images/CromwellDissolvingLongParliament.jpg
Cromwell dissolving the Long Parliament, a painting by Andrew Carrick Gow (1848–1920).
മീഞ്ചന്തസ്സഭ
സഞ്ജയൻ

ഗണ്യമായ ചില പരിഷ്കാരങ്ങൾ അടിയന്തിരമായി വരുത്താത്ത പക്ഷം ബഹുമാനപ്പെട്ട പാറപ്പുറത്തു സഞ്ജയൻ അവർകൾ ചങ്ങലം പരണ്ട പാർലിമെണ്ടിലുള്ള തന്റെ പ്രതിനിധിസ്ഥാനം മാർക്കറ്റിന്നടുത്തുവെച്ചു ലേലം ചെയ്തു വിറ്റു കിട്ടിയ പൈസയും കൊണ്ടു വണ്ടികയറുമെന്നാണു് എനിക്കു തോന്നുന്നതു്. സഞ്ജയന്നു് അത്ര വലിയ മനംമടുപ്പാണു് പ്രസ്തുത പാർലിമെണ്ടിനെക്കുറിച്ചു് ഉണ്ടായിരിക്കുന്നതു്. ഇതു് ഈശ്വരൻ സാക്ഷിയായി പറയുന്നതുമാണു്. ഈ തീർപ്പിനെ ഭേദപ്പെടുത്തുവാൻ നിങ്ങൾ വല്ല നിവേദനപത്രങ്ങളും സഞ്ജയന്നയയ്ക്കുകയോ, കാര്യം മധ്യസ്ഥമായിത്തീർക്കുവാൻ സപ്രു-ജയക്കർമധ്യസ്ഥക്കമ്പനി ലിമിറ്റഡിന്റെ പ്രതിനിധികളെ വിടുകയോ ചെയ്യുവാൻ പാടില്ലെന്നും സഞ്ജയൻ കാലേക്കൂട്ടി അറിയിച്ചുകൊള്ളുന്നു.

⋄ ⋄ ⋄

“എന്താണു് ചങ്ങലംപരണ്ട പാർലിമെണ്ടിന്നു ദോഷം?” എന്നു നിങ്ങൾ ഇങ്ങോട്ടു ചോദിക്കുന്നതിന്നു മുമ്പു് “എന്താണു് ചങ്ങലംപരണ്ട പാർലിമെണ്ടിന്റെ ഗുണം?” എന്നു് ഞാൻ അങ്ങോട്ടു ചോദിച്ചുകൊള്ളട്ടെ. സഞ്ജയൻ പഠിച്ച സ്ക്കൂളിലെ “ഡിബൈയ്റ്റിങ് സൊസൈറ്റി” ഇതിലും എത്രയോ അധികം ഗൗരവത്തോടും അന്തസ്സോടും അവസ്ഥയോടും കൂടിയാണു് ഞങ്ങൾ നടത്തിയിരുന്നതെന്നു് പറഞ്ഞാൽ പിന്നെ അതിനെക്കുറിച്ചു് അധികം പറയുവാനുണ്ടോ? ഞങ്ങളുടെ പാർലിമെണ്ടുപോലെ ഒരു പാർലിമെണ്ടു് ഈരേഴുപതിന്നാലു ലോകങ്ങളിലുമില്ല. ലോകം മുന്നോട്ടാണു് പോവുന്നതെങ്കിൽ, എനി ഉണ്ടാവുകയുമില്ല. ആദ്യന്തം ഗോഷ്ടിമയം.

