images/Woman_Writing_a_Letter.jpg
Woman writing a letter, a painting by Gerard ter Borch (1617–1681).
കമലത്തിന്റെ കത്തു്
സഞ്ജയൻ

പ്രിയപ്പെട്ട ജാനു,

നീ അയച്ച അഞ്ചെഴുത്തുകളും എനിക്കു് കിട്ടിയിരിക്കുന്നു. പക്ഷേ, ഇഷ്ടത്തി, ഓരോ തിരക്കുകൊണ്ടു് മറുപടി അയയ്ക്കുവാൻ സാധിക്കാതിരുന്നതാണു്. നീ വിചാരിക്കും എനിക്കു് ഇവിടെ എന്തു തിരക്കാണുള്ളതെന്നു്. ഇവിടെ വന്നു നോക്കിയാലേ അതിന്റെ കഥ അറിയൂ. എല്ലാ സമയത്തും കാര്യമായ പ്രവൃത്തിയുണ്ടെന്നല്ല ഞാൻ പറയുന്നതു്. പക്ഷേ, എഴുത്തു് എഴുതുവാനിരിക്കുമ്പോൾ എന്തെങ്കിലും ഒരു മുടക്കമുണ്ടാകും. മുടക്കമൊന്നുമില്ലെങ്കിൽ, പെട്ടെന്നു് ഒരു മടി വരും; നാളെ എഴുതാമെന്നു് വിചാരിക്കും; അങ്ങനെ ദിവസങ്ങൾ പോകും. ഇന്നലെ ഞാൻ എഴുതുവാൻ തുടങ്ങുമ്പോൾ ഇവിടെ രാധയും നളിനിയും വന്നു. അവരെ നീ അറിയുകയില്ലല്ലോ. ബോംബെയിൽ ഏതോ കമ്പനിയിൽ പ്രവൃത്തിയുള്ള പി. എസ്. മേനോന്റെ മക്കളാണു്. പക്ഷേ, ഒരുവിധം നോക്കുമ്പോൾ അവരെ അറിയാത്തതാണു് ഭേദം. ഇത്ര തികഞ്ഞ അധികപ്രസംഗമുള്ള രണ്ടു കുട്ടികളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. വിശേഷിച്ചു് രാധ. നളിനി കുറെ സാധുവാണെന്നു തോന്നുന്നു. ഏതായാലും വാക്കിൽ രാധയെപ്പോലെ അധികപ്രസംഗമില്ല. ഉള്ളതൊക്കെ മനസ്സിലാണു്. അതാണു് അധികം അബദ്ധം— അല്ലേ? എന്നാലും അവൾ രാധയെപ്പോലെ ആളുകളെ ദ്വേഷ്യം പിടിപ്പിക്കുന്നില്ല. അതു സാമർഥ്യമാണു്.

അയ്യോ, നീ രാധ സംസാരിക്കുന്നതു കേൾക്കണം. ചിരിച്ചു മരിച്ചു പോകും. കുട്ടി എന്തൊക്കെ കളിയാണീശ്വരാ കളിക്കുന്നതു്! ശുദ്ധ ക്രാന്തത്തിയെപ്പോലെ. ലോകത്തിൽ സകലതും അവൾക്കു് അറിയാമെന്നാണു് നാട്യം. മറ്റുള്ളവരെ ഒരക്ഷരം പറയാൻ സമ്മതിക്കയില്ല. ഞാൻ ഏട്ടൻ കല്ക്കത്തയിൽ പോയ കഥ പറയുകയായിരുന്നു. അതു പകുതിയായപ്പോഴേക്കു് അവൾ അവളുടെ അച്ഛൻ ബിലാത്തിക്കു പോയ കഥ എടുത്തിട്ടു. ബിലാത്തിവർണ്ണന കേട്ടാൽ അവൾ ഇന്നലെ അവിടെനിന്നു മടങ്ങിവന്നതാണെന്നു വിചാരിച്ചുപോകും. അവൾ പറഞ്ഞതു് മുഴുവൻ സൊള്ളാണെന്നു് എനിക്കു് അപ്പോൾത്തന്നെ തോന്നിയിരിക്കുന്നു. സൊള്ളല്ലെങ്കിൽ ഏതോ പുസ്തകത്തിൽ വായിച്ചതായിരിക്കണം. ചിലതൊക്കെ അവൾ പറഞ്ഞതു് ഞാൻ ബാരിസ്റ്റർ കേശവമേനോന്റെ ‘ബിലാത്തിവിശേഷ’ത്തിൽ വായിച്ചിരിക്കുന്നു. പക്ഷേ, ഞാനതു് അറിഞ്ഞപോലെയൊന്നും നടിച്ചില്ല. അവൾ പോയതിനുശേഷം ഞങ്ങളെല്ലാംകൂടി അതിനെപ്പറ്റി പറഞ്ഞു ചിരിക്കുകയായിരുന്നു.

