സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1997-11-28-ൽ പ്രസിദ്ധീകരിച്ചതു്)

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങൾ മദ്യപാനിയല്ലെന്നു് എനിക്കറിയാം. എങ്കിലും മദ്യനിരോധനത്തെക്കുറിച്ചു് എന്താണു് നിങ്ങളുടെ അഭിപ്രായം?

ഉത്തരം: മനുഷ്യന്റെ സ്വഭാവത്തെയും ശീലത്തെയും നിയമം കൊണ്ടു് നിയന്ത്രിക്കാനാവില്ല. മദ്യപൻ എന്നേ പറയാവൂ. മദ്യപാനി എന്നല്ല.

ചോദ്യം: ഫെമിനിസ്റ്റുകൾ പുരുഷന്മാരെ നിന്ദിക്കുന്നതെന്തിനു്?

ഉത്തരം: നിന്ദനമുണ്ടോ? സംശയമാണു് എനിക്കു്. നിന്ദിക്കലുണ്ടെങ്കിൽ അതു് ശരിയല്ല. പുരുഷൻ ജീവിക്കുന്നതു് സ്ത്രീക്കു് വേണ്ടിയാണു്. സ്ത്രീയെ അവളുടെ ഭർത്താവു് സംരക്ഷിക്കുന്നു. സ്നേഹിക്കുന്നു. ചേട്ടൻ, അച്ഛൻ ഇവർ അവളെ സ്നേഹിക്കുന്നു. അവൾക്കു് ഒരു പോറൽപോലും വരാതിരിക്കാൻ അവരൊക്കെ ശ്രദ്ധിക്കുന്നു. സാഹിത്യകാരികളെ വാഴ്ത്തുന്നതു് പുരുഷന്മാരാണു്. മാധവിക്കുട്ടി, സുഗതകുമാരി, വത്സല ഈ സാഹിത്യകാരികളെ വാഴ്ത്തിയതും വാഴ്ത്തിക്കൊണ്ടിരിക്കുന്നതും പുരുഷന്മാരാണു്. അവർക്കു് സമ്മാനങ്ങൾ നൽകുന്നതും പുരുഷന്മാർതന്നെ. വയലാർ എവോർഡ് പോലെയുള്ള സമ്മാനങ്ങൾ നിശ്ചയിക്കുന്ന ജഡ്ജിംഗ് കമ്മിറ്റിയിൽ ഒരു സ്ത്രീ കൂടിയുണ്ടെങ്കിൽ മറ്റൊരു സ്ത്രീക്കു് എവോർഡ് കിട്ടുകില്ല. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യകരണത്തിലേക്കു് കൊണ്ടുവരുമ്പോഴാണു് പുരുഷനെ നിന്ദിക്കേണ്ടി വരുന്നതു്.

ചോദ്യം: കാണുന്ന ചെറുകഥകളെയെല്ലാം നിങ്ങൾ ആക്ഷേപിക്കുന്നു. ചെറുകഥ എങ്ങനെ എഴുതണമെന്നു് പറയൂ.

ഉത്തരം: നിങ്ങളുടെ കൊച്ചനുജൻ ‘ചേട്ടാ കഥ പറയൂ’ എന്നു് അപേക്ഷിച്ചാൽ നിങ്ങൾ എങ്ങനെ കഥ പറയുമോ അതുപോലെയാവണം കഥാരചന. ലളിതമായി, സ്വാഭാവികമായി കഥ പറയണം. ടോൾസ്റ്റോയിയുടെ ‘How much land does a man need’, റ്റോമസ് മാനിന്റെ‘A railway accident’, ചെക്കോവിന്റെ‘Darling’, സാർത്രിന്റെThe Wall’, കമ്യുവിന്റെThe Guest’, ചേസാറേ പാവേസെയുടെ ‘Suicides’, ഒ. വി വിജയന്റെ‘കടൽത്തീരത്ത്’, ബഷീറിന്റെ‘പൂവമ്പഴം’, തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’—ഈ കഥകളെല്ലാം കൊച്ചുകുട്ടിക്കു് മുതിർന്നവൻ കഥ പറഞ്ഞുകൊടുക്കുന്ന രീതിയിലാണു് എഴുതിയിട്ടുള്ളതു്. Great stories are always simple.

ചോദ്യം:  ജോർജ്ജ് എല്യറ്റോ ജെയിൻ ഓസ്റ്റിനോ?

ഉത്തരം: ജോർജ്ജ് എല്യറ്റ്. അവരുടെ ധൈഷണിക ശക്തിയുടെ ആയിരത്തിലൊരംശം ജെയിൻ ഓസ്റ്റിനില്ല.

ചോദ്യം: നീ നിന്നെ സ്നേഹിക്കുന്നതുപോലെ അയൽക്കാരനെയും സ്നേഹിക്കുക. നിങ്ങൾ യോജിക്കുന്നുണ്ടോ ഇതിനോടു്?

ഉത്തരം: ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നില്ല. ബഹുമാനിക്കുന്നില്ല. പിന്നെ ഞാൻ എങ്ങനെ അയൽക്കാരനെ സ്നേഹിക്കും?

ചോദ്യം: മാന്യനായ ഒരു സാഹിത്യകാരന്റെ പേരു് പറയൂ.

