കന്നഡശൈവകവികൾക്കിടയിൽ ധാരാളം സ്ത്രീകളും ഉണ്ടായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായി ഗണിക്കപ്പെടുന്നത് ‘അക്ക’ (ചേച്ചി) എന്നു് വിളിക്കപ്പെടുന്ന മഹാദേവി തന്നെ. പന്ത്രണ്ടാം നൂറ്റാണ്ടിലെ ബസവണ്ണയുടെയും അല്ലമാ പ്രഭുവിന്റെയും സമകാലീനയായിരുന്നു അക്ക, ബസവയെക്കാൾ ഇളയവൾ. അല്ലമായുടെ ജന്മസ്ഥാനമായ ശിവമൊഗ്ഗയിലെ ഉഡുത്തഡി ഗ്രാമത്തിലായിരുന്നു അവരുടെ ജനനം. പത്താം വയസ്സിൽ മഹാദേവിയെ അറിയപ്പെടാത്ത ഏതോ ഗുരു ശിവമാർഗ്ഗത്തിലേക്കു് ആനയിച്ചു. ആ നിമിഷമാണു് താൻ ശരിക്കും ജനിച്ചതെന്നു് അവർ കരുതി. അവിടത്തെ ക്ഷേത്രത്തിലെ പ്രതിഷ്ഠ ചെന്നമല്ലികാർജ്ജുനനായിരുന്നു. ‘ചെന്ന’ എന്നാൽ സുന്ദരം; ‘മല്ലികാർജ്ജുനൻ’ എന്നാൽ ‘മല്ലികാദേവിയുടെ പതി’ എന്നും ‘മല്ലിക (മുല്ല) പോലെ വെളുത്ത ദേവ’നെന്നും അർത്ഥം വരും. ഇഷ്ടദേവതയായ മല്ലികാർജ്ജുനനെ ആണു് അക്കമഹാദേവി തന്റെ ‘അടയാള’മായി (‘അങ്കിതം’-വചനങ്ങളിൽ ആത്മമുദ്രയായി ചേർക്കുന്ന പേരു്) സ്വീകരിച്ചതു്. വരന്മാരായി വന്നവരെയെല്ലാം തിരസ്കരിച്ചു അക്ക ശിവനെ വരിക്കുകയായിരുന്നു. അഭൌമകാമുകനും മനുഷ്യരായ പ്രണയാർത്ഥികളും തമ്മിലുള്ള സംഘർഷം അക്കയുടെ ജീവിതത്തിലും കവിതയിലും അടയാളപ്പെട്ടു കിടപ്പുണ്ടു്.
പടത്തലവനോ രാജാവോ ആയിരുന്ന കൌശികൻ ഒരിക്കൽ മഹാദേവിയെ കണ്ടു പ്രണയത്തിലായി, മഹാദേവിയുടെ മാതാ-പിതാക്കളിൽ അഭ്യർത്ഥന എത്തിക്കുകയും ചെയ്തു. പക്ഷേ, മനുഷ്യനും അവിശാസിയുമായിരുന്ന കൌശികൻ അവൾക്കു സ്വീകാര്യനായിരുന്നില്ല. എങ്കിലും അധികാരവും പ്രലോഭനവും ഉപയോഗിച്ചു് അയാൾ അവരെ പ്രേരിപ്പിച്ചു എന്നും മഹാദേവി അല്പകാലം അയാളുടെ പത്നിയായി കഴിഞ്ഞു എന്നും കഥകളുണ്ടു്, ചില പണ്ഡിതരും ഭക്തരും അവ നിഷേധിക്കുന്നുണ്ടെങ്കിലും. ഏതായാലും അങ്ങിനെ ഒരു ജീവിതം ഉണ്ടായിരുന്നെങ്കിൽ അതു് സംഘർഷപൂരിതമായിരുന്നു എന്നു് അക്കയുടെ കവിതകൾ സാക്ഷ്യപ്പെടുത്തുന്നു. തീർത്തും ഇന്ദ്രിയങ്ങളുടെ തടവുകാരനായിരുന്ന കൌശികനും, മല്ലികാർജ്ജുനനെ മനസാ വരിച്ച അലൌകികയും ദിഗംബരയുമായി അലഞ്ഞു തിരിയുന്ന അക്കയും ഒന്നിച്ചു് ഒരു ജീവിതം സങ്കല്പിക്ക തന്നെ പ്രയാസം. അനേകം വചനങ്ങളിൽ ഈ സംഘർഷവും (ഉദാ: വചനം 114) ശിവനെ തന്റെ രഹസ്യ കാമുകനായി സങ്കല്പിക്കുന്നതിലെ ആനന്ദവും (വചനം 88) തന്റെ ഒരേയൊരു സാധുവായ ഭർത്താവു് മല്ലികാർജ്ജുനൻ ആണെന്ന സൂചനയും (വചനം 283) കാണാം. കൌശികൻ തന്റെ ഇഷ്ടം അടിച്ചേല്പിക്കാൻ ശ്രമിച്ചപ്പോൾ അക്ക അയാളെ മാത്രമല്ല പുരുഷലോകത്തെത്തന്നെ നിരാകരിച്ചു എന്നും ചില വചനങ്ങൾ സൂചിപ്പിക്കുന്നു. സഹോദരരും പിതാക്കളുമാകേണ്ടവർ തന്റെ പിറകേ വരുന്നതിനെക്കുറിച്ചു് അക്ക അവജ്ഞയോടെ സൂചിപ്പിക്കുന്നുണ്ടു്. (വചനം 294). മറ്റു പല ഭക്തരെയും പോലെ അക്കയും ജന്മസ്ഥലവും മാതാ-പിതാക്കളുമായുള്ള ബന്ധവും അറുത്തുകളയുന്നുണ്ടു് (വചനം 102). പുരുഷലോകത്തിനു സ്ത്രീ നൽകുന്ന അവസാനത്തെ ആനുകൂല്യമായ വസ്ത്രങ്ങളും അവൾ ഉപേക്ഷിക്കുന്നു, ഒരു നിഷേധചേഷ്ടയെന്ന നിലയ്ക്കു് തലമുടിയാൽ നഗ്നത മറച്ചു അലഞ്ഞു തിരിയുന്നു. (വചനം 124) ഒടുവിൽ ബസവയും അല്ലമായും നടത്തിയിരുന്ന കല്യാണയിലെ ആശ്രമ പാഠശാലയിൽ അക്ക എത്തിച്ചേരുന്നു.
