മഹാത്മാഗാന്ധി കോൺഗ്രസ്സു വിട്ടൊഴിയുമ്പോൾ പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപനത്തിന്റെ ഒരു കോപ്പി ആരെങ്കിലും സഞ്ജയന്നു് ദയചെയ്തു് അയച്ചുതരുമോ? അത്തരത്തിലൊരു വിജ്ഞാപനമെഴുതി പത്രാധിപരുടെ കയ്യിൽ കൊടുത്തു് സഞ്ജയൻ പത്രികയിൽനിന്നു് വിട്ടൊഴിയുവാൻ പോകുന്നു. “ഇങ്ങനെ പരിഭവിച്ചാലോ?” എന്നു നിങ്ങൾ ചോദിക്കുന്നു. നോക്കിൻ, സർ, എന്തു് അപമാനിക്കലാണിത്! എന്റെ പാനയുടെ ബാക്കി ഭാഗം—പകുതി—ഉപേക്ഷിക്കേണ്ടിവന്നതിൽ “നിർവ്യാജം വ്യസനിക്കുന്നു” പോലും. ചെയ്യേണ്ടതു് ചെയ്തിട്ടു് “നിർവ്യാജം വ്യസനിക്കുന്നു” എന്നെഴുതി മാറിക്കളയുന്നതു നല്ല മര്യാദയല്ലേ? പത്രാധിപന്മാരുടെ “വ്യസന”ത്തിന്റെ രഹസ്യം നമ്മളൊക്കെ അറിയുന്നതല്ലേ?
⋄ ⋄ ⋄
വൃത്തമൊപ്പിച്ചു്, പ്രാസംവെച്ചു്, അലങ്കാരങ്ങളുടെ കാര്യത്തിൽ ശ്രദ്ധിച്ചു്, ഒരു പാനയെഴുതുന്നതു് മുഖപ്രസംഗമെഴുതുന്നതുപോലെയോ, നിർവ്യാജം വ്യസനിക്കുന്നതുപോലെയോ ഒരു എളുപ്പപ്പണിയാണെന്നു ചിലർ വിചാരിക്കുന്നുണ്ടായിരിക്കും. (ഞാൻ “ചിലർ” എന്നേ പറയുന്നുള്ളു. നിങ്ങൾ സാക്ഷിയാണു്) സഞ്ജയൻ പോയ്ക്കളയുന്ന അത്യാപത്തിൽനിന്നു് പത്രികയെ രക്ഷിക്കുവാൻ (!!!—പത്രാധിപർ) ഒരൊറ്റ മാർഗ്ഗമേയുള്ളു. പത്രാധിപർ സഞ്ജയനോടു് മാപ്പു ചോദിക്കണം. അഞ്ചു മിനുട്ടുനേരം “നിർവ്യാജം വ്യസനിക്കു”ന്ന സമ്പ്രദായം സഞ്ജയന്നു കാണുകയും വേണം. അതിന്നുശേഷം അക്കാര്യം ആലോചിക്കാം.
അസംബ്ലിത്തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കു് വോട്ടർമാരെ കൊണ്ടുവരുവാൻ കാറുകൾ കിട്ടരുതെന്ന സിദ്ധാന്തത്തോടുകൂടി മറ്റെ പാർട്ടിക്കാർ സകല വാഹനങ്ങളെയും കരസ്ഥമാക്കുവാൻ ഏർപ്പാടുകൾ ചെയ്തുവരുന്നുണ്ടത്രെ. ഇതു കേട്ടപ്പോൾ അയൽവക്കുകാർക്കു നേരം പുലരരുതെന്ന ദുഷ്ടവിചാരത്തോടുകൂടി തന്റെ നെരിപ്പോടും കേഴിയുമെടുത്തു് കാടുകയറിക്കളഞ്ഞ വൃദ്ധയെപ്പറ്റി മി: മൂർക്കോത്തു കുമാരൻ അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽപ്പറഞ്ഞ കഥയാണു് ഓർമ്മവന്നതു്. വോട്ടുകൾ ഒരു കക്ഷിക്കു കിട്ടി; വാഹനങ്ങൾ മറ്റേ കക്ഷിക്കും കിട്ടി. ചോറു് ഒരാളുടെ കയ്വശം, കോരിക എതിരാളിയുടെ കയ്യിൽ. പെട്ടി കട്ടുപോയപ്പോൾ സാരമില്ല; താക്കോൽ എന്റെ കയ്യിൽത്തന്നെയുണ്ടു്. അതു തുറക്കാൻ കള്ളൻ ഇവിടെത്തന്നെ വരണ്ടേ?” എന്നു് ഒരു മഹാബുദ്ധിമാൻ ചോദിച്ചിരുന്നുപോലും. മറ്റെന്താണു് സഞ്ജയൻ ഇതിനെക്കുറിച്ചു പറയേണ്ടതു്?
