1197 കർക്കടകമാസം രണ്ടാം തീയ്യതിയാണു് ദേർമ്മൻ നായരുടെ മൂത്രനാളത്തിലെ ചെറിയൊരു മുഴയിൽ നിന്നും ഇച്ചിരി ചുരണ്ടി എടുത്തു് ഡോക്ടർ വിനോദ് ബയോപ്സിക്കയച്ചതു്. ഇടയ്ക്കിടെയുണ്ടാവുന്ന മൂത്ര ശങ്കയും ചെറിയൊരു വേദനയുമൊഴിച്ചാൽ പറയത്തക്ക ബുദ്ധിമുട്ടൊന്നും അതുവരെ അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷേ, രാത്രിയിൽ ടോയ്ലറ്റിൽ പോകാൻ കൂടെക്കൂടെ എണീക്കുന്നതു കാരണം ഉറക്കം മുറിഞ്ഞു് ഒരുമാതിരിയായപ്പോൾ “നിങ്ങളെ ബീത്രത്തിന്റെ പൈപ്പ് പൊട്ടിയോ?” എന്നു കളിയാക്കി ഭാര്യ തമ്പായി തന്നെയാണു് അദ്ദേഹത്തെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതു്.
ജനറൽ മെഡിസിനിലെ യുവ ഡോക്ടർക്കു് ദേർമ്മൻ നായർ പറഞ്ഞ ലക്ഷണങ്ങൾ കേട്ടപ്പോൾ തന്നെ എന്തോ പന്തികേടു തോന്നി. അയാൾ അപ്പോൾത്തന്നെ ഈ കേസ് യൂറോളജിയിലെ ഡോക്ടർ വിനോദിനു കൈമാറി.
ആശുപത്രിയുടെ നെടുനീളൻ വരാന്തയിലൂടെ ഒ. പി. യിലേക്കു് നടക്കുമ്പോൾ ദേർമ്മൻ നായർ ഭാര്യയോടു് പറഞ്ഞു:
“ചിങ്ങത്തിലെ നെറയും ഓണോം കയിഞ്ഞിട്ടു് പോരേ തമ്പായി?”
“അതുവരെ എനക്കു് ഒറങ്ങണ്ടേ…” തമ്പായിക്കു് ദേഷ്യം വന്നു.
പിന്നെ ദേർമ്മൻ നായർ ഒന്നും പറഞ്ഞില്ല. അയാൾ കോണകം അഴിച്ചു് ഡോക്ടർ വിനോദ് ചൂണ്ടിക്കാണിച്ച ബെഡ്ഡിൽ മലർന്നു കിടന്നു. അയാളുടെ പൗരുഷം അതുവരെ തമ്പായി ഒഴിച്ചു് വേറെയാരും കണ്ടിട്ടില്ലായിരുന്നു. അതിന്റെ ഒരു പരവേശവും ജാള ്യതയും ദേർമ്മൻ നായരുടെ കണ്ണുകളിൽ നിഴൽ വീഴ്ത്തുന്നതു് ഡോക്ടർ ശ്രദ്ധിച്ചു. ഒരു ദശാബ്ദത്തോളമായി ഒച്ചയും അനക്കവുമില്ലാതെ ഏതാണ്ടൊരു പാതി മയക്കത്തിലേക്കു് സ്വയം ഉൾവലിഞ്ഞ ലിംഗത്തെ ഒരു കുഞ്ഞിനെപ്പോലെ എടുത്തു് ഡോക്ടർ വിനോദ് മാറ്റിക്കിടത്തി. പിന്നെ ദേർമ്മൻ നായരുടെ മൂത്രസഞ്ചിയിൽ പല ഭാഗത്തുമായി ഉള്ളംകൈ വെച്ചു് പതുക്കെ അമർത്തി. അപ്പോൾ കണ്ടെത്തിയ ലക്ഷണങ്ങൾ വെച്ചു് കുറച്ചു കൂടി ഗഹനമായ പരിശോധന വേണമെന്നു തനിക്കു് തോന്നുന്നതായി ഡോക്ടർ തമ്പായിയോടു് പറഞ്ഞു.
കർക്കടകം രണ്ടു് ഏതാണ്ടു് ഉച്ച കഴിഞ്ഞ നേരത്തായിരുന്നു അതു്.
“നെറയും ഓണോം കയിഞ്ഞിറ്റ് പോരേ ഡോക്ടറേ?” ദേർമ്മൻ നായർ വിനോദിനു നേരെ നോക്കി.
“പോര. പ്രോസ്റ്റ്രേറ്റിനു് കുറച്ചു് പ്രശ്നമുണ്ടു്. പെട്ടെന്നു നോക്കിയില്ലെങ്കിൽ അപകടമാണു്. ഓണോം നിറയുമെല്ലാം ഇനിയും വരും. ജീവൻ ഒരിക്കൽ പോയാ പിന്നെ തിരിച്ചു് വരില്ല മിസ്റ്റർ നായർ.” ഡോക്ടർ വിനോദ് ബെഡ്ഡിൽ നിന്നും കയ്പവള്ളി പോലെ താഴേക്കു് ഞാന്നുകിടന്ന കോണകത്തിന്റെ ചരടു് എടുത്തു് ദേർമ്മൻ നായർക്കു് കൊടുത്തു.
അന്നു് വൈകുന്നേരം ആശുപത്രിയിൽ നിന്നു തിരിച്ചു വരുമ്പോൾ വിളഞ്ഞു കടക്കുന്ന കണ്ടത്തിലേക്കു് നോക്കി ദേർമ്മൻ നായർ കാറിന്റെ പിൻസീറ്റിൽ ഇരുന്നു.
അയാൾ തമ്പായി ചോദിച്ചതിനൊന്നും മറുപടി പറഞ്ഞില്ല.
ഇതിന്റെ പേരിൽ അയാൾ പിണങ്ങുന്നെങ്കിൽ പിണങ്ങട്ടെ എന്നു് വിചാരിച്ചു് അവരും മിണ്ടാതിരുന്നു.