അല്ലമാ ആദ്യം അക്കയെ സ്വീകരിച്ചില്ല. അവർ തമ്മിലുള്ള സംഭാഷണം ഒരു ഗുരു-ശിഷ്യസംവാദം തന്നെയായിരുന്നു. ആ വന്യസ്ത്രീയോടു് അവളുടെ ഭർത്താവിനെക്കുറിച്ചു ചോദിച്ചപ്പോൾ താൻ എന്നേക്കും ചെന്നമല്ലികാർജ്ജുനന്റെ മണവാട്ടിയാണെന്നായിരുന്നു അക്കയുടെ മറുപടി; ലോകനിരാസത്തിന്റെ അടയാളമായി വസ്ത്രം ഉരിഞ്ഞു കളഞ്ഞിട്ടും എന്തിനു മുടി കൊണ്ടു് നഗ്നത മറയ്ക്കുന്നു എന്ന ചോദ്യത്തിനു്, “പഴം പഴുത്താലേ തോൽ ഉരിഞ്ഞു പോകൂ” എന്നായിരുന്നു അക്കയുടെ സത്യസന്ധമായ മറുപടി—താൻ ആ വൈരാഗ്യഘട്ടത്തിൽ എത്താനിരിക്കുന്നതേയുള്ളൂ എന്നു സൂചന. പതിനഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘ശൂന്യസമ്പാദനെ’ എന്ന ഗ്രന്ഥത്തിൽ ഈ സംവാദം രേഖപ്പെടുത്തിയിട്ടുണ്ടു്. തന്റെ ഉടലിലെ പ്രണയമർമ്മങ്ങൾ കാണിച്ചാൽ സഹോദരർ വ്രണിതരാകും; താൻ സ്വയം ദേവനു സമർപ്പിച്ചു കഴിഞ്ഞു, ഇനി പിന്നാലേ നടക്കേണ്ടാ എന്നു് ഒരു വചനത്തിൽ (183) അക്ക പറയുന്നുണ്ടു്. ഈ അഭിമുഖം കഴിഞ്ഞു് അല്ലമാ മഹാദേവിയെ സന്യാസസംഘത്തിലേയ്ക്കു സ്വീകരിച്ചു.
എന്നാൽ ഭക്തിലഹരിയിൽ അവർ വീണ്ടും അലഞ്ഞു തിരിഞ്ഞു; ശ്രീ ശൈലത്തിൽ തന്റെ പ്രിയനെ കണ്ടെത്തി ആശ്വസ്തയായി. ഈ അന്വേഷണം മുഴുവൻ വചനങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ടു്—അഗമ്യഗമനം, പ്രണയവിരഹം, പ്രണയ സമാഗമം (ഉദാ; യഥാക്രമം 328, 318, 336)—ഇങ്ങിനെ ഇന്ത്യൻ കാവ്യസങ്കല്പത്തിലെ പ്രണയത്തിന്റെ പല ഘട്ടങ്ങളിലൂടെ മഹാദേവി കടന്നു പോകുന്നു. ഇന്ത്യൻ മതേതരകവിതയിലെ പ്രണയാവിഷ്കാര സമ്പ്രദായങ്ങളെ തന്റേതാക്കുകയാണു് അക്ക ചെയ്തതു്. തങ്ങളിൽ ഏറ്റവും കവിത്വമുള്ള ആളായി മഹാദേവിയെയാണു് ശൈവകവികൾ കണ്ടിരുന്നതു്. അവരുടെ കവിതയിൽ പൂവും പഴവും കിളിയും മരവും എല്ലാം സന്നിഹിതമാകുന്നു. ശിവന്റെ തന്നെ ഏറ്റവും സുന്ദരമായ രൂപമാണു് അക്ക ആരാധനയ്ക്കു് തിരഞ്ഞെടുത്തതു്—മല്ലികാമോഹനരൂപൻ. തന്റെ കാലം, സ്ഥലം, ശരീരം—ഈ ബന്ധനങ്ങളോടായിരുന്നു അക്കയുടെ കലഹം. സമൂഹത്തിൽ സവിശേഷമായ ഒരു ‘റോൾ’—മകൾ, ഭാര്യ, വീട്ടുകാരി, അമ്മ—കല്പിക്കപ്പെട്ട സ്ത്രീ എന്ന നിലയിൽ അവർക്കു് അതു് പുരുഷരേക്കാൾ ദുഷ്കരമായിരുന്നു. മുപ്പതു വയസ്സാകും മുൻപേ അക്ക തന്റെ ശിവനിൽ ലയിച്ചു എന്നാണു് ഐതിഹ്യം—തമിഴിലെ ആണ്ടാൾ വിഷ്ണുവിൽ എന്ന പോലെ. ബസവരാജുവിന്റെയും ഏ. കെ. രാമാനുജന്റെയും വചനക്രമമാണു് ഞാൻ പിന്തുടർന്നിട്ടുള്ളതു്. കാവ്യഭംഗി കൊണ്ടു് ഏറ്റവും നല്ല തെരഞ്ഞെടുപ്പും ഏറ്റവും നല്ല പരിഭാഷയുമായി ഞാൻ കരുതുന്ന രാമാനുജന്റെ ‘സ്പീക്കിങ് ഓഫ് ശിവ’ ആണു് എന്റെ പരിഭാഷകളുടെ പ്രധാന ആധാരം; മറ്റു സമാഹാരങ്ങളും നോക്കിയിട്ടുണ്ടെങ്കിലും.
