‘കിലുക്കം’ എന്ന സിനിമയിൽ അങ്കമാലിയിലെ പ്രധാനമന്ത്രിയാണു് തന്റെ അമ്മാവൻ എന്നു് രേവതി പറയുന്ന പ്രസിദ്ധമായ ആ സീൻ കാണുമ്പോൾ ഗുപ്തൻ നായർക്കു് മറ്റുള്ളവരെപ്പോലെ ചിരി വരാറില്ല. മറിച്ചു് രേവതി പറയുന്നതു് എന്തുകൊണ്ടു സത്യമായിക്കൂടാ എന്ന ചോദ്യം അയാളുടെ മനസ്സിൽ ഉയരുകയാണു് പതിവു്. ഒപ്പം രേവതി പറഞ്ഞതു് സത്യമായിത്തീരട്ടെ എന്നു് അയാൾ തീവ്രമായി ആഗ്രഹിക്കാൻ തുടങ്ങുകയും ചെയ്യും.
ഒരു കാര്യം സത്യമാണെന്നു സ്ഥാപിക്കാൻ അതെക്കുറിച്ചുള്ള ഉത്തമബോധ്യത്തിനപ്പുറം അതിനു് ഉപോദ്ബലകമായ തെളിവുകൾ കൂടി ഉണ്ടായിരിക്കണമല്ലോ.
അതുകൊണ്ടു് രേവതി മോഹൻലാലിനു് ഒരു ഫോൺ നമ്പർ കൈമാറുന്നതായും മോഹൻലാൽ ആ നമ്പറിലേയ്ക്കു ഡയൽ ചെയ്യുമ്പോൾ മറുപുറത്തു നിന്നു് “പ്രൈം മിനിസ്റ്റർ ഓഫ് അങ്കമാലി ഹിയർ” എന്ന, അധികാരം തുളുമ്പുന്ന ഒരു ഘനശബ്ദം റിസീവറിൽ വന്നു നിറയുന്നതായും ഗുപ്തൻ നായർ സങ്കല്പിക്കും.
കുസൃതി നിറഞ്ഞു നിന്ന മോഹൻലാലിന്റെ മുഖം അതോടെ ഗൗരവം പൂണ്ടു മുറുകും.
മോഹൻലാലിന്റെ മുഖം ഒരു കാര്യത്തെ പ്രതി ഗൗരവം പൂണ്ടാൽ പിന്നെ പറയേണ്ടതില്ലല്ലോ; അതിന്റെ ഉണ്മയെസ്സംബന്ധിച്ചുള്ള ചോദ്യങ്ങളെല്ലാം അതോടെ അസ്ഥാനത്തായിത്തീരും.
മോഹൻലാലിന്റെ മുഖത്തെ ഗൗരവം പതുക്കെ ചുറ്റുമുള്ളവരുടെ മുഖങ്ങളിലേയ്ക്കു കൂടി വ്യാപിക്കുകയും അവരുടെയെല്ലാം ആദരവു നിറഞ്ഞ നോട്ടം രേവതിയുടെ നേർക്കു നീളാൻ തുടങ്ങുകയും ചെയ്യും.
അതോടെ അങ്കമാലി എന്നു പേരുള്ള ഒരു രാജ്യം പിറവിയെടുക്കുകയും അതിനു് ഒരു പ്രധാനമന്ത്രി ഉണ്ടായിത്തീരുകയും ചെയ്യും.
വേണു നാഗവള്ളി എഴുതി പ്രിയദർശൻ സംവിധാനം ചെയ്ത ‘കിലുക്ക’ത്തോടു് ഗുപ്തൻ നായർ വിട പറയുന്ന ഘട്ടം അതാണു്.
തുടർന്നു് അയാൾ മുന്നോട്ടു പോവുക തന്റെ സ്വന്തം കിലുക്കവുമായിട്ടായിരിക്കും.
ചുരുക്കിപ്പറഞ്ഞാൽ തീയേറ്ററിലും ടി. വി. യിലുമായി ഗുപ്തൻ നായർ പത്തുപന്ത്രണ്ടു തവണ കിലുക്കം കണ്ടിട്ടുണ്ടെങ്കിലും വേണു നാഗവള്ളിയോ പ്രിയദർശനോ തങ്ങളുടെ ഒരു ജാര സന്തതിയായി പോലും പരിഗണിക്കാൻ സാധ്യതയില്ലാത്ത കിലുക്കമായിരുന്നു അവയെല്ലാം.
ഗുപ്തൻ നായർ ഒരു കഥയോ നോവലോ വായിക്കുമ്പോഴും ഇതു തന്നെയായിരുന്നു സ്ഥിതി. ഒരു ഘട്ടത്തിൽ കഥാകൃത്തിനെ അല്ലെങ്കിൽ നോവലിസ്റ്റിനെ പടിക്കു പുറത്താക്കിക്കൊണ്ടു് അയാൾ സ്വന്തം കഥയും നോവലും സൃഷ്ടിച്ചു കൊണ്ടു മുമ്പോട്ടു പോകും.
കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാകും.
ചാർലി എന്നു പേരുള്ള തന്റെ വളർത്തു നായയ്ക്കു് ഇറച്ചി വാങ്ങുന്നതിനു വേണ്ടി അതിരാവിലെ വീട്ടിൽ നിന്നു് പുറപ്പെട്ട ഗുപ്തൻ നായർ എവിടേയ്ക്കെന്നറിയാതെ അപ്രത്യക്ഷനായ ദിവസം അന്നായിരുന്നുവല്ലോ.
ഒന്നര വയസ്സുള്ള, ലാബ്രഡോർ ഇനത്തിൽ പെട്ട ചാർലിക്കു് അത്താഴത്തിനു് ഇറച്ചി നിർബ്ബന്ധമായിരുന്നു. വെളുത്ത നിറവും ആരോഗ്യം തുടിക്കുന്ന ശരീരവും തേക്കിൻ കാതലിന്റെ ഉറപ്പുള്ള കുരയുമായി ചാർലി ഗുപ്തൻ നായരുടെ വീട്ടുമുറ്റത്തെ ഇരുമ്പു കൂട്ടിൽ സുഭിക്ഷമായി ജീവിച്ചു. ചാർലിയുടെ പ്രതിരോധ കുത്തിവയ്പ്പുകളും വിര മരുന്നു സേവയും മുതൽ ഷാംപൂ തേച്ചുള്ള കുളി വരെ ഗുപ്തൻ നായരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു നടന്നിരുന്നതു്.
പൂട്ടിയിട്ടു വളർത്തുന്ന ഒരു മിണ്ടാപ്രാണി എന്ന നിലയ്ക്കു് ഗുപ്തൻ നായരുടെ അനുകമ്പ ചാർലിയുടെ മേൽ വേണ്ടുവോളം ഉണ്ടായിരുന്നു.
പ്രാപിക്കാൻ ഒരു ഇണയില്ലാത്തതിന്റെ ദുഃഖം മാത്രം കുതിർന്ന പനങ്കുരു പോലെയുള്ള അവന്റെ കണ്ണുകളിൽ തിരിച്ചറിയപ്പെടാതെ കിടന്നു.
ചാർലി ഒഴികെ അയാളുടെ വീട്ടിലെ മറ്റംഗങ്ങളെല്ലാം സസ്യാഹാരികളായിരുന്നു.
മറ്റംഗങ്ങളെന്നാൽ അയാളുടെ ഭാര്യ ലത മുരളീധരനും അവരുടെ രണ്ടു മക്കളായ, യഥാക്രമം പതിനഞ്ചും പതിന്നാലും വയസ്സുള്ള മനു മുരളീധരനും മീര മുരളീധരനും.
