images/Jews_through_the_Red_Sea.jpg
Passage of the Jews through the Red Sea, a painting by Ivan Ayvazovsky (1817–1900).
മാനവികതയും ജൂതമതവും
ഡോ. സ്കറിയ സക്കറിയ

കുഴപ്പം പിടിച്ച രണ്ടു വാക്കുകളാണു് മാനവികതയും ജൂതമതവും. വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണു് രണ്ടു പദങ്ങളും. ചിലർ ആദരപൂർവവും മറ്റു ചിലർ നിന്ദാസൂചകമായും. രണ്ടു പദത്തിന്റെയും വിവക്ഷകൾ വക്താക്കൾ മാറുന്നതനുസരിച്ചു് തകിടം മറിയുന്നുണ്ടെന്നു സാരം. വിവക്ഷകൾ കൂടിക്കലർന്നുണ്ടാകുന്ന സങ്കീർണ്ണതകൾ ശാസ്ത്രീയമായി അപഗ്രഥിക്കാൻ ഇവിടെ ഇടമില്ല. പ്രബന്ധത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി ചില വിശദീകരണങ്ങൾ നൽകാൻ മാത്രം തുനിയുന്നു.

മനുഷ്യകേന്ദ്രിതമായ ദർശനം, കർമ്മപദ്ധതി എന്ന അർത്ഥത്തിൽ മാനവികതയെ വിശദീകരിക്കാം. അല്പം കാല്പനികത കലർത്തിയാൽ മനുഷ്യൻ എത്ര സുന്ദരജീവി, സുന്ദരപദം എന്നൊക്കെ ആശ്ചര്യപ്പെടുകയും ചെയ്യാം. ഇനി നിങ്ങൾ ഈശ്വരവിശ്വാസിയാണെങ്കിൽ ‘ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ’ എന്നു് അഭിമാനം കൊള്ളാം. മനുഷ്യാവതാരങ്ങളുടെ നീണ്ട ശൃംഖലകളിലൂടെ മനുഷ്യന്റെ ദിവ്യത്വത്തെക്കുറിച്ചു് എത്രയോ വിചിത്രങ്ങളും സുന്ദരങ്ങളുമായ ആഖ്യാനങ്ങൾ ചുറ്റുപാടും ഇന്ദ്രിയങ്ങളിലേക്കു തിക്കിത്തിരക്കി വരുന്നു. കണ്ടും കേട്ടും മണത്തും രുചിച്ചും തൊട്ടും അനുഭവിക്കാൻ മനുഷ്യാവതാരകഥകൾ എല്ലാ സംസ്കൃതികളിലും സുലഭമാണു്. ഇവയെല്ലാം കേട്ടു ഹാലിളകിപ്പോകാതിരിക്കാൻ പ്രത്യാഖ്യാനങ്ങളും അനുഭവങ്ങളും വേറെയുണ്ടു്. മനുഷ്യന്റെ പതനകഥകൾ. മനുഷ്യൻ മനുഷ്യനോടു കാട്ടുന്ന കൊടിയ ക്രൂരതകൾ. യുദ്ധങ്ങളുടെ കഥകളും ചരിത്രസ്മരണകളും വാർത്തകളും. പീഡനത്തിന്റെയും വിവേചനത്തിന്റെയും ചൂഷണത്തിന്റെയും അനുഭവവൃത്താന്തങ്ങൾ. അമ്മയെപ്പോലെ മനുഷ്യനെ പരിപാലിക്കുന്ന പ്രകൃതിയെ ബലാത്സംഗം ചെയ്യുന്ന മനുഷ്യന്റെ ആർത്തി. മറ്റെല്ലാ സൃഷ്ടികളും സൃഷ്ടിയുടെ മകുടമായ മനുഷ്യനു വേണ്ടിയാണെന്നതും ‘മാനവികതാവാദ’ത്തിന്റെ ഗണത്തിലാണു് ഉൾപ്പെടുന്നതു്. ഇങ്ങനെ നോക്കുമ്പോൾ മാനവികതാവാദം എന്നതു് ഖേദകരവും ആഹ്ലാദകരവും അഭിമാനകരവും അപമാനകരവും പ്രത്യാശാനിർഭരവും അപായകരവുമായ വിരുദ്ധസൂചനകൾ നൽകുന്ന സംജ്ഞയാണെന്നു പറയാം. മാനവികതാവാദത്തെ ഇവയിൽ ഏതെങ്കിലുമൊന്നായി ചുരുക്കി കാണുന്നതു് അപകടകരമാണു്. വെറുമൊരു ബൗദ്ധികപ്രസ്ഥാനമല്ല അതു്. അനുദിന ജീവിതചര്യകളെ ഊർജ്ജിതപ്പെടുത്തുന്ന ദാർശനികതയായി വേണം അതിനെ മനസ്സിലാക്കാൻ.

images/Narayana_Guru.jpg
നാരായണഗുരു

സമകാലികർ, വിശിഷ്യ ഉത്തരാധുനികർ എല്ലാ അറിവുരൂപങ്ങളുടെയും ബഹുമുഖത്വത്തിൽ ശ്രദ്ധിക്കുന്നവരാണു്. പ്രസ്ഥാനങ്ങളും ചിന്താപദ്ധതികളും പ്രകരണബലംകൊണ്ട് പല മട്ടിൽ പ്രത്യക്ഷപ്പെടുന്നു, പ്രകടമാകുന്നു എന്ന നിർമ്മിതിവാദത്തിന്റെ കാഴ്ചപ്പാടാണു് ഇന്നു പ്രസക്തം. മനുഷ്യൻ എന്ന സങ്കല്പവും ചരിത്രജീവിയും ഇത്തരം ബഹുഭാവങ്ങളിലാണു് ഇന്നു വൈജ്ഞാനികാനുഭവമാകുന്നതു്. ചരിത്രത്തിലൂടെ മനുഷ്യൻ കൂടുതൽ മാനവികനാകുന്നു. ഇതിനർത്ഥം മനുഷ്യൻ ബഹുമുഖമായി പരിണമിക്കുന്നു എന്നാണു്. ബഹുമുഖത്വം, പരിണാമം എന്നിവയാണു് ഉത്തരാധുനികകാലത്തെ മനുഷ്യസങ്കല്പത്തിന്റെയും മാനവികതാവാദത്തിന്റെയും സവിശേഷതകൾ. മനുഷ്യനെക്കുറിച്ചുള്ള ഇത്തരം സങ്കീർണ്ണധാരണ പഴമക്കാർക്കു അപരിചിതമായിരുന്നു എന്നു വിവക്ഷയില്ല. മനുഷ്യനെക്കുറിച്ചു തുറവിയുള്ള എത്രയോ ആഖ്യാനങ്ങൾ പഴമയിലുണ്ടു്. മലയാളിയുടെ ഓണത്തിന്റെ പുരാവൃത്തവും ഭാരതീയരുടെ മഹാഭാരതവും ഹീബ്രു ബൈബിളിലെ ജോബിന്റെ കഥയും നാനാവഴിക്കു തുറക്കുന്ന മാനവജീവിതാഖ്യാനങ്ങളാണു്. സുനിശ്ചിതത്വങ്ങളിലേക്കല്ല, അനിശ്ചിതത്വങ്ങളിലൂടെ അറിവിന്റെ സാധ്യതാചക്രവാളങ്ങളിലേക്കാണു് ഈ ആഖ്യാനങ്ങൾ വഴിതുറക്കുന്നതു്. നാനാവഴിക്കു തുറക്കുന്നവയാണു് അവയുടെ ആഖ്യാനശില്പങ്ങൾ. ഇത്തരം നാനാത്വം തന്നെ മാനവികതയുടെ മൗലികസവിശേഷത. നാരായണഗുരു വിന്റെ “മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി” എന്നതിലെ ഏതായാലും ഇത്തരം നാനാത്വത്തിന്റെ ഭാഷാചിഹ്നമാണു്.

ജൂതമതം എന്ന സംജ്ഞയുടെ വിവക്ഷകളും ഉത്തരാധുനികതയുടെ ആശയാവലികളിൽ പുനർവിവരിക്കേണ്ടിയിരിക്കുന്നു. ‘ആരാണു് ജൂതൻ?’ എന്ന ലളിതമായ ചോദ്യത്തിനു ലളിതമായ ഉത്തരമില്ല. മതവിജ്ഞാനീയത്തിലെ (Religious studies) പുതിയ ഉൾക്കാഴ്ചകൾ നൽകുന്ന തിരിച്ചറിവുകൾ പ്രയോജനപ്പെടുത്തി വേണം ജൂതരെയും ജൂതത്വത്തെയും പുനർവിവരിക്കാൻ. മതഗ്രന്ഥങ്ങളും ജൂതചരിത്രവും മാത്രം പരിഗണിച്ചാൽ പോരാ, സമകാലിക ജീവിതാനുഭവങ്ങൾകൂടി ഗൗനിക്കണം. സമകാലിക ജൂത അനുഭവത്തിലെ അതിശ്രദ്ധേയമായ ഘടകം ജൂതരാഷ്ട്രമായ ഇസ്രായേലാണു്.

