രാത്രി പതിനൊന്നിനു് പോകുന്ന വള്ളങ്ങൾ രാവിലെ അഞ്ചരയോടെയാണു് തിരികെയെത്തി ഹാർബറിൽ നങ്കൂരമിടുക. അവയുടെ നെറുകയിൽ കത്തുന്ന ചുവപ്പും നീലയും വെളിച്ചങ്ങൾ കണ്ടാണു് സൂര്യോദയത്തിനു മുമ്പുള്ള വള്ളങ്ങളുടെ വരവു് കരയിലുള്ളവർ അറിയുന്നതു്. കാട്ടിലെ മരങ്ങൾക്കിടയിൽ പറന്നുകളിക്കുന്ന മിന്നാമിനുങ്ങുകളുടെ വെളിച്ചം പോലെയേ തോന്നൂ അവയുടെ ഈ സിഗ്നൽ വെളിച്ചങ്ങൾ. തിരയുടെ ഊഞ്ഞാലാട്ടത്തിൽ വള്ളങ്ങൾ തലപൊക്കുകയും കുനിക്കുകയും ചെയ്യുന്ന മുറയ്ക്കു് വെളിച്ചം തെളിഞ്ഞും മറഞ്ഞും കാണപ്പെടും. വള്ളങ്ങൾ തുഴഞ്ഞു നീക്കിയിരുന്ന കാലം പോയ്മറഞ്ഞു. ഇപ്പോഴുള്ളവ എൻജിൻ ഘടിപ്പിച്ച വള്ളങ്ങളാണു്. യന്ത്രം പ്രവർത്തിപ്പിച്ചാൽ വള്ളം ശരവേഗത്തിൽ തിരകളെ മുറിച്ചുപായും. മീൻപിടുത്തക്കാരുടെ ജോലിഭാരം അങ്ങനെ കണ്ടമാനം കുറഞ്ഞു. തുഴച്ചിൽ ഇല്ലാതായതോടെ മുക്കുവനു് പണ്ടുണ്ടായിരുന്ന കയ്യൂക്കും കുറഞ്ഞുപോയി.

പണ്ടൊക്കെ ഇവിടുത്തെ രീതി വള്ളങ്ങൾ കരയിലേക്കു് തള്ളിക്കയറ്റുന്നതായിരുന്നു. കടപ്പുറത്തു് വിശ്രമിക്കുന്ന വള്ളങ്ങൾ നിരയായി കിടക്കുന്ന കാഴ്ച ഒരു സുഖം തന്നെയായിരുന്നു. ഇപ്പോഴുള്ള ഇവിടുത്ത കുട്ടികൾക്കൊക്കെ ആ കാഴ്ച കാണണമെന്നുണ്ടെങ്കിൽ ചെമ്മീൻ സിനിമ കാണണം. അതിൽ കൊട്ടാരക്കരയും സത്യനുമൊക്കെ കൂട്ടുകാരോടൊപ്പം തീരമണയുന്ന വള്ളങ്ങളിൽ നിന്നും വെള്ളത്തിലേയ്ക്കു് ചാടിയിറങ്ങി വള്ളം കരയിലേയ്ക്കു് തള്ളിക്കയറ്റുന്നതു് കാണാം. കടപ്പുറത്തു് കയറ്റിയിട്ട വള്ളങ്ങൾക്കിടയിൽ മറഞ്ഞിരുന്നാണു് കറുത്തമ്മയും പരീക്കുട്ടിയും പ്രേമിക്കുന്നതു്.
വള്ളങ്ങൾ ഇപ്പോൾ ഹാർബറിലാണു് അടുപ്പിക്കുന്നതു്. കടലിൽ ചിറകെട്ടിയതോടുകൂടി കടപ്പുറം ഇല്ലാതായി. അതോടൊപ്പം തീരത്തു് ചുരുട്ടിയടിച്ചാർക്കുന്ന തിരകളും കാണാക്കാഴ്ചയായി. കര കല്ലുകെട്ടി മതിലുപോലെ ഉയർത്തിയിട്ടുണ്ടു്. കരയിലെ റോഡിൽ നിന്നാൽ തൊട്ടു താഴെ ചെറുതായി അലകൾ വെട്ടുന്ന കായൽ പോലെ ശാന്തമാണു് കടൽ. ആ കടൽക്കായലിലാണു് എഞ്ചിൻ ഘടിപ്പിച്ച വള്ളങ്ങൾ കെട്ടിയിടുക. യേശുദേവൻ, ഏഞ്ചൽ മേരി, സെന്റ് ആന്റണി, കടൽറാണി, ബിന്ദുമോൾ, മീനാകുമാരി, സെബാസ്റ്റിയൻ, ബിസ്മില്ലാഹ് എന്നിങ്ങനെ പേരും ജാതിയുമൊക്കെയായി പത്തിരുപതു് വള്ളങ്ങളെങ്കിലും സ്ഥിരമായി അവിടെക്കാണും.
