images/A_Roman_Road.jpg
A Roman Road, a painting by Nicolas Poussin (1594–1665).
ഗട്ടറിന്റെ പ്രയോജനം
സഞ്ജയൻ

ഈയിടെയായി സഞ്ജയൻ എഴുതുവാൻ ആഭ്യസിച്ചുവരുന്ന പത്രഭാഷയിൽ പറയുകയാണെങ്കിൽ, സഞ്ജയന്റെ മനഃസ്ഥിതി വിപ്ലവപരമല്ലാത്തതും സമാധാനപരമായതും ആണു്. എന്നു വെച്ചാൽ, ആളുകൾക്കു് മനസ്സിലാകുന്ന ഭാഷയിൽ, വിപ്ലവം തെക്കോട്ടു പോകുമ്പോൾ സഞ്ജയൻ നേരെ വടക്കോട്ടേക്കു് നടക്കുമെന്നാണർത്ഥം. ഈ കാരണംകൊണ്ടു് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കല്ലായി റോഡിൽവെച്ചു നടന്ന ലഹളയിൽ പങ്കുകൊള്ളാത്തതിനെപ്പറ്റിയും, അതു് കണ്ടുനിൽക്കാത്തതിനെപ്പറ്റിയും, ആകെക്കൂടി നോക്കുന്നതായാൽ, സഞ്ജയന്നു് സന്തോഷമാണുള്ളതു്, പക്ഷേ, തീർത്താൽ തീരാത്ത ഒരു വ്യസനവുമുണ്ടു്. അതിനെക്കുറിച്ചു് പറയുന്നതിന്നുമുമ്പു് ലഹളയുടെ ആരംഭത്തെ ലഘുവായി വിവരിക്കാം.

⋄ ⋄ ⋄

ഒരു മിനുട്ടു് ക്ഷമിക്കിൻ—ആ പേരു് ഞാൻ ഒന്നുകൂടി റിഫർ ചെയ്യട്ടെ—മതി. നമ്മുടെ ജനാബ് ഹർജി അബ്ദുൾസത്താർ ഹാജി ഇസ്സാക്ക് സേട്ടു സാഹിബ് ബഹദൂർ അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിയായ വിവരം അദ്ദേഹത്തിന്റെ കക്ഷിക്കാർ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞപ്പോളറിഞ്ഞു. ഈ വിവരം അദ്ദേഹത്തിന്റെ കക്ഷിക്കാരറിഞ്ഞ വിവരം അഞ്ചു മിനിട്ടിന്നകത്തു് കോഴിക്കോടു് മുനിസിപ്പാലിറ്റിയിലെ കമ്പിത്തൂണുകൾകൂടി അറിഞ്ഞു, രാത്രി പ്രസ്തുത വിജയത്തെ പ്രമാണിച്ചു് ആയിരത്തിൽ ചില്വാനം ആളുകളടങ്ങിയ ഒരു ഘോഷയാത്ര ഗാസ്വിളക്കുകളോടും ബാന്റുവാദ്യത്തോടും കീ–ജെ. വിളിയോടും ആർഭാടത്തോടുംകൂടി നഗര പ്രദക്ഷിണത്തിന്നൊരുങ്ങി. കല്ലായി റോഡിൽവെച്ചു് ചിലർ ഈ ഘോഷയാത്രയെ തടഞ്ഞു. വാക്കേറ്റമായി. കശപിശയായി. തിക്കും തിരക്കുമായി. ഉന്തുംതള്ളുമായി. പാച്ചലും വീഴലുമായി. പൊട്ടലും പൊളിയലുമായി. ബഹളമായി. ലഹളയായി. കലാപമായി. “കുലുകുല”മായി.

