ഒരു ഇരിക്കക്കൂരയ്ക്കും പിന്നെ വെള്ളത്തിനും വെളിച്ചത്തിനും വഴിക്കും വേണ്ടിയുള്ള അദാബുകള്‍കൊണ്ടു് കെട്ടുപിണഞ്ഞ ഒരു മുള്‍ക്കാടായിരുന്നു 1970-കൾ വരെയുള്ള ഞങ്ങളുടെ ജീവിതം. ആദ്യം ഇതൊന്നുമായിരുന്നില്ല. അതു് ഇച്ചിരിപ്പോരം മണ്ണിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. അതിൽ ഒരു ഇരിക്കക്കൂര തേടിയുള്ള അലച്ചിലുകള്‍. കുടിയിറക്കുകളുടേയും ചെറിയ ചെറിയ കുടിയിരുത്തങ്ങളുടേയും കഠിന ജീവിതം. ഉമ്മ പറയാറുള്ളതുപോലെ തലചായ്ച്ചു് കിടക്കാൻ ഇത്തിരിമണ്ണില്ലാത്ത, അടച്ചുറപ്പുള്ള ഒരു പെരയില്ലാത്ത അസ്വസ്ഥ വാസങ്ങളുടെ കാലം. പൊറുതി കിട്ടാതെ ചിതറിപ്പാർത്തു് ഉഴന്നു് നടന്നിരുന്ന കാലം. നാലു് മക്കളേയും കൂട്ടി ഉമ്മ ഈ പറമ്പിൽ എത്തിച്ചേര്‍ന്നതു് കല്ലുംമുള്ളും നിറഞ്ഞു് ദുര്‍ഘടവുമായ സഹനപാതകൾ താണ്ടിക്കടന്നു് തന്നെയാണു്.
“ഹാവൂ ആശ്വാസമായി” എന്നു് പറഞ്ഞിട്ടു് കാലും നീട്ടി ഇരിക്കാൻ എത്രമാത്രം കൊതിച്ചിരുന്നു അവർ. ഉത്തരം കിട്ടാത്ത പ്രാർത്ഥനകളുടെ പൊറുതിയില്ലാത്ത ദിനരാത്രങ്ങളിലൂടെ നിസ്കാരപ്പായ നിവർത്തിവെച്ചു് പ്രാർത്ഥനാഭരിതമായിരുന്നു അവരുടെ അഞ്ചു് നേരങ്ങളിലെ സുജൂദൂകള്‍.
ഓല മേഞ്ഞ ചെറ്റപ്പുരകളും വേനലേറ്റു കരിഞ്ഞ കരിയോലപ്പഴുതിലൂടെ എത്രയെത്ര മഴക്കാലങ്ങൾ ചോര്‍ന്നൊലിച്ചു നനഞ്ഞുകുതിര്‍ന്നു് അവർ കഴിച്ചുകൂട്ടി… ഭൂതകാലങ്ങളുടെ കയ്ക്കുന്ന ചെന്നിനായകക്കാലം!
“ചോര്‍ന്നൊലിക്കുന്നതാണെങ്കിലും ഒരു പെരയായില്ലേ? ബാക്കിയൊക്കെ ഇനി പടച്ചോന്റെ കൈയിലല്ലേ…ഒക്കെ ശരിയാകും. ഇങ്ങടെ തന്തക്കു് ആവതോടെ നയിക്കാനുള്ള കെല്‍പ്പുണ്ടായാൽ മതി.”

“ആറോ ഏഴോ കുടിയിരുപ്പുകൾ മാറി മാറി പാർത്തിട്ടാണു് ഇപ്പോൾ ഇവിടെ താമയിക്കാൻ തുടങ്ങിയതു്. ഉമ്മ ഒറ്റക്കിരുന്നു് പറയുന്നതു കേള്‍ക്കാം. അവർ ആദ്യം പാർത്തിരുന്നതു് കോരപ്പന്റെ കായിലായിരുന്നത്രെ! അന്നൊന്നും ഞാൻ ജനിച്ചിട്ടില്ല. അവിടെ നിന്നു് കുടിയിറക്കി കാട്ടിലേക്കു പറമ്പിലേക്കു് മാറി. പിന്നെ ഉമ്മാടെ കല്ല്യാണം കഴിഞ്ഞു. പേർഷ്യക്കാരൻ മൊയ്തുണ്ണിയുമായി. കല്ല്യാണം കഴിഞ്ഞു് മുളാനുള്ളി പറമ്പിലെ ഉപ്പവീട്ടിലേക്കു് പോന്നു. രണ്ടാംകുടി എളേമയുടെ ഭരണവും അമ്മായിയമ്മപ്പോരുമായിരുന്നു അവിടെ. ഉമ്മവീട്ടുകാരേയും കൂട്ടി പിന്നെ ചപ്പയിലെ പറമ്പിലേക്കു് ഒരു ചെറ്റപ്പുരകെട്ടി മാറിതാമസിച്ചു. അവിടെ നിന്നും കാണപ്പണം കുറഞ്ഞതിന്റെ പേരിൽ അധികാരി കുടിയിറക്കി. പിന്നേയും ആമറ്റൂരെ പറമ്പിലെ കോരാച്ചന്‍കുളങ്ങര അമ്പലത്തിനുസമീപം നെടുമ്പുര കെട്ടി കുറച്ചുകാലം. ഓരോ കുടിയിരിപ്പുകാലത്തെക്കുറിച്ചും ആ പറമ്പിന്റെ അയല്‍പ്പക്കക്കാരെ കുറിച്ചും പറഞ്ഞതു് കേട്ടു മടുത്തു് ഞങ്ങൾ വിളക്കൂതി കിടക്കാൻ തുടങ്ങുമ്പോൾ ഉമ്മ കഥകൾ താനെ നിറുത്തും. അങ്ങനെ എട്ടാമത്തെ കുടിയിരിപ്പാണു് മക്കളേ ഈ പെരയും പറമ്പും. എന്നിട്ടു് നെടുവീർപ്പയക്കും. ഇനിയും ഒരു സ്വസ്ഥതയും സമാധാനവുമായിട്ടില്ല ഞങ്ങള്‍ക്കു്. ആശ്വാസത്തോടെ ഒരു കവിൾ വെള്ളം കോരികുടിക്കാനും പെരയിലേക്കു് നേരെചൊവ്വേ നേര്‍വഴിക്കു് നടന്നുവരാനും ഇനിയും കഴിഞ്ഞിട്ടില്ല. രാത്രിയായാൽ മണ്ണെണ്ണ തീരാതെ വിളക്കു് കത്തിച്ചു വെച്ചു് ഇരിക്കണം. മുന്നൂറു മില്ലി മണ്ണെണ്ണയാണു് ഒരു രാത്രിയിൽ വിളക്കിൽ എരിഞ്ഞിരുന്നതു്. എണ്ണ തീര്‍ന്നാൽ പിന്നെ ഇരുട്ടാണു്. കൂരാകൂരിരുട്ടു്. ചിമ്മിനി രാത്രിയിൽ എപ്പോഴും കെട്ടു പോകാമെന്നുള്ള ഒരു ഭയമായിരുന്നു ഞങ്ങള്‍ക്കു് വെളിച്ചം. ഇതു് ഞങ്ങളുടെ മാത്രം പ്രശ്നമായിരുന്നില്ല. വലിയ ജന്മിമാരുടെ വിശാലമായ തെങ്ങിൻപറമ്പുകളിലെ താമസക്കാരായിരുന്നു മിക്ക ആളുകളും. കുടിയിരിപ്പുകളുള്ള വലിയ പറമ്പുകള്‍. ആ പറമ്പിൽ വീണ തേങ്ങകളും ഓലയും മടലും മറ്റു കാര്‍ഷിക വിഭവങ്ങളും അധികാരിക്കു കൃത്യമായി കൈമാറണം. ഇല്ലെങ്കിൽ കുടിയിറക്കു ഭീഷണിവരും. ഇപ്പോൾ ഞങ്ങൾ താമസിക്കുന്നതു് പണിക്കരുടെ കാവിനു പുറകിലുള്ള എഴുപ്പുറത്തെ പറമ്പിലാണു്. തെക്കു ഭാഗത്തു് തെക്കാമക്കാരുടെ ആറു് ഏക്ര തെങ്ങിൻപറമ്പു്. പടിഞ്ഞാറു ഭാഗത്തു് കോടഞ്ചേരി പള്ളിയുടെ ഏഴു് ഏക്ര വഖഫ് ഭൂമി. അതിൽ മൂന്നു കുടിയിരിപ്പുകളുണ്ടു്. വടക്കു ഭാഗത്തു് ഭഗവതിപറമ്പിൽ ഏനുവിന്റെ വീടാണു്. അതും നാലഞ്ചേക്രയുണ്ടു്. വീടിന്റെ കിഴക്കു വടക്കു് ഭാഗത്തുകൂടെ ഒരു ചെറിയ ഇടവഴിയിലൂടെയേ പെരയിലെത്താനാവൂ. പെരയുടെ നേരെ മുമ്പിൽ എഴുപ്പുറത്തെ കാവാണു്. ഭീകരമായ പച്ചപ്പിന്റെ ക്രൗര കാനനം.
ഇപ്പോൾ ഒരു ഇരിക്കക്കൂരയായി. കറപ്പനാശാരി വന്നാണു് പെരക്കു് കുറ്റിയടിച്ചു് പാദകം കീറി തറയിട്ടതു്. കല്ലു കൊണ്ടു് തറയിട്ടു. പറമ്പിന്റെ വടക്കു പടിഞ്ഞാറേ മൂലയിൽ ഒരു കുളം കുത്തി മറിച്ച മണ്ണു കൊണ്ടു് മണ്ണു കൊഴച്ചു് ഇഷ്ടികയുണ്ടാക്കി ചുമരുകളുണ്ടായി. അടുക്കളക്കു സ്ഥാനം കണ്ടു. എമ്മല്ലൂര് മുപ്പതു് കണക്കു് ഒരു പഴയ പെരയുടെ തട്ടു്. അമ്മാമൻ കുറെ ചുമട്ടുകാരെയും കൊണ്ടു വന്നു് ഒരു തട്ടുള്ള പെരയുണ്ടാക്കി. മൂച്ചിപ്പലക കൊണ്ടു് ജനലും വാതിലും കിളിവാതിലുകളും വെച്ചെങ്കിലും അടുക്കളയോടു ചേർന്നു് ഒരു കിണർ സ്വപ്നമായി നിലകൊണ്ടു. വെള്ളമില്ലാത്ത പെരയും അതിനോടു ചേർന്ന അടുക്കളയും എന്തിനു കൊള്ളും. വെള്ളമില്ല. വെള്ളത്തിനു് രണ്ടു നാഴിക അകലെയുള്ള ഒരു കിണർ അന്വേഷിച്ചു പോകണം. ഇപ്പോൾ വെള്ളം കൊണ്ടു വരുന്നതു് റോഡ് മുറിച്ചു കടന്നു് ചോഴിയാട്ടേലെ മൊയ്തുണ്ണികുട്ടിക്കയുടെ പറമ്പില്‍നിന്നാണു്. ഞങ്ങൾ മാത്രമല്ല. ഒരുപാടു് ആളുകള്‍ക്കു് ആശ്രയമാണു് ആ കിണറും അതിന്റെ കരയും. എപ്പോഴും നല്ല തിരക്കാണു്. ഒരിക്കലും ഏകാന്തത അനുഭവിക്കാത്ത ഒരു കിണറ്റിന്‍കര. നല്ല തെളിഞ്ഞ വെള്ളമാണു് ആ കിണറ്റിലേതു്. മോന്തിയായാൽ വെള്ളം മുക്കി കൊണ്ടുവരുന്നതു് ഒരു എവറസ്റ്റ് ആരോഹണം പോലെ സാഹസികവും കഠിനവുമായ ഒരു പണിയാണു്. സ്കൂൾ വിട്ടു് വന്നാൽ ഉമ്മയും പെങ്ങമ്മാരും ഞാനും കൂടി അടുക്കളയിലെ കൊട്ടത്തളത്തിലെ തെരികയിൽ തൊണ്ട വരണ്ടിരിക്കുന്ന ആറു് മൺ കുടങ്ങളും രണ്ടു് അലൂമിനിയ കുടങ്ങളുമായി കിണറ്റിന്‍കരയിലേക്കു് മാർച്ച് ചെയ്യും. ആറു മൺകുടങ്ങളേ ഇപ്പോൾ അടുക്കളയിലുള്ളു. തെരികയില്ലാത്ത കാരണം മൂന്നു് നാലെണ്ണം പൊട്ടി. മണ്ണിന്റെ കുടങ്ങൾക്കു് പരുക്കനിട്ട നിലത്തു് പൊട്ടാതെ ഇരിക്കാനുള്ള മൃദുവായ ആരൂഢങ്ങളാണു് തെരികകൾ. വലിയകുളം അങ്ങാടിയിൽ പോയി നാലു തെരിക വാങ്ങിക്കൊണ്ടരണമെന്നു് പെറ്റമ്മ കുറെ ദിവസമായി പറയാൻ തുടങ്ങിയിട്ടു്. പെരയിൽ വല്ലതുംകിട്ടാൻ വരാറുള്ള തൂമ്പിത്തള്ളയും തെരികയുണ്ടാക്കും. അഞ്ചു് നയാ പൈസയാണു് ഒരു തെരികയുടെ വില. പറമ്പിൽ നെറയെ വാഴയുള്ള കാലത്തു് പെറ്റമ്മ വാഴയുടെ നാരു് പിരിച്ച നല്ല വട്ടവും കട്ടിയുമുള്ള തെരികയുണ്ടാക്കുമായിരുന്നു. പണിക്കരുടെകാവു കടന്നു് തെക്കാമക്കാരുടെ പറമ്പും കടന്നു് അവിടത്തെ കരിയിലകളും ചവിട്ടിമെതിച്ചു് ഒരു ദീര്‍ഘ നടത്തം. പിന്നെ റോഡ് മുറിച്ചു് കടന്നാൽ മഠത്തികാട്ടില്‍കാരുടെ പറമ്പായി. അതിൽ ഒരു ഒറ്റവീടേയുള്ളൂ. ആൾപാർപ്പില്ല. അതിന്റെ അപ്പുറത്തുള്ള പെരുന്തോടു് ഇറങ്ങണം ദൂരെ അയിനി മരങ്ങളുടെ നീണ്ടനിര. പിന്നെ കുത്തനെ കയറിയാൽ തൊഴുവാനൂരെ പറമ്പു്. ഒരു വലിയ ഇറക്കവും അതിൽ വാ പൊളിച്ചു നിൽക്കുന്ന ഒരു ഗുഹപ്പോലത്തെ തോടും പിന്നെ ഒരു കയറ്റവും. തൊഴുവാനൂരെ പറമ്പിലാണു് മെയ്തുണ്ണി കുട്ട്യാക്കയുടെ കിണറു്. നെല്ലിപ്പടിയൊക്കെ വെച്ചു് ആൾമറകെട്ടിയ നല്ല വാ വട്ടമുള്ള ഒരു കൽക്കിണർ. ദേശത്തുള്ള എല്ലാ മൺകുടങ്ങളും അവിടെ കാത്തിരിപ്പുണ്ടാകും. ഓരോരുത്തരും താന്താങ്ങളുടെ കൈയിലുള്ള പാട്ടയും കയറും പാളത്തൊട്ടിയുമായി വട്ടത്തിൽ നിന്നു് വെള്ളം കോരി കുടങ്ങൾ നിറക്കും. ഞങ്ങൾ കിണറ്റിന്റെ വക്കത്തെത്തി. കാപ്പിക്കാരൻ മെയ്തുണ്ണിക്കായുടെ മണ്‍പ്പാത്രകടയിൽ നിന്നാണു് ആറേഴു് കുടങ്ങൾ വാങ്ങിയതു്. കൂട്ടത്തിൽ ഒരു കായി തൊണ്ടും വാങ്ങിയിരുന്നു. ചില്ലറകാശുകൾ കായിത്തൊണ്ടിലിടും. കണ്ണേങ്കിലെ പൂരത്തിനു് മൂന്നു മാസമേ ഉള്ളൂ. കായ്തൊണ്ടു് ആരും കാണാതെ അമ്മിത്തറയുടെ താഴെ ഒളിപ്പിച്ചു് കുഴിച്ചിട്ടിട്ടുണ്ടു്.
എട്ടോളം മൺകുടങ്ങൾ, രണ്ടു് അലുമിനിയത്തിന്റെ കുടം, രണ്ടു് പ്ലാസ്റ്റിക് ബക്കറ്റ് ഇവയൊക്കെയുമായി ഞങ്ങൾ ബീവുമ്മയുടെ നേതൃത്വത്തിൽ കിണറ്റിന്റെ വക്കെത്തെത്തി. ഉമ്മ എല്ലാവരേയും നോക്കി സൊറപറയാൻ തുടങ്ങി. രണ്ടു തൊട്ടിപ്പാളയാണു് ഞങ്ങളുടെ കൈയ്യിലുള്ളതു്. അതുകൊണ്ടു് വെള്ളം കോരണം. നല്ല കണ്ണീരു പോലത്തെ വെള്ളം. ഒക്കത്തും തലയിലും വെച്ചു് പെങ്ങമ്മാർ നടക്കാൻ തുടങ്ങി. ഒരു ചാലു് വെള്ളം കൊണ്ടുവെച്ചു. ഏറ്റവും അവസാനം കനമുള്ള ബക്കറ്റും പാളത്തൊട്ടിയും കൂട്ടിപിടിച്ചു് ഉമ്മയെ പിന്‍തുടര്‍ന്നു. ഉമ്മ കോന്തല കിടന്നു തലയാട്ടുന്നുണ്ടു്.
തെക്കാമലെ ഉമ്മാവുത്ത നോക്കി നിൽക്കുന്നു. അവർ മൂച്ചിയുടെ കടക്കൽ ചവറു് അടിച്ചു വല്ലത്തിലാക്കി തീയിടുകയാണു്.
“ഔ ന്റെ ബീവു ഈ മക്കളെകൊണ്ടു് ഇങ്ങനെ എടങ്ങേറാക്കണാ അനക്ക്. ഒരു കിണറ് കുത്തിക്കൂടെ അനക്ക്”. “അയിനു് കായി എത്രവേണം”. നടുനിവർത്തി ഉമ്മ പറഞ്ഞു. തെക്കാമക്കാരുടെ നായ ഞങ്ങളെ പിന്‍തുടര്‍ന്നു. ബുള്‍ബുളും ടോമിയും. വാലാട്ടാൻ തുടങ്ങി.
“എന്താ ഈ നായിക്കള്‍ക്ക് ന്റെ വെള്ളം തൊട്ട് നെജ്ജീസാക്കോലോ… നായി അവ്ട്ന്ന് നായി അവ്ട്ന്ന് ” ഉമ്മ നായിക്കളെ ആട്ടി പായിച്ചു. തെക്കാമക്കാരുടെ കിണറ്റിനു് വക്കത്തു് കൊട്ടത്തളത്തിൽ മണപ്പിച്ചു മണപ്പിച്ചു് നായക്കൾ എന്തോ പര്യവേഷണം നടത്തുന്നു. ഞാനാ കിണറും അതിന്റെ ആൾമറയും കപ്പിയും പാട്ടയുമൊക്കെ നോക്കിനിന്നു എന്നാണു് ഞങ്ങള്‍ക്കു് ഇങ്ങനെയൊരു കിണറുണ്ടാവുക. സ്വസ്ഥതയോടെയും സമാധാനത്തോടെയും വെള്ളം കോരി ആര്‍മാതിക്കാൻ കഴിയുക. ഞാനാ കിണറിന്റെ വക്കത്തു് പോയി കിണറിന്റെ ആഴങ്ങളിലേക്കു നോക്കി. അതിന്റെ ആൾമറകൾ തൊട്ടു നോക്കി. പിന്നെ അരുമയോടെ തലോടി ഞങ്ങള്‍ക്കും ഒരു കിണറുണ്ടാകുമോ?
