1958 ഒക്ടോബർ 19-ാം തീയതിയിലെ ജനയുഗം പത്രത്തിൽവന്ന രണ്ടു വ്യത്യസ്ത കുറിപ്പുകളാണു് ഇവിടെ കൊടുക്കുന്നതു്. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തു് വിദ്യാഭ്യാസബില്ലിനെ തുടർന്നു വന്ന സിലബസ് പരിഷ്കരണത്തിനെതിരെ നടന്ന വിമർശനങ്ങൾക്കുള്ള മറുപടികളിൽ നിന്നുള്ളതാണു് ഈ രണ്ടുകുറിപ്പുകളും. ഒന്നു് മഹാകവി ജി. ശങ്കരക്കുറുപ്പിന്റേതും മറ്റൊന്നു് തിരുനല്ലൂർ കരുണാകരന്റേതുമാണു്. സായാഹ്ന ചെയ്തുകൊണ്ടിരിക്കുന്ന ജനയുഗത്തിന്റെ ഡിജിറ്റൈസേഷൻ പ്രവർത്തനത്തിനിടെ ശ്രദ്ധയിൽ പെട്ടതാണു് ഇവ.
സായാഹ്ന
ജി. ശങ്കരക്കുറുപ്പ്
കോഴിക്കോടു്, ഒക്ടോ: 15—മഹാകവി ജി. ശങ്കരക്കുറുപ്പെഴുതുന്നു:
മാതൃഭൂമിയുടെ കഴിഞ്ഞൊരു ലക്കത്തിൽ മലയാള പാഠ്യപുസ്തകങ്ങളെ പരാമർശിച്ചുകൊണ്ടു് മഹാപണ്ഡിതനായ ശ്രീ: അഴിക്കോട്ടു സുകുമാരൻ എഴുതിയിരുന്ന ലേഖനം ആദരകൗതുകങ്ങളോടുകൂടി ഞാൻ വായിച്ചു. അതു മറ്റൊരാൾക്കുള്ള മറുപടിയാണു്: എന്നാലും പാഠ്യപുസ്തക രചിതാക്കളിൽ ഒരാളെന്നനിലയ്ക്കു്, ഒന്നാം പാഠത്തെപ്പറ്റിയുള്ള അധിക്ഷേപങ്ങൾക്കുള്ള മറുപടി പറയേണ്ടതു് എന്റെ ചുമതലയാണെന്നു വന്നിരിക്കുന്നു.
“ഒന്നാംപുസ്തകം ഈ തെറ്റിനു ഒന്നാം സമ്മാനംതന്നെ വാങ്ങിയേക്കും” എന്നു് ആ സുഹൃത്തു് ആഹ്ലാദിക്കുന്നു. സമ്മാനദാതാവു് അദ്ദേഹമല്ലല്ലോ എന്നുമാത്രമാണു് ഞാൻ വിഷാദിക്കുന്നതു്. എന്തെല്ലാമാണെന്നോ തെറ്റുകൾ! “നായ അതിൽ പൊതുവെ ‘നാ’ ആണു്. ‘നായും’ ‘നായ്ക്കു’ എന്നൊക്കെയാണു് പ്രയോഗം” ഒന്നാംപാഠത്തിൽ ‘നാ’ എന്നൊരു നാമം പ്രയോഗിച്ചിട്ടേ ഇല്ല. ‘നായ + ഉം’ ‘നായ + ക്കു്’ ഈ പ്രകൃതി പ്രത്യയയോഗങ്ങളിൽനിന്നാണു് ‘നായും’ ‘നായ്ക്കു് ’ ഈ പദങ്ങൾ ഉണ്ടാകുന്നതു്. ‘നായ’ എന്ന പ്രയോഗം തെറ്റാണെന്നാണു് വാദമെങ്കിൽ എഴുത്തച്ഛനും കുഞ്ചൻനമ്പ്യാരും പ്രൊഫസ്സർ സുകുമാരന്റെ ക്ലാസ്സിൽ പഠിക്കാൻ ഒരിക്കൽകൂടി പിറക്കേണ്ടിവരുമെന്നുതോന്നുന്നു. ‘നായ്ക്കും നരിക്കും’ എന്നു തുഞ്ചത്താചാര്യൻ എഴുതിപ്പോയിട്ടുണ്ടു്. ‘പാണ്ടൻ നായുടെ പല്ലിനുശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല’ എന്നു നമ്പ്യാരും പറഞ്ഞുപോയിട്ടുണ്ടു്. ‘നായ്, നായു്, നായ’ ഈ മൂന്നു രൂപങ്ങളും സാധുക്കളാണെന്നാണു് ഞങ്ങളൊക്കെ പഠിച്ചുപോയതും ധരിച്ചുപോന്നതും. പായ്, കായ്, വായ് ഈ നാമങ്ങൾക്കുമുണ്ടു് സംവൃതോകാരാന്തങ്ങളും അകാരാന്തങ്ങളും ആയ രൂപാന്തരങ്ങൾ. ‘പായ്മരം’ ‘പായ വിരിച്ചു’ ‘പായിട്ടിരുത്തിപ്പലപേർക്കു ഭക്ഷണം’ മുതലായ പദങ്ങളും പാദങ്ങളും യഥാസൗകര്യം ഓർക്കുന്നതു് നന്നായിരിക്കും. അപ്പോൾ മനസ്സിലാവും ‘നായ്’യ്ക്കല്ല ഗതികേടു പെട്ടതെന്നു്.
ഇനി നിയോജകപ്രകാരത്തിന്റെ മദ്ധ്യരൂപത്തെക്കുറിച്ചാണു്. അതു ദീർഗ്ഘാന്തമാണെന്നാണു്, സുകുമാരന്റെ പ്രതിജ്ഞ. അദ്ദേഹത്തിന്നു് എന്തൊരവലംബമാണതിനുള്ളതെന്നു സ്പഷ്ടമാക്കിയിരുന്നെങ്കിൽ എനിക്കു് അതു ഗ്രഹിക്കാമായിരുന്നു ആ ദയ ശ്രീ: സുകുമാരൻ പ്രദർശിപ്പിച്ചില്ല. കവിതയിൽ മാത്രാലാഭത്തിനോ സ്വരദൈർഘ്യംകൊണ്ടു് നേടാവുന്ന രചനാസൗകുമാര്യത്തിനോവേണ്ടി യഥേച്ഛ ക്രിയാപദത്തിലെ അന്ത്യസ്വരത്തിനു് നീളം വരുത്താറുണ്ടു്. അതു് നിയോജകമദ്ധ്യരൂപത്തിൽ മാത്രമല്ലതാനും. ‘നന്നൂ, ശമത്സമാം’, ‘മുഴങ്ങിടുന്നൂ ഘനസഞ്ചയം’ എന്നൊക്കെ പ്രയോഗിക്കാറുണ്ടല്ലോ. ‘തരൂ, വരൂ’ എന്നൊക്കെ നിയോജകമദ്ധ്യമക്രിയാരൂപത്തിലെ ‘അന്ത്യോകാരം’ നീട്ടുന്നതും മാത്രാലാഭത്തിനോ ഗാനാത്മകതയ്ക്കോ വേണ്ടി മാത്രമാണു്. ‘പുസ്തകം വായിക്കൂ, അക്ഷരം പഠിക്കൂ, നിരൂപണം എഴുതൂ’ എന്നോ ‘പുസ്തകം വായിക്കൂ. അക്ഷരം പഠിക്കൂ, നിരൂപണം എഴുതൂ’ എന്നൊ പറയേണ്ടതെന്നു് ശ്രീ: സുകുമാരൻതന്നെ തീർച്ചയാക്കിയാൽമതി. ‘വരു വരു കരുണ ധാമമേ, മന്ദമന്ദം’. എന്നാണു് കൊച്ചുണ്ണിത്തമ്പുരാനും, ‘പോവട്ടെ ഞാൻ വിടു, വിടില്ല കടന്നുകൂടാ’ എന്നാണു് വള്ളത്തോളും. ‘നീ മയങ്ങു കുഞ്ഞേ’ എന്നാണു് ഉള്ളൂരും പ്രയോഗിച്ചിട്ടുള്ളതു്. ഇതൊക്കെ അസാധുപ്രയോഗങ്ങളാണെന്നാണു പണ്ഡിതനായ ലേഖകന്റെ വാദം? ഒന്നാംപാഠത്തിലെ ഒരു വാക്യത്തിൽ ‘തരൂ’ എന്നൊരു മലയാളക്രിയാപദം കണ്ടാൽ ഉടനേ സംസ്കൃതത്തിലെ ഒരു നാമപദത്തിന്റെ അർത്ഥം ഗ്രഹിച്ചുപോകത്തക്കവണ്ണമുള്ള ഭാഷാശാസ്ത്രപാണ്ഡിത്യം ഒന്നാംക്ലാസ്സിൽ പഠിക്കുന്ന ചെറിയ കുട്ടികൾക്കുണ്ടാകുമെന്നു ഞാൻ ഇപ്പോഴും ഭയപ്പെടുന്നില്ല.