വെറുതെ പണിയില്ലാതെ കിടക്കുമ്പോഴും ചില വള്ളങ്ങളുടെ ഉച്ചിയിലെ വിളക്കുകൾ കത്തുന്നുണ്ടാകും. ആരും നോക്കാനില്ലെങ്കിലും ആരോ നോക്കുന്നുണ്ടെന്നു് സങ്കൽപ്പിച്ചു് എപ്പോഴും മുടിയും താടിമീശയും ചിക്കിയൊതുക്കി നടൻ ടോവിനോ ആണു് താൻ എന്നു് ഭാവിച്ചു നടക്കുന്ന നെൽസണെയാണു് അപ്പോൾ പാപ്പച്ചൻ ഓർക്കുക. അവന്റെ മുടിചീകൽ പോലെത്തന്നെ ഈ വള്ളങ്ങളും ഒരു കാര്യവുമില്ലാതെ പകൽസമയത്തും ലൈറ്റ് തെളിയിച്ചു് കിടക്കുന്നു.
വൈകുന്നേരമാണു് ഹാർബറിൽ നിന്നുള്ള കാഴ്ചയുടെ പൂർണ്ണ ഭംഗി ദൃശ്യമാകുന്നതു്. സൂര്യൻ സ്വർണ്ണവും കുങ്കുമവും നിറങ്ങൾ ചരിഞ്ഞ ആകാശത്താകെ വാരിക്കോരി ഒഴിച്ചുവെച്ചിട്ടുണ്ടാവും. തീരത്തിനു് പറങ്ങേണ്ടിയുടെ പോലെയൊരു വളവുണ്ടു്. അതിന്റെ അങ്ങേയറ്റത്തു് ഇംഗ്ലീഷുകാർ പണിത വിളക്കുമാടം ഒരു പുട്ടുകുറ്റി പോലെ ആകാശത്തേയ്ക്കു് എഴുന്നു നിൽക്കുന്നതു് കാണാം. വള്ളക്കാർക്കും കപ്പലോട്ടക്കാർക്കും കരകാണാനുള്ള സംവിധാനമാണു്. സന്ധ്യക്കു് കടലിന്റെ മാറിൽ ഇരുൾ ചാഞ്ഞുതുടങ്ങുന്നതോടെ അതിന്റെ ഉച്ചിയിലെ വിളക്കു് കത്തിക്കും. ഒന്നു് രണ്ടു് മൂന്നു് എന്ന ക്രമത്തിൽ അതിന്റെ വെട്ടം ആഴിയേയും തീരത്തേയും നോക്കി ഒന്നിടവിട്ടു് കൺചിമ്മും. ഒരു ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും ഈ പ്രക്രിയ ആവർത്തിക്കും. വെളിച്ചത്തിന്റെ ഈ ഒളിച്ചുകളിയിൽ എന്തോ തമാശയുള്ളതുപോലെയാണു് പാപ്പച്ചനു് എപ്പോഴും തോന്നുക.