1948-ൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒടുവിൽ നിലവിൽ വന്ന ഇസ്രായേൽരാഷ്ട്രം പശ്ചിമേഷ്യയിൽ സംഘർഷചിഹ്നമാണു്. അറബി/മുസ്ലീം–ജൂതസംഘർഷത്തിന്റെ ചിഹ്നമാണു് പലർക്കും ഇസ്രായേൽ. ഇപ്പോൾ ദ്വിരാഷ്ട്ര രൂപീകരണത്തിലൂടെ പ്രശ്നം പരിഹരിക്കാൻ നടക്കുന്ന ശ്രമങ്ങളും ജൂത–മുസ്ലീം ധ്രുവീകരണത്തിലേക്കാണു് മേഖലയെ നയിക്കുന്നതു്. ഇതാണു് തീക്ഷ്ണയാഥാർത്ഥ്യം എന്നിരിക്കിലും ജൂതസങ്കല്പത്തെ വർത്തമാനകാലത്തിന്റെ ഭൂപടത്തിൽ ഇസ്രായേൽ എന്നു മാത്രമാക്കി അടയാളപ്പെടുത്തുന്നതു് അമിത ലളിതവത്ക്കരണമായിരിക്കും. ഇസ്രായേലിൽ പുതിയ കണക്കനുസരിച്ചു 54 ലക്ഷം ജൂതരാണുള്ളതു്. ഇസ്രായേൽ എന്ന സംജ്ഞയിൽ ഇസ്രായേൽ എന്ന ജൂതരാഷ്ട്രപ്രദേശവും വെസ്റ്റ്ബാങ്ക്, ഗാസ എന്നീ അറബിമേഖലകളും ഉൾപ്പെടുത്തുന്നു. ഇവിടെ മൊത്തമുള്ളതു 55 ലക്ഷം അറബികളാണു്. അവരിൽ മഹാഭൂരിപക്ഷവും മുസ്ലീങ്ങളാണു്. ചുരുക്കം ക്രിസ്ത്യാനികളും ജൂതരാഷ്ട്രപ്രദേശത്തുതന്നെ ജൂതേതരർ ഇരുപതു ശതമാനത്തോളം വരും. ലോകത്തിന്റെ ഏതു ഭാഗത്തുള്ള ജൂതർക്കും ഇസ്രായേലിൽ കുടിയേറിപ്പാർക്കാൻ അവസരമുണ്ടെങ്കിലും അന്യനാടുകളിലെ പല ജൂതരും അതു പ്രയോജനപ്പെടുത്തുന്നില്ല. ഏറ്റവും നല്ല ഉദാഹരണം അമേരിക്കയിലെ ജൂതരാണു്. 57 ലക്ഷത്തോളം ജൂതരുണ്ടു് അമേരിക്കയിൽ. ഇസ്രായേൽ അടക്കമുള്ള രാജ്യങ്ങളിൽനിന്നു ജൂതർ അമേരിക്കയിലേക്കു കുടിയേറുന്നു. 17 ലക്ഷത്തോളം ജൂതരുണ്ടു് ന്യൂയോർക്കിൽ. അതുകൊണ്ടു് ജൂതർ = ഇസ്രായേൽ എന്ന സമവാക്യം നിജസ്ഥിതി മനസ്സിലാക്കാൻ ഉപകരിക്കില്ല. അമേരിക്കൻ ജൂതർ അമേരിക്കൻ ദേശീയതയുമായി പൂർണ്ണമായി സാത്മ്യം പ്രാപിച്ചിരിക്കുന്നു. രാഷ്ട്രീയം, സാമ്പത്തികം, സാംസ്കാരികം എന്നിങ്ങനെ എല്ലാ മണ്ഡലങ്ങളിലും അമേരിക്കൻ ജീവിതത്തിൽ പങ്കാളികളായി അതിന്റെ ഗുണദോഷങ്ങൾ അവർ പങ്കുവയ്ക്കുന്നു. അമേരിക്കൻ ഐക്യനാടുകളുടെ സാംസ്കാരിക വൈവിധ്യം സ്പഷ്ടതരമാക്കുന്നതിൽ ജൂതർക്കു നല്ല പങ്കുണ്ടു്. ഒപ്പം ജൂതമതത്തിലെ വൈവിധ്യ വൈചിത്ര്യങ്ങളുടെയും പ്രദർശനശാലയാണു് അമേരിക്ക. ജൂതമതനിയമങ്ങളും ജീവിതച്ചിട്ടകളും പല തരത്തിലാണു് അമേരിക്കയിൽ പ്രകടമാകുന്നതു്. പഴമയിൽ പുതഞ്ഞുകിടക്കുന്ന നിശ്ചലരൂപമല്ല ജൂതത്വം. അതു നിരന്തരം പരിണമിക്കുകയാണു്. ജൈവപരിണാമം എന്നുതനെ പറയാം. ഓർത്തഡോക്സ് ജൂതർ, നവീകരണ ജൂതർ, യാഥാസ്ഥിതിക ജൂതർ, മതേതര ജൂതർ എന്നിങ്ങനെ പല വിളിപ്പേരുകളിൽ ജൂതസമൂഹങ്ങൾ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു. അവർ മൊത്തത്തിൽ പങ്കുവയ്ക്കുന്ന കാര്യങ്ങൾ എന്തെല്ലാം എന്നു് പരിഗണിക്കാം.