ഉത്തരം: തകഴി ശിവശങ്കരപ്പിള്ള.

ചോദ്യം:  കേശവദേവുംതകഴിയും—എന്തേ വ്യത്യാസം?

ഉത്തരം: കേശവദേവ് സാഹിത്യപഥത്തിൽ മുന്നേറുന്തോറും stiffen ചെയ്തുവന്നു. (stiffen = ഖരാവസ്ഥ വരിക) തകഴി ഓരോ ദിനം കഴിയുന്തോറും flexible ആയി (flexible = വഴങ്ങുന്നവൻ)

വിചാരങ്ങൾ
ജോർജ്ജ് എല്യറ്റ്

1. എൻ. ഗോപാലപ്പിള്ളസ്സാറിനു് ആരോടെങ്കിലും വിപ്രതിപത്തി ഉണ്ടായാൽ അയാളെ എതിർക്കുന്നതു് സവിശേഷമായ രീതിയിലായിരിക്കും. വ്യക്തി വിവേകത്തോടുകൂടി. യുക്തിയോടുകൂടി പറഞ്ഞ അഭിപ്രായത്തിന്റെ ഒരംശമെടുത്തു ഹാസ്യാത്മകമാക്കും അദ്ദേഹം. തിരുവനന്തപുരത്തെ ട്രെയിനിങ് കോളേജിലെ ഒരു സമ്മേളനത്തിൽ ഒരു സാഹിത്യകാരൻ സമകാലിക കവിതയിലാകെ ചോരയാണെന്നു് പറഞ്ഞു. അദ്ദേഹം അതു് ഉദാഹരണങ്ങൾ കാണിച്ചു സമർത്ഥിക്കുകയും ചെയ്തു. ഗോപാലപിള്ളസ്സാറിനു് അതിനോടു് എതിർപ്പുമില്ലായിരുന്നു ഉള്ളുകൊണ്ടു്. പക്ഷേ പ്രഭാഷകന്റെ ഏതോ ഒരു പ്രസ്താവത്തോടു് അദ്ദേഹത്തിനു് നീരസമുണ്ടായിക്കാണും. ഉപസംഹാര പ്രഭാഷണത്തിൽ അദ്ദേഹം പ്രഭാഷകനെ ‘വധിച്ചു’ തുടങ്ങി. ചോര എന്ന വാക്കിനെപ്പിടിച്ചു് അദ്ദേഹം കളിയാക്കൽ നിർവഹിച്ചു. ഒടുവിൽ ‘കവിതയിലായാലും സ്ത്രീകളിലായാലും ചോരപോക്കു് നല്ലതല്ല’ എന്നു പറഞ്ഞു് നിറുത്തി. പ്രഭാഷകൻ നന്നേ ക്ഷീണിച്ചു. ശ്രോതാക്കൾ വളരെനേരം കൈയടിച്ചപ്പോൾ അദ്ദേഹത്തിന്റെ ക്ഷീണത വളരെക്കൂടി.

​​​

പുരുഷൻ ജീവിക്കുന്നതു് സ്ത്രീക്കു് വേണ്ടിയാണു്. സ്ത്രീയെ അവളുടെ ഭർത്താവു് സംരക്ഷിക്കുന്നു. സ്നേഹിക്കുന്നു. ചേട്ടൻ, അച്ഛൻ ഇവർ അവളെ സ്നേഹിക്കുന്നു. അവൾക്കു് ഒരു പോറൽ പോലും വരാതിരിക്കാൻ അവരൊക്കെ ശ്രദ്ധിക്കുന്നു.
ഒ. വി വിജയൻ

ഇന്നത്തെ ചിന്തകന്മാരുടെ രീതിയും ഇതുതന്നെ. ഒരംശം എടുത്തു് അവർ സ്ഥൂലീകരിക്കും. എന്നിട്ടു് ഒരു സാമാന്യ നിയമം രൂപവത്കരിക്കും. ഉദാഹരണം നൽകാം. സ്ത്രീയുടെ ശാരീരികമായ പ്രക്രിയകളിലൊന്നാണു് ആർത്തവം. അതു് സ്ത്രീക്കു് അസുഖകരമാണെന്നു് ആർക്കുമറിയാം. നാലുദിവസം കൊണ്ടു മാറുന്ന അതിനെ അമ്മട്ടിലല്ല തത്ത്വചിന്തകർ കാണുന്നതു്. അതിനെ പീഡനകാലമായി, കാരാഗൃഹവാസമായി സ്ഥൂലീകരിക്കുന്നു, തത്ത്വചിന്തകർ. എന്നിട്ടു് നൂറു നൂറു പുറങ്ങൾ അതിനെക്കുറിച്ചെഴുതുന്നു. ഒരു സത്യാംശത്തിനു് ബൃഹദാകാരം നൽകി അസത്യാത്മകമാക്കുന്ന രീതിയാണിതു്. എന്തിനാണെന്നോ ആർത്തവകാലത്തെ പീഡനകാലമോ തടവുകാലമോ ആക്കുന്നതു്? ചില നിർമ്മാതാക്കളെ സഹായിക്കുന്നതിനാണു്. സ്ത്രീക്കു് ഋതുസ്രാവമുള്ള കാലത്തു് നിർമ്മാതാക്കൾ പ്രചരിപ്പിക്കുന്ന ‘പാഡ്’ ധരിച്ചുകൊണ്ടു് റ്റെനീസ് കളിക്കുന്ന പടം പത്രങ്ങളിൽ അച്ചടിച്ചുവിടും. ഫലം ആ ഉപകരണങ്ങളുടെ ധാരാളമായ ചെലവാകൽ.

