(കുറിപ്പു്: പതിനെട്ടു വയസ്സിനു കീഴേയുള്ള വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും ഇതു വായിക്കാൻ പാടുള്ളതല്ല. രക്ഷിതാക്കന്മാർ വളരെ സൂക്ഷിക്കണം. വായിച്ചുപോയാൽ പിന്നീടു് ഉണ്ടായേക്കാനിടയുള്ള യാതൊരു അനിഷ്ടസംഭവങ്ങൾക്കും ലേഖകൻ ഉത്തരവാദിയായിരിക്കുന്നതല്ല. പത്രാധിപർ ഉത്തരവാദിത്വം എടുക്കുന്നുണ്ടെങ്കിൽ അതു് അദ്ദേഹത്തിന്റെ ഇഷ്ടം. ഞാൻ പറയേണ്ടതു പറഞ്ഞു— പി. എസ്.)
ചെറിയ കുട്ടികൾക്കു പഠിക്കുവാൻവേണ്ടി പാഠപുസ്തകങ്ങളിൽ സാന്മാർഗിക കഥകളെഴുതുന്ന ജനദ്രോഹികളെ നിങ്ങളാരെങ്കിലും അറിയുമെങ്കിൽ അവരുടെ പേരും മേൽവിലാസവും ദയചെയ്തു് എന്നെ അറിയിച്ചുതന്നാൽ നന്നായിരുന്നു. എനിക്കു് അവരോടു ചില കാര്യങ്ങൾ ‘ഓപ്പ’നായി പറയുവാനുണ്ടു്. അവർക്കതു രസിക്കുകയില്ലായിരിക്കും. വേണ്ട; മറ്റുള്ളവരുടെ രസവും രസക്കേടും നോക്കിയാൽ എങ്ങനെയാണു് ഹേ, പൊതുജനസേവനം നടക്കുക?
ഈ കൂട്ടർ എഴുതുന്ന കഥകളുടെ അടിയിലോ, മേലെയോ, വിഷയാനുക്രമണിയിലോ, ഫുട്ട്നോട്ടിലോ, അവർ പേരു വെക്കാറില്ല. കുട്ടികളെ പേടിച്ചിട്ടാണു് അവർ അങ്ങനെ ചെയ്യാത്തതെന്നു കേചിൽ (ചിലർ) ശങ്കിരേ (ശങ്കിക്കുന്നു); അല്ലാതെ സഞ്ജയനെപ്പോലെ, കീർത്തിക്കു് ആഗ്രഹമില്ലാത്തതുകൊണ്ടാണെന്നു് അഹം (ഞാൻ) ന മന്യേ (വിചാരിക്കുന്നില്ല).
എത്ര അത്യാപത്തിന്റെ വിത്തുകളാണു് ഈ മഹാപാപികൾ വിതച്ചിട്ടില്ലാത്തതു്! ഞാൻ ആറാംക്ലാസ്സിൽ പഠിക്കുന്ന കാലത്തു്, അന്നത്തെ പാഠപുസ്തകത്തിൽ—അന്നൊക്കെ ‘ഈ മാർസ്ഡൻ സായ്വവർകൾ ചമച്ച മാക്മില്ലൻ എന്നവരുടെ ദേശഭാഷാപുസ്തകങ്ങൾ’ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നാണെങ്കിൽ ആകെയുള്ള കുട്ടികളേക്കാളധികം പാഠപുസ്തകാവലികളുണ്ടു്. അതിരിക്കട്ടെ—അന്നത്തെ പാഠപുസ്തകത്തിൽ ജോർജ്ജ് വാഷിങ്ടൺ നേരുപറഞ്ഞ കഥയുണ്ടായിരുന്നു.
കഥ നിങ്ങളറിയുമല്ലോ. ജോർജ്ജ് വാഷിങ്ടൺ കുട്ടിയായിരുന്നപ്പോൾ അയാളുടെ (മുതിർന്നവരേയും നരിയേയും കുട്ടികളേയും കത്തിയേയും പറ്റിയുള്ള പഴഞ്ചൊല്ലു നിശ്ചയമില്ലാതിരുന്ന) അച്ഛൻ ആ മനുഷ്യനു് ഒരു പേനക്കത്തി വാങ്ങിക്കൊടുത്തു. അച്ഛൻ പുറത്തുപോയ തഞ്ചം നോക്കി മകൻ അച്ഛന്റെ ഒരു ഓമനമരം (ഫേവറിറ്റ് ട്രീ) മുറിച്ചുകളഞ്ഞു. അച്ഛൻ വന്നു് ‘ആരാണിതു ചെയ്തതെന്നു് അട്ടഹസിച്ചപ്പോൾ മകൻ ഓടിച്ചെന്നു (ഞാനാണു് അച്ഛാ ചെയ്തതെന്നു് പറഞ്ഞു. അച്ഛൻ സന്തോഷിച്ചു. തനിക്കു് ഇങ്ങനെ നേരുപറയുന്ന ഒരു കൂട്ടി ജനിച്ചതിനെപ്പറ്റി അദ്ഭുതപ്പെട്ടു മകന്റെ ചെവി പിടിച്ച ആകാശം കാണിക്കുകകൂടി ചെയ്തില്ല. പിന്നീടു് ജോർജ്ജ് വാഷിങ്ടൺ അമേരിക്കയിലെ പ്രസിഡന്റായി. അങ്ങനെയൊരു കഥ.
