‘കേരളീയർ നഷ്ടപ്പെട്ട ഒരു ജനതയാണു്’ എന്നെഴുതി വെച്ചു് 1982 ജൂലൈ 14-ാം തീയതി, ആത്മഹത്യചെയ്ത സുബ്രഹ്മണ്യദാസിനെപ്പറ്റി സച്ചിദാനന്ദൻ എഴുതിയ കവിതയാണു് ‘ഒഴിഞ്ഞ മുറി’. ഒരു കാലത്തിന്റെ നേരറിവുകൾ തന്ന ആത്മസംഘർഷങ്ങൾ കുറിച്ചിട്ടു് 23-ാമത്തെ വയസ്സിൽ കടന്നു പോയ ദാസിന്റെ ജീവിതം വേണ്ടത്ര പഠിക്കപ്പെട്ടില്ല. ദാസിന്റെ അദ്ധ്യാപകനും സുഹൃത്തുമായ സച്ചിദാനന്ദൻ ആ തീരാനഷ്ടം ഉണ്ടാക്കിയ വ്യഥയിൽ കുറിച്ചതാണു് ‘ഒഴിഞ്ഞമുറി’ എന്ന കവിത ‘സുബ്രഹ്മണ്യദാസ് ഇന്നും’ എന്ന ഒരു സമാഹാരം സായാഹ്ന നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
പി. കെ. അശോക് കുമാർ

മഴയായിരുന്നു
ജനലിൽവന്നു മരണമെന്നെ വിളിച്ചപ്പോൾ
മഴയായിരുന്നു
ദുഃസ്വപ്നങ്ങളുടെ വാതിൽചാരി
ഞാൻ അഭയംതേടി ഇറങ്ങിനടന്നപ്പോൾ
മഴയായിരുന്നു
കുളങ്ങൾ ഉത്കണ്ഠയുടെ കൃഷ്ണമണികൾപോലെ
ഞങ്ങളുടെനേരെ തിരിഞ്ഞപ്പോൾ
മഴയായിരുന്നു
വളഞ്ഞവഴിയുടെ കാവിയിൽ
അന്ത്യയാത്രയുടെ കാലടികൾ പതിയുമ്പോൾ
മഴയായിരുന്നു.

ഞാനും മരണവും ഒന്നിച്ചിവിടെ
വണ്ടിയിറങ്ങുമ്പോൾ
മഴയായിരുന്നു
എന്നെ താവളം കാണിച്ചുതന്നു്
മരണം ഒറ്റയ്ക്കു വേറെ ഭിക്ഷതേടി
മടങ്ങിപ്പോയപ്പോൾ
മഴയായിരുന്നു
കിളികളുടെ പാട്ടും തോഴരുടെ ചിരിയും
കേൾക്കാതിരിയ്ക്കാൻ ഞാൻ
കാതുപൊത്തിയപ്പോൾ
മഴയായിരുന്നു
എന്റെ ജനതയുടെയും ഭാഷയുടെയും
വറ്റിപ്പോകുന്ന
നദികളെക്കുറിച്ചു ഞാൻ നീലമഷിയിൽ
കുത്തിക്കോറുമ്പോൾ
മഴയായിരുന്നു
അമ്മയുടെ മടിയിലെന്നപോലെ
ഇരുമ്പിന്റെ വാത്സല്യത്തിൽ
ഞാൻ തലവെയ്ക്കുമ്പോൾ
മഴയായിരുന്നു
ചെവിയിൽ ചക്രങ്ങൾ യമകാലത്തിൽ
മുഴങ്ങിയുയർന്നപ്പോൾ
മഴയായിരുന്നു
ഉരുക്കുചെണ്ടകൾ എന്റെ തൊണ്ടയിലെ
നിലച്ച വാക്കുകളെ ഞെരിച്ചു-
കടന്നുപോകുമ്പോൾ.
അറ്റുപോയ ശിരസ്സ്
ഉടലിന്റെ നീലയുടുപ്പിട്ട പ്രതാപം കാണുമ്പോൾ
എനിക്കു ചിരിക്കണമെന്നുണ്ടു്;
കായ് ഇവിടെ, തടി അവിടെയും
വായ് ഇവിടെ, കൈ അവിടെയും
ഇച്ഛ ഇവിടെ, കർമ്മം അവിടെയും
ബുദ്ധി ഇവിടെ, ഹൃദയം അവിടെയും
ഉണങ്ങിയ മരത്തിൽനിന്നു്
വിളഞ്ഞ വയൽതേടി
കിളി പറന്നുപോയി,
പിളർന്ന മനംപോലെ ജഡവും രണ്ടായി.
പോരാളിയുടെ ചോരപുരണ്ട
കൂറ്റന്റെ കൊമ്പുകൾപോലെ
പാളങ്ങൾ തിളങ്ങുന്നു
അവയ്ക്കിടയിലൂടെ ശിരസ്സും താഴ്ത്തി
സുഹൃത്തിന്റ വരവുകാണുമ്പോൾ
എനിയ്ക്കു ചിരിയ്ക്കണമെന്നുണ്ടു്:
രണ്ടായിമുറിഞ്ഞ ശരീരംപോലെയാണു്
ഞങ്ങളുമിപ്പോൾ.

