പുഴ മുഴുവനും കര കുടിക്കുമ്പോൾ
വിളവുകൾ വേലി വിഴുങ്ങിത്തീർക്കുമ്പോൾ
കളവു വീട്ടിന്റെയുടമ ചെയ്യുമ്പോൾ
മുലപ്പാലിൻ വിഷം ശിശുവെക്കൊല്ലുമ്പോൾ
പരാതിയാരോടു പറയുവാനയ്യാ?
(വചനം 7)
മദ്ധ്യയുഗ കന്നഡ സാഹിത്യത്തിന്റെ കാലം ക്രിസ്ത്വബ്ദം പന്ത്രണ്ടാം നൂറ്റാണ്ടു് മുതൽ ഏഴു നൂറ്റാണ്ടോളമാണെന്നു് പൊതുവേ കണക്കാക്കപ്പെടുന്നു. ചാലൂക്യ, കാളചൂര്യ, ഹോയ്സല രാജവംശങ്ങളുടെ ഉദയവും പതനവും കൊണ്ടാണു് ചരിത്രകാരന്മാർ ഈ യുഗത്തിന്റെ ആദ്യത്തെ രണ്ടു നൂറ്റാണ്ടുകളെ രേഖപ്പെടുത്തുക പതിവു്. പിന്നീടാണു് വിജയനഗര സാമ്രാജ്യം പുഷ്ടി പ്രാപിച്ചതും ബീജാപ്പൂരിലെ ബാഹ്മണി സുൽത്താനേറ്റ് ഉയർന്നു വന്നതും. കാളചൂര്യ-വിജയ നഗര സാമ്രാജ്യങ്ങളുടെ പ്രഭാവകാലത്താണു് കന്നഡ ഭാഷയും സാഹിത്യവും വലിയ പരിവർത്തനങ്ങൾക്കു് സാക്ഷ്യം വഹിച്ചതു്. ഭാഷയെ കൊട്ടാരശൈലിയിൽ നിന്നു മോചിപ്പിച്ചതു് അക്കാലത്തെ ഭക്തി കവികളാണു്. പഴയ, ഉദാത്ത ശൈലിയിൽ എഴുതപ്പെട്ട, മഹാകാവ്യങ്ങളെക്കാൾ വചന-കീർത്തന സാഹിത്യം ജനങ്ങൾക്കിടയിൽ പ്രചാരം നേടി. ചമ്പുക്കളും സംസ്കൃത വൃത്തങ്ങളും കവികൾ അധികം ഉപയോഗിക്കാതായി, ഷഡ്പദി, ത്രിപാദി, സാംഗത്യ മുതലായ ലളിതമായ ഭാഷാവൃത്തങ്ങൾ പ്രചാരം നേടി.
ഭക്തികാലം ഒരു പാടു് ചീത്ത കവിതകൾക്കും ജന്മം നല്കാതിരുന്നില്ല, പക്ഷേ, (ശൈവ) വചനകാരരും (വൈഷ്ണവ) ഹരിദാസരുമായ കുറെ നല്ല കവികളും കുമാരവ്യാസനെപ്പോലുള്ള മഹാകവികളും ഇക്കാലത്തു തന്നെയാണു് ഉണ്ടായതു്. ഇവരിൽ ‘ശിവശരണർ’ എന്നറിയപ്പെടുന്ന വീരശൈവകവികളാണു് വർണ്ണ-ജാതി വ്യവസ്ഥയെ അടിസ്ഥാനപരമായിത്തന്നെ ചോദ്യം ചെയ്തതു്. സാമൂഹ്യഘടനയെ മാറ്റാൻ കഴിഞ്ഞില്ലെങ്കിലും ചോദ്യം ചെയ്യാനും പിടിച്ചു കുലുക്കാനും അവർക്കു കഴിഞ്ഞു. ബസവയെപ്പോലുള്ളവർ ലിംഗ-വർണ്ണ വിവേചനങ്ങളില്ലാത്ത ചെറിയ സമാന്തരസമൂഹങ്ങൾ തന്നെയുണ്ടാക്കി. ബ്രാഹ്മണാധിപത്യത്തെ അവർ അസ്വസ്ഥമാക്കി. പന്ത്രണ്ടാം നൂറ്റാണ്ടിലാണു് ബസവണ്ണ, അല്ലാമ പ്രഭു, അക്ക മഹാദേവി, സിദ്ധരാമ, ദാസിമയ്യാ, മാച്ചിദേവ, ഗംഗാംബികെ, ചൌഡയ്യാ തുടങ്ങിയ കവികൾ ‘വചന’ കാവ്യരൂപത്തിനു പിറവി നൽകിയതു്. വൃത്തനിയമങ്ങൾ പാലിക്കാത്ത, എന്നാൽ ചില താളങ്ങളും പ്രാസങ്ങളും നില നിർത്തുന്ന, ചൊല്ലുകയും പാടുക പോലും ചെയ്യാവുന്ന ഒരു കാവ്യ രൂപമായിരുന്നു ‘വചനം’. അവ മിക്കവാറും സംവാദങ്ങളുടെ രൂപത്തിൽ ആയിരുന്നു. പല ക്ഷേത്രങ്ങളിലുമുള്ള ശിവനോടു്—അല്ലെങ്കിൽ ഒരു സുഹൃത്തിനോടു്, സോദരനോടു്—നടത്തുന്ന സംസാരം, വലിയ മൂല്യങ്ങളും തത്വങ്ങളും ലളിതമായി സംവേദനം ചെയ്യുന്ന രീതിയായിരുന്നു ഈ ശൈവകവികളുടേതു്.
