പരിഭാഷ: സച്ചിദാനന്ദൻ
ആദിഗ്രന്ഥത്തിൽ നിന്നു്:
കബീർ ഗ്രന്ഥാവലിയിലെ സാഖികൾ
‘ബീജകി’ൽ നിന്നുള്ള സാഖികൾ
1
എന്റെ ജാതിപ്പേർ പറഞ്ഞു ചിരിക്കുന്നു
എല്ലാരു, മെന്നാൽ കബീർ ഞാൻ
എൻ ജാതി തൻ ബലിയാടായിയെങ്കിലും
എന്റെ സ്രഷ്ടാവിലെൻ ജീവൻ.
(കബീരാ മേരീ ജാതി കൌ)
2
ലോകം കരിക്കുഴി, വീഴുന്നതിലന്ധർ
നേരേ, അതിൽ പെട്ടവർക്കായ്
ഞാൻ രക്തസാക്ഷിയാം, എങ്കിലും ഞാൻ വരും
കേറിപ്പുറത്തേയ്ക്കു വേഗം.
(കബീരാ ജഗു കാജല കീ കോഠരീ)

3
വേണ്ടഹങ്കാരം കബീർ,
തോൽ പൊതിഞ്ഞുള്ളൊ-
രെല്ലിന്റെ കൂടു മാത്രം നീ
വർണ്ണക്കുടയിൽ കുതിരപ്പുറത്ത് പോം
പൊണ്ണർ ഉടൻ ചേറ്റിലാഴും.
(കബീരാ ഗരഹു ന കീജിയായ്)
4
പത്തിലൊന്നായ കടുകുമണി പോലെ
മോക്ഷത്തിലേയ്ക്കുള്ള വാതിൽ
മർത്ത്യമനസ്സോ ഒരാന പോൽ, സോദരാ,
അക്കതകെങ്ങിനെ താണ്ടും?
(കബീര മുകതി ദ്വാരാ സന്കൂരാ)

5
വീണൂ മകൻ കമാൽ ജന്മമെടുത്ത നാൾ
താഴെ കബീറിൻ കുടുംബം:
താഴെയെറിഞ്ഞൂ ഹരി തൻ ജപമാല
വീടു നിറച്ചവൻ സ്വത്താൽ.
(ബൂഢാ ബംഗു കബീരാ കാ)
6
ഹേ, കബീർ, നിൻ മരത്തിൽ തീർത്ത വീടിതാ
ആളുന്ന തീ തിന്നു തീർത്തൂ;
ജ്ഞാനികളൊക്കെയും വെന്തു പോയ്,
അജ്ഞാനി-
യായോർ പിടിച്ചു നിന്നല്ലോ!
(കബീര കോഠീ കാഠാ കീ)

7
കഽബയിലേയ്ക്കു കബീർ പോയി ഹജ്ജിന്,
ആ വഴി ദൈവത്തെ കണ്ടൂ;
പോരിന്നു വന്നവൻ ചോദിച്ചു, ‘അങ്ങോട്ടു
പോകുവാനാരേപറഞ്ഞൂ?’
(കബിരാ ഹജ കാബേ ഹൌ ജായ് ഥാ)
8
മുഷ്ക്കു കാട്ടുന്നോ, കബീർ, തെറ്റ്, ദൈവത്തി-
നുത്തരം നൽകിയേ തീരൂ
ചിത്രഗുപ്തൻ നിൻ കണക്കു നോക്കും, അടി
കിട്ടും കൊടുത്തത്ര തന്നെ.
(കബീരാ ജൊരു കിയാ സൊ ജൂലുമു ഹൈ)

9
ഇത്തരം വിത്തു വിതയ്ക്കൂ, നശിക്കാത്ത
വൃക്ഷം മുളയെടുക്കട്ടെ
നിത്യം തണൽ, ഫലം ധാരാളം, പക്ഷികൾ
എത്രയോ തത്തും ഇലകൾ.
(കബിരാ ഐസാ ബീജു സോയ്)
10
കേൾക്കൂ സഖീ, എൻപ്രിയൻ എന്റെയുള്ളിലോ,
ഞാനെൻ പ്രിയനിലോ വാസം?
ഞാനാർ, പ്രിയനാർ, അറിവീല, എൻ മെയ്യിൽ
ആരാണ്, ഞാനോ പ്രിയനോ?
(സുനു സഖീ, പിയാ മഹിജീയു ബസയ്)