കഷ്ടപ്പെട്ടു് മുക്കികൊണ്ടുവന്ന ആ വെള്ളം പെങ്ങമാര് ഓരോരുത്തരായി കൊട്ടത്തളത്തിലെ തെരികയിൽ പതുക്കെ വെപ്പിച്ചു ഉമ്മ. അതിന്റെ വാവട്ടങ്ങൾ വട്ടോറങ്ങൾ കൊണ്ടും ചിരട്ടകൊണ്ടും മൂടി വെച്ചു. “ആ വെള്ളം മൂടിവെച്ചോളിൻ ഇല്ലെങ്കിൽ കോയിയും പൂച്ചയും തലയിടും. വെള്ളം നെജ്ജീസാക്കും.” പെറ്റമ്മ ചിറ്റിട്ട കാതുകൾ ആട്ടി കൊണ്ടു് താക്കീതു് ചെയ്തു.
“വെള്ളം മുക്കാൻ പോയിട്ടു് പെറമാണിച്ചികൾ വന്നാ. കണ്ണീകണ്ടവരോടൊക്കെ നോനി പറയാൻ നിന്നിട്ടുണ്ടാകും.” ഉമ്മാനെ അരക്കാൽ മിനിറ്റു നേരം കാണാതിരുന്നൂടാ പെറ്റമ്മാക്കു്. ഇല്ലെങ്കിൽ ഓരോ നുരുമ്പിര്യാരങ്ങൾ പറഞ്ഞുക്കൊണ്ടിരിക്കും.
വെള്ളം പെരയിലെ അമൂല്യ വസ്തുവാണു്. കുടിക്കാൻ ഒരു കുടം വെള്ളം. ചായകാച്ചാനും, ചോറു വെക്കാനും ഒരു കുടം, പാത്രം കഴുക്കുവാൻ കുറച്ചു് വെള്ളം, വുളു എടുക്കാൻ, നിസ്കരിക്കുമ്പോൾ, പെരയിലേക്കു് കയറി കാലു് കഴുകാൻ, മുമ്പാരത്തു് മൂളിയിൽ വെക്കാനും ഇങ്ങനെ വെള്ളത്തിനു് പലതരം കണക്കുകളുണ്ടു്. വെള്ളം വെറുതെ കൊപ്പുളിച്ചു കളഞ്ഞാൽ ഉമ്മ ചീത്തപറയും. കുളിക്കാൻ ദൂരെ നീര്‍ക്കോട്ടയിലെ കുളത്തിലേക്കു് പോണം. മകരം, കുംഭം, മീനമാസമായാൽ മീനമാസമായാൽ കുളം അപ്പാടെ വറ്റും. പിന്നെ വെള്ളത്തിനു് പെടാപാടാണു്. കുളിക്കാനുള്ള വെള്ളം തെക്കാമക്കാരുടെ ഓരുവെള്ളമാണു് ശരണം. ആറോ ഏഴോ കോൽ താഴ്ത്തിയാൽ വെള്ളം കിട്ടുമെങ്കിലും ഇതുവരെ കിണറു കുത്തിയിട്ടില്ല. കായി ഇല്ലാത്തതാണു കാരണം. വെള്ളം മുക്കിക്കൊണ്ടു് വന്നു് ക്ഷീണത്തിൽ മരിങ്ങിലും ഒക്കത്തും തുളുമ്പിച്ചാടിയ നനഞ്ഞ സൂരിത്തുണിയോടെ ഉമ്മ ഉരലിൽ ഇരുന്നു.
ഞങ്ങ മുക്കിക്കൊണ്ടു വന്ന വെള്ളം അപ്പാടെ വാങ്ങി ഉമ്മ കുഴിതാളിയിലേക്കു് ഒഴിച്ചു. അടുക്കളയുടെ പുറത്തു് അമ്മിക്കല്ലിനു് സമീപത്തായിട്ടാണു് വലിയ ഓടിന്റെ വട്ടച്ചെമ്പു് വെച്ചിരിക്കുന്നതു്, കിണറില്ലാത്ത കാരണം വേലായുധേട്ടനെ പറഞ്ഞയച്ചു് കുന്ദംകുളത്തെ കുറുക്കൻ പാറയിൽ നിന്നാണു വട്ടച്ചെമ്പു് വാങ്ങിയതു്… മയിൽ വാഹനത്തിന്റെ പുറത്തിട്ടാണു് ആ പെരുവയറനെ കൊണ്ടുവന്നതു്. വേലായുധേട്ടനും ഞാനും കൂടി ഒരുമിച്ചാണു പോയിരുന്നതു്. അന്നാണു് ഞാൻ ആദ്യമായി കുന്ദംകുളത്തെ റീഗൽ ഹോട്ടലിൽ നിന്നു് മസാല ദോശ കഴിച്ചതു്.
ഓടിന്റെ വട്ട ചെമ്പിന്റെ അടുത്തിരിക്കുമ്പോൾ മസാല ദോശയുടെ രുചിയും മണവും ഓർമ്മ വരും. തലച്ചുമടിലും മരിങ്ങിലുമൊക്കെയായിക്കൊണ്ടു വന്ന എട്ടു കുടം വെള്ളം ഉമ്മ വാങ്ങി വട്ടച്ചെമ്പിന്റെ വരണ്ട തൊള്ളയിലേക്കൊഴിച്ചു കൊടുത്തു. “ചെമ്പിന്റെ പൗതിയേ ആയിട്ടുള്ളൂ.”
പെറ്റമ്മ കൂനിക്കൂടി വന്നു് അഭിപ്രായിച്ചു.
ഉമ്മ തട്ടം നേരെയാക്കി പെങ്കുപ്പായത്തിന്റെ ചുവന്ന നാടയിൽ തട്ടിയ പാളയുടെ നാര് തട്ടിത്തുടച്ചു.
“ഒരുപോക്കും കൂടി പുഗ്ഗല്ലേ”
ഉമ്മ വെള്ളത്തട്ടം മാടി വെച്ചു് നിരത്തി വെച്ച കുടങ്ങളുടെ കഴുത്തിലേക്കു് നോക്കി. അടുക്കളപ്പുറത്തെ അറ്റത്തെ പരുക്കനിട്ട നിലത്തിന്റെ മൺചുമരിന്റെ അറ്റത്തു് ഇരുന്നിരുന്ന ഉലക്കയെടുത്തു് ഉമ്മ അടുക്കയുടെ ഉരലിലിരിക്കുന്ന മുക്കിൽ വെച്ചു.
“ആ പത്തയപ്പെട്ടിയിൽ നിന്ന് പാത്തേ… രണ്ടിടങ്ങഴി നെല്ലെടുത്ത് കുത്താൻ നോക്ക്”
“മൂത്ത പെങ്ങളാണു് പാത്ത എന്ന ഫാത്തിമ്മ” ആസ്യ എന്ന അച്ചുവിനു് താഴെ ബീവുമ്മ അടുപ്പിച്ചടുപ്പിച്ചു് എന്നെയും ഇജാസിനേയും പെറ്റപ്പോൾ പാത്തക്കുട്ടിക്കു് അഞ്ചിൽ വെച്ചു് പഠിപ്പു് നിറുത്തേണ്ടി വന്നു.
