images/Piano_Movers_Holiday.jpg
Piano Mover’s Holiday, a painting by Charles Demuth (1883–1935).
ബോബിലിരാജാവു വന്നാൽ
സഞ്ജയൻ

ബോബിലിരാജാവു രണ്ടാമതും മലബാർ സന്ദർശിക്കുവാൻ വരുന്നുണ്ടുപോലും. ഞാൻ കേട്ട വിവരമാണേ! എന്റെ വാക്കു വിശ്വസിച്ചു്, ഗംഭീരമായ ഒരുക്കങ്ങളൊക്കെ ചെയ്തു് അവസാനം കുളത്തിലിറങ്ങിയല്ലോ എന്നു് ആരും പിന്നീടു് ആവലാതി പറയരുതു്. ഈന്തിൻപട്ടകൾക്കു് കരാറു കൊടുക്കുന്നതും മെമ്മോറിയലുകളും മംഗളപത്രങ്ങളും തയ്യാറാക്കുന്നതും ഒക്കെ തീർച്ചവിവരമറിഞ്ഞിട്ടു മതി. പക്ഷേ, മുൻസിപ്പാലാപ്പീസുകാർ തോട്ടപ്പണി കുറച്ചു നേരത്തേ തുടങ്ങുന്നതു നന്നായിരിക്കും. പെട്ടെന്നു പിരിച്ചുനടുന്ന ചെടികൾ പന്ത്രണ്ടു മണിക്കൂറുകൊണ്ടു വാടിപ്പോകും. വേനൽക്കാലമാണു വരുന്നതു്. മുൻകൂട്ടി പറഞ്ഞില്ലെന്നു വേണ്ട.

എന്തിനാണുപോലും തിരുമേനി രണ്ടാമതും വരുന്നതു്? മലബാറിന്റെ നേരേ ഒന്നാമത്തെ വരവിൽത്തന്നെ പ്രഥമദർശനാനുരാഗം വന്നുപോയതുകൊണ്ടാണെന്നു ചിലർ പറയുന്നു. വേറെ ചിലർ പറയുന്നതു് മലബാറിലെ കൃഷിനാശത്തെപ്പറ്റി നേരിട്ടു കണ്ടറിഞ്ഞു പോകുവാനാണു് ഈ വരവെന്നാണു്. ജസ്റ്റിസ് കക്ഷിയിൽ ആളുകളെ ചേർക്കുവാനാണെന്നു വേറൊരു പ്രസ്താവമുണ്ടു്. പക്ഷേ, ഇതു കളവാണെന്നു തോന്നുന്നു. ജസ്റ്റിസ് കക്ഷിയിൽ ഇവിടെ നിന്നു് ആരെങ്കിലും ചേരുമെന്നു വിശ്വസിക്കാൻ മാത്രമുള്ള ശുദ്ധത അദ്ദേഹത്തിനുണ്ടാകുമോ? അഥവാ, മഹാന്മാരുടെ അന്തർഗതം ആരറിഞ്ഞു?

ആളുകൾക്കു് ഇന്നതേ പറയാവു എന്നില്ല. കഴിഞ്ഞ പ്രാവശ്യം കോഴിക്കോട്ടെ വലിയങ്ങാടിനിരത്തു് ഉദ്ഘാടനം ചെയ്യാൻവേണ്ടി വന്നപ്പോൾ ചില കുസൃതിക്കാർ അദ്ദേഹം ഷൺമുഖംചെട്ടിക്കു വോട്ടു പിടിപ്പാൻ നടക്കുകയാണെന്നു പറഞ്ഞുപരത്തി. അദ്ദേഹം ഒരു ശാന്തശീലനും അഭിമാനിയുമായതുകൊണ്ടു് ഒന്നും പറയാതെ അതു കേട്ടു സഹിച്ചു. എന്തു കഥയാണു നിങ്ങളൊക്കെ പറയുന്നതു്. അദ്ദേഹം ഷൺമുഖം ചെട്ടിക്കു വേണ്ടിയല്ല, ഈ പറയുന്ന സഞ്ജയനു വേണ്ടിയായിരുന്നാൽക്കൂടി, ശ്രമിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനാർഥി തോറ്റുപോകുമായിരുന്നുവെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? അദ്ദേഹം രാജാവായി ജനിച്ചു സ്വന്തം പ്രയത്നംകൊണ്ടു മന്ത്രിയായിത്തീർന്ന ആളാണു്. നിങ്ങൾ അതോർത്തുവോ? പ്രധാനമന്ത്രി ശ്രമിച്ചിട്ടുകൂടി ഒരു സ്ഥാനാർഥിക്കു വോട്ടു കിട്ടിയില്ലെന്നും മറ്റും നിങ്ങൾ ആരെയാണു്, സർ, പറഞ്ഞു വിശ്വസിപ്പിക്കുവാൻ നോക്കുന്നതു് ?