ബസവ (‘അണ്ണാ’ എന്നു് ആദരവോടെ ചേർക്കുന്നതാണു്, മഹാദേവിയെ ‘അക്കാ’ എന്നു് പറയും പോലെ തന്നെ) 1106-ൽ ജനിക്കുകയും 1167-ലോ 68-ലോ മരിക്കുകയും ചെയ്തു എന്നാണു പണ്ഡിതമതം. മാതാപിതാക്കൾ ചെറുപ്പത്തിലെ മരിച്ചതിനാൽ ബാഗേവാഡിയിലെ മാഡിരാജാ, മാഡാംബികെ എന്നിവർ ബസവയെ വളർത്തി, സംസ്കൃതം പഠിപ്പിച്ചു. പതിനാറു വയസ്സിൽ തന്നെ തന്റെ ജീവിതം ബസവ ശിവന്നു സമർപ്പിച്ചു. ജാതിവ്യവസ്ഥയും ആചാരങ്ങളും അദ്ദേഹത്തെ മടുപ്പിച്ചു. തന്റെ പൂണുനൂൽ വലിച്ചു പൊട്ടിച്ചു പിതൃക്കളുടെ പാപത്തിൽ നിന്നു് മോചനം നേടി. വളർന്ന നാടുവിട്ടു ഭ്രാന്തനെപ്പോലെ അലഞ്ഞു, നദികളുടെ സംഗമസ്ഥലമായ ‘കപ്പടിസംഗമ’ എന്ന സ്ഥലത്തെത്തി, അവിടത്തെ ദേവൻ, കൂടലസംഗമ ദേവൻ (ശിവൻ തന്നെ) അദ്ദേഹത്തിന്റെ ആരാധനാമൂർത്തിയായി. അവിടെ വെച്ചു് ഒരു ഗുരുവിനെ കണ്ടെത്തി വേദങ്ങൾ പഠിച്ചു. ഐതിഹ്യം പറയുന്നതു് ശിവൻ ഒരു സ്വപ്നത്തിൽ വന്നു ബസവയോടു ബിജ്ജള രാജാവിനെ കാണാൻ പറഞ്ഞെന്നും, സമ്മതമില്ലാതിരുന്ന ബസവയ്ക്കു് ശിവൻ തന്റെ വാഹനമായ നന്ദിയുടെ വായിലൂടെ ഒരു ശിവലിംഗം നൽകി എന്നും അപ്പോൾ അദ്ദേഹം സ്ഥലമുക്തനായി എന്നുമാണു്. അങ്ങിനെ അദ്ദേഹം കല്യാണ എന്ന സ്ഥലത്തെത്തി തന്റെ അമ്മാവന്റെ മകളെ—ഗംഗാംബികെ—വിവാഹം ചെയ്തു, ആ അമ്മാവൻ, ബലദേവൻ, രാജാവിന്റെ മന്ത്രിയായിരുന്നു. ബലദേവൻ മരിച്ചപ്പോൾ ബസവ ബിജ്ജളന്റെ മന്ത്രിയായി. കല്യാണ ഇതോടെ ഒരു പുണ്യസ്ഥലമായി. തന്റെ ഔദ്യോഗികമായ ചുമതലകളും ഭക്തിയും ഒന്നിച്ചു കൊണ്ടുപോകുന്നതിലെ വിഷമം ചില കവിതകളിൽ ബസവ ആവിഷ്കരിക്കുന്നുണ്ടു്. പക്ഷേ, തന്റെ പദവി അദ്ദേഹം ഭക്തർക്ക് ധർമ്മം നല്കാനും ദരിദ്രരെ പരിരക്ഷിക്കാനും ഉപയോഗിച്ചു; ക്രമേണ കല്യാണയിൽ മത-വർണ്ണ-ജാതി-ലിംഗ ശ്രേണികൾ ഒന്നും അംഗീകരിക്കാത്ത ഒരു സമുദായം വളർത്തിയെടുത്തു. ഇതിൽ അസ്വസ്ഥരായ ബ്രാഹ്മണർ രാജാവിനോടു് അപവാദങ്ങൾ പറഞ്ഞു വിശ്വസിപ്പിച്ചു. അതിനിടെ ഒരു ‘താഴ്‌ന്ന’ ജാതിക്കാരനും, ബ്രാഹ്മണ വിശ്വാസം ഉപേക്ഷിച്ച ഒരു സ്ത്രീയും തമ്മിലുള്ള വിവാഹം ബസവ നടത്തിക്കൊടുത്തു. ഇതു് ബ്രാഹ്മണർക്കു് തീരെ സഹിച്ചില്ല. അവരുടെ പ്രേരണയ്ക്കു വഴങ്ങി രാജാവു് വരനെയും വധുവിനെയും വധശിക്ഷയ്ക്കു വിധിച്ചു. അതോടെ വീരശൈവർ ബ്രാഹ്മണർക്കും രാജാവിന്നുമെതിരെ തിരിഞ്ഞു, അവർ ആയുധമെടുത്തപ്പോൾ അഹിംസാ വിശ്വാസിയായ ബസവ അവരെ വിലക്കി. പക്ഷേ, തീവ്രവാദികളായ യുവാക്കൾ രാജാവിനെ കുത്തിക്കൊന്നിട്ടേ അടങ്ങിയുള്ളൂ. എങ്കിലും, ബസവ തന്റെ ആദർശങ്ങളുമായി മുന്നോട്ടു പോയി ഒരു സമത്വാധിഷ്ഠിത സമുദായം നിർമ്മിച്ചു. ജാതി, ആചാരം, വിലക്കുകൾ ഇവയുടെ നിർമ്മാർജനം, അദ്ധ്വാനമാണു് മോക്ഷം (കായകവേ കൈലാസ) എന്ന തത്വം, ശിവനിലുള്ള സമർപ്പണം ഇവയായിരുന്നു ഈ സമുദായത്തിന്റെ മൂലതത്വങ്ങൾ. (വീരശൈവമതം ഹിന്ദുമതമല്ല എന്നു് പ്രഖ്യാപിച്ചതിനാണു് എം. എം. കാൽബുർഗി അല്പം മുൻപു് കൊല്ലപ്പെട്ടതു് എന്നു കൂടി പറയട്ടെ.)
