images/The_War.jpg
The Martians fire their gas-guns., a painting by Henrique Alvim Correa (187–1910).
സഞ്ജയന്റെ പ്രത്യേക വിജ്ഞാപനം
സഞ്ജയൻ

ഓം തദേവ സതു്.

അവിഘ്നമസ്തു.

ശ്രീഗുരുഭ്യോ നമഃ

ശ്രീയുത് സകല ദുർഗ്ഗുണസമ്പൂർണ്ണരാന സകലജന മനോസംപീഡിതരാന മഹാരാജമാന്യ രാജമാന്യ രാജമാന്യ

പത്രാധിപർ:
എന്താണിതു്? പൊട്ടുവീണ ഗ്രാമഫോൺ റിക്കാർഡുപോലെ ഇതിന്റെ അപ്പുറത്തു കടക്കുകയില്ലേ?
സഞ്ജയൻ:
കുറേ കിടക്കട്ടെ; ആർക്കെന്തു ചേതം?

രാജമാന്യരാജ ശ്രീ സഞ്ജയൻ അവർകൾ കോഴിക്കോട്ടു മുനിസിപ്പാലിറ്റിക്കുള്ളിലും പുറമെയുള്ള സകലമാനപേരേയും തെര്യപ്പെടുത്തുന്നതാവിതു്.

എന്നാൽ കോഴിക്കോടു് മുനിസിപ്പാലിറ്റി വക തിരഞ്ഞെടുപ്പുകൾ അടുത്തു വന്ന കാര്യവും മറ്റു ചെയ്തികളും, വൈസ് ചെയർമാനൊഴികെ, എല്ലാവരും ബോധിച്ചല്ലോ ഇരിക്കുന്നു.

എന്നാൽ തിരഞ്ഞെടുപ്പുകാലത്തു് സേവയും ശിപാർശിയും മറ്റും പ്രമാണമായിക്കരുതിയും, മറ്റനേകം വിധത്തിൽ പ്രേരിതന്മാരായും, വോട്ടറന്മാർ തങ്ങളുടെ വോട്ടധികാരം ദുരുപയോഗപ്പെടുത്തുന്നതായും, അതു ഹേതുവായിട്ടു ചളി, പൊടി, ദുർഗ്ഗന്ധം, പകർച്ചവ്യാധി, കൗൺസിൽ കശപിശകൾ ഇങ്ങനെ അനേകമനേകം ദുഃഖങ്ങളും ദുരിതങ്ങളും ശല്യങ്ങളും ആപത്തുകളും അവർ ആജീവനാന്തം അനുഭവിയ്ക്കേണ്ടി വരുന്നതായും കണ്ടും കേട്ടും നമുക്കു പരിചയവും വന്നതാകുന്നു.

എന്നാൽ വോട്ടറന്മാർ തങ്ങളുടെ അധികാരങ്ങളെ എങ്ങിനെ ഉപയോഗിയ്ക്കേണ്ടു എന്നു മറ്റും കാണിച്ചു് ഒരു പ്രസംഗം ചെയ്വാൻ തക്ക സ്ഥലം അന്വേഷിച്ചു നടന്നതിൽ കോഴിക്കോട്ടു ഹജൂർകച്ചേരിയുടെ വടക്കു പടിഞ്ഞാറെ മൂലയ്ക്കുള്ള ഗേയിറ്റിന്നു പുറത്തു് നിരത്തുവക്കിൽവെച്ചു് ആക്കാമെന്നു തീരുമാനിച്ചതു് അവിടെ പതിവായി വൈകുന്നേരം പ്രസംഗം നടത്തിവരുന്ന മതപ്രാസംഗികന്മാർക്കും സാഹിത്യപ്രാസംഗികന്മാർക്കും രുചിയ്ക്കാത്തതിനാൽ നാം കോഴിക്കോട്ടു് ദീപസ്തംഭത്തിന്മേൽ വെച്ചു ചെയ്യുവാൻ തീർച്ചപ്പെടുത്തിയിരിയ്ക്കുന്ന പ്രകാരം,

മകരശ്ശനി തുലാവ്യാഴം വർഷത്തിൽ കൊല്ലം 1110-ാമതു് കന്നി മാസം 2-നു കുജവാരവും, ശുക്ലപക്ഷത്തിൽ ദശമിയും പൂരാടം നക്ഷത്രവും കഴുതക്കരണവും ശോഭനനാമനിത്യയോഗവും കൂടിയ ശുഭദിനത്തുന്നാൾ ഉദയാൽപരം ഒരു നാഴിക രണ്ടു ഫർല്ലോങ്ങ് സമയത്തു കന്നി ആദിദ്രേക്കാണം കൊണ്ടു്, നമുക്കുതന്നെ അർത്ഥങ്ങളെക്കുറിച്ചു യാതൊരു എത്തുംപിടിയുമില്ലാത്ത വലിയ വലിയ സംസ്കൃതവാക്കുകളും മറ്റും പ്രയോഗിച്ചു വെയിലിനു് ചൂടു പറ്റുന്നതുവരെ നാം പ്രസംഗിയ്ക്കുന്നതാണെന്നും,

