സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-01-30-ൽ പ്രസിദ്ധീകരിച്ചതു്)

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങളുടെ നോട്ടത്തിൽ ആശാൻ മാത്രമേയുള്ളോ രാഷ്ട്രീയത്തിൽ പരമയോഗ്യനായി?

ഉത്തരം: ആശാനെന്നു് നിങ്ങളെഴുതിയതു് ശ്രീ. കെ. വി. സുരേന്ദ്രനാഥിനെ ഉദ്ദേശിച്ചാണോ? എങ്കിൽ ഞാൻ പറയട്ടെ. പ്രവൃത്തിയിലും വാക്കിലും വിശുദ്ധി പരിപാലിക്കുന്ന സമുന്നതനായ വ്യക്തിയാണു് അദ്ദേഹം. സുരേന്ദ്രനാഥിനു് പതിന്നാലു വയസ്സുള്ള കാലം തൊട്ടു് ഞാൻ അദ്ദേഹത്തെ വിമർശനബുദ്ധിയോടെ നോക്കിയിട്ടുണ്ടു്. ഇന്നുവരെ അദ്ദേഹം പരിപൂർണ്ണമായ സ്വഭാവമേന്മയോടു് കൂടി മാത്രമേ പ്രത്യക്ഷനായിട്ടുള്ളു. അതുകൊണ്ടാണു് ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നതു്. എന്റെ ആദരത്തിനു് പാത്രമായ മറ്റൊരു വ്യക്തി വാർദ്ധയിലെ സേവാഗ്രാം ആശ്രമം ഡയറക്ടറായ ശ്രീ. പി. ഗോപിനാഥൻ നായരാണു്. സുരേന്ദ്രനാഥിനെയും ഗോപിനാഥൻ നായരെയും മഹാവ്യക്തികളെന്നു് വിശേഷിപ്പിക്കാൻ ഞാൻ എപ്പോഴും സന്നദ്ധനാണു്.

ചോദ്യം: താങ്കൾ ആവർത്തിക്കുന്നുവെന്നു് പ്രൊഫ. തുറവൂർ വിശ്വംഭരൻ എഴുതിയിരിക്കുന്നു. ശരിയല്ലേ?

ഉത്തരം: ശരി. 27 കൊല്ലമായി ഞാൻ എഴുതുന്നു. ചിലപ്പോൾ അറിഞ്ഞും മറ്റു ചിലപ്പോൾ അറിയാതെയും ആവർത്തിക്കും. എല്ലാം ഒരാളിൽ നിന്നു് വരുന്നതല്ലേ? ഏതായാലും ഇനി ഈ ദോഷം ഒഴിവാക്കാൻ ശ്രമിക്കാം. തുറവൂർ വിശ്വംഭരനു് നന്ദി പറയുന്നു സത്യം ചൂണ്ടിക്കാണിച്ചതിനു്.

ചോദ്യം: അപമാനിക്കൽ എത്ര വിധമുണ്ടു്?

ഉത്തരം: രണ്ടു തരത്തിൽ. പരോക്ഷമായ അപമാനം; പ്രത്യക്ഷമായ അപമാനം. പരോക്ഷമായ അപമാനത്തിനു് ഉദാഹരണം നല്കാം. ഒരു രാത്രി റ്റെലിഫോൺ മണിനാദം കേൾക്കുന്നു. റിസീവറെടുത്തു് കാതിൽ ചേർത്തപ്പോൾ ഒരെഴുത്തുകാരനിൽ നിന്നു് ഇങ്ങനെ കേട്ടു. ‘ഞാനൊരു ലേഖനത്തിൽ കപട ചിന്തകൻ എന്നെഴുതിയതു് സാറിനെക്കുറിച്ചാണോ’ എന്നു് വിനു എബ്രഹാം ചോദിച്ചു. (വിനു എബ്രഹാം The Week എന്ന വാരികയുടെ സിറ്റി എഡിറ്റർ) ‘അല്ല’ എന്നു ഞാൻ മറുപടി നല്കി. ‘സാറ് തെറ്റിദ്ധരിക്കരുതു്. സാറിനെയല്ല ഞാൻ കപടചിന്തകൻ എന്നു് വിളിച്ചതു്’. എൻ. ഗോപാലപിള്ള ഈ കുത്സിതത്വത്തിൽ വ്യാപരിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം എന്നോടു് പറഞ്ഞു: ‘കൃഷ്ണൻനായരേ നിങ്ങൾ സൂപർഫിഷലാണെന്നു് ഗുപ്തൻ നായർ പറഞ്ഞല്ലോ’. ഗുപ്തൻനായർസ്സാർ അങ്ങനെയൊരു കാര്യം വിചാരിച്ചിരിക്കുകയേയില്ല. ഗോപാലപിള്ളസ്സാറിനു് പറയാനുള്ളതു് ഗുപ്തൻനായർസ്സാറിന്റെ തലയിൽ കെട്ടി വയ്ക്കുന്നതേയുള്ളു. ‘വീക്ക്’ എന്ന വാരികയിലൂടെ എന്നെ ചക്രവർത്തിയാക്കിയ ആളാണു് വിനു എബ്രഹാം. അദ്ദേഹം എന്നെ കപടചിന്തകൻ എന്നു് വിളിക്കില്ല. പ്രത്യക്ഷമായ അപമാനത്തിനു് ഏതു് വാരിക നോക്കിയാലും മതി. ഉദാഹരണം കിട്ടും. ‘തെക്കേ ഇംഗ്ലണ്ടിലെ ഒരു സാഹിത്യവാരഫലക്കാരൻ അഷ്ടമൂർത്തിയെയും പ്രഭാവർമ്മയെയും അദ്ദേഹത്തിന്റെ വായനക്കാർക്കു് പരിചയപ്പെടുത്തുന്നു’ എന്നു് ഒരു ലേഖകൻ മലയാളം വാരികയിൽ ഇതു് പ്രത്യക്ഷമായ അപമാനമാണു്. എന്റെ മുഖത്തു് കാർക്കിച്ചു തുപ്പിയാണു് അദ്ദേഹം ഈ രീതിയിൽ അപമാനിക്കുന്നതു്. എന്റെ പേനയിൽ മഷിയേറെയുണ്ടു്. ഇതിനു് പകരം വീട്ടാനായി ഞാൻ മഷി അദ്ദേഹത്തിന്റെ മുഖത്തേക്കു് കുടയുന്നില്ല.

