“ഞങ്ങളൊരുമിച്ചു് ജീവിയ്ക്കുകയാണു്”
നിശ്ശബ്ദതയുടെ നീല ജലപ്പരപ്പിനെ ഒറ്റവാചകം കൊണ്ടുലച്ചു് മകനൊച്ച എന്നോടു പറഞ്ഞു. അതു് വളരെ ഋജുവും ലളിതവുമെന്നു തോന്നിപ്പിയ്ക്കുന്ന ഒരു പ്രസ്താവനയോ പ്രഖ്യാപനമോ ആയിരുന്നുവെങ്കിലും ആ നിമിഷത്തിനായി അവനെപ്പോഴോക്കെയോ നടത്തിക്കഴിഞ്ഞ പൂർവ്വപരിശീലനങ്ങളുടെ ഒട്ടും മോശമാവാത്ത ഒരു പൂർത്തീകരണമായിരുന്നു അതെന്നു് ഏറെ ചിന്തിയ്ക്കാതെത്തന്നെ എനിയ്ക്കു് മനസ്സിലായി. ഉള്ളിൽ പൊടുന്നനെയുണ്ടായ നടുക്കങ്ങളെ മറയ്ക്കാൻ പാടുപെട്ടുകൊണ്ടു് ഞാൻ, മകന്റെ വിറപൂണ്ട, വിയർപ്പു പൊടിയുന്ന മുഖത്തേയ്ക്കന്തംവിട്ടു നോക്കി. തീർത്തും അലങ്കോലമായ ഒരു നോട്ടമായിരുന്നു അതു്. ഒന്നുകിൽ പഴയകാല സിനിമാഭിനേതാക്കളുടെ നാടകീയമായ ഭാവാഭിനയം പോലെ, അല്ലെങ്കിൽ ആദ്യമായിട്ടഭിനയിക്കാനെത്തിയ ഒരു നടിയുടെ ഭയപ്പാടു മുറ്റിയ പ്രകടനം പോലെ. രണ്ടായാലും ആകപ്പാടെ നാശമായ ഒന്നായിരുന്നു അതെന്നേ എനിയ്ക്കു പറയാനാവൂ. എന്റെ ചുണ്ടുകളിൽ നിന്നു് ഭീരുക്കളായ യോദ്ധാക്കളെപ്പോലെ വാക്കുകളായ വാക്കുകളെല്ലാമന്നേരം തൊണ്ടക്കുഴിയിലൂടെ, നെഞ്ചിലൂടെ പെട്ടെന്നെങ്ങോട്ടോ പിൻതിരിഞ്ഞോടിക്കളഞ്ഞു.
ഞാൻ അവന്റെ വാചകത്തിലെ പ്രധാന ഊന്നൽ ഭാഗമായ ‘ഞങ്ങളെ’ന്നതിലെ മറുപാതിയെ നോക്കി. അവന്റെ ചുമലിനു പിന്നിലായി മറഞ്ഞു നില്ക്കുകയാണു് അവൾ. പൊക്കം കുറഞ്ഞു വെളുത്ത ഒരു പെൺകുട്ടി. കഴുത്തിനൊപ്പം കത്രിച്ചിട്ട ചെമ്പൻ മുടിയിഴകളും പുരികക്കൊടികൾക്കു നടുവിലത്തെ വ്യാളീ രൂപമുള്ള പൊട്ടും തെല്ലുയർന്ന നെറ്റിത്തടവും മാത്രമെനിയ്ക്കു മുന്നിൽ വെളിപ്പെടുത്തിക്കൊണ്ടു് അവളെനിക്കദൃശ്യയായി അവന്റെ വലിയ ശരീരത്തിനുപിറകിൽ ഒളിച്ചെന്ന പോലെ നിന്നു.

എന്റെ കണ്ണുപറിയ്ക്കാനോട്ടങ്ങളിൽ ഞാൻ പോലുമറിയാതെ കടന്നുകൂടിയ കടന്നൽക്കുത്തു സഹിയ്ക്കാഞ്ഞിട്ടാവണം, നേർത്തൊരസഹ്യതയോടെ എനിയ്ക്കൊട്ടും കാണാനാവാത്ത വിധം അവൾ തന്റെ മുഖം കൂടുതൽ കുനിച്ചു പിടിച്ചു. ഞാനെന്റെ ശൂന്യമായ നോട്ടം വീണ്ടും മകനുമേലാക്കി. ഇത്ര നേരമായി അവർ രണ്ടും മുറ്റത്തങ്ങനെ നിൽക്കുകയായിരുന്നുവല്ലോയെന്നു് ആ ഉലച്ചിലിനിടയിലും എനിയ്ക്കുള്ളിലെയമ്മ പൊടുന്നനെയോർത്തു.
മുറ്റത്തു്, നല്ല വെയിലായിരുന്നു മാർച്ച് മാസത്തിലെ മഞ്ഞച്ചു തിളങ്ങുന്ന, പൊള്ളിയ്ക്കുന്ന വെയിൽ.
