“എന്റെ പേരു് സ്വർഗ്ഗീയ സംഗീതത്തിലേക്കു് ഉയരും—ഭ്രമണം ചെയ്യുന്ന നക്ഷത്രങ്ങളുടെ മരണമില്ലാത്ത സംഗീതത്തിലേക്കു്. റോം സനാതന നഗരമായിരിക്കുന്നിടത്തോളം കാലം ഈ വരികൾ ആളുകളുടെ ചുണ്ടുകളിൽ നിന്നു് പ്രതിധ്വനിക്കും. ഈ ഭൂമിയിൽ കവിത സത്യം പറയുന്നിടത്തോളം കാലം ഞാൻ കീർത്തിയാൽ അമരത്വമാർജ്ജിച്ചു് ജീവിക്കും”.
റോമൻ കവി ഒവിദിന്റെ പ്രസ്താവമാണിതു്. (Ovid 43 BC–17 AD. Full Latin name Publius Ovidian Naso പബ്ലിയസ് ഓവീദിയസ് നാസോ) തന്റെ അതിസുന്ദരമായ Metamorphoses എന്ന കാവ്യത്തിന്റെ പരിസമാപ്തിയിലാണു് ഒവിദ് ഈ പ്രസ്താവം നിർവഹിച്ചതു്. ഗ്രീസിലെയും റോമിലെയും ഇരുന്നൂറ്റിയമ്പതു് പുരാവൃത്തകഥകളെടുത്തു് പുനരാഖ്യാനം നിർവഹിച്ചിരിക്കുകയാണു് ഒവിദ്. ആ കഥകൾ അദ്ദേഹത്തിന്റെ കൈയിൽ കാഞ്ചന നിർമ്മിതങ്ങളായ കലാശില്പങ്ങളായി രൂപം കൊള്ളുന്നു. ഒരുദാഹരണം നൽകട്ടെ. പിറമസിന്റെയും തിസ്ബേയുടെയും പുരാവൃത്തം (Pyramus and Thisbe) അസദൃശമായ വിധത്തിലാണു് കവി ആവിഷ്കരിക്കുന്നതു്. യുഫ്രേറ്റീസ്, റ്റൈഗ്രസ് ഈ നദികളുടെ താഴ് വരയിലുള്ള ബബലോണ്യ രാജ്യത്തിലെ പ്രാചീന നഗരമായ ബബലനിൽ (Babylon) അതിസുന്ദരനായ പിറമസും അതിസുന്ദരിയായ തിസ്ബേയും അടുത്തടുത്തു് താമസിച്ചിരുന്നു. അവർ അനുരക്തരായി.
ഇരുട്ടിനു കനം കൂടുമ്പോഴാണു് നക്ഷത്രം കൂടുതൽ തിളങ്ങുന്നതു്. നമ്മുടെ രാജ്യം ഇന്നു് അന്ധകാരത്തിലാണു്. ഓരോ ദിവസം കഴിയുന്തോറും ആ ഇരുട്ടു് കൂടിക്കൂടിവരുന്നു. ഗാന്ധിജിയെന്ന നക്ഷത്രം കൂടുതൽ കൂടുതൽ തിളങ്ങുന്നു.
പക്ഷേ അച്ഛനമ്മമാർ വിവാഹത്തിനു് അനുമതി നൽകിയില്ല. രണ്ടുപേരുടെയും വീടുകളെ വേർതിരിക്കുന്ന മതിലിലുള്ള വിടവിലൂടെ അവർ സംസാരിച്ചിരുന്നു. രാത്രിയിൽ പിരിഞ്ഞു പോകുമ്പോൾ പിറമസും തിസ്ബേയും മതിലിന്റെ രണ്ടുഭാഗങ്ങളിലായി ചുംബിക്കും. ബബലനിലെ രാജാവായിരുന്ന നൈനസിന്റെ ശവകുടീരത്തിനടുത്തു വച്ചു രാത്രി സമയത്തു് കാണാൻ അവർ തീരുമാനിച്ചു. തിസ്ബേ പ്രേമസങ്കേതത്തിൽ ചെന്നപ്പോൾ ആട്ടിൻകുട്ടിയെ തിന്നു ചോരയൊലിപ്പിച്ചുകൊണ്ടുവരുന്ന ഒരു പെൺസിംഹത്തിനെ കണ്ടു. നദിയിൽ നിന്നു വെള്ളം കുടിക്കാൻ വരികയായിരുന്നു ആ മൃഗം. ഒരു ഗുഹയിലേക്കു് ഓടി രക്ഷപ്പെട്ട തിസ്ബേ ഓടുന്ന വേളയിൽ മൂടുപടം താനറിയാതെ ഉപേക്ഷിച്ചിരുന്നു. വെള്ളം കുടിച്ചിട്ടു് തിരിച്ചുവന്ന സിംഹി ആ മൂടുപടത്തെ കടിച്ചുകീറിയിട്ടു. അതിൽ രക്തം പുരണ്ടു. അല്പം കഴിഞ്ഞു് അവിടെയെത്തിയ പിറമസ് ക്രൂരമൃഗത്തിന്റെ കാല്പാടുകൾ കണ്ടു്, രക്തം പുരണ്ട, കീറിയ മൂടുപടം കണ്ടു് തന്റെ പ്രേമഭാജനത്തെ ക്രൂരമൃഗം കൊന്നുതിന്നിരിക്കുമെന്നു് കരുതി വാളെടുത്തു് ശരീരത്തിന്റെ ഒരു ഭാഗത്തു് കുത്തിയിറക്കി ആത്മഹത്യ ചെയ്തു. സമീപത്തു് നിന്ന മൾബെറി മരത്തിലെ ചുവന്ന പഴങ്ങളിൽ അയാളുടെ ചോര വന്നുവീണു് അവ കൂടുതൽ ചുവന്ന നിറമുള്ളവയായി.

