ചോദ്യം: ഇന്‍ഡ്യയുടെ ഇന്നത്തെ സ്ഥിതിയെക്കുറിച്ചു് നിങ്ങളെന്തു പറയുന്നു?
ഉത്തരം: ഞാൻ എന്തു പറയാനാണു്? എനിക്കു് രാഷ്ട്രവ്യവഹാരത്തില്‍ താല്പര്യമില്ല. പിന്നെ കാട്ടിലെ സിംഹം മരിച്ചാല്‍ അവിടെ വേറെ സിംഹമില്ലെങ്കില്‍ കുറുനരി സിംഹമിരുന്നിടത്തു് വന്നു് ഇരിക്കും. നമ്മുടെ ഭാരതത്തില്‍ ഏറെ കുറുനരികള്‍ വാഴുന്നു.
ചോദ്യം: ഇന്നത്തെ മലയാളം സിനിമകളുടെ പ്രത്യേകതയെന്തു്?
ഉത്തരം: എല്ലാ മലയാളം സിനിമകളിലും പൊലീസും ആശുപത്രിയും കാണും. റ്റെലിഫോണിന്റെ മണിനാദം കേള്‍പ്പിക്കാത്ത മലയാളം ചലച്ചിത്രം ഇല്ലേയില്ല.
ചോദ്യം: നിങ്ങള്‍ക്കു് ഇത്രയും പ്രായമായിട്ടും ആരോഗ്യം കുറയാത്തതിനു് കാരണം?
ഉത്തരം: മാനസികവളര്‍ച്ച ഇല്ലാത്തവനു് വാര്‍ദ്ധക്യമുണ്ടാവുകയില്ല.
ചോദ്യം: ഷേക്സ്പിയറിന്റെ അശ്ലീല പ്രസ്താവങ്ങള്‍ക്കും ഹെന്‍ട്രി മില്ലറുടെ നോവലുകളിലെ ആഭാസത്തരങ്ങള്‍ക്കും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
ഉത്തരം: ഷെയ്ക്സ്പിയറിന്റെ അശ്ലീല പ്രസ്താവങ്ങള്‍ അദ്ദേഹമെഴുതിയ ട്രാജഡിയുടെയും കോമഡിയുടെയും ഭാഗങ്ങളാണു്. മില്ലറുടെ അസഭ്യപ്രയോഗങ്ങള്‍ ഒരുതരം Surface Vulgarity ആണു്.
ചോദ്യം: ആരെക്കണ്ടാലും പുഞ്ചിരിക്കണമെന്നു് ഡെയില്‍ കാര്‍ണിഗി യുടെ പുസ്തകത്തില്‍ കണ്ടു. ശരിയാണോ അതു്?
ഉത്തരം: എന്നും കാലത്തു് എന്റെ വീട്ടിന്റെ മുന്‍പിലൂടെ ഒരു തടിയന്‍ പട്ടിയുമായി നടക്കാന്‍ പോകുന്ന ഒരു സൈനികോദ്യോഗസ്ഥനെക്കണ്ടു് ഞാന്‍ പുഞ്ചിരി പൊഴിക്കുമായിരുന്നു. അതിന്റെ ബലത്തില്‍ അദ്ദേഹം എന്റെ വീട്ടില്‍ ഒരു ദിവസം കയറിയപ്പോള്‍ ആ തടിയന്‍ നായയും കൂടെക്കയറി. അദ്ദേഹത്തോടു് ഇരിക്കാന്‍ പറഞ്ഞ എന്നെ ഒന്നു നോക്കിയ പട്ടി എന്റെ ചാരുകസേരയില്‍ കയറിക്കിടന്നു. പിന്നീടു് ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ കാന്‍വാസ് കഴുകേണ്ടതായി വന്നു. വെറുതെ ആരെക്കണ്ടും ചിരിക്കരുതു്. ചിരിച്ചാല്‍ ഡെറ്റോള്‍ വാങ്ങിക്കേണ്ടതായി വരും.
ചോദ്യം: അന്യര്‍ക്കു് ഉപകാരങ്ങള്‍ ചെയ്യാന്‍ ചിലര്‍ മടിക്കുന്നതു് എന്തുകൊണ്ടു്?
ഉത്തരം: ഒരാളിനു് ഉപകാരം ചെയ്താല്‍ അയാള്‍ ഉപകര്‍ത്താവിനെ തുടര്‍ച്ചയായി ഉപദ്രവിച്ചുകൊണ്ടിരിക്കും മറ്റു് ഉപകാരങ്ങള്‍ക്കു് വേണ്ടി.
ചോദ്യം: ‘ചന്ദ്രബിംബമെടുത്തെനിക്കൊരു ചാണയാക്കി വളയ്ക്കണം’ നമ്പ്യാരാശാന്റെ ഈ ആഗ്രഹം നടക്കുമോ?
ഉത്തരം: നടക്കും. ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ ചൂണ്ടുവിരലില്‍ ഇട്ട താക്കോല്‍ വളയം കറക്കുന്നതുപോലെ കറക്കാറുണ്ടു്.

