
“ഒരു ശതാബ്ദത്തിനുമുൻപു്, ഇംഗ്ലണ്ടിലെ ഒക്സ്ഫഡ് സർവകലാശാല നടത്തിയ മതപരങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള പരീക്ഷയെഴുതാനിരുന്നു ബാലനായ ഒരു വിദ്യാർത്ഥി. യേശുക്രിസ്തു പച്ചവെള്ളം മുന്തിരിച്ചാറാക്കിയ മഹാത്ഭുതത്തിന്റെ മതപരവും ആധ്യാത്മികവുമായ അർത്ഥത്തെക്കുറിച്ചെഴുതാനായിരുന്നു ഒരു ചോദ്യം. തങ്ങളുടെ അറിവു് പ്രദർശിപ്പിച്ചുകൊണ്ടു് മറ്റുള്ള വിദ്യാർത്ഥികൾ ദീർഘങ്ങളായ ഉപന്യാസങ്ങൾ എഴുതിക്കൂട്ടിയപ്പോൾ ആ ബാലൻ മാത്രം രണ്ടുമണിക്കൂർ നേരം ഒന്നും ചെയ്യാതെ ഇരുന്നു. പരീക്ഷയുടെ സമയം തീരാറായി. ആ വിദ്യാർത്ഥി ഒരു വാക്കുപോലും എഴുതിയില്ല. അധ്യാപകൻ അവന്റെ അടുത്തെത്തി പറഞ്ഞു എന്തെങ്കിലും എഴുതിക്കൊടുക്കണമെന്നു്. അന്നു കുട്ടിയും പിൽക്കാലത്തു് മഹാകവിയുമായ ബൈറൺ പേനയെടുത്തു് എഴുതി:‘The water met its Master,and blushed’ (ജലം അതിന്റെ ആചാര്യനെ കാണുകയും അരുണവർണ്ണമണിയുകയും ചെയ്തു.)

ഒരു കഥകൂടി. മഹാത്മാഗാന്ധി പറഞ്ഞു: ‘എനിക്കു മൂന്നു് ശത്രുക്കളേയുള്ളൂ. വളരെ എളുപ്പത്തിൽ മെച്ചപ്പെട്ട രീതിയിലാവാൻ സ്വാധീനത ചെലുത്താവുന്ന എന്റെ പ്രിയപ്പെട്ട ശത്രു ബ്രട്ടീഷ് സാമ്രാജ്യമാണു്. എന്റെ രണ്ടാമത്തെ ശത്രു പ്രയാസമാർന്ന ഭാരതീയ ജനതയാണു്. എന്നാൽ എന്റെ ഏറ്റവും ഉഗ്രനായ ശത്രു മോഹൻദാസ് കെ. ഗാന്ധി എന്ന ആളാണു്. അയാളിൽ സ്വാധീനത ചെലുത്താൻ എനിക്ക് ആവുകയേയില്ല.”

ഒന്നുകൂടെയാവട്ടെ: “മൃഗങ്ങൾ ഒരുമിച്ചുകൂടി. മനുഷ്യർ അവരിൽനിന്നു് എല്ലാം എടുത്തുകൊണ്ടു പോകുന്നുവെന്നു പരാതിപ്പെട്ടു. പശു പറഞ്ഞു: ‘അവർ എന്റെ പാലു കൊണ്ടുപോകുന്നു’, കോഴി പറഞ്ഞു: ‘അവർ എന്റെ മുട്ട കൊണ്ടുപോകുന്നു’. പന്നിയുടെ പരാതി: ‘അവർ എന്റെ മാംസം എടുത്തു കൊണ്ടു പോകുന്നു.’ ഒടുവിൽ ഒച്ച് (snail) പറയുകയായി: കഴിയുമായിരുന്നുവെങ്കിൽ അവർ എടുത്തുകൊണ്ടുപോകുമായിരുന്ന ഒരെണ്ണം എന്നിലുണ്ടു്. മറ്റേതിനെക്കാളും അവർക്ക് ആവശ്യമുള്ള ഒന്നു്. എനിക്കു് കാലം എന്നൊന്നുണ്ട്”.
ഇത്തരം ചിന്തോദ്ദീപകങ്ങളായ കഥകൾ ഏറെയുണ്ടു്. ‘Soul Food’എന്ന പുസ്തകത്തിൽ (Soul Food-Stories to nourish the spirit and heart, Edited by Jack Kornfeild and Christina Feldman—An imprint of Harper Collins Publishers, $ 11.50, pp. 366, First Edition, 1996).