ജൂതത്വം ഒരു സംസ്ക്കാരമാണു് എന്ന കാര്യത്തിൽ ജൂതർ ഏകാഭിപ്രായക്കാരാണു്. അതിൽ ചരിത്രത്തിനും മതത്തിനും സാരമായ പങ്കുണ്ടു്. രാഷ്ട്രം, ജനത എന്നീ ആശയങ്ങൾക്കു് ജൂതസങ്കല്പത്തിൽ എത്രത്തോളം പങ്കുണ്ടെന്ന കാര്യത്തിൽ ഏകാഭിപ്രായമില്ല. മതത്തിന്റെ കാര്യത്തിൽത്തന്നെ നിസ്സാരമല്ലാത്ത അഭിപ്രായഭേദങ്ങളുണ്ടു്. ജൂതത്വത്തെ സംസ്കാരമായി അംഗീകരിക്കുന്നവരിൽത്തന്നെ ഈശ്വരവിശ്വാസികളല്ലാത്തവർ ഏറെയുണ്ടു്. അവരാണു് നിരീശ്വരജൂതർ, അഥവാ മതേതര ജൂതർ. വംശീയതയാണു് ജൂതത്വത്തിന്റെ അടിസ്ഥാനം എന്നു കരുതുന്നവർ ജൂതരിലും ജൂതേതരത്തിലും ധാരാളമുണ്ടു്. ജൂതസ്ത്രീയിൽ പിറന്നവരോ ജൂതമതത്തിലേക്കു സ്വന്തം ഇഷ്ടമനുസരിച്ചു മതം മാറിയവരോ മാത്രമേ ജൂതരാകൂ എന്നു ചിലർ ശഠിക്കുന്നു. അതല്ല, മിശ്രവിവാഹത്തിൽ ജനിച്ചു ജൂതസംസ്ക്കാരത്തിൽ വളരുന്നവരും ജൂതർ തന്നെ എന്നു വാദമുണ്ടു്. മതം മാറിയാലും ജൂതസമുദായത്തിൽ ജനിച്ചവർ ജൂതരായി തുടരുമെന്നാണു് മറ്റൊരു നിലപാടു്. ഇപ്പറഞ്ഞ കാര്യങ്ങൾ മതഗ്രന്ഥങ്ങളും മതനിയമങ്ങളും ചരിത്രമാതൃകകളും ഉദ്ധരിച്ചു സമർത്ഥിക്കുന്നവരെ ജൂതരേഖകളിൽ സുലഭമായി കണ്ടെത്താം. ജൂതത്വത്തെ ഏകശിലാത്മകമായി മനസ്സിലാക്കുന്ന ‘സാമാന്യബുദ്ധി’ ചോദ്യം ചെയ്തുകൊണ്ടല്ലാതെ ജൂതരുടെ മാനവികതയെക്കുറിച്ചു സമകാലികമായി ചർച്ച ചെയ്യാനാവില്ല. ഇസ്രായേൽ രാഷ്ട്രത്തിൽ മതവും രാഷ്ട്രവും തമ്മിൽ ഉറ്റബന്ധമുണ്ടു് എന്നതു സത്യംതന്നെ. അവിടെയും ധാരാളം ജൂതർ മതചര്യകൾക്കു പുറത്താണു് എന്ന കാര്യം മറക്കരുതു്. ഭൂരിപക്ഷം ജൂതരും ഇസ്രായേലിനു പുറത്താണു് എന്നതും പ്രത്യേക പരിഗണന അർഹിക്കുന്നു. അവർ അതതുദേശത്തെ സംസ്കൃതികളുമായി ബന്ധപ്പെട്ടു ജീവിതശൈലികൾ വികസിപ്പിച്ചിരിക്കുന്നു. അമേരിക്കയിലെയും ജർമ്മനിയിലെയും ജൂതർ അതതു ദേശരാഷ്ട്രസംസ്ക്കാരങ്ങൾക്കും മാനവസംസ്കാരത്തിനും നൽകിയ വിലപ്പെട്ട സംഭാവനകൾ മറന്നുകൂടാ. അമേരിക്കയിലെ ജൂതരിൽ മാനവികതാവാദത്തിൽ മാത്രം ഉറപ്പിച്ച ഒരു ജൂതക്കൂട്ടായ്മയുണ്ടു്. ഇരുപതിനായിരത്തിലേറെ അംഗസംഖ്യയില്ലാത്ത ഇക്കൂട്ടർ ജൂതത്വത്തിന്റെ ഘടകമായി ജൂതമതത്തെ സ്വീകരിക്കുന്നില്ല. മതചിന്ത ഒഴിവാക്കിക്കൊണ്ടുള്ള ജൂതത്വമാണു് അവർ പ്രകടമാക്കുന്നതു്. ‘ഹ്യൂമനിസ്റ്റിക് ജൂഡയിസം’ എന്നാണു് ഈ ഗണം അറിയപ്പെടുന്നതു്. ജൂതസംസ്ക്കാരം ജൂതസ്വത്വമായി അവർ കണക്കാക്കുന്നു. മിശ്രവിവാഹമടക്കമുള്ള സമകാലിക ജീവിതാദർശങ്ങൾ സ്വീകരിച്ചുകൊണ്ടു ജൂതരായി ജീവിക്കാം എന്നാണു് ഇക്കൂട്ടർ തെളിയിക്കുന്നതു്. കേരളീയ ജൂതരാകട്ടെ അടിയുറച്ച മതവിശ്വാസികളാണു്. കേരളത്തിൽ കഴിഞ്ഞുകൂടിയിരുന്നപ്പോഴും ഇസ്രായേലിൽ കുടിയേറിയപ്പോഴും മതകേന്ദ്രിതമാണു് അവരുടെ ജീവിതം. സിനഗോഗുകളാണു് മുഖ്യസാമൂഹികസ്ഥാപനം. കേരളീയ സിനഗോഗുകൾ, പ്രാർത്ഥനകൾ, പെരുന്നാളുകൾ തുടങ്ങിയവയുടെ കാര്യത്തിൽ മറ്റു സ്ഥലങ്ങളിലെ ജൂതരുമായി പൊരുത്തപ്പെട്ടുപോകുന്നു. മതാനുഷ്ഠാനങ്ങൾക്കു ഹീബ്രു തന്നെ മുഖ്യഭാഷ. എന്നാൽ സാമൂഹികജീവിതത്തിൽ അവർ മലയാളികളാണു്. കൊച്ചിയിലും ചുറ്റുവട്ടത്തുമായി കഴിഞ്ഞുകൂടിയിരുന്ന ജൂതർ വ്യത്യസ്ത സിനഗോഗു സമൂഹങ്ങളായി പ്രവർത്തിച്ചു. അവരെ പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനും ഭരണകർത്താക്കൾ ജാഗ്രത പുലർത്തിയിരുന്നു. ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും ജൂതർ വേട്ടയാടപ്പെട്ടപ്പോൾ ഇവിടെ അവർ മതദ്രോഹമില്ലാതെ കൂടിപ്പുലർന്നു ജീവിച്ചു. ജൂതചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണിതു്. കേരളത്തിൽ ഇന്നും നിലനിൽക്കുന്ന ഏഴെട്ടു സിനഗോഗുകൾ ഈ ചരിത്രസത്യത്തിന്റെ സ്മാരകങ്ങളാണു്. മലയാളഭാഷയിലുമുണ്ടു് ജൂതസ്മാരകങ്ങൾ—ജൂതസ്ത്രീകൾ തലമുറകളിലൂടെ പാടിപ്പാടി പകർന്നുപോന്ന പാട്ടുകൾ. കല്യാണം, പെരുന്നാൾ എന്നിങ്ങനെ ആഹ്ലാദകരമായ അവസരങ്ങളിലെല്ലാം ജൂതസ്ത്രീകൾ ഉത്സാഹപൂർവം പാടിയിരുന്ന ഈ ഗാനങ്ങൾ ജൂതചരിത്രം, ജൂതമലയാളം, ജൂതഭാവന, ജൂതപുരാണക്കലർപ്പു്, ജൂതവിശ്വാസങ്ങൾ എന്നിവയുടെ ചേരുവകൊണ്ടു് ശ്രദ്ധേയമായിരിക്കുന്നു. ജൂതരുടെ മാനവികതയെക്കുറിച്ചുള്ള അന്വേഷണത്തിനു വിലപ്പെട്ട വിഭവങ്ങളാണു് ജൂതരുടെ മലയാളം പെൺപാട്ടുകൾ.

ജൂതരുടെ സാമൂഹികശീലങ്ങളെ നിയന്ത്രിക്കുന്ന ചില ഘടകങ്ങൾ ഇനി നോക്കാം. ജൂത–ക്രൈസ്തവ–മുസ്ലീം പാരമ്പര്യങ്ങളെ ഏകോപിപ്പിക്കുന്ന ഘടകങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വേദഗ്രന്ഥങ്ങളോടുള്ള ആദരവാണു് അതിൽ പ്രധാനം. ജൂതർക്കു ഹീബ്രു ബൈബിൾ, ക്രൈസ്തവർക്കു് ഹീബ്രു ബൈബിളും ഗ്രീക്കു ബൈബിളും (പുതിയ നിയമം), മുസ്ലീങ്ങൾക്കു ഖുറാൻ. ഗ്രന്ഥനിഷ്ഠമായി ഈ മതങ്ങളെ വിശദീകരിക്കാൻ ശ്രമിച്ചാൽ ഇവയെല്ലാം അബ്രഹാമിന്റെയും യോസേഫിന്റെയും മോശെയുടെയും ദാവീദിന്റെയും പാരമ്പര്യത്തെ ആദരിക്കുന്നതു തെളിഞ്ഞു കാണാം. അബ്രഹാമിന്റെ പാരമ്പര്യമുള്ള മതങ്ങൾ (Abrahamic religions) എന്നു ചിലർ ഇതിനെ വിശേഷിപ്പിക്കാറുണ്ടു്. വേദഗ്രന്ഥത്തിൽ പരിമിതപ്പെട്ടു നിൽക്കാതെ വാചികപാരമ്പര്യങ്ങളെക്കൂടി ഉൾക്കൊണ്ടു ജൂതമതനിയമങ്ങൾ പിൽക്കാലത്തു വികസിച്ചു. ചരിത്രത്തിലൂടെയുള്ള പരിണാമമാണിതു്. കാനാൻ പ്രവേശം, ഈജിപ്തിലെ അടിമത്തം, ഈജിപ്തിൽനിന്നുള്ള മോചനം, ഗോത്രജീവിതത്തിൽനിന്നു രാഷ്ട്രത്തിലേക്കുള്ള മാറ്റം, അസീറിയൻ ആക്രമണം, ബാബിലോൺ പ്രവാസം, റോമൻ ആക്രമണം, രണ്ടായിരം വർഷത്തെ പ്രവാസം, യൂറോപ്പിലെ ജൂത കൂട്ടക്കൊലകൾ (Holocaust), രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ ഇസ്രായേൽ രാഷ്ട്രം, തുടർച്ചയായ അറബി–ഇസ്രായേൽ സംഘർഷം എന്നിങ്ങനെ പരിണമിക്കുകയാണു് ജൂതചരിത്രം. ചരിത്രാനുഭവങ്ങൾ ജൂതസ്വത്വരൂപീകരണത്തിൽ നിർണ്ണായകമാണു്. ഉദാഹരണത്തിനു് അബ്രഹാമിന്റെ കാലംമുതൽ കുടിയേറ്റം, പ്രവാസം എന്നീ അനുഭവങ്ങൾ ആവർത്തിക്കപ്പെടുന്നു. ബാബിലോൺ പ്രവാസം മുതൽ ചിതറിക്കപ്പെട്ടവരുടെ നൊമ്പരം ജൂതന്റെ മൗലികഭാവമായിത്തീർന്നു. അസീറിയൻ ആക്രമണത്തിലും റോമൻ ആക്രമണത്തിലും അനേകലക്ഷം ജൂതർ കൊല്ലപ്പെട്ടു, അടിമകളാക്കപ്പെട്ടു. ജറുസലേമിൽ ജൂതർ പടുത്തുയർത്തിയ ഒന്നാം ദേവാലയം ശത്രുക്കൾ തകർത്തുകളഞ്ഞു. ജൂതഭാവനയുടെ മർമ്മവും ദേവാലയത്തിന്റെ കേന്ദ്രവുമായിരുന്ന വാഗ്ദാനപേടകം നശിപ്പിച്ചു. രണ്ടാം ദേവാലയത്തിൽ കേന്ദ്രസ്ഥാനത്തുണ്ടായിരുന്ന ഏഴു ശാഖകളുള്ള വിളക്കു് (menorah) വിജയചിഹ്നമായി റോമക്കാർ കൊണ്ടുപോയി. റോമിലെ വിജയകവാടത്തിൽ ഇപ്പൊഴും മെനോറ എന്ന വിളക്കിന്റെ പ്രതിരൂപം കാണാം. ആധുനിക ഇസ്രായേൽ രാഷ്ട്രത്തിന്റെ ഔദ്യോഗികചിഹ്നമാണു് മെനോറ. ജറുസലേമിലെ ഏക ആരാധനാലയം തകർക്കപ്പെട്ടപ്പോൾ പ്രവാസകാലത്തു സിനഗോഗുകൾ ഉണ്ടായി. വേദപാരായണത്തിനും പഠനത്തിനും പ്രാർത്ഥനയ്ക്കുമുള്ള ആലയമാണു് സിനഗോഗു്. ജറുസലേമിലെ പ്രതാപമാർന്ന ദേവാലയവും പുരോഹിതരുടെ അധികാരശ്രേണിയും അസ്തമിച്ചെങ്കിലും സിനഗോഗുകൾ കേന്ദ്രീകരിച്ചു വേദജ്ഞരും ഗുരുക്കന്മാരും (റബ്ബിമാർ) നാനാദേശങ്ങളിൽ ഉണ്ടായി. ബൈബിളിലെ മോശെയുടെ രചനകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആദ്യ അഞ്ചു ഗ്രന്ഥങ്ങളാണു് തോറ (Torah) എന്നറിയപ്പെടുന്ന ജൂതവേദം. ഇതിന്റെ അമ്പത്തിനാലിൽ ഒരു ഭാഗം ഓരോ ശാബത്തിലും സിനഗോഗിൽ വായിക്കും. ഒരു വർഷംകൊണ്ടു് തോറ ഒരുവട്ടം വായിച്ചു തീർക്കും. മനോഹരങ്ങളായ കീർത്തനങ്ങൾകൊണ്ടു് സിനഗോഗിലെ ശാബത്തു് പ്രാർത്ഥനകൾ വൈവിധ്യപൂർണ്ണമായി വളർന്നു. ജൂതസംഗീതത്തിനും സാഹിത്യത്തിനും ശാബത്തു് പ്രാർത്ഥനകൾ വേദിയൊരുക്കി. അവിടെ തോറയും ശാബത്തും സുന്ദരികളായി വിളയാടി. വധുവും രാജ്ഞിയുമായി അംഗീകരിക്കപ്പെട്ടു. ശാബത്തു് യാന്ത്രികമായ അനുഷ്ഠാനമാകാതെ ആഹ്ലാദകരമായ ഒത്തുചേരലായി നിലനിറുത്താൻ ജൂതർ ശ്രദ്ധിച്ചിരുന്നു. സിനഗോഗിലെ വേദചർച്ചകൾ വിദ്വൽസദസ്സുകളായി വളർന്നു. പഠിപ്പിനും ചർച്ചയ്ക്കും തർക്കത്തിനും മതപരമായ ഉത്തേജനം ലഭിച്ചു. വിദ്യയുടെ കാര്യത്തിൽ ജൂതർ കൈവരിച്ച നേട്ടത്തിനു പിന്നിൽ ഈ സിനഗോഗു ജീവിതത്തിന്റെ പ്രചോദനം ഉണ്ടായിരുന്നു. നോബൽസമ്മാനജേതാക്കളുടെ പട്ടികയിലും പുറത്തും ജ്ഞാനികളുടെ ഗണത്തിൽ വിശ്വാസികളും അവിശ്വാസികളുമായ ജൂതരുടെ പേരുകൾ തുടരെ പ്രത്യക്ഷപ്പെടുമ്പോൾ കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി സിനഗോഗുകളിൽ നിലനിന്ന സംവാദസദസ്സുകൾ പ്രത്യേക പ്രശംസ അർഹിക്കുന്നു.