സാർതൃ്

ഫുക്കോ ആരു്, ഞാനാരു്? എങ്കിലും എല്ലാം അധികാരംകൊണ്ടു് (power) അദ്ദേഹം വ്യാഖ്യാനിക്കുമ്പോൾ ഒരംശമെടുത്തു് സ്ഥൂലീകരണം നടത്തുകയല്ലേ അദ്ദേഹമെന്നു് എനിക്കു് സംശയം. (ആർത്തവ പ്രക്രിയയെക്കുറിച്ചുള്ള ചിന്തയെപ്പറ്റി കൂടുതലറിയാൻ Sara Millsഎഴുതിയ Discourse എന്ന പുസ്തകം സഹായിക്കും).

റ്റോമസ് മാൻ

2. ‘ഉരുളുന്ന കല്ലിൽ പായൽ പിടിക്കില്ല’ എന്നു ചൊല്ലു്. അതിനു് വിപര്യാസം വരുത്തി ‘ഉരുളുന്ന കല്ലു് വളരെദൂരം പോകും ചെറിയ കാരുണ്യത്തിൽ പായൽ പിടിക്കില്ല’ എന്നാക്കുന്നു ഒരാൾ. ‘വേലി ചാടുന്ന പശുവിനു് കോലുകൊണ്ടുമരണം’ എന്നതിനു് വിപര്യാസം വരുത്തി ‘വേലി ചാടുന്നവനു് ലൈംഗിക സംതൃപ്തി. തൊഴുത്തിൽ വെറുതേ നിൽക്കുന്ന പശുവിനു് സ്തനപീഡനം’ എന്നാക്കാം. ഈ ക്രമവിപര്യയം ഹാസ്യോത്പാദകമാണു്. ശ്രീ. ടി. ജെ. എസ്. ജോർജ്ജ്നവംബർ 11-ആം തീയതിയിലെ മലയാള മനോരമ ദിനപത്രത്തിൽ എഴുതിയ ‘കവിത തിരുത്തുന്നതിൽ ഒരു തെറ്റുമില്ല’ എന്ന ചെറിയ ലേഖനം വായിക്കുക. അക്കിത്തത്തിന്റെ കാവ്യം തിരുത്തിയതിനെക്കുറിച്ചുണ്ടായ വാദപ്രതിവാദങ്ങൾക്കു് inversion വരുത്തി ഒന്നാന്തരമായ ഹാസ്യം സൃഷ്ടിക്കുന്നു.

ഐൻസ്റ്റിൻ

3. ഡോക്ടർ നെല്ലിക്കൽ മുരളീധരന്റെ‘വിശ്വസാഹിത്യദർശനങ്ങൾ’ ഞാൻ വായിച്ചു. എന്തൊരു അശ്രാന്ത പരിശ്രമമാണു് ഈ ഗ്രന്ഥരചനയോടു് ബന്ധിച്ചിട്ടുള്ളതു്. ഇംഗ്ലീഷിലും സംസ്കൃതത്തിലും അവഗാഹമില്ലാത്തയാളിനു് ഇത്തരം ഗ്രന്ഥം എഴുതാൻ സാദ്ധ്യമല്ല തന്നെ. പക്ഷേ മറ്റൊരു ഭാഷയിൽ ആവിഷ്കരിക്കപ്പെട്ട ആശയം മലയാള ഭാഷയിലേക്കു കൊണ്ടു വരുമ്പോൾ ആ ആശയം തന്നെ മാറിപ്പോകും. മനസ്സിലാകായ്ക അതിന്റെ സ്വഭാവമായി മാറും. ഐൻസ്റ്റിന്റെE=mc2 എന്ന സമവാക്യം ചൈനീസ് ഭാഷയിലേക്കു് കൊണ്ടുവന്നാൽ ആശയത്തിനു മാറ്റം വരുമെന്നു് പല ഭാഷാശാസ്ത്രജ്ഞരും പറഞ്ഞിട്ടുണ്ടു്. അതിനാൽ ഗ്രന്ഥകാരനോടു് ആദരരാഹിത്യമില്ലാതെ പറയട്ടെ എനിക്കു് ഇതിലെ പല ഭാഗങ്ങളും മനസ്സിലായില്ല. അതേ ആശയങ്ങൾ ഇംഗ്ലീഷിൽ കണ്ടപ്പോൾ ഗ്രഹിക്കാൻ കഴിയുകയും ചെയ്തു. ഇതു് നെല്ലിക്കൽ മുരളീധരന്റെ കുറ്റമല്ല. വിഭിന്ന ഭാഷകൾക്കു് അവയുടേതായ സവിശേഷതകൾ ഉള്ളതു് കൊണ്ടാണു് ഇതു് സംഭവിക്കുന്നതു്. ക്രോചേയുടെ സിദ്ധാന്തങ്ങളെക്കുറിച്ചു് എഴുതുമ്പോൾ ഗ്രന്ഥകാരൻ intuition-നു് അന്തർജ്ഞാനമെന്നും concept-നു് ആശയകല്പനയെന്നും തർജ്ജമ നൽകിയിട്ടു് മുന്നോട്ടു പോകുന്നു. മലയാളികൾക്കു് രണ്ടും മനസ്സിലാകണമെങ്കിൽ intuition എന്നാൽ എന്താണെന്നു സ്പഷ്ടമാക്കണം. ആശയകല്പന എന്ന പ്രയോഗത്തിനും സ്പഷ്ടമായ വിശദീകരണം നൽകണം. അതുചെയ്യാതെ എന്തൊക്കെപ്പറഞ്ഞാലും മലയാളികൾക്കു് ഒന്നും മനസ്സിലാകുകയില്ല. ക്രോചേയുടെ പല ഗ്രന്ഥങ്ങളും ഞാൻ വായിച്ചിട്ടുണ്ടു്, മനസ്സിലായിട്ടുമുണ്ടു്. പക്ഷേ, മുരളീധരൻ അദ്ദേഹത്തിന്റെ രസജ്ഞാന സിദ്ധാന്തങ്ങളെക്കുറിച്ചെഴുതുമ്പോൾ എനിക്കൊന്നും ഗ്രഹിക്കാനാവുന്നില്ല.

