images/The_dance_of_Shiva.jpg
Monument to the Fallen Angel in the gardens of El Retiro Park, a photograph by Alvy .
പ്രപഞ്ചത്തിന്റെ സർപ്പിളനൃത്തവും നാരായണഗുരുവിന്റെ പാമ്പാട്ടിച്ചിന്തും
ഷൂബ കെ. എസ്സ്.

നാരായണ ഗുരുവിന്റെ കവിതയെ മുൻനിർത്തി സംസ്കാരത്തിന്റെയും പ്രപഞ്ചത്തിന്റെയും പരിവർത്തനസ്വഭാവത്തെയും സ്പൈറൽഘടനയെയും വിശദീകരിക്കുകയാണു് ഈ ലേഖനത്തിൽ. സാംഖ്യചിന്തയോടു് ആധുനിക ശാസ്ത്രപ്രപഞ്ചദർശനവും നാരായണഗുരുവിന്റെ വീക്ഷണവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും പരിശോധിക്കുന്നു.

പാമ്പും ലിബിഡോയും

‘ഉറ്റകുരുതി ഉയർ മരുങ്കം

ഉന്മയി കുഴലും ഉറയ്ത ചെമ്പു

……’

എന്നിങ്ങനെ പാടി

‘ചേർന്നുമുപ്പന്റുടർന്നാടു പാമ്പേ’

എന്നിങ്ങനെ അവസാനിക്കുന്ന രീതിയിലുള്ള തമിഴു് പാട്ടുണ്ടു്.

ചോരയുടെ അടിസ്ഥാനഘടകം ഇരുമ്പാണെന്നും തലമുടിയുടേതു് ചെമ്പു് ആണെന്നുമാണു് പാട്ടിൽ പറയുന്നതു്. തമിഴിലെ പതിനെട്ടു സിദ്ധന്മാരിൽ ഒരാളായ പാമ്പാട്ടി സിദ്ധരുടേതാണു് വരികൾ. ആടു പാമ്പേ എന്നിങ്ങനെ അവസാനിക്കുന്നവയാണു് അദ്ദേഹത്തിന്റെ പല പാട്ടുകളും. അദ്ദേഹത്തിന്റെ കഥയിങ്ങനെ:

പഴയ പാണ്ഡ്യരാജ്യത്തിൽ, ഉപജീവനത്തിനായി പാമ്പിനെ പിടിക്കുന്ന തൊഴിൽ ചെയ്തിരുന്ന ഒരു ചെറുപ്പക്കാരൻ ജീവിച്ചിരുന്നു. അമൂല്യമായ നവരത്നനാഗത്തെ തിരയുന്നതിനിടയിൽ അദ്ദേഹം ശ്രീലങ്കൻ വംശജനായ സട്ടൈമുനി സിദ്ധനെ കണ്ടുമുട്ടി.

സട്ടൈമുനി സിദ്ധർ ചോദിച്ചു, “എന്താണു് നിങ്ങൾ അന്വേഷിക്കുന്നതു്?”

അപൂർവ്വങ്ങളിൽ അപൂർവ്വമായ നവരത്നനാഗത്തെയാണു് താൻ അന്വേഷിക്കുന്നതെന്നു് പാമ്പു പിടുത്തക്കാരൻ വെളിപ്പെടുത്തിയപ്പോൾ സിദ്ധർ ഉറക്കെ ചിരിച്ചു.

“ഏറ്റവും മഹിതവും ഗംഭീരവുമായ പാമ്പു് നിങ്ങളുടെ ഉള്ളിൽ വസിക്കുന്നു! എന്നിട്ടോ നിങ്ങൾ ഒരു വിഡ്ഢിയെപ്പോലെ ആ പാമ്പിനെ പുറത്തു തിരയുന്നു!”

സിദ്ധന്റ വാക്കുകൾ പാമ്പാട്ടിയുടെ ഉള്ളിൽ വലിയ ചലനങ്ങൾ ഉണ്ടാക്കി. സട്ടൈമുനി കാര്യങ്ങൾ കൂടുതലായി വിശദീകരിച്ചു:

“എല്ലാ മനുഷ്യശരീരങ്ങളുടെ ഉള്ളിലും ഒരു പാമ്പുണ്ടു്. ഈ പാമ്പിനെ കുണ്ഡലിനി എന്നാണു് അറിയപ്പെടുന്നതു്. ഈ പാമ്പിനെ പിടിച്ചു് നിയന്ത്രിക്കുന്നവൻ ആണു് ഒരു യഥാർത്ഥ പാമ്പാട്ടി.”

പാമ്പു് പിടിക്കുന്നയാൾ സട്ടൈമുനിയെ തന്റെ ഗുരുവായി സ്വീകരിച്ചു. ഗുരു ഉടനെ സ്ഥലം വിട്ടു. മഹാനായ ഗുരുവിന്റെ ഈ മഹാനായ ശിഷ്യൻ കുണ്ഡലിനിയുടെ നിയന്ത്രണം നേടി മഹത്തായ സിദ്ധികൾ നേടി.

ഗുരു തിരിച്ചെത്തിയപ്പോൾ ശിഷ്യന്റെ ആത്മീയപുരോഗതി തിരിച്ചറിഞ്ഞു. അദ്ദേഹം ശിഷ്യനോടു ചോദിച്ചു: “മകനേ, ഞാൻ നിങ്ങളെ ആത്മീയതയുടെ പാതയിലേക്കു നയിച്ചെങ്കിലും ഞാൻ നിങ്ങളുടെ പേരു് പോലും ചോദിച്ചില്ല. എന്നോടു പറയൂ, നിങ്ങളുടെ പേരു് എന്താണു്?”

ശിഷ്യൻ മറുപടി പറഞ്ഞു, “സ്വാമി, പണത്തിനായി പാമ്പുകളെ പിടികൂടി നടന്നിരുന്ന ഒരു പാമ്പു പിടുത്തക്കാരൻ മാത്രമായിരുന്നു ഞാൻ. പക്ഷേ, നിങ്ങൾ എന്നെ കുണ്ഡലിനിയുടെ വഴി കാണിക്കുകയും അതു് നിയന്ത്രിക്കാനുള്ള വഴി പറഞ്ഞു തരികയും എന്റെ ഉള്ളിൽ പരംപൊരുളിന്റെ ദർശനം നടത്തുകയും ചെയ്തു. എന്റെ പേരു് എന്താണെന്നു് ഞാൻ എങ്ങനെ പറയും? അന്നും ഇന്നും എന്റെ ജീവിതം പാമ്പിനെ ചുറ്റിപ്പറ്റിയാണു്. അതിനാൽ എന്നെ പാമ്പാട്ടി എന്നു വിളിക്കൂ!”

ഇതു കേട്ടു് ചിരിച്ചുകൊണ്ടു് ഗുരു അനുഗ്രഹിച്ചു: “അങ്ങനെയാകട്ടെ. ഇനി മുതൽ നിങ്ങളെ പാമ്പാട്ടി സിദ്ധർ എന്നു ലോകം വിളിക്കും”. അങ്ങിനെ അദ്ദേഹം പാമ്പാട്ടി സിദ്ധർ എന്നറിയപ്പെട്ടു. പാമ്പു് ലൈംഗികോർജ്ജത്തിന്റെ (Libido) അടയാളമാണെന്നു് അറിയാത്തവർ ഇന്നുണ്ടാവില്ല. കുണ്ഡലിനി എന്നാൽ ലിബിഡോ ആണു്. സാംഖ്യസിദ്ധാന്തം പ്രപഞ്ചോത്പത്തിയ്ക്കു പിന്നിലെ ‘ലൈംഗികോർജ്ജ’ത്തെയാണു് അന്വേഷിച്ചതു്. പാമ്പാട്ടി സിദ്ധരുടെ പാട്ടിലെ അഞ്ചുതലയുള്ള, നൃത്തം ചെയ്യുന്ന പാമ്പു് സാംഖ്യർ പ്രപഞ്ചകാരണമായി പറഞ്ഞ പഞ്ചഭൂതങ്ങളാണു്. വൈയക്തികമായ ലൈംഗികോർജ്ജത്തെ പ്രപഞ്ച ‘ലൈംഗികോർജ്ജ’മാക്കി വികസിപ്പിക്കുന്നതാണു് ആ നൃത്തം. വ്യക്തിപരമായ ശാരീരികാഭ്യാസമായും അത്ഭുതസിദ്ധികളായും അതു കുണ്ഡലിനീ സങ്കല്പത്തിൽ ചുരുങ്ങിപ്പോയിട്ടുണ്ടെങ്കിലും ആ സിദ്ധസങ്കല്പത്തിനു പിന്നിലുള്ളതു് സാംഖ്യത്തിന്റെ പ്രപഞ്ച നിലപാടാണു്. നാരായണ ഗുരു കേരളീയ നവോത്ഥാനകാലത്തു് അതിന്റെ സാധ്യതകൾ വീണ്ടെടുക്കുന്നു. നാരായണ ഗുരുവിന്റെ കുണ്ഡലിനിപ്പാട്ടു് ആദ്യം പ്രസിദ്ധീകരിച്ചതു് ‘പാമ്പാട്ടിച്ചിന്തു് ’ എന്ന പേരിലായിരുന്നു.