ചോദ്യം: ഐൻസ്റ്റീനോ ഷേക്സ്പിയറോ കേമൻ?

ഉത്തരം: ഷെയ്ക്സ്പിയർ. ഐൻസ്റ്റൈൻ പ്രപഞ്ചത്തെക്കുറിച്ചു് അറിവിന്റെ ഒരംശം മാത്രം തന്നു. ഷെയ്ക്സ്പിയർ പ്രപഞ്ചസത്യം സ്പഷ്ടമാക്കി. ഐൻസ്റ്റൈൻ വിസ്മരിക്കപ്പെടും. ഷെയ്ക്സ്പിയർക്കു് മരണമില്ല.

ചോദ്യം: നല്ല ഗദ്യമെഴുതാൻ എന്തുചെയ്യണം?

ഉത്തരം: ആവശ്യകതയിൽക്കവിഞ്ഞു് ഒരു വാക്കു് പോലും പ്രയോഗിക്കരുതു്. രവിവർമ്മയുടെ ഏതെങ്കിലും ചിത്രത്തിൽ സ്വല്പം ചായം തേച്ചു നോക്കൂ. ചിത്രമാകെ തകർന്നു പോകുകയില്ലേ. അതുപോലെ വേണ്ടാത്ത ഒരു വാക്കു് ഗദ്യത്തിൽ വന്നാൽ രചനയ്ക്കു് തകർച്ചയുണ്ടാകും.

ചോദ്യം: നിങ്ങൾ ന്യൂറോട്ടിക്കാണോ?

ഉത്തരം: ഒരു ന്യൂറോട്ടിക്കിനു് വേറൊരു ന്യൂറോട്ടിക്കിനോടു് ആ ചോദ്യം ചോദിക്കാൻ അവകാശമില്ല.

ചോദ്യം: സാഹിത്യകാരന്മാർ മരിക്കില്ലേ?

ഉത്തരം: സാധാരണ മനുഷ്യർക്കു് ഒരു മരണമേയുള്ളു. സാഹിത്യകാരന്മാർക്കു് ദിവസവും മരണമാണു്. വേറൊരു സാഹിത്യകാരനു് എവോർഡ് കിട്ടിയെന്നു് പത്രത്തിൽ വായിക്കുമ്പോൾ അതു് വായിക്കുന്ന സാഹിത്യകാരൻ കുറച്ചു മരിക്കുന്നു. പെരുമ്പടവം ശ്രീധരനു് വയലാർരാമവർമ്മ എവോർഡ് കിട്ടിയപ്പോൾ പല സാഹിത്യകാരന്മാരുടെയും ജീവൻ മുക്കാൽ പങ്കും പോയി. കാൽ ഭാഗം പ്രാണനോടു് കൂടിയാണു് അവർ ഇന്നു് ജീവിക്കുന്നതു്.

വിധിയുടെ വിനോദം

സാധാരണ മനുഷ്യർക്കു് ഒരു മരണമേയുള്ളു. സാഹിത്യകാരന്മാർക്കു് ദിവസവും മരണമാണു്. വേറൊരു സാഹിത്യകാരനു് എവോർഡ് കിട്ടിയെന്നു് പത്രത്തിൽ വായിക്കുമ്പോൾ അതു് വായിക്കുന്ന സാഹിത്യകാരൻ കുറച്ചു മരിക്കുന്നു.

മലയാറ്റൂർ രാമകൃഷ്ണൻ മരിക്കുന്നതിന്റെ തലേദിവസം (അതോ അതിനു് മുൻപോ) എന്നോടു് ചോദിച്ചു. “നമ്മൾ രണ്ടുപേരും കുറെ വർഷം മുൻപു് ലുസിയ ഹോട്ടലിൽ വച്ചു് 555 സിഗ്ററ്റിന്റെ കൂടു് അങ്ങോട്ടുമിങ്ങോട്ടുമെറിഞ്ഞു് കളിച്ചതു് ഓർമ്മിക്കുന്നുണ്ടോ?” “ഓർമ്മിക്കുന്നു” എന്നു് എന്റെ മറുപടി “എന്തുതോന്നി?” എന്നു് മലയാറ്റൂരിന്റെ വീണ്ടുമുള്ള ചോദ്യം. ഞാൻ പറഞ്ഞ മറുപടി എന്താണെന്നു് എഴുതുന്നതിനു് മുൻപു് സ്വല്പം വിശദീകരണം.