പൊതുഭരണ വകുപ്പിൽ സെക്ഷൻ ഓഫീസറായി ജോലി ചെയ്യുന്ന ഗുപ്തൻ നായരുടെ ശരിക്കുള്ള പേരു് എം. കെ. മുരളീധരൻ നായർ എന്നായിരുന്നു. ഗുപ്തൻ നായർ എന്നതു് അന്തർമുഖനും മൗനിയുമായ അയാൾക്കു് സഹപ്രവർത്തകരും വിരലിലെണ്ണാൻ മാത്രമുള്ള അയാളുടെ സുഹൃത്തുക്കളും പതിച്ചു നൽകിയിരുന്ന ഒരു പേരായിരുന്നു. അതു് തനിക്കു നന്നെ യോജിക്കുന്ന ഒരു പേരാണെന്നു് അയാൾക്കും ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ അയാൾ സ്വയം വിശേഷിപ്പിച്ചിരുന്നതും ഗുപ്തൻ നായർ എന്നു തന്നെയായിരുന്നു. ഗുപ്തൻ എന്നു മാത്രമായിരുന്നു ആ പേരെങ്കിൽ അതു തനിക്കു് ഒന്നു കൂടി ഇണങ്ങുമായിരുന്നു എന്നും അയാൾക്കു തോന്നി. എന്തായാലും മുരളീധരൻ നായർ എന്നുള്ള അയാളുടെ യഥാർത്ഥ പേരു് ഔദ്യോഗിക രേഖകളിൽ മാത്രമായി ചുരുങ്ങി.
ഓരോ മനുഷ്യന്റെ ജീവിതത്തിലും ഇഹലോകത്തിനു സമാന്തരമായി ഒരു അപരലോകം കൂടി ഗോപ്യമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നുണ്ടു് എന്നു വിശ്വസിച്ചിരുന്ന ഒരാളായിരുന്നു ഗുപ്തൻ നായർ. ഇഹലോക ജീവിതത്തെ സമ്പൂർണ്ണവും സന്തുലിതവുമായ ഒന്നാക്കിത്തീർക്കാൻ സമാന്തരമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആ അപരലോകത്തെക്കൂടി ഒപ്പം കൂട്ടുകയേ വേണ്ടൂ എന്നും അയാൾ വിശ്വസിച്ചു. അത്തരം ഒരു ജീവിതത്തിനു് ഉപയുക്തമാകുന്ന വിധത്തിൽ തനിക്കുള്ളതുപോലെ ഒരു ഇരട്ടപ്പേരു് ഒരോ വ്യക്തിയ്ക്കും ഉണ്ടായിരിക്കുന്നതു് എന്തുകൊണ്ടും നല്ലതാണു് എന്ന പക്ഷം കൂടി ഉണ്ടായിരുന്നു അയാൾക്കു്.
പറമ്പിലെ മരത്തണലിൽ കസേരയിട്ടിരുന്നു് പുസ്തകം വായിക്കുകയോ പാട്ടുകേൾക്കുകയോ മനോരാജ്യം കാണുകയോ ചെയ്യുക, തന്റെ ഹെർക്കുലീസ് സൈക്കിളുമെടുത്തു് എവിടേയ്ക്കെന്നില്ലാതെ സവാരി പോവുക, വളർത്തുനായ ചാർലിയുടെ തുടലിൽ പിടിച്ചു കൊണ്ടു് കാടെന്നോ മേടെന്നോ ഇല്ലാതെ അവൻ നയിക്കുന്ന ഇടങ്ങളിലെല്ലാം സഞ്ചരിക്കുക തുടങ്ങിയ ലളിതവും സാധാരണവുമായ ചില പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടാണു് ഗുപ്തൻ നായർ തന്റെ ഞായറാഴ്ചകൾ ചെലവഴിച്ചിരുന്നതു്.
പക്ഷേ, അപ്പൊഴെല്ലാം അയാളെ ഗ്രസിച്ചു നിന്ന ഒരു അപരലോകത്തിന്റെ സാന്നിധ്യം ലളിതവും സാധാരണവുമായ ആ പ്രവൃത്തികളെ അസാധാരണവും സങ്കീർണ്ണവുമായ ഒന്നായി മറ്റുള്ളവരിലേയ്ക്കു് വിനിമയം ചെയ്തു.
അയാളുടെ പ്രകൃതം അറിയാവുന്ന ഭാര്യയും മക്കളും ഞായറാഴ്ചകളിൽ അയാളെ സ്വന്തം പാട്ടിനു വിടുകയായിരുന്നു പതിവു്.
മറ്റു ദിവസങ്ങളിലാകട്ടെ അവരുടെ അനുവാദമില്ലാതെ തന്നെ അയാൾ സ്വന്തം പാട്ടിനു നടന്നു.
സ്വതഃസിദ്ധമായ രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അയാൾക്കു് ആരുടെയെങ്കിലും അനുവാദം വേണ്ടിയിരുന്നില്ല എന്നതാണു് സത്യം.
വളർത്തു നായ ചാർലിയ്ക്കുള്ള ഇറച്ചി തലേന്നു് തീർന്നു പോയ കാര്യം ഞായറാഴ്ച രാവിലെ മാത്രമാണു് അയാളുടെ ഭാര്യ ലതയ്ക്കു് ഓർമ്മ വന്നതു്. ചാർലിക്കു വേണ്ടുന്ന ഇറച്ചി ആഴ്ചയിലൊരിക്കൽ വാങ്ങി പാകം ചെയ്തു് ഫ്രിഡ്ജിൽ വയ്ക്കുകയാണു് പതിവു്.
ഞായറാഴ്ചത്തെ പതിവു ചിട്ടവട്ടങ്ങൾ മാറ്റി വെച്ചു് രാവിലെ തന്നെ തന്റെ ഹെർക്കുലീസ് സൈക്കിളുമെടുത്തു് പട്ടണത്തിലെ അറവുശാലയിലേയ്ക്കു് ഗുപ്തൻ നായർക്കു് പുറപ്പെടേണ്ടി വന്നതു് അതുകൊണ്ടാണു്.
ഗുപ്തൻ നായരുടെ ഹെർക്കുലീസ് സൈക്കിൾ നെൽപ്പാടങ്ങളെ നെടുകെ മുറിച്ചു കിടന്ന ചെമ്മൺ നിരത്തിലൂടെ മുന്നോട്ടു നീങ്ങി. നെൽപ്പാടങ്ങൾക്കു കുറുകെയുള്ള ആ നിരത്തു് ആറു കിലോമീറ്റർ അകലെ കിടന്ന പട്ടണത്തിലേയ്ക്കുളള കുറുക്കുവഴിയായിരുന്നു. അതാകുമ്പോൾ കഷ്ടിച്ചു് നാലു കിലോമീറ്റർ ചവുട്ടിയാൽ അയാൾക്കു് പട്ടണത്തിലെത്താൻ കഴിയുമായിരുന്നു.
നിരത്തിനിരുവശവും യൗവനത്തിലെത്തിയ നെൽച്ചെടികളുടെ ഇരുണ്ട പച്ച അറ്റം കാണാതെ കിടന്നു. പ്രഭാതത്തിന്റെ ആവി നിറഞ്ഞ വെയിൽ ആ ഇരുണ്ട പച്ചയെ ഒരു നീലപ്പുകപോലെ പൊതിഞ്ഞു നിന്നിരുന്നു.
