സഞ്ജയന്റെ വായനക്കാരുടെ ഇടയിൽ തങ്ങൾക്കു് ഒരു പൈപോലും കടമില്ലെന്നു് അഭിമാനിച്ചു ഞെളിയുന്നവർ വല്ലവരുമുണ്ടോ എന്നു സഞ്ജയൻ അറിയേണ്ടിയിരുന്നു. അവരുടെ ‘ഞെളിച്ചൽ’ സഞ്ജയൻ മാറ്റുവാൻ പോകുന്നു; അവരുടെ ഇന്നത്തെ സുഖനിദ്രയെ സഞ്ജയൻ ഭഞ്ജിക്കുവാൻ പോകുന്നു. എന്നാലെ, സഞ്ജയൻ അങ്ങനെയുള്ള ‘അകട’ന്മാരോടു പറയുന്നതാവിതു്: നിങ്ങളിൽ ഓരോരുത്തർക്കും കൃത്യമായി 5ക. 7ണ. 3പ. വീതം കടമുണ്ടു്. എനി മേലിൽ കോടതിയിൽനിന്നു വക്കീലന്മാർ എതിർവിസ്താരത്തിൽ ‘നിങ്ങൾക്കു കടമുണ്ടോ? ചോദ്യം മനസ്സിലായില്ലേ? കടം—കടം. കടം വല്ലതുമുണ്ടോ?’ എന്നു ചോദിക്കുമ്പോൾ ‘ഇല്ല’ എന്നു പറയുന്നതു നല്ലവണ്ണം ആലോചിച്ചിട്ടുവേണം.
‘തനിക്കു ഭ്രാന്തുണ്ടോ? ഞാൻ ആർക്കാണു മേപ്പടി സംഖ്യ കൊടുക്കാനുള്ളതു്’ എന്നു നിങ്ങൾ ചോദിക്കുന്നു. ഞാൻ പറഞ്ഞുതരാം. ഇന്ത്യക്കാർ ഒട്ടാകെ ബ്രിട്ടീഷ് ഗവർമ്മേണ്ടിനു 150 കോടിയിൽ ചില്വാനം ഉറുപ്പിക കൊടുക്കുവാനുണ്ടു്. ഈ സംഖ്യ പണ്ടു തറവാട്ടാവശ്യമാണെന്നു പറഞ്ഞു് ഈസ്റ്റിന്ത്യാ കമ്പനിക്കാരുടെ കാലം മുതല്ക്കു് ഇന്ത്യാഗവർമ്മേണ്ടു് വസ്തുചൂണ്ടിപ്പണയത്തിന്മേൽ, ബ്രിട്ടീഷ് ഗവർമ്മേണ്ടിനോടു വാങ്ങിയതാണു്. ഇതിനെ ഇന്ത്യയിലെ ജനസംഖ്യകൊണ്ടു ഹരിച്ചാൽ ഓരോരുത്തർക്കു വീഴുന്ന ഓഹരിയാണു് മുൻഖണ്ഡികയിൽ കാണിച്ചിട്ടുള്ളതു്.
നിങ്ങൾ ഇതിനെക്കുറിച്ചു് എന്തുചെയ്വാൻ വിചാരിക്കുന്നു? സഞ്ജയൻ ചെയ്യേണ്ടതെന്തെന്നു തീർച്ചപ്പെടുത്തിക്കഴിഞ്ഞു. ഞാൻ ഈ കടം വീട്ടുവാൻ പോകുന്നു. നവവത്സരാരംഭത്തിനു മുൻപു് പ്രസ്തുതസംഖ്യ ഒരു കിഴിയാക്കി കെട്ടി സഞ്ജയൻ മലബാർ ട്രഷറി ആഫീസരുടെ മുൻപാകെ ഹാജരായി എന്റെ കടം വീട്ടി രശീതി വാങ്ങുവാൻ പോകുന്നു. ജനവരി ഒന്നാംതീയതി നിഷ്കടത്വംകൊണ്ടു മാത്രം ഉണ്ടാകുന്ന മുഖപ്രസാദത്തോടും, കൺതെളിവോടും ഉൾബലത്തോടും കൂടി കോഴിക്കോട്ടെ പുതിയ കോൺക്രീറ്റ് നിരത്തിൽക്കൂടി ഒരാൾ, യാതൊരാവശ്യവുമില്ലാതെ, അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു നിങ്ങൾ കാണും. ആ ആൾ സഞ്ജയനായിരിക്കും.
