപ്പോൾ മധ്യസ്ഥൻ കീശയിൽനിന്നു് ഒരുറുപ്പികയെടുത്തു താച്ചുവെ കാണിച്ചു.

ഈ പ്രയോഗത്തിന്റെ ഫലം ആകസ്മികവും, അപ്രതീക്ഷിതവും, അത്ഭുതാവഹവുമായിരുന്നു. പെട്ടെന്നു സംഭവിച്ചതു താച്ചുവിന്റെ സ്മൃതിയിൽ, മയൂരാക്ഷി നദിയിൽ ഈയിടെ വെള്ളപ്പൊക്കം കൊണ്ടുണ്ടായതു പോലെയുള്ള, ഒരു അണക്കെട്ടു പൊട്ടലായിരിയ്ക്കണമെന്നു ഞാനൂഹിയ്ക്കുന്നു. എങ്ങിനെയായാലും താച്ചുവിന്റെ തലച്ചോറിലേയ്ക്കും അവിടെ നിന്നു നാവിലേയ്ക്കും അപ്രതിഹതമായ തള്ളലോടുകൂടി പ്രവഹിച്ചതു ഞങ്ങൾ താണ ക്ലാസ്സുകളിൽ പഠിയ്ക്കുന്ന കാലത്തു് പാഠ്യപുസ്തകകമ്മിറ്റി അംഗീകരിച്ചിരുന്ന മാർസ്ഡൻസായ്വ് ചമച്ച ദേശഭാഷാപാഠപുസ്തകങ്ങളിൽ ചെമ്മരിയാടിനെയും, പശുവിനേയും, കുരങ്ങിനേയും, കരടിയെയും മറ്റും സംബന്ധിച്ചുള്ള പാഠങ്ങളിലെ വാചകങ്ങളായിരുന്നു! അവയ്ക്കു പ്രകൃതവുമായി വല്ല ബന്ധവുമുണ്ടോ എന്നു് അന്വേഷിയ്ക്കുവാൻ താച്ചു മിനക്കെട്ടില്ല. സഭാകമ്പം നിമിത്തം വല്ലതിനെപ്പറ്റിയും ആലോചിയ്ക്കുവാനുള്ള ശക്തി പണ്ടേ താച്ചുവിനെ വെടിഞ്ഞു ദൂരെയെങ്ങോ പോയിരിയ്ക്കുന്നു. ദൂരദൂരമായ ചക്രവാളത്തിൽ തിളങ്ങുന്ന അതിവിപുലമായ വൃത്തത്തോടുകൂടിയ ഒരു വെള്ളിയുറുപ്പികയുടെ പ്രതിച്ഛായ മാത്രമേ താച്ചുവിന്റെ ഭാവനയിലുണ്ടായിരുന്നുള്ളൂ. വാചകത്തിന്നും വാചകത്തിന്നും മദ്ധ്യേ കാൽസെക്കന്റു പോലും താമസിയ്ക്കാതെ, ഈ സമയമാകുമ്പോഴേയ്ക്കും അമ്പതിൽച്ചില്വാനം ആളുകളെത്തിച്ചേർന്നിരുന്ന ആ സദസ്സിനെ കണ്ട ഭാവംപോലും നടിയ്ക്കാതെ എഞ്ചിനുനേരെ ചൂണ്ടിക്കൊണ്ടു താച്ചു ഇങ്ങിനെ പ്രസംഗിച്ചു:

“മാന്യരേ, ഇതെന്താകുന്നു? ഇതിനെ നോക്കൂ! ഇതൊരു കോലാടോ? അല്ലാ. ഇതൊരു തീവണ്ടിയാകുന്നു. ഇതു വളരെ ഭംഗിയുള്ള ഒരു മൃഗമാകുന്നു. തീവണ്ടി നമുക്കു് പാൽ തരുന്നു. പാൽ വെളുത്തതും മധുരമുള്ളതും ദേഹത്തിന്നു ഗുണകരമായതുമാകുന്നു. വികൃതിക്കുട്ടികൾ ഇതിനെ കല്ലെടുത്തെറിയും. അപ്പോൾ ഇതു് അവരെ കടിയ്ക്കുകയും മാന്തുകയും ചെയ്യും. മനുഷ്യർ ചെയ്യുന്നതുപോലെയൊക്കെ ഇതും ചെയ്യും; ഈ സ്വഭാവത്തിന്നു് അനുകരണബുദ്ധി എന്നാകുന്നു പേർ. ആംഗ്ലേയർ ഇതിനെപ്പിടിച്ചു മെരുക്കി ഒരു വീട്ടുമൃഗമായി പോറ്റിവരുന്നു. തീവണ്ടിയ്ക്കു പ്രതികാരബുദ്ധിയും അധികമായുണ്ടു്. തന്നെ ദ്രോഹിയ്ക്കുന്നവരെ ഇതു് ഓർമ്മവെച്ചു വളരെക്കാലം കഴിഞ്ഞാൽ ആ പക വീട്ടുന്നു”.

പ്രസംഗം ഇത്രയുമായപ്പോഴേയ്ക്കു സദസ്യരുടെ ചിരിയും ഹസ്തഘോഷവും കേട്ടു ഡ്രൈവർ എഞ്ചിനിൽനിന്നു പുറത്തേയ്ക്കു നോക്കി. പ്രാസംഗികന്റെ ചൂണ്ടുവിരൽ പെട്ടെന്നു് അദ്ദേഹത്തിന്റെ നേരെ നീണ്ടു:

“ഇതിൽ ഒരുവൻ നിൽക്കുന്നതു കണ്ടുവോ? അവൻ ഇതിനെ നോക്കിനടത്തുന്നവനാകുന്നു. അവൻ പറഞ്ഞാൽ ഇതു മരത്തിന്മേൽ കയറുകയും അനേകം അഭ്യാസങ്ങൾ കാണിയ്ക്കുകയും ചെയ്യും. ഇതിന്നു് അവനോടും, അവന്നു് ഇതിനോടും വളരെ സ്നേഹമാകുന്നു. സംസ്കൃതത്തിൽ ഇതിന്നു ‘കുഞ്ജരം’ എന്നു പേർ!”

ഇതോടുകൂടി പ്രസംഗം അവസാനിച്ചു. ഒടുക്കത്തെ വാചകത്തിലൂടെ പ്രകാശിച്ച പ്രാസംഗികന്റെ അധൃഷ്യപാണ്ഡിത്യം സദസ്യരുടെ വീർപ്പെടുത്തു കളഞ്ഞു.

താച്ചുവിന്നു് ഉറുപ്പിക കിട്ടി. ഞങ്ങൾ അദ്ദേഹത്തെ ജയാരവത്തോടുകൂടി ഹോസ്റ്റലിലേയ്ക്കു അനുഗമിച്ചു. ആ വമ്പിച്ച പ്രേരണ! അങ്ങേ അറ്റത്തു് പണമുണ്ടെന്നറിഞ്ഞാൽ ഏതു സമുദ്രമാണു് മനുഷ്യൻ നീന്തിക്കടക്കാത്തതു്?

കള്ളവാക്കുകൾ
സഞ്ജയൻ

“തുല്യഭുജസമാന്തരചതുർഭുജം” എന്ന വാക്കിന്റെ അർത്ഥം പറയുവാൻ, തിരക്കായി എവിടെയെങ്കിലും പോകുന്ന സമയത്തു്, നിങ്ങളെ നിരത്തിന്മേൽ തടഞ്ഞുനിർത്തി ഒരാൾ ആവശ്യപ്പെട്ടാൽ നിങ്ങൾ എന്താണു് പറയുക? വിഷ്ണുസഹസ്രനാമങ്ങളിൽ ഒന്നായിരിയ്ക്കുമെന്നു പറയും. അല്ലേ? എന്നാൽ അതു ശരിയല്ല. ഇതു കണക്കുപാഠപുസ്തകങ്ങളിൽ കാണപ്പെടുന്ന ഒരു വാക്കാണു്. ഈ വാക്കു “റോംബസ്” എന്ന ഇംഗ്ലീഷുവാക്കിന്റെ ഗീർവാണമാണു പോലും! എന്തിനാണു്, ടെക്സ്റ്റുബുക്കു നിർമ്മാതാക്കളേ, നിങ്ങൾ കുട്ടികളെ ഇങ്ങിനെ ദ്രോഹിയ്ക്കുന്നതു്? “റോംബസ്” എന്നു തന്നെ പഠിപ്പിച്ചാൽ എന്താണു് തരക്കേടു്? അതു പരിചയമില്ലാത്ത പുതിയ വാക്കാണു്. ശരി, നിങ്ങളുടെ “തുല്യഭുജസമാന്തരചതുർഭുജം” പഴയ വാക്കാണോ? അതിന്റെ അർത്ഥം കേൾക്കുന്ന മാത്രയിൽ മനസ്സിലാകുന്നുണ്ടോ? അതിന്നു വല്ല അർത്ഥവുമുണ്ടോ?