വചനരൂപം പരിഭാഷ ചെയ്യുക എളുപ്പമല്ല. മൂലം കവിസുഹൃത്ത് ശിവപ്രകാശിൽ നിന്നു് ചൊല്ലിക്കേട്ടും, ഗായകർ പാടുന്നതു് കേട്ടുമാണു് ഞാൻ ചില രീതികളിൽ എത്തിച്ചേർന്നതു്. കഴിയുന്നത്ര സരളമായ പദങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടു്. പ്രധാനമായും എ. കെ. രാമാനുജന്റെയും ശിവപ്രകാശിന്റെയും പരിഭാഷകളെയാണു് ആശ്രയിച്ചിട്ടുള്ളതു്. ‘കൂടലസംഗമ ദേവാ’ എന്ന ശിവസംബോധന കഴിവതും അതു പോലെ നിർത്തിയിട്ടുണ്ടു്, ചിലയിടത്തു് മഹാദേവാ, സംഗമദേവാ എന്നും ഉപയോഗിച്ചിരിക്കുന്നു. ‘ലോഡ്’ എന്ന ഇംഗ്ലീഷ് പദം, മൂലത്തിൽ ‘അയ്യാ’ എന്നാണു്, അതു് അതേ പടി ഉപയോഗിച്ചിരിക്കുന്നു.
ആന വലിയതു്, എന്നാൽ പറയില്ല-
യാരുമീ പാപ്പാന്റെ തോട്ടി
തീരെച്ചെറുതെന്നെന്നയ്യാ.
മാമല കൂറ്റൻ, എന്നാലും പറയില്ല-
യാരുമിടിമിന്നലിന്നു
നീളം കുറവാണെന്നയ്യാ.
കൂരിരുളെത്ര വിശാലം, പറയില്ല-
യാരുമിക്കൊച്ചു വിളക്കും
തീരെച്ചെറുതെന്നെന്നയ്യാ
വിസ്മൃതി വിസ്തൃതം, പക്ഷേ, നിന്നെ-
യോർക്കും ഹൃദയം ചെറുതെ-
ന്നെത്ര പേർ ചൊല്ലിടുമയ്യാ,
കൂടലസംഗമദേവാ?
(വചനം 3)
അടുപ്പു കത്തുമ്പോൾ
അടുത്തു നിന്നിടാം,
ഉലകം കത്തുമ്പോൾ
എവിടെപ്പോവും നാം?
പുഴ മുഴുവനും കര കുടിക്കുമ്പോൾ
വിളവുകൾ വേലി വിഴുങ്ങിത്തീർക്കുമ്പോൾ
കളവു വീട്ടിന്റെയുടമ ചെയ്യുമ്പോൾ
മുലപ്പാലിൻ വിഷം ശിശുവെക്കൊല്ലുമ്പോൾ
പരാതിയാരോടു പറയുവാനയ്യാ?
(വചനം 7)
കാണുക തിരതിരയായ് സംസാരം
ഓളംകൊള്ളുവതെന്നുടെ കവിളിൽ
എന്തിനു പൊങ്ങണമതു നെഞ്ചോളം
എന്തിന്നിപ്പോൾ എൻ കുരലോളം?
എന്റെ ശിരസ്സിനു മേലതുയർന്നാൽ
അയ്യാ, മിണ്ടുവതെങ്ങിനെ നിന്നോ,-
ടയ്യാ, കേൾക്കെൻ നിലവിളി, അയ്യാ,
കൂടലസംഗമദേവാ!
(വചനം 8)
ദിവസം തോറും തിങ്കളിനെപ്പോൽ
ഇവനും ചേർത്തൊരു പാളി വെളിച്ചം
നരനെത്തിന്നും സംസാരത്തിൻ
രാഹുവിതാ വന്നെന്നെ വിഴുങ്ങീ
ഇന്നെന്നുടലിൻ വൃദ്ധിക്ഷയമായ്,
എന്നിനി നേടാനയ്യാ മുക്തി
കൂടലസംഗമദേവാ!
(വചനം 9)
ചന്ദ്രോദയം:
വേലിയേറ്റംകടലിനു്;
ചന്ദ്രക്ഷയം:
കടൽ വേലിയിറക്കമായ്.
ചന്ദ്രനെ രാഹു മറച്ചിടുമ്പോൾ കടൽ
വല്ലാതലറിടാറുണ്ടോ?
ഉഗ്രതപസ്വി കടൽ
കുടിക്കുമ്പൊഴാ-
ച്ചന്ദ്രൻ തടഞ്ഞിടാറുണ്ടോ?
ആർക്കുമില്ലാരും, പതിതർക്കു പോകുവാൻ
ഓർക്കുകിൽ വേറിടമില്ലാ,
നീ കേവലം ജഗദ് ബന്ധു, ഹേ, കൂടല
സംഗമ ദേവ, നീ മാത്രം.
(വചനം 11)
തൃഷ്ണ തൻ പച്ചപ്പു-
ല്ലെൻ പിതാവേ മുൻപി-
ലിത്രയുമെന്തേ വിരിച്ചൂ?
എന്തറിയാം പശു-
വി,ന്നതു പോകുന്നു
എന്നുമീപ്പച്ചയെത്തേടി
തൃഷ്ണയിൽ നിന്നെന്നെ
മുക്തനാക്കീടുവാൻ
ഭക്തിരസം കുടിപ്പിക്കൂ.
ശുദ്ധമാം ജ്ഞാനത്തിൻ
നീരിൽ കുളിപ്പിക്കൂ
രക്ഷിക്കൂ, സംഗമദേവാ!
(വചനം 14)
അയ്യാ, നീ ഞാനറിയാതമ്മ-
വയറ്റിൽകൂടി, വിചിത്രം പല പല
യുലകിൽ കൂടി, വരുത്തീയെന്നെ
ജനനം കുറ്റം താനോ, അയ്യാ?
ഒരു കുറി മുൻപേ ജന്മമെടുത്തൂ
അതു മാപ്പാക്കൂ, വാക്കു തരുന്നൂ
ഇനിയൊരു ജന്മമെനിക്കില്ലെന്നായ്
കൂടലസംഗമദേവാ!
(വചനം 21)
മരമുകളേറിയ വാനരനെപ്പോൽ
അതു ചാടുന്നൂ കൊമ്പിൽ കൊമ്പിൽ:
എങ്ങിനെയിങ്ങിനെയെരിയും ഹൃത്തിൽ
ഇന്നിവനുണ്ടാകും വിശ്വാസം?
എന്നെപ്പരമപിതാവിൻ വീട്ടിൽ
ചെല്ലാൻ സമ്മതമേകുകയില്ലതു,
കൂടലസംഗമ ദേവാ!