കവിയുടെ ഭാഷയിൽപറഞ്ഞാൽ:
സ്നേഹത്താൽ പൂവിടുന്ന വൃക്ഷങ്ങളെപ്പോലെ
ഞങ്ങളൊന്നിച്ചു പുഷ്പിച്ചു
രോഷത്താൽ കവിയുന്ന പുഴകളെപ്പോലെ
ഞങ്ങളൊന്നിച്ചു പടിയിറങ്ങിപ്പോയി
താവളങ്ങളുടെ വ്രണങ്ങളുമായി
ഞങ്ങൾ തിരിച്ചുവന്നു.
ചേറിൽ പൂണ്ടുകിടന്നു് ചെറുപ്പക്കാരെ വിഴുങ്ങുന്ന
ആ കറുത്ത മുതല രണ്ടായി മുറിച്ചിട്ട
ശരീരംപോലെയാണു് ഞങ്ങളുമിപ്പോൾ;
ഈ കുതിർന്ന മണ്ണു്, പച്ചനിലാവു്,
ബലിയുടെ വിപിനങ്ങൾ, ഋതുക്കളുടെ ദീനചക്രം.
മരിച്ചവരുടെ മൂകഭാഷ-
എല്ലാം ഞങ്ങൾക്കിടയിൽ നില്ക്കുന്നു.
‘സൗഹൃദത്തിന്റെ മുൾച്ചെടിയിൽ
മരണത്തിന്റെ നീലപ്പൂ വിടർന്നിരിക്കുന്നു.’
ഒറ്റപ്പെട്ട കുട്ടിയെപ്പോലെ അവനിതാ
എനിയ്ക്കും വെയിലിനും മീതെ കുനിഞ്ഞിരിയ്ക്കുന്നു.
മടക്കയാത്രയ്ക്കു സമയമായി
അശ്വാരൂഢരായ പനകൾ ഇനിയെന്നെ
അവയുടെ പച്ചക്കൈകളിൽ വഹിക്കും.
കുട്ടികൾ മരിച്ച വീടുകൾക്കും
അകം മരവിച്ച ആശ്രമങ്ങൾക്കുംമീതേ
അവരെന്നെ ഉടലോടുചേർത്തു വഹിയ്ക്കും-
അമ്മയുടെ അഗ്നിയിലേയ്ക്കു്
കാഴ്ചകളുടെ കടലിലേയ്ക്കു്.
ഒരമ്മയുടെ കണ്ണീരിനു് കടലുകളിൽ
ഒരു രണ്ടാം പ്രളയമാരംഭിക്കാൻ കഴിയും
മകനേ, എന്റെ സ്നേഹമുള്ള മകനേ,
ഏതു കുരുടൻ ദൈവത്തിനുവേണ്ടിയാണു്
നീ ബലിയായതു്?
ഭരദേവതയുടെ കാവിൽ ഞാൻ
പാട്ടും കുരുതിയും കഴിച്ചല്ലോ.
മകനേ, എന്റെ കരുണയുള്ള മകനേ,
ഏതു മാന്ത്രികവൃക്ഷം കായ്ക്കുവാനാണു്
നീ നിന്റെ ചോരകൊണ്ടു ഭൂമി നനച്ചതു്?
ഓരോ പിറന്നാളിനും നിന്റെ പേർചൊല്ലി
ഓരോ തേന്മാവു ഞാൻ നട്ടല്ലോ
മകനേ എന്റെ ധൈര്യമുള്ള മകനേ
ഏതു പൂതത്തിനു മുലചുരത്തിയിട്ടാണു
നിന്നെ അവൾ തട്ടിപ്പറിച്ചെടുത്തതു്?
കടുകും മുളകും അടുപ്പിലെറിഞ്ഞു്
നിനക്കു ഞാൻ ഏലസ്സുജപിച്ചുകെട്ടിച്ചല്ലോ.