ഭൂമിയിലൊളിപ്പിച്ച
നിധി പോൽ, പഴത്തിലെ
മാധുര്യമെന്ന പോൽ,
പാറയിൽ പൊന്നു പോൽ,
എള്ളിലെയെണ്ണ പോൽ,
തീ വിറകിലെന്നപോൽ
ബ്രഹ്മമസ്തിത്വത്തി-
നുള്ളിലിരിക്കുന്നു
ആരുമറിയാ,
തവൻ,മല്ലികാർജ്ജുനൻ!
(വചനം 2)
നീ ജലത്തിൽ പാലു
പോലെ, പറയുവാ-
നാവില്ല,യെന്തേ
വരുന്നാദ്യമെന്നതും
എന്തേ വരുന്നൂ
പിറകിലെന്നുള്ളതും;
ആരു യജമാന,-
നടിമയാരെന്നതും
ആരു വലു,താരേ
ചെറിയതെന്നുള്ളതും
സ്നേഹിക്കുകിൽ നിന്നെ,
നിന്നെ പ്രകീർത്തിക്കിൽ
നേടുകയില്ലേ
എറുമ്പുകൾ പോലുമേ-
ഭീമമാം ശക്തികൾ,
ഹേ, മല്ലികാർജുന?
(വചനം, 11)
ചേറെന്റെ ദേഹം,
എൻ ദേഹിയാകാശവും:
ഏതെന്റെയാക്കണം,
ദേവ, ഞാനെങ്ങിനെ,
ആരായ് കരുതണം നിന്നെ?
എൻ തൃഷ്ണകൾ
നീളെത്തകർക്കുക,
ഹേ, മല്ലികാർജുനാ!
(വചനം 12)
പട്ടുനൂൽപ്പുഴു സ്വന്തം
മജ്ജയിൽ നിന്നും വീടു
കെട്ടിട്ടും പോലെ, സ്വന്ത-
മുടലിൻ നാരിൽ ചുറ്റി-
ച്ചുറ്റിത്തൻ ശ്വാസം മുട്ടി-
പ്പിടഞ്ഞു ചാവും പോലെ
കത്തുന്നൂ ഞാനും, ജീവൻ
കൊതിക്കും കൊതികളാൽ.
വെട്ടുക പ്രഭോ, ജീവ-
തൃഷ്ണകൾ, പുറത്തേയ്ക്കു
കാട്ടുക വഴി, ചെന്ന-
മല്ലികാർജുനദേവാ!
(വചനം 17)
ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലല്ല
എൺപത്തിനാലുനൂറായിരംയോനിയിൽ
നിന്നു പിറന്നു ഞാൻ, ദുസ്സാദ്ധ്യലോകങ്ങൾ
പിന്നിട്ടു, ആറാടി ദുഃഖസുഖങ്ങളിൽ.
എൻ പൂർവ്വജന്മങ്ങളെന്തുമേയാകട്ടെ
ഇ,ന്നീ ദിനം തന്നെ, യെന്നോടു കാട്ടുക,
നിന്നലിവെൻ മല്ലികാർജ്ജുനദേവ നീ.
(വചനം 18)
കുരങ്ങുകളിക്കാരന്റെ
കുരങ്ങു പോൽ, കെട്ടിയിട്ട
ചരടിന്മേൽ ചലിക്കുന്ന
പാവയെപ്പോലെ,
കളിപ്പിച്ച പോൽ കളിച്ചു,
പറയിച്ച പോൽ പറഞ്ഞു,
നടത്തിയ പോൽ നടന്നു
നിൻ നിഴൽ പോൽ ഞാൻ.
ഉലകത്തിൻ ശില്പീ, ‘മതി
മതി’യെന്നു് പറവോളം
ഇവളോടിയല്ലോ ചെന്ന-
മല്ലികാർജ്ജുന!
(വചനം 20)
ഉടലിനെ നിഴൽ പോലെ
ജീവിതത്തെ ഹൃദയം പോൽ
ഹൃദയത്തെയോർമ്മ പോലെ
ഓർമ്മയെയോ ബോധം പോലെ
മായയെന്നെക്കുഴക്കുന്നൂ
കോലുയർത്തിത്തളിക്കുന്നൂ
കാലികളെപ്പോലെ മായ
ലോകമായ ലോകമൊക്കെ.
ചെന്നമല്ലികാർജുനാ, ആ-
രുണ്ടു് വെല്ലാൻ നിന്റെ മായ?
(വചനം 26)
വരണ്ടൊരു തടാകത്തി-
ന്നടിത്തട്ടിലേയ്ക്കൊഴുകു-
മരുവി പോൽ, ഉണങ്ങിയ
ചെടികളിൽ ചീറിപ്പെയ്യും
മഴ പോലെയവ വന്നു
ഈയുലകിൻ സുഖങ്ങളും
ആ ഉലകിൻ പഥങ്ങളും
കൈകൾ കോർത്തിട്ടെന്നിലേയ്ക്കു
വരുംപോലെയവ വന്നു
പ്രഭുവിന്റെ കാലടികൾ!