⋄ ⋄ ⋄

ബാന്റുവാദ്യക്കാർ ആദ്യം ഓടിയെന്നു പറയേണ്ടതില്ലല്ലോ. ഈ പാവങ്ങളാണു് മുന്നിൽ പോകേണ്ടുന്നതു്. അവർ പാർട്ടിയും കീർട്ടിയും ഒന്നും ഇല്ലാത്ത കൂട്ടരാണു്. കൂലികൊടുത്താൽ “പ—പെപ്പര പെരപെര”യെന്നു പറഞ്ഞു് ആരുടെ മുന്നിലും അവർ നടക്കും. ആ സാധുക്കളുടെ കഷ്ടപ്പാടു് നോക്കിൻ! എനി മെലിൽ ഇത്തരം ഘോഷയാത്രകളുടെ പിന്നിൽ മാത്രമേ തങ്ങൾ നടക്കുകയുള്ളു, എന്നു് അഖിലഭാരതബാന്റുകാരുടെ കോൺഫ്രൻസിൽ വെച്ചു് അവർ തീർച്ചപ്പെടുത്തുവാൻ ഭാവമുണ്ടെന്നു് കേട്ടു. അതിരിക്കട്ടെ. ബാന്റുകാരുടെ ഈ പാച്ചൽ കാണ്മാൻ സാധിക്കാതെ പോയതിനാലാന്നു് സഞ്ജയന്നു് വലിയ വ്യസനമുള്ളതു്. നിങ്ങൾ ബാന്റിൽ പാത്തിചികിത്സക്കാർക്കു് വെള്ളം കാച്ചുവാൻ ഉപയോഗിയ്ക്കപ്പെടുന്ന ചെമ്പോളം വലിപ്പമുള്ള ഒരു ഗംഭീര “ഡ്രം” കണ്ടിട്ടുണ്ടോ? അതു് ദേഹത്തോടു് കെട്ടിയുറപ്പിച്ച വിദ്വാൻ മരണഭയത്തോടുകൂടി ഓടിയ ഓട്ടം ഒന്നു് കണ്ണു ചിമ്മി ആലോചിച്ചു നോക്കുവിൻ! എന്തൊരു മായാത്ത ചിത്രമാണത്! മാനിന്റെ ചുറ്റും ചുറഞ്ഞ പേരുമ്പാമ്പിനെപ്പോലെ ദേഹത്തെ ചുറ്റിക്കിടക്കുന്ന ആ വലിയ കോളാമ്പിക്കുഴൽ വഹിച്ച മനുഷ്യന്റെ പാച്ചലും സ്മരണീയമാണു്.

⋄ ⋄ ⋄

എനിയൊരു പ്രാവശ്യം ഇത്തരമൊരു ഘട്ടത്തിൽ ബാന്റുവാദ്യത്തോടുകൂടി ഒരു ഘോഷയാത്രയുണ്ടാകുന്നുണ്ടെങ്കിൽ ആ വിവരം ദയചെയ്തു സഞ്ജയനെ അറിയിക്കണേ. അടി ഒന്നോ രണ്ടോ കൊണ്ടാൽ എന്താണു്? കാണേണ്ടതു് കണ്ടു, എന്നുള്ളതു് വലിയ സമാധാമല്ലേ?

⋄ ⋄ ⋄

അടിച്ചവർ ഉപയോഗിച്ച പ്രധാന ആയുധങ്ങൾ ചെരിപ്പു്, സോഡാക്കുപ്പി, സർവ്വത്തുകുപ്പി ഇവയായിരുന്നുപോലും. അടുത്തവർ അധികവും മുഖംകൊണ്ടുതന്നെയാണു് തടുത്തെതെന്നു കേട്ടു.

അതുസമയേ ബത ലാത്തിയുമായി-

പ്പുതിയേമക്കാർ വരവുതുടങ്ങി.

‘ഹും’ കാരത്തോടിടവും വലവും

ശങ്കവെടിഞ്ഞവർ തച്ചുതുടങ്ങി.

സേട്ടുകളും…

പത്രാധിപർ:
സേട്ടുകളോ?
സഞ്ജയൻ:
‘സേട്ടുമാർ’ എന്നാണു് വേണ്ടതെന്നു് തോന്നുന്നു. പക്ഷേ, വൃത്തം ഒപ്പിക്കണ്ടേ?

