images/Anton_Laupheimer.jpg
Anton Laupheimer Schreibender Mönch, a painting by Anton Laupheimer (1848–1927).
സങ്കടമോചനത്തിനു് ഒരു കൈപ്പുസ്തകം
ഇ. സന്തോഷ് കുമാർ

നാല്പതുകളുടെ തുടക്കത്തിലെപ്പോഴോ, കുന്ദംകുളത്തെ പുരാതന പ്രസാധകരായിരുന്ന ഇയ്യുണ്ണി അച്ചുകൂടം തങ്ങളുടെ പഴയ മരപ്രസ്സിൽ അച്ചടിച്ചു് കവലകളിലും, ആളുകൾ കൂടുന്ന പൂരം, പെരുന്നാൾ, ജാഥ തുടങ്ങിയ ഉൽസവങ്ങളിലുമെല്ലാം കൊണ്ടുവെച്ചു വിറ്റിരുന്ന ‘സങ്കടമോചനത്തിനു് ഒരു കൈപ്പുസ്തകം’ എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള പഴയൊരു പരസ്യം എന്റെ സുഹൃത്തും ‘ദൈവവചനം’ ദ്വൈമാസികയിലെ സഹപത്രാധിപരുമായിരുന്ന ഫിലിപ്പ് അക്കരയാണു് ആദ്യം കണ്ടതു്. അപ്പോൾ തന്നെ, ഞാൻ കേൾക്കുവാനായി അയാൾ അതുറക്കെ വായിച്ചു. കേൾക്കുമ്പോൾ, സാധാരണമെന്നു കരുതാവുന്ന രണ്ടു വാക്കുകൾ യോജിച്ചു് വൈദ്യുതി പ്രസരിക്കുന്നതുപോലെയായിരുന്നു. സങ്കടമോചനമോ, കൈപ്പുസ്തകമോ വേറിട്ടുള്ള നിലനിൽപ്പിൽ എന്നെ ആകർഷിക്കുമായിരുന്നില്ല. എന്നാൽ ആ വാക്കുകൾ കൂട്ടിച്ചേർക്കപ്പെട്ടപ്പോൾ, കാലം കഥകളിലെ പഴയ ‘കുളമ്പടിയൊച്ച’യുമായി ഏറെ പിന്നിലേക്കു സഞ്ചരിക്കുകയാണെന്നു തോന്നിച്ചു. പഴക്കമായിരുന്നു ഞാൻ തേടിയിരുന്നതും. പുതിയ നൂറ്റാണ്ടിലെ സാഹിത്യത്തെ നേരിടാൻ ശേഷിയില്ലാത്തതുകൊണ്ടാവാം, എന്നിലെ വായനക്കാരൻ മരിച്ചിരുന്നു. ക്രമേണ പുതിയതു മാത്രമല്ല, പഴയ സാഹിത്യവും ഞാൻ മറന്നു. എങ്കിലും ആദ്യകാലം മുതൽ ബൈന്റു ചെയ്തുവെച്ചിരുന്ന പുസ്തകങ്ങളുടെയും ആഴ്ചപ്പതിപ്പുകളുടെയും ശേഖരം എനിക്കുണ്ടായിരുന്നു. അവയെല്ലാം ഒരന്ധനെപ്പോലെ ഞാൻ തൊട്ടുനോക്കും. ഗന്ധം പിടിക്കും. പഴയ ഗ്രന്ഥങ്ങൾ അന്വേഷിക്കുകയും ശേഖരിക്കുകയും എന്റെ ആഹ്ലാദകരമായ ജോലിയായിത്തീർന്നു.

ഈയൊരു താല്പര്യമായിരുന്നു, സത്യത്തിൽ എനിക്കും ഫിലിപ്പിനും യോജിക്കാവുന്ന മേഖല. ഫിലിപ്പ്, പക്ഷേ, വേദപുസ്തകങ്ങളുടെ പഴയ പതിപ്പുകൾ മാത്രം ശേഖരിച്ചു. അങ്ങനെയിരിക്കെ, ഏതോ കാലനിർണ്ണയത്തിനായി എന്റെ വശമുള്ള ആഴ്ചപ്പതിപ്പുകൾ പരതുമ്പോഴാണു് ഫിലിപ്പ് ആ പരസ്യം കണ്ടതു്. കവിശ്രേഷ്ഠൻ സി. കെ. ഇയ്യുണ്ണി രചിച്ച ‘സങ്കടമോചനത്തിനു് ഒരു കൈപ്പുസ്തകം’ വായിക്കുക എന്നായിരുന്നു അതിന്റെ ഉള്ളടക്കം. പരസ്യത്തിലേറെ അതൊരു ആഹ്വാനമാണെന്നു തോന്നും. ‘അനുകരണങ്ങളാൽ വഞ്ചിതരാകാതിരിക്കുക’ എന്നൊരു മുന്നറിയിപ്പും. പ്രസാധകർ ഇയ്യുണ്ണി അച്ചുകൂടം തന്നെയാണു്. വില കാണിച്ചിരുന്നില്ല.

പാതിരിമലയാളത്തിൽ എഴുതപ്പെട്ടിരിക്കാവുന്ന ഈ ഗ്രന്ഥത്തിൽ ഫിലിപ്പിനു് താല്പര്യമുണ്ടു്. പ്രായംകൊണ്ടു് മഞ്ഞ ബാധിച്ചിരിക്കാൻ സാദ്ധ്യതയുള്ള ആ താളുകൾ തൊട്ടുനോക്കണമെന്ന ഒരാഗ്രഹം വൃദ്ധകാമം പോലെ എന്നെയും ചലിപ്പിച്ചു. കുന്ദംകുളത്തോ, തൃശ്ശൂരോ ഇയ്യുണ്ണി അച്ചുകൂടം തേടിയുള്ള ഞങ്ങളുടെ അന്വേഷണം വിഫലമായിരുന്നു. അല്ലെങ്കിൽത്തന്നെ ഏതൊരു പ്രസാധകനാണു് ഇക്കാലത്തു് ഈയൊരു പേരിൽ പ്രവർത്തിക്കുക? ഒന്നുകിൽ ആ പ്രസാധകശാലയും, അതിന്റെ സാഹിത്യവും നാടു നീങ്ങിക്കാണണം. അല്ലെങ്കിൽ, പുതിയൊരു പേരിൽ, പുതിയ രീതിയിൽ അതിപ്പോഴും പ്രവർത്തിക്കുന്നുണ്ടാകണം.