“ആടു പാമ്പേ പുനം തേടു പാമ്പേ,യരു-

ളാനന്ദക്കൂത്തു കണ്ടാടു പാമ്പേ

……

ആയിരം കോടിയനന്തൻ നീയാനന-

മായിരവും തുറന്നാടു പാമ്പേ…”

images/Fritjof_Capra.jpg
ഫ്രിറ്റ്ജോഫ് കാപ്ര

പ്രപഞ്ചസൃഷ്ടിയ്ക്കും സംഹാരത്തിനും വീണ്ടുമുള്ള സൃഷ്ടിക്കും കാരണമാകുന്ന ‘ലൈംഗികോർജ്ജ’മാണു് അരുൾ. അതു കണ്ടു് നൃത്തം ചെയ്യാനും അനന്തമായി സഞ്ചരിക്കാനും ആണു് പാമ്പിനോടു് ഗുരു പറയുന്നതു്. ആ പാമ്പു് ഈ പ്രപഞ്ചോർജ്ജത്തിന്റെ ആത്മനിഷ്ഠാംശം ആണു്. ഫ്രോയിഡ് പറയുന്ന, ജീവിതാസക്തിക്കും മരണാസക്തിക്കും സൃഷ്ടിക്കും സംഹാരത്തിനും ഒരുപോലെ വ്യക്തികൾക്കു് കാരണമാകുന്ന ലൈംഗികോർജ്ജം. എന്നാൽ അതു തന്നെയാണു് പ്രപഞ്ചോർജ്ജവും. അതു കൊണ്ടു് അതു് ആയിരം തലയുള്ള അനന്തതയാണു്, അനന്തൻ എന്ന സർപ്പത്തിന്റെ ആട്ടമാണു്. ഭൂമിയെയും ദൈവത്തെയും താങ്ങി നിർത്തുന്നതു് അനന്തനാണു്. പ്രപഞ്ചവും ദ്രവ്യങ്ങളും മനുഷ്യരും ജീവജാലങ്ങളും ആശയങ്ങളും സൃഷ്ടിക്കുന്നതു് ഈ സർപ്പമാണു്. അത്ര ആഴത്തിലല്ലാതെ ഇതിനെ ഒരു മലയാളകവി ഇങ്ങനെ അനുകരിക്കുന്നു:

“മാളമെങ്ങറിഞ്ഞീല, സഞ്ചരിക്കുന്നു കാല-

കാളകുണ്ഡലി ജഗന്മണ്ഡലങ്ങളെച്ചുറ്റി.”

ശിവനും പ്രപഞ്ചനൃത്തവും

ഈ പ്രപഞ്ചോർജ്ജത്തെ ശിവന്റെ നൃത്തവുമായും നാരായണഗുരു ബന്ധിപ്പിക്കുന്നുണ്ടു്. സൃഷ്ടിയുടെയും സംഹാരത്തിന്റെയും അതിന്റെ തുടർച്ചയുടെയും സൂചകമാണു് ശിവൻ.

‘തിങ്കളും കൊന്നയും ചൂടുമീശൻ പദ-

പങ്കജം ചേർന്നു നിന്നാടു പാമ്പേ’

ആകാശവും ഭൂമിയും ചന്ദ്രനും കൊന്നയും ഒക്കെ ഉള്ള നൃത്തംചെയ്യുന്ന ശിവൻ ചലിക്കുന്ന പ്രപഞ്ചത്തിന്റെ ഹ്രസ്വരൂപമാണു്. ശിവശരീരത്തിൽ പുള്ളിപ്പുലിത്തോലും ചാമ്പലും ഉണ്ടു്. ശിവൻ വെള്ളിമലയിലും ശ്മശാനത്തിലും ഉണ്ടു്. ചുടുകാട്ടിൽ പിശാചും പ്രേതവുമുണ്ടു്. ആശാന്റെ ഭാഷയിൽ പറഞ്ഞാൽ,

‘ഇടുങ്ങിയ മാളങ്ങളിലിഴഞ്ഞേറും

പാമ്പുകൾപോൽ

വിടവുതോറും പിണഞ്ഞ വേരുകളോടും’

കൂടിയ അരയാൽ ചുടലഭൂതം പോലെ നിലകൊള്ളുന്ന ചുടുകാടു്. മുറിഞ്ഞു ചോരയിൽ പൊതിഞ്ഞ ജീവിതവും പ്രണയസമാഗമവും മരണവും പ്രണയ സാക്ഷാത്കാരവും ഈ ചുടലഭൂമിയിലാണു്. കഠിനമായ ദുഃഖവും സുഖവും ഇവിടെത്തന്നെ. ആശാന്റെ ഉപഗുപ്തനെപ്പോലെ പ്രപഞ്ചഗതിയോർക്കുമ്പോൾ അഗാധമായ കാരുണ്യം നിറയുന്നു. കണ്ണീർ ഒഴുകുന്നു.

‘വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി

കണ്ണീരൊഴുകക്കണ്ടാടു പാമ്പേ’

കാമദേവനെ ചുട്ടുകൊന്നയാളും പൂമണമുള്ള മുടിയുള്ളവളെ ഉള്ളിൽ കൊണ്ടു നടക്കുന്നയാളും ശിവൻ തന്നെ.

‘പൂമണക്കും കുഴലാളകം പൂകുമാ-

ക്കോമള മേനി കണ്ടാടു പാമ്പേ’

images/The_Tao_of_Physics.jpg

ചരാചരങ്ങളെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്നയാൾ. കലപ്പയും കപ്പലും വൈദ്യവും ഓടക്കുഴലും കണ്ടു പിടിച്ചയാളായാണു് ശിവനെ കേസരി എ. ബാലകൃഷ്ണപിള്ള അടയാളപ്പെടുത്തുന്നതു്. എബ്രായക്കാരുടെ ആദി ക്രിസ്തുവാണു് ശിവൻ എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഫ്രോയിഡിന്റെ ‘ജീവവാസന’യെയും ‘മരണവാസന’യെയും പ്രളയം, ചിരഞ്ജീവി എന്നീ സങ്കല്പങ്ങളുമായും കേസരി ബന്ധിപ്പിക്കുന്നുണ്ടു്. ശിവനെ ചിരഞ്ജീവിയായി പ്രഖ്യാപനം ചെയ്തതു മുതലാണു് ചിരഞ്ജീവി ആശയവും അവതാര ആശയവും ചരിത്രാതീത ജനങ്ങൾക്കിടയിൽ ഉണ്ടായതു് എന്നും അദ്ദേഹം പറയുന്നു. സൃഷ്ടിയുടെയും സംഹാരത്തിന്റെയും അധ്വാനത്തിന്റെയും ചരിത്രസൂചകം മാത്രമല്ല ശിവൻ. ക്രിയാനുഭവങ്ങളുടെ സംഘാതവും സർപ്പിള (Spiral) സഞ്ചാരവും നടക്കുന്ന പ്രപഞ്ചാനുഭവത്തിന്റെ പൂർവ്വസങ്കല്പം കൂടിയാണതു്. അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ഫ്രിറ്റ്ജോഫ് കാപ്ര (Fritjof Capra) ‘താവോ ഓഫ് ഫിസിക്സ് ’ എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതുന്നു:

“…പ്രപഞ്ച നർത്തകനായ ശിവൻ സൃഷ്ടിയുടെയും നാശത്തിന്റെയും പ്രതീകമായി നൃത്തനാട്യങ്ങളിലൂടെ പ്രപഞ്ചത്തെ നയിക്കുന്നു. അതു് പ്രപഞ്ചത്തിന്റെ അനന്തമായ താളമായി നിലകൊള്ളുന്നു…”

അമേരിക്കൻ ശാസ്ത്രജ്ഞൻ കാൾ എഡ്വാർഡ് സാഗൻ, ‘കോസ്മോസ് ’ എന്ന പ്രഖ്യാത പുസ്തകത്തിൽ ഇങ്ങനെ പറയുന്നു:

images/Carl_Sagan.jpg
കാൾ എഡ്വാർഡ് സാഗൻ

“… ഓരോ പ്രപഞ്ചത്തിന്റെയും തുടക്കത്തിലെ സൃഷ്ടിയെ പ്രതിനിധീകരിക്കുന്ന ശിവതാണ്ഡവരൂപം അതായതു് ശിവന്റെ പ്രപഞ്ച നൃത്ത രൂപം ഏറ്റവും മനോഹരവും ശ്രേഷ്ഠവുമാണു്. നർത്തകരുടെ രാജാവു് എന്നർത്ഥം വരുന്ന നടരാജ എന്ന ശിവന്റെ ഈ രൂപത്തിനു് നാലു കൈകളാണുള്ളതു്. മുകളിലെ വലത്തെ കയ്യിലുള്ള ഉടുക്കിൽ നിന്നുള്ള ശബ്ദം സൃഷ്ടിയുടേതാണു്. മുകളിലെ ഇടത്തെ കയ്യിൽ അഗ്നിയാണുള്ളതു്. ഇപ്പോൾ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള പ്രപഞ്ചം കോടിക്കണക്കിനു വർഷങ്ങൾക്കു ശേഷം പൂർണ്ണമായി നശിക്കുമെന്നു് ഓർമ്മിപ്പിക്കാനുള്ളതാണു് ആ അഗ്നി. ഈ പരമവും മനോഹരവുമായ രൂപങ്ങളെ ആധുനിക ജ്യോതിശാസ്ത്ര ആശയങ്ങളുടെ ഒരു തരം മുന്നോടിയായി സങ്കല്പിക്കാനാണു് എനിക്കിഷ്ടം…”

“എല്ലാമിറക്കിയെടുക്കുമേകൻ പദ-

പല്ലവം പറ്റി നിന്നാടു പാമ്പേ:”

എല്ലാത്തിനെയും സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്ന ശിവനോടു് ചേർന്നു് നിന്നാടു പാമ്പേ എന്നു ഗുരു പാടുന്നു.

ട്രാൻസ് ഫിസിക്സും പാമ്പാട്ടിനൃത്തവും

സ്റ്റീഫൻ ഹോക്കിങ്ങ്, ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമി’ൽ പറയുന്ന ഒരു ഉദാഹരണമുണ്ടു്. ഒരു തീവണ്ടിയിൽ ഒരാൾ ടേബിൾ ടെന്നീസ് കളിക്കുന്നു. പന്തു് ഓരോ സെക്കന്റ് ഇടവിട്ടു് മേലോട്ടും താഴോട്ടും ടേബിളിൽ തട്ടി പൊന്തുന്നു. വളരെ ചെറിയ അകലമാണു് പന്തു് സഞ്ചരിക്കുന്നതു്. ട്രെയിനിനകത്തിരുന്നു് കാണുന്നയാൾക്കു് അങ്ങനെയാണു് അനുഭവപ്പെടുന്നതു്. എന്നാൽ റെയിൽ പാളത്തിനരികെ നിൽക്കുന്ന ഒരാൾക്കു് ആദ്യത്തെ തട്ടൽ കഴിഞ്ഞു് ഏകദേശം 40 മീറ്റർ അകലത്തിലായി രണ്ടാമത്തെ തട്ടൽ നടക്കുന്നു എന്നു കാണാം. കാരണം രണ്ടു് തട്ടിപ്പൊന്തലുകൾക്കിടയിൽ തീവണ്ടി ഇത്രയും ദൂരം സഞ്ചരിച്ചിരിക്കും. അതായതു് സംഭവങ്ങളുടെ സ്ഥാനങ്ങളും അവ തമ്മിലുള്ള ദൂരവും തീവണ്ടിയിലേയും റെയിൽ പാളങ്ങളിലേയും വ്യക്തികളെ സംബന്ധിച്ചു് വ്യത്യസ്തമായിരിക്കും. അരിസ്റ്റോട്ടിലിനും ന്യൂട്ടനും ശേഷമുള്ള ഭൗതികശാസ്ത്രം സൃഷ്ടിച്ച ആപേക്ഷികതയും അനിശ്ചിതത്വവും വിശദീകരിക്കുകയാണു് ഹോക്കിങ്ങ്. സ്ഥലകാലങ്ങളുടെ മിഥ്യാസ്വഭാവവും ദ്രവ്യത്തിനും ഊർജ്ജത്തിനും തമ്മിലുള്ള പൂരകത്വവും പ്രപഞ്ചത്തെ സംബന്ധമായ പഴയ നിലപാടുകളെ അട്ടിമറിച്ചു.

‘മഹാവിസ്ഫോടനത്തിനുശേഷം പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണു് എന്ന കാര്യം ഇന്നു് ഏതാണ്ടു് ഉറപ്പാണു്. എന്നാൽ, അതു് എല്ലായ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു എന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. പ്രപഞ്ച വികാസത്തിന്റെ വേഗത ക്രമേണ കുറഞ്ഞു എന്നു വരാം. എന്നിട്ടു് വികാസം പൂർണമായി നിൽക്കുകയും സങ്കോചം ആരംഭിക്കുകയും ചെയ്യാം. പ്രപഞ്ചത്തിലെ ദ്രവ്യം ഒരു നിർണായകമായ നിശ്ചിത അളവിലും കുറവാണെങ്കിൽ അകന്നു പോയിക്കൊണ്ടിരിക്കുന്ന താരാപഥങ്ങളുടെ ഗുരുത്വാകർഷണത്തിനു് വികാസത്തെ പിടിച്ചുനിർത്തുവാൻ സാധിക്കുകയില്ല. അങ്ങനെയെങ്കിൽ പ്രപഞ്ചം ശാശ്വതമായി അകന്നു പോയിക്കൊണ്ടേയിരിക്കും. എന്നാൽ നമുക്കു് കാണുവാൻ സാധിക്കുന്നതിലും കൂടുതൽ ദ്രവ്യം ഈ പ്രപഞ്ചത്തിൽ ഉണ്ടെങ്കിൽ പ്രപഞ്ചം ഗുരുത്വാകർഷണത്താൽ ഒരുമിച്ചു നിൽക്കുകയും വികാസവും സങ്കോചവും മാറിമാറി അരങ്ങേറുകയും ചെയ്യും. ഇതുതന്നെയാണു് അവസാനമില്ലാത്ത വിശ്വത്തിനുമേൽ വിശ്വം എന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള ഇന്ത്യൻ ആശയവും’ എന്നു കാൾ സാഗൻ നിരീക്ഷിക്കുന്നു. ഇത്തരത്തിൽ ആന്ദോളനം നടക്കുന്ന ഒരു വിശ്വത്തിലാണു് നാം ജീവിക്കുന്നതെങ്കിൽ മഹാവിസ്ഫോടനം എന്നതു് പ്രപഞ്ചസൃഷ്ടിയെ കുറിക്കുന്നതല്ല. മറിച്ചു് അതു് ഇതിനുമുമ്പു് ഉണ്ടായിരുന്ന പ്രപഞ്ചത്തിന്റെ അവസാനം മാത്രമാണു്. പ്രപഞ്ചത്തിന്റെ ഏറ്റവും ഒടുവിലത്തെ അവതാരത്തിന്റെ സംഹാരം മാത്രം. തുടക്കവും ഒടുക്കവുമില്ലാത്ത പ്രപഞ്ചം അവസാനമില്ലാത്ത പ്രപഞ്ചമരണ ജനനചക്രങ്ങളുടെ സ്പൈറൽ സഞ്ചാരം. ഇതിനെന്തെങ്കിലും നിയമങ്ങൾ ഉണ്ടോ. അത്തരം പഠനങ്ങളെ പ്രതിനിധീകരിക്കാൻ ട്രാൻസ് ഫിസിക്സ് എന്ന പദം കാൾ സാഗൻ നിർദ്ദേശിക്കുന്നു. പ്രപഞ്ചത്തെയും വസ്തുവിനെയും സ്ഥലകാലബദ്ധമായ പ്രക്രിയയായി വീക്ഷിക്കുകയാണു് ഇന്നു് ശാസ്ത്രം. ഇരുളായ ‘യിന്നി’ന്റെയും വെളിച്ചമായ ‘യാങി’ന്റെയും വൈരുധ്യങ്ങൾ നിറഞ്ഞ ആശ്ലേഷവും സർപ്പിളചലനവുമായി എല്ലാറ്റിനെയും നിർവ്വചിക്കുന്ന ചൈനീസ് തത്ത്വചിന്തയോടു്, താവോയിസത്തോടു് കാപ്രയെപ്പോലുള്ള ശാസ്ത്രജ്ഞർ ആധുനിക ശാസ്ത്രത്തെ ബന്ധിപ്പിക്കുന്നതും ഈ നിലപാടിനാലാണു്.