അവൾ ഇവിടെ വന്നതിന്റെ കാരണം കേൾക്കണോ? ഇതിനെടെ അവൾക്കു് അവളുടെ അച്ഛൻ ബോംബെയിൽനിന്നു് ഒരു പുതിയ സാരി അയച്ചുകൊടുത്തിട്ടുണ്ടു്. അതു് ഞങ്ങളെയൊക്കെ കാണിക്കുവാൻവേണ്ടി വന്നതാണു്. അതിന്റെ വർണ്ണന നീ കേൾക്കേണ്ടതായിരുന്നു. അതുപോലെത്തെ ഒരു സാരി ഇവിടെയൊന്നും കിട്ടുകയില്ലത്രേ. മദിരാശിയിലും കൂടിയില്ലെന്നു പറഞ്ഞു. പറയുന്നതു കേട്ടാൽത്തോന്നും അവൾ മദിരാശിയിലെ സകല ഷോപ്പുകളിലും പോയി അന്വേഷിച്ചിട്ടുണ്ടെന്നു്! അതു് അഴിച്ചു് ചുരുട്ടിപ്പിടിച്ചാൽ ഒരു പിടിയിൽ ഒതുങ്ങുംപോലും! ഈ കുട്ടിക്കു് ഇങ്ങനെ ആളുകളുടെ മുഖത്തുനോക്കി പച്ചക്കളവു പറയാൻ തോന്നുന്നല്ലോ! അതു് ആരും അവൾ ഉടുത്തേടത്തുനിന്നു് അഴിച്ചുനോക്കുകയില്ലെന്നു ധൈര്യമുണ്ടു്. അതുകൊണ്ടു് ഓരോന്നു പറയുകയാണു്. അല്ലെങ്കിലും വേണ്ടില്ല, അതിനു് വല്ല ഗുണവുമുണ്ടെങ്കിൽ, പാട്ടു പാടി നടക്കുന്ന പട്ടാണിച്ചികളുടെ ചേലപോലെയുണ്ടു്. ആകാശനീലനിറത്തിൽ ചുകപ്പും പച്ചയും വരകൾ ഒരു വല്ലാത്തമാതിരിയിൽ കെട്ടിപ്പിണഞ്ഞു കിടക്കുന്ന സമ്പ്രദായത്തിലാണു്. എനിക്കു് ഒരു ലേശം പിടിച്ചില്ല. പക്ഷേ, ഞാനതു പറഞ്ഞില്ല. ‘നിറം തരക്കേടില്ല. പൂപ്പണിയോ വെറും പുള്ളിയോ ആയിരുന്നുവെങ്കിൽ കുറെയധികം നന്നാകുമായിരുന്നു’ എന്നു് മാത്രമേ ഞാൻ പറഞ്ഞുള്ളു. അതവൾക്കു് തീരെ രസിച്ചിട്ടില്ല. ‘അയ്യോ, നീയെന്തറിഞ്ഞു? നളിനി, പുള്ളിയും പൂവുമൊക്കെ നാട്ടിൽനിന്നു പോയ കഥ കമലം അറിഞ്ഞിട്ടില്ല!’ എന്നു് വളരെ പരിഹാസ സ്വരത്തിൽ അനുജത്തിയോടു പറഞ്ഞു. ‘ബോംബെയിൽ ഗവർണരുടെ അമ്മയുംകൂടി ഈ മാതിരി വരയുള്ള ഉടുപ്പാണു് ഇടുന്നതെന്നു് അച്ഛൻ എഴുതിയിരിക്കുന്നു. പക്ഷേ, ഒരു സമയം ഇതിലും അധികം വിലയുള്ളതായിരിക്കും. ഫാഷൻ ഇതുതന്നെയാണു്.’ എന്നു് നളിനിയും ചേർന്നു പറഞ്ഞു; അവരുടെ അച്ഛൻ ഗവർണരുടെ വീട്ടിലാണോ താമസമെന്നു ഞാൻ ചോദിച്ചില്ല. എന്റെ നാവിന്മേലോളം വന്നു.