(വചനം 33)
മിണ്ടിക്കാം പാമ്പു കടിച്ചവരെ,
മിണ്ടിക്കാം പ്രേതം ബാധിച്ചവരെ
മിണ്ടിക്കാനാവില്ലെന്നാൽ, സോദര,
സമ്പത്തു തലയ്ക്കു പിടിച്ചവരെ.
മാന്ത്രികനാം ദാരിദ്ര്യം വന്നെത്തുമ്പോൾ
മിണ്ടാൻ തുടങ്ങുമവരും,
കൂടലസംഗമദേവാ!
(വചനം 35)
ഒരു മുയലിനു മേൽ ചങ്ങലയൂരീ-
ട്ടൊൻപതു വേട്ടപ്പട്ടിയെ വിട്ടി-
ട്ടുടലിന്നാർത്തികളാർത്തു വിളിപ്പൂ,
വേഗം, പോട്ടേ, വേഗം, ഊം, ഊം,
ഇഷ്ടം പോലെ നടക്കട്ടേ, ഊം,
മനമതിനാർത്തികളാർത്തു വിളിപ്പൂ
എങ്ങിനെയെത്തും നിൻ സവിധത്തിൽ
ഇന്ദ്രിയമോഹത്തിന്റെ പെൺപട്ടിക-
ളെന്നെ സ്പർശിക്കും മുൻപേ,
പിടി കൂടും മുൻപേ,
കൂടലസംഗമദേവാ?
(വചനം 36)
ദേവലോകം, അതു വേറെയെന്നോ
മാനവരുടെ ലോകത്തിൽ നിന്നും?
ഈ ലോകത്തിന്നകത്തുണ്ടു് വേറെ-
യേറെലോകങ്ങളെത്ര, അനന്തം!
എത്രയുണ്ടു് ശിവന്നു ഗുണങ്ങൾ
അത്രയുണ്ട് ശിവന്റെ ലോകങ്ങൾ.
ദേവതയുള്ളിടത്താണു ഭക്തൻ,
പാവനം കാശി ഭക്തന്നു മുറ്റം.
ഈ ശരീരമാം കൈലാസമല്ലോ
നേരായുള്ളതു്, സംഗമദേവാ!
(വചനം 47)
നീ വലുതേ ലോകത്തോളം,
വലുതേയാകാശത്തോളം
വലു,തതിലും വലുതായ്
പരമപവിത്രം നിൻ കാലടികൾ
പാതാളത്തോളം,
വലുത,തിലും വലുതായ് നിൻ മകുടം
ബ്രഹ്മാണ്ഡത്തോളം
ഹാ, പ്രഭു, കൂടലസംഗമലിംഗ,
നീ അജ്ഞേയൻ, അതുല്യൻ,
അനനുഭവവേദ്യൻ
ചെറുതായ് ചെറുതായ്
ഇന്നെന്നുള്ളംകയ്യിലിരിക്കുന്നൂ!
(വചനം 48)
കല്ലിന്റെ സർപ്പത്തെ
ക്കണ്ടാലവർ ചൊല്ലും
ചങ്ങാതീ, ‘പാലു കൊടുക്കൂ’
ജീവിക്കും സർപ്പത്തെ
ക്കണ്ടാലവർ ചൊല്ലും
ചങ്ങാതീ, ‘പാമ്പാണു്, കൊല്ലൂ’
ജീവിച്ചിരിപ്പവൻ
ആഹാരം ചോദിച്ചാൽ
‘പോ പുറത്തെ’ന്നു പറയും
മൂകം ശിവലിംഗം
കാണുകിൽ ചങ്ങാതീ,
‘ചോറു നൽകെ’ന്നു കൽപ്പിക്കും
കൂടല സംഗമ-
ദേവന്റെയാളിനെ-
ക്കാണുമ്പോൾ വാതിലടയ്ക്കും
കല്ലേറുകൊണ്ടൊരു
മൺകട്ട പോലവർ
ചിന്നിച്ചിതറിയകലും.
(വചനം 50)
പെരിയ കുരുക്കിൽ പെട്ടൊരു പശു പോൽ
നിലവിളിയിൽ ഞാൻ വായ് കോട്ടുന്നൂ
ഈ മൂലയിലും ആ മൂലയിലും
വെറുതെ, വരവില്ലെന്നെത്തേടീ-
ട്ടൊരുവനും, ആരും കാണ്മതുമില്ലാ,
ഒടുവിൽ എന്നുടെ പ്രഭു വരുവോളം
ഇവനെക്കൊമ്പു പിടിച്ചു കുരുക്കിൽ
നിന്നുമുയർത്താൻ, പ്രഭു വരുവോളം
(വചനം 52)
എൻ കൈകാലുകൾ തല്ലിയൊടിക്കുക
എങ്ങും വേറേ പോകാതയ്യാ
എൻ മിഴി രണ്ടും പൊട്ടിപ്പോട്ടേ
ഒന്നും വേറേ നോക്കാതയ്യാ
കേൾക്കാതാക്കുക ചെവി, അയ്യാ, ഞാൻ
കേൾക്കാതാട്ടേ പേരുകൾ വേറെ.
എന്നെശ്ശിവശരണർ തൻ കാൽക്കൽ-
ത്തന്നെ കിടത്തുക, തേടാതൊന്നും
കൂടല സംഗമ ദേവാ.
(വചനം 59)
എന്നും കേൾപ്പിക്കരുതേയെന്നെ
‘ആരുടെ,യാരുടെ, യാരുടെയാളിവൻ?’
പകരം കേൾക്കട്ടേ ഞാനെന്നും
‘എന്നുടെ, എന്നുടെ, എന്നുടെയാളിവൻ’
വീട്ടിലൊരാളായ്, മകനായ്, എന്നെ-
ക്കൂട്ടുക, കൂടല സംഗമദേവാ!
(വചനം 62)
സ്നേഹ കാരുണ്യങ്ങളില്ലാ-
താകുമോ വിശ്വാസിയാകാൻ?
ഏതു മനുഷ്യനും വേണം
പ്രേമം, കരുണയും, തോഴാ!