⋄ ⋄ ⋄

സർ, ഒരുവിധം നിവൃത്തിയുണ്ടെങ്കിൽ സഞ്ജയൻ സ്വദേശമായ ചങ്ങലംപരണ്ടയിലെ ഒരു മഹാപ്രസ്ഥാനത്തെക്കുറിച്ചു് ഇങ്ങിനെയൊരു “കണ്ടമ്നേഷൻ” പാസ്സാക്കുമോ? നിങ്ങൾക്കു് അതു മാത്രം ആലോചിച്ചാൽ മതിയല്ലോ! അവിടെ മറ്റു ഭരണസഭകളിൽ നടക്കുന്നതുപോലെ ചോദ്യം ചോദിക്കലും, ഉത്തരം പറയലും, പ്രമേയം അവതരിപ്പിക്കലും, ഭാഷണങ്ങൾ ചെയ്യലും, പിന്താങ്ങലും, എതിർക്കലും ഭേദഗതി പാസ്സാക്കലും, വോട്ടെടുക്കലും, അംഗീകരിക്കലും, തള്ളലും, അവിശ്വാസ പ്രമേയം ഹാജരാക്കലും ഒക്കെ നടക്കുന്നുണ്ടു്. പക്ഷേ, എന്തു ചോദ്യങ്ങളാണു്! എന്തു് ഉത്തരങ്ങളാണു്! എന്തു പ്രമേയങ്ങളാണു്! എന്തു ഭാഷണങ്ങളാണു്!

⋄ ⋄ ⋄

ഒരു ദിവസം ജർമ്മനിയിലെ അടുത്ത ചാൻസലരായി ഒരു ചങ്ങലം പരണ്ടീയനെ നിയമിക്കേണമെന്നു് ഒരു മെമ്പർ ഒരു പ്രമേയം അവതരിപ്പിച്ചു. ചങ്ങലംപരണ്ടീയനെന്നു പറഞ്ഞാപ്പോരാ, ഒരു റെഡ്ഡിയെത്തന്നെ നിയമിക്കേണമെന്നു് മി. കാട്ടിറെഡ്ഡി പറഞ്ഞു. ഒരു മുതലിയാരെ നിയമിക്കേണമെന്നു് ഒരു മുതലിയാർ; നായർ വേണമെന്നു് നായർ; മുസ്ലീമാണു് വേണ്ടതെന്നു് മുസ്ലീം. വാക്കായി; വാക്കേറ്റമായി; ദൈവകൃപ കൊണ്ടു് അടിയില്ലാതെ കഴിഞ്ഞു. ഒടുക്കം അനവധി ദുർഭാഷണവും, ശകാരവും, ഭർസനവും കഴിഞ്ഞശേഷം, ഏതെങ്കിലും ഒരു ചങ്ങലംപരണ്ടീയൻ മതി എന്നുള്ള ആദ്യപ്രമേയം സ്ഥിരപ്പെട്ടു. അതിന്റെ ഒരു കോപ്പി ഹെർ ഹിറ്റ്ലർക്കു് അയച്ചുകൊടുത്തു. ഹെർ ഹിറ്റ്ലർ ജനിച്ചതിന്നുശേഷം അന്നൊരു ദിവസം മാത്രമേ ചിരിച്ചിട്ടുള്ളുവത്രേ.

⋄ ⋄ ⋄

പ്രമേയങ്ങൾ അങ്ങിനെ. അവിടെവെച്ചു ചോദിക്കപ്പെടുന്ന ചോദ്യങ്ങളോ? ഷഡംഗകഷായത്തിന്റെ യോഗം പറയുന്ന പ്രമാണത്തിൽ, “ശീതം തേഭ്യോ ഹിതം തോയം” എന്ന വരിയിലെ “തേഭ്യോ” എന്ന പദം ആരെ ഉദ്ദേശിച്ചു് എഴുതിയതാണെന്നു ബഹുഃ ആരോഗ്യമെമ്പർ പറയുമോ? തീവണ്ടികളിൽ പാട്ടുപാടി ഭിക്ഷ യാചിക്കുന്നവർക്കു് ഓരോ ഫിഡിലും മൃദംഗവും സപ്ലൈ ചെയ്വാൻ ഗവർമ്മേണ്ടു് ആലോചിച്ചിട്ടുണ്ടോ? ബ്രിട്ടീഷ് പ്രധാനമന്ത്രി ഖദർ ഉടുക്കുന്നതായാൽ കോൺഗ്രസ്സുകാർ മന്ത്രിപദം സ്വീകരിക്കുമോ? ഇക്കാര്യം തീർച്ചപ്പെടുത്തുവാൻ ഈ പാർലിമെണ്ടിന്റെ ഒരു കമ്മിറ്റിയെ നിശ്ചയിക്കുമോ? ഈ പാർലിമെണ്ടിന്റെ യോഗം നടക്കുമ്പോൾ അറബിക്കടൽ ഒരു ബഹുമാനമില്ലാതെ ശബ്ദിച്ചു കൊണ്ടിരിക്കുന്നതു നിർത്തൽചെയ്വാൻ ഗവർമ്മേണ്ട് എന്തെങ്കിലും ചെയ്വാൻ വിചാരിച്ചിട്ടുണ്ടോ? ശീലവതിയുടെ പാതിവ്രത്യം കുറച്ചു് ജാസ്തിയായിപ്പോയെന്നു ബഹുമാനപ്പെട്ട നിയമമെമ്പർക്കു സ്വകാര്യാഭിപ്രായമുണ്ടോ? കഷണ്ടിക്കു് മരുന്നുണ്ടോ? നീലക്കൊടുവേലി മരുത്വാൻ മലയിലുണ്ടെന്നു് ഒരു കിംവദന്തി കേൾക്കുന്നതു വാസ്തവമാണോ?

