images/book.jpg
The Bookworm’s Table, a painting by Claude Raguet Hirst (1855–1942).
പാഠപുസ്തകം
സഞ്ജയൻ

ഞാനൊരു കാര്യം പറഞ്ഞാൽ പുറമെ ആരോടും പറയാതെ സൂക്ഷിയ്ക്കാമോ? ഈയിടെ ഒരാൾക്കു പറ്റിയതുപോലെ പറ്റരുതെന്നു വിചാരിച്ചു ചോദിയ്ക്കുകയാണു്. ഒരാൾ ഒരു പാഠപുസ്തകമെഴുതി. ടെക്സ്റ്റ് ബുക്കുകമ്മിറ്റി അച്ചടിച്ചതൊക്കെ സ്വീകരിക്കുമെന്നു കേട്ടിട്ടു്, അവരോടു് ഒരക്ഷരംപോലും മിണ്ടാതെ “ടെക്സ്റ്റ്ബുക്കുകമ്മിറ്റി സ്വീകരിച്ചതു്” എന്നു പുറംകവറിന്മേൽ അടിച്ചുവിട്ടു. എന്തായാലും അത്ര വയ്യെന്നു കമ്മിറ്റിക്കാരും തീർച്ചപ്പെടുത്തീട്ടോ, എന്തോ, പുസ്തകം സ്വീകരിച്ചില്ല. ഒടുക്കം പുസ്തകങ്ങൾ എന്തുചെയ്തു എന്നറിഞ്ഞില്ല. അതുപോലെ ഒരബദ്ധത്തിൽ സഞ്ജയനും ചാടരുതെന്നു് കരുതിയാണു് ഈ “പ്രിക്കോഷനൊക്കെ” എടുക്കുന്നതു്.

ഞാൻ ഒരു പാഠപുസ്തകമെഴുതീട്ടുണ്ടു്. കമ്മിറ്റിക്കാർ സ്വീകരിയ്ക്കുമെന്നാണു് എന്റെ താഴ്മയായ അഭിപ്രായം. സ്വീകരിച്ചില്ലെങ്കിൽ വേണ്ട… പക്ഷേ, അതു ഞാൻ പറയുന്നതു് ഒരു വകയാണെങ്കിലും, പുസ്തകം ഒന്നാംതരമാണു്. ശിശുക്ലാസ് മുതൽക്കു ബി. എ. ക്ലാസുവരെ ഏതു ക്ലാസിലും ഉപയോഗിക്കാമെന്നുള്ളതാണു് അതിന്റെ ഒരു മെച്ചം. പരിഷ്കാരമുള്ള സ്ത്രീകൾക്കും, അതില്ലാത്ത പെണ്ണുങ്ങൾക്കും, ഈ പുസ്തകം ഉപയോഗിയ്ക്കാം. മലമ്പനി മുതലായ രോഗങ്ങൾ പിടിച്ചു അനങ്ങാൻ കഴിയാതെ കിടക്കുന്നവർകൂടി ഇതു വായിച്ച ഉടനെ, വടിയുമെടുത്തു ഗ്രന്ഥകർത്താവിനെ അന്വേഷിച്ചു നടന്നുതുടങ്ങും. രാജാക്കന്മാരുടെയും, പതിനായിരത്തിലധികം നികുതി ജമക്കാരുടേയും കയ്യിൽനിന്നു കിട്ടിയ മെഡലുകൾക്കും മറ്റും, കയ്യും കണക്കുമില്ല. ഈശ്വരൻ ഉണ്ടെന്നും ഇല്ലെന്നും ഇതിൽ പറഞ്ഞിട്ടില്ലാത്തതുകൊണ്ടു, വാഗ്ഭടാനന്ദഗുരുദേവർക്കും സർദാർ കുഞ്ഞിരാമൻനായരവർകൾക്കും ഇതു ക്ഷോഭമില്ലാതെ വായിക്കാം. ഞാൻ പറയുന്നതു് അതിശയോക്തിയാണെന്നു തോന്നുന്നുവെങ്കിൽ, വർത്തമാനപത്രങ്ങളും വലിയ ആളുകളും പറയുന്നതു നോക്കുവിൻ!

“തന്റെ പുസ്തകം കിട്ടി. താൻ ജർമ്മനിയിൽ കടക്കുവാൻ പാടില്ല.”