ഗുപ്തൻ നായർ എത്തുമ്പോൾ അറവുശാലയുടെ മുന്നിൽ ഒരു ഉത്സവത്തിന്റെ തിരക്കായിരുന്നു. പട്ടണത്തിലെ ചന്തയിൽ ഞായാറാഴ്ച സജീവമാകുന്ന ഒരേയൊരു ഇടമായിരുന്നു അതു്. അറവുശാലയുടെ മുന്നിലെ ക്യൂ ചന്തയ്ക്കു പുറത്തു്, പട്ടണത്തിന്റെ പ്രധാന നിരത്തു വരെ നീണ്ടു പോയിരുന്നു.
അപരലോകത്തു നിന്നു് ഇറച്ചി വാങ്ങുവാൻ വേണ്ടി ഇഹലോകത്തേയ്ക്കു വന്ന ഒരാളുടെ മനോവ്യാപാരങ്ങളോടെ അയാൾ അറവുശാലയുടെ മുന്നിലെ ക്യൂവിൽ അണിചേർന്നു.
ഇരുമ്പു കൊളുത്തുകളിൽ ചോരയിറ്റിച്ചു കൊണ്ടു് തൂങ്ങിക്കിടക്കുന്ന തുടയിറച്ചി തന്റേതു തന്നെയെന്നു തെളിയിക്കാൻ പോത്തു് അറുത്തെടുത്ത സ്വന്തം തല അറവുശാലയുടെ മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു.
വളഞ്ഞു കൂർത്ത, ലക്ഷണമൊത്ത അതിന്റെ കൊമ്പുകൾ ജയിക്കാനുള്ള യുദ്ധങ്ങൾ മരിച്ചാലും ബാക്കി കിടക്കും എന്നു് വിളംബരം ചെയ്തു. ഒരു സുഖ നിർവൃതി നുണയാൻ ഇടയ്ക്കു് ഒരു ഇളവെടുത്തതാണു് എന്ന മട്ടിൽ അതിന്റെ കണ്ണുകൾ പാതി കൂമ്പിയിരുന്നു.
ആടിന്റെയും പന്നിയുടെയും ഇറച്ചി കൂടി വില്പനയ്ക്കുണ്ടായിരുന്നുവെങ്കിലും അവ അറുത്തെടുത്ത തലകൾ പ്രദർശിപ്പിച്ചു് തങ്ങളുടെ സാന്നിധ്യം അവിടെ അറിയിച്ചിരുന്നില്ല. ഇറച്ചിയിലൂടെ തിരിച്ചറിയാൻ കഴിയുന്നവർ തങ്ങളെ അറിഞ്ഞാൽ മതി എന്ന ഒരു ശാഠ്യം അവയ്ക്കു് ഉണ്ടായിരുന്നിരിക്കണം; തന്റെ സൃഷ്ടികളിലൂടെ മാത്രം തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കുന്ന ഒരു കലാകാരന്റെ ശാഠ്യം പോലെ.
അറവുശാലയെ ചലനാത്മകമാക്കിയിരുന്നതു് കോഴികളായിരുന്നു. അറവുശാലയുടെ ചോരച്ചുവപ്പിനെ കൂട്ടിൽ പല തട്ടുകളിലായി നിറഞ്ഞു കിടന്ന കോഴികളുടെ വെളുപ്പു് നേർപ്പിച്ചു് ഇല്ലായ്മ ചെയ്തു കൊണ്ടിരുന്നു. സത്യത്തിൽ കോഴികൾക്കു് നിന്നു തിരിയാൻ സമയമില്ലായിരുന്നു. തീറ്റ കൊത്തിപ്പെറുക്കുക, വെള്ളം കുടിക്കുക, ഊഴം വെച്ചു് അറവുകാരന്റെ കത്തിക്കു് കഴുത്തു നീട്ടുക, നീല നിറമുള്ള ഒരു പ്ലാസ്റ്റിക് ഡ്രമ്മിലേയ്ക്കു് രക്താഭിഷിക്തരായി വീണു് തലയില്ലാത്ത ഉടലുമായി നൃത്തം ചവിട്ടുക എന്നിങ്ങനെ തിരക്കോടു തിരക്കായിരുന്നു അവയ്ക്ക്.
മന്ദഗതിയിലാണെങ്കിലും വരി മുന്നോട്ടു നീങ്ങുന്നുണ്ടെന്നു് വരി നിൽക്കുന്ന ആരും തന്നെ വിശ്വസിച്ച മട്ടുണ്ടായിരുന്നില്ല. ഒരു പ്രതീക്ഷയില്ലായ്മ എല്ലാവരുടെയും മുഖങ്ങളിൽ ദൃശ്യമായിരുന്നു.
ഓരോരുത്തരുടെയും ഊഴമെത്തുന്നതും അവർ ഇറച്ചി വാങ്ങിക്കൊണ്ടു പോകുന്നതും എന്തോ അദ്ഭുതം സംഭവിക്കുന്നതു പോലെയാണു് വരി നിന്നിരുന്ന എല്ലാവരും നോക്കിക്കണ്ടതു്.
ആഗ്രഹിക്കുന്ന ഒരു കാര്യം സാധിച്ചു കിട്ടുന്നതോടെ അതിന്റെ സ്വാഭാവികമായ പരിണതി മറന്നു പോവുകയും അതിനെ ഏതെങ്കിലും ഒരു അത്ഭുതത്തിന്റെ കണക്കിൽ വരവു വയ്ക്കുകയും ചെയ്യുന്ന ഒരു സാധു ജീവിയാണു് മനുഷ്യൻ എന്നു ഗുപ്തൻ നായർക്കു തോന്നി.
അയാൾക്കു മുന്നിൽ വരി നിൽക്കുന്നവരായി അപ്പോൾ ഏതാനും പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നിലെ വരിയാകട്ടെ സമയം ചെല്ലുന്തോറും വളർന്നു് നീളം വെച്ചു കൊണ്ടുമിരുന്നു.
അയാൾക്കു വേണ്ടിയിരുന്ന ഉല്പന്നത്തിന്റെ വില സ്ലേറ്റിൽ ചോക്കു കൊണ്ടെഴുതി അറവുശാലയുടെ മുന്നിൽ പ്രദർശിപ്പിച്ചുണ്ടായിരുന്നു. ‘വട്ടും കരളും. കിലോ അറുപതു രൂപ.’ മാംസഭുക്കുകളായ മനുഷ്യർ താല്പര്യം കാണിക്കാതിരുന്ന കോഴിയുടെ രണ്ടു് അവയവങ്ങൾ, ആമാശയവും കരളും, മാംസഭുക്കുകളായ മറ്റു മൃഗങ്ങളെ ഉദ്ദേശിച്ചു് കുറഞ്ഞ വിലയിൽ വില്പനയ്ക്കു വെച്ചിരുന്നതിന്റെ പരസ്യമായിരുന്നു അതു്.
ഇറച്ചി വാങ്ങി അയാൾ അറവുശാലയിൽ നിന്നിറങ്ങുമ്പോൾ നേരം ഉച്ചയോടടുത്തിരുന്നു.
ചന്തയുടെ പ്രധാന തെരുവിൽ വെയിൽ കുപ്പിച്ചില്ലു പോലെ പൊട്ടിച്ചിതറാൻ തുടങ്ങിയിരുന്നു.
എങ്ങും ആളനക്കമുണ്ടായിരുന്നില്ല.
മലഞ്ചരക്കുകളുടെ എരിവുമണം പേറിയ ഒരു കാറ്റു മാത്രം തെരുവിന്റെ പടിഞ്ഞാറെയറ്റത്തു നിന്നു് കിഴക്കേയറ്റത്തേയ്ക്കു് അലസമായി സഞ്ചരിച്ചുകൊണ്ടിരുന്നു.