പുറംവാതിലിൽ നിന്നു വീട്ടുവരാന്ത വരെ കമാനമിട്ട കമ്പികളിൽ പടർന്ന പൂവള്ളികളിൽനിന്നു് വാട്ടം തട്ടാത്ത ഒരോറഞ്ചു പൂവു് നിലത്തു പൊഴിഞ്ഞു കിടന്നിരുന്നു. രണ്ടു വഴക്കാളിക്കാക്കകൾ അസാധാരണവും വൃത്തികെട്ടതുമായ ഒരൊച്ചയിൽ പരസ്പരമെന്തോ പറയുന്നുണ്ടായിരുന്നു. അപ്പുറത്തുമിപ്പുറത്തു നിന്നും ചില ജനാലകൾ അത്ര സ്വാഭാവികമെന്നോണം തുറന്നടയുന്നതുകാണവേ അവ ഒരുപക്ഷേ, ഞങ്ങളുടെ നേർക്കായിരിയ്ക്കാമെന്ന ആശങ്ക മൂത്തു് ഞാൻ, ഞാൻ പോലുമറിയാതെ ഇടറിയ, രസക്കേടാൽ കനത്തൊരൊച്ചയിൽ ‘വരൂ’വെന്നു് അവരെയകത്തേയ്ക്കങ്ങു വിളിച്ചു പോയി. തൊട്ടടുത്ത നിമിഷം തന്നെ വേണ്ടിയിരുന്നില്ലെന്നു് ഒരു നൂറുവട്ടം കരുതിപ്പോയെങ്കിലും അത്രതന്നെ ഞാനെന്നെ സ്വയം ശപിച്ചെങ്കിലും ഞാൻ, വിളിച്ചുപോയിരുന്നു.
ഇതുവരേയ്ക്കും വലിയ കാറ്റും കോളുമൊന്നുമില്ലാതെ കടന്നു പൊയ്ക്കൊണ്ടിരുന്ന ഞങ്ങൾ മൂന്നുപേരുടേതുമായ വെയിൽഭംഗിയുള്ള ദിവസങ്ങളുടെ ഭാവിയെക്കുറിച്ചോർക്കവേ എന്റെ നെഞ്ചിലൊരു കരച്ചിൽ ഭാരിച്ചു തിങ്ങാൻ തുടങ്ങി.
പെട്ടെന്നു്, അത്ര പെട്ടെന്നു്, എന്റെ ജീവിതം സിനിമകളിൽ പലകുറിയാവർത്തിച്ചിട്ടുള്ള ഒരു മടുപ്പൻ രംഗമായിത്തീർന്നതു പോലെ എനിയ്ക്കു തോന്നി.
അവന്റെ കൂടെയുള്ള പെണ്ണിനോടു് കുറച്ചുകൂടി മസൃണമാകാനോ മര്യാദകാട്ടാനോ ഒക്കെയുള്ള ഒരു മാനസികാവസ്ഥ ഒരുപക്ഷേ, എനിയ്ക്കുണ്ടായേനെ. മുമ്പു്, ഒരിയ്ക്കലെങ്കിലും അവനീ ദിവസത്തെക്കുറിച്ചു്, അവളെക്കുറിച്ചു്, നേർത്തൊരു സൂചനയെങ്കിലും എനിയ്ക്കു തന്നിരുന്നുവെങ്കിൽ. അങ്ങനെയോർത്ത നിമിഷംതന്നെ പക്ഷേ, പൊടുന്നനെ ഞാനെന്റെ ഭർത്താവിനെയും ഓർത്തു. പ്രണയമെന്നു കേട്ടാൽ ഒരശ്ലീലവാക്കെന്നപോലെ കലിതുള്ളുന്ന ഒരു അറേഞ്ച്ഡ് വിവാഹവാദി. “പ്രേമം എന്നൊന്നില്ല അതു് സെക്സിനു വേണ്ടിയുള്ള ഒരു മുന്നൊരുക്കം മാത്രമാണെ”ന്നു് അത്ര കടുപ്പിച്ചുറപ്പിച്ചു വിശ്വസിക്കുകയും എവിടെയും സമർത്ഥിക്കുകയും ചെയ്യാറുള്ള ഒരാൾ. അത്രമേൽ വാത്സല്യത്തോടെ കൊണ്ടുനടന്നിരുന്ന സ്വന്തം അനന്തരവളോടു് അവളുടെ പ്രണയ-വഴക്കു വിവാഹത്തിന്റെ പേരിൽ—തെരഞ്ഞെടുത്തതൊരു നല്ല പയ്യനെയായിട്ടുകൂടി—അവളുടെ അച്ഛനമ്മമാർ അവരെ ഇരുവരെയും സ്വീകരിച്ചിട്ടുകൂടി—ഇപ്പോഴും മുഖം കറുപ്പിച്ചു നടക്കാറുള്ളൊരാൾ. ആ പ്രണയ വിരോധിയോടു് എങ്ങനെയാണിവരെക്കുറിച്ചു പറയുകയെന്ന ആധിയ്ക്കൊപ്പം ഞങ്ങളുടേതു മാത്രമായ ആ സ്നേഹവലയം ഒരു നിമിഷം കൊണ്ടു് നിസ്സാരമൊരു ച്യൂയിങ്ഗക്കുമിള പോലെ പൊട്ടിപ്പോയല്ലോ എന്ന വ്യസനം കൂടി എന്നെയപ്പോൾ വല്ലാതെ മഥിക്കാൻ തുടങ്ങി.
ഇത്രയൊക്കെ കൂട്ടായിരുന്നിട്ടും ഒരുവാക്കുമെന്നോടുരിയാടാതെ അവൻ അവന്റേതു മാത്രമായൊരു സ്വകാര്യ ലോകം കെട്ടിപ്പടുക്കുകയായിരുന്നു ഇത്ര നാളുമെന്നോർക്കേ എനിയ്ക്കെന്റെ മകനോടു് അസഹ്യമായ നിന്ദ തോന്നി.