‘എല്ലായറിവും വിഴുങ്ങി വെറും വെളി-

യെല്ലയിലേറി നിന്നാടു പാമ്പേ’

ഈ പ്രപഞ്ചത്തിലെ എല്ലാ അറിവിനെയും വിഴുങ്ങി പ്രപഞ്ചശൂന്യതയിൽ നിന്നാണു് ഈ പാമ്പു് നൃത്തം ചെയ്യുന്നതു്.

‘എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു

ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ’

എല്ലാം വിഴുങ്ങി, എല്ലാം നിറഞ്ഞ അതുല്യമായ ശൂന്യത, അതിന്റെ ശബ്ദം, അതിന്റെ താളം അതാണു് നാരായണഗുരുവിന്റെ പാമ്പു് നൃത്തത്തിലുള്ളതു്. അതു് പ്രപഞ്ചത്തിന്റെ സർപ്പിളചലനമാണു്.

അന്ധനും കാലു വയ്യാത്തയാളും

കണ്ണുകാണാത്ത ഒരാളുടെ ചുമലിൽ നല്ലവണ്ണം നടക്കാനാവാത്ത ഒരാൾ കയറി ഇരുന്നു യാത്ര ചെയ്യുന്ന ഉദാഹരണം സാംഖ്യകാരികയിൽ കാണാം. കാലുപ്രശ്നമുള്ളയാളിന്റെ കാഴ്ചയും കാഴ്ചപ്രശ്നമുള്ളയാളിന്റെ കാലുകളും ഉപയോഗിച്ചു മുന്നോട്ടു് പോകുന്നതു പോലെ പുരുഷനും പ്രകൃതിയും വൈരുധ്യങ്ങളോടെ ഒരുമിച്ചു സഞ്ചരിക്കുന്നു. വിരുദ്ധങ്ങളായ രണ്ടു് ഘടകങ്ങളുടെ യോജിപ്പിലൂടെയും വിയോജിപ്പിലൂടെയും ഉള്ള സഞ്ചാരമാണു് പ്രപഞ്ചം. നെഗറ്റീവും പോസിറ്റീവും തമ്മിലുള്ള വികർഷണവും ആകർഷണവും പ്രപഞ്ചത്തെ നയിക്കുന്നു. സാംഖ്യചിന്തയനുസരിച്ചു് പ്രകൃതി എന്നതു് സത്വം, രജസു്, തമസ്സു് എന്നീ ഗുണങ്ങളും അവയുടെ പരിവർത്തനങ്ങളുമാണു്. ഗുണ പരിണാമമാണു് പ്രപഞ്ചത്തിൽ കാണുന്നതു്. സത്വ-രജ-തമോഗുണങ്ങളുടെ പരിവർത്തനം. സത്വഗുണവും തമോഗുണവും വിരുദ്ധങ്ങളാണു്. എല്ലാം പരിണാമാത്മകങ്ങളാണു്. രജോഗുണം ആ ചലനാത്മകതയുടെ സൂചകമാണു്. അതു് സത്വഗുണത്തെയും തമോഗുണത്തെയും പരിവർത്തിപ്പിക്കുന്നു, സ്വയം പരിണമിക്കുകയും ചെയ്യുന്നു. ദ്രവ്യവും ഊർജ്ജവും തമ്മിലുള്ള ബന്ധം പോലെയാണതു്. പ്രപഞ്ചശാസ്ത്രത്തെക്കുറിച്ചു മാത്രമല്ല വ്യക്തിമനഃശ്ശാസ്ത്രം, സാംസ്കാര ചരിത്രം, ലിംഗ-വർഗ്ഗബന്ധങ്ങൾ, തുടങ്ങിയവയിലേയ്ക്കെല്ലാം വികസിപ്പിക്കാവുന്ന നിലപാടാണു് ഇതു്.

ഈ വീക്ഷണം മൂന്നു തരം മനശ്ശാസ്ത്ര വ്യക്തിത്വങ്ങളെ നിർമ്മിക്കുന്നു.

സത്വഗുണവാൻ:
നല്ല വ്യക്തി. വ്യവസ്ഥാനുകൂലമായ സ്വഭാവമുള്ളയാൾ, ഫ്രോയിഡിന്റെ രീതിയിൽ പറഞ്ഞാൽ ഈഗോയും സൂപ്പർ ഈഗോയും പ്രധാനമാകുന്ന വ്യക്തിത്വം.
തമോഗുണവാൻ:
നിലവിലുള്ള വ്യവസ്ഥയിൽ മോശപ്പെട്ട സ്വഭാവമെന്നു നിർവ്വചിക്കപ്പെടുന്നവയ്ക്കു് പ്രാമുഖ്യം. സത്വഗുണത്തിന്റെ വിപരീത ഗുണങ്ങൾ. ഫ്രോയിഡിന്റെ ഇഡ് പ്രധാനമായി വരുന്നവർ.
രജോഗുണവാൻ:
വ്യവസ്ഥാപിത നന്മയിലോ തിന്മയിലോ പെടുത്താനാവാത്തവരും പ്രവൃത്തി ശീലരുമായിട്ടുള്ളവരും. അധഃസ്ഥിത വ്യക്തിത്വത്തിൽ നിന്നും ഉള്ള മോചനം ഉണ്ടാക്കുന്ന വിപ്ലവവ്യക്തിത്വം.

ഈ നന്മ, തിന്മ, കർമ്മം, ഇതു് സാമൂഹികാബോധമനസ്സിലെയും രാഷ്ട്രീയാബോധമനസ്സിലെയും ആദിരൂപമാതൃകകൾ കൂടിയാണു്. സത്വഗുണപ്രധാനമായ രാഷ്ടീയവ്യവസ്ഥ പൗരോഹിത്യഭരണവും തമോഗുണ പ്രധാനം ക്ഷത്രിയരാജവാഴ്ചയും രജോഗുണപ്രധാനമായതു് വൈശ്യ ശൂദ്രാധിപത്യവുമായിരിക്കും. ജനാധിപത്യവും മുതലാളിത്തവും സോഷ്യലിസവും മേൽ പറഞ്ഞതിലേക്കുള്ള പരീക്ഷണങ്ങളാണു്.