നമ്മുടെ ഭാവനാത്മക മണ്ഡലത്തിൽ ഒരഗ്നികണം ഉളവാക്കുന്നതിലാണു് ഓരോ കഥയുടെയും അമൂല്യമായ ശക്തിവിശേഷമിരിക്കുന്നതെന്നു് ഗ്രന്ഥത്തിലെ ആമുഖ പ്രബന്ധത്തിൽ കാണുന്നു. നമ്മുടെ വ്യക്തിനിഷ്ഠമായ ലോകത്തെ അതിശയിച്ചു് സാർവലൗകികമാനുഷികാനുഭവത്തിലേക്കു് നമ്മളെ കൊണ്ടു ചെല്ലാൻ മഹത്വമാർന്ന കഥകൾക്കു് കഴിയുമെന്നും അതിൽ പറയുന്നു: സമാധാനത്തെയും സ്വാതന്ത്ര്യത്തെയും അന്വേഷിച്ചുപോയി സ്നേഹത്തോടും ധൈര്യത്തോടും കൂടി ജീവിക്കാൻ കഥകൾ സഹായിക്കുന്നു എന്നും. ഇതിലെ കഥകൾ വായിക്കൂ. ഇപ്പറഞ്ഞതു് സത്യമാണെന്നു ഗ്രഹിക്കാം. പക്ഷേ ഒറ്റയിരിപ്പിൽ ഈ ഗ്രന്ഥം വായിച്ചു തീർക്കരുതു്. ഒരു കഥ വായിക്കുക. മനനം നടത്തുക. ജ്ഞാനവിജ്ഞാനങ്ങളിൽ അനായാസമായി വായനക്കാർ ചെന്നുചേരും (സാർവലൗകികശക്തിയെ ധ്യാനിക്കുമ്പോൾ കിട്ടുന്നതു് ജ്ഞാനം. വിജ്ഞാനം എന്നതു് അറിവു്). പക്ഷേ, ഇപ്പുസ്തകത്തിലെ കഥകൾ കലാമൂല്യത്താൽ അനുഗ്രഹീതങ്ങളാണെന്ന തെറ്റിദ്ധാരണ വേണ്ട. ലാറ്റിനമേരിക്കൻ സാഹിത്യകാരൻ ബോർഹേസിന്റെ ഒരു കഥ. വേറെ ചിലരുടെ ചില കഥകൾ ഇവയൊഴിച്ചാൽ ശേഷമുള്ള രചനകളാകെ ആധ്യാത്മിക സമ്പന്നത മാത്രം നൽകുന്നവയാണു്. സാഹിത്യഗുണമുള്ള കഥകൾ അനുവാചകരെ ആധ്യാത്മികാധികൃതയിൽ കൊണ്ടു ചെല്ലുന്നവയല്ല. സത്യം, അസത്യം ഈ പരിഗണന കൂടാതെ ഒരുൾക്കാഴ്ച മാത്രം നൽകാനേ കലാപരങ്ങളായ കഥകൾ യത്നിക്കാറുള്ളൂ. ദേവാലയത്തിൽ ഒരു നിലവിളക്കിൽ മാത്രം എരിയുന്ന ഒറ്റ ദീപത്തെയൊന്നു സങ്കല്പിക്കൂ. അതു് ചുറ്റുമുള്ള അല്പാന്ധകാരത്തെ പലായനം ചെയ്യിച്ചു് തെല്ലു ദൂരത്തേക്കു് പ്രകാശം പരത്തുന്നു. അതു കാണുമ്പോൾ നമുക്കും മനസ്സിൽ പ്രകാശമണ്ഡലം. അതിൽ കവിഞ്ഞു് ആ ദീപത്തിനു് ഒരു ലക്ഷ്യവുമില്ല. അജ്ഞാനത്തിന്റെ അന്ധകാരത്തിൽ ആധ്യാത്മികത്വത്തിന്റെ പ്രകാശം വീഴ്ത്തി നമുക്കു ഹൃദയസമ്പന്നത നൽകാൻ Soul Food എന്ന കഥാസമാഹാര ഗ്രന്ഥത്തിനു് കഴിയുന്നു എന്നതുതന്നെയാണു് അതിന്റെ ഉത്കൃഷ്ടത.
ചോദ്യം: സാഹിത്യവാരഫലമെഴുതി മാനസിക രോഗിയാകാൻ തുടങ്ങിയിട്ടുണ്ടോ നിങ്ങൾ?
ഉത്തരം: താങ്കൾ പറയുന്നതിൽ സത്യമുണ്ടു്. ഏതെങ്കിലും ഒന്നിൽ മാത്രം ശ്രദ്ധ പതിപ്പിച്ചാൽ മനസ്സിനു് രോഗമുണ്ടാകും. ശരീരത്തിനും. എപ്പോഴും റ്റെലിവിഷന്റെ മുൻപിലിരുന്നാൽ നേത്രരോഗം തീർച്ചയായും വരും. റ്റെലിഫോൺ റിസീവർ കാതിൽ നിന്നെടുക്കാത്ത സ്ത്രീകൾക്കു് കാതുരോഗം വരും. റ്റൈപ്പിസ്റ്റുകൾക്കു് ഹൃദ്രോഗം. ഒരുപകരണം കാതിൽ എപ്പോഴും ചേർത്തു് മെയ്ൻ റോഡിൽക്കൂടെ നടക്കുന്ന പൊലീസുകാരനു് കാതുരോഗം. എല്ലാ സമയവും കണ്ണിൽ വിപുലീകരണകവചം വച്ചു് വാച്ച് നന്നാക്കുന്നയാളിനു് കണ്ണിനു് സുഖക്കേടു്. മാത്രമല്ല കുനിഞ്ഞിരിക്കുന്നതുകൊണ്ടു് Spondylitis, Spondyloisthesis ഈ രോഗങ്ങൾ വരും. (ആദ്യത്തേതു് നട്ടെല്ലിന്റെ സന്ധികൾക്കു് വരുന്ന വീക്കം രണ്ടാമത്തേതു് താഴത്തെ കശേരുവിൽ നിന്നു മുകളിലത്തെ കശേരു മുന്നോട്ടായി നിൽക്കുന്നതു്). അതുകൊണ്ടു് സാഹിത്യവാരഫലക്കാരനും റ്റെലിവിഷൻ കാണുന്നവർക്കും റ്റെലിഫോൺ താഴെ വയ്ക്കാത്ത സ്ത്രീകൾക്കും പൊലീസുകാരനും വാച്ച് നന്നാക്കുന്നവനും റ്റൈപ്പിസ്റ്റുകൾക്കും risk allowance സർക്കാർ നൽകണം.