സേട്ടുകളും, പല കുട്ടികളും,

ചില പട്ടന്മാരും, കോമട്ടികളും,

കോട്ടം വിട്ടൊരു ചെട്ടികളേ,

വേറെക്കൂട്ടംകൂടും കൂട്ടക്കാരും,

പട്ടാണികളും, വോട്ടുപിടിപ്പാനൊ-

ട്ടേറെപ്പണിചെയ്തുള്ളവരും,

ഗോഷ്ടികൾ കാട്ടും ചേട്ടകളും,

പരിതുഷ്ടിയൊടൊത്തു വിളിക്കുന്നവരും,

നായന്മാരും, തിയ്യരു, മനവധി

തോയന്മാരും തോന്ന്യാസികളും,

ശുണ്ഠികടിക്കും മേധാവികളും,

ശണ്ഠ പിടിക്കും മൂധേവികളും,

മലയാളികളും, പരദേശികളും,

തലയാളികളും, തൊഴിലാളികളും,

ധാരാളികളും ദീപാളികളും,

പോരാളികളും, കോമാളികളും,

പെരുവഴിപോകം പാന്ഥന്മാരും,

തെരുവിൽത്തെണ്ടും മണ്ടന്മാരും.

പത്രാധിപർ:
താൻ മതിയാക്കുന്നോ ഇല്ലയോ?
സഞ്ജയൻ:
എന്നാൽ മട്ടു മാറ്റാം,

⋄ ⋄ ⋄

(മട്ടു മാറി)

വിവിധജനമിത്തരം നാലുപാടും തദാ

വിധിവിഹിതമിത്ഥമെന്നോർത്തു പായുംവിധൌ

പെരുവഴിയിൽ വീണുടൻ മുട്ടുകൾ പൊട്ടിയും

തരുനിരയിൽ മുട്ടിയും മുഷ്ക്കുകൾ കാട്ടിയും

തമിഴു മലയാളവും ഹിന്ദിയും ഹൂണിയും

തെരുതെരെയുതിർക്കയും തല്ലുകൾ കൊൾകയും

അതിമലിനവാട്ടറും നാറ്റവും ചേർന്നിടും

നരകസമഗട്ടറിൽച്ചാടിപ്പതിക്കയും,

പലതരമുഴന്നവറൊക്കെയും ചൊല്ലുകിൽ

ശിവ, ശിവ നിറഞ്ഞുപോം പത്രികാപംക്തികൾ.

പത്രാധിപർ:
അതു് ഏതായാലും വേണ്ട!
സഞ്ജയൻ:
ഞാൻ തമാശ പറഞ്ഞതാണങ്ങുന്നേ!

⋄ ⋄ ⋄

ഈ അടിയും പിടിയുമൊക്കെക്കണ്ടു് ഭയന്നു് ഒരു ഗ്രഹപ്പിഴക്കാരൻ നിരത്തിന്നു് ഒരു വശത്തുള്ള ഒരു ഷാപ്പിന്റെ വരാന്തയിൽച്ചാടിക്കയറി താൻ രക്ഷ പ്രാപിച്ചു എന്ന നിലയ്ക്കു് നിന്നിരുന്നു. പക്ഷേ, രാമേശ്വരത്തു പോയാലും ശനീശ്വരൻ കൂടെയുണ്ടായിരിക്കമെന്നു് അയാൾ ആലോചിച്ചില്ല. ഒരടി കിട്ടിയതോടുകൂടി അദ്ദേഹം ഓവിൽ മറിഞ്ഞുവീണു. പാളത്തിലെ ഗട്ടറാണു്. അതു് മറക്കരുതു്. “അടി സാരമില്ല; ആ വീഴ്ചയാണു് കഠിനം” എന്നു് അയാൾ പറഞ്ഞുവത്രെ. മേപ്പടിയാൻ ഇപ്പോൾ എവിടെയുണ്ടെന്നറിയുന്നില്ല. ഐഹികസുഖങ്ങളുടെ തുച്ഛത മനസ്സിലാക്കി സന്യസിച്ചുകളഞ്ഞു എന്നു് ചിലർ പറയുന്നു. ഒരു വണ്ടി സോപ്പുംകൊണ്ടു് പ്രയാഗയ്ക്കു് പോയിട്ടുണ്ടെന്നാണു് മറ്റൊരു പ്രസ്താവം. ജന്മാന്തരങ്ങളിൽച്ചെയ്ത പാപം മുഴുവൻ ഒരൊറ്റ മിനുട്ടുകൊണ്ടു് നശിച്ചു പോയതിനാൽ പ്രസ്തുതനെ ദേവകൾ താങ്ങിയെടുത്തു് സ്വർഗ്ഗത്തിൽ കൊണ്ടുപോയി ആകാശഗംഗയിൽ കുളിപ്പിച്ചുവെന്നും, കുളി കഴിഞ്ഞതിന്നുശേഷം ആകാശഗംഗ കടുക്കമഷിപോലെ, കാളിന്ദിപോലെ, കറുത്തുപോയെന്നും ഒരു കവി ഉൽപ്രേക്ഷിക്കുന്നു.