താത്ത എന്ന ഫാത്തിമ വടിക്കിനിയിലേക്കു് പോയി. ഒരു കൊമ്പോറത്തിൽ രണ്ടിടങ്ങഴി പുഴുങ്ങി ഉണക്കിയ പൊക്കാളി നെല്ലെടുത്തു അടുക്കളയിലേക്കു് വന്നു. വട്ടോറങ്ങൾ വന്നു. ഉലക്കകൾ മുക്കിലിരുന്നു് ഞങ്ങൾ തയ്യാറാണു് തയ്യാറാണു് എന്നു് അറ്റത്തെ ഉലക്കച്ചിറ്റു് കാട്ടി ചിരിക്കാൻ തുടങ്ങി.
അപ്പോൾ മുറ്റത്തു് വന്ന വേലായുധേട്ടനെ താത്ത നെല്ലു കുത്താൻ വിളിച്ചു.
സദാ വിളിപ്പുറത്തുള്ള വേലായുധേട്ടന്റെ മണ്ണു് കൊണ്ടുള്ള ഓലപ്പെര ഞങ്ങളുടെ പറമ്പിന്റെ തെക്കേ അതിരിൽ തന്നെയാണു്.
“വേലായിയേ… പാത്തയെ ഒന്നു് സകായിക്ക്”
“രണ്ടു് ഉലക്കയിട്ടു് കുത്തിയാൽ പത്തു് മിനിട്ട് നെല്ലു് വെളുത്തു് അരിമണിയാകും”
ബീവുമ്മയെ പിന്തുടർന്ന വെള്ളം മുക്കു് സംഘങ്ങൾ അടുക്കള വളഞ്ഞു് നടക്കാൻ തുടങ്ങി. ബുൾബുൾ ടോമി എന്നീ നായ്ക്കളും അവരെ പിന്തുടർന്നു.

വെള്ളം മുക്കു് സംഘം തിരിച്ചു വന്നപ്പോഴേക്കും രണ്ടിടങ്ങഴി നെല്ലു് രണ്ടു് ഉലക്കയിട്ടു് കുത്തി വെളുപ്പിച്ചിരുന്നു താത്തയും വേലായുധേട്ടനും.
രണ്ടാമത്തെ മുക്കു് വെള്ളവും ചെമ്പിലൊഴിച്ചപ്പോഴേക്കും ചെമ്പിന്റെ മുക്കാൽ ഭാഗമായി.
“എരമംഗലത്ത് നൂറു മത്തിക്ക് ഒരു റുപ്പികയാണെന്ന് കേട്ടു.”
“വേലായിയേ ഇജ്ജി ഒരു റുപ്പികക്ക് മത്തി വാങ്ങിക്കൊണ്ടന്നേ”
അപ്പോഴേക്കും ശ്രീലങ്ക പ്രക്ഷേപണ നിലയത്തിലെ പാട്ടും വെച്ചു് മർഫിറേഡിയോയുമായി വേലായുധേട്ടൻ കയ്യാലയിലേക്കു് പോയിരുന്നു. അടുക്കളയിൽ തകൃതിയായ പണികളാണു് ഇനിയുള്ളതു്. ഉച്ചയ്ക്കു് എല്ലാവരും തിന്നു വെച്ച പാത്രങ്ങൾ വെണ്ണീറിട്ടു് ഉരച്ചു വൃത്തിയാക്കുകയാണു് ബീവുമ്മ. വെള്ളമില്ലാത്തതിനാൽ കഴുകാത്ത ബസ്സിയും കാസപ്പിഞ്ഞാണങ്ങളും സ്റ്റീലിന്റെ ഗ്ലാസുകളും കൈപ്പാട്ടയും കൂട്ടാൻ കുടുക്കയും കഞ്ഞിയും ചോറ്റിൻകലവും കൊട്ടക്കയിലും ചോറ്റു കൊട്ടയും കൊട്ടത്തളത്തിൽ വെച്ചു നന്നായി തേച്ചുരച്ചു് കഴുകുന്നുണ്ടു് ഉമ്മ.
മുമ്പാരത്തു് ഉപ്പയും മയമുണ്ണി അളിയനും തമ്മിലുള്ള ചതുരംഗക്കളി തീരാറായിരിക്കുന്നു. ചാന്തിട്ട നിലത്തു് അറുപത്തിനാലു കളങ്ങളിൽ പോരാടിത്തളർന്ന വാഴക്കരുക്കൾ തേരും ആനയും കാലാളുകളും യുദ്ധത്തോൽവിയോടെ ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. മയമുണ്ണി അളിയന്റെ മന്ത്രിയുടെ തലയിൽ ഉറുമ്പരിക്കുന്നുണ്ടു്.
പേർഷ്യക്കാരൻ മൊയ്തുണ്ണിക്കു് തന്നെയാണു് ഇന്നും ജയം.
കളി മതിയാക്കി കളങ്ങൾ മായ്ചു് ഉപ്പ എന്നെ നീട്ടി വിളിച്ചു.
“സഊദ് …”
“സഊദ്”
ഞാൻ ഫസ്റ്റ് ഗിയറിൽ ഭയഭക്തി ബഹുമാനങ്ങളോടെ അറ്റൻഷിതനായി. പുറത്തു് മകരമഞ്ഞിൽ പൊതിഞ്ഞ ഒരു തണുത്ത കാറ്റു് ഞങ്ങളുടെ മുഖദാവു് തഴുകിക്കൊണ്ടു് കുളത്തിന്റെ വക്കത്തെ രാമച്ചക്കടുകളിൽ പോയി ഒളിച്ചു.
ഒരു സുലൈമാനി വേണമായിരുന്നു വന്ദ്യ പിതാവിന്. അദ്ദേഹം തന്റെ കൊമ്പൻ മീശ പിരിച്ചു വെള്ളത്തലേക്കെട്ടു് അഴിച്ചു വെച്ചു് ഉമ്മയെ വിളിച്ചു് രണ്ടു് കോഴിമുട്ട കൊണ്ടുവരാൻ ആജ്ഞാപിച്ചു.
