ഭാഷാസാഹിത്യപഠനത്തിൽ ആശയാവലികൾക്കും സങ്കൽപ്പനങ്ങൾക്കും സിദ്ധാന്തങ്ങൾക്കുമുള്ള പ്രാധാന്യം ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം മുതൽ വർദ്ധിച്ചുവരുകയാണു്. ഭാഷാശാസ്ത്രത്തിന്റെ പരിധി വ്യാകരണപര്യവസിതമായിരുന്ന ഘട്ടത്തിൽനിന്നു് അർത്ഥമണ്ഡപത്തിലേക്കു കടന്നതുമുതൽ ഭാഷാപഠനത്തിൽ ഈ പ്രവണത പ്രകടമായി. ഭാഷാശാസ്ത്രത്തിന്റെ സൈദ്ധാന്തികത പല പാരമ്പര്യവാദികളായ ഭാഷാസാഹിത്യ അധ്യാപകരെയും അലോസരപ്പെടുത്തി. ‘അരസികർ’ എന്ന വിശേഷണം അവർ ഭാഷാശാസ്ത്രപക്ഷപാതികൾക്കു ചാർത്തിക്കൊടുത്തിരുന്നു. തങ്ങളുടെ അഭിരുചികളിലേക്കും അറിവുശീലങ്ങളിലേക്കും സാഹിത്യവിജ്ഞാനത്തെ വെട്ടിച്ചുരുക്കുന്ന പ്രവണതയും ഇത്തരക്കാരുടെ കർമ്മമണ്ഡലങ്ങളിൽ കാണാമായിരുന്നു. പുതുമയോടുള്ള പഴമയുടെ കെറുവ് പതിവു പോലെ ദുർബലമായിത്തീർന്നു. പിൽക്കാലത്തു ഭാഷാശാസ്ത്രത്തിൽ നിന്നു ഘടനാവാദം, വ്യവഹാരാപഗ്രഥനം, ചിഹ്നവിജ്ഞാനീയം തുടങ്ങിയവ സാഹിത്യമടക്കമുള്ള സാംസ്ക്കാരികമേഖലകളിലേക്കു വ്യാപിച്ചു. ഇതാണു് മാനവികവിജ്ഞാനങ്ങളിലെയും സാമൂഹികശാസ്ത്രങ്ങളിലെയും ഭാഷാഭിമുഖ്യം (linguistic turn). ഇതിനൊപ്പം വിവിധ വിജ്ഞാനങ്ങളിൽ സാംസ്ക്കാരികനിർണ്ണയനം (social determination) എന്ന ആശയം പ്രബലമായി. അറിവിനെക്കുറിച്ചുള്ള അറിവിനെ സാരമായി ബാധിച്ചതാണു് നിർണ്ണയനവാദം. സുനിശ്ചിതവും അചാല്യവും വസ്തുനിഷ്ഠവും കിറുകൃത്യവുമായ അറിവു് എന്ന അന്വേഷണവിഷയം ഇതോടെ അട്ടിമറിക്കപ്പെട്ടു. വംശവർഗ്ഗലിംഗഭേദമനുസരിച്ചു് അറിവിനു മാറ്റമുണ്ടാകും എന്നു നിർണ്ണയനവാദം. ഇതിനർത്ഥം ആണറിവും പെണ്ണറിവും ദളിതു് അറിവും തൊഴിലാളിയറിവും മുതലാളയറിവും വ്യതിരിക്തങ്ങളായി രൂപപ്പെടുന്നു എന്നാണു്. നിർണ്ണയനവാദം പ്രബലമായതു് ഘടനാവാദാനന്തരഘട്ടത്തിലാണു്. സ്ത്രീവാദം, ദളിതു്വാദം, കോളണിയനന്തരത തുടങ്ങിയവയുടെ പ്രഭാവകാലം. അറിവിന്റെ വ്യതിരിക്തത വസ്തുനിഷ്ഠവും വിഷയനിഷ്ഠവുമാണു് എന്ന ധാരണയാണു് ഇതോടെ തകിടം മറിഞ്ഞതു്. മറിച്ചു്, വിഷയ-വിഷയീബന്ധമാണു് അറിവിനെ നിർണ്ണയിക്കുന്ന സുപ്രധാന ഘടകം. വൈശികതന്ത്രം വായിക്കുന്നതു നിഘണ്ടുവിലെ ശീതീകരിച്ച അർത്ഥം നോക്കിയല്ല. വായനക്കാരനും പ്രകരണവുമാണു് ശ്രദ്ധിക്കപ്പെടേണ്ടതു്. ആരു്, എന്തിനു്, എങ്ങനെ, എപ്പോൾ, എവിടെ വായിക്കുന്നു എന്നതനുസരിച്ചു് വൈശികതന്ത്രപ്പൊരുൾ മാറും.
മലയാള വൈജ്ഞാനികപാരമ്പര്യത്തിൽ കളിമട്ടിലുള്ള (playful) വായനയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണു്. വെടിവട്ടശൈലി എന്നു നമുക്കതിനെ വിളിക്കാം. ചന്ദ്രോത്സവം, ഉണ്ണുനീലിസന്ദേശം, ചമ്പുക്കൾ, തുള്ളലുകൾ തുടങ്ങിയവയെല്ലാം കളിമട്ടിൽ എങ്ങനെ വായിക്കാം എന്നു് പ്രമുഖ പണ്ഡിതർതന്നെ കാട്ടിത്തന്നിട്ടുണ്ടു്. അതു്, അങ്ങനെയേ വായിക്കാവൂ എന്ന മട്ടിലാണു് പലരും ഈ കാഴ്ചപ്പാടിനെ മനസ്സിലാക്കുന്നതു്. മറിച്ചു്, വായനയുടെ സാധ്യതകളായി അത്തരം വായനകളെ മനസ്സിലാക്കിയാൽ നന്നായിരുന്നു. പാഠവൈവിധ്യം, പാരായണവൈവിധ്യം, പാരായണപരിണാമം തുടങ്ങിയ സങ്കൽപ്പനങ്ങൾ ഇവിടെ പ്രസക്തമാണു്. ശൃംഗാരകാവ്യങ്ങളെ ഹാസ്യകവനങ്ങളും പുണ്യപുരാണങ്ങളെ സാമൂഹികവിമർശനകൃതികളുമാക്കുന്ന വായനാതന്ത്രമാണിതു്. വായന വെറും അർത്ഥഗ്രഹണ (discovery of meaning) മല്ലെന്നും വ്യാഖ്യാനത്തിനും (interpretation) നിർമ്മിതിക്കും (construction) വായനയിൽ ഇടമുണ്ടെന്നും മലയാളിക്കു സാഹിത്യചരിത്രങ്ങളിൽനിന്നു മനസ്സിലാക്കാം. എന്നാൽ ഗദ്യരചനകളിൽ പാഠലീല ഏറെ പരീക്ഷിച്ചു കണ്ടിട്ടില്ല. മാധവിക്കുട്ടി യുടെ എന്റെ കഥ, ഒ. വി. വിജയന്റെ ധർമ്മപുരാണം തുടങ്ങിയവ നിർമ്മാണപരമായ വായനയ്ക്കു് ഏറെ സാദ്ധ്യതകളുള്ളവയാണു്.