ആ ഊഹം ശരിയായിരുന്നു. എറണാകുളത്തുള്ള ‘മോഡേൺ പബ്ലിഷേഴ്സിന്റെ’ വേരുകൾ പഴയ ഇയ്യുണ്ണി അച്ചുകൂടത്തിലാണെന്നു് ഞങ്ങൾ കണ്ടെത്തി. പുസ്തകത്തിന്റെ ഒരു പ്രതി കിട്ടിയാൽ പഴയ പുസ്തകങ്ങളും ചേർത്തു് ഒരു പ്രദർശനം സംഘടിപ്പിക്കണമെന്നു് ഞാൻ നിശ്ചയിച്ചിരുന്നു. മോഡേൺ പ്രസ്സിന്റെ ഇപ്പോഴത്തെ ഉടമ നഗരത്തിലെ ഒരു വ്യവസായ പ്രമുഖനാണു്. മാതൃകാ വ്യവസായി എന്ന നിലയിൽ പലതവണ അയാൾ വിവിധ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി കേട്ടു.

ആ നിലയ്ക്കുള്ള അന്വേഷണവും, പക്ഷേ, ഫലപ്രദമായില്ല. മേഡേൺ ബുക്സിന്റെ ശീതികരിച്ച മുറിയിലിരിക്കുമ്പോൾ അത്തരത്തിലൊരു പഴയ പുസ്തകത്തെക്കുറിച്ചു് തിരക്കുക എന്നതുതന്നെ ഞങ്ങളിൽ അപകർഷതാബോധമുണ്ടാക്കി. ചരിത്രത്തിൽ തനിക്കു് താല്പര്യമൊന്നുമില്ലെന്നു് ഉടമ സൂചിപ്പിച്ചു. അതുകൊണ്ടുതന്നെ ഇയ്യുണ്ണി അച്ചുകൂടം പ്രസിദ്ധം ചെയ്ത കൃതികൾ സൂക്ഷിക്കാനൊന്നും മിനക്കെട്ടില്ല. അതൊക്കെ പഴയ പുസ്തകങ്ങൾ തൂക്കിവിൽക്കുന്ന ആരുടെയെങ്കിലും കൈവശം കണ്ടേക്കുമെന്നും അയാൾ ലാഘവത്തോടെ പറഞ്ഞു. മേഡേൺ പ്രസ്സിനെയും അതിന്റെ ഉടമസ്ഥനെയും കുറിച്ചു് ഫിലിപ്പ് അക്കര ചിലതെല്ലാം എഴുതിയെടുത്തു. ‘ദൈവവചനം’ ദ്വൈമാസികയുടെ അടുത്ത ലക്കത്തിൽ ‘വിശ്വാസവും വ്യവസായവും’ എന്ന വിഷയത്തോടു ചേർത്താണു് ഫിലിപ്പ് ലേഖനമെഴുതുന്നതു്. മോഡേൺ ബുക്സിന്റെ പുത്തൻ സാഹിത്യം അതിന്റെ ഗന്ധം കൊണ്ടു് കുറച്ചുനേരത്തേക്കു് ഞങ്ങളെ അലോസരപ്പെടുത്തി എന്നു മാത്രം.

ഒന്നുരണ്ടു മാസങ്ങൾ കഴിഞ്ഞു. തെരിവിൽ നിരത്തിവെച്ചിരിക്കുന്ന പുസ്തകങ്ങളുടെ വ്യാജപ്പതിപ്പുകൾക്കിടയിൽ ഈ കൈപ്പുസ്തകം ഒരു തെറ്റുപോലെയെങ്കിലും പ്രത്യക്ഷപ്പെടുന്നുണ്ടോയെന്നു് തിരിക്കിക്കൊണ്ടു് ഞാൻ സായാഹ്നങ്ങളിൽ നഗരം ചുറ്റും. നഗരത്തിന്റെ വായനശാലയിൽ, ആക്രമിക്കപ്പെട്ടതെന്നു് തോന്നുന്ന തരത്തിൽ പുസ്തകങ്ങൾ കുഴഞ്ഞുമറിഞ്ഞു കിടപ്പായിരുന്നു. പല തവണ ശ്രമിച്ചിട്ടും അത്തരമൊരു ഗ്രന്ഥം ആ അരാജക കേന്ദ്രത്തിൽ നിന്നും കണ്ടെത്താനായില്ല. അതിനിടയിൽ ഫിലിപ്പിന്റെ ലേഖനം വന്നു. ‘അക്ഷരലോകത്തെ കർമ്മയോഗി’ എന്നു മോഡേൺ ബുക്സിന്റെ ഉടമ വിശേഷിപ്പിക്കപ്പെട്ടു. വിവരണങ്ങൾക്കിടയിൽ ഇയ്യുണ്ണി അച്ചുകൂടത്തേയും അവരുടെ ആദ്യകൃതിയായ ‘സങ്കടമോചനത്തിനു് ഒരു കൈപ്പുസ്തകത്തെയും’ കുറിച്ചുള്ള ചില സൂചനകൾ. ഇയ്യുണ്ണി എന്ന കവിയെപ്പറ്റിയുള്ള ചെറിയ വിവരണം.

“അങ്ങനെ ഒന്നുണ്ടായിരുന്നു,” ലൈബ്രറിയൻ ഓർമ്മിച്ചു. “പണ്ടാണു്. കണ്ട ഓർമ്മയെ എനിക്കുള്ളൂ.” അതൊരു പ്രണയ കാവ്യമാണെന്നുകൂടി അയാൾ ഓർക്കുന്നുണ്ടു്. (അങ്ങനെയാണെങ്കിൽ എന്തൊരു പേരു്!)

“നിങ്ങൾ മോഡേൺ ബുക്സിൽ ചോദിച്ചോ?” അയാൾ തിരക്കി.

“അവരുടെയടുത്തില്ല.”

“ഞാൻ അതു വായിച്ചിട്ടില്ല.” എന്തോ മറിച്ചു നോക്കിക്കൊണ്ടു് ലൈബ്രേറിയൻ പറഞ്ഞു. “ഇതാ ഒരു വിലാസം. പാപ്പു എന്നാണു് പേരു്. റീഡർ പാപ്പു എന്നു പറയും. ഇയ്യുണ്ണി അച്ചുകൂടത്തിൽ പഴയ പ്രൂഫ് റീഡറായിരുന്നു. ജീവിച്ചിരിപ്പുണ്ടു്.” അയാൾ വിലാസം പറഞ്ഞുതന്നു. “അയാളുടെ അടുത്തു കാണുമോ എന്നുറപ്പില്ല. ഉണ്ടാവാൻ സാദ്ധ്യത കുറവാണു്.” ലൈബ്രറിയൻ തുടർന്നു: “കുറെക്കാലമായി അതു് പുറത്തിറങ്ങുന്നുമില്ല.”

