images/Noah_mosaic.jpg
Boats, a painting by Amadeo de Souza Cardoso (1887–1918).
images/gala.png

റിങ്മാസ്റ്റർ പറഞ്ഞു:

“ഈ കൂടാരത്തിൽ ഭൂമിയിലെ പലജാതി മൃഗങ്ങളുണ്ടു് കൂട്ടരേ, അവയെയെല്ലാം നിങ്ങളെ കാണിക്കാനും അങ്ങനെ ഈ ലോകം എത്ര വൈവിദ്ധ്യമാർന്നതാണെന്നു ബോദ്ധ്യപ്പെടുത്തുവാനുമാണു് ഞങ്ങൾ, ഇവിടെ ഇതാ നിങ്ങളുടെ നഗരത്തിൽ ഏറെ വർഷങ്ങൾക്കുശേഷം വീണ്ടും വന്നുചേർന്നിരിക്കുന്നതു്. ഏവർക്കും സ്വാഗതം! നാനാദേശക്കാരായ ഈ ജീവികൾക്കും അല്പമൊരവകാശം ഭൂമിയുടെ മേലുണ്ടെന്നു് ഞങ്ങൾ വിചാരിക്കുന്നു. ലോകം മൊത്തമായും പ്രളയത്തിനടിപ്പെടുമ്പോൾ നോഹയ്ക്കു രക്ഷിക്കാവുന്നത്രയും ജീവജാലങ്ങളുടെ പേടകമാണു് ഞങ്ങളുടെ കൂടാരമെന്നു് പറയുവാൻ എന്നെ അനുവദിക്കുക. കുട്ടികളേ, വെറുതെ നോക്കിനിൽക്കാതെ വീറോടെ ഒന്നു കൈയടിച്ചോളൂ.

പോരാ… പോരാ… ഒരുശിരുമില്ലാത്ത തലമുറയാണല്ലോ സുഹൃത്തുക്കളേ നിങ്ങളിവിടെ ഉപേക്ഷിച്ചുപോകുന്നതു്. കൊച്ചുചെറുപ്പത്തിലേ കണ്ണടയിട്ടും ഗൗരവം പൂണ്ടും നിങ്ങളാകെ വയസ്സന്മാരായിക്കഴിഞ്ഞു. തെറ്റിയും തെന്നിയും നടക്കുന്ന നിങ്ങളുടെ പ്രായത്തിൽ എല്ലാവരും പട്ടാളച്ചിട്ട നടിക്കുന്നു. ഒന്നുപറയാം. വേച്ചു നടക്കാനും വാക്കുകൾ തെറ്റായുച്ചരിക്കാനും ഏതു നട്ടപ്പാതിരക്കും എഴുന്നേറ്റിരുന്നു് അലറിക്കരയാനും പ്രപഞ്ചത്തിൽ നിങ്ങൾക്കുമാത്രമേ അനുവാദമുള്ളൂ. ലോകം ശിശുക്കളെപ്പോലെയുള്ളവരുടേതാകട്ടെ. അതിനാൽ കൈയടിക്കുക. വലിയ ആളുകൾ രണ്ടുകൈ ചേർത്തുണ്ടാക്കുന്ന ശബ്ദം ഒറ്റക്കൈകൊണ്ടുതന്നെ നിങ്ങൾ ഉണ്ടാക്കണം, ആ… ഏതാണ്ടു്… മുമ്പു്, എന്നുപറഞ്ഞാൽ എന്റെയൊക്കെ ചെറുപ്പത്തിൽ ഇത്തരമൊരുസംഘം ഗ്രാമത്തിൽ വന്നാൽ, കുട്ടികളേ ഞങ്ങൾ വീടുമുപേക്ഷിച്ചു് അതിനെ ചുറ്റിപ്പറ്റി നടക്കുമായിരുന്നു. അതുകഴിഞ്ഞേ ഞങ്ങൾക്കു് മറ്റെന്തുമുള്ളൂ. മറ്റൊരു ലോകത്തെക്കുറിച്ചുള്ള അന്വേഷണം എത്ര കൗതുകകരമായിരുന്നു! കാലം മാറിമാറിവന്നു് എവിടെയും ഭയങ്കരന്മാരായ മനുഷ്യരെക്കൊണ്ടു് നിറഞ്ഞിരിക്കുന്നു. അവറ്റ പെരുവയറുംകൊണ്ടു് ലോകമെല്ലാം തിന്നൊടുക്കുന്നു. രണ്ടുകാലുംകൊണ്ടു് മൂന്നടിവച്ചു് പ്രപഞ്ചമാകെ അളന്നെടുക്കുന്നു. ഒറ്റനോട്ടംകൊണ്ടു് സർവ്വവും ഭസ്മമാക്കുവാൻപോന്ന അവരുടെ കണ്ണുകളിലെ ശിവശക്തി! ഈ മനുഷ്യരെക്കൊണ്ടു് ഭൂമി പൊറുതി മുട്ടിയിരിക്കുകയാണു്. അതിനാൽ കുഞ്ഞുങ്ങൾക്കു് പാരിതോഷികമായി ഈ കാഴ്ചകൾ ഞാൻ സമർപ്പിക്കുന്നു. അവർ ആവോളം ആസ്വദിക്കട്ടെ. അച്ഛനമ്മമാരേ, നിങ്ങളോടു ഞാനൊരു രഹസ്യം പറയാം. അതു നിങ്ങളുടെ കുഞ്ഞുങ്ങളെക്കുറിച്ചാണു്. അവരുടെ ആയുസ്സിലെ ഏറ്റവും ലോലമായ നന്മകളിലൂടെയാണു് നാം ഇനിയുള്ള കാലം കഴിഞ്ഞുകൂടാൻ പോകുന്നതു്. അവരുടെ നിശ്വാസത്തിന്റെ വിശുദ്ധിയിൽനിന്നേ ഇനി പൂക്കൾക്കു് വിരിയാനൊക്കൂ. ഇതൊക്കെ നിങ്ങളെ അറിയിക്കാനുള്ള ഭാഗ്യം, സംഗതിവശാൽ ഞങ്ങൾക്കു വന്നുചേർന്നെന്നേയുള്ളൂ.

