അകത്തിരിയ്ക്കും വനിതയ്ക്കു് ഒരു വിളിതോന്നി. അവൾ പുറത്തേയ്ക്കിറങ്ങി. ജനനനിയന്ത്രണത്തിന്റെ അത്യാവശ്യകതയെപ്പറ്റി അവൾ പ്രസംഗിച്ചു; സ്ത്രീകൾക്കു് എല്ലാകാലത്തും, എല്ലായിടത്തും, എല്ലാ സംഗതികളിലും പുരുഷന്മാരെപ്പോലെ പോരാ, അവർക്കുള്ളതിനേക്കാൾ കുറച്ചധികംതന്നെ സ്വാതന്ത്ര്യം വേണമെന്നു് അവൾ പ്രഖ്യാപനം ചെയ്തു. ജനനനിയന്ത്രണത്തെ പ്രായോഗികമാക്കുവാൻ, സ്ത്രീസ്വാതന്ത്ര്യേച്ഛയെ സഫലീകരിപ്പാൻ, അവൾ പല പല നൂതനമാർഗ്ഗങ്ങളെപ്പറ്റിയും ഗവേഷണങ്ങൾ നടത്തി. അവയെ അതാതു സമയത്തു ജനങ്ങൾക്കു സമ്മാനിച്ചു. കാലമങ്ങിനെ കഴിഞ്ഞു. അവളുടെ പേരിവിടെ പറയുന്നതു് പന്തിയല്ല. കാരണം ആ പേരുള്ള വേറെ സ്ത്രീകൾ അതേ അഭിപ്രായക്കാരികളാണെങ്കിൽ, അവരെ ഉദ്ദേശിച്ചാണു് ഞാനെഴുതുന്നതെന്നു കരുതി എന്റെ നേരെ അവർ കലശലായി മുഷിയും; ഭിന്നാഭിപ്രായക്കാരികളാണെങ്കിൽ, തങ്ങളുടെ പേരിനോടു്, ആ അഭിപ്രായത്തെ തുന്നിപ്പിടിപ്പിച്ചതിന്നു അതിലും കലശലായി മുഷിയും. അതുകൊണ്ടു് ഞാൻ അവളെ ‘സൗഭാഗ്യവതി’യെന്നു മാത്രം വിളിയ്ക്കാം. ആ പേർ സാർത്ഥകവുമാണു്; അവളൊരു സൗഭാഗ്യവതി തന്നെയാണു്. അവളുടെ പ്രസംഗങ്ങൾ കേൾപ്പാൻ ആളുകൾ നാനാഭാഗത്തു നിന്നും ആയിരക്കണക്കായി എത്തിച്ചേർന്നു എന്നു പറയുന്നതു് സ്വന്തം റിപ്പോർട്ടരുടെ അതിശയോക്തിയല്ല. വെറും പച്ചപ്പരമാർത്ഥമാണു്.
“കാവ്യം സുഗേയം; കഥ രാഘവീയം;
കർത്താവു് തുഞ്ചത്തുളവായ ദിവ്യൻ;
ചൊല്ലുന്നതോ ഭക്തിമയസ്വരത്തി-
ലാനന്ദലബ്ധിയ്ക്കിനിയെന്തു വേണം?”
എന്നു മഹാകവി വള്ളത്തോൾ ചോദിച്ചതു പോലെ,
സബ്ജക്റ്റു ‘കൺട്രോൾ’; പറയുന്നതോ സ്ത്രീ;
ശബ്ദം സുവീണാക്വണനോപമം താൻ;
വയസ്സു പത്തൊമ്പതിനിപ്പുറത്താ;-
ണാൾത്തിക്കു കൂടാനിനിയെന്തു വേണം?
എന്നു ഞാനും ചോദിക്കാം.
സൗഭാഗ്യവതിയുടെ പ്രസംഗം കേൾപ്പാൻ തിക്കിത്തിരക്കിക്കൂടിയ ജനാവലിയുടെ ഒരു വലിയ ശതമാനം ആനന്ദപാരവശ്യം കൊണ്ടു് മതിമറന്ന പുരുഷന്മാരും; ബാക്കി അസൂയകൊണ്ടു് കണ്ണുകടി തുടങ്ങിയ മഹിളകളുമായിരുന്നുവെന്നു് ഞാനിനി എടുത്തുപറയേണ്ടതില്ലല്ലോ…
അങ്ങിനെയിരിക്കെ, ഒരു ദിവസം, ഒരു പ്രസംഗവേളയിൽ, സൗഭാഗ്യവതി ഇങ്ങിനെ പറഞ്ഞു:– “സ്ത്രീകളോടു് സമ്മതം ചോദിയ്ക്കാതെ, അവരുടെ രുചിയും, അഭിലാഷവും, അനുരാഗസ്ഥിതിയും അറിയാതെ, കണക്കു വെക്കാതെ, പതിമ്മൂന്നും പതിന്നാലും വയസ്സുള്ളപ്പോൾ, അവരെപ്പിടിച്ചു്, ആജീവനാന്തം മനസ്സെരിഞ്ഞു കഴിയുവാൻവേണ്ടി, തലച്ചോറില്ലാത്ത കഴുതകളുടെ കൂടെ കെട്ടിയിട്ടേക്കുന്ന സമ്പ്രദായം നിർത്തേണ്ടുന്ന കാലം അതിക്രമിച്ചിരിയ്ക്കുന്നു. (ഹിയർ! ഹിയർ!—പി. എസ്സ്.) എന്റെ അഭിപ്രായത്തിൽ മേലിൽ വിവാഹബന്ധത്തിലേർപ്പെടുവാൻ ഉദ്ദേശിക്കുന്ന വനിതകൾ ഭർത്തൃസ്ഥാനാർത്ഥികളിൽനിന്നു ഹർജികൾ ആവശ്യപ്പെടേണ്ടതും, പ്രാഥമികസെലക്ഷൻ കിട്ടിയവരുടെ ഇടയിൽനിന്നു്, ‘ഇന്റർവ്യൂ’ കഴിഞ്ഞതിന്നുശേഷം, തങ്ങൾക്കു പറ്റുന്ന വരന്മാരെ സ്വീകരിക്കേണ്ടതുമാണു്.” (ഹസ്തഘോഷവും, ചിയേഴ്സും)
ഈ പ്രസംഗത്തിന്നുശേഷം ദിവസം പതിനഞ്ചുകഴിഞ്ഞപ്പോഴേയ്ക്കും, നമ്മുടെ സൗഭാഗ്യവതിയുടെ മേശപ്പുറത്തു്, നാനാസ്ഥലങ്ങളിൽ നിന്നും വന്ന എഴുത്തുകൾ, മഹാമേരുപോലെ, കുന്നിച്ചുകൂടി. എല്ലാം അവിവാഹിതയായ സൗഭാഗ്യവതിയുടെ സ്വയംവരത്തിന്നു കാങ്ക്ഷിച്ചു കൊണ്ടുള്ള ഭർത്തൃസ്ഥാനാർത്ഥികളുടെ അപേക്ഷാഹർജികളായിരുന്നു എന്നു് പറയേണ്ടതില്ലല്ലോ.