കോഴിക്കോടു് മുനിസിപ്പാലിറ്റി കൊതുക്കളെ കൊല്ലുവാൻ ആയിരം രൂപ പാസ്സാക്കിയിട്ടുണ്ടെന്നു കേട്ടു. എങ്ങനെയാണു് ഈ ആയിരം ഉറുപ്പിക ചെലവുചെയ്വാൻ പോകുന്നതു് എന്ന വിഷയത്തെക്കുറിച്ചു് രണ്ടുമൂന്നു ദിവസമായി ഞാനാലോചിക്കുന്നു. മുനിസിപ്പാലിറ്റി ഈ വിഷയത്തെക്കുറിച്ചു് വല്ലതും ആലോചിച്ചിട്ടുണ്ടോ? ഉണ്ടായിരിക്കുകയില്ല. മുനിസിപ്പാലിറ്റിക്കു് അതിനൊക്കെ നേരമുണ്ടോ? അതിരിക്കട്ടെ. സഞ്ജയന്റെ ഗവേഷണങ്ങളുടെ ഫലങ്ങൾ പരിശോധിച്ചു് അവയിൽ നല്ലതിനെ സ്വീകരിക്കുന്നതിനു മുനിസിപ്പാലിറ്റിക്കു വിരോധമുണ്ടോ? സഞ്ജയന്റെ കൊതുവംശവിച്ഛേദമാർഗഗവേഷണ റിപ്പോർട്ട് കൗൺസിലിന്റെ മുൻപാകെ ഹാജരാക്കുവാൻ സമ്മതിക്കുമോ? ഈ റിപ്പോർട്ടു വളരെ നന്നായിട്ടുണ്ടെന്നു സഞ്ജയൻ അഭിമാനിക്കുന്നില്ല. പക്ഷേ, നിങ്ങളുടെ ജെ. പി. സി. റിപ്പോർട്ടിനെക്കാളൊക്കെ നന്നായിട്ടുണ്ടു്. ഒന്നുമില്ലെങ്കിൽ ഇതിൽ ആത്മാർഥതയെങ്കിലുമുണ്ടു്.

പക്ഷേ, ആ റിപ്പോർട്ട് സഞ്ജയൻ ഇപ്പോൾ പ്രസിദ്ധപ്പെടുത്തുകയില്ല. ഏതായാലും കോഴിക്കോടു മുനിസിപ്പാലിറ്റിയുടെ ശ്രമം അഭിനന്ദനീയമായിട്ടുണ്ടു്. സഞ്ജയൻ പേനയെടുത്താൽ പിന്നീടു് ഈ മുനിസിപ്പാലിറ്റിയെക്കുറിച്ചു നല്ല വാക്കു പറയുവാൻ സാധിച്ചതിൽ സഞ്ജയനു സന്തോഷമുണ്ടു്. കൊതുവധത്തിനുവേണ്ടി ആയിരം ഉറുപ്പിക നീക്കിയതുകൊണ്ടു് മുനിസിപ്പാലിറ്റിയെ ജനങ്ങൾക്കു് വാസയോഗ്യമാക്കിത്തീർക്കുവാൻ തക്കവണ്ണം എന്തെങ്കിലും ചിലതു ചെയ്യണമെന്നു് ആഗ്രഹമുണ്ടെന്നു മുനിസിപ്പാലിറ്റി തെളിയിച്ചിരിക്കുന്നു. മതി. ഇന്നു രാത്രി സഞ്ജയന്റെ നേരെ ആക്രമിപ്പാൻ വരുന്ന കൊതുക്കളുടെ എണ്ണം എത്രയായാലും, ‘സാരമില്ല; തൊഴിൽനികുതി കൊടുക്കാതെ മുനിസിപ്പാലിറ്റിയിൽ ചോരകുടിക്കച്ചവടം നടത്തിവരുന്ന ഈ അക്രമികൾ ഉണ്ടെന്നു മുനിസിപ്പാലിറ്റി പബ്ലിക്കായി സമ്മതിച്ചുവല്ലോ! ഇനി കുറെ കടി സഹിച്ചാലും കൊള്ളാം!’ എന്നേ സഞ്ജയൻ വിചാരിക്കുകയുള്ളു. ഈ ഗ്രാന്റ് പാസ്സാക്കിച്ച മാന്യപാരനെ സഞ്ജയൻ അഭിനന്ദിക്കുന്നു. മുനിസിപ്പാലിറ്റിയുടെ തീർപ്പു് അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയ എല്ലാ വർത്തമാനക്കടലാസ്സുകളുടെയും ഓരോ കോപ്പി, ആ ഭാഗത്തിന്റെ അടിയിൽ ചുകന്ന മഷികൊണ്ടു് വരഞ്ഞു, സഞ്ജയന്റെ കട്ടിലിന്റെ നാലുവശത്തും കെട്ടിത്തൂക്കീട്ടുണ്ടു്. സഞ്ജയനു കൊതുക്കളോടുംകൂടി വൈരമില്ല. വിവരം കാലേക്കൂട്ടി അറിഞ്ഞു് അവർ സകുടുംബം നാടുവിടുകയാണെങ്കിൽ പോയ്ക്കൊള്ളട്ടെ!