പടിഞ്ഞാറൻ രസജ്ഞാന ശാസ്ത്രകാരന്മാരുടെ പേരുകളെല്ലാം തെറ്റിച്ചാണു് മുരളീധരൻ എഴുതുന്നതു്. ചില ഉദാഹരണങ്ങൾ:

തെറ്റ് (ഗ്രന്ഥത്തിൽ) ശരി
1. ബനഡെറ്റോ ക്രോച്ചേ ബേനേദേതോ ക്രോചേ
2. ഫ്രെഡറിക് ഷില്ലർ ഫ്രീഡ്രിഹ് ഷിലർ
3. ഫ്രെഡറിക് ഷ്ലെയ്ർമാർക്കർ ഫ്രീഡ്രിഹ് ഷ്ലൈർമാഹർ
4. ഫ്രാൻസിസ്കോ ഡി ഫ്രാൻചേസ്കോ ദേ
സാൻക്ടിസ് സാങ്തീസ്

സാമുവൽ ബട്ലർ

ഇങ്ങനെയേറെ. ഇതിലൊക്കെ ഇത്ര ‘നിർബന്ധം പിടിക്കുന്ന’തെന്തിനു് എന്നു ചോദിക്കാം. Nellikkal Muraleedharan എന്ന പേരു് സായ്പ് നേല്ലീക്കാൽ മുറളീധാരൻ എന്നു വായിച്ചാൽ മുരളീധരനു് എന്തു തോന്നും? അതു് തന്നെയാണു് കോൽറിജ്ജിനെ ഗ്രന്ഥകാരൻ കോളറിഡ്ജ് ആക്കിയപ്പോഴും എനിക്കു് തോന്നിയതു്.

(ശരിയാണെന്നു് കാണിച്ചു് ഞാൻ മുകളിലെഴുതിയ സംജ്ഞാനാമങ്ങളുടെ ഉച്ചാരണം ഏതാണ്ടു് മാത്രം ശരി. മലയാളലിപിയിൽ ഇത്രമാത്രമേ കഴിയൂ.)

ഡോക്ടർ നെല്ലിക്കൽ മുരളീധരന്റെ പ്രയത്നത്തെ ഞാൻ ആദരിക്കുന്നു. പക്ഷേ ആ പ്രയത്നവും അതിന്റെ പിറകിലുള്ള ആർജ്ജവവും ഫലപ്രദമായില്ലല്ലോ എന്നു് എനിക്കു് വിഷാദം.