⋄ ⋄ ⋄

ഇതാ—കഴിഞ്ഞ കൊല്ലത്തിൽ ചോദിക്കപ്പെട്ട ചില ചോദ്യങ്ങളുടെ സാമ്പിളുകളാണു് മേലെ ചേർത്തിരിക്കുന്നതു്. ഇവയ്ക്കു നൽകപ്പെട്ട ഉത്തരങ്ങൾ എന്തായിരുന്നുവെന്നോ, അവയ്ക്കു് വല്ല ഉത്തരവും പറയപ്പെട്ടുവോ എന്നോ ചോദിച്ചവർക്കാകട്ടെ, പറയാൻ ബാധ്യതപ്പെട്ടവർക്കാകട്ടെ, ഓർമ്മയില്ല. സഞ്ജയന്നു് ഇതെല്ലാം കേട്ടു കേട്ടു് സഹിക്കാതായിത്തീർന്നിരിക്കുന്നു. ഈ ചോദ്യങ്ങൾ ചോദിക്കുവാനും, ഇവയ്ക്കു് ഉത്തരം പറയുവാനുമായി സൂട്ടും, തലപ്പാവും ധരിച്ചു്, രണ്ടാംക്ലാസുവണ്ടിയിൽ അങ്ങോട്ടു മിങ്ങോട്ടും ബഹുഗൌരവത്തിൽ യാത്രചെയ്യുന്ന ഞങ്ങളുടെ പാർലിമെണ്ടുമെമ്പർമാരെ കണ്ടാൽ നിങ്ങൾ പെട്ടെന്നു പൊട്ടിച്ചിരിക്കരുതേ! അവരിൽ പലർക്കും ചിരി കേട്ടുകൂട. ബഹു ദേഷ്യമാണു്. ആരെങ്കിലും ചിരിച്ചുപോയെങ്കിൽ അവരെ ഭസ്മമാക്കിക്കളയുംപോലും