ഇനിയും കാണിക്കുന്നുണ്ടു്, വലിയൊരു തെറ്റു്; ‘കൈത നില്ക്കുന്നു’ എന്ന വാക്യത്തിലാണതു്. കൈത നില്ക്കുകയും കിടക്കുകയുംമറ്റും ചെയ്യുമോ എന്നാണു സംശയം. ‘മുറ്റത്തു മാവുനില്ക്കുന്നു’, ‘വഴിയിൽ ഒരു മാവു വീണുകിടക്കുന്നു’ എന്നൊക്കെ മലയാളികൾ പറയാറുണ്ടു്. മലയാളികൾക്കു് അർത്ഥബോധമുണ്ടാകാറുമുണ്ടു്. ‘മാവു് ഇറയത്തുകയറി ഇരുന്നുകളയുമോ’, ‘മാവു് എഴുന്നേറ്റു പൊയ്ക്കളയുമോ’ എന്നൊന്നു ആരും ശങ്കിക്കാറുമില്ല. ഇതൊക്കെ സാമാന്യജനങ്ങളുടെ സാമാന്യബുദ്ധിയെക്കുറിച്ചുള്ള പ്രസ്താവമാണെന്നു ഞാൻ സമ്മതിക്കുന്നു.
തിരുനല്ലൂർ കരുണാകരൻ
ഏറ്റവും രൂക്ഷമായ നിരൂപണം കേൾക്കേണ്ടിവന്നതു് ബഷീറിന്റെ ‘ന്റുപ്പാപ്പാക്കൊരാനേണ്ടാർന്നു’ എന്ന പുസ്തകമാണു്. പ്രസ്തുത നോവൽ മലയാളത്തിലെ ഒരനശ്വരകലാസൃഷ്ടിയാണെന്നു് സാഹിത്യം എന്തെന്നറിയാവുന്നവരെല്ലാം സമ്മതിക്കും. ഈ മനോഹര കലാശില്പത്തെക്കുറിച്ചു് ഒരാസ്വാദനമോ നിരൂപണമോ എഴുതുക ഇവിടെ സാദ്ധ്യമല്ല.
വിദ്യാഭ്യാസമൂല്യം, സാഹിത്യമൂല്യം, സാംസ്കാരികമൂല്യം, ധാർമ്മികമൂല്യം എന്നീ നാലു മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണു് ഈ ഉപപാഠപുസ്തകത്തെ കത്തോലിക്കാ കോൺഗ്രസ് എതിർക്കുന്നതു്. ഭാഷാപഠനത്തിൽ ഒരു ഉപപാഠപുസ്തകത്തിന്റെ പങ്കു് എന്താണെന്നകാര്യം വിസ്മരിച്ചു കൊണ്ടാണു് നിരൂപകന്മാർ ഈ നാലു മൂല്യങ്ങളുടേയും മാനദണ്ഡം കൊണ്ടു് ഈ പുസ്തകത്തെ വിമർശിക്കാൻ ഒരുമ്പെട്ടതു്. അതും മതത്തിന്റേതായ ഒരു വീക്ഷണകോൺ അവലംബിച്ചുകൊണ്ടു്.