ആ പ്രസംഗം ശ്രദ്ധവെച്ചു കേട്ടുമനസ്സിലാക്കുവാനായി കോഴിക്കോട്ടെ, ആബാലവൃദ്ധം ജനങ്ങൾ നല്ല വസ്ത്രങ്ങളും മറ്റും ധരിച്ചു പ്രസ്തുതസമയത്തിന്നു വളരെ മുമ്പു പ്രസ്തുതദീപസ്തംഭത്തിന്റെ കീഴിൽ നമുക്കു് “കീ—ജേ” വിളിച്ചുകൊണ്ടു കൂടേണ്ടതാണെന്നും,

പ്രസംഗസമയത്തു് മുനിസിപ്പാൽ കൗൺസിൽ സഭകളിൽ ഈയിടെയായി ഉപയോഗിച്ചുവരുന്ന യാതൊരു വാക്കുകളും സദസ്യരുടെ ഇടയിൽ നിന്നു കേൾക്കുവാൻ പാടില്ലെന്നും,

ചുരുട്ടു്, ബീഡി, സിഗരറ്റ്, വെത്തിലപ്പാക്കു്, യൂക്കാലിപ്റ്റസ്സ് തൈലം മുതലായവ വിൽക്കുന്ന യാതൊരു കൂട്ടരും സ്ഥലത്തു് ഹാജരുണ്ടായിരിക്കരുതെന്നും, ഇതിനാൽ എല്ലാവരേയും അറിയിച്ചിരിക്കുന്നു.

നമ്മുടെ കൂടെ പ്രസംഗസമയത്തു് ഉണ്ടായിരിയ്ക്കുന്ന ഒരു ചുരുക്കെഴുത്തുകാരൻ പ്രസംഗത്തെ മുഴുവൻ ചുരുക്കെഴുത്തിലാക്കി പിന്നീടു് സമയമുള്ളപ്പോൾ വിവരമായെഴുതി നമ്മെ കാണിയ്ക്കുന്നതും സഭയിൽവെച്ചു് നടക്കുവാനിടയുള്ള വാദപ്രതിവാദത്തിൽ നമുക്കു് അപമാനകരങ്ങളായ മുഴുവൻ സംഗതികളും തടഞ്ഞതിന്നുശേഷം നാം ആ റിപ്പോർട്ട് കേരളപത്രികാ എന്ന കടലാസ്സിൽ പ്രസിദ്ധം ചെയ്വാൻവേണ്ടി അയക്കുന്നതും, പത്രാധിപൻ അതു മാറ്റങ്ങളൊന്നും കൂടാതെ പ്രസിദ്ധം ചെയ്യേണ്ടതും ആകുന്നു.

എന്നാൽ നമ്മുടെ പ്രസംഗത്തിൽ മുനിസിപ്പാൽ ഭരണത്തെപ്പറ്റി പുതിയ വാർത്തകളും നിരൂപണങ്ങളും അന്യമുനിസിപ്പാലിറ്റികളുമായി താരതമ്യവിവേചനവും, മതം, സാഹിത്യം, സദാചാരം, സമുദായം, മരുമക്കത്തായ ആക്ട്, കോൺഗ്രസ്സ്, പയറ്റു്, പഴംകഞ്ഞികുടി മുതലായ വിഷയങ്ങളെപ്പറ്റി, സദസ്യരുടെ അറിവിന്നും, അവർക്കു് മടുപ്പു് വരാതിരിക്കാനും വേണ്ടി ഇടക്കിടക്കുള്ള വിമർശനങ്ങളും കൂടിയുണ്ടായിരിക്കുന്നതാണെന്നും നാം അറിയിക്കുന്നു.

സഭയിൽ സ്ത്രീകൾ ഹാജരുണ്ടായിരിക്കുവാൻ ഇടയുള്ളതിനാൽ കുറേനേരം നാം അവരുടെനേരെ തിരിഞ്ഞു് നാം കൊടുക്കുന്ന നികുതിജമ, നമ്മുടെ അപാരമായ പാണ്ഡിത്യവും കേൾവിയും, സ്ത്രീവിദ്യാഭ്യാസം, സ്ത്രീകളുടെ വോട്ടധികാരം, പാചകവിധികൾ, ശിശുപരിചരണം, ഭർത്താക്കന്മാരെ ഇപ്പോഴത്തെപ്പോലെ മേലിലും ഭൃത്യന്മാരാക്കി നിർത്തേണ്ടതിന്നുള്ള ഉപായങ്ങൾ, തുടങ്ങിയ അനേകം ഗൌരവസംഗതികളെപ്പറ്റി ശ്രുതി, യുക്തി, അനുഭവം ഇവയെ അടിസ്ഥാനപ്പെടുത്തി ചിലതൊക്കെ പറയുന്നതുമാകുന്നു.

എന്നാൽ ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്ന വിഷയത്തെക്കുറിച്ചു് ഈ അവസരത്തിൽത്തന്നെ തീർപ്പു വരുത്തുന്നതു് ഈശ്വരനുണ്ടെങ്കിൽ അയാൾക്കും, ഇല്ലെങ്കിൽ മറ്റുള്ളവർക്കും, രണ്ടു നിലയിലും വാഗ്ഭടാനന്ദ ഗുരുദേവർ, സർദാർ കുഞ്ഞിരാമൻനായർ ഇവർക്കും ഇവരുടെ സിൽബന്ധികൾക്കും, ഉപകാരപ്രദമായിത്തീരുന്നതിനാൽ, ഈ ചോദ്യവും നമ്മുടെ പ്രസംഗത്തിന്നു് വിഷയീഭൂതമാകുന്നതാകുന്നു.