ചോദ്യം: അസഹനീയമായ കാലമേതാണ്?
ഉത്തരം: വരാത്ത ചെക്ക്. വരാത്ത മണിയോഡർ. വരാത്ത കാമുകി. വരാത്ത ഉറക്കം ഇവയെ കാത്തിരിക്കുന്ന കാലം അസഹനീയമായ കാലം.
ചോദ്യം: പ്രകൃതി ഉപദ്രവിക്കുമോ. ഉപകാരം ചെയ്യുമോ?
ഉത്തരം: വിടർന്ന നിശാഗന്ധിപ്പൂവു് നോക്കൂ. മഞ്ഞുകാലത്തു് അതു് നീഹാരബിന്ദുക്കൾ അണിഞ്ഞു നിൽക്കും. നിലാവു പരന്നൊഴുകുമ്പോൾ അതു് ഉജ്ജ്വല ശോഭയോടെ വർത്തിക്കും. വർഷകാലത്തു് ജലകണങ്ങൾ ചാർത്തി നിന്നു് അതു് നമുക്കു് ആഹ്ലാദമരുളും. ഉഷ്ണകാലനിശീഥിനിയിൽ ശോഭ വർദ്ധിപ്പിച്ചു നിൽക്കുമതു്. പ്രകൃതി അനുഗ്രഹിക്കുകയേയുള്ളൂ.
ചോദ്യം: വൈരൂപ്യമുള്ളവൾ രായ്ക്കുരാമാനം സുന്ദരിയാകുന്നതു് എങ്ങനെ?
ഉത്തരം: കാറ്റർപിലർ—ശലഭപോതം—പൊടുന്നനെ ഹൃദയഹാരിയായ ചിത്രശലഭമാകുന്നതെങ്ങനെ?
ചോദ്യം: മഹാകവിത്രയത്തിൽ കാണാത്ത ആശയവൈരുദ്ധ്യം ചങ്ങമ്പുഴ ക്കവിതയിൽ കാണുന്നു. വെള്ളത്താമര പോലെ വിശുദ്ധി വഴിയും സ്ത്രീചിത്തത്തെ വാഴ്ത്തുന്ന നിങ്ങളുടെ കവി അടുത്ത നിമിഷത്തിൽ അങ്കുശമില്ലാത്ത ചാപല്യമേ എന്നു് അവളെ വിളിക്കുന്നു. ഈ വൈരുദ്ധ്യം ശരിയോ?
ഉത്തരം: ഒരു നിമിഷത്തിന്റെ പ്രഭാവത്തിനു് വിധേയനായി കാവ്യം രചിക്കുമ്പോൾ ഒരു മാനസികാവസ്ഥ. വേറൊരു നിമിഷത്തിന്റെ പ്രഭാവത്തിനു് അടിമപ്പെടുമ്പോൾ മറ്റൊരു മാനസികാവസ്ഥ. A poet of impressions എന്നു് നിങ്ങളുടെയും കവിയായ ചങ്ങമ്പുഴയെ വിളിക്കാം.
ചോദ്യം: നിങ്ങളാരു്?
ഉത്തരം: പ്രാപഞ്ചിക സമുദ്രത്തിന്റെ ലയതരംഗത്തിൽ ഒരു നിമിഷനേരത്തേക്കു് കാണപ്പെടുന്ന നീർക്കുമിള.
ചോദ്യം: ദൈവം തമ്പുരാൻ താമസിക്കുന്ന സ്വർഗ്ഗത്തും ലോഡ്ഷെഡ്ഡിങ്ങ് ഉണ്ടോ?
ഉത്തരം: അവിടെ എപ്പോഴും ലോഡ് ഷെഡിങ്ങാണു്. ഒരു നിമിഷത്തേക്കു് അവിടത്തെ ഇലക്ട്രിസിറ്റി ബോർഡ് വിദ്യുച്ഛക്തി നൽകും. അതാണു് മിന്നലായി നമ്മൾ കാണുന്നതു്.

