SFNസായാഹ്ന ഫൌണ്ടേഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 1998-02-13-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

​ ലോകം കണ്ട കൊ​ല​പാ​ത​കി​ക​ളിൽ അനാ​യാ​സ​മാ​യി ഒന്നാം സ്ഥാ​ന​ത്തെ​ത്തും റോമൻ ചക്ര​വർ​ത്തി​യാ​യി​രു​ന്ന കലി​ഗ്യല (Caligula 12 AD–41 AD). റോമൻ ചരി​ത്ര​കാ​രൻ സ്വീ​തോ​നീ​യ​സി​ന്റെ (Suetonius b in AD 69) “The Twelve Caesars ” എന്ന പു​സ്ത​ക​ത്തിൽ കലി​ഗ്യ​ല​യെ​ക്കു​റി​ച്ചു​ള്ള ഭാഗം വാ​യി​ച്ചാൽ നമ്മൾ ഞെ​ട്ടി​പ്പോ​കും.

images/The_Twelve_Caesars.jpg

പ്ര​ദർ​ശ​ന​ത്തി​നു് വേ​ണ്ടി വന്യ​മൃ​ഗ​ങ്ങ​ളെ ഒരു​മി​ച്ചു കൂ​ട്ടിയ അയാൾ തീ​രു​മാ​നി​ച്ചു കശാ​പ്പു​കാ​ര​ന്മാർ ആട്, മാട് ഇവയെ കൊ​ന്നു​ണ്ടാ​ക്കു​ന്ന മാം​സ​ത്തി​നു് വില കൂ​ടു​മെ​ന്ന​തി​നാൽ കു​റ്റ​വാ​ളി​ക​ളെ ജീ​വ​നോ​ടെ അവ​യ്ക്കു് ഇട്ടു​കൊ​ടു​ത്താൽ മതി​യെ​ന്നു്. അഭി​ജാ​ത​ന്മാ​രെ ഖനി​ക​ളി​ലും പാ​ത​ക​ളി​ലും ജോ​ലി​യ്ക്കു് അയ​ച്ചി​ട്ടു് അയാൾ അവരെ ക്രൂ​ര​മൃ​ഗ​ങ്ങ​ളു​ടെ മുൻ​പി​ലേ​ക്കു് എറി​ഞ്ഞു കൊ​ടു​ക്കും. മറ്റു​ള്ള​വ​രെ കൊ​ച്ചു് കൂ​ടു​ക​ളി​ലാ​ക്കി മൃ​ഗ​ങ്ങ​ളെ​പ്പോ​ലെ നാ​ലു​കാ​ലിൽ ഇഴയാൻ ആജ്ഞാ​പി​ക്കും. അവരിൽ ചിലരെ വാ​ളു​കൊ​ണ്ടു് നേർ പകു​തി​യാ​യി മു​റി​പ്പി​ക്കും. വലിയ കു​റ്റ​ങ്ങൾ​ക്കു​ള്ള ശി​ക്ഷ​യാ​യി​രു​ന്നി​ല്ല ഇതു്. തന്റെ പ്ര​തി​ഭ​യെ അം​ഗീ​ക​രി​ക്കാ​ത്ത​വ​രെ​യാ​ണു് കലി​ഗ്യല ഇങ്ങ​നെ കൊ​ന്ന​തു്. ഒരു പ്ര​ഭു​വി​നെ ക്രൂ​ര​മൃ​ഗ​ങ്ങ​ളു​ടെ മുൻ​പി​ലേ​ക്കു് എറി​യാൻ ഭാ​വി​ച്ച​പ്പോൾ താൻ നി​ര​പ​രാ​ധ​നാ​ണെ​ന്നു് അയാൾ ഉച്ച​ത്തിൽ പറ​ഞ്ഞു. ചക്ര​വർ​ത്തി അയാളെ തി​രി​ച്ചു