ജൂതമാനവികതയുടെ മനോഹരമുഖമാണു് സിനഗോഗുസമൂഹത്തിന്റെ നടപടിക്രമങ്ങൾ. സിനഗോഗു സമൂഹങ്ങൾ പ്രവാസദേശങ്ങളിൽ വികേന്ദ്രീകൃതമായി വികാസം പ്രാപിച്ചതുകൊണ്ടു കഠിനമായ അധികാരപ്രയോഗങ്ങളിൽനിന്നു് അവ വിമുക്തമായിത്തീരുന്നു. മറ്റു പല മതങ്ങൾക്കും ഭരണകൂടത്തിന്റെ സംരക്ഷണം ലഭിച്ചപ്പോൾ നിയന്ത്രണങ്ങൾ വിചാരലോകത്തു് കടന്നുവന്നു. ഊർജസ്വലരായ ചിന്തകർക്കു വിലക്കുകളുണ്ടായി. അത്തരം ഊരുവിലക്കുകൾക്കു് പ്രവാസി ജീവിതകാലത്തു് സിനഗോഗുകളിൽ ഇടമുണ്ടായിരുന്നില്ല. ഇന്നത്തെ ഇസ്രായേൽ രാഷ്ട്രത്തിൽ മതാധികാരികൾ–റബ്ബിമാർ രാഷ്ട്രഘടനയുടെ പൂരകമായിത്തന്നെ പ്രത്യക്ഷപ്പെടുന്നു എന്നതു മറക്കുന്നില്ല. അതു ബൗദ്ധികജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ ചരിത്രത്തിലൂടെ കണ്ടറിയണം. എന്നാൽ ഭൂരിപക്ഷം ജൂതരും മറുനാടുകളിലായതുകൊണ്ടു് ഔദ്യോഗിക നിയന്ത്രണങ്ങൾക്കു പുറത്താണു്. കേരളത്തിലെ ജൂതർക്കു് സിനഗോഗുകളുടെ നടത്തിപ്പിനു സവിശേഷ സമ്പ്രദായങ്ങളുണ്ടായിരുന്നു. കുടുംബങ്ങളിലെ കാരണവന്മാർ ചേർന്ന യോഗമാണു് സിനഗോഗിന്റെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നതു്. മൂപ്പുമുറയനുസരിച്ചായിരുന്നു ഭരണസംവിധാനം. ഓരോ സിനഗോഗും സവിശേഷതകളുള്ള സിനഗോഗു സമൂഹത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു. വിവിധ സിനഗോഗുകളെ ഏകോപിപ്പിക്കാൻ ഏഴുയോഗം എന്ന പേരിൽ പൊതുയോഗവുമുണ്ടായിരുന്നു. ജനാധിപത്യപരം എന്നു വിശേഷിപ്പിക്കാവുന്ന യോഗമാതൃക പരമ്പരാഗത ക്രൈസ്തവസമൂഹത്തിലുമുണ്ടായിരുന്നു. പാശ്ചാത്യരുടെ ഇടപെടൽ കൊണ്ടാണു് അതു് അലങ്കോലപ്പെട്ടതു്. ജൂതർക്കിടയിൽ വിവിധ സിനഗോഗു സമൂഹങ്ങൾ തമ്മിലുണ്ടായിരുന്ന വ്യത്യാസങ്ങൾ മുൻനിറുത്തി കേരളീയ ജൂതസമൂഹത്തിലെ ജാതിഭേദങ്ങളെക്കുറിച്ചു പല ചർച്ചകളും നടന്നിട്ടുണ്ടു്. ജാതിസങ്കല്പം നിർവചിക്കുന്നതിൽ നിസ്സാരമല്ലാത്ത അഭിപ്രായഭേദങ്ങളുള്ളതുകൊണ്ടു് ഇക്കാര്യത്തിൽ തീർപ്പു പറയാൻ സാധിക്കുകയില്ല. സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ വ്യതിരിക്തതകൾ കേരളീയ ജൂതസമൂഹത്തിലുമുണ്ടായിരുന്നു. ജൂതർ ഇസ്രായേലിൽ ഒത്തുകൂടിയപ്പോഴും പല നാടുകളുടെയും പാരമ്പര്യങ്ങളുടെയും സ്വരസങ്കലനമാണു് അവിടെനിന്നു ഉയർന്നു കേൾക്കുന്നതു്. ജൂതത്വത്തെ കൃത്യമായി നിർവചിക്കാനുള്ള ഏതു ശ്രമത്തെയും വെല്ലുവിളിക്കുന്നതാണു് ജൂതജീവിതത്തിന്റെ വൈവിധ്യവും ചരിത്രവും. പ്രവാസജീവിതം നൽകിയതാണു് ഈ കലർപ്പിന്റെ വീര്യം.

images/Karl_Marx.jpg
മാർക്സ്

മാത്രമല്ല, മതപരമായ കാര്യങ്ങളിൽ താല്പര്യമില്ലെങ്കിലും ജൂതത്വത്തിൽനിന്നു ബഹിഷ്കൃതരാകില്ല എന്ന ആശയം സ്വതന്ത്രചിന്തകർക്കു പല ഘട്ടങ്ങളിലും സഹായകമായി. യൂറോപ്പിലും അമേരിക്കയിലും ഇത്തരക്കാർ സൃഷ്ടിച്ച വൈജ്ഞാനിക പ്രകമ്പനങ്ങൾ ചരിത്രത്തിന്റെതന്നെ തിളക്കമാർന്ന അധ്യായങ്ങളാണു്. മാർക്സും ഫ്രോയിഡും ഐൻസ്റ്റയിനും ഉൾപ്പെട്ട ഗണമാണിതു്.