പ്രസംഗാനന്തരം രണ്ടു മണിക്കൂർനേരം സദസ്യരുടെ ചോദ്യങ്ങൾക്കു നാം മറുപടി പറയുന്നതും, എന്നാൽ ചോദ്യക്കാരൻ കല്ലു്, കത്തി, വടി, തോക്കു്, ബോമ്പ് മുതലായ യാതൊരു സാമഗ്രികളും കൂടാതെ മുമ്പോട്ടു് വന്നു് നമുക്കു് അഭിമുഖമായി നിന്നു്, താണു് നിലം പറ്റിത്തൊഴുതു്, നടുനിവർത്താതെ ആ നിലയിൽ ചോദ്യങ്ങളെല്ലാം ചോദിക്കേണ്ടതും, ഉത്തരം കിട്ടിയ ഉടനെ സ്വസ്ഥാനത്തിലേക്കു് മടങ്ങേണ്ടതുമാകുന്നു.

പോലീസ്സുകാർക്കും നമ്മുടെ ചുരുക്കെഴുത്തുകാരനൊഴികെ മറ്റു റിപ്പോർട്ടർമാർക്കും സഭയിൽ പ്രവേശനം കൊടുക്കുന്നതല്ല.

ഈ നോട്ടീസ്സുപ്രകാരം അവരവർതന്നെയോ വക്കീൽമുഖാന്തരമോ സഭയിൽ ഹാജരാവാത്തവരുടെ പേരിൽ സമൺസ് പതിച്ചു നടത്തി മേപ്പടി തീയതിക്കുതന്നെ തീർച്ചവിചാരണയും നടക്കുന്നതാണെന്നും അന്യായക്കാരുടേയും പ്രതിയുടേയും വക്കീലായ നാം എല്ലാവരെയും അറിയിക്കുന്നു.

എന്നു് 1109 പരക്കം പായുന്ന ചിങ്ങം 5-നു്, 1934 സെപ്തമ്പർ 15-നു ശനിയാഴ്ച അർദ്ധരാത്രിക്കു്.

ക്ഷ്മ-ഷ്റാ-ശ്രീ

16-9-’34

(സഞ്ജയന്റെ ഒപ്പു്)

കൂടാത്ത മഹായോഗം
സഞ്ജയൻ
സഞ്ജയന്റെ പ്രക്ഷോഭജനകമായ പ്രസംഗം
“രണ്ടും രണ്ടും കൂട്ടിയാൽ നാലാണെന്നു് ഞാൻ പറയും!” (സ്പെഷൽ റിപ്പോർട്ടർ)

കോഴിക്കോടു്, സപ്തെമ്പർ 18

സപ്തെമ്പർ 18-നു രാവിലെ കോഴിക്കോടു് നഗരം മുഴുവൻ ഹിറ്റ്ലരുടെ തിരഞ്ഞെടുപ്പുസമയത്തു് ബർലിൻനഗരമെന്നപോലെ പ്രക്ഷുബ്ധമായി കാണപ്പെട്ടു. കോഴിക്കോട്ടു നഗരത്തിലെ പൊടി ശ്വസിച്ചു മഹാരോഗത്തിൽപ്പെട്ടു വലയുന്ന ആ വമ്പിച്ച ജനസംഖ്യ ഒഴികെ ബാക്കിയെല്ലാവരും ദീപസ്തംഭത്തിന്നു കീഴിലും കടപ്പുറത്തുമായി തലേദിവസം അർദ്ധരാത്രിമുതൽക്കുതന്നെ സമ്മേളിയ്ക്കുവാൻ തുടങ്ങിയിരുന്നു. കൂടിയിരുന്ന പുരുഷാരത്തിന്റെ സംഖ്യ നാല്പതിനായിരമെന്നും നാലെന്നും അഭിപ്രായവ്യത്യാസങ്ങളുണ്ടു്. ജനങ്ങൾ ഇടയ്ക്കിടെ “സഞ്ജയൻജി—കീ—ജേ!” എന്നു വിളിച്ചുകൊണ്ടിരുന്നു.

കൃത്യം 6.30-നു് മേല്പുരയില്ലാത്ത പൊളിഞ്ഞ ഒരു ഒറ്റക്കാളവണ്ടിയിൽ, കൃത്രിമതാടിമീശകളും, ഒരു പച്ചക്കണ്ണടയും, തലയിൽ കൊടുങ്ങല്ലൂർ ഭരണിക്കാരുടെ തൊപ്പിയും ധരിച്ചു് പ്രാസംഗികന്റെ വരവു തുടങ്ങി. അദ്ദേഹം വലിയ ഒരു കരിമ്പടം കൊണ്ടു് തന്റെ ദേഹത്തെ ആച്ഛാദനം ചെയ്തിരുന്നു. മുഖത്തു് ഒരു രൌദ്രരസമാണു് പ്രധാനമായി സ്ഫുരിച്ചിരുന്നതു്. വണ്ടിയുടെ ഇളക്കംകൊണ്ടു് താഴെവീണുപോകാതിരിപ്പാൻ അദ്ദേഹം രണ്ടുകൈകൊണ്ടും ഇരുവശമുള്ള മുളവേലി പിടിച്ചിട്ടുണ്ടായിരുന്നു. ഈ വന്ദ്യനേതാവിന്റെ പിന്നിൽ അദ്ദേഹത്തിന്റെ പ്രൈവറ്റു സെക്രട്ടറിയായ ഒരു ചെറുപ്പക്കാരൻ ഒരു ഓലക്കുടയും പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു.