ഒരു മാനം മാത്രം
Peter Medawar

ഒരു മുട്ടയ്ക്കു് വേറൊരു മുട്ടയുണ്ടാക്കാനുള്ള മാർഗ്ഗമാണു് കോഴിക്കുഞ്ഞെന്നു ബട്ലർ (Samuel Butler)പറഞ്ഞതായി 1960-ൽ മെഡിസിനു നോബൽസ്സമ്മാനം നേടിയ Peter Medawarചൂണ്ടിക്കാണിക്കുന്നു. ഒരു മുട്ടയ്ക്കു് വേറൊരു മുട്ടയുണ്ടാക്കാൻ കോഴിക്കുഞ്ഞാകാൻ കഴിയുന്നുണ്ടല്ലോ. നമ്മുടെ കഥാ സാഹിത്യത്തിൽ കോഴിക്കുഞ്ഞു് എന്നൊരു മാർഗ്ഗമില്ല. മുട്ട തന്നെ മുട്ടയെ നിർമ്മിക്കുന്നു. എന്നു പറഞ്ഞാൽ? ഒരു ചെറുകഥയെഴുതണമെന്നു് ആർക്കെങ്കിലും തോന്നിയാൽ വേറൊരു ചെറുകഥ വായിച്ചാൽ മതി. രൂപാന്തരമൊന്നും കൂടാതെ ഒരേതരത്തിലുള്ള രണ്ടു ചെറുകഥകൾ ഉണ്ടാകും. സദൃശങ്ങളായ അനേകം മുട്ടകളുള്ളതുപോലെ സദൃശങ്ങളായ ഏറെച്ചെറുകഥകളും. ഇത്തരം ചെറുകഥകൾ കണ്ടു്—കോഴിമുട്ടകൾ കണ്ടു്—എനിക്കു് നന്നേ മുഷിഞ്ഞു. അതുകൊണ്ടു് എനിക്കിന്നു് ചെറുകഥകൾ കാണുമ്പോൾ പേടിയാണു്. ജീവിതമാകെ പേടികൾ. പത്രം നോക്കാൻ പേടി. ഗൃഹനായകൻ ഭാര്യയെയും കുഞ്ഞുങ്ങളെയും കൊന്നു എന്ന വാർത്ത കാണും. അല്ലെങ്കിൽ റ്റെമ്പോ വാൻ ലോറിയിലിടിച്ചു് പത്തുപേർ മരിച്ചു എന്ന ന്യൂസ് വായിക്കേണ്ടതായി വരും. റ്റാപ് തിരിക്കുമ്പോൾ വെള്ളം കാണുകയില്ലെന്നു പേടി. ഒഴിച്ചുകൂടാൻ വയ്യാത്ത മരുന്നു മേടിക്കാൻ ജങ്ഷനിലേക്കു ചെന്നാൽ ഹർത്താലായിരിക്കുമെന്നു പേടി. വൈകുന്നേരം പട്ടണത്തിലേക്കു പോയാൽ പല സ്ഥലങ്ങളിൽ നിന്നുമുദ്ഗമിക്കുന്ന ദുസ്സഹമായ നാറ്റം രോഗമുളവാക്കുമെന്നു പേടി. രാത്രിയായാൽ ലോഡ് ഷെഡ്ഡിങിനു് മുൻപും അതിനുശേഷവും വിദ്യുച്ഛക്തി പോകുമെന്ന പേടി. എന്നെപ്പോലെ മധ്യവർഗ്ഗത്തിൽ പെട്ടവരും തൊഴിലാളികളും എപ്പോഴും പേടിച്ചു കഴിയുകയാണു്. വലിയ ആളുകൾക്കു് ഈ പേടിയില്ല. വിദ്യുച്ഛക്തി ഉള്ളപ്പോൾ ഒരു ചെറുകഥ വായിക്കാമെന്നു വിചാരിച്ചാൽ മുട്ടയെല്ലാം ഒരേ മട്ടിലിരിക്കുന്നതുപോലെ ഞാൻ വായിക്കാൻ പോകുന്ന കഥ അതിനു മുൻപു് ഞാൻ വായിച്ച ആയിരമായിരം കഥകൾ പോലെയിരിക്കുമെന്നു പേടി. കഥാപാരായണം കൊടും ഭീതിയായിരുന്ന കാലയളവിലാണു് എനിക്കു് ജീവിക്കേണ്ടിവന്നിരിക്കുന്നതു്. ദൗർഭാഗ്യം! എങ്കിലും മാതൃഭൂമിയിൽ പി.കെ. സുധിഎഴുതിയ ‘സഞ്ചാരക്കുറിപ്പുകൾ’ എന്ന കഥ വായിച്ചു. സഞ്ചാരപ്രിയനായ ഒരുത്തന്റെ യാത്രകളെ വൈചിത്ര്യമൊന്നുമില്ലാതെ വിവരിക്കുന്ന ഒരു രചന. രണ്ടു മാനമുള്ള ബിംബങ്ങളെ മൂന്നു മാനങ്ങളുള്ളവയാക്കാമെന്നു് ഹംഗറിയിലെ Dennis Garborകണ്ടുപിടിച്ചു. അതിനു് അദ്ദേഹത്തിനു് നോബൽസ്സമ്മാനവും കിട്ടി. ശാസ്ത്രകാരന്റെ പ്ലെയ്റ്റോ തരംഗങ്ങളോ ഇല്ലാതെ വെറും വാക്കുകൾ കൊണ്ടു് കഥാകാരന്മാർ മൂന്നു മാനങ്ങളുള്ള വ്യക്തികളെ അവതരിപ്പിക്കുന്നു. സുധി തന്റെ കഥാപാത്രത്തെ ഏകമാന വ്യക്തിയാക്കി മാറ്റുന്ന ഭാവനാദാരിദ്ര്യം കൊണ്ടു്.