പണ്ടു്, എന്നുപറയുമ്പോൾ ഇന്നു് പ്രാവുകളെപ്പോലെ വെളുത്ത താടിയുള്ള എന്റെയൊക്കെ ബാല്യത്തിൽ—ഞാനോർമ്മിക്കട്ടെ—എന്റെ അമ്മ എല്ലാ ആഴ്ചയും പള്ളിയിൽ പോയിവന്നശേഷം വലിയൊരു ചൂട്ടുമെടുത്തു് തൊടിയിലേക്കിറങ്ങുകയായി. ചട്ടയും മുണ്ടുമായിരുന്നു അവരുടെ വേഷം. അവരങ്ങനെ വല്ലാത്ത അലിവോടെചെന്നു മരത്തിന്റെ ചില്ലയിൽ കൂടുകൂട്ടിയിരുന്ന ഭയങ്കരന്മാരായ കടന്നലുകളെ ഒറ്റവയ്പ്പിനു കത്തിക്കും. ‘എത്രയും ദയവായി’ എന്നു ഞാൻ ഊന്നുകയാണു്. പുണ്യവാളന്മാരേ! അത്രയും വിരുതുള്ളൊരു സ്ത്രീയെ ഞാനെന്റെ ലോകയാത്രകൾക്കിടയ്ക്കൊന്നും കണ്ടിട്ടേയില്ല, സത്യമാണു് പറയുന്നതു്. ഒറ്റ കടന്നൽക്കുഞ്ഞുപോലും ആ ദഹനകാരുണ്യത്തിൽനിന്നും രക്ഷപ്പെടുമായിരുന്നില്ല. അതൊരു പതിവായിരുന്നു. അക്കാലത്തു് ഞങ്ങൾ കുട്ടികൾ—നിങ്ങളുടെപോലെ ഒറ്റക്കുഞ്ഞിനെമാത്രം പ്രസവിച്ചുനിർത്തുന്ന അമ്മമാരുടെ കാലമല്ല അതു്—“ഇതെന്താണമ്മച്ചീ” എന്നു ചോദിച്ചാൽ, “പൊന്നുമക്കളേ, അതുങ്ങളുപെരുകി നിങ്ങടെ കുഞ്ഞുദേഹത്തിൽ തൂശിപോലെ കുത്തിനോവിക്കില്ലേ” എന്നുത്തരം കിട്ടും. എന്റെ അമ്മ ദൈവഭയമുള്ളവളായിരുന്നതിനാൽ എല്ലാ ആഴ്ചയും ഈയൊരു കാര്യം വേദനയോടെ കുമ്പസാരിക്കുമായിരുന്നു. നിങ്ങൾ ചിരിക്കുകയാണോ? ഒരു കടന്നൽ, അതിന്റെ കുഞ്ഞുങ്ങൾ, അവയുടേയും കുഞ്ഞുങ്ങൾ ഇങ്ങനെയെല്ലാം ചേർന്നു് നമ്മെയൊക്കെ മൂടി ഒരു കടന്നൽപ്പുറ്റാക്കി മാറ്റുന്ന രംഗം ഓർത്തുനോക്കിയിട്ടുണ്ടോ? ആ—അതാണുപ്രശ്നം. എന്നാൽ, ഞാൻ വലുതായപ്പോൾ ഒരു കടന്നൽക്കൂടുതേടി എത്രദൂരം നടന്നു! പ്രിയമുള്ളവരേ, ഭൂമിയിലെ എല്ലാ അമ്മമാരും ഇങ്ങനെ കടന്നലുകൾക്കു് തീ വയ്ക്കുമായിരുന്നുവെന്നു ഞാനിപ്പോൾ മനസ്സിലാക്കുന്നു. ഇനിയിപ്പോൾ ഈ ചില്ലുകുപ്പിയിൽ ഏകനായി ഭ്രമണംചെയ്തുകൊണ്ടിരിക്കുന്ന ഈ കടന്നൽ മാത്രമേ ശേഷിക്കുന്നുള്ളൂ. ഒരിക്കലും അരുതാത്ത അതിന്റെ ഘോരമായ ഏകാന്തതയിൽ എനിക്കു ദു:ഖമുണ്ടു്. അതിന്റെ വംശം നിലനിൽക്കണമെന്നുതന്നെ ഞാനാഗ്രഹിക്കുന്നു. അതിനാൽ, ഈ കടന്നലിനു് ഒരിണതേടുക എന്ന ദുഷ്കരമായ കൃത്യം എന്റെ മുന്നിലുണ്ടു്. പക്ഷേ, ഒന്നു കുത്തിനോവിക്കാൻ പോലും ഒരെണ്ണം നമ്മൾ മനുഷ്യരുടെ പിന്നാലെ കൂടുമോ എന്നു സംശയമാണു്.