സൗന്ദര്യം കൊണ്ടു് തിരുവനന്തപുരം പട്ടണത്തിൽ ‘സെൻസേഷൻ’ ജനിപ്പിച്ചിരുന്നു ഒരു യുവതി ഒരു കാലത്തു്. വിദൂര ചക്രവാളത്തിൽ മാത്രം കണ്ണുകളുടക്കി അവൾ രാജരഥ്യയിലൂടെ അലസഗമനം ചെയ്യുമ്പോൾ അവളെ കാണാനായി ഇരുവശങ്ങളിലും ആളുകൾ നിരന്നു നിൽക്കും. ലാലാജലമൊഴുക്കിക്കൊണ്ടു് അവിവാഹിതരായ യുവാക്കന്മാർ വീട്ടിലേക്കു് പോയിരിക്കും. വിവാഹിതരായ പുരുഷന്മാർ ഗൃഹങ്ങളിലെത്തി ചിന്താധീനരായി ഇരുന്നിരിക്കും. സംസ്കാരമുള്ള അവർ സഹധർമ്മിണികളെ ഉപദ്രവിച്ചിരിക്കില്ല. എന്റെ സംസ്കാരശൂന്യനായ ഒരു ബന്ധു വീട്ടിൽക്കയറിയ പാടേ ‘എനിക്കു് ഇവളെയാണല്ലോ കിട്ടിയതു്’ എന്നു വിചാരിച്ചു് നേരത്തെ കണ്ട സൗന്ദര്യാതിശയത്തെ മനസ്സിന്റെ ദർപ്പണത്തിൽ ദർശിച്ചു് പാവപ്പെട്ട ഭാര്യയെ മർദ്ദിച്ചിരുന്നു. ആ സൗന്ദര്യധാമത്തെ പങ്കജമെന്നു വിളിക്കട്ടെ. കാലമേറെക്കഴിഞ്ഞു. ഒരു ദിവസം കാലത്തു് സ്ത്രീയെന്നു വിളിക്കാവുന്ന ഒരു പേക്കോലം എന്റെ വീട്ടിൽ കയറി വന്നു. ‘സാർ എന്നെ അറിയില്ല. പക്ഷേ എനിക്കു് സാറിനെ അറിയാം. ഞാൻ പങ്കജം… ഓഫീസിൽ ജോലിയാണു്. എന്റെ ഒരു ബന്ധു ആഫ്രിക്കയിലുണ്ടു്. അദ്ദേഹമെഴുതിയ ചില കഥകൾ… വാരികയിൽ പ്രസിദ്ധപ്പെടുത്താൻ ശുപാർശ ചെയ്യണം, പത്രാധിപരോടു്.’ ശരീര പ്രകൃതം മാറിയ ഒരാളോടും ഞാൻ ‘എന്തേ ഈ മാറ്റം?’ എന്നു ചോദിക്കില്ല. ചോദിക്കാതെ തന്നെ അവർ പറഞ്ഞു: ഞാൻ പ്രകൃതി ചികിത്സ നടത്തുകയാണു്. അതു കൊണ്ടാണു് എനിക്ക് ഇപ്പോഴത്തെ ഈ മാറ്റം.
ഒരുകാലത്തു് ആകൃതി സൗഭഗത്തിന്റെ മൂർത്തീമദ്ഭാവമായിരുന്ന ഒരു ‘രാഷ്ട്രീയക്കാരൻ’ പിൽക്കാലത്തു് വാനരന്റെ രൂപമാർന്നു് കഥ പറയുന്ന ആളിനെ കാണാൻ വന്നപ്പോൾ അയാൾ (കഥ പറയുന്ന ആൾ) അമ്പരന്നു പോയതിനെക്കുറിച്ചു് ശ്രീ. മലയാറ്റൂർ രാമകൃഷ്ണൻ ഹൃദ്യമായ ഒരു കഥയെഴുതിയതിനെക്കുറിച്ചു് ഞാനിപ്പോൾ ഓർമ്മിക്കുന്നു. എന്റെ പരിചയക്കാരായ രണ്ടു പ്രഫസർമാർ പണ്ടു സുന്ദരന്മാരായിരുന്നു. ഇന്നു് അവർക്ക് ഓറാങ്ങ്-ഊട്ടാന്റെ ഛായയാണു്. അവരും പച്ചിലകൾ തിന്നു പ്രകൃതി ചികിത്സ നടത്തുന്നു. നടത്തട്ടെ. തങ്ങൾ രോഗവിമുക്തരായിയെന്നു് അവർ പ്രഖ്യാപിക്കുമായിരിക്കും. അതു സത്യവുമായിരിക്കും. ഞാൻ പ്രകൃതി ചികിത്സയുടെ നിന്ദകനല്ല. എങ്കിലും സുന്ദരിയും സുന്ദരന്മാരും ‘വൈരൂപ്യത്തിനു് ആസ്പദ’മെന്ന മട്ടിൽ മാറിപ്പോയപ്പോൾ എനിക്കു് ദുഃഖം. അത്രേയുള്ളൂ.

