ഓർമ്മകളുടെ അറ്റത്തു് ചിരിക്കും കരച്ചിലിനുമിടയിലൂടെ ഉറച്ചുപോയ പേരുകളിലൊന്നായിരുന്നു സീതി സാഹിബ് പോളിടെക്നിക്. ആ പേരിന്റെ പിന്നിലെ പൊരുളോ വെളിച്ചമോ അന്നൊന്നും അറിഞ്ഞിരുന്നില്ല. ഇക്കാക്ക അവിടെയാണു് പഠിച്ചിരുന്നതു്. എന്റെ ജനനതീയതിയുടെ കൃത്യത ബോധ്യപ്പെടുത്തുമ്പോൾ അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞിരുന്നു. “ഞാൻ രണ്ടാം വർഷ പരീക്ഷ കഴിഞ്ഞു് വീട്ടിൽ മടങ്ങിയെത്തിയ അന്നാണു് നിന്നെ പ്രസവിച്ചതു്. നീ വലിയ ആളൊന്നും ആകണ്ട.” ഇക്കാക്കയുടെ ആരും അധികമൊന്നും കാണാത്ത ഒരു ആൽബത്തിൽ ഒരു തൂവൽ വെച്ചു് തൊപ്പിയിട്ട എൻ. സി. സി. കേഡറ്റിന്റെ ഫോട്ടോ ഉണ്ടു്. ഇതു് ഞാൻ പോളിടെക്നിക്കിൽ പഠിക്കുമ്പോൾ എൻ. സി. സി.-യിലുള്ള സമയത്തു് എടുത്ത ഫോട്ടോ ആണു്. ഫോട്ടോയിലെ ചെരിച്ചുവെച്ച തൊപ്പിയും അതിലെ തൂവലും മീശ മുളയ്ക്കാത്ത കൗമാരക്കാരന്റെ വലിയ കണ്ണുകളും നോക്കി അത്ഭുതപ്പെട്ടു. “എന്തൊരു ചേലാ ഇക്കാക്കാനെ കാണാൻ.” തൊപ്പിയിലുള്ള ആ തൂവലിന്റെ മനോഹാരിതയിൽ മണിക്കൂറുകൾ മുഴുകി ആ ആൽബം ഒരു രാത്രിയിൽ ഒറ്റയ്ക്ക് ഇരുന്നു കുറേ നേരം കുടിച്ചു വറ്റിച്ചിട്ടുണ്ടു്. എവിടെനിന്നാകാം ഈ തൂവലുകൾ കിട്ടുക. അതുമാതിരിയുള്ള ഒരു തൊപ്പിയും തൂവലും കുപ്പായവും അതിന്റെ ഷോൾഡറിലെ മടക്കും ബട്ടനുകളും കിട്ടാൻ ഒരുപാടു് കൊതിച്ചിട്ടുണ്ടു്. എല്ലാം പോളിടെക്നിക് കാരണമാണു്. ഇക്കാക്ക പോളിടെക്നിക്കിനെക്കുറിച്ചു് പറയാൻ തുടങ്ങിയാൽ പിന്നെ സമദാനിയുടെ വാഗ്ധോരണിയാണു്. സുകുമാർ അഴീക്കോടിന്റെ വൈകാരികതയാണു്. മണിക്കൂറുകൾ പോകുന്നതു് അറിയുകയില്ല. ഏതു കാര്യവും നിർണ്ണയിക്കാനുള്ള നാഴികക്കല്ലാണു് ഇക്കാക്കു് പോളിടെക്നിക്. ഞാൻ പോളി കഴിഞ്ഞു ഒരു വർഷം കഴിഞ്ഞാണു് ഗൾഫിൽ പോയതു്, ഞാൻ പോളിയിൽ പഠിക്കുമ്പോഴാണു് നമ്മുടെ പെര കത്തിയതു്, ഞാൻ പോളിയിൽ പഠിച്ചു് അഞ്ചു വർഷം കഴിഞ്ഞാണു് കല്ല്യാണം കഴിച്ചതു്, പോളിയിൽ നിന്നു് കല്യാണത്തിനു് എച്ച്. പി. മുഹമ്മദ് റാവുത്തർ സാർ വന്നിരുന്നു. അബ്ദുള്ള സാർ വന്നിരുന്നു. ഇവർ വന്നിരുന്നു. എന്നൊക്കെ പറയും. ഇതൊന്നും