അവ കണ്ടെൻ ജീവിതമേ
സഫലമായ് എന്റെ ചെന്ന-
മല്ലികാർജ്ജുനാ!
(വചനം 45)
എന്നെത്തന്നെയറിയാതെ
ഞാൻ കഴിഞ്ഞ നാളുകളിൽ
എങ്ങു പോയിരുന്നു നീ?
എന്റെയുള്ളിൽ, സ്വർണ്ണത്തിലെ
വർണ്ണം പോലെയിരുന്നു നീ!
ചെന്നമല്ലികാർജുനാ ഞാൻ
ഇന്നു കണ്ടു പിടിച്ചല്ലോ
എന്റെയുള്ളിൽ വിരൽ പോലും
ഒന്നു പുറത്തിട്ടിടാതെ
നീയിരിക്കും രഹസ്യം.
(വചനം 50)
എത്രയലഞ്ഞു കിതച്ചു നിന്നെത്തേടി
നിർത്താതെ കാട്ടിലും മേട്ടിലും, കാണുന്ന
വൃക്ഷമോരോന്നിലും, അയ്യാ, വരൂ, വരൂ
കാട്ടുകയെന്നിൽ ദയ, മല്ലികാർജ്ജുനാ!
എത്തിയൊടുവിൽ നിന്നാളുകൾ, അന്നു ക-
ണ്ടെത്തി ഞാൻ നിന്നെ!
ഒളിച്ചിരിക്കുന്നു ക-
ണ്ടെത്തട്ടെ തേടിയെന്നോർത്തി, ട്ടറിവു ഞാൻ.
എങ്കിലും നിന്റെയൊളിയിടമെങ്ങെങ്ങ്,
തന്നാലുമിത്തിരി സൂചനയെങ്കിലും!
(വചനം 60)
തീപ്പൊരി ചിതറട്ടേ,
ഞാൻ കരുതും:
പൈദാഹം മാറീ.
മാനം പെയ്യട്ടേ,
ഞാൻ കരുതും:
നീരായ് നീരാടാൻ
കുന്നുരുൾ പൊട്ടട്ടേ
ഞാൻ കരുതും
പൂവായ് എൻ മുടിയിൽ
എൻ തല വീഴട്ടേ
ഞാൻ കരുതും
നിൻ വഴിപാടായി, അയ്യാ,
മുല്ലമലർ ദേവാ.
(വചനം 65)
ചുകന്നു തിളങ്ങിടും ജട,
വജ്രത്തിൻ മകുടം,
മനോഹരം ചെറുപല്ലുകൾ,
ചിരി പൊഴിക്കും മുഖത്തിലെ മിഴികൾ,
പതിന്നാലു ലോകവും തിളക്കുന്നോർ:
കണ്ടു ഞാനവന്റെയാ മഹത്വം
കണ്ടെൻ കണ്ണിൻ വരൾച്ച ശമിപ്പിച്ചൂ
കണ്ടു ഞാൻ ഗർവ്വിഷ്ഠനാം നാഥനെ
മനുഷ്യരാം മനുഷ്യർ മുഴുവനും
വധുക്കൾ, സ്ത്രീകൾ, മാത്രമായോനെ.
കണ്ടൂ ലോകമൂലമാം ശക്തിക്കൊപ്പം
പ്രേമലീലയിലാണ്ടോരാ മഹാനുഭാവനെ
അവന്റെ നടനത്തിൽ
ജീവിക്കാൻ തുടങ്ങി ഞാൻ.
(വചനം 68)
ജ്വാലയില്ലാത്തൊരു
തീയ്യിൽ ദഹിച്ചു ഞാനമ്മേ
ചോരയിറ്റാതെന്റെ
മേനി മുറിവേറ്റു, അമ്മേ.
മൂർച്ഛയില്ലാതെ
ഞെരിപിരിക്കൊണ്ടുഞാനമ്മേ.
മുല്ല പോലുള്ളോനെ
സ്നേഹിച്ചു വൈചിത്ര്യ-
മാർന്ന ലോകങ്ങളിൽ പോയ് ഞാൻ.
(വചനം 69)
കളകളം പൊഴിക്കുന്ന
കിളികൾതൻ കൂട്ടങ്ങളേ
അറിയില്ലേ അറിയില്ലേ നിങ്ങൾ?
തടാകത്തിന്നരികിലെ
അരയന്നക്കൂട്ടങ്ങളേ,
അറിയില്ലേ, അറിയില്ലേ നിങ്ങൾ?
ഉറക്കനെപ്പാടുന്നൊരു
കുയിലിന്റെ കുലങ്ങളേ
അറിയില്ലേ, അറിയില്ലേ നിങ്ങൾ?
പ്രദക്ഷിണം വെച്ചു താണു
പറക്കും തേനീച്ചകളേ,
അറിയില്ലേ, അറിയില്ലേ നിങ്ങൾ?
മലഞ്ചെരിവുകളിലെ
മയിലല്ലേ. അറിയില്ലേ,
അറിയില്ലേ, അറിയുമോ, പറയൂ
എവിടെ മല്ലികാർജുനൻ
എവിടെന്റെ നാഥൻ, ഒന്നു പറയൂ.
(വചനം 73)
നീ തന്നെ കാടു്,
നീ തന്നെ കാടിന്റെ
പേരു പുകഴ്‌ന്ന മരങ്ങൾ
ആ മരം തോറും
കയറിയിറങ്ങുന്ന
പക്ഷികൾ നീ, നീ മൃഗങ്ങൾ.