പ്രകൃതി ചികിത്സ കൂടാതെ തന്നെ കവിതയ്ക്കു് മാറ്റം വരും. സൗന്ദര്യം അപ്പോൾ വൈരൂപ്യമാകും. അതിസുന്ദരങ്ങളായ കാവ്യങ്ങൾ രചിച്ച വള്ളത്തോൾ പൊടുന്നനെ വൈരൂപ്യത്തിന്റെ സ്രഷ്ടാവായി. ‘കർമ്മഭൂമിയുടെ പിഞ്ചുകാൽ’ എഴുതിയ കവി ‘സ്റ്റാലിൻ ഹാ’ എന്ന പാട്ടക്കവിതയും എഴുതി. ആദ്യകാലയളവിൽ ഉത്കൃഷ്ടങ്ങളായ ഭാവഗീതങ്ങളും ആഖ്യാനപരങ്ങളായ കാവ്യങ്ങളും രചിച്ച വേഡ്സ്വർത്ത് ജീവിതത്തിന്റെ ഉത്തരാർദ്ധത്തിൽ സൃഷ്ടിച്ച വൈരൂപ്യം ഓർമ്മിക്കാൻ പോലും വയ്യ. രണ്ടു കവികളുടെയും പദസൗന്ദര്യം പോയി. ലയം പോയി. ആശയരമണീയകം പോയി.

നമ്മുടെ കഥാകാരന്മാർക്കും ഇതു തന്നെ സംഭവിച്ചു. ബുദ്ധിമാനായ വൈക്കം മുഹമ്മദ് ബഷീർ അതു് മനസ്സിലാക്കി നിശ്ശബ്ദനായി വർത്തിച്ചു. പത്രക്കാരൻ കഥ ആവശ്യപ്പെടുമ്പോൾ ഒട്ടൊക്കെ ദീർഘങ്ങളായ കത്തുകളേ അദ്ദേഹം എഴുതിക്കൊടുത്തുള്ളൂ. അതായിരുന്നില്ല പി. കേശവദേവിന്റെ സ്ഥിതി. ഭേദപ്പെട്ട കൊച്ചു നോവലുകളും വായിക്കാൻ കൊള്ളാവുന്ന ചെറുകഥകളും ഒരു കാലത്തു് എഴുതിയ അദ്ദേഹം സാഹിത്യത്തിന്റെ പേരിൽ വൈകൃതങ്ങൾ സൃഷ്ടിച്ചു. തങ്ങളുടെ ഉറവ വറ്റിയെന്നു് സാഹിത്യകാരന്മാർ അറിയണം. അറിഞ്ഞില്ലെങ്കിൽ അവർ ബീഭത്സത സൃഷ്ടിച്ചുകൊണ്ടിരിക്കും.

മുകളിൽപ്പറഞ്ഞതൊക്കെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘അരുണയുടെ അനിയത്തി’ എന്ന ചെറുകഥയെഴുതിയ ശ്രീമതി ഷൈല സി. ജോർജിനു് ചേരുകയില്ല. കാരണം അവർ ബീഭത്സത തന്നെ ആദ്യമേ സൃഷ്ടിച്ചിരിക്കുന്നു എന്നതാണു്. ഇംഗ്ലീഷിൽ നോസ്റ്റാൽജിയ എന്നും മലയാളത്തിൽ ഭൂതകാലത്തെക്കുറിച്ചുള്ള തീവ്രസ്മരണയെന്നും പറയുന്ന മാനസിക നിലയെ ചിത്രീകരിക്കാനാണു് കഥാകാരിയുടെ യത്നം. അനിയത്തി ഭൂതകാലത്തേക്കു് തിരിച്ചു പോകുന്നു. ചേച്ചിക്കു് അതിനു് കഴിയുന്നില്ല. സഹോദരിമാർക്കു സാമാന്യമായുള്ള ഭൂതകാലത്തെ അനിയത്തി വീണ്ടെടുക്കുന്നതായും ചേച്ചി ദുഃഖിക്കുന്നതുമായുള്ള അനുഭൂതി ഉണ്ടാകേണ്ടതല്ലേ വായനക്കാരനു്? കഥാരചനയിലുള്ള അവിദഗ്ദ്ധത കൊണ്ടു് കഥാകാരിക്കു് അതിനു് കഴിയുന്നില്ല. അന്യോന്യ ബന്ധമില്ലാത്ത, വൈകാരികത്വമില്ലാത്ത കുറെ വാക്യങ്ങൾ ഉപന്യാസത്തിന്റെ രൂപത്തിൽ ശ്രീമതി എഴുതി വച്ചിരിക്കുന്നതു കൊണ്ടാണു് ഇതിനു് ബീഭത്സത എന്ന പേരു ഞാൻ ഇട്ടതു്.