എന്റെ അകത്തേയ്ക്കുവിളി ഒരു നിമിഷത്തേയ്ക്കു് മകന്റെ മുഖത്തു് സന്തോഷത്തിന്റെയൊരു രക്തച്ഛവി പടർത്തുന്നതും എന്നാലതേ വേഗത്തിലവിടെ അതിനേക്കാളേറെയിരുണ്ട വിഷാദം പരക്കുന്നതും ഞാനപ്പോൾ കണ്ടു. അവൻ, അവൾക്കു മുന്നിലായി പടികളിൽ കാലമർത്തിച്ചവിട്ടി ഭാരിച്ചതെന്തോ ചിന്തിച്ചെന്നപോലെ ഒരുമാത്ര നിന്നു; പിന്നെ പതിയെ വിളിച്ചു.
“അമ്മാ, ഒരു നിമിഷം… അപർണ്ണ… ”
വിറകൊണ്ട നേർത്ത ശബ്ദത്തിൽ ആ പേരുമാത്രം ഉച്ചരിച്ചു കൊണ്ടു് അവൻ അവളുടെ മുന്നിൽ നിന്നും പൂർണ്ണമായി മാറിനിന്നു. അന്നേരമാണു് ഞാനാകെപ്പാടെയങ്ങ് നടുങ്ങിപ്പോയതും. ആ ഞെട്ടലിന്റെ മുഴുവൻ ചുഴികളും എന്റെ മുഖത്തത്ര പ്രകടമായിക്കാണണം; ഞാൻ അലർച്ചയോടെ മിടിക്കുന്ന ഹൃദയത്തോടെയും കാറ്റുപോലൂക്കനായ ശ്വാസങ്ങളോടെയും തള്ളിപ്പോയ കണ്ണുകളോടെയും അവളെയൊന്നുകൂടി നോക്കുകയും “ഊഹ്” എന്നു് അറിയാതെയൊരാന്തൽ എന്റെ ഉള്ളിൽ നിന്നു് തള്ളിപ്പുറപ്പെടുകയും ചെയ്തു.
‘അപർണ’യെന്ന തീർത്തും മൃദുവും സ്ത്രൈണവുമായ പേരിനെയും ആ ആകാരത്തെയും തമ്മിൽ പൊരുത്തപ്പെടുത്താനാവാതെ ഞാനുമിനീർ വറ്റിപ്പകച്ചു നിന്നു.
ഇളം ചുവപ്പു ടോപ്പും നീലയിൽ പൂവിലച്ചിത്രങ്ങളുള്ള പുതിയ തരം പാവാടയുമായിരുന്നു വേഷം. ഒരാണിന്റെയും പെണ്ണിന്റെയും കൈവരച്ചിത്രമുള്ള ലോക്കറ്റോടു കൂടിയ നീളൻ മണ്ണാഭരണം കഴുത്തിൽ. കാതുകളിൽ അതേ ശൈലിയിലുള്ള വലിയ കമ്മലുകൾ. കഴുത്തിനൊപ്പം വീണു കിടപ്പുള്ള ചുളുക്കു നിവർത്തിച്ച, മുടിയ്ക്കു് ഒരു കൃത്രിമത്തിളക്കമുണ്ടായിരുന്നു.
ചുണ്ടുകളിൽ കരിഞ്ചുവപ്പു ചായം തേച്ചിരുന്നു. കൈ വിരലുകൾ തവിട്ടു നിറം കൊണ്ടു് പോളിഷ് ചെയ്തിരുന്നു. അവയിൽ മൂന്നെണ്ണത്തിൽ മാത്രം കറുപ്പു് നിറത്താൽ നേർത്തൊരു വള്ളി വരച്ചിട്ടിരുന്നു. മുഖത്തു്, വിശേഷിച്ചും മൂക്കിനടിയിൽ അത്ര കനത്ത മേയ്ക്കപ്പിനുള്ളിലും മാഞ്ഞു പോകാൻ കൂട്ടാക്കാതെ ആ പച്ചച്ഛവിയുണ്ടായിരുന്നു. എത്ര തൂത്തു കളഞ്ഞിട്ടും പൊയ്പോകാത്ത പച്ചയായ, പച്ചയായ പുരുഷാടയാളങ്ങൾ. ടിവിയിലെപ്പോഴോ കണ്ടുപോയ ആ കൂട്ടങ്ങളെ ഞാനന്നേരമറപ്പോടെയോർത്തു. കോലൻ മുടിയും പലനിറക്കുപ്പായങ്ങളും പൊങ്ങൻ മുലകളും ബലിഷ്ടമായ കൈകാലുകളുമുള്ള ആൺപെണ്ണുങ്ങൾ. അതുപോലൊന്നാണു് ദൈവമേ, ഇവിടെയിപ്പോൾ എന്റെ വീട്ടുമുറ്റത്തു്.

ഞാൻ തീർത്തും തളർന്നുപോയി. എനിയ്ക്കു സഹിയ്ക്കാനാവാതെയായി. എന്റെ വിളിയ്ക്കു പിന്നാലെയവനൊപ്പം പടികയറാൻ ഭാവിക്കുന്ന അവളോടു്—അല്ല, അവനോടു്–എനിയ്ക്കു് അവനായോ അവളായോ എങ്ങനെയാണതിനെ ഞാൻ തിരിച്ചറിയേണ്ടതെന്നു കൂടി അറിയുന്നുണ്ടായിരുന്നില്ല—വാതിൽക്കൽ കൈ തടയിട്ടു നിന്നു് ‘നിൽക്കു്. കടന്നുപോ’യെന്നു് അത്ര കടുപ്പത്തോടെ അലറിപ്പറയണമെന്നൊരു തോന്നൽ അപ്പോഴുണ്ടായെങ്കിലും പരിഭ്രമത്താൽ എന്റെ നിയന്ത്രണത്തിലൊരു തരത്തിലും നില്ക്കാതെ, തോന്നിയ പോലെ ചലിയ്ക്കാൻ തുടങ്ങിയ കണ്ണുകളെയും ചുണ്ടുകളെയും പുരികങ്ങളെയും കൈകാലുകളെയുമൊക്കെ ഒരു നിഴൽനാടകപ്പാവയെ എന്ന പോലെ ചരടുവലിച്ചടക്കി നിർത്താൻ പാടുപെടുകയായിരുന്ന ഞാൻ ഒരു വികൃത ഭാവത്തോടെയപ്പോൾ ഒന്നും മിണ്ടാനാവാതെ തളർന്നു നില്പാണുണ്ടായതു്; ഒരർദ്ധ സമ്മതം അവരിരുവർക്കും കൊടുത്തുകൊണ്ടെന്ന പോലെ.