ഇനിയും ഞാൻ കുഞ്ഞുങ്ങളോടു സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഒരു കൊച്ചു ചോദ്യം! എന്റെ പ്രിയപ്പെട്ട കുട്ടികളേ. എവിടെയാണു് ഈ ഭൂമിയുടെ അച്ചുതണ്ടു്? അതേ, ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, കാലചക്രത്തിന്റെ പാതയിലൂടെ ഇങ്ങനെ നിർത്താതെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ഈ ഭൂമിയുടെ കടവുകോൽ എവിടെയാണു് ? ങേ? വേണ്ട, വേണ്ട. അക്ഷംശവും രേഖംശവുമൊക്കെ പറഞ്ഞു് നിങ്ങളുടെ ഗുരുക്കന്മാരുടെ വാക്കുകൾ—അവർക്കുതന്നെ അബദ്ധപഞ്ചാംഗങ്ങളിൽനിന്നും കിട്ടിയവ—ആവർത്തിക്കേണ്ടതില്ല. പകരം ഭാവനയെ തുറന്നുവിടൂ, ശലഭങ്ങളെപ്പോലെ. എവിടെയാണു്? അല്ലെങ്കിൽ ഞാൻ തന്നെ പറയാം. ഈ താടിവെളുത്തു് പഞ്ഞിയാകുംവരെ ഞാനീമണ്ണിലാകെ സഞ്ചരിക്കുകയായിരുന്നു. എനിക്കുറപ്പുപറയാനാകും, അതു് മരുഭൂമിയുടെ ഏറ്റവും നടുക്കാണു്. കടലിലോ കൊടും മഞ്ഞുമലകളിലോ അല്ല. എന്തെന്നാൽ കാറ്റു് ഒരു തിരിവുകോലായി കറങ്ങി, ആഞ്ഞുവീശാനാരംഭിക്കുന്നതു് മരുഭൂമിയുടെ നാഭിയിൽനിന്നാണു്. അതേ, എനിക്കുറപ്പുപറയാനാകും. അതിനാൽ ഭൂമിയാകെ തിരിഞ്ഞുകൊണ്ടിരിക്കുന്നതു് തീ പിടിച്ച തലച്ചോറുള്ള മരുഭൂമിയിലാണു്. നിങ്ങളുടെ പ്രവാചകന്മാർ അവിടെത്തന്നെയാണല്ലോ ജനിച്ചതും. ഇതാ ഈ മണൽ മേഖലയുടെ പ്രതിനിധിയായി, ഭാവനയിലെ മണൽക്കാടുകൾ ഇപ്പോഴും അലഞ്ഞുതീർക്കുന്ന വൃദ്ധനായ എന്റെ സുഹൃത്തിനെ പരിചയപ്പെടുത്തുകയാണു്.”

ഇത്രയും പറഞ്ഞുകൊണ്ടു് സംഘത്തലവനായ, ക്രിസ്മസ് അപ്പൂപ്പന്റെ മുഖച്ഛായയുള്ള ആ മനുഷ്യൻ ഒരു കൂടു് സ്വയം തള്ളിക്കൊണ്ടുവന്നു. നഴ്സറി റൈമുകൾക്കൊപ്പം ചിട്ടയോടെ കയ്യടിച്ചുശീലിച്ച കുട്ടികൾ അവിശ്വാസം നിഴലിക്കുന്ന കണ്ണുകളോടെ ആ കാഴ്ച നോക്കിനിന്നു. അതു് ഒരു ഒട്ടകമായിരുന്നു. അതിന്റെ കണ്ണുകൾ അനന്തതയിലേക്കു നീണ്ടു. ഏറ്റവും ശക്തമായ കണ്ണടകൾ ധരിച്ചിട്ടും അതിന്റെ കണ്ണിലെ പ്രാചീനതയുടെ ആഴം അവർക്കളക്കാനാകുമായിരുന്നില്ല. അവരുടെ കൈയടിയുടെ കുഞ്ഞുസ്വരങ്ങളേയും റിങ്മാസ്റ്ററുടെ കനമുള്ള മൂളലുകളേയും, എന്തിനു് തന്റെ കൂടിന്റെ ബലവത്തായ ഇരുമ്പുകമ്പികളെപ്പോലും നിർവ്വികാരമായ ഒരു നോട്ടത്തോടെ അതു് അവഗണിച്ചു. അപ്പോൾ അവിടെ കൂടിയിരുന്ന കുട്ടികളെല്ലാം ചേർന്നു് നേർത്ത കൈയ്യടിയോടെ “മരുഭൂമിയിലെ കപ്പൽ, മരുഭൂമിയിലെ കപ്പൽ” എന്നു വിളിച്ചു പറയുകയായിരുന്നു. അവരുടെ ശബ്ദങ്ങളൊന്നും ഉന്നതനായ ആ മൃഗത്തിന്റെ കർണ്ണപുടങ്ങളിൽ യാതൊരു ചലനവും ഉണ്ടാക്കിയില്ല. ഒട്ടുനേരം കഴിഞ്ഞപ്പോൾ അതു് തന്റെ ചുണ്ടുകൾ ഒരുവശത്തേക്കു് നീക്കി പുച്ഛത്തോടെ ചിരിച്ചു. പിന്നെ, തന്റെ കൂട്ടിലെ ചക്രങ്ങളുടെ സഹായത്തോടെ, അടഞ്ഞ കൂടാരത്തിന്റെ വിതാനങ്ങൾ വകഞ്ഞുമാറ്റി ഉള്ളിലേക്കുപോയി.

images/santhosh-galappa-02.png

റിങ്മാസ്റ്റർ വൃത്താകൃതിയിലുള്ള പ്രദർശനസ്ഥലം മുഴുവൻ ചിന്താക്ലാന്തനായി നടന്നുതീർക്കുകയായിരുന്നു അപ്പോൾ. കുറച്ചുനേരത്തെ മൗനം കൂടാരത്തിൽ നിറഞ്ഞു. പിന്നെ അയാൾ തുടർന്നു: “കൂട്ടരേ, ഭൂമിയിലെ ജീവജാലങ്ങൾ എന്നെ എല്ലാക്കാലത്തും ആകർഷിച്ചിരുന്നു. അവയുടെ വൈവിധ്യം, ആക്രമണവും പിൻവാങ്ങലും ഇണചേരലും അങ്ങനെയെല്ലാംതന്നെ… എന്നാൽ ഞാൻ തികച്ചും ആരാധനയോടെ കാണുന്ന ഒരു മൃഗമുണ്ടു്. അതിന്റെ വന്യമായ പ്രണയഭേരികൾ പർവ്വതങ്ങളെ കുലുക്കുന്നു. അലർച്ചകൾ കിളുന്നുമാൻകുട്ടികളെ ദൂരങ്ങളുടെ കാമുകന്മാരാക്കുന്നു. ഒന്നാലോചിച്ചാൽ എത്ര ഉചിതജ്ഞതയോടെയാണു് ഒരു രാജാവിന്റെ പട്ടം നാമയാൾക്കുകൊടുത്തിട്ടുള്ളതു്!”