പുരാണകഥാപാത്രങ്ങളെ എടുത്താൽ രാമൻ, രാവണൻ, ഹനുമാൻ എന്നിവയാണു് സത്വരജതമോഗുണങ്ങളുടെ വ്യക്തിമാതൃകകൾ. രാമൻ നല്ലവൻ, രാവണൻ മോശപ്പെട്ടവൻ, ഹനുമാൻ നിഷ്കാമകർമ്മം ചെയ്യുന്നവൻ. എന്നാൽ, സംസ്കാരത്തിലും സാഹിത്യത്തിലും സർഗ്ഗാത്മകവ്യക്തികളിലും ഈ മാതൃകകൾ സ്ഥിരമായി നിൽക്കുന്നില്ല. ഓരോ ഗുണവും നെഗറ്റീവായും പോസിറ്റീവായും അപരഗുണങ്ങളിലേയ്ക്കു് സഞ്ചരിക്കുന്നു. നവോത്ഥാന സന്ദർഭങ്ങളിൽ അതു പ്രകടമാകും. നവോത്ഥാന ആഖ്യാനങ്ങളിൽ അധ്യാത്മരാമായണമൊക്കെ പുനർവായിക്കപ്പെടുന്നു. മര്യാദരാമൻ ശൂർപ്പണഖയോടു് മോശമായി പെരുമാറി രാവണവ്യക്തിത്വം പുലർത്തിയ ആളായിമാറുന്നു. സീതയെ അനുവാദമില്ലാതെ തൊടാൻ തയ്യാറല്ല എന്നു പറയുന്ന, മര്യാദയ്ക്കു് പെരുമാറിയ മര്യാദരാമനായിരുന്നു രാവണൻ എന്നു മനസ്സിലാകുന്നു. ഹനുമാന്റെ കർമ്മങ്ങൾ എല്ലാം നിഷ്ഫലമായിരുന്നു. രാമന്റെ അടിമയായിരുന്നു ഹനുമാൻ. താൻ സീതയ്ക്കു വേണ്ടിയല്ല രാവണനെ കൊന്നതു് വേണേൽ സീതയ്ക്കു് കുരങ്ങന്മാരൊടൊപ്പം പോകാം എന്നു് രാമൻ പറയുമ്പോൾ ഹനുമാന്റെ അടിമത്തം നിറഞ്ഞ കർമ്മം വ്യവസ്ഥാപിതമായ നന്മതിന്മകളുടെ അർത്ഥശൂന്യത വെളിപ്പെടുന്നു. ഹനുമാന്റെ ഉള്ളിലെ രാമ-രാവണ ബിംബങ്ങളുടെ നിരാസമായി അതു മാറുന്നു. ഇവിടെ നിന്നു സ്വയം തിരിച്ചറിഞ്ഞു കൊണ്ടു് മാറുന്ന രാമനും രാവണനും ഹനുമാനും ഒക്കെ ഉണ്ടാകുന്നു. രാമനുള്ളിലെ രാവണൻ പുറത്തു വരികയും രാവണനുള്ളിലെ രാമൻ പുറത്തു വരികയും ഹനുമാന്റെ ഉള്ളിലെ രാമ-രാവണന്മാർ പുറത്തു വരികയും രാമ-രാവണന്മാർ ഹനുമാനുമായി ചേർന്നു് പുതിയ രാമനും പുതിയ രാവണനും പുതിയ ഹനുമാനും ഉണ്ടാകുകയും ചെയ്യുന്നു. ഇതാണു് ഗുണപരിണാമം. സത്വരജതമോഗുണങ്ങൾക്കുണ്ടാകുന്ന പരിവർത്തനത്തിനുദാഹരണമായാണു് ഇതു വിശദീകരിച്ചതു്. ഇതു് പ്രാപഞ്ചിക രാഷ്ടീയ-സാമൂഹിക-സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ വ്യത്യസ്ത രീതിയിൽ സംഭവിക്കുന്നു. നവോത്ഥാനത്തിൽ സാത്വിക ഗുണവാനായ ബ്രാഹ്മണനും തമോഗുണവാനായ ക്ഷത്രിയനും രജോഗുണവാനായ ശൂദ്രനും സ്പൈറൽ ഘടനയിൽ ത്രിമാന സ്വഭാവത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു. രാമ-രാവണ-ഹനുമാൻ ഗുണമാതൃകകൾ ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയിൽ വിപരീത സ്വഭാവത്തിൽ സഞ്ചരിച്ചു മറ്റൊരു രൂപം പ്രാപിക്കുന്നു. ജന്മിത്തവ്യവസ്ഥയിൽ സാത്വികരാമനും മുതലാളിത്ത വ്യവസ്ഥയിൽ തമോഗുണവാനായ രാവണനും സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ രജോഗുണവാനായ ഹനുമാനും പ്രാമുഖ്യം ഉണ്ടാകാം. പക്ഷേ, ഏതു വ്യവസ്ഥയും സർഗ്ഗരഹിതവും നിശ്ചലവും ആകുമ്പോൾ ജനവിരുദ്ധമാകുന്നു. നവോത്ഥാന സന്ദർഭങ്ങളിൽ മൂന്നും സർഗ്ഗാത്മകമാകുന്നു. സ്വാതന്ത്ര്യത്തിന്റെ സന്ദർഭത്തിൽ, രാമ-രാവണ-ഹനുമാൻ മാതൃകകൾ (സത്വ-തമസ്സ്-രജസ്) ഗാന്ധി-ബ്രിട്ടൻ-അംബേദ്കർ എന്നിങ്ങനെ സ്വാതന്ത്ര്യത്തെ നിർമ്മിക്കുന്ന സർഗ്ഗാത്മക പ്രതിനിധാനങ്ങൾ ആയി മാറുന്നു. മികച്ച കൃതികളിലും നവോത്ഥാന ചരിത്ര സന്ദർഭങ്ങളിലും ഈ ഗുണങ്ങൾ പ്രകടമാംവിധം പരിവർത്തനാത്മകവും സത്വ-രജ-തമോഗുണ മാതൃകാ വ്യക്തിത്വങ്ങളെല്ലാം സർഗ്ഗാത്മകങ്ങളും ആയി മാറുന്നു. ഈ ഗുണങ്ങൾ ലംബ തലത്തിലും രേഖീയ തലത്തിലും സർപ്പിള രീതിയിൽ സഞ്ചരിക്കുന്നു. ഏതെങ്കിലും ഒരു ഗുണത്തിനുണ്ടാകുന്ന പരിവർത്തനം മറ്റെല്ലാ ഗുണത്തെയും നിർണ്ണയിക്കുന്നു. ക്വാണ്ടം ഫിസിക്സിലെ എന്റാങ്ഗിൾമെന്റ് പ്രതിഭാസം പോലെ അളക്കുമ്പോൾ മാത്രം സാധ്യമാകുന്ന ഒന്നാണു് അതു്, അല്ലെങ്കിൽ അനിശ്ചിതതത്വവും. ഈ ദർശനമാണു് നാരായണ ഗുരുവെ നയിക്കുന്നതു്. ഇടക്കു് മുന്നിട്ടും അടങ്ങിയും ഈ ത്രിമാന സർപ്പിളസ്വഭാവത്തിൽ നടക്കുന്ന പരിണാമമാണു് ലോകം എന്നതുകൊണ്ടാണു് ഇല്ലായ്മയിൽ ഉണ്മയും, ഉണ്ടെന്നു കരുതുന്നതിൽ ഇല്ലായ്മയുമാണുള്ളതെന്നും ഈ ലോകം മായയാണെന്നും നാരായണ ഗുരു പറയുന്നതു്. ‘ഉണ്ടില്ലയെന്നു മുറ മാറിയസത്തും’ സത്തും പ്രത്യക്ഷപ്പെടുന്നതായി ‘അദ്വൈത ദീപിക’യിൽ ഗുരു എഴുതുന്നു. കേവലമായ വസ്തുവോ കാണപ്പെടുന്ന വസ്തുവോ അല്ല സത്യം നിർമ്മാണത്തിനാധാരമായ ക്രിയാശക്തിയാണു്. അതിനെയാണു് ‘ബോധ’മെന്നും അറിവെന്നും ഗുരു എന്നു വിളിക്കുന്നതു്. വസ്ത്രം പിരിച്ചു നോക്കിയാൽ നൂലു്, അതു പിരിച്ചാൽ പഞ്ഞി, പഞ്ഞി പിരിച്ചാൽ ആദിമൂലകങ്ങൾ അതിനാൽ ഇതെല്ലാം തോന്നലാണു് കാനൽജലം പോലെ. ഉള്ളതു് അതിന്റെ നിർമ്മാണപ്രക്രിയയാണു്, ‘പരമാവധി ബോധമത്രെ’ (അദ്വൈത ദീപിക) ശരീരത്തിനും ജീവനുമപ്പുറം, ദേഹത്തിനും ദേഹിക്കുമപ്പുറം ഒന്നുണ്ടു്, അതാണു് മനുഷ്യനെയും നാടിനെയും നഗരത്തെയും ആകാശത്തെയും ഭൂമിയെയും നിർമ്മിച്ചതു്. അതറിഞ്ഞു് ആടാനാണു് ഗുരു പാമ്പിനോടു പറയുന്നതു്:

“…ദേഹം നിജമല്ല ദേഹിയൊരുവനീ

ദേഹത്തിലുണ്ടെന്നറിഞ്ഞീടു പാമ്പേ

നാടും നഗരവുമൊന്നായി നാവിൽ നി-

ന്നാടു നിൻനാമമോതീടു പാമ്പേ.

ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങീടു-

മേകനുമുണ്ടെന്നറിഞ്ഞീടു പാമ്പേ

പെരിങ്കൽ നിന്നു് പെരുവെളിയെന്നല്ല

പരാദിതോന്നിയെന്നാടു പാമ്പേ…”

ബ്രഹ്മവും അറിവും

വസ്ത്രം പിരിച്ചു നോക്കിയാൽ നൂലു്, നൂലു് പിരിച്ചാൽ പഞ്ഞി, പഞ്ഞി പിരിച്ചാൽ ആദിമൂലകങ്ങൾ എന്നിങ്ങനെയായതുകൊണ്ടു് വസ്ത്രം സത്യമല്ല എന്നു പറയുന്നവർ പ്രധാനമായും രണ്ടു് വിഭാഗമുണ്ടു്. വസ്ത്രം മായയാണു്, വസ്ത്രത്തിനു പിന്നിൽ നിശ്ചല സത്യമുണ്ടു് എന്ന ഒരു നിലപാടു് ആണു് ബ്രാഹ്മണമതം പ്രചരിപ്പിച്ചതു്. അതു് വസ്ത്രത്തിനു പിന്നിലെ അധ്വാന പ്രക്രിയയെ തള്ളിക്കളയുന്നു. അതു കൊണ്ടാണു് അതു് അധ്വാനിക്കുന്നവനും സ്ത്രീയ്ക്കും പരിസ്ഥിതിക്കും വിരുദ്ധമായി മാറിയതു്. നാരായണഗുരുവും വസ്ത്രം മായയാണു് എന്നു പറയുന്നു പക്ഷേ, സത്യമായി ഉള്ളതു് ‘ബോധ’മാണു് എന്നു പറയുമ്പോൾ, മുൻ പറഞ്ഞ പോലെ വസ്ത്രത്തിനു പിന്നിലെ നിർമ്മാണ പ്രക്രിയയെ തള്ളിക്കളയുന്നില്ല. സത്യം ബ്രഹ്മമാണെന്നു് ബ്രാഹ്മണമതത്തിൽ പറയുന്നതും നാരായണ ഗുരു പറയുന്നതും തമ്മിൽ വിപരീതത്തിലാണു സ്ഥിതി ചെയ്യുന്നതു്. പരിവർത്തനാത്മകമായ അറിവു് ആണു് നാരായണ ഗുരുവിന്റെ സത്യം. ബ്രഹ്മത്തിനു് അറിവു് എന്നാണു് മലയാളത്തിൽ ഗുരു വിവർത്തനം ചെയ്യുന്നതു്. ഇന്ദ്രിയാനുഭവങ്ങൾ മുതൽ പരമമായ അറിവു വരെ ചിന്മയമായി ഗുരു കരുതുന്നു. ബ്രാഹ്മണ അദ്വൈതസിദ്ധാന്തത്തിൽ ബ്രഹ്മം മാത്രമാണു് ചിന്മയം.

‘മതി തൊട്ടു മണം മുതലഞ്ചു മുണർ-

ന്നരുളോളവുമുള്ളതു ചിന്മയ മാം’

(ചിജ്ജഡ ചിന്തനം)

ബ്രാഹ്മണമതത്തിന്റെ നിലപാടു് വസ്ത്രം നിർമ്മിച്ചവരെ, സംസ്കാരം നിർമ്മിക്കുന്നവരെ അധഃസ്ഥിതരാക്കുന്നു. അധ്വാനിക്കാത്തവർക്കു് പ്രാമുഖ്യമുണ്ടാകുന്നു. ബ്രാഹ്മണമതവും പുതിയ മുതലാളിത്തവും അധ്വാനിക്കുന്നവരെ പട്ടിണിയാക്കുകയും ഇടനിലക്കാരെ സമ്പന്നരാക്കുകയും ചെയ്യുന്നു. വസ്ത്രം ഉണ്ടാക്കുന്നവരേക്കാൾ വസ്ത്രം വിൽക്കുന്ന ഇടനിലക്കാർ സമ്പന്നരാകുന്നതു് മുതലാളിത്ത കാലത്തും കാണാം. അതുകൊണ്ടു് ബ്രാഹ്മണ മതത്തിന്റെ മൂല്യങ്ങൾ ഇന്ത്യൻ ദർശനമെന്ന പേരിൽ മുതലാളിത്ത ലോകത്തു് പ്രാമുഖ്യം നേടുന്നു. ജാതിവ്യവസ്ഥയാണു് യഥാർത്ഥ കമ്മ്യൂണിസമെന്നു് ഈ കാലത്തും പറഞ്ഞ ആനന്ദകൂമാരസ്വാമി പ്രശസ്തനായി തീരുന്നതു് അങ്ങനെയാണു്.