പുതിയ പുസ്തകം
പി. കെ. സുധി

കഥയെ ‘സൂത്രവേല’യായി—trick ആയി—അധഃപതിപ്പിച്ച ഒ. ഹെൻട്രിയെപ്രമുഖനായ കഥാകാരനായി കൊണ്ടാടുന്നുണ്ടു് ചിലർ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കഥയാണു് ‘The Gift of the Magi’ എന്നതു്. ഭാര്യക്കു് ക്രിസ്മസ് സമ്മാനം കൊടുക്കാൻ ഭർത്താവു് സ്വന്തം വാച്ച് വിറ്റ് അവളുടെ തലമുടിയിൽ വയ്ക്കാനുള്ള ചീപ്പ് വാങ്ങിക്കൊണ്ടുവരുന്നു. അതിനിടയിൽ ഭാര്യ മനോഹരമായ തലമുടി മുറിച്ചു വിറ്റ് അയാൾക്കു് വാച്ച് ചെയ്ൻ വാങ്ങുന്നു. ഇതിനെയാണു് trick—ending എന്നു വിളിക്കുന്നതു്. ‘While the Auto Waits’ എന്ന മറ്റൊരു കഥയിലും ഈ സൂത്രപ്പണി കാണാം. ഒരു യുവതിയും യുവാവും പാർക്കിലെ ബഞ്ചിലിരിക്കുന്നു. അവർ തമ്മിൽ പരിചയപ്പെടുന്നു. യുവതി ധനികയാണു്. അവൾ വന്ന കാറ് റോഡിലുണ്ടു്. യുവാവു് ദരിദ്രൻ. അയാൾ ഒരു ഭക്ഷണശാലയിലെ കാഷ്യറാണു്. യുവതിക്കു് പോകാനുള്ള സമയമായി. കാറിനടുത്തേക്കു് നടന്ന അവൾ പൊടുന്നനെ റോഡ് മുറിച്ചുകടന്നു് ഭക്ഷണശാലയിൽ കയറി കാഷ്യറുടെ സീറ്റിലിരിക്കുന്നു. യുവാവു് അവളുടെ കാറിൽ കയറിയിരുന്നു് ‘ക്ലബ്ബിലോട്ടു് പോകട്ടെ’ എന്നു ഡ്രൈവറോടു് ആജ്ഞാപിക്കുന്നു.

Dennis Garbor

ഇത്തരം കഥകൾ രഹസ്യം മനസ്സിലാക്കപ്പെട്ട മാജിൿഷോ പോലെയാണു്. രണ്ടാമതു് വായിക്കാൻ ആർക്കും താല്പര്യം കാണില്ല. എങ്കിലും ഹെൻട്രിയെ അമേരിക്കൻ ജനത ആദരിക്കുന്നു. അമേരിക്കയിലെ ഒരു പ്രസാധകസംഘം കഴിഞ്ഞ എഴുപത്തിയേഴു വർഷങ്ങളായി ഏറ്റവും നല്ല മൂന്നു ചെറുകഥകൾക്കു് എവോർഡ് നൽകിക്കൊണ്ടിരിക്കുന്നു. ഈ വർഷത്തിൽ ഒന്നാം സമ്മാനം, രണ്ടാം സമ്മാനം, മൂന്നാം സമ്മാനം ഇവ നേടിയ കഥകളും ജഡ്ജിങ് കമ്മറ്റിക്കു് കലാമൂല്യമുള്ളവയാണെന്നു തോന്നിയ മറ്റനേകം കഥകളും ഉൾപ്പെടുത്തി Prize Stories – The O. Henry Awards എന്ന പേരിൽ സമാഹാരഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു പ്രസാധകർ. കഥയോരോന്നും അമേരിക്കൻ കഥാസാഹിത്യത്തിന്റെ വികസിതാവസ്ഥയെ കാണിക്കുന്നു. വിശേഷിച്ചു് ഒന്നാം സമ്മാനം കിട്ടിയ City Life എന്ന കഥ (Mary Gordonഎഴുതിയതു്).

Mary Gordon

കഥ തുടങ്ങുമ്പോൾ ബിയാട്രീസിന്റെ അച്ഛനമ്മമാർ മരിച്ചിരിക്കുന്നു. അവർക്കു് ഒരേയൊരു മകളാണു് അവൾ. ബീയാട്രീസ് വിവാഹം കഴിച്ചതു് പീറ്ററിനെ. മാതാപിതാക്കന്മാരോടുള്ള അവളുടെ ജീവിതം വിരസം. ഭർത്താവിനോടുകൂടിയുള്ള ജീവിതം അതിലും വിരസം. കുഞ്ഞായിരുന്നപ്പോൾ ബിയാട്രീസ് കാലത്തു് വീട്ടിൽ നിന്നിറങ്ങി നടക്കും. അസ്തമയം വരെ നടക്കും. കാടുകളെ ഇഷ്ടപ്പെട്ടിരുന്നില്ല അവൾ. പ്രകൃതിയായി അവയെ ബിയാട്രീസ് കണ്ടിരുന്നുമില്ല. എങ്കിലും അവയെ ആശ്രയസ്ഥാനമായി അവൾ കരുതി. ഇന്നു് അവൾ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയാണു്. ഇപ്പോൾ ആളുകൾ മരങ്ങളെ, അസ്തമയങ്ങളെ ‘മനോഹരം’ എന്നു് വിശേഷിപ്പിക്കുന്നതു് അവൾ കേൾക്കുന്നു. പക്ഷേ അതിന്റെ അർത്ഥമെന്തെന്നു് അവൾക്കറിഞ്ഞുകൂടാ. അവൾക്കു് വീടു് വിട്ടു് പുറത്തേക്കു് പോകാം. ആകാശത്തിന്റെ നീലനിറം, സൂര്യന്റെ ഉജ്ജ്വലത, മരങ്ങളുടെ ഓജസ്സു് ഇവയെല്ലാം ബിയാട്രീസിനെ സ്വാഗതം ചെയ്യും. പക്ഷേ അവൾക്കു് ഉറങ്ങാനേ താല്പര്യമുള്ളൂ. സൗന്ദര്യം ആപത്തുണ്ടാക്കുന്നതു്, അതു് വിദേശത്തെ സംബന്ധിക്കുന്നതും. അച്ഛനമ്മമാരോടുകൂടി അവൾ പാർത്തിരുന്ന കാലത്തു് ആ വീടു് ക്രിമിനൽക്കുറ്റം നിറഞ്ഞതായിരുന്നു, അച്ഛൻ കാനഡയിൽനിന്നു് വിസ്കി കള്ളക്കടത്തായി കൊണ്ടുവന്നു് വീട്ടിൽ വച്ചു വിൽക്കും. അന്നു് അവൾ നിശ്ശബ്ദയായി വർത്തിച്ചു. ഇന്നും മൂകതയാണവൾക്കു്.