ഹെർ ഹിറ്റ്ലർ

“പുസ്തകം തർജ്ജമചെയ്തുകേട്ടു. എഴുതുവാനറിയുന്ന രോഗികളെക്കൊണ്ടു് ഇങ്ങനെ ഓരോന്നെഴുതിയ്ക്കുന്നതു വളരെ നല്ലതാണെന്നു ഞാൻ ചിത്തരോഗാസ്പത്രികളിലെ സുപ്രഡെണ്ടുമാരെ അറിയിച്ചിട്ടുണ്ടു്. നിങ്ങളെ ഡിസ്ചാർജ്ജു ചെയ്താൽ ഇറ്റലിയിൽ വന്നു താമസിയ്ക്കണം.”

മുസ്സോളിനി

“ഇയാൾ ബോൾഷെവിസ്റ്റാണെന്നു പുസ്തകത്തിന്റെ ഏതു ഭാഗവും വിളിച്ചുപറയുന്നുണ്ടു്.”

വിൻസ്റ്റൺ ചർച്ചിൽ

“മി: ചർച്ചിലിന്റെ ഏജന്റിനുമാത്രമേ ഇത്തരം പുസ്തകങ്ങൾ എഴുതുവാൻ കഴിയുകയുള്ളൂ.”

എസ്സ്. സത്യമൂർത്തി

“ബുസ്തകം പരിസോദിച്ചതിൽ മുഷുമൻ അബദ്ദം.”

ഒരു ചെയർമാൻ

“പുസ്തകത്തെപ്പറ്റി പറയുവാൻ ഞങ്ങൾക്കു വാക്കുകിട്ടുന്നില്ല.”

മലയാളപത്രിക

“ഈ പാഠപുസ്തകത്തെപ്പറ്റിയുള്ള ഞങ്ങളുടെ അഭിപ്രായം ആരുമില്ലാത്തേടത്തുവെച്ചു ഗ്രന്ഥകർത്താവോടു മുഖദാവിൽ പറയുന്നതായിരിയ്ക്കും ഭേദം.”

കേരളകാഹളം

ഇനിയും വളരെയുണ്ടു്. പക്ഷേ, ഇതു മതിയെന്നു കരുതുന്നു. പാഠങ്ങളുടെ മാതൃക കാണിപ്പാൻ ഒരു സാമ്പിൾ പാഠവും താഴെ ചേർക്കുന്നു:—

ഒന്നാം പാഠം: മുനിസിപ്പാലിറ്റി
സഞ്ജയൻ

(ഇവിടെ മുനിസിപ്പാലിറ്റിയുടെ ഒരു ചിത്രം—വെറും പുകപോലെ ഒരു സാധനം— കൊടുത്തിട്ടുണ്ടായിരിക്കും. അതിന്നു കീഴിൽ പാഠം തുടങ്ങുന്നു:)

ഇതു എന്താകുന്നു? നരകമോ? അല്ല. ഇതു് ഒരു മുനിസിപ്പാലിറ്റിയാകുന്നു. ഇതിന്നുള്ളിൽ ആളുകളും വീടുകളും, ഒരു ചെയർമാനും, ഒരു കമ്മീഷണറും, കുറേ കൌൺസിലർമാരും, ഒക്കെയുണ്ടു്. പക്ഷേ, പൊടികൊണ്ടു് നിങ്ങൾക്കു് ഒന്നും കാണ്മാൻ കഴിയാത്തതാണു്.

മുനിസിപ്പാലിറ്റി നമുക്കു പൊടി തരുന്നു. പൊടി കാഴ്ചയ്ക്കു ചുകന്നതും, മൂക്കിന്നു് എരുവുള്ളതും, ദേഹത്തിന്നു വളരെ ഗുണകരമായതും ആകുന്നു.

വികൃതിലേഖകന്മാർ ഇതിനെക്കുറിച്ചു പലതും എഴുതും. അപ്പോൾ ഇതു അവരെ കടിക്കുകയും മാന്തുകയും ചെയ്യും.

പൊടിയമർന്നാൽ ചിത്രത്തിൽ ഒരാൾ നില്ക്കുന്നതു കാണാം. അയാൾ ഇതിനെ നോക്കിനടത്തുന്ന ആളാകുന്നു. അയാൾ പറഞ്ഞാൽ ഇതു മരത്തിന്മേൽ കയറുകയും പല അഭ്യാസങ്ങൾ കാണിക്കുകയും ചെയ്യും.

ഇതിന്റെ സംസ്കൃതത്തിലുള്ള പേർ ചോദിച്ചു നിങ്ങൾ ക്ലാസുമാസ്റ്റരെ ബുദ്ധിമുട്ടിക്കരുതു്. അതു് അദ്ദേഹത്തിന്നറിഞ്ഞുകൂടാ. ആനയ്ക്കു സംസ്കൃതത്തിൽ കഞ്ജരം എന്നാകുന്നു പേർ. അതു് എനിക്കറിയാം. ആംഗ്ലേയർ ഇതിനെ “ഹെൽ” എന്നു വിളിക്കുന്നു.