അടുത്തെത്തിയപ്പോഴേയ്ക്കു് സദസ്യരുടെ ഇടയിൽനിന്നു തന്റെ നേർക്കു ബാണംപോലെ വന്ന രണ്ടു കല്ലുകൾ തലയ്ക്കു കൊള്ളാതിരിപ്പാൻ അദ്ദേഹം തല താഴ്ത്തി. ഏറുകളിൽ ഒന്നു ഓലക്കുടക്കു കൊള്ളുകയാൽ അതിന്റെ മേൽഭാഗം തെറിച്ചുപോയി.

ദീപസ്തംഭത്തിന്നിടയിൽ അധികൃതന്മാർ തുറന്നുവെച്ച വാതിലിൽക്കൂടി അദ്ദേഹം അകത്തു പ്രവേശിച്ചു. വാതിൽ പിന്നിൽ അടഞ്ഞു. ഏകദേശം പത്തു മിനിട്ടു കഴിഞ്ഞപ്പോൾ കൊടുങ്ങല്ലൂർ തൊപ്പിയും പച്ചകണ്ണടയും ദീപസ്തംഭത്തിന്റെ ഉപരിഭാഗത്തു പ്രത്യക്ഷപ്പെട്ടു. ഈ പ്രാവശ്യത്തെ ഏറു ദീപത്തിന്നു ചുറ്റുമുള്ള കണ്ണാടിച്ചില്ലുകൾ പൊളിച്ചു.

ഹജൂർകച്ചേരിയുടെ അരികിൽവെച്ചു പ്രസംഗിയ്ക്കുന്ന മതപ്രാസംഗികന്മാർക്കുള്ളതുപോലെ സജീവമായ ഒരു ലൌഡ്സ്പീക്കർ സഞ്ജയന്നും ഉണ്ടായിരുന്നു. അതു് ഒരു മുനിസിപ്പാൽ കൗൺസിലർ വേഷം മാറിനിന്നതാണെന്നും അല്ലെന്നും ജനപ്രസ്താവമുണ്ടു്. അദ്ദേഹം സഞ്ജയന്റെ ഓരോ വാക്കും പറഞ്ഞ ഉടനെ അത്യുച്ചത്തിൽ ആവർത്തിച്ചിരുന്നു. പ്രസംഗത്തിന്റെ ഫുൾ റിപ്പോർട്ട് താഴെ ചേർക്കുന്നു.

പ്രസംഗം

അല്ലയോ മാന്യമഹോദരങ്ങളെ!

അസ്തപർവ്വതനിതംബത്തെ അഭിമുഖീകരിച്ചു് ലംബമാനമായ അംബുജബന്ധുബിംബത്തിൽനിന്നും അംബരമദ്ധ്യത്തിൽനിന്നും വിസൃ—വിസൃ അംബരമദ്ധ്യത്തിൽ വിസൃ—(ചിരിയും ഹസ്തതാഡനവും) എത്രയോ തവണ ഉരുവിട്ടു പഠിച്ച ഈ ഒന്നാന്തരം ഗദ്യശകലത്തിന്റെ ബാക്കി തോന്നാത്തതു് എന്റേയും നിങ്ങളുടേയും നിർഭാഗ്യമെന്നേ പറയുവാനുള്ളൂ.

ഇനി ഞാൻ തോന്നിയതും പറയും.

മഹാ വങ്കശിരോമണികളേ!

നിങ്ങൾ ഇവിടെ കൂടിയിരിയ്ക്കുന്നതു് എന്തിനാണെന്നു് എനിയ്ക്കു നല്ലവണ്ണമറിയാം. നിങ്ങൾക്കു ചിരിയ്ക്കുവാൻ തക്കവണ്ണം വല്ല വിഡ്ഢിത്തവും ഞാൻ പറയുമെന്നു വിചാരിച്ചാണു് നിങ്ങൾ വായും പിളർന്നു നിൽക്കുന്നതു്. ഈശ്വരനാണേ സത്യം, ഞാൻ മഹാ ഗൗരവമായിട്ടാണു് ഇന്നു സംസാരിയ്ക്കുവാൻ പോകുന്നതു്. നിങ്ങൾ ചിരിച്ചാലും ശരി; കരഞ്ഞാലും ശരി; പല്ലുകടിച്ചാലും ശരി. രണ്ടും രണ്ടും കൂട്ടിയാൽ നാലാണെന്നു ഞാൻ പറയും. എനിയ്ക്കു പേടിയൊന്നുമില്ല.

നിങ്ങളുടെ മുനിസിപ്പാലിറ്റിയെപ്പറ്റി ഞാൻ കേരളപത്രികയിൽ എഴുതുന്നതുകൊണ്ടു് മറ്റു ദേശക്കാർക്കു് എന്നോടു രസമില്ലാതായിരിക്കുന്നു.“ലോകത്തിൽ കോഴിക്കോടു് മുനിസിസിപ്പാലിറ്റിയേ ഉള്ളൂ?” എന്നാണു് അവർ ചോദിയ്ക്കുന്നതു്. കാര്യം നേരല്ലേ? ഞാൻ ഈ മുനിസിപ്പാലിറ്റിയെപ്പറ്റി പറഞ്ഞത്ര ഡാന്റി നരകത്തെപ്പറ്റിയോ, വള്ളത്തോൾ കീറത്തലയണയെപ്പറ്റിയോ. കുഞ്ചൻനമ്പ്യാർ നായന്മാരെപ്പറ്റിയോ പറഞ്ഞിട്ടില്ല. അതിന്റെ പകതി പറഞ്ഞിട്ടില്ല.