എന്റെ മുത്തച്ഛൻ അയ്മനം കുട്ടൻപിള്ള (അയ്മനം അരുന്ധതീ റോയി യുടെ നോവലിലെ അയ്മനം തന്നെ) പേരുകേട്ട ഗുസ്തിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (എന്റെ അമ്മൂമ്മ) രണ്ടാമതു് ഗർഭിണിയായിരുന്ന കാലത്തു് ഭർത്താവിനോടൊരുമിച്ചു ശയിച്ചു ഒരുദിവസം. അയ്മനം കുട്ടൻപിള്ള പഞ്ചാബുകാരനായ പരീതുഖാൻ എന്ന പ്രസിദ്ധനായ ഗുസ്തിക്കാരനു് കൈ കൊടുത്തിരുന്ന കാലം. (പിന്നീടു് നടക്കുന്ന ഗുസ്തിക്കു വേണ്ടിയുള്ള പൂർവ്വകാലച്ചടങ്ങാണു് കൈകൊടുക്കൽ) പരീതുഖാനെ കുട്ടൻപിള്ളയ്ക്കു് പേടിയായിരുന്നു. ഗോദയിൽ വന്നാൽ അയാൾ കാലുമടക്കി പ്രതിയോഗിയുടെ തുടയിൽ ഒരടി അടിക്കും. അതോടെ പ്രതിയോഗി മുട്ടുകുത്തും. അങ്ങനെ വിചാരിച്ചു വിചാരിച്ചു കുട്ടൻപിള്ള ഉറങ്ങിപ്പോയതു കൊണ്ടാവാം കൂടെക്കിടന്ന ഭാര്യയെ പരീതുഖാനായി സങ്കല്പിച്ചു് അദ്ദേഹം ഗുസ്തിക്കാരനെ പിടിക്കുന്നതുപോലെ കടന്നുപിടിച്ചു. ഗുസ്തി മുറകൾ കാണിച്ചു. ഭാര്യ നിലവിളിച്ചു. അവരുടെ നിലവിളി കേട്ട ബന്ധുക്കൾക്കു് മുറിയിൽ ചെല്ലാൻ സാധിച്ചില്ല. സാക്ഷയിട്ടിരുന്നു ദമ്പതികളുടെ ശയനമുറിയുടെ വാതിലിൽ. കുട്ടൻപിള്ളയ്ക്കു് ബോധം വന്നപ്പോൾ ലക്ഷ്മിക്കുട്ടി ഗർഭമുടഞ്ഞു താഴെക്കിടക്കുന്നതു് അദ്ദേഹം കണ്ടു. അടുത്ത ദിവസം അവർ മരിച്ചു പോകുകയും ചെയ്തു.

സ്വീഡനിലെ നാടകകർത്താവായിരുന്ന സ്റ്റ്രിൻഡ്ബർഗ്ഗ് രണ്ടാമത്തെ ഭാര്യയായ ഫ്രൈഡയുമായി ഉറങ്ങുകയായിരുന്നു. പെട്ടന്നു നാടകകർത്താവു് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊല്ലാനായി അവളുടെ കഴുത്തിൽ പിടിയമർത്തി. പിടഞ്ഞു് ഒരു വിധത്തിൽ രക്ഷ നേടിയ ഫ്രൈഡ എന്തിനു് തന്നെ കൊല്ലാൻ പോയിയെന്നു് സ്റ്റ്രിൻഡ്ബർഗ്ഗിനോടു ചോദിച്ചു. അദ്ദേഹം ഉത്തരം പറഞ്ഞതു് തനിക്ക് ആദ്യത്തെ ഭാര്യയോടു് വെറുപ്പു് ഉണ്ടായിരുന്നുവെന്നും അവളെ ഞെരിച്ചുകൊല്ലാൻ ആഗ്രഹിച്ചിരുന്നുവെന്നുമാണു്. കൂടെക്കിടന്നതു് ആദ്യഭാര്യയാണെന്നു വിചാരിച്ചാണു് ഞാൻ അവളുടെ കഴുത്തു് ഞെരിച്ചതെന്നും സ്റ്റ്രിൻഡ്ബർഗ്ഗ് പറഞ്ഞു. അയ്മനം കുട്ടൻപിള്ളയെപ്പോലെ സ്റ്റ്രിൻഡ്ബർഗ്ഗിനെപ്പോലെ കഥാംഗനയെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കരുതു് കഥാകാരന്മാർ. സഹശയനം നടത്തിയെങ്കിലും സാരമില്ല.

മിൻ ലൂ ബർമ്മയിലെ കവിയാണു്. 1990-ൽ അദ്ദേഹത്തിനു് ഏഴു വർഷത്തെ തടവു വിധിച്ചു സർക്കാർ. 1992-ൽ അദ്ദേഹത്തെ അവർ മോചിപ്പിച്ചു. പക്ഷേ മിൻ ലുവിന്റെ കൂട്ടുകാർ ഇപ്പോഴും ജയിലിലാണു്. അദ്ദേഹത്തിന്റെ ഒരു കവിത:
“ഞാൻ ഒരിക്കലും കേട്ടിട്ടില്ല
ചെറിയ വയറിളക്കം ഭേദമാക്കാനായി
വയറു മുഴുവൻ കീറിപ്പിളർന്നതായി.
ഞാൻ ഒരിക്കലും കേട്ടിട്ടില്ല
ചിതൽ ഒരു പുസ്തകം നശിപ്പിച്ചതുകൊണ്ട്
ഒരു ഗ്രന്ഥസഞ്ചയം മുഴുവൻ കത്തിച്ചു കളഞ്ഞതായി.
ഞാൻ ഒരിക്കലും കേട്ടിട്ടില്ല
മധുര പലഹാരങ്ങൾക്കു വേണ്ടി കരഞ്ഞ കുട്ടിയെ
ശാസിക്കാനായി
അവനെ കുത്തി മലർത്തിയതായി.
ഞാനൊരിക്കലും കേട്ടിട്ടില്ല
രാജരഥ്യയെസ്സംബന്ധിച്ച നിയമങ്ങളെ
ചെറിയതോതിൽ ലംഘിച്ചവർക്ക്
മരണശിക്ഷ വിധിച്ചതായി.