ഇഷ്ടത്തി, നീ എന്താണൊരു കാര്യം വേണ്ടതു്? മദിരാശിയിൽനിന്നു് അതുപോലെ വരയുള്ള ഒരു സാരി എനിക്കു വാങ്ങി അയയ്ക്കണം. ബിൽ എത്രയാണെന്നു് അന്വേഷിപ്പിച്ചു് എഴുതിയാൽ ഞാൻ അയച്ചുതരാം. നിറം അതുപോലെ ആയിരിക്കരുതു്. ഇളം നീല എനിക്കു വളരെ ഇഷ്ടപ്പെട്ട നിറമാണു്. പക്ഷേ, അതു് രാധയുടെ സാരിപോലെ ആയിപ്പോകും. അതു കൊണ്ടു് റോസോ, ഇളംപച്ചയോ മതി. ഇതാ, നീല വാങ്ങരുതേ അതു് പ്രത്യേകിച്ചു സൂക്ഷിക്കണം. മദിരാശിയിൽ ആ മാതിരി സാരി കിട്ടുമെന്നു എനിക്കു് നല്ല തീർച്ചയുണ്ടു്. നീ എഴുതേണ്ട താമസമേയുള്ളൂ. അപ്പോൾ പണം അയയ്ക്കാം. പിന്നെ എനിക്കതു് പത്തു ദിവസത്തിനുള്ളിൽ കിട്ടണം. ഈ മാസം 17-നു ഇവിടെ ലേഡീസ് ക്ലബ്ബിന്റെ വക ഒരു നാടകമുണ്ടു്. ഇന്നു് അഞ്ചായില്ലേ? അതാണു് പത്തു ദിവസത്തിനുള്ളിൽ വേണമെന്നു പറഞ്ഞതു്.

ഞങ്ങളുടെ ലേഡീസ് ക്ലബ്ബിനെപ്പറ്റി നീ ഒന്നും അറിഞ്ഞിട്ടില്ലല്ലോ! ഇപ്പോൾ ക്ലബ്ബിൽ ഞാനുൾപ്പടെ നാല്പത്തെട്ടു മെമ്പർമാർ ഉണ്ടു്. പറയുന്നതിനിടയ്ക്കു്, ‘മെമ്പർ’ എന്ന പേരുമാറ്റേണ്ടിയിരുന്നു. ആണുങ്ങളുടെ പേരുപോലെയുണ്ടു്. ഞാൻ അതിനെപ്പറ്റി ഇന്നാളൊരു ദിവസം സിക്രട്ടെരിയോടു പറഞ്ഞു. വിശാലാക്ഷിഅമ്മയാണു് ‘സിക്രട്ടെരി’. അപ്പോൾ അവർ ‘മെമ്പർ’ പേരിനേക്കാൾ മോശമാണു് ‘സിക്രട്ടെരി’ എന്ന പേരെന്നു പറഞ്ഞു. ഈ സ്ഥാനങ്ങൾക്കൊക്കെ സ്ത്രീകൾക്കു പറ്റുന്നമാതിരി നല്ല ഭംഗിയുള്ള പേരുകൾ ആരും കണ്ടുപിടിക്കാത്തതു് വലിയ കഷ്ടംതന്നെ. കഴിഞ്ഞാഴ്ച ക്ലബ്ബുവകയായി ഒരു മഹിളാസമ്മേളനം ഉണ്ടായിരുന്നു. ‘ജനനനിയന്ത്രണത്തെപ്പറ്റി ഒരു തിരുവിതാംകൂറുകാരി കനകവല്ലിയമ്മ പ്രസംഗിച്ചു. അവർ ഇംഗ്ലണ്ടിൽപോയി ഡോക്ടർഭാഗം പാസ്സായി വന്ന ഒരു സ്ത്രീയാണു്. കണ്ടാൽ കാക്കക്കുറത്തിയെപ്പോലെയുണ്ടു്. മലയാളിസ്ത്രീകളൊക്കെ ഇങ്ങനെയാണെന്നു് ഇംഗ്ലണ്ടിലെ മദാമ്മമാർ വിചാരിച്ചിട്ടുണ്ടായിരിക്കും. അതിനെപ്പറ്റി ആലോചിക്കുമ്പോൾ എനിക്കു ലജ്ജയാകുന്നു. വാസ്തവത്തിൽ ഇങ്ങനെയുള്ള സ്ത്രീകളെ പുറരാജ്യങ്ങളിൽ അയയ്ക്കരുതു്. വെറുതെ നമ്മുടെ പേരു പറയിക്കുവാൻ ഒരു വിദ്യ. അവർ വളരെ ഉയർന്ന നിലയിൽ പരീക്ഷ പാസ്സായിട്ടുണ്ടെന്നു, ഞാൻ ഇതു് സ്വകാര്യമായി പറഞ്ഞപ്പോൾ, വിശാലാക്ഷിയമ്മ പറഞ്ഞു. ‘മദാമ്മമാർ നമ്മളെ പോലെയല്ല; അവർക്കു് ബുദ്ധിയാണു് കാര്യം: നിറമല്ല’ എന്നു പറഞ്ഞു. വിശാലാക്ഷിയമ്മ കറുത്തിട്ടാണു്; ഒന്നാംക്ലാസ്സായി ബി. എ. പാസ്സായിട്ടുമുണ്ടു്. അതുകൊണ്ടാണു് മദാമ്മമാരെപ്പറ്റി ഇങ്ങിനെയൊരു സർട്ടിഫിക്കറ്റു കൊടുത്തതു്. പക്ഷേ, ഞാൻ അതിനു് ‘അതെയോ? എന്നാൽ അതായിരിക്കും നല്ല ബുദ്ധിയുള്ള സ്ത്രീകളൊക്കെ മഹാവിരുപിണികളായിരിക്കുന്നതു്!’ എന്നു മാത്രം സമാധാനം പറഞ്ഞു. പിന്നെ പ്രസംഗം കഴിയുന്നതുവരെ വിശാലാക്ഷിയമ്മ എന്നോടു മിണ്ടീട്ടില്ല. എത്ര എളുപ്പത്തിലാണു് ചിലർക്കു് ദ്വേഷ്യം പിടിക്കുന്നതു്! അല്ലേ?

