സഞ്ജയന്റെ ബഹുമാനാദരങ്ങൾക്കു പാത്രമായ ഒരു മഹാശയൻ സഞ്ജയനു പത്രികയാപ്പീസിലൂടെ അയച്ചു ഒരെഴുത്തു കിട്ടിയിരിക്കുന്നു. സഞ്ജയൻ പത്രികയിൽ എഴുതിവരുന്ന കുറിപ്പുകളെക്കുറിച്ചു് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ള അഭിനന്ദനത്തെ അവ അർഹിക്കുന്നില്ലെന്നു സഞ്ജയനു നല്ലപോലെ അറിയാമെങ്കിലും, അതിനെ ഒരു പ്രോത്സാഹനമായും അനുഗ്രഹമായും സഞ്ജയൻ സ്വീകരിക്കുന്നു. പക്ഷേ, സാമുദായികകാര്യങ്ങളെക്കുറിച്ചും, ചില്ലറ ഉദ്യോഗസ്ഥന്മാർ നാട്ടുകാരുടെ നേരെ കാണിക്കുന്ന അഴിമതികളെക്കുറിച്ചും സഞ്ജയൻ യാതൊന്നും എഴുതുന്നില്ലെന്നു് അദ്ദേഹം പറയുന്നതിനെപ്പറ്റി രണ്ടു വാക്കു് ഇവിടെ പറഞ്ഞു കൊള്ളട്ടെ?
പറയുന്നതിനിടയ്ക്കു്, ‘രണ്ടു വാക്കു് ’ എന്നു പറഞ്ഞതു് ലോകാചാരത്തിനു വഴിപ്പെട്ടിട്ടാണേ! വാസ്തവത്തിൽ ‘രണ്ടു വാക്കു്’ പറയാൻ സമ്മതം ചോദിക്കുന്ന മഹാരഥന്മാർ രണ്ടായിരം വാക്കുകൊണ്ടുകൂടി കാര്യം അവസാനിപ്പിക്കുന്നവരല്ല. അതു പോകട്ടെ, തിരുമേനി! സഞ്ജയൻ ഒരു കാര്യം നല്ലപോലെ പഠിച്ചിട്ടുണ്ടു്. അതു് മറ്റെന്തു വിഡ്ഢിത്തം ചെയ്താലും, കേരളഭൂമിയിൽവെച്ചു് സാമുദായികകാര്യങ്ങളെക്കുറിച്ചു് പറവാൻ വിചാരിക്കുന്ന മനുഷ്യൻ രാത്രി ഒറ്റയ്ക്കു നടക്കാൻ ഒരുങ്ങരുതെന്നുള്ളതാണു്. ‘സഞ്ജയൻ ആരായിരുന്നാലും ശരി… അദ്ദേഹം അവർണ്ണസമുദായക്കാർ കവിതയെഴുതി, നന്നായിപ്പോകുന്നതിൽ അത്യധികം അസൂയയുള്ള ഒരു വ്യക്തിയാണെന്നു് പണ്ടൊരു മഹാനിഷ്പക്ഷപാതി പറഞ്ഞതു് അവിടുന്നു കണ്ടിരുന്നുവോ? അങ്ങനെ ഒരാൾ പറഞ്ഞു. ഭഗവാനാണേ പറഞ്ഞു. ആ സ്ഥിതിക്കു് ഏതു സമുദായത്തെക്കുറിച്ചെങ്കിലും, എത്ര സ്നേഹത്തോടുകൂടിയെങ്കിലും സഞ്ജയൻ എന്തെങ്കിലും പറഞ്ഞാൽ ആ സമുദായത്തിൽപ്പെട്ടവരും, ഒരു കക്ഷിക്കാരെ സപ്പോർട്ടുചെയ്താൽ മറ്റു കക്ഷിക്കാരും പറയുന്നതു് എന്തൊക്കെയായിരിക്കും! ‘ഭയങ്കരം!’
