
അടവോടെ, മെയ്തെളിച്ചു്
പാടവത്തോടെ, മുതിരൽ പാലിച്ചു്
സിംഹാസനങ്ങളോളം മൂത്തുപഴുത്തു്,
കുരുക്കഴിയാവാക്കും പൊരുളും-
കണ്ണും മൂക്കും പൊത്തിവിഴുങ്ങി,
കൊഴുത്തവേദികളിൽ ക്രമമായി തുപ്പി
കുട്ടിപ്പേച്ചുകളിൽ നരകയറി.
ശിശുദിനറാലിക്കുനിരന്ന കുഞ്ഞുങ്ങളാരും
കുട്ടിയുടുപ്പണിയുന്നേയില്ല!!

മോഹക്കൊട്ടാരങ്ങളിൽ
ചിത്തവ്യായാമങ്ങളിൽ
ആകൃതിയാലും വികൃതിയാലും
തകൃതിയായ് പെരുതായവർ
വഴിയോരത്തുലാസ്സുകളിൽ
പാളിപ്പാളി നോക്കുന്നു.
കോട്ടങ്ങളുടെ തട്ടു്
ചിരിച്ചുതാഴുന്നതു്…
നേട്ടങ്ങളുടെ തട്ടു്
കരഞ്ഞുകുതിക്കുന്നതു്…
ഇനിയും,
വാഴുവോരും വീഴുവോരും
ഉത്തരവുകളാൽ വകഞ്ഞറുക്കാതെ,
ഊരകത്താത്ത-
ശിശുദിനങ്ങൾ
ഉണർവ്വുകാത്തുറങ്ങുന്നുണ്ടു്…
പഴയവഴി, പുഴനിവരുമ്പോൾ
മണ്ണനക്കങ്ങളിൽ
മരം, വിരൽപിണയ്ക്കുമ്പോൾ…
മൂത്തോര്ടെ മുതുവാക്കുതാറ്റാതെ
തൊട്ടിലിൽക്കിടന്നു്,
എനിക്കൊന്നുറങ്ങണം…
എന്റെമാത്രം പൂച്ചയുറക്കം

കയറ്റിറക്കങ്ങളുടെ ഓരോവളവിലും
സഹയാത്രികരുണ്ടു്.
ഒന്നിലേറെ വളവുകൾ പിന്നിടാൻ
ഒറ്റയായ് വന്നവർ,
ഒന്നിലേറെപ്പേരൊത്തു്
ഒറ്റവളവു പിന്നിടാൻ വന്നവർ,
രണ്ടാം വളവോളം നടന്നു്
തളർന്നവർ,
മെലിഞ്ഞുകുറുകിയമനസ്സഞ്ചികളിൽ
മുഖാവരണങ്ങൾ പേറുവോർ,
ഇടവഴിയിൽ
പിഴച്ചകണക്കുപേക്ഷിച്ചു്
നിർമമതമൊത്തുവോർ,
സങ്കടക്കയം തീർത്ഥമാക്കി

പൊരുളുതേടുവോർ,
ഹൃദയശിലകളിൽ-
മുറിഞ്ഞവാക്കുകോറി,
തിരിഞ്ഞുനടന്നവർ,
കഥയുടെ കെട്ടും രസച്ചരടുംപൊട്ടി
യാത്രമുടക്കിയോർ.
ഗതിവിഗതികൾക്കു താളം പകർന്നതു്-
പൊയ്ക്കാലുകൾ വച്ചു്
യാത്രയ്ക്കു ചാരുതകൂട്ടിയോർ
ചിത്തഭ്രമങ്ങൾക്കു കൊഴുപ്പേറ്റി
നവരസം കാട്ടിയോർ.
മണിമുഴക്കങ്ങൾക്കൊത്തു
പൈദാഹങ്ങൾ ചിട്ടപ്പെടുത്തിയതും
സഹയാത്രികർ
രുചിഭേദങ്ങളുള്ള സഹയാത്രികരുടെ
ഇഷ്ടരുചികളിൽ
അരുചിയുടെ ചഷകം പകരുന്ന
ചവർപ്പു്…
ഇടത്താവളങ്ങളില്ലാത്ത ദിശാബോധങ്ങളിൽ
മനം പിരട്ടിമുറിഞ്ഞുവീഴുന്ന-
വാക്കായി, വറുതിയായി
വഴിപിരിയുന്ന സഹയാത്രകൾ