ഒരുസമയം ട്രഷറി ആപ്പീസർ ഈ സംഖ്യ സ്വീകരിച്ചിട്ടില്ലെങ്കിലോ? എന്നാൽ എന്താണു്? ഞാൻ ഈ 5ക. 7ണ. 3പൈ. മണിയോഡർ വഴിയായി സർ സാമുവൽ ഹോറിനയച്ചുകൊടുക്കും. അതു മടക്കുവാനുള്ള ധൈര്യം സർ സാമുവലിനു് ഉണ്ടാവുകയില്ലെന്നു് എനിക്കു നല്ല ഉറപ്പുണ്ടു്. ബ്രിട്ടീഷ് ഗവർമ്മേണ്ടിന്റെ ഇന്നത്തെ ധനസ്ഥിതി കിട്ടാനുള്ള പണം വേണ്ടെന്നു വെക്കത്തക്ക നിലയിലല്ലെന്നു സഞ്ജയനു് അറിയാം.
9-12-1934
മൂന്നു ദോഷങ്ങളും ഒന്നായി കോപിച്ചു കണ്ണിൽ വന്നിറങ്ങി കാഴ്ചയെ നശിപ്പിക്കുന്ന രോഗമാണു് ‘തിമിര’മെന്നു് അഷ്ടാംഗഹൃദയം പറയുന്നു. ആയിരിക്കാം. ഒരു രോഗത്തെക്കുറിച്ചു് ഇങ്ങനെയാണു്, എന്നു് അഷ്ടാംഗഹൃദയം പറയുമ്പോൾ, അങ്ങനെ അല്ലെന്നു പറയാൻ നമ്മളാരാണു്? പക്ഷേ, ഇതു സാധാരണ തിമിരമാണു്. ത്രിദോഷങ്ങൾ കോപിക്കാതെ, ബുദ്ധിയിൽച്ചെന്നിറങ്ങി വിവേകത്തെയും മനുഷ്യത്വത്തെയും നശിപ്പിക്കുന്ന വേറെയൊരു തരം തിമിരമുണ്ടു്. അതിന്റെ പേർ ഉദ്യോഗതിമിരമെന്നാണു്.
ഉദ്യോഗതിമിരം, ഉദ്യോഗത്തിന്റെ വലിപ്പത്തിനും, രീതിക്കും, രോഗിയുടെ മനഃസ്ഥിതിക്കും, ചുറ്റുമുള്ളവരുടെ പെരുമാറ്റത്തിനും അനുസരിച്ചു പല വകുപ്പുകളായി വിഭാഗിക്കപ്പെട്ടിട്ടുണ്ടു്. മണ്ഡൂകാചാര്യൻ ഇങ്ങനെ പറയുന്നു:
‘പ്രായശോദ്യോഗഭേദേന
സാഹചര്യാച്ച കുത്രചിൽ
ഉദ്യോഗതിമിരം ജ്ഞേയം
തദ്വിശേഷവിധേഃ ക്വചചിൽ’
ഇതിന്റെ അർത്ഥം ഇങ്ങനെയാണു്: പ്രായേണ ഉദ്യോഗഭേദംകൊണ്ടു് ഉദ്യോഗതിമിരം ജ്ഞേയമാകുന്നു (അറിയപ്പെടുന്നു). ചിലേടത്തു് അതിനെ സമീപത്തിലെ ആളുകളുടെ സ്ഥിതികൊണ്ടു് അറിയണം; ചിലേടത്തു വിശേഷവിധികൊണ്ടും അറിയണം. എനി ഇതിനെ വിവരിക്കുന്നു. അധികം രോഗികൾക്കും ഉദ്യോഗവലിപ്പത്തിനനുസരിച്ചാണു