അതുകൊണ്ടാണു് സഞ്ജയൻ ഒരു സമുദായത്തിലേയും കക്ഷിവഴക്കിനെപ്പറ്റിയും, ഭിന്നസമുദായങ്ങൾ തമ്മിലുള്ള വഴക്കുകളെപ്പറ്റിയും, ഗുണം വാ ദോഷം വാ മറ്റെന്തെങ്കിലും വാ, ഒരക്ഷരം മിണ്ടാത്തതു്. സഞ്ജയൻ കാര്യമറിയാഞ്ഞിട്ടല്ല; ന്യായം തോന്നാഞ്ഞിട്ടല്ല, വാക്കിനുവാക്കു പറയുവാൻ കഴികയില്ലെന്നു പേടിച്ചിട്ടല്ല.
‘പലരൊടൊരുവൻതാൻ കലഹമതു ചെയ്താൽ
പലതരമപായം ഫലമറിക, രാജൻ’
എന്നല്ലേ സഞ്ജയന്റെ പഴയ ‘ചങ്ങാതിയായ മിസ്റ്റർ വിദുരൻ പറഞ്ഞിരിക്കുന്നതു്?
ഉദ്യോഗസ്ഥന്മാരേയോ മറ്റേതെങ്കിലും വർഗ്ഗക്കാരേയോ കുറിച്ചു പറയുമ്പോഴും ഈ തകരാറുണ്ടു്; പക്ഷേ, മറ്റൊരു രൂപത്തിലാണു്. സമുദായങ്ങളുടെ കാര്യം പറയുമ്പോൾ സമുദായസ്പർധകൊണ്ടു പറയുന്നതാണെന്നു വിചാരിക്കുന്ന കൂട്ടർ, വർഗ്ഗങ്ങളെപ്പറ്റി പറയുമ്പോൾ വ്യക്തിമാത്തര്യംകൊണ്ടു പറയുന്നതാണെന്നും വിചാരിക്കും. സഞ്ജയനെ ശപിക്കുന്ന കമ്മീഷണർമാരുണ്ടു്; ചേർമാന്മാരുണ്ടു്; സന്ന്യാസിമാരുണ്ടു്; സ്കൂൾ മാനേജർമാരുണ്ടു്; മജിസ്ട്രേട്ടെജമാനന്മാരുണ്ടു്; ഹെൽത്താപ്പീസർമാരുണ്ടു്; കൊതുകുകളുണ്ടു്; ബഹുമതികൾ സിദ്ധിച്ച രാജാക്കന്മാരുണ്ടു്; മഹാകവികളാകുവാൻ വേണ്ടി തല കിഴുക്കാംതൂക്കമായി നില്ക്കുന്ന ചില്ലറക്കവികളുണ്ടു്; വിവാഹമംഗളക്കാരുണ്ടു്; വിദ്യു ച്ഛക്തിക്കാരുണ്ട്, പാഠപുസ്തകകാരന്മാരുണ്ടു്; പാഠ്യപുസ്തകക്കമ്മിറ്റിക്കാരുണ്ടു്; ആലോല നീലമിഴിമാരുണ്ടു്; (എന്തൊരു സംഘം)
‘വീരഭദ്രൻ പണ്ടു ദക്ഷനെക്കൊല്ലുവാൻ’
വീറോടുകൂടിയിരുന്നതുപോലെയിരിക്കുന്ന ഒരു കൗൺസിലധ്യക്ഷനുമുണ്ടു്. അദ്ദേഹത്തിന്റെ കൂടെ സഞ്ജയൻ ഒരു രാത്രി ഉറങ്ങിയെങ്കിൽ, പിറ്റേ ദിവസത്തേക്കു തിരുമനസ്സിലെ വിധേയൻ ചങ്ങലംപരണ്ട അംശദേശത്തു ‘പാറപ്പുറത്തു് സഞ്ജയൻ’ പരേതനായ ശ്രീമാനായിപ്പോകും. ‘ നിര്യാതന്റെ ആത്മാവിനു്, കേരളപത്രികയും അവളുടെ മാന്യസഹജീവികളും ‘നിത്യശാന്തി’യെ പ്രാർത്ഥിക്കുമായിരിക്കും. സഞ്ജയന്റെ യുക്തിവാദികളായ സ്നേഹിതന്മാർ പരിണാമച്ചങ്ങലയിലെ ഒരു കണ്ണികൂടെ തെറിച്ചുപോയതോർത്തു്, അവരുടെ അഭിപ്രായപ്രകാരം ഇല്ലെന്നല്ലെങ്കിലും ഉണ്ടെന്നില്ലാത്ത ദൈവത്തോടു് ഒന്നും പ്രാർത്ഥിക്കാതിരിക്കും. സന്തോഷത്തിൽ മതിമറന്ന വനിതാലോകം കൈകൊട്ടിക്കളി നടത്തും, ‘എന്റെ ഭാഗ്യം, യജമാനനേ, എന്റെ ഭാഗ്യം!’ എന്നു പറഞ്ഞു് ഓരോ കച്ചട്ടിസ്വാമിയും കളഭം ചാർത്തൽ കഴിപ്പിക്കും; കൊതുകുകൾ ‘മുനിസിപാലിറ്റി കീ ജേയ്! എന്നു് ആർത്തുവിളിച്ചുംകൊണ്ടു കാഹളമൂതിപ്പറക്കും.