ഈ കഥയെക്കുറിച്ചു ‘നല്ല കഥ’ എന്നു നിങ്ങൾ പറയും; ഇല്ലേ? നിങ്ങൾക്കു വിവരമില്ലാഞ്ഞിട്ടാണു് അങ്ങനെ പറയുന്നതു്. ശൃണു; എന്റെ ക്ലാസ്സിൽ ഒരു കുട്ടിയുണ്ടായിരുന്നു. ശങ്കരനെന്നോ, നാരായണനെന്നോ, വാസുദേവനെന്നോ മറ്റോ ആണു് പേർ. ഈ കഥ മാസ്റ്റർ വായിച്ചു് സത്യത്തിന്റെ മാഹാത്മ്യത്തെപ്പറ്റിയും മറ്റും ബഹുകേമമായി വിവരിച്ചു.
രാമനോ, കൃഷ്ണനോ, അച്യുതനോ, ഗോവിന്ദനോ ആയ നമ്മുടെ കഥാനായകൻ ഇതൊക്കെ കേട്ടു വിശ്വസിച്ചു; പലതും മനസ്സിലാക്കി; ചിലതു് ഉറപ്പിച്ചു വീട്ടിലേക്കു് ഓടി.
സത്യം പറയുന്നതിൽ ഒരു പേരെടുക്കണമെന്നു് ആ കരുണാകരനോ, പാലനോ, മാധവനോ, ദാമോദരനോ തീർച്ചപ്പെടുത്തി. ആ വിദ്വാന്റെ അച്ഛൻ അന്നു വൈകുന്നേരം നഗരം സന്ദർശിക്കുവാൻ തീർച്ചപ്പെടുത്തിയിരുന്ന സംസ്ഥാനഗവർണർക്കു സമർപ്പിക്കുവാൻവേണ്ടി ചങ്ങലംപരണ്ടനിവാസികളുടെ വകയായി, പട്ടിൽ അച്ചടിപ്പിച്ച അതിഭംഗിയുള്ള ഒരു മംഗളപത്രം കണ്ണാടിക്കൂട്ടിലാക്കി അലമാരിയിൽ വെച്ചു പൂട്ടിയിട്ടുണ്ടായിരുന്നു. നമ്മുടെ ചന്തുവോ, ചാത്തുവോ, കോമനോ, കോമപ്പനോ എങ്ങനെയോ ആ അലമാരി തുറന്നു പ്രസ്തുത മംഗളപത്രമെടുത്തു് ഇരുമ്പുലക്കകൊണ്ടു തച്ചുടച്ചു. വലിച്ചുചീന്തി, അടുപ്പിലിട്ടു കരിച്ചുപുകച്ചു സത്യം പറയുവാൻവേണ്ടി അച്ഛൻ വരുന്നതും കാത്തുനിന്നു.
മൂന്നു മണിക്കു് അച്ഛൻ കോടതിയിൽ നിന്നെത്തി. അഞ്ചു മണിക്കാണു് ഗവർണറുടെ ദർബാർ. അദ്ദേഹം ചായ കുടിച്ചു. ഉടുപ്പു മാറ്റി. കണ്ണാടി നോക്കി ടൈ നേരെയാക്കി. വണ്ടി വന്നുനിന്നു. മംഗളപത്രം എടുപ്പാൻ വേണ്ടി അലമാരി തുറന്നു. കണ്ടില്ല. തിരയലായി. നിയമപുസ്തകങ്ങൾ മുഴുവൻ വലിച്ചു താഴെയിടുകയായി. പലതും അട്ടിമറിഞ്ഞു. പലതും പൊളിഞ്ഞു ഛിന്നഭിന്നമായി. ഓട്ടവും ചാട്ടവുമായി. നിലവിളിയും ശകാരവുമായി. വീടു മുഴുവൻ ഭൂകമ്പമായി. വക്കീലിനു്—അദ്ദേഹം ചങ്ങലംപരണ്ടയോടു തൊട്ടുകിടക്കുന്ന ഉഴലൂർ മുനിസിപ്പാലിറ്റിയിലെ ചേർമാനായിരുന്നു—അദ്ദേഹത്തിനു തനി ഭ്രാന്തായി.