ബുദ്ധിപരവും വൈകാരികവും സൗന്ദര്യപരവുമായ ഇടപെടലുകൾകൊണ്ടു് പ്രതിജനഭിന്നമാവുകയാണു് വായന. നിഷ്കളങ്കമായ വായനയില്ല. എല്ലാ വായനകളിലും അധികാരത്തിന്റെ നിറഭേദങ്ങളുണ്ടു്. സമൂഹപ്രക്രിയയുടെ ഭാഗമായ ആശയാദർശങ്ങൾ വായനയിലെ അർത്ഥത്തിലേക്കു സംക്രമിക്കുന്നു. അർത്ഥം എന്ന പ്രയോഗത്തിൽ സൂക്ഷ്മതക്കുറവുണ്ടു്. അർത്ഥത്തിനുമപ്പുറമുള്ള പൊരുളാ (significance) ണു് വായനയുടെ ഉല്പന്നം. അതു സ്ഥലകാലങ്ങളിലൂടെ പ്രതിജനഭിന്നമായി സംക്രമിക്കുകയാണു്. മാറ്റപ്പൊരുളായി വേണം അതിനെ അടയാളപ്പെടുത്താൻ. സന്ദർഭം മാറുന്നതിനനുസരിച്ചു പൊരുൾ പരിണമിക്കുന്നു. ഇത്തരം പരിണാമവാദവുമായി പൊരുത്തപ്പെടാൻ കഴിയാത്ത പഠിതാക്കൾ വല്ലാത്ത അങ്കലാപ്പിലാണു്. അർത്ഥഭേദങ്ങൾ എന്നു കേൾക്കുന്നതുതന്നെ അവരെ അലോസരപ്പെടുത്തുന്നു. വൈശികതന്ത്രം സ്ത്രീകളും പുരുഷന്മാരും സവർണ്ണരും അവർണ്ണരും ഒരേ മട്ടിലല്ല പൊരുൾ തിരിക്കുന്നതു്. സ്ത്രീവാദികൾതന്നെ ഒരേ മട്ടിലല്ല പൊരുൾ നിർണ്ണയനം നടത്തുന്നതു്. ശരീരം അപകട ഇടമാണെന്നു കരുതുന്നവർ സ്ത്രീവാദികളിലുമുണ്ടു്, പുരുഷാധിപത്യക്കാരിലുമുണ്ടു്. അവരുടെ ആശയാവലികൾ ഉദാഹരണത്തിനു സ്ത്രീയുടെ ഉടൽ സ്ഫോടകവസ്തുപോലെ കൈകാര്യം ചെയ്യണമെന്ന വിശ്വാസം വൈശികതന്ത്രപ്പൊരുളിനെ മാറ്റിമറിക്കുന്നു. വായനയിൽ കൊള്ളൽകൊടുക്കലുകളും (negotiations) ഉണ്ടാകുന്നു. വിഷയവും വിഷയിയും പ്രകരണബലത്തിൽ പരസ്പരം മാറ്റങ്ങളുണ്ടാക്കുന്നു. ഇതു് ആദേശസ്വഭാവമുള്ള യുക്തിസഹമായ മാറ്റങ്ങളാണു്. ഇംഗ്ലീഷ് ബൈബിളിനെ concubine മലയാളം ബൈബിളിൽ ഉപഭാര്യയായി മാറുന്നതു് സാംസ്കാരിക കൊള്ളൽകൊടുക്കലുകളിലൂടെയാണു്. ചിലപ്പോൾ അട്ടിമറികൾതന്നെ വായനയിലുണ്ടാകാം. വാല്മീകി രാമായണത്തിലെ പ്രതിനായകനായ രാവണൻ ദാക്ഷിണാത്യപാരായണങ്ങളിൽ ഉജ്ജ്വലപ്രഭാവനാകുന്നതു് (കമ്പരാമായണം, ലങ്കാലക്ഷ്മി, കൂടിയാട്ടം തുടങ്ങിയവ ഓർമ്മിക്കുക) അട്ടിമറി (manipulations) യിലൂടെയാണു്. ഇതൊക്കെ വായനയുടെ ലോകത്തു സർവസാധാരണമാണെങ്കിലും സാമാന്യബുദ്ധി നൽകുന്ന പ്രതീതി പാഠത്തിൽനിന്നു അർത്ഥം ഖനനം ചെയ്തു് എടുക്കുന്നു എന്നതാണു്. ഈ സാമാന്യബുദ്ധിയാണു് ഇപ്പോൾ വിചാരണ ചെയ്യപ്പെടുന്നതു്.
സുപരിചിത പദാവലി ഉപയോഗിച്ചാൽ വായനയല്ല, വായിച്ചെടുക്കലാണു് നടക്കുന്നതു്. വായനയെ ഒരു സംഭവമായി വേണം കണക്കാക്കാൻ. അതിൽ അനേകം ഘടകങ്ങളുടെ പങ്കാളിത്തമുണ്ടു്. ഭാഷയുടെ പ്രകാശനശേഷി സംഭവത്തിലൂടെയാണു് വെളിപ്പെടുത്തുന്നതു്. സംഭവ വിവരണവും വിശദീകരണവും വ്യാഖ്യാനവുമാണു് പഠിതാവിന്റെയും ഗവേഷകന്റെയും നിയോഗം. ഭാഷയുടെ വാച്യാർത്ഥമാണോ ധ്വനിയാണോ മുന്നിട്ടുനിൽക്കുന്നതു് എന്ന ആലോചന ഇത്രത്തോളം എത്തുന്നില്ല. അലങ്കാരങ്ങളോ ചിഹ്നങ്ങളോ ബിംബങ്ങളോ സുലഭമായ ഭാഷാവ്യവഹാരങ്ങളിൽ മാത്രമല്ല ഇത്തരം സങ്കീർണ്ണതകളുള്ളതു്. ലളിതമായ ലഘുവാക്യങ്ങൾക്കുപോലുമുണ്ടു് സന്ദർഭനിഷ്ഠമായ സംവേദനമൂല്യം. നിത്യജീവിതത്തിലെ സാധാരണ സംഭാഷണശകലങ്ങൾപോലും ഇത്തരം സങ്കീർണ്ണ ബന്ധങ്ങളിലൂടെയാണു് പൊരുൾ തിരിക്കപ്പെടുന്നതു് എന്ന തിരിച്ചറിവു സാഹിത്യപഠനത്തിനും ഭാഷാപഠനത്തിനും ഒരുപോലെ ബാധകമാണു്. രൂപകങ്ങൾക്കു് എല്ലായിടത്തും കടന്നുചെന്നു അറിവുവഴികൾ നിയന്ത്രിക്കാൻ കഴിയും. അതിനാൽ രൂപകകേന്ദ്രിതമാകുന്നുണ്ടു് പല സംവേദനചർച്ചകളും.