11
എന്റെയൊന്നുമെന്റെയല്ല
എന്റെയൊക്കെ നിന്റെ;
നിന്റെയൊക്കെ, പിന്നെ നിന-
ക്കെന്റെയെന്തു ബാക്കി?
(മേരാ മുഝാ മേം കിച്ചൂ നഹീം)
12
ഏഴു കടലാകെ മഷി-
യായി രൂപം മാറ്റാം,
പേനയാക്കാം വൃക്ഷമൊക്കെ,
ഭൂമി കടലാസ്സും:
ദൈവഗുണമാകെയെന്നാൽ
ആവുകില്ലെഴുതാൻ.
(സാത സമുന്ദ കീ മസി കരൌ)

13
ഞാനുള്ളപ്പോഴില്ല ഹരി,
ഞാനില്ലെങ്കിലുണ്ട്
മാഞ്ഞു പോയീ ഇരുട്ടെല്ലാം
ആ വിളക്കു കാൺകെ.
(ജബ മേം ഥാ തബ ഹരി നഹീം)
14
ഓ കബീർ, ഞാൻ മോശമെല്ലാ
മാനുഷരെക്കാളും;
മാനുഷരെല്ലാരുമെന്നെ-
ക്കാൾ ഗുണമിയന്നോർ:
ആർ മനസ്സിലാക്കുമി,താ
ആളെനിക്ക് മിത്രം.
(കബിരാ സബ തേ ഹമ്മാ ബുരെ)

15
ആർക്കുമേ തിരിയുകില്ലാ
എൻ കിഴക്കൻ പേച്ച്,
ആർക്കതു തിരിയുമോ ആ
ആൾ കിഴക്കൻ തന്നെ.
(ബോലീ ഹമരീ പൂരബീ)

16
നിൻ കരളിൽ കണ്ണാടിയൊ-
ന്നുണ്ടതിൽ നിൻ മോന്ത
കണ്ടാലാകാ സഹിക്കാൻ, നിൻ
സംശയം മാറാതെ.
(ഹൃദയാ ഭീതം ആരസീ)

17
പണ്ഡിതന്മാർ പോയ വഴി
പാമരർ നിരന്നൂ,
രാമനായ് കബീർ കയറും
കുത്തനെയീക്കേറ്റം.
(ജെഹി മാരഗാ ഗയെ പണ്ഡിതാ)
18
കണ്ടതില്ലാ ഹൃദയമി-
ല്ലാത്തവനാ നാട്;
എങ്കിലും അതേക്കുറിച്ചാ-
ണെപ്പൊഴും പറച്ചിൽ
ഉപ്പു തിന്നേ കഴിയുന്നൂ
വിറ്റിടുന്നു പക്ഷേ
മറ്റുള്ളോർക്കു കർപ്പൂരം, ഒ-
രൽപ്പം കാശു നേടാൻ.
(ബിന ദേഖേ വഹ ദേശ കീ)

19
ചന്ദനമിതെന്തു ചെയ്യാൻ,
പാമ്പതിനെച്ചുറ്റീ,
എങ്ങുമേ വിഷം കയറി
എങ്ങമൃതു കേറാൻ?
(ചന്ദന സർപ്പ ലപേട്ടിയാ)
20
നേരു നെഞ്ചിലുള്ളവരേ
നല്ലവർ, നേരില്ലാ-
താവുകിലാഹ്ലാദമെങ്ങ്!
വേറെ വഴിയെത്ര
കോടി തേടിയാലുമതു
പാഴിലാവും തീർച്ച.
(സഭ തെ സാഞ്ചാ ഹൈ ഭലാ)

21
ചെയ്തിയെല്ലാമുള്ളിലിട്ടു
നല്ല പോൽ മഥിക്ക:
നേരു മാത്രം പ്രവർത്തിക്ക
വേരിലേ വിപത്താം
നേരുകേട്, നേടുക നീ
സത്യമെന്ന രത്നം.
(സാഞ്ചാ സൌദാ കീജിയേ)
22
തുള്ളി ചേരും കടലിലെ-
ന്നില്ലറിയാതാരും;
തുള്ളിയിൽ ചേരും കടലെ-
ന്നില്ലറിവോരെറെ.
(ബൂന്ദ ജോ പഡാ സമുദ്ര മേം)