സ്നേഹം കലർന്ന ദയയാ-
ണേതു വിശ്വാസത്തിൻ വേരും
സോദരാ,നീയറിഞ്ഞാലും!
കൂടല സംഗമ ദേവാ!
(വചനം 63)
ശിവ, നിനക്കില്ലാ കരുണ,
ശിവ, നിനക്കില്ലാ ഹൃദയം
എന്തിനു മറ്റേ ലോകത്തിൽ നി-
ന്നെന്നെ ബഹിഷ്കൃതനാക്കീട്ടുലകിൽ
തന്നൂ കീടത്തിൻ ചെറു ജന്മം,
പറയുകയയ്യാ.
ഒരു ചെറുചെടി, യൊരു
മരമതു നടുവാ-
നില്ലെന്നോ നിൻ
കയ്യിലെനിക്കായ്,
പറയുകയയ്യാ.
(വചനം 64)
തീയിനു മീതേ,
മൂർഖനു മീതേ
കൈ വെയ്ക്കുന്നൊരു
കുഞ്ഞിനു പിറകേ-
യോടും തായ് പോൽ
കൂടെ വരുന്നൂ
ഓരോ ചുവടിലു-
മെന്നുടെ വഴിയിൽ,
കാക്കുന്നൂ നീ,
കൂടല സംഗമ ദേവാ!
(വചനം 70)
ചകോരത്തിനു മോഹം
ചന്ദ്രിക, കമലത്തി-
ന്നുദയം, തേനീച്ചയ്ക്കു
മധുരം നിറയും തേൻ
എനിക്കോ നീയെത്തുന്ന
സുദിനം, മഹാദേവാ!
(വചനം 91)
പക്ഷിയെക്കൂട്ടിലടച്ചൂ,
എണ്ണ വിളക്കിൽ നിറച്ചൂ,
എണ്ണത്തിരിയും തെറുത്തൂ
ഇപ്പോഴവൻ വരുമമ്മേ.
കാറ്റിലിലകൾ വിറച്ചാൽ
ഉറ്റുനോക്കിച്ചെവിയോർക്കും
ഭ്രഷ്ടമെൻ ഹൃത്തപ്പൊഴമ്മേ,
പെട്ടെന്നു കോളു കൊള്ളുന്നൂ
എത്തുന്നു സംഗമദേവൻ
ഭക്തരായ് വാതിൽക്കലപ്പോൾ
അശ്ശിവനാമത്തിൽ സ്വർഗ്ഗ-
മെത്തുന്നു എന്മനമമ്മേ!
(വചനം 94)
വീടിന്നേമാനുണ്ടോ വീട്ടിൽ?
കാടുപിടിച്ചു കിടപ്പൂ മുറ്റം
വീടിൽ നിറയെച്ചേറും പൊടിയും
വീടിന്നേമാനില്ലേ വീട്ടിൽ?
ഉടലിൽ നുണകൾ
ഉയിരിൽ കാമം
വീടിന്നേമാനില്ലാ വീട്ടിൽ,
കൂടല സംഗമ ദേവൻ.
(വചനം, 97)
എത്ര കാലം കിടക്കട്ടെ മുങ്ങി
ഈർപ്പമാർന്നു കുതിർന്നു
വെള്ളത്തിൽ,
അപ്പൊഴും മൃദുവാകുമോ പാറ?
എത്ര കാലം ചിലവിട്ടിടട്ടെ
പ്രാർത്ഥനയിൽ ഞാൻ,
അപ്പോഴും ചിത്തം
അസ്ഥിരമെങ്കിലെന്തുണ്ടു കാര്യം?
ഞാൻ വെറും നിധി കാക്കുന്ന ഭൂതം
ഭൂമിയിലെന്റെ ജീവിതം വ്യർത്ഥം
ഹേ, നദികൾ തൻ സംഗമദേവാ!
(വചനം 99)
അമ്മയായൊരു വേശ്യ
കുഞ്ഞിനായ് സ്വയം വിൽക്കെ
കുഞ്ഞിനുമില്ലാ കമി-
താവിനും കിട്ടുന്നില്ലാ
വേണ്ടതു്; അവളൊന്നു
കുഞ്ഞിനെ മെല്ലെത്തട്ടും,
പിന്നവന്നരികിലായ്
ചെന്നല്പം ശയിച്ചിടും
അങ്ങുമില്ലവ,ളില്ലാ-
യിങ്ങും; ഹാ, ധനാർത്തിയി-
തെങ്ങിനെ തീരാൻ, നദീ-
സംഗമമഹാദേവാ!
(വചനം 101)
പാമ്പാട്ടി നടക്കുന്നൂ
പാമ്പുണ്ടു് കയ്യിൽ, പിന്നെ
മൂക്കില്ലാത്ത തൻ പെണ്ണും;
നോക്കയായ് ശകുനങ്ങൾ
മകനെക്കെട്ടിക്കുവാൻ.
എതിരേ വരുന്നുണ്ട്
മൂക്കില്ലാത്തൊരു പെണ്ണും
അവൾക്കു ഭർത്താവായ
മറ്റൊരു പാമ്പാട്ടിയും
അതു കാണുമ്പോൾ, ‘മോശം
ശകുനം’ അവർ ചൊൽവൂ.
അവന്റെ പെണ്ണിന്നില്ലാ
മൂക്ക്, കയ്യിലോ പാമ്പു്:
അപരന്മാരെക്കാണും,
കാണില്ല സ്വയം മൂഢർ
അവരെക്കുറിച്ചെന്തുപറയാൻ
ഹേ, കൂടലസംഗമദേവാ!
(വചനം 105)
പോയ് വ്യഭിചരിക്കാൻ ഞാൻ,
കള്ളനാണയം കിട്ടീ
പോയ് മതിലിനു പിന്നിൽ,
തേളുകളെന്നെക്കുത്തീ
എൻ നിലവിളി കേട്ടു
വന്നൊരു കാവൽക്കാര-
നെൻ തുണിയുരിഞ്ഞു, ഞാൻ
നഗ്നയായ് ചെന്നൂ വീട്ടിൽ
കെട്ടിയോൻ ചമ്മട്ടിയാൽ
പൊതിരെയെന്നെത്തല്ലീ,
ബാക്കിയായതു് പിഴ-
യാക്കി രാജാവും തട്ടീ,
ഹേ, കൂടലസംഗമ ദേവാ!
(വചനം 111)
ഉത്സവത്തിനു ബലി-
യ്ക്കെത്തിയോരാട്ടിൻ കുട്ടി
ഭക്ഷണമാക്കീ തോര-
ണത്തിലെയിലയെല്ലാം.
കൊല്ലുവാനവർ കൊണ്ടു
വന്നതെന്നറിയാതെ
കുഞ്ഞാടു് നിറയ്ക്കുന്നൂ
തൻ വയർ, ജനിച്ചതേ-
യന്നതു്, മരിപ്പതും.
അതിനെക്കൊന്നോരെന്നാൽ
അതിജീവിച്ചോ, ചൊല്കെൻ
കൂടല സംഗമ ദേവാ!
(വചനം129)
അവർ സംസാരിച്ചിടും
അണലി കടിച്ചാലും;
അവർ സംസാരിക്കുമേ
ഏഴരശ്ശനിയിലും.
പണത്തിന്നഹന്തയാൽ
ഊമയാവുകിൽ പിന്നെ
പറയില്ലൊന്നും, മന്ത്ര
വാദിയാം ദാരിദ്ര്യം വ-
ന്നരികിൽ നിന്നാൽ വീണ്ടും
സംസാരം തുടങ്ങിടും,
കൂടല സംഗമ ദേവാ!
(വചനം 132)
പാമ്പിന്റെ വളവൊക്കെ
നേർവര മാളത്തിനു്;
പുഴ തൻ വളവതു-
നേർവര കടലിന്-
നേർവര വിശ്വാസി തൻ
വളവു ദൈവത്തിനും.
(വചനം 144)
നര കവിളിൽ പടരും മുൻപേ,
തുടുകവിൾ ചുളി മൂടും മുൻപേ
ഉടൽ എല്ലിൻകൂടാം മുൻപേ
പല്ലുകൾ പോയ് നടുവിൽ കൂനായ്
മറ്റാരോ പോറ്റും മുൻപേ
കൈ കാൽമുട്ടിനു് താങ്ങാം മുൻപേ
വടി കുത്തി നടക്കും മുൻപേ
രൂപത്തിന്നഴകതു മുഴുവൻ
പ്രായം തിന്നഴുകും മുൻപേ
മരണം സ്പർശിക്കും മുൻപേ
കൈ കൂപ്പുക കൂടലസംഗമദേവനെ!
(വചനം 161)
അവരെക്കാണുക:
നീരിൻ പോളയെ രക്ഷിക്കാനായ്
കാരിരുമ്പിൻ കൂടുണ്ടാക്കും പാവങ്ങൾ!
ഉടലിന്റെ കരുത്തിൽ വേണ്ടാ വിശാസം;
പ്രഭുവെ വണങ്ങിക്കഴിയുക പകരം,
സകലം നമുക്കു തരുവോനെ!
(വചനം, 162)
ഒൻപതുഭൂഖണ്ഡങ്ങളിലൊന്നിൽ,
ജംബുദ്വീപിൽ,
പറവൂ ദൈവം: ‘നിന്നെക്കൊല്ലും ഞാൻ’
പറവൂ ഭക്തൻ: ‘ഞാനതിജീവിക്കും’
സത്യത്തിൻ കൂർത്തൊരു
വാൾമുനയാൽ
സദ്ഭക്തർ ജയിപ്പൂ യുദ്ധം
കാണുക, കൂടല സംഗമ ദേവാ!
(വചനം 179)
പല്ലക്കേറിയ നായെപ്പോലീ ഹൃദയം
തെല്ലുമുപേക്ഷിപ്പീലാ പഴയ കുമാർഗ്ഗങ്ങൾ
കണ്ടാൽ മതി ചിലതെല്ലാം
പിന്നാലെ മണത്തു നടക്കും
ആളിക്കത്തും ഹൃദയം
പായുന്നു സുഖത്തിൻ പിറകേ
ഓർക്കാനിട കിട്ടും മുൻപേ.
അയ്യാ, കൂടലസംഗമദേവാ
എന്നും ഞാനോർമ്മിക്കട്ടെ
നിന്നുടെ പരിപാവനപാദം
എന്നെന്നുമിതൊന്നെൻ പ്രാർത്ഥന.
(വചനം 189)
ഭക്തിയോടേറ്റു
മുട്ടേണ്ട കേട്ടോ!
വന്നു കേറു-
മറക്കവാൾ പോലെ
നമ്മെ രണ്ടായ്
മുറിച്ചതു്; പോകെ-
പ്പിന്നെയും നമ്മെ
രണ്ടായ് മുറിക്കും.
മൂർഖൻ പാമ്പിൻ
കുടത്തിൽ കയ്യിട്ടാൽ
മൂർഖൻ നമ്മളെ
ചുമ്മാ വിടുമോ?
(വചനം 212)
ദളിതന്റെ തെരുവിനും
ശിവമന്ദിരത്തിനും
ഈ ഭൂമിയൊരു പോലെ;
ശൌചത്തിനും സ്നാന-
പുണ്യകർമ്മത്തിനും
ഈ ജലം ഒരു പോലെ;
സ്വയമറിയുവോനേതു
ജാതിയും ഒരു പോലെ;
ഷഡ്ദർശനത്തിനും
മോക്ഷഫലമൊരു പോലെ;
നിന്നെയറിയുന്നവനു
സത്യമതുമൊരു പോലെ
കൂടലസംഗമദേവാ!
(വചനം 241)
ഇരുളൊരുതരിയും പുരളാതതിനുടെ
മറുകരയിൽ പുലരുന്ന വെളിച്ചം കാണുക!