എല്ലാം നിറയ്ക്കുവോൻ,
എല്ലാവരും നിറയ്ക്കുന്നവൻ, നീ മുഖ-
മൊന്നെന്നെക്കാണിക്കയില്ലേ?
(വചനം 75)
പുറമേ വെറുതെ ചുറ്റും കഴുകന്
അറിയുവതെങ്ങിനെ തിങ്കളിനെപ്പോൽ
ആകാശത്തിന്നാഴം?
നദിയുടെ കരയിൽ നിൽക്കും പുല്ലിന്
അറിയുവതെങ്ങിനെ താമര പോലാ
നദിയിലെ നീരിന്നാഴം?
അരികിൽ വെറുതേ ചാടിടുമീച്ച-
യ്ക്കറിയുവതെങ്ങിനെ തേൻവണ്ടുകൾ പോൽ
മലരിൻ നിറസൌരഭ്യം?
അറിവതു നീയേ ശരണർ തൻ വഴി,
അറിയുവതെങ്ങിനെ പോത്തിൻ മുതുകിൻ
കൊതുകുകൾ ഭക്തരെ, പ്രിയനേ?
(വചനം 77)
പകലിന്റെ നാലു യാമങ്ങളിൽ നീ വരാൻ
വിരഹിയായ് ഞാൻ വിലപിക്കും
ഇരവിന്റെ നാലു യാമങ്ങളിൽ നിന്നോടു
പ്രണയത്താലുന്മാദിയാകും
പകലിലും ഇരവിലും ഞാൻ നഷ്ടചിത്തയായ്
കഴിയുന്നു രോഗിയായ്, ദേവാ!
നിൻ പ്രേമമെന്നിൽ കിളിർക്കെ മറന്നുഞാൻ
എൻ നിദ്ര, ദാഹം, വിശപ്പും
(വചനം 79)
അവനെന്റെ ഹൃദയം കവർന്നൂ
അവനെന്റെയുടൽ കൊള്ള ചെയ്തൂ,
പകരമായെൻ സുഖം ചോദി-
ച്ചവനെന്നെമുഴുവനെടുത്തൂ.
എൻ മല്ലികാർജ്ജുനദേവ-
ന്നെന്നും ഞാൻ കാമുകിയല്ലോ
(വചനം 88)
കേൾക്കൂ സഹോദരീ കേൾക്കൂ
സ്വപ്നമൊന്നിന്നലെക്കണ്ടൂ
വെറ്റില, നല്ലരി, തേങ്ങാ,
നൽക്കുരുത്തോല, ഞാൻ കണ്ടൂ.
ഭിക്ഷുവെക്കണ്ടൂ, തിളങ്ങും
പല്ലും ജടയുമുള്ളോനെ.
എല്ലാ മതിലും തകർത്തു
പാഞ്ഞവൻ നിൽക്കാതെ പോകെ
പിന്നാലെ പോയിപ്പിടിച്ചാ-
ക്കയ്യു ഞാൻ, കണ്ടൂ പ്രിയനാ-
മയ്യനെ, ഞെട്ടിയുണർന്നൂ.
(വചനം 87)
മറ്റുള്ളയാണുങ്ങൾ മുള്ളാ-
ണേറ്റം മൃദുലമിലയ്ക്കടിയിൽ
ഒക്കില്ലവരെത്തൊടുവാൻ
പറ്റില്ല വിശ്വസിച്ചൊന്നടുക്കാൻ
ഒക്കാ സ്വകാര്യങ്ങൾ പങ്കുവെയ്ക്കാൻ
നെഞ്ചിൽ മുള്ളുള്ളവരെല്ലാം;
ഇല്ല പുണരാൻ പുരുഷരെ ഞാൻ!
മുല്ല പോൽ ലോലം വെളുത്തോ-
രെൻ പ്രിയൻ പോരുമെനിക്കായ്!
(വചനം 93)
നന്മയും തിന്മയും
എന്തെന്നറിവോളം
നിന്നുടൽ കാമത്തിൻ മാംസം,
കോപത്തിൻ സ്വന്തം പ്രദേശം,
ലോഭമൊളിക്കുന്ന മാളം,
തീവ്രവികാരത്തിൻ ഗേഹം,
ഞാനെന്ന ഭാവത്തിൻ വേലി
പൊയ്മുഖം നിന്നസൂയയ്ക്ക്.
ഈയറിവെന്നു നീ നേടും
ഈയറിവെന്നു പൊയ്പ്പോകും
ആ നിമിഷം വരെയില്ലാ
വേറെ വഴികൾ അറിയാൻ
ഹേ! മല്ലികാർജ്ജുന ദേവാ!
(വചനം 104)
അകത്തുണ്ടു കാന്തൻ,
പുറത്തു കാമുകൻ
എനിക്കു വയ്യല്ലോ
പൊറുതിയിങ്ങനെ.
ഇവിടെയീ ലോകം,
അവിടെ ആ ലോകം
എനിക്കു് വയ്യല്ലോ
പൊറുതിയങ്ങനെ.
ഒരു കയ്യിൽ തേങ്ങ,
മറുകയ്യിൽ വില്ല്
ഉരുണ്ടതൊന്നു, നീ-
ണ്ടിരിക്കും മറ്റൊന്നു്,
ഒരു കയ്യിൽ രണ്ടും
എനിക്കു വയ്യല്ലോ
പിടിക്കുവാനയ്യാ!
(വചനം 114)
പഴം പറിച്ചു കഴിഞ്ഞാൽ പിന്നെ
ഇല പോയെന്നാലാർക്കാ ചേതം?
എനിക്കു വേണ്ടാത്തോളുടെ കൂടെ
ആരു കിടന്നാലെന്താ ചേതം?