രൂപകങ്ങളെ (metaphor) ക്കുറിച്ചുള്ള തിരിച്ചറിവു് അറിവു വഴികളിലേക്കു കൂടുതൽ വെളിച്ചമടിക്കുന്നു. അനുദിന ജീവിതത്തിലെ രൂപകങ്ങൾ സജീവചർച്ചാവിഷയമാക്കുന്നു. മനുഷ്യവിഭവം (human resource) നിർദ്ദോഷ പദപ്രയോഗമല്ല. മനുഷ്യനെക്കുറിച്ചുള്ള മറ്റൊരു അറിവാണു്. അതിനു സ്വന്തമായ അറിവുശൃംഖലയുണ്ടു്. മറ്റു ഭൗതികവിഭവങ്ങളുമായി ഈ രൂപകത്തിലൂടെ മനുഷ്യൻ കണ്ണിചേർക്കപ്പെടുന്നു. മുതലാളിത്ത വ്യവസ്ഥയുടെ വിജയം വിഭവം ചുരുങ്ങിയ ചെലവിൽ സമ്പാദിച്ചു വലിയ ലാഭമുണ്ടാക്കുന്നതിലാണു്. മനുഷ്യവിഭവവും ഇങ്ങനെയാണു് ഉപയോഗിക്കേണ്ടതു് എന്ന അറിവു് പുതിയ ഉന്നങ്ങൾക്കും തന്ത്രങ്ങൾക്കും പ്രചോദനമാകുന്നു. മനുഷ്യനെ വിഭവമാക്കുന്ന ഭാഷാപ്രയോഗം ഇവിടെ ചെറുക്കപ്പെടേണ്ട സാമൂഹികബാധയായി മാറുന്നു. ഇക്കാര്യം പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ സംസ്കാരപഠിതാക്കളും ഭാഷാശാസ്ത്രജ്ഞരും ചൂണ്ടിക്കാണിച്ചിട്ടുണ്ടു് (Lakoff 1980). ഇവിടെ പുതിയ വാക്കും പുതിയ ലോകബോധവും ലോകക്രമവും തമ്മിലുള്ള ശൃംഖലബന്ധം തെളിഞ്ഞുകിട്ടുന്നു. മനുഷ്യവിഭവം എന്ന ഭാഷാപ്രയോഗത്തിന്റെ മറ്റു ശൃംഖലബന്ധങ്ങൾ വിസ്മരിക്കാതെ തന്നെ ഈ പഠനം സമാന്തരമായി മുന്നോട്ടുകൊണ്ടുപോകാം.
ഭാഷാസംവേദനത്തിൽ ഒരിനംമാത്രമാണു് സാഹിത്യസംവേദനം, സാഹിത്യസംവേദനം പ്രകരണബലംകൊണ്ടു മറ്റു സംവേദന ശൃംഖലകളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. ഭാഷാസാഹിത്യപഠനത്തിന്റെ ഇന്നത്തെ ഏറ്റവും കൗതുകകരമായ മുഖം സംവേദനതന്ത്രങ്ങളെക്കുറിച്ചുള്ള അന്വേഷണമാണു്. ഇത്രത്തോളമെത്തുമ്പോൾ നിർണ്ണായക സങ്കല്പനമായി സംവേദനം മാറുന്നു. സംവേദനതന്ത്രങ്ങളാണു് ഇവിടെ സാഹിതീയതയും നാടകീയതയും മറ്റും. ദൃശ്യസംസ്ക്കാരത്തിന്റെ വളർച്ച മറ്റെല്ലാ സംവേദന രീതികളെയും സ്വാധീനിക്കുന്നു എന്നതു മാധ്യമയുഗത്തിന്റെ പ്രത്യേകതയാണു്. കണ്ടുകണ്ടങ്ങിരിക്കുംപോലെ തോന്നണം വായനക്കാരനും ശ്രോതാവിനും (Levin 1984). അത്തരത്തിൽ പുനർക്രമീകരിക്കപ്പെടുകയാണു് സാഹിത്യഭാഷയും പരസ്യഭാഷയും. ഇതിനു് ഏകോപന (convergence) സങ്കേതം ഉപകരിക്കും. രോഗി ഡോക്ടറോടു രോഗവിവരങ്ങൾ അറിയിക്കുന്നതും കവി കവിത ചൊല്ലുന്നതും പുരോഹിതൻ മതവിജ്ഞാനം നൽകുന്നതുമെല്ലാം മാധ്യമയുഗത്തിൽ ഏകോപനസങ്കേതങ്ങൾ പ്രയോജനപ്പെടുത്തിയാണു്. കമ്പ്യൂട്ടറും മൊബൈലും ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ഇതിൽ പങ്കാളികളാകുന്നു. പഴയകാലത്തു ക്ഷേത്രങ്ങളിൽ പുരാണകഥാപ്രസംഗം നടത്തിയിരുന്നവരും കൂത്തു പറഞ്ഞിരുന്നവരും ഉപദേശിമാരും ഇരുപതാം നൂറ്റാണ്ടിലെ കഥാപ്രസംഗക്കാരും കവിയരങ്ങുകാരും പുതിയ റിയാലിറ്റി ഷോക്കാരുമെല്ലാം വചനത്തെ ഏകോപനത്തിലൂടെ മാംസമാക്കുന്നവരാണു്. വചനം മാംസമാകുമ്പോൾ ഇന്ദ്രിയതയുടെ നൂറായിരം ബന്ധങ്ങളിലേക്കു് അതു കണ്ണിചേർക്കപ്പെടുന്നു. അങ്ങനെ അതു് പരിണമിച്ചൊഴുകുന്നു. വിനിമയശൃംഖലയിൽ. അത്തരം പരിണാമ ശൃംഖലകളിലേക്കു കടന്നുചെല്ലാൻ മലയാളപഠിതാക്കളെ സഹായിക്കുന്നവയാണു് നമ്പ്യാന്തമിഴ് കൃതികൾ. പ്രാചീന മലയാളഗദ്യത്തിന്റെ മാതൃകകൾ എന്ന നിലയിൽ അംബരീഷോപാഖ്യാനം, ബ്രഹ്മാണ്ഡപുരാണം, ദൂതവാക്യം തുടങ്ങിയ കൃതികൾക്കു് പ്രാധാന്യമുണ്ടു്. അവ രംഗപാഠങ്ങളായി പരിഗണിക്കാം. അരങ്ങിലെത്തുന്ന ഗദ്യശില്പങ്ങൾ. നാടകീയ പ്രകടനത്തിന്റെ ഭാഗമായി വേണം അതിലെ വാക്യങ്ങളുടെ പൊരുൾ തിരിക്കാൻ. അവയിലൂടെ പുരാണപ്പൊരുളിനുണ്ടാകുന്ന പരിണാമംകൂടി ശ്രദ്ധിക്കാൻ കഴിഞ്ഞാൽ പ്രാചീനഗദ്യപഠനം കൂടുതൽ ഊർജ്ജസ്വലമായിത്തീരും. നമ്പ്യാന്തമിഴ് കൃതികളിലെ സാഹിത്യമുദ്രകളിൽ (കൃത്യമായിപ്പറഞ്ഞാൽ കാവ്യചിഹ്നങ്ങളിൽ) കുടുങ്ങിപ്പോകുന്നു പല സാഹിത്യപഠിതാക്കളും. അതിനുമപ്പുറം ഒരു സംവേദനരൂപം/ സംവേദന സംഭവം എന്ന നിലയിൽ നമ്പ്യാന്തമിഴ് കൃതികളുടെ ചേരുവ (texture) പരിശോധിക്കാൻ കഴിയേണ്ടിയിരിക്കുന്നു.