ആയിരുന്നില്ല പ്രധാനകാര്യം. ഇക്കാക്കയുടെ പോളിടെക്നിക് ബാല്യത്തിലും കൗമാരത്തിലും യൗവ്വനത്തിലും വീടിനോടു് ചേർന്നുള്ള കയ്യാലയിൽ ഒരു ചില്ലുപടമായി ചിരിച്ചുനിന്നിരുന്നു. ഗൾഫിൽനിന്നു് വന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞാൽ അദ്ദേഹം പറയും. “എല്ലാവരും കയ്യാലയിലേക്കു് വാ” ഞങ്ങൾ കയ്യാലയിലേക്കു് കയറും. ഇരുമ്പിന്റെ കസേര എടുത്തു് പുന്നെല്ലിന്റെ മണമുള്ള കയ്യാലയിൽ നിന്നും മാറാലകൾ തുടച്ചു് ആ ഗ്രൂപ്പ് ഫോട്ടോ താഴെ ഇറക്കും. രണ്ടു് ആണിയിലാണു് അതു് ഉറപ്പിച്ചിരുന്നതു്. വേലി കെട്ടുന്ന നേർത്ത കമ്പി തെക്കമ്മൽ പറമ്പിലെ വേലിക്കൽ നിന്നു് പിരിച്ചെടുത്തു് ഇത്താത്തയാണു് അതു ചുമരിൽ പണ്ടു് ഉറപ്പിച്ചതത്രേ. ഒരു ഇരുമ്പു് കമ്പി പിരിച്ചുകെട്ടിയിരുന്നു. “ഇതിലെവിടെയാ… ഞാൻ, ഇജാസ് പറയ്” രണ്ടാമത്തെ വരിയിൽ നാലാമത്തെ ആളാണു് ഇക്കാക്ക. എല്ലാവർക്കും ടൈയും കുപ്പായവുമുണ്ടു്. അദ്ധ്യാപകരിൽ ചിലരുടെ കാലിൽ ഷൂസുണ്ടു്. നടുക്കു് ഇരിക്കുന്ന കോട്ടിട്ട ആളാണു് എച്ച്. പി. മുഹമ്മദ് റാവുത്തർ. ഗ്രൂപ്പ് ഫോട്ടോയിൽ ഇക്കാക്കു് മീശയേ ഇല്ല. ഫോട്ടോയിലുള്ള സകല ആൾക്കാരെയും ഞങ്ങൾക്കു് മനഃപാഠമാണു്. അബ്ദുള്ള സാർ, കാസിം സാർ, ദിനകരൻ, പുഷ്കരൻ, ജോസഫ്, കുട്ടിയാമു, പ്യൂൺ ഹമീദ്, മൊയ്തീൻകുട്ടി ആ പേരുകൾ അങ്ങിനെ നീളുന്നു. ഇവരെയൊക്കെ ഇക്കാക്ക ഞങ്ങൾക്കു് പരിചയപ്പെടുത്തിതരും. ഫോട്ടോയുടെ അടിയിൽനിന്നു് വാലൻ മൂട്ടകളെയും പാറ്റകളെയും തുരത്തി ചുമർ വൃത്തിയാക്കി ഇക്കാക്ക തന്നെ ഫോട്ടൊയെടുത്തു് ചുമരിൽ തൂക്കും. പിന്നെ കർശ്ശന നിർദ്ദേശങ്ങളും ഉണ്ടാകും. ഈ ഫോട്ടോയെങ്ങാനും കേടു വരുത്തിയാൽ നിന്റെ ചുക്കാമണി ഞാനെടുക്കും. ഇക്കാക്ക വലിയ ആളാണു്. ഉപ്പയെക്കാളും ഞങ്ങൾക്കിഷ്ടം ഇക്കാക്കയെയാണു്. മീശയൊക്കെ വച്ചു് കൃതാവും നീട്ടി കൂളിംഗ് ഗ്ലാസും വെച്ചു് സ്റ്റിഫിട്ട കോളറുള്ള പോളിസ്റ്റർ കുപ്പായവും ധരിച്ചു് ഇക്കാക്ക പുറത്തേക്കിറങ്ങുമ്പോൾ ഞങ്ങൾ ഗമയിലങ്ങനെ നോക്കിനിൽക്കും. ഞങ്ങൾക്കു് അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അതു്.