എനിയ്ക്കെന്നോടു തന്നെ കഠിനമായ നിന്ദ തോന്നി. അല്ലെങ്കിലും അതങ്ങനെയായിരുന്നു ഞാൻ; ഇപ്പോളെന്നല്ല ചെറുപ്പം തൊട്ടേ. വലിയ തീരുമാനങ്ങളുടെ ഉരുക്കു വാചകങ്ങൾ ഉള്ളുലയിലൂതിപ്പഴുപ്പിക്കുകയും പാകപ്പെടുത്തി പ്രയോഗിയ്ക്കാനൊളിച്ചു വയ്ക്കുകയും സന്ദർഭങ്ങൾ പരിശീലിയ്ക്കുകയുമൊക്കെ ചെയ്തു്, അതുപയോഗിക്കേണ്ടിവരുന്ന നേരത്തു് തീർത്തും ബാലിശമായ ചില മറുപടികൾ കൊണ്ടു് സ്വയം തോറ്റൊതുങ്ങിപ്പോവാറുള്ളവൾ. സ്നേഹമുള്ളവനെങ്കിലും സ്വന്തമഭിപ്രായങ്ങളടിച്ചേല്പിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തയാളായിരുന്നു ഭർത്താവും. അതുകൊണ്ടു തന്നെ ഞാൻ ദുർബലമായ അഭിപ്രായ പ്രകടനങ്ങളുടെ, തോൽവികളുടെ ഒരു ഞാൻ തന്നെയായിത്തീർന്നു പിന്നീടങ്ങോട്ടു് സ്ഥിരമായിട്ടും.
എനിയ്ക്കു് മുഖമുയർത്താനോ ഇനിയുമവളെ നോക്കാനോ കഴിയാതായി. അവളും അവനും എന്റെയനുവാദത്തിനു കാത്തു നിൽക്കാതെ പതിയെ വരാന്തയിലേക്കു കയറി. അതു് വലംകാൽ വച്ചായിരുന്നെന്നും അവരിരുവരും വിരലുകൾ പരസ്പരം കൊരുത്തു പിടിച്ചിരുന്നുവെന്നും ആ കുഴമറിച്ചിലുകൾക്കുമിടയിൽ എന്റെ തലച്ചോർ സൂക്ഷ്മം രേഖപ്പെടുത്തി. നാദസ്വരങ്ങളുടെ അപശ്രുതികളും നിലവിളികൾപോലെ കുരവകളും ചീഞ്ഞ പൂക്കളുടെ ഗന്ധവുമന്നേരമെന്റെ തലവേദനപ്പിച്ചു തിങ്ങി.
“അമ്മേ”
പൊടുന്നനെ എന്നോടടുത്തു നിന്നു് അവൾ വിളിച്ചു. ആ ആണൊച്ചയുടെ പെൺചിലമ്പലിൽ ഞാൻ വീണ്ടും നടുങ്ങി. അവൾ കുനിഞ്ഞു്, എന്റെ കാൽതൊട്ടു. അന്നേരമവളുടെ ഇറക്കിവെട്ടിയ പുറം കഴുത്തും, അവിടത്തെ കറുത്തു് വൃത്താകൃതിയിലുള്ള ഒരു മറുകടയാളവും പല വലിപ്പത്തിലുള്ള മൂന്നു നക്ഷത്രങ്ങളുടെ പച്ചകുത്തും ക്ഷണദ്യുതിപോലെ ഞാൻ കണ്ടു. അവൾ നിവർന്നു് തീർത്തും ദയനീയമായും എങ്കിലുമെന്തോ പ്രതീക്ഷിച്ചെന്ന പോലെയും ഒരു നിമിഷമെന്റെ കണ്ണുകളിലേയ്ക്കു് അശക്തമായൊരു നോട്ടം നോക്കി. ആ നോട്ടത്തെ, അറിയാതെയുണ്ടായൊരു മുഖം വെട്ടിയ്ക്കലാൽ തട്ടിമാറ്റി, ഞാനെന്റെ കൈകൾ രണ്ടും സാരിത്തലപ്പിന്റെ ചുരുളുകളിലൊളിപ്പിച്ചു് വെറുങ്ങലിച്ചു നിന്നു. തീർത്തും ദയനീയമാം വിധം ഞാനെന്റെ മകനെ നോക്കി. പത്തിരുപത്താറു വയസ്സായിട്ടും എന്റെ മടിയിൽ കിടന്നിപ്പോഴും കൊഞ്ചാറുണ്ടായിരുന്നവൻ. പരസ്പരമെല്ലാം പങ്കുവെയ്ക്കാറുണ്ടെന്നു് സ്വകാര്യമായുമല്ലാതെയുമെന്നെക്കൊണ്ടഹങ്കരിപ്പിച്ചിട്ടുള്ളവൻ എന്നിട്ടാണു്—ഇങ്ങനെ തന്നിഷ്ടപ്രകാരം അവനൊരാളെ കൊണ്ടുവരികയെന്നൊരു സങ്കല്പം പോലും എനിയ്ക്കൊരിക്കലും ഉണ്ടായിട്ടുണ്ടായിരുന്നില്ല. അങ്ങനെയൊന്നും സങ്കല്പിക്കേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. അതെന്തുതന്നെയായിരുന്നാലും എന്റെ സ്വപ്നങ്ങൾക്കിത്തിരി മുള്ളു പോറുമായിരുന്നെങ്കിൽ കൂടി അങ്ങനെയൊന്നു സംഭവിച്ചാലും ഞാനവനെ മനസ്സിലാക്കുമായിരുന്നു. പക്ഷേയിതു്, ഇങ്ങനെയൊരാളെ…