“സാരൂല ദേർമ്മൻ നായരേ എല്ലാം ശരിയാവും” എന്നാശ്വസിപ്പിക്കും പോലെ കണ്ടത്തിൽ നിന്നും നെൽക്കതിരുകൾ അയാൾക്കു നേരെ കൈവീശി.
ബയോപ്സിയുടെ റിസൾട്ട് വന്നപ്പോൾ തമ്പായി പേടിച്ചതു പോലെത്തന്നെ സംഭവിച്ചു. പ്രോസ്റ്റ്രേറ്റ് കാൻസറിന്റെ തുടക്കമാണു്.
“എത്രയും വേഗം ഓപ്പറേറ്റ് ചെയ്താൽ അത്രയും നല്ലതു്.” ഡോക്ടർ വിനോദ് പറഞ്ഞു.
“അതെല്ലാം നെറ കയിഞ്ഞിട്ടു് മതി തമ്പായി.” ദേർമ്മൻ നായരുടെ യാചന കേട്ടപ്പോൾ അന്നു് ആദ്യമായി തമ്പായിക്കും കരച്ചിൽ വന്നു. റിസൾട്ട് മെയിൽ ചെയ്തതിന്റെ രണ്ടാം ദിവസം ദുബായിൽ നിന്നു മൂത്ത മകൾ സ്വപ്നയും കൊച്ചിയിൽ നിന്നു സുരേഷും വന്നു.
“ഈടന്നു് ഏടുന്നും ചെയ്യാൻ നിക്കണ്ട. റിസ്കാണു്. മംഗലാപുരത്തേക്കു് തന്നെ പോകാം. സർജറിക്കു് പൈശ കുറച്ചു് കൂടിപ്പോയാലും അച്ഛനെ തിരിച്ചു കിട്ട്വല്ലോ.” ചേച്ചി പറയുന്നതു് ശരിയാണെന്നു് സുരേഷിനും തോന്നി. ദേർമ്മൻ നായരെ അശ്വിൻ കാണുന്നതു് മംഗലാപുരത്തു വെച്ചാണു്. പുകവലി കാരണം ശ്വാസകോശം സ്പോഞ്ച് പോലെയായിത്തീർന്ന അമ്മാവന്റെ ബൈസ്റ്റാന്ററായി വന്നതായിരുന്നു അയാൾ. വലതു നെഞ്ചും പള്ളയുമൊക്കെ തുളച്ചു് അതിലേക്കു് തിരുകി കയറ്റിയ ട്യൂബിൽ നിന്നും സദാസമയവും ഉറവ പോലെ പ്ലാസ്റ്റിക്ക് സഞ്ചിയിലേക്കു് വീണു കൊണ്ടിരുന്ന മഞ്ഞ കലർന്ന കറുപ്പു വെള്ളത്തിലേക്കു നോക്കി അമ്മാവൻ അശ്വിനോടു് പറഞ്ഞു:
“നീ കുടിച്ചോ അച്ചുട്ടാ. പക്ഷേ, ബെലിച്ചർ ള[1] മോനേ” കുറച്ചു് ചിലവു് കൂടിയ ആശുപത്രിയായതു കൊണ്ടു തന്നെ നാലു ബെഡുള്ള ജനറൽ വാർഡായിരുന്നു കുഞ്ഞികൃഷ്ണനും തിരഞ്ഞെടുത്തിരുന്നതു്. അയാളുടെ തൊട്ടപ്പുറത്തായിരുന്നു ദേർമ്മൻ നായരുടെ കട്ടിൽ. ഓരോ കട്ടിലിനു മുന്നിലും കനം കൂടിയ വെളുത്ത പ്ലാസ്റ്റിക്ക് ഷീറ്റുകൾ പരസ്പരം കാണാൻ പറ്റാത്തവണ്ണം ഭിത്തി പോലെ തൂക്കിയിട്ടിരുന്നു പക്ഷേ, ദേർമ്മൻ നായരോടു സ്വപ്നയും സുരേഷും സംസാരിക്കുന്നതു് ഇപ്പുറത്തു് ഇരിക്കുന്ന അശ്വിനു് വ്യക്തമായും കേൾക്കാമായിരുന്നു. സ്വപ്ന കുറച്ചു് ഇഡലിയും ചമ്മന്തിയും ചായയുമൊക്കെയായിട്ടു് രാവിലെ വരും. അതൊക്കെ കഴിച്ചു് സുരേഷ് പോകും. രാത്രി സുരേഷ് ചപ്പാത്തിയും കറിയുമായി വരും. അതു കഴിച്ചിട്ടു് സ്വപ്നയും പോകും.
ആശുപ്രതിയോടു ചേർന്നു് ടൗണിൽ തന്നെ അവർക്കു് ഒരു ബന്ധുവീടുണ്ടു്. ഇടയ്ക്കു് ചായ കുടിക്കാനും അച്ഛനു് ചൂടുവെള്ളമോ മരുന്നോ വാങ്ങാനുമൊക്കെ വാർഡിനു വെളിയിൽ വരുമ്പോൾ അശ്വിൻ സുരേഷിനെ കാണും. ആദ്യം അവർ പരസ്പരം നോക്കി. പിന്നെ ചിരിച്ചു. അതു കഴിഞ്ഞപ്പോൾ പതുക്കെ സംസാരിച്ചുതുടങ്ങി. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അശ്വിൻ നെഹ്രു കോളേജിൽ ഡിഗ്രി അവസാന വർഷത്തിനു പഠിക്കുകയാണു്. ബാങ്കിൽ ജോലി ചെയ്യുന്ന സുരേഷിന്റെ ഭാര്യയും മകളും കൊച്ചിയിൽ തന്നെയാണു്. ഓണത്തിനും വിഷുവിനും സ്ഥിരമായി അവർ കുടുംബ സമേതം നാട്ടിൽ വരാറുണ്ടു്. അശ്വിനു് എങ്ങനെയെങ്കിലും കാനഡ പിടിക്കണമെന്നാണു് ആഗ്രഹം. പക്ഷേ, അതിനു മാത്രം കാശു് അവന്റെ അച്ഛന്റെ കൈയ്യിൽ ഇല്ല. ഇപ്പോൾ ലാത്വിയ നോക്കുന്നുണ്ടു്. കോഴ്സ് കഴിഞ്ഞാ ഷെങ്കൻ വിസയുള്ളതുകാരണം ഇറ്റലിക്കു പോകാം. അവിടെ അച്ഛന്റെ ഒരു സുഹൃത്തു് ഉണ്ടു്. വലിയ ഷെഫാണു്. ഇവർ ഇങ്ങനെയൊക്കെ പരിചയപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ ദേർമ്മൻ നായരും കുഞ്ഞികൃഷ്ണനും പരസ്പരം കാണാതെ തന്നെ വലിയൊരു സംഭാഷണത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്ന കാര്യം ആരും അറിഞ്ഞിരുന്നില്ല.