⋄ ⋄ ⋄
കഴിഞ്ഞ ഞായറാഴ്ച ടൗൺഹാളിൽവെച്ചു മുനിസിപ്പാൽ കൗൺസിൽ മാനാഞ്ചിറ വെള്ളം ഒരു കമ്പനിക്കാർക്കു വിറ്റതിനെ പ്രതിഷേധിക്കുവാനായി ഒരു യോഗം കൂടുവാനാലോചിച്ചു. പക്ഷേ പ്രതിഷേധക്കാർ അവിടെ എത്തിയപ്പോഴേയ്ക്കും, പ്രതിഷേധക്കാരെ പ്രതിഷേധിക്കുവാൻ അവിടെ കുറേ ആളുകൾ ഹാജരായിക്കഴിഞ്ഞിരുന്നു. പ്രതിഷേധക്കാരെ ഒരക്ഷരം പോലും സംസാരിക്കാൻ അവർ സമ്മതിച്ചില്ല. ഒടുക്കം പ്രതിഷേധക്കാർ സ്വകാര്യമായി എവിടെയോ പോയി അവരുടെ പ്രതിഷേധം റിക്കാട്ടാക്കി. ഹാളിലുള്ളവർ പ്രസ്തുത വെള്ളംവില്പനയെ അനുകൂലിച്ചു കൊണ്ടു് ഒരു പ്രമേയവും പാസ്സാക്കി.
ടൗൺഹാളിൽ നടന്ന ഈ സംഭവം യാദൃച്ഛികമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടായിരിക്കാം. എന്നാൽ അങ്ങനെയല്ല; അതിന്നിടയിൽ ഒരു രഹസ്യമുണ്ടു്.
- പത്രാധിപർ:
- എനിക്കു കേൾപ്പിക്കരുതോ രഹസ്യം?
- സഞ്ജയൻ:
- തനിക്കു കേൾപ്പിക്കരുതായ്കയല്ല;
ഇനി ക്രമാലന്യജനം ഗ്രഹിച്ചാ–
ലെനിക്കു കുററം വരുമെന്നു ദോഷം.
- പ:
- എന്നാൽ പറയേണ്ട. ഞങ്ങൾ എങ്ങനെയെങ്കിലും അറിഞ്ഞു കൊള്ളാം.
- സ:
- ശരി. അതാണു് നല്ലതു്.
⋄ ⋄ ⋄
സഞ്ജയൻ ഈ സഭയിൽ ആദ്യം ഹാജരാകേണമെന്നു വിചാരിച്ചുവെങ്കിലും, സഞ്ജയനും ഒരു പ്രതിഷേധക്കാരനാണെന്നു കൗൺസിൽ വിചാരിച്ചേയ്ക്കുമെന്നു കരുതി പോകാതിരിക്കുകയാണു് ചെയ്തതു്. സഞ്ജയനും ഈ പ്രതിഷേധത്തെ പ്രതിഷേധിക്കുന്നു. കാരണം കേൾക്കുന്നതിന്നു മുമ്പു് ആരും നെറ്റി ചുളിക്കരുതു്.
⋄ ⋄ ⋄
ഈ പ്രതിഷേധക്കാർക്കു് വേറെ പണിയൊന്നുമില്ലേ?
മുനിസിപ്പാലിറ്റിയുടെ ഒരു അഭ്യുദയകാംക്ഷി—മഹായോഗ്യൻ—പാലുപോലത്തെ മനുഷ്യൻ—കണക്കുവിശാരദൻ—കോഴിക്കോടു് മുനിസിപ്പാലിറ്റിയുടെ സാമ്പത്തികക്കുഴപ്പം കണ്ടു് സഹിക്കാതെ അതിനുള്ള പരിഹാരമാർഗ്ഗങ്ങളെക്കുറിച്ച് ആലോചിച്ചു അങ്ങനെയിരിക്കെ ബോധിവൃക്ഷത്തിന്റെ ചുവട്ടിലിരുന്ന ബുദ്ധന്നുണ്ടായതുപോലെ, അദ്ദേഹത്തിന്നു് ഒരുദയമുണ്ടായി. മാനാഞ്ചിറയിലെ വെള്ളം കരകവിഞ്ഞു വഴിഞ്ഞ്, പ്രവഹിച്ചു കടലിലേയ്ക്കു് ഒഴുകിപ്പോകുന്നതു് അദ്ദേഹം ഉൾക്കണ്ണുകൊണ്ടു കണ്ടു. “ഇതിന്റെ ഒരു ഭാഗം ആവശ്യമുളളവർക്കു വിൽക്കുന്നതു് എത്ര നന്നായിരിക്കും” എന്നു് അദ്ദേഹം ആലോചിച്ചു. അതുപ്രകാരം അദ്ദേഹം ഒരു പ്രവൃത്തിപദ്ധതിയെ രൂപീകരിച്ചു. (അങ്ങനെതന്നെയല്ലേ, സർ, പത്രഭാഷയിൽ പറയുക?)