“കുടീലു് എന്തെല്ലാം കടസാരങ്ങള് ഇണ്ടു്. ഇങ്ങളെ ഒരു മുട്ടച്ചായ” ആവി പാറുന്ന തിളച്ച കട്ടൻ ചായയിലേക്കു് രണ്ടു് കോഴിമുട്ടകൾ പൊട്ടിച്ചു് ഉപ്പ തൊണ്ടു് താഴത്തെ തെങ്ങിന്റെ കടക്കലേക്കിട്ടു. ബുൾബുളും ടോമിയും മുട്ടത്തോടു് കടിച്ചു് മണപ്പിക്കുന്നുണ്ടു്. മൊളയാനുള്ള എട്ടു് പത്തു് പിടക്കോഴികളും അടുക്കളയുടെ ഭാഗത്തു് ചുറ്റിത്തിരിയുന്നുണ്ടു്. താത്ത ആച്ചു പെറ്റമ്മ എന്നിവർ കൂട ഒഴിച്ചു് മത്തി നന്നാക്കാൻ തുടങ്ങി. മൂന്നു നാലു കാടൻ പൂച്ചയും ഞങ്ങളുടെ കുറിഞ്ഞിപ്പൂച്ചയും മത്തി നന്നാക്കുന്നതിനു് ചുറ്റിലുമുണ്ടു്. വെളിയങ്കോടു് നേർച്ചക്കുള്ള തേങ്ങാപ്പിരിവുകാർ മുറ്റത്തു് വന്നു് ആനക്കാര്യം പറഞ്ഞു് തർക്കത്തിലാണു് ഉമ്മ തലയിൽ തട്ടി അടുക്കളയിൽ തന്നെയാണു്. പെട്ടെന്നു് ചൂലെടുത്തു് അമ്മിക്കു് ചുറ്റുമുള്ള മണ്ണും പൊടിയും വൃത്തിയാക്കാൻ തുടങ്ങി.
അടുക്കളയിലെ മൂന്നു് മണ്ണടുപ്പുകളിൽ നിന്നു് കനലുകൾ വാരിയെടുത്തു് വെണ്ണീറിൻ പുരയിലേക്കു് പതുങ്ങിപ്പോകുന്നതും ഉമ്മ തന്നെയാണു്. ഞാൻ അടുക്കള വാതിലിന്റെ കട്ടിളപ്പടിയിലിരുന്നു മത്തി നന്നാക്കുന്നതിലേക്കു് പ്രേക്ഷകനായി. നല്ല പഞ്ഞീനുള്ള മത്തിയാണു് തരിപ്പഞ്ഞീനും പഞ്ഞീനും ഒരു ചേമ്പിലയിൽ വെവ്വെറെയാക്കി വെക്കുന്നു. ഉമ്മ ഓലക്കുടിയും മടലും കൊതുമ്പും അരിപ്പാക്കുടികളും വീസനയിലുണ്ടു്.
ഒരടുപ്പിൽ അരി വേവിക്കാനുള്ള വലിയ അലൂമിനിയക്കലം വെച്ചു. രണ്ടാമത്തെ അടുപ്പിൽ കൂട്ടാൻ കലവും മൂന്നാമത്തെ അടുപ്പിൽ ചീനച്ചട്ടിയും തയ്യാറായി. നേരം ഇരുട്ടിത്തുടങ്ങി… കോഴികൾ കൂട്ടിലേക്കു് കയറി. ഉസ്മാൻക്ക കോളേജ് വിട്ടു വന്നു. ഉമ്മ ഇക്കാക്കക്കു് നല്ല നുരയും പതയുമുള്ള, മുട്ടച്ചായയും ഒരു പാത്രത്തിലിട്ടു് തേങ്ങ ചേർത്ത അരിമണി വറുത്തതും കൊടുത്തു.
ഉപ്പ വെള്ളത്തലേക്കെട്ടു് കെട്ടി തന്റെ കൊമ്പൻ മീശ പിരിച്ചു് അടുക്കളയിലേക്കു് വന്നു. എല്ലാവരും അമ്മിയുടെ ഭാഗത്തേക്കു് പോയി. ആച്ചു അരവിലാണു്. തേങ്ങയരച്ചു് വറുത്ത കൊത്തമ്പാലിയും അമ്മിക്കല്ലിൽ കിടന്നു് അമ്മിക്കുട്ടിയിലൂടെ ഇളകി മറിഞ്ഞു.
ഇരുട്ടു് തിക്കു് മുട്ടിത്തനെ പറമ്പിലേക്കു് വന്നു.
ഉമ്മ എന്നോടു് റാന്തലിനു് ചില്ലു് തുടച്ചു വിളക്കു കത്തിക്കാൻ പറഞ്ഞു. ഇടനാഴിയിൽ നിന്നു് നാലു് ചിമ്മിനിവിളക്കിലും കമ്പി റാന്തലിലും മണ്ണെണ്ണ ഒഴിച്ചു് വിളക്കു് കത്തിച്ചു് കട്ടിലപ്പടികളിൽ വെച്ചു. വീട്ടിലിപ്പോൾ ചിമ്മിനി വിളക്കിന്റെ അരണ്ട മ്ലാനമായ വെളിച്ചവും മുമ്പാരത്തു് റാന്തലിന്റെ ചിതറി ഉടഞ്ഞ ചില്ലു വെളിച്ചവും പരന്നു.
ധാരാളം മത്തിയുള്ള ദിവസം ഉപ്പ അടുക്കളയിൽ കയറി മത്തി തപ്പിടാറുണ്ടു്. നന്നാക്കി വൃത്തിയാക്കിയ മത്തി മസാലക്കൂട്ടുകളും തേങ്ങ ചിരണ്ടി വേവിച്ചു് ചീനച്ചട്ടിയിൽ ഉള്ളിയരിഞ്ഞതും വേപ്പിലയുമൊക്കെ ചേർത്തു് പാകത്തിന് ഉപ്പു് ചേർത്തു് നല്ല ദമ്മിൽ മേലെ വാഴയില വെച്ചു് കെട്ടി നല്ല ചൂടിൽ വേവിക്കുന്നു. ചീനച്ചട്ടിയുടെ മേലെ വാഴയില കൊണ്ടു് കെട്ടി മേലെ നന്നായി കനലിട്ടു് വെക്കും ഒരു മണിക്കൂർ കൊണ്ടു് ഐറ്റം റെഡിയാക്കി ഉപ്പ പോയി.
അടുപ്പിന്റെ അണിയിലിരുന്നു് ഇരുന്നും കുനിഞ്ഞും ഉമ്മ അടുപ്പുകളുമായി യുദ്ധത്തിലാണു്.
കനലൂതുന്ന ഉമ്മ നല്ല കലിപ്പിലുമാണു്.
മയമുണ്ണി അളിയൻ പിന്നെയും വന്നിട്ടുണ്ടു്. പുറത്തു് മഞ്ഞു് പെയ്യുന്നുണ്ടെങ്കിലും തണുപ്പു് ഇപ്പോൾ അത്ര തന്നെ കുത്തിനോവിക്കുന്നില്ല. ഉപ്പ തലയിൽ തണുപ്പിനെ ചെറുക്കാൻ മഫ്ളർ കെട്ടിയിട്ടുണ്ടു്. മുമ്പാരത്തെ ചാന്തിട്ട നിലത്തു് പുതിയ ചതുരംഗക്കളവും പതിനാറു് കരുക്കളും. ചിമ്മിനി വെട്ടത്തിലിരുന്നു് കളി തുടങ്ങി.