images/Sigmund_Freud.jpg
ഫ്രോയിഡ്

ജൂതർക്കു് പരിധിയറ്റ ആത്മവിശ്വാസം പകരുകയും ജൂതേതരരിൽ ഏറെ സ്പർദ്ധയുണർത്തുകയും ചെയ്ത ജൂതസങ്കല്പനമാണു് ‘തിരഞ്ഞെടുപ്പു്’ (choosenness). ദൈവം ഇസ്രായേലിനെ തിരഞ്ഞെടുത്തു; അതു ജൂതന്റെ കേമത്തമല്ല, ദൈവകൃപയാണു്. ദൈവത്തോടുള്ള വിശ്വസ്തതയാണു് വാഗ്ദാനത്തിന്റെ അന്തസത്ത. ഏകദൈവവിശ്വാസമാണു് ജൂത–ക്രൈസ്തവ–ഇസ്ലാമിക വിശ്വാസങ്ങളുടെ കാതൽ. തങ്ങളുടെ പ്രതികരണങ്ങൾകൊണ്ടു് ദൈവത്തോടുള്ള വിശ്വസ്തത നിലനിർത്തുക എന്നതു് മനുഷ്യരുടെ നിയോഗമാണു്. ഇതാണു് ധാർമ്മികതയുടെ (ethics) പ്രചോദനം. ഏകദൈവവിശ്വാസം, ധാർമ്മികത, വിശ്വസ്തത എന്നിവയിൽ ഉറപ്പിച്ചതാണു് തിരഞ്ഞെടുപ്പു് എന്ന സങ്കല്പം. ഈജിപ്തിൽനിന്നുള്ള വിമോചനം തിരഞ്ഞെടുപ്പിന്റെ പ്രകടലക്ഷണമായി ഓർത്തഡോക്സ് ജൂതർ കണക്കാക്കുന്നു. അതാണു ജൂതർ പെസഹായ്ക്കു നൽകുന്ന പ്രാധാന്യം. സീനായ് മലയിൽ മോശെയ്ക്കു നൽകിയ വെളിപാടിലൂടെ ഈ തെരഞ്ഞെടുപ്പിന്റെ വാഗ്ദാനപത്രം ലിഖിതരൂപത്തിൽ ലഭ്യമായി. അവ ജൂതനിയമത്തിന്റെ മർമ്മമാണു്. പത്തു കല്പനകൾ എന്ന പേരിൽ പ്രസിദ്ധമായ വിളംബരം ദൈവവും മനുഷ്യനും തമ്മിലും മനുഷ്യരും മനുഷ്യരും തമ്മിലും പാലിക്കേണ്ട ഉടമ്പടിയാണു്. ഒരുതരം ദാമ്പത്യ ഉടമ്പടിയാണതു്; സ്നേഹപ്രമാണം എന്നു പറയാം. പത്തു കല്പനകൾ എങ്ങനെ മനുഷ്യനിലെ മനുഷ്യത്വത്തെ ജ്വലിപ്പിക്കുന്നു എന്നു വിശദീകരിക്കേണ്ടതില്ല. ചരിത്രത്തെ നിർണ്ണായകമായി സ്വാധീനിച്ചതും ഇന്നും മനുഷ്യരാശിയെ പ്രചോദിപ്പിക്കുന്നതുമായ മാനവികതയുടെ വിളംബരമാണു് ജൂതമതത്തിന്റെ കാതലായ പത്തു പ്രമാണങ്ങൾ. പരമ്പരാഗത ജൂതർക്കു് അനുസരിക്കേണ്ട നിയമങ്ങൾ വേറെയും പലതുണ്ടു്—ശുദ്ധി നിയമങ്ങൾ, ഭക്ഷണനിയമങ്ങൾ എന്നിവയടക്കം 613 നിയമങ്ങൾ (mitzhvoth). മധ്യയുഗത്തിൽ, അതായതു് 8 മുതൽ 12 വരെ നൂറ്റാണ്ടുകളിൽ പ്രവാസികളായ ജൂതരുടെ സ്വത്വരൂപീകരണത്തിൽ ശുദ്ധിനിയമങ്ങളും ഭക്ഷണനിയമങ്ങളും നിർണ്ണായക പങ്കു വഹിച്ചതായി ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു. തിരഞ്ഞെടുപ്പു് ജൂതകേമത്തമായി അവതരിപ്പിക്കുന്ന ശീലം ജൂതർക്കില്ലായിരുന്നു എന്നും ആബേൽ, യോസേഫ് തുടങ്ങിയ ബൈബിൾ കഥാപാത്രങ്ങൾക്കെന്നപോലെ ഒരു നിയോഗമായിട്ടാണു് അവർ അതു് അനുഭവിച്ചിരുന്നതെന്നും ഹാർവാർഡിലെ പ്രൊഫസറായ ജോൺ ലെവിൻസോനിസ് (Jon. D. Levensonis) വാദിക്കുന്നു. (http://www.commentarymagazine.com/ printarticle.cfm/chosenness-and-its-enemies-13662dated 30/1/2009).

images/Einstein_Schmutzer.jpg
ഐൻസ്റ്റയിൻ

യോസേഫിന്റെ നിയോഗംതന്നെ പരിഗണിക്കുക. അയാൾക്കു ലഭിച്ച തിരഞ്ഞെടുപ്പു് അയാൾക്കു നൽകിയതു സഹോദരവിദ്വേഷമാണു്. എങ്കിലും അയാളുടെ പീഡാനുഭവം എല്ലാവരുടെയും രക്ഷയ്ക്കു് ഉപകരിച്ചു. തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമല്ല രക്ഷിക്കപ്പെട്ടവർ. തിരഞ്ഞെടുക്കപ്പെട്ടവർ = രക്ഷിക്കപ്പെട്ടവർ എന്നു ധരിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ജൂതമതത്തിലുണ്ടു്. ജൂതരുടെ പീഡനപർവങ്ങൾ ചരിത്രത്തിൽ മാത്രമല്ല, ജൂതബൈബിളിൽത്തന്നെയുണ്ടു്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പട്ടവർ എന്ന നിലയിൽ അവർ ഏകദൈവവിശ്വാസത്തിൽ നിന്നും ധർമ്മതത്ത്വങ്ങളിൽനിന്നും വ്യതിചലിക്കുമ്പോൾ കഠിനശിക്ഷകൾക്കു് അവർ വിധേയരാകുന്നു. പ്രവാചകനിലൂടെ കടന്നുവരുന്നു. തീപാറുന്ന വാക്കുകൾ പതിക്കുന്നതു ‘തിരഞ്ഞെടുക്കപ്പെട്ടവരുടെ’ ഗണത്തിലാണു്. ഇതാണു് തിരഞ്ഞെടുപ്പിന്റെ അടയാളം. ഇങ്ങനെ നിരന്തരം പരീക്ഷിക്കപ്പെടുകയും ശിക്ഷണം നേടുകയും ചെയ്യുന്ന ഒരു സമൂഹത്തിനു അപരരെക്കുറിച്ചു പുച്ഛമുണ്ടാക്കാൻ നിവൃത്തിയില്ല. ലോകത്തിന്റെ നാനാഭാഗങ്ങളിൽ വിവിധ മതക്കാർ മറ്റു മതക്കാരെ കൂട്ടക്കൊല ചെയ്യുന്ന ധാരാളം ഉദാഹരണങ്ങളുണ്ടു്. അവിടെയൊന്നും ഇത്തരം യുക്തികൾ ആരും ഉന്നയിച്ചുകാണാറില്ല. ‘തിരഞ്ഞെടുക്കപ്പെട്ട ജനം’ എന്ന സങ്കല്പനത്തെ ജൂതർ എങ്ങനെ മനസ്സിലാക്കുന്നു എന്ന അന്വേഷണത്തിനു കൂടുതൽ പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു. അതാണു് ഇവിടെ ചുരുക്കി വിവരിച്ചതു്.