സാഹിത്യം, സാഹിത്യേതരം എന്ന വിഭജനം അപ്രസക്തമാക്കുന്ന തരത്തിലാണു് ഭാഷയുടെ വിനിമയ ശൃംഖല വളരുന്നതു്. പരസ്യങ്ങൾ ശ്രദ്ധിച്ചാൽ ഇക്കാര്യം ബോധ്യമാകും. വിപണനമാണു് പരസ്യത്തിന്റെ ലക്ഷ്യം. പരസ്യത്തിൽ സൗന്ദര്യക്കലർപ്പു് വേണ്ടുവോളമുണ്ടു്. പക്ഷേ, അറിയിക്കേണ്ട വിവരങ്ങൾ കൃത്യമായിത്തന്നെ നൽകുകയും ചെയ്യുന്നു. ഭാഷാശാസ്ത്രസങ്കൽപ്പനങ്ങളും സാഹിത്യസങ്കൽപ്പനങ്ങളും സംവേദനതന്ത്രങ്ങളും പരിഗണിച്ചിട്ടുവേണം പരസ്യങ്ങൾ പഠനഗവേഷണവിഷയമാക്കാൻ. അതിനുമപ്പുറം പ്രത്യയശാസ്ത്രപരമായ പരിഗണനകളുമാകാം. ഗദ്യപഠനത്തിൽ ഇന്നത്തെ നിലയിൽ ഏറ്റവും ഊർജ്ജസ്വലമാകേണ്ട മേഖലയാണു് പരസ്യപഠനം. ഇതിനു ബഹുവിജ്ഞാനീയ സമീപനം വേണം. ശുദ്ധസാഹിത്യത്തിനു വഴിപ്പെടാത്തതുകൊണ്ടാവണം പാഠ്യപദ്ധതികളിൽ പരസ്യപഠനം മങ്ങൂഴത്തിലായിപ്പോകുന്നതു്. ഭാഷയുടെ പുതുമയും കൃത്യതയും ബഹുമുഖത്വവും ഏറ്റവും പ്രകടമാകുന്ന ഊർജ്ജിതമേഖലയാണു് പരസ്യങ്ങൾ. അതു വിമർശനാത്മക സാംസ്കാരികപഠനമായി വികസിപ്പിക്കാം. പക്ഷേ, വിമർശനത്തിൽ പരസ്യപഠനവും ഗവേഷണവും തറഞ്ഞുപോകരുതു്. സംവേദനതന്ത്രങ്ങളിൽ കേന്ദ്രീകരിക്കുന്നതാവണം മലയാളവിജ്ഞാനത്തിന്റെ ഭാഗമായ പുതിയ പരസ്യപഠനം. സമൂഹപ്രക്രിയയുമായി പരസ്യസംവേദനത്തെ കൂട്ടിയിണക്കാൻ കഴിഞ്ഞാൽ വേണ്ടുവോളം സാമൂഹികപ്രസക്തിയുണ്ടാകും ഇത്തരം പഠനത്തിനു്. പരസ്യത്തിൽ രാഷ്ട്രീയം എന്നു് ഇതിനെ വിശേഷിപ്പിക്കാം.
മലയാളിസമൂഹത്തിന്റെ ഉപഭോഗവ്യഗ്രതയിൽ ഇടപെട്ടുകൊണ്ടു് പരസ്യങ്ങൾ എങ്ങനെ കമ്പോളാധിപത്യം വളർത്തുന്നു എന്ന പഠനം സുപ്രധാനമാണു്. എന്നാൽ അതിനുമപ്പുറം സാംസ്ക്കാരികപൗരത്വം വികസിപ്പിക്കാനുള്ള ഉപാദാനമായി പരസ്യങ്ങൾ ഉപയോഗിക്കാം. മലയാളിയുടെ ഭാവനയും ലോകബോധവും ഭാഷാഭംഗിയും അഭിരുചികളും വീണ്ടുവിചാരത്തിലൂടെ മനസ്സിലാക്കാനുള്ള വൈജ്ഞാനിക ഇടമായി പരസ്യപഠനം വികസിക്കണം. മനസ്സിലാക്കൽ അതാണു് മാനവികവിജ്ഞാനങ്ങളുടെ കേന്ദ്രം. വിലയിരുത്തൽ മനസ്സിലാക്കലിന്റെ ബലത്തിലാകണം. വീണ്ടുവിചാര (reflexivity) മാണു് മാതൃകാപഠനത്തിന്റെ ലക്ഷണം. വീണ്ടുവിചാരത്തിലൂടെ സമൂഹപ്രക്രിയയുമായി കൂട്ടിയിണക്കപ്പെടുന്ന വ്യക്തി സാംസ്കാരിക പൗരത്വ (cultural citizenship) ത്തിലേക്കു വളരുന്നു.