ഏതാനും ഹർജികളുടെ പകർപ്പുകൾ താഴെ ചേർക്കുന്നു:
ഒരു ഡോക്ടർ ഇങ്ങിനെ എഴുതി:
“ആരോഗ്യവതി,
ഭവതിയുടെ ദേഹത്തിൽനിന്നു് പുറപ്പെട്ട രശ്മികൾ കൺവഴി എന്റെ തലച്ചോറിൽ എത്തിയ ഉടനെ അവിടെ പലേ മാറ്റങ്ങളും വന്നിരിയ്ക്കുന്നു.
ഞാൻ നല്ല പ്രാക്റ്റീസ്സുള്ള ഒരു ഡോക്ടറാണു്; അരോഗ്യദൃഢഗാത്രനായ ഒരു ചെറുപ്പക്കാരനുമാണു്. പക്ഷേ, ഭവതിയെക്കണ്ടതു മുതൽ ഓപ്പറേഷൻ കഴിയ്ക്കുമ്പോൾ എന്റെ കൈ വിറച്ചുതുടങ്ങിയിരിയ്ക്കുന്നു. രണ്ടു മൂന്നു രോഗികൾ ഈ ഏകകാരണത്താൽ ‘കൊളാപ്സാ’യിപ്പോയി. ഭവതി എന്നെ ഭർത്താവായി സ്വീകരിച്ചില്ലെങ്കിൽ എനിയും അനവധിപേർ ‘കൊളാപ്സായി’പ്പോകുവാൻ ഇടയുണ്ടു്. അതുമാത്രമല്ല, മറ്റുള്ളവരുടെ നെഞ്ഞത്തു് കുഴൽവെച്ചു് ഹാർട്ട് പരിശോധിയ്ക്കുന്ന സമയങ്ങളിൽ എന്റെ സ്വന്തം നെഞ്ഞിടിപ്പിന്റെ ശബ്ദം എന്റെ ചെവികളിൽ “ഘും ഘും” എന്നു മുഴങ്ങി കേൾക്കുന്നതിനാൽ, അവർക്കൊക്കെ ഹൃദയത്തിന്നു് എന്തോ തരക്കേടുണ്ടെന്നു ഞാൻ ശങ്കിച്ചുപോകുന്നു. ഇതിന്നുപുറമെ, ഭവതിയെക്കുറിച്ചുള്ള ചിന്തഹേതുവായി എന്റെ ആമാശയം, പക്വാശയം, യകൃത്തു്, പ്ലീഹ മുതലായ അനേകം ആന്തരാവയവങ്ങൾ വലിയ തകരാറിലായിരിയ്ക്കുന്നു. ഒന്നുകിൽ ഭവതിയുടെ ഭർത്തൃപദം, അല്ലെങ്കിൽ ദീർഘകാലത്തേക്കു് നീണ്ടു് നിന്നു ഒടുക്കം മരണത്തിൽ പരിണമിച്ചേക്കാവുന്ന ക്രോണിക് ഡിസ്പെപ്സിയയും അക്യൂട്ട് ഇൻസോമ്നിയയും—ഇവയിലൊന്നാണു് ഞാൻ ഭാവിയിലേയ്ക്കു് തിരഞ്ഞെടുക്കേണ്ടി വരിക.
എന്നു്,
ആജീവനാന്തം ഭവതിയുടെ
… …(എം. ബി. ബി. എസ്സ്.)
ഒരു വക്കീൽ താഴെ ചേർക്കും പ്രകാരം എഴുതി:
1936 മെയ് മാസം 15-നു വെള്ളിയാഴ്ച പകൽ അഞ്ചുമണിക്കോ, അതിന്നടുത്തോ, ശ്രീമതി … …യായ നിങ്ങൾ … …ഗൾസ് സ്കൂളിലോ, പരിസരത്തിലോ, വെച്ചു ചെയ്ത പ്രസംഗത്തിൽ, ഭാവിയിൽ സ്ത്രീകൾ ഭർത്താക്കന്മാരെ സ്വീകരിയ്ക്കുന്നതു് ഭർത്തൃസ്ഥാനാർത്ഥികളുടെ ഹർജികൾ പ്രകാരമായിരിക്കേണമെന്നോ, ആ അർത്ഥം വരുന്ന മറ്റു വാക്കുകളോ, പറഞ്ഞിരിക്കുകയാലും, നിങ്ങൾ അവിവാഹിതയാണെന്നു് എനിക്കു് ഉത്തമവിശ്വാസമുള്ളതിനാലും, മേപ്പടി സമ്പ്രദായത്തിലുള്ള ഭർത്തൃസ്വീകരണത്തിന്നു് നിങ്ങൾ ഒരുക്കമാണെന്നു് മേപ്പടി വാക്കുകളിലൂടെ ധ്വനിയ്ക്കുന്നതിനാലും, ഈ ഹർജി എഴുതുന്ന ഞാൻ അവിവാഹിതനായതിനാലും, ഈ ഹർജിയ്ക്കു കാരണമായിത്തീർന്നിരിയ്ക്കുന്നു.
ഹർജിക്കാരനായ ഞാൻ ഇക്കഴിഞ്ഞ 1936 ഏപ്രിൽ മാസം 1-നു മുപ്പത്തഞ്ചുവയസ്സു തികച്ചിരിയ്ക്കുന്ന ഒരു പുരുഷനാണെന്നും (ഹിന്ദു, അബ്രാഹ്മണൻ) ഇതെഴുതുന്ന സമയത്തു് ഞാൻ ഉഴലൂർ ഡിസ്ട്രിക്റ്റു കോർട്ടിൽ ഒരു വക്കീലാണെന്നും പ്രതിമാസം സിവിലായും ക്രിമിനലായും ഉള്ള പ്രാക്റ്റീസുകൊണ്ടു് എനിയ്ക്കു ശരാശരി വരവു് 300ക. യാണെന്നുള്ള ഇൻകംടാക്സ് ഓഫീസറുടെ മതിപ്പിനെ ഞാൻ നിഷേധിയ്ക്കാതെ, ആ സംഖ്യയ്ക്കുള്ള തോതുപ്രകാരം ആദായനികുതി കൊടുത്തുവരുന്നുണ്ടെന്നും, തറവാട്ടു ഭാഗം കഴിച്ചതിൽ, എനിയ്ക്കു കടവും കോടതിച്ചെലവും മുഴുവൻ കൊടുത്തു തീർത്തതിന്നുശേഷം കിട്ടിയ ഓഹരിവില, കമ്മീഷൻ കണക്കുപ്രകാരം 13ക. 8ണ. 9പൈ, മാത്രമാണെങ്കിലും, എന്റെ പ്രാക്റ്റീസുകൊണ്ടുള്ള വരവു് ഏതു സ്ത്രീയുടെയും ഭർത്തൃപദവിയ്ക്കു് എന്നെ അർഹനാക്കിത്തീർക്കുന്നുണ്ടെന്നും, ഞാൻ ഇതിനാൽ നിങ്ങളെ അറിയിച്ചുകൊള്ളുന്നു.