ബൈസ്റ്റാന്റർമാർ വാർഡിൽ നിന്നും പുറത്തിറങ്ങിയതും കുഞ്ഞികൃഷ്ണന്റെ നെഞ്ചു് പറിയുന്ന ചുമയ്ക്കു് മുകളിലേക്കു് ദേർമ്മൻ നായരുടെ ആദ്യത്തെ ചോദ്യം വീണു:
“നിങ്ങളെ പേരെന്ത്ന്നു് പ്പാ?”
“ഞാൻ കുഞ്ഞിഷ്ണൻ.” ശ്വാസം വലിക്കാൻ പ്രയാസപ്പെടുന്നതിനിടയിൽ പ്ലാസ്റ്റിക്ക് വിരിക്കപ്പുറത്തു നിന്നും അശ്വിന്റെ അമ്മാവന്റെ ഉത്തരം വന്നു. രോഗ വിവരമൊക്കെ പരസ്പരം പങ്കു വെച്ചു കഴിഞ്ഞപ്പോൾ ദേർമ്മൻ നായർ ചോദിച്ചു:
“നാട്ടിലേട നിങ്ങൊ?”
കുഞ്ഞിഷ്ണൻ: “ഞാൻ മടിക്കെ തീയറ് പാലം. നിങ്ങളോ?”
ദേർമ്മൻ: “ഞാൻ മാങ്ങാട്ട്… ഉദുമ.”
കുഞ്ഞിഷ്ണൻ: “അംബികാസുതൻ മാങ്ങാടിനെ അറിയോ?”
ദേർമ്മൻ: “അറിയോ ന്നോ… ഓനെന്റെ അയക്കുടി[2] യല്ലേ? ഓനെ ചെറിയ കുഞ്ഞ്യായിരിക്കുമ്പോളേ നമ്മക്കറിയാം. പിന്നെയല്ലേ എഴുത്ത്കാരനായിനേ?” (ചിരിക്കുന്നു.)
കുഞ്ഞിഷ്ണൻ: “നിങ്ങക്കെത്ര ബയസ്സായി?”
ദേർമ്മൻ: “ഈ ചിങ്ങത്തിലു് എഴുപത്തെട്ടു്… പൂർത്തിയാകും.”
കുഞ്ഞിഷ്ണൻ: “അപ്പൊ നിങ്ങളെ എനിക്കു് ഏട്ടാന്നു് വിളിക്കാല്ലേ?”
ദേർമ്മൻ: “അപ്പൊ നിനിക്കെത്രായായി കുഞ്ഞിഷ്ണാ?”
കുഞ്ഞിഷ്ണൻ: “എനക്കു് അമ്പത്തി രണ്ടു് ആവുന്നതേയുള്ളൂ.”
ദേർമ്മൻ (ഉറക്കെ ചിരിച്ചു കൊണ്ടു്): “ബയസ്സ് അയ്മ്പതാന്നെങ്കിലും നീ നൂറു കൊല്ലത്തിന്റെ ബെലിബെലിച്ച ്വല്ലേ കുഞ്ഞിഷ്ണാ?”
കുഞ്ഞികൃഷ്ണൻ മിണ്ടിയില്ല. അതു് മനസ്സിലാക്കിക്കൊണ്ടു് ദേർമ്മൻ പറഞ്ഞു: “നിന്നെ ബേജാറാക്കാൻ പറഞ്ഞതല്ലാ ട്ട്വോ?”
കുഞ്ഞികൃഷ്ണൻ: “എനക്കറിയാ ദേർമ്മേട്ടാ. ഇനി കുറ്റബോധം ബന്നിറ്റ് കാര്യല്ലല്ലോ. പോകേണ്ടതു് പോയില്ലേ? വീട്ടിലെ പ്രാരബ്ദം മറക്കാൻ തുടങ്ങിയതാണു്. പിന്നെ ശീലമായി. ഇപ്പൊ വലിപോയിറ്റ് ബീഡി തീറ്റയായി.”
ദേർമ്മൻ: “സാരൂല കുഞ്ഞിഷ്ണാ, അതൊന്നും തെറ്റല്ല. ഒരാളെപ്പോലെയല്ലല്ലോ മറ്റൊരാള്. അങ്ങനെയാണെങ്കിൽ പിന്നെ ഈ ലോകണ്ടോ? ഇനി ബെരുന്നടുത്തു് ബെച്ചു് കാണാം.”
കുഞ്ഞിഷ്ണൻ: “മക്കള് രണ്ടും ചെറിയതാപ്പാ. അതാ പേടി.”
ദേർമ്മൻ: “എനക്കു് എഴുപത്തെട്ടായില്ലേ? എന്റെ ജീവൻ നിനക്കു് തരാൻ ഞാൻ ദൈവത്തോടു് പറയാം.”
കുഞ്ഞികൃഷ്ണൻ: “നിങ്ങാ അങ്ങനെയല്ലം പറഞ്ഞു് എന്ന കരയിപ്പിക്കല്ലപ്പാ.”
അപ്പോഴേക്കും കുഞ്ഞിഷ്ണനടുത്തേക്കു് ഡോക്ടർ വന്നു.
“ആരോടാണു് നിങ്ങൾ സംസാരിക്കുന്നതു്. അധികം സംസാരിക്കരുതെന്നു പറഞ്ഞിട്ടില്ലേ? പറഞ്ഞാ മനസ്സിലാവണം. ആർക്കു വേണ്ടിയാണു് ഞാനീ പറയുന്നതു്. വല്ല ന്യൂമോണിയയും വന്നാ… ഉത്തരം പറയേണ്ടതു് ഞങ്ങളാ.”