ഇതൊക്കെ ഇങ്ങനെയൊക്കെയാണെങ്കിലും കല്ലായിറോഡിന്റെ കാര്യത്തിൽ സഞ്ജയനും മുനിസിപ്പാലിറ്റിയുമായി ഇനിയും വാഗ്വാദം നടത്തേണ്ടിവരുമെന്നാണു തോന്നുന്നതു്. ഈ റോഡിന്റെ ഇരുവശത്തും വളരെ വൈദ്യശാലകളുള്ള വിവരം സഞ്ജയൻ പണ്ടു പറഞ്ഞിരുന്നുവോ? പ്രസ്തുത വൈദ്യശാലകളിലെ മരുന്നുകളിൽ ഓരോ ഓൺസ് റോഡിലെ പൊടിയുംകൂടി ചേർന്നാൽ ദേഹത്തിനു നല്ലതാണെന്നു് അഷ്ടാംഗഹൃദയത്തിൽ വല്ലടത്തും പറഞ്ഞിട്ടുണ്ടോ എന്നു് നിങ്ങളുടെ ആര്യവൈദ്യനോടന്വേഷിക്കണം. ഇല്ലെന്നു് അദ്ദേഹം പറഞ്ഞാൽ ഞാൻ ഈ റോട്ടിലെ ദ്വികാലപുണ്യാഹത്തെപ്പറ്റി ചില ദുർഭാഷണങ്ങൾതന്നെ ചെയ്യും. വാറണ്ടുശിപായി പിന്നാലെ കൂടിയാൽ എങ്ങനെയെങ്കിലും കല്ലായിറോഡിൽ ഓടിയെത്തിയാൽ മതി. പിന്നെ ശിപായിയല്ല, വിധിയുടമ താൻതന്നെ വന്നാലും നിങ്ങളെ കണ്ടുപിടിക്കുകയില്ല. കല്ലായിറോഡ് ഇപ്പോൾ പൊടിപൊടിയായി റോഡാണു്. ഇതിനെക്കുറിച്ചു മുനിസിപ്പാലിറ്റി എന്തെങ്കിലും ചെയ്യണം. അടിയന്തിരമായി ചെയ്യണം. കമ്മീഷണർക്കു സഞ്ജയന്റെ പടുഭാഷ മനസ്സിലാകുന്നില്ലെങ്കിൽ വല്ലവരും ഇതു തർജ്ജമ ചെയ്തുകൊടുക്കണം. പൊടി കുറഞ്ഞ റോട്ടിൽ വെള്ളം തീരേ നനയ്ക്കാതിരിക്കത്തക്കവിധത്തിൽ യുക്തിശാസ്ത്രത്തെ മുറുകെപ്പിടിച്ചവരെ പൊടി അധികമുള്ള നിരത്തിൽ അധികം വെള്ളം നനയ്ക്കേണ്ടതാണെന്നും യുക്തിശാസ്ത്രം പഠിപ്പിക്കണ്ടേ? സഞ്ജയൻ പറയുന്നതിൽ കാര്യമുണ്ടോ എന്നുമാത്രം നോക്കിയാൽ മതി. പിന്നീടു ‘യഥാ മതി തഥാ കുരു.’