⋄ ⋄ ⋄
അപ്പോഴേയ്ക്കും ആളുകൾക്കു് ആക്ഷേപമായി. ഒരൊറ്റ നല്ല കാര്യം ചെയ്വാൻ ഈ കോഴിക്കോട്ടുകാർ സമ്മതിക്കുകയില്ല. നിങ്ങൾ ഇങ്ങനെ ആക്ഷേപിച്ചു തുടങ്ങിയാൽ എങ്ങനെയാണു് ഭരണപരിഷ്കാരങ്ങൾ നടപ്പിൽ വരുത്തുക? എനിയും നമ്മുടെ ധനസ്ഥിതി നന്നാക്കുവാൻ കൗൺസിൽ എന്തൊക്കെ ചെയ്വാൻ വിചാരിച്ചിട്ടുണ്ടെന്നു് ആരു കണ്ട്! ഒരു പക്ഷേ, മാനാഞ്ചിറത്തോട്ടത്തിലെ മരങ്ങൾ ഒരു വിറകുകാരന്നു് അവർ കോൺട്രാക്ടു് കൊടുക്കുവാൻ ആലോചിക്കുമായിരിക്കാം: “നിഴലിന്നാണു് മരങ്ങൾ. വൈകുന്നേരമാണു് ആളുകൾ തോട്ടത്തിൽ പോയിരിക്കുക. വൈകുന്നേരത്തെ വെയിലിന്നു ചൂടില്ല; അതു് ആരോഗ്യപ്രദവുമാണു്. അതുകൊണ്ടു് മരങ്ങൾ ആവശ്യമില്ല” എന്നു് അവർ കണ്ടുപിടിക്കുമായിരിക്കും.
മാനാഞ്ചിറ വെള്ളത്തിനെപ്പറ്റി ഇത്ര കൃത്യമായി കണക്കുകൂട്ടി, കിഴിച്ചു, പെരുക്കി,ഹരിച്ചു, മാസത്തിൽ 65ക. യും രണ്ടു ലക്ഷത്തി പതിനായിരം ഗാലൻ വെള്ളവും മുനിസിപ്പാലിറ്റിക്കു് ആദായമുണ്ടാകുമെന്നു കാണിച്ചുകൊടുത്ത അഗാധബുദ്ധികൾക്കു് ഇതൊന്നും സാധിക്കാത്ത കാര്യമല്ല. ഒരു സമയം വേണ്ടിവന്നാൽ, അവർ കോഴിക്കോട്ടു ബീച്ചിലെ കടൽക്കാറ്റുകൂടി വിറ്റുമാറുകയില്ലെന്നു് ആർക്കു പറയുവാൻ കഴിയും?
⋄ ⋄ ⋄
പക്ഷെ, അമ്മയെത്തല്ലിയാലും പക്ഷം രണ്ടുണ്ടു്, എന്നല്ലേ പഴമൊഴി? പ്രതിഷേധക്കാർക്കു്, ഇതു പിടിച്ചിട്ടില്ല. “മാനാഞ്ചിറ വെള്ളത്തിന്നു പകരം കുറ്റിച്ചിറയിലേയും കണ്ടംകുളത്തിലേയും വെള്ളം എടുക്കാമത്രേ. അതു് ഏതു നിലയിലും ചെയ്തുകൂടേ? അതിന്നു കമ്പനിക്കാരുടെ സമ്മതം എന്തിനാണു്? കോരപ്പുഴയിലെ വെള്ളം കുടിക്കുവാൻ കോലത്തിരിയുടെ ശീട്ടുവേണോ? പണ്ടു് ഒരു കമ്പനി മാനാഞ്ചിറ വെള്ളത്തിന്നു ചോദിച്ചപ്പോൾ
‘പല്ലും കടിച്ചലറിക്കൊണ്ടു കൌൺസിലും
വേണ്ട, വേണ്ടെന്നുടൻ കമ്പനിയും തദാ’
പറഞ്ഞില്ലേ? ഇതെന്താണു് പുതിയ കൗൺസിലിന്റെ ആലോചനയ്ക്കു വിട്ടുകൊടുക്കാതിരുന്നതു? ഊർദ്ധ്വൻ വലിക്കുന്ന പഴയ കൌൺസിലിന്റെ വിരൽ മഷിയിൽമുക്കി ഈ ഒസ്യത്തിൽ വിരലടയാളം വെപ്പിച്ചതു് എന്തിനാണു് ? ഈ കണക്കൊക്കെ പുതിയ കൌൺസിലിന്നു മനസ്സിലാവുകയില്ലേ? മാനാഞ്ചിറയിൽ വെള്ളം കെട്ടിനിന്നാൽ കൊതു വർദ്ധിക്കുംപോലും! കൊതു വർദ്ധിക്കുന്നതു റോഡിന്നിരുവശവുമുള്ള ചളിച്ചാലുകളിൽനിന്നാണു്. ഇതൊക്കെ നിങ്ങൾ അറിയാഞ്ഞിട്ടാണോ എന്നൊക്കെയാണു് പ്രതിഷേധക്കാർ ചോദിക്കുന്നതു്.