മലയാളിസമൂഹം ഒരു വൈജ്ഞാനികസമൂഹം (knowledge society) എന്ന നിലയിൽ സ്വയം അടയാളപ്പെടുത്താൻ നിരന്തരം പരിശ്രമിക്കുകയാണു്. കോളണീകരണത്തിനുമുമ്പുതന്നെ വൈജ്ഞാനികാഭിമുഖ്യങ്ങൾ കേരളത്തിൽ ശക്തി പ്രാപിച്ചിരുന്നു. സംസ്കൃതഭാഷയിലാണു് അത്തരം പരിശ്രമങ്ങൾ വെളിച്ചംകണ്ടതു്. കേരളത്തിലെ പ്രശസ്ത ഗണിതജ്ഞരും ശങ്കരാചാര്യരെ പ്പോലുള്ള ദാർശനികരും ഇതിന്റെ ദൃഷ്ടാന്തങ്ങളാണു്. പാശ്ചാത്യസമ്പർക്കത്തിനുമുമ്പുതന്നെ വിജ്ഞാനവഴികൾ മലയാളത്തിൽ തുറന്നിരുന്നു എന്നതിനു തെളിവാണു്. 10–12 നൂറ്റാണ്ടുകളിലെ ഭാഷാകൗടലീയം. ഭാഷാകൗടലീയത്തിന്റെ പ്രാധാന്യം വേണ്ടത്ര ലോകം ശ്രദ്ധിക്കാതെ പോയതു വിചിത്രമായ സാഹചര്യത്തിലാണു്. കൗടല്യന്റെ അർത്ഥശാസ്ത്രം ലോകശ്രദ്ധയിൽ കൊണ്ടുവന്ന ശ്യാമശാസ്ത്രികൾ (മൈസൂർ) ഭാഷാകൗടലീയത്തിന്റെ ആഖ്യാനമാതൃക മനസ്സിലാക്കാതെ അതിനെ തള്ളിപ്പറഞ്ഞു. മറ്റു പല പണ്ഡിതന്മാരും സംസ്കൃതമൂലത്തോടുള്ള വിശ്വസ്തതയുടെ അടിസ്ഥാനത്തിൽ (ഇതു പാശ്ചാത്യ സങ്കൽപ്പനമാണു്, ബൈബിൾ വിവർത്തനത്തെ ചുറ്റിപ്പറ്റിയുണ്ടായ തർജമ സങ്കൽപ്പനം) ഭാഷാകൗടലീയത്തെ ഇകഴ്ത്തി. കൗടലീയത്തിന്റെ കേരളീയഭാഷ്യമാണു് ഭാഷാകൗടലീയം എന്ന കാര്യം ശ്രദ്ധിക്കപ്പെട്ടില്ല. ഭാഷാപരിണാമ ശൃംഖലയിലും പാഠഭേദപരമ്പരയിലും ശ്രദ്ധയർപ്പിച്ചു പഠനം നടത്തിയ കെ. എൻ. എഴുത്തച്ഛൻ ഈ പ്രാചീന ഗദ്യകൃതിയുടെ ഭാഷാചരിത്രമൂല്യം കൃത്യമായി അടയാളപ്പെടുത്തി. കേരളഭാഷയുടെ വികാസപരിണാമങ്ങളിലെ കണ്ണിയായി ഇളംകുളം കുഞ്ഞൻപിള്ള ഭാഷാകൗടലീയത്തെ കാട്ടിത്തന്നു. എം. ജി. എസ്. നാരായണനാ കട്ടെ (2005) കേരളീയ വിജ്ഞാന ശൃംഖലയിലെ കണ്ണിയായിട്ടാണു് ഭാഷാകൗടലീയത്തെ അവതരിപ്പിച്ചതു്. വിജ്ഞാനകേരളത്തിന്റെ വിനിമയ ശൃംഖലയിലെ സുപ്രധാനകണ്ണിയാണു്, എം. ജി. എസിന്റെ പഠനത്തിൽ ഭാഷാകൗടലീയം. കൗടലീയത്തിന്റെ മഹാപാരമ്പര്യത്തെ പ്രാദേശികവൽക്കരിക്കുക (provincialise) യാണു് ഭാഷാകൗടലീയം. മഹാരചനകളോടു് ഇതായിരുന്നു ആധുനിക ഭാരതീയ ഭാഷാസമൂഹങ്ങളുടെ പ്രതികരണം. കോളനീകരണമാണു് മൂലം–അനുകരണം–തർജമ എന്നിവയടങ്ങുന്ന ശ്രേണീകൃതസമീപനം ഉറപ്പിച്ചെടുത്തതു്. രാമായണത്തിനു ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈവിധ്യത്തോടെ നിലനിൽക്കാൻ കഴിഞ്ഞു. വ്യത്യസ്ത ആശയാവലികളുടെ കാന്തികതയിൽ പലതരം ഭാരതങ്ങൾ ഭാരതത്തിലുണ്ടായി. കമ്പരാമായണം, തുളസീദാസ രാമായണം, കണ്ണശ്ശരാമായണം എന്നൊന്നും കേട്ടാൽ വാൽമീകിരാമായണ ഭക്തർക്കു അലോസരമുണ്ടാകാത്ത ജ്ഞാനാവ്യവസ്ഥയായിരുന്നു അതു്. ആ വ്യവസ്ഥയ്ക്കുള്ളിലാണു് രാമായണനാടകമായ ആശ്ചര്യചൂഡാമണി ഉണ്ടായതു്. കേരളത്തിൽ പ്രചാരത്തിലിരുന്ന കേരളോൽപ്പത്തികൾ മറ്റൊരുദാഹരണമാണു്. അവയുടെ വൈവിധ്യഭംഗി പാശ്ചാത്യനായ ഗുണ്ടർട്ടി നുപോലും ഹൃദ്യമായി തോന്നിയതുകൊണ്ടാവണം ഒറ്റനോട്ടത്തിൽ അവ വേർപിരിച്ചറിയാൻ കഴിയുന്ന തരത്തിൽ അദ്ദേഹം അതു സംവിധാനം ചെയ്തു് അച്ചടിച്ചതു്. പ്രാചീന മലയാളഗദ്യപഠനം ഈ വഴിക്കു ദൃഷ്ടി തിരിക്കണം. ഭാഷാകൗടലീയം മുൻനിറുത്തി എം. ജി. എസ്. നാരായണൻ തുടക്കമിട്ടിരിക്കുന്ന പഠനശൈലി മലയാളഗദ്യപഠനത്തിൽ രാജപാതയായി വികസിക്കേണ്ടിയിരിക്കുന്നു.
