രാംഥേറിലെ മണിഭദ്ര ജൈന ക്ഷേത്രവും, ഒറ്റത്തൂൺ പള്ളിയുമൊക്കെ കാണിച്ചു് കഴിഞ്ഞു് നൈഷാദ് ജാനി തപ്തിയുടെ[1] തീരത്തേയ്ക്കു് തിരിഞ്ഞു. “സുഹൃത്തുക്കളെ, രാവിലെ മുതലുള്ള കറക്കമല്ലേ? ഏതായാലും ഇനി ഒരു കോഫി കുടിച്ചിട്ടാവാം ബാക്കി നടത്തം. സൂറത്തിൽ നിന്നും പണ്ടൊരു പേർഷ്യൻ സാഹിബ് കുടിച്ച ഓപ്പിയം കോഫിയുടെ കഥ അറിയുമോ നിങ്ങൾക്കു്?”
ഹെറിറ്റേജ് വാക്കിൽ (Heritage Walk) പങ്കെടുത്തവർ തമ്മിൽ തമ്മിൽ നോക്കി. നൈഷാദ് ജാനിയുടെ ശബ്ദം തപ്തിയിൽ നിന്നുമുള്ള കാറ്റൊലിയോടൊപ്പം ഉയർന്നു. “Coffee House of Surat—ടോൾസ്റ്റോയിയുടെ ഒരു കഥയാണതു്.”
“ആ കോഫീ ഹൗസ് ശരിക്കും ഉണ്ടായിരുന്നതാണോ? അതിപ്പോഴും ഇവിടെയുണ്ടോ?” പല ചോദ്യങ്ങൾ കൂട്ടത്തിൽ നിന്നുമുണ്ടായി.
“അതേ അതേ. ഇരുനൂറു് വർഷങ്ങൾക്കു് ശേഷവും ആ പേർഷ്യൻ സാഹിബും കൺഫ്യൂഷ്യസിന്റെ പിൻഗാമിയുമൊക്കെ കോഫീ ഹൗസിൽ ഇപ്പോഴും ഉണ്ടു്.”
എന്റെ വാക്കുകളിലെ പരിഹാസം നൈഷാദ് ജാനി മനസ്സിലാക്കി. അയാൾ പറഞ്ഞു, “വിപുൽ, കളിയാക്കേണ്ട. ആ കോഫീ ഹൗസ് ഇന്നുമിവിടെയുണ്ടു്.”
നദിക്കരയിലേയ്ക്കു് തിരിയുന്ന നാലും കൂടിയ കവല കടന്നു് നൈഷാദ് ജാനി വേഗം നടന്നു. അയാളുടെ ഒപ്പമെത്താൻ ഞാനും നടപ്പിനു വേഗം കൂട്ടി. ഒരു സ്കൂൾ ബസ് ഞങ്ങൾക്കിടയിലൂടെ അപ്പോൾ കടന്നു പോയി. വീലുകൾക്കടിയിൽപ്പെട്ടു് പൊടിഞ്ഞരഞ്ഞൊരു മൺകലം കറുത്ത റോഡിനു മുകളിൽ കളിമൺ പൊടി പറത്തി. കോഫീ ഹൗസിനു് മുന്നിലെത്തി നൈഷാദ് ജാനി കൈകൾ കൂട്ടി അടിച്ചു് ശബ്ദമുണ്ടാക്കി. നദിക്കരയിൽ ഒറ്റക്കാലിലിരുന്നിരുന്ന കൊറ്റികളപ്പോൾ ചിറകടിച്ചുയർന്നു. പലവർണ്ണങ്ങൾ ചാലിച്ചു് ചേർത്ത വഞ്ചികൾ തപ്തിയുടെ നീലപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്നുണ്ടായിരുന്നു.
പേർഷ്യൻ പരവതാനി വിരിച്ച അകത്തളമോ, പുറത്തെ തടിക്കുറ്റിയിലിരിക്കുന്ന ആഫ്രിക്കൻ അടിമയോ, ബിസിനസുകാരേയും, ടൂറിസ്റ്റുകളേയും ആകർഷിക്കത്തക്ക കെട്ടും മട്ടും ഒന്നും തന്നെ ആ കോഫീ ഹൗസിൽ ഇല്ലായിരുന്നു.