കനകവല്ലിയമ്മ ഒന്നര മണിക്കുറു പ്രസംഗിച്ചു. സ്വരൂപംപോലെ ശബ്ദവും: പുരുഷന്മാരുടെ ഒച്ചപോലെയുണ്ടു്. പക്ഷേ, അവരുടെ കാതിൽ രണ്ടു ഡ്രോപ്സ് തുക്കിയതു കണ്ടു. അതു് ഇളകിക്കൊണ്ടിരിക്കുമ്പോൾ കുറേശ്ശൂ നിറംമാറുന്നതുപോലെ തോന്നും. എന്തോ ഒരുതരം കല്ലാണെന്നു തോന്നുന്നു. ഞങ്ങൾ തമ്മിൽ മുമ്പു പരിചയം തീരെ ഇല്ലാതിരുന്നതുകൊണ്ടു് അടുത്തു വന്നിരുന്നു സംസാരിക്കുമ്പോൾ ഞാൻ സൂക്ഷിച്ചു നോക്കിയില്ല. സാരി വാങ്ങുമ്പോൾ അതുപോലെയുള്ള ഡ്രോപ്സ് ഉണ്ടോ എന്നുകൂടി അന്വേഷിച്ചാൽ നന്നായിരുന്നു. ഓർ എന്റ് സൺസിൽ തീർച്ചയായി കിട്ടുമെന്നാണു് തോന്നുന്നതു്. ജനനനിയന്ത്രണത്തെപ്പറ്റി അവർ എന്തൊക്കെയോ പറഞ്ഞു. എനിക്കു മുഴുവൻ മനസ്സിലായില്ല. പക്ഷേ, അവസാനം വോട്ടെടുത്തപ്പോൾ ഞാൻ വിശാലാക്ഷിയമ്മയുടെ കൂടെ കൈപൊന്തിച്ചു. സാധാരണ ഞാനതാണു് ചെയ്യാറു്. അല്ലെങ്കിൽ പിന്നീടു് അവർ മറ്റുള്ളവരുടെ കൂട്ടത്തിൽവെച്ചു ‘നിങ്ങളെന്താണു് എതിരായി വോട്ടുചെയ്തതു്? എന്തൊക്കെയാണു് നിങ്ങളുടെ ന്യായങ്ങൾ? എന്നൊക്കെ ചോദിച്ചു വാഗ്വാദത്തിനൊരുങ്ങും. എനിക്കു് അങ്ങനെ ഒരിക്കൽ പറ്റി. ഒരു ദിവസം അമേരിക്കയിൽ പോയി തിരിച്ചുവരുന്ന ഒരു സ്ത്രീ എന്തിനെപ്പറ്റിയോ സംസാരിക്കുകയായിരുന്നു. അവരുടെ കഴുത്തിൽ ഏതാണ്ടു് ഒരു ചെറിയ നെല്ലിക്കയോളം വലിപ്പമുള്ള മുത്തുകൾ കോർത്ത ഒരു വലിയ മൂന്നിഴമാലയുണ്ടായിരുന്നു. എന്റെ ഇഷ്ടത്തി, ഇലക്ട്രിക് വെളിച്ചത്തിൽ അതിന്റെ ഒരു ഭംഗി എഴുതി അറിയിച്ചുകൂടാ. അതു് ഇംഗ്ലണ്ടിൽനിന്നു