ആ സമയത്തു് ഹാർബറിൽ കെട്ടിയിട്ട വള്ളങ്ങൾ അടിയിലെ ഓളങ്ങളുമായി ചേർന്നു് ഒരു താളമുണ്ടു്. അതൊരു രസമാണു്. തീരദേശപാതയിലൂടെ ഇടയ്ക്കിടെ പായുന്ന കാറുകളുടെയും ബൈക്കുകളുടെയും ശബ്ദവും ഈ താളവും ചേർന്നു് പാപ്പച്ചനു് മാത്രം ആസ്വദിക്കാവുന്ന ഒരു സംഗീതമുണ്ടു്. അതു് കേൾക്കാനാണു് അയാൾ അവിടെ വന്നു് ദിവസവും കുത്തിയിരുന്നതു്. അല്ലാതെ ലോട്ടറി കൂടുതൽ വിറ്റുപോകുമെന്നുള്ളതുകൊണ്ടല്ല. അതിനു് പറ്റിയ സ്ഥലം ഒരു കിലോമീറ്റർ കിഴക്കുള്ള ടൗൺ ബീച്ചു തന്നെയായിരുന്നു. പക്ഷേ, അവിടത്തെ വണ്ടികളുടെയും ആൾത്തിരക്കിന്റെയും ഇടയ്ക്കു് ജീവിതമില്ല. കുറേ ടിക്കറ്റ് മാത്രം വിറ്റുപോയിട്ടു് എന്തോ ചെയ്യാനാ! അതായിരുന്നു പാപ്പച്ചന്റെ ലൈൻ. അതുകൊണ്ടു് അന്നന്നത്തെ ചെലവിനുള്ള കാശ് തടഞ്ഞുകഴിഞ്ഞാൽ പിന്നെയുള്ള സമയം അയാൾ ആ കൽത്തിട്ടയിൽ വന്നിരുന്നു് കടലിനെ നോക്കി സമയം തള്ളിവിടുമായിരുന്നു.
“ഇങ്ങനെ എത്ര ദിവസം കഴിയുമണ്ണാ?”
നെൽസൺ പുറകിൽ വന്നു നിന്നു് ചോദിച്ചു.
ലോട്ടറി വിൽപ്പന ഇല്ലാത്തതുകൊണ്ടു് ഒഴിഞ്ഞ ടിക്കറ്റ് ബോർഡുമായിരുന്ന പാപ്പച്ചൻ തിരിഞ്ഞു നോക്കി. റോഡിൽ ഒരു കുഞ്ഞുപോലും ഇല്ല. ഇടയ്ക്കിടെ പോലീസ് വണ്ടികളല്ലാതെ ഒരു സൈക്കിൾ പോലും ഓടുന്നില്ല. ലോകമങ്ങു് അവധിയെടുത്തതു പോലെ. ഹർത്താലിൽ പോലും ഇമ്മാതിരി അവസ്ഥ കണ്ടിട്ടില്ല.
സൂര്യൻ അസ്തമയത്തിന്റെ പ്രക്രിയയിലാണു്. പാതി വെള്ളത്തിൽ മുങ്ങി ഫോട്ടോയ്ക്കു് പോസുചെയ്യുന്നതുപോലെ. സൂര്യനിൽ നിന്നും തെറിക്കുന്ന മങ്ങിയ വെളിച്ചത്തിൽ തീരമാകെ ചെമ്പുനിറത്തിൽ മുങ്ങി നിൽക്കുന്നു. എവിടെയും മരിച്ച വീട്ടിലേതുപോലെ നിശ്ശബ്ദതയാണു്. വള്ളങ്ങളും അവയ്ക്കടിയിൽ നിന്നും കേൾക്കാവുന്ന പ്ലക്ക് പ്ലക്ക് എന്ന താളവും മാത്രം. ഇപ്പോൾ വള്ളങ്ങളിലെ മിന്നാമിന്നി ലൈറ്റുകൾ സ്ഥിരമായി അണഞ്ഞു് കിടക്കുന്നു.
നെൽസൺ പോക്കറ്റിൽ നിന്നും ചീപ്പെടുത്തു് കാറ്റിൽ പറക്കുന്ന മുടി ചീകിയൊതുക്കാൻ നോക്കി. പക്ഷേ, ചീകും തോറും അതു് കൂടുതൽ അനുസരണക്കേടു് കാണിച്ചു.
“എടാ നെൽസാ, ഈ കൊറോണ ദൈവം നമ്മുക്കു് തന്ന ഒരു ശിക്ഷയാ. പണക്കാരൻ തൊട്ടു് നമ്മളെ പോലെയുള്ള ആപ്പ ഊപ്പകൾ വരെ അവനു് മുന്നിൽ ഒരുപോലാ. കണ്ടില്ലേ എല്ലാ എണ്ണവും വീട്ടിനകത്തു് കേറി പാത്തിരിക്കുന്നെ.”