ജൂതമാനവികതയെ നിർണ്ണായകമായി സ്വാധീനിച്ച മറ്റൊരു ഘടകം അവരുടെ പ്രവാസ (diaspora) അനുഭവമാണു്. രണ്ടായിരം വർഷമായി ജൂതർ ചിതറിപ്പാർക്കുകയായിരുന്നു. ചെന്നിടത്തെല്ലാം അവർ പ്രവാസികൾ (sojourners) ആയിരുന്നു; തൽക്കാലത്തേക്കു പാർക്കുന്നവർ; അതും ചെറിയൊരു ന്യൂനപക്ഷം. എന്നിട്ടും അവിച്ഛിന്നമായ പിന്തുടർച്ചയോടുകൂടി നിലനില്ക്കാനും തനിമബോധത്തോടെ ജീവിക്കാനും അവർക്കു കഴിഞ്ഞു. ‘ഗെട്ടോ മനോഭാവം’ എന്നു മുദ്രയടിക്കപ്പെടുന്ന തരത്തിലുള്ള മതാത്മകകൂട്ടായ്മ ഇവരുടെ അതിജീവനത്തെ സഹായിച്ചു. തോറയും സിനഗോഗും ഗുരുക്കന്മാരുടെ പ്രവാസാനുഭവത്തെ സാന്ദ്രമാക്കി. പൊതുസമൂഹവുമായി കാര്യക്ഷമമായി ഇടപെടുന്ന ഉജ്വലമുഹൂർത്തങ്ങളും പ്രവാസാനുഭവത്തിൽ ഉൾപ്പെടും. എങ്കിലും ദുരന്തകഥകളാണു് ഏറെയുള്ളതു്. ജൂതഭാഷകൾ എന്നു വിളിക്കപ്പെടുന്ന സവിശേഷ സങ്കരഭാഷകളിലൂടെ തനിമയാർന്ന അനുഭവങ്ങൾ അവർ സാഹിതീയമായി ആവിഷ്ക്കരിച്ചു. യിദ്ദീഷ്, ലദീനോ, ജൂദയോ അറാബിക് എന്നിവപോലെ ജൂതമലയാളം. ജൂതസ്ത്രീകളുടെ പാട്ടുകളാണു് ജൂതമലയാളത്തിലെ സാഹിത്യം. മലയാളത്തിലെ സാഹിത്യശാഖകളുമായി പൊരുതി തങ്ങളുടെ സ്വത്വം വേർതിരിച്ചു കാണിക്കാനല്ല, തികഞ്ഞ ആത്മാവിഷ്കാരത്തിനാണു് വാമൊഴിച്ചന്തമുള്ള നാടൻപാട്ടുകൾ അവർ പാടിത്തിമിർത്തതു്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആ പാട്ടുകൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ അവർ ശ്രമിച്ചതേയില്ല. അത്തരം ഇരുന്നൂറോളം പാട്ടുകൾ ഇപ്പോൾ വിവിധ കൈയെഴുത്തുഗ്രന്ഥങ്ങളിൽനിന്നു നരവംശശാസ്ത്രജ്ഞർ ശേഖരിച്ചിട്ടുണ്ടു്. ജൂതരുടെ പ്രവാസജീവിതത്തിന്റെ നാനാവശങ്ങൾ മനസ്സിലാക്കാൻ മലയാളിക്കു് ഏറ്റവും നല്ല ഉപാദാനങ്ങൾ ഈ പെൺപാട്ടുകളാണു്. മലയാളത്തിന്റെ ജീനിയസ്സ് മാപ്പിളപ്പാട്ടുകളിൽ എന്നപോലെ ഇവയിലും പ്രകടമാകുന്നു. പ്രവാസാനുഭവദീപ്തികൊണ്ടു് അവ ഇതരമലയാളസാഹിത്യഗണങ്ങളിൽനിന്നു വേർതിരിഞ്ഞു നിൽക്കുന്നു. അമ്പത്തൊന്നു ജൂതപ്പെൺപാട്ടുകൾ ഇപ്പോൾ അച്ചടിയിലെത്തിയിട്ടുണ്ടു്. അതിൽനിന്നു പ്രവാസാനുഭവം വെളിവാക്കുന്ന ഒരു ഭാഗം:

‘ദേശപ്പെട വേണം തമ്പിരാനെ

നന്മ വരത്തേണം പെരിയവനേ

മിതിച്ച വരത്തേണം തമ്പിരാനേ

മേനി നന്മയും വരുത്തേണം

അവതെരിച്ചിരിക്കുന്ന പുരുഷനെയും

ആവോളം മൊയിച്ചു വരത്തവേണം

മണ്ണിപതകിയ ളോകരെയും

മറവാതെ കാട്ടണം തമ്പിരാനെ’

(ഊണു നമുക്കു്, കാർകുഴലി 2005: 98)

‘ദേശപ്പെട വേണം’ എന്ന പ്രാർത്ഥനയുടെ സാരം തങ്ങളെ ജറുസലേമിൽ എത്തിക്കണം എന്നാണു്. ‘അടുത്തവർഷം ജറുസലേമിൽ’ എന്നതു ജൂതലോകത്തെ ശുഭാശംസയാണു്. ജറുസലേമിന്റെ പര്യായപദമായിട്ടാണു് സിയോൻ ജൂതസാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്നതു്. സിയോൻ പ്രസ്ഥാനങ്ങൾക്കു് ഇങ്ങനെയൊരു ചരിത്രപശ്ചാത്തലവും പ്രവാസത്തിന്റെ നൊമ്പരവും മതപരമായ ഉൽകണ്ഠയുമുണ്ടെന്നു പലരും മറന്നുപോകുന്നു. ജന്മനാട്ടിൽനിന്നു ബഹിഷ്കൃതരായി അലയുന്നവരുടെ പ്രാർത്ഥനാസ്വരമാണു് ഇവിടെ ഉദ്ധരിച്ച ഭാഗത്തുള്ളതു്. ‘മീതിച്ച’ ‘മീഴ്ച’യുടെ രൂപഭേദമാണു്. രക്ഷയും രക്ഷകനും ജൂതസ്വപ്നമായി ഈ പാട്ടിൽ പ്രത്യക്ഷപ്പെടുന്നു. ‘മിശിഹാ’യുടെ വരവിനു വേണ്ടിയുള്ള തീവ്രമായ കാത്തിരിപ്പു് പ്രവാസാനുഭവത്തിന്റെ ഭാഗമായി ഇവിടെ കാണാം. ‘അവതരിച്ചിരിക്കുന്ന പുരുഷനാ’ണു് മിശിഹ. മരിച്ചവർ അവരുടെ കബറിടങ്ങളിൽ നിദ്രകൊള്ളുന്നു എന്ന വിശ്വാസത്തിലാണു് ‘അവരുടെ കാര്യവും മറന്നുകൂടാ’ എന്നു അവസാനപാദത്തിൽ ഓർമ്മിപ്പിക്കുന്നതു്. ഭൂതവും ഭാവിയും വർത്തമാനത്തിൽ ഞെരിഞ്ഞമർന്നു നിൽക്കുന്ന അനുഭവമാണു് ഈ വരികൾ പകരുന്നതു്. ഇതിൽ മണ്ണിൽ പഴകിയ മനുഷ്യരും വരാനിരിക്കുന്ന മീഴ്ചക്കാരനും ദേശപ്പെടാൻ വെമ്പിനിൽക്കുന്നവരുടെ മനസ്സിൽ തിക്കിതിരക്കി നിൽക്കുന്നു. ഇതാണു് പ്രവാസസാഹിത്യത്തിന്റെ മാനവികമുദ്ര. അതു ഗ്രഹിക്കാൻ ജൂതമനസ്സിനെ അതിന്റെ സാംസ്കാരികശൃംഖലയിൽ തിരിച്ചറിയണം.

‘ജൂതമതവും മാനവികതയും’ ചർച്ച ചെയ്യുമ്പോൾ മറന്നുകൂടാത്ത ഒരു കാര്യംകൂടി ഉണ്ടു്. ക്രൈസ്തവ, ഇസ്ലാം പാരമ്പര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജൂതമാർഗ്ഗത്തിൽ പരലോകത്തിനു പ്രാധാന്യം കുറവാണു്. മരണാനന്തരം വരാനിരിക്കുന്ന പരലോകത്തെ ചൂണ്ടിക്കാണിച്ചു് ഇഹലോകകാര്യങ്ങൾ ചിട്ടപ്പെടുത്താൻ ജൂതമതം ഏറെ ശ്രമിക്കുന്നില്ല. ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയിലും മനുഷ്യബന്ധങ്ങളിലും ഊന്നൽ നൽകിക്കൊണ്ടു്, അവയെത്തന്നെ ആദർശവും ലക്ഷ്യവുമാക്കിക്കൊണ്ടു് പ്രവർത്തിക്കാനാണു് ജൂതമതസന്ദേശം. ധർമ്മവ്യവസ്ഥ ഉറപ്പിക്കാൻ ദൈവത്തോടുള്ള ഉടമ്പടിയും തങ്ങൾക്കുള്ള സവിശേഷപദവിയും (choosenness) മനുഷ്യർ ഓർമ്മിക്കണം എന്നാണു് മുഖ്യസന്ദേശം. പരലോകത്തിന്റെ പ്രലോഭനങ്ങളല്ല, ഇഹലോകത്തിലെ നീതിയും ശാന്തിയുമാണു് ജൂതലിഖിതങ്ങൾ ആദർശങ്ങളായി അവതരിപ്പിക്കുന്നതു്. ജൂതസമൂഹത്തിലെ തലയെടുപ്പുള്ള പല ആദർശവാദികളും ഇത്തരം ജീവിതകേന്ദ്രിതത്വത്തിന്റെ വക്താക്കളായിരുന്നു. അവരിൽ പലരും ജൂതമതവിശ്വാസികളായിരുന്നില്ല എന്നതു മറ്റൊരു കാര്യം.