കുറച്ചു നാളായി ഉള്ളിൽ അവനോടുചേർത്തൊഴിച്ചിട്ട ഒരു കളത്തിൽ ഞാൻ സങ്കല്പിച്ചു വെച്ചിരുന്ന എന്റെ പുത്രവധുവിന്റെ ചിത്രം—കൊലുന്നനെയുള്ള ശരീരവും ശ്രീയുള്ള മുഖവുമുള്ളൊരു പെൺകുട്ടി—സത്യത്തിൽ ആ ഛായ ഒരു ഭാവനയൊന്നുമായിരുന്നില്ല. ഭർത്താവിന്റെ സുഹൃത്തായ സുധീറിന്റെ മകൾ. ഇക്കാര്യമൊന്നും ഞങ്ങളുടെ കുടുംബങ്ങൾ പരസ്പരം പറഞ്ഞിരുന്നില്ലെങ്കിൽ കൂടി അവളുടെ പരീക്ഷകൾ കഴിയുന്നതോടെ ഔപചാരികമായ ഒരാലോചനയുമായി അങ്ങോട്ടു ചെല്ലണമെന്നു് ഞാനും ഭർത്താവും ഉള്ളിലുറപ്പിച്ച, മനസ്സിൽ ഞങ്ങളുടെ മരുമകളായി വച്ച ആ പെൺകുട്ടി. അവൾക്കുമവനെ ഇഷ്ടമാണെന്നതു് ഞങ്ങളുടെ ഇടപെടൽ നേരങ്ങളിൽ നിന്നു് എന്റെ സൂത്രക്കണ്ണുകളെന്നേ പിടിച്ചെടുത്തിരുന്നതാണു്. അവനാകട്ടെ എല്ലാവരോടുമെന്ന പോലെ സൗഹൃദത്തോടെ, സ്നേഹത്തോടെയവളോടു് ഇടപെടാറുള്ളതുമാണു്. എന്നിട്ടു്, എന്നിട്ടാണു് പെൺവേഷം കെട്ടിയ ആണൊരുത്തനെയും കൊണ്ടു് ഒരുളുപ്പുമില്ലാതെ അവനെന്റെ മുന്നിലിങ്ങനെ.
ഇടയ്ക്കവളൊന്നു ചലിച്ചപ്പോൾ ഇടം കയ്യിൽ കുത്തിനിറച്ചിട്ട പലനിറച്ചില്ലുവളകളൊന്നിളകി. അവയൊരുമിച്ചു കൂടി അന്നേരമൊരൊറ്റച്ചിരി ചിരിച്ചു. അവൾ പൊടുന്നനെയവയെ തൊട്ടു്, കൂട്ടിപ്പിടിച്ചു. അന്നേരമവളിലെ പാതിപ്പുരുഷനും മറുപാതിപ്പെണ്ണും അവരുടേതു മാത്രമായ ചില ചലനങ്ങൾകൊണ്ടു് അവളെ, അവളിലെയവനെ പൂർണമായുമടയാളപ്പെടുത്തി.
ചിലപ്പോളൊക്കെ നിസ്സാരകാര്യങ്ങളെച്ചൊല്ലി ഞാനുമവന്റെയച്ഛനും വഴക്കുകളുണ്ടാവുമ്പോൾ എപ്പോഴുമെന്റെ പക്ഷം ചേർന്നു് എന്നാലതങ്ങനെയല്ലെന്ന പോലെ ഞങ്ങളെ പൂരിപ്പിക്കാറുണ്ടായിരുന്നവൻ, എന്റെയുള്ളിലെ എന്നെപ്പോലും ചിലപ്പോളൊക്കെ മന്ത്രക്കണ്ണുകളാൽ കണ്ടെത്താറുണ്ടായിരുന്നവൻ, ഒരിക്കലും ഒച്ചയുയർത്തിപ്പറയാറില്ലാത്തവൻ, അത്രയ്ക്കു് ശാന്തനാകയാൽ ബുദ്ധനെന്നു് ഞാനിടയ്ക്കു് കളിയായി വിളിയ്ക്കാറുണ്ടായിരുന്നവൻ, അത്രമേലെന്നെയറിയുന്നവൻ അവനെന്റെ മുന്നിൽ നിശ്ശബ്ദം നിൽക്കുകയാണിപ്പോൾ; ഞാനെന്തെങ്കിലും പറയുന്നതു കാത്തെന്നപോലെ, എന്നത്തേയും പോലെ എന്റെ പറച്ചിലുകളിൽ നിന്നു് ഭംഗിയുള്ളൊരു വാചകമുണ്ടാക്കിത്തുടങ്ങാനെന്ന പോലെ. ആ നില്പു നോക്കി നില്ക്കവേ ഉള്ളാകെ നനയുകയും നേർവിപരീതം പോലെ കണ്ണു് വറ്റിപ്പോവുകയും ചെയ്യുന്ന വല്ലാത്തൊരവസ്ഥ ഞാനറിഞ്ഞു കൊണ്ടിരുന്നു.
