“തുല്യഭുജസമാന്തരചതുർഭുജം” എന്ന വാക്കിന്റെ അർത്ഥം പറയുവാൻ, തിരക്കായി എവിടെയെങ്കിലും പോകുന്ന സമയത്തു്, നിങ്ങളെ നിരത്തിന്മേൽ തടഞ്ഞുനിർത്തി ഒരാൾ ആവശ്യപ്പെട്ടാൽ നിങ്ങൾ എന്താണു് പറയുക? വിഷ്ണുസഹസ്രനാമങ്ങളിൽ ഒന്നായിരിക്കുമെന്നു് പറയും. അല്ലേ? എന്നാൽ അതു് ശരിയല്ല. ഇതു് കണക്കുപാഠപുസ്തകങ്ങളിൽ കാണപ്പെടുന്ന ഒരു വാക്കാണു്. ഈ വാക്കു “റോംബസ്” എന്ന ഇംഗ്ലീഷുവാക്കിന്റെ ഗീർവാണമാണുപോലും! എന്തിനാണു്, ടെൿസ്റ്റ്ബുക്കു നിർമ്മാതാക്കളെ, നിങ്ങൾ കുട്ടികളെ ഇങ്ങനെ ദ്രോഹിക്കുന്നതു? “റോംബസ്” എന്നു് തന്നെ പഠിച്ചിപ്പാൽ എന്താണു് തരക്കേടു്? അതു് പരിചയമില്ലാത്ത പുതിയ വാക്കാണു്. ശരി, നിങ്ങളുടെ “തുല്യഭുജസമാന്തരചതുർഭുജം” പഴയ വാക്കാണോ? അതിന്റെ അർത്ഥം കേൾക്കുന്ന മാത്രയിൽ മനസ്സിലാകുന്നുണ്ടോ? അതിന്നു് വല്ല അർത്ഥവുമുണ്ടോ?
“ഇദം ചതുർബാഹുകമായ രൂപം
മുദാ ചുരുക്കീടുക ടെക്സ്റ്റുകാരേ!”
എന്നു് ഞങ്ങൾ നിങ്ങളോടു് അഭ്യർത്ഥിച്ചുകൊള്ളട്ടെയോ? തുല്യഭുജസമാന്തരചതുർഭുജംപോലും! തുല്യഭുജമണ്ണാങ്കട്ടയാണു്! ദ്രോഹികൾ!
⋄ ⋄ ⋄
മലയാളഭാഷയിലേയ്ക്കു ഇങ്ങനെ പല കള്ളവാക്കുകളും, നാലുതറകടന്നു് കള്ളറാക്കുപോയിരുന്നതുപോലെ, കടന്നുവരുന്നുണ്ടു്. ഇവരിൽ കുറെയാളുകളെ സഞ്ജയൻ ബൗണ്ടറിയിൽ പിടിച്ചുനിർത്തീട്ടുണ്ടു്. അവയുടെ നോട്ടം സഞ്ജയന്നു പിടിയ്ക്കുന്നില്ല. ഈ തുല്യഭുജസമാന്തരചതുർഭുജവും മറ്റും ആരുംകാണാതെ കടന്നുവരുവാൻ ശ്രമിക്കുന്നതിന്റെ വിഡ്ഢിത്തം നോക്കുവിൻ! അവനെ ഒരുമൈൽ ദൂരെനിന്നു കാണാം: അത്ര വലിയ തടിയും, വയറുമുള്ള ഒരു വിദ്വാൻ ഒളിച്ചുകടക്കുവാൻ ശ്രമിച്ചാലോ? വേറെചിലരുടെ വിചാരണ സഞ്ജയൻ അടുത്തൊരവസരത്തിൽ നടത്തും. അതിർത്തികടന്നു വരുന്നതിന്നു ശരിയായ കാരണം കാണിക്കാതെ അവരെ സഞ്ജയൻ വിടുകയില്ല. വർത്തമാനക്കടലാസ്സുകൾ, പ്രസംഗവേദികൾ, പാഠപുസ്തങ്ങൾ, ഇവയുടെ വാതിൽക്കൽ കൈക്കൂലിയും സേവയുമില്ലാത്ത ഒരു ചുങ്കം ഉദ്യോഗസ്ഥനെ ഗവർമ്മെണ്ട് ഉടനെ നിശ്ചയിക്കേണ്ടതാണു്. (അധികൃതന്മാരുടെ അടിയന്തിരശ്രദ്ധയ്ക്കു്.) ഇല്ലെങ്കിൽ കുറച്ചു് കൊല്ലം കൂടി കഴിഞ്ഞാൽ നമ്മൾ പറയുന്നതു് അന്യോന്യം മനസ്സിലാകാതായിത്തീരും.
3-3-37