പെരുമ്പടവം ശ്രീധരൻ

മലയാളനാടു് പത്രാധിപർ എസ്. കെ. നായർ, അഭിനേതാവു് എം. ജി. സോമൻ, മലയാറ്റൂർ രാമകൃഷ്ണൻ ഇവർ ലുസിയ ഹോട്ടലിലെ ലഹരിക്കു് വിധേയരായി ഇരിക്കുമ്പോൾ ‘കൃഷ്ണൻനായരെ വരുത്തൂ’ എന്നു് മലയാറ്റൂരിന്റെ നിർദ്ദേശം. അദ്ദേഹം എഴുതിയ നോവലിന്റെ കൈയെഴുത്തുപ്രതി അവരെ വായിച്ചു് കേൾപ്പിക്കുമ്പോഴാണു് ആ നിർദ്ദേശമുണ്ടായതു്. എസ്. കെ. നായരുടെ കൊട്ടാരം പോലെയുള്ള കാർ എന്റെ വീട്ടുനടയിലെത്തി. ഞാൻ ലുസിയ ഹോട്ടലിലെ ഹോളിൽ. എന്നെക്കണ്ടയുടനെ മലയാറ്റൂർ കൈയെഴുത്തുപ്രതി എടുത്തു വായന തുടങ്ങി. ഷൂട്ടിങ്ങിനു് പോകാൻ മുഖത്തു് ചായം തേച്ചു് സോമൻ ഇരിക്കുകയായിരുന്നു. മലയാറ്റൂരിന്റെ പാരായണം അസഹനീയമെന്നു് അദ്ദേഹത്തിന്റെ (സോമന്റെ) മുഖഭാവം തെളിയിച്ചു. ദീർഘമായ ഒരധ്യായം വായിച്ചതിനു് ശേഷം മലയാറ്റൂർ എന്നോടു് ചോദിച്ചു: ‘എങ്ങനെയിരിക്കുന്നു?’ എന്റെ ഉത്തരം: ‘വളരെ നന്നായിരിക്കുന്നു’ ഇതു് കേട്ടയുടനെ സോമൻ ക്ഷോഭിച്ചു് എന്നോടു് പറഞ്ഞു: ‘ഇങ്ങനെയൊന്നും പറയല്ലേ സാർ. പറഞ്ഞാൽ ഇവൻ ഇവിടെ നിന്നു പോകാതെ നോവൽ മുഴുവൻ വായിച്ചു് കേൾപ്പിക്കും. എന്റെ കാറ് വന്നെങ്കിൽ എനിക്കു് പോകാമായിരുന്നു’. മലയാറ്റൂർ കൈയെഴുത്തുപ്രതി താഴെ വച്ചു. എഴുന്നേറ്റു. ഒഴിഞ്ഞ 555 സിഗ്ററ്റ് കൂടെടുത്തു. എന്നോടു് ഹോളിന്റെ ഒരു ഭിത്തിക്കരികിൽ നില്ക്കാൻ ആവശ്യപ്പെട്ടു. അവിടെ നിന്നു കുറെ ദൂരമുള്ള മറ്റൊരു ഭിത്തിയുടെ അടുത്തേക്കു് മലയാറ്റൂർ പോയി. കൂടു് എന്റെ നേർക്കു് എറിഞ്ഞു. ഞാനതു് പിടിച്ചു് അദ്ദേഹത്തിന്റെ നേർക്കു് എറിയണം. അതു് ചെയ്തു. ഇങ്ങനെ അരമണിക്കൂർ നേരം കൂടുകൊണ്ടുള്ള കളി. ലഹരിക്കു് വിധേയനാകാത്ത ഞാൻ നീരസത്തോടെ ‘കളിമതി’ എന്നു് ഉച്ചത്തിൽ പറഞ്ഞു. അപ്പോഴാണു് മലയാറ്റൂർ ചോദിച്ചതു് ‘ഈ കളിയിൽ നിന്നു എന്തു് മനസ്സിലാക്കി’യെന്നു്. ഞാൻ: ജീവിതം ഇതു് പോലെയൊരു കളിയാണു്. വിധിയാണു് സിഗ്ററ്റ് കൂടെന്ന പോലെ നമ്മളെ ഒരു സ്ഥലത്തു് നിന്നു് വേറൊരു സ്ഥലത്തേക്കും അവിടെ നിന്നു് ആദ്യത്തെ സ്ഥലത്തേക്കും തെറിപ്പിക്കുന്നതു്. ജീവിതം ഒരോണപ്പന്താണെന്നും അതു് തുച്ഛമാണെന്നും മണ്ണിൽ അതു് ഉരുളുന്നുവെന്നും കവി പറഞ്ഞതും ഞാൻ ഓർമ്മിച്ചു. പക്ഷേ മലയാറ്റൂരിനോടു് കവിവാക്യം പറഞ്ഞില്ല.

വിനു എബ്രഹാം

രണ്ടു ജീവിതങ്ങൾ വിധിയുടെ പ്രവാഹത്തിൽ തുരുമ്പുകൾ പോലെ ഒഴുകുന്നതു് (ചങ്ങമ്പുഴ) ഓണപ്പന്തുപോലെ ഉരുളുന്നത്, കൂടുപോലെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതു് വരച്ചു കാണിക്കുന്നു ശ്രീജു എം. ജി. ‘മദ്ധ്യാഹ്നം’ എന്ന ചെറുകഥയിൽ. (മലയാളം വാരിക) വൃദ്ധൻ, വൃദ്ധ, അവരുടെ മകൾ വിജാതീയ വിവാഹം കഴിഞ്ഞു് അവരെ ഉപേക്ഷിച്ചു പോയിരിക്കുന്നു എല്ലാക്കാലത്തേക്കുമായി. മകൻ അന്യദേശത്തു്. വിധിയോടൊരുമിച്ചു് അവർ കൂരിരുട്ടിലേക്കു് നീങ്ങുന്നു. അവരുടെ ഈ മന്ദഗതിയിലുള്ള യാത്രയെ യോജിച്ച ബിംബങ്ങളിലൂടെ, രൂപങ്ങളിലൂടെ ശ്രീജു വരച്ചു കാണിക്കുന്നു. ചിരപരിചിതമാണു് വിഷയമെങ്കിലും കഥയെഴുതിയ ആൾ വൈദഗ്ദ്ധ്യം കൊണ്ടു് ആ ദോഷത്തെ ഒഴിവാക്കിയിരിക്കുന്നു.

വിചാരങ്ങൾ

1. പ്രചാരണത്തിനു് സാഹിത്യത്തെ ഉപയോഗിക്കുന്നയാൾ വേറൊരാളെ മുന്നിൽ കണ്ടുകൊണ്ടാണു് അങ്ങനെ ചെയ്യുന്നതു്. ജീവിതാനുഭവങ്ങൾ സൗന്ദര്യത്തോടു് ബന്ധപ്പെട്ട പ്രതികരണമുളവാക്കും. ആ പ്രതികരണങ്ങളെ രൂപശില്പത്തോടെ പ്രകാശിപ്പിക്കുന്നവൻ ആ വേറൊരാളെ കാണുന്നില്ല. അപ്പോഴാണു് സാഹിത്യം സാഹിത്യമാകുന്നതു്.