അദ്ദേഹം ഗൾഫിൽനിന്നും വന്നാൽ പിന്നെ എന്നും ഓണവും പെരുന്നാളുമാണു്. പുതിയ കുപ്പായങ്ങൾ കിട്ടും. റബ്ബറും പെൻസിലുകളും അറ്റത്തു് ചുവന്ന കിരീടത്തിൽ പൊതിഞ്ഞ റബറുള്ള നീളൻ പെൻസിലുകൾകൊണ്ടെഴുതിയാൽ നല്ല കടുത്ത നിറമായിരുന്നു. ചിത്രം മാറുന്ന സ്കെയിലുകൾ, ടേപ്പ് റെക്കോർഡുകൾ, വാച്ച് ഇവയൊക്കെ ധരിച്ചു് ഗമയിലാണു് പിന്നെ ഞങ്ങൾ സ്കൂളിൽ പോക്കു്. ഒരു മാസത്തിൽ കൂടുതലൊന്നും ആ സ്നേഹസാമീപ്യം ഞങ്ങളുടെ അടുത്തു് ഉണ്ടാകാറില്ല. ചില രാത്രികളിൽ ഞങ്ങളെ വിളിച്ചുണർത്തി കവിളിൽ തുരുതുരാ ഉമ്മ വച്ചു് പാന്റും കുപ്പായവും ഒക്കെയിട്ടു് ഇരുട്ടിലേക്കിറങ്ങിപ്പോകും. കുറച്ചു ദിവസം ഇക്കാക്ക പോയ ഹാങ് ഓവറിൽ ഞാനും ഇജാസും വിഷാദിച്ചു നിൽക്കും. ഒരാഴ്ച കഴിഞ്ഞാൽ കത്തു വരും. ഉപ്പയും ഉമ്മയും പെറ്റമ്മയും കുട്ടികളുമറിയാൻ… കത്തിന്റെ അടിയിൽ പ്രത്യേകം എഴുതും. കയ്യാലയിലെ പോളി ടെക്നികിന്റെ ഫോട്ടോ നന്നായി നോക്കണം. ഉസ്മാൻ അതെടുത്തു് പൊടി തട്ടി വെക്കണം. കയറുമ്പോൾ സൂക്ഷിക്കണം. ചില്ലു പൊട്ടിക്കരുതു്. ഞങ്ങൾ അന്നുതന്നെ ചിക്കാനിട്ട നെല്ലു വകഞ്ഞുമാറ്റി ഇരുമ്പുകസേരകളുടെ മുതുകിൽ കയറി പോളിടെക്നിക്കിനെ ഇറക്കും. ഫോട്ടോ നോക്കി ആച്ചു പറഞ്ഞു. “ആ നിൽക്കുന്നതു് നാലാമത്തെതല്ലേ ഇക്കാക്ക”. എച്ച്. പി. സാറെയും അബ്ദുള്ള സാറെയും ഹമീദിക്കാനെയും തുടച്ചു വൃത്തിയാക്കി പോളിടെക്നിക്കിനെ പിന്നെയും തൂക്കിയിടും. കത്തിനു മറുപടി എഴുതുമ്പോൾ ഉപ്പ എന്നെക്കൊണ്ടു് എഴുതിപ്പിച്ചു. ‘ഇക്കാക്കാ ഞാൻ ഫോട്ടോ തുടച്ചു് വൃത്തിയാക്കി നേരെ വെച്ചു. പൊടി തട്ടി എന്നു് സ്വന്തം അനുജൻ.’