പെട്ടെന്നു് അയാൾക്കു് ഒരു കെട്ടു പപ്പടം കൂടി വാങ്ങിയാലോ എന്നു തോന്നി. കാച്ചിയ പപ്പടം അയാളുടെ പ്രിയപ്പെട്ട ഉപദംശമായിരുന്നു. അയാളുടെ അച്ഛനാകട്ടെ ചുട്ട പപ്പടമായിരുന്നു പ്രിയം. അച്ഛന്റെ അത്താഴം തന്നെ പൊടിയരിക്കഞ്ഞിയും ചുട്ട പപ്പടവുമായിരുന്നു. വീട്ടിൽ മറ്റാർക്കും പപ്പടത്തോടു് പ്രിയമൊന്നുമില്ലായിരുന്നു. പപ്പടം വില്ക്കുന്ന കട ഞായറാഴ്ച തുറന്നിട്ടുണ്ടാകുമോ എന്നു് അയാൾക്കു് ഉറപ്പില്ലായിരുന്നു. ഉയർന്ന കൊളസ്ട്രോളിന്റെ അളവു് അയാളെ പപ്പടം കഴിക്കുന്നതിൽ നിന്നു വിലക്കിയിട്ടുണ്ടായിരുന്നു. അച്ഛനാകട്ടെ എട്ടു വർഷം മുമ്പു മരിച്ചു പോവുകയും ചെയ്തിരുന്നു. പക്ഷേ, അതൊന്നും പപ്പടം വാങ്ങാനുള്ള തീരുമാനത്തിൽ നിന്നു് അയാളെ പിന്തിരിപ്പിക്കുകയുണ്ടായില്ല.
ചന്തയുടെ കിഴക്കേയറ്റത്തു്, പ്രാചീനമായ ഒരു കൽക്കുരിശിനു സമീപമായിരുന്നു പപ്പടം വിറ്റിരുന്ന കട. കുരിശിന്റെ ചുവടു്, കത്തിത്തീരും മുമ്പു് അണഞ്ഞുപോയ അസംഖ്യം മെഴുകുതിരികളുടെ ഒരു സെമിത്തേരിയായിരുന്നു.
അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ടു്, ഞായറാഴ്ചയായിരുന്നിട്ടു കൂടി, മടക്കു പലകകളുള്ള വാതിലുകൾ തുറന്നു വെച്ചു് പപ്പടം വില്ക്കുന്ന കട അതിന്റെ ഉപഭോക്താക്കളെ കാത്തിരുന്നു.
കുട്ടിയായിരുന്ന കാലം മുതൽ അയാൾ അച്ഛന്റെ വിരലിൽ തൂങ്ങി വന്നിരുന്ന കടയായിരുന്നു അതു്. അവിടത്തെ പപ്പടമില്ലെങ്കിൽ ചോറു് ഇറങ്ങാതിരുന്ന കുട്ടിക്കാലത്തിന്റെ ഒരു ഘട്ടം പോലും അയാൾക്കുണ്ടായിരുന്നു. മുതിർന്നിട്ടും അയാൾ ഊണു കഴിച്ചിരുന്നതു് ആ പപ്പടം തിന്നാനുള്ള കൊതി കൊണ്ടു മാത്രമായിരുന്നു. അതു് അയാൾക്കു മാത്രമറിയുന്ന ഒരു രഹസ്യവുമായിരുന്നു.
കടയിൽ സ്ഥിരം കാണാറുള്ള വൃദ്ധൻ ഉണ്ടായിരുന്നില്ല. പകരം യൗവനത്തിന്റെ തുടിപ്പും തന്റേടവുമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു.
കടയിലുണ്ടായിരുന്ന ചെറുപ്പക്കാരനോടു് സ്ഥിരം കാണാറുള്ള വൃദ്ധന്റെ മകനാണോ എന്നു ചോദിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. വൃദ്ധനെ മുറിച്ചു വെച്ചതു പോലെ ഉണ്ടായിരുന്നു അയാൾ.
വൃദ്ധനെക്കുറിച്ചു് അയാളോടു് അന്വേഷിക്കാൻ തുടങ്ങുമ്പോഴാണു് കടയുടെ ചുവരിൽ വൃദ്ധന്റെ ഒരു പുതുപുത്തൻ ചിത്രം മാലയിട്ടു വെച്ചിരുന്നതു് ഗുപ്തൻ നായരുടെ ശ്രദ്ധയിൽപ്പെട്ടതു്.
മരിച്ചു പോകുവാൻ വേണ്ടി വൃദ്ധൻ പപ്പടം വില്പനയുടെ നൈരന്തര്യത്തിൽ നിന്നു് ഒരവധിയെടുക്കുമെന്നു് അയാൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഭാവിയിൽ എന്നെങ്കിലും തന്റെ ചെറുമകന്റെ കൈയും പിടിച്ചു് വരുമ്പോഴും അയാൾ തന്നെയാവും പപ്പടം വില്ക്കുന്നുണ്ടാവുക എന്നു് ഗുപ്തൻ നായർ എന്തു കൊണ്ടോ വിശ്വസിച്ചു പോന്നിരുന്നു. പക്ഷേ, തനി സ്വരൂപത്തിൽ മക്കളുണ്ടാകുന്നിടത്തോളം കാലം മരിച്ചാലും അങ്ങനെ രക്ഷപ്പെട്ടു പോകാനൊന്നുമൊക്കില്ല എന്നു് ചുവരിലെ ചിത്രത്തിൽ നിന്നു് വൃദ്ധന്റെ കണ്ണുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒരു കെണിയിൽ അകപ്പെട്ടതിന്റെ ഭാവം അയാളുടെ മുഖത്തിനപ്പാടെ ഉണ്ടായിരുന്നു.
പപ്പടം വാങ്ങി പുറത്തിറങ്ങുമ്പോൾ ആദ്യം കണ്ട കാറ്റു് വീണ്ടും അയാൾക്കു് എതിർപെട്ടു.
കാറ്റു് അപ്പോൾ തെരുവിന്റെ കിഴക്കേയറ്റത്തു നിന്നു് ഉണക്കമീനിന്റെ കടലുപ്പു മണവും പേറി പടിഞ്ഞാറെയറ്റത്തേയ്ക്കു് മടങ്ങുകയായിരുന്നു.
തന്നിഷ്ടത്തിനു് ഓരോ മണവും പേറി നടക്കുന്ന കാറ്റിനെ തന്തയില്ലാത്തവൻ എന്നു വിളിക്കാനാണു് ഗുപ്തൻ നായർക്കു് അപ്പോൾ തോന്നിയതു്.
ഇറച്ചിയും പപ്പടവും വാങ്ങി വീട്ടിലേയ്ക്കു മടങ്ങിയ ഗുപ്തൻ നായരെ, നെൽപ്പാടങ്ങളെ നെടുകെ മുറിച്ചു കിടന്ന ചെമ്മൺ നിരത്തിൽ നട്ടുച്ചയുടെ ഗംഭീരമായ വന്യത എതിരേറ്റു.
പകുതി വഴി പിന്നിട്ടപ്പൊഴേയ്ക്കും വെയിലും കാറ്റും ചുറ്റും തിരയിളകുന്ന പച്ചയും ചേർന്നു് അയാളെ മോഹാലസ്യപ്പെടുത്തിക്കളയുമെന്നായി.
അയാൾ സൈക്കിളിൽ നിന്നിറങ്ങി നിരത്തു വക്കിലെ ചെന്തെങ്ങിന്റെ തണലിൽ അല്പനേരം ഇളവേറ്റു.
ദൂരെ നെൽപ്പാടങ്ങൾക്കു നടുവിലെ, വിജനദ്വീപു പോലെ തോന്നിച്ച ഒരു പച്ചത്തുരുത്തു് അപ്പോൾ ഒരു കാന്തം പോലെ അയാളെ ആകർഷിക്കുവാൻ തുടങ്ങി. ആ തുരുത്തിൽ നിന്നു് മരീചികയുടെ സ്ഫടികത്തിരകൾ തന്റെ നേർക്കു പുറപ്പെട്ടു വരുന്നതായി അയാൾക്കു തോന്നി.