“ശരിക്കും അന്നത്തെ അതേ കോഫീ ഹൗസ് തന്നെ ആണോ ഇതു്?” ഞാൻ ചോദിച്ചു.
എനിക്കു് മറുപടി നൽകാതെ നൈഷാദ് ജാനി കഥയിലേയ്ക്കു് കടന്നു. “പ്രിയരേ, കുറച്ചു് നേരം ഇവിടിരുന്നു കോഫി നുണഞ്ഞു് വർഷങ്ങൾക്കു് മുൻപുണ്ടായ ആ കഥ നമ്മൾക്കു് കേൾക്കാം.”
കീറിയ ബനിയനും, വെയിലുകൊണ്ടു് കരിവാളിച്ച ദേഹവും ചുളിവു വീണ മുഖവുമുള്ള ഒരാൾ അന്നേരം ധൃതിയിൽ അങ്ങോട്ടേയ്ക്കു് ഓടി വന്നു. ഒറ്റനോട്ടത്തിൽത്തന്നെ അയാളിലെ പരിഭ്രമം വളരെ പ്രകടമായിരുന്നു. കാഴ്ചയിൽ അയാൾ ഒരു മീൻപിടുത്തക്കാരനെപ്പോലെ തോന്നിച്ചു. വന്നപാടെ ഒരു കപ്പ് കോഫി അയാൾ ആവശ്യപ്പെട്ടു. മണ്ണുകൊണ്ടുണ്ടാക്കിയ ഒരു പാത്രത്തിൽ കോഫി വാങ്ങി വന്നതിലും വേഗത്തിൽ അയാൾ പുറത്തേയ്ക്കു് ഓടി. അങ്ങു് ദൂരെ നദിക്കരയിലെ വളക്കൂറുള്ള കറുത്തമണ്ണിൽ ഉയർന്നു് നിൽക്കുന്ന തപ്തിമാതാമന്ദിർ കാണാമായിരുന്നു. പിതൃസ്പർശമേറ്റുവാങ്ങി തപ്തി ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു.
“Coffee House of Surat… എന്നു് വെച്ചാൽ നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന ഈ സ്ഥലം… ഇവിടെ ആയിരുന്നു അന്നു് ടോൾസ്റ്റോയിയുടെ കഥാപാത്രങ്ങൾ ചൂടേറിയ വാക്കേറ്റം നടത്തിയതെന്നു് കരുതാം.” ഓപ്പിയം കുടിച്ചു് തലയ്ക്കു് പിടിച്ച ഒരു പേർഷ്യാക്കാരൻ അയാളുടെ ആഫ്രിക്കൻ അടിമയോടു് ചോദിച്ചു. “എടോ ദൈവമെന്നൊരു സംഗതി ഉണ്ടോ?” കറുത്തവർഗ്ഗക്കാരൻ അയാളുടെ അരച്ചരടിൽ കെട്ടിയിട്ടിരുന്ന തടികൊണ്ടുണ്ടാക്കിയ ദൈവരൂപത്തെ പുറത്തെടുത്തുകൊണ്ടു് പറഞ്ഞു, “കണ്ടോ, ഈ ദൈവരൂപമാണു് എന്റെ കുഞ്ഞുന്നാൾ മുതലുള്ള ജീവിതത്തെ സാർത്ഥകമാക്കിയിട്ടുള്ളതു്. തീർച്ചയായിട്ടും ദൈവം ഉണ്ടു്.”
ദൈവത്തെ അരച്ചരടിൽ കെട്ടിയിട്ടിരിക്കുന്ന വിവരമില്ലായ്മയെ അവിടെയിരുന്ന ബ്രാഹ്മണൻ ചോദ്യം ചെയ്തു. അങ്ങനെ ഒരു വാക്കുതർക്കം തുടങ്ങുകയായി. ബ്രാഹ്മണനും, ജൂതനും, മുസ്ലീമും, ക്രിസ്ത്യനുമെല്ലാം അവരവരുടെ ദൈവത്തിനും ദേശത്തിനും വേണ്ടി വാദിച്ചു. ഇതെല്ലാം കണ്ടും കേട്ടും ഒന്നും മിണ്ടാതെ ഒരു ചൈനാക്കാരൻ കോഫീ ഹൗസിന്റെ മൂലയ്ക്കു് ചായയും മോന്തി ഇരിയ്ക്കുന്നുണ്ടായിരുന്നു. തുർക്കിക്കാരനായ മുഹമ്മദീയൻ തന്റെ അഭിപ്രായത്തെ പിന്താങ്ങി സംസാരിക്കാനായി ചൈനാക്കാരനെ ക്ഷണിച്ചു. അതോടെ കോഫീ ഹൗസിലെ തർക്കം മറ്റൊരു വഴിക്കു് തിരിഞ്ഞു.