നിങ്ങൾ എന്നെ ഭർത്താവായി സ്വീകരിയ്ക്കുന്നപക്ഷം കോടതിയുള്ള ഓരോ ദിവസവും കക്ഷികളിൽനിന്നു ഫീസായി കിട്ടുന്ന പണത്തിൽ പകൽസമയത്തു് കോടതിയിൽവെച്ചു ഉണ്ടായേയ്ക്കാവുന്ന ന്യായമായ ചെലവുകൾ കഴിച്ചു് ബാക്കി സംഖ്യ വീട്ടിൽത്താമസമുള്ള ദിവസം രാത്രി പത്തുമണിയ്ക്കകത്തും, കേസ്സിന്നു പുറുമേപോയി താമസിയ്ക്കേണ്ടി വന്നാൽ തിരിച്ചു് വീട്ടിലെത്തി ഒരു മണിക്കൂർ കഴിയുന്നതിലിടയ്ക്കും, നിങ്ങളുടെ കൈവശം തന്നുകൊള്ളാമെന്നും, മുൻപറഞ്ഞ ചെലവുകളുടെ ശരിയായ ഒരു കണക്കും അതോടു കൂടി ഏല്പിച്ചുകോള്ളാമെന്നും, കമ്മീഷൻഫീസ്സുൾപ്പെടെ മറ്റുവഴിയ്ക്കു കിട്ടാവുന്ന എല്ലാ വരവുകൾക്കും ഈ നിബന്ധന ബാധകമാകുന്നതാണെന്നും, നമ്മളിൽ ഒരാൾ മരിയ്ക്കുകയോ, വിവാഹബന്ധം വേർപെടുത്തുകയോ ചെയ്യുന്നതുവരെ, ഞാൻ, കടാക്ഷം, പ്രേമലേഖനം മുതലായവവഴിയായി മറ്റു യാതൊരു സ്ത്രീയുടെയും നേരെ എനിയ്ക്കുള്ളതോ ഉണ്ടാകുവാനിടയുള്ളതോ ആയ അനുരാഗത്തെ വെളിപ്പെടുത്തുന്നതല്ലെന്നും, അങ്ങിനെയൊരു വാഗ്ദാനം നിങ്ങൾ ഇങ്ങോട്ടും തരേണ്ടതായിരിയ്ക്കുമെന്നും കൂടി ഞാൻ നിങ്ങളെ ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ആരോഗ്യം
സൗശീല്യം
സൗന്ദര്യം
യൗവനം
ബുദ്ധി
തറവാടിത്തം
എന്നാൽ മാർജിനിൽ വിവരിച്ചിരിയ്ക്കുന്ന നിങ്ങളുടെ ആരോഗ്യാദിഗുണങ്ങളെപ്പറ്റി വിശ്വസ്തരായ പലേ സാക്ഷികളും പറഞ്ഞു ഞാൻ കേൾക്കുകയും, ഒന്നാം ഖണ്ഡികയിൽ പറയപ്പെട്ട ഭർത്തൃസ്വീകരണത്തെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം അറിയുകയും ചെയ്തതുമുതൽ എനിയ്ക്കു നിങ്ങളെക്കുറിച്ചുള്ള അനുരാഗം ഹേതുവായി കേസ്സുകളിലൊന്നും ശ്രദ്ധ വേണ്ടതുപോലെ പതിയാതെയായിരിയ്ക്കുന്നുവെന്നും, അതുനിമിത്തം എന്റെ വളരെ വിലപിടിച്ച ഏതാനും കക്ഷികൾക്കു് ഗണ്യമായ നഷ്ടം ഇപ്പോൾത്തന്നെ വന്നുകഴിഞ്ഞിരിയ്ക്കുന്നുവെന്നും, കാലാന്തരത്തിൽ ഈ നഷ്ടം എന്നെയും ബാധിയ്ക്കുവാനിടയുണ്ടെന്നും, ഇക്കാര്യത്തിൽ നിങ്ങൾക്കു വല്ല ബാദ്ധ്യതയുമുണ്ടെന്നു സിവിൽനിയമത്തിൽ ഒരേടത്തും കാണാത്തതിൽ ഞാൻ വ്യസനിയ്ക്കുന്നുവെന്നും, പക്ഷേ, നിയമസംബന്ധമായ ഉത്തരവാദിത്തമില്ലെങ്കിലും, ഇതു നിങ്ങളുടെ കീർത്തിയ്ക്കു് ഒരു ഉടവായിരിയ്ക്കുമെന്നും നിങ്ങളെ അറിയിയ്ക്കേണ്ടുന്ന ചുമതലയും എനിയ്ക്കുണ്ടു്.
നിങ്ങൾ എന്നെ സ്വീകരിയ്ക്കാത്തപക്ഷം ഈ കത്തയയ്ക്കുവാൻ എഴുത്തുകൂലി ഉൾപ്പെടെയുള്ള ചെലവു് 1ക. 1ണ. 2 പ. എനിയ്ക്കു് അനാവശ്യമായ നഷ്ടമായിരിയ്ക്കുമെന്നു് നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
എന്നു്, വിവാഹം കഴിയ്ക്കുന്നതുവരെയോ മറ്റൊരു സ്ത്രീയിൽ അനുരക്തനാകുന്നതുവരെയോ,
നിങ്ങളുടെ സ്വന്തം, … …(ബി എ, ബി എൽ)
ഒരാഫീസുമാനേജരുടെ എഴുത്തു് ഇങ്ങനെയായിരുന്നു:
നമ്പർ 537/36. തിയ്യതി, 29-5-36
റഫറൻസ്: 1936 മെയ് 15-നത്തെ നിങ്ങളുടെ പ്രസംഗം.