ഗുഹയിൽ നിന്നു് ആ സ്ഥലത്തേക്കു് വന്ന തിസ്ബേക്കു് മരത്തിന്റെ കൂടിയ ചുവപ്പുനിറം കണ്ടു് അതു് നേരത്തേ തന്നെ അവിടെ നിന്ന മരമാണെന്നു് അറിയാൻ കഴിഞ്ഞില്ല. അവൾ പിറമസിന്റെ അടുത്തു് ചെന്നു് അയാളുടെ പേരുവിളിച്ചു. പിറമസ് കണ്ണുകൾ ഒരു നിമിഷത്തേക്കു് തുറന്നിട്ടു് എല്ലാക്കാലത്തേക്കുമായി അവ അടച്ചു. കാമുകന്റെ ചൂടുള്ള രക്തം പുരണ്ട വാളെടുത്തു തിസ്ബേ തന്റെ ഹൃദയത്തിലേക്കു് കുത്തിയിറക്കി. അവളുടെ ആഗ്രഹമനുസരിച്ചു് രണ്ടുപേരുടെയും ഭൗതികാവശിഷ്ടം ഒരു ഭാജനത്തിലാക്കി. ഈ സംഭവത്തിനു് ശേഷമാണു് മൾബെറിപ്പഴങ്ങൾ വിളഞ്ഞു് കഴിയുമ്പോൾ കടും ചുവപ്പു് നിറമുള്ളവയായിത്തീർന്നതു്.

മൾബെറിപ്പഴങ്ങൾക്കു് വന്ന മാറ്റം പോലെ മൃഗങ്ങൾക്കും ചെടികൾക്കും മനുഷ്യർക്കും വരുന്ന മാറ്റങ്ങളാണു് ഒവിദ് Metamorphosis എന്ന കാവ്യസമാഹാര ഗ്രന്ഥത്തിൽ വർണിക്കുന്നതു്. ഈ രൂപാന്തര പ്രാപ്തി തികച്ചും സ്വാഭാവികമാണെന്നാണു് നിരൂപകരുടെ മതം. ജർമ്മനിയിലെ കവി റില്ക്കയുടെ (Rilke 1875–1926) ഗീതകങ്ങളിൽ ഒർഫൂസിന്റെ ഗാനം പ്രകൃതിയിലെ അയവില്ലാത്ത രൂപങ്ങൾക്കു് അയവു വരുത്തി അവയ്ക്കു് പുതിയ ലയവും മാനവും നൽകിയെന്നു വ്യക്തമാക്കുന്നതായി മൈക്കൽ ഗാന്റ് പറയുന്നു. ആങ്ദ്രേ മൽറോയുടെ Metamorphosis of the Gods എന്ന കൃതിയിൽ ഒരു പാവനവിഗ്രഹം തന്റെ മുൻപുള്ള വിഗ്രഹത്തെ നശിപ്പിച്ചിട്ടു് നിലനിൽക്കുന്നുവെന്ന തത്ത്വം പ്രകാശിപ്പിക്കുന്നതായും ആ നിരൂപകൻ തന്നെ നമ്മളെ അനുസ്മരിപ്പിക്കുന്നു. പിറമസിന്റെയും തിസ്ബേയുടെയും കഥയിൽ മൾബെറിപ്പഴങ്ങൾക്കു് വന്ന രൂപാന്തരം നോക്കുക.
“ആരു് വോട്ടു് ചെയ്തില്ലെങ്കിലും ജയിക്കേണ്ടവൻ ജയിക്കും. വരേണ്ട സർക്കാർ വരും”.
ഒവിദിന്റെ മഹാകാവ്യത്തിൽ നിന്നു് ഇരിപത്തിനാലു് കഥകളെടുത്തു് റ്റെഡ് ഹ്യൂസ് എന്ന കവി (Ted Hughes b. 1930) പുനരാഖ്യാനം ചെയ്തു ‘Tales from Ovid’ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. (faber and faber, 1997, Rs. 334.65, pp. 264) സമൂഹത്തെക്കാൾ പ്രാകൃതത്വത്തിൽ തല്പരനായ കവിയാണു് ഹ്യൂസ്. വ്യക്തിയായ മനുഷ്യനല്ല അദ്ദേഹത്തിന്റെ കവിതകളിലെ വിഷയം; പ്രകൃതിയുടെ വൈജാത്യവും വൈവിധ്യവുമാണു്. അതുകൊണ്ടായിരിക്കണം അദ്ദേഹം ഒവിദിന്റെ കാവ്യത്താൽ ആകർഷിക്കപ്പെട്ടതു്. ഹ്യൂസിന്റെ The Thought-Fox എന്ന കാവ്യം വായിച്ചാൽ അദ്ദേഹത്തിന്റെ മൗലികതയും പ്രാകൃതത്വാഭിലാഷവും ഇമേജറി നിവേശിപ്പിക്കുന്നതിലുള്ള വൈഭവവും ഗ്രഹിക്കാനാവും.