വരുത്തിയതാണെന്നും ആയിരത്തി ഇരുന്നൂറുറുപ്പിക വിലപിടിച്ചതാണെന്നും വിശാലാക്ഷിയമ്മ പറഞ്ഞു. വില കുറെ കൂട്ടിപ്പറഞ്ഞതാണെന്നു് എനിക്കു തോന്നി. ഏതായാലും ഞാൻ അതിന്റെ ഭംഗിയിൽ ലയിച്ചു് അതുതന്നെ നോക്കിക്കൊണ്ടിരുന്നു. ഒടുക്കം എന്തിനെപ്പറ്റിയോ ഒരു വോട്ടെടുത്തു. എതിരായി വല്ലവരുമുണ്ടെങ്കിൽ കൈ പൊക്കിയാൽ മതി എന്നു് അധ്യക്ഷ പറഞ്ഞു. ഞാൻ ഒന്നും ആലോചിക്കാതെ കൈ പൊക്കി. നാലു പുറവും നോക്കിയപ്പോൾ ഞാൻ മാത്രമേ കൈ പൊക്കീട്ടുള്ളു. കുറെപേർ ചിരിച്ചു. വിശാലാക്ഷിയമ്മയ്ക്കു വളരെ ദ്വേഷ്യംവന്നു. ‘നിങ്ങൾ ഇങ്ങനെയാണെങ്കിൽ ക്ലബ്ബിന്റെ മാനംകെടുക്കും!’ എന്നു മറ്റും പറഞ്ഞു. പ്രമേയം എന്താണെന്നു് അവരോടു ചോദിച്ചപ്പോൾ, അവർ കേൾക്കാത്ത ഭാവം നടിച്ചിരുന്നു. എന്റെ സ്വകാര്യാഭിപ്രായം, ആ സമയത്തു് മറ്റൊരാൾക്കു് പറഞ്ഞുകൊടുക്കുവാൻതക്കരീതിയിൽ അവർക്കു മനസ്സിലായിട്ടില്ലെന്നാണു്. അതു് എങ്ങനെയായാലും പ്രമേയം സ്ത്രീകൾക്കു് എല്ലാ സംഗതിയിലും പുരുഷന്മാരെപ്പോലെ സ്വാതന്ത്യം കിട്ടണമെന്നു നിശ്ചയിച്ചുകൊണ്ടുള്ളതാണെന്നു ഞാൻ പിന്നീടു വർത്തമാനക്കടലാസ്സുകളിലെ റിപ്പോർട്ടിൽനിന്നറിഞ്ഞു. എനിക്കു് വളരെ വ്യസനമായിപ്പോയി. അതിനു ശേഷമാണു് ഞാൻ വിശാലാക്ഷിയമ്മ വോട്ടുചെയ്യുംപോലെ ചെയ്വാൻ തീർച്ചപ്പെടുത്തിയതു്. അവർ കാര്യം കണ്ടല്ലാതെ വോട്ടു ചെയ്യുകയില്ല. ഏതു നിലയിലും അവരുടെ പിന്നീടുള്ള ശകാരം കേൾക്കാതെയും വാദപത്രിവാദത്തിനു നില്ക്കാതെയും കഴിയുമല്ലോ എന്നാണു് എന്റെ സമാധാനം.