“ഇദം ചതുർബാഹുകമായ രൂപം

മുദാ ചുരുക്കീടുക ടെക്സ്റ്റുകാരേ!”

എന്നു് ഞങ്ങൾ നിങ്ങളോടു് അഭ്യർത്ഥിച്ചു് കൊള്ളട്ടെയോ? തുല്യഭുജസമാന്തരചതുർഭുജം പോലും! തുല്യഭുജമണ്ണാങ്കട്ടയാണു്! ദ്രോഹികൾ!

മലയാളഭാഷയിലേയ്ക്കു് ഇങ്ങിനെ പല കള്ളവാക്കുകളും. നാലു തറ കടന്നു കള്ളറാക്കുപോയിരുന്നതുപോലെ, കടന്നുവരുന്നുണ്ടു്. ഇവരിൽ കുറെയാളുകളെ സഞ്ജയൻ ബൌണ്ടറിയിൽ പിടിച്ചുനിർത്തീട്ടുണ്ടു്. അവയുടെ നോട്ടം സഞ്ജയനു് പിടിക്കുന്നില്ല. ഈ തുല്യഭുജസമാന്തരചതുർഭുജവും മറ്റും ആരും കാണാതെ കടന്നുവരുവാൻ ശ്രമിക്കുന്നതിന്റെ വിഡ്ഢിത്തം നോക്കുവിൻ! അവനെ ഒരു മൈൽ ദൂരെ നിന്നു കാണാം; അത്ര വലിയ തടിയും വയറുമുള്ള ഒരു വിദ്വാൻ ഒളിച്ചുകടക്കുവാൻ ശ്രമിച്ചാലോ? വേറെ ചിലരുടെ വിചാരണ സഞ്ജയൻ അടുത്തൊരവസരത്തിൽ നടത്തും. അതിർത്തി കടന്നു വരുന്നതിന്നു ശരിയായ കാരണം കാണിയ്ക്കാതെ അവരെ സഞ്ജയൻ വിടുകയില്ല. വർത്തമാനക്കടലാസ്സുകൾ, പ്രസംഗവേദികൾ, പാഠപുസ്തകങ്ങൾ, ഇവയുടെ വാതിൽക്കൽ കൈക്കൂലിയും സേവയുമില്ലാത്ത ഒരു ചുങ്കം ഉദ്യോഗസ്ഥനെ ഗവർമ്മേണ്ട് ഉടനെ നിശ്ചയിക്കേണ്ടതാണു്. (അധികൃതന്മാരുടെ അടിയന്തിരശ്രദ്ധയ്ക്കു്). ഇല്ലെങ്കിൽ കുറച്ചു കൊല്ലംകൂടി കഴിഞ്ഞാൽ നമ്മൾ പറയുന്നതു് അന്യോന്യം മനസ്സിലാകാതായിത്തീരും.

സഞ്ജയന്റെ ലഘു ജീവചരിത്രക്കുറിപ്പ്.

Colophon

Title: Aa Vambicha Prerana (ml: ആ വമ്പിച്ച പ്രേരണ).

Author(s): Sanjayan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-09.

Deafult language: ml, Malayalam.

Keywords: Article, Sanjayan, Aa Vambicha Prerana, സഞ്ജയൻ, ആ വമ്പിച്ച പ്രേരണ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 10, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Thunderstorm over Mont Blan, a painting by Théodore Rousseau (1812–1867). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.