മേലെഴുതിയ സംഗതിയിൽ, നിങ്ങൾ സൂചിപ്പിച്ച അഭിപ്രായപ്രകാരം, നിങ്ങളുടെ പാണിഗ്രഹണത്തിനു ഞാൻ ഒരു അപേക്ഷകനാണു്. എന്നെപ്പറ്റി അധികവിവരങ്ങളടങ്ങിയ ഒരു ഫോറവും (എ) നിങ്ങൾ എന്റെ അപേക്ഷ സ്വീകരിയ്ക്കുന്ന പക്ഷം, ഒപ്പിട്ടു് എനിയ്ക്കു തിരിച്ചയയ്ക്കുവാൻ ഒരു ഫോറവും (ബി) ഇതൊന്നിച്ചടക്കം ചെയ്തിരിയ്ക്കുന്നു.
മേലാലുള്ള എഴുത്തുകുത്തുകളിൽ മേൽചേർത്തിരിയ്ക്കുന്ന നമ്പർ കാണിപ്പാനപേക്ഷ.
എന്നു്, വിശ്വസ്ഥൻ…
ഫോറം (എ)
ഹരജിക്കാരന്റെ പേരും മറ്റു വിവരങ്ങളും
- പേർ:
- ………
- സ്ത്രീയോ പുരുഷനോ എന്നു്:
- പുരുഷൻ
- മതവും, വകുപ്പും
- ഹിന്ദു, നായർ
- വയസ്സു്:
- 27വ. 8 മാ. 10 ദി.
- ഉദ്യോഗം:
- ബിംഗ്ലി ഏന്റ് ഡിംഗ്ലി ആഫീസ് മാനേജർ
- ഉയരം:
- 5 അ. 8 അം.
- നെഞ്ഞിന്റെ ചുറ്റളവു്:
- 34 അം.
- മാസപ്പടിയും, ഗ്രേഡും, ഏറ്റവും അധികം
- കിട്ടാവുന്ന ശമ്പളവും:
- 95; 80-5-150; 150
- സ്വന്തം പേരിൽ ഒട്ടാകെ സമ്പാദ്യം:
- 6,500ക.
- ഇൻഷ്വർ ചെയ്തിട്ടുണ്ടോ എന്നും
- ഉണ്ടെങ്കിൽ എത്രയ്ക്കെന്നും:
- ഉണ്ടു്; 5000 കയ്ക്ക്
- കടമുണ്ടോ എന്നു്:
- ഇല്ല
… …താലൂക്കു് … …അംശം … …ദേശത്തു് … … വീട്ടിൽ ശ്രീമതി … …യായ ഞാൻ, ബിംഗ്ലി ഏന്റ് ഡിംഗ്ലി കമ്പനി മാനേജരായ മി. … …രെ ഇന്നുമുതൽ മൂന്നു മാസത്തിന്നകത്തു് വിവാഹം ചെയ്യാമെന്നു് സമ്മതിച്ചിരിയ്ക്കുന്നു.
എന്നു്, 1936 … … മാസം … … തീയ്യതി
… … (ഒപ്പു്)
ഒരു പത്രലേഖകൻ അയച്ച ഹർജി താഴെ ചേർക്കുംപ്രകാരമായിരുന്നു:
അഭിവന്ദ്യശ്രീമതി,
ഇക്കഴിഞ്ഞ മെയ് 15-നു വെള്ളിയാഴ്ച കൃത്യം അഞ്ചു മണിയ്ക്കു് സ്ഥലം ഗൾസ്സ്കൂളിൽ, ശ്രീ. കെ. കെ. മദ്രാസീയൻ അവർകളുടെ സമാരാധ്യമായ അധ്യക്ഷത്തിൽ സമ്മേളിച്ച മഹിളകളും സ്ഥലത്തെ പൗരപ്രമാണികളും ഉൾപ്പെടെയുള്ള പന്തീരായിരത്തിൽപ്പരം ജനങ്ങളുടെ മുൻപാകെ ഭവതി ചെയ്ത സരസവും, പ്രസന്നവും, ഗംഭീരവും, ഊർജസ്വലവും, ഉജ്വലവും, ശ്രദ്ധേയവും, വിജ്ഞേയവും, പ്രൗഢവും, ലളിതവും, സാരതരവും, സദസ്യരെ കോൾമയിർക്കൊള്ളിച്ചതും, ആവേശജനകവും, ആദർശദീപ്തവും, പ്രത്യാശാസുരഭിലവും, ശ്രവണപീയൂഷവും, ഹൃദയവർജകവുമായ പ്രസംഗത്തെ, ഉള്ളതിലും കുറച്ചുകൂടി അധികം ഭംഗിയാക്കി ഞാൻ മലബാറിലെ എല്ലാ പത്രങ്ങളിലേയ്ക്കും അയച്ചുകൊടുത്തു പ്രസിദ്ധം ചെയ്യിച്ചിട്ടുണ്ടു്. വിവാഹവിഷയത്തിൽ ഭവതി നിർദ്ദേശിച്ച പദ്ധതി ഏറ്റവും അനുകരണീയമാണെന്നാണു് ഈ ലേഖകന്റെ എളിയ അഭിപ്രായം. അതിനെ കഴിയുന്നേടത്തോളം പ്രായോഗികമാക്കുവാനുള്ള ഒരു കാര്യപരിപാടിയിൽ ഭവതിയുടെ നടപടി തന്നെ ആദ്യത്തെ ഇനമാക്കിത്തീർക്കുന്നതിൽ എന്താണു് വൈഷമ്യം? ഇക്കാര്യത്തിൽ നാട്ടുകാർക്കു് അനുഭാവമുണ്ടാക്കിത്തീർക്കേണ്ടതിന്നു് ഒരു പ്രചരണവേല നടത്തുവാനാവശ്യമായ ഒരു പരിപാടിയെ രൂപവൽക്കരിയ്ക്കുന്നതിന്നു വേണ്ടി ഒരു പദ്ധതിയെ ശരിപ്പെടുത്തുവാൻ സ്ഥലത്തെ യുവജനങ്ങൾ ഏതാനും മഹിളകളുടെ സഹായത്തോടുകൂടി അശ്രാന്തപരിശ്രമം ചെയ്തുവരുന്നുണ്ടെന്നുള്ള സന്തോഷവാർത്തയെ ഭവതിയെ അറിയിയ്ക്കുവാൻ കഴിയുന്നതിനെക്കുറിച്ചു് ഈ ലേഖകന്നു് പ്രത്യേകവും അകൈതവവും സവിശേഷവുമായ കൃതാർത്ഥതയുണ്ടെന്നു് സാഭിമാനം രേഖപ്പെടുത്തിക്കൊള്ളുന്നു. ഭവതിയുടെ ഭാഗ്യപരിപൂർണ്ണമായ ഭർത്തൃപദവിയ്ക്കു് ഈ ലേഖകനെയും ഒരു അപേക്ഷകനായി കരുതുവാനപേക്ഷ. ഞാൻ കേരളത്തിലെ എല്ലാ പത്രങ്ങളുടെയും സ്വ. ലേ. ആണു്.