മുറ്റത്തെ മൂവാണ്ടൻ മാവു് രണ്ടു് പ്രാവശ്യം തളിർക്കുകയും പൂക്കുകയും ചെയ്തു. കുളത്തിന്റെ വക്കത്തെ വരിക്കപ്ലാവിൽ കണ്ടമാനം ചക്കകൾ കായ്ച്ചു. ചക്കക്കുരു ചുട്ടുതിന്നു് രണ്ടു വസന്തം കഴിഞ്ഞു. ഇക്കാക്കയുടെ കത്തും കാശും പലകുറി വന്നു. കയ്യാലയിലെ ഓടു പൊളിഞ്ഞു് ചോരാൻ തുടങ്ങി. ഞങ്ങൾ കയ്യാലയിലേക്കു കയറി. പോളിടെക്നിക്കിനു് എന്തെങ്കിലും സംഭവിച്ചുവോ എന്നു നോക്കി. രണ്ടു കൊല്ലത്തിലധികമായി ഇക്കാക്ക നാട്ടിൽ വന്നിട്ടു്. കല്യാണത്തിനുള്ള ആലോചനകൾ നടക്കുന്നു. ഉമ്മയും ഉപ്പയും കൂടി പെണ്ണുകാണാൻ പോയി. കാര്യമുറപ്പിച്ചു. ഇന്നലെ പോസ്റ്റുമാൻ കുഞ്ഞുക്കുട്ടൻ സൈക്കിളും ചവിട്ടി കാവും കടന്നു് പൂഴിമണൽ താണ്ടി കടന്നു വന്നിരുന്നു. അറബിയുടെ മുഖമുള്ള സ്റ്റാമ്പൊട്ടിച്ചു് കവർ നീട്ടി ഉപ്പ അതു് ഒപ്പിട്ടുവാങ്ങി. അരക്കു് വെച്ചു് ഒട്ടിച്ച കവർ കണ്ടപ്പോഴെ ഉമ്മ പറഞ്ഞു അതു് കുഞ്ഞുമോന്റെ കത്തും കാശുമാണു്. കുഞ്ഞിക്കുട്ടനു രണ്ടുറുപ്പിക പച്ച അരപ്പട്ടയുടെ സിബ്ബ് നീക്കി ഉപ്പ എടുത്തുകൊടുത്തു. സന്തോഷത്തോടെ കുഞ്ഞിക്കുട്ടൻ ഉരുണ്ടുനീങ്ങി. സ്കൂൾ വിട്ടു് വന്നപാടെ സലീനയും ഇജാസും പറഞ്ഞു. “അനക്കറിയ്വോ ഇക്കാക്ക വരുന്നുണ്ടു്. കത്തു വന്നിട്ടുണ്ടു്.” ഞാൻ കോലായിൽ ഉപ്പാന്റെ കണ്ണുവെട്ടിച്ചു് കള്ളിപ്പെട്ടി പരതി. കത്തുകളും കല്യാണക്കത്തുകളും കുറിക്കത്തുകളുമൊക്കെ അവിടെയാണു് വെക്കുന്നതു്. ശബ്ദമുണ്ടാക്കാതെ കത്തു് പുറത്തെടുത്തു നോക്കി. അഡ്രസ്സു വായിച്ചു. ഇക്കാക്കയുടെ കത്താണു്. കത്തിന്റെ ഉള്ള് മണത്തുനോക്കി. നിധി പുറത്തെടുത്തു് വായിക്കാൻ തുടങ്ങി. ‘ഉപ്പയും ഉമ്മയും പെറ്റമ്മയും കുട്ടികളും അറിയുവാൻ മകൻ കുഞ്ഞുമോൻ എഴുതുന്നതു്. ഞാൻ ഈ മാസം 12-ാം തീയതി ഇവിടെനിന്നും പുറപ്പെടും. ബോംബെയിൽ നിന്നു് 13-ാം തീയതി കൊച്ചിയിൽ എത്തും. ഇൻശാ അള്ളാ 13-ാം തീയതി മുഖദാവിൽ കാണാം. എന്നു് സ്വന്തം കുഞ്ഞുമോൻ’. കത്തിൽ തുരുതുരാ ഉമ്മവച്ചു. വടക്കിനിയിലേക്കോടി. ഇരിക്കപ്പൊറുതി കിട്ടുന്നില്ല. ഇക്കാക്ക വരുന്നു.