എന്നിട്ടോ? നിങ്ങൾക്കു വല്ല കുലുക്കവുമുണ്ടായോ? ഇത്ര ദുർഗന്ധമോ ഇത്ര മാലിന്യമോ, ഇത്ര പൊടിയോ ഉള്ള വേറൊരു സ്ഥലം നിങ്ങൾ ലോകത്തിൽ കണ്ടിട്ടുണ്ടോ? മറ്റു മുനിസിപ്പാലിറ്റികളിലുള്ളതിനേക്കാൾ ഇവിടെ ജനസംഖ്യയുണ്ടെങ്കിൽ ഇവിടെ അതിന്നനുസരിച്ചു നികുതി പിരിവുമില്ലേ? ഈ പണം ഇവർ ന്യായമായിട്ടാണോ ചെലവാക്കുന്നതെന്നു് നിങ്ങൾക്കന്വേഷിച്ചുകൂടേ? ഈ പൊടി ശ്വസിച്ചു പകൽ മുഴുവനും സ്ക്കൂളിൽ കഴിച്ചുകൂട്ടുന്ന നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം നശിച്ചു പോകുന്നതു നിങ്ങൾ കാണുന്നില്ലേ? നിങ്ങൾക്കു കണ്ണും, തലയും ആണത്തവും ഒന്നും ഇല്ലേ?

(പൊട്ടിക്കരച്ചിലും ഹസ്തതാഡനവും)

നിരത്തിലെ പൊടിയമർത്താനുള്ള ഒരു വെള്ളവണ്ടി പൂജിക്കുവാൻ വേണ്ടി വെച്ചതാണോ എന്നു നിങ്ങൾ തെരഞ്ഞെടുത്തയച്ച ആരെക്കൊണ്ടെങ്കിലും നിങ്ങൾക്കു ചോദിപ്പിക്കരുതോ? നിങ്ങളോടു വോട്ടിന്നു് വന്നു ചോദിക്കുന്നവരെ കടൽക്കര മുതൽ പച്ചക്കറിപ്പാളയത്തിൽക്കൂടി ബ്രഹ്മസമാജമന്ദിരം വരെയും മടങ്ങി ബീച്ചിലേയ്ക്കും നൂറ്റമ്പതു പ്രാവശ്യം നടത്തിച്ചതിനുശേഷം, ആയാൾ ബാക്കിയുണ്ടെങ്കിൽ, ആ മനുഷ്യൻ അനുഭവിച്ച നരകത്തെപ്പറ്റി എന്തു ചെയ്വാൻ പോകുന്നു എന്നു പറഞ്ഞതിനുശേഷമേ വോട്ടു കൊടുക്കുകയുള്ളൂ എന്നു നിങ്ങൾക്കു പറയരുതോ?

(ദീർഘനിശ്വാസങ്ങൾ)

നിങ്ങൾക്കു സ്വരാജ്യം വേണം—ഇല്ലേ? തേങ്ങാപ്പിണ്ണാക്കാണു് നിങ്ങൾക്കു തരേണ്ടതു്. ഇത്ര ചൊടിയും ഉണർവുമില്ലാതെ, ഈ ചളിക്കുഴിയിൽ കൃമികളെപ്പോലേ കഴിച്ചുകൂട്ടുവാൻ മടിക്കാത്ത നിങ്ങൾക്കെന്തിനാണുപോലും സ്വരാജ്?

(സദസ്യരിൽ ഒരാൾ: “ബോർ!”)

എന്റെ പ്രസംഗം ബോറാകുന്നുണ്ടെന്നു് എനിക്കറിയാം; നിങ്ങളേക്കാൾ നല്ലവണ്ണമറിയാം, പക്ഷേ, നിങ്ങളെ ബോറാക്കുവാൻ തന്നെയാണു് ഞാൻ പറയുന്നതു്.

സത്യമായും ഞാൻ സർദാർ കുഞ്ഞിരാമൻനായരവർകളുടെ ഭാഗത്താണു്. ദൈവമില്ല. ഉണ്ടെങ്കിൽത്തന്നെ അയാൾ പെൻഷൻ പറ്റി പിരിഞ്ഞിരിക്കുന്നു. ദൈവം ഉദ്യോഗത്തിലിരിക്കുമ്പോൾ സൃഷ്ടിച്ച മനുഷ്യർ ഇത്ര അവശന്മാരായിത്തീരുവാൻ സംഗതിയില്ല. അദ്ദേഹം ആളൊരു യോഗ്യനാണെന്നാണു് ഞാൻ കേട്ടിരുന്നതു്. പക്ഷേ, നിങ്ങളുടെ ഇടയ്ക്കു് എന്തു ചെയ്വാനാണു്? ഇത്രത്തോളം ആലോചിക്കുമ്പോഴേയ്ക്കു് ഞാൻ വാഗ്ഭടാനന്ദ ഗുരുദേവരുടെ ഭാഗത്താണെന്നും തോന്നുന്നു. ദൈവമുണ്ടു്. പക്ഷേ, ഞങ്ങൾ മൂന്നാളുകൾ—ഞാനും, ഗുരുദേവരും ദൈവവും—വിചാരിച്ചാൽ എന്തു ചെയ്വാൻ കഴിയും? നിങ്ങളൊക്കെ ഞങ്ങളുടെ എതിരല്ലേ?