എന്നു്, വിധേയൻ
… …
ഇത്രയും ഇന്നേവരെ കിട്ടിയ എഴുത്തുകളാണെന്നു് സൗഭാഗ്യവതി അറിയിച്ചിരിയ്ക്കുന്നു. എനിയും ആരൊക്കെ എഴുതുമെന്നു് അറിയുന്നില്ല. ഇനി കിട്ടുന്നവ അടുത്ത ലക്കത്തിൽ പ്രസിദ്ധപ്പെടുത്തുന്നതാണു്.
സൗഭാഗ്യവതിക്കു് ഭർത്തൃസ്ഥാനാർത്ഥികളുടെ അസംഖ്യം ഹർജികൾ പിന്നേയും കിട്ടി. ഇപ്പോഴും അവ വന്നുകൊണ്ടേയിരിയ്ക്കുന്നു എന്നാണു് അറിയുന്നതു്. ഈ ഹരജിവരവു് ഇങ്ങിനെതന്നെ നിലനിന്നുപോവുകയാണെങ്കിൽ അവയെത്തടയുവാൻ മേട്ടൂർ അണക്കെട്ടിനെക്കാൾ വലിയ ഒരു അണതന്നെ കെട്ടേണ്ടിവന്നേയ്ക്കുമോ എന്നു് സൗ. ഭയപ്പെട്ടുതുടങ്ങിയിരിയ്ക്കുന്നു. തിരുവാതിര ഞാറ്റുവേലയിലെ മഴ പോലെ, മി. സത്യമൂർത്തിയുടെ പ്രസംഗംപോലെ, ചിത്രമെഴുത്തു കെ. എം. വർഗ്ഗീസ്സവർകളുടെ ഗദ്യകവിതപോലെ, ശ്രീ. ചങ്ങമ്പുഴയുടെ മൃദുലളിതസരളകോമളപദകോലാഹലം പോലെ, ധാരമുറിയാതെ, പ്രതിബന്ധമില്ലാതെ, പ്രയാസമില്ലാതെ, ഒരേ അർത്ഥത്തോടുകൂടി അവ ഒഴുകിവരുന്നു. അവയുടെ സഹസ്രാംശംപോലും പകർത്തിയാൽ ‘സഞ്ജയ’ന്റെ ഈ ലക്കവും അടുത്ത ഒരു ഡസൻ ലക്കങ്ങളും നിറഞ്ഞുവഴിയും. അതുകൊണ്ടു്, വിഷുക്കണി—സാമ്പിൾ ന്യായപ്രകാരം ഏതാൻ ചിലവയെക്കൂടിമാത്രം താഴെ പകർത്തി ഞാൻ വിരമിച്ചേക്കാം.
ഇത്തവണ കവിതൂലികകളുടെ വിളയാട്ടങ്ങൾക്കാണു് ഞാൻ പ്രാധാന്യം കൊടുക്കുവാൻ പോകുന്നതു്. ആദ്യം അരങ്ങേറുന്നതു് ഒരു ഗദ്യകവിയുടെ പ്രേമലേഖനമാണു്. നോക്കുവിൻ.
“പാറക്കെട്ടിലുമുണ്ടു് നീരുറവു്; ചട്ടുകക്കള്ളിയ്ക്കുമുണ്ടു് പൂവു്; പിണ്ണാക്കിലുമുണ്ടു് മാധുര്യം; കരിങ്കാറിലുമുണ്ടു് തൂമിന്നൽ; സർപ്പശിരസ്സിലുമുണ്ടു് മാണിക്യമണി; വിപ്ലവകവിതയിലുമുണ്ടു് നല്ല വരികൾ; രൂക്ഷനായ പൂച്ചയിലുമുണ്ടു് സൗമ്യനായ എലി; എന്നിലുമുണ്ടു് നീ.
ഒരു പൊൻവീണ ഒരു കരാംഗുലിയുടെ സപ്രേമലാളനത്തെ പ്രതീക്ഷിക്കുകയാണു്; ചുട്ടെരിയുന്ന ഒരു മരുപ്പറമ്പു് സ്വർഗ്ഗീയമായ ശീതശീകരസ്പർശത്തെ കാങ്ക്ഷിച്ചു എരിപൊരിക്കൊള്ളുന്ന മാർവിടത്തെ നീലനഭസ്സിന്നു തുറന്നുകാട്ടുകയാണു്; ഒരു ഗ്രാമഫോൺ റിക്കാർഡിലെ സംഗീതം സൗണ്ട്ബോക്സിന്റെ സമ്മേളനംകാത്തു ക്ഷമയില്ലാതെ വട്ടം ചുറ്റുകയാണു്; ഒരു പാഴ്മഞ്ഞിൻതുള്ളി തൂമുത്തായിത്തീരുവാൻ അരുണകിരണപ്രവേശനത്തിനു് നോമ്പുനോറ്റു ഞാന്നു കിടക്കുകയാണു്; ഈ സെറ്റുകളിൽ ആദ്യത്തേതൊക്കെ ഞാനാണു്, രണ്ടാമത്തേതൊക്കെ നീയാണു്.
അതിന്റെ പ്രത്യുഷപവനൻ തലോടിയപ്പോഴാണു് എന്റെ പ്രത്യാശമുകുളം വിരിഞ്ഞതു്; അതിന്റെ കിരണകുന്ദളങ്ങൾ ചുംബിച്ചപ്പോളാണു് എന്റെ നിരാശാതമസ്സു് ഒഴിഞ്ഞുമാറിയതു്; അതിന്റെ കളകോമളകൂജനത്താലാണു് ഏകാന്തമായ എന്റെ ഹൃദയത്തിലെ നിശ്ശബ്ദതയിൽനിന്നു് മാറ്റൊലി പുറപ്പെട്ടതു്; അതിന്റെ കൊടുങ്കാറ്റടിച്ചപ്പോളാണു് എന്റെ അന്യഥാശങ്കാശഷ്പങ്ങൾ പാറിപ്പോയതു്; ‘അതു’ നിന്റെ പ്രസംഗം— അതെ, ആ ദിവ്യവാഗ്ദ്ധാര- ആയിരുന്നു.