ഈ ഘട്ടത്തിലാണു നമ്മുടെ ജനാർദ്ദനനോ, ഗോപിനാഥനോ, കോന്തുവോ, കോവുണ്ണിയോ, ജോർജ്ജ് വാഷിങ്ടണെപ്പോലെ ഒരു പച്ചച്ചിരിയും ചിരിച്ചുകൊണ്ടു് അച്ഛന്റെ മുൻപാകെ ഹാജരായതു്. മകന്റെ അവസരരഹിതമായ ചിരി അച്ഛനു തീരേ പിടിച്ചില്ല. ‘നീ എന്താ കഴുതേ, ഇളിക്കുന്നതു്? ആ മംഗളപത്രമെവിടെപ്പോയി? നീ കണ്ടുവോ?’ എന്നു് ചേർമാൻ അലറി.
ജോർജ്ജ് വാഷിങ്ടണെ ധ്യാനിച്ചുകൊണ്ടു ഗംഗാധരനോ, കോരുവോ, കോരപ്പനോ, ദിവാകരനോ ഇങ്ങനെ പറഞ്ഞു: ‘അച്ഛാ, എനിക്കു കളവു പറയാൻ കഴിയുകയില്ല. വലിയമ്മ വെറ്റിലയിടിക്കുന്ന ഇരുമ്പുലക്കകൊണ്ടു ഞാനാണച്ഛാ, ആ മംഗളപത്രം ഉടച്ചു്, അച്ഛനു ചായയുണ്ടാക്കുവാൻവേണ്ടി ജ്വലിപ്പിച്ച തീയിലിട്ടു കരിച്ചതു്.’
അച്ഛനു് ആദ്യം കാര്യം മനസ്സിലായില്ല. തന്റെ മകനു ഭ്രാന്തായിപ്പോയെന്നാണു് ആ ശുദ്ധൻ വിചാരിച്ചതു്. പിന്നീടു് പൊട്ടിയ ചില്ലും കരിഞ്ഞ മംഗളപത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടപ്പോൾ എല്ലാം മനസ്സിലായി. മഹാകവി ഉള്ളൂർ പറഞ്ഞതുപോലെ, ‘ശേഷമുൾബലമുണ്ടെങ്കിൽ നിനച്ചുകൊള്ളുവിൻ!’
കേളുവിനോ, കുഞ്ഞപ്പയ്ക്കോ, കുമാരനോ, സുകുമാരനോ അന്നു കൊണ്ട അടിക്കു് കൈയോ കണക്കോ, അതിരോ അളവോ, സീമയോ പരിധിയോ ഉണ്ടായിരുന്നില്ല. കൈയിൽ കിട്ടിയ സകല സാധനങ്ങൾകൊണ്ടും ആ സത്യവാൻ അടി പാസ്സായി. ഒടുക്കം രത്തൻലാലിന്റെ വലിയ വ്യാഖ്യാനത്തോടുകൂടിയ ‘ഇന്ത്യൻ പീനൽ കോഡു കൊണ്ടു് തലയ്ക്കു് ഒരു ഏറും കിട്ടി. അയൽവക്കകാരും, എന്റെ കാരണവരായിരുന്ന മരിച്ച ചാപ്പ്മാനും, കളരിയിലെ ഉണ്ണിക്കുറുപ്പും കൂടിയാണു് ഒടുക്കം ചേർമാനെ പിടിച്ചുനിർത്തിയതു്.
അതൊക്കെ സഹിക്കാം. കഥാനായകനായ കണ്ണനോ, കണ്ടുണ്ണിയോ, കുഞ്ഞുണ്ണിയോ, രാവുണ്ണിയോ പിന്നീടു് ലെജിസ്ലേറ്റീവ് അസംബ്ലി പ്രസിഡണ്ടായോ? ചങ്ങലംപരണ്ട അംശം അധികാരിയായോ? മാന്യസഹോദരരേ, ഇല്ല. ആ വിദ്വാൻ ഇപ്പോൾ പതിമൂന്നര ഉറുപ്പിക ശമ്പളത്തിൽ ഒരു മാന്യനും പോർട്ടറുമായി ദിനവൃത്തി കഴിക്കുകയാണ്.