നിങ്ങളുടെ കൗൺസിലിൽ വെച്ചു് ഈയിടെ ഒരു ഗുമസ്തനെക്കൊണ്ടു് കമ്പരാമായണം മുഴുവൻ വായിപ്പിച്ചു, കർണ്ണാടകത്തിൽ തർജ്ജമ ചെയ്യിച്ചു എന്നു കേട്ടു. ഇതു സത്യമാണോ എന്നു് അന്വേഷിക്കുവാൻ എനിക്കു സമയം കിട്ടീട്ടില്ല. പക്ഷേ, ഞാനതു വിശ്വസിക്കുന്നു. അതും അതിലപ്പുറവും ഇവിടെവെച്ചു നടക്കും.

പ്രസംഗം ഇത്രത്തോളമായപ്പോഴേയ്ക്കും സഞ്ജയന്റെ ലഘുഭക്ഷണത്തിനുവേണ്ടി തയ്യാറാക്കിയ ചക്കപ്പുഴുക്കും കഞ്ഞിയും പ്രൈവറ്റ് സെക്രട്ടറി ഹാജരാക്കിയതുകൊണ്ടു് അതു കഴിപ്പാൻ അദ്ദേഹം താഴത്തേയ്ക്കിറങ്ങി. ആളുകളിൽ അധികംപേരും തേങ്ങിക്കരയുന്നുണ്ടായിരുന്നു.

19-9-’34

പ്രസംഗത്തിന്റെ ബാക്കി
സഞ്ജയൻ
കഞ്ഞിയും, സ്ത്രീകളും, കവിതയും മറ്റും

(സ്പെഷൽ റിപ്പോർട്ടർ)

ഒരു മണിക്കൂർ നേരത്തെ ലഘുഭക്ഷണാനന്തരം ശ്രീജിത്ത് സഞ്ജയൻ അവർകൾ പ്രസംഗം തുടർന്നു.

എന്റെ മുഖത്തു് വല്ലാത്ത ഒരു പ്രസന്നത കാണുന്നില്ലേ? അതു് കഞ്ഞി കുടിച്ചതിന്റെ കോളാണു്. ശ്രീമാൻ കെ. എം. നായരവർകൾ പറയുന്നതിൽ കാര്യമുണ്ടെന്നു നിങ്ങൾക്കിപ്പോൾ മനസ്സിലായല്ലോ? കഞ്ഞി കഞ്ഞിതന്നെയാണു്. പഴയരിക്കഞ്ഞി അമൃതിന്നു സമമാണെന്നു പറയുവാൻ വാഗ്ഭടൻ ആലോചിച്ചിട്ടുണ്ടായിരുന്നു. പുഴുക്കും കഞ്ഞിയുമുണ്ടായാൽ ഏതു കഴിച്ചിട്ടാണു് തൃപ്തിയാവുകയെന്നു് ഒരു ചോദ്യം അടുത്ത ബോർഡ് യോഗത്തിൽ ഒരു മെമ്പർ ചോദിച്ചേക്കാം.

“കഞ്ഞീടെ ചോടു വടിവോടഥ കിട്ടുമെങ്കിൽ

ചോറേറിയോന്റെ കൃപയെന്തിനു കുന്നിൽമാതേ?”

എന്നു് ഒരു മഹാകവി ചോദിച്ചിട്ടുള്ളതും ഇവിടെ ഓർക്കവ്യമാണു്. കാഞ്ഞിരം എന്ന വാക്കിനു കഞ്ഞിയുമായി ബന്ധമുണ്ടെന്നു മിസ്റ്റർ സി. എൻ. എ. രാമയ്യശാസ്ത്രി പറയുന്നതുവരെ ഞാൻ വിശ്വസിക്കുകയില്ല. കഞ്ഞി അവിടെ നിൽക്കട്ടെ.

(സദസ്യരിൽ ഒരാൾ: എവിടെ?)

നമുക്കു് ഇനി സ്ത്രീകളെപ്പറ്റി കുറച്ചു് ആലോചിക്കാം. പുരുഷന്മാർക്കുള്ളേടത്തോളം അധികാരം തങ്ങൾക്കു കിട്ടേണമെന്നു സ്ത്രീകളും, സ്ത്രീകൾക്കുള്ളതിന്റെ പകുതിയെങ്കിലും അധികാരം തങ്ങൾക്കു കിട്ടിയാൽ മതിയായിരുന്നു എന്നു് പുരുഷന്മാരും നിലവിളിക്കുന്ന ഈ വിഷമഘട്ടത്തിൽ അവരെപ്പറ്റി എന്തെങ്കിലും പറയുന്നതു് വളരെ ആലോചിച്ചു വേണ്ടതാണു്. ഏതായാലും സ്ത്രീയുടെ അബലാ എന്ന പര്യായം എടുത്തുകളയേണ്ടതാണെന്നു ഞാൻ ബലമായി അഭിപ്രായപ്പെടുന്നു. ഇന്നാളൊരു ദിവസം—(സദസ്യരുടെ ഇടയിലുള്ള ചിരികൊണ്ടു് ഇവിടെ അഞ്ചുപത്തു വാചകങ്ങൾ കേൾക്കാൻ സാധിച്ചില്ല.) അന്നാണു് സ്ത്രീ മറ്റെന്തായാലും അബലയല്ലെന്നു് ഞാൻ തീർച്ചപ്പെടുത്തിയതു്. അമരകോശത്തിൽനിന്നു് ഈ പേർ നീക്കം ചെയ്വാൻ ഒരു പ്രമേയം നിങ്ങളുടെ ബോർഡിൽ ഹാജരാക്കേണ്ടതാണു്.