Cold, delicately as the dark snow,
A fox’s nose touches twig, leaf;
Two eyes serve a movement, that now
And again now, and now, and now
…
Till, with a sudden sharp hot stink of fox
It enters the dark hole of the head
The window is starless still; the clock ticks,
The page is printed.
വായനക്കാർക്കു് പ്രകമ്പനം ഉളവാക്കുന്ന കവിതയാണിതു്. ഇത്രയും സിദ്ധികളുള്ള കവിയുടെ പുനരാഖ്യാനം മനോഹരമാണു് എന്നു് എടുത്തു് പറയേണ്ടതില്ല.

ഒവിദിന്റെ കാവ്യങ്ങളുടെ നാടകീയത വർദ്ധിപ്പിച്ചും സംക്ഷേപണ സാമർത്ഥ്യം കൊണ്ടു് കലാത്മകതയ്ക്കു് തീക്ഷ്ണത വരുത്തിയുമാണു് ഹ്യൂസ് ഇരുപത്തിനാലു് കഥകളും ആഖ്യാനം ചെയ്തിട്ടുള്ളതു്. ‘പിറമസും തിസ്ബേ’യും എന്ന കാവ്യത്തിൽ നിന്നു്, തിസ്ബേ ആത്മഹത്യ ചെയ്യുന്നതിനു് മുൻപു് അച്ഛനമ്മമാരെ ലക്ഷ്യമാക്കി പറയുന്ന വരികൾ:
Death as divided us, so it is right
That death should bring us together
In an unbreakable wedlock. Parents,
As you find our bodies,
Limbs enturned, stiffened in a single knot
Do not separate us. Burn as we lived
In the one flame.
ഒവിദിന്റെയും ഹ്യൂസിന്റെയും കവിതയുടെ ശോഭ കാണാൻ ഈ ഗ്രന്ഥം സഹായിക്കും നമ്മളെ.
ചോദ്യം: മഹാത്മാഗാന്ധിയെ ഭാരതീയർ വിസ്മരിച്ചു കഴിഞ്ഞോ?
ഉത്തരം: ഇരുട്ടിനു് കനം കൂടുമ്പോഴാണു് നക്ഷത്രം കൂടുതൽ തിളങ്ങുന്നതു്. നമ്മുടെ രാജ്യം ഇന്നു് അന്ധകാരത്തിലാണു്. ഓരോ ദിവസം കഴിയുന്തോറും ആ ഇരുട്ടു് കൂടിക്കൂടി വരുന്നു. ഗാന്ധിജിയെന്ന നക്ഷത്രം കൂടുതൽ കൂടുതൽ തിളങ്ങുന്നു.
ചോദ്യം: ജീനിയസുള്ളവർ അന്യരോടു് മര്യാദയില്ലാതെ പെരുമാറുന്നതു് എന്തുകൊണ്ടു്?
ഉത്തരം: യഥാർത്ഥമായ ജീനിയസ് വിനയത്തിന്റെ പ്രതിരൂപമാണു്. ഒ. വി. വിജയൻ, ചങ്ങമ്പുഴ, പി. കുഞ്ഞിരാമൻ നായർ, വള്ളത്തോൾ, ഉള്ളൂർ, ജി. ശങ്കരക്കുറുപ്പ് ഇവരൊക്കെ എന്നോടു് വിനയത്തോടു് കൂടി മാത്രമേ പെരുമാറിയിട്ടുള്ളു. സ്വന്തം പ്രതിഭയിൽ സംശയമുള്ളവരാണു് അഹങ്കാരം കാണിക്കുന്നതു്.
ചോദ്യം: കാമുകി സ്ഥിരതയുള്ളവളാണോ?
ഉത്തരം: ഒരു മെഴുകുതിരി നിങ്ങളുടെ ജീവിതകാലം മുഴുവൻ എരിഞ്ഞുകൊണ്ടിരിക്കുമോ എന്നു ടോൾസ്റ്റോയി ചോദിച്ചതു് ഓർമ്മിക്കുക.
ചോദ്യം: മലയാള സാഹിത്യത്തിൽ നിങ്ങളെ വേദനിപ്പിക്കുന്ന കൃതികൾ മാത്രമേയുള്ളോ?
ഉത്തരം: എന്റെ കൊച്ചുവീട്ടിൽ ഫേർണിച്ചർ കൂടുതലാണു്. ചെരിപ്പിടാതെ നടന്നാൽ കാലുതട്ടും അവയിൽ. അതിനാൽ ഞാൻ വീട്ടിനകത്തും ചെരിപ്പിട്ടു് നടക്കുന്നു. ‘ഠ’ വട്ടത്തിലുള്ള മലയാള സാഹിത്യത്തിൽ നിശ്ചേതനരായ എഴുത്തുകാർ വളരെക്കൂടുതൽ. വിമർശനത്തിന്റെ ചെരിപ്പിട്ടു് ഞാൻ നടക്കുന്നതു് അതുകൊണ്ടാണു്.