‘അറിവാളൻ മോശെ’ ജൂതർക്കു് പ്രിയപ്പെട്ട നായകകഥാപാത്രമാണു്. എങ്കിലും വാഗ്ദാനദേശത്തേക്കു കടക്കാൻ മോശെയ്ക്കു അനുവാദം ലഭിച്ചില്ല. ഈ വൃത്താന്തം ചുരുങ്ങിയ വാക്കുകളിൽ ബൈബിളിലുണ്ടു് (നിയമാവർത്തനപുസ്തകം/Deutronomy 32: 45–34: 7). കേരളീയജൂതരുടെ മലയാളം പെൺപാട്ടിൽ ഇതു പുനരാഖ്യാനം ചെയ്യുന്നുണ്ടു്. പ്രസക്തഭാഗം കാർകുഴലിയിൽനിന്നു ഉദ്ധരിക്കാം:

“പതിമൂന്നാം സേവർ തോറാടെ പാട്ടു്

‘തമ്പുരാൻ മുയിമ്പു തൊണെയായി

മിതിച്ചെടെ കാലം അണഞ്ഞു

അറിവാളൻ മോശെയിറബാൻ

മീണ്ടും കൊണ്ടു ഇങ്ങോട്ടു പോരുമ്പ

അരുളപ്പാടു ഉണ്ടായി അപ്പോൾ

യർധെൻ കടക്കെല്ലെ എന്നു മോശെ

ഉത്തരം പറഞ്ഞൂടാ മൊശെ

ഒഹബി ഒടയനൊടു അപ്പ

സങ്കടം കാമാനൊ ഞാനും

സന്തോഷമില്ലേ ഇനിക്കു

ആശകൾ അരുതു്

ആപേക്ഷിക്ക വേണ്ട നീ മോശെ

ഏറ്റം പെരിമകളിലും

നിനക്കു തരുവേൻ ഞാൻ മോശെ

നിന്റെ കടഞ്ഞൂൽ മക്കൾക്കു

മിഹദോശും പെരുമയും കാണാം

കണ്ടു നിറവോടിരിപ്പാൻ

കാതലിൽകൂട്ടു ഒടയോനെ

പറക്കുന്ന പക്ഷിയെപ്പോലെ

രാജ്യം കാണണമെന്നു

നാനൂറ്റി കാതം വഴിയും

അടുപ്പിച്ചു കാട്ടിക്കൊടുത്തു

കണ്ണിൻ വെളിയും കൊടുത്തു

കാഴ്ചകൾ എല്ലാമോ കാമാൻ

രാജ്യം കണ്ടൊരു നേരം

ദുഃഖിച്ചാൻ അപ്പാളൊമോശെ

പതിമൂന്ന സേഫർ തോറാ

ഒരു നാളിൽ എഴുതിയ മോശെ

ശേബാത്തു പന്ത്രണ്ടീനു

ഒരോന്നെ വിളിച്ചുകൊടുത്തു

പതിമൂന്നാം സേഫർ തോറാ

തന്റെ തിരുമുമ്പിൽ വച്ചു

എന്നെക്കും തന്നെ സ്തുതിപ്പാൻ

ഏകെണം താൻ പെരിയോനെ.

അറിവാളൻ മോശെയുടെ ജീവിതകഥയിലെ സമാപനരംഗമാണു് ഈ പാട്ടിലുള്ളതു്. തോറ, വേദഗ്രന്ഥമാണു്. അതു മോശെവഴി ഇസ്രായേൽക്കാർക്കു നൽകി. മോശെ തന്നെ അതിന്റെ പതിമൂന്നു പകർപ്പുകളെടുത്തു. പന്ത്രണ്ടെണ്ണം, ഓരോന്നുവീതം പന്ത്രണ്ടു ശേബാത്തിനൂ് (ഗോത്രത്തിനു) നൽകി. പതിമൂന്നാം പകർപ്പു് ‘തിരുമുമ്പിൽ’ സമർപ്പിച്ചു. ഇതാണു് പതിമൂന്നാം സേവർ തോറാടെ പാട്ടു് എന്ന പേരിന്റെ ഔചിത്യം.

മിതീച്ചയുടെ (മീഴ്ചയുടെ) കാലം തികഞ്ഞപ്പോൾ ഇസ്രായേൽ ജനങ്ങളെ ‘അറിവാളൻ മൊശെയി റബാൻ’, വാഗ്ദാനദേശത്തേക്കു കൂട്ടിക്കൊണ്ടു പോയി. ‘യർധെൻ’ (യൊർദ്ദാൻ നദി) കടന്നാൽ വാഗ്ദാനദേശമായി. അവിടെ വച്ചു മോശെയുടെ ജീവിതകാലം അവസാനിക്കുന്നു. ‘ഒഹബി ഒടയനൊടു’ (പ്രിയപ്പെട്ട ഉടയവനോടു) മോശെ ചോദിക്കുന്നു: ‘സങ്കടം കാമാനൊ ഞാനും’. നല്ലകാലം പടിവാതിൽക്കൽ എത്തുമ്പോൾ, സന്തോഷം നിഷേധിക്കപ്പെടുന്നു. സങ്കടങ്ങളുടെ മരുഭൂമിയിലൂടെയുള്ള യാത്ര ഇങ്ങനെ അവസാനിക്കുന്നതിൽ മോശെ ദുഃഖിക്കുന്നു. മിഹദോശും (ദേവാലയവും) പെരുമയും കാണാനുള്ള ഭാഗ്യം പിന്മുറക്കാർക്കാണു്. ‘ആശകൾ അരുതു്’ എന്നു് അരുളപ്പാടു്. പക്ഷിയെപ്പോലെ പറന്നു നടന്നു നാടു (വാഗ്ദാനദേശം) കാണണമെന്നു് അപേക്ഷ. ജൂതപുരാണമനുസരിച്ചു് മോശെയ്ക്കു പ്രത്യേക ‘കണ്ണിൽ വെളിവു’ കൊടുത്തു. രാജ്യം കണ്ടപ്പോൾ ‘ദുഃഖിച്ചാൻ അപ്പാളൊ മോശെ’. ആ ദുഃഖഭാരത്തിൽ പാട്ടുകൂട്ടായ്മയുടെ മനസ്സു നുറുങ്ങുമ്പോൾ രംഗം മാറുന്നു. ബൈബിളിലെ (നിയമാവർത്തന പുസ്തകം, Deutronomy 32: 45–34: 7) നാടകീയവും ശോകനിർഭരവുമായ വിവരണം ചുരുങ്ങിയ വരികളിൽ പുനർവിവരിക്കാൻ ജൂതസ്ത്രീകൾക്കു കഴിയുന്നുണ്ടു്. അതൊരു ശുഭവൃത്താന്തമാക്കാൻ ജൂതപുരാണത്തിൽനിന്നുള്ള പതിമൂന്നാം സേവർ തോറാടെ വിവരണമടങ്ങുന്ന രണ്ടാം ഭാഗം ഉപകരിക്കുന്നു.”

ബൈബിളും ജൂതപുരാണവും കലർത്തിയുള്ള പുനരാഖ്യാനത്തിലൂടെ ജൂതമാനവികതയുടെ സ്ഥായീഭാവങ്ങൾ ഇവിടെ വെളിപ്പെടുത്തുന്നു. സങ്കടങ്ങളുടെ താഴ്‌വരയിലൂടെയുള്ള പ്രയാണം കഴിയുന്നിടത്തോളം ആഹ്ലാദകരമായി മുന്നോട്ടു കൊണ്ടുപോകാനാണു് ഓരോരുത്തരുടെയും നിയോഗം. അതിനിടയിൽ കടന്നുവരുന്ന ഇച്ഛാഭംഗങ്ങളെ ദൈവാശ്രയബുദ്ധികൊണ്ടു ഒരുവിധം തരണം ചെയ്യാൻ മനുഷ്യനു കഴിഞ്ഞേക്കും. ആ ശുഭദർശനമാണു് മോശെയുടെ പാട്ടിലുള്ളതു്.