പ്രൂഫ് റീഡർമാർ നല്ല വായനക്കാരാവണമെന്നില്ല. അവർ ഒരക്ഷരം, ഒരു വാക്കു്, ഏറിയാൽ ഒരു വാക്യം— ഈ അതിർത്തികൾ വിട്ടുപോകാറില്ല. ഒത്തുചേരുന്ന ആശയങ്ങളുടെയും കഥകളുടെയുമെല്ലാം വനഭംഗികാണാതെ ഒറ്റ മരങ്ങളിൽ അവരുടെ ദർശനം നിലയ്ക്കുന്നു. അവയുടെ വൈകല്യങ്ങൾ, തിരുത്തുകൾ അത്രമാത്രം—അവരുടെ ലോകം തീർന്നു.

കൈപ്പുസ്തകം ഒരു പ്രണയകാവ്യമാണെന്ന അറിവു് വൈദികസാഹിത്യതൽപരനായിരുന്ന ഫിലിപ്പ് അക്കരയിൽ നടുക്കമുണ്ടാക്കിയിരിക്കണം. പ്രണയത്തെപ്പോലെ, പ്രണയസാഹിത്യവും അനാവശ്യമാണെന്നു് ഫിലിപ്പ് അക്കര ആത്മാർത്ഥമായി വിശ്വസിച്ചു. അതുകൊണ്ടുതന്നെ പ്രൂഫ് റീഡറെ അന്വേഷിച്ചുള്ള യാത്രക്കു് അയാൾ ഒരുക്കമായിരുന്നില്ല.

അന്നു രാത്രി കൈപ്പുസ്തകത്തെക്കുറിച്ചുള്ള പരസ്യം ഞാൻ വീണ്ടും വായിച്ചു. അക്കാലങ്ങളിൽ അതു പല ആഴ്ചകളായി തുടർന്നുപോരുന്നുണ്ടായിരുന്നു. എത്ര നാൾവരെ അതിന്റെ പ്രചാരണം ഉണ്ടായിരുന്നുവെന്നു് നോക്കികൊണ്ടു് എന്റെ ആ പരിശോധന നീണ്ടു. നിർഭാഗ്യവശാൽ, ഇടയ്ക്കുവെച്ചു് പല ആഴ്ചപ്പതിപ്പുകളും നഷ്ടപ്പെട്ടിരിക്കുന്നു. പിന്നീടുവന്ന പതിപ്പുകളിലാവട്ടെ, അതിനെക്കുറിച്ചുള്ള സൂചനയൊന്നും കണ്ടതുമില്ല.

പിറ്റേന്നു് പ്രൂഫ് റീഡറെ കണ്ടുപിടിക്കാനായി ഞാൻ അയാളുടെ താമസസ്ഥലത്തേക്കു തിരിച്ചു. ലൈബ്രേറിയൻ തന്ന വിലാസം ഏറെക്കുറെ വ്യക്തമാണു്. നഗരത്തിൽ നിന്നും അത്ര അകലെയല്ലാത്ത, എന്നാൽ തിരക്കുകുറഞ്ഞ പ്രദേശത്തെ ഒരു വീടിന്റെ മുകൾഭാഗത്താണു് അയാൾ താമസിച്ചിരുന്നതു്.

ഒരു പക്ഷേ, അയാളെ അന്വേഷിച്ചുവരുന്ന ആദ്യത്തെ അപരിചിതൻ ഞാനായിരിക്കുമോ? “എന്നെത്തന്നെയാണോ?” എന്നു് അയാൾ പലതവണ സംശയം തീർക്കുകയുണ്ടായി. പ്രായം വളരെയേറെ തോന്നിച്ചിരുന്ന ആ മനുഷ്യൻ എന്റെ ചോദ്യവും പ്രതീക്ഷിച്ചു് ചാരുകസേരയിൽ കിടന്നു. ഞാൻ ആലോചിച്ചു. പരിചയപ്പെടുത്താൻ ഒന്നുമില്ല. എന്താണു് ഒരു തുടക്കത്തിനായി ഞങ്ങൾക്കിടയിലുള്ളതു്? ഞാൻ ‘സങ്കടമോചനത്തിനുള്ള കൈപ്പുസ്തകത്തെ’ക്കുറിച്ചുതന്നെ ചോദിച്ചു.

images/santhosh-pusthakam-03.png

അയാൾ ചിരിച്ചു. “അത്ഭുതമായിരിക്കുന്നു. ഇക്കാലത്തും അതിനെപ്പറ്റി ചോദിക്കുക. നിങ്ങൾക്കറിയാമോ— ഈയിടെ ‘ദൈവവചനം’ എന്ന മാസികയിലും ഞാനതു കണ്ടു. പ്രാർത്ഥനയ്ക്കുള്ള മാസികയിലാണു് പ്രേമകവിതയുടെ പരാമർശം.”

“ആ ലേഖനം എന്റെ സുഹൃത്തു് എഴുതിയതാണു്.”

“ഉവ്വോ?” അയാൾ ഒന്നുകൂടി ചിരിച്ചുകൊണ്ടു് തുടർന്നു. “എങ്കിൽ അതിൽ ഒന്നുരണ്ടു തെറ്റുകളുണ്ടെന്നു് സുഹൃത്തിനോടു പറയണം.”

ഞാൻ വൃദ്ധനെ നോക്കിയിരുന്നു.

“ഒന്നാമതു്, ഇയ്യുണ്ണി അച്ചുകൂടം ഇറക്കിയ ആദ്യത്തെ പുസ്തകമാണെന്ന ധാരണ. അതിനുമുമ്പു് എത്രയോ പുസ്തങ്ങളിറങ്ങിയിരുന്നു.”

“അതൊരു അച്ചടിപ്പിശകാവാം” ഞാൻ വെറുതെ പറഞ്ഞു.

“അച്ചടിപ്പിശകുകൾ!” അയാൾ കുറച്ചിട ആലോചിച്ചു. “എന്തോ, ആ പുസ്തകത്തിനും അച്ചടിപ്പിശകുകളുടെ ചരിത്രമാണു്.”