ചോദ്യം: ലോകമാകെ പുരുഷന്മാരും സ്ത്രീകളും ഒരേ രീതിയിലാണോ അന്യരോടു് പെരുമാറുന്നതു്?
ഉത്തരം: അല്ല. സ്തീകളുടെ കാര്യം മാത്രം പറയാം. ഹവായി ദ്വീപുകളിലെ സുന്ദരികൾ വിദേശികളായ പുരുഷന്മാരെ കണ്ടാൽ ‘ആലോഹാ’ (greetings) എന്നു പറഞ്ഞുകൊണ്ടു് കെട്ടിപ്പിടിക്കും. ബ്രസീലിൽ സ്ത്രീകൾ പനിനീർപ്പൂക്കൾ വാരിയെറിയും. ഫ്രാൻസിലെ പെണ്ണുങ്ങൾ പുരുഷന്മാരെ തൂക്കിയെടുത്തുകൊണ്ടു് പോകും. സൗന്ദര്യമില്ലാത്ത റഷ്യൻ സ്ത്രീകൾ സ്ഥൂലഗാത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടു കൃശഗാത്രരായ വൈദേശികരോടു് ‘എന്താ ഗുസ്തി പിടിക്കാമോ?’ എന്നു ചോദിക്കും നോട്ടം കൊണ്ടു്. കേരളത്തിലെ സ്ത്രീ അപരിചിതനായ പുരുഷൻ വീട്ടുമുറ്റത്തു് എത്തിയാൽ ഒന്നും മിണ്ടാതെ ഓടി അടുക്കളയിലേക്കു് കയറും. എന്നിട്ടു് വേലക്കാരിയോടു് ‘അയാൾ പോയോ എന്നുനോക്കു്, നോക്കു്’ എന്നു പറയും.
ചോദ്യം: തിരുവനന്തപുരത്തെ നിങ്ങൾ കൂടുതൽ നാറ്റിക്കുന്നു അല്ലേ?
ഉത്തരം: അല്ല. തിരുവനന്തപുരത്തെ ചില എഴുത്തുകാരും നിങ്ങളെപ്പോലെയുള്ള ചോദ്യകർത്താക്കളുമാണു് എന്നെ നാറ്റമുള്ളവനാക്കുന്നതു്.
ചോദ്യം: നിങ്ങൾ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടു് ചെയ്യുമോ? ചെയ്യുമെങ്കിൽ ഏതു് പാർട്ടിക്കു്?
ഉത്തരം: ആരു് വോട്ടു് ചെയ്തില്ലെങ്കിലും ജയിക്കേണ്ടവൻ ജയിക്കും. വരേണ്ട സർക്കാർ വരും.
പ്രാക്കുളം ഭാസി എറണാകുളത്തെ സ്വന്തം ഹോട്ടലിൽ ചാരുകസേരയിൽ മലർന്നു കിടക്കുന്നു. പി. കേശവദേവ് എനിക്കുകൂടി ‘ഇച്ചിരി താടാ’ എന്നു് കെ. ബാലകൃഷ്ണനോടു് കെഞ്ചുന്നു. മുകളിലത്തെ നിലയുടെ പാരപ്പെറ്റിൽ നിൽക്കുന്ന ഞാൻ വേമ്പനാട്ടു് കായലിലൂടെ കൊതുമ്പു വള്ളത്തിൽ ഇരുന്നു് തുഴഞ്ഞു പോകുന്ന മുക്കുവസ്ത്രീയെ നോക്കുന്നു. അവളുടെ അഴിഞ്ഞുലഞ്ഞ തലമുടിയിൽ അസ്തമയ സൂര്യൻ പനിനീർപ്പൂ ചൂടിയതു് കാണുന്നു. മിന്നൽ എന്ന അപരാഭിധാനത്താൽ അറിയപ്പെടുന്ന പരമേശ്വരൻ പിള്ള എന്ന പോലീസുദ്യോഗസ്ഥൻ ജീരകവെള്ളം നിറച്ച ഗ്ലാസ്സുമായി നിൽക്കുന്ന എന്റെ അടുത്തു് വന്നു ‘സാറും കുടിക്കുമോ. പ്രൊഹിബിഷൻ ഉള്ള സ്ഥലമാണിതു്’ എന്നു പൊലീസുദ്യോഗസ്ഥനായിത്തന്നെ പറയുന്നു. ‘ജീരകവെള്ളം’ എന്ന എന്റെ മറുപടി കേട്ടു് വിശ്വസിക്കാതെ പുച്ഛച്ചിരി ചിരിച്ചുകൊണ്ടു് അദ്ദേഹം കേശവദേവിന്റെ അടുത്തേക്കു് പോകുന്നു. വർഷങ്ങൾക്കു് ശേഷം അദ്ദേഹം താടി വളർത്തി സന്ന്യാസിയായി എന്റെ വീട്ടിലെത്തുന്നു തെക്കൊരു ക്ഷേത്രത്തിലെ ഉത്സവദിനത്തിൽ പ്രസംഗിക്കാൻ എന്നെ വിളിക്കാനായി. ഞാൻ പോകുന്നു. എന്റെ കൂടെപ്പഠിച്ച അനന്തകൃഷ്ണൻ (ചീഫ് സെക്രട്ടറിയായിരുന്ന ആൾ) എന്നെ അദ്ഭുതപ്പെടുത്തുമാറ് സംസ്കൃത ശ്ലോകങ്ങൾ കൂടക്കൂടെച്ചൊല്ലി ഒന്നാന്തരം പ്രഭാഷണം നിർവഹിക്കുന്നു. കോട്ടയത്തെ പ്രസംഗവേദി. തകഴിയുടെ സാഹിത്യത്തെ വിമർശിക്കുന്ന എന്നെ ഫിലിം ഡയറക്ടർ രാമു കാര്യാട്ട് ഷേർട്ടിൽ പിടിച്ചുവലിച്ചു് പ്രസംഗം അവസാനിപ്പിക്കാൻ ശ്രമിക്കുന്നു. കുറ്റിപ്പുഴ കൃഷ്ണപിള്ള രാമുകാര്യാട്ടിന്റെ കൈ പിടിച്ചുമാറ്റി ‘മര്യാദകേടു് കാണിക്കുന്നോ’ എന്നു ദേഷ്യപ്പെട്ടു ചോദിക്കുന്നു.