നീണ്ട ഉടുപ്പിന്റെ ഉള്ളിൽ നിന്നും കൈകൾ പുറത്തേയ്ക്കെടുത്തു് നെഞ്ചിൽ കെട്ടി ചൈനാക്കാരൻ പറഞ്ഞു, “ഞാൻ ചൈനായിൽ നിന്നും ഒരു ഇംഗ്ലീഷ് കപ്പലിലാണു് ഇങ്ങോട്ടേയ്ക്കു് വന്നതു്. വരുന്ന വഴി സുമാത്ര എന്ന ഒരു സ്ഥലത്തു് ശുദ്ധജലം ശേഖരിക്കാനായി ഇറങ്ങി. അവിടെ ഞങ്ങളൊരു അന്ധനെ കണ്ടു. അന്ധനാകുന്നതിനു് മുൻപുള്ള കാലം അയാൾ സൂര്യനെക്കുറിച്ചു് പഠിക്കാനായാണു് പ്രധാനമായും വിനിയോഗിച്ചിരുന്നതു്. സൂര്യന്റെ പ്രകാശകിരണങ്ങളെക്കുറിച്ചു് പഠിക്കുവാനായ് അയാൾ നിരന്തരം സൂര്യനിലേയ്ക്കു് നോക്കിയിരുന്നു. ദ്രാവകമോ, തീയോ, ദ്രവ്യമോ അല്ലാത്ത ഒന്നാണു് സൂര്യപ്രകാശം എന്നു് അയാൾ കണ്ടെത്തി. ഒന്നുമില്ലായ്മയാണു് സൂര്യപ്രകാശം എന്നു് അയാൾ ഉറപ്പിച്ചു. നിരന്തരം സൂര്യനെ നോക്കി നോക്കി അയാളുടെ കാഴ്ച അപ്പോഴത്തേയ്ക്കും ഇല്ലാതായിരുന്നു. പ്രകാശം ഒന്നുമില്ലായ്മയാണന്ന കണ്ടെത്തലും കൂടെ അന്ധതയും അയാളെ സൂര്യൻ എന്ന ഒന്നില്ല എന്ന നിഗമനത്തിൽ എത്തിച്ചു. അന്ധനു് സഹായി ആയി ഒരു അടിമ ഉണ്ടായിരുന്നു. ഞങ്ങളെത്തുമ്പോൾ അന്ധനും അടിമയും കൂടി സൂര്യൻ ഇല്ലായെന്നതിനെക്കുറിച്ചു് ചർച്ച നടത്തുക ആയിരുന്നു. ആ ചർച്ച കേട്ടുകൊണ്ടിരുന്ന ഒരാൾ സൂര്യനെക്കുറിച്ചു് അയാൾക്കുള്ള അറിവുകളും നിരത്തി. കടലിൽ നിന്നും പൊങ്ങി മലകൾക്കിടയിൽ ഒളിക്കുന്ന ഒരു തീഗോളമായിരുന്നു അയാൾക്കു് സൂര്യൻ. അവിടെ ഉണ്ടായിരുന്ന പലരും സൂര്യനെക്കുറിച്ചു് അവരവർക്കു് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തുടങ്ങി. ചുരുക്കത്തിൽ ആരും മറ്റൊരാളുടെ അഭിപ്രായത്തെ മാനിച്ചില്ല. എല്ലാവർക്കും അവരവർ കണ്ട സൂര്യനായിരുന്നു സത്യം. എങ്ങനെയാണോ സൂര്യനെ ആ ആൾക്കാർ കണ്ടതു് അതു പോലെയാണു് ദൈവത്തിന്റെ കാര്യവും. ഓരോരുത്തരും അവരവരുടെ രീതിയ്ക്കു് ദൈവത്തെ പങ്കുവെക്കുന്നു. ചൈനാക്കാരൻ പറഞ്ഞു് നിർത്തി. അതോടെ കോഫീ ഹൗസിലെ അന്നത്തെ ആ ചർച്ചയും അവസാനിച്ചു.”