“എറണാകുളത്തു്, കടവന്ത്രയ്ക്കടുത്താണു് അപർണയുടെ വീടു്”
എന്റെ ഊമനില്പു തുടരുകയേയുള്ളുവെന്ന തിരിച്ചറിവിൽ നേർത്തൊന്നു മുരടനക്കി മകനപ്പോൾ പറഞ്ഞു.
“കുറച്ചു കാലങ്ങളായി ഞങ്ങൾ പരിചയപ്പെട്ടിട്ടു്, ശരിയ്ക്കു് പറഞ്ഞാൽ ഒരാറുകൊല്ലത്തോളം”
ഉള്ളിലെയാധികൾക്കു് തടയിടാനെന്നോണം അവൻ ഉച്ചത്തിൽ വാ തുറന്നൊന്നു നിശ്വസിച്ചു. കണ്ണടച്ചു് ഒരു നിമിഷം നിന്നു.
അന്നേരമത്രയും ആറുകൊല്ലത്തെ അവരുടെ പരിചയത്തെ, പ്രണയത്തെ എന്നോടുപറയാനുള്ള ഭംഗിയുള്ള ചെറുവാചകങ്ങളാക്കി മാറ്റാനായി അത്യദ്ധ്വാനം ചെയ്യുകയാലായിരിയ്ക്കണം, അവന്റെ കരിമ്പച്ച കുപ്പായം നെഞ്ചത്തെ വിയർപ്പിന്റെ നനവിലൊട്ടിപ്പിടിച്ചു. അവരുടെ കണ്ടുമുട്ടലുകളുടെ, വർത്തമാനങ്ങളുടെ, പ്രണയത്തിന്റെ പിന്നെയൊരു പക്ഷേ—അതോർത്തപ്പോൾ എനിയ്ക്കു് മനംപുരട്ടി. അന്നേരമെന്റെ കണ്ണുകൾ അവളുടെ തെല്ലുയർന്നു നില്ക്കുന്ന വെപ്പുമുലകളിൽ—അതങ്ങനെയായിരുന്നുവോയെന്നു് സത്യത്തിലെനിയ്ക്കറിഞ്ഞു കൂടാ—ചെന്നു പറ്റി.
എത്ര വേണ്ടെന്നുവച്ചിട്ടും അന്നേരം നഗ്നമായ രണ്ടു നീലയുടലുകളുടെ ദ്രുതനൃത്തം പോലെ അവ്യക്തമായ ചില വേഗചലനങ്ങൾ എന്റെയുള്ളിലൂടെ പഴുപ്പിച്ച ഒരിരുമ്പുകമ്പിയാരോ വലിച്ചിഴയ്ക്കുംപോലെ കടന്നു പോയി.
“അരുതു് ”
ഞാനെന്നെത്തന്നെ ശാസിച്ചു. ഒരു മകനെക്കുറിച്ചു് ഒരിയ്ക്കലും ഓർമ്മിയ്ക്കാൻ പാടില്ലാത്ത—
നടുക്കത്തോടെ ഞാൻ തല കുടഞ്ഞു. ആറു കൊല്ലം.
ആറു കൊല്ലത്തെ ഞങ്ങളുടെ ജീവിതത്തെ ഒരൊറ്റച്ചിത്രം പോലെയൊന്നോർത്തെടുക്കാൻ ഞാനന്നേരമൊരു വൃഥാശ്രമം നടത്തുകയായിരുന്നു. മൂന്നുപേരുടെ ഒരൊറ്റജീവിതം. നല്ല തിരിച്ചറിവുണ്ടായിരുന്ന ഞങ്ങളുടെ കുട്ടി. അച്ഛന്റെ പിടിവാശികൾക്കു മുന്നിൽ അവൻ മറ്റൊരവനും എന്റെ ആവലാതികൾക്കുമുന്നിൽ മറ്റൊന്നുമായി അവനെന്നും ഞങ്ങളെ ചേർത്തു്, പൊതിഞ്ഞു പിടിച്ചു് ഞങ്ങളുടെ മാത്രമവനായി…
ഒരുപക്ഷേ, ഞങ്ങൾക്കു തിരിച്ചറിയാനാവാതെ പോയ മറ്റൊരു അവനുണ്ടായിരുന്നിരിയ്ക്കാമെന്നും അതാണു് എനിയ്ക്കു മുന്നിൽ നിൽക്കുന്ന ഈ അപരിചിതനെന്നും എനിയ്ക്കപ്പോൾ തോന്നി.
“അപർണയ്ക്കിപ്പോൾ വീടില്ല. ആരും തന്നെയില്ല. അവരവളെ എന്നേ പുറത്താക്കിയതാണു്. ഇപ്പോഴും പലപ്പോഴുമവളെ അക്രമിയ്ക്കാൻ ശ്രമിയ്ക്കുകകൂടി… ”
“മതി… മതിയാക്കു്”…
ഞാനവനെ പറയാനനുവദിയ്ക്കാതെ അവന്റെയൊച്ചകൾക്കുമീതെ അലറി വിളിച്ചു. എന്റെ അടഞ്ഞുപോയ തൊണ്ടതുറന്നു് ഞാനിന്നു വരെ പറയാത്ത നൂറുകണക്കിനു് തീവാക്കുകളൊരു ലജ്ജയുമില്ലാതെ പുറംചാടി, വ്യർത്ഥം ഞങ്ങൾക്കിടയിൽ ചിതറി.