കുഞ്ഞിഷ്ണൻ ഒന്നും മിണ്ടിയില്ല.
“ആരാ അപ്പുറത്തു്?” ഡോക്ടർ ചോദിച്ചു. ഡോക്ടർക്കു് ദേഷ്യം പിടിച്ചെന്നു ദേർമ്മൻ നായർക്കും തോന്നി. പരിശോധന കഴിഞ്ഞു് “ഇയാളെ കൂടുതൽ സംസാരിക്കാൻ വിടരുതെന്നു്” അശ്വിനെ ഏല്പിച്ചു് ഡോക്ടർ തിരിച്ചുപോകുംവരെ ദേർമ്മൻ നായർ കണ്ണടച്ചു് ഉറങ്ങിയതു പോലെ കിടന്നു. ചിലപ്പോൾ തന്നെ വഴക്കു പറയാൻ ആ ഡോക്ടർ ഇങ്ങോട്ടു വന്നാലോ എന്നു് അയാൾ പേടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞിഷ്ണന്റെ വിളി വീണ്ടും വന്നു:
“ദേർമ്മേട്ടാ…”
“ഓൻ പോയോ.” ദേർമ്മൻ നായർ കണ്ണു തുറന്നു.
“പോയി.”
“എപ്പളാ നിന്റെ ഓപ്പറേഷൻ?” ദേർമ്മൻ നായർ ചോദിച്ചു.
“വ്യാഴാഴ്ചയുണ്ടാവൂ ന്നാ ഡോക്ടർ പറഞ്ഞതു്. നിങ്ങളതോ ദേർമ്മട്ടാ?”
“ഒരായ്ച പിടിക്കും. കൊർച്ചു് ഷുഗറ്ണ്ടു്. അതു് നോർമലായിറ്റ് ചെയ്യുന്നാ പറയുന്നേ. എന്തു് ഷുഗറ്. ആശുപത്രിക്കാറെ കയ്ക്കു കിട്ടിയാ യക്ഷീന്റെ കൈയ്മ്മല് കിട്ടിയ പോലെയാ… എല്ലാം ഊറ്റിക്കുടിച്ചു് എല്ലു വരെ ഊമ്പിയെട്ക്കും. കള്ള സുവറ്കള്.”
“ഞാൻ കണ്ടം ബിറ്റിട്ടാന്നു് ദേർമ്മേട്ടാ ഈട്ക്ക് ബന്നതു്.” കുഞ്ഞിഷ്ണൻ പറഞ്ഞതു കേട്ടു് ദേർമ്മൻ നായർ ഒരു ഞെട്ടലോടെ കട്ടിലിൽ നിന്നു് എഴുന്നേറ്റു.
“നീ കണ്ടം ബിറ്റ്വോ?”
“പിന്നെന്ത്ന്നാക്കല്… ദേർമ്മേട്ടാ. പൈശ വേണ്ട?”
“ശരിയെന്നെ. പക്ഷേ, കണ്ടം ന്നൊക്കെ പറഞ്ഞാല് മഹാലഷ്മി ബെളയുന്ന ജാഗയല്ലേ[3] കുഞ്ഞിഷ്ണാ?”
“നിങ്ങക്കു് കൃഷിയ്ണ്ടാ?” കുഞ്ഞിഷ്ണൻ ഒന്നു ചുമച്ചു.
“പിന്നില്ലാണ്ടു്. കൃഷി ബിട്ടിറ്റ് ഒരു കളീം നമ്മക്കില്ല കുഞ്ഞിഷ്ണാ. നഷ്ടാന്ന്. എന്നാലും എന്റെ മരണം വരെ ഞാനതു് കൊണ്ട്വടക്കും. പിന്നെ മക്കള്… അപ്യ[4] അപ്യേരെ ഇഷ്ടം പോലെ ചെയ്യട്ടു്. ഓണം കയിഞ്ഞിറ്റിങ്ങോട്ടു് ബരാനാ ഞാൻ വിചാരിച്ചതു്. നെറേം ഇണ്ടല്ലോ. അതു് കയിഞ്ഞിറ്റ് പോരേ ഓപ്പറേഷൻ എന്നു ചോയിച്ചപ്പൊ ആ ഡോക്ടറും എന്റെ ഓള് തമ്പായീം മക്കളും ആരും ഒരണക്കു് സമ്മതിച്ചില്ല. അല്ല കുഞ്ഞികൃഷ്ണാ… നിന്റെ ഭാര്യ ഏട പോയിന് ? ഓള ഇങ്ങോട്ടൊന്നും കണ്ടിട്ടേയില്ലല്ലോ?”
“ഓള് ഇപ്പൊ ഈട ഇല്ല ദേർമ്മേട്ടാ.”
“ദുബായിക്കു് പോയിനാ?” ഒരു തമാശ പറഞ്ഞ മട്ടിൽ ദേർമ്മൻ നായർ ഉറക്കെച്ചിരിച്ചു. അപ്പോൾ വൃഷണം മുകളിലോട്ടു് കയറി അയാളെ അല്പം വേദനിപ്പിച്ചു.
“ഓള് പോയി. കയിഞ്ഞ കർക്കടകത്തില്.” കുഞ്ഞിഷ്ണൻ തന്റെ നെഞ്ചു് അമർത്തി തടവി. അല്ലെങ്കിൽ അവിടെ നിന്നും ഒരു നിലവിളി കെട്ടു പൊട്ടിച്ചു് പുറത്തുചാടുമെന്നയാൾക്കറിയാമായിരുന്നു. “കാറ്റിലും മയേത്തും ഞങ്ങളെ ബീട്ടിന്റെ മോളിലേക്കു് ഒരു തെങ്ങു് പൊട്ടി ബീണു.” കുഞ്ഞിഷ്ണൻ പറഞ്ഞു. “ഓളപ്പൊ നല്ല ഒറക്കായിരുന്നു. അതോണ്ടു് മരിച്ചതു പോലും ഓളറിഞ്ഞില്ല.”