കൂടലസംഗമപിതൃദേവൻമാത്രം കാണുന്നൂ
ആ പെരിയ വെളിച്ചം:
അവനു വെളിച്ചം സിംഹാസനമായ് മാറുന്നൂ
(വചനം, 264)
കുളമോ കിണറോ വറ്റിത്തീർന്നാൽ
കുമിളകൾ, കക്കകൾ, കല്ലുകൾ കാണാം
കടലോ വറ്റി വരണ്ടാൽ കാണാം
നിറയെപ്പവിഴച്ചിപ്പികൾ, മുത്തും
കൂടലസംഗമ ഭക്തർ മനം വെളി-
വാക്കിൽ തെളിയും ഹാ, ശിവലിംഗം
(വചനം 265)
കാലിൽ കെട്ടിയോരമ്മി, കഴുത്തിൽ
പാഴ്മരത്തടി: എങ്ങിനെ നീന്താൻ?
ഒന്നു് പൊങ്ങിക്കിടക്കാനയയ്ക്കി,-
ല്ലൊന്നു താഴ്‌ന്നു പോകാനയയ്ക്കില്ലാ.
കാലമാണല്ലോ നേരായ ശത്രു
സാഗരമിതു ജീവിതം, താണ്ടാൻ
നീ തുണയ്ക്കുകയക്കരയെത്താൻ
ഹേ, മഹാദേവ, സംഗമദേവാ!
(വചനം 350)
എൺപത്തി നാലുലക്ഷം മുഖമുള്ളതിൽ
ഒന്നു മാത്രം ധരിച്ചെത്തുക, ചോദിക്ക
യെന്നോടു്, അങ്ങിനെയെന്നെപരീക്ഷിക്ക.
നീ വരുകില്ല, ചോദിക്കുകയില്ലെങ്കിൽ
നിൻ പിതൃക്കൾക്കെന്റെ പ്രാക്കേൽക്കുമേ, പ്രഭോ!
ഏതെങ്കിലും മുഖവും വഹിച്ചെത്തുക
ഞാൻ തരാമെന്നെ, യെൻ കൂടല സംഗമ!
(വചനം 430)
കാലുകൾ നൃത്തം ചെയ്യും
കണ്ണുകൾ കാണും
നാവോ, പാടും,
തൃപ്തി വരുന്നില്ലെന്നിട്ടും
കൈകൾ കൂപ്പി വണങ്ങുന്നൂ ഞാൻ
തൃപ്തി വരുന്നില്ലെന്നിട്ടും
ഇനി ഞാനെന്തേ ചെയ്യേണ്ടൂ?
കേൾക്ക പ്രഭോ,
അതു് പോരെങ്കിൽ
നിൻ വയർ കീറി
കയറും നിന്നിൽ ഞാൻ!
കൂടല സംഗമ ദേവാ!
(വചനം 487)
താളമറിയില്ലെനി, ക്കറിയില്ല വൃത്തം
വീണയുടെ, ചെണ്ടയുടെ കാലക്കണക്കും
മാത്രയറിയില്ലെനിക്കറിയില്ല ഗണവും
നിന്നെ മുറിവേൽപ്പിക്കയില്ലൊന്നു,മതിനാൽ
എന്റെ സ്നേഹത്തിന്റെ താളത്തിലല്ലോ
നിന്റെ ഗാനം പാടിടുന്നു ഞാൻ, ദേവാ!
(വചനം 494)
വീണ തൻ തണ്ടാക്കുകയെന്നുടൽ, അതിൻ കുട-
മാകട്ടെയെൻ മെയ്, തന്ത്രിയാകട്ടേ ഞരമ്പുകൾ
വീണക്കമ്പികൾ മീട്ടും കമ്പുകൾ വിരലുകൾ:
മാറിൽ ചേർക്കുക, രാഗം മുപ്പത്തിരണ്ടും വായി-
ച്ചീടുക നിന്റേതെന്നിൽക്കൂടി, സ്സംഗമ ദേവാ!
(വചനം 500)
ചില ദൈവങ്ങൾ കാവൽ കതകിൽ, ഓടിച്ചാലു-
മവിടെത്തന്നേ നിൽക്കും, പോവില്ല, നായെപ്പോലെ
ചിലർ: ഹേ, മനുജർ തൻ ഭിക്ഷയാൽ ജീവിക്കുമീ-
ക്കിഴവൻ ദൈവങ്ങളോ നമുക്കു വരം നൽകാൻ?
എനിക്കു മതിയെന്റെ നദീസംഗമദേവൻ
(വചനം 555).
മെഴുകായുരുകുന്നോർ,
തീയിനാൽ വാടുന്നവർ,
ഇവർ ദേവതമാരെ-
ന്നെങ്ങിനെ കരുതും ഞാൻ?
കാശിനായ് വിൽക്കും ദൈവം,
കള്ളനെപ്പേടിച്ചിട്ടു
ഭൂമിയിൽ കുഴിച്ചിടും ദൈവം:
എങ്ങിനെയിവർ
ദൈവമായിടും?
ആത്മസംഭവൻ, ആത്മലീനൻ,
കേവലമവൻ ദൈവം,
നദീസംഗമദേവൻ.
(വചനം 558)
ഇപ്പാത്രം ദൈവം, നെല്ലു
ചേറിടും മുറം ദൈവം,
വഴിയിൽ കാണുന്നേതു
ശിലയും ദൈവം, ദൈവം
ചീർപ്പു്, ഞാൺ ദൈവം,
ദൈവം പറ, കിണ്ടിയും ദൈവം.
ദൈവങ്ങൾ, ദൈവങ്ങളാ-
ണെമ്പാടും, ഇടമില്ലാ
കാലൊന്നു കുത്താൻ.
ദൈവമൊന്നു താൻ: നമുക്കെല്ലാം
ദൈവമാമവൻ: നദീ
സംഗമദേവൻ മാത്രം!
(വചനം 563)
വെള്ളം കാണുന്നിടത്തെല്ലാം
അവർ ചാടിക്കുളിച്ചിടും
മരം കാണുന്നിടത്തെല്ലാം
വലം വെച്ചു നടന്നിടും
വറ്റിപ്പോകും ജലം, വാടി-
യുണങ്ങിപ്പോം മരം, രണ്ടും
പൂജിപ്പവർ, പ്രഭോ,നിന്നെ
അറിഞ്ഞീടുവതെങ്ങിനെ?