തിമിരത്തിന്റെ ശക്തി കൂടിവരുന്നതു്. ഞാനും നിങ്ങളും (അതായതു്, നിങ്ങൾ എന്നെപ്പോലെ വെറും ഒരു കാല്ക്കാശിനു കൊള്ളാത്ത അനുദ്യോഗസ്ഥനാണെങ്കിൽ) ഒരു സാധാരണ കൺസ്റ്റേബിളിനേയോ ഗുമസ്തനേയോ, മാസ്റ്റരേയോ, മസാൽച്ചിയേയോ അപേക്ഷിച്ചു് അതിമിരന്മാരാണു്. പക്ഷേ, കൺസ്റ്റേബിളിനേക്കാൾ ഹെഡ് കൺസ്റ്റേബിളിനും, ഗുമസ്തനെക്കാൾ ഹേഡ്ഗുമസ്തനും, മാസ്റ്റരേക്കാൾ ഹേഡ്മാസ്റ്റർക്കും, മസാൽച്ചിയേക്കാൾ ശിപായിക്കും, ശിപായിയേക്കാൾ ദഫേദാർക്കും തിമിരം കൂടും.
‘സാഹചര്യാച്ച കുത്രചിൽ’ എന്ന വരിക്കു് ഒന്നിലധികം വ്യാഖ്യാനങ്ങളുണ്ടു്. ചിലർ പറയുന്നതു് ഇതു വലിയ വലിയ ഉദ്യോഗസ്ഥന്മാരുടെ അടുത്തു പരിചയക്കാർക്കും, സംബന്ധികൾക്കും, സിൽബന്ധികൾക്കും മറ്റും, പ്രതിഫലന്യായപ്രകാരം, പകർന്നുപിടിച്ചുകാണുന്ന തിമിരഭേദത്തെ കുറിക്കുന്നു എന്നാണു്, കൈബർപാസായി അലഞ്ഞുനടക്കുന്ന വിദ്വാനാണെങ്കിൽക്കൂടി പെട്ടെന്നു് ഒരു ജഡ്ജിയുടേയോ ഹേഡിന്റേയോ അളിയനോ മകളുടെ ഭർത്താവോ മറ്റോ ആയിപ്പോവുകയാണെങ്കിൽ ചിലർക്കു വന്നു ചേരുന്ന അന്തസ്സും അവസ്ഥയും ഇതിനു് ഉദാഹരണങ്ങളായി പറയപ്പെട്ടിട്ടുണ്ടു്. മജിസ്ട്രേട്ടെജമാനന്റെ വാല്യക്കാരൻ പീടികയിൽച്ചെന്നാൽ അവിടെ എത്ര ആളുകളുണ്ടെങ്കിലും അവൻ ആദ്യം സാമാനം കെട്ടിക്കൊടുക്കേണമെന്നുള്ള നിബന്ധനയും, പോലീസ് ഇൻസ്പെക്ടറുടെ അളിയനുവേണ്ടി മെയിൽ ബസ്സാണെങ്കിൽക്കൂടി താമസിച്ചു, വഴി വളച്ചു്, മുൻപിലത്തെ സീറ്റ് ഒഴിച്ചുവെച്ചു് അദ്ദേഹത്തിന്റെ വീടിന്റെ പടിക്കൽക്കൂടി ഓടിക്കൊള്ളേണമെന്നുള്ള ഏർപ്പാടും ഈ വ്യാഖ്യാനത്തിനനുകൂലമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ടു്.