അനുഗൃഹീതനായ കവി പി. കുഞ്ഞിരാമന്‍ നായർ ആശുപത്രിയില്‍ ഹൃദ്രോഗം ബാധിച്ചു കിടക്കുകയാണു്. നേഴ്സ് അദ്ദേഹത്തിന്റെ അടുക്കലെത്തി പറഞ്ഞു: ‘ഈ ഗുളികകള്‍ വിഴുങ്ങണം. മധുര ഗുളികകള്‍. ചങ്ങമ്പുഴക്കവിതയുടെ സംഗീത മാധുര്യമുള്ള ഉറക്ക ഗുളികകള്‍’ അതുകേട്ടു് കുഞ്ഞിരാമന്‍ നായര്‍ അവളോടു്: ‘ചങ്ങമ്പുഴക്കവിത. ഹാ! ഒരു ഗാനഗന്ധര്‍വ്വ സ്മരണ. എന്റെ മുന്‍പില്‍ നില്‍ക്കുന്ന ഈ രൂപം. ഈ സുന്ദരരൂപം ആ കവിത തന്നെയോ?’ അവളുടെ ഇളം ചുണ്ടില്‍ ഒരു മുല്ലമൊട്ടു വിരിഞ്ഞു. നേഴ്സ് പറഞ്ഞു: ‘ഞാന്‍ ചങ്ങമ്പുഴക്കവിതയല്ല. രാത്രിനേഴ്സാണ്’. വീണ്ടും കവി: ‘രാത്രിനേഴ്സ്. ഒരിളം ചന്ദ്രക്കല.’ കവിയോടു് അവള്‍ ചോദിച്ചു: ‘എന്താണു് സൂക്ഷിച്ചു് നോക്കുന്നതു്?’

കവി: ‘നിങ്ങള്‍ക്കവളുടെ ഛായയുണ്ടു്. എന്റെ നിത്യകാമുകിയുടെ. നിങ്ങള്‍ അവളുടെ നാട്ടുകാരിയാണു്. അഴകിന്റെ രാജ്യം ഭരിക്കുന്ന ആ രാജകുമാരിയുടെ’. തുടര്‍ന്നു് കവി: ‘അവള്‍ ചിരിച്ചു് തല താഴ്ത്തി. ഇടവപ്പാതിയിലെ പൂ ചൊരിയുന്ന തൈമുല്ലവല്ലിപോലെ.

‘ഇടവപ്പാതിയിലെ പൂ ചൊരിയുന്ന തൈമുല്ലവല്ലി പോലെ’ എന്നതുണ്ടല്ലോ. അതു് ശുദ്ധമായ കവിതയാണു്. ഈ ബിംബം കൊണ്ടു് കവി ചങ്ങമ്പുഴക്കവിത പോലെ സൗന്ദര്യമാര്‍ന്ന ആ നേഴ്സിന്റെ രാമണീയമാകെ ആവിഷ്കരിച്ചിരിക്കുന്നു. സുന്ദരി ഗുളികയുമായി കവിയുടെ അടുത്തു് വന്നപ്പോള്‍ അവളുടെ രൂപം തീര്‍ച്ചയായും അദ്ദേഹത്തിന്റെ മനസ്സില്‍ പതിഞ്ഞിരിക്കും. പക്ഷേ അതോടൊപ്പം ആശുപത്രിമുറിയിലെ മറ്റു് പല വസ്തുക്കളും അദ്ദേഹത്തിന്റെ മാനസിക മണ്ഡലത്തില്‍ കടന്നു വരാതിരിക്കില്ല. മരുന്നുകുപ്പികള്‍ വച്ച മേശ. ജന്നല്‍ കേര്‍ട്ടന്‍. രോഗിക്കു് ഡ്രിപ് കൊടുക്കുവാനുള്ള ഉപകരണം ഇങ്ങനെ പലതും. ഇവയുടെ ദര്‍ശനം സൗന്ദര്യ ദര്‍ശനത്തോടു് കൂടിക്കലര്‍ന്നു വരും. അപ്പോള്‍ സുന്ദരിയുടെ ദര്‍ശനം അത്ര കണ്ടു് വിശുദ്ധമായിരിക്കില്ല. കലര്‍പ്പറ്റതു് ആയിരിക്കില്ല. അതുകൊണ്ടു് കവി അവളെ ആ പരിതഃസ്ഥിതിയില്‍ നിന്നു് പാടേമാറ്റി ഇടവപ്പാതിയില്‍ പൂചൊരിയുന്ന മുല്ലവളളിയിലേക്കു് ആനയിക്കുന്നു. അക്കാഴ്ച ജനിപ്പിക്കുന്നതു് ഒരനുഭൂതി മാത്രം. ആ അനുഭൂതി ആഹ്ലാദജനകവും. ഇത്തരം ബിംബ നിവേശനങ്ങള്‍ക്കു് കുഞ്ഞിരാമന്‍ നായര്‍ക്കു് അസാധാരണമായ കഴിവുണ്ടു്. പലപ്പോഴും വാക്കുകളുടെ മാധുര്യം മാത്രമുള്ളതും കലാത്മകങ്ങളായ ബിംബങ്ങളില്ലാത്തതുമായ കവിതകള്‍ അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും ജന്മനാ കവിയായ അദ്ദേഹത്തിനു് ഇത്തരം ബിംബകല്പനയ്ക്കു് വൈദഗ്ദ്ധ്യമേറും. ഒന്നു് നോക്കൂ. കവിയുടെ വര്‍ണ്ണനയുടെ കേന്ദ്രഭാഗം കലാത്മകമാണു്. ഇതു് കാവ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ശരി. ചെറുകഥയായാലും നോവലായാലും രചനയുടെ കേന്ദ്രസ്ഥാനം കവിതാമയമായിരിക്കണം. അതില്ലെങ്കില്‍ രചന വൈരൂപ്യത്തിന്റെ സന്തതിയായി മാറും. ആ വിധത്തിലൊരു വൈരൂപ്യമാണു് ശ്രീ. പി. കണ്ണന്‍കുട്ടി ദേശാഭിമാനി വാരികയിലെഴുതിയ ‘വീടു് കത്തുന്നു’ എന്ന കഥ. തറവാടു് പൊളിച്ചു് പങ്കിട്ടെടുക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുന്നു. ആ തീരുമാനം സഫലീഭവിക്കുന്നതിനു് മുൻപു് വീടിന്റെ മുകള്‍ ഭാഗത്തു് തീപിടിത്തം ഉണ്ടാകുന്നു. അതു് ക്രമാനുഗതമായി താഴോട്ടു് പടരുന്നു. ഭവനം കത്തിയെരിയും. ഒരു പിടിച്ചാമ്പലായി അതു് മാറും.
ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥയെയും ഭാവികാലത്തെ അവസ്ഥയെയും കഥാകാരന്‍ സത്യസന്ധമായി ചിത്രീകരിക്കുന്നു. അതിനോടു് ഞാൻ സമ്പൂർണമായും യോജിക്കുന്നു. പക്ഷേ എന്റെ രാജ്യത്തിന്റെ ദുരവസ്ഥ എന്ന സത്യം കഥയില്‍ ഭാവനയുടെ സത്യമായി മാറുന്നില്ല. കല ഭാവനാത്മകമാണു്. കണ്ണന്‍കുട്ടിയുടെ കഥ സത്യസന്ധമാണെങ്കിലും വൈരൂപ്യത്തിനു് ആസ്പദമാണു്.
ഭാരതം ജീര്‍ണ്ണിക്കുന്നുവെന്നും ഈ ജീര്‍ണ്ണത തുടര്‍ന്നു പോയാല്‍ പിന്നെ നമ്മളാരും ഇവിടെയുണ്ടാവുകയില്ലെന്നുമുള്ള കഥാകാരന്റെ വിശ്വാസം ശരി. ആ ശരിയായ വിശ്വാസം എനിക്കുമുണ്ടു്. പക്ഷേ എനിക്കു് കഥയെഴുതാന്‍ പ്രാഗത്ഭ്യമില്ലാത്തതു് കെണ്ടു് ഞാന്‍ മനുഷ്യരെ മെനക്കെടുത്താതെ മിണ്ടാതിരിക്കുന്നു. താനൊരു കഥാകാരനാണു് എന്ന തെററിദ്ധാരണയിൽപെട്ട കണ്ണന്‍കുട്ടി പേനയെടുത്തു് വെളളക്കടലാസില്‍ അക്ഷരങ്ങള്‍ കോറിയിട്ടു് ജുഗുപ്സാവസ്ഥ സൃഷ്ടിക്കുന്നു. കലാ പ്രചോദനമുളളവര്‍ക്കേ വിഷയത്തെ വൈകാരികമാക്കാന്‍ പറ്റു. നമ്മുടെ കഥാകാരനു് ആദരണീയമായ സ്വദേശ സ്നേഹമുണ്ടു്. സ്വീകരണീയമായ കലാ വൈഭവമില്ല. കഥയുടെ ലാക്ഷണികത അങ്ങു് കളയൂ. എന്നാലും ഇതു് വായനക്കാരനെ ബോറടിപ്പിക്കുന്ന ശുഷ്കമായ വര്‍ണ്ണനം മാത്രമായേ നില്‍ക്കുന്നുള്ളൂ. ഇ‘ക്കഥ’യെക്കുറിച്ചു് ഇംഗ്ലീഷില്‍ ഒരു വാക്യം കൂടി എഴുതാന്‍ വായനക്കാരുടെ അനുമതി ഞാന്‍ തേടുന്നു. This composition is as flagrantly obvious and brazen as propagandist still posted in a public place.