ഇക്കാക്കയെക്കുറിച്ചോർക്കുമ്പോൾ എന്താണു് ചെയ്യേണ്ടതെന്നറിഞ്ഞുകൂടാ. നിൽക്കാനും ഇരിക്കാനും പറ്റുന്നില്ല. കയ്യാലയിലേക്കോടിക്കയറി. പോളിടെക്നിക്കിനെ നോക്കി. പറമ്പിലേക്കിറങ്ങി ഉമ്മ ആടിനെ നോക്കുന്നു. കോലായിൽനിന്നു് കസേരയെടുത്തു് ചില്ലുഫോട്ടോ താഴെ ഇറക്കി. സലീനയെയും ഇജാസിനെയും വിളിച്ചു. പോളിടെക്നിക്കിന്റെ അടി വൃത്തിയാക്കി. പാറ്റകളെ തുരത്തിയോടിച്ചു. മാറാല തൂത്തു കളഞ്ഞു. രണ്ടാണികളിലേക്കു് പോളിടെക്നിക്കിനെ ഇറക്കിവെച്ചു. എച്ച്. പി.-യുടെ മുഖത്തു് നോക്കി. ഗൗരവം കൂടിയിരിക്കുന്നു.
13-ാം തീയതി ഉച്ചയ്ക്കു് ചോറു കഴിഞ്ഞതിനുശേഷം ഞാൻ എൽ. പി. സ്കൂളിലേക്കു് തിരിച്ചു നടക്കുകയായിരുന്നു. മീറ്ററുവെച്ച കാറുകൾ റോഡിലൂടെ പോകുന്നുണ്ടോ എന്നു് നോക്കി. ഗൾഫുകാർ മീറ്റർ വെച്ച കാറിൽ എറണാകുളത്തുനിന്നു് പെട്ടിയും സാധനങ്ങളുമായി പോയിരുന്നു. റോഡിലൂടെ മീറ്റർ വച്ച കാറു കണ്ടാൽ ആളുകൾ പറയും അതാ ഗൾഫുകാരൻ പോകുന്നു. ഇങ്ങനെ ആലോചിച്ചു പോകുമ്പോഴാണു് ഒരു കാർ കുറച്ചു് അപ്പുറത്തു് ബ്രേക്ക് ചവിട്ടി നിർത്തിയതു്. കൂളിംഗ് ഗ്ലാസ്സിട്ട ഒരാൾ കൈകാട്ടി വിളിച്ചു. ഡോർ തുറന്നു. ഹായ് ഗൾഫ് മണം. അയാൾ ചേർത്തു് അടക്കിപ്പിടിച്ചു. കൂളിംഗ് ഗ്ലാസ്സെടുത്തു മാറ്റിയപ്പോഴാണു് മനസ്സിലായതു്, ഹായ് ഇക്കാക്ക. കാറു് വീടിന്റെ പടിക്കൽ നിർത്തി ചുമട്ടുകാരൻ ബാപ്പുവിനെ കൈകൊട്ടി വിളിച്ചു. പെട്ടിയും സാധനങ്ങളും തലയിൽ വെച്ചുകൊടുത്തു. ഉമ്മയും ഉപ്പയും ആനന്ദാശ്രുക്കൾ പൊഴിച്ചു. ഇക്കാക്ക കയ്യാലയിലേക്കു കയറി. ഫോട്ടോയിലേക്കു നോക്കി. ഇതു പൊടി തട്ടലൊന്നും ഇല്ലേ? ഇതു് ഒരാഴ്ചയ്ക്കു മുമ്പു് ഞാൻ താഴെയിറക്കി വൃത്തിയാക്കിയതാണു്. ഇക്കാക്ക ഡ്രസ്സു മാറാൻ തട്ടിൻപുറത്തേക്കു കയറി. പാന്റും കോട്ടും ഷൂസും അതിന്റെയുള്ളിലെ സോക്സും ബെൽറ്റും അഴിച്ചുവച്ചു. താഴേക്കിറങ്ങിവന്ന ഇക്കാക്കയെ കാണാൻ അയൽവാസികളും അങ്ങാടിയിലുള്ളവരും നിരനിരയായി