ഈ മനുഷ്യനു് അതിനെക്കുറിച്ചു് അറിവുണ്ടെന്നു തോന്നുന്നു. “പിന്നെ” അയാൾ നോക്കി, “ലേഖനത്തിൽ സങ്കടമോചനത്തിനുള്ള കൈപ്പുസ്തകം ഇയ്യുണ്ണി രചിച്ചതാണന്നല്ലേ?”

“അതേ, പരസ്യങ്ങളിലും അങ്ങനെയാണല്ലോ.”

“പരസ്യങ്ങൾ” പാപ്പു ആലോചിച്ചു. “പരസ്യങ്ങൾ മാത്രമല്ല. പല പതിപ്പുകളിലും ഇയ്യുണ്ണിയുടെ പേരാണു്. പക്ഷേ, ഇയ്യുണ്ണിയല്ല അതെഴുതിയതു്.”

പിന്നെ ആരാണു് അതിന്റെ കർത്താവു്? ഒരു പ്രേമകഥ മറ്റൊരാളുടെ പേരിൽ പുറത്തിറങ്ങിയെന്നുള്ളതു് എനിക്കു് വിശ്വസിക്കാനാകുന്നില്ലെന്നു് ഞാൻ പാപ്പുവിനോടു് പറഞ്ഞു.

“വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ,” പാപ്പു എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടു് പതുക്കെപ്പറഞ്ഞു. “എന്നാൽ അതാണു സത്യം. ഇയ്യുണ്ണി ഒരു നിരക്ഷരനായിരുന്നു.”

കാര്യങ്ങൾ കുറെക്കൂടി അവ്യക്തമാവുകയാണു്. കൈപ്പുസ്തകത്തിനുമേൽ ആരോ നിഗൂഢതയുടെ ഞൊറിവുകൾ തുന്നിച്ചേർത്തിട്ടുണ്ടു്.

“വലിയ അമ്പലങ്ങൾ, പള്ളികൾ, ഗോപുരങ്ങൾ, പാലം, കെട്ടിടം, പ്രസ്ഥാനങ്ങൾ” അല്പനേരം ആലോചിച്ചുകൊണ്ടു് പാപ്പു പറഞ്ഞു. “എന്നു വേണ്ട, ഏതിന്റേയും ഉറപ്പിനു പിന്നിൽ ഒരു നരബലിയുടെ ചരിത്രം കാണും.”

അയാൾ ഒരു കഥ പറയാൻ തുടങ്ങുന്നതു പോലുണ്ടായിരുന്നു.

“മോഡേൺ ബുക്സിനു പിന്നിലും അതുണ്ടു്.” അയാൾ ഒന്നിളകിയിരുന്നു.

“ചമരു,” പാപ്പു ആ പേരു് ദൈവനാമമെന്നതുപോലെ ഉച്ചരിച്ചു. “തേലക്കര ചമരു. അതായിരുന്നു അയാളുടെ പേരു്. മുട്ടിറങ്ങാത്ത മുണ്ടും മുഷിഞ്ഞ കുപ്പായവും ധരിച്ച കുറ്റിത്താടിയുള്ള ഒരു കറുത്ത, കുറിയ മനുഷ്യൻ, തല നരച്ചിരുന്നു. കണ്ടാൽ വലിയ പ്രായം തോന്നും. പക്ഷേ, ചെറുപ്പമായിരുന്നു.” കുറെ നേരം പാപ്പു നിശ്ശബ്ദനായിരുന്നു. വീട്ടിനുള്ളിൽ ഞങ്ങളെക്കൂടാതെ മറ്റാരുമില്ലെന്നു തോന്നുന്നു. പാപ്പുവിന്റെ ചെറിയ സ്വരത്തിനുപോലും വലിയ മുഴക്കം. ജനാലകളിൽ പിടിപ്പിച്ചിരുന്ന മുഷിഞ്ഞ കർട്ടനുകൾ നേർത്ത കാറ്റിൽ ഇളകിയാടി.

“ഓരോ വാക്കു പറയുമ്പോഴും ചമരു ചുമയ്ക്കും. ക്ഷയമായിരുന്നു. അക്കാലത്തു് അതൊരു മാറാരോഗമാണു്. ഏതോ ചില കള്ളക്കേസുകളിൽ കുടുങ്ങി ജയിലിൽ ഇടികൊണ്ടു കിടന്നതിന്റെ ഫലമായിരുന്നു ഈ ക്ഷയം.”

“അന്നൊരു ദിവസം ഉച്ച സമയത്തു് ഒരു കെട്ടു കടലാസ്സുമായി ഈ ചമരു ഇയ്യുണ്ണി അച്ചുകൂടത്തിൽ കയറിവന്നു. ഞാനന്നു് തീരെ ചെറുപ്പമാണു്. പ്രസ്സിൽ അധികകാലമായിട്ടില്ല. പഠിപ്പുകുറവാണെങ്കിലും അക്ഷരങ്ങളറിയാം. ശകലം വായനയും. വീട്ടിൽ ബുദ്ധിമുട്ടുണ്ടു്. ഇയ്യുണ്ണിമാപ്ല എന്തെങ്കിലും തരും. അതിനുമാത്രം മെച്ചത്തിലല്ല പ്രസ്സും. ചില പുരാണ ഗ്രന്ഥങ്ങളും മറ്റും വിറ്റുപോകും എന്നുമാത്രം.”