സ്വര്‍ഗത്തിലേക്കുള്ള വഴിയേതാണു് എന്നു് ഒരുത്തന്‍ റോഡില്‍ നിന്നു് ചോദിച്ചപ്പോള്‍ അങ്ങോട്ടു് നടന്നു് വലത്താട്ടു് തിരിഞ്ഞുപോയാല്‍ മതിയെന്നു് മഹ്ഫൂസിന്റെ ഒരു കഥാപാത്രം പറഞ്ഞതായി ഞാന്‍ മുൻപു് എഴുതിയിരുന്നു. എന്നോടാണു് ആ ചോദ്യം ചോദിച്ചാല്‍ ‘ഗള്‍ഫ് ഏയര്‍’ വിമാനത്തില്‍ കയറി ബാറേന്‍ ദ്വീപില്‍ ഇറങ്ങുക എന്നായിരിക്കും ഉത്തരം (Bahrain അല്ലെങ്കില്‍ Bahrein എന്നതിനു് നിഘണ്ടുക്കളിലെല്ലാം ബാറേന്‍ എന്നാണു് ഉച്ചാരണം നല്‍കിയിരിക്കുന്നതു്. നമ്മള്‍ ബഹറീന്‍ എന്നു പറയുന്നു) സ്വപ്നത്തിന്റെ അലൗകിക സൗന്ദര്യമുള്ള നാടാണു് ഇതു്. ഇവിടെ അറബി യുവതികള്‍ കിന്നര കന്യകകള്‍ പോലെ നടക്കുന്നു. കിന്നരന്മാരെപ്പോലെ അറബിയുവാക്കന്മാര്‍ മെല്ലെ നീങ്ങുന്നു. അതിസൗന്ദര്യമില്ലാത്ത ഒരു യുവതിയെയും യുവാവിനെയും ഞാന്‍ അവിടെ കണ്ടില്ല. അവരോടു സംസാരിക്കൂ. എന്തൊരു വിനയം! എന്തൊരു സുജനമര്യാദ! മതപരങ്ങളായ വിശ്വാസങ്ങളിലേക്കു് ചെല്ലാന്‍ അന്യമതക്കാരോടു് പാരുഷ്യത്തോടെ വേണം പെരുമാറാന്‍ എന്നു് അവിടത്തെ ഒരു പുരുഷനും ഒരു സ്ത്രീയും വിശ്വസിക്കുന്നില്ല. ഈ സ്വാതന്ത്ര്യ സ്വര്‍ഗ്ഗത്തിലേക്കു് എന്നെ നയിച്ചതു് അവിടത്തെ കേരളീയ സമാജത്തിന്റെ പ്രസിഡന്റ് ശ്രീ. വി. പി. മാത്യുവാണു്. ഒരു കമ്പനിയിലെ സമുന്നതനായ ഉദ്യേഗസ്ഥനാണു് അദ്ദേഹം. കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. അതേ സമയം ബുദ്ധിശാലി. ആറായിരത്തിലധികം അംഗങ്ങളുളള ഒരു സമാജത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ സമ്മേളനത്തില്‍ സാഹിത്യത്തെക്കുറിച്ചു് മൂന്നു ദിവസം പ്രസംഗിക്കാന്‍ എന്നെയാണു് അവര്‍ സൗജന്യപൂര്‍വം തിരഞ്ഞെടുത്തതു്. ക്ഷണിച്ച അതിഥിയെ മാനിക്കാൻ തല്‍പരത്വമേറിയ ശ്രോതാക്കള്‍ ആവശ്യകതയ്ക്കു് അതീതമായി ദീര്‍ഘമായി പ്രസംഗിച്ച എന്നെ, ഔചിത്യസീമ ലംഘിച്ച എന്നെ സഹിച്ചതു് അവരുടെ ഉന്നതമായ സംസ്കാരത്താലാണു്. എന്നോടു് ചോദ്യങ്ങള്‍ ചോദിച്ചു് ശ്രീ. സുരേഷ് കൂമാർ ആ ചോദ്യങ്ങള്‍ കൊണ്ടു് തന്റെ ധിഷണാപരമായ കഴിവു് പ്രദര്‍ശിപ്പിച്ചു. ശ്രീ. പി. കെ. ശ്രീജേഷ് മനുഷ്യനു് നന്മയുടെ പരകോടിയിലേക്കു് ഉയരാന്‍ കഴിയുമെന്നു് തെളിയിച്ചു. ശ്രീ. രാമദാസ് പി. ചിറയിലും ശ്രീ. എന്‍. ഡി. ഇനാസുവും ശ്രീ. ജേക്കബ് സാമുവലും ശ്രീ. കെ. വി. മുരളി മോഹനും ഞാൻ താമസിച്ച മിഡില്‍ ഈസ്ററ് ഹോട്ടലിലെ ഗ്രേസിയും ഈശ്വരനെ സംബന്ധിച്ച ഒരേ ഒരു വാക്കു് സ്നേഹമാണെന്നു് എന്നെ ഗ്രഹിപ്പിച്ചു. അവിടത്തെ പ്രമുഖമായ ഇംഗ്ലീഷ് ദിനപത്രം Bahrain Tribune-ന്റെ സിറ്റി എഡിറ്ററായ ശ്രീ. മാത്യു (മലയാള മനോരമയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ആളാണു് അദ്ദേഹം) യശസ്സിന്റെ രാജരഥ്യയിലൂടെ തലയുയര്‍ത്തി നടക്കുന്ന വ്യക്തിയാണു് ഞാനെന്ന നിലയില്‍ സൗജന്യ മാധുര്യത്തോടെ എന്റെ ബുദ്ധിശൂന്യങ്ങളായ വാക്കുകള്‍ വലിയ അക്ഷരങ്ങളില്‍ അച്ചടിച്ചു. സമ്മേളനത്തില്‍ പങ്കുകൊള്ളാന്‍ വന്ന സ്ത്രീകളും ബുദ്ധിശാലിനികളാണെന്നു് അവര്‍ ചോദിച്ച ചോദ്യങ്ങള്‍ സ്പഷ്ടമാക്കിത്തന്നു എനിക്കു്. തിരുവനന്തപുരത്തെ ജീവിതം ഗദ്യാത്മകമാണു്. ആ ദ്വീപിലെ ജിവിതം കവിതാമയമാണു്. എഞ്ചിനീയറിങ് വൈദഗ്ദ്ധ്യത്തിന്റെ പരകോടി കാണണമെങ്കില്‍ ആ ദ്വീപിനെയും സൗദി അറേബ്യയെയും കൂട്ടിയിണക്കുന്ന 25 കിലോമീറ്റര്‍ ദൂരമുള്ള Causeway കാണണം. പാലത്തിനടുത്തുള്ള ഒരു ഗോപുരത്തിന്റെ അഗ്രഭാഗത്തേക്കു് ഞാന്‍ ശ്രീജേഷിന്റെ സഹായത്തോടെ കയറി. സൂര്യപ്രകാശത്തിന്റെ പ്രവാഹത്തില്‍ സൗദി അറേബ്യ തിളങ്ങുന്നതു് ഞാന്‍ കണ്ടു. തിരിച്ചു് പോരുമ്പോള്‍ റോഡരുകില്‍ നിന്ന ചില യുവാക്കന്മാര്‍ അവര്‍ക്കു് ഒട്ടും പരിചയമില്ലാത്ത എന്നെ നോക്കി ചിരിച്ചു് ആദരപൂര്‍വം കൈവീശി. ഇവരെപ്പോലെ നമ്മള്‍ക്കും പെരുമാറാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
കൂടിക്കലർന്ന ശബ്ദത്തെക്കാൾ ഭേദം പ്രഭാഷകന്റെ ശബ്ദം കേൾപ്പിക്കാതെയുള്ള വാപൊളിക്കലാണു്. ചുണ്ടുകളുടേയും മുഖത്തെ മാംസപേശികളുടെയും വക്രീകരണമെങ്കിലും നോക്കിക്കൊണ്ടിരിക്കാമല്ലൊ.