വരാൻ തുടങ്ങി. ടേപ്പ് റെക്കോർഡറിൽ കാഫുമല പൂക്കാൻ തുടങ്ങി. പെട്ടി തുറക്കാൻ പോകുകയാണു്. ദുബായിയുടെ മണം മണ്ടകത്തുനിന്നു് മുമ്പാരത്തേക്കു് ഒഴുകി. അതു വടക്കിനിയിലും ഇടനാഴികളിലും ചുറ്റിത്തിരിഞ്ഞു. ഫ്ലാസ്ക് പുറത്തെടുത്തു. ഉമ്മാക്കു് തലപൊളിച്ചിലിന്റെ മരുന്നും മീശക്കാരന്റെ എണ്ണയും തിളങ്ങുന്ന പച്ച നിസ്കാരപ്പടവും ദസ്ബിയും ലുങ്കിത്തുണിയും സുറുമകളും നൽകി. ഉസ്മാൻക്കാക്കു് പാർക്കർ 45 സെവണോ ക്ലോക്കും ബ്ലെയ്ഡും ക്രീമും കൊടുത്തു. മിടിമൽകുത്തിയും യാഡ്ലി പൗഡറും ഹീറോ പേനയും പുള്ളിപ്പാവാടയുമായിരുന്നു അച്ചുവിനു്. ഷിഫോൺ സാരിയും സ്വർണ്ണത്തിന്റെ കടകവളയും എടുത്തിട്ടു് ഇക്കാക്ക പറഞ്ഞു. ഇതു് പാത്തക്കുള്ളതാണു്. ഇജാസിനും എനിക്കും കുങ്കുമനിറത്തിലും ചുവപ്പു നിറത്തിലുമുള്ള സ്പെഷ്യൽ കുപ്പായം എടുത്തു് ഉയർത്തിക്കാണിച്ചു. മഫ്ലറും പുതപ്പും ഉപ്പാക്കു് കൊടുത്തു. അമ്മായിമാരെ വിളിക്കാൻ വേലായുധേട്ടനെ പറഞ്ഞയച്ചു.
ഇക്കാക്കയുടെ കല്യാണം വന്നു. ഇത്താത്ത കണ്ണുപൊത്തിപ്പിടിച്ചു് ആച്ചുവിന്റെയും താത്തയുടെയും കയ്യും പിടിച്ചു് ഫോട്ടോക്കു് പോസ് ചെയ്തു് വീട്ടിലെ പുതിയ അംഗമായി. ഞങ്ങളുടെ ഇത്താത്തയായി. പന്തലിൽ ഇരുന്നു് കാക്ക കാരണവന്മാർ നിരന്നിരുന്ന സദസ്സിൽനിന്നും പറയുന്നതു് കേട്ടു. പുയ്യാപ്ല എഞ്ചിനിയറാണു്. തിരൂർ സീതി സാഹിബ് പോളിടെക്നിക്കിലാ ഓൻ പഠിച്ചിരുന്നതു്. ഉപ്പ തലയുയർത്തി സദസ്സിനോടു് ഉറക്കെ പറയുന്നതു് കേട്ടു.
കയ്യാലയിൽ ഇതിനകം പലതരം ഫോട്ടോകൾ സ്ഥാനം പിടിച്ചിരുന്നു. രാംമനോഹർ ലോഹ്യ, ജയപ്രകാശ് നാരായണൻ, അരങ്ങിൽ ശ്രീധരൻ, മധു ദന്തവദേ, മധു ലിമായേ, അശോക് മേത്ത, എം. പി. വീരേന്ദ്രകുമാർ എന്നീ സോഷ്യലിസ്റ്റുകൾക്കൊപ്പം ഇക്കാക്കയും ഇത്താത്തയും ചേർന്നുനിൽക്കുന്ന ഫോട്ടോയും നിരന്നിരുന്നു. അപ്പോഴും സീതി സാഹിബ് പോളിടെക്നിക്കിന്റെ സ്ഥാനം അണുമണിത്തൂക്കം തെറ്റിയാൽ അദ്ദേഹം സമ്മതിച്ചില്ല.