2. നമ്മൾ മറ്റുള്ളവരോടു് സംസാരിക്കുമ്പോൾ മനസ്സിൽ സ്വഭാവികമായും വരുന്നതേ പറയാവൂ. ശ്രോതാവിനു് അത്ഭുതം ജനിപ്പിക്കുന്ന മട്ടിൽ നൂതനാശയങ്ങൾ ആവിഷ്കരിച്ചാൽ നമ്മുടെ വ്യക്തിത്വം അതിൽ വരുകില്ല. അപ്പോൾ സംഭാഷണം കൃത്രിമമാകും. ‘ബോറൻ’ എന്നു പറഞ്ഞു് ശ്രോതാവു് എഴുന്നേറ്റു് പോകുകയും ചെയ്യും.

സി. ജി. യുങ്

3. ഷെയ്ക്സ്പിയറിന്റെ ഹാംലിറ്റ് നാടകത്തിൽ ഒരന്തർ നാടകമുണ്ടു്. അതു് കണ്ടുകൊണ്ടിരിക്കുന്നു നാടകത്തിലെ ചില കഥാപാത്രങ്ങൾ. അവരെ പ്രേക്ഷകർ കാണുന്നു. നമ്മളെസ്സംബന്ധിച്ചിടത്തോളം പ്രേക്ഷകർക്കു് സത്യാത്മകതയുണ്ടു്. പക്ഷേ അങ്ങനെ തീർപ്പു് കല്പിക്കാമോ എന്നാണു് ലാറ്റിനമേരിക്കൻ സാഹിത്യകാരൻ ബോർഹേസിന്റെ ചോദ്യം. നാടകം കാണുന്ന പ്രേക്ഷകരും മറ്റു ചിലർ കാണുന്ന നാടകത്തിലെ കഥാപാത്രങ്ങളായിക്കൂടേ എന്നു് അദ്ദേഹം സംശയിക്കുന്നു. എല്ലാം അത്ഭുതജനകം തന്നെ. സി. ജി. യുങ്ങിന്റെMemories, Dreams, Reflections’ എന്ന ഗ്രന്ഥം വായിക്കേണ്ടതാണു്. (ഓർമ്മക്കുറിപ്പുകൾ) യുങ്ങിന്റെ വീട്ടിലെ ഉദ്യാനത്തിൽ ഒരു മതിലുണ്ടായിരുന്നു. ആ മതിലിനു് മുൻപിൽ ഒരു കല്ലും. ചിലപ്പോൾ യുങ് ആകല്ലിൽ കയറിയിരുന്നു വിചാരിക്കും: ‘ഞാൻ കല്ലിന്റെ മുകളിൽ ഇരിക്കുന്നു. കല്ലു് താഴെയും’. പക്ഷേ കല്ലിനും ഇങ്ങനെ വിചാരിക്കാം. ‘ഞാൻ ഈ ചെരിവിൽ കിടക്കുന്നു. അയാൾ എന്റെ മുകളിലായി ഇരിക്കുന്നു’. അപ്പോൾ ഒരു ചോദ്യമുണ്ടായി. ‘ഞാനാണോ കല്ലിൽ ഇരിക്കുന്നതു് അതോ “അവൻ” (കല്ലു്) ഇരിക്കുന്നതു് കല്ലായ എന്നിലാണോ?’ (pp. 35, Collins, Fontana) കല്ലിനു് താനുമായി എന്തോ രഹസ്യബന്ധമുണ്ടെന്നു് യുങ്ങിനു് തോന്നിയിരുന്നു. സാധാരണത്വത്തിൽ അസാധാരണത്വം കാണാൻ ധിഷണാശാലികൾക്കു് പ്രവണതയുണ്ടെന്നു് ബോർഹെസിന്റെയും യുങ്ങിന്റെയും വിചാരങ്ങൾ തെളിയിക്കുന്നു.

കെ. എൽ. മോഹനവർമ്മ

Asian Laughter എന്ന പുസ്തകം ഫിലിം ഡയറക്ടർ അരവിന്ദൻ അദ്ദേഹത്തിന്റെ അച്ഛൻ എം. എൻ. ഗോവിന്ദൻ നായർക്കു് നല്കിയെന്നും രസകരമായ പുസ്തകമാണു് അതെന്നും അദ്ദേഹം (എം. എൻ) എന്നോടു് പറഞ്ഞിട്ടുണ്ടു്. എം. എൻ. അതെന്നെ അറിയിക്കുന്നതിനു് മുൻപു് തന്നെ ഞാൻ ആ പുസ്തകം വായിച്ചിരുന്നു. രസകരങ്ങളായ ഏറെ നേരമ്പോക്കുകൾ അതിലുണ്ടു്. പുസ്തകം ഇപ്പോൾ കൈയിലില്ലാത്തതുകൊണ്ടു് ഓർമ്മയിൽ നിന്നു് രണ്ടെണ്ണം കുറിക്കാം.

ഹാസ്യകഥയെ അപഗ്രഥിക്കരുതു്. റോസാപ്പൂവിന്റെ സൗന്ദര്യമെവിടെയിരിക്കുന്നുവെന്നറിയാൻ അതിന്റെ ഇതളുകൾ ഓരോന്നായി ഇളക്കി നോക്കുന്ന പ്രക്രിയ പോലെയാണു് അതെന്നു് പലരും പറഞ്ഞിട്ടുണ്ടു്.