മകനേ, എന്റെ ബുദ്ധിയുള്ള മകനേ,
ഏതു ഭാഷയുടെ ചിറയുറയ്ക്കുവാനാണു്
നീ നിന്നെത്തന്നെ അറുത്തിട്ടതു്?
വയമ്പിന്റെ ചവർപ്പൂറുന്ന നാവിൽ
ഞാൻ സ്വർണ്ണംകൊണ്ടു
ഹരിഃശ്രീയെഴുതിയതാണല്ലോ
‘ഒരമ്മയുടെ നിലവിളിയ്ക്കു് മലകളിൽ
ഒരു ഹിമപാതമാരംഭിയ്ക്കാൻ കഴിയും’
കുരിശിൽ മരിച്ചവന്റെ അമ്മ ഞാനാണു്
കുരുക്ഷേത്രധൂളിയിൽ കിടന്നുരുണ്ടവളും
ഞാനാണു്
പടയോട്ടങ്ങളുടെയെല്ലാം കുളമ്പുകൾ
ചവിട്ടിമെതിച്ച താരാട്ടാണു ഞാൻ.
യജ്ഞപതികളുടെ ഹവിസ്സിൽ വീഴുന്ന
പശുവിന്റെ ശാപമാണു ഞാൻ
രണഭൂമികളിൽ അഴിച്ചിട്ട മുടിയുമായി അലയുന്ന
ഭൂമിയുടെ നഷ്ടപ്പെട്ട ശാന്തിയാണു ഞാൻ
പുലരിയിലും നിലാവിലുംനിന്നു്
കുട്ടികളുടെ ചോരകഴുകിക്കളയുന്ന
ദീനരുടെ മഴയാണു ഞാൻ
‘ഒരമ്മയുടെ നെടുവീർപ്പിനു് ഭൂമിയിൽ
ഒരു കാട്ടുതീയാരംഭിയ്ക്കാൻ കഴിയും’
കത്തട്ടെ പാപത്തിന്റെ കിഴക്കൻ മധുരകൾ,
കത്തട്ടെ കൊലയാളികളുടെ
സൊദോം ഗൊമോറകൾ.
തെളിയട്ടെ കനകമെന്നതുപോലെ കനലിൽ
വയലും വീടും മനവും കാവും
പാറയുടെ മുതുപിളർന്നൊഴുകട്ടെയെന്റെ മകൻ,
ഉറവയുടെ തെളിവാർന്ന പാട്ടുപാടുന്നവൻ
ഭൂമിയുടെ തോടുപൊളിച്ചുയരട്ടെയെന്റെ മകൻ,
ബലിനീലമാറ്റി ചുകപ്പുടുപ്പിട്ടവൻ
മരണത്തെ മഞ്ഞുപോലലിയിച്ചുയിർപ്പവൻ
പുലരിയുടെ കിരണത്തെ മുരളിയാക്കുന്നവൻ
ഉണരട്ടെയുണരട്ടെയുയരട്ടെ എന്റെ മകൻ
മുക്കുറ്റിയിതളുകളും പ്രാവിൻതൂവലുകളും കൊണ്ടു
പണിതുയർത്തിയതാണീ മുറി.
‘വാക്കുകൾക്കും പ്രതീകങ്ങൾ’ക്കുംതാഴെ
മനുഷ്യരുടെയും മൃഗങ്ങളുടേയും മന്ത്രവാദം:
ഹുസൈന്റെ മേഘതുല്യമായ നീലക്കുതിരകൾ,