ഏതാനും പദങ്ങളും പദസംഹിതകളും ഭാഷാകൗടലീയത്തിൽനിന്നു തിരഞ്ഞെടുത്തു് അവയുടെ പൊരുൾ തേടുകയാണു് എം. ജി. എസ്. വളരെക്കാലം കേരളീയരും മറുനാട്ടുകാരുമായ പണ്ഡിതന്മാരെ അലോസരപ്പെടുത്തിയ ചില പ്രയോഗങ്ങളാണവ. ഉദാഹരണത്തിനു ശാസനപഠനത്തിൽ കീറാമുട്ടിയായ കലമറുപ്പ് എന്ന പ്രയോഗം പുണ്യപുടഭേദനമാണെന്നു് എം. ജി. എസ്. കണ്ടെത്തുന്നതു് ഭാഷാകൗടലീയത്തിലൂടെയാണു്. ശാസനമലയാളവും ഭാഷാകൗടലീയ മലയാളവും സംസ്കൃത കൗടലീയവും ചേർത്തുവച്ചു പരിശോധിക്കുമ്പോൾ എം. ജി. എസ്. നൽകുന്ന തിരിച്ചറിവു് വൈജ്ഞാനികത്തിളക്കമുള്ളതാണു്. ഗദ്യപഠനത്തിന്റെ മൗലികബലം വിജ്ഞാനത്തിന്റേതാണു്. അതു വൈജ്ഞാനിക കേരളത്തിന്റെ സമകാലിക അഭിരുചികളുമായി പൊരുത്തപ്പെട്ടുപോകുന്നു. ബഹുവിജ്ഞാനീയതയിലേക്കു വളരാനുള്ള പരിശീലനമാണു് പ്രാചീന ഗദ്യപഠനത്തിലൂടെ ഉണ്ടാകേണ്ടതു്. നിർഭാഗ്യവശാൽ മലയാളസ്നേഹികൾ ഓമനിക്കാനുള്ള ഭാഷയായിട്ടാണു് മലയാളത്തെ പരിഗണിക്കുന്നതു് (കാര്യം പറയാൻ ഇംഗ്ലീഷ്). കവിത, കഥ, നാടകം തുടങ്ങിയവയിലാണു് പലരും ഓമനത്തമുള്ള മലയാളമുഖം തേടുന്നതു്. ഇവയെല്ലാം വിലപ്പെട്ടതു തന്നെ. എന്നാൽ സംവേദന മാധ്യമം എന്ന നിലയിൽ മലയാളം മലയാളിയെ രൂപപ്പെടുത്തുന്നതു വിശാലമായ വൈജ്ഞാനികലോകത്തിലാണു്. “സാമാന്യബുദ്ധി” എന്ന ഭാവത്തിൽ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലേക്കും മലയാളം വ്യാപിച്ചു നിൽക്കുന്നു. മാധ്യമമലയാളം സാധ്യമായ എല്ലാ വൈവിധ്യങ്ങളോടുംകൂടി അനുദിനം വളരുകയാണു്. അതിനൊപ്പം നിൽക്കാൻ സാഹിത്യമലയാളം തത്രപ്പെടുന്നുണ്ടു്. മലയാളത്തിന്റെ സ്കൂൾ–കോളജ് തലങ്ങളിലെ പാഠ്യപദ്ധതിയെക്കുറിച്ചു നടക്കുന്ന തർക്കങ്ങളിൽ ഈ വിരുദ്ധാഭിമുഖ്യങ്ങൾ പ്രകടമാണു്. മലയാളഭാഷ വൈജ്ഞാനികയുഗത്തിൽ സംവേദനമാധ്യമമായി വികസിക്കണമെങ്കിൽ ഏറെ ആസൂത്രണം ആവശ്യമുണ്ടു്. ഭാഷാസൂത്രണം ഇന്നും മലയാളവിജ്ഞാനത്തിൽ അർഹിക്കുന്ന ഇടം നേടിയിട്ടില്ല. ഭാഷാസൂത്രണത്തിന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്ക്കരിക്കണം, പുതിയ ബോധനതന്ത്രങ്ങൾ വികസിപ്പിക്കണം. ഏതായാലും മലയാളത്തെ പൈങ്കിളിഭാഷയായും വീട്ടുഭാഷയായും വിനോദഭാഷയായും പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കാനാവില്ല. വൈജ്ഞാനിക കേരളത്തിന്റെ ഭാഷയായി മലയാളം വികസിപ്പിക്കണം. വൈജ്ഞാനികമലയാളത്തിന്റെ വേരുകൾ തേടുന്നവർ പ്രാചീന ഗദ്യമാതൃകകൾ വിശകലനം ചെയ്യണം.
കോളനീകരണം മലയാളത്തിന്റെ സാമൂഹികപദവിയിൽ വമ്പിച്ച മാറ്റങ്ങളുണ്ടാക്കി. അതിന്റെ ഫലമായി മലയാളം വ്യവസ്ഥാപിത പഠനത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടു. സാഹിത്യരസികന്മാർ പെൺമലയാളമായി കൊണ്ടുനടന്നിരുന്ന കുസൃതിഭാഷയെ പുതിയ അറിവിന്റെ മാധ്യമമാക്കുന്നതിൽ വിദേശികൾ വഹിച്ച പങ്കു് ശ്രദ്ധേയമാണു്. ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളും (1599) റോസിന്റെ നിയമാവലിയും പേരുകൾ സൂചിപ്പിക്കുന്നതുപോലെ കൊളോണിയൽ ആധുനികതയുടെ മൗലികരേഖകളാണു്. അവ മലയാളത്തിൽ തയ്യാറാക്കിയതു് സാധാരണ ജനങ്ങളുടെ മതബോധത്തെ നവീകരിക്കാനും ചിട്ടപ്പെടുത്താനുമായിരുന്നു. ഇതു കളിയല്ല, കാര്യമാണു്. കൃത്യതയും വ്യക്തതയുമാണു് ഇതിന്റെ പ്രത്യേകതകൾ. പദവാക്യതലങ്ങളിലെല്ലാം പാരമ്പര്യവും പുതുമയും ഇടകലർത്തുന്നവയാണു് ഈ കൃതികൾ. (സ്കറിയ സക്കറിയ 1976, 1994, 2000)
കാനോനകളുടെയും നിയമാവലിയുടെയും ഭാഷാശാസ്ത്രവിശകലനം കേരള സർവകലാശാലാ ഭാഷാശാസ്ത്രവകുപ്പിൽ ഈ ലേഖകൻ സമർപ്പിച്ച വ്യാകരണപ്രബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്. പിൽക്കാലത്തു കാനോനകൾ പുസ്തകരൂപത്തിൽ പുനഃപ്രസിദ്ധീകരിച്ചപ്പോൾ എഴുതിച്ചേർത്ത ആമുഖപഠനത്തിലും അടിക്കുറിപ്പിലും പ്രാചീനഗദ്യപഠനം സംസ്കാരപഠനമായി വികസിപ്പിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ടു്. ഇണങ്ങർ, യോഗം, മാർക്ഷം, പിഴ മൂളുക തുടങ്ങിയ പദങ്ങളിലൂടെ സഞ്ചരിച്ചു് സാന്നിധ്യങ്ങളും അസാന്നിധ്യങ്ങളും പരിഗണിച്ചു കോളനീകരണത്തിന്റെയും