കൊ​ണ്ടു​വ​ന്നു് നാ​ക്കു മു​റി​പ്പി​ച്ച​തി​നു ശേ​ഷ​മാ​ണു് മൃ​ഗ​ങ്ങൾ​ക്കു് ഭക്ഷ​ണ​മാ​യി വലി​ച്ചെ​റി​ഞ്ഞ​തു്. ആരെ​യെ​ങ്കി​ലും കൊ​ല്ലു​ന്ന​തി​നു് മുൻ​പു് അയാൾ കൊ​ച്ചു കൊ​ച്ചു മു​റി​വു​കൾ മരി​ക്കാൻ പോ​കു​ന്ന​വ​ന്റെ ശരീ​ര​ത്തിൽ ഉണ്ടാ​ക്കാൻ ആജ്ഞാ​പി​ക്കു​മാ​യി​രു​ന്നു. ‘അവൻ മരി​ക്കു​ന്നു​വെ​ന്നു് അവനു് തോ​ന്ന​ണം’ എന്നാ​യി​രു​ന്നു കലി​ഗ്യ​ല​യു​ടെ കല്പന. ദു​ര​ന്ത നാ​ട​ക​ങ്ങ​ളി​ലെ പ്ര​ശ​സ്ത​നായ ഒര​ഭി​നേ​താ​വി​നോ​ടു് അയാൾ ജൂ​പി​റ്റ​റി​ന്റെ പ്ര​തി​മ​യ്ക്ക​ടു​ത്തു് നി​ന്നു കൊ​ണ്ടു് ചോ​ദി​ച്ചു: “ഞങ്ങ​ളിൽ ആരാ​ണു് മഹാൻ?” അഭി​നേ​താ​വു് ഒരു നി​മി​ഷം സം​ശ​യി​ച്ചു് നി​ന്ന​പ്പോൾ കലി​ഗ്യല അയാളെ കെ​ട്ടി​വ​ച്ചു് അടി​ക്കാൻ ആജ്ഞാ​പി​ച്ചു. കാ​രു​ണ്യ​മ​ഭ്യർ​ത്ഥി​ച്ചു് അഭി​നേ​താ​വു് വി​ല​പി​ക്കു​ന്ന​തി​ന്റെ സം​ഗീ​താ​ത്മ​ക​ത്വം ചക്ര​വർ​ത്തി​ക്കു് ആസ്വ​ദി​ക്കാൻ വേ​ണ്ടി​യാ​യി​രു​ന്നു ഈ കഠോ​ര​മർ​ദ്ദ​നം. ഇനി​യു​മു​ണ്ടു് ക്രൂ​ര​ത​ക​ളു​ടെ വി​വ​ര​ണം. അവ അറി​യാൻ താ​ല്പ​ര്യ​മു​ള്ള​വർ​ക്കു് Suetonius-​ന്റെ ‘The Twelve Caesars’ എന്ന ഗ്ര​ന്ഥം നോ​ക്കാം (പെൻ​ഗ്വിൻ ബു​ക്ക്സ്, Robert Graves-​ന്റെ തർ​ജ്ജമ, പു​റ​ങ്ങൾ 153 മുതൽ 184 വരെ). Colin Wilson എഴു​തിയ A Criminal History of Mankind എന്ന പു​സ്ത​ക​ത്തി​ലും ഈ മനു​ഷ്യാ​ധ​മ​ന്റെ ക്രൂ​ര​ത​ക​ളു​ടെ വി​വ​ര​ണ​മു​ണ്ടു് (പുറം 199, 200).

അശ്ലീല വർ​ണ്ണ​ന​കൾ നി​റ​ഞ്ഞ ഗ്ര​ന്ഥ​ങ്ങൾ മനു​ഷ്യ​രെ അധഃ​പ​തി​പ്പി​ക്കു​ന്ന​തി​നേ​ക്കാൾ വളരെ വളരെ കൂ​ടു​ത​ലാ​യി റ്റെ​ലി​വി​ഷ​നി​ലെ അശ്ലീ​ല​രം​ഗ​ങ്ങൾ ദ്ര​ഷ്ടാ​ക്ക​ളെ അധഃ​പ​തി​പ്പി​ക്കു​ന്നു.