ഹെബ്ബാറിന്റെ ചിറകുനീർത്തി
ചോരചിന്തുന്ന പോർക്കോഴികൾ,
അമൃതയുടെ യാതന തിളക്കിയ
ലോലരായ ഗ്രാമീണർ,
സുധീറിന്റെ കരുത്തരും
ഏകാകികളുമായ നാഗരികർ,
ഇലകൾപോലെ പെരുത്തുപെരുത്തുവരുന്ന
ജോഗെന്റെ ആണുങ്ങളും പെണ്ണുങ്ങളും
ഗുലാംമൊഹമ്മദിന്റെ വർണ്ണശബളമായ
ഗൃഹാതുരത്വങ്ങൾ…
പിന്നെ അവൻ അവന്റേതാക്കിയ കവിതകൾ:
പദ്യത്തിന്റെ ദീർഘവൃത്തങ്ങളിലും
ഗദ്യത്തിന്റെ സമചതുരങ്ങളിലും
തരളമായഹൃദയം പൂഴ്ത്തുന്ന ശീലമുള്ളവർ—
കടമ്പുവൃക്ഷങ്ങളുടെ വിജനതയിൽ
സ്വയം മുറിവേല്പിച്ചു
ചോരയൊലിപ്പിക്കുന്ന സുഗത,
പാറപ്പുറത്തു വെയിലിന്നൊപ്പം
പല്ലുരച്ചു മൂർച്ചകൂട്ടുകയും
ഒറ്റയ്ക്കു കുഞ്ഞുങ്ങളെയോർത്തു
തലയറയുകയും ചെയ്യുന്ന
വ്യാകുലരായ കലാപകാരികൾ…
യാത്രികരിറങ്ങിപ്പോയ തീവണ്ടിമുറിയിൽ
ബാക്കിയായ പത്രങ്ങളും ചീട്ടുകളുംപോലെ
അവന്റെ അനാഥമായ പുസ്തകങ്ങൾ:
സ്നേഹത്തിനു ചരിത്രത്തിന്റെ കണ്ണുകളും
ഉരുക്കിന്റെ പേശികളും നല്കിയ മാർക്സ്,
വോൾഗയുടെ സൂര്യനെപ്പോലെ ഉദിച്ചുയർന്നു്
രാത്രിയുടെ പ്രവചനംപോലെ
അസ്തമിച്ച ലെനിൻ,
ലാവോത്സുവിന്റെ കാരുണ്യത്തെ
താഴ്‌വരകളിലേയ്ക്കു പിടിച്ചിറക്കിയ
രക്തസ്നാതനായ
ആ പുതിയ ബുദ്ധൻ, മാവോ,
ഈ വിചിത്രസൗഹൃദങ്ങൾക്കിടയിൽ,
നരകാഗ്നിയിൽ കൈചൂടാക്കിയ
ദസ്തെയെവ്സ്കി,
ഇരുണ്ട ഗോപുരങ്ങളുടെ
പിരിയൻ കോവണികൾ
കയറിയിറങ്ങി രക്തം തുപ്പുന്ന കാഫ്ക,
നദിയുടെ ഈണങ്ങൾക്കു
കാതോർത്തിരിക്കുന്ന
ഹെസ്സെയുടെ സിദ്ധാർത്ഥൻ…

എല്ലാറ്റിലും അവന്റെ നിശ്ശബ്ദമായ രക്തം
ചിതറിവീണിരിക്കുന്നു
ഒരാൾക്കും അവനെ രക്ഷിക്കാനായില്ല.
തടവറയിൽ അവസാനം വായിച്ചുകൊണ്ടിരുന്ന
പുസ്തകം നിവർത്തിവെച്ചു്
തടവുകാരൻ തൂക്കുമരത്തിലേയ്ക്കു
നടന്നുപോയിരിക്കുന്നു.
ബാക്കിയായതു് നീലക്കടലാസ്സിൽ
കുത്തിക്കോറിയ ചില വരികൾമാത്രം.
അവസാനത്തെ ഹൃദയസ്പന്ദനത്തിന്റെ
ചിറകടി മാത്രം
അവസാനത്തെ നെടുവീർപ്പിന്റെ
ഇളംചൂടറ്റ പ്രതിദ്ധ്വനി മാത്രം.
ഉരിഞ്ഞിട്ട പേരും ഊരിവെച്ച ചെരിപ്പും മാത്രം.
ജീവിയ്ക്കപ്പെടാത്ത ഒരു ജീവിതം മുഴുവൻ
ഈ മുറിയിൽ അവനെ കാത്തിരിയ്ക്കുന്നു.
ജീവിയ്ക്കപ്പെടാത്ത ഒരു ജീവിതം,
പ്രതീക്ഷകളുടെയും സാദ്ധ്യതകളുടേയും
കുഴിയ്ക്കപ്പെടാത്ത ഒരു ഖനി.

ചിത്രങ്ങൾ: വി. മോഹനൻ