23
നാവടക്കാനാകാത്തോന്റെ
കൂടെ നടക്കല്ലേ,
നേരു നെഞ്ചിലില്ലാത്തവൻ
മാരകമായ് തീരും
നീ നടത്തും യാത്രയൊട്ടു
തീരുവതിൻ മുൻപേ.
(ജാകേ ജിഭ്യാ ബന്ദ് നഹീം)
24
കുരങ്ങുകളിക്കാരന്റെ
കുരങ്ങിനെപ്പോലെ
മനുഷ്യന്റെ മനസ്സ,വൻ
അതു തോളിൽ വെയ്ക്കും,
കളിപ്പിക്കും ജനങ്ങൾക്കായ്
കളിയാട്ടമൊക്കെ.
(ബാജീഗര കാ ബാന്ദരാ)

25
മായയും മനസ്സുമൊന്നേ
ചേരുമൊന്നിൽ മറ്റേ,-
താരൊടിതു ചൊല്ലാൻ, മായ
മൂന്നുലകും മുക്കീ.
(മന മായാ തോ ഏക് ഹൈ)
26
ദുഷ്കരം മനുഷ്യജന്മം
കിട്ടു,കിരുവട്ടം
കിട്ടുകില്ല, വീണ പഴം
പോകുമോ മരത്തിൽ?
(മാനുഖ ജനമ ദുരലഭ ഹൈ)

27
ആട്ടുകല്ലു തിരിയുമ്പോൾ
കൺ നിറയെക്കണ്ണീർ,
ആർക്കു പറ്റും അരയാത-
ക്കല്ലിൽ നിന്നു ചാടാൻ?
(ചക്കീ ചലത്തി ദേഖികെ)
28
യജ്ഞഹവിസ്സായ് മരിക്കും
നെയ്യു തരും പാല്:
നാലു വേദമിതാ കബീർ
ഒറ്റ വാക്യമാക്കീ.
(ബലിഹാരി വഹി ദൂധാ)

29
പോയ് വലിയോർ അഹന്തയിൽ
രോമമെല്ലാം ചീർത്ത്;
ആരറിയുന്നില്ല സർവ്വ-
നാഥനെ, യാരാട്ടെ
നാലുവർണ്ണക്കാരുമവർ
കേവലമസ്പൃശ്യർ.
(ബഡേ ഗയേ ബഡാപ്പനേ)
30
എല്ലു കത്തും മരം പോലെ,
പുല്ലുപോലെ രോമം,
വീട്ടിൽ തിരി പോലെ കത്തും
രാമനിൽ കബീറും.
(ഹാഡ ജരയ് ജസ ലാകഡീ)

31
അറിവ് മുന്നിൽ, അറിവ് പിന്നിൽ
അറിവിടം വലത്തും.
അറിവതെന്തെന്നറിയുമറി-
വതു താനെനിക്കറിവ്.
(ഫഹമ ആഗെ ഫഹമ പാഛേ)
32
അതിരിനുള്ളിൽ കഴിയുവോനേ
നരൻ, അതിരില്ലാത്തോൻ
ഋഷി, അവനില്ലതിരുകേടും:
ആഴമേറും ചിന്ത.
(ഹഡ ചലെ സോ മാനവാ)

33
എന്നെയറിയുന്നവനേ
ഞാനറിയുന്നോനും;
വയ്യെനിക്കു ലോകം, വേദം,
ചൊല്ലുവത് ചെയ്യാൻ.
(ജോ മോഹി ജാനയ് താഹി മേം ജാനൌം)
34
നല്ല കൂട്ടുകാരിൽ സൌഖ്യം,
ചീത്തയിൽ അസൌഖ്യം,
ചൊല്ലും കബീർ: പോക നല്ല
കൂട്ടുകാരെത്തേടി.
(സംഗതി സെ സുഖ ഊപജെ)