ഭര​ണാ​ധി​കാ​രി​ക​ളു​ടെ നൃ​ശം​സ​ത​ക​ളെ വർ​ണ്ണി​ക്കു​മ്പോൾ അത്യു​ക്തി വരാ​വു​ന്ന​താ​ണു്. പക്ഷേ കലി​ഗ്യ​ല​യു​ടെ​യും സ്വീ​തോ​നീ​യ​സി​ന്റെ​യും ജീ​വി​ത​കാ​ല​ങ്ങൾ​ക്കു് തമ്മിൽ വലിയ അന്ത​ര​മി​ല്ല. കലി​ഗ്യല മരി​ച്ച​തി​നു് ശേഷം ഇരു​പ​ത്തി​യെ​ട്ടു് വർഷം കഴി​ഞ്ഞ​പ്പോ​ഴാ​ണു് സ്വീ​തോ​നീ​യ​സ് ജനി​ച്ച​തു്. അതു​കൊ​ണ്ടു് ആ ചരി​ത്ര​കാ​ര​ന്റെ പ്ര​തി​പാ​ദ​ന​ങ്ങ​ളിൽ സ്ഥൂ​ലി​ക​ര​ണ​മോ അത്യു​ക്തി​യോ വന്നി​രി​ക്കാ​നി​ട​യി​ല്ല. Bad literature is a crime against scociety എന്നു് ആൽഡസ് ഹക്സി​ലി പറ​ഞ്ഞ​തി​നാൽ പ്രോ​ത്സാ​ഹി​ക്ക​പ്പെ​ട്ടു് ഞാൻ എഴു​തു​ക​യാ​ണു്: ‘സാ​ഹി​ത്യ​ത്തി​ലും കലി​ഗ്യ​ല​യെ​പ്പോ​ലു​ള്ള പ്രാ​ണാ​ന്ത​ക​രു​ണ്ടു് ’. അവരിൽ ഒരാ​ളാ​യി ഞാൻ കാ​ണു​ന്നു ശ്രീ. എബ്ര​ഹാം മാ​ത്യു​വി​നെ. അദ്ദേ​ഹ​ത്തി​ന്റെ ‘ചാനൽ മാ​റു​ന്നു’ എന്ന ചെ​റു​കഥ (മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പു് - ലക്കം 49) പ്രാ​ണാ​ന്ത​ക​മാ​ണു്. ഒരു മു​ത്ത​ച്ഛ​നെ​യും പേ​ര​ക്കു​ട്ടി​യെ​യും സം​സാ​രി​പ്പി​ച്ചും പ്ര​വർ​ത്തി​പ്പി​ച്ചും തല​മു​റ​ക​ളു​ടെ അന്ത​രം സ്പ​ഷ്ട​മാ​ക്കാൻ യത്നി​ക്കു​ന്ന ഈ രച​ന​യിൽ അനു​വാ​ച​ക​നെ അസ്വ​സ്ഥ​നാ​ക്കു​ന്ന കലാ​രാ​ഹി​ത്യ​മ​ല്ലാ​തെ വേ​റൊ​ന്നു​മി​ല്ല. സാ​ഹി​ത്യ​ത്തി​ന്റെ പരി​ണാ​മ​ത്തി​നു് വി​ധേ​യ​മാ​യി ചെ​റു​ക​ഥ​യു​ടെ പ്ര​തി​പാ​ദ്യ വി​ഷ​യ​വും പ്ര​തി​പാ​ദ​ന​രീ​തി​യും മാ​റി​പ്പോ​യി​രി​ക്കു​ന്നു​വെ​ന്നു് എനി​ക്ക​റി​യാം. എന്നാൽ എന്തെ​ല്ലാം മാ​റ്റ​ങ്ങൾ വന്നാ​ലും റോ​സാ​പ്പൂ​വി​ന്റെ ഉള്ളു കൂ​ടു​തൽ ചു​വ​ന്നി​രി​ക്കു​ന്ന​തു് പോലെ രച​ന​യു​ടെ കേ​ന്ദ്ര​ഭാ​ഗ​മെ​ങ്കി​ലും കലാ​ത്മ​ക​മാ​യി​രി​ക്ക​ണ​മ​ല്ലോ. അതി​ല്ല ഈ രച​ന​യിൽ. ആധു​നി​ക​ത​യാ​ണു് തന്റെ രച​ന​യു​ടെ സവി​ശേ​ഷ​ത​യെ​ന്നു് കഥാ​കാ​രൻ പ്ര​ഖ്യാ​പി​ച്ചേ​ക്കും. മാർ​ക്സി​സ്റ്റായ ബന്യ​മിൻ പറ​ഞ്ഞു എന്തെ​ല്ലാം മാ​റ്റ​ങ്ങൾ ഉണ്ടാ​യാ​ലും അവ ഒരേ​യൊ​രു കലൈ​ഡ​സ്കോ​പ്പി​ന്റെ—ചി​ത്ര​ദർ​ശി​നി​ക്കു​ഴ​ലി​ന്റെ—വൈ​ചി​ത്ര്യ​മാർ​ന്ന രം​ഗ​ങ്ങൾ പോ​ലെ​യാ​ണെ​ന്നു്. മോ​പ​സാ​ങ്ങി​ന്റെ​യും കാൽ​വി​നോ​യു​ടെ​യും കഥകൾ വി​ഭി​ന്ന​ങ്ങൾ. പക്ഷേ മോ​പ​സാ​ങ് കല​യെ​ന്ന ചി​ത്ര​ദർ​ശി​നി​ക്കു​ഴ​ലി​ലൂ​ടെ ചില കാ​ഴ്ച​കൾ കാ​ണി​ച്ചു തരു​ന്നു. കാൽ​വി​നോ—തി​ക​ച്ചും അത്യാ​ധു​നി​ക​നായ കാൽ​വി​നോ—മറ്റു ചില കാ​ഴ്ച​കൾ കാ​ണി​ച്ചു തരു​ന്നു. കാ​ഴ്ച​കൾ​ക്കു് വി​ഭി​ന്ന​ത​യു​ണ്ടെ​ങ്കി​ലും ഒരു കലൈ​ഡ​സ്കോ​പ്പു് തന്നെ​യാ​ണു് രണ്ടു പേ​രു​ടെ​യും കൈ​ക​ളിൽ. നമ്മു​ടെ കഥാ​കാ​ര​ന്റെ കൈയിൽ ചി​ത്ര​ദർ​ശി​നി​ക്കു​ഴൽ ഇല്ലേ​യി​ല്ല.