ഭർത്താവു് ഉറക്കത്തിൽ കരഞ്ഞപ്പോൾ ഭാര്യ അയാളെ വിളിച്ചുണർത്തി കാരണമന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു: “ഒരു സുന്ദരി യുവതി എന്നെ കൈക്കു് പിടിച്ചു വലിച്ചു് അവളുടെ മനോഹരമായ കിടക്കയിലേക്കു് കൊണ്ടുചെല്ലാൻ ശ്രമിച്ചു. ഞാനതു് തടഞ്ഞുകൊണ്ടു് നിലവിളിച്ചു”. അതുകേട്ടു് ഭാര്യ പറഞ്ഞു: “ഞാൻ വിളിച്ചുണർത്തിയില്ലായിരുന്നെങ്കിൽ നിങ്ങൾ മിക്കവാറും…” വേറൊന്നു്: ഒരു കുരുടൻ നടന്നു പോകുന്ന വഴിയിൽ ഒരു പട്ടിയെ ചവിട്ടി. അതു് അയാളെ പേടിപ്പിക്കുമാറ് കുരച്ചു. കുറച്ചുകൂടി നടന്നിട്ടു് അന്ധൻ വീണ്ടും പട്ടിയെ ചവിട്ടി. പേടിച്ചു് അയാൾ പറഞ്ഞു: ‘ഹോ എന്തൊരു് അസാധാരണമായ മട്ടിൽ നീളമുള്ള പട്ടി’.

നേരമ്പോക്കിനു് വേണ്ടിമാത്രമുള്ള നേരമ്പോക്കാണിതു്. ഇനി ഞാൻ എഴുതുന്ന നേരമ്പോക്കിനു് ലക്ഷ്യമുണ്ടു്. ഒരു ഒട്ടകപ്പക്ഷിയും പിടക്കോഴിയും അടുത്തടുത്തുള്ള കൂടുകളിൽ പാർത്തിരുന്നു. പിടക്കോഴി കൂടെക്കൂടെ ശബ്ദമുണ്ടാക്കുന്നതിൽ ദേഷ്യപ്പെട്ടു് ഒട്ടകപ്പക്ഷി ചോദിച്ചു: ‘നീ എന്തിനാണു് അസഹനീയമായ രീതിയിൽ ഒച്ചവയ്ക്കുന്നതു്?’ പിടക്കോഴി മറുപടി പറഞ്ഞു: ‘ഞാനിപ്പോൾ മുട്ടയിട്ടതേയുള്ളു’. ഒട്ടകപക്ഷി ചിരിച്ചുകൊണ്ടു് പറഞ്ഞു: ‘ഓ, അതല്ല. നീ പിടക്കോഴി ആയതുകൊണ്ടാണു് ഇങ്ങനെ ബഹളം കൂട്ടുന്നത്’. സമത്വവാദവുമായി പ്രസംഗിക്കാൻ നടക്കുന്ന സ്ത്രീകളെ കളിയാക്കുകയാണു് ഇതെഴുതിയ ആൾ. ഇതുപോലെ ലക്ഷ്യവേധിയായ നേരമ്പോക്കുകൾ പ്രയോഗിക്കുന്നതിൽ പ്രഗല്ഭനാണു് ശ്രീ. കെ. എൽ. മോഹനവർമ്മ.

കെ. എൽ. മോഹനവർമ്മ

അച്ഛനമ്മമാരും സന്താനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ലയം ഇന്നാകെ മാറിപ്പോയല്ലോ. അതേസമയം മാതാപിതാക്കളുടെ ബുദ്ധിശൂന്യതയും വർദ്ധിച്ചിരിക്കുന്നു. ഈ ‘സമൂഹസത്യ’ത്തെ ഹൃദ്യമായി ചിത്രീകരിക്കുന്ന കഥയാണു് മോഹനവർമ്മയുടെ ‘ഒരു ബൗദ്ധിക പ്രശ്നം’ എന്നതു്. ‘പിള്ളേർ’ തന്തയും തള്ളയും പറയുന്നതു് കേൾക്കില്ല. അവർ പ്രായമായവരെപ്പോലെ പെരുമാറുന്നു. ഫലമോ? മാതാപിതാക്കന്മാർ വിഡ്ഢികളായിത്തീരുന്നു. ഹാസ്യകഥയെ അപഗ്രഥിക്കരുതു്. റോസാപ്പൂവിന്റെ സൗന്ദര്യമെവിടെയിരിക്കുന്നുവെന്നറിയാൻ അതിന്റെ ഇതളുകൾ ഓരോന്നായി ഇളക്കിനോക്കുന്ന പ്രക്രിയ പോലെയാണു് അതെന്നു് പലരും പറഞ്ഞിട്ടുണ്ടു്. ഏതു് ഹാസ്യരചനയ്ക്കും അത്യുക്തി കാണും. അത്യുക്തിയിലേക്കു് ചെല്ലാതെ മോഹനവർമ്മ ഹാസ്യകഥ രചിച്ചിരിക്കുന്നു.

ഇംഗ്ലണ്ടിലെ വിക്റ്റോറിയ രാജ്ഞി വലിയ നേരമ്പോക്കുകാരിയായിരുന്നു. ഷെയ്ക്സ്പിയറിന്റെ King Lear എന്ന നാടകം കണ്ടിട്ടു് തിരിച്ചു് കൊട്ടാരത്തിലേക്കു് പോരുമ്പോൾ ആരോ അവരുടെ അഭിപ്രായം ചോദിച്ചു നാടകത്തെപ്പറ്റി. വിക്റ്റോറിയ പറഞ്ഞു: I saw it at a disadvantage – the curtain was up.