“… ശിവ നൃത്തത്തിന്റെ മൗലികമായ പ്രാധാന്യം മൂന്നു വിധത്തിലാണു്. ഒന്നാമതായി പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങളുടെയും ഉറവിടമായ ഈശ്വരന്റെ താളലയാനുസാരിയായ ലീലയുടെ പ്രതിഫലനമാണതു്. പ്രകാശവലയം ഇതിനെയാണു് ആവിഷ്കരിക്കുന്നതു്. രണ്ടാമതായി മായയാകുന്ന കുരുക്കിൽ നിന്നും അസംഖ്യം മനുഷ്യാത്മാക്കളെ മോചിപ്പിക്കുക എന്നതാണു് നൃത്തത്തിന്റെ ഉദ്ദേശ്യം. മൂന്നാമതായി നൃത്തവേദിയും പ്രപഞ്ച മധ്യവുമായ ചിദംബരം ഹൃദയത്തിനുള്ളിലാണു്…” എന്നു ആനന്ദകൂമാരസ്വാമി, ‘ശിവതാണ്ഡവം’ എന്ന പുസ്തകത്തിൽ എഴുതുന്നുണ്ടു്. പ്രപഞ്ചത്തിന്റെ മിഥ്യാ ചലനവുമായാണു് അദ്ദേഹം ശിവനൃത്തത്തെ ബന്ധിപ്പിക്കുന്നതു്. നാരായണ ഗുരുവിന്റെ പാമ്പാട്ടിനൃത്തം പ്രപഞ്ചക്രിയാനുഭവത്തിന്റെ സർപ്പിളചലനമാണു്. അതുകൊണ്ടു് ആണു് ആനന്ദകുമാരസ്വാമിക്കു് ജാതിയും ബ്രാഹ്മണാധിപത്യവും വിപ്ലവമായി തോന്നിയതു്. നാരായണ ഗുരുവിനു് അതിനെ എതിർക്കുക എന്നതാണു് പ്രധാനമായി തോന്നിയതു്. കാപ്രയും ബ്രാഹ്മണ മത ബ്രഹ്മ സങ്കല്പവുമായാണു് ആധുനിക ശാസ്ത്രത്തെ ബന്ധിപ്പിക്കുന്നതു്. അതുപോലെ ബ്രാഹ്മണ മതത്തിന്റെ സ്വാധീനത്തിൽപ്പെട്ട മഹായാന ബുദ്ധിസവുമായും. സാംഖ്യത്തോടും ഹീനയാന ബുദ്ധിസത്തോടും ആണു് യഥാർത്ഥത്തിൽ ആധുനിക ശാസ്ത്രത്തെ ബന്ധപ്പെടുത്താവുന്നതു്. സത്വ-രജ-തമോഗുണങ്ങളുടെ പരിവർത്തനമാണു് സാംഖ്യത്തിലെങ്കിൽ സത്വ-രജ-തമോഗുണങ്ങളാകുന്ന ആ വിദ്യയിൽ നിന്നും മായയിൽ നിന്നുമുള്ള മോക്ഷമാണു് ബ്രാഹ്മണ മതത്തിന്റേതു്. സാംഖ്യത്തിൽ തന്നെ നിശ്ചല പുരുഷ സങ്കല്പവും മറ്റും കൊണ്ടുവന്ന പിൽക്കാല ബ്രാഹ്മണ മതം ചെയ്തതു് അധ്വാന വിരുദ്ധ ഇടപെടലായിരുന്നു. ബ്രാഹ്മണ മതനിലപാടുകളോടു് ആധുനിക ശാസ്ത്രത്തെ സാദൃശ്യപ്പെടുത്തുമ്പോൾ മുതലാളിത്ത ആത്മീയതയുടെ നിർമ്മാണമായി ഇത്തരം നിലപാടുകൾ മാറുന്നു. പൗരസ്ത്യ ആത്മീയത മുതലാളിത്തത്തിനു് ആവശ്യമാണു്.

പാരിസ്ഥിതിക നൃത്തം

ആലുവാ അദ്വൈതാശ്രമം സംസ്കൃത ഹൈസ്കൂളിന്റെ കെട്ടിടം പണിക്കായി ചേർത്തലയിലെ ഒരു കാവിൽ നിന്ന കൂറ്റനായ ആഞ്ഞിലിമരം സ്വാമി ചെന്നു നിന്നു മുറിപ്പിച്ച കഥ അവടെയുള്ള പഴമക്കാർക്കു് ഇപ്പോഴും ഒർമ്മയുണ്ടു്. തിരുവനന്തപുരത്തെ ഒരു സർപ്പക്കാവു് വെട്ടിത്തെളിച്ചു് നാഗവിഗ്രഹം എടുത്തു മാറ്റിയപ്പോൾ ഒരു തടിച്ച പാമ്പു് വെളിയിൽ ചാടി. ഈശ്വരകോപമെന്നു കണ്ടുനിന്നവർ പരിഭ്രമിച്ചു. “ചോര കുടിച്ചു കൊഴുത്തു പോയി. മതി—ഇനി പോകാം” എന്നു പറഞ്ഞു പാമ്പിനെ ഗുരു യാത്രയാക്കി.

“ഒരു പീഡയെറുമ്പിനും വരു-

ത്തരുതെന്നു…”

അനുകമ്പാദശകം എഴുതിയ ഗുരു തന്നെയാണു് മനുഷ്യന്റെ ചോര കുടിച്ചു കൊഴുത്തു പോയ സർപ്പക്കാവുകൾ വെട്ടിത്തെളിച്ചു് അവിടെ സ്കൂളുകൾ പണിയാൻ നേതൃത്വം കൊടുത്തതു്. മുതലാളിത്ത കാലത്തു് സർപ്പക്കാവുകൾ പുനഃസ്ഥാപിക്കാൻ വേണ്ടി ഗഹന പരിസ്ഥിതിവാദ (Deep ecology) വും വ്യവസായികൾക്കു വേണ്ടി ജനജീവിതത്തെ ആട്ടിപ്പായിച്ചു് പാതകളും തുറമുഖങ്ങളും പടുത്തുയർത്താൻ വികസനവാദവും ഒരുപോലെ ഉയർന്നു വരുന്നു. ജനങ്ങൾക്കു വേണ്ടിയുള്ള നിർമ്മാണപ്രവർത്തനങ്ങൾ തടയുക എന്നതാണു് മുതലാളിത്ത ആത്മീയതയുടെ ലക്ഷ്യം. ഗുരുവിന്റെ പരിവർത്തനാത്മക മെറ്റാഫിസിക്സ് അഥവാ ‘ട്രാൻസ്-ഫിസിക്സ്’ അധ്വാനത്തെയും നിർമ്മാണത്തെയുമാണു് മുന്നോട്ടു വെച്ചതു്. അതുകൊണ്ടു് പ്രപഞ്ചത്തെയും ഭൂമിയെയും സ്നേഹിക്കുന്ന ഗുരുവിന്റെ പാരിസ്ഥിതിക സ്നേഹം അന്ധമായ പ്രകൃതിപൂജയായി മാറുന്നില്ല. ദൈവസ്നേഹവും അങ്ങനെ തന്നെയാണു്. ദൈവം ആരാണു് എന്ന ചോദ്യത്തിനു് ‘ദൈവം മനുഷ്യരുടെ സൃഷ്ടി’ എന്ന ഉത്തരം ഗുരു നൽകിയതായി മൂർക്കോത്തു കുമാരൻ രേഖപ്പെടുത്തിയിട്ടുണ്ടു്. മനുഷ്യന്റെ ആശയലോകത്തെ (അങ്ങനെ ഭൗതിക ലോകത്തെയും) പരിവർത്തിപ്പിക്കാനുള്ള ഉപകരണമായാണു് ദൈവത്തെ ഗുരു കണ്ടതു്. ഒഴുകുന്ന ജലത്തിൽ നിന്നുമെടുത്ത കല്ലു് പ്രതിഷ്ഠിക്കുകയും, തുടർന്നു് ദീപം പ്രതിഷ്ഠിക്കുകയും ഓം പ്രതിഷ്ഠിക്കുകയും പിന്നീടു് കണ്ണാടി പ്രതിഷ്ഠിക്കുകയും ഇനി ക്ഷേത്രങ്ങൾ വേണ്ട അതു ജാതിവളർത്തുന്നു, ഇനി വിദ്യാലയങ്ങൾ മതി എന്നു പറയുകയും ചെയ്ത ഗുരു ഒരു ജനതയെ ‘ദൈവമെന്നാൽ പരിവർത്തനാത്മകമായ അറിവാണു്’ എന്ന അറിവിലേയ്ക്കു പരിവർത്തിപ്പിച്ചു് എടുക്കയായിരുന്നു. നിശ്ചലമായ ബ്രഹ്മസങ്കല്പം നിർദ്ദേശിക്കുന്നവർ അന്ധമായ പ്രകൃതിഭക്തരും സ്ത്രീവിരുദ്ധരും അധഃസ്ഥിതനിർമ്മാണം സാധ്യമാക്കുന്നവരും ആയിരിക്കും. ഇഹലോക ജീവിതത്തെയും കാമത്തെയും ഭസ്മീകരിക്കുമ്പോഴാണു് ജീവിതത്തെ നിർമ്മിക്കുന്ന സ്ത്രീ രണ്ടാംകിടയാകുന്നതു്.