ആ മനുഷ്യൻ അന്നു വലവെച്ചു പിടിച്ച അടി പരേതനായ കുറുപ്പു് മാസ്റ്ററുടെ കീഴിൽ പത്തു കൊല്ലം പഠിച്ച ആൾക്കു കിട്ടിയ അടിയുടെ ആകത്തുകയെടുത്താൽക്കൂടി, അതിലുമധികം ഉണ്ടായിരിക്കും. ക്ലാസ്സിൽ ബാക്കിയുണ്ടായിരുന്ന ഞങ്ങൾ ഇന്നും, മഹാത്മജിയെപ്പോലെയോ ഹരിശ്ചന്ദ്രനെപ്പോലെയോ വലിയ സത്യവാന്മാരൊന്നുമല്ലെങ്കിലും ഒരുവിധം പത്തിനെട്ടായി സത്യം പറഞ്ഞുകഴിച്ചു കൂട്ടിപ്പോരുന്നു. പക്ഷേ, പ്രസ്തുത അപ്പുവോ, ശ്രീധരനോ, കേശവനോ, കുങ്കനോ പിന്നീടു് ഇതുവരെ ഒരൊറ്റ നേരു പറഞ്ഞിട്ടില്ല. ആ വിദ്വാനു മതിയായിപ്പോയിപോലും. ഇത്രയധികം അടി കൊണ്ടിട്ടു് അമേരിക്കയിലെ പ്രസിഡന്റാവാത്തതാണു ഭേദമെന്നു് അയാൾ പറയുന്നു.
ഇതു നിങ്ങളുടെ സാന്മാർഗികപാഠങ്ങൾ ചെയ്യുന്ന തകരാറാണു്, ‘ധൈര്യശാലിയായ നാവികബാല’ന്റെ കഥ വായിച്ച ഒരു മനുഷ്യൻ അച്ഛന്റെ കല്പന കിട്ടാതെ മോട്ടോർകാർ വരുമ്പോൾ നടുനിരത്തിൽനിന്നു തെറ്റുകയില്ലെന്നു വിചാരിച്ചു നിന്നതിനാൽ ആ ധൈര്യശാലിയുടെ കാലുകൾ രണ്ടും അരഞ്ഞു ചമ്മന്തിപ്രായമായിപ്പോയി. ‘ ഗ്രാമത്തിലെ ചിറ സംരക്ഷിച്ച ബാല’ന്റെ കീർത്തി കൈക്കലാക്കണമെന്നു കരുതിയ മറ്റൊരു ത്യാഗി ഇടവഴിയുടെ വക്കിലുള്ള ഞണ്ടിൻമാളത്തെ അടച്ചുകൊണ്ടു് ഇരുന്നതിനാലുണ്ടായ അപകടം ഞാൻ രേഖപ്പെടുത്തുന്നില്ല. ഇങ്ങനെയുള്ള ഓരോ കഥകൾ പഠിപ്പിച്ചു് നിങ്ങളെന്തിനാണു കുട്ടികളെ ദ്രോഹിക്കുന്നതു്. തീപ്പിടിച്ച കപ്പലിൽ നിന്നുകൊണ്ടു് ‘അച്ഛാ, ഞാനിനിയും ഇവിടെത്തന്നെ നില്ക്കേണമോ?’ എന്നു ചോദിച്ച ആ വങ്കശിരോമണിയായ നാവികബാലനെപ്പോലെയുള്ള ഒരു മകൻ ആർക്കും ജനിക്കരുതേ! എന്നാണു് എന്റെ പ്രാർത്ഥന. ഇതു കേൾക്കുമ്പോൾ ചില സാന്മാർഗിക കഥാകർത്താക്കൾ എന്റെ നേരെ വാളെടുക്കുമായിരിക്കും. എന്നാലെന്താണു്? മറ്റുള്ളവരുടെ ഹിതം നോക്കീട്ടാണു് എഴുതുന്നതെങ്കിൽ സഞ്ജയൻ ഇതിനു് എത്രയോ മുൻപു് ‘കവിത കലാശിച്ചു കാശിക്കു’ പോയിട്ടുണ്ടായിരിക്കും; ഇല്ലെങ്കിൽ രാമേശ്വരത്തേക്കെങ്കിലും പോയിട്ടുണ്ടായിരിക്കും. തഥാസ്തു.
6-2-’35
യുക്തിവാദികൾ ദൈവത്തിൽ വിശ്വസിക്കുന്നില്ലത്രേ. സാരമില്ല; ദൈവം യുക്തിവാദികളെ വിശ്വസിക്കാതായിട്ടു് കാലം കുറച്ചായി.
(കേ. പ.)