ഓമനേ! എന്റെ അപേക്ഷയാകുന്ന ഈ മഴത്തുള്ളി നിന്റെ കൃപയാകുന്ന ആ മുത്തുച്ചിപ്പിയിൽത്തന്നെ പോയി വീഴുകയില്ലേ? ഈ ഹിമരശ്മിനിപാതം ആ ചന്ദ്രകാന്തത്തെ അലിയിക്കുകയില്ലേ? ഈ കല്ലേറു് ആ മാമ്പഴത്തെ താഴെ വരുത്തുകയില്ലേ?
ഹാ, വീണാൽ—അലിയിച്ചാൽ—വരുത്തിയാൽ—ഭൂമി സ്വർഗ്ഗം; ഞാൻ ദേവൻ; കോഴിക്കോടു് മുനിസിപ്പാലിറ്റി അമരാവതി; ഈ കസാല സിംഹാസനം; പിണ്ണക്കു് ജിലേബി; മണ്ണങ്കട്ട റവ ലഡു; എന്റെ പാചകൻ നളൻ; സർവ്വം ആനന്ദം, പരമാനന്ദം.
ഹ, ഹ, വീണില്ലെങ്കിൽ—അലിഞ്ഞില്ലെങ്കിൽ—വരുത്തിയില്ലെങ്കിൽ—ഭൂമി നരകം; ഞാൻ നരകകൃമി; കാച്ചിക്കുറുക്കിയ പാൽ കലർപ്പില്ലാത്ത കാകോളം; പനിനീരു് പീനാറി; പകൽ രാത്രി, രാത്രി പകൽ; രാമായണം രാവണായനം; കസ്തൂരി ചാണകം; എല്ലാം അബദ്ധം, അപകടം, അക്ലീമം, നോൺസെൻസു്, കുതിരവട്ടം.
എന്നു്, അനുകൂലമായ മറുപടിയുണ്ടാകുമെന്നറിയിച്ചാൽ മാത്രം പേരു പറയുവാൻ തീർച്ചപ്പെടുത്തിയിരിയ്ക്കുന്ന നിന്റെ ചരണൈകശരണൻ.”
ഗദ്യകവിക്കു് ബുദ്ധി കടുകട്ടിയാണെന്നു് അവസാനത്തെ വാചകം തെളിയിക്കുന്നുണ്ടല്ലോ. എനി പഴയ വെണ്മണിപ്രസ്ഥാനക്കാരനായ ഒരു കാർണോപ്പാടു് നന്നെ വിഷമിച്ചു് തലകാഞ്ഞ് കുത്തിക്കുറിച്ചയച്ച അപേക്ഷാഹർജി നോക്കുക:
“കൂടും കോപേന സിംഹത്തലവനിടിരവം
പോലെ ഗർജ്ജിച്ചു പിന്നിൽ-
ക്കൂടുന്നേരം ‘കഴിഞ്ഞു കഥ’യിതി കരുതി
ക്കാറ്റു തോൽക്കുന്ന മട്ടിൽ
ചാടും മാൻകുഞ്ഞു നാണിച്ചിടയിടെ
നെടുവീർപ്പിട്ടു നിന്നീടുമാറാ-
യീടും നിൻ നോട്ടമയ്യോ, ശിവ, മമ ഹൃദയേ
ഹന്ത! ചെന്തീയ്യുപോലായ്!!
ആ പ്രസംഗമതു കേട്ടനാൾമുതൽ
ത്വല്പ്രസക്തമതിയായി ഞാനെടോ!
അപ്രമേയഗുണപൂർണ്ണയായ നിൻ
വിപ്രലംഭമിവനെത്തുലയ്ക്കയായ് ?
ഊണിൽക്കാണുവതില്ല തെല്ലു രുചി മേ;
പൊയ്പോയുറക്കം, പ്രിയേ!
ക്ഷീണിക്കുന്നു ശരീരമിങ്ങനുദിനം;
വർദ്ധിപ്പൂ വൈക്ലബ്യവും;
കാണിക്കും കുറയുന്നതില്ല ഹൃദയേ
കാഠിന്യമെന്നാകിൽ, നിൻ
കോണിക്കൽ ശവമൊന്നു കാണുമൊരുനാൾ;
ഞാൻ തന്നെയാമാശ്ശവം!
നിറഞ്ഞ സൽകാന്തിസരോമരാളികേ!
മറന്നിടൊല്ലെന്നെ മനോഹരാളകേ!
പറഞ്ഞു ഞാനെൻ കഥ; നീ തുണയ്ക്കുകിൽ
കുറഞ്ഞുപോമെൻ വ്യഥ, പൊന്നുതങ്കമേ!”
വിഷാദാത്മകന്മാരും വെറുതേയിരുന്നില്ല. അവരുടെ ഇടയിൽനിന്നു് വന്ന അറുനൂറിൽച്ചില്വാനം ഹർജികളിൽനിന്നു താഴേ ചേർക്കുന്ന ‘ഓമനക്കുട്ട’വിലാപമാണു് സൗഭാഗ്യവതി തിരഞ്ഞെടുത്തയച്ചിരിയ്ക്കുന്നതു്. വാസ്തവത്തിൽ അതു മുഴുവൻ വായിച്ചു തീർക്കുവാൻ എനിക്കു സാധിച്ചിട്ടില്ല; പകുതി വായിക്കുമ്പോഴേക്കും കണ്ണീരുകൊണ്ടു് ഞാൻ അന്ധനായിപ്പോയിരിയ്ക്കുന്നു. ഇടത്തേകൈയിൽ ഉറുമാൽ പിടിച്ചുകൊണ്ടുമാത്രമേ നിങ്ങളിതു വായിക്കാൻ തുടങ്ങാവൂ, അല്ലെങ്കിൽ കണ്ണുനീർ വീണു സഞ്ജയന്റെ പെയ്ജ് വഷളാവും. വിഷാദാത്മകൻ ഇങ്ങിനെ മോങ്ങി:
“ഖിന്നനാമെന്റെ മുന്നിലായ് ശുദ്ധ-
ശുന്യത വാ പിളർത്തുന്നൂ;
കാണ്മതില്ലൊന്നുമന്ധകാരത്താൽ;
കണ്മിഴി; ഹാ! മേ വ്യർത്ഥമായ്;
ഓമനേ, നിന്നെക്കാമിക്കുംമുൻപേ-
യീ മട്ടിലാണെൻ കണ്ടീഷൻ;*
ആയതിൻശേഷമീയവസ്ഥയ്ക്കു-
ണ്ടായ കാഠിന്യം ഭീകരം!
എന്തിന്നാഹാര? മെന്തിന്നു വെള്ള?