‘കൃഷ്ണൻനായർ, നിങ്ങൾ ക്രിട്ടിക്കല്ല, സെൻസേഷനലിസ്റ്റ് ആണു്’ എന്നു് രാമു കാര്യാട്ട് പറയുന്നു. പിരിയാൻ നേരത്തു് പശ്ചാത്താപം കൊണ്ടു് അദ്ദേഹം എന്നോടു് പറയുന്നു. ‘കം റ്റു മൈ പ്ലെയ്സ്, ഐ ഷാൽ ഇൻട്രൊഡീസ് യൂ റ്റു ഷീല’, ‘എനിക്കു് ഷീലയെ പരിചയപ്പെടാൻ ആഗ്രഹമില്ല’ എന്നു് മറുപടി പറയുന്നു ഞാൻ. “പെൺപിള്ളേർ മക്കളായി ഒരുപാടുണ്ടു് എനിക്കു്. അവരെ കെട്ടിച്ചയയ്ക്കണം. വിമർശനം കൊണ്ടു് എന്റെ നോവലുകളുടെ ചെലവ് ഇല്ലാതാക്കല്ലേ” എന്നു് പരിഹാസപൂർവം മുട്ടത്തു വർക്കി എന്നോടു് പറയുന്നു. എം. ടി. വാസുദേവൻ നായർ സദസ്സിലിരുന്നു പ്രഭാഷണങ്ങൾ കേൾക്കുന്നു. സമ്മേളനത്തിനു് ശേഷം പുസ്തകപ്രദർശന സ്ഥലത്തു് ചെന്നു ഞാൻ ഗുന്റർ ഗ്രാസിന്റെ ‘റ്റിൻ ഡ്രം’ എന്ന നോവൽ വാങ്ങി പി. സി. കുട്ടിക്കൃഷ്ണനെ അഭിമാനപൂർവം കാണിക്കുന്നു. ‘ങ്ഹ റ്റിൻ ഡ്രം ഗ്രാസ്’ എന്നു് അദ്ദേഹം പറയുന്നു. കഥാകാരൻ സക്കറിയ കറന്റ് ബുക്ക്സിൽ വച്ചു് എന്നെ കാണുന്നു. സുജനമര്യാദയോടു് കൂടി, സ്നേഹത്തോടു് കൂടി അദ്ദേഹം പ്രതിയോഗിയായ എന്നോടു് സംസാരിക്കുന്നു.

ഞാൻ മുകളിലെഴുതിയതിനെല്ലാം എന്തു് അന്യോന്യബന്ധം? ഒരു ബന്ധവുമില്ല. ഇതുപോലെയാണു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘മൂന്നാമത്തെ കൈ’ എന്ന ചെറുകഥ എഴുതിയിരിക്കുന്നതു് ശ്രീ. സന്തോഷ് എച്ചിക്കാനം. ഒരുത്തൻ ഒരു കടയുടെ മുൻപിൽ ആത്മഹത്യ ചെയ്തു് ‘കമിഴ്‌ന്നു’ കിടക്കുന്നു. അതുകണ്ട ഒരു കഥാകാരൻ ഹക്കീം എന്നൊരുത്തന്റെ കമ്പനിയിൽ പോകുന്നു. അവിടെ യാചനാർത്ഥം വന്ന ഒരുത്തൻ ഇട്ടിട്ടു് പോയ ജാതകവുമെടുത്തു് നടക്കുന്നു. മേലെഴുതിയ എന്റെ വാക്യങ്ങൾക്കു് സ്വീക്വെൻസ് ഇല്ലാത്തതുപോലെ ഇതിനും ആ ഗുണമില്ല. കഥയ്ക്കു് കേന്ദ്രസ്ഥിതമായ ഒരു പ്രമേയമുണ്ടാകണമെന്നും കഥാകാരൻ അതു് വികസിപ്പിച്ചുകൊണ്ടു് വന്നു ജീവിതാവബോധം വായനക്കാരനു് ഉണ്ടാക്കണമെന്നും വിശ്വസിക്കുന്ന പഴഞ്ചനാണു് ഞാൻ. പോസ്റ്റ് മോഡേണിസ്റ്റല്ല.