⋄ ⋄ ⋄

മദിരാശി കൌൺസിലിലും മലബാർ ഡിസ്ട്രിക്ട് ബോർഡിലും ഓരോ അവിശ്വാസപ്രമേയം പാസ്സാക്കിയെന്നു കേട്ടപ്പോൾ തങ്ങൾക്കും അങ്ങിനെയൊന്നു വേണമെന്നു സി. പി. പാർലിമെണ്ടുകാർ തീർച്ചപ്പെടുത്തി. പക്ഷേ, ആരുടെ പേരിലാണു് വിശ്വാസമില്ലാത്തതെന്നു് അവർക്കുതന്നെ തീർച്ചപ്പെടുത്തുവാൻ കഴിഞ്ഞില്ല. പലരേയും നോക്കിയതിൽ ആരും തരപ്പെട്ടില്ല. ഒടുക്കം ചങ്ങലംപരണ്ട അംശം മേനവന്നു് നൂറുറുപ്പിക കൊടുത്തു് അയാളുടെ പേരിൽ അവിശ്വാസപ്രമേയം ഹാജരാക്കുവാൻ സമ്മതം വാങ്ങി. ഭാഷണങ്ങൾ പൊടിപൊടിച്ചു. ഒരു ശരാശരി (ഏവറേജ്) ചങ്ങലംപരണ്ടീയനെക്കാൾ മേനവൻ നാലിരട്ടി തടിയുണ്ടെന്നും, അതു സോവിയറ്റുറഷ്യയിൽ സമ്മതിക്കപ്പെടുന്നതല്ലെന്നും, ഇദ്ദേഹം മറ്റുള്ളവരെക്കാൾ അധികം ബൃംഹണാഹാരങ്ങൾ കഴിക്കുന്നുണ്ടെന്നു് അതുകൊണ്ടു തിർച്ചപ്പെടുത്താമെന്നും, നികുതിപ്പിരിവിന്നു പോകുമ്പോൾ ഇദ്ദേഹം കുട തുറന്നുപിടിക്കുന്നതു് സ്വന്തം ആവശ്യത്തിന്നാണെന്നും മറ്റും ഒരു ഭാഗത്തുനിന്നു് വാദിച്ചു. ഇതൊക്കെ കളവാണെന്നും, മേനവൻ മഹായോഗ്യനാണെന്നും, അദ്ദേഹം ഹരിശ്ചന്ദ്രന്റെ പുനർജന്മമാണെന്നും, ഈ പ്രമേയത്തിന്നനുകൂലമായി വോട്ടുചെയ്തവർ കുത്തനെ നരകത്തിലിറങ്ങിപ്പോകേണ്ടിവരുമെന്നും, മറുകക്ഷി വാദിച്ചു. പ്രമേയം വോട്ടിന്നിട്ടു. അമ്പത്തൊമ്പതു പേർ അനുകൂലമായും അറുപത്തൊന്നു പേർ പ്രതികൂലമായും വോട്ടുചെയ്കയാൽ പ്രമേയം തള്ളപ്പെട്ടു. മേനവന്റെ കീർത്തി മുമ്പത്തെപ്പോലെ അകളങ്കിതയായി പ്രകാശിച്ചു. ഈ പ്രമേയത്തെക്കുറിച്ചുള്ള വാഗ്വാദങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ സംസാരിക്കുന്നവരൊഴിച്ചു ബാക്കിയെല്ലാവരും കസാലകളിൽ ചാരിക്കിടന്നു് കൂർക്കം വലിക്കുകയായിരുന്നു. സർ പില്ലാന്തൊടി രാമവർമ്മ രാജാവവർകളെ വോട്ടെടുപ്പു സമയത്തു് ആരോ വിളിച്ചുണർത്തിയതിനാൽ അദ്ദേഹം കലശലായ ശൂണ്ഠിയെടുത്തു് പാർലിമെന്റുഹാളിൽനിന്നു പ്രതിഷേധസൂചകമായി പുറത്തുവന്നു് വരാന്തയിലിട്ടിരുന്ന ഒരു ബെഞ്ചിന്മേൽ കിടന്നുറങ്ങി.