വെറുതേ വിട്ട നിലത്തിൽ പിന്നെ
ഉഴവാർ ചെയ്താലെന്താ ചേതം?
പ്രിയനെയറിഞ്ഞോരീയുടൽ നായിനു
പ്രിയഭക്ഷണമാം, നീരിൽ മുങ്ങി-
ക്കുതിരാം, അതിലാർക്കെന്തേ ചേതം?
(വചനം 117)
നാളെ വരാനുള്ളതു്
വരട്ടെയിന്നു തന്നെ.
ഇന്നു് വരാനുള്ളതു്
വരട്ടെയിപ്പോൾതന്നെ
ചെന്നമല്ലികാർജ്ജുനാ,
ചൊല്ലരുതേ ഞങ്ങളോടു്
‘പിന്നെ’, ‘ഇപ്പോൾ’-ഇങ്ങിനെ!
(വചനം 119)
പണം പിടിച്ചെടുക്കാം, എ-
ന്നുടലിന്റെ വടിവോ?
ഉടുപ്പെല്ലാമുരിയാം,
ശൂന്യതയുരിയാമോ?
സകലതും മറയ്ക്കും
നഗ്നതയുരിയാമോ?
പ്രിയൻ മല്ലികാർജ്ജുനന്റെ
പുലരി തൻ വെളിച്ചം
അണിയുമീ ലജ്ജയില്ലാ-
ത്തരുണിയ്ക്കു, മഠയാ,
ഉടുപ്പെന്തി,നെന്തിനാണു്
മണിമുത്തിൻ ചമയം?
(വചനം 124)
ഗഗനത്തിൽ നിറയുന്ന
പകലോന്റെ വെളിച്ചം,
ഇളങ്കാറ്റിലിളകിടും
ഇലകളും മലരും,
മരങ്ങളിൽ, വള്ളികളിൽ,
ചെറുകാട്ടിൽ നിറയും
നിറമാറും, ഇതാണെന്റെ
പകലിലെപ്പൂജ.
നറുതിങ്കൾ, താരം, ചെന്തീ,
ഇടിമിന്നൽ വെളിച്ചം,
തിളങ്ങുന്നതൊക്കെയെന്റെ
ഇരവിലെപ്പൂജ.
പകലിലുമിരവിലും
പണിവൂ നിന്നടികൾ,
പ്രിയ മല്ലികാർജ്ജുനാ, ഞാ-
നതിലെന്നെ മറക്കും.
(വചനം 131)
ആണും പെണ്ണുമൊരു പോലെ
ഉടയാടയഴിഞ്ഞാൽ
കുനിയുന്നു നാണം കൊണ്ടു
ചുവക്കുന്നൂ കവിളും.
വെറുതെയീ നാണം, ലോകം
മുഴുവനും മുഴുകി-
ക്കഴിയുമ്പോഴവൻ, ജഗദ്-
പ്രഭു, ജീവനാഥൻ.
ഉലകെല്ലാം പ്രഭുവിന്റെ
മിഴികളായിരിക്കെ,
സകലതു,മെവിടെയു-
മവൻ നോക്കിയിരിക്കെ,
മറയ്ക്കുവാ, നൊളിക്കുവാൻ
നിനക്കെന്തു കഴിയാൻ?
(വചനം 184)
വിശപ്പിനു ഭിക്ഷാപാത്രം
നിറച്ചു നാട്ടിലെയരി,
കുടിക്കുവാൻ കുളങ്ങളു-
ണ്ടരുവികൾ, കിണറുകൾ
ഉറക്കത്തിനുണ്ടെമ്പാടും
പൊളിഞ്ഞ ക്ഷേത്രങ്ങൾ നീളെ
സുഹൃത്തായെന്നാത്മാവിനു
പ്രിയപ്പെട്ട ഭഗവാനും.
(വചനം 199)
വീട്ടിൽ നിന്നു വീട്ടിലേക്കു
ഭിക്ഷ തേടാൻ വിടുകെന്നെ;
ഭിക്ഷ യാചിക്കുമ്പോൾ തരാ-
തിരിക്കട്ടെയവരൊന്നും;
തന്നുവെന്നാൽ വീണു പോട്ടേ
മണ്ണിലതു മുഴുവനും;
മണ്ണിൽ വീണാൽ ഞാനെടുക്കും
മുൻപു നായെടുത്തു് പോട്ടേ
ചെന്നമല്ലികാർജ്ജുനാ!
(വചനം 200)
അറയൊന്നു തുറക്കുവാൻ
ഒടുവിലാപ്പണക്കാരൻ
ഒരുങ്ങുമ്പോഴേക്കും പ്രാണ-
നൊടുങ്ങിപ്പോം ദരിദ്രനു്!
ഇതോ വിധിയെനിക്കുമെൻ
പ്രഭോ നിന്റെ പരീക്ഷണം
പല കുറി നടത്തുമ്പോൾ?
മുറിവുണങ്ങിടും വരെ
കൊടുങ്കാറ്റിലൊരു പോത്ത്
അടി തെറ്റിപ്പറക്കുമ്പോൽ!
കരുണയെങ്ങിനെ കാട്ടു-
മിവളോടു്, പറഞ്ഞാലും
ശിവ, മല്ലികാർജ്ജുനാ, നീ!
(വചനം 201)
നെല്ലിനു പകരം
പതിരു വിതച്ചാൽ
എങ്ങിനെ വളരാൻ,
നെല്ലതിൽ വിളയാൻ,
പുണ്യജലത്തിൽ
നനച്ചെന്നാലും?