‘മിഴിമുനകൊണ്ടു മയക്കി നാഭിയാകും

കുഴിയിലുരുട്ടിമറിപ്പതിന്നൊരുങ്ങി

കിഴിയുമെടുത്തു് വരുന്ന മങ്കമാർതൻ

വഴികളിളിലിട്ടു വലയ്ക്കൊലാ മഹേശാ’

എന്നു സ്ത്രീവിരുദ്ധമായി പ്രാർത്ഥിച്ച ഗുരു തന്നെയാണു് പൂമണമുള്ള മുടിയുള്ള പാർവ്വതിയെ കൂടെ കൂട്ടിയതിന്റെ പേരിൽ ശിവനെ സ്നേഹിക്കുന്നതു്. സന്യാസമല്ല, പ്രധാനമായും ഗുരു മുന്നോട്ടു് വയ്ക്കുന്നതു് ഗാർഹസ്ഥ്യമാണു്. സ്ത്രീ പുരുഷബന്ധത്തിനു് അന്യോന്യഅനുരാഗമാണു് വേണ്ടതു് എന്നു പറയുന്നു. പൊരുത്തം വേണമെന്നുണ്ടെങ്കിൽ വിദ്യ, ധനം, വയസു്, രൂപം, ശീലം ഇവയിലുള്ള പൊരുത്തവും. വിവാഹത്തിൽ ജാതി-മതങ്ങളോ അമാനുഷിക ശക്തികളോ ആചാര ബാഹുല്യങ്ങളോ വേണ്ടതില്ല. അന്തപ്പുരത്തിൽ സ്ത്രീകളെ കൂട്ടിയിടുന്നതും സംബന്ധം പോലുള്ള അനേക ബന്ധങ്ങളും അദ്ദേഹം വിലക്കുന്നു. പുനർവിവാഹം ആകാം. ചാരിത്ര്യം നല്ലതാണു്. അന്തപ്പുര ജയിലിൽ കിടന്നു കൊണ്ടല്ല അതുണ്ടാക്കേണ്ടതു്, സ്വയം ഉണ്ടാവേണ്ടതാണു് എന്നു മാത്രം (ശ്രീ നാരായണ ധർമ്മം). സ്ത്രീകൾക്കു് വിദ്യാഭ്യാസം ഉണ്ടാകണം. സ്ത്രീയുടെ അവകാശങ്ങൾക്കും അധഃസ്ഥിതരുടെ വസ്ത്രധാരണത്തിനും ഭക്ഷണത്തിനും വഴിയ്ക്കും വായനയ്ക്കും വിദ്യയ്ക്കും ജനകീയ വ്യവസായത്തിനും വേണ്ടിയുള്ള സമരം ചെയ്തതു് പ്രപഞ്ചത്തിന്റെ പരിവർത്തനാത്മകതയിലുള്ള വിശ്വാസം കൊണ്ടാണു്.

എന്നാൽ ചരിത്രം സർപ്പിള സ്വഭാവിയായതിനാൽ പ്രതിരോധ മാതൃകകളുടെ വ്യത്യസ്തമായ ആവർത്തനത്താൽ പുതിയ ആധിപത്യ രൂപങ്ങൾ സൃഷ്ടിക്കപ്പെടും. സഹോദരൻ അയ്യപ്പൻ പറയുമ്പോലെ ഗുരു തുറന്ന വഴികളെ ഇന്നു് അദ്ദേഹത്തെ വെച്ചുതന്നെ അടയ്ക്കുന്നു. മുതലാളിത്ത ആത്മീയതയ്ക്കു് അതു് ആവശ്യമാണു്. യോഗ മുതലാളിത്ത ആത്മീയതയുടെ ഒരു വ്യാവസായിക രൂപമാണു്. നാരായണ ഗുരുവിന്റെ കൃതികൾക്കും വിപരീത വ്യാഖ്യാനങ്ങൾ മാത്രമേ ഇന്നു് ലഭ്യമുള്ളൂ. പാമ്പാട്ടിച്ചിന്തു് യോഗാഭ്യാസത്തിന്റെ കഥയായിട്ടാണു് വായിക്കപ്പെടുന്നതു്. യോഗാഭ്യാസത്തെ കിണഞ്ഞു് ന്യായീകരിക്കാൻ ഒരാൾ ശ്രമിച്ചപ്പോൾ, മലശോധനയ്ക്കു് സഹായകമാകും എന്നു പറഞ്ഞപ്പോൾ, അതിനിത്ര കഷ്ടപ്പെടണോ അല്പം ആവണക്കെണ്ണ കഴിച്ചാൽ പോരേ എന്നു പറഞ്ഞയാളാണു് ഗുരു. ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്ന പ്രപഞ്ചത്തിന്റെ പരിവർത്തനോർജ്ജത്തോടുള്ള മനുഷ്യന്റെ അധ്വാനശക്തിയുടെ അധ്വാനാത്മകമായ ചേർച്ചയും അതിന്റെ വേദനയും കണ്ണീരും ആനന്ദവുമാണു് ‘പാമ്പാട്ടിച്ചിന്തു്’. പ്രപഞ്ചത്തിന്റെ പാരിസ്ഥിതിക നൃത്തം.

‘ചേർന്നു നിൽക്കുമ്പൊരുളെല്ലാം ചെന്താരൊടു

നേർന്നു പോമ്മാറുനിന്നാടു പാമ്പേ’-

ഇങ്ങനെ ഈ കാവ്യം അവസാനിക്കുന്നു.

ഷൂബ കെ. എസ്സ്.
images/shooba-crop.jpg

ഇപ്പോൾ സർക്കാർ വനിതാ കോളേജിൽ മലയാളം അധ്യാപകൻ.

കൃതികൾ

രസധ്വനിസിദ്ധാന്തം ഉപേക്ഷിക്കുക, 25 അധിനിവേശരാഷ്ട്രീയകഥകൾ (പഠനം, സമാഹരണം, നൗഷാദ് എസ്സിനൊപ്പം) വാസവദത്ത ബഹുപാഠങ്ങൾ നിർമ്മിക്കുകയാണു് (സംസ്കാരപഠനം), എം. എൻ. വിജയന്റെ ലോകങ്ങൾ (പഠനം സമാഹരണം), ആഗോളീകരണകാലത്തെ കുട്ടികൃഷ്ണമാരാരു് (പഠനം), ചൂലും ചുംബനവും—ഉത്തരാധുനിക കവിതാ വിമർശം (സംസ്കാരപഠനം), ഫാസിസ്റ്റ് വിരുദ്ധസമരങ്ങളുടെ ഫാസിസ്റ്റ്സ്വഭാവവും ഉപഭോഗമുതലാളിത്തവും (പഠനം), മിത്തുകളുടെ നിർമ്മിതിയും ഉത്തരാധുനികതയും (സംസ്കാരപഠനം), നവോത്ഥാന ആധുനികതയും വ്യവസായിക ആധുനികതയും-സാഹിത്യം. സിനിമ. തത്ത്വചിന്ത (പഠനം), പൂന്താനവും ദുരന്തമുതലാളിത്തവും (സാംസ്കാരികപഠനം), ദേശചരിത്രം/സാഹിത്യ ചരിത്രം എന്ന കെട്ടുകഥ (പഠനം, ഡോ. ഡി. വി. അനിൽകുമാറിനൊപ്പം) ദുഷ്യന്തൻ മാഷും ശൂർപ്പണഖയും (പഠനം), കിം കി ഡുക്ക്: ക്യാമറാ കാലത്തെ പ്രണയം (ചലച്ചിത്ര പഠനം).

Colophon

Title: Prapanchaththinte Sarppilanriththavum Narayanaguruvinte Pambattichinthum (ml: പ്രപഞ്ചത്തിന്റെ സർപ്പിളനൃത്തവും നാരായണഗുരുവിന്റെ പാമ്പാട്ടിച്ചിന്തും).

Author(s): Shooba K. S..

First publication details: Sayahna Foundation; Trivandrum, Kerala; 2022-12-22.

Deafult language: ml, Malayalam.

Keywords: Article, Shooba K. S., Prapanchaththinte Sarppilanriththavum Narayanaguruvinte Pambattichinthum, ഷൂബ കെ. എസ്സ്., പ്രപഞ്ചത്തിന്റെ സർപ്പിളനൃത്തവും നാരായണഗുരുവിന്റെ പാമ്പാട്ടിച്ചിന്തും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 22, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Monument to the Fallen Angel in the gardens of El Retiro Park, a photograph by Alvy . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.