ചോറു് വെന്തു് ചോറ്റു കൊട്ടയിൽ ഊറ്റിവെച്ചു. കൂട്ടാൻ കുടുക്ക തിളച്ചു് മറിഞ്ഞു. തപ്പിട്ട മത്തി പെറ്റമ്മ ഉറിയിലേക്കു് വെച്ചു. രണ്ടാമത്തെ ഉറിയിൽ നിന്നു് ഉപ്പാക്കു് കൊടുക്കാനുള്ള പാൽ കൈപ്പാട്ടയിലേക്കു് പാർന്നു വെച്ചു ബീവാത്തുട്ടി താത്ത. കുഞ്ഞിമ്മാടെ മകളാണു് ബീവാത്തുട്ടിത്താത്ത – അടുക്കളയിലെ യോദ്ധാവാണു് താത്ത.
എനിക്കു് ഓർമ്മ വെച്ച നാളേ അവരും ഉമ്മയെ സഹായിക്കാനായി പെരയിലുണ്ടു്.
ചോറും കൂട്ടാനുമൊക്കെ തയ്യാറായി.
ഉപ്പാക്കും മയമുണ്ണി അളിയനും മുമ്പാരത്തു് പായയിൽ സുപ്ര വിരിച്ചു് ചോറു് വിളമ്പി. അവർക്കു് കൈ കഴുകാൻ വലിയ മൂളിയിൽ തന്നെ വെള്ളം വെച്ചു തിണ്ണയിൽ.
ഞങ്ങൾ അടുക്കളയിൽ നാലു് പലകയിൽ നിരന്നിരുന്നു് ചോറു് തിന്നാനിരുന്നു.
പെറ്റമ്മ വെയ്ച്ചു, അച്ചു വെയ്ച്ചു, താത്തയും വേലായു ചേട്ടനും വെയ്ച്ചു. ഉസ്മാൻക്കയും ഇജാസും വെയ്ച്ചു.
നേരം ഒമ്പതരയായി.
ഞാൻ അടുക്കളയിൽ ചെന്നു് നോക്കുമ്പോൾ കാലിയായ ചോറ്റു കൊട്ടയിലേക്കു് നോക്കി ഉമ്മ തള്ളക്കയിലു് കൊണ്ടു് ബാക്കിയായ കഞ്ഞി വെള്ളം കോരിക്കുടിക്കുന്നതു് കണ്ടു.
രാത്രിയിൽ ഉമ്മ ഉപ്പയുടെ പുറം തലോടുന്നതു് കണ്ടു.
ഉമ്മ ഉറങ്ങുന്നതു് അന്നൊന്നും ഞാൻ തീരെ കണ്ടിട്ടില്ല.
നദികളും പുഴകളും കായലുകളും സമുദ്രങ്ങളും ഉറങ്ങാറില്ലാത്തതു പോലെ ഉമ്മയും ഉറങ്ങാറുണ്ടായിരുന്നില്ല.
“എന്നാണു് ഈ പറമ്പിൽ ഒരു കിണറു് കുത്തി കുറച്ചു് വെള്ളം കുടിച്ചു് ദാഹവും മോഹവും തീരുക. അല്ലാഹു തൗഫീഖ് ചെയ്താൽ അടുത്ത വേനൽക്കു് നമുക്കു കിണറു് കുത്തണം”. അരിമണി വറുത്തതും ശര്‍ക്കരചായയും കൂട്ടി കുടിക്കുന്നതിനിടയിലൂടെ ഉമ്മ പറഞ്ഞു.
“ഇങ്ങളെ തന്തക്കു് ആവതുള്ള കാലം വരെ ഒന്നിനും ഒരു കുഴപ്പവുമുണ്ടാവില്ല. ഇന്റെ ബദിരീങ്ങളെ” നിസ്കാരപായിലിരുന്നു് ഉമ്മ ഇതും പറഞ്ഞു് ദുആ ഇരക്കുന്നതു് ഞാൻ സുബഹിക്കു് കണ്ണിറുക്കി കിടന്നു് കേള്‍ക്കാറുണ്ടു്.
ഉപ്പാക്കു് തീരെ വയ്യത്രെ. ശ്വാസംമുട്ടു് കൂടി പേർഷ്യൻ ജീവിതം അവസാനിപ്പിച്ചു് അദ്ദേഹം നാട്ടിലെത്തുമെന്നു് കഴിഞ്ഞമാസം കത്തിലുണ്ടായിരുന്നു. അനവധി കാലമായത്രെ ഉപ്പ പേർഷ്യയിൽ പോകാൻ തുടങ്ങിയിട്ടു്. ഒരു സ്റ്റേഷനിലും വിശ്രമിക്കാനാകാതെ തളര്‍ന്നു് കരിതുപ്പിയ ദീര്‍ഘയാത്ര കഴിഞ്ഞു് വന്ന ഒരു കരിവണ്ടി പോലെ നാട്ടിലെ ആദ്യ പേർഷ്യക്കാരൻ തന്റെ വീടണഞ്ഞു. ഒരു രാത്രിയായിരുന്നു ഒരു ഇടറിയ ചിമ്മിനി വിളക്കിന്റെ ക്ഷീണിച്ചു് ആടിയുലഞ്ഞ വെളിച്ചത്തിൽ പിതൃമുഖത്തേക്കു് സൂക്ഷിച്ചു് നോക്കി.
ഉമ്മ പറഞ്ഞു ഉപ്പയാണു്.
ഇക്കാക്കമാരും ഇത്താത്തമാരും പറഞ്ഞു. ഉപ്പയാണു്.
കൊമ്പൻ മീശ കണ്ടു് മാറി നിന്ന എന്നെ കോരിയെടുത്തു് പിന്നെ ചേർത്തണച്ചു. ഉമ്മ വെച്ചു. പരുപരുത്ത കൈകൊണ്ടു് മേലാകെ തലോടു്. സിഗരറ്റിന്റെ മണം.