“കോപ്പാ. നിങ്ങളീ പാസ്റ്ററുമാരെ പോലെ ചെലക്കാതെ. പണക്കാരു് സുഖമായിട്ടു് ചിക്കനും ബ്രാണ്ടിയുമടിച്ചു് വീട്ടിലിരുന്നു് ആഘോഷിക്കുവാ. അവർക്കിതു് ഒരു ലീവ് പോലാ അണ്ണാ. നമ്മളെപ്പോലെയുള്ള കാശിനു് വകയില്ലാത്തവർക്കേയുള്ളു കൊഴപ്പം. പണിയില്ലാതെ നമ്മളെങ്ങനെ കഴിയും. അവന്മാരുടെയൊക്കെ ബാങ്കിൽ പൂത്ത കാശുണ്ടു്.”
പാപ്പച്ചൻ ഇരുത്തി മൂളി.
“നീ പറേന്നതും ശരിയാ.”
“അതേയൊള്ള് ശരി.”
നെൽസൺ അസന്ദിഗ്ദ്ധമായി പ്രസ്ഥാവിച്ചു.
“എടാ മോനെ നെൽസാ. നീ ആ സൂര്യനെ കണ്ടാ. അവൻ ഇപ്പൊ ദാ വെള്ളത്തിൽ മുങ്ങി. ഇനി നാളെ വെളുപ്പിനു് വീണ്ടും പൊങ്ങിവരും എന്നൊറപ്പല്ലേ. അതുപോലാടാ ഈ കഷ്ടകാലവും. അതും വന്നും പോയുമിരിക്കും.”
ലോട്ടറി വിൽപ്പനക്കാരന്റെ അനന്തമായ ക്ഷമാശീലം പാപ്പച്ചൻ ചെറുപ്പക്കാരനായ നെൽസണിനു് പകർന്നു് കൊടുത്തു.
പോർട്ട് റോഡിന്റെ വളവു് തിരിഞ്ഞു് ഒരു പോലീസ് ജീപ്പ് അങ്ങോട്ടു് വരുന്നതു കണ്ടു് രണ്ടുപേരും തൂവാലയെടുത്തു് മുഖം മറച്ചു് അകലം പാലിച്ചു് കടലിലേയ്ക്കു് നോക്കി നിന്നു. ജീപ്പ് പുറകിൽ വന്നു നിന്നു് ഇരമ്പി.
“എന്തുവാടാ ഇവിടെ?”
പാപ്പച്ചനും നെൽസണും കൈലിയുടെ തട്ടു് അഴിച്ചിട്ടു് ഭവ്യത കാട്ടി മിണ്ടാതെ നിന്നു.
“പോ പോ. സ്ഥലം വിട്ടോ.”
അവർ പടിഞ്ഞാറോട്ടു് നടന്നു തുടങ്ങിയപ്പോൾ ജീപ്പ് നീങ്ങിത്തുടങ്ങി.
“നമ്മളെപ്പോലൊള്ള എരപ്പകളോടു മാത്രമേയൊള്ളു ഇവന്മാരടെ മൊട.” നെൽസൺ രോഷം കൊണ്ടു.
റോഡിൽ നിന്നും പുലിമുട്ടിലേക്കിറങ്ങാനുള്ള പടവുകൾ ചവിട്ടിയിറങ്ങി പാറക്കെട്ടുകളിൽ കയറി അവർ നടപ്പു തുടർന്നു. കല്ലുകൾ ചാടിച്ചാടി നെൽസൺ മുന്നേറുകയാണു്. പ്രായം കാരണം കാലുകൾക്കു് ബലം നഷ്ടപ്പെട്ട പാപ്പച്ചൻ മുടന്തിക്കൊണ്ടു് മെല്ലെ പിറകിലും.