പതിവുപോലെ അവളുടെ കുട്ടികൾ ബാസ്കറ്റ് ബാൾ കളിക്കുകയാണു് മുറിക്കുള്ളിൽ. പെട്ടന്നു് ഡോർ ബെൽ ശബ്ദിച്ചു. താഴത്തെ നിലയിൽ താമസിക്കുന്നയാൾ പരാതിയുമായി വന്നിരിക്കുകയാണു്. അവളുടെ മക്കൾ നിരന്തരം പന്തടിച്ചു് ബഹളമുണ്ടാക്കുന്നു. കിടക്കയിൽ കിടക്കുന്ന അയാളുടെ മേൽ പന്തു് ക്ഷതമേല്പിക്കുന്നു. ഇതാണു് പരാതി. വേണ്ടതു ചെയ്യാമെന്നു് സമ്മതിച്ചിട്ടു് അവൾ കുട്ടികളെ വിളിച്ചു പന്തുകളി നിറുത്താൻ ആവശ്യപ്പെട്ടു. പക്ഷേ കുട്ടികൾ അനുസരിച്ചില്ല, അവളെ. വേറൊരു ദിവസം അവളുടെ ഭർത്താവു് മുറുക്കിപ്പിടിച്ച വിരലുകളോടുകൂടി അയാളോടു് കയർക്കുന്നതു് അവൾ കണ്ടു. ‘താനിവിടെ വന്നു് എന്റെ ഭാര്യയെ ശല്യപ്പെടുത്തുന്നോ? എന്റെ കുടുംബത്തെ ഉപദ്രവിക്കുന്നോ?’ എന്നൊക്കെയായിരുന്നു അയാളുടെ ആക്രോശം.

അവളുടെ ഭർത്താവു് ഫോണിലൂടെ പലരെയും വീട്ടിലേക്കു് ക്ഷണിച്ചു. സംഘം കൂടി താഴത്തെ നിലയിലെ ആളിനെ പുറത്താക്കാനുള്ള യത്നമായിരുന്നു അയാളുടേതു്. ബിയാട്രീസ് മെല്ലെ താഴത്തെ നിലയിലേക്കു് ചെന്നു. പരാതി പറഞ്ഞവനെ വിളിച്ചു് അറിയിച്ചു: ‘ഞാൻ താങ്കൾക്കു് മുന്നറിയിപ്പ് തരാൻ വന്നതാണു്. അവർ എന്റെ വീട്ടിൽ യോഗം ചേരുന്നു. ഇവിടെനിന്നു താങ്കളെ ഒഴിപ്പിക്കാനാണു് അവരുടെ ലക്ഷ്യം.’ അയാൾ മറുപടി നൽകി: അതു് സംഭവിക്കില്ല. അവർ ശ്രമിക്കും. പക്ഷേ നടക്കില്ല. ഞാൻ വികലാംഗനാണു്. എന്നെപ്പോലെയുള്ള ആരെയും ന്യൂയോർക്കിൽ കുടിയൊഴിപ്പിക്കാൻ സാദ്ധ്യമല്ല. വിഷമിക്കേണ്ട. ഞാൻ എല്ലാക്കാലത്തേക്കും ഇവിടെത്തന്നെ ഉണ്ടാകും.

അവൾ അതുകേട്ടു് സന്തോഷിച്ചു് അവിടെനിന്നു് ഉറങ്ങി. അയാൾ അവളുടെ തോളുകളിൽ പിടിച്ചു കുലുക്കിക്കൊണ്ടു പറഞ്ഞു: ‘ഇവിടെ വന്നു് ഉറങ്ങാനൊക്കുകയില്ല. ഇതു് എന്റെ സ്ഥലമാണു്. പോകൂ’. അവൾ ദുഃഖത്തോടെ കോണിപ്പടികൾ കയറി. ഭർത്താവു് അദ്ഭുതപ്പെട്ടേക്കും ഭാര്യ എവിടെപ്പോയെന്നു വിചാരിച്ചു്. ഇനി ഡോർ ബെൽ ശബ്ദിപ്പിച്ചു് വീട്ടിനകത്തേക്കു് കയറുക മാത്രമേ ചെയ്യാനുള്ളൂ. അവിടെയാണല്ലോ അവൾ താമസിക്കുന്നതു്. ബിയാട്രീസിനു് വേറെ എവിടെ പോകാൻ കഴിയും?