പലസ്തീനിലെ ഒരു ഭക്ഷണശാലയിലിരുന്നു് എന്റെ സുഹൃത്തു് ശ്രീ. മാത്യു ജോസ് ചാലില്‍ (ബഹ്റീനിന്റെ തലസ്ഥാനമായ മനാമയില്‍ പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് ഹൗസ് നടത്തുന്ന മാന്യൻ) കൂട്ടുകാരുമൊരുമിച്ചു് ഭക്ഷണം കഴിക്കുകയായിരുന്നു. ഹോട്ടലിന്റെ മാനേജർ അവരുടെ അടുത്തെത്തി ചോദിച്ചു. ‘Are you Indians?’ ‘Yes’ എന്നു് അവരുടെ ഉത്തരം. അദ്ദേഹം വെയ്റ്റർമാരെ വിളിച്ചു എല്ലാം നിർലോഭം വിളമ്പാൻ ആജ്ഞാപിച്ചു. ഭക്ഷണമൊക്കെക്കഴിഞ്ഞു് ഭീമമായ തുകയ്ക്കുള്ള ബിൽ കിട്ടി. അതുകൊടുക്കാൻ ഭാവിച്ച മാത്യുവിനോടു് മാനേജർ പറഞ്ഞു: ‘No’. കാര്യമെന്തു് എന്നു് അദ്ദേഹം അന്വേഷിച്ചപ്പോൾ മാനേജർ പറഞ്ഞു: “Your Prime Minister Indira Gandhi is our sister”. എത്ര നിർബന്ധിച്ചിട്ടും മാനേജർ പണം സ്വീകരിച്ചില്ല. ആ പലസ്തീൻ മുസ്ലിമിന്റെ സ്നേഹപ്രകാശത്തിന്റെ ഇളം ചുവപ്പു് ഇതെഴുതുന്ന സമയത്തു് എന്റെ വെണ്മയാർന്ന കടലാസിൽ വീഴുന്നു. ഞാൻ തെല്ലുനേരം അതുകണ്ടുകൊണ്ടിരിക്കട്ടെ, പ്രിയ വായനക്കാരേ.

ടെലിവിഷൻ കാണുക എന്നതിലെ ദുരനുഭവം വി. ഐ. പി. കൾ പ്രസംഗിക്കുന്നതു് കാണുക എന്നതുതന്നെയാണു്. പ്രസംഗിക്കുന്നതു് കേൾക്കുകയല്ല, കാണുകതന്നെയാണു് നമ്മൾ. ശ്രീ. ഐ. കെ. ഗുജ്റാളിന്റെ ചുണ്ടുകൾ വളരെ വേഗത്തിൽ ചലനം കൊള്ളുന്നുണ്ടു്. പക്ഷേ അദ്ദേഹത്തിന്റെ ശബ്ദം നമ്മൾ കേൾക്കുന്നില്ല. കേൾക്കുന്നതു് വാർത്തവായിക്കുന്ന ആളിന്റെ ശബ്ദം മാത്രമാണു്. പ്രധാനമന്ത്രിക്കു് പ്രാധാന്യം നമ്മൾ കല്പിക്കുന്നതുകൊണ്ടു് വാർത്ത വായിക്കുന്ന ആളിന്റെ ശബ്ദം ശ്രദ്ധിക്കാതെ നമ്മൾ അദ്ദേഹത്തിന്റെ വായിൽനിന്നു് ശബ്ദം വരുന്നുണ്ടോ എന്നു് നോക്കിക്കൊണ്ടിരിക്കുന്നു. ഇല്ല. ഒന്നുമില്ല. ചുണ്ടുകൾ അനങ്ങുന്നതേയുള്ളൂ. അങ്ങനെയിരിക്കെ ചുണ്ടുകളിൽനിന്നു് ശബ്ദം കേട്ടുതുടങ്ങുന്നു. ഒപ്പം വാർത്തകൾ വായിക്കുന്ന ആളിന്റെ ശബ്ദവും. രണ്ടും കൂടിക്കലരുന്നു. ഒന്നും മനസ്സിലാകുന്നുമില്ല.