പാഠപുസ്തകങ്ങളുടെ പഠനം കൊണ്ടു വിദ്യാർത്ഥികൾ നേടിയ പരിജ്ഞാനം സ്വയം പ്രയോഗിക്കാനും വാക്യരചനാപരിശീലനത്തിനുമാണു പ്രധാനമായും ഉപപാഠപുസ്തകങ്ങൾ ഉപയോഗപ്പെടേണ്ടതു്.
അതുകൊണ്ടാണു നോവലുകളോ അവയുടെ സംഗ്രഹങ്ങളോ ഉപപാഠപുസ്തകങ്ങളായി പ്രായേണ അംഗീകരിക്കപ്പെടുന്നതും. ഈ അടിസ്ഥാനത്തിൽ നോക്കിയാൽ ബഷീറിന്റെ നോവലിനു് ഒരു ഉപപാഠപുസ്തകമാക്കാൻ തികച്ചും അർഹതയുണ്ടു്. മുസ്ലീം സമുദായത്തിന്റെ പുതുമയുള്ള അന്തരീക്ഷവും സാഹിത്യത്തിലും വായനക്കാരുടെ ഓർമ്മയിലും ഇന്നും ജീവിക്കുന്ന കഥാപാത്രങ്ങളും ആകെക്കൂടി ഒരു സ്വാഭാവോക്ത്യാലങ്കാരംപോലെ ഹൃദയസ്പർശിയായി ഋജുവായി വികസിക്കുന്ന കഥാഗാത്രവും സസൂക്ഷ്മമായ ജീവിതനിരീക്ഷണവും സമഞ്ജസമായി സംയോജിച്ചുള്ള ഈ നോവൽ ഒരു വിലപ്പെട്ട സംഭാവനയായി വിദ്യാർത്ഥികൾ കരുതും. സന്ദർഭങ്ങളുടെ വിശദാംശമോ കഥാപാത്രങ്ങളുടെ ചിത്രീകരണമോ എഴുതാൻ അവരോടാവശ്യപ്പെട്ടാൽ അദ്ധ്യാപകന്റെ ഭീഷണിയൊന്നുമില്ലാതെ അവരതു വേണ്ടുംവണ്ണം നിർവഹിക്കുകയുംചെയ്യും. എന്തുകൊണ്ടെന്നാൽ മലയാളത്തിലെ സുന്ദരമായ ഒരു കലാസൃഷ്ടി ഉപപാഠപുസ്തകമായി കിട്ടുകയെന്ന വല്ലപ്പോഴും മാത്രമുണ്ടാകുന്ന ഒരു ഭാഗ്യമാണു്. ഇതൊക്കെയാണു് ഒരു ഉപപാഠപുസ്തകത്തിന്റെ വിദ്യാഭ്യാസപരവും സാഹിത്യപരവുമായ മൂല്യം.
ഇതൊരു നല്ല നോവലായതുകൊണ്ടു് കഥാപാത്രങ്ങൾ അവരുടെ സ്വന്തം ഭാഷയിലാണു സംസാരിക്കുന്നതു്. തന്മയത്വംതികഞ്ഞ, സജീവമായ ആ പ്രാദേശിക സംഭാഷണ ശൈലിയെ ഏറ്റവും വലിയ ഒരു ദോഷമായിട്ടാണു് കത്തോലിക്കാ കോൺഗ്രസുകാർ എടുത്തുകാണിക്കുന്നതു്. ഇതൊരു ദോഷമല്ല. കേരളത്തിൽ പാഠപുസ്തകങ്ങളായിരുന്നിട്ടുള്ള പല നോവലുകളിലും ഈ പ്രത്യേകത കാണാം. ഉദാഹരണത്തിനു ദൂരെയെങ്ങും പോകേണ്ടതില്ല. 11-ാം സ്റ്റാൻഡേർഡിൽ കഴിഞ്ഞകൊല്ലം ഉപപാഠപുസ്തകമായിരുന്ന ‘മാർത്താണ്ഡവർമ്മ’ നോക്കുക. ശ്രീ. സി. വി. രാമൻപിള്ളയുടെ എല്ലാ നോവലുകളിലും ഇതു കാണാം. ഒരു നോവലിസ്റ്റ് എന്ന നിലയിൽ ശ്രീ. സി. വി.-യ്ക്കുണ്ടായ വിജയത്തിന്റെ നല്ലൊരു പങ്കു് ഈ ദേശ്യപ്രയോഗങ്ങളുടെ തന്മയത്വത്തിനു കടപ്പെട്ടിരിക്കുന്നു. ദേശ്യസംഭാഷണശൈലികൾ ധാരാളമുള്ളതുകൊണ്ടു് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വിദ്യാലയങ്ങളിൽ ആരും നിഷേധിച്ചിട്ടില്ല. പിന്നെന്തേ ബഷീറിന്റെ പുസ്തകത്തെക്കുറിച്ചു പറയുമ്പോൾമാത്രം ആ പ്രത്യേകതയിൽ ഇങ്ങനെ തൂങ്ങിക്കിടക്കാൻ?