നേരത്തേ വന്ന മീൻപിടുത്തക്കാരൻ അന്നേരം വീണ്ടും കോഫീ ഹൗസിലേയ്ക്കെത്തി. ആദ്യതവണ വന്നതുപോലെ പരിഭ്രമമോ ക്ഷീണമോ അയാളുടെ മുഖത്തു് ഉണ്ടായിരുന്നില്ല. അയാൾ വളരെ സന്തോഷവാനായിരുന്നു. ഒരു പെൺകുട്ടിയും അയാളുടെ കൂടെ ഉണ്ടായിരുന്നു. കടയിലോട്ടു് കേറി വന്നപാടെ അയാൾ കടക്കാരനു് കോഫിയുടെ പണം കൊടുത്തു. കൈയിലിരുന്ന ചെറിയ മൺകലം അയാൾ ഉയർത്തിക്കാട്ടി. ചുവപ്പു് തുണിയാൽ മുഖം മൂടിക്കെട്ടിയ കലത്തിൽ മുത്തിയിട്ടു് മീൻപിടുത്തക്കാരൻ പറഞ്ഞു, “ഇസ്ബാർ ബേഠീ കോ കോഫീ പീനേ വാലാ പകട്ലിയാ. ലേകിൻ മഹാരാജ്[2] ഹൈ ന, കുഛ് ഡർനേ കാ നഹീൻ.” (ഇത്തവണ കോഫി കുടിക്കുന്നവനായിരുന്നു മോളെ പിടിച്ചതു്. പക്ഷേ, മഹാരാജ് ഉള്ളതുകൊണ്ടു് പേടിക്കാനൊന്നുമില്ല).
“കഹാൻ സേ ആയാ കുഛ് പതാ ഹൈ?”(എവിടെ നിന്നും വന്നെന്നറിയാമോ)
“യേ കുവർദാ കാ നഹി. ജരൂർ…” (തീർച്ചയായിട്ടും കുവാർദയിലെ അല്ല.)
കുവാർദയിലെ അല്ല എന്നു് സ്ഥാപിക്കാനായി അയാൾ കുറച്ചു് ദിവസങ്ങൾക്കു് മുൻപു് തപ്തിമാതാ മന്ദിറിൽ വന്ന സുഹാനി എന്ന പെൺകുട്ടിയെക്കുറിച്ചു് പറഞ്ഞു. സുഹാനിയെ അവളുടെ വല്യച്ഛനായിരുന്നു അവിടെ കൊണ്ടുവന്നതു്.
“നീ ആരാണ്?” മഹാരാജ് സുഹാനിയോടു് ചോദിച്ചു.
“കിഷൻ ഭായ്”
“എവിടെ നിന്നും വരുന്നു?”
“കുവാർദ.”
“എന്താണു് വേണ്ടതു്?”
“പാനി പൂരി.”
“കിമാമിലി ഗ്രാമത്തിന്റെ നടുക്കു് നാലും കൂടിയ കവലയിൽ ആളുകൾ സൊറപറഞ്ഞിരിക്കുന്ന കലുങ്കിന്റെ മറുവശത്തു് ടെക്സ്റ്റൈൽ മില്ലുകളിൽ പണിക്കുപോകുന്ന സ്ത്രീകളെ കാത്തിരിക്കുന്ന ഓട്ടോക്കാരുള്ള തെരുവിന്റെ ഒത്ത നടുക്കാണു് കസ്യാത് കുടുംബം എന്നെ മൺകലത്തിലാക്കി തട്ടിയതു്. അഭ്യാസികളായ ഡ്രൈവർമാർ എന്നെ വെട്ടിച്ചുകൊണ്ടു് ഓടിച്ചു പോവുകയായിരുന്നു. രണ്ടു ദിവസം റോഡിനു നടുവിൽ കിടക്കേണ്ടി വന്നു. അവസാനം ഒരു സ്കൂൾ ബസ് കയറി കലം പൊടിഞ്ഞു. കറുത്ത ടാറിനു മുകളിൽ പൊടി പറന്നു. ചുവപ്പു് തുണി വണ്ടിയുടെ വീലിൽ ഉടക്കി കറങ്ങി. എവിടെനിന്നോ പാനി പൂരിയുടെ മണം എന്റെ കൊതിയുണർത്തിച്ചുകൊണ്ടു് പറന്നെത്തി. സുമിത്രയും ഞാനും കൂടി അവസാനം കഴിച്ചതും പാനി പൂരി ആയിരുന്നു. ഞാൻ ബസ്സിന്റെ പുറകേ ഓടി. മരിക്കുന്നതിനു് മുൻപു്, ഇങ്ങനെ ഓടുമ്പോൾ എന്നെ നോക്കി ആളുകൾ കളിയാക്കി ചിരിച്ചിരുന്നു. ഞാനന്നു് കുവാർദയിലെ ഭ്രാന്തനായിരുന്നല്ലോ?