ബോബിലിരാജാവിന്റെ വരവിനെക്കുറിച്ചു പ്രസംഗിച്ച ഉടനെ കൊതുവംശത്തിന്റെ വിനാശത്തെപ്പറ്റിയാണു പറയേണ്ടിവന്നതു്. ഇനി ഇവയെ രണ്ടിനേയും ഘടിപ്പിച്ചു് ഒരു കാര്യം പറയുന്നു. കഴിഞ്ഞ പ്രാവശ്യം രാജാവു വന്നപ്പോൾ രണ്ടുമൂന്നേർപ്പാടുകളെ ഉദ്ഘാടനം ചെയ്തു. ഇപ്രാവശ്യം ഉദ്ഘാടനം ചെയ്യുവാൻ ഒന്നുമില്ല. തളിക്ഷേത്രം ഉദ്ഘാടനം ചെയ്യിക്കുവാൻ ചിലരെല്ലാം ആലോചിച്ചിരുന്നുപോലും. പക്ഷേ, ഈ ഭയങ്കരാലോചന നടന്ന ദിവസം പ്രസ്തുത ക്ഷേത്രത്തിന്റെ ഉള്ളിൽനിന്നു് അതിദീനമായ ഒരശരീരിക്കരച്ചിൽ കേൾക്കുകയാലാണത്രേ ഈ ആലോചന ഡ്രോപ്പു ചെയ്തതു്.

പക്ഷേ, എന്തെങ്കിലും ഒന്നു് ഉദ്ഘാടനം ചെയ്യാതെ അദ്ദേഹം മടങ്ങിയാൽ അതു നമുക്കു് വലിയ ഒരു പോരായ്മയായിത്തീരും. ഒരു മന്ത്രിവന്നപ്പോൾ ഒരു സാധനം അവിടെ ഉദ്ഘാടനം ചെയ്തു എന്നു് ഒരു വമ്പിച്ച നഗരത്തെപ്പറ്റി ആളുകൾ പറയേണ്ടിവന്നാൽ, അല്ലയോ മാന്യസഭാവാസികളേ, കോഴിക്കോട്ടെ നികുതിദായകന്മാരേ, അതിൽപ്പരം അപമാനം എന്തുള്ളു? പോക്കാൻതോടു്, കണ്ടിമൂക്കാന്തോടു്, പ്രേകമാൻ ചെള്ള, ഇരുട്ടക്കടവു്, ചങ്ങലംപരണ്ട, ചൊക്ലി, മേത്തോട്ടുതാഴം മുതലായ മൂലകളിൽക്കൂടി ഉദ്ഘാടനങ്ങൾ നടക്കുന്നു! തേങ്കുറുശ്ശിയിലും മാങ്കുറുശ്ശിയിലും ലക്കിടിയിലും പറളിയിലും കുറ്റ്യാടിയിലും കുറ്റ്യാട്ടൂരിലും അറക്കലും ചിറക്കലും പുതിയങ്ങാടിയിലും പഴയങ്ങാടിയിലും വലിയങ്ങാടിയിലും ആളുകൾ ജന്മവസ്തു വിറ്റിട്ടെങ്കിലും ഉദ്ഘാടനങ്ങൾ എമ്മെൽസിമാരുടേയും മറ്റും ആഭിമുഖ്യത്തിൽ സാഘോഷം കൊണ്ടാടുകയും പത്രങ്ങളിൽ അവയെപ്പറ്റി റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു; പക്ഷേ, ഈ കോഴിക്കോട്ടിനു് മലബാറിന്റെ ഈ തലസ്ഥാനനഗരത്തിനു്, മാനാഞ്ചിറ വെള്ളത്തിനുകൂടി നാവുള്ള ഈ പരിഷ്കൃതപട്ടണത്തിനു് ഒരു അതിഥി വരുമ്പോൾ പാദ്യം കൊടുക്കാൻ ഒരു കിണ്ടിയില്ല; ഒരു മന്ത്രി വരുമ്പോൾ അദ്ദേഹത്തെ ബഹുമാനിക്കുവാൻ ഒരു ഉദ്ഘാടനമില്ല. മന്നത്തു് പത്മനാഭപിള്ള അവർകൾ പറയുമ്പോലെ ‘എന്റെ സഹോദരര്വേ ഞാനെന്തുതന്നെ പറയട്ടെ!’ (ഗംഭീരമായ ഹസ്തതാഡനവും ചിയേഴ്സും.)