ഫ്രഞ്ചു് നോവലിസ്റ്റ് സ്റ്റാങ്ദലിനു് (Stendhal 1783–1842) ഇംഗ്ലീഷ് കവി ബൈറനെ (Byron 1788–1824) സ്നേഹമായിരുന്നു, ബഹുമാനമായിരുന്നു. പക്ഷേ അവർ തമ്മിൽക്കണ്ടപ്പോൾ ബൈറൻ കവിയായിട്ടല്ല പ്രഭുവായിട്ടാണു് (Lord Byron) പെരുമാറിയതു്. ഉത്കൃഷ്ടനായ കവിയായിട്ടല്ല അഹങ്കാരിയായ പ്രഭുവായി ബൈറൻ സ്റ്റാങ്ദലിന്റെ മുൻപിൽ നിന്നു. കഥാകാരനായ സന്തോഷിനെ കാണാൻ ഞാൻ കൊതിച്ചു. കണ്ടതു് പോസ്റ്റ് മോഡേണിസ്റ്റായി. സീസർ എല്ലാ സ്ത്രീകളുടെയും ഭർത്താവായിരുന്നു. എല്ലാ പുരുഷന്മാരുടെയും ഭാര്യയും (Lawrence Durrell എഴുതിയത്). സീസർ ഒരു സ്ത്രീയുടെ മാത്രം ഭർത്താവായി കഴിയേണ്ടിയിരുന്നു. ഭർത്താവും ഭാര്യയുമായിരുന്ന സീസറിനെ ബഹുമാനിക്കുന്നവർ കാണുമായിരിക്കും. സന്തോഷ് കഥാകാരനായി മാത്രം വർത്തിച്ചാൽ മതി. സ്യൂഡോ പോസ്റ്റ് മോഡേണിസ്റ്റാകേണ്ടതില്ല.

വിശ്വസാഹിത്യത്തിലെ അത്യുൽകൃഷ്ടങ്ങളായ കഥകളിൽ ഒന്നാണു് ബ്രസീലിയൻ സാഹിത്യകാരനായ ഷ്വൗങ് ഗീമറേങ്സ് റോസ (Joao Guimaraes Rosa 1908–67) എഴുതിയ ‘The Third Bank of the River’ എന്നതു്. അതിരു കടന്ന ആഹ്ലാദമോ അതിരുകടന്ന വിഷാദമോ ഇല്ലാത്ത ഒരാൾ വള്ളമുണ്ടാക്കാൻ ഏർപ്പാടു് ചെയ്യുകയും അതു് കിട്ടിയയുടനെ അതിൽക്കയറി വികാര പ്രകടനമൊന്നും കൂടാതെ നദിയിൽ തുഴഞ്ഞു പോകുകയും ചെയ്തു. അയാൾതിരിച്ചു വന്നതേയില്ല. മകൻ പാറക്കെട്ടിലെ പോടിൽ കൊണ്ടുവച്ച ആഹാരത്തിന്റെ ഒരംശം മാത്രമേ അയാളെടുത്തുള്ളു: രാത്രിയും പകലും വെയിലിലും മഴയിലും ചൂടിലും തണുപ്പിലും അയാൾ കരയിൽ കാലുകുത്താതെ നദിയിൽ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരുന്നു. വർഷങ്ങൾ കഴിഞ്ഞു. മകൻ വൃദ്ധനായി. മകൾ അതിനിടെ വിവാഹിതയായി. അവൾ പ്രസവിച്ചു. പേരക്കുട്ടിയെ മുത്തച്ഛനെ കാണിക്കാനായി നദീതീരത്തിൽ ചെന്നു് മകൾ കുഞ്ഞിനെ ഉയർത്തിക്കാണിച്ചു് അയാളെ വിളിച്ചു നോക്കി. പക്ഷേ അയാൾ വന്നതേയില്ല. മകൻ തീരുമാനിച്ചു അച്ഛനു പകരം അവൻ വഞ്ചിയിലേറി തുഴഞ്ഞുകൊള്ളാമെന്നു് പക്ഷേ അച്ഛനെ കണ്ട മകനു് വിറയലുണ്ടായി. അവൻ ഉന്മാദാവസ്ഥയിൽ ഓടി അകന്നു. പിന്നീടു് ആരും വള്ളത്തിൽ പോയവനെ കണ്ടിട്ടേയില്ല. മകനു് ഒരാഗ്രഹമേയുള്ളു. അവൻ മരിക്കാറാവുമ്പോൾ ആരെങ്കിലും അവനെ വഞ്ചിയിലാക്കി നദിയിൽ ഒഴുകാൻ അനുവദിക്കണം. കഥ അവസാനിക്കുന്നു…, and I, down the river, lost in the river, inside the river… the river…