അയാൾ അത്രയും പറഞ്ഞുതീർന്നപ്പോൾ കൂടുതൽ ബലവത്തായ ഇരുമ്പുകമ്പികളുടെ ബന്ധനത്തിൽ, ഒരു സിംഹം പ്രത്യക്ഷനായി. കൂടിനുള്ളിൽ വല്ലാത്തൊരു വേഗത്തോടെ അതു് ഉലാത്തിക്കൊണ്ടിരുന്നു. ആദ്യം നടന്ന ദിശയിൽ കൂടിന്റെ ഭിത്തിയെത്തുന്നതിനു മുമ്പായി അല്പനേരം നിൽക്കും; പിന്നെ തിരിച്ചുനടക്കും. ഇതു് നിർത്താതെ ആവർത്തിച്ചുകൊണ്ടിരുന്നു. അസാധാരണമെന്നുപറയട്ടെ—കുട്ടികൾ അതു് പേടിയോടെ പ്രതീക്ഷിച്ചിരുന്നെങ്കിലും—ആ നടത്തത്തിനിടയിൽ ഒരിക്കൽപ്പോലും വന്യമായ ഒരലർച്ച കാണികൾക്കു് ലഭിച്ചതേയില്ല. കാർട്ടൂണുകളും വന്യജീവികളുടെ സീരിയലുകളും കണ്ടുപരിചയിച്ച കുട്ടികൾ ഈ മൃഗങ്ങൾ ഉടുപ്പിടാതെ നിൽക്കുന്നതെന്താണെന്നുമാത്രം രക്ഷിതാക്കളോടു ചോദിച്ചുകൊണ്ടിരുന്നു.

പ്രദർശനം നീണ്ടുപോവുകയാണു്. ഭൂമിയിലെ ജീവജാലങ്ങളുടെ വൈവിധ്യം എല്ലാവരെയും അമ്പരപ്പിച്ചു. ഞങ്ങളൊരിക്കലും കാണാത്ത വിവിധനിറമുള്ള ഇഴജന്തുക്കൾ, കുങ്കുമച്ചുണ്ടുള്ള വലിയ തത്തകൾ, പതിനാലുലോകങ്ങളും വായിലൊളിപ്പിക്കാവുന്ന നീർക്കുതിരകൾ, കൂടിന്റെ അഴികൾക്കുള്ളിൽ കോപവും സ്നേഹവും കലർത്തി പരസ്പരം അറിഞ്ഞുകൊണ്ടിരുന്ന പ്രത്യേകതരം കുരങ്ങുകൾ, പല നിറങ്ങളിൽ കൂടാരമാകെ പാറിനടന്ന പൂമ്പാറ്റകൾ (അവയുടെ പ്രത്യേകമായ വിധത്തിലുള്ള ഒരു കൂടിച്ചേരലുണ്ടായപ്പോൾ നിറങ്ങളെല്ലാം അസാധാരണമായ രീതിയിൽ അലിഞ്ഞു് വെള്ളനിറമുണ്ടായി. അതു സംഘത്തലവന്റെ വെളുത്തതാടിപോലെത്തന്നെ ശുഭ്രമായിരുന്നു. അല്പനേരത്തെ വെണ്മയ്ക്കുശേഷം പൂമ്പാറ്റകൾ പിരിഞ്ഞു. കൂടാരത്തിലെങ്ങും വർണ്ണങ്ങൾ വിരിയുകയായി). കൂടാരം അത്ഭുതങ്ങളുടെ പേടകം തന്നെയായിരുന്നു.

* * *

നഗരത്തിലെ പ്രദർശനം ആഴ്ചകൾ നീണ്ടുപോയി. ഇപ്പോൾ കൂടാരത്തിലെ ആളുകൾ ഞങ്ങൾക്കു പരിചിതരായിത്തീർന്നിരിക്കുന്നു. ആദ്യമെല്ലാം യാത്രാക്ഷീണം പ്രകടമായിരുന്ന അവരുടെ കണ്ണുകൾക്കു് തിളക്കം കൈവന്നു. സൈക്കിളിൽ അഭ്യാസം നടത്തുന്ന ചിലരെങ്കിലും നഗരപ്രാന്തങ്ങളിലേക്കു യാത്രചെയ്യുമായിരുന്നു. വിചിത്രമായ ഒരു വസ്തുത, കൂടാരത്തിനുവെളിയിൽ അവർ, നമ്മൾ സാധാരണക്കാരെപ്പോലെ മാത്രമേ സൈക്കിൾ ചവിട്ടിയിരുന്നുള്ളൂ എന്നതാണു്. പാതയുടെ നിയമങ്ങൾ അവർ കണിശമായും പാലിച്ചു. അസാധാരണമായ അഭ്യാസങ്ങൾ ചെയ്യുന്നവരെങ്കിലും അവരുടെ നടത്തത്തിന്റെ ലാളിത്യവും സംഭാഷണങ്ങളിലെ വിനയവും മറക്കാനാവുകയില്ല.

പക്ഷേ, വയസ്സനായ റിങ്മാസ്റ്റർ കാര്യമായൊന്നും പുറത്തിറങ്ങിയിരുന്നില്ല. അയാൾ കൂടാരത്തിനടുത്തുതന്നെ സജ്ജമാക്കിയിരുന്ന ചെറിയൊരു ടെന്റിൽ കഴിഞ്ഞുകൂടി. പഞ്ഞിയെല്ലാം ഒരരികിലേക്കു ക്രമംതെറ്റിക്കിടന്ന ഒരു പഴഞ്ചൻ കിടക്കയിൽ പകൽമുഴുവനും ആർക്കും വ്യക്തമാകാത്തൊരു സംഗീതവും കേട്ടു് അയാളങ്ങനെ കിടക്കുകയായിരിക്കും. ഒന്നുറപ്പാണു്. അതികഠിനമായ ദുഃഖം ആ മുഖത്തുണ്ടു്. ചിന്തകൾ ഒന്നിൽനിന്നൊന്നായി ബഹുദൂരം യാത്രചെയ്യുകയാണു്. വിഷാദത്തിന്റെ നിഴലുകൾ ആ കണ്ണുകളിൽ ഇടയ്ക്കിടെ പ്രത്യക്ഷമായിരുന്നു. ഇപ്പോൾ ഈ കൂടാരം നമ്മുടെ നഗരത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. കൂടാരം നാട്ടിയ ഇരുമ്പുതൂണുകൾക്കു്, സാധിക്കുമെങ്കിൽ വേരുകളാഴ്ത്തി ഈ ഭൂമിയിൽത്തന്നെ തുടരാവുന്നതേയുള്ളൂ.