അന്നു് രാത്രി ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. ആ സന്തോഷം കുറച്ചു് ദിവസമെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനു് സൂക്കേടാണത്രെ. ശ്വാസം മുട്ടല്‍. ആസ്മ രോഗം പിന്നെ ഞങ്ങള്‍ക്കെന്നും ശ്വാസം മുട്ടുന്ന കോലായക്കാലമായിരുന്നു. ആശുപത്രിയിലേക്കുള്ള പോക്കുകള്‍, മരുന്നിന്റെയും ഗുളികകളുടെയും വലിയ പൊതികള്‍ അവിടേയും ഇവിടേയുമൊക്കെ കാണുന്നു. അടുപ്പിന്റെ അണിയിൽ കഷായ മണം പരന്നു കിടക്കുന്നു. ശ്വാസം കിട്ടാത്ത കോലായത്തിന്റെ പുറം തടവി ഉമ്മയും. കുറച്ചു ദിവസം കഴിഞ്ഞു് കറപ്പനാശാരിയെ ആളയച്ചു വിളിപ്പിച്ചു കിണറിന്റെ സ്ഥാനം കണ്ടു. കുറ്റിയടിച്ചു. കിണറു് കുത്തുന്ന മെയ്താക്കയും പരിവാരങ്ങളും വന്നു. കിണറു് കുഴിക്കാൻ തുടങ്ങി. മണ്ണെടുത്തു് മേലേക്കു് മറിച്ചു. മൂന്നു് നാലു് കോലു് ആഴമായി. മെയ്താക്കയും അഞ്ചാറു് പണിക്കാരും എന്നും വന്നു് കിണറു് കുഴിച്ചു് കുഴിച്ചു് അടിയിലേക്കു് പോയി. ഓരോ ദിവസവും നാലുമണിയാകുമ്പോൾ ഞങ്ങൾ മൺകുടങ്ങളുമേന്തി വെള്ളം തേടിയുള്ള യാത്ര തുടര്‍ന്നു. ഒടുവിൽ ഏഴു് കോലായപ്പോഴേക്കും ഉറവ കണ്ടു. പിന്നേയും രണ്ടു മൂന്നു് കോലു് കുഴിച്ചു. ആദ്യ കവിൾ വെള്ളം എല്ലാവരും കോരിക്കുടിച്ചു. അങ്ങനെ ആ സ്വപ്നം സാക്ഷാൽക്കരിച്ചു. വെള്ളത്തിനുവേണ്ടിയുള്ള മൺകുടങ്ങളുമേന്തിയുള്ള യാത്ര അവസാനിച്ചു. ഞങ്ങൾ പാളയിലും പാട്ടയിലും വെള്ളം കോരി ആര്‍മാതിച്ചു. അടുത്തവീട്ടുകാരൊക്കെ വെള്ളം മുക്കാനായി ഞങ്ങളുടെ കിണറിലുമെത്തി. കുലൂപ്പിയുടെ ഭാര്യ ആമിനാത്ത, കാള ്യമ്മേടത്തി, ജാനകി, ചിന്നു, പാത്താത്ത, കുമാരേട്ടൻ, വേലായി അങ്ങനെ പരശതം ആളുകൾ കുടങ്ങളുമേന്തി ഞങ്ങളുടെ കിണറ്റിന്റെ വക്കത്തും വന്നു. ഉമ്മ ആശ്വാസത്തോടെ കണ്ണീർ വാർത്തു. ഇനി കിണറിനു് നെല്ലിപ്പടി വെക്കണം. കൽക്കിണർ ആക്കി മാറ്റണം. തെക്കു് പടിഞ്ഞാറെ മുക്കിലെ പെരും അയിനി മുറിച്ചുവിറ്റു. ആയിരത്തിഅഞ്ഞൂറു് രൂപക്കു്. കല്ലിറക്കി. നെല്ലിപ്പടിയുടെ പലക കുളത്തില്‍കൊണ്ടയിട്ടു. ഒരു മാസം അതു് അവിടെ കിടന്നു. ഒരു വിഷുവിനു് നെല്ലിപ്പടി വെച്ചു. ഉപ്പ ശ്വാസംമുട്ടോടുകൂടി കിണറിന്റെ വക്കത്തു് വന്നിരുന്നു് ഏങ്ങി ഏങ്ങി ശ്വാസത്തിനായി വലഞ്ഞു് എല്ലാം നോക്കി നിന്നു. കറപ്പനാശാരിയെ വീണ്ടും വിളിപ്പിച്ചു. കറപ്പനാശാരി വന്നു നെല്ലിപ്പടിയുടെ പണിതുടങ്ങി. അദ്ദേഹം തന്റെ തിളങ്ങുന്ന കഷണ്ടിയും കാണിച്ചു് നെല്ലിപ്പലകയിലിരുന്നു് നെരങ്ങി നെരങ്ങി ഒരു വൃത്തമുണ്ടാക്കി. പിന്നെ അതു് കൂട്ടിയോജിപ്പിച്ചു. ആ വൃത്തം കയറിട്ടു് കിണറ്റിലേക്കിറക്കി. അന്നു് വിശേഷദിവസമായിരുന്നു. നെല്ലിപ്പടിവെക്കുന്ന ദിവസം. ചായയും പത്തിരിയുമുണ്ടാക്കി. ഇബ്രാഹിം മുസ്ല്യാര് വന്നു് യാസീൻ ഓതി ദുആ ഇരന്നു. നെല്ലിപ്പടി ഇറക്കി വെച്ചു് കറപ്പനാശാരി പോയി. പിന്നെ കല്ലു് ചെത്തലായിരുന്നു. അയിനി വിറ്റ പണം കിണറു് പണിക്കു് നിര്‍ബാധം ചെലവഴിച്ചുക്കൊണ്ടിരുന്നു. കല്‍പ്പണിക്കാരൻ മാമുക്ക വന്നു് കിണറ്റിലിറങ്ങി പടുക്കാൻ തുടങ്ങി. ചെങ്കല്ലുകൾ താഴേക്കിറങ്ങി. ഒരു കോലു്, രണ്ടു് കോലു്, മൂന്നു് കോലു് കണക്കു്. ചുവന്ന വൃത്തം മേലേക്കു് ഉയരാൻ തുടങ്ങി. അവസാനം അതു് നിലതാനമെത്തി. സിമന്റും മണലുമിട്ടു് ആൾമറകെട്ടി കപ്പിയും കയറും ഘടിപ്പിച്ചു. ആ കല്‍പ്പടവിൽ 19-05-74 എന്നു് ഇക്കാക്ക എഴുതി വെച്ചു. കിണറിന്റെ പണി പൂർത്തിയായി. കപ്പി കിരികിരാ… കുലുങ്ങി ചിരിക്കാൻ തുടങ്ങി. പലരും കിണറു് കാണാൻ വന്നു. ഉമ്മ ആശ്വാസത്തോടെ കിണറിന്റെ വക്കത്തിരുന്നു. ഒരു കൈപ്പാട്ട വെള്ളമെടുത്തു് ആശ്വാസത്തോടെ കോരിക്കുടിച്ചു.

പൊന്നാനിയിലെ എരമംഗലം സ്വദേശി. എരമംഗലത്തെ എൽ. പി., യു. പി. സ്കൂളുകൾ പൊന്നാനി എ. വി. ഹൈസ്കൂൾ കോഴിക്കോടു് ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ആനുകാലികങ്ങളിൽ എഴുതുന്നു 5 പുസ്തകങ്ങൾ. ആസുരനക്രങ്ങൾ, പൊത്തു് (കവിത സമാഹാരങ്ങൾ) വന്നേരിയുടെ വഴിയടയാളങ്ങൾ, (ചരിത്രം) കാഞ്ഞിരവും കാരമുൾക്കാടും (ഓർമ്മ) കണ്ടാരി (നോവെല്ല) എന്നിങ്ങനെ. തിരൂരിലെ എസ്. എസ്. എം. പോളിയിൽ ജീവനം.
ഭാര്യ: ആരിഫ
കുട്ടികൾ: മുബഷിറ, സ്തുതി, ആയിഷ സന.