ഇക്കാക്കയോടൊത്തുള്ള ആനന്ദകരമായ നിമിഷങ്ങൾ ഞങ്ങൾക്കു് നഷ്ടപ്പെട്ടു. അമിതാഭ് ബച്ചന്റെ ദീവാർ എന്ന സിനിമയുടെ കഥ ഇടയ്ക്കുവെച്ചു നിർത്തിയതു് മുഴുമിപ്പിച്ചിട്ടില്ല. പോളിടെക്നിക്കിലെ ഹോസ്റ്റലിൽനിന്നു് മുങ്ങി അബ്ദുള്ള സാർ പിടിച്ചപ്പോൾ പിന്നെ എന്തു ചെയ്തു എന്നു പറഞ്ഞില്ല. അറഫാത്തിന്റെ ധീരകൃത്യങ്ങൾ ഇക്കാക്ക വിവരിക്കുന്നതു് കേൾക്കാൻ ഞങ്ങൾ കാതു കൂർപ്പിച്ചു നടന്നു. രണ്ടു മാസം കഴിഞ്ഞു് ടിക്കറ്റ് ഓക്കെയായ വിവരത്തിനു് കമ്പി വന്നു. ഉപ്പായെ കെട്ടിപ്പിടിച്ചു് ഒരു ശ്വാസംമുട്ടുള്ള രാവിലെ വീട്ടിനുള്ളിലാകെ പെരുമഴ പെയ്തു നിറഞ്ഞു. കൈതോലപ്പായയിലിരുന്നു സുബ്ഹി നിസ്കരിച്ചു് ഇക്കാക്ക തിരിച്ചുപോയി. ഉപ്പാക്കു് ആസ്ത്മ കൂടി. ഫ്ലാസ്കും മഫ്ലറും പായയും തൊക്കിൽ വച്ചു് വേലായുധേട്ടന്റെ പുറകിൽ ചൂണ്ടലാശുപത്രിയിലേക്കുള്ള വരവും പോക്കും കൂടി. ശ്വാസം കിട്ടാതെ കോലായ കണ്ടു് മണ്ണുപാടത്തേക്കു് നോക്കി നീട്ടി വിളിച്ചു. ചിറ്റിട്ട കാതുകൾ ഓടിവന്നു. ഇക്കാക്കു് കമ്പിയടിച്ചു. മഫ്ലറും പുതപ്പും തലേക്കെട്ടും അഴിച്ചുവച്ചു് കോലായ യാത്രയായി.
ഇക്കാക്കയുടെ കത്തുകളിൽ ‘ഉമ്മയും പെറ്റുമ്മയും കുട്ടികളും അറിയുവാൻ’ എന്ന എഡിറ്റിംഗ് വന്നു. കത്തുകളുടെ എണ്ണം കുറഞ്ഞു. അരക്കുവെച്ചു് ഒട്ടിച്ച കവറിനു പകരം പരുന്തിന്റെ ചിത്രമുള്ള കവറിൽ ഒരു നീണ്ട കടലാസു് വരാൻ തുടങ്ങി. ഇതു മാറാൻ ഉമ്മയോടൊപ്പം അങ്ങാടിയിൽ പോയി. ഇത്താത്തയും ഗൾഫിലേക്കു പോയതിൽപിന്നെ കത്തുകൾ വല്ലപ്പോഴുമൊക്കെയായി. കയ്യാലയിലെ പോളിടെക്നിക്കിനെ ഇക്കാക്ക തിരക്കാതെയായപ്പോൾ ഞങ്ങൾ വിചാരിച്ചു ഇക്കാക്ക പോളിടെക്നിക്കിനെ മറന്നെന്നു്. ഞങ്ങൾ പിന്നെയും കയ്യാലയിലേക്കു് കയറി. പോളിടെക്നിക്കിനെ താഴെയിറക്കി അരികുകളിൽ മഞ്ഞനിറം കലർന്നിരിക്കുന്നു. അവസാനവരിയിലെ പുഷ്പാകരന്റെയും ജോസഫിന്റെയും തലകൾ പാറ്റകൾ ആക്രമിക്കാൻ തുടങ്ങിയിരുന്നു. ഇക്കാക്കയുടെ അരികിൽ ചാഞ്ഞുനിന്നിരുന്ന സെയ്തൂട്ടിയോടു് ദേഷ്യം തോന്നി. എസ്. എസ്. എം. പോളിടെക്നിക്കിനെ പിന്നെയും നേരെ വെച്ചു.