അജ്ഞാതമായതും അജ്ഞേയമായതും ജനിപ്പിക്കുന്ന ഭയമാണു് ഈ കഥയുടെ വിഷയം. നദിയുടെ മൂന്നാമത്തെ കര ആത്മജ്ഞാനപരമായ മണ്ഡലവുമാകാം. (Charles A. Perrone എന്ന നിരൂപകന്റെ അഭിപ്രായം) എക്സിസ്റ്റെൻഷ്യൽ ദുഃഖമാണു് തോണിക്കാരന്റേതു് എന്നു പറഞ്ഞാലും തെറ്റെന്നു് ഉദ്ഘാഷിക്കാൻ വയ്യ. പല തലത്തിൽ അർത്ഥം പറയാവുന്ന ഉദാത്തമായ കഥ. ഇതിന്റെ തർജ്ജമ ശ്രീ. ചെറിയാൻ കെ. ചെറിയാൻ നൽകിയിരിക്കുന്നു. (മലയാളം വാരിക) റോസയുടെ പോർച്ചുഗീസ് ശൈലി എങ്ങനെയെന്നു് എനിക്കറിഞ്ഞുകൂടാ. ഇംഗ്ലീഷ് തർജ്ജമ ലളിതമാണു്. അസങ്കീർണ്ണമാണു് എങ്കിലും ഒരു മിസ്റ്റിക് സ്വഭാവം ഉണ്ടതിനു്. ചെറിയാൻ കെ. ചെറിയാന്റെ ഭാഷാന്തരീകരണത്തിൽ ആ സ്വഭാവം നഷ്ടപ്പെടുന്നില്ലേ എന്ന സംശയമുണ്ടെനിക്കു്. I experienced the dreadful sense of cold that comes from deadly fear and I became ill എന്നു് ഇംഗ്ലീഷ് തർജ്ജമ—മാരകഭയത്തിൽ നിന്നുളവാകുന്ന ഭയജനകമായ ശിശിരബോധം എനിക്കുണ്ടായി. ഞാൻ രോഗിയാവുകയും ചെയ്തു—എന്നു് ഇതു് തർജ്ജമ ചെയ്യാം. ചെറിയാൻ കെ. ചെറിയാൻ ഭാഷാന്തരീകരണം നിർവഹിക്കുന്നതു് ഇങ്ങനെ: “മരണഭീതിയാൽ തണുത്തുവിറയ്ക്കുന്ന ഒരനുഭൂതിയാണു് എനിക്കുണ്ടായതു്. പൊടുന്നനെ എന്നെയേതോ രോഗം പിടികൂടിയെന്നു് തോന്നി” ഇതു് ദുർബ്ബലമാണു്. കഥയെ അയഥാർത്ഥീകരിക്കലാണു്. സ്വതന്ത്രതർജ്ജമയെന്നു് പേരിട്ടാലും ഈ പ്രക്രിയ നീതിമത്കരിക്കപ്പെടില്ല.
അശ്ലീല രചനകളുണ്ടു്. സാഹിത്യത്തിന്റെ അവിഭാജ്യഘടകമായ കാമോത്സുകത കലർന്ന കൃതികളുണ്ടു്. അശ്ലീല രചനകളെ നിന്ദിക്കാം. കാരണം അവ വായിക്കുമ്പോൾ വായനക്കാരന്റെ രക്തം ചൂടുപിടിക്കും. ഹൃദയം കൂടുതൽ സ്പന്ദിക്കും. അയാൾക്കു് കാമവികാരമിളകും എന്നതാണു്. ചിലർക്കു് അസ്വസ്ഥതയുമുണ്ടാകും. വ്യക്തിക്കു് ആ രീതിയിലുള്ള ക്ഷോഭമുളവാക്കാൻ മറ്റൊരു വ്യക്തിക്കു് അവകാശമില്ല (അവകാശം എന്ന പദം മലയാളത്തിൽ പ്രയോഗിക്കുന്നതു് പോലെ) അതിനാലാണു് സർക്കാർ നിയമം കൊണ്ടു് അതു് നിരോധിച്ചിരിക്കുന്നതു്. സാഹിത്യകൃതികളിലെ കാമോത്സുകത്വം കലർന്ന വർണ്ണനകൾ അവയുടെ ഒരു ഭാഗമാണു്, അതുകൊണ്ടുതന്നെ ജീവിതത്തിന്റെ ഭാഗവുമാണു്. അത്തരം കൃതികളെ വിലയിരുത്തുമ്പോൾ സാഹിത്യപരമായ മേന്മയെ വേണം പരിഗണിക്കാൻ, ആ പരിഗണന ഒരു കാലത്തു് ഇല്ലാതെ പോയതുകൊണ്ടാണു് ജോയിസിന്റെയും ലോറൻസിന്റെയും കൃതികളെ അശ്ലീലമെന്നു് ചിലർ മുദ്ര കുത്തിയതു്. പിന്നീടു് പ്രാഡ്വിവാകന്മാർ അവരുടെ സൃഷ്ടികളെ കലാമേന്മയിലൂടെ സംവീക്ഷണം ചെയ്തു. അവ അശ്ലീലങ്ങളായ രചനകളല്ലെന്നു് വിധിക്കുകയും ചെയ്തു.