പാനി പൂരിയുടെ മണവും തേടി ഞാൻ സീറ്റുകളിൽ നിന്നും സീറ്റുകളിലേയ്ക്കു് നടന്നു. പിൻസീറ്റീൽ നിന്നും കുറച്ചു് മുന്നിലായി വലതു വശത്തു് പാത്രത്തിലെ അവസാന പാനി പൂരിയും അകത്താക്കാനുള്ള ശ്രമത്തിലായിരുന്നു സുഹാനി. വായിലേയ്ക്കു് അടുക്കുന്ന സുഹാനിയുടെ വളയിട്ട കൈയിൽ ഞാൻ പിടുത്തമിട്ടു. അപ്പോൾ ബസ്സൊന്നു് വെട്ടിത്തിരിഞ്ഞു. പാവം സുഹാനി! കൈയിലെ പാനി പൂരി തെറിച്ചു. അവസരവും നോക്കിയിരുന്ന ഞാനതു് അനായാസം അകത്താക്കി. കുപ്പിവള ഒരെണ്ണം പൊട്ടി. സുഹാനിയുടെ തല വശത്തിലെ കമ്പിയിലിടിച്ചു് മുഴച്ചു. സുഹാനി ഉറക്കെ കരഞ്ഞു. മറ്റുകുട്ടികൾ ഓടി വരുന്നതിനു് മുൻപ് ഞാനവളുടെ നെറ്റി തടവാൻ ശ്രമിച്ചു. നടന്നില്ല. പ്രേതങ്ങളുടെ സ്പർശനം ജീവനുള്ള ശരീരത്തിനറിയാൻ കഴിയില്ല. ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്കുള്ള യാത്രയിലും ഞാൻ സുഹാനിയുടെ കൂടെ ഉണ്ടായിരുന്നു. സുമിത്രയും തലയിടിച്ചായിരുന്നു വീണതു്. ഡൂമസ്[3] ബീച്ചിൽ നിന്നുമുള്ള മടക്കയാത്രയിലായിരുന്നു അന്നു് ഞങ്ങൾ. ഡൂമസ് ബീച്ച് പണ്ടെങ്ങോ ഒരു ശ്മശാനമായിരുന്നു. കറുത്തിരുണ്ട മണ്ണുള്ള ഡൂമസ് ബീച്ചിനു് ആ നിറം വന്നതു് എരിഞ്ഞു് തീർന്ന ശവങ്ങളുടെ ചാരത്തിൽ നിന്നുമാണെന്നു് പറഞ്ഞു് കേട്ടിട്ടുണ്ടു്. ഡൂമസ് ബീച്ചിൽ ഇരുട്ടു് വീണു് കഴിഞ്ഞാൽ ആരേയും നിൽക്കാൻ അനുവദിക്കില്ല.
കരിങ്കൽ തിട്ടയോടു് ചേർന്നുള്ള റോഡിൽ നിന്നും മുഖ്യ വഴിയിലേയ്ക്കു് സ്കൂട്ടർ തിരിക്കുകയായിരുന്നു ഞാൻ. പാഞ്ഞു വന്നൊരു ലോറി ഒരു നിമിഷത്തിനുള്ളിൽ എല്ലാം മാറ്റിമറിച്ചു. സുമിത്ര എന്നോടൊപ്പം വീട്ടിലേക്കെത്തിയില്ല. ഡൂമസിലെ പ്രേതങ്ങളവളെ എടുത്തെന്നു് കുവാർദയിലെ ആളുകൾ പറഞ്ഞു. കുവാർദയിലേയ്ക്കു് മടങ്ങി വന്ന ഞാൻ ചിരിച്ചു. നിർത്താതെ ചിരിച്ചു. സുമിത്ര എന്റെ മുന്നിൽ തന്നെയുണ്ടായിരുന്നു. അവളെ കണ്മുന്നിൽ കാണുന്ന ഓരോ നിമിഷവും എനിക്കു് ആഹ്ലാദകരമായിരുന്നു. ഞാൻ എപ്പോഴും ചിരിച്ചുകൊണ്ടിരുന്നു. അതുകണ്ടു് ആൾക്കാർ പറഞ്ഞു എനിക്കു് ഭ്രാന്താണന്നു്.