⋄ ⋄ ⋄

ഈ സംഭവം നോട്ടുചെയ്യുവാൻ ഗവർമ്മേണ്ടോടു് സഞ്ജയൻ ഉപദേശിക്കുന്നു. സത്യാഗ്രഹസമരം എനി എപ്പോഴെങ്കിലും തുടങ്ങിയാൽ വളണ്ടിയർമാരെ അടിയ്ക്കരുതെന്നു് സഞ്ജയൻ ശിപാർശിചെയ്യുന്നു. ഭീരുക്കൾ മാത്രമേ അടി പേടിക്കുകയുള്ളു. പിക്കറ്റുചെയ്യുന്നവരെ ഓരോന്നായി പാളയത്തിലെ ചാലിൽ പിടിച്ചുമുക്കുമെന്നു് ഗവർമ്മേണ്ട് പ്രഖ്യാപനം ചെയ്താൽ മതി. ഒരൊറ്റക്കുട്ടിയെ പുറത്തു കാണുകയില്ലെന്നു് സഞ്ജയൻ ഗ്യാരണ്ടി ചെയ്യുന്നു.

⋄ ⋄ ⋄

അടിയെസ്സംബന്ധിച്ചേടത്തോളം ആകെ അടികളുടെ ഒരു കണക്കെടുക്കുവാൻ, വേറെ പണിയൊന്നും തല്ക്കാലം ഇല്ലാത്തതുകൊണ്ടു് ചില തിരഞ്ഞെടുപ്പു് ഏജന്റുമാർ ഒരുങ്ങീട്ടുണ്ടെന്നറിയുന്നു. അടികളെ ഘോഷയാത്രക്കാർക്കു കിട്ടിയതു്, തടഞ്ഞുനിർത്തിയവർ വാങ്ങിയതു്, കാണികൾ കൊണ്ടതു്, ഇൻവേലിഡ്ഡ് അടികൾ (ആർക്കും കൊള്ളാതെ പോയതു്) ഇങ്ങനെ തരംതിരിച്ചു് എണ്ണിക്കണക്കാക്കി ഒരു സ്റ്റേറ്റുമെന്റ് പ്രസിദ്ധപ്പെടുത്തുന്നതാണെന്നു നഗരത്തിൽ ബലമായ പ്രസ്താവമുണ്ടു്.

21-11-’34

സഞ്ജയന്റെ ലഘുജീവചരിത്രം

Colophon

Title: Gattarinte prayojanam (ml: ഗട്ടറിന്റെ പ്രയോജനം).

Author(s): Sanjayan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-12-06.

Deafult language: ml, Malayalam.

Keywords: Article, Sanjayan, Gattarinte prayojanam, സഞ്ജയൻ, ഗട്ടറിന്റെ പ്രയോജനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 2, 2021.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A Roman Road, a painting by Nicolas Poussin (1594–1665). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.