അതു കേട്ടപ്പോൾ കുറച്ചു മുമ്പേ ചിരിച്ചതിൽ അയാൾക്കു് കുറ്റബോധം തോന്നി. ഇനിയെങ്കിലും കാര്യമറിയാതെ ഇത്തരം മണ്ടത്തരങ്ങൾ കാണിച്ചു കൂട്ടരുതെന്നു് അയാൾ സ്വയം കുറ്റപ്പെടുത്തി.
“ഞാളെ പറമ്പിനു് മീത്ത ഒരുത്തൻ ജെസിബി വെച്ചു് ഒരു കുന്നു് അങ്ങനെന്നെ ബാരിക്കൊണ്ടുപോയി. അതോടെ എന്റേയും എന്റെ അയക്കുടിക്കാരുടേയും പത്തു് പന്ത്രണ്ടു് തെങ്ങു് പോയി. അയിനൂടെ എന്റെ സുമേം പോയി.”
കുഞ്ഞിഷ്ണൻ പറഞ്ഞു നിർത്തിയപ്പോൾ ആ മരണം വിധിയാണെന്നു സമാധാനിക്കാൻ ദേർമ്മൻ നായർക്കു പറ്റിയില്ല. ചിലന്തി പ്രാണിയെ വലവെച്ചു് പിടിക്കുമ്പോൾ അതു് പ്രാണിയുടെ വിധിയാണെന്നു് ആരെങ്കിലും സമ്മതിക്കുമെങ്കിൽ ഇതും വിധിയാണു്. ഇന്നത്തെ കാലത്തു് പാവങ്ങളുടെ മേൽ മൊത്തത്തിൽ ഒരു വല വീണു കിടക്കുന്നുണ്ടു്. അതു് ശക്തമായിത്തുടങ്ങിയതു് ഈ അടുത്ത കാലത്താണു്.
“നീ കേസിനു പോയില്ലേ?” ദേർമ്മൻ ചോദിച്ചു.
“കേസ് ” കുഞ്ഞിഷ്ണൻ കോളാമ്പിയിലേക്കു് കാറിത്തുപ്പുന്ന ശബ്ദം ദേർമ്മൻ നായർ കേട്ടു. കുറച്ചു് നേരത്തേക്കു് അയാൾ ഒന്നും മിണ്ടിയില്ല.
മറ്റന്നാള് ഉത്രാടമാണു്. പറഞ്ഞ പോലെ അന്നാണു് നെറക്കേണ്ടതു്? ദേർമ്മൻ നായർ ബെഡ്ഡിൽ നിന്നും എഴുന്നേറ്റിരുന്നു. ഈ മുറിയിലെ തണുപ്പിൽ കിടന്നു് ഓർമ്മകളൊക്കെ മരവിച്ചു തുടങ്ങി. സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും അറിയുന്നില്ല. ഒന്നു വെയിലു കൊണ്ടിട്ടു തന്നെ എത്ര ദിവസായി?
“എന്താ അച്ഛാ” അയാളുടെ പരവേശം കണ്ടപ്പോൾ സുരേഷ് ലാപ്പ്ടോപ്പ് ഷട്ട് ഡൗൺ ചെയ്തു് കട്ടിലിനരികിലേക്കു് വന്നു. ഇവനോടു് എന്താണു് താൻ പറയേണ്ടതു്. ദേർമ്മൻ നായർ ചിന്തിച്ചു. എനിക്കു് നെറക്കാൻ പോകണമെന്നോ? രോഗത്തേക്കാൾ വലിയൊരു തടവറ ഈ ലോകത്തിൽ വേറെയില്ലെന്നു് അയാൾക്കു തോന്നി. വിചാരണ കൂടാതെ ശിക്ഷ വിധിക്കുന്ന ഒരു നിയമ പുസ്തകം രോഗത്തിന്റെ അലമാരയിലുണ്ടു്. കുഞ്ഞിഷ്ണൻ എന്തുകൊണ്ടാണു് ബീഡി വലിച്ചതു് എന്നു് അതു ചോദിക്കില്ല. ശ്വാസകോശം പോകാൻ വേണ്ടി ഒരാൾ പുകവലിക്കുമോ? കരള് നശിപ്പിക്കാൻ ആരെങ്കിലും റാക്ക് കുടിക്കുമോ? തനിക്കിപ്പോൾ മൂത്രക്കുഴലിൽ ഇങ്ങനെയൊരു മുഴ വരാൻ കാരണമെന്തു്…?
രോഗം അതൊന്നും മനുഷ്യരോടു ചോദിക്കില്ല. ചോദിച്ചാൽ അതിനു എണ്ണിച്ചുട്ട അപ്പം പോലുള്ള ഉത്തരങ്ങൾ മനുഷ്യരുടെ കയ്യിലുണ്ടു്. ഇതിന്റെ പേരിൽ ഒരു വാദപ്രതിവാദം നടന്നാൽ രോഗത്തിനു് മനുഷ്യരെ വെറുതേ വിടേണ്ടിവരും… താൻ ഇക്കൊല്ലവും നിറക്കാൻ പോകും. അയൽപക്കത്ത കുട്ടികളോടൊപ്പം മുറ്റത്തു് പൂക്കളമുണ്ടാക്കും. വാതിൽ പടികളിൽ കുറി വരച്ചു് ചീവോതി പൂക്കളിടും. ഊണു കഴിച്ചു് തമ്പായിയുടെ നരച്ച മുടിയിഴകളിൽ മൂക്കിന്റെ അറ്റം വെച്ചു് ഉറങ്ങിയതു പോലെ കിടക്കും.
“എന്താ ദേർമ്മേട്ടാ മിണ്ടാതെ” അപ്പുറത്തുനിന്നും കുഞ്ഞിഷ്ണൻ ചോദിച്ചു. അയാൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. അതു് ദേർമ്മൻ നായർ ഇപ്പുറത്തിരുന്നു് ശരിക്കും കേട്ടു.
“നിനക്കു് നാളെ ഓപ്പറേഷനല്ലേ കുഞ്ഞിഷ്ണാ. നീ കൊറച്ചേരം വിശ്രമിക്കു്. ഡോക്ടർ പറഞ്ഞതല്ലേ?”