“മാധവിക്കുട്ടി: ഒരു എഴുത്തുകാരിയുടെ ജീവിതത്തിന്റെ കൊളാഷ്” എന്ന ലേഖനമെഴുതിയ ശ്രീ. എം. ആർ. ചന്ദ്രശേഖരൻ ശ്രീമതിയുടെ രചനകളെ സമീപിച്ചപ്പോൾ (കലാവീക്ഷണം മാസിക) അവയുടെ സാഹിത്യസംബന്ധിയായ ഗുണോത്കർഷത്തെ അത്ര കണ്ടു മാനിച്ചോ എന്നാണു് എന്റെ സംശയം. ‘ചുവന്ന പാവാട’, ‘പക്ഷിയുടെ മണം’ ഈ കഥകളെഴുതിയ മാധവിക്കുട്ടി മലയാളത്തിലെ മറ്റു കഥാകാരന്മാരിൽ നിന്നു് ബഹുദൂരം അകന്നു നിന്നു് അവരുടെ പ്രതിഭയെ സ്പഷ്ടമാക്കിത്തരുന്നു. കലാപരമായ ആവശ്യകതയ്ക്കു് അതീതങ്ങളായ വൈഷയിക വർണ്ണനകൾ അവരുടെ കൃതികളിൽ ഉണ്ടോ? ഹെൻട്രി മില്ലർ, അനൈസ് നീൻ, ആൽബർതോ മെറാവ്യാ ഇവരുടെ കൃതികൾ വായിച്ച എനിക്കു് അത്രകണ്ടു് നിഷിദ്ധങ്ങളായി തോന്നിയില്ല ആ വർണ്ണനകൾ എന്നേ ഉത്തരം നൽകാനാവൂ.
“എന്നാൽ മാധവിക്കുട്ടിമാരെ സൃഷ്ടിക്കുന്ന നമ്മുടെ പ്രസിദ്ധീകരണ ലോകത്തിന്റെ ഇന്നത്തെ സ്വഭാവത്തിൽ ഞങ്ങൾക്കു് ഉത്കണ്ഠയുണ്ട്” എന്നു് എം. ആർ. ചന്ദ്രശേഖരൻ പറയുന്നു. പിടക്കോഴി ആദ്യമുണ്ടായോ അതോ മുട്ടയോ എന്ന ചോദ്യം പോലെയാണിതു്. പ്രസാധകർ അഭിലഷിച്ചിട്ടാണോ എഴുത്തുകാർ കാമോത്സുകതയാർന്ന കൃതികളെഴുതുന്നതു്? അതോ എഴുത്തുകാർ എഴുതുന്നതുകൊണ്ടു് പ്രസാധകർ അവ പരസ്യപ്പെടുത്തുകയാണോ? സ്ത്രീയുടെ ഒരു ഗോപനീയാംഗം വളർന്നതുകൊണ്ടു് വൈദ്യനെ വിളിച്ചു അതു് മുറിപ്പിച്ചുവെന്നു് ‘ഉണ്ണുനീലിസന്ദേശ’കർത്താവ് എഴുതിയതു് അന്നത്തെ ഡി. സി. ബുക്ക്സോ കറന്റ് ബുക്ക്സോ ആവശ്യപ്പെട്ടിട്ടാണോ? (മാതച്ഛത്രം മനസിജമലയ്ക്കേറെ നീങ്ങീട്ട്… എന്നു് ഓർമ്മയിൽ നിന്നു് കുറിക്കുന്നു).
2. കലാവീക്ഷണത്തിൽ ശ്രീ. ജി. എൻ. പണിക്കരുമായി ശ്രീ. പി. ജി. സദാനന്ദൻ നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ റിപോർട്ടുണ്ടു്. മറ്റുള്ളവർ പറയാൻ മടിക്കുന്ന കയ്പുള്ള സത്യങ്ങൾ ഏറെപ്പറഞ്ഞിട്ടുണ്ടു് പ്രഫെസർ ജി. എൻ. പണിക്കർ സാഹിത്യവാരഫലത്തെക്കുറിച്ചുള്ള ചോദ്യത്തിനു് അദ്ദേഹം ഉത്തരം നൽകിയതു് ‘വികാരജീവിയായ ഒരു കവിയുടെ പ്രതികരണമാണു് അതു്’ എന്നത്രേ! ജി. എൻ. പണിക്കർ സ്വന്തം അഭിപ്രായങ്ങൾ പ്രകാശിപ്പിക്കുന്നു. എന്റെ അഭിപ്രായങ്ങൾ അദ്ദേഹം ആവിഷ്കരിക്കണമെന്നു് ഞാൻ പറയരുതല്ലോ. പറഞ്ഞാൽ എന്നെ ബുദ്ധിരഹിതനായി ബഹുജനം കരുതും. മലയാള മനോരമയിലെ ‘വാചകമേള’ എന്ന പംക്തിയിൽ വരാനായിട്ടാണു് ഞാൻ എഴുതുന്നതെന്ന ഏഭ്യത്തരം അദ്ദേഹം പറഞ്ഞില്ല. ജി. എൻ. പണിക്കർക്കു് നന്ദി.

കാസാൻദ്സാക്കീസ് പറഞ്ഞു: “ദൈനംദിന യാഥാർത്ഥ്യത്തിന്റെ പ്രവാഹത്തിനു് താഴെ മഹാനായ കലാകാരൻ നോക്കുകയും ശാശ്വതങ്ങളും മാറാത്തവയുമായ പ്രതിരൂപങ്ങളെ കാണുകയും ചെയ്യുന്നു. അയാൾ ക്ഷണഭംഗുരങ്ങളായ സംഭവങ്ങളെടുത്തു് മരണമില്ലാത്ത അന്തരീക്ഷത്തിന്റെ ഒരു ഭാഗത്തു് പ്രതിഷ്ഠിക്കുന്നു” ഈ സത്യം നമ്മുടെ എത്ര കലാസൃഷ്ടികൾക്കു് ചേരും?