പ്രതിരോധത്തിന്റെയും മേൽക്കോയ്മയുടെയും നിഷ്കോളണീകരണത്തിന്റെയും വേരുകളും വഴികളും അടയാളപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നു. ഇതു സൂചിപ്പിക്കുന്നതു പ്രാചീനഗദ്യപഠനത്തിനു സംസ്കാരപഠനത്തിലേക്കു വഴിതുറക്കാൻ കഴിയുമെന്നാണു്. ഉത്തമചരിത്രരേഖകളിൽനിന്നും മറ്റു പാഠങ്ങളിൽനിന്നും ഉപാദാനങ്ങൾ ശേഖരിക്കുക എന്നതു പ്രധാനമാണു്. കഴിയുന്നിടത്തോളം സൂക്ഷ്മമാകണം ഉപാദാനശേഖരണം. പിന്നെ വേണ്ടതു് ആശയാവലികളാണു്. ഭാഷ, സംസ്ക്കാരം, കോളണീകരണം തുടങ്ങിയവയെക്കുറിച്ചു വ്യത്യസ്തങ്ങളായ ആശയാവലികൾ നിലവിലുണ്ടു്. അവയിൽ ചിലതു തള്ളാനും മറ്റു ചിലതു കൊള്ളാനും കഴിയണം. അടുത്തഘട്ടത്തിൽ വേണ്ടതു സങ്കൽപ്പനങ്ങളാണു്. സങ്കൽപ്പനങ്ങൾ മാറി മാറി ഉപയോഗിച്ചാൽ വ്യത്യസ്ത അറിവുകൾ പഠങ്ങളിൽനിന്നു് ഉൽപ്പാദിപ്പിക്കാം. സിദ്ധാന്തങ്ങളാണു് പ്രസക്തമായ മറ്റൊരിനം. ഓറിയന്റിലിസം പോലെ എത്രയെത്ര സിദ്ധാന്തങ്ങൾ തയ്യാർ ചെയ്ത രൂപത്തിൽ ലഭ്യമാണു്. അവ പരീക്ഷിച്ചു നോക്കാം. അല്ലെങ്കിൽ പ്രകരണത്തിനിണങ്ങുംവിധം പരിഷ്കരിച്ചു പരീക്ഷിച്ചു നോക്കാം. പുതിയ പുതിയ ഉപാദാനങ്ങളിൽ പ്രയോഗിക്കുമ്പോൾ പരിഷ്ക്കരിക്കപ്പെടാവുന്നവയാണു് സിദ്ധാന്തങ്ങൾ. ഓരോ പഠനവും ഓരോ ഘട്ടത്തിലും ആശയാവലികൾ, സങ്കൽപ്പനങ്ങൾ, സിദ്ധാന്തങ്ങൾ എന്നിവയെക്കുറിച്ചു തീക്ഷ്ണബോധം നിലനിറുത്തേണ്ടതുണ്ടു്. അങ്ങനെയുണ്ടാകുന്ന വീണ്ടുവിചാരം അറിവിനെ ആഴപ്പെടുത്തും. അറിവിനെക്കുറിച്ചുള്ള അറിവു വളർത്തും. പഠനഗവേഷണങ്ങളിൽ ഒഴിവാക്കാനാവാത്ത ഗുണമായി മാറിയിരിക്കുന്നു വീണ്ടുവിചാരം. വൈജ്ഞാനികതയ്ക്കു് ഊന്നൽ നൽകുന്ന ഗദ്യപഠനത്തിൽ അതു മർമ്മപ്രധാനമാണു്.
സമകാലിക വിജ്ഞാനശൃംഖലയിൽ മലയാളത്തിനു കാര്യക്ഷമമായി ഇടപെടാൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണു്. ഗദ്യഗതി പരിഗണിക്കുമ്പോൾ അത്രയ്ക്കു നിരാശയ്ക്കു കാരണമില്ല. സാഹിത്യമലയാളംപോലെ വർണ്ണപ്പകിട്ടു നേടുന്നില്ലെങ്കിലും ഒരു ജീവൽഭാഷ എന്ന നിലയിൽ മലയാളം കേരളീയ ജീവിതത്തിലാകെ സന്നിഹിതമാണു്. മാധ്യമങ്ങളാണു് ഈ വഴിക്കു മലയാളത്തെ മുന്നോട്ടുകൊണ്ടുപോകുന്നതു്. സാഹസികമായി ഭാഷയെ പുതുമണ്ഡലങ്ങളിലേക്കു നയിക്കുന്നവർ ശുദ്ധിവാദക്കാരുടെ വിമർശനത്തിനു് ഇരയാകുന്നു. പുതിയ വാക്കുകളാണു് ഏറെ വിമർശനം നേരിടുന്നതു്. ഇഷ്ടമായാലും ഇല്ലെങ്കിലും പുതുവാക്കുകൾ ഉപയോഗിച്ചേ തീരൂ. പ്രയോഗിക്കുക അല്ലെങ്കിൽ അവസരം നഷ്ടപ്പെടുത്തുക എന്നതാണു് ദ്രുത സാങ്കേതിക വിദ്യാസമൂഹത്തിന്റെ സമീപനം. ഭാഷാകൗടലീയകാലത്തും കാനോനകളുടെ കാലത്തും ഇതേ പ്രതിസന്ധിതന്നെ ഗദ്യരചന നേരിട്ടിരുന്നു. ശാസ്ത്രസങ്കേതികവിദ്യകളിലെ പുതുമകൾ ആശയങ്ങളിലും ഉൽപ്പന്നങ്ങളിലും മാത്രമല്ല, അവയെ പരാമർശിക്കുന്ന വാക്കുകളിലും വാക്യങ്ങളിലുമുണ്ടു്. ജനിതകവിജ്ഞാനവും നാനോ ടെക്നോളജിയും ബയോടെക്നോളജിയും ഇൻഫർമേഷൻ സയൻസും ഉണ്ടാക്കുന്ന നവതരംഗങ്ങൾ ഭാഷയിൽ തത്സമങ്ങളായും തത്ഭവങ്ങളായും പുതുവാക്കുകളായും പ്രത്യക്ഷപ്പെടുന്നു. ഓരോ സാങ്കേതികപദത്തിന്റെയും നിർവചനം, ഉൽപ്പത്തി, പ്രകരണം, പ്രയോഗപ്പൊരുൾ എന്നിവ വിശദീകരിക്കുന്ന വൈജ്ഞാനികാന്വേഷണങ്ങൾ ഇന്നു് ഏറെ പ്രസക്തമായിരിക്കുന്നു. അതുകൊണ്ടു് മലയാളഗദ്യമേഖല വാക്കുചന്തയോ വാക്കുമേളയോ ആയി അനുഭവപ്പെട്ടാൽ പരിഭവിച്ചിട്ടു കാര്യമില്ല. ഭാഷാകൗടലീയവും കാനോനകളും ഇത്തരം ചന്തകളുടെ ചരിത്രസ്മാരകങ്ങളോ മ്യൂസിയങ്ങളോ ആണു്. മ്യൂസിയങ്ങൾ ചരിത്രവ്യാഖ്യാനത്തിനാണു് ഇന്നു് ഊന്നൽ നൽകുന്നതു്. അതുപോലെ ഭാഷാകൗടലീയം പോലെയുള്ള പ്രാചീനഗദ്യകൃതികളുടെ പഠനം ഭാഷയുടെ സമകാലികസമസ്യകൾ വിശദീകരിക്കാൻ ഉപകരിക്കണം. പദസ്നേഹികൾക്കും ശാസ്ത്രവിശാരദർക്കും സാധാരണക്കാർക്കും വാക്കുകാണലിനുള്ള (അടുക്കളകാണൽ, വയറു കാണൽ, പെണ്ണുകാണൽ ഇവപോലെ) അവസരമൊരുക്കുന്നതായിരിക്കണം പ്രാചീനഗദ്യപഠനം. വാക്കും ആശയങ്ങളും തമ്മിലുള്ള രാഗദ്വേഷങ്ങൾ വിനിമയശൃംഖലയിലൂടെ ശീലിക്കാൻ ഗദ്യത്തിന്റെ വേരുകളും വഴികളും പഠിച്ചറിയണം.