ശരിക്കും എനിക്കായിരുന്നോ ഭ്രാന്തു്? സത്യമറിയാത്ത മനുഷ്യർ… അവർ കാണാത്തതിനും കേൾക്കാത്തതിനും അപ്പുറം ഒന്നുമില്ലായെന്നു് ചിന്തിക്കുന്ന മൂഢന്മാർ…
കുവാർദയിലെ പഞ്ചസാര ഫാക്ടറിയ്ക്കു് മുന്നിൽ എന്റേതായി പത്തു് ബീഗ[4] സ്ഥലമുണ്ടായിരുന്നു. ഭ്രാന്തനു് കൃഷി ചെയ്യാൻ പാടില്ലല്ലോ? കരിമ്പിൻ കൃഷിയില്ലാതെ നിലം തരിശായി. ഫാക്ടറിയിലേയ്ക്കു് വന്ന ലോറികൾ എന്റെ നിലത്തിൽ താവളമടിക്കാൻ തുടങ്ങി. ഞാനപ്പോൾ ഫാക്ടറിയ്ക്കു് മുന്നിലെ കലുങ്കിനു് മുകളിൽ ഒരു കിടക്ക വിരിച്ചു. എന്റെ മുന്നിൽ എപ്പോഴും സുമിത്ര ഉണ്ടായിരുന്നതിനാൽ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. ചില ലോറിക്കാർ സുമിത്രയെ ലക്ഷ്യമിട്ടിരുന്നു എന്നെനിക്കു് തോന്നി. അത്തരക്കാരെ ഞാൻ കമ്പി വടി കൊണ്ടു് നേരിട്ടു. കമ്പനിക്കാർ പരാതിയുമായി ഓഫീസുകൾ കയറി ഇറങ്ങി. ഒരു രാത്രി എന്റെ പുറത്തുകൂടെ ഒരു ലോറി കയറി ഇറങ്ങി. മരിച്ചവരുടെ ലോകത്തിൽ സുമിത്രയെ ഞാൻ ഒത്തിരി തിരഞ്ഞു. എങ്ങും അവളുണ്ടായിരുന്നില്ല.” *** “മോള് ഭൂതത്തെ കണ്ടിട്ടുണ്ടോ?” ഞാൻ മീൻകാരന്റെ കുട്ടിയോടു് ചോദിച്ചു. “ഇല്ല. പക്ഷേ, റോഡിനു നടുവിലെ മൺകലം കണ്ടിട്ടുണ്ടു്.” “പാവം ഭൂതം. റോഡിൽ നിന്നും കലത്തിലേയ്ക്കും, കലത്തിൽ നിന്നും റോഡിലേയ്ക്കും…” പറഞ്ഞു് മുഴുവിക്കുന്നതിനു മുൻപേ ഗ്രൂപ്പ് വാളന്റിയറായ സുശീല ബഹൻ പട്ടേൽ എന്നോടു് തട്ടിക്കയറി. “ആപ് മദ്രാസീ ലോഗ് കമ്മൂണിസ്റ്റ് ഹേ ന. യേ സബ് സമഛ് മേം നഹി ആതാ”
നൈഷാദ് ജാനി ഞങ്ങൾക്കിടയിലേയ്ക്കു് കയറി. “വഴക്കിടേണ്ട. ദൗർതേ ബാർബോസ് എന്ന പോർച്ചുഗീസ് സഞ്ചാരി എന്താണു് പറഞ്ഞതെന്നുകൂടി കേട്ടിട്ടു് നമുക്കീ ഹെറിറ്റേജ് വാക്കു് അവസാനിപ്പിക്കാം. മലയാളം എഴുതാനും വായിക്കാനും അറിയാമായിരുന്ന ദൗർതേ ബാർബോസ് മലബാറിൽ നിന്നുമാണു് സൂരജ്പൂറിൽ എത്തിയതു്. അദ്ദേഹം സൂരജ്പൂറിനെ സൗരാത്തെയും പിന്നീടു് മുഗളന്മാരതു് സൂറത്തുമാക്കി.”