കൂടിക്കലർന്ന ശബ്ദത്തെക്കാൾ ഭേദം പ്രഭാഷകന്റെ ശബ്ദം കേൾപ്പിക്കാതെയുള്ള വാപൊളിക്കലാണു്. ചുണ്ടുകളുടേയും മുഖത്തെ മാംസപേശികളുടെയും വക്രീകരണമെങ്കിലും നോക്കിക്കൊണ്ടിരിക്കാമല്ലൊ. വാർത്തകൾ വായിക്കുന്ന ആൾ മിണ്ടാതിരിക്കുകയും പ്രസംഗിക്കുന്ന ആളിന്റെ ശബ്ദം കേൾക്കുകയും ചെയ്യുമ്പോൾ നമ്മൾ മനസ്സിലെങ്കിലും വിധികർത്താക്കളായി മാറും. അപ്പോൾ സംഭവിക്കുന്ന മാനസികപ്രക്രിയ നമുക്കു് ഒരുതരത്തിലുള്ള ആഹ്ലാദം നൽകും. പ്രഭാഷകന്റെ ശബ്ദം കേൾക്കുന്നതുപോലുള്ള പ്രക്രിയയാണു് നല്ല ചെറുകഥകൾ വായിക്കുമ്പോൾ ഉണ്ടാവുക.

ഒക്താവ്യോ പാസ്സിന്റെ My Life with the Wave എന്ന ചെറുകഥ നമുക്കുനോക്കാം. കഥ പറയുന്ന ആളിനെ സൗകര്യത്തിനുവേണ്ടി പാസ്സ് എന്നുതന്നെ വിളിക്കട്ടെ. അദ്ദേഹം കടലിൽനിന്നു് പോരുമ്പോൾ മറ്റുതിരകളെ പിൻതള്ളി ഒരു തിരമാത്രം അദ്ദേഹത്തിന്റെ കൈ പിടിച്ചുകൊണ്ടു് മുന്നോട്ടുചാടി. അവൾ (തിര) പൊക്കമുള്ളവൾ. കനം കുറഞ്ഞവൾ. പട്ടണജീവിതം പ്രയാസങ്ങൾ നിറഞ്ഞതാണെന്നു് പാസ്സ് അവളോടു് പറഞ്ഞു. പക്ഷേ അവൾ ഉച്ചത്തിൽ നിലവിളിച്ചു. പാസ്സിനെ കെട്ടിപ്പിടിച്ചു. ഭീഷണിപ്പെടുത്തി. അദ്ദേഹം തീവണ്ടിയിൽ കയറി വെള്ളം നിറച്ചുവച്ചിരുന്ന ടാങ്ക് ശൂന്യമാക്കി അവളെ അതിലേക്കു് ഒഴിച്ചു. ഒരു സ്ത്രീ ടാപ് തുറന്നു് കപ്പിൽ വെള്ളമൊഴിച്ചു് കുടിച്ചപ്പോൾ ഉപ്പിന്റെ ചുവ. യാത്രക്കാരുടെ കുടിവെള്ളത്തിൽ വിഷം കലർത്തിയെന്നു് പറഞ്ഞു പോലീസ് അദ്ദേഹത്തെ കാരാഗൃഹത്തിലേക്കു് കൊണ്ടുപോയി. ഒരു വർഷം കഴിഞ്ഞു് പാസ്സ് വീട്ടിലെത്തിയപ്പോൾ തിര അദ്ദേഹത്തിന്റെ വീട്ടിൽ പാർക്കുന്നതാണു് കണ്ടതു്. എന്തു് സംഭവിച്ചു എന്ന പാസ്സിന്റെ ചോദ്യത്തിനു് അവൾ മറുപടി പറഞ്ഞു: ‘ഉപ്പുവെള്ളമാണു് ഞാനെന്നുകണ്ടു് ആരോ എന്നെ എഞ്ചിനിലേക്കു് ഒഴിച്ചു. ഞാൻ ആവിയായി രക്ഷപ്പെട്ടു.’ അവൾ പാസ്സിന്റെ ഭവനത്തിലെ ഇരുണ്ട ഇടനാഴികളെ സൂര്യനെക്കൊണ്ടു് നിറച്ചു.
പിന്നീടാണു് പ്രണയകേളികൾ. പാസ്സ് അവളെ ആലിംഗനം ചെയ്താൽ അവൾ അഭിമാനം കൊണ്ടു് വീർക്കും. അനന്തമായ ചക്രവാളം പോലെ അവൾ അദ്ദേഹത്തിന്റെ മുൻപിൽ നീണ്ടുനിവർന്നു കിടക്കും. അപ്പോൾ പാസ്സും ചക്രവാളം പോലെയാകും. പക്ഷേ അവൾക്കു് കേന്ദ്രസ്ഥാനമില്ലായിരുന്നു. അവിടമാകെ ശൂന്യം. ചക്രവാളത്തിന്റെ കേന്ദ്രം ശൂന്യമാണല്ലോ. ആ ചക്രവാളം ആളുകളെ ശൂന്യമായ സ്ഥലത്തേക്കു് വലിച്ചെടുക്കുന്നതുപോലെ അവൾ അദ്ദേഹത്തെയും വലിച്ചെടുത്തു. ലൈംഗികവേഴ്ചകൾ മൃഗീയങ്ങളായി. അവളുടെ നിലവിളികൾ അയൽക്കാരെ നിദ്രയിൽനിന്നുണർത്തി. അവളുടെ ശബ്ദം കേട്ടു് കടൽക്കാറ്റു് ഭവനത്തിന്റെ വാതിലിൽ മാന്തും. വീട്ടിന്റെ മേൽക്കൂരയിൽ നിർഘോഷമുണ്ടാക്കും. അവൾ തുപ്പും. കരയും. ചന്ദ്രൻ, നക്ഷത്രങ്ങൾ ഇവയുടെ സ്വാധീനതയാൽ അവളുടെ വൈകാരികാവസ്ഥകൾക്കു് മാറ്റം വന്നുകൊണ്ടിരുന്നു. പാസ്സ് അവളെ പേടിക്കുകയും വെറുക്കുകയും ചെയ്തു.