പക്ഷേ ഞാൻ കേട്ടിട്ടുണ്ട്
ഒരേയൊരു ദിവസം
ധർമ്മരോഷം പ്രകടിപ്പിച്ച ഒരു ചെറിയ കുറ്റത്തിനായി
ജീവിതകാലമത്രയും നാടുകടത്തൽ
എന്ന നിന്ദ്യമായ ശിക്ഷ നൽകപ്പെട്ടതായി.”
(Index 5/97—Banned Poetry)

ഞാൻ പണ്ടു് ‘മലയാളനാട്’ വാരികയിലെഴുതിയതാണു് ഇപ്പോൾ ആവർത്തിച്ചു് എഴുതാൻ പോകുന്നതു്; അതു വായിച്ചവരുടെ സദയാനുമതിയോടെ. തിരുവല്ലയിൽ നിന്നു് ബസ്സിൽ കയറി തിരുവനന്തപുരത്തു് അർദ്ധരാത്രിയോടെയാണു് ഞാൻ വന്നെത്തിയതു്. ബസ്സ് വഴിക്കുവച്ചു കേടായിപ്പോയി. വിദ്യാർത്ഥിയായിരുന്ന എന്റെ കൈയിൽ ഹോസ്റ്റലിൽ കൊടുക്കാനും മറ്റും വീട്ടുകാർ തന്ന വലിയ ഒരു സംഖ്യ. തിരുവനന്തപുരത്തെ ചെട്ടികുളങ്ങര അമ്പലത്തിനടുത്തു് ഞാൻ എത്തിയപ്പോൾ രണ്ടുപേർ എന്നെ അനുഗമിക്കുന്നതായി കണ്ടു. ഞാൻ വേഗം നടന്നാൽ അവരും വേഗം നടക്കും. പതുക്കെയാണു് എന്റെ നടത്തമെങ്കിൽ അവരുടെയും നടത്തം പതുക്കെത്തന്നെ. ഞാനും അവരും തമ്മിലുള്ള ദൂരം എപ്പോഴും സ്ഥിരം. എന്നെക്കൊന്നു പണം അപഹരിക്കാനുള്ള യത്നമായിരുന്നു അവരുടേതു്. സൗകര്യമുള്ള സ്ഥലത്തെത്തുമ്പോൾ അവർ ഓടി വന്നു് എന്റെ കഴുത്തു ഞെരിക്കും കൊന്നു് അടുത്തുള്ള റെയിൽപ്പാളത്തിൽ എറിയും. ഞാൻ പേടിച്ചു വിറച്ചു് നടക്കുകയായിരുന്നു. അപ്പോൾ ഒരു സൈഡ് ലെയ്നിൽ നിന്നു് അക്കാലത്തെ ചട്ടമ്പിയും എന്റെ ഒരകന്ന ബന്ധുവുമായ പ്രാവ് തങ്കപ്പൻ മെയ്ൻ റോഡിലേക്കുവന്നു. ‘അല്ല, ഈ രാത്രിയിൽ നീ എവിടെപ്പോകുന്നു’ എന്നു് തങ്കപ്പൻ ചോദിച്ചയുടനെ പിറകെ വന്ന രണ്ടുപേരും ഓടിക്കളഞ്ഞു. അങ്ങനെ ഞാൻ രക്ഷപ്പെട്ടു.

ശ്രീ. ഇലിപ്പക്കുളം രവീന്ദ്രന്റെ ‘ഭൂമിയിൽ ഒരിടം’ എന്ന കഥ വായിച്ചപ്പോൾ (ദേശാഭിമാനി വാരിക) ഞാൻ ഈ യഥാർത്ഥ സംഭവം ഓർമ്മിച്ചു. വീണ്ടും എഴുതുകയും ചെയ്തു. കഥയുടെ വിഷയം ഭയന്നു നടക്കുന്നു. പിറകെ കുറെ ദൂരത്തായി കഥാകാരൻ നടക്കുന്നു. രണ്ടും മല്പിടുത്തത്തിൽ എത്തുന്നില്ല. പ്രാവ് തങ്കപ്പന്റെ സഹായമില്ലാത്തതിനാൽ രണ്ടും തമ്മിലുള്ള ദൂരത്തിൽ ഒരു സെന്റീമീറ്റർ പോലും വ്യത്യാസമില്ലാതെ അനവരതം നടത്തം നിർവഹിക്കപ്പെടുന്നു. ബസ്സപകടത്തിൽപെട്ടു ചിതറിപ്പോയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അമ്മമാരുടെ ദുഃഖമാണു് കഥയുടെ വിഷയം. പക്ഷേ കഥാകാരനു് വാക്കുകൾ കൊണ്ടു് ആ അവസ്ഥാവിശേഷത്തെ. അമ്മമാരുടെ ദുഃഖാധിക്യത്തെ സാക്ഷാത്കരിക്കാനാവുന്നില്ല. താൻ വർണ്ണിക്കുന്ന വിഷയത്തിൽ കഥാകാരൻ ആമജ്ജനം ചെയ്യണം. അതിനെ ഭാവനകൊണ്ടു വികസിപ്പിക്കണം. അതിനൊന്നും രവീന്ദ്രനു് കഴിയുന്നില്ല. അദ്ദേഹം നാട്യത്തോടെ, ദുർഗ്രഹതയോടെ ചില വാക്യങ്ങൾ എഴുതി വയ്ക്കുന്നു. ഒരു വാക്യമിതാ:

‘അഗ്നിപർവ്വതം. ഏതു നേരവും പൊട്ടി ഒലിക്കാവുന്ന ഒന്നു് നെഞ്ചിലേറ്റി ആനി മാത്യു പേടിപ്പെടുത്തിയ ഏതോ ദുഃസ്വപ്നത്തിൽ നിന്നു് ബോധതലത്തിലേക്കു പിഴുതെറിയപ്പെട്ടതിന്റെ സന്ദിഗ്ദ്ധാവസ്ഥയിൽ പുകഞ്ഞുനീറി’. വായനക്കാർക്കു് എന്തു മനസ്സിലായി? എനിക്കൊന്നും ഇതിൽ നിന്നും ഗ്രഹിക്കാനായില്ല. ഇത്തരം ‘ഹാക് വർക്കുകൾ’—hackwork—(ക്ഷുദ്രസൃഷ്ടികൾ) കുറച്ചൊന്നുമല്ല മലയാളസാഹിത്യത്തെ അധഃപതിപ്പിച്ചതു്. അധഃപതിപ്പിച്ചതുകൊണ്ടിരിക്കുന്നത്.