⋄ ⋄ ⋄
ഇതൊന്നും കൊള്ളരുതു്, കൂട്ടരേ! “ഏറിയ നോമ്പുനോറ്റു് അശ്വത്ഥപ്രദക്ഷിണംകഴിച്ച് ഒരു കുട്ടി ജനിച്ചപ്പോൾ ‘അതിന്റെ അച്ഛനാരാണു്? നക്ഷത്രമെന്താണു്? എന്നൊക്കെ ചോദിക്കുവാൻ നിങ്ങൾക്കു ലജ്ജയില്ലേ?’ എന്നു് ഒരു പതിവ്രത ചോദിച്ചിരുന്നുപോലും. അതുപോലെ നാട്ടിന്നു് ഒരു നന്മ ചെയ്യുവാൻ ഒരാൾ പുറപ്പെടുമ്പോൾ, “അതിന്റെ ഉള്ളുകള്ളിയെന്താണു്? ആരാണതിന്റെ അടിയിൽ” എന്നൊക്കെ നിങ്ങൾ ചോദിക്കുന്നതിന്റെ അർത്ഥമെന്താണു്?
⋄ ⋄ ⋄
എന്തിനാണു് മറ്റുള്ളവരെ കുറ്റം പറയുന്നതു? നിങ്ങൾക്കിഷ്ടമില്ലാത്ത ഒരു പ്രമേയം നിങ്ങൾ തിരഞ്ഞെടുത്തയച്ചവർ പാസ്സാക്കിയതെങ്ങിനെയാണു്? ഇക്കാര്യങ്ങളൊക്കെ പണ്ടു്—ആ വോട്ടു ലേലക്കാലത്തു്—ആലോചിക്കേണ്ടതായിരുന്നു.
“ആകാത്ത നാളിൽപ്പിറന്ന നാം കാശിയ്ക്കു
പോകാത്തതല്ലയോ കഷ്ടമെൻ വേടരേ?”
ഇപ്പോൾ ക്ഷോഭിക്കുന്നുപോലും! നിങ്ങളുടെ ആരുടേയും ശബ്ദം ഞങ്ങൾ കേൾക്കരുതു്. കൌൺസിലിനെസ്സംബന്ധിച്ചേടത്തോളം ഈ കണ്ണുകാണാത്ത രോഗത്തിന്നു് ഒരൌൺസ് പാന സഞ്ജയൻ തയാറാക്കീട്ടുണ്ടു്. അതു് അത്താഴാനന്തരം കഴിച്ചു്, ഈശ്വരവിചാരത്തോടുകൂടി കിടന്നുറങ്ങണം.
പാടുണ്ടെന്നരുളീടുന്നതും ഭവാൻ
പാടില്ലെന്നു വിലക്കുന്നതും ഭവാൻ
രണ്ടുനാലാൾക്കു വേണ്ടുന്നതൊക്കെയും
വേണ്ടുംപോലെ നടത്തുന്നതും ഭവാൻ
പന്തിയല്ലിതെന്നോതുന്ന കൂട്ടരെ
ച്ചന്തത്തിൽച്ചെണ്ടകൊട്ടിപ്പതും ഭവാൻ
ആർക്കറിയാവു നിൻ മറിമായങ്ങ-
ളോർക്കുംതോറും മഹാവിസ്മയാവഹം.”
ഭവാൻ, ഭവാൻ, എന്നു് ഇതിൽപ്പറഞ്ഞതു് ഈശ്വരനെപ്പറ്റിയാണു്. കുസൃതിക്കാർ വേണ്ടാത്ത വ്യഖ്യാനങ്ങളൊന്നും ഉണ്ടാക്കരുതു്.