images/santhosh-pusthakam-01.png

“ചമരു ഒരു കവിത എഴുതിക്കൊണ്ടുവന്നിരിക്കുകയാണു്. സാധനം അച്ചടിക്കാൻ പറ്റുമോ എന്നറിയാൻ. ചോദിക്കാനും ധൈര്യം കുറവു്. ആജാനുബാഹുവായ ഇയ്യുണ്ണി ചമരുവിനെ ഒന്നു നോക്കി ‘പിന്നെ വാ’ എന്നു പറഞ്ഞു. സത്യത്തിൽ കവിത എന്നു കേട്ടാൽ അയാൾക്കു കലി വരും. പക്ഷേ, ആയിടയ്ക്കു് രമണൻ വിറ്റുപോകുന്നുണ്ടെന്നു് അയാൾ കേട്ടിരുന്നു. ഒരല്പം അശ്ലീലവും മേമ്പൊടിയുമൊക്കെയുള്ള സാഹിത്യത്തോടാണു് ഇയ്യുണ്ണിയുടെ ചായ്വു്. അതും വായിക്കാനൊന്നുമല്ല. വിറ്റുപോകുമെന്ന തോന്നൽ. കവിത എന്നെയാണു് ഏൽപ്പിച്ചതു്. രാത്രിയിൽ പ്രൂഫ് വായിക്കുന്നതുപോലെത്തന്നെ വരിവിടാതെ ഞാനതു സൂക്ഷിച്ചു വായിച്ചു. വാസ്തവം പറഞ്ഞാൽ എന്റെ കണ്ണുനിറഞ്ഞു. അത്ര സങ്കടമായിരുന്നു അതിലെ ഇതിവൃത്തം. ഇത്രയും സുന്ദരമായൊരു കാവ്യം ഈ വിരൂപനായ മനുഷ്യനെക്കൊണ്ടെഴുതിച്ചതിൽ എനിക്കു ദൈവത്തോടുള്ള മതിപ്പു് വർദ്ധിച്ചു. ആ പുസ്തകം ദുഃഖങ്ങൾക്കുള്ള നിവാരണമാർഗ്ഗംപോലുമായിരുന്നു. സങ്കടങ്ങൾ കൊണ്ടുതന്നെയുള്ള ഒരു സ്നാനം.”

“പിറ്റേന്നു് ഞാൻ ഇയ്യുണ്ണിയോടു പറഞ്ഞു. ഇയ്യുണ്യാപ്ലേ ഇതു് അച്ചടിക്കണം. രമണനേക്കാളും നന്നായി വിൽക്കും.”

ഇയ്യുണ്ണി ഒന്നു രണ്ടു ജീവിനക്കാരെയും കൂടി കാണിച്ചു. സംഗതി ചെലവാകുമെന്നു് തോന്നിയപ്പോൾ കയ്യെഴുത്തു് പ്രതിയെടുത്തു് കവിതയുടെ ഭാരം അളക്കുന്നതുപോലെ പറഞ്ഞു. “ഒരമ്പതു പേജ് വരും.”

മറ്റൊരുച്ച ചമരു വീണ്ടും വന്നു. “ചമര്വോ, നിന്റെ കവിത തരക്കേടില്യ. അച്ചടിക്കാൻ നോക്കാം. വല്യ കാശൊന്നും പ്രതീക്ഷിക്കണ്ട. തയ്യാറാണ്ങ്കിലു് ഒരു കരാറെഴുതാം. ഒരു മനഃസമാധാനത്തിനു്. ചെറിയൊരു കാശു് ഞാൻ തരും. ആലോചിച്ചു തീരുമാനിക്കു്.”

ചമരുവിനു് ആലോചിക്കാനൊന്നുമില്ല. അയാൾക്കു് സന്തോഷം കൊണ്ടു് കരച്ചിൽ വരുമോയെന്നു് ഞാൻ സംശയിച്ചു. കരാർ പിറ്റേന്നുതന്നെ ഒപ്പിട്ടു. ഒന്നുമെഴുതാതെ ഒരു മുദ്രപത്രം. താഴെ ചമരുവിന്റെ ഒപ്പു്. ഒപ്പുകളിൽ വലിയ വിശ്വാസം തോന്നാത്തതുകൊണ്ടാവാം, ഇയ്യുണ്ണി ചമരുവിന്റെ വിരലടയാളവും വെയ്പിച്ചു.

ഒന്നുരണ്ടു മാസം കഴിഞ്ഞപ്പോൾ പുസ്തകം തയ്യാറായി. നല്ല അച്ചടിയോ കടലാസോ ഒന്നുമില്ല. ഒരു പുസ്തകം എന്നു പറയാമെന്നു മാത്രം. പുസ്തകം ആയോ എന്നറിയാൻ അതിനിടെ ചമരു പല തവണ വന്നിരുന്നു. തയ്യാറായ പുസ്തകത്തിന്റെ താളുകൾ മറിച്ചുകൊണ്ടു് അയാൾ അഭിമാനത്തോടെ നിൽക്കുന്ന രംഗം ഞാനോർക്കുന്നുണ്ടു്.

—പിന്നെ പിന്നെ ആ മുഖത്തെ സന്തോഷം ഇല്ലാതായി.

“എന്താ ചമര്വോ? എങ്ങനീണ്ടു്?” ഇയ്യുണ്ണി ചോദിച്ചു.

“ഒരു കാര്യം വിട്ടുപോയി” ചമരു പറഞ്ഞു.

“എന്താദു്?”

“എന്റെ പേരില്ല്യ.”

ഇയ്യുണ്ണി പുസ്തകം വാങ്ങി തിരിച്ചും മറിച്ചും ചിത്രപാഠം പോലെ പരിശോധിച്ചു. അവിശ്വാസത്തോടെ എന്റെ നേരെ നോക്കി.

“പേരു വിട്ടുപോയി.” കുറ്റബോധത്തോടെ ഞാൻ പറഞ്ഞു. ഇയ്യുണ്ണി എന്നെ പിരിച്ചുവിടുമെന്നു് ഞാൻ പേടിച്ചു.

“ആട്ടെ.” കുറച്ചുനേരത്തിനുശേഷം ഇയ്യുണ്ണി ചമരുവിനോടു് സമാധാനം പറഞ്ഞു: “മ്മക്കു് അതെഴുതിച്ചേർക്കാം. അല്ലെങ്കിലു് വിൽക്കുമ്പോ ഞങ്ങള് പറഞ്ഞോളാം. ചമരു ഇപ്പ പൊയ്ക്കൊ.”

കിട്ടിയ ചെറിയ തുകയുമായി ചമരു മടങ്ങി. ആ ചുമകൾ മാത്രം അച്ചുകൂടത്തിന്റെ ശബ്ദങ്ങൾക്കിടയ്ക്കു് തങ്ങിനിൽക്കുന്നുതുപോലെ. വില്പനയുടെ സമയത്തും ചമരുവിന്റെ പേരു് ഉപേക്ഷിക്കപ്പെട്ടു. വില്പന നന്നായി നടന്നു. ഒരു പതിപ്പുകൂടി വന്നു. അവിടെ നിന്നാണു് കാര്യങ്ങൾ തുടങ്ങുന്നതു്. അതിൽ ചമരുവിന്റെ പേരു വേണ്ടെന്നു തന്നെ ഇയ്യുണ്ണി ചട്ടംകെട്ടി.

“ഇപ്പ വിറ്റുപോണ്ണ്ടു്. ഇനി ആ പേരും വെച്ചോണ്ടു് വഴി മൊടക്കണ്ട.” ഗ്രന്ഥകർത്താവിന്റെ പേരിലും മറ്റും ഇയ്യുണ്ണി വിശ്വസിച്ചു തുടങ്ങിയിരുന്നില്ല. ചമരു ഒരപശകുനമായേക്കുമെന്നു് അയാൾ പേടിച്ചിരിക്കണം. അന്നൊക്കെ ശകുനങ്ങളിൽ വിശ്വസിക്കാത്ത ആരുമില്ല. തന്നെയുമല്ല ഇയ്യുണ്ണി അച്ചുകൂടത്തിലെ പതിവുകാരായിരുന്ന ചില മലയാളം മുൻഷിമാരും കാവ്യനിരൂപകരും ഈ കൃതിയെ പ്രശംസിച്ചു. ഇയ്യുണ്ണി കേൾക്കെത്തന്നെയായിരുന്നു സ്തുതി. ഇതിന്റെ പിന്നിൽ ഇയ്യുണ്ണി തന്നെയല്ലേയെന്നു് കാവ്യനിരൂപകർ സംശയം പ്രകടിപ്പിക്കുകയും. ഇയ്യുണ്ണി അതിൽ വീണു. ഒരു പുഞ്ചിരിയോടെ, മറുപടി പറയാതെ എല്ലാം കേട്ടിരുന്നു. അതാണു് അയാളുടെ തന്ത്രം. ഒന്നും അറിയില്ലെന്നു് ആരോടും സമ്മതിക്കില്ല. ഒരു പുഞ്ചിരിയിൽ ഒരു ലോകംതന്നെ ഒളിപ്പിക്കും എന്നൊക്കെ പറയാറില്ലേ?

മൂന്നാമത്തെ പതിപ്പിൽ ഗ്രന്ഥകർത്താവു് മറനീക്കിവന്നു. കവിശ്രേഷ്ഠൻ സി. കെ ഇയ്യുണ്ണി.

ചമരു ഓടിപ്പിടഞ്ഞു് പ്രസ്സിൽ കയറിവന്നു. നിർത്താതെ ചുമച്ചു.

“കൊരയ്ക്കാണ്ടു് കാര്യ പറയ് നീയ്യ്” ഇയ്യുണ്ണി ആവശ്യപ്പെട്ടു.

“കൊലച്ചത്യായി ഇയ്യുണ്യാപ്ലെ,” ചമരു വീണ്ടും ചുമച്ചു.

“നെനക്കെന്തെങ്കിലും തരാം ചമര്വോ. ഇങ്ങനെപോട്ടെ.” അതിലത്ര തെറ്റൊന്നും ഒരു ശുദ്ധകച്ചവടക്കാരനായ ഇയ്യുണ്ണി കണ്ടില്ല. കുറച്ചു തുക കൊടുത്താൽ പ്രശ്നം തീരുമെന്നു് അയാൾ കരുതി.

“കുട്ട്യോളെ കാശിനു ചോദിക്കണ പോല്യാണു്” ചമരു വിങ്ങിപ്പൊട്ടി. “നിങ്ങക്കെതിരെ ഞാൻ കേസുപൂവ്വും.”

ഭീഷണി കേട്ടപ്പോൾ ഇയ്യുണ്ണി ജ്വലിച്ചു. “കേസു കൊടുക്ക്വോ! കരാറു് എന്റടുത്താണു്. അതിലു് എനിക്കു് തോന്നീതെഴുതീണ്ടാക്കും ഞാൻ. നീ ജേലീന്നു് വന്നതല്ലേ ചമര്വോ. നിന്നെ അവടേയ്ക്കയക്കാനും എനിക്കു് വഴീണ്ടു്.”

ജയിലെന്നു കേട്ടതും ചമരുവിന്റെ ധൈര്യമെല്ലാം മാഞ്ഞു. അയാളുടെ കവിതയിലെയും പ്രതിസ്ഥാനത്തു് ജയിലും ഭരണകൂടവുമൊക്കെയായിരുന്നു. പടിയിറങ്ങുമ്പോൾ ചമരു ആത്മവിശ്വാസം വീണ്ടെടുത്തതുപോലെ തോന്നി. “ഒരു കവിത്യല്ലേ നിങ്ങളു കട്ടുള്ളു.” ചമരു ചുമച്ചുകൊണ്ടു വിളിച്ചുപറഞ്ഞു. “ഞാനൊരു കവ്യാണു്. മനസ്സു കക്കാൻ നിങ്ങക്കാവ്വോ? ഇതിലും നല്ലതു് ഇനീം ഞാനെഴുതും.”

ശാപം നിറഞ്ഞ ആ വാക്കുകൾ കേട്ടപ്പോൾ ഇയ്യുണ്ണി ഭയന്നു. ഈ പറയുന്നതു് സംഭവിക്കുമോ? ഇനിയും എഴുതി ചമരു തന്നെ തോൽപ്പിച്ചാൽ? കൈപ്പുസ്തകത്തിന്റെ വില്പന ഏറിവരികയാണു്. അതെല്ലാം കണ്ടുകൊണ്ടാണു് ഇയ്യുണ്ണി പുതിയ അച്ചടിയന്ത്രങ്ങൾ ഏൽപ്പിച്ചിരിക്കുന്നതു്. തൃശൂരിലും എറണാകുളത്തും വില്പനശാലകൾ തുറന്നതു്. എല്ലാ ശാഖകളും സാഹിത്യസംവാദങ്ങളുടെ കളരിയാണിപ്പോൾ.

“ചമരു പിന്നെ എഴുതിയോ?” ഞാൻ ചോദിച്ചു.

“കൈപ്പുസ്തകത്തേക്കാൾ കൂടുതൽ ദുഃഖകരമായ കവിതകൾക്കു് ചമരു ശ്രമിച്ചു. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല. വരികളിൽ ചമരു മുടന്തി. വാക്കുകളെ വിക്കു ബാധിച്ചു. നല്ലൊരു വരിയോ കെൽപുള്ള കഥയോ കിട്ടാതെ ചമരു പനിപിടിച്ചവനെപ്പോലെ വിറച്ചു. അയാൾ സ്വയം അനുകരിച്ചു. പല വരികൾപോലും കൈപ്പുസ്തകത്തിലേതായിരുന്നു.”