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: തി​രു​വ​ന​ന്ത​പു​ര​ത്തെ പ്രൈ​വ​റ്റ് ആശു​പ​ത്രി​ക​ളെ​ക്കു​റി​ച്ചു് എന്താ​ണു് അഭി​പ്രാ​യം?

ഉത്ത​രം: സർ​ക്കാ​രാ​ശു​പ​ത്രി​യിൽ ഞാൻ പോ​കു​ക​യി​ല്ല. ഏതെ​ങ്കി​ലും സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലാ​വും എന്റെ അന്ത്യം. അതു​കൊ​ണ്ടു് ഉള്ളി​ലു​ള്ള​തു് എഴു​താൻ പേടി. എങ്കി​ലും പ്രൈ​വ​റ്റ് ആശു​പ​ത്രി​യി​ലെ അധി​കാ​രി​ക​ളോ​ടു മാ​പ്പു് ചോ​ദി​ച്ചു കൊ​ണ്ടു് ഞാൻ വി​ചാ​രി​ക്കു​ന്ന​തു് എഴു​തി​ക്കൊ​ള്ള​ട്ടെ. കാലിൽ പാ​മ്പു് കടി​ച്ചാൽ വിഷം വളരെ വേഗം മു​ക​ളി​ലേ​ക്കു് കയ​റു​മ​ല്ലോ. അതു​പോ​ലെ താ​ങ്ങാ​നാ​വാ​ത്ത ചെ​ല​വു് പ്ര​തി​നി​മി​ഷം മു​ക​ളി​ലേ​ക്കു് പൊ​യ്ക്കൊ​ണ്ടി​രി​ക്കും.