ഇവിടെന്തായാലും പോലീസുകാരുടെ ശല്യം കാണില്ല. അവർക്കിപ്പം ആകെയുള്ള പണി ലോക്ക്ഡൗൺ നടപ്പിലാക്കലാണു്. ഇരുപത്തിനാലു് മണിക്കൂറും പോലീസുകാരു് മെയിൻ റോഡിലും ഇടറോഡിലുമെല്ലാം ചുറ്റിത്തിരിയും. ഒരുത്തനെയും മനസ്സമാധാനത്തോടെ വഴിനടക്കാൻ സമ്മതിക്കില്ല. ബൈക്കിൽ ചെത്തുന്ന ചുള്ളന്മാർക്കൊക്കെ ചെലപ്പോ ലാത്തികൊണ്ടു് ചന്തിക്കു് അടിയും കൊടുക്കും. വണ്ടികൾ തടഞ്ഞുനിർത്തി പരിശോധനയാണു്. എന്നാൽ ഈ പുലിമുട്ടിൽ അവന്മാരു് വരത്തില്ലെന്നുള്ളതാ ആകെയൊരു സമാധാനം. ഈ കടലിനെ നോക്കി നിൽക്കാനുള്ള സ്വാതന്ത്ര്യം കൂടി ഇല്ലാതായാൽ പിന്നെ പാപ്പച്ചൻ ജീവിച്ചിരിക്കില്ല.
“ടാ നെൽസാ. ടാ.”
നെൽസൺ കല്ലിൽ നിലയുറപ്പിച്ചു് തിരിഞ്ഞു നിന്നു.
“ഈ ലാക്ക്ഡൗൺ എത്രകാലം കാണും?”
നെൽസൺ പത്രവായനയും ടീവീലെ വാർത്ത കാണക്കവും ഒള്ളവനാ. ലോകകാര്യങ്ങൾ കൊറച്ചൊക്കെ അവനറിയാം.

“കഴിഞ്ഞകൊല്ലം ഇരുപത്തൊന്നു് ദിവസത്തേക്കെന്നും പറഞ്ഞു തുടങ്ങിയതു് അവസാനം എത്ര മാസമാ നീണ്ടേ! ഇതിപ്പം ഒരാഴച്ചയല്ലേ ആയൊള്ളു.”
കയ്യീ പത്തു പൈസയില്ല. സർക്കാരു് തരുന്ന റേഷനാണു് കഥ മുന്നോട്ടു് കൊണ്ടുപോകുന്നതു്.
“നമ്മടെ നാട്ടിലു് കൊറോണ കൊറവാന്നാ കഴിഞ്ഞകൊല്ലം പറഞ്ഞിരുന്നെ. യൂറോപ്പിലും അമേരിക്കേലുമൊക്കെ ഇതു് വന്നു ചാവുന്നവരെ കുഴിച്ചിടാനേ നേരമൊള്ളെന്നും. ഇപ്പോഴോ? നമ്മൾ ലോകത്തൊന്നാമതായി…”
“ഓ നമ്മളൊക്കെ വെറും കീടങ്ങളാടാ.”
പാപ്പച്ചൻ ആകാശം ചുമക്കുന്നതു് നോക്കി കുറച്ചു നേരം നിന്നു. കൈയിൽ പിടിച്ചിരുന്ന ഒഴിഞ്ഞ ലോട്ടറി ബോർഡ് അയാൾ കടലിനു് നേരെ ഉയർത്തിപ്പിടിച്ചു് സൂക്ഷിച്ചു നോക്കി. അതിന്റെ വക്കിലെ ടിക്കറ്റുകൾ വെക്കുന്ന കടിച്ചുപിടികൾ യേശുവിന്റെ മുൾക്കിരീടം പോലെ തോന്നിച്ചു.
“ഇനി ലോട്ടറി ടിക്കറ്റൊക്കെ എന്നെങ്കിലും തിരിച്ചുവരുമോടാ?”
വൃദ്ധന്റെ ചോദ്യം കേട്ടു് നെൽസൺ ചിരിച്ചു മറിഞ്ഞു. പാപ്പച്ചനും വന്നൂ ചിരി. ഈ ലോക്ക്ഡൗൺ കാലത്തു് കച്ചവടം ഇല്ലെങ്കിലും മാറ്റാനാവാത്ത ശീലം പോലെ കയ്യിൽ കൊണ്ടുനടക്കുന്ന ആ പലകക്കഷ്ണം അയാൾക്കു് കടലിലേയ്ക്കു് വലിച്ചെറിയണം എന്നു് തോന്നി.
“അണ്ണാ. ഈ ലോകത്താകെ പ്രശ്നങ്ങളാ. ഭയങ്കര പ്രശ്നങ്ങൾ.”