പക്ഷേ, മഹാവിദ്വാനായ മണ്ടോത്തു് മാടൻഗുരുക്കളുടെ ‘ഗുഡ്ദാർഥ ബോധിനീ’ വ്യാഖ്യാനത്തിൽ ഈ വരിക്കു വേറെ ഒരർത്ഥം പറഞ്ഞുകാണുന്നു. അദ്ദേഹം പറയുന്നതു് ഉദ്യോഗത്തിന്റെ മേൽക്കീഴുഭേദംകൊണ്ടു് തിമിരഭേദം ഗണിക്കപ്പെടണമെന്നാണു്. ഉദാഹരണമായി, അധികാരിയുടെ കാര്യത്തിൽ അംശം കോലക്കാരനെ ഇടയ്ക്കു് അദ്ദേഹം കാണാതിരിക്കുന്നതു് ഈ തിമിരത്തിന്റെ ശക്തികൊണ്ടാണു്. പക്ഷേ, അദ്ദേഹത്തിന്റെ തിമിരം തഹസിൽദാരുടെ നേരെ പ്രവർത്തിക്കുകയുമില്ല. അങ്ങനെതന്നെ ഇടയ്ക്കു് നട്ടുച്ചയ്ക്കു് നിരത്തിന്മേൽ അന്യോന്യം വെട്ടുമുട്ടിപ്പോയാലും തഹസിൽദാർ അധികാരിയെ തിമിരബാധകൊണ്ടു് കണ്ടില്ലെങ്കിലും, അതേ തഹസിൽദാർ ഇരുട്ടത്തു് ഒരു നാഴികദൂരെ കലക്ടറെ കണ്ടറിഞ്ഞു് സലാം കൊടുത്തേക്കുമെന്നും ഗുരുക്കൾ വ്യാഖ്യാനിക്കുന്നു. വേറെയൊരു സംഗതി അടുത്തു കീഴെയുള്ള ഉദ്യോഗസ്ഥന്റെ നേരെയുള്ളതിനെക്കാൾ തിമിരം അധികം കീഴെയുള്ള ഉദ്യോഗസ്ഥന്റെ നേരെ ബാധിക്കുമെന്നുള്ളതാണു്. അതുകൊണ്ടു തിമിരത്തിന്റെ ഏറ്റക്കുറവു് ഉദ്യോഗസ്ഥാനങ്ങളുടെ സാഹചര്യത്തിനനുസരിച്ചു മാറുമെന്നത്രേ മാടസിദ്ധാന്തമാകുന്നതു്.
‘തദ്വിശേഷവിധേഃ ക്വചിൽ’ എന്നതിനു് ഏറ്റവും ഭംഗിയായ അർത്ഥകല്പന ലക്കറ്റേടത്തു് വാസുകൈമളുടെ ടീകയിലാണു കാണപ്പെടുന്നതു്. അദ്ദേഹം ഇങ്ങനെ പറയുന്നു: ‘തിമിരവിഷയത്തിൽ എല്ലാ ഉദ്യോഗങ്ങളും ഒരുപോലെയല്ല, വിശേഷവിധിയുണ്ടു്. ഇൻസ്പെക്ടരുടെ ഉദ്യോഗം എടുക്കുക.
‘പോലീസും, റവന്യു, പിന്നെയുപ്പു, കുപ്പ, കുരിപ്പ പിന്നെ സ്കൂളെന്നാറുവിധം പ്രോക്തമിൻസ്പെക്ടർപ്പണി മുഖ്യമായ്.’ എന്നു കല്ക്കിപുരാണത്തിൽ പറഞ്ഞിട്ടുണ്ടു്. ഈ ശ്ലോകപ്രകാരം ഇൻസ്പെക്ടർമാരെ, പോലീസ്, റവന്യൂ, ഉപ്പു് (സാൾട്ട്), കുപ്പ (സാനിറ്ററി), കുരിപ്പു് (വാക്സിനേഷൻ), സ്കൂൾ—ഇങ്ങനെ ആറു തരമായി വിഭാഗിക്കാം. പക്ഷേ, പട്ടർക്കുമുണ്ടു് പൂണൂൽ, ചെട്ടിക്കുമുണ്ടു് പൂണൂൽ: എന്തു വ്യത്യാസം!’ എന്നു പാതിരി സായ്പു് ചോദിച്ചതുപോലെ, ‘എന്തു വ്യത്യാസാ!’ പോലീസ് ’ ഇൻസ്പെക്ടരെ കണ്ടാൽ അല്പം വഴി നാട്ടുപ്രമാണികൾ കൂടി വിട്ടുകൊടുക്കുമെങ്കിൽ, ‘കുരിപ്പു് ഇൻസ്പെക്ടരെക്കണ്ടാൽ കൂലിക്കാരൻകൂടി തലയിൽനിന്നു മുണ്ടെടുക്കുകയില്ല.’ ഈ വ്യത്യാസം ഇവരുടെ തിമിരത്തിനുമുണ്ടെന്നാണു് ഈ വരിയുടെ അർത്ഥമെന്നു കൈമളവർകൾ യുക്തിയുക്തമായി വാദിക്കുന്നു. ഈ വാദത്തോടു സഞ്ജയൻ പൂർണ്ണമായി യോജിക്കുന്നുണ്ടു്. ഈ വരിയെപ്പറ്റി വേറൊരു വ്യാഖ്യാനമുള്ളതു ഗുരുവായൂർ കാളിദാസരുടെ വകയാണു്. അദ്ദേഹം ഈ വിശേഷവിധികൊണ്ടു മനസ്സിലാക്കേണ്ടുന്നതു നഗരവും നാട്ടുപുറവും— ആപ്പീസും വീടും—ഇത്യാദിയായ സ്ഥലഭേദത്തെയാണു് എന്നു സമർത്ഥിക്കുന്നു. നഗരത്തിലേക്കാൾ നാട്ടുപുറത്തു തിമിരത്തിനു ശക്തി കൂടുമത്രേ, ആപ്പീസിലേയും വീട്ടിലെയും കാര്യത്തിൽ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറയുന്നു. കീഴുദ്യോഗസ്ഥന്മാർക്കു് ആപ്പീസുകളിലേക്കാൾ വീടുകളിലും മേലുദ്യോഗസ്ഥന്മാർക്കു് ആപ്പീസിലും വീട്ടിലും ഒരുപോലെയും, തറവാടുകളിലെ അനന്തരവന്മാർക്കു വീടുകളിലേക്കാൾ ആപ്പീസിലുമാണുപോലും തിമിരബാധ കലശലായുണ്ടാവുക. പക്ഷേ ‘ഭാര്യയുടെ മുൻപാകെ അസ്തമിക്കാത്ത തിമിരമില്ല’ എന്നു് ഒരു കൈയെഴുത്തുകുറിപ്പു കാളിദാസരുടെ വ്യാഖ്യാനത്തിന്റെ മാർജിനിൽ കാണപ്പെടുന്നുണ്ടു്.
സത്യാവസ്ഥ ആർക്കറിയാം? സഞ്ജയൻ ഉദ്യോഗസ്ഥനല്ല; ഉദ്യോഗസ്ഥന്മാരുടെ സാഹചര്യത്തെ സഞ്ജയൻ ഉപയോഗിച്ചിട്ടുമില്ല. അതുകൊണ്ടു് ഇതൊക്കെ ഇങ്ങനെയൊക്കെയാണോ എന്നു് അനുഭവരസികന്മാർതന്നെ പറയണം. ശാസ്ത്രത്തിൽ കണ്ടതു പകർത്തിയെഴുതിയ ബന്ധവും കൈമളവർകളുടെ ടീകയിലെ യുക്തിയോടു യോജിച്ച ഒരപരാധവും മാത്രമേ സഞ്ജയനുള്ളൂ. ഏതുദ്യോഗത്തിൽ എത്ര വലിയ പദവിയിലിരുന്നാലും ലവലേശം തിമിരബാധയില്ലാത്ത ചില ഒന്നാന്തരം യോഗ്യന്മാരെ സഞ്ജയൻ നേരിട്ടും, അല്ലാതെയും അറിയുമെന്നു് ഒരു ശാസ്ത്രവും ‘വ്യാഖ്യാനവും നോക്കാതെ സഞ്ജയൻ ധൈര്യപ്പെട്ടു പറയുമെന്നുകൂടി: പ്രസ്താവിച്ചു് ഈ ഗവേഷണം— പത്രഭാഷയെങ്ങനെ മതിയാക്കുന്നു.’
12-12-1934