“പിന്നെ എഴുതി. ഒന്നല്ല, രണ്ടു കവിതാ പുസ്തകങ്ങൾ.” ‘കണ്ണീരിന്റെ കരിങ്കടൽ,’ ‘ആലംബഹീനർക്കു് ഒരത്താണി’ എന്നിങ്ങനെ. സകലതും വിറ്റു് അയാൾ അതു് തൃശ്ശൂരിലെ ഒരു പ്രസ്സിൽ അച്ചടിപ്പിച്ചു. ഇയ്യുണ്ണി ആ ഗ്രന്ഥങ്ങൾ വരുത്തി വായിച്ചുകേട്ടു. പഴയതുപോലെ, ഈ രചനകളും അയാൾക്കു മനസ്സിലായില്ല.

മുഖസ്തുതിക്കാരായ മുൻഷിമാർ വിലയിരുത്തി:

—ഇതനുകരണമാണു്.

—ന്ന്വച്ചാൽ? ഇയ്യുണ്ണി പരുങ്ങി.

—പകർപ്പു്! നമ്മടെ കവിത കോപ്പ്യടിച്ചയ്ക്ക്യല്ലേ കള്ളൻ. ഒന്നാമത്തെ മുൻഷി ഒരു വരി വായിച്ചു. കൂടെയിരുന്ന കാവ്യനിരൂപകർ അതിനു സദൃശ്യമായ ഒരു വരി കൈപ്പുസ്തകത്തിൽ നിന്നു് വായിച്ചു് ഉറക്കെ ചിരിച്ചു.

—ശരിക്കു് പിടിച്ചോ ചമരു ജേല്യേപ്പോവും. അവർ പറഞ്ഞു.

—അതു വരട്ടെ. വേറെന്താ വഴി? ഇയ്യുണ്ണി ചോദിച്ചു.

മുൻഷിമാർ ആലോചിച്ചു:

—പരസ്യം കൊടുക്കണം. പറ്റിക്കപ്പെടരുതു്. അനുകരണങ്ങളിൽ കുടുങ്ങരുതു്. യഥാർത്ഥമായ ‘സങ്കടമോചനത്തിനുള്ള കൈപ്പുസ്തകം’ വാങ്ങി വായിക്കുക…

പരസ്യം വന്നു. ആഴ്ചപ്പതിപ്പുകളിലും, വില്പനശാലകളുടെ മുന്നിലും എല്ലാം. പ്രചരണം മൂലം ഇയ്യുണ്ണിയുടെ ഗ്രന്ഥം കൂടുതൽ വ്യാപകമായി വിൽക്കപ്പെട്ടു. ഒരു സ്വീകരണം നടത്തണം എന്നായി സ്തുതിപാഠകർ. സ്വീകരണത്തിനു് മുണ്ടശ്ശേരിയെ കൊണ്ടുവരും. ടെക്സ്റ്റ് ബുക്കാക്കണം എന്നു് കാവ്യനിരൂപകർ ആവശ്യപ്പെട്ടു. അവരുടെയും ചില പുസ്തകങ്ങൾ ഇയ്യുണ്ണി അച്ചുകൂടം പ്രസാധനം ചെയ്തു.

ചമരുവിന്റെ ശരീരത്തെ ക്ഷയവും മനസ്സിനെ സ്വന്തം സാഹിത്യവും പീഡിപ്പിച്ചു കൊണ്ടിരുന്നു. പല നിരുപകരെയും അയാൾ കണ്ടു സങ്കടം പറഞ്ഞു. “ഒരു് തെളിവുല്ല്യ. അതില്ല്യാണ്ടു് ഞങ്ങളെന്തു പറയും? പിന്നെ തന്റെ ഈ രണ്ടു കവിതകളും കണ്ടാ അതാരാ സമ്മതിക്ക്യ? വൃത്തം ശരിയായിട്ടില്ല. പ്രാസഭംഗീണ്ടോ? അതുല്ല്യ. ചമര്വോ, അസൂയപ്പെട്ടിട്ടു് കാര്യല്ല്യ, ഇയ്യുണ്ണി ഒരു പ്രതിഭാസാണു്.”

ചമരു തോറ്റു. അയാൾക്കു് സ്വന്തമായി പിന്നെ ഒന്നും ശേഷിച്ചിരുന്നില്ല. അറ്റകൈക്കു് അയാളൊരു പ്രയോഗം നടത്തി—

ഒരു ദിവസം അച്ചുകൂടം തുറക്കാൻ ചെല്ലുമ്പോൾ മുമ്പിലെ ഉത്തരത്തിന്മേൽ തുറന്നുവെച്ച കണ്ണുകളുമായി ചമരു കിടന്നാടുന്നു. ചെറ്യൊരു കാറ്റടിച്ചാ മതി. അപ്പൂപ്പൻതാടിപോലെ ഇളകും. കഴുത്തിൽ വലിയൊരു എഴുത്തു്: “ഇതു് അനുകരണമല്ല. തേലക്കര ചമരു.” ആ കണ്ണ്യേ നോക്ക്യാ അറിയാം. ചമരുനു് ഇനി ഒന്നും പറയാനില്ല്യ.

images/santhosh-pusthakam-02.png

മനസ്സിലാവാത്ത അക്ഷരങ്ങൾ നോക്കി ഇയ്യുണ്ണി കിതച്ചു. മലയാള ലിപികൾക്കു് ക്ഷുദ്രശക്തിയുണ്ടെന്നു് അയാൾക്കു തോന്നി.

ഇയ്യുണ്ണിയുടെ പണം കേസൊതുക്കിയതുകൊണ്ടു് എല്ലാം രഹസ്യമായി അവസാനിച്ചു. എങ്കിലും തുറന്ന കണ്ണുകളുമായി ചമരു തന്നെ പിന്തുടരുന്നുണ്ടെന്നു് അയാൾക്കു തോന്നി. രാത്രികളിൽ ചമരുവിന്റെ ചുമകൾ അയാളുടെ ഉറക്കത്തെ പിഴുതെറിഞ്ഞു. അയാൾക്കു് പേടിയായി. സങ്കടമോചനത്തിനുള്ള കൈപ്പുസ്തകം പിന്നെ അച്ചടിക്കാതായി. ഉള്ളവതന്നെ പിൻവലിക്കപ്പെട്ടു.