നൂറ്റാണ്ടുകൾക്കു് മുൻപുള്ള ഈ നഗരത്തെ മനസ്സിലാക്കാൻ ദൗർത്തേ ബാർബോസ് എഴുതിയ ഒരു കാര്യം മതി.
“വളരെ മനോഹരവും വൃത്തിയുള്ളതുമായ വീടുകളും ചത്വരങ്ങളുമുള്ള സമ്പന്നമായ ഒരിടമാണു് റാനേൽ (രാംഥേർ). അവിടെ താമസിക്കുന്ന മൂറുകൾ[5] പല വിദേശ രാജ്യങ്ങളുമായി കച്ചവടം നടത്തുന്നവരും, വൃത്തിയും വെടിപ്പുമുള്ള വസ്ത്രങ്ങൾ ധരിക്കുന്നവരും അതിസുന്ദരിമാരായ ഭാര്യമാർ ഉള്ളവരുമാണു്. അവരുടെ സ്ത്രീകൾ നഗരത്തിൽ യഥേഷ്ടം പുറത്തിറങ്ങി നടക്കുന്നവരും, മറ്റു സ്ഥലങ്ങളിൽ കണ്ടുവരുന്നതുപോലെ മുഖം മറച്ചു് നടക്കുന്നവരുമല്ല.”
“അടുത്ത ആഴ്ച വീണ്ടും മണിഭദ്രക്ഷേത്രത്തിനു മുന്നിൽ പുതിയൊരു ഹെറിറ്റേജ് വാക്കിനായി കൂടിച്ചേരുന്നവരേയ്ക്കും എല്ലാവർക്കും നന്ദി.” നൈഷാദ് ജാനി പറഞ്ഞു നിര്‍ത്തി.
അന്നേരം അവിടെ വേറൊരു ചർച്ച തുടങ്ങുകയായിരുന്നു. സൂരജ്പൂറിനെ സൂറത്ത് ആക്കിയതിനെക്കുറിച്ചായിരുന്നു അതു്.
“നല്ലൊന്നാന്തരം പേരാണു് ഇവന്മാർ ഖുറാനിലോട്ടാക്കിയതു്.” മയൂർ ഷാ ദുഃഖത്തോടെ പറഞ്ഞു.
“ഖുറാനെ പറയരുതു്…” ആസിഫ് സയ്ദ് വിരൽ ചൂണ്ടി.
വെയിലിനു് ശക്തികൂടി വന്നു. മീൻപിടുത്തക്കാർ നദിക്കരയിൽ വല കുടഞ്ഞു. കുറേ തെരുവുപട്ടികൾ വലക്കാർക്കും കോഫീഹൗസിനും ചുറ്റും സ്നേഹത്തോടെ വാലാട്ടി നടന്നു.
ഞാൻ നൈഷാദ് ജാനിയോടു് യാത്ര ചോദിച്ചു. “വളരെ നന്ദി ടോൾസ്റ്റോയിയുടെ കോഫീ ഹൗസ് കാണിച്ചു് തന്നതിനു്.”
കറുത്തമണലിലൂടെ നടന്നു് കവലയിലെത്തി. റോഡിനു നടുവിൽ പുതിയൊരു കലം! ശ്രദ്ധിക്കാതിരിക്കാനായില്ല.
ആലപ്പുഴ കോമളപുരം സ്വദേശി. Mechanical Engineering Diploma കഴിഞ്ഞു് 1998 മുതൽ കേരളത്തിനു പുറത്തും വിദേശത്തുമായി പല കമ്പനികളിൽ ജോലി നോക്കുന്നു. ഇപ്പോൾ ഗുജറാത്തിലെ സൂറത്തിൽ ഒരു ഇന്തോ ജർമ്മൻ കമ്പനിയിൽ വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് ആയി ജോലി ചെയ്യുന്നു. രണ്ടു പുസ്തകങ്ങൾ രചിച്ചിട്ടുണ്ടു്. അപ്പുക്കുട്ടൻ കഥകൾ, തൻഹ. ബ്ലോഗ്: എന്റെ ചില കുറിപ്പുകൾ.