നീ പാറുക്കുട്ടിയുടെ വർത്തമാനം ഒന്നും അറിഞ്ഞിട്ടില്ലല്ലോ! അവളുടെ സംബന്ധക്കാര്യംകൊണ്ടു് വലിയ കുഴപ്പമായിരിക്കുന്നു. അവൾക്കു് ഇൻഫ്ളുവെൻസ പിടിച്ചപ്പോൾ ചികിത്സിച്ച ഡോക്ടർ ഗോപാലമേനോനെ വിവാഹം ചെയ്യണമെന്നാണത്രേ മനസ്സിലുള്ളതു്. അവളുടെ അച്ഛനും അമ്മയ്ക്കും ആദ്യം ഇക്കാര്യം ഗോപാലമേനോന്റെ വീട്ടുകാർ അന്വേഷിച്ചപ്പോൾ സമ്മതമായിരുന്നു. പക്ഷേ, അക്കാലത്തു് അവളുടെ മുമ്പാകെവെച്ചു് ആരെങ്കിലും ഡോക്ടർ മേനോനെപ്പറ്റി പറഞ്ഞാൽ അവൾ അയാളുടെ ദോഷങ്ങൾ എണ്ണിത്തുടങ്ങും. ഞാൻ തന്നെ അതിനൊരു സാക്ഷിയാണു്. ഒരു ദിവസം ഞങ്ങളെല്ലാംകൂടി ഇരിക്കുമ്പോൾ ആരോ അയാളെക്കുറിച്ചു ‘ഗോപാലമേനോൻ നല്ല സ്വഭാവവും പ്രാപ്തിയുമുള്ള ഡോക്ടരാണെ’ന്നു പറഞ്ഞു. പാറുക്കുട്ടിക്കു് അതു തീരെ രസിച്ചില്ല. ‘എന്താണു് നിങ്ങൾ ഇത്രയൊക്കെ ഗുണം കണ്ടതു്? അയാൾ രോഗികളോടു സംസാരിക്കുവാൻ പഠിച്ചിട്ടുവരണം. എന്റെ ആയുസ്സിന്റെ നീളംകൊണ്ടു് ഞാൻ ജീവിച്ചുപോന്നതാണു്. എനിക്കു് സുഖക്കേടു മാറിയതിലല്ല അധികം സന്തോഷം: അയാൾ എനി വീട്ടിൽ ആ പേരും പറഞ്ഞു് കയറിവരികയില്ലല്ലോ എന്നു വിചാരിച്ചാണു്. നാവെടുത്താൽ വിഡ്ഢിത്തമേ പറയു.’ എന്നൊക്കെ അവൾ അരമണിക്കുറുനേരം പ്രസംഗിച്ചു. ഈ വിവരമൊക്കെ അവളുടെ അച്ഛനും അമ്മയും അറിഞ്ഞു. ‘നിങ്ങളെന്തിനാണു് ആ കുട്ടിയുടെ ജീവകാലം കെടുക്കുന്നതു്? അവൾക്കു് അയാളെ അത്തവും ചതുർഥിയും കാണുമ്പോലെയാണു്!’ എന്നു് അവളുടെ അമ്മയോടു ഞാനാണു് പറഞ്ഞതു്. എങ്ങനെയോ (പത്മാവതിയുടെ ഭർത്താവു മുഖേനയാണെന്നു തോന്നുന്നു) ഈ വിവരം ഡോക്ടർ മേനോനും അറിഞ്ഞു. അദ്ദേഹത്തിനു വേറെ ഒന്നു രണ്ടു ദിക്കിൽ ആലോചന നടക്കുന്നുണ്ടായിരുന്നു. അവയിലൊന്നിനു് അയാൾ സമ്മതിക്കുകയും ചെയ്തു. ഇപ്പോൾ പാറുക്കുട്ടി എല്ലാവരോടും മുഷിഞ്ഞു് കൂട്ടത്തിൽകുടാതെ നടക്കുകയാണു്. അവൾക്കു സംബന്ധമേ വേണ്ടെന്നാണു് പറയുന്നതു്. ഇതൊക്കെ അവനവൻതന്നെ വലിച്ചിടുന്ന അനർഥമല്ലേ? എനിക്കു് അവളെപ്പറ്റി ഒരു വ്യസനവും തോന്നുന്നില്ല. മനസ്സിൽ ഒന്നുവെച്ചു വേറൊന്നു പറയുന്നവർക്കു് അതു പറ്റണം. അവൾക്കു് അയാളുടെനേരെ സ്നേഹമുണ്ടെന്നു പറയാൻ ഇത്ര ലജ്ജയുണ്ടെങ്കിൽ, മറ്റേ അറ്റത്തു പോയി ദുഷിക്കേണ്ടുന്ന ആവശ്യം എന്തായിരുന്നു? പക്ഷേ, എനിക്കു് എല്ലാറ്റിലും അദ്ഭുതം ആ ഡോക്ടരെപ്പറ്റിയാണു്. അവളുടെ മനഃസ്ഥിതി ഇത്രയധികം ദിവസം ചികിത്സിച്ചിട്ടും ആ വിഡ്ഢിക്കു് അറിയാൻ കഴിഞ്ഞില്ലെങ്കിൽ അയാൾ എങ്ങനെയാണു് ഈ പരീക്ഷയൊക്കെ പാസ്സായതു്? വാസ്തവത്തിൽ എനിക്കു് അതിനെപ്പറ്റി ആദ്യമേ ശങ്കയുണ്ടായിരുന്നു. പക്ഷേ, എന്നോടു പാറുക്കുട്ടി സത്യം തുറന്നു പറയാത്തതുകൊണ്ടു് അറിഞ്ഞതായി ഞാനും നടിച്ചില്ല. ആരെയെങ്കിലും ഒരാളെ ഒരു പെണ്ണു് വിശ്വസിക്കണ്ടേ?