(ഹസ്തതാഡനം)

സാഹിത്യത്തെപ്പറ്റിപ്പറയുവാൻ പേടിയാകുന്നു, എനിക്കു് നിങ്ങളുടെ പുതിയ പ്രസ്ഥാനമൊന്നും മനസ്സിലാകുന്നില്ല. ആശാൻ, വള്ളത്തോൾ, ഉള്ളൂർ എന്നൊക്കെ ചില പേരുകൾ കേരളപത്രികയിലും മറ്റു പത്രങ്ങളിലും ഇടയ്ക്കിടയ്ക്കു് കാണാറുണ്ടു്. ഞാനവരുടെ കവിതകൾ കുറെയൊക്കെ വായിച്ചുനോക്കി. എനിക്കു് ഒന്നും പിടിച്ചിട്ടില്ല. എന്തിനാണു് മലയാളശ്ലോകത്തിനു് കോമയും സെമിക്കോളനും ഡേഷും ബ്രാക്കറ്റുമൊക്കെ? തുഞ്ചനും കുഞ്ചനും ഇതൊന്നും ഉപയോഗിച്ചിട്ടില്ലല്ലോ. എന്നുമാത്രമല്ല, ആ മഹാകവികൾ ചെയ്തതുപോലെ ഇവർക്കു് താളിയോലയിൽ എഴുത്താണികൊണ്ടു് എഴുതിയാൽ പോരെ? അതു് അവസ്ഥയ്ക്കു് പോരായിരിക്കാം! എന്നു മാത്രമോ? ഗ്രന്ഥകർത്താ വള്ളത്തോൾ, ഗ്രന്ഥകർത്താ ഉള്ളൂർ! എന്തു ഗോഷ്ടിയാണിത്! വള്ളത്തോൾ വീടും, ഉള്ളൂർ ഗ്രാമവുമാണോ കവിതയെഴുതുന്നത്! ഗോഷ്ടിമയം എനിക്കു് പഴയ ശ്ലോകങ്ങളാണിഷ്ടം. പഴയ ശ്ലോകങ്ങളുടെ ഒരു യോജനദൂരെ നില്ക്കുവാൻകൊള്ളുന്ന ശ്ലോകങ്ങൾ ഇന്നാരും എഴുതീട്ടില്ല.

“വെള്ളത്തിൽനിന്നു കണ്ടേൻ ഞാൻ

കുറ്റിപോലൊരു മീനിനെ

ഒറ്റലുംകൊണ്ടു ചെന്നപ്പോള

വിടെത്തന്നെ താണുപോയ്”

ഇതു് ഏതാണ്ടു് പാണ്ടൻപറമ്പത്തു് കോടൻഭരണിയിലെ ഉപ്പുമാങ്ങയുടെ പഴക്കമുള്ള ഒരു ശ്ലോകമാണു്. അതിന്റെ ഗുണം എത്ര ആസ്വാദ്യമായിരിക്കുന്നു! കോമയില്ല, സെമിക്കോളനില്ല, ദുരാന്വയമില്ല, പ്രാസത്തിനുവേണ്ടി സർക്കസ്സില്ല, ഒരൊറ്റ നിരർത്ഥപദമില്ല. മീനിനെ കുറ്റിപോലെ എന്നുപമിച്ചതിന്റെ സ്വാരസ്യം മഹാകവികൾ മാത്രമേ അറിയൂ. ഇതു് “നിത്യഃ സർവ്വഗതഃ സ്ഥാണുരചലോയം സനാതനഃ” എന്ന ഗീതാശ്ലോകത്തെ ഓർമ്മപ്പെടുത്തുന്നു. അവിടെത്തന്നെ താണുപോയ് എന്ന വരിയിൽക്കൂടി പൊട്ടിപുറത്തുവരുന്ന ആശാഭംഗത്തിന്റെ ആഴം കണ്ടവരാരുണ്ടു്? ഇങ്ങനെ രചനാസൗന്ദര്യവും, അലങ്കാരഗുണവും ഉള്ള ഒരു ശ്ലോകം വള്ളത്തോളോ ഉള്ളൂരോ എഴുതുന്നതു് എനിക്കൊന്നു കാണണം.

ആശയത്തിൽ ആശാനാണു പോലും കേമൻ. നോൺസെൻസ്. നിങ്ങൾക്കു് ആശയത്തിന്റെ ഗാംഭീര്യം കാണണമോ? ഞാനൊരു ശ്ലോകം ചൊല്ലട്ടെ?