(വചനം 581)
തീയ്യിനേപ്പൂജിച്ചു
തേവരായ് തീറ്റും
ബ്രാഹ്മണർ, വീട്ടിന്നു
തീപ്പിടിച്ചാലോ
ഓട തൻ വെള്ളം
തളിക്കുന്നു, റോഡിൻ
ചേറും പൊടിയു-
മെടുത്തെറിയുന്നു
നെഞ്ചത്തടിച്ചു
നിലവിളിക്കുന്നൂ,
കണ്ടോരെക്കൂട്ടുന്നു
മന്ത്ര യജ്ഞങ്ങൾ -
സർവ്വം മറന്നിട്ടു
തീയ്യിനെ ചീത്ത-
യെല്ലാം വിളിക്കുന്നു,
സംഗമദേവാ!
(വചനം 586)
ആനപ്പുറത്തു നീ പോയി,
കുതിരപ്പുറത്തെഴുന്നള്ളീ,
കുങ്കുമം മെയ് നീളെ ചാർത്തീ,
കസ്തൂരി കൊണ്ടുടൽ മൂടീ.
എങ്കിലും സോദരാ, നിന്റെ
കയ്യിലില്ലാതെ പോയ് സത്യം.
നന്മ വിതയ്ക്കാൻ മറന്നൂ,
നന്മ കൊയ്യാനും മറന്നൂ
ഗർവ്വിലാനപ്പുറം കേറി
നീ വിധി തന്നിരയായീ.
കൂടലസംഗമദേവൻ
ആരെന്നറിയാതെ പോയീ
നീ നരകത്തിന്നർഹനായീ.
(വചനം 639)
നിന്നെയവൻ തരിയായി
നന്നായിക്കുത്തിപ്പൊടിക്കും;
നിന്റെ തനിനിറം കാണാൻ
നിന്നെ അരം കൊണ്ടു രാകും
കുത്തുമ്പോൾ നല്ലരി കണ്ടാൽ,
രാകുമ്പോൾ പൊൻനിറം കണ്ടാൽ
കൂടലസംഗമദേവൻ
സ്നേഹിച്ചു കാത്തിടും നിന്നെ.
(വചനം 686)
നോക്കൂ ചങ്ങാതീ,
ആണിൻ വേഷമിടുന്നതു നിനക്കു
കാണാൻ മാത്രം ഞാൻ;
ആണാകുന്നു ചിലപ്പോൾ ഞാൻ,
പെണ്ണാകുന്നു ചിലപ്പോൾ.
കൂടലസംഗമദേവാ,
പോരാടാം ഞാനാണായ് നിനക്കുവേണ്ടി,
പക്ഷെ വധുവാകും ഞാൻ നിന്നുടെ ഭക്തനുവേണ്ടി.
(വചനം 703)
സമ്പന്നർ പണിയും ശിവന്നാ-
യമ്പലം; ഞാനോ ദരിദ്രൻ
കാലുകൾ തൂണുകളാക്കും,
എന്നുടൽ ശ്രീകോവിലാക്കും,
തങ്കക്കലശം ശിരസ്സും.
കേൾക്കുക സംഗമദേവാ,
സ്ഥാവരമൊക്കെയും വീഴും
ജംഗമം നിത്യവും നിൽക്കും.
(വചനം 820)
ഒരു ഹിമക്കട്ട പോൽ
ഒരു മെഴുകുപ്രതിമ പോൽ
ഉടലാകെയുരുകുന്നൊ
രാനന്ദമൂർച്ഛ ഞാൻ
പറയുന്നതെങ്ങിനെ നിന്നോടു്, സംഗമ?
പരമമാമാഹ്ലാദ-
നദി കര തകർത്തെന്റെ
മിഴികളിൽ നിന്നിതാ വഴിയുന്നു, കവിയുന്നു
അവനെ, യെൻ ദേവനെ,
സ്പർശി,ച്ചവനിൽ ഞാൻ
മുഴുവനലിഞ്ഞു പോയ്:
അതു മറ്റൊരാളോടു പറയുന്നതെങ്ങിനെ?
(വചനം 847)
നാവിലെ രുചിക്കു സാക്ഷി-
കേവലമീ മനം തന്നെ-
പോരതെന്നോ തമ്പുരാനേ?
മൊട്ടിനു വിടരാൻ മാല
കെട്ടുവോന്റെ കൽപ്പനയോ?
എന്തു പറഞ്ഞാലും വേദ-
ഗ്രന്ഥവുമായ് വരുന്നതു
നല്ലതാണോ തമ്പുരാനേ?
തേവരുടെ കാമലീല
പോറൽ വീഴ്ത്തി, ശരി, പക്ഷേ
വേദികളിൽ ദേഹമാകെ
ഈ വിധം തുറന്നു കാട്ടി-
ടേണമെന്നോ തമ്പുരാനേ?
(വചനം 848)
ഊൺകിണ്ണം ഒരു ലോഹം,
കണ്ണാടി വേറെ ലോഹം –
അല്ലല്ല, ഒന്നേ രണ്ടും:
രണ്ടിലും പ്രതിബിംബി-
ക്കുന്നൊരേ വെളിച്ചമേ.
ഉദിക്കിൽ ബോധം നമ്മൾ
പ്രഭുവിന്റേതായ്, ബോധ-
മുദിച്ചില്ലെങ്കിൽ വെറും
മർത്ത്യരും.
മറക്കാതെ
അയ്യനെ വണങ്ങുക,
സംഗമശിവനെ, നീ!
(വചനം 860)
പാൽ പശുക്കുട്ടിയുടെയെച്ചിൽ,
നീർ മീൻ കുടിച്ചതിന്നെച്ചിൽ,
തേനീച്ച തന്നെച്ചിൽ പൂക്കൾ
ഹേ ശിവ, എച്ചിൽ കൊണ്ടയ്യോ
പൂജിപ്പതെങ്ങിനെ നിന്നെ?
പുച്ഛിക്ക വയ്യെനിക്കെന്നാൽ
എച്ചിലും; പൂജിക്ക തന്നേ
കിട്ടിയതെന്തതു കൊണ്ടേ
കൂടലസംഗമ ദേവാ!
(വചനം 885)
കലിഗ്രഫി: എൻ. ഭട്ടതിരി