“എന്നുവെച്ചു് നമ്മടെ പ്രശ്നങ്ങൾ ചെറുതാകുമോടാ.”
നെൽസൺ അയാളുടെ അടുത്തേക്കു് വന്നു.
“അണ്ണാ അങ്ങനല്ല. നമ്മടേതിനേക്കാളൊക്കെ എമണ്ടൻ പ്രശ്നങ്ങൾ ലോകത്തിന്റെ പല ഭാഗത്തും ഉണ്ടു്.”
“അതെന്തോന്നാടാ?”
“യുദ്ധങ്ങൾ, ബോംബ് സ്ഫോടനങ്ങൾ, കുടിയൊഴിപ്പിക്കലുകൾ, പലായനങ്ങൾ, ചാവേറുകൾ, ഭീകരാക്രമണങ്ങൾ, സ്ത്രീകളെയും പെമ്പിള്ളേരേം തട്ടിക്കൊണ്ടുപോകൽ, കൊടും പട്ടിണി. നിങ്ങള് വല്ലപ്പോഴും വായനശാലേ വെച്ചിട്ടൊള്ള ടീവിയെങ്കിലും ഒന്നു് കാണണം.”
പാപ്പച്ചൻ ലോട്ടറിപ്പലക കക്ഷത്തിലേയ്ക്കു് കൂടുതൽ ചേർത്തുവെച്ചു് സൂക്ഷ്മതയോടെ പാറക്കൂട്ടങ്ങളിൽ ചവിട്ടി നടന്നു നീങ്ങി. പുലിമുട്ടു് തീരുന്നിടത്തു് കടപ്പുറത്തേയ്ക്കു് ഇറങ്ങാൻ അയാളെ നെൽസൺ കൈപിടിച്ചു് സഹായിച്ചു. ഇവിടുന്നങ്ങോട്ടു് കടപ്പുറം സാധാരണ പോലെയാണു്. തിരകൾ തീരത്തേയ്ക്കു് പാഞ്ഞു് കയറും.
“ഭയങ്കര പ്രശ്നങ്ങളാ അണ്ണാ.”
പാപ്പച്ചനോടു് പറഞ്ഞിട്ടു് പ്രയോജനമില്ലെന്ന മട്ടിൽ തെല്ലു് നിരാശനായി നെൽസൺ ആവർത്തിച്ചു.
“ആന്നെടാ ഉവ്വേ. എനിക്കു് മനസ്സിലായി. പത്തു് ലോട്ടറി വിക്കാൻ പറ്റിയാ തീരുന്ന പ്രശ്നമേ എനിക്കൊള്ളു. നിനക്കോ?”
ഇരുട്ടു വീണുതുടങ്ങിയ കടപ്പുറത്തുകൂടി അവർ കാലുകൾ വലിച്ചു നടന്നു. പോർട്ടും ഹാർബറും ഇവിടെ നിന്നാൽ ദൂരക്കാഴ്ചയാണു്. കടലിലേയ്ക്കു് നീട്ടിവെച്ചിരിക്കുന്ന ഒരു നാവു് പോലെയാണു് ചിറയുടെ കിടപ്പു്. അതു് പണിതതിൽപ്പിന്നെ ഈ കടപ്പുറത്തെ തിരകളുടെ ഊക്കും വളരേ കുറഞ്ഞിരിക്കുന്നു. വിജനമായിരുന്നു അവിടെയും. സാധാരണ സന്ധ്യാനേരങ്ങളിൽ കുട്ടികൾ ഓടിക്കളിക്കുകയും സ്ത്രീകൾ വട്ടമിട്ടിരുന്നു് വർത്തമാനം പറയുകയും ആണുങ്ങൾ ഉറക്കെ ചിരിയും തർക്കങ്ങളുമായി ചീട്ടുകളിക്കുകയുമൊക്കെയായിരുന്നു അവിടുത്തെ പതിവു്.
പെട്ടെന്നു് ദൂരെ എന്തോ കണ്ടു് ഞെട്ടിയതുപോലെ നെൽസൺ നിശ്ചലനായി..
“അണ്ണാ ആ കെടക്കുന്നതു് ഒരു ബോഡിയല്ലേ?”