സമക്ഷത
സർ. സി. പി. രാമസ്വാമി അയ്യർ

സർ. സി. പി. രാമസ്വാമി അയ്യർ തിരുവനന്തപുരത്തെ റ്റൗൺ ഹോളിൽ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യുന്നതും അധ്യക്ഷ്യം വഹിച്ചു പ്രഭാഷണങ്ങൾ നിർവഹിക്കുന്നതും ഞാനെത്ര തവണയാണു് കണ്ടിട്ടുള്ളതു്. കേട്ടിട്ടുള്ളതു്. തിരുവിതാംകൂർ നിയമസഭയുടെ അധ്യക്ഷനായിരുന്നു് പ്രസംഗിക്കുന്നതും നേരമ്പോക്കുകൾ പറഞ്ഞു് നിയമസഭാംഗങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നതും ഞാൻ എത്ര തവണയാണു് ദർശിച്ചിട്ടുള്ളതു്. ശ്രവിച്ചിട്ടുള്ളതു്. അത്ര സ്വത്വശക്തിയും വ്യക്തിപ്രഭാവവുമുള്ള വ്യക്തികളെ ഞാൻ വേറെ കണ്ടിട്ടില്ല. സ്വന്തം സാന്നിദ്ധ്യം അല്ലെങ്കിൽ പ്രത്യക്ഷത കൊണ്ടാണു് അദ്ദേഹം ആളുകളെ പ്രകമ്പനം കൊള്ളിച്ചതു്. പാണ്ഡിത്യം, അധികാരം ഇവ കൊണ്ടാണു് സി. പി. തന്റെ സമക്ഷത ദ്രഷ്ടാക്കളെ അറിയിച്ചിരുന്നതു്. തലപ്പാവ്, സില്ക്കു് ജുബാ, പാളത്താറ് ഇവയായിരുന്നു അദ്ദേഹത്തിന്റെ വേഷം. ആ വേഷമല്ല സി. പി. യുടെ സാന്നിദ്ധ്യത്തിന്റെ ബോധമുളവാക്കിയതു്. അന്തർജ്ജാതമായ ശക്തിവിശേഷം ആ മുഖത്തു് സവിശേഷ ശോഭ ഉളവാക്കിയിരുന്നു. ഒപ്പം അധികാരവും.

സുന്ദരികൾക്കു് സാന്നിദ്ധ്യമറിയിക്കാൻ അധികാരം വേണ്ട. അധികാരം പ്രകടിപ്പിച്ചാൽ അവരെ പുരുഷന്മാർ വെറുക്കുകയും ചെയ്യും. മനോഹരമായി വസ്ത്രധാരണം ചെയ്തു സൗന്ദര്യത്തിന്റെ മയൂഖങ്ങൾ വീശി അവൾ സദസ്സിൽ വന്നാൽ മതി. പുരുഷന്മാർ അവളുടെ ദർശനത്തിൽ തങ്ങളെത്തന്നെ മറക്കും. പ്ലാറ്റ്ഫോമിലിരിക്കുമ്പോൾ ചൂടു് കൂടിയെന്നും ഫാൻ സ്വിച്ചോൺ ചെയ്യണമെന്നും അവൾക്കു് തോന്നിയെന്നിരിക്കട്ടെ. അവൾ ഒരുത്തനോടും ഫാനിന്റെ സ്വിച്ചു് ഓൺ ചെയ്യു എന്നു് അപേക്ഷിക്കില്ല. വിശാല വിലോചനങ്ങൾ കൊണ്ടു് ഫാനൊന്നും നോക്കിയാൽ മതി. പുരുഷൻ ഓടിച്ചെന്നു് സ്വിച്ചിടും. പുരുഷനു് ഫാൻ കറക്കണമെന്നു തോന്നിയാൽ അയാൾ ആരോടെങ്കിലും അതിനു് വേണ്ടി അപേക്ഷിക്കും. ഇതാണു് സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം. പുരുഷനു് സമൂഹത്തിലെ പദവിയും അധികാര പ്രയോഗത്തിനുള്ള വൈദഗ്ദ്ധ്യവും അയാളുടെ പ്രത്യക്ഷതയുടെ ബോധമുളവാക്കും ദ്രഷ്ടാക്കൾക്കു്. സ്ത്രീക്കു് സൗന്ദര്യം മാത്രം മതി. അധികാരം വേണ്ട, സമൂഹത്തിലെ പദവി വേണ്ട, ഉന്നത വിദ്യാഭ്യാസം വേണ്ട. വിക്തോർ യൂഗോ ‘പാവങ്ങളി’ൽ പറഞ്ഞതു് പോലെ അവൾ സൗന്ദര്യം കൊണ്ടു് കളിക്കുന്നു.

സൗന്ദര്യം മാത്രം കൊണ്ടു് പാവപ്പെട്ട ഒരു റിക്ഷാക്കാരനെ പരവശനാക്കുന്ന ഒരുത്തിയെ പ്രദോഷ് മിശ്ര എന്ന ഒറിയ കഥാകാരൻ ‘മാരിവില്ലിന്റെ നിറങ്ങൾ’ എന്ന കഥയിൽ അവതരിപ്പിക്കുന്നു. (ചില്ല മാസിക—ഡോ. ആർസുവിന്റെ ഭാഷാന്തരീകരണം) ആ പാരവശ്യം മാറുന്നതു് അവളുടെ സാന്നിദ്ധ്യം മറ്റൊരു പുരുഷൻ അറിഞ്ഞു് രസിക്കുമ്പോഴാണു്. മോഹഭംഗം വന്ന ആ റിക്ഷാക്കാരൻ താൻ നേരത്തേ വേദനിപ്പിച്ച ഭാര്യയുടെ അടുത്തേക്കു് ചെല്ലുമ്പോൾ കഥ അവസാനിക്കുന്നു. പ്രദോഷ് മിശ്രയ്ക്കു് കഥ എവിടെ നിറുത്തണമെന്നു് അറിഞ്ഞുകൂടാ. റിക്ഷാക്കാരന്റെ ഭാര്യയെക്കൂടി വലിച്ചിഴച്ചു് കൊണ്ടുവന്നു് സാന്മാർഗ്ഗികോപദേശം നടത്തുന്ന കഥാകാരൻ കലയുടെ കഴുത്തിൽ കത്തിവച്ചിട്ടേ പിന്മാറുന്നുള്ളു. അന്യനാട്ടിലെ രചനകൾ കേരളത്തിൽ കൊണ്ടുവരുന്നതു് നന്നു്. പക്ഷേ അവ രത്നങ്ങളായിരിക്കണം. ബഷീറിന്റെയും ഉറൂബിന്റെയും കഥാരത്നങ്ങളുള്ള നാട്ടിൽ പ്രദോഷ് മിശ്രയുടെ ഈ കാക്കപ്പൊന്നു് എന്തിനു്? ‘കരഗതമൊരമലമണിവരമുടനുപേക്ഷിച്ചു് കാചത്തെയെന്തുനീ കാംക്ഷിക്കുന്നതോമലേ!’ ഡോ. ആർസുവിനെ ഓമലേ എന്നു് വിളിക്കുന്നതിൽ അനൗചിത്യമുണ്ടെന്നു് തോന്നുന്നുണ്ടോ? എങ്കിൽ ഞാൻ രാവണനായിട്ടാണു് ചോദിക്കുന്നതെന്നു് വിചാരിച്ചാൽ മതി.