ചിറകുകളെക്കുറിച്ചോർക്കാത്തവരോ
ചിറകുമുളയ്ക്കാൻ കാക്കാത്തവരോ
നന്നേ ചുരുക്കം.
ചൂണ്ടുപലകകൾക്കൊത്തു്-
നടന്നു കാലിടറിയാലും
കന്മഴകൊണ്ടു്
നിനവുകളുറഞ്ഞാലും
ചിറകുമുളയ്ക്കണമെന്നില്ല.
തലച്ചുമടേറ്റി
തലച്ചോറു പുഴുക്കുത്തുമ്പൊഴും
വിലവിവരപ്പട്ടികയിൽ
ഒന്നാം സ്ഥാനം
ചിറകുകൾക്കു്.
അമ്മൂമ്മ പറഞ്ഞതു്-

ചിറകുകിട്ടിയാൽ,
ജലരേഖകൾ കടന്നു്
പവിഴക്കൊട്ടാരത്തിലെത്താം,
കാറ്റിനെ കൊഞ്ഞനം കാട്ടാം.
മേഘത്തിൽ കാലുനീട്ടിയിരുന്നു്
താഴോട്ടുനോക്കാം.
കർമ്മഫലം കൊണ്ടുനേർന്നാലേ
ചിറകുകിട്ടുള്ളൂന്നു് വിശ്വാസി.
നിലവാരമനുസരിച്ചു്
വെള്ളയോ കറുപ്പോ കിട്ടുമത്രേ.
ഉൾച്ചൂടുകൊണ്ടു് തൊലിപ്പുറത്തു്
പുള്ളിക്കുത്തു് വീണവർക്കു്,
ആവർത്തനങ്ങളുടെ പെരുമഴയിൽ
നനഞ്ഞുകുതിർന്നവർക്കു്,
കൊതിയോടെ നടപ്പുതുടങ്ങിയവർക്കു്
ചിറകുമുളയ്ക്കുന്നതു്, ഒരുപോലെയാണു്.
ഊഴം കാക്കാതെ,
ചിറകുവെച്ചുകെട്ടുന്നവരുണ്ടു്.
ചാപിള്ളയ്ക്കിതൊന്നും ബാധകമല്ല.

ഡോ. സീമാ ജെറോം പ്രഭാഷകയും എഴുത്തുകാരിയും ലിംഗതുല്യത, മതേതരത്വം എന്നിവയുമായി ബന്ധപ്പെട്ട സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കാളിയുമാണു്. നിലവിൽ കേരളസർവ്വകലാശാല മലയാളവിഭാഗം അസ്സോസിയേറ്റ് പ്രൊഫസ്സറും റിസേർച്ച് ഗൈഡുമാണു്. മലയാളം ലക്സിക്കൻ വിഭാഗം എഡിറ്ററായും ചുമതല വഹിക്കുന്നു. അന്തർസർവ്വകലാശാല മലയാളകേന്ദ്രം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ടു്. യു ജി സി ധനസഹായത്തോടെ ‘സ്ത്രീസ്വത്വനിർമ്മിതി മലയാളത്തിലെ പെൺവാരികകളിൽ’ എന്ന വിഷയത്തിൽ മേജർ റിസേർച്ച് പ്രോജക്ട് ചെയ്തിട്ടുണ്ടു്. ഭാഷാപഠനം, ജെൻഡർ സ്റ്റഡീസ്, തിയേറ്റർ, മാധ്യമപഠനം എന്നിവയിൽ കേന്ദ്രീകരിച്ചു് ഗവേഷണപ്രസിദ്ധീകരണങ്ങളിലും ആനുകാലികങ്ങളിലും എഴുതിയിട്ടുണ്ടു്. പുസ്തകങ്ങൾ: ആദ്യകാലകവിതകളിലെ പ്രകൃതിസമീപനങ്ങൾ, അരങ്ങിലെ ആധുനികീകരണം.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. മോഹനൻ