മെന്തിന്നു കാറ്റു പോലും, ഹാ?
എന്തിന്നു മാന? മെന്തിന്നു ജീവൻ
ബന്ധുരപ്രേമം പോരയോ?
ആച്ചരക്കിന്നു നിന്റെ കയ്യിൽത്താൻ
സച്ചരിതേ, ഞാൻ കാണുന്നു.
ആ വിശുദ്ധമാം പ്രേമം തീർത്തിടു-
മീ വിഷാദാത്മകത്വത്തെ
നീയതു തന്നാൽ നാലു നാളത്തെ
ക്കീയിവം പിന്നെത്തൃപ്തനാം!”
മലയാളസാഹിത്യത്തിന്റെ ദയനീയസ്ഥിതിയോർത്തു്, അതിനെ ഈ ഒരു വിഷാദാത്മകനിൽനിന്നെങ്കിലും രക്ഷിക്കുവാനായി, പ്രസ്തുതദേഹം കൈമലർത്തിയിരിക്കുന്ന “നാലുനാളത്തെ തൃപ്തി” അയാൾക്കു് കൊടുത്തേക്കുവാൻ പി.എസ്സു്. സൗഭാഗ്യവതിയോടഭ്യർത്ഥിക്കുന്നു. അതു സൗഭാഗ്യവതിയുടെ സോവിയറ്റു് ആദർശങ്ങൾക്കു് വിരുദ്ധവുമല്ലല്ലോ! കേരളത്തിലെ എല്ലാ ഓമനകൾക്കും അങ്ങിനെ ചെയ്യാനുള്ള ദയയുണ്ടായിരുന്നെങ്കിൽ ഈ ആഭാസന്മാരുടെ വിഷാദത്തിന്റെ പൈച്ഛില്യം സാഹിത്യത്തിൽ നിന്നൊഴിയുകയും ചെയ്യും.
മിസ്റ്റിക്കു് കവികളുടെ ഹർജികളും കുറെ വന്നിട്ടുണ്ടു്. ഒന്നിതാ:
“നിർന്നിമേഷങ്ങളായ് വാനിൽ
രാക്കണ്ണുകൾ വിളങ്ങവേ;
ചന്ദ്രോദയം പ്രതീക്ഷിച്ചു
വാരാർന്നിധിയിരമ്പവേ;
പുത്തൻചെമ്പനിനീർപ്പൂവിൻ
ചുറ്റും സംഭ്രാന്തചിത്തനായ്
ഒരു വണ്ടു പറക്കുന്നൂ
കൂരിരുൾച്ചെണ്ടു പോലവെ;
വിളക്കു കെട്ടുപോയെന്റെ
തോണി നീങ്ങുന്നതില്ല, ഹാ?
വിരിഞ്ഞതില്ല പൂവിന്നും
വണ്ടു മൂളി വൃഥൈവ താൻ
രാത്രി പോകുന്നു മുന്നോട്ടു
പ്രത്യുഷസ്സിന്റെ പൂങ്കവിൾ
ചുംബിപ്പാൻ കൊതി പൂണ്ടേറ്റ-
മിന്ദു കണ്ണീർ പൊഴിയ്ക്കവേ!…
(കുറിപ്പു്:
പുറാട്ടു് പറയുംപോലെ
തോന്നുമെങ്കിലുമിന്നിതിൽ
മിസ്റ്റിക്കർത്ഥമൊളിയ്ക്കുന്നൂ;
തൈക്കുണ്ടിൽ കള്ളനെന്ന പോൽ)”
അങ്ങിനെ മിസ്റ്റിസിസം. ഗവർമ്മേണ്ടിന്റെ സമസ്ത ഡിപ്പാർട്ട്മെന്റുകളിലേയ്ക്കും, കമ്പനികളിലേയ്ക്കും, മറ്റും മറ്റുമായി ബി.എ. പരീക്ഷ പാസ്സായതിന്നുശേഷം അയ്യായിരത്തില്പരം അപേക്ഷാഹർജികളെഴുതിയയച്ച്, കൈ തഴമ്പിച്ച്, ഒരു ദിക്കിലും ഒരെത്തും പിടിയും കിട്ടാതെ ഉഴന്നു് ഉഴലൂരായിക്കഴിയുന്ന ഒരു ഉദ്യോഗസ്ഥാനാർത്ഥിയുടെ ഹർജികൂടി കീഴെ പകർത്തുന്നു.
“ബഹുമാനപ്പെട്ട ശ്രീമതി,
നിങ്ങളുടെ ഭർത്തൃപദവി ഒഴിവാണെന്നും ആ ഉദ്യോഗത്തിലേക്കു് അടുത്തൊരാളെ നിയമിയ്ക്കുവാനിടയുണ്ടെന്നും അറിയുകയാൽ എന്നെയും അതിലേയ്ക്കു് ഒരു സ്ഥാനാർത്ഥിയായി കരുതുവാൻ അപേക്ഷിയ്ക്കുന്നു.
ഞാൻ പാലക്കാട്ടു താലൂക്കിലെ ഏറ്റവും പുരാതനമായ ഒരു നായർത്തറവാട്ടിലെ അംഗമാണു്. എന്റെ നാലു് അമ്മാവന്മാരും രണ്ടു ജ്യേഷ്ഠന്മാരും കേൾവിപ്പെട്ട തറവാടുകളിൽ സംബന്ധം ചെയ്തവരായി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടു്. എന്റെ ഈയിടെ ആത്മഹത്യ ചെയ്ത ഒരു അമ്മാമന്റെ ഭാര്യ സോവിയറ്റുറഷ്യയിൽ പോയി തിരിച്ചുവന്ന ഒരു മഹതിയാണെന്നുകൂടി നിങ്ങളെ സവിനയം അറിയിച്ചുകൊള്ളുന്നു.
ഞാൻ ഇരുപത്തേഴു വയസ്സായ ഒരു അരോഗദൃഢഗാത്രനും, സ്വഭാവത്തെയും നടപടിയെയും സംബന്ധിച്ചെടത്തോളം നിർദ്ദോഷിയുമാണു്.
1928-ൽ ഞാൻ ചരിത്രം ഐച്ഛികവിഷയമായെടുത്തു ബി.എ. പരീക്ഷ പാസ്സായിട്ടുണ്ടു്. അതിന്നുശേഷം ഇതുവരെ ഉദ്യോഗത്തിന്നുവേണ്ടി നിരന്തരപരിശ്രമം ചെയ്തിട്ടുമുണ്ടു്. വിവാഹാനന്തരവും പ്രസ്തുത അന്വേഷണം കയ്യൊഴിയ്ക്കുവാൻ ഞാൻ കരുതുന്നില്ലെന്നു മാത്രമല്ല, അക്കാര്യത്തിൽ കുറെക്കൂടി ഉത്സാഹം കാണിയ്ക്കുവാൻ ഇടയുള്ളതുമാണു്.