ചോ​ദ്യം: അന്ത​രി​ച്ച ഫിലിം ഡയ​റ​ക്ടർ അര​വി​ന്ദൻ എപ്പോ​ഴും മൗനം അവ​ലം​ബി​ച്ച​തി​ന്റെ കാ​ര​ണ​മെ​ന്തു്?

ഉത്ത​രം: അതു് അദ്ദേ​ഹ​ത്തി​ന്റെ സ്വ​ഭാ​വ​മെ​ന്നു് കരു​തി​യാൽ മതി. എകൗ​ണ്ട​ന്റ് ജന​റ​ലാ​ഫീ​സി​ന്റെ മുൻ​പി​ലി​രി​ക്കു​ന്ന സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ പ്ര​തി​മ​യോ​ടു് വല്ല​തും ചോ​ദി​ച്ചാൽ അതു് മറു​പ​ടി പറ​യു​മോ? അതു് രാ​മ​കൃ​ഷ്ണ​പി​ള്ള​പ്ര​തി​മ​യു​ടെ സ്വ​ഭാ​വം.

ചോ​ദ്യം: പ്ര​കാ​ശ​ത്തെ​ക്കാൾ വേഗം കൂ​ടി​യ​തു് വല്ല​തു​മു​ണ്ടോ?

ഉത്ത​രം: രാ​ഷ്ട്രീ​യ​നേ​താ​ക്ക​ന്മാ​രു​ടെ ക്രി​മി​നൽ​ക്കു​റ്റ​ങ്ങൾ പ്ര​കാ​ശ​ത്തെ​ക്കാൾ വേഗം കൂ​ട്ടി​യാ​ണു് ചെ​യ്യ​പ്പെ​ടുക. അതി​നേ​ക്കാൾ വേ​ഗ​ത്തിൽ ബഹു​ജ​നം അവയെ മറ​ക്കു​ക​യും ചെ​യ്യും. മറവി സെ​ക്കൻ​ഡിൽ 744000 മൈൽ സഞ്ച​രി​ക്കു​ന്നു. കു​റ്റം സെ​ക്കൻ​ഡിൽ 372000 മൈൽ വേ​ഗ​ത്തിൽ സഞ്ച​രി​ക്കു​ന്നു. പ്ര​കാ​ശം സെ​ക്കൻ​ഡിൽ 186000 മൈൽ സഞ്ച​രി​ക്കു​ന്നു.

ചോ​ദ്യം: ‘അതി​പ​രി​ച​യ​മാർ​ക്കും മാ​ന​മി​ല്ലാ​താ​കും’ എന്നു് കെ. സി. കേ​ശ​വ​പി​ള്ള പറ​ഞ്ഞ​തു് ശരിയോ?

ഉത്ത​രം: ശരി. പക്ഷേ, അദ്ദേ​ഹം മു​ഴു​വ​നും പറ​ഞ്ഞി​ല്ല. മാ​ന​മി​ല്ലാ​താ​കും. വർ​ഷം​തോ​റും ഭാര്യ പെ​റു​ക​യും ചെ​യ്യും. പി​ന്നെ സ്ക്കൂ​ളിൽ പോകാൻ വയ്യെ​ന്നു പറ​യു​ന്ന പി​ള്ളേ​രെ അടി​ക്കാ​നേ തന്ത​യ്ക്കു് നേരം കാണൂ.