ഒടുവിൽ, അപ്രതീക്ഷിതമായ ഒരു ദിവസം, സംഘം യാത്രതുടരാൻ തീരുമാനിച്ചിട്ടുള്ളതായി വാർത്ത പരന്നു. അതുകൊണ്ടാവണം, ആഴ്ചയുടെ അവസാനത്തെ ദിവസം പതിവിലേറെ ആളുകൾ പ്രദർശനത്തിനെത്തിച്ചേർന്നു. ഏറെ നാൾക്കുശേഷം, റിങ്മാസ്റ്റർ തന്റെ ഗംഭീരമായ ശബ്ദത്തിൽ സംസാരിക്കുകയായിരുന്നു.

“നന്നായി”. അയാൾ തുടങ്ങി: “നിങ്ങൾ കുഞ്ഞുങ്ങളെ വീണ്ടും കൊണ്ടുവന്നിരിക്കുന്നു. അത്രയും നന്നു്. ഞാൻ ആദ്യദിവസം പറഞ്ഞതുപോലെ ലോകം ശിശുക്കളെപ്പോലുള്ളവരുടേതായിരുന്നെങ്കിൽ! ഒരു തോട്ടത്തിൽ വിരിയുന്ന പൂക്കളിൽ ഞാൻ കുഞ്ഞുങ്ങളുടെ ചിരി കാണുന്നു. എന്നാൽ ഏറെ നാൾക്കുശേഷം ഞാനിവിടെയെത്തുമ്പോൾ, ഒരു കാലത്തു് കുഞ്ഞുചിരികളിൽ വിരിഞ്ഞിരുന്ന നിങ്ങളെല്ലാം വലിയ മനുഷ്യരായിത്തീർന്നുകഴിഞ്ഞു. ഒന്നും നിങ്ങളെ വിസ്മയം കൊള്ളിക്കുന്നില്ല. കഷ്ടമെന്നു പറയാം, നിങ്ങളുടേതുമാത്രമായ ദുഃസ്വപ്നങ്ങൾ കണ്ടുപേടിച്ച ഈ കുട്ടികളും ചിരിമറന്നുപോയിരിക്കുന്നു. ഞാൻ പഴങ്കഥകളിലെ നന്മകൾ പറഞ്ഞു് നിങ്ങളെ വിമർശിക്കുകയല്ല. പുത്തൻ ദേശങ്ങളുടെ, പുത്തൻ കാലത്തിന്റെ, പുത്തൻ ജീവിതത്തിന്റെതന്നെയും ആരാധകനാണു ഞാൻ. എന്നാൽ ഈ പ്രദർശനമൊക്കെ നടത്തുമ്പോഴും വല്ലാത്തൊരുകുറ്റബോധം എന്നെ വേട്ടയാടുകയായിരുന്നു”. അത്രയും പറഞ്ഞു് അയാൾ ചിന്താമഗ്നനായി നടന്നു തുടങ്ങി. ഭാരമേറിയ ആ കാൽവയ്പുകൾ ടെന്റിനെത്തന്നെ കുലുക്കിയിരുന്നു. കൂടാരത്തിലെ അഭ്യാസികൾ, സൈക്കിളുകൾ, തൂക്കിക്കെട്ടിയ ട്രപ്പീസ് ബാറുകൾ, പല നിറത്തിലുള്ള അസംഖ്യം വിളക്കുകൾ ഒക്കെയും ആ മനുഷ്യനെ നോക്കിക്കൊണ്ടുനിൽക്കുകയാണെന്നു ഞങ്ങൾക്കുതോന്നി. മൃഗങ്ങൾ താമസിച്ചിരുന്ന കൂടാരത്തിലെ ഉൾവശം ഞങ്ങൾക്കു കാണാനാകുമായിരുന്നില്ല. ആ ഭാഗം ആകാശനീലിമയുള്ള ഒരു വിരികൊണ്ടു് പ്രത്യേകം മറച്ചിരുന്നു.

അയാൾ തുടർന്നു:

“ഞാൻ എന്റെ അമ്മയെക്കുറിച്ചു് ഒരിക്കൽ പറഞ്ഞു. ഞങ്ങൾ കുഞ്ഞുങ്ങളോടുള്ള അമിതസ്നേഹംകൊണ്ടു് ആ പാവം സ്ത്രീ തൊടിയിലെ കടന്നൽക്കൂടുകൾ ഒന്നാകെ തീവെയ്ക്കുമായിരുന്നു. പ്രിയപ്പെട്ടവരേ, ഈ ഭൂമിയിലെ അമ്മമാർ കുഞ്ഞുങ്ങളോടുള്ള അന്ധമായ സ്നേഹലാളനമൂലം അഗ്നിക്കിരയാക്കിയ കടന്നൽക്കൂടുകളാണു് എന്റെ ശിരസ്സിലത്രയും. അവയോ, ആർത്തമായ നിലവിളികളോടെ എന്നെ പിന്തുടരുകയും. ഒരുപക്ഷേ, എങ്ങുമുറയ്ക്കാതെ ഈ ലോകം മുഴുവൻ ഞാനലഞ്ഞുകൊണ്ടിരിക്കുന്നതിനുള്ള കാരണവും അതുതന്നെയല്ലേ? ഇങ്ങനെ എല്ലാ കടന്നലുകളും ഇഴജന്തുക്കളും പാറ്റകളും മത്സ്യങ്ങളുമെല്ലാം നഷ്ടപ്പെട്ടുപോകുമ്പോൾ, ഒക്കെയും വിസ്മൃതമാക്കുന്ന ഒരു പ്രളയകാലത്തു്, ജീവന്റെ പെട്ടകം നാമെങ്ങനെ നിറയ്ക്കും? (അതുപറഞ്ഞശേഷം ആദിമമായ ഒരു നാദത്തോടെ, നോഹ ചുമയ്ക്കുന്നതുപോലെത്തന്നെ, അയാൾ ചുമച്ചു). ഈ ഒരു കുറ്റബോധം എന്നെ പീഡിപ്പിച്ചിരുന്നു; എന്നും എവിടെയും. മനുഷ്യരേ, നിങ്ങൾ ഈ കൂടാരത്തിലെ പലജാതി മൃഗങ്ങളെ കാണാൻ വന്നിരിക്കുന്നു. ഒരിക്കലെങ്കിലും, ഒരിക്കലെങ്കിലും, നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ഈ മൃഗങ്ങൾ നിങ്ങളോടെങ്ങനെ പ്രതികരിക്കുന്നുവെന്നു്? ദൈവത്തിലെ ആകാരത്തിൽ സൃഷ്ടിക്കപ്പെട്ട നാം മനുഷ്യരെ അവ എങ്ങനെയാണു് നോക്കിക്കാണുന്നതു്? എന്റെ കുട്ടികളേ, നിങ്ങൾ അവരെ കാണുന്നു. അവർ നിങ്ങളേയോ?”