കാലക്രമേണ അത്തരം പ്രണയകാവ്യങ്ങൾ ഇല്ലാതായി. ഭാഷ മറ്റൊരു വഴി കണ്ടെത്തി അതിന്റെ യാത്ര തുടർന്നു.

അച്ചുകൂടത്തിന്റെ ചുമതല ഇയ്യുണ്ണി മക്കളെ ഏൽപ്പിച്ചു. അയാൾ രോഗബാധിതനായിക്കഴിഞ്ഞിരുന്നു. ഒടുവിൽ, സാഹിത്യ അക്കാദമിയിലെ ഒരു ഛായാചിത്രമായി അയാൾ അവസാനിച്ചു. സാഹിത്യ നിരൂപകരും മലയാളം മുൻഷിമാരും പിന്നെ അയാളെ ഓർമ്മിച്ചതേയില്ല.

പാപ്പു പറഞ്ഞുനിർത്തി. “ഇയ്യുണ്ണീടെ പേര്ള്ള ഒരു പുസ്തകം ഇവിടെ കാണും. അതോർക്കുമ്പോഴെല്ലാം എനിക്കു കുറ്റബോധമാണു്. എന്റെ ഒരു പിഴവാണു് എല്ലാത്തിനും കാരണമെന്നും തോന്നും. അടുത്ത ദിവസം വരു. ഞാനതു് തെരഞ്ഞുവെക്കാം.”

പക്ഷേ, പിന്നെ ഞാൻ അവിടെ പോയതേയില്ല. ഇയ്യുണ്ണിയുടെ പേരച്ചടിച്ച ആ വ്യാജഗ്രന്ഥം കാണണമെന്ന ആഗ്രഹം എനിക്കില്ലായിരുന്നു.

പിന്നീടു്, പഴയ ആഴ്ചപ്പതിപ്പുകളിലൂടെ കടന്നുപോകുമ്പോഴെല്ലാം ഒരു കാര്യം ഞാനോർമ്മിച്ചു. ചില എഴുത്തുകാർ, പുസ്തകങ്ങൾ, ഒരുപക്ഷേ, സാഹിത്യശാഖകൾപോലും ഭാഷയിൽനിന്നും തിരോധാനം ചെയ്യുന്നുണ്ടു്. ഒരു വ്യക്തി മരിക്കുമ്പോൾ, പ്രായശ്ചിത്തമെന്നോണം തങ്ങളുടെ പരിമിതമായ ഭാഷയിൽനിന്നും ഒരു വാക്കുവീതം ഉപേക്ഷിക്കുന്ന ഒരാദിമ ഗോത്രത്തെക്കുറിച്ചു് പണ്ടൊരിക്കൽ ഞാനൊരു നോവലിൽ വായിച്ചിരുന്നു. നോവലുകൾ അങ്ങനെയാണു്—എല്ലാം കാലേക്കൂട്ടി പ്രവചിക്കും. ജീവിതം അവയുടെ ഛായ മാത്രമാണെന്നു തോന്നാറുണ്ടു്.

—എന്റെ ഭാഷയിൽ, തേലക്കര ചമരുവിനു വേണ്ടി ഉപേക്ഷിക്കപ്പെടേണ്ട വാക്കു് ഏതാണു്?

ഇ. സന്തോഷ് കുമാർ
images/ESanthoshKumar.jpg

കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്തു് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസവും ‘ക്ലിഷേ’യും പരിഹാസ്യവുമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണു് ഇ. സന്തോഷ് കുമാര്‍. മികച്ച കഥാ സമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ടു്.

കൃതികൾ
കഥകൾ
  • ഗാലപ്പഗോസ്
  • മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003).
  • ചാവുകളി (ചെറുകഥ) ഡി. സി. ബുക്സ് (2005).
  • മൂന്നു വിരലുകൾ, ഡി. സി. ബുക്സ് (2008).
  • നീചവേദം, ഡി. സി. ബുക്സ് (2010).
  • കഥകൾ, ഡി. സി. ബുക്സ് (2013).
നോവൽ
  • അമ്യൂസ്മെന്റ് പാർക്ക്, എൻ. ബി. എസ് കോട്ടയം (2002).
  • വാക്കുകൾ, കറന്റ് ബുക്സ് (2007).
  • തങ്കച്ചൻ മഞ്ഞക്കാരൻ, ഗ്രീൻ ബുക്സ് (2009).
  • അന്ധകാരനഴി (നോവൽ) മാതൃഭൂമി ബുക്സ് (2012).
  • കുന്നുകൾ നക്ഷത്രങ്ങൾ, മാതൃഭൂമി ബുക്സ് (2014).
പരിഭാഷ
  • റെയിനർ മാരിയ റിൽക്കേയുടെ ‘യുവ കവിക്കുള്ള കത്തുകൾ, പാപ്പിയോൺ (2004).
ബാലസാഹിത്യം
  • കാക്കരദേശത്തെ ഉറുമ്പുകൾ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് (2008).
പുരസ്കാരങ്ങൾ
  • പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002.
  • വി. പി. ശിവകുമാർ കേളി അവാർഡ്, 2006.
  • ടി. പി. കിഷോർ അവാർഡ്, 2006.
  • ‘ചാവുകളി’യ്ക്കു് കേരള സാഹിത്യ അക്കാദമി അവാർഡ്, 2006.
  • കാക്കരദേശത്തെ ഉറുമ്പുകൾക്കു് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം (2011).
  • അന്ധകാരനഴിക്കു് കേരള സാഹിത്യ അക്കാദമി അവാർഡ് (2012).
  • കഥകൾ എന്ന സമാഹാരത്തിനു് കേസരി നായനാര്‍ കഥാ പുരസ്കാരം—2014.

ചിത്രീകരണം: വി. പി. സുനിൽകുമാർ

Colophon

Title: Sankadamochanathinu oru kaipusthakam (ml: സങ്കടമോചനത്തിനു് ഒരു കൈപ്പുസ്തകം).

Author(s): E Santhosh Kumar.

First publication details: Sayahna Foundation; Trivandrum, Kerala; 2022-07-05.

Deafult language: ml, Malayalam.

Keywords: Story, E Santhosh Kumar, Sankadamochanathinu oru kaipusthakam, ഇ. സന്തോഷ് കുമാർ, സങ്കടമോചനത്തിനു് ഒരു കൈപ്പുസ്തകം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Anton Laupheimer Schreibender Mönch, a painting by Anton Laupheimer (1848–1927). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Illustration: VP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.