നിങ്ങൾ എന്നെ ഭർത്താവായി സ്വീകരിയ്ക്കുന്നപക്ഷം, അചഞ്ചലമായ പ്രണയവും, എതിർ വാക്കില്ലാത്ത അനുസരണവും മുഖേന നിങ്ങളെ പ്രസാദിപ്പിയ്ക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്വാൻ ഞാൻ സദാ സന്നദ്ധനായിരിയ്ക്കുമെന്നു കൂടി നിങ്ങളെ സവിനയം ബോധിപ്പിച്ചു കൊള്ളുന്നു.
യാതൊരു ജോലിയുമില്ലാതെ സമയം കഴിയ്ക്കുന്ന എന്റെ പേരിൽ നിങ്ങൾ ദയാദൃഷ്ടി പതിപ്പിയ്ക്കണമെന്നു് ഞാൻ ഒരു തവണകൂടി ഏറ്റവും വണക്കമായി പ്രാർത്ഥിച്ചുകൊള്ളുന്നു.
എന്നു്,
പ്രതീക്ഷാപരമായ നന്ദിയോടുകൂടി;
നിങ്ങളുടെ ഏറ്റവും വിശ്വസ്തഭൃത്യൻ,
… …(ബി.എ)
സൗഭാഗ്യവതി ഇവരിൽ ആരെ നിശ്ചയിക്കുമെന്നാരു കണ്ടു? “സ്ത്രീണാഞ്ച ചിത്തം പുരുഷസ്യ ഭാഗ്യം” എന്നല്ലവാ?

പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണു് സഞ്ജയൻ. സഞ്ജയൻ എന്നതു് തൂലികാനാമമാണു്, യഥാർത്ഥനാമം മാണിക്കോത്തു് രാമുണ്ണിനായർ (എം. ആർ. നായർ) എന്നാണു്. (ജനനം: 1903 ജൂൺ 13 – മരണം: 1943 സെപ്റ്റംബർ 13). തലശ്ശേരിക്കടുത്തു് 1903 ജൂൺ 13-൹ ജനിച്ചു. തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി. എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ടു്.
1903 ജൂൺ 13-൹ തലശ്ശേരിക്കടുത്തു് ഒതയോത്തു് തറവാട്ടിൽ മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണു് സഞ്ജയൻ ജനിച്ചതു്. പിതാവു് തലശ്ശേരി ബാസൽ മിഷൻ ഹൈസ്കൂളിൽ മലയാളപണ്ഡിതനായിരുന്നു. കടത്തനാട്ടു രാജാവു് കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു വൈദ്യർ എന്നതു്. കവിയും ഫലിതമർമ്മജ്ഞനും സംഭാഷണചതുരനുമായിരുന്ന കുഞ്ഞിരാമൻ വൈദ്യർ 42-ാം വയസ്സിൽ മരിച്ചുപോയി. അച്ഛന്റെ കാലശേഷം രാവുണ്ണിയും സഹോദരങ്ങളും മാടാവ് വിട്ടു് ഒതയോത്തേക്കു തിരിച്ചുപോന്നു.
വൈദ്യരുടെ രണ്ടാമത്തെ പുത്രനായിരുന്നു രാമുണ്ണി. രണ്ടു വയസ്സിനു മൂപ്പുള്ള, മൂത്തമകൻ കരുണാകരൻ നായർ റവന്യൂ വകുപ്പിൽ തഹസീൽദാരായിരുന്നു. നല്ല കവിതാവാസനയുണ്ടായിരുന്ന കരുണാകരൻ നായർ രാമുണ്ണി നായർ മരിക്കുന്നതിനു് ഒന്നര വർഷം മുമ്പേ മരിച്ചുപോയി.
എം. ആറിന്റെ ഇളയ സഹോദരിയായിരുന്നു പാർവ്വതി എന്ന പാറുക്കുട്ടി. എം. ആറിനു വളരെയധികം വാത്സല്യമുണ്ടായിരുന്ന അനുജത്തിയെ പി. കുട്ടി എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നതു്. കോഴിക്കോട്ടു സാമൂതിരി ഹൈസ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന പി. കുഞ്ഞിരാമൻ നായരായിരുന്നു പാറുക്കുട്ടിയുടെ ഭർത്താവു്.
വൈദ്യരുടെ അകാലചരമത്തിനുശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ, വേണ്ടപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങി സഞ്ജയന്റെ അമ്മ, പിണറായി പുതിയവീട്ടിൽ ഡോ. ശങ്കരൻ നായരെ പുനർവിവാഹം ചെയ്തു. ഇങ്ങനെ കുഞ്ഞിശങ്കരൻ, ബാലകൃഷ്ണൻ, ശ്രീധരൻ എനീ പേരുകളിൽ മൂന്നു് അനുജന്മാരെക്കൂടി രാമുണ്ണിയ്ക്ക് ലഭിച്ചു.
തലശ്ശേരി ബ്രാഞ്ച് സ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലാണു് പഠിച്ചതു്. 1919-ൽ പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ദേഹം ഇന്റർമീഡിയറ്റിനു ചേർന്നു.
1927-ൽ ലിറ്ററേച്ചർ ഓണേഴ്സ് ജയിച്ച സഞ്ജയൻ 1936-ലാണ് പ്രശസ്തമായ “സഞ്ജയൻ” എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നതു്. 1938 മുതൽ 1942 വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്താണു് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നതു്. 1935 മുതൽ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികൾ സാഹിത്യനികഷം (രണ്ടു് ഭാഗങ്ങൾ), സഞ്ജയൻ (ആറു് ഭാഗങ്ങൾ), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവർത്തനം) തുടങ്ങിയവയാണു്. അദ്ദേഹത്തിന്റെ സഞ്ജയോപഖ്യാനമെന്ന കവിതയും പ്രസിദ്ധമാണു്. കുഞ്ചൻ നമ്പ്യാർക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണു് സഞ്ജയൻ അറിയപ്പെടുന്നതു്. കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പരിഹാസപ്പുതുപനിനീർച്ചെടിക്കെടോ ചിരിയത്രേ പുഷ്പം, ശകാരം മുള്ളു താൻ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
1943 സെപ്റ്റംബർ 13-൹ കുടുംബസഹജമായിരുന്ന ക്ഷയരോഗം മൂർച്ഛിച്ചു് അന്തരിച്ചു.