ഈ നാടൻ സംഭാഷണ ശൈലികൾക്കെതിരെ ബഷീർ എന്ന നോവലെഴുത്തുകാരന്റെ സ്വന്തം ഗദ്യശൈലി അങ്ങനെ വെട്ടിത്തിളങ്ങി നിൽക്കുന്നതു കണ്ടുകൂടേ? “ഗ്രന്ഥത്തിന്റെ പ്രതിപാദനരീതി ലളിതവും ശാലീനവും” ആണെന്നു് കത്തോലിക്കാ കോൺഗ്രസുകാരും സമ്മതിക്കുന്നുണ്ടല്ലോ. ബഷീറിന്റെ ആ മണികെട്ടിയ ഭാഷാശൈലിയാണു്, അല്ലാതെ മുസ്ലീം കാവ്യപാത്രങ്ങളുടെ സംഭാഷണരീതിയല്ല വിദ്യാർത്ഥികൾ അനുകരിക്കാൻ ഇടയുള്ളതു്. “ആഴത്തിൽ മുങ്ങിയെടുക്കേണ്ട ഭാഷാവിജ്ഞാനം” ഈ കൃതിയിൽനിന്നു ലഭിക്കുകയില്ലെന്നാണു പരാതിയെങ്കിൽ ആ ന്യൂനത പരിഹരിക്കാൻ വേറെ പാഠാവലികൾ ഉണ്ടെന്നു സമാധാനപ്പെടാം. ഭാഷാവിജ്ഞാനത്തിനു് ആഴത്തിൽ മുങ്ങിനോക്കേണ്ടതു് ഉപപാഠപുസ്തകങ്ങളിലല്ല. “ഒരു ടെക്സ്റ്റു ബുക്കെന്നതുപോലെ, പഠിപ്പിച്ചെങ്കിലേ അതു ഗ്രഹിക്കാനാവൂ” എന്നു് ഏഴാംസ്റ്റാൻഡേർഡിലെ ഉപപാഠപുസ്തകത്തെക്കുറിച്ചു് കുറ്റം പറഞ്ഞ കത്തോലിക്കാ കോൺഗ്രസുകാർ ആ വസ്തുത ഇവിടെയും ഓർമ്മിക്കേണ്ടതായിരുന്നു.