“സൂക്ഷിച്ചുനോക്കൂ; ഈ കൂടാരത്തിലെ മൃഗങ്ങളൊന്നും നിങ്ങളെ ശ്രദ്ധിക്കുന്നതേയില്ല. സത്യമായും, അവ ഒരിക്കൽപോലും നിങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നു് ഞാൻ ഉറപ്പിച്ചുപറയുന്നു. പന്തുകളിക്കുന്ന കരടിയോ, അഭിവാദ്യം ചെയ്യുന്ന ആനയോ, കണക്കുകൂട്ടുന്ന പട്ടിയോ, പുലിയോ ഒന്നും നിങ്ങളുടെ നാഗരികതയെ നോക്കുന്നതുപോലുമില്ല.

പശ്ചാത്താപവിവശനായി, രാത്രികളിലേറെയും ഞാൻ ഉരുകിത്തീരുകയായിരുന്നു. സുഹൃത്തുക്കളേ, നഗരത്തിന്റെ വന്യതയിലേക്കു് ഇവയെ എങ്ങനെ വലിച്ചെറിയുമെന്ന ഭീതികൊണ്ടുമാത്രം, ശിരസ്സിൽ നിറച്ചും പാപബോധവുമായി ഞാനീ ഭൂമിയെ ഭ്രമണം ചെയ്തു. ഒരു പക്ഷേ, അവയെന്നോടിണങ്ങുകയും ചെയ്തിരിക്കണം. പ്രായശ്ചിത്തത്തിന്റെ ഒരു ചെറുവിരലനക്കമെന്നോണം ഒറ്റക്കടന്നലിനെ ഞാനെന്റെ നെറ്റിയിൽത്തന്നെ വെക്കുമായിരുന്നു. നീലവിഷം പേറുന്ന പാമ്പുകളെ കണ്ഠത്തിൽത്തന്നെ കിടത്തിയിരുന്നു. ഒറ്റയ്ക്കു്, അതും വിശന്നിരിക്കുന്ന പുലിയുടെ കൂട്ടിലേക്കു് കയറിച്ചെന്നിട്ടുണ്ടു്. പക്ഷേ, ഒരു കടന്നൽക്കുത്തോ സർപ്പദംശമോ ഒന്നുകൊണ്ടും അവയെന്നെ അനുഗ്രഹിച്ചിട്ടില്ല. കൂടുകളിലുള്ള ചെറുതും നിസ്സാരവുമായ ലോകങ്ങൾകൊണ്ടു് അവയെല്ലാം ഈ ഭൂമിയെ മൊത്തമായും അളന്നെടുക്കുകയായിരുന്നുവെന്നു ഞാൻ, എന്റെ സന്ധ്യയിൽ, ഇപ്പോൾ മനസ്സിലാക്കുന്നു. അത്രയും നല്ലതു്. എത്ര അന്തസ്സാരശൂന്യമായ നമ്മുടെ ലോകം! ഈയിടെ കാണികളിലൊരാൾ ചോദിച്ചു: “നിങ്ങളീ ജന്തുക്കളെയും കൊണ്ടു് ഒരു ചൂഷകനെപ്പോലെ ഊരുചുററുകയായിരുന്നില്ലേ?” അക്ഷരംപ്രതി ശരിയാണു സ്നേഹിതാ. എന്നാൽ ആവേശത്തിനിടയ്ക്കു് അദ്ദേഹം വിട്ടുപോയ ഒരു ചെറിയ സംഗതികൂടിയുണ്ടു്. ഇക്കാലമത്രയും ഏകനായി ഞാനും ഈരുചുററുകയായിരുന്നു. എന്റെ ഏകാന്തതയെ നമ്മുടെ സ്നേഹിതൻ വിട്ടുകളഞ്ഞു. പോരാ, ഈ മൃഗങ്ങളുടെ ജിവിതത്തിന്റെ ഒരേടു് ഞാനെന്റെ ജീവിതത്തിലും പകർത്തിയിട്ടുണ്ടു്. നിങ്ങളിതുവരെയും കാണാത്ത ഒരു വലിയ അദ്ധ്യായം. എന്റെ അടുത്ത ഇനം അതാണു്”.

അപ്പോൾ കൂടാരത്തിലെ നീലവിരിപ്പുകൾ രണ്ടായി പിളർത്തിക്കൊണ്ടു് ഒരു കൂടു് പ്രദർശനമദ്ധ്യത്തിലേക്കു വന്നു. അരങ്ങിലെ ഇരുണ്ട പ്രകാശത്തിൽ ഞങ്ങൾ സൂക്ഷിച്ചുനോക്കുകയായിരുന്നു. ഞങ്ങൾക്കു് വിശ്വസിക്കാനായില്ല. ആ കൂടിന്റെ ഒരു മൂലയിൽ കൂനിക്കൂടിയിരിക്കുകയായിരുന്നു അത്.

images/santhosh-galappa-01.png

“ഒരു മനുഷ്യൻ”. കുട്ടികൾ വളിച്ചുപറഞ്ഞു.

“അതേ”, അയാൾ സമ്മതിച്ചു. “ഇതാ ഒരു മൃഗത്തിന്റെ എല്ലാ ഏകാന്തതയും ഏറ്റുവാങ്ങിയ ഒരു മനുഷ്യൻ. എന്നെയും നിങ്ങളെയും പോലെ ഒരാൾ. അല്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം രൂപത്തിൽ ഒരാൾ”.