…അഞ്ചു വർഷം കഴിഞ്ഞാണു് പിന്നെ ഇക്കാക്ക വന്നതു്. കുട്ടികളെ പരിചയപ്പെടുത്തിത്തന്നു. ചുവന്ന വലിയ പെട്ടി തിണ്ണയിൽ സുഗന്ധം പരത്തി. ഇക്കാക്ക താമസം മാറുകയാണു്. രണ്ടു ദിവസം കഴിഞ്ഞാണു് കുറ്റൂസ. ഇക്കാക്ക കയ്യാലയിലേക്കു് കയറി. ആണികൾ ഇളക്കി പോളിടെക്നിക്കിനെ താഴെയിറക്കി. “ഫോട്ടോ കേടുവരാൻ തുടങ്ങിയല്ലോ.” തിണ്ണയിലേക്കു കൊണ്ടുവന്നു് പൊടി തട്ടി വെള്ളംകൊണ്ടു് ചില്ലു തുടച്ചപ്പോൾ എച്ച്. പി.-യുടെ ഗൗരവം കൂടുതൽ കർക്കശമായി. നാളെയാണു് പുരതാമസം. എല്ലാവരും ഇന്നു് വൈകുന്നേരം തന്നെ വരണം. എന്നോടു് ഒരു പഴയ മാതൃഭൂമി പത്രം എടുക്കാൻ പറഞ്ഞു. “എന്തിനാ” ഈ ഫോട്ടോ ഒന്നു പൊതിയണം. പോളിടെക്നിക്കിനെ പൊതിഞ്ഞു് ഇത്താത്തയുടെ കൈയിൽ കൊടുത്തു. എച്ച്. പി. മുഹമ്മദ് റാവുത്തർ സാറും അബ്ദുള്ള സാറും മുസ്തഫ സാറും ഹമീദിക്കയും മൊയ്തീൻ കുട്ടിയും പടിയിറങ്ങിപ്പോകുകയാണു്. റോഡുവരെ ഞങ്ങൾ അനുഗമിച്ചു. കയ്യാലയിലേക്കു കയറി. ആണിപ്പഴുതിലേക്കു് നോക്കി. അവിടെനിന്നു് ഒരു നനവു് വരുന്നുണ്ടോ കയ്യാലയിലെ മുഷിഞ്ഞ ചുവരിൽ ഒരു ദീർഘചതുരം വൃത്തിയിൽ ഒഴിഞ്ഞുകിടക്കുന്നു. ചുമരുകളിലേക്കു് നനവു് പടരുന്നുണ്ടോ? അറിയില്ല. ഞാൻ കണ്ണുകളിൽ വെറുതെയൊന്നു തുടച്ചു. ഇല്ല. കൈവിരലുകൾ നനഞ്ഞിട്ടൊന്നുമില്ല. നരച്ച ചുമരിൽ വൃത്തിയുള്ള ചതുരത്തിൽ രണ്ടു് ആണിപ്പഴുതുകൾ തേങ്ങുന്നുണ്ടോ? എല്ലാവരും കുടിയൊഴിഞ്ഞു് ഇറങ്ങിപ്പോയിരിക്കുന്നു. ഇക്കാക്കയോടൊപ്പം.

പൊന്നാനിയിലെ എരമംഗലം സ്വദേശി. എരമംഗലത്തെ എൽ. പി., യു. പി. സ്കൂളുകൾ പൊന്നാനി എ. വി. ഹൈസ്കൂൾ കോഴിക്കോടു് ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ആനുകാലികങ്ങളിൽ എഴുതുന്നു 5 പുസ്തകങ്ങൾ. ആസുരനക്രങ്ങൾ, പൊത്തു് (കവിത സമാഹാരങ്ങൾ), വന്നേരിയുടെ വഴിയടയാളങ്ങൾ (ചരിത്രം), കാഞ്ഞിരവും കാരമുൾക്കാടും (ഓർമ്മ), കണ്ടാരി (നോവെല്ല) എന്നിങ്ങനെ. തിരൂരിലെ എസ്. എസ്. എം. പോളിയിൽ ജീവനം.
ഭാര്യ: ആരിഫ
കുട്ടികൾ: മുബഷിറ, സ്തുതി, ആയിഷ സന.
ചിത്രീകരണം: വി. പി. സുനിൽകുമാർ