മഞ്ഞുകാലം വന്നു. അവളോടൊരുമിച്ചു് ഉറങ്ങാൻ വയ്യ. വല്ലാത്ത തണുപ്പു്. ഒരിക്കൽ അദ്ദേഹം മലമുകളിലേക്കു് പോയിട്ടു് തിരിച്ചുവന്നപ്പോൾ അവൾ മഞ്ഞുപ്രതിമയായി നിൽക്കുന്നതുകണ്ടു. അദ്ദേഹം അവളെ ചാക്കിനകത്താക്കിക്കൊണ്ടുപോയി ഒരു ഭക്ഷണശാലയുടെ ഉടമസ്ഥനു് വിറ്റു. അയാൾ അവളെ കൊച്ചുകഷണങ്ങളാക്കി പൊട്ടിച്ചു് ബക്കറ്റുകളിലാക്കി. അവയിലാണു് മദ്യം തണുപ്പിക്കുക.
ഒരുജ്ജ്വല പ്രതിഭാശാലിയുടെ കഥയാണിതു്. സ്ത്രീയുടെ ആക്രമണോത്സുകത, അവളുടെ ക്രൂരത, പുരുഷന്റെ ദൗർബ്ബല്യം, അവന്റെ നിസ്സഹായാവസ്ഥ ഇവയൊക്കെ ഇതിൽ വ്യഞ്ജിക്കുന്നു. ഏതു് ദുർബലനും സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി നൃശംസതയാർജ്ജിക്കുമെന്നു് ഈ രചന വ്യക്തമാക്കുന്നു. കഥ വായിക്കുമ്പോൾ നമ്മൾ അത്ഭുതപ്പെടുന്നു. പ്രകമ്പനം കൊള്ളുന്നു. ചിന്താമണ്ഡലത്തിൽ അനവരതം സഞ്ചരിക്കുന്നു. നോബൽസ്സമ്മാനം നേടിയ ഒരു ‘മാസ്റ്ററെ’ ഞാൻ എന്റെ സുഹൃത്തായ ശ്രീ. പി. എൻ. വിജയനോടു് താരതമ്യപ്പെടുത്തുകയല്ല. ഉത്കൃഷ്ടമായ സാഹിത്യമേതെന്നു് വ്യക്തമാക്കാനേ എനിക്കു് ഉദ്ദേശമുള്ളൂ. വിജയൻ മാതൃഭൂമിയിൽ (ആഴ്ചപ്പതിപ്പു്) എഴുതിയ ‘സ്വപ്നം കണ്ടുകൊണ്ടു് ഒരു മുത്തശ്ശിപ്രതിമ’ എന്ന കഥയിൽ പേരക്കുട്ടിക്കു് സന്താനമുണ്ടാകുന്നതുവരെ ജീവിച്ച ഒരു പടുകിഴവിയുടെ ‘ട്രാജഡി’യാണു് ആവിഷ്കരിക്കുന്നതു്. തെറ്റിപ്പോയി. ആവിഷ്കരിക്കാൻ ശ്രമിക്കുന്നതു്. വൃദ്ധയ്ക്കു് ഓർമ്മയില്ല. വീട്ടിലുള്ള രണ്ടുപേർ ആ സ്ത്രീയെ നിന്ദിക്കുന്നു. ഭർത്സിക്കുന്നു. സ്തുതിച്ചാലും അപമാനിച്ചാലും അവർക്കു് ഒന്നുമില്ല. കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത വൃദ്ധയ്ക്കു് അപമാനമില്ല. സ്നേഹത്തിനും അവരെസ്സംബന്ധിച്ചു് അർത്ഥമില്ല. പക്ഷേ കഥ വായിച്ചുതീരുമ്പോൾ അതിന്റെ കേന്ദ്രസ്ഥാനം പൊള്ളയാണെന്നു് നമ്മൾ മനസ്സിലാക്കുന്നു. ശൂന്യതയാണു് ഇതിന്റെ മുദ്ര. ചിത്തവൃത്തികളെ ചലനം കൊള്ളിക്കാൻ അസമർത്ഥമായ വാക്യ സമാഹാരം മാത്രമാണു് ഈ രചന. ടെലിവിഷനിലെ വി. ഐ. പി ചുണ്ടുകൾ അനക്കുമ്പോൾ ശബ്ദവും കൂടി നമുക്കു് കേൾക്കണം. എങ്കിലേ മനസ്സും ഹൃദയവും പ്രവർത്തിക്കൂ. ശബ്ദം കേൾപ്പിക്കാതെ ചുണ്ടുകൾ വക്രിപ്പിക്കുന്ന വ്യക്തിയെപ്പോലെയാണു് ഇക്കഥ. കലയുടെ അടുത്തെത്താൻ കോടിക്കണക്കിനു് നാഴിക സഞ്ചരിക്കണം.