അവിവേകികൾ ചിലർ
നിയമം നോക്കും,
അതുകൊണ്ടെങ്ങിനെ
മമതകൾ വിട്ടവർ
മോദം നേടാൻ?
നറുമണമങ്ങിനെ പാറി നടക്കും
ഒരിടത്തെങ്ങിനെയതു തങ്ങീടാൻ?
അയ്യനെ, എന്നുടെ മല്ലീനാഥനെ
അറിയാത്തോർക്കെന്തറിയാനവനുടെ
പല പല വഴികള്‍?
(വചനം 203)
വൃക്ഷമായ വൃക്ഷമൊക്കെ-
സ്സർവ്വതും തരുന്നോർ,
നാട്ടുവഴിച്ചെടിയെല്ലാ-
മത്ഭുതൌഷധങ്ങൾ
കല്ലുകളോ ലോഹമൊക്കെ-
സ്സ്വർണ്ണമാക്കും കല്ല്
ഞാനലയുമേതു നാടും
പാവനമാം കാശി
വെള്ളമായ വെള്ളമെല്ലാം
ദൈവികമാമമൃത്
ജീവിയെല്ലാം സ്വർണ്ണമൃഗം,
കാൽ തടഞ്ഞു വീഴും
കല്ലുകളോ, ആഗ്രഹിപ്പ-
തെല്ലാം നൽകും കല്ല്
ചെന്ന മല്ലികാർജ്ജുനന്റെ
കുന്നു ചുറ്റി നടക്കുമ്പോൾ
ചെന്നു കേറിയതോ വാഴ-
പ്പഴത്തോട്ടത്തിൽ
(വചനം 274)
സുന്ദരനെയെനിക്കിഷ്ടം
ഇല്ലവന്നു മൃത്യു,
ഇല്ല പ്രായം, ഇല്ല രൂപം
ഇല്ല സ്ഥാനം, ദിക്കും
ഇല്ല പെറ്റ മറുകൊന്നും
ഇല്ലവന്നൊരന്ത്യം
എന്റെയിഷ്ടക്കാരനവൻ
ഒന്നു് കേൾക്കുകമ്മേ.
മോഹനനെയെനിക്കിഷ്ടം
പേടിയില്ല, കെട്ടുപാടും;
ദേശമില്ല, ഗോത്രമില്ല,
ആ മധുരമുഗ്ദ്ധതയ്ക്കു
ദേശചിഹ്നമില്ലാ.
മുല്ല പോൽ വെളുത്തൊരയ്യൻ
എന്റെ വരൻ, അമ്മേ,
കൊണ്ടു പോവൂ ചത്തുചീയു-
മീ വരന്മാരെല്ലാം
നിന്നടുപ്പിൻ തിയ്യിനുള്ള
നല്ല തീറ്റയാവും!
(വചനം 283)
മുടിയഴിച്ചു മുഖം വാടി
ഉടലൊട്ടിയ പെണ്ണിവളോ-
ടെന്തിനുടപ്പിറന്നോരേ
കൊഞ്ചി നിൽപ്പതിങ്ങിനെ?
അവയവങ്ങൾക്കില്ല ശേഷി,
ഇളകിയാടിടും മനസ്സു്,
ഉലകു തന്നെ വേണ്ടിവൾക്കു്
മല്ലികാർജ്ജുനന്റെ കൂടെ-
യല്ലയോ കിട,പ്പതിനാൽ
ഇല്ലിവൾക്കു് ജാതിയും.
ശിവശരണ പെണ്ണിവളെ
വെറുതെ വിടു പിതാക്കളെ!
(വചനം 294)
കൂട്ടംതെറ്റിപ്പിടിയിൽ പെട്ടൊരു കരിവീരനു
പെട്ടെന്നോർമ്മയിലവന്റെ വിന്ധ്യൻ തെളിയുംപോൽ
ഓർക്കുന്നൂ ഞാൻ.
കൂട്ടിൽ പെട്ടൊരു തത്ത ഇണയെ-
പ്പെട്ടെന്നോർക്കുമ്പോൽ
ഓർക്കുന്നൂ ഞാൻ.
കാട്ടുകെനിക്കൊരു വഴിയെൻ ദേവാ
തൊട്ടു വിളിക്കുകയെന്നെ: “വരൂ,
കുട്ടീ, വരികീവഴി, ഈ വഴി പോരൂ.”
(വചനം 313)
ചന്ദ്രകാന്തത്തിൻ മെതിയടിയിൽ
ഇന്ദ്രനീലത്തിൻ മലയിലേറി
കൊമ്പു വിളിച്ചു സവാരി ചെയ്യും
എൻ ശിവാ, എന്നു ഞെരിച്ചമർത്തും
നിന്നെ ഞാനെന്റെ മുലക്കുടത്തിൽ?
എന്നുടലിൻ നാണം വിട്ടെറിഞ്ഞും
എൻ മനത്തിൻ ലജ്ജയൊട്ടുരിഞ്ഞും
എൻ മല്ലികാർജ്ജുനാ, നിന്നൊടൊപ്പം
എന്നു ഞാൻ ചേരുമലിഞ്ഞു ദേവാ?
(വചനം 317)
മുന്നണിയിൽ പോരിനു
പോകാതെവയ്യയെന്നവൻ
ചൊല്ലുകിൽ മനസ്സിലാക്കു-
മെന്മനം, പ്രശാന്തമാം.
എങ്കിലുമെൻ കൈകളിലും
ഉള്ളിലും അവനിരിക്കെ
എന്നിൽ രമിക്കില്ലവൻ, ഞാ-
നെങ്ങിനെ സഹിക്കുവാൻ?