ചോ​ദ്യം: വേർ​മി​ഫോം അപ്പെൻ​ഡി​ക്സ് നേ​ര​ത്തെ എടു​ത്തു് കള​യു​ന്ന​ത​ല്ലേ നല്ല​തു്? അപെൻ​ഡി​സൈ​റ്റി​സ് ഒഴി​വാ​ക്കാ​മ​ല്ലോ നേ​ര​ത്തെ അതു് ശസ്ത്ര​ക്രിയ ചെ​യ്തു് മാ​റ്റി​യാൽ?

ഉത്ത​രം: വേ​ണ്ടാ​ത്ത​തൊ​ക്കെ താ​ങ്കൾ നേ​ര​ത്തെ ദൂ​രെ​ക്ക​ള​യാ​റു​ണ്ടോ? റ്റെ​ലി​വി​ഷൻ സെ​റ്റ് താ​ങ്കൾ വീ​ട്ടിൽ നി​ന്നു് ഒഴി​വാ​ക്കി​യി​ട്ടു​ണ്ടോ?

ചോ​ദ്യം: നി​ങ്ങൾ ഒ. വി. വി​ജ​യ​ന്റെ നോ​വ​ലു​കൾ വാ​യി​ക്കാ​റു​ണ്ടോ? വീ​ണ്ടും വീ​ണ്ടും?

ഉത്ത​രം: ഇപ്പോ​ഴി​ല്ല. വി​ജ​യ​ന്റെ നല്ല നോ​വ​ലു​കൾ വാ​യി​ച്ചാൽ എനി​ക്കു് മു​ട്ട​ത്തു​വർ​ക്കി യുടെ പീറ നോ​വ​ലു​കൾ ഓർ​മ്മ​യി​ലെ​ത്തും. ആ അസ്വ​സ്ഥത ഒഴി​വാ​കാ​നാ​യി ഞാൻ മു​ട്ട​ത്തു​വർ​ക്കി​യു​ടെ നോ​വ​ലു​കൾ വീ​ണ്ടും വീ​ണ്ടും വാ​യി​ക്കു​ന്നു. അപ്പോൾ വി​ജ​യ​ന്റെ നല്ല നോ​വ​ലു​കൾ ഓർ​മ്മ​യി​ലെ​ത്തു​ക​യും ഞാൻ ആ സ്മ​ര​ണ​യിൽ ആഹ്ലാ​ദി​ക്കു​ക​യും ചെ​യ്യു​ന്നു.

ചോ​ദ്യം: ചോ​ദ്യ​ങ്ങൾ ദീർ​ഘ​ങ്ങ​ളായ ഉത്ത​ര​ങ്ങ​ളാ​യാ​ണു് വാ​യ​ന​ക്കാർ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന കാ​ര്യം നി​ങ്ങൾ​ക്ക​റി​യാ​മോ?

ഉത്ത​രം: കൊ​ച്ചു ചോ​ദ്യ​ങ്ങൾ​ക്കു് കൊ​ച്ചു​ത്ത​ര​ങ്ങൾ പോരേ? നി​ല​വി​ള​ക്കു് കത്തി​ക്കാൻ താ​ങ്കൾ വീ​ടി​നു് തീ വയ്ക്കു​മോ? പോ​സ്റ്റോ​ഫീ​സിൽ നി​ന്നു് സ്റ്റാ​മ്പു് വാ​ങ്ങി​ച്ചി​ട്ടു് പശ തേച്ച ഭാഗം നന​യ്ക്കാൻ റ്റാ​പ് തു​റ​ന്നു് ജല​ത്തി​ന്റെ കു​ത്തൊ​ഴു​ക്കിൽ അതു് വച്ചു കൊ​ടു​ക്കു​മോ നി​ങ്ങൾ?