നെൽസൺ കൈ ചൂണ്ടിയ ദിക്കിൽ ഒരു കൊച്ചു കുട്ടിയുടെ വലിപ്പമുള്ള എന്തോ ഒന്നു് തിരയിൽ പൊങ്ങിത്താഴുന്നുണ്ടു്. അയാൾ അങ്ങോട്ടേക്കു് ഓടി. പാപ്പച്ചൻ കഴിയുന്ന വേഗത്തിൽ അയാളെ അനുഗമിച്ചു.

അതൊരു വലിയ കടലാമയുടെ അഴുകിത്തുടങ്ങിയ ജഡമായിരുന്നു. ചെറുതായി അതിന്റെ ദുർഗന്ധവും ചുറ്റുപാടും പരന്നിട്ടുണ്ടു്.
“ഹോ എന്റെ ജീവൻ പോയണ്ണാ. എനിക്കു് അലന്റെ കാര്യമാ ഓർമ്മ വന്നേ,” നെൽസൺ മുട്ടിൽ പറ്റിയ മണ്ണു് തട്ടിത്തുടച്ചു പറഞ്ഞു.
പാപ്പച്ചൻ ഒരുമാത്ര ഓർമ്മയിലൊന്നു് ചികഞ്ഞു. അങ്ങനൊരാളെ അയാൾക്കറിയില്ലായിരുന്നു.
“അലനോ? അതാരാ?”
നെൽസൺ കുറച്ചു് ചുവടുകൾ നിശ്ശബ്ദനായി നടന്നു. പിന്നെ പോക്കറ്റിൽ നിന്നും മൊബൈലെടുത്തു് തുറന്നു് എന്തിനോ വേണ്ടി പരതി പാപ്പച്ചനു് ഒരു ചിത്രം കാണിച്ചു കൊടുത്തു. കറുത്ത നിക്കറും ചുമന്ന കുപ്പായവും ഷൂസും ധരിച്ചു് കടപ്പുറത്തു് തിരയിൽ കമിഴ്‌ന്നു് കിടക്കുന്ന ഒരു വെളുത്ത കുഞ്ഞിന്റെ ജഡം.
“ഞാൻ പറഞ്ഞില്ലേ അണ്ണാ. നമ്മടെയൊന്നും ഒരു പ്രശ്നമല്ലെന്നു്. ഇതു് അഞ്ചു വർഷം മുമ്പു് സിറിയയിൽ നിന്നും ബോട്ടേലു് യൂറോപ്പിലേക്കു് രക്ഷപ്പെടാൻ ശ്രമിച്ചു് കടലിൽ മുങ്ങി മരിച്ച അലൻ ക്ദ്ദീടെ ഫോട്ടോയാ. മൂന്നു് വയസ്സേ ഒള്ളവനു്. അവന്റെ അമ്മയും സഹോദരനും കൂടി ചത്തു.”
“അതെന്തിനാടാ അവരു് നാട്ടീന്നു് ഓടിപ്പോന്നെ?”
“അവിടെ മുടിഞ്ഞ കലാപമാ. ആഭ്യന്തരയുദ്ധം. പട്ടാളക്കാരും കലാപകാരികളും തമ്മിൽ നാട്ടിൽ നടക്കുന്ന യുദ്ധം കാരണം ജീവിക്കാൻ കഴിയാതെ അവിടത്തെ ആൾക്കാരു് യൂറോപ്പിലേക്കും മറ്റും ഓടിപ്പോകുവാ. അങ്ങനെ കടലുവഴി രക്ഷപ്പെടാൻ നോക്കിയ ഒരു ബോട്ടുമറിഞ്ഞാ അലൻ മരിച്ചെ.”
ആ ചിത്രം അവരെ മൗനത്തിന്റെ കടലിലേയ്ക്കു് ഏറെ നേരത്തേയ്ക്കു് വലിച്ചുതാഴ്ത്തി. അത്രയ്ക്കു് നെഞ്ചിനെ നുറുക്കുന്നതായിരുന്നു ആ കൊച്ചുകുട്ടിയുടെ മുഖം മണ്ണിലാണ്ടുപോയ നിലയിലുള്ള ആ കിടപ്പു്. ഒരു പക്ഷേ, അതൊരു പാവക്കുട്ടിയായിരുന്നിരിക്കാമെന്നു് പാപ്പച്ചൻ സമാധാനിക്കാൻ ശ്രമിച്ചു.