എൻ മനമേ, പോയ നാളി-
ന്നോർമ്മകളേ, ഇന്നവനെ
യെന്നരികിൽക്കൊണ്ടു വരാൻ
നിങ്ങൾ തുണയ്ക്കില്ല, ഞാന-
തെങ്ങിനെ സഹിക്കുവാൻ?
(വചനം 318)
പെറാത്തോളറിയുമോ
പേറ്റുനോ, വറിയുമോ
പോറ്റമ്മയ്ക്കൊരമ്മ തൻ
ശ്രദ്ധയും വാത്സല്യവും?
മുറിവിൻ നോവെങ്ങിനെ-
യറിയാൻ മുറിയാത്തോൻ?
പ്രിയനേ, നിൻ പ്രേമത്തിൻ
വാൾമുന കൊണ്ടെൻ മാംസം
പിളരുമ്പോൾ ഞാൻ നീറി-
പ്പിടയും കൊടുംനോവ-
തറിയാനാവില്ലല്ലോ
ശിവനേ, ഒരമ്മയ്ക്കും.
(വചനം 310)
ഹൃദയം തല കീഴായ്
ദുഃഖത്താൽ, തീയാളുന്നൂ
ഇളംകാറ്റിലും, വെയിൽ
പോൽ നിലാവിനു പൊള്ളൽ.
നഗരത്തിലെ കരം
പിരിക്കുന്നവനെപ്പോൽ
അവിടെ, യിവിടെ ഞാൻ
അസ്വസ്ഥം നടക്കുന്നൂ
പ്രിയ തോഴി, നീ പോകൂ,
പറയുകവനോടു്,
അവനെ സുബോധത്താ-
ലുണർത്തിക്കൂട്ടിക്കൊണ്ടു
വരിക, പിണക്കത്തി-
ലാണവൻ, ഇരുവരായ്
ഇരിക്കയാലേ ഞങ്ങൾ.
(വചനം 321)
എൻ പ്രിയനിന്നു വരുന്നൂ വീട്ടിൽ,
അണിയുകയാടകൾ, ആഭരണങ്ങൾ
മുല്ല കണക്കു വെളുത്തവനിപ്പോൾ
വന്നീടാം, ഇനിയേതൊരു ഞൊടിയും
വരു വരു പ്രിയതോഴികളേ,യവനെ
പ്പടിയിൽ ചെന്നിനി വരവേൽക്കുക നാം.
(വചനം 322)
അവൻ വരുമെന്നു്
പടിക്കലേയ്ക്കു ഞാൻ
മിഴിയയക്കുന്നു,
വരുന്നതില്ലവൻ
കരഞ്ഞു ഞാനിതാ
മെലിഞ്ഞു പോകുന്നു
അവൻ വൈകും തോറും
വെറും എല്ലാകും ഞാൻ.
അവനൊരു രാത്രി
അകലെയെങ്കിലോ
പുണരുവാനൊന്നും
കിടയാത്തോരിണ-
ക്കിളി പോൽ ഞാനമ്മേ.
(വചനം 323)
എപ്പൊഴും കണ്ടിണചേരുന്നതേക്കാളു-
മെത്രയോ നന്നൊരുവട്ടമിണ ചേർന്നു
പെട്ടെന്നകന്നു പിരിഞ്ഞിരിക്കുന്നതു്!
ദൂരെയവനെങ്കിൽ വയ്യ കാത്തീടുവാൻ
കേവലമൊറ്റ നോട്ടത്തിനായ്.
മിത്രമേ,
ആവുമെനിക്കെന്നു രണ്ടുമൊരുമിച്ചു
ജീവിക്കുവാൻ, അവനോടൊത്തിരിക്കുവാൻ,
തീരെയകന്നുമേ, എൻ മല്ലികാർജ്ജുനാ!
(വചനം 324)
മായ എന്നമ്മായിയമ്മ;
ലോകമെന്നമ്മായിയച്ഛൻ;
മൂന്നു സ്യാലന്മാർ പുലി പോൽ
എൻ കണവന്റെ കിനാവിൽ
എന്നും ചിരിക്കുന്ന സ്ത്രീകൾ
ഇല്ലൽപ്പം ദൈവവിചാരം.
വയ്യെന്റെ ഏട്ടത്തിയമ്മ
തൻ മുന്നിൽ പോകുവാൻ പോലും
ഇപ്പെണ്ണിൻ കണ്ണു വെട്ടിച്ചും
വേട്ടോനെയൊന്നു പറ്റിച്ചും
പോകുമെന്നീശൻ ഹരന്റെ
കൂടെ രമിക്കുവാനായ് ഞാൻ.
എൻ മനസ്സാണെന്റെ തോഴി,
എന്നുമവൾ തൻ ദയയാൽ
എൻ പ്രിയനോടു ഞാൻ ചേരും
പർവ്വതശൃംഗത്തിൽ വാഴും
എൻ മനോമോഹനന്നൊപ്പം.
എൻ മല്ലികാർജ്ജുനനെത്താൻ
എൻ പതിയായ് ഞാൻ വരിക്കും.
(വചനം 328)
പ്രേമത്തിന്നത്ഭുത മാർഗ്ഗം
കാണൂ: ഒരമ്പു നീ എയ്താൽ
താണു പോകേണമതാകെ,
കാണാതെ തൂവലൊരെണ്ണം.
നീയുടലൊന്നു പുണർന്നാൽ
ആകെ ഞെരിഞ്ഞമരേണം
ആ ഉടലിന്റെയെല്ലെല്ലാം.
പാടേയുരുക്കി ഞാൻ ചേർത്താൽ
പാടില്ലടയാളമൊന്നും.
(വചനം 336)