⋄ ⋄ ⋄

ഈ മീഞ്ചന്തസ്സഭയിൽ എങ്ങനെയാണു് സഞ്ജയൻ മെമ്പറായിരിക്കുക? ഇതൊക്കെക്കൊണ്ടാണു് സഞ്ജയൻ രാജിവെച്ചൊഴിയുവാൻ പോകന്നു എന്നു് പറഞ്ഞതു്. അവിടെവെച്ചു് ഇതുവരെ നടത്തിയ ഭാഷണങ്ങളെല്ലാം ഒരു കഷായക്കലത്തിലിട്ടു് കുറുക്കിയാൽ കലംമാത്രം ശേഷിക്കും. ആരെല്ലാമാണു് ഞങ്ങളുടെ പാർലിമെണ്ടിലുള്ളതു്! “ഉണ്ണാറായോ എന്നു ചോദിക്കുവാനല്ലാതെ ജനിച്ചതിന്നുശേഷം വായ തുറന്നു് ഉരിയാടാത്തവരുണ്ടു്; മത്സ്യങ്ങളെപ്പോലെ കണ്ണുതുറന്നുകൊണ്ടു് ഉറങ്ങുവാൻ അഭ്യസിച്ച മഹാവീരന്മാരുണ്ടു്; ചങ്ങലംപരണ്ടയുടെ നാലതിരുകൾ ഏതൊക്കെയാണെന്നു് ചോദിച്ചാൽ ആകാശംനോക്കി മിഴിക്കുന്നവരുണ്ടു്; ലോകത്തിൽ യാതൊന്നിനെപ്പറ്റിയും യാതൊരു വിവരവുമില്ലാത്ത മഹാജ്ഞാനികളുണ്ടു്; ബത്തവാങ്ങുന്നതു് അവതാരോദ്ദേശമായി കരുതിയ മഹാത്മാക്കളുണ്ടു്;” ഈ സിദ്ധസംഘത്തിന്റെ ഇടയിൽ (സഞ്ജയനെപ്പോലെയുള്ള) അഞ്ചോ ആറോ കൊള്ളാവുന്നവരുമുണ്ടു്. പക്ഷേ, ഞങ്ങളെന്തു ചെയ്യും? ഇതു് അങ്ങനെ തുടരുകയാണെങ്കിൽ രാജിവെച്ചൊഴിയാതെ ഞങ്ങളെന്തു ചെയ്യും?

⋄ ⋄ ⋄

മഹാ അബദ്ധം, സാറേ, മഹാ, അബദ്ധം. ഇതൊന്നും പറഞ്ഞാൽ അവരിൽ ചിലർക്കു പിടിയ്ക്കുകയില്ല. അവർക്കു് ഞങ്ങളൊക്കെ പറയുന്നതിനെക്കുറിച്ചു് ബഹു ‘കൺടെംപ്ടാ’ണുപോലും! ചങ്ങലംപരണ്ടയിലെ ചിരി അടുത്ത സംസ്ഥാനത്തിൽ എത്തിയിട്ടില്ലെങ്കിലും, അടുത്ത തലമുറയിൽ ഇറങ്ങിയേയ്ക്കുമെന്ന കഥ അവരറിഞ്ഞിട്ടില്ല: അറിഞ്ഞിട്ടുണ്ടായിരുന്നുവെങ്കിൽ അവർക്കു ഇത്ര ‘കൺടെപ്ട്’ ഉണ്ടാവുകയില്ല. എനി, മറുനാട്ടുകാർക്കു മനസ്സിലാകുന്ന വല്ല ഭാഷയിലും സഞ്ജയന്നു് എഴുതിക്കൂടെന്നു് നിയമമൊന്നുമില്ലല്ലോ! പക്ഷേ, ചങ്ങലംപരണ്ടയിലെ തകരാറുകൾ മറ്റുള്ളവരും അറിയണോ? എന്നു് വിചാരിച്ചാണു് സഞ്ജയൻ സായ്പന്മാരും മറ്റും കാണുന്ന ദിക്കിൽ ഇതു് എഴുതിത്തൂക്കാത്തതു്, എന്നും ഈ അവസരത്തിൽത്തന്നെ പറഞ്ഞാലെന്തു്? അങ്ങാരും പേടിച്ചു സ്വീകരിക്കാതിരിക്കുമെന്നു് കരുതീട്ടും മറ്റുമല്ല.

24-4-’35

സഞ്ജയന്റെ ലഘുജീവചരിത്രം

Colophon

Title: Meenchanthasabha (ml: മീഞ്ചന്തസ്സഭ).

Author(s): Sanjayan.

First publication details: Sayahna Foundation; Trivandrum, Kerala; 2022-05-06.

Deafult language: ml, Malayalam.

Keywords: Article, Sanjayan, Meenchanthasabha, സഞ്ജയൻ, മീഞ്ചന്തസ്സഭ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Cromwell dissolving the Long Parliament, a painting by Andrew Carrick Gow (1848–1920). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.