കുറ്റിച്ചെടികളും വയൽ സസ്യങ്ങളും കാടുപോലെ വളർന്നു നിറഞ്ഞു്, നിഗൂഢതയുടെ നിഴൽ വീണു നിന്ന ആ തുരുത്തു്, മുമ്പും അതുവഴി കടന്നു പോയിട്ടുള്ള സന്ദർഭങ്ങളിൽ, അയാളെ മോഹിപ്പിച്ചിട്ടുള്ള ഒന്നായിരുന്നു.
അവിടേയ്ക്കു് തനിച്ചു കടന്നു ചെല്ലുക എന്നതു് അടക്കി നിർത്താൻ കഴിയാത്ത ഒരാഗ്രഹമായി അപ്പൊഴൊക്കെ അയാളുടെ ഉള്ളിൽ വളർന്നിട്ടുള്ളതുമാണു്.
പക്ഷേ, ഓരോ തവണയും എന്തോ ഒരു ഭയം അങ്ങോട്ടുള്ള യാത്രയിൽ നിന്നു് അയാളെ പിന്തിരിപ്പിച്ചു പോന്നു.
എങ്കിലും ആ തുരുത്തിനുള്ളിലെ കാഴ്ചകൾ എന്തൊക്കെയായിരിക്കും എന്നു് അയാൾ പലപ്പോഴും ഭാവന ചെയ്തു നോക്കാറുണ്ടായിരുന്നു.
അനുഭവിക്കാനിടയില്ല എന്നു് ഉറപ്പുള്ള കാര്യങ്ങളായിരിക്കും മനുഷ്യൻ പൊതുവെ ഭാവന ചെയ്യുക എന്നു ഗുപ്തൻ നായർ വിശ്വസിച്ചു.
അനുഭവിക്കാനുള്ള എന്തെങ്കിലും സാധ്യത തെളിയുന്നതോടെ ഭാവന അന്ത്യശ്വാസം വലിക്കുകയും പ്രായോഗികത പിറവി കൊള്ളുകയും ചെയ്യും. അതോടെ, ഭയപ്പെടുത്തുന്ന ഒന്നായിരുന്നു തന്റെ ഭാവനയെങ്കിൽ അതിൽ നിന്നു രക്ഷപ്പെടാനുള്ള വഴികൾ മനുഷ്യൻ ആസൂത്രണം ചെയ്തു തുടങ്ങും; തീവ്രമായി ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു അതെങ്കിൽ അതിനെ എത്തിപ്പിടിക്കാനുള്ള കരുക്കൾ നീക്കുകയും ചെയ്യും.
എങ്കിലും അനുഭവിക്കാതെ മറ്റു തരമില്ല എന്ന ഗണത്തിൽപ്പെടുന്ന ചില ഭാവനകളെ, അതു തേടിയെത്തുന്നതു വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാതെ ചിലർ അങ്ങോട്ടു പോയി അനുഭവിച്ചു കളയും. ആത്മഹത്യ ചെയ്യുന്നവർ മരണത്തോടു ചെയ്യാറുള്ളതു പോലെ.
പാടത്തിനു നടുവിലെ ആ തുരുത്തിലേയ്ക്കുള്ള ഗുപ്തൻ നായരുടെ യാത്ര അങ്ങനെ സംഭവിച്ച ഒന്നായിരുന്നു.
പാടത്തിന്റെ ചെറുവരമ്പുകളിലൊന്നിലൂടെ തുരുത്തിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ അയാളുടെ മനസ്സു് ഭയവും ആകാംക്ഷയുമൊക്കെ പൊയ്പ്പോയി അനിവാര്യമായ ഒന്നിനെ സ്വീകരിക്കാൻ പോകുന്നതിന്റെ നിസ്സംഗത കൊണ്ടു് നിറഞ്ഞിരുന്നു.
തുരുത്തിനുള്ളിലെ കാഴ്ചകൾ അയാൾ ഭാവനയിൽ കണ്ടിരുന്നതിൽ നിന്നു് ഏറെയൊന്നും വ്യസ്തസ്തമായിരുന്നില്ല.
അയാൾ തുരുത്തിലേയ്ക്കു് കാലെടുത്തു കുത്തിയ പാടെ ഇടിവെട്ടേറ്റു് തല പോയി നിന്നിരുന്ന ഒരു തെങ്ങിന്റെ പൊത്തിൽ നിന്നു് രണ്ടു കവളംകാളികൾ നിലവിളിച്ചു കൊണ്ടു പറന്നു പൊങ്ങി.
ഇരട്ടകളെപ്പോലെ തോന്നിച്ച രണ്ടു നത്തുകൾ പുന്നമരത്തിന്റെ ചില്ലയിലിരുന്നു് അയാളെത്തന്നെ തുറിച്ചു നോക്കി.
കൊത്തിപ്പെറുക്കി നടന്നിരുന്ന ഒരു കുളക്കോഴി തന്റെ കുഞ്ഞുങ്ങളെയും കൂട്ടി മിന്നൽ വേഗത്തിൽ ഓടപ്പുല്ലുകൾക്കിടയിൽ മറഞ്ഞു.
തണലിൽ രതിയിലേർപ്പെട്ടുകൊണ്ടിരുന്ന രണ്ടു കീരികൾ ഒരു നിമിഷം തലയുയർത്തി നോക്കി പരസ്പരം എന്തോ അടക്കം പറഞ്ഞതിനു ശേഷം തങ്ങൾ ചെയ്തു കൊണ്ടിരുന്ന പ്രവൃത്തി തുടരാൻ തന്നെ തീരുമാനിച്ചു.
ഒരു മഞ്ഞച്ചേര മാത്രം ഒന്നുമറിയാതെ പൂവരശിന്റെ താഴത്തെ കൊമ്പിൽ പിണഞ്ഞു കിടന്നു് പകലുറക്കം നടത്തി.
പെട്ടെന്നു് അയാൾക്കു് മറ്റൊരു മനുഷ്യ ജീവിയുടെ കൂടി സാന്നിധ്യം ആ തുരുത്തിൽ ഉള്ളതായിത്തോന്നി.
അധികം തിരയാതെ തന്നെ അയാൾക്കു് ആ മനുഷ്യനെ കണ്ടെത്താനായി. പാടത്തേയ്ക്കു് കടപുഴകി വീണ ഒരു തെങ്ങിന്മേൽ, കൈകൾ തലയ്ക്കു പിറകിൽ പിണച്ചുവെച്ചു് നീണ്ടു നിവർന്നു കിടക്കുകയായിരുന്നു അയാൾ. ജട കെട്ടിയ തലയും താടിയും. വെള്ളം കണ്ടിട്ടില്ലാത്ത വസ്ത്രങ്ങൾ.
പ്രയാഗ ട്യൂട്ടോറിയൽസിൽ പത്താം ക്ലാസ്സിൽ തന്നെ കെമിസ്ട്രി പഠിപ്പിച്ചിരുന്ന ജോൺ സാർ ആയിരുന്നു അതു് എന്നു് ഗുപ്തൻ നായർ തിരിച്ചറിഞ്ഞു.
പ്രാകൃതരൂപിയും മലിന വേഷധാരിയുമായ ആ രൂപത്തിൽ നിന്നു് ഗുപ്തൻ നായർ, ജോൺ സാറിനെ കണ്ടെടുക്കുകയായിരുന്നു എന്നു വേണം പറയാൻ.