അതു പോരാ. നമുക്കു് തീർച്ചയായും ഒരു ഉദ്ഘാടനം വേണം. അല്ലെങ്കിൽപ്പിന്നെ, ആദ്യം മുതല്ക്കേ നമ്മൾ ഉദ്ഘാടനകാര്യത്തിൽ വൈമനസ്യം കാണിച്ചിരിക്കണം. അങ്ങനെയായിരുന്നെങ്കിൽ, ‘ഞങ്ങളെ മാപ്പാക്കണം. ഞങ്ങൾ പണ്ടേ കുണിസ്ട്രീറ്റുമെന്റുകാരാണു്. ഉദ്ഘാടനമൊന്നും പതിവില്ല. പച്ചവെള്ളം മാത്രമേ കഴിക്കു’ എന്നൊക്കെ പറഞ്ഞു നോക്കാമായിരുന്നു. പക്ഷേ, നമ്മൾ വലിയ ഉദ്ഘാടനഭ്രമക്കാരാണെന്നു് അദ്ദേഹത്തെ മനസ്സിലാക്കിക്കുവാൻ മാത്രമുള്ള വിഡ്ഢിത്തമൊക്കെ കഴിഞ്ഞ പ്രാവശ്യം നമ്മൾ ചെയ്തുപോയി. അതുകൊണ്ടു് ഇതിൽനിന്നു് ഒരൊറ്റ രക്ഷാമാർഗം വല്ല ഒരുദ്ഘാടനത്തിനും വഴി കണ്ടുപിടിക്കുകയാണു്. ഈ ഘട്ടത്തിലാണു് മരുഭൂമിയിൽ വീണ മന്നാ പോലെ, കാഞ്ഞ പാറപ്പുറത്തു വീഴുന്ന മഴപോലെ, സഞ്ജയന്റെ ‘സത്ധഷൻ’, വരുന്നതു്. നാം പുതുതായി നടപ്പിൽ വരുത്താൻ പോകുന്ന കൊതുവിനാശസംരംഭത്തെ രാജാവവർകളെക്കൊണ്ടു് ഉദ്ഘാടനം ചെയ്യിപ്പിച്ചുകൂടേ? അതിൽ ഒരു പ്രത്യേക ഔചിത്യംകൂടിയുണ്ടു്; കൊതുവിനാശം മുനിസിപ്പാലിറ്റിയുടെ പരിഷ്കരണമാർഗങ്ങളിൽവെച്ചു് ഏറ്റവും നൂതനവും ഏറ്റവും പ്രധാനവുമാണു്; ബോബിലിരാജാവാണെങ്കിൽ മുനിസിപ്പാലിറ്റികളാകുന്ന സമുദ്രങ്ങൾക്കു പൂർണചന്ദ്രനാണ്; അനുമാനം പ്രത്യക്ഷമല്ലോ!

പ്രസ്തുത ഉദ്ഘാടനത്തിന്റെ ചടങ്ങുകളെക്കുറിച്ചൊന്നും നിങ്ങൾ ക്ലേശിക്കേണ്ട. ഏറ്റവും ദേഹബലവും ആരോഗ്യവുമുള്ള ഒരു വമ്പിച്ച കൊതുവെ—കഴിയുമെങ്കിൽ ദംശൻ ബഹദൂറിനെത്തന്നെ പിടിക്കണം—പിടിച്ചു് നൂലിന്മേൽ കെട്ടിത്തുക്കണം. ഉദ്ഘാടനമുഹൂർത്തമായാൽ പബ്ലിക്കിന്റെ മുൻപാകെ മാന്യനായ ഉദ്ഘാടകൻ ഒരു കത്തിരിയെടുത്തു് നൂലറുക്കണം. അപ്പോൾ പ്രസ്തുത കൊതു അടിയിൽ മുൻകൂട്ടി തയ്യാറാക്കിവെച്ചിരിക്കുന്ന കനലിൽ വീണു കരിയും. (ഹസ്തതാഡനം). ഇങ്ങനെയാണു് കൊതുസംഹാരസ്കീമിന്റെ ഉദ്ഘാടനം നടത്തേണ്ടതു്. ഇതു് അടുത്ത മുനിസിപ്പൽയോഗത്തിൽവെച്ചു പാസ്സാക്കിച്ചുകിട്ടുവാൻ സഞ്ജയൻ അപേക്ഷിക്കുന്നു.

30-1-1935

സഞ്ജയന്റെ ലഘുജീവചരിത്രം

Colophon

Title: Bobilirajavu vannal (ml: ബോബിലിരാജാവു വന്നാൽ).

Author(s): Sanjayan.

First publication details: Sayahna Foundation; Trivandrum, Kerala; 2022-02-13.

Deafult language: ml, Malayalam.

Keywords: Article, Sanjayan, Bobilirajavu vannal, സഞ്ജയൻ, ബോബിലിരാജാവു വന്നാൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Piano Mover’s Holiday, a painting by Charles Demuth (1883–1935). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.