ഈ പുസ്തകത്തിൽ സംസ്ക്കാരികവും ധാർമ്മികവുമായ മൂല്യം കമ്മിയാണെന്നു പറയുന്നതും ശരിയല്ല. വേദപുരാണേതിഹാസങ്ങളിലെ സാംസ്ക്കാരികമോ ധാർമ്മികമോ ആയ മൂല്യം ഇതിൽ ഇല്ലെന്നതു വാസ്തവമാണു്. ഇതൊരു നോവലാണു്, പതിനൊന്നാം സ്റ്റാൻഡേർഡിലെ ഉപപാഠപുസ്തകവുമാണു്. ഒരു നല്ല നോവൽ വായിച്ചാൽ ലഭിക്കുന്ന സാംസ്ക്കാരിക-ധാർമ്മികമൂല്യങ്ങൾ അവയുടെ മുഴുവൻതോതിൽ ഇതിൽ നിന്നു ലഭിക്കും. നല്ല കഥാപാത്രങ്ങളോടു തന്മയീഭാവം പ്രാപിച്ചു് അവരുടെ സുഖദുഃഖങ്ങളിൽ പങ്കെടുത്തു് ആ കഥാപാത്രങ്ങളായിത്തന്നെ ജീവിക്കുമ്പോൾ വിദ്യാർത്ഥികൾക്കു് എന്തു മാനസികവികാസവും ആനന്ദവും ഉണ്ടാകുമോ അതുതന്നെയാണു് ഇതിന്റെ സംസ്ക്കാരികമൂല്യം. അന്ധവിശ്വാസങ്ങളോടും പാരമ്പര്യത്തെച്ചൊല്ലിയുള്ള അർത്ഥശൂന്യമായ മേനിനടിക്കലിനോടും വിദ്യാർത്ഥികൾക്കു് എന്തെങ്കിലും എതിർപ്പുതോന്നുമെങ്കിൽ അതുതന്നെയാണു് ഇതിന്റെ ധാർമ്മികമൂല്യം. ചുരുക്കിപ്പറഞ്ഞാൽ ഈ ഒന്നാന്തരം നോവൽ ഒരൊന്നാന്തരം ഉപപാഠപുസ്തകവുമാണു്. സംശയമുള്ളവർ അല്പം ക്ഷമിക്കട്ടെ. ഈ വിദ്യാലയവർഷത്തിന്റെ ഒടുവിൽ നമ്മുടെ വിദ്യാർത്ഥികൾ അതു തെളിയിക്കും.
കത്തോലിക്കാ കോൺഗ്രസുകാരോടു് ഒരു കാര്യത്തിൽ നാം നന്ദിപറയണം. പാഠപുസ്തകങ്ങളിൽ കമ്മ്യൂണിസം കുത്തിത്തിരുകിയിരിക്കുന്നു എന്നു തെളിയിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട അവർക്കു് ഈ ഏഴുപുസ്തകങ്ങളിൽ ഒന്നിലും ഒരൊറ്റവരിയിൽപോലും കമ്മ്യൂണിസം കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
ഒരപേക്ഷയെങ്കിലും കത്തോലിക്കാ കോൺഗ്രസുകാർ സദയം സ്വീകരിക്കണം. പാഠപുസ്തകങ്ങളിലെ ചില പ്രയോഗങ്ങളുടെ ഭാഷാശുദ്ധിയെ അവർ ചോദ്യം ചെയ്യുകയുണ്ടായല്ലോ. ഭാഷാപരമായ പരിചയക്കുറവുകൊണ്ടു് അവർ അങ്ങനെ ചെയ്തുപോയതാണു് സാരമില്ല. അവരുടെ നിരൂപണഗ്രന്ഥത്തിലെ ഭാഷാശുദ്ധിയെക്കുറിച്ചു് ഇവിടൊന്നും പറയുന്നില്ല, പറയാൻ ഇടമില്ല. എങ്കിലും പുസ്തകത്തിന്റെ തലക്കെട്ടിൽ കാണുന്നതും ഉടനീളം ആവർത്തിച്ചിട്ടുള്ളതുമായ ആ തെറ്റെങ്കിലും തിരുത്തണം നമ്മുടെ വിദ്യാർത്ഥികളിൽ ആരെങ്കിലും അതു കാണാൻ ഇടവന്നാൽ അവർ എന്തുവിചാരിക്കും. ‘പാഠപ്പുസ്തകം’ എന്നെഴുതരുതു്. പാഠപുസ്തകം എന്നുമതി. അങ്ങിനെ പ്രയോഗിക്കാവൂ. തലക്കെട്ടുതന്നെ അബദ്ധമാണെങ്കിൽ ഉള്ളടക്കത്തിന്റെ കാര്യം പിന്നെ പറയാനുണ്ടോ!