ജോൺ സാർ പ്രേമനൈരാശ്യത്തിൽ പെട്ടതും ചിത്തഭ്രമം ബാധിച്ചതുമൊക്കെയായ കാര്യങ്ങൾ അയാൾക്കു് അറിവുള്ളതായിരുന്നു. അയാളുടെ ഡിവിഷനായ പത്തു് സി യിലെ മെർലി എന്ന പച്ചക്കരിമ്പിനോടായിരുന്നു സാറിന്റെ അസ്ഥിയ്ക്കു പിടിച്ച പ്രണയം.
ജോൺ സാറിന്റെ ആ വിഫല പ്രണയത്തെക്കുറിച്ചു് താൻ അക്കാലത്തു് ‘മാംസനിബദ്ധം’ എന്ന പേരിൽ ഒരു കഥയെഴുതിയിട്ടുണ്ടല്ലോ എന്ന കാര്യം അപ്പോൾ ഗുപ്തൻ നായർക്കു് ഓർമ്മ വന്നു. എഴുതുകയല്ല, എഴുതാൻ തീരുമാനിക്കുക മാത്രമാണു് ഉണ്ടായതു് എന്നു പെട്ടെന്നു് അയാൾ തന്റെ ഓർമ്മത്തെറ്റു് തിരുത്തി. രണ്ടും തമ്മിൽ വ്യത്യാസമൊന്നും ഇല്ലെന്നും അയാൾ അപ്പോൾ ഓർത്തു. ഒരാൾ ഒരു കഥ എഴുതാൻ തീരുമാനിക്കുന്നതോടെ ആ കഥ പിറവിയെടുത്തു കഴിയുന്നു. എഴുതപ്പെട്ടോ, എഴുതപ്പെട്ടെങ്കിൽത്തന്നെ പ്രസിദ്ധീകരിച്ചോ, എത്ര പേർ അതു വായിച്ചു തുടങ്ങിയ കാര്യങ്ങൾ ഒരു കഥയെസ്സംബന്ധിച്ചിടത്തോളം അപ്രസക്തമാണു്. കഥയുടെ നിയോഗമെന്നതു് ഏതെങ്കിലും ഒരു മനസ്സിൽ പിറവിയെടുക്കുക എന്നതു മാത്രമാണു്. മറ്റുള്ളതൊക്കെ കഥാകൃത്തിന്റെയും പത്രാധിപരുടേയും വായനക്കാരുടേയും സ്വാർത്ഥതകൾ മാത്രം.
ഗുപ്തൻ നായർ ആ കഥ ഒന്നു് ഓർത്തെടുക്കാനുള്ള ശ്രമം നടത്തി. അതു് ഏതാണ്ടു് ഇപ്രകാരമായിരുന്നു:
ഇളം ചൂടു പ്രസരിച്ച പുഴവെള്ളത്തിൽ കഴുത്തറ്റം മുങ്ങി നില്പാണു് മെർലി. കരയ്ക്കു് മെർലിയുടെ വീട്ടുമുറ്റത്തെ തെങ്ങിൽ ചാരി ജോൺ. ചുറ്റും കതിർ പ്രായമെത്തിയ നെല്പാടത്തിന്റെ പച്ച. സന്ധ്യ അതിന്റെ വിശുദ്ധമായ വെളിച്ചം വിതറി എല്ലാറ്റിനെയും അഭൗമമാക്കിക്കൊണ്ടിരുന്നു.
“ജോൺ ”
“ഉം”
“ഞാൻ ഇവിടുണ്ടെന്നു് നീ എങ്ങനെയറിഞ്ഞു?”
“ഞാൻ വീട്ടിൽ അടച്ചിരിപ്പാണെന്നു നിനക്കു് അറിയുമല്ലോ. ഇരുട്ടു് ഇതുവരെ നല്ല ഒരു കൂട്ടുകാരനുമായിരുന്നു. ഈയിടെയായി ഇരുട്ടിന്റെ പ്രകൃതം മാറി. ഇടയ്ക്കു് കഴുത്തു ഞെരിച്ചു് കൊല്ലാൻ വരും. അതു കൊണ്ടു് ഒന്നു പുറത്തിറങ്ങിയതാണു്. ഒരു സായാഹ്ന നടത്തയ്ക്ക്. അപ്പൊഴുണ്ടു് അതാ ടാർ നിരത്തു് കറുത്ത ഒരു പായ പോലെ എന്റെ നേർക്കു് അതിവേഗം ചുരുണ്ടു വരുന്നു. എന്നെയും തെറുത്തെടുത്തു കൊണ്ടു് പോകാനുള്ള പുറപ്പാടാണു് നിരത്തിന്റേതെന്നു് മനസ്സിലായപ്പോൾ ജീവനും കൊണ്ടു് ഓടി രക്ഷപ്പെട്ടതാണു്.”
പുഴക്കരെയുള്ള, ചെങ്കൽ കെട്ടി ഓടുമേഞ്ഞ മെർലിയുടെ വീട്ടിൽ ഇപ്പോൾ ആൾത്താമസമില്ല. അവളെ കെട്ടിച്ചു വിട്ടു് അധികം വൈകാതെ അപ്പനും പിന്നീടു് അമ്മയും ചുറ്റുമുള്ള വയലിന്റെ പച്ചയിൽ അലിഞ്ഞു ചേർന്നു.
എങ്കിലും അവൾ ഭർത്താവിന്റെ വീട്ടിൽ നിന്നു് മാസത്തിൽ ഒരിക്കൽ വരും. എല്ലാം അടിച്ചു തുടച്ചു്, പഴയ ഓർമ്മകളിലും ഗന്ധങ്ങളിലും ഒരു രാത്രി കിടന്നുറങ്ങി മടങ്ങും.
“ഞാൻ ഇവിടെ, എന്റെയീ പഴയ വീട്ടിൽ എത്തിയിട്ടുണ്ടെന്നു് നീ എങ്ങനെയറിഞ്ഞു, ജോൺ?”
“പ്രാണനും കൊണ്ടുള്ള ഓട്ടം എന്നെ നിന്റെ അരികിലല്ലാതെ മറ്റെവിടെയെത്തിക്കാനാണു്?”
പ്രയാഗ ട്യൂട്ടോറിയൽസിലെ ക്ലാസ്സ് മുറിയിൽ, ബ്ലാക് ബോർഡിനു മുന്നിൽ, ചോക്കു പൊടി പുരണ്ട മൂക്കിൻ തുമ്പുമായി നിന്നു് കെമിസ്ട്രി പഠിപ്പിക്കുന്ന ജോൺ അപ്പോൾ മെർലിയുടെ കണ്മുന്നിൽ തെളിഞ്ഞു. ക്ഷൗരം ചെയ്ത ആ കവിളുകളിൽ തുടിച്ച പൗരുഷവും കണ്ണുകളുടെ സൂചിമൂർച്ചയും പെൺകുട്ടികളിൽ മെർലി മാത്രം കണ്ടു.
പുഴയിൽ ഒന്നു മുങ്ങി നിവർന്നു് മെർലി ജോണിനെ നോക്കി. കാടുപിടിച്ച തലയും താടിയും. ചിത്തഭ്രമം മൂർച്ഛിച്ച കണ്ണുകൾ.
“മെർലി”
“ഉം”
“നിനക്കറിയുമോ?”
“എന്തു്?”
“ഈയിടെയായി കാമം തൊടുത്തു നിർത്തിയ ഒരു ധനുസ്സാണു് ഞാൻ. രാത്രി എനിക്കു് ഉറക്കമില്ല. ചിലപ്പോൾ നിയന്ത്രണം വിടും. കണ്ണിൽ കാണുന്നതെല്ലാം തല്ലിത്തകർക്കും. അമ്മച്ചിയും പെങ്ങളും ഇടയ്ക്കു കയറും. നെഞ്ചത്തടിയും നിലവിളിയുമാകും. കണ്ണീരും കയ്യുമായി ആ ദിവസം ഒടുങ്ങും.”