“ഇനി നമ്മക്ക് തമ്മില് മിണ്ടാൻ പറ്റിയില്ലെങ്കിലോ ദേർമേട്ടാ?”
“വെറ്തേ വേണ്ടാത്ത കാര്യങ്ങള് പറയാതെ മിണ്ടാണ്ട് കെടക്ക്ന്ന്ണ്ടോ നീ? അടുത്ത ഓണത്തിനു് ഞാൻ നിന്റെ ബീട്ടില് വരും. നിന്റെ കുഞ്ഞളൊപ്പം ഇരുന്നു് സദ്യ ഉണ്ണും. അറിയ്യോ?”
കുഞ്ഞികൃഷ്ണൻ ഒന്നും പറഞ്ഞില്ല. അയാൾ അപ്പൊ കൈയിൽ കിട്ടിയ ശ്വാസത്തിന്റെ മഞ്ഞ വള്ളിയിലൂടെ മേലോട്ടു കയറിക്കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ മറ്റേ അറ്റത്തു് തന്റെ രണ്ടു് മക്കളും ഉറക്കെ പിടിച്ചിരിക്കുന്നതു് അയാൾ കണ്ടു. അവർ സർവ്വശക്തിയും എടുത്തു് അച്ഛനെ വലിച്ചു് കയറ്റുകയാണു്. കാലത്തെണീറ്റു് പല്ലു് തേക്കുന്നതിനു മുമ്പു് തന്നെ ദേർമ്മൻ നായർ കുഞ്ഞിഷ്ണനെ വിളിച്ചു. അപ്പോൾ സമയം ഏതാണ്ടു് ആറു് മണിയായിക്കാണും. മറുപടി കിട്ടാതായപ്പോൾ കുഞ്ഞിഷ്ണനെ ഓപ്പറേഷൻ തിയറ്ററിലേക്കു കൊണ്ടുപോയിക്കാണുമെന്നു് ദേർമ്മൻ നായർ ഊഹിച്ചു.
ക്ലോസറ്റിൽ മൂത്രം വീണപ്പോൾ അതിന്റെ കൂടെ പതിവായി കാണാറുള്ള രക്തത്തിന്റെ അളവു് ഇന്നു് കൂടുതലാണെങ്കിലും ദേർമ്മൻ നായർക്കു് അതിൽ വലിയ ആശങ്കയൊന്നും തോന്നിയില്ല. പക്ഷേ, ചെമ്പരത്തി പൂക്കൾ കൊണ്ടു് ഉണ്ടാക്കിയ വലിയ ഒരു പൂക്കളം അയാളുടെ ഓർമ്മയിലേക്കു വന്നു.
സുരേഷ് വാങ്ങിച്ചു കൊണ്ടുവന്ന ഇഡലി അയാൾ കഴിച്ചില്ല.
കുളിക്കുക പോലും ചെയ്യാതെ ഇത്രയും വിരസമായ ഒരു ഉത്രാടം തന്റെ ജീവിതത്തിൽ ആദ്യത്തേതാണു്. സുരേഷ് ഒരു കപ്പ് കാപ്പിയുമായി ലാപ്പ്ടോപ്പ് തുറന്നു് അവന്റെ ഓഫീസ് വർക്കിലേക്കു് കയറിയതും ദേർമ്മൻ നായർ വീണ്ടും കിടക്കയിലേക്കു് ചെരിഞ്ഞു.
എത്ര നേരം കിടന്നു എന്നറിയില്ല. നെറ്റിയിൽ ആരോ തലോടുന്നു. കണ്ണു തുറന്നതും അയാൾ അത്ഭുതപ്പെട്ടു പോയി. മുന്നിൽ വലിയൊരു ബാഗുമായി തമ്പായി. അയാൾ ഭാര്യയുടെ വിരലുകളിൽ പിടിച്ചു. അതു് പതിവിലധികം വിറ കൊള്ളുന്നുണ്ടായിരുന്നു.
“നാട്ടില് കുഞ്ഞ്ങ്ങളെല്ലാം നിങ്ങളെ ചോദിക്കുന്നുണ്ടു്. ദേർമ്മൻ ബെല്ലിച്ചൻ[5] ഏട പോയീന്നും പറഞ്ഞാണ്ടു്.”
അതുകേട്ടു് ദേർമ്മൻ നായർ തമ്പായിക്കു നേരെ കുറ്റപ്പെടുത്തുന്നതു പോലെ ഒന്നു നോക്കി. അമ്മയെ കണ്ടതും സുരേഷ് ലാപ് ടോപ്പ് ബാഗിലിട്ടു് കുളിയൊക്കെ കഴിഞ്ഞിട്ടു വരാമെന്നു പറഞ്ഞു് ബന്ധുവീട്ടിലേക്കു പോയി. ദേർമ്മൻ നായർ ഒന്നും മിണ്ടാതെ ഫാനിന്റെ വെളുത്ത ഇതളുകളിലേക്കു് നോക്കി മലർന്നു കിടന്നു. തമ്പായി ഫ്ലാസ്ക് തുറന്നു് കുറച്ചു് ചായ എടുത്തു് ഭർത്താവിനു നീട്ടി. അയാൾ വേണ്ടെന്നു് കൈ ഉയർത്തി.
ആ ചായ തമ്പായി തന്നെ കുടിച്ചു. ഇത്രയും ദൂരം ബസ്സിൽ കയറി വന്നതിന്റെ ക്ഷീണം അവരുടെ മുഖത്തുണ്ടായിരുന്നു. അപ്രതീക്ഷിതമായിരുന്നു ഈ വരവെങ്കിലും അതെന്തുകൊണ്ടാണെന്നു പോലും ദേർമ്മൻ നായർ ചോദിച്ചില്ല.