പതിവുവിട്ടു ചിന്തിക്കാനും ശീലംവിട്ടു കാണാനും കഴിഞ്ഞാലേ ചിന്തിച്ചും കണ്ടും അറിവാളരാകാൻ കഴിയൂ. ഇതിനുള്ള ചില വിജ്ഞാനമുഹൂർത്തങ്ങൾ ഒരുക്കാൻ മലയാളഗദ്യത്തിന്റെ പാഠ്യപദ്ധതിക്കും പഠനക്രമത്തിനും കഴിയണം.
- എഴുത്തച്ഛൻ, കെ. എൻ., 1960, ഭാഷാകൗടലീയം (അധികരണങ്ങൾ 4–7), മദിരാശി സർവകലാശാല.
- ഗുണ്ടർട്ട്, ഹെർമൻ, 1843, കേരളോൽപത്തി, മംഗലാപുരം.
- സക്കറിയ, സ്കറിയ, 1994, ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ, ഓശാന മൗണ്ട്, ഇടമറ്റം, പാലാ.
- … 1976, രണ്ടു പ്രാചീനഗദ്യകൃതികൾ, ചങ്ങനാശ്ശേരി.
- … 2000, മിഷനറിഗദ്യം, മലയാളഭാഷാചരിത്രം (എഡി. എസ്. വി. വേണുഗോപൻ നായർ) മാളൂബൻ, തിരുവനന്തപുരം.
- Kaufmann, Jodi, Dec. 2010, Post Structural Analysis: Analysing Empirical Matter of New Meanings, Qualitative Inquiry 17(2) 148–154.
- Keats, Jonathon, 2010, Virtual Words: Language on the Edge of Science and Technology, Oxford University Press, USA.
- Lakoff, George, 2003, Metaphors We live By, The University of Chicago Press.
- Levin, 1984, Modernity and the Hegemony of Vision, University of California Presss.
- Narayanan, MGS, Oct. 2005, The Malayalam Commentary on Arthasastra TAPASAM Vol. 1. 2.
മലയാളം അദ്ധ്യാപകൻ, എഡിറ്റർ, ഗ്രന്ഥകർത്താവു്, ഗവേഷകൻ എന്നീ നിലകളിൽ പ്രസിദ്ധനായ വ്യക്തിയായിരുന്നു സ്കറിയ സക്കറിയ (1947–2022 ഒക്ടോബർ 18). ട്യൂബിങ്ങൺ സർവ്വകലാശാലയിൽ ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരം കണ്ടെത്തിയതിൽ ഇദ്ദേഹം പങ്കു് വഹിച്ചിരുന്നു. ജൂതമലയാളം, മലയാളം എന്നിവയാണു് ഇദ്ദേഹത്തിനു് താല്പര്യമുള്ള വിഷയങ്ങൾ.
സ്കറിയാ സക്കറിയ 1947-ൽ എടത്വാ ചെക്കിടിക്കാടു് കരിക്കംപള്ളിൽ കുടുംബത്തിൽ ജനിച്ചു. ഭൗതികശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ നിന്നു് 1969-ൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി.
1992-ൽ കേരള സർവ്വകലാശാലയിലെ ലിംഗ്വിസ്റ്റിക്സ് വിഭാഗത്തിൽ നിന്നു് ഇദ്ദേഹത്തിനു പിഎച്ച്. ഡി. ലഭിച്ചു. ‘പ്രാചീനമലയാളഗദ്യത്തിന്റെ വ്യാകരണവിശകലനം’ (A Grammatical Analysis of Early Missionary Malayalam Prose Texts) ആയിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണവിഷയം. 1990-ൽ ഫ്രെയ്ബർഗ്ഗിലെ ഗെയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാപഠനം. അലക്സാണ്ടർ ഫോൺ ഹുംബോൾട്ട് ഫെല്ലോ എന്ന നിലയിൽ ജർമ്മനിയിലും സ്വിറ്റ്സർലാണ്ടിലുമുള്ള സർവ്വകലാശാലകളിലും ഗ്രന്ഥശേഖരങ്ങളിലും ഗവേഷണപഠനങ്ങൾ നടത്തി.
1962 മുതൽ 82 വരെ ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ ഇദ്ദേഹം ലക്ചററും 1982 മുതൽ 94 വരെ പ്രഫസറും ആയി ജോലി ചെയ്തിരുന്നു. 1994 മുതൽ 1997 വരെ ഇദ്ദേഹം കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മലയാളം വിഭാഗത്തിൽ റീഡറായും 1997 മുതൽ 2007 വരെ മലയാളം പ്രഫസറായും അതോടൊപ്പം കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചു.
കോട്ടയത്തു് മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കു കീഴിലുള്ള സ്കൂൾ ഓഫ് ലെറ്റേഴ്സിലും കേരള കലാമണ്ഡലത്തിലും ഇദ്ദേഹം വിസിറ്റിംഗ് പ്രഫസറായിരുന്നു. കേരളത്തെപ്പറ്റിയുള്ള പഠനങ്ങൾക്കായുള്ള താപസം എന്ന ജേണലിന്റെ എഡിറ്ററായിരുന്നു. ഓശാന മൗണ്ടിന്റെ ബൈബിൾ തർജമയിൽ എൻ. വി. കൃഷ്ണവാര്യരുമായി സഹകരിച്ചു. കേരള സർക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയുടെ ഉപദേഷ്ടാവായും പ്രവർത്തിച്ചു. തലശ്ശേരി ഹെർമൻ ഗുണ്ടർട്ട് മ്യൂസിയത്തിന്റെ ക്യുറേറ്റർ.
ബെൻ സ്വി ഇൻസ്റ്റിറ്റ്യൂട്ട്, ജെറുസലേമിലെ ഹീബ്രൂ സർവ്വകലാശാല എന്നിവയുമായി സഹകരിച്ചു് ഡോ. സ്കറിയാ സക്കറിയ ‘ജൂതരുടെ മലയാളം പെൺപാട്ടുകൾ’ ശേഖരിച്ചു് പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
2022 ഒക്ടോബർ 18-നു് അന്തരിച്ചു.