35
തുടക്കത്തിൽ പിടിച്ചോനെ
ഒടുക്കവും പിടിക്ക;
കല്ല് കല്ലായ് മൂലധനം
കോടിയായ് പെരുക്ക.
(ജയ്സീ ലാഗീ വൊര കീ)
36
ഏകനവൻ എല്ലാരിലും
എല്ലാവരുമവനിൽ;
കബീറിന്നുണ്ടദ്വൈതമാം
ഈയറിവെന്നോർക്ക.
(ഏക സമാനാ സകല മേം)

37
ഒന്നു നേടൂ, എല്ലാം നേടാം,
എല്ലാം ചെയ്കിൽ നല്ലത് പോം
വേരിൽ നനച്ചാൽ ചെടികൾ
പൂവ് തരും, കായും.
(ഏക സാധെ സബ സാധിയാ)
38
സംസാരിക്കാനറിവോന്റെ
സംസാരമമൂല്യം;
വായ വിടും മുൻപ് വാക്ക്
തൂക്കണം മനസ്സിൽ.
(ബോലീ തോ അനമോലാ ഹൈ)

39
കിനാവു കണ്ടുറങ്ങുന്നോൻ
കൺ തുറന്നു നോക്കെ,
ഉണർന്നിരിപ്പവൻ മൂകം
കൊള്ള ചെയ്യുന്നെല്ലാം.
(സപ്നേ സോയാ മാനവാ)
40
മധുരവാണി അമൃതു പോലെ,
കഠിനവാണി അസ്ത്രം,
ചെവിയിലൂടെയുള്ളിലേറി-
യുടൽ നെടുകെക്കീറും.
(മധുരവചന ഔഖഡീ)

41
നാട്ടിലും പുറത്തുമെല്ലാം
യാത്ര ചെയ്തിതേറെ,
നാട്ടുവഴി കടന്നു ഞാൻ
പോയി ഏറെക്കാതം;
കണ്ടതില്ല വിവേകിയാ-
മാരെയും ഞാനെന്നാൽ
എന്തിനെയും അതെന്തെന്നു
ചൊല്ലുവാൻ കഴിഞ്ഞോർ.
(ദേസ വിദേസേ ഹം ഫിരാ)
42
വാ തുറന്നാലറിയാമാർ
കള്ള,നാർ സന്യാസി
വായിലൂടെ വരുന്നുള്ളിൻ
രീതികൾ തൻ കാതൽ.
(ബോലതാ ഹീ പഹചാനിയെ)

43
വാർപ്പുമനുഷ്യൻ, തലച്ചോ-
റില്ല, തൂവൽ പോലെ
എന്ത് ചെയ്യാൻ,മണമില്ലാ-
ച്ചെമ്പനീരു പോലെ.
(ബനാ ബനായാ മാനവ)
44
ഇരിപ്പവൻ പലചരക്കു
നിൽപ്പവൻ പാൽ വിൽപ്പോൻ
ഉറങ്ങാത്തോൻ കാവലാളും
തീറ്റ മൃതിയ്ക്കെല്ലാം.
(ബൈഠാ രഹെ തോ ബനിയാ)

45
വരയല്ല, രൂപമല്ല,
ദേഹമില്ല, മണ്ണും;
വരൂ, നിരാകാരനതാ
വാനിതിൻ നടുക്കൽ!
(രേഖ രൂപ വഹാ ഹയ് നഹീ)
46
അറിവിന്റെ മിഴികളല്ലോ
സർവ്വസാക്ഷി കാവ്യം,
അറിയണമതെങ്കിൽ പോരൂ
മനമിതിൽ, ഹാ, ഹൃത്തിൽ.
തെളിവ് നൽകാൻ പാട്ടില്ലെങ്കിൽ
കലഹമെന്നുമുലകിൽ.
(സാഖി ആംഖി ഗ്യാംനാ കീ)