ഞാൻ കരയുകയായിരുന്നു.
മകൻ, അവന്റെ മുന്നത്തെ വാചകം പൂരിപ്പിയ്ക്കാതെ, ഇനിയൊന്നും പറയാനില്ലെന്നപോലെ കമ്പിയഴികൾക്കിടയിലൂടെ മുറ്റത്തേയ്ക്കു് നോക്കിക്കൊണ്ടു നിന്നു. ചൂടു കാറ്റിന്റെ വേഗപ്പോക്കിൽ ഒരു പൂവുകൂടി കരിയിലക്കൊപ്പം പൊഴിഞ്ഞു. ആധിയുടെ നെഞ്ചിടിപ്പുകൾക്കു് സംഭീതമായൊരു താളമാണെന്നു് എന്റെ കാതുകൾക്കു തോന്നി. അതു് നെഞ്ചിടിപ്പുകളുടേതല്ലെന്നും ഭർത്താവു് ഗൃഹാതുരത സഹിക്കാഞ്ഞു് സ്വന്തം വീട്ടു ചുമരിൽ നിന്നിളക്കിക്കൊണ്ടു പോന്ന, ആയാസപ്പെട്ടു ചലിയ്ക്കുന്ന ആ കൂറ്റൻ ഘടികാരത്തിന്റെ മിടിപ്പൊച്ചകളാണെന്നും തിരിച്ചറിഞ്ഞ നിമിഷം എന്നെ ഞെട്ടിച്ചുകൊണ്ടു് അതു് അഞ്ചു വട്ടം മുഴങ്ങി.
കറുത്ത ചതുരബാഗ് നെഞ്ചിനു കുറുകെയിട്ടു്, ‘എന്തെങ്കിലും പ്രത്യേകം വാങ്ങേണ്ടതുണ്ടോ’ എന്നൊരൊറ്റച്ചോദ്യത്തിനായി ഇടംചെവിയിൽ മൊബൈൽഫോണമർത്തി, തന്റെ വാഹനത്തിനരികിലേയ്ക്കു് നടന്നുവരികയാവും ഭർത്താവിപ്പോളെന്നു് ചങ്കിടിപ്പോടെ ഞാനോർത്തു.
“പോ… കടന്നു പൊയ്ക്കോ ഇവിടന്നു്… എനിയ്ക്കാവില്ല കൂടെനില്ക്കാ”നെന്നു് മേശപ്പുറത്തെ എന്റെ സെൽഫോണിലേയ്ക്കും മകന്റെ മുഖത്തേയ്ക്കും നോക്കി, അവളുടെ നേർക്കു് വീണ്ടുമൊരിയ്ക്കൽ കൂടി നോക്കാൻവയ്യാതെ ഞാനൊച്ചയിട്ടു പറഞ്ഞു.
“അച്ഛൻ കൊന്നുകളയും നിന്നെ”
എന്റെ ഭാവമാറ്റങ്ങളിലേയ്ക്കന്നേരം ശാന്തം നോക്കിക്കൊണ്ടു് മകൻ പറഞ്ഞു. “അച്ഛൻ വരട്ടെയമ്മേ. എനിയ്ക്കു് ഒന്നുമൊളിയ്ക്കാനില്ല. അച്ഛനെക്കൂടി കാണാൻ വേണ്ടിത്തന്നെയാണു് ഞങ്ങൾ… ”
‘ഞങ്ങളെ’ന്നതു് അത്രയ്ക്കുറപ്പോടെയാണു് അവനിപ്പോളുച്ചരിക്കുന്നതെന്നു് ഞാനറിഞ്ഞു. അവരിവിടെ വന്നശേഷം ഒരിയ്ക്കൽ പോലും ഞാനുപയോഗിക്കാൻ കൂട്ടാക്കാത്ത ‘നിങ്ങളെ’ന്ന ബഹുവചനത്തെ അതങ്ങനെയാണിനി എന്നത്ര ശക്തമുറപ്പിച്ചായിരുന്നു, എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടായിരുന്നു അതെന്നു് ഇപ്പോളെനിക്കു ശരിയ്ക്കും തിരിച്ചറിയാനാകുന്നുണ്ടായിരുന്നു. ആ വാക്കൂന്നൽ എന്നെ വല്ലാതെ സ്പർശിക്കുകയും ഞാനെന്നും ഞങ്ങളെന്നും ഞങ്ങൾക്കിടയിൽ രണ്ടുലകങ്ങൾ ഉരുവം കൊണ്ടതായും എനിയ്ക്കു തോന്നി.
ഞാനെന്റെയുലകത്തിൽ തീർത്തും തോറ്റു നിന്നു.