“എടാ നെൽസാ. അതു് സത്യത്തിലൊള്ളതു് തന്നെയായിരിക്കുമോടാ?”
“എന്തോന്നാ?”
“ആ കൊച്ചിന്റെ പടം. അല്ല. ഇപ്പോഴത്തെ കാലത്തു് ഇമ്മാതിരി പടങ്ങളെയൊന്നും അപ്പടി വിശ്വസിക്കാൻ പറ്റത്തില്ലെന്നു് ഇന്നാള് അച്ചൻ പള്ളിപ്രസംഗത്തി പറഞ്ഞായിര്ന്നു്.”
“നിങ്ങളെന്തുവാ അണ്ണാ പറേന്നെ. ഇതു് ലോകം മുഴുവൻ അറിയപ്പെട്ട പടമാ.”
പാപ്പച്ചൻ അറിയാതെ നെഞ്ചത്തു് കൈ വെച്ചു. ഇക്കാലത്തെ ജീവിതത്തിൽ അയാൾ വളർന്ന ആ കടപ്പുറത്തു് ഒരു മനുഷ്യജഡം അടിഞ്ഞിട്ടുള്ളതായി അയാൾ ഓർക്കുന്നില്ല. പക്ഷേ, കടലിൽ പോയ ചില കൂട്ടുകാരും ബന്ധുക്കളും പല കാലങ്ങളിലായി മുങ്ങി മരിച്ചിട്ടുണ്ടു്. പുരയിൽ നിന്നും ഒരു നേരത്തേക്കുള്ള ചോറും ഒരു തൂക്കുപാത്രം വെള്ളവുമായി കടലിൽ പോകുന്നവർ തിരിച്ചു് അഴുകിയ ശവങ്ങളായി മുങ്ങിത്തപ്പൽക്കാരുടെ വള്ളങ്ങളിൽ തീരത്തെത്തിയിട്ടുണ്ടു്. അന്നാളുകളിലൊക്കെ കടപ്പുറമാകെ ഒരു സെമിത്തേരിയിലെ മൗനത്തിൽ ആഴ്‌ന്നിട്ടുമുണ്ടു്. തിരകൾ പോലും പതിഞ്ഞ ശബ്ദത്തിലെ അലയ്ക്കുകയുള്ളൂ.
നെൽസൺ പറഞ്ഞതു് ഒള്ളതായിരിക്കും. ലോകത്താകെ ഭയങ്കര പ്രശ്നങ്ങളാ. അല്ലെങ്കിത്തന്നെ ആർക്കാ പ്രശ്നങ്ങളില്ലാത്തതു്? ഓരോന്നും ഓരോരോ രൂപത്തിലും ഭാവത്തിലുമാണെന്നു് മാത്രം. പട്ടിണി, ദാരിദ്യം, രോഗം, മരണം, വേദന, വേർപാടു്, അനാഥത്വം, സമാധാനക്കേടു്… ഓ അതിനെങ്ങാനും വല്ല കൊറവുമുണ്ടോ? ഈ ജീവിതം, അതിങ്ങനെയൊക്കെയങ്ങു് പോകത്തേയൊള്ള്. കർത്താവു് പോലും എത്രയോ തല്ലും കല്ലേറും ഏറ്റുവാങ്ങി.
പാപ്പച്ചൻ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്കു് നോക്കി കുരിശു് വരച്ചു.
അടുത്തുകൊണ്ടിരുന്ന സുനാമി കോളനിയിലെ അവരുടെ പാർപ്പിടങ്ങളിലേയ്ക്കു് അവർ മെല്ലെ നടന്നടുത്തു.

കൊല്ലം ശ്രീനാരായണ കോളേജിൽ നിന്നും ഇംഗ്ലീഷ് വകുപ്പു് മേധാവിയായി 2021-ൽ വിരമിച്ചു. ‘പിതൃഹത്യയ്ക്കു് മുമ്പു്’, ‘ഭൂമിഭാഗ്യം’ എന്നീ രണ്ടു് കഥാസമാരങ്ങളും, ആംഗലേയ ഭാഷയിൽ മൂന്നു് കവിതാസമാഹാരങ്ങളും ഒരു കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കൊല്ലത്തു് താമസിക്കുന്നു.
ചിത്രീകരണം: വി. പി. സുനിൽകുമാർ