ചിത്രങ്ങൾ: വി. മോഹനൻ
മൂന്നു പതിറ്റാണ്ടിലേറെയായി ഞാൻ ഇന്ത്യൻ ഭക്തി-സൂഫി കവിത യുടെ ഒരെളിയ പഠിതാവാണു്: ഇന്ത്യൻ കവിതയിലെ ശക്തമായ ഒരു പ്രതിപാരമ്പര്യമായാണു് പതിനഞ്ചു നൂറ്റാണ്ടുകളായി തുടരുന്ന ഈ ദാർശനിക കാവ്യധാരയെ ഞാൻ കാണുന്നതു്. ഈ രീതിയിൽ ഇതിനെ ഞാൻ ആദ്യമായി കണ്ടവതരിപ്പിച്ചതു് 1993-ൽ ബനാറസ് ഹിന്ദു സർവ്വകലാശാല യിൽ നടത്തിയ പുരോഹിത് സ്വാമി സ്മാരക പ്രഭാഷണപരമ്പരയിലാണു്. പിന്നീടതു് പല പ്രബന്ധങ്ങളിലും പ്രഭാഷണങ്ങളിലും കൂടി വികസിപ്പിച്ചു.
ഭക്തി-സൂഫി കവിത ഒരു പ്രതിപക്ഷകാവ്യധാരയാകുന്നതു് പ്രധാനമായും ഇക്കാരണങ്ങളാലാണു്: ഒന്നാമതായി, ഈ കവികൾ പൊതുവേ—അപൂർവ്വം ചില അപവാദങ്ങളൊഴിച്ചാൽ—പൗരോഹിത്യം, ആചാരനിഷ്ഠമായ മതം ഇവയെ നിരാകരിക്കുകയും സൃഷ്ടികൾക്കു് നേരിട്ടു് ദൈവവുമായി സംവദിക്കാമെന്നു വിശ്വസിക്കുകയും ചെയ്തു. രണ്ടാമതായി, ഇതിന്റെ തുടർച്ചയെന്നപോലെ, ബ്രാഹ്മണമേധാവിത്തത്തെയും വർണ്ണ-ജാതി വ്യവസ്ഥയെയും അവർ വെല്ലുവിളിച്ചു, പലരും ക്ഷേത്രങ്ങളെയും വിഗ്രഹങ്ങളെയും തന്നെ നിരാകരിച്ചു് നിർഗുണോപാസനയിൽ മുഴുകുകയും ചെയ്തു. മൂന്നാമതായി, രാഷ്ട്രീയാധികാരം, ഭൗതികസമ്പത്തു് ഇവയെ ഇവർ തൃണവത്ഗണിച്ചു. നാലാമതായി, മതങ്ങളുടെ ഉറവയായ ആത്മീയതയും സ്ഥാപനവത്കൃതമായ മതവും മിക്കപ്പോഴും വിപരീതദിശകളിലാണു് സഞ്ചരിക്കുന്നതെന്നു് ഈ കവികൾ തിരിച്ചറിഞ്ഞു. ഇതു് മതസ്ഥാപനങ്ങൾ നിർമ്മിച്ച നിയമങ്ങളെ ധിക്കരിക്കാൻ ഇവർക്കു കരുത്തു നൽകി. അഞ്ചാമതായി, ജ്ഞാനത്തെ തീർത്തും അവഗണിച്ചോ അപ്രധാനമായി പരിഗണിച്ചോ ഈശ്വരാനുഭവത്തിന്നു പ്രാഥമ്യം നൽകി. ആറാമതായി, മതങ്ങൾ പ്രത്യക്ഷത്തിൽ വ്യത്യസ്തമായിരിക്കെത്തന്നെ അവയുടെ ചൈതന്യ പ്രഭവം ഒന്നു തന്നെ എന്നു് ഇവർ കണ്ടു.
പല കവികളും വർണ്ണ-ജാതി-ലിംഗാതീതമായ ചെറു സമൂഹങ്ങൾ തന്നെ രൂപീകരിച്ചു. ഇവരിൽ മഹാഭൂരിപക്ഷവും കർഷകർ, തൊഴിലാളികൾ, കൈവേലക്കാർ തുടങ്ങിയവരായിരുന്നതു കൊണ്ടുകൂടി നിലനിൽക്കുന്ന മതങ്ങൾക്കു ബദലാകാവുന്ന ഒരു ജനകീയമതം രൂപപ്പെടുത്താനായിരുന്നു ഈ കവികളുടെ ശ്രമം. ദാർശനികമായ കവിതയ്ക്കു ചേർന്ന, പലപ്പോഴും ദൈനംദിനജീവിതത്തിൽ നിന്നെടുത്ത പ്രതീകങ്ങളും ബിംബങ്ങളും ഉപയോഗപ്പെടുത്തുന്ന ഒരു പുതിയ കാവ്യഭാഷയ്ക്കും അനേകം ഗാന-നൃത്ത-നാട്യ രൂപങ്ങൾക്കും ഇവർ പിറവി നൽകി. സംസ്കൃതത്തിന്റെ മേൽക്കോയ്മയെ ചോദ്യംചെയ്ത് ഇവർ നാട്ടുഭാഷകളെ പുഷ്ടിപ്പെടുത്തി.
ഇവയിൽ മിക്ക കാര്യങ്ങളും കബീറിൽ കണ്ടെത്താം. കബീറിന്റെ കാലത്തെക്കുറിച്ചു് പണ്ഡിതർക്കിടയിൽ തർക്കങ്ങളുണ്ടെങ്കിലും പതിനാലാം നൂറ്റാണ്ടിന്റെ ഒടുവിൽ തുടങ്ങി പതിനഞ്ചാം നൂറ്റാണ്ടിന്റെ നടുവിൽ അവസാനിച്ചതായിരുന്നു കബീറിന്റെ ജീവിതകാലമെന്നാണു് പൊതു നിഗമനം. വാമൊഴിക്കവിതകളായതിനാൽ പലതിന്നും വ്യത്യസ്തപാഠങ്ങളുണ്ടു്. പലരും ഗുരു നാനാക്കിന്റെ ആദിഗ്രന്ഥത്തിലുള്ളവ ആധികാരിക പാഠങ്ങളായി കരുതുന്നു. ഈ പരിഭാഷകൾ ബ്രജ് മൂലകവിതകളും വ്യത്യസ്ത ആധുനിക ഇംഗ്ലീഷ് പരിഭാഷകളും ഒത്തു നോക്കി ചെയ്തവയാണു്. ചിലപ്പോൾ വലിയ കബീർഗായകർ ഉപയോഗിക്കുന്ന പാഠങ്ങളും കണക്കിലെടുത്തിട്ടുണ്ടു്.
സൃഷ്ടിയെ നെയ്ത്തായും ആത്മാവിനെ അരയന്നമായും മറ്റും സങ്കല്പിക്കുന്ന കബീറിന്റെ പ്രതീകപദ്ധതി, അദ്വൈതത്തോടും സൂഫി ദർശനത്തോടും അടുത്തു നിൽക്കുന്ന തത്വവിചിന്തനം, ആഴം നഷ്ടപ്പെടുത്താത്ത ലാളിത്യം, ദാർശനികമായ നർമ്മബോധം, ചൊല്ലാവുന്നതോ പാടാവുന്നതോ ആയ വാഗ്ശില്പം ഇവ ഉൾക്കൊള്ളാൻ കഴിവിനൊത്തു് ശ്രമിച്ചിട്ടുണ്ടു്.
നീണ്ട കവിതകൾ ഇവിടെ ചേർത്തിട്ടില്ല. അവയുൾപ്പെടെ നൂറിലേറെ കവിതകൾ ഉൾക്കൊള്ളുന്ന സമാഹാരം കൂടുതൽ സമഗ്രമായ അവതാരികയും കുറിപ്പുകളും ചേർത്തു് ‘ദൈവവുമായുള്ള സംഭാഷണങ്ങൾ’ എന്ന ശീർഷകത്തിൽ മാതൃഭൂമി ബുക്സ് താമസിയാതെ പുറത്തിറക്കുന്നുണ്ടു്. സാഹസികമെങ്കിലും ആഹ്ലാദകരവുമായിരുന്നു മൂലത്തോടു് അടുത്തുനിൽക്കാൻ ശ്രമിക്കുന്ന ഈ വിവർത്തനപരിശ്രമം.
മതം ആത്മീയത നഷ്ടപ്പെട്ടു് വിദ്വേഷാധിഷ്ഠിതമായ വർഗ്ഗീയതയായോ, സ്നേഹോപകരണമാകുന്നതിനു പകരം അധികാരോപാധിയായോ മാറുന്ന ഇക്കാലത്തു് കബീറിനെപ്പോലുള്ളവരുടെ കവിതകളുടെ പരിഭാഷയെ ഒരു നൈതിക പ്രതിരോധമായാണു് ഞാൻ കാണുന്നതു്.
—സച്ചിദാനന്ദൻ