പ്രണയിച്ചിരുന്ന നാളുകളിൽ താൻ ഒരു ശരീരം കൂടിയാണെന്നു് ജോണിനെ പലപ്പൊഴും ഓർമ്മിപ്പിക്കേണ്ടി വന്നിട്ടുണ്ടു് മെർലിക്കു്. പക്ഷേ, പ്രയോജനമൊന്നുമുണ്ടായിരുന്നില്ല. അരണയെപ്പോലെ തൊട്ടടുത്ത നിമിഷം തന്നെ ജോൺ അതു മറന്നു പോകുമായിരുന്നു.
വെള്ളത്തിന്നടിയിൽ രണ്ടു ജലജീവികളെപ്പോലെ നീന്താൻ കൊതിച്ചു നിൽക്കുന്ന തന്റെ മുലകളിലേക്കു് മെർലി നോക്കി. രണ്ടു മക്കളെ ഊട്ടിയതാണെന്നു പറയില്ല. ജോണിന്റെ കൊതിപൂണ്ട ഒരു നോട്ടത്തിനു് ഒരിക്കൽ ദാഹിച്ചിരുന്നു അവ.
നെല്പാടങ്ങളുടെ പച്ച ഇരുളുകയും പക്ഷികൾ കൂടു തേടുകയും ചെയ്തു.
മെർലി അരയിൽ ചുറ്റിയിരുന്ന തോർത്തു കൂടി പുഴയിലുപേക്ഷിച്ചു് പൂർണ്ണ നഗ്നയായി കുളിക്കടവിന്റെ പടവുകൾ കയറി.
വറ്റാൻ ബാക്കിയുണ്ടായിരുന്ന അസ്തമയത്തിന്റെ ഇത്തിരി വെളിച്ചം അവളുടെ നനഞ്ഞ ഉടലിൽ വീണു് പൊട്ടിച്ചിതറി.
ജോണിന്റെ കണ്ണുകൾ ആർത്തി പൂണ്ടു് തുറിച്ചു.
“തൊട്ടു പോകരുതു് ” മെർലി പറഞ്ഞു, “ഇന്നു രാത്രി കാമം നിന്നെ ഒരു ധനുസ്സാക്കി കുലച്ചു നിർത്തുമ്പോൾ എന്റെ ഈ നഗ്നദേഹം കൂടി ഓർമ്മയിലുണ്ടാവട്ടെ.”
മുടിത്തുമ്പിൽ നിന്നു് വെള്ളത്തുള്ളികൾ ഇറ്റുവീണു് നനയുന്ന നിതംബം വശ്യമായി ചലിപ്പിച്ചു കൊണ്ടു് അവൾ വീടിനുള്ളിലേക്കു നടന്നു കയറി.
കഥയത്രയും വള്ളി പുള്ളി വിടാതെ ഓർമ്മയിൽ വന്നതോടെ ഗുപ്തൻ നായരുടെ ഉള്ളിൽ ജോൺ സാറിനെ പ്രതി അലിവും സ്നേഹവും നിറഞ്ഞു.
ജോൺ സാർ ഗുപ്തൻ നായരെ തിരിച്ചറിയുകയുണ്ടായില്ല. എങ്കിലും എന്തൊക്കെയുണ്ടു് സാർ വർത്തമാനങ്ങൾ എന്ന അയാളുടെ കുശലത്തിനു് “കറുത്ത വെയിലാണു് പെയ്യുന്നതു്” എന്നു മാത്രം മറുപടി പറഞ്ഞു് ജോൺ സാർ മൗനത്തിലേയ്ക്കു മടങ്ങിപ്പോയി.
അയാൾ മറ്റൊന്നും ചെയ്യാനില്ലാതെ ജോൺ സാർ കിടന്ന തെങ്ങിന്റെ മറ്റേയറ്റത്തു് കൈകൾ തലയ്ക്കു പിറകിൽ പിണച്ചു വെച്ചു് വെറുതെ മലർന്നു കിടന്നു.
കിളികളുടെ ചിലയും കാറ്റിന്റെ സീൽക്കാരവുമായി നേരം കടന്നു പോയി.
“ഇതു് ഏതാണു സ്ഥലം എന്നു നിനക്കു നിശ്ചയമുണ്ടോ?” മയക്കത്തിൽ നിന്നുണർന്ന ജോൺ സാർ ഗുപ്തൻ നായരെ കണ്ടപാടെ ചോദിച്ചു, “ഞാൻ ആരാണെന്നും?”
“എനിക്കു് നിശ്ചയമുണ്ടു്. ഇതു് അങ്കമാലി എന്ന രാജ്യം. അങ്ങ് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി.”
“അതിശയമായിരിക്കുന്നു”, ജോൺ സാറിന്റെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു, “ആദ്യമായിട്ടാണു് എന്റെ ഒരു പ്രജ എന്നെ തിരിച്ചറിയുന്നതു്.”
ജോൺ സാർ ഗുപ്തൻ നായരെ വികാര പാരവശ്യത്തോടെ ഗാഢമായി ആശ്ലേഷിച്ചു. ജോൺ സാറിന്റെ ഉടലിൽ നിന്നുള്ള വിയർപ്പു ഗന്ധം തന്റെ തലച്ചോർ പിളർക്കുമെന്നു് ഗുപ്തൻ നായർക്കു തോന്നി.
“എനിക്കു സന്തോഷമായി”, ജോൺ സാർ പറഞ്ഞു, “നിനക്കു് എന്താണു വേണ്ടതു്, ചോദിച്ചു കൊള്ളൂ.”
“മറ്റൊന്നും വേണ്ട. സ്ഥിരമായി ഇവിടെ കഴിയാൻ എന്നെ അങ്ങ് അനുവദിച്ചാൽ മാത്രം മതി.”
“നീ എന്തുദ്ദേശിച്ചാണു്?”, പെട്ടെന്നു് ജോൺ സാറിന്റെ ഭാവം മാറുകയും ശബ്ദം കനത്തു് മൂർച്ചയേറുകയും ചെയ്തു, “ഇതു് അങ്കമാലി എന്ന രാജ്യവും ഞാൻ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയും തന്നെ; സംശയമില്ല. പക്ഷേ, അതിലുപരി നമ്മൾ നിൽക്കുന്ന ഈ തുരുത്തു് ഭൂമിയെ തളച്ചിട്ടിരിക്കുന്ന നങ്കൂരങ്ങളിലൊന്നിന്റെ മുകളറ്റമാണു്. ഇങ്ങനെയുള്ള നൂറ്റിയെട്ടു് നങ്കൂരങ്ങളിൽ തളയ്ക്കപ്പെട്ടാണു് ഭൂമിയുടെ കിടപ്പു്. അങ്കമാലി എന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നതിനേക്കാൾ ഞാൻ ഈ നങ്കൂരത്തിന്റെ കാവൽക്കാരനാണു്. എന്നിൽ നിക്ഷിപ്തമായിരിക്കുന്ന ജോലിയാണതു്. എന്നെപ്പോലെ നൂറ്റിയെട്ടു പ്രധാനമന്ത്രിമാർ ഇത്തരം നൂറ്റിയെട്ടു നങ്കൂരങ്ങൾക്കു് കാവൽ നില്ക്കുന്നതു കൊണ്ടാണു് ഭൂമി അതിന്റെ തുലനം തെറ്റാതെ ഇങ്ങനെ ചരിച്ചു കൊണ്ടിരിക്കുന്നതു്. അതിനെ നീയായിട്ടു് തെറ്റിക്കരുതു്. പോ, തിരിച്ചു പോ.”