ഞാൻ വളരെയധികം എഴുതിപ്പോയെന്നു തോന്നുന്നു. ഇതാണു് കൂടക്കൂടെ കത്തയയ്ക്കാഞ്ഞാലുള്ള തരക്കേടു്. എഴുതുമ്പോൾ വളരെയധികം എഴുതുവാനുണ്ടാകും. ശാരദയോടും, സരോജിനിയോടും, ശാന്തയോടും എന്റെ അന്വേഷണം പറയണേ. ഒരു മറുപടിയും അയയ്ക്കണം.

എന്നു്, പ്രിയപ്പെട്ട ജാനുവിനു്, സ്വന്തം കമലാ.

P.S.

സാരിയുടെ കാര്യം മറക്കരുതു്. എന്തു നിറമായാലും നീല പാടില്ല. വേറെ നല്ല നിറമില്ലെങ്കിൽ വെള്ള മതി. പക്ഷേ, മടച്ചൽ പോലെയുള്ള വരകൾ കൂടാതെകഴിയുകയില്ല. അതാണു് പ്രധാനം.

സ്വന്തം, കമലം.

P.P.S.

ഡ്രോപ്സ് ഏതു മാതിരിയായാലും തരക്കേടില്ല, മുക്കാൽ ഇഞ്ചു് നീളം വേണം. കഴിയുന്നേടത്തോളം ഞാൻ പറഞ്ഞമാതിരിയുള്ളവ കിട്ടാൻ ശ്രമിക്കുമല്ലോ.

കമലം.

ജാനുവിന്റെ ബാലേട്ടൻ ഈസ്റ്ററിനു നാട്ടിലേക്കു വരുന്നുണ്ടോ? ഞാൻ വെറുതെ ചോദിക്കുകയാണു്. ഇന്നാളൊരു ദിവസം ആരോ അച്ഛനോടു് അന്വേഷിക്കുന്നതു കേട്ടു. അതുകൊണ്ടു് ചോദിച്ചതാണു്. മറുപടിക്കു കാക്കുന്നു. എല്ലാ വിവരങ്ങളെക്കുറിച്ചും എഴുതുമല്ലോ.

ഈ എഴുത്തിലുള്ള യാതൊരു വിവരവും ആരോടും പറയരുതു്. വായിച്ച ഉടനെ നശിപ്പിക്കുകയും വേണം.

18-3-36

സഞ്ജയന്റെ ലഘുജീവചരിത്രം

Colophon

Title: Kamalathinte kathu (ml: കമലത്തിന്റെ കത്തു്).

Author(s): Sanjayan.

First publication details: Sayahna Foundation; Trivandrum, Kerala; 2022-05-28.

Deafult language: ml, Malayalam.

Keywords: Article, Sanjayan, Kamalathinte kathu, സഞ്ജയൻ, കമലത്തിന്റെ കത്തു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 27, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Woman writing a letter, a painting by Gerard ter Borch (1617–1681). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.