ശത്രുക്കൾ അടുത്തെത്തിയാൽ ഇതു കണ്ണടച്ചുകളയും. താൻ ആരെയും കാണുന്നില്ലെങ്കിൽ തന്നെയും ആരും കാണുകയില്ലെന്നാണു് ഇതിന്റെ വിശ്വാസം.

ഇനി ചോദ്യക്കടലാസ്സിന്റെ ഒരു മാതൃക കൊടുക്കാം.

N. B.: (കടലാസ്സിന്റെ ഒരു ഭാഗത്തെങ്കിലും വല്ലതും എഴുതേണ്ടതാകുന്നു.)

 • വിഗ്രഹിച്ചർത്ഥം എഴുതുക:—മുനിസിപ്പാലിട്ടി, ചേയർമാൻ, അവിശ്വാസപ്രമേയം, ഇവയിലെ സമാസങ്ങളുടെ പേരെന്ത്?
 • രാജി, പിൻവലിയ്ക്കൽ, വീണ്ടും നിൽക്കൽ, ഇവയ്ക്കു് ഓരോ അർത്ഥമെങ്കിലും എഴുതുക.
 • സന്ദർഭം കാണിച്ചു തോന്നിയപോലെ വ്യാഖ്യാനിക്കുക:—
  • ഇവരും ഞങ്ങളുമോരുമിച്ചീടുക വരുവോന്നല്ലിതു നാരായണാജയ!
  • എട്ടുനാളിനകംപുറം ചില ചട്ടമൊന്നു പകർന്നുപോം.
  • സത്യവിരോധം മാധവനുണ്ടോ?
  • ചോദിച്ചുപോൽ പണ്ടിതു കൊണ്ടൽവർണ്ണൻ തദാ കൊടുത്തില്ലിതു യാദവൻതാൻ.
  • മുറിയുന്നെതെന്തെടോ ഭീമ, ഗദയോ നമ്മുടെ വാലോ?
  • അടിയനു മേസ്തിരിമാരുടെ വടിയാലടിയും നിന്തിരുവടിയും ശരണം.
  • വളരെക്കാലമായ് വളരെക്കാലമായിളയിൽ ഞങ്ങൾക്കീയിളിഭ്യപ്പേർകിട്ടി.
  • പപ്രച്ഛ, നീയാരയച്ചുവന്നൂ, കപേ!
 • താഴെ ചേർക്കുന്ന വരികൾക്കു കഴിയുന്നിടത്തോളം ഉദാഹരണങ്ങൾ എഴുതുക. പേരുകൾ പറയുവാൻ പാടില്ല.
  • ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം?
  • പറഞ്ഞ വാക്കിനു നേരില്ലാത്താളുകൾ. നിറഞ്ഞു ലോകത്തിലെന്നുടെ ഗോവിന്ദാ!
  • അവനിപതികളെന്നു ഭാവമാത്രം ഭൂവനവിനാശകഠോര കശ്മലാനാം
  • ആപത്തു വന്നടുത്തീടുന്ന കാലത്തു ശോഭിയ്ക്കയില്ലെടോ സജ്ജനഭാഷിതം.

“എന്നു ലോകേ ഭാവിക്കുന്നതാപത്തുകളന്നു

ഞാനും ഭവിച്ചീടുവൻ ഭൂതലേ. ”

ഈ വരികൾ കമ്മീഷണർക്കു ബാധകങ്ങളാണെന്നു യുക്തിപൂർവ്വം തെളിയിക്കുക.

 • “ഇത്ഥം പറഞ്ഞാശു മറഞ്ഞു വിപ്രൻ ” ഇത്ഥം: എത്ഥം? ഏതു വിപ്രൻ എവിടെയാണു് മറഞ്ഞതു്?
 • നിങ്ങളുടെ മുനിസിപ്പാലിറ്റിയെപ്പറ്റി അറിയുന്നതെഴുതാതിരിക്കുക.

12–9–’34

സഞ്ജയന്റെ ലഘുജീവചരിത്രം

Colophon

Title: Paadapusthakam (ml: പാഠപുസ്തകം).

Author(s): Sanjayan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-05-08.

Deafult language: ml, Malayalam.

Keywords: Article, Sanjayan, Paadapusthakam, സഞ്ജയൻ, പാഠപുസ്തകം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Bookworm’s Table, a painting by Claude Raguet Hirst (1855–1942). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.