“സത്യത്തിൽ ഇതൊന്നും ഇന്നേയ്ക്കു് പ്ലാൻ ചെയ്ത ഒരു നാടകമൊന്നുമല്ല അമ്മ കരുതും പോലെ”
മകൻ പറഞ്ഞു. “സാഹചര്യം അങ്ങനെയായിരുന്നു. പിന്നെ… ഞങ്ങളെക്കുറിച്ചു് നേരത്തെ പറയാമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ എന്നെ മനസ്സിലാക്കാനാകുമായിരുന്നോ നിങ്ങൾക്കു്? ഒരിയ്ക്കലുമുണ്ടാവില്ല. അതെന്തായാലും എനിയ്ക്കു് ഇതല്ലാതെ മറ്റൊരു ജീവിതമുണ്ടാവില്ല… ആർക്കുമെന്നെ പിന്തിരിപ്പിക്കാനുമാവില്ല. ഇത്രയൊക്കെയായിട്ടു് ഇവളെയങ്ങനെ വഴിയിലുപേക്ഷിച്ചു പോകാൻ പറ്റില്ലെനിയ്ക്കു്”
ഇപ്പോൾ, “മുതുകുനൊന്തു്, അതിഥികളൊക്കെയും വേഗം സ്ഥലം വിട്ടോളുമെ”ന്നു് മകൻ കളിപറയാറുള്ള വരാന്തയിലെ കൈകളില്ലാക്കസേരകളിലൊന്നിൽ അവനിരിയ്ക്കുന്നു. നാടകീയമായ ഒരൊതുക്കത്തോടെ, ഭയപ്പാടോടെ എത്ര വെറുത്തിട്ടുമെന്നെയുലയ്ക്കുന്ന നിറകണ്ണുകളോടെ, എനിയ്ക്കൊട്ടും പരിചിതമല്ലാത്തൊരു പെൺഭാവത്തോടെ അവനരികിൽ പതുങ്ങി അവളും. ആ മുഖപ്പച്ചകളെ ഇനിയും കാണാതിരിയ്ക്കുവാനായി ഞാനവളുടെ മുഖത്തേയ്ക്കു നോക്കുന്നേയില്ല. ഇനിയും ചില നിമിഷങ്ങൾക്കകം എന്റെ ഫോൺ പുല്ലാങ്കുഴലൊച്ചയിൽ ‘കൃഷ്ണാ നീ ബേഗനേ’ പാടും. ഒരിത്തിരി നേരംകൂടിക്കഴിഞ്ഞാൽ ചിരപരിചിതമായ ആ ബൈക്കിന്റെ ശബ്ദം തുറന്നു കിടക്കുന്ന ഗേറ്റുകടന്നെത്തും. അവനെയും ‘അവനവളെ’യുമെന്തു ചെയ്യണമെന്നറിയാതെ, തീർത്തും വെറുക്കവയ്യാതെ, ഒട്ടുമേ സ്നേഹിയ്ക്കവയ്യാതെ, ഞാനവർക്കു് മുൻപിലിങ്ങനെ ചുവരുചാരിത്തളർന്നു നില്പാണു്. തുന്നിയുമഴിച്ചും ഇത്രനേരം കൊണ്ടെന്റെ മനസ്സിനാകപ്പാടെ കൂട്ടിക്കെട്ടിയുണ്ടാക്കാനായതു് അത്രയുമേയുണ്ടായിരുന്നുള്ളു; ഇടയ്ക്കെപ്പോഴോ എന്റെയുള്ളിലുരുവം കൊണ്ട, എന്റേതെന്നു് യാതൊരുറപ്പുമില്ലാത്ത ‘അവനവൾ’ എന്നൊരൊറ്റ വാക്കു്
(മാതൃഭൂമി ആഴ്ചപ്പതിപ്പു്)

അനന്തപത്മനാഭന്റെ മരക്കുതിരകൾ, പുതുമഴച്ചൂരുള്ള ചുംബനങ്ങൾ, ഫാന്റം ബാത്ത്, കഥ, ‘അ’ എന്നീ ചെറുകഥാ സമാഹാരങ്ങളും ‘നീലത്തീവണ്ടി’ (നോവെല്ലകൾ), പ്രവാചകൻ (വിവർത്തനം), ഗൊദാർദും യക്ഷിക്കഥകളും, പ്രണയത്തിന്റെ തീക്കാടിനുമപ്പുറം (കുറിപ്പുകൾ), ഒറ്റഞൊടിക്കവിതകൾ (കവിതാ സമാഹാരം), ഉണ്ണി എക്സ്പ്രസ്സ്—ഡൽഹീന്നു് മുത്തശ്ശിവീട്ടിലേയ്ക്ക്, ടുട്ടൂസിന്റെ മിന്നാമിന്നിക്കൂട്ടം (ബാലസാഹിത്യം) എന്നീ കൃതികളും പ്രസിദ്ധീകരിച്ചു. കൃതികൾ മറ്റു ഭാഷകളിലേക്കു് മൊഴിമാറ്റം ചെയ്യപ്പെടുകയും സർവകലാശാലാ പാഠപുസ്തക ഭാഗമാവുകയും ചെയ്തിട്ടുണ്ടു്. ഇടശ്ശേരി അവാർഡ്, ടി. വി. കൊച്ചുബാവ കഥാ പുരസ്ക്കാരം, മുതുകുളം പാർവതിയമ്മ കഥാ പുരസ്ക്കാരം, ഗൃഹലക്ഷ്മി കഥാ പുരസ്ക്കാരം, വനിത കഥാപുരസ്ക്കാരം, അവനീബാല കഥാ പുരസ്ക്കാരം, കടത്തനാട്ടു് മാധവിയമ്മ കവിതാ പുരസ്ക്കാരം, ഡി. ശ്രീമാൻ നമ്പൂതിരി സാഹിത്യ പുരസ്ക്കാരം എന്നീ അംഗീകാരങ്ങളും അങ്കണം അവാർഡ്, അറ്റ്ലസ്—കൈരളി കഥാ പുരസ്ക്കാരം, കമല സുരയ്യ കഥാ പുരസ്ക്കാരം, ഡോ. സുകുമാർ അഴീക്കോടു് തത്വമസി അവാർഡ് എന്നീ ജൂറി പുരസ്ക്കാരങ്ങളും ലഭിച്ചു.
ചിത്രീകരണം: വി. പി. സുനിൽകുമാർ