ആളുകൾ അവിശ്വാസത്തോടെ അരങ്ങിലേക്കു നോക്കിക്കൊണ്ടിരുന്നു. സംഘത്തലവൻ മുഴക്കത്തോടെ തുടർന്നു:

“വിശ്വാസമാവുന്നില്ല അല്ലേ? കൂട്ടരേ, ഇതെന്റെ മകനാണു്. എന്റെ ചോരതന്നെ ഇവനിലും പ്രവഹിക്കുന്നു”.

കൂടാരം ഒരു നാടകശാലയായി അതിവേഗം മാറുകയാണെന്നു് തോന്നിച്ചു. വെളിച്ചത്തിനു കൂടുതൽ ദുരൂഹത കൈവന്നു. പക്ഷേ, സർക്കസ്സിലെ അഭ്യാസികളെല്ലാം ഇതൊക്കെയും വെറും സാധാരണമെന്നമട്ടിൽ കണ്ടു്, തങ്ങളുടെ പ്രകടനങ്ങൾക്കായി കാത്തുനിൽക്കുകയായിരുന്നു. അപ്പോൾ കൂടാരത്തിന്റെ പിന്നിൽ നിന്നും ചെറിയ ഒച്ചകളുയർന്നു. പിന്നെ വലുതായി. ഗ്യാലറികളിൽ നിന്നു് ഇറങ്ങിവന്ന ചെറുപ്പക്കാരൻ സംഘത്തലവനോടു പറഞ്ഞു:

“ദ്രോഹീ, നീ ചോരയും നീരുമുള്ള ഒരു മനുഷ്യനെ ജന്തുവിനെപ്പോലെ അടച്ചിട്ടിരിക്കുന്നു. തന്നെ ഞങ്ങൾ വെറുതെ വിടില്ല. ഇയാളൊരു പെരുംകളളനാണു്. ഞങ്ങളിതു് ആദ്യം മുതലേ ഊഹിച്ചതാണു്. എന്തെങ്കിലും കാട്ടി പിഴച്ചുപോകട്ടെയെന്നു കരുതി. കളിച്ചുകളിച്ചു് കളി കാര്യമായിരിക്കുന്നു. എടോ പരട്ടുകിഴവാ, അയാളെ തുറന്നുവിടു്”.

നിയമപാലകരുടെ നിരയും മുന്നിലും വന്നു.

“ഞാനൊരു തടസ്സമല്ലല്ലോ”. കൈയിലെ നീണ്ട ദണ്ഡുയർത്തി റിങ്മാസ്ററർ പറഞ്ഞു. “എന്നാൽ ഒക്കെയും അടിപ്പെടുന്ന പ്രളയത്തിൽ ജീവന്റെ പെട്ടകം നിറയ്ക്കാൻ നിങ്ങളുടെ കുലത്തിൽ നിന്നാരും വേണ്ടന്നാണോ?”

“തന്റെയൊരു പെട്ടകം! അതിൽ താൻ കേറിയിരുന്നു തുഴഞ്ഞോ!” അതിനുശേഷം ഒരുവൻ കൂടിനടുത്തേക്കുചെന്നു് അതിന്റെ ഇരുമ്പുസാക്ഷ ഊരാൻ തുടങ്ങി. അപ്പോൾ റിങ്മാസ്ററർ തന്റെ ദണ്ഡുയർത്തി ഉറക്കെ പറഞ്ഞു:

“അടങ്ങൂ യുവാവേ, അതിനുമുമ്പ് നീതിപൂർവ്വകമായ മറ്റൊന്നുചെയ്യാനുണ്ടു്. എന്നിട്ടുമാത്രം മതി ഇതെല്ലാം”.

കണ്ണടച്ചു തുറക്കും മുമ്പ് കൂടാരത്തിന്റെ വിരിപ്പുകൾ ഭേദിച്ചു് ഒട്ടേറെ കൂടുകൾ അരങ്ങിലെത്തി. ആനകൾ, മയിലുകൾ, ഒട്ടകങ്ങൾ, പാമ്പുകൾ, പുലികളും സിംഹങ്ങളും—അങ്ങനെ ലോകത്തിലെ എല്ലാ ജന്തുക്കളും ഒറ്റയായോ ഇണയായോ അവരിലുണ്ടായിരുന്നു.

“തുറക്കൂ”. അയാൾ ആജ്ഞാപിച്ചു. പെട്ടെന്നു് ജീവനക്കാർ വന്നു് ആ കൂടുകളൊന്നൊന്നായി തുറന്നു മൃഗങ്ങളെ പുറത്തേക്കുകൊണ്ടുവന്നു. ഗ്യാലറികളിൽനിന്നുവന്ന ചെറുപ്പക്കാർ പേടിച്ചുവിവശരായി. അവർക്കു് ചലിക്കാനാവാത്തവിധം സംഘത്തലവൻ തന്റെ ദണ്ഡ് നീട്ടിപ്പിടിച്ചിരുന്നു.

images/santhosh-galappa-03.png

“എല്ലാം തകരട്ടെ! ഈ ഭൂമി പ്രളയത്താൽ മൂടട്ടെ. നിന്ദ്യരായ മനുഷ്യർ തുലയട്ടെ. ഒന്നും അവശേഷിക്കുകയില്ല; ഒന്നും…”

ഒരു ദുർമന്ത്രവാദിയെപ്പോലെ അയാൾ പുലമ്പിക്കൊണ്ടിരുന്നു. വിചിത്രമെന്നു പറയട്ടെ, പുറത്തുവന്ന മിക്ക മൃഗങ്ങളും ഒരു ഭാഗത്തു് കൂനിക്കൂടിയിരുന്നു. ചുറ്റും ഇരുമ്പുകൂടുകളുണ്ടെന്ന വിശ്വാസത്തിലാണെന്നുതോന്നും അവയുടെ ഇരിപ്പുകണ്ടാൽ. മൃഗരാജനായ സിംഹം ഉലാത്തുകയായിരുന്നു. അതു കുറച്ചുദൂരം പോയി പെട്ടെന്നുവെട്ടിത്തിരിഞ്ഞു് പിന്നെയും നടന്നു് ഉലാത്തൽ തുടർന്നുകൊണ്ടിരുന്നു. “മരുഭൂമിയിലെ കപ്പൽ” എന്നു കുട്ടികൾ ആർത്തുപറഞ്ഞ ഒട്ടകം അനന്തവും ശൂന്യവുമായ അകലങ്ങളിലേക്കു നോട്ടം തുടർന്നു. പലനിറമുള്ള ശലഭങ്ങൾ ഒത്തുചേർന്നു വെളുപ്പുണ്ടാക്കുകയും പിരിഞ്ഞു് നാനാനിറങ്ങളാവുകയും ചെയ്തു.