പുതിയ പുസ്തകം
ലുമുംബ

ആഫ്രിക്കൻ രാഷ്ട്രവ്യവഹാര നേതാവു് ലുമുംബയെ വധിച്ചതിന്റെ അടുത്ത ദിവസം. കാലത്തു് പത്തുമണിക്കു് ഞാൻ തിരുവനന്തപുരത്തെ മഹാത്മാഗാന്ധിക്കോളേജിൽ ചെന്നു പ്രിൻസിപ്പൽ എം. പി. മന്മഥനോടൊരുമിച്ചു് ഒരു സമ്മേളനത്തിനു് പോകാൻ. കുട്ടികൾ ക്ഷോഭിച്ചു് അങ്ങോട്ടുമിങ്ങോട്ടുമോടുന്നു. അവർക്കു് അനുശോചനയോഗം കൂടണം. സമ്മേളനത്തിൽ മന്മഥൻ സാറ് തന്നെ അധ്യക്ഷനായിരിക്കണം. ഞങ്ങൾക്കു് പങ്കെടുക്കേണ്ട മീറ്റിങ്ങ് വൈകുമെങ്കിലും കുട്ടികളുടെ ക്ഷോഭം കണ്ടു് അനുശോചനയോഗം നടക്കട്ടെയെന്നു് മന്മഥൻസ്സാറ് പറഞ്ഞു. ആദ്യമായി ഒരു വിദ്യാർത്ഥി പ്രസംഗിക്കാൻ പ്ലാറ്റ്ഫോമിൽ കയറി. അയാൾ അങ്ങോട്ടുമിങ്ങോട്ടും നോക്കി. ചിറിയൊന്നു നക്കി. ലുമുംബ വധിക്കപ്പെട്ടതിന്റെ ദുഃഖമാണു് അയാൾക്കെന്നു് ഞാൻ വിചാരിച്ചു. ‘പ്രസംഗിക്കൂ’ എന്നു് സാർ പറഞ്ഞപ്പോൾ അയാൾ തുടങ്ങി. “ലുമുംബ… (രണ്ടു മിനിറ്റ് നേരത്തേക്കു് മൗനം) ലുമുംബ… (മൂന്നുമിനിറ്റ് മൗനം) ലുമുംബ…” (നാലു മിനിറ്റ് മൗനം). അത്രതന്നെ. ഒന്നും പറയാൻ അറിഞ്ഞുകൂടാ അയാൾക്കു്. പെട്ടെന്നു് ലുമുംബാരാധകൻ താഴത്തേക്കു് ഇറങ്ങി. അനുശോചനസമ്മേളനമാണെങ്കിലും മറ്റുള്ള കുട്ടികൾ കൂവി. എനിക്കും മന്മഥൻസ്സാറിനും ചിരിയടക്കാൻ കഴിഞ്ഞില്ല. പ്രായക്കൂടുതൽ കൊണ്ടു് ഞാൻ കൂവിയില്ല, ആഗ്രഹമുണ്ടായെങ്കിലും.

ഫയർസ്റ്റൊൺ ഷൂലമിത്

മഹാത്മാഗാന്ധിക്കോളേജിലെ ആ വിദ്യാർത്ഥിയെപ്പോലെയാണു് നമ്മുടെ നവീന ലേഖകർ, അവർ ഫൂക്കോ, ദെറിദ, സീസു, എന്നൊക്കെ പേരുകൾ പറയും. ഈ ചിന്തകരുടെ ആശയങ്ങൾ രണ്ടു വാക്യങ്ങൾ കൊണ്ടു് എനിക്കൊന്നു് പറഞ്ഞുതരൂ എന്നു് അനഭിജ്ഞനായ ഞാൻ അവരോടു് ആവശ്യപ്പെട്ടാൽ ‘ലുമുംബ, ലുമുംബ, ലുമുംബ’ എന്നു മാത്രമാകും മറുപടി. അവർക്കും എനിക്കും പ്രയോജനം ചെയ്യുന്ന ഒരുത്കൃഷ്ട ഗ്രന്ഥം ഇപ്പോൾ കരഗതമായിരിക്കുന്നു. ഈ ശതാബ്ദത്തിലെ വലിയ ചിന്തകരുടെ ജീവചരിത്രം, അവരുടെ ആശയ സാമ്രാജ്യം, ഇവയെല്ലാം സിതോപലത്തിന്റെ സുതാര്യതയോടെ സ്പഷ്ടമാക്കിത്തരുന്ന ഒരു ഗ്രന്ഥം ലണ്ടനിലെയും ന്യൂയോർക്കിലെയും Routledge പ്രസാധകർ പ്രസാധനം ചെയ്തിരിക്കുന്നു. Dictionary of Twentieth Century Political Thinkers എന്നു ഗ്രന്ഥത്തിന്റെ പേരു്. Political എന്നു് പറഞ്ഞതുകൊണ്ടു് തെറ്റിദ്ധാരണ വേണ്ട. ഓരോ ചിന്തകന്റെയും മഹനീയങ്ങളായ ആശയങ്ങളുടെ പ്രതിപാദനമുണ്ടു് ഇപ്പുസ്തകത്തിൽ. ആ ചിന്തകൾ രാഷ്ട്ര വ്യവഹാരമണ്ഡലത്തിൽ എങ്ങനെ സ്വാധീനത ചെലുത്തി എന്നതിലാണു് ഊന്നൽ. അത്രേയുള്ളു.