രൂപശില്പത്തിന്റെ ഭദ്രതയിൽ ഷൊർഷ് പെരക് (Geroges Perec 1936–1982) എന്ന ഫ്രഞ്ചെഴുത്തുകാരനെ സമീപിക്കാൻ ഈ ശതാബ്ദത്തിൽ വേറൊരു സാഹിത്യകാരനില്ല എന്നാണു് അഭിജ്ഞമതം. അദ്ദേഹത്തിന്റെ Life: A User’s Manual എന്ന നോവല്‍ വായിച്ചു് ഞാന്‍ അത്ഭുതാധീനനാവുകയും അതിനെക്കുറിച്ചു് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞു. ഞാന്‍ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന്റെ മുന്‍പിലുള്ള ഫുട്പാത്തിലൂടെ നടക്കുകയായിരുന്നു. ഒരു സായ്പ് എന്റെ ലേഖനമുള്ള ആഴ്ചപ്പതിപ്പു് ഉയര്‍ത്തിപ്പിടിച്ചു് കൊണ്ടു് ഓടി അടുത്തെത്തി ആവേശത്തോടെ ചോദിച്ചു.: ‘നിങ്ങളാണോ ഈ ലേഖനമെഴുതിയതു്? എന്റെ ചങ്ങാതിയായിരുന്നു പെരക്. നിങ്ങള്‍ അദ്ദേഹത്തിന്റെ നോവലിനെക്കുറിച്ചു് എഴുതിയിരിക്കുന്നു. എനിക്കെന്തു് സന്തോഷം!’ തൊണ്ട വിറയല്‍ കൊണ്ടു് സായ്പിനു് മുഴുവനും പറയാന്‍ സാധിച്ചില്ല. പെരക് ഇത്രവേഗത്തില്‍ മരിച്ചതെങ്ങനെയെന്നു് ഞാന്‍ അദ്ദേഹത്തോടു് ചോദിച്ചു. ഇടവിടാതെയുള്ള സിഗററ്റ് വലികൊണ്ടു് അദ്ദേഹത്തിനു് കാന്‍സര്‍ വന്നുവെന്നും അതു് മാരകമായിത്തീര്‍ന്നുവെന്നും അദ്ദേഹം—ഷാക് ഷുവെ—എന്നെ അറിയിച്ചു. ഞങ്ങള്‍ ‘കലവറ’ എന്ന കാപ്പിക്കടയില്‍ കയറി കാപ്പി കുടിച്ചിട്ടു് പിരിഞ്ഞു. പാരീസില്‍ ചെന്നാലുടന്‍ Oulipo—A Prime of Potential Literature എന്ന പുസ്തകം അയച്ചു തരാമെന്നു പറയുകയും ചെയ്തു ഷുവെ. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പെരക് ഉള്‍പ്പെട്ട സംഘടനയുടെ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്ന പുസ്തകം എനിക്കു് കിട്ടി. അതില്‍ ആ പ്രസ്ഥാനക്കാരുടെ സാഹിത്യപരങ്ങളായ രചനകളുമുണ്ടു്. പെരക്കിന്റെ സുഹൃത്തായ മാന്യന്‍ തന്ന ആ ഗ്രന്ഥം ഞാന്‍ നിധി പോലെ സൂക്ഷിച്ചു വച്ചിരിക്കുന്നു. ഇപ്പോള്‍ ഈ പ്രതിഭാശാലിയുടെ ഏതു് കൃതി കണ്ടാലും ഞാനതു് വാങ്ങുന്നു. വായിക്കുന്നു. Life: A User’s Manual കഴിഞ്ഞാല്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതു് ആത്മകഥയുടെ മട്ടിലെഴുതിയ W, or the Memory of Childhood എന്ന ഗ്രന്ഥമാണു്. ഒന്നിടവിട്ടുള്ള അദ്ധ്യായങ്ങളിലൂടെ രണ്ടു് കഥകള്‍ പറഞ്ഞു് പര്യവസാനത്തില്‍ അവയെ കൂട്ടിയിണക്കി ഒരത്ഭുതം സൃഷ്ടിക്കുന്നു പെരക്.

1997–ല്‍ പ്രസാധനം ചെയ്ത Species of Spaces and Other Pieces എന്ന പെരക്കിന്റെ പ്രബന്ധ സമാഹാരഗ്രന്ഥം Books, pp. 288, Rs. 305.90).

വിശ്വവിഖ്യാതയായ മാര്‍ഗറീതു് ദ്യൂറ എന്ന ഫ്രഞ്ചെഴുത്തുകാരിയുടെ ആദ്യത്തെ ഭര്‍ത്താവായിരുന്ന റോബര്‍ ആങ്തെല്‍മ്. അദ്ദേഹത്തെക്കുറിച്ചു് പെരക് എഴുതിയ ലേഖനത്തില്‍ ഇങ്ങനെ:
“Literature has lost its authority. It searches in the world for the signs of its defeat: angst oozes out from its walls… ” സാഹിത്യത്തിന്റെ ആധിപത്യം നഷ്ടപ്പെട്ടിട്ടില്ല എന്നതിനു് തെളിവാണു് പെരക്കിന്റെ എല്ലാക്കൃതികളും. അതു കൊണ്ടാണല്ലോ കേരളത്തിന്റെ ഒരു മൂലയില്‍ താമസിക്കുന്ന ഒരാള്‍ അവയെക്കുറിച്ചു് എഴുതുന്നതു്.