പടുകൂറ്റൻ ആമകൾ, തലയുയർത്തിനിൽക്കുന്ന ഒട്ടകം, അർദ്ധനിമീലിതനായ പുലി, ഉലാത്തുന്ന സിംഹം, ചുറ്റിപ്പിണയുന്ന പാമ്പുകൾ, പേടിതോന്നുംവിധം വലിപ്പമുള്ള പല്ലികൾ, നൃത്തം ചെയ്യുന്ന മയിൽ, വായുവിൽ തൂങ്ങിക്കിടന്നു് സ്വപ്നങ്ങൾ തലതിരിച്ചുകാണാൻ കെല്പുള്ള വവ്വാലുകൾ, വാ തുറന്നുപിടിച്ച നീർക്കുതിര, ഗണിതവിദഗ്ധനായ പട്ടി, പ്രണയിച്ചുകൊണ്ടിരുന്ന ചില കുരങ്ങുകൾ, കുറുക്കന്മാർ, പൊയ്ക്കാലുകൾവച്ച ചിലന്തികൾ, കൂടാരത്തിലെ നിറങ്ങളെ അനുനിമിഷം മാറ്റിക്കൊണ്ടിരുന്ന ഉരഗശ്രേഷ്ഠരായ രണ്ടു് ഓന്തുകൾ എന്നിങ്ങനെ പലജാതി ജന്തുക്കൾ, തലയുയർത്താതെനിന്ന ഒരു മനുഷ്യൻ—എല്ലാംചേർന്നു് ഒരിക്കൽ അഗ്നിക്കിരയാവുകയും പ്രപഞ്ചത്തിലെ സൃഷ്ടിവൈചിത്ര്യങ്ങൾ മുഴുവൻ സമന്വയിക്കുകയും ചെയ്തിരുന്ന പ്രാചീനമായൊരു ദ്വീപായി മാറുകയായിരുന്നു അവിടം.

(ഗാലപ്പഗോസ്: ഇക്വഡോറിന്റെ ഉടമയിലുള്ള തെക്കെ അമേരിക്കൻ പരിസരത്തെ, ശാന്തസമുദ്രത്തിലെ ദ്വീപസമൂഹം. ഡാർവിൻ പരിണാമത്തെക്കുറിച്ചു് പഠിച്ചതു് ഇവിടത്തെ ജൈവവൈവിധ്യം കണ്ടുകൊണ്ടായിരുന്നു.)

ഇ. സന്തോഷ് കുമാർ
images/ESanthoshKumar.jpg

കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്തു് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസവും ‘ക്ലിഷേ’യും പരിഹാസ്യവുമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണു് ഇ. സന്തോഷ് കുമാര്‍. മികച്ച കഥാ സമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ടു്.

കൃതികൾ
കഥകൾ
 • ഗാലപ്പഗോസ്
 • മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003).
 • ചാവുകളി (ചെറുകഥ) ഡി. സി. ബുക്സ് (2005).
 • മൂന്നു വിരലുകൾ, ഡി. സി. ബുക്സ് (2008).
 • നീചവേദം, ഡി. സി. ബുക്സ് (2010).
 • കഥകൾ, ഡി. സി. ബുക്സ് (2013).
നോവൽ
 • അമ്യൂസ്മെന്റ് പാർക്ക്, എൻ. ബി. എസ് കോട്ടയം (2002).
 • വാക്കുകൾ, കറന്റ് ബുക്സ് (2007).
 • തങ്കച്ചൻ മഞ്ഞക്കാരൻ, ഗ്രീൻ ബുക്സ് (2009).
 • അന്ധകാരനഴി (നോവൽ) മാതൃഭൂമി ബുക്സ് (2012).
 • കുന്നുകൾ നക്ഷത്രങ്ങൾ, മാതൃഭൂമി ബുക്സ് (2014).
പരിഭാഷ
 • റെയിനർ മാരിയ റിൽക്കേയുടെ ‘യുവ കവിക്കുള്ള കത്തുകൾ, പാപ്പിയോൺ (2004).
ബാലസാഹിത്യം
 • കാക്കരദേശത്തെ ഉറുമ്പുകൾ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് (2008).
പുരസ്കാരങ്ങൾ
 • പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002.
 • വി. പി. ശിവകുമാർ കേളി അവാർഡ്, 2006.
 • ടി. പി. കിഷോർ അവാർഡ്, 2006.
 • ‘ചാവുകളി’യ്ക്കു് കേരള സാഹിത്യ അക്കാദമി അവാർഡ്, 2006.
 • കാക്കരദേശത്തെ ഉറുമ്പുകൾക്കു് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം (2011).
 • അന്ധകാരനഴിക്കു് കേരള സാഹിത്യ അക്കാദമി അവാർഡ് (2012).
 • കഥകൾ എന്ന സമാഹാരത്തിനു് കേസരി നായനാര്‍ കഥാ പുരസ്കാരം—2014.

കലിഗ്രഫി: എൻ. ഭട്ടതിരി

ചിത്രീകരണം: വി. പി. സുനിൽകുമാർ

Colophon

Title: Galapagos (ml: ഗാലപ്പഗോസ്).

Author(s): E.Santhosh Kumar.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-13.

Deafult language: ml, Malayalam.

Keywords: Short story, E.Santhosh Kumar, Galapagos, ഇ. സന്തോഷ് കുമാർ, ഗാലപ്പഗോസ്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Boats, a painting by Amadeo de Souza Cardoso (1887–1918). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.