സഞ്ജയനെ കൗൺസിലധ്യക്ഷൻ സിദ്ധുകൂട്ടിയാൽ ആരും വ്യസനിക്കുകയില്ലേ? എന്നു തിരുമേനി ചോദിക്കും. വ്യസനിക്കും. ചങ്ങലംപരണ്ടയിലെ ‘ടോട്ടൽ’ നിവാസികളിൽ ഒന്നര ഡസൻ പേർ ഒന്നര മണിക്കുറു വീതം വ്യസനിക്കും; ഒന്നര മാസത്തോളം വ്യസനിക്കുന്നുണ്ടെന്നു വിശ്വസിക്കും; ഒന്നരക്കൊല്ലത്തോളം വ്യസനിക്കുന്നുണ്ടെന്നു പറയും. പിന്നീടു് സഞ്ജയൻ ‘വൺസപ്പോണെ ടൈ’മായി.
‘പുരാ വിശ്രവസഃ പുത്രോ രാവണോ
നാമ രാക്ഷസഃ ആസിൽ…’
എന്നു പറഞ്ഞ കവി മേപ്പടി ‘രാവണോനാമ’നെക്കുറിച്ചു കണ്ണിൽ വെള്ളം നിറച്ചുകൊണ്ടാണോ എഴുതിയതു്? യുക്തിവാദിയെപ്പോലെ: ഞാൻ വിശ്വസിക്കുന്നില്ല തിരുമേനീ, എനിക്കു വിശ്വസിപ്പാൻ കഴിയുന്നില്ല.
വിഷയം, സമർഥനായ വൈദ്യൻ ചികിത്സിക്കുന്ന രോഗത്തെപ്പോലെ, ഒരു സ്ഥലത്തെ കമ്മീഷണർ മറ്റൊരു സ്ഥലത്തേക്കെന്നപോലെ, ഓന്തിന്റെ നിറംപോലെ, മന്ത്രവാദിയെക്കണ്ട ഗന്ധർവനെപ്പോലെ, ആഴ്‌വാഞ്ചേരിത്തമ്പ്രാക്കളുടെ മുൻപിൽ നിന്ന പാക്കനാരെപ്പോലെ, മാറിപ്പോകുന്നു. ഉദ്യോഗസ്ഥന്മാരേയോ, മറ്റു ഗ്രൂപ്പുകളേയോ കുറിച്ചു് എഴുതിയാലും മുഷിയുന്നവരും, മുഖം തിരിക്കുന്നവരും, പല്ലു കടിക്കുന്നവരും ഉണ്ടാകുമെന്നു പറഞ്ഞ സ്ഥലത്തുനിന്നാണു് സഞ്ജയൻ ലൈൻ മാറിപ്പോയതു്. എന്നാലും സഞ്ജയൻ അതൊന്നും വകവെക്കാതെ കുറ്റമോ കുറവോ കണ്ടാൽ പറയാറുണ്ടെന്നാണു് സഞ്ജയനു ബോധിപ്പിക്കുവാനുള്ളതു്.
‘ബലികളൊടു വൈരം കരുതരുതു ധീമൻ!
കുലഹരമിതെല്ലാം പ്രണമത മുകുന്ദം!’
എന്നും മിസ്റ്റർ വിദുരൻ സഞ്ജയനോടല്ലെങ്കിലും, പറഞ്ഞിട്ടുമുണ്ടു്. പക്ഷേ, അതു സഞ്ജയൻ വകവെച്ചില്ല. ഉണ്ടെന്നു് അവിടുന്നു വിചാരിക്കുന്നുണ്ടോ?
27-1-1935