സ്പഷ്ടതയും സുഗ്രഹതയുമാണു് ഇതിന്റെ മുദ്രകൾ. കനേഡിയൻ ഫെമിനിസ്റ്റ് എഴുത്തുകാരിയായ ഫയർസ്റ്റൊൺ ഷൂലമിത്തിന്റെ (Shulamith Firestone – b. 1945) The Dialective of Sex എന്ന പുസ്തകം ഇരുപതു് വർഷം മുൻപാണു് ഞാൻ വായിച്ചതു്. അതിലെ പ്രധാനപ്പെട്ട ആശയങ്ങൾ സംക്ഷിപ്തചാരുതയോടെ ഇപ്പുസ്തകത്തിൽ കണ്ടപ്പോൾ എനിക്കാഹ്ലാദമുണ്ടായി. അടിസ്ഥാനപരമായ ഉൽപാദനത്തിന്റെ ഏകകം—യൂണിറ്റ് അച്ഛൻ, അമ്മ, സന്താനം എന്നതാണു്. സ്ത്രീ പുരുഷനെ അപേക്ഷിച്ചു് ദൗർബ്ബല്യം ഉള്ളവളാണു്. കുഞ്ഞുങ്ങൾ പ്രായമായവരെ ആശ്രയിക്കുന്നു. സന്താനങ്ങൾക്കു് അമ്മയെ ആശ്രയിക്കണം. അവൾക്കു് ഭർത്താവിനെയും. സ്ത്രീക്കും കുഞ്ഞിനും പുരുഷനെ ആശ്രയിക്കേണ്ടി വരുന്നതുകൊണ്ടാണു് പുരുഷന്മാർക്കു് ആധിപത്യം ഉണ്ടാകുന്നതു്. ഈ ശതാബ്ദത്തിൽ ഈ ആശ്രയിക്കലിനു് കുറവു് വന്നിട്ടുണ്ടു്. വിശ്വസിക്കാവുന്ന ഗർഭനിരോധം, ടെസ്റ്റ്റ്റ്യൂബ് കുഞ്ഞുങ്ങൾ ഈ സാങ്കേതിക വികാസങ്ങളാണു് കുറവുവന്നതിനു് കാരണമായി ഫയർസ്റ്റൊൺ കാണുന്നതു്. ഇമ്മട്ടിൽ ലളിതമായി പ്രതിപാദനം തുടർന്നു് പോകുന്നു.

അമേരിക്കൻ ഫെമിനിസ്റ്റും എഴുത്തുകാരിയുമായ കേറ്റ് മിലിറ്റി നെക്കുറിച്ചു് (Kate Millet – b. 1934) ഈ ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു:

കേറ്റ് മിലിറ്റ്

(മിലിറ്റന്റെ) Sexual Politics (എന്ന ഗ്രന്ഥം) വിപ്ലവാത്മകമാണു്. അതു് വിവാദമുയർത്തിക്കൊണ്ടിരിക്കുന്നു. സാഹിത്യം, സംസ്കാരം ഇവയുടെ വിമർശനമുൾക്കൊള്ളുന്ന പുസ്തകമാണിതു്. നാലു പുരുഷന്മാരായ എഴുത്തുകാരുടെ—പ്രാതിനിധ്യ സ്വഭാവമുള്ള എഴുത്തുകാരുടെ—രചനകളുടെ അപഗ്രഥം ഇതുൾക്കൊള്ളുന്നു. D. H. Lawrence, Norman Mailor, Henry Miller, Jean Genet ഇവരെക്കുറിച്ചുള്ള മിലിറ്റിന്റെ പഠനം തെളിയിക്കുന്നതു് അവർ കാമോത്സുകതയിലല്ല അധികാരത്തിലാണു് തൽപരരായിരുന്നതു് എന്നതത്രേ. ആധിപത്യത്തിലായിരുന്നു അവർക്കു് കൗതുകം.

സീമോൻ ദെ ബോവ്വാർ

ആഡോർനോ, അൽത്തൂസേ, സീമോൻ ദെ ബോവ്വാർ, കാസ്റ്റ്രോ, ചോംസ്കി, എറിക് ഫ്രൊം ക്രിസ്തേവ, ഗാന്ധിജി, സാർത്ര്, ലെനിൻ, ഇക്ബാൽ ഇങ്ങനെ നൂറ്റിയെഴുപതിലധികം ചിന്തകരുടെ ചിന്താ സാമ്രാജ്യത്തിൽ സഞ്ചരിക്കാനും ധൈഷണികാഹ്ലാദം അനുഭവിക്കാനും നമ്മുടെ സംസ്കാരത്തിന്റെ അതിരുകളെ വിശാലമാക്കാനും ഈ പുസ്തകം സഹായമരുളുന്നു.

“നീ പാഞ്ചാലിയാക്കപ്പെട്ടു മാധവിക്കുട്ടിയുടെ ആത്മകഥ ലൈബ്രറിയിൽ നിന്നും നീയെടുത്തതു് ടീച്ചർമാർ ശ്രദ്ധിച്ചിരുന്നു”. എന്നു് ശ്രീ. എ. സി. ശ്രീഹരിയുടെ കവിത ദേശാഭിമാനി വാരികയിൽ മനുഷ്യനെ റ്റോർച്ചർ ചെയ്യുന്ന ഇത്തരം വിലക്ഷണതകൾ ഏതെങ്കിലും കാലത്തു് കവിതയായി അംഗീകരിക്കപ്പെടുമോ?

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-01-30.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, Open Access Publishing, Malayalalm, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 11, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.