“നമ്പ്യാരു നങ്ങി നാരങ്ങാ

നമ്പിഷ്ടാതിരിയും തഥാ

ആനേ മേക്കുന്ന പാപ്പാനും

വെൾച്ചപ്പാടും തഥൈവച.”

നിങ്ങൾക്കെന്താണു് മനസ്സിലായതു്? ഒരു മണ്ണും മനസ്സിലായിട്ടില്ല; മരണം വരെ മനസ്സിലാവുകയുമില്ല. അതാണു് ആശയഗാംഭീര്യം.

ഇങ്ങിനെ എത്രയെങ്കിലും ശ്ലോകങ്ങൾ ഞാനറിയും. ഇവയുടെ കവികളിൽ അധികംപേരും നന്നെ ചെറുപ്പത്തിൽ അതിബുദ്ധികൊണ്ടു് തല തെറിച്ചുപോയവരായതു് നിങ്ങളുടെ മഹാകവികളുടെയൊക്കെ മഹാഭാഗ്യമെന്നല്ലാതെ മറ്റെന്തു് പറയും?

ഞാനിതാ തല്ക്കാലത്തേയ്ക്കു് എന്റെ പ്രസംഗം മതിയാക്കുന്നു. അഹോ! സഭാവാസികൾ മുഴുവനും എന്റെ പ്രസംഗമാധുര്യത്തിൽ ലയിച്ചു. സ്തബ്ധചിത്തവൃത്തികളായി, ചിത്രത്തിലെഴുതപ്പെട്ടവരെന്നപോലെ, കണ്ണുമടച്ചു് കൂർക്കം വലിച്ചുറങ്ങുന്നവരായി സ്ഥിതി ചെയ്യുന്നുവല്ലോ! മാന്യരേ! മാന്യരേ! ഇതെന്തു കഥയാണ്! (മുന്നോട്ടാഞ്ഞു കൈകൊട്ടിക്കൊണ്ടു്) ഹേ! മാന്യരേ! മാ—ന്യ—രേ! ഞാൻ പ്രസംഗം അവസാനിപ്പിക്കുന്നു. (കലശലായ ഹസ്തതാഡനവും ചിയേഴ്സും) ഇനി ഞാൻ അടുത്തൊന്നും പ്രസംഗിക്കുകയില്ല. (വീണ്ടും ഹസ്തതാഡനം) എനിക്കു മാലയിടാനാണെന്നും പറഞ്ഞു് ഒരു വിദ്വാൻ ഇങ്ങോട്ടു കയറിവരാൻ ശ്രമിക്കുന്നുണ്ടു്. സഹോദരരേ! അവനെ വിടരുതേ! പിടിച്ചു നിർത്തണേ! എനിക്കു മാല വേണ്ട. മാലയിടുന്ന ആളുടെ കയ്യിൽ എന്തിനാണു് ചൂരൽ! അതു ചോദിക്കിൻ. ഇല്ല. ഞാൻ ഇറങ്ങിവരില്ല. എല്ലാവരും പോയതിന്നു ശേഷമേ ഞാൻ ഇവിടെനിന്നു് ഒരു പടി ഇറങ്ങുകയുള്ളു. ഗുഡ്ബൈ!

(പ്രാസംഗികൻ പുറത്തേയ്ക്കു വരുമെന്നു പ്രതീക്ഷിച്ചു പലരും അരയിൽ മുണ്ടുകെട്ടി കറുവടിയുമായി വളരെനേരം കാത്തുനിന്നു. ഒടുക്കം ഭഗ്നാശരായി അവർ മടങ്ങി. പ്രാസംഗികൻ ദീപസ്തംഭത്തിൽത്തന്നെയിരിക്കുന്നുണ്ടു്. നിങ്ങളുടെ റിപ്പോർട്ടർ അന്വേഷിച്ചപ്പോൾ ബ്രഹ്മദ്ധ്യാനം ചെയ്കയാണെന്നു് ആ പെരുങ്കള്ളൻ പ്രൈവറ്റുസിക്രട്ടറി പറഞ്ഞിരിക്കുന്നു.)

23-9-’34

യൂറോപ്പിൽ ആർക്കും യുദ്ധം വേണമെന്നില്ലെന്നു മുസ്സോളിനി പറയുന്നു.

ഇങ്ങനെ തന്നെത്തന്നെ മറന്നുകളയുന്ന ഒരു വിനയബുദ്ധി അദ്ദേഹത്തിന്നുണ്ടെന്നുള്ള വിവരം ഞങ്ങൾക്കു പുത്തനാണു്.

(കേ. പ.)

“ഭൂമിയിൽ ഒന്നും വളരാത്ത ഒരു സ്ഥലത്തിന്റെ പേർ പറയാമോ?”

“കഷണ്ടിക്കാരന്റെ തല.”

(കേ. പ.)

സഞ്ജയന്റെ ലഘുജീവചരിത്രം

Colophon

Title: Sanjayante Prathyeka Vijnapanam (ml: സഞ്ജയന്റെ പ്രത്യേക വിജ്ഞാപനം).

Author(s): Sanjayan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-05-14.

Deafult language: ml, Malayalam.

Keywords: Article, Sanjayan, Sanjayante Prathyeka Vijnapanam, സഞ്ജയൻ, സഞ്ജയന്റെ പ്രത്യേക വിജ്ഞാപനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 13, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Martians fire their gas-guns., a painting by Henrique Alvim Correa (187–1910). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.