മാനവികതാവാദത്തിന്റെ ചില ശാഖകൾ മനുഷ്യനെ ശക്തിദൗർബല്യങ്ങളോടുകൂടി മനസ്സിലാക്കാനും അവതരിപ്പിക്കാനും വ്യഗ്രതപ്പെടുന്നുണ്ടു്. ഇക്കാര്യത്തിൽ ജൂതമതവും ജൂതമതസാഹിത്യവും മികച്ച മാതൃകകൾ നൽകുന്നു. ‘തിരഞ്ഞെടുക്കപ്പെട്ട ജനത്തി’ന്റെ കേമത്തവൃത്താന്തങ്ങൾക്കൊപ്പം അവരുടെ പതനകഥകളും ഹീബ്രു ബൈബിളിൽ വിശദമായി അവതരിപ്പിക്കുന്നുണ്ടു്. ഏറ്റവും നല്ല ഉദാഹരണം ദാവീദു രാജാവാണു്. ഇസ്രായേലിന്റെ രാഷ്ട്രീയമോഹങ്ങൾ യാഥാർത്ഥ്യമാക്കി ജറുസലേം കേന്ദ്രമാക്കി രാജാധിപത്യം ഉറപ്പിച്ച ദാവീദ് സുന്ദരിയായ ബത്ശേബയുടെ കാര്യത്തിൽ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾ ബൈബിൾ മറവില്ലാതെ വിവരിക്കുന്നു. അതിനുള്ള പ്രതിഫലം കൃത്യമായി എണ്ണിവാങ്ങുകയും ചെയ്യുന്നു. ദാവീദ് എന്ന കവിയെയും പച്ചമനുഷ്യനെയും ദൈവികതയും മാനുഷികതയും കലർന്നൊഴുകുന്ന വികാരക്കടലായി ബൈബിൾ അവതരിപ്പിക്കുന്നു. മാനവികതയുടെ ഇത്തരം മഹത്തായ ചിത്രീകരണങ്ങൾ ജൂതമതസാഹിത്യത്തിൽ സുലഭമാണു്. പ്രവാസകാലത്തു വിവിധ നാടുകളിൽ വികസിച്ച ബൈബിൾ പുരാണാവലി (midrah) ഇത്തരത്തിൽ ഏറെ ശ്രദ്ധേയങ്ങളാണു്. കൊച്ചിയിലെ ജൂതസ്ത്രീകൾ മിദ്രാഷുകൾ കലർത്തി ബൈബിൾക്കഥകൾ പുനരാഖ്യാനം ചെയ്തിരിക്കുന്നു. ദാവീദിനെ ഗോലിയാത്തു് വെല്ലുവിളിച്ചു നിൽക്കുമ്പോൾ ഒരു കൊതുകു ഗോലിയാത്തിന്റെ മുഖത്തു കടിച്ചെന്നും അതിനെ തൂത്തുമാറ്റാൻ ശിരഃകവചം നീക്കിയ തക്കത്തിലാണു് ദാവീദ് അയാളെ എറിഞ്ഞു വീഴ്ത്തിയതെന്നും ഒരു മലയാളം പെൺപാട്ടിൽ കേൾക്കുന്നു! ഇങ്ങനെ ഫലിതമയമായി ഏതു വിഷയവും കൈകാര്യം ചെയ്യുന്ന മാനസിക പാകമുണ്ടല്ലോ അതു മാനവികതയുടെ നല്ല വിളനിലമാണു്. ഉത്തമ മാനവികതാവാദം ദൈവികമായതിനെക്കൂടി മാനവികമാക്കുന്നു എന്നു ചിലർ നിരീക്ഷിച്ചിട്ടുണ്ടു്. ഹീബ്രു ബൈബിളിൽ ദൈവത്തിനുപോലും ഇത്തരം മാനുഷികരൂപഭാവങ്ങൾ നൽകുന്ന പല സന്ദർഭങ്ങളുണ്ടു്. ജൂതമതസാഹിത്യത്തിൽ ഇത്തരം മനുഷ്യത്വാരോപങ്ങൾ സുലഭമാണു്.

ജൂതർ പരസ്പരം കണ്ടുമുട്ടുമ്പോൾ ‘ശലോം’ എന്നാണു് ആശംസ പറയുന്നതു്. ‘സമാധാനം’ എന്നാണു് ഇതിനർത്ഥം. ജൂതചരിത്രത്തിൽ വിരളമായി മാത്രം അനുഭവിക്കാൻ ഇടവന്നിട്ടുള്ളതാണു് ‘സമാധാനം’. സമാധാനത്തിനു സുസ്ഥിതി, ക്ഷേമം, ഐശ്വര്യം എന്നെല്ലാം ദ്വിതീയാർത്ഥങ്ങൾ കല്പിക്കാറുണ്ടു്. അറബിയിലെ ‘സലാം’ ഓർമ്മിക്കുക. ജൂതരുടെ ശലോമും അറബികളുടെ സലാമും പശ്ചിമേഷ്യയിൽ നിറവേറുമ്പോഴായിരിക്കും മാനവികതയുടെ ചരിത്രത്തിലെ പുതിയ അധ്യായം ആരംഭിക്കുന്നതു്.

ഗ്രന്ഥസൂചി
  • Davis Tony 1997, Humanism, Routledge, London.
  • Gamliel, Ophira 2009 Jewish Malayalam, International Journal of Dravidian Linguistics, Vol XXXVIII, No 1 pp 147–177.
  • Kluger, Jeffrey 2007 The Biology of Belief, TIME, Vol 173, No 7 pp 32–37.
  • King, Hans 2002, /Tracing the Way, Continum, London.
  • McGirk, Tim 2009, / Can Israel Survive, TIME Vol 173, No 2 pp 15–18.
  • Zacharia Scaria, 2005/കാർകുഴലി:ജൂതരുടെ മലയാളം പെൺപാട്ടുകൾ, Ophira Gamliel, ബെൻസ്വി ഇൻസ്റ്റിറ്റ്യൂട്ട്, ജറുസലേം.

ഡോ. സ്കറിയ സക്കറിയ
images/scaria-zacharia.jpg

മലയാളം അദ്ധ്യാപകൻ, എഡിറ്റർ, ഗ്രന്ഥകർത്താവു്, ഗവേഷകൻ എന്നീ നിലകളിൽ പ്രസിദ്ധനായ വ്യക്തിയായിരുന്നു സ്കറിയ സക്കറിയ (1947–2022 ഒക്ടോബർ 18). ട്യൂബിങ്ങൺ സർവ്വകലാശാലയിൽ ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരം കണ്ടെത്തിയതിൽ ഇദ്ദേഹം പങ്കു് വഹിച്ചിരുന്നു. ജൂതമലയാളം, മലയാളം എന്നിവയാണു് ഇദ്ദേഹത്തിനു് താല്പര്യമുള്ള വിഷയങ്ങൾ.

ജീവിതരേഖ

സ്കറിയാ സക്കറിയ 1947-ൽ എടത്വാ ചെക്കിടിക്കാടു് കരിക്കംപള്ളിൽ കുടുംബത്തിൽ ജനിച്ചു. ഭൗതികശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ നിന്നു് 1969-ൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി.

1992-ൽ കേരള സർവ്വകലാശാലയിലെ ലിംഗ്വിസ്റ്റിക്സ് വിഭാഗത്തിൽ നിന്നു് ഇദ്ദേഹത്തിനു പിഎച്ച്. ഡി. ലഭിച്ചു. ‘പ്രാചീനമലയാളഗദ്യത്തിന്റെ വ്യാകരണവിശകലനം’ (A Grammatical Analysis of Early Missionary Malayalam Prose Texts) ആയിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണവിഷയം. 1990-ൽ ഫ്രെയ്ബർഗ്ഗിലെ ഗെയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാപഠനം. അലക്സാണ്ടർ ഫോൺ ഹുംബോൾട്ട് ഫെല്ലോ എന്ന നിലയിൽ ജർമ്മനിയിലും സ്വിറ്റ്സർലാണ്ടിലുമുള്ള സർവ്വകലാശാലകളിലും ഗ്രന്ഥശേഖരങ്ങളിലും ഗവേഷണപഠനങ്ങൾ നടത്തി.

1962 മുതൽ 82 വരെ ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ ഇദ്ദേഹം ലക്ചററും 1982 മുതൽ 94 വരെ പ്രഫസറും ആയി ജോലി ചെയ്തിരുന്നു. 1994 മുതൽ 1997 വരെ ഇദ്ദേഹം കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മലയാളം വിഭാഗത്തിൽ റീഡറായും 1997 മുതൽ 2007 വരെ മലയാളം പ്രഫസറായും അതോടൊപ്പം കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചു.

കോട്ടയത്തു് മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കു കീഴിലുള്ള സ്കൂൾ ഓഫ് ലെറ്റേഴ്സിലും കേരള കലാമണ്ഡലത്തിലും ഇദ്ദേഹം വിസിറ്റിംഗ് പ്രഫസറായിരുന്നു. കേരളത്തെപ്പറ്റിയുള്ള പഠനങ്ങൾക്കായുള്ള താപസം എന്ന ജേണലിന്റെ എഡിറ്ററായിരുന്നു. ഓശാന മൗണ്ടിന്റെ ബൈബിൾ തർജമയിൽ എൻ. വി. കൃഷ്ണവാര്യരുമായി സഹകരിച്ചു. കേരള സർക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയുടെ ഉപദേഷ്ടാവായും പ്രവർത്തിച്ചു. തലശ്ശേരി ഹെർമൻ ഗുണ്ടർട്ട് മ്യൂസിയത്തിന്റെ ക്യുറേറ്റർ.

ബെൻ സ്വി ഇൻസ്റ്റിറ്റ്യൂട്ട്, ജെറുസലേമിലെ ഹീബ്രൂ സർവ്വകലാശാല എന്നിവയുമായി സഹകരിച്ചു് ഡോ. സ്കറിയാ സക്കറിയ ‘ജൂതരുടെ മലയാളം പെൺപാട്ടുകൾ’ ശേഖരിച്ചു് പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

2022 ഒക്ടോബർ 18-നു് അന്തരിച്ചു.

Colophon

Title: Manavikathayum Juthamathavum (ml: മാനവികതയും ജൂതമതവും).

Author(s): Dr. Scaria Zacharia.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Dr. Scaria Zacharia, Manavikathayum Juthamathavum, ഡോ. സ്കറിയ സക്കറിയ, മാനവികതയും ജൂതമതവും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 22, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Passage of the Jews through the Red Sea, a painting by Ivan Ayvazovsky (1817–1900). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.