ഫലവൃക്ഷങ്ങളുടെ ഇലകൾക്കു് പകരം അയാൾ മനസ്സു് പരിഭവം കൊണ്ടു് നിറക്കുകയായിരുന്നു. ഇങ്ങനെ ഒരു നല്ല ദിവസം ഈ വക വിദ്വേഷങ്ങളൊക്കെ എണ്ണി പെറുക്കിയെടുത്തു് മനസ്സു് കലുഷിതമാക്കേണ്ട കാര്യമില്ല എന്നു കരുതി അയാൾ കുഞ്ഞികൃഷ്ണന്റെ രണ്ടു് ചെറിയ മക്കളെപ്പറ്റി ആലോചിക്കാൻ തുടങ്ങി. അതിനിടയിൽ ഒന്നുരണ്ടു വട്ടം തന്റെ വിളഞ്ഞ പാടങ്ങളുടെ പച്ച കലർന്ന നേരിയ മഞ്ഞനിറവും അയാളുടെ മനസ്സിലേക്കു വന്നു.
ഒന്നു രണ്ടു് തത്തകൾ വന്നു് അവയുടെ മക്കൾക്കായി നെൽക്കതിരുകൾ മുറിച്ചെടുത്തു് പറന്നു പോയി. നീരൊഴുക്കിൽ നിന്നും ഒരു തവള വരമ്പിലേക്കു് കയറി വെയിലിനു താഴെ തന്റെ ശരീരത്തിനെ വെച്ചു് ഉണക്കാൻ തുടങ്ങി. സുഖകരമായ ഒരു സ്വപ്നത്തിലേക്കു് അതിന്റെ കണ്ണുകൾ പതുക്കെ അടഞ്ഞു.
പെട്ടെന്നു് അവിടെയാകെ കാടിന്റെ മണം പരന്നു. കട്ടിലിൽ നിന്നും എണീറ്റു നോക്കിയപ്പോൾ തമ്പായിയുടെ കൈയ്യിലെ ബാഗ് തുറന്നു കിടക്കുന്നു. നിറയ്ക്കുള്ള എല്ലാത്തരം ഇലകളുമായി അതൊരു തൊടി പോലെ മുന്നിൽ.
അത്തി, ഇത്തി, ആൽ, അരയാൽ, മാവ്, പ്ലാവ്, പുളി, നെല്ലി, പൊലിവള്ളി, ശൂദ്ര വള്ളി, ബാട്ടാപ്പരം.
“എന്റെ പൊട്ടൻ തെയ്യേ… വിഷ്ണുമൂർത്തി… പുതിയോതീ… പൊലിക പൊലിക…”
തമ്പായിയുടെ ചുളിഞ്ഞ വിരലുകളിൽ അമർത്തിപ്പിടിച്ചപ്പോൾ ദേർമ്മൻ നായരുടെ കണ്ണുകൾ നിറഞ്ഞു.
“നിങ്ങ വിജാരിച്ചു ഞാൻ ബെരൂലാന്ന്… അല്ലേ? നിങ്ങടെ മനസ്സു് എനക്കല്ലാതെ വേറെ ആർക്കറിയല്.” തമ്പായി സ്നേഹത്തോടെ ഭർത്താവിന്റെ കവിളിലെ നരച്ച രോമങ്ങളിൽ തലോടി.
“കുളിച്ചിട്ടു് വാ… നമ്മക്ക് നെറക്കാലോ.” അതു കേട്ടതും അയാൾ തോർത്തെടുത്തു് തോളത്തിട്ടു് പെട്ടെന്നു് ബാത്ത്റൂമിലേക്കു് നടന്നു.
ദേഹം ശുദ്ധിയാക്കി നമശ്ശിവായ… നമശ്ശിവായ… ജപിച്ചു് തിരിച്ചു വന്നപ്പോഴേക്കും തമ്പായി നിറയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. പലകയിൽ അരിമാവു കൊണ്ടു് കോലം വരച്ചു. ബാഗിൽ നിന്നും മൂന്നു നെൽക്കതിരുകൾ എടുത്തു് ബാട്ടാപ്പരത്തിന്റെ വീതി കൂടിയ ഇലയിൽ വെച്ചു. ചെറിയൊരു വിളക്കിൽ തിരിയിട്ടു കത്തിച്ചു.
ദേർമ്മൻ നായർ നനഞ്ഞ തോർത്തു് ഒന്നുകൂടി മുറുക്കിയുടുത്തു് പലകയ്ക്കു് മുന്നിൽ മുട്ടുകുത്തി.
കതിരെടുത്തു് പലകയിലേക്കു് മാറ്റി. ബാട്ടാപ്പരത്തിന്റെ ഇലയിൽ ആദ്യം അത്തി… ഇത്തി… ആല്… അരയാൽ… എന്നിങ്ങനെ ഇലകൾ ഒന്നിനു മേലെ ഒന്നായി വിധിപ്രകാരം നിരത്താൻ തുടങ്ങി. എല്ലാറ്റിനും ഒടുവിൽ പൊലിവള്ളി.
ചെറിയ കിണ്ടിയിൽ നിന്നും ഒരു കുടന്ന വെള്ളം കൈക്കുടന്നയിലേക്കു പകർന്നു് നെഞ്ചോടു് ചേർത്തു് പ്രകൃതിയേയും അതിൽ വസിക്കുന്ന സർവ്വ ചരാചരങ്ങളേയും അന്നം തരുന്ന നാനാതരം ഫലവൃക്ഷങ്ങളേയും മനസ്സിൽ ധ്യാനിച്ചു കൊണ്ടു് അതു് നെൽക്കതിരിലേക്കു പകർന്നു.
ലോകാ സമസ്താ സുഖിനോ ഭവന്തു…
അപ്പോൾ കതിരു കൊത്താൻ വരുന്ന നനാതരം കിളികളുടെ ശബ്ദം ഒന്നുകൂടി ദേർമ്മൻ നായർ കേട്ടു. എവിടെ നിന്നോ ഒരു തണുത്ത കാറ്റു വീശി.
നിറ നിറ പൊലി പൊലി… ഇല്ലം നിറ… വല്ലം നിറ… പത്തായം നിറ…
ബാട്ടാപ്പരത്തിന്റെ ഇല കതിരോടു കൂടി ചുരുട്ടി പാന്തം[6] കൊണ്ടു് മുറുക്കിക്കെട്ടി വിളക്കിനു മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചു് ദേർമ്മൻ നായർ പതുക്കെ എണീറ്റു. അയാളുടെ കണ്ണുകൾ സന്തോഷം കൊണ്ടു് നിറഞ്ഞു വരുന്നതു് തമ്പായി കണ്ടു.