ജോൺ സാർ പറഞ്ഞതിന്റെ ഗൗരവം ഗുപ്തൻ നായർ തരിമ്പും ചോരാതെ ഉൾക്കൊണ്ടു. അതു് താൻ ഏറ്റെടുക്കാൻ പോകുന്ന കർത്തവ്യത്തെക്കുറിച്ചു് അയാളെ കൂടുതൽ ബോധ്യമുള്ളവനാക്കി.
സൂര്യൻ അസ്തമിക്കാൻ തുടങ്ങുകയായിരുന്നു.
തന്റെ സാന്നിധ്യം മൂലം ജോൺ സാറിനു് എന്തെങ്കിലും ജാഗ്രതക്കുറവു് ഉണ്ടായിട്ടുണ്ടാവുമോ, അതു് അന്നത്തെ അസ്തമയത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്നെല്ലാം ഗുപ്തൻ നായർക്കു് അപ്പോൾ ഭയം തോന്നി.
എന്തായാലും, അയാൾക്കു് ആശ്വാസം നല്കിക്കൊണ്ടു് അസ്തമയസൂര്യൻ കടുകിട വ്യതിചലിക്കാതെ പടിഞ്ഞാറൻ ചക്രവാളത്തിലേയ്ക്കു് കൃത്യമായി താഴ്‌ന്നു കൊണ്ടിരുന്നു.
“അങ്ങു ക്ഷമിക്കണം,” അവകാശം സ്ഥാപിച്ചെടുക്കുന്നതിന്റെ ഒരു ധ്വനി തന്റെ ശബ്ദത്തിൽ ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു കൊണ്ടു് ഗുപ്തൻ നായർ പറഞ്ഞു, “ഇനി മുതൽ ഈ നങ്കൂരത്തിന്റെ കാവൽ ഞാൻ ഏറ്റെടുക്കുന്നു; അങ്കമാലി എന്ന ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി പദവും. അങ്ങേയ്ക്കു് വിശ്രമിക്കാൻ സമയമായിരിക്കുന്നു.”
“വെറുതെ എതിർക്കാൻ നിൽക്കരുതു്,” ഗുപ്തൻ നായർ ഒരു താക്കീതിന്റെ സ്വരത്തിൽ തുടർന്നു, “എതിർക്കാനാണു ഭാവമെങ്കിൽ, അങ്ങേയ്ക്കു് തോൽവി ഏറ്റുവാങ്ങേണ്ടി വരും.”
ജോൺ സാർ ഒന്നും മിണ്ടിയില്ല. അസ്തമയത്തിന്റെ ചുവന്ന വെളിച്ചത്തിൽ അഭിഷിക്തനായി ഒരു ശില പോലെ അയാൾ നിന്നു.
അയാളുടെ ഇരു കണ്ണുകളിലുമായി എരിഞ്ഞു നിന്ന രണ്ടു് അഗ്നിപർവ്വതങ്ങൾ എന്നെന്നേയ്ക്കുമായി അണഞ്ഞു പോകുന്നതു് ഗുപ്തൻ നായർ കണ്ടു.
ഇടിവെട്ടേറ്റു് തല പോയി നിന്ന തെങ്ങിന്റെ പൊത്തിൽ നിന്നു് ഉച്ചയ്ക്കു് നിലവിളിച്ചു കൊണ്ടു് പറന്നു പോയ രണ്ടു കവളംകാളികൾ അസ്തമയത്തിന്റെ ആകാശത്തെ മുറിച്ചു് അപ്പോൾ തുരുത്തിലേയ്ക്കു മടങ്ങിയെത്തി.
എംപ്ലോയീസ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി വി. എം. കുഞ്ഞിരാമനും പ്രസിഡന്റ് എ. കെ. ഷൺമുഖാനന്ദനും ഗുപ്തൻ നായരുടെ വീട്ടിലെത്തിയതു് ഒരു സന്ധ്യയ്ക്കായിരുന്നു.
ഗുപ്തൻ നായർ മടങ്ങിയെത്താതായിട്ടു് അന്നേയ്ക്കു് നാലു ദിവസമായിരുന്നു.
ഗുപ്തൻ നായരുടെ ഭാര്യ ലത അവരെ സ്വീകരിച്ചിരുത്തി.
“ഞങ്ങൾ എല്ലാ സോഴ്സ് ഉപയോഗിച്ചും അന്വേഷിച്ചു. ആൾ എവിടേയ്ക്കാണു പോയതു് എന്നു് ഒരു എത്തും പിടീം കിട്ടണില്ല, വി. എം. കുഞ്ഞിരാമൻ ലതയോടു പറഞ്ഞു, “ലീവിനൊന്നും അപേക്ഷിച്ചിട്ടില്ലാത്ത സ്ഥിതിക്കു് ഇനിയിപ്പം അൺ ഓഥറൈസ്ഡ് ആബ്സൻസ് കാണിക്കാതെ നിവൃത്തിയില്ല. എന്റെ അഭിപ്രായത്തിൽ നിങ്ങൾ പോലീസ് സ്റ്റേഷനിൽ ഒരു മാൻ മിസ്സിങ്ങ് കംപ്ലെയ്ന്റ് ഉടൻ നല്കുന്നതു് നന്നായിരിക്കും. നിങ്ങളുടെ സെയ്ഫ്റ്റിക്കും അതാണു നല്ലതു്.”
“ഒപ്പമുണ്ടായിരുന്ന ഒരാൾ പൊടുന്നനെ ഇല്ലാതായാൽ നമ്മളെന്തു ചെയ്യും?” ലത കുഞ്ഞിരാമനോടു ചോദിച്ചു, “അയാൾ ഇനി മുതൽ ഇല്ല എന്നു കരുതി നമ്മളങ്ങു ജീവിക്കും, അത്ര തന്നെ. അതിന്റെ വേദന നമ്മളങ്ങു സഹിക്കും. പക്ഷേ, ഒരാൾ ഒപ്പമുണ്ടായിരിക്കെത്തന്നെ ഇല്ലാതിരിക്കുന്നതിനു തുല്യമായ അവസ്ഥയുണ്ടല്ലോ, അതിന്റെ വേദന അനുഭവിച്ചവർക്കേ മനസ്സിലാകൂ… എവിടെയെങ്കിലും, ഏതെങ്കിലുമൊരു ലോകത്തു് ആൾ ഉണ്ടായിരിക്കണം. എനിക്കു് അത്രയേ വേണ്ടൂ. അതു മാത്രമേ വേണ്ടൂ.”
വി. എം. കുഞ്ഞിരാമനും എ. കെ. ഷൺമുഖാനന്ദനും ഒന്നും മനസ്സിലാകാതെ മുഖത്തോടു മുഖം നോക്കി.
ജനനം: 25.05.1971.
സ്വദേശം: കോട്ടയം ജില്ലയിലെ എഴുമാന്തുരുത്ത് എന്ന ഗ്രാമം.
ഇരുപതു വർഷത്തെ സേവനത്തിനു ശേഷം 2012-ൽ വ്യോമസേനയിൽ നിന്നു വിരമിച്ചു. ഇപ്പോൾ ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് ഡിപാർട്മെന്റിൽ ജോലി ചെയ്യുന്നു.
ഒരു ഡസനോളം ചെറുകഥകൾ എഴുതിയിട്ടുണ്ടു്. പുസ്തകങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല.
ഭാര്യ: രാധ.
മക്കൾ: ആദിത്യൻ, ജാനകി.
ചിത്രീകരണം: വി. പി. സുനിൽ കുമാർ