ഇക്കഥ ഞാൻ വായിച്ചപ്പോൾ വാക്കുകളുണ്ടെന്നു് എനിക്കു് തോന്നിയതേയില്ല. ഈ ലോകത്തു് ദുഃഖമനുഭവിക്കുന്ന എല്ലാ സ്ത്രീകളുടേയും ശാശ്വതപ്രതിരൂപമായി ബിയാട്രീസ് എന്റെ മുൻപിൽ നിൽക്കുന്നതേ ഞാൻ കണ്ടിട്ടുള്ളൂ.

കീഴ്ജീവനക്കാരെയും ബഹുജനത്തെയും മുപ്പതുകൊല്ലത്തോളം ദ്രോഹിച്ച ഉദ്യോഗസ്ഥന്‍ ‘ഞാന്‍ സാഹിത്യകാരനാകേണ്ട ആളാണു്’ എന്നു പറയുന്നതു് ഞാന്‍ കേട്ടിട്ടുണ്ടു് പലപ്പോഴും. ഫലമില്ല. ദ്രോഹം അപ്പോഴേക്കും അയാളുടെ ജീവിതശൈലിയായി മാറിയിരിക്കും.

അച്ഛനമ്മമാരുടെ ക്രിമിനാലിറ്റി കണ്ടു് കുട്ടിയായിരുന്ന അവൾക്കു് അന്യവത്കരണബോധം. വെറുക്കപ്പെടേണ്ടവനല്ല ഭർത്താവെങ്കിലും വിരസമായ ദാമ്പത്യജീവിതമായിരുന്നു അവളുടേതു്. അവിടെയും ‘അന്യവത്കരണം’. പറഞ്ഞാൽ അനുസരിക്കാത്ത കുട്ടികൾ അവളുടെ ആ ബോധത്തെ വർദ്ധിപ്പിച്ചു. അന്യനെ സഹായിക്കാനെത്തിയപ്പോൾ അവൾക്കു് കിട്ടിയതു് നിന്ദനവും അപമാനനവും. നഗരജീവിതം സ്ത്രീക്കുണ്ടാക്കുന്ന മാനസികാവസ്ഥയെ ഇതില്‍ക്കൂടുതല്‍ ഹൃദയസ്പര്‍ശകമായി എങ്ങനെ ആവിഷ്കരിക്കാനാണു്? പ്രകടനാത്മകതയില്ല രചനയില്‍. ‘പഞ്ചമിച്ചന്ദ്രന്‍ ഉദിച്ചുയര്‍ന്നു. വാരിദശകലങ്ങള്‍ വെള്ളിത്തകിടുകളായി’ ഇങ്ങനെയുള്ള സ്യൂഡോ പോയട്രി ഇല്ല. പാവപ്പെട്ട ഒരു സ്ത്രീയുടെ ജീവിതത്തിന്റെ ദാരുണസ്വാഭാവത്തെ ന്യൂനോക്തിയിലൂടെ കഥാകാരി ആവിഷ്കരിക്കുമ്പോള്‍ ശോകപര്യവസായിയായ നാടകത്തിന്റെ പ്രഭാവം ഇക്കഥയ്ക്കുണ്ടാകുന്നു.

ഈ ഗ്രന്ഥത്തിലെ വേറെ ചില കഥകള്‍ കൂടി ഞാന്‍ വായിച്ചു. അവയും ഹൃദ്യങ്ങളായിത്തോന്നി എനിക്കു്.

(Prize Stories, The O. Henry Awards, The Best of 1997, Anchor Books, pp. 474, Rs. 347.70)

Quentin Crisp

മുപ്പതുകൊല്ലം പന്നികളെ വളര്‍ത്തിക്കൊണ്ടു് ‘ഞാന്‍ നര്‍ത്തകന്‍ ആകേണ്ടിയിരുന്ന ആളാണ്’ എന്നു പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. ആ മുപ്പതുകൊല്ലം കൊണ്ടു് അയാളുടെ ജീവിതശൈലി പന്നിയുടേതായി മാറിയിരിക്കും എന്നു് Quentin Crispപറഞ്ഞിട്ടുണ്ടു്. കീഴ്ജീവനക്കാരെയും ബഹുജനത്തെയും മുപ്പതുകൊല്ലത്തോളം ദ്രോഹിച്ച ഉദ്യോഗസ്ഥന്‍ ‘ഞാന്‍ സാഹിത്യകാരനാകേണ്ട ആളാണു്’ എന്നു് പറയുന്നതു് ഞാന്‍ കേട്ടിട്ടുണ്ടു് പലപ്പോഴും. ഫലമില്ല. ദ്രോഹം അപ്പോഴേക്കും അയാളുടെ ജീവിതശൈലിയായി മാറിയിരിക്കും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1997-11-28.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 7, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history:  Data entry: MS Aswathi;  Proofing: Abdul Gafoor;  Typesetter: LJ Anjana;  Digitizer: KB Sujith;  Encoding: JN Jamuna.

Production notes:  The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.