നിറ നിറ പൊലി പൊലി… ഇല്ലം നിറ… വല്ലം നിറ… പത്തായം നിറ… ഭർത്താവിനൊപ്പം അവരുടെ ചുണ്ടുകളും മന്ത്രിച്ചു. അയാൾ നെൽക്കതിരുമായി ആശുപ്രതിയുടെ കോറിഡോറിലേക്കിറങ്ങി. പിന്നാലെ തമ്പായിയും.
നനഞ്ഞ ഒറ്റമുണ്ടും നെൽക്കതിരുമായി ഒരാൾ നിറ നിറ… പൊലി… പൊലി… എന്നും പറഞ്ഞു നടന്നുവരുന്നതു കണ്ടു് അവിടെ കൂടിയ രോഗികളും അവരുടെ കൂടെ വന്നവരും നേഴ്സുമാരും ഡോക്ടർമാരും എല്ലാവരും ആദ്യം ഒന്നമ്പരന്നു. ചിലർ രസം പിടിച്ചു് അയാളുടെ പിന്നാലെ കൂടി. പക്ഷേ, ദേർമ്മൻ നായർ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
ഇല്ലം നിറ… വല്ലം നിറ… പത്തായം നിറ… അയാൾ നേരെ ഓപ്പറേഷൻ തിയേറ്ററിനെ ലക്ഷ്യമാക്കി നടന്നു. കണ്ടു നിന്ന സെക്യൂരിറ്റിമാരിൽ ചിലർ അയാളുടെ പിന്നാലെ ഒച്ചവെച്ചു കൊണ്ടു് ഓടി വന്നു. അയാൾ സൈക്യാടി വാർഡിൽ നിന്നു് ചാടിപ്പോന്നതാണോ എന്നു ചിലർ സംശയിച്ചു. സെക്യൂരിറ്റിക്കാർ പിടികൂടും മുമ്പു് ഓപ്പറേഷൻ തിയേറ്ററിന്റെ NO ADMISSION എന്നെഴുതിയ ചില്ലു വാതിലിൽ ദേർമ്മൻ നായർ കതിർ വരിഞ്ഞുകെട്ടി. നിറ നിറ… പൊലി… പൊലി… ഇല്ലം നിറ വല്ലം നിറ പത്തായം നിറ… പിന്നെ അതിൽ തൊട്ടു് കണ്ണടച്ചു് പ്രാർത്ഥിച്ചു് നെറ്റിയിൽ വെച്ചു.
[1] ബെലിച്ചർ ള = വലിച്ചേക്കല്ലേ
[2] അയക്കുടി = അയൽപക്കം
[3] ജാഗ = സ്ഥലം
[4] അപ്യ = അവർ
[5] ബെല്ലിച്ചൻ = വലിയച്ഛൻ, മുത്തശ്ശൻ.
[6] പാന്തം = പച്ചതെങ്ങിൻ മടലിൽ നിന്നും ചീന്തി എടുക്കുന്ന വള്ളി
സ്കെച്ച്: രബീന്ദ്രനാഥ് ടാഗോർ
നെഹ്രു ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്നു് മലയാളത്തിൽ ബിരുദാനന്തര ബിരുദം, ഒറ്റപ്പാലം ട്രെയ്നിങ്ങ് കോളേജിൽ നിന്നും ബി എഡ്, കൊച്ചി പ്രസ്സ് അക്കാദമിയിൽ നിന്നും പത്രപ്രവർത്തനം എന്നിവയാണു് വിദ്യാഭാസത്തിന്റെ നാൾവഴികൾ. ആദ്യ പ്രവർത്തന മേഖലകളായ പത്രപ്രവർത്തനവും അദ്ധ്യാപനവും വിട്ടു്, പൂർണ്ണസമയ എഴുത്തുകാരനായി മാറി.
1991-ൽ മാതൃഭൂമി വാരാന്ത്യപതിപ്പിലാണു് ആദ്യകഥ. 80-തോളം കഥകൾ, തിരക്കഥകൾ, ഓർമ്മക്കുറിപ്പുകൾ എന്നിവയായി 15 പുസ്തകങ്ങൾ. ദൃശ്യമാധ്യമങ്ങളിൽ എട്ടോളം മെഗാസീരിയലുകൾക്കു് തിരക്കഥയെഴുതിയിട്ടുണ്ടു്. 2007-ൽ നവംബർ റെയിൻ എന്ന സിനിമയ്ക്കു് തിരക്കഥ, സംഭാഷണം രചിച്ചു. ബാച്ചിലർ പാർട്ടി, അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, ചന്ദ്രേട്ടൻ എവിടെയാ, എബി, ഇടുക്കി ഗോൾഡ് അങ്ങനെ 9 ഓളം സിനിമകളിൽ കഥയും തിരക്കഥയുമെഴുതി.
കൊമാല, ശ്വാസം, ബിരിയാണി, നരനായും പറവയായും, ഒരു ചിത്രകഥയിലെ നായാട്ടുകാർ, ജമന്തികൾ സുഗന്ധികൾ… തുടങ്ങിയവയാണു് പ്രസിദ്ധമായ കഥാസാമാഹരങ്ങൾ. 2008-ൽ കൊമാലയ്ക്കു് കേരള സാഹിത്യ അക്കാദമി അവാർഡ്, പത്മരാജൻ അവാർഡ്, ബഷീർ പുരസ്കാരം, കാരൂർ ജന്മശതാബ്ദി അവാർഡ്, ചെറുകാട് അവാർഡ്, കേളി അവാർഡ്, കൽകത്താ ഭാഷാ പരിഷത്ത് അവാർഡ് എന്നിങ്ങനെ 25-ൽ അധികം പുരസ്കാരങ്ങൾ.
കേരള വർമ്മയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയ ജൽസ മേനോൻ ആണു് ജീവിത പങ്കാളി. മകൻ മഹാദേവൻ.