മലയാളത്തിലെ ഒരു കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആദ്യ മലയാള സാഹിത്യകാരനാണു് ശങ്കരക്കുറുപ്പ്.
1901 ജൂൺ 3-നു്, നെല്ലിക്കാമ്പള്ളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി വാരാസ്യാരുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്തു് ജനിച്ചു. 17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937-ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956-ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. 1978 ഫെബ്രുവരി 2-നു് അന്തരിച്ചു.
- 1901 ജനനം
- 1921 വൈക്കം കോൺവെന്റ് സ്കൂളിൽ അധ്യാപകൻ
- 1926 തൃശൂർ ട്രെയിനിങ് കോളേജിൽ
- 1937 എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകൻ
- 1961 കേരള സാഹിത്യ അക്കാദമി പുരസ്കാരം
- 1963 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
- 1965 ജ്ഞാനപീഠം
- 1978 മരണം
1961-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, 1963-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിവ അദ്ദേഹത്തിന്റെ വിശ്വദർശനം എന്ന കൃതിക്കു് ലഭിച്ചു. ആദ്യത്തെ ജ്ഞാനപീഠം ജേതാവായിരുന്നു അദ്ദേഹം. 1967-ൽ സോവിയറ്റ് ലാന്റ് നെഹ്റു അവാർഡ് ലഭിച്ചു. 1965-ൽ ഓടക്കുഴൽ എന്ന കൃതിക്കാണു് അദ്ദേഹത്തിനു് ജ്ഞാനപീഠം ലഭിച്ചതു്. കൂടാതെ പദ്മഭൂഷൺ ബഹുമതിയും അദ്ദേഹത്തിനു് ലഭിച്ചിട്ടുണ്ടു്.

1924 ഒക്ടോബർ 8-നു് കൊല്ലം താലൂക്കിൽ അഷ്ടമുടിക്കായൽത്തീരഗ്രാമമായ പെരിനാട് പി. കെ. പത്മനാഭന്റെയും എൻ. ലക്ഷ്മിയുടെയും മകനായാണു് തിരുനല്ലൂർ കരുണാകരൻ ജനിച്ചതു്. പ്രാഥമിക വിദ്യാഭ്യാസവും സംസ്കൃതപഠനവും ഒന്നിച്ചായിരുന്നു. എസ്. എൽ. സി.-ക്കു് പ്രാക്കുളം എൻ. എസ്. എസ്. ഇംഗ്ലീഷ് ഹൈസ്ക്കൂളിലും ബി. എ.-യ്ക്കു് കൊല്ലം എസ്. എൻ. കോളേജിലും പഠിച്ചു.
ചരിത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം കൊല്ലം എസ്. എൻ. കോളേജിൽ മലയാളം ട്യൂട്ടറായാണു് ഔദ്യോഗികജീവിതം ആരംഭിച്ചതു്. ഒരു വർഷം ജോലി ചെയ്തു. 1954-ൽ യൂണിവേഴ്സിറ്റി കോളേജിൽ നിന്നു് മലയാള സാഹിത്യത്തിൽ എം. എ. നേടി. ആ വർഷം തന്നെ കോളേജ് അദ്ധ്യാപകനായി സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. ആദ്യത്തെ മൂന്നുവർഷം ഗവ. ആർട്സ് കോളേജിലും അതിനുശേഷം 1975 വരെ യൂണിവേഴ്സിറ്റി കോളേജിലും. 1975-ൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി. 1981-ൽ ഔദ്യോഗിക ജീവിതത്തിൽനിന്നു് വിരമിച്ചു.
തിരുനല്ലൂർ കരുണാകരന്റെ കവിതകൾ എന്ന സമാഹാരത്തിനു് 1985-ലെ ആശാൻ പുരസ്കാരവും 1988-ലെ വയലാർ അവാർഡും ലഭിച്ചു. ഗ്രീഷ്മ സന്ധ്യകൾക്കു് മൂ ലൂർ അവാർഡും അബുദാബി ശക്തി അവാർഡും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാപുരസ്കാരവും ലഭിച്ചിട്ടുണ്ടു്.