ഞാൻ മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പ്രഭാഷണങ്ങൾ ഏറെ കേട്ടിട്ടുണ്ടു്. ഒരുതരം കനത്ത ശബ്ദത്തിലുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം കാതുകൾക്കു് ഇമ്പം നൽകുകയില്ലെങ്കിലും കേൾക്കുന്നവന്റെ പ്രജ്ഞയ്ക്കു് സംതൃപ്തിയരുളും. ഒരിക്കൽ തിരുവനന്തപുരത്തെ ടൗൺഹാളിൽ അദ്ദേഹത്തിന്റെ പ്രഭാഷണമുണ്ടായിരുന്നു. സ്വാഗതമാശംസിച്ച എന്റെ ഒരു സ്നേഹിതൻ മഹാകവി പഴഞ്ചനാനണെന്ന മട്ടിൽ എന്തോ സൂചിപ്പിച്ചു. അദ്ദേഹം അതുകേട്ടു് ചിരിച്ചുകൊണ്ടിരുന്നതേയുള്ളൂ. സ്വാഗത പ്രഭാഷണത്തിനു് ശേഷം ഉള്ളുർ എഴുന്നേറ്റു് പ്രസംഗം തുടങ്ങി. ‘ഞാനത്ര പഴഞ്ചനാണോ?’ സമകാലിക യൂറോപ്യൻ സാഹിത്യത്തിലെ ചില കൃതികളൊക്കെ ഞാനും വായിച്ചിട്ടുണ്ടു് എന്നു് ആമുഖമായി പറഞ്ഞിട്ടു് അദ്ദേഹം ബെൽജിയൻ നാടകകർത്താവു് മതേർലങ്ങിന്റെ (മറ്റേർലീങ്കിന്റെ) ഉത്കൃഷ്ടങ്ങളായ ചില നാടകങ്ങളെ ചിന്തോദ്ദീപകമായി നിരൂപണം ചെയ്തു. അക്കാലത്തു് ചങ്ങമ്പുഴയ്ക്കോ എസ്. ഗുപ്തൻനായർക്കോ എൻ. കൃഷ്ണൻപിള്ളയ്ക്കോ മാത്രം അറിയാമായിരുന്ന മതേർലങ്ങിന്റെ നാടകങ്ങളെക്കൂറിച്ചു് ഉള്ളൂർ പ്രസംഗിച്ചപ്പോൾ ആ ബൽജിയൻ നാടകകർത്താവിന്റെ പേരുമാത്രം കേട്ടിട്ടുള്ള ഞാൻ അത്ഭുതത്തിനു് അധീനനായി. മതേർലങ്ങിനെക്കൊണ്ടുമാത്രം ഉള്ളൂർ അവസാനിപ്പിച്ചില്ല. പിറാന്തെല്ലൊ യുടെ നാടകങ്ങളെക്കുറിച്ചും അദ്ദേഹം വിമർശനപരമായി പലതും പറഞ്ഞു. ഉള്ളൂർ പഴഞ്ചനല്ല, പുരോഗമികളിൽ പുരോഗമിയായിരുന്നുവെന്നു് ഞാനങ്ങനെ മനസ്സിലാക്കി. ‘ഗിരിജാ കല്യാണ’ത്തിന്റെ കർത്താവു് ഉണ്ണായിവാരിയരാണോ, ‘ഉണ്ണൂനീലിസന്ദേശ’ത്തിന്റെ രചനാകാലമേതു് ഈ വിഷയങ്ങളെക്കുറിച്ചു് മാത്രം ചിന്തിച്ചിരുന്ന ഒരു യാഥാസ്ഥിതിക പണ്ഡിതനാണു് ഉള്ളൂരെന്ന എന്റെ സങ്കല്പം മിഥ്യാസങ്കല്പങ്ങളാണെന്നു് ഞാനങ്ങനെ അറിഞ്ഞു.