ജേ​ണ​ലി​സം
images/Machado_de_Assis.jpg
മാ ഷാദൂ ദി ആസീസി

ഉജ്ജ്വല പ്ര​തി​ഭാ​ശാ​ലി എന്ന വി​ശേ​ഷ​ണം നല്കാ​തെ ബ്ര​സീ​ലി​യൻ നോ​വ​ലി​സ്റ്റ് മാ ഷാദൂ ദി ആസീ​സി​നെ ‘അവ​ത​രി​പ്പി​ക്കാൻ’ വയ്യ. (Joaquim Maria Machado de Assiz 1839–1908 ഷോ ആകിം മാറീആ മാ​ഷാ​ദൂ ദി ആസീസ്). അദ്ദേ​ഹ​ത്തി​ന്റെ വി​സ്മ​യാ​വ​ഹ​ങ്ങ​ളായ നോ​വ​ലു​കൾ ഞാൻ വാ​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും The Psychiatrist എന്ന ചെ​റു​ക​ഥ​യൊ​ഴി​ച്ചു മറ്റു​ള്ള ചെ​റു​ക​ഥ​ക​ളിൽ ഒരെ​ണ്ണം പോലും വാ​യി​ച്ചി​ട്ടി​ല്ല. മാ​ഷാ​ദു​വി​ന്റെ The Looking Glass എന്ന കഥ​യെ​ക്കു​റി​ച്ചു് കോളിൻ വിൽസൻ New Pathways in Psychology എന്ന ഗ്ര​ന്ഥ​ത്തിൽ പറ​ഞ്ഞ​തി​നെ അവ​ലം​ബ​മാ​ക്കി​യാ​ണു് ഇനി​യു​ള്ള കാ​ര്യ​ങ്ങൾ ഞാൻ വി​വ​രി​ക്കു​ന്ന​തു്. യു​ദ്ധ​സേ​വ​നം കഴി​ഞ്ഞു് ലഫ്റ്റ​നെ​ന്റി​ന്റെ യൂ​ണി​ഫോം ധരി​ച്ചു് വീ​ട്ടി​ലെ​ത്തിയ യു​വാ​വി​നെ എല്ലാ​വ​രും ബഹു​മാ​നി​ച്ചു. അമ്മ അയാളെ ‘എന്റെ ലഫ്റ്റ​നെ​ന്റ്’ എന്നു വി​ളി​ക്കും. മറ്റു ബന്ധു​ക്ക​ളും അയാളെ അങ്ങ​നെ​ത​ന്നെ​യാ​ണു് വി​ളി​ക്കുക. ഇതി​ന്റെ​യൊ​ക്കെ ഫല​മാ​യി താൻ ലഫ്റ്റ​നെ​ന്റ് തന്നെ​യെ​ന്നു് അയാൾ വി​ശ്വ​സി​ച്ചു. ഒരു ദിവസം അയാ​ളു​ടെ അമ്മാ​യി​യും മറ്റു​ള്ള​വ​രും എവി​ടെ​യോ പോ​യ​പ്പോൾ അയാൾ​ക്കു് ഏകാ​കി​ത​യു​ടെ ദുഃഖം. നഷ്ട​ബോ​ധം. വീ​ട്ടി​ലു​ള്ള ഒരു വലിയ കണ്ണാ​ടി​യു​ടെ മുൻ​പിൽ അയാൾ ചെ​ന്നു നി​ന്ന​പ്പോൾ ശരീരം അസ്പ​ഷ്ട​മാ​യി കാ​ണ​പ്പെ​ട്ടു. അപ്പോൾ അയാൾ ലഫ്റ്റ​നെ​ന്റി​ന്റെ യൂ​ണി​ഫോം ധരി​ച്ചു. അതോടെ അസ്പ​ഷ്ടത മാറി. ഇല്ലാ​തായ ആത്മാ​ഭി​മാ​ന​വും തി​രി​ച്ചു കി​ട്ടി. എന്നും അയാൾ യൂ​ണി​ഫോം ധരി​ച്ചു കണ്ണാ​ടി​യു​ടെ മുൻ​പി​ലി​രു​ന്നു. അതു് ചെ​യ്തി​ല്ലാ​യി​രു​ന്നെ​ങ്കിൽ അയാൾ ഭ്രാ​ന്ത​നാ​യി​പ്പോ​യേ​നേ. കണ്ണാ​ടി അങ്ങ​നെ അയാളെ രക്ഷി​ച്ചു. ഇതി​നു് വി​പ​രീ​ത​മായ അവ​സ്ഥ​യാ​ണു് ഓസ്കാർ വൈൽ​ഡി​ന്റെ The Picture of Dorain Gray എന്ന നോ​വ​ലിൽ കാണുക. ഡോ​റി​യൻ ഗ്രേ​യു​ടെ ചി​ത്രം ഒരു കലാ​കാ​രൻ വര​ച്ചു​കൊ​ടു​ത്തു. ആ ചി​ത്രം ഒരു വി​ധ​ത്തിൽ കണ്ണാ​ടി തന്നെ​യാ​ണു്. ഡോ​റി​യൻ ഗ്രേ എന്തു് വി​ചാ​രി​ച്ചാ​ലും അതു് ചി​ത്ര​ത്തി​ന്റെ മു​ഖ​ത്തു് പ്ര​തി​ഫ​ലി​ക്കും. ക്ര​മേണ അയാൾ അധഃ​പ​തി​ച്ചു. ആ അധഃ​പ​ത​ന​വും അയാ​ളു​ടെ മലിന വി​കാ​ര​ങ്ങ​ളും ചി​ത്രം പ്ര​തി​ഫ​ലി​പ്പി​ക്കു​ക​യാ​യി. ഒടു​വിൽ അയാൾ ആ ചി​ത്ര​ത്തെ കു​ത്തി​ക്കീ​റി​യി​ട്ടു് ഹൃ​ദ​യ​ത്തി​ലൂ​ടെ കത്തി​ക​ട​ത്തി ആത്മ​ഹ​ത്യ ചെ​യ്തു. മാ​ഷാ​ദു​വി​ന്റെ കഥയിൽ കണ്ണാ​ടി ദ്ര​ഷ്ടാ​വി​ന്റെ അഹം പ്ര​ത്യ​യ​ത്തെ നി​ല​നി​റു​ത്തു​ന്നു. രണ്ടാ​മ​ത്തെ കഥയിൽ ചി​ത്ര​മാ​കു​ന്ന ദർ​പ്പ​ണം യു​വാ​വി​നെ ആത്മ​ഹ​ത്യ​യി​ലേ​ക്കു് നയി​ക്കു​ന്നു.

images/Colin_Wilson.jpg
കോളിൻ വിൽസൻ

ശ്രീ. കെ. പ്ര​ഭാ​ക​രൻ​നാ​യർ ദേ​ശാ​ഭി​മാ​നി വാ​രി​ക​യി​ലെ​ഴു​തിയ ‘അക​ലെ​നി​ന്നു​ള്ള ദൃ​ശ്യം’ എന്ന ചെ​റു​ക​ഥ​യും കണ്ണാ​ടി തന്നെ​യാ​ണു്. നി​ത്യ​ജീ​വി​ത​ത്തി​ലെ ചില സം​ഭ​വ​ങ്ങ​ളെ​ടു​ത്തു് കഥാ​കാ​രൻ രച​ന​യി​ലൂ​ടെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. വെറും പ്ര​തി​ഫ​ല​നം. അങ്ങ​നെ​യു​ള്ള പ്ര​തി​ച്ഛാ​യ​യിൽ ആ സം​ഭ​വ​ങ്ങ​ളെ​സ്സം​ബ​ന്ധി​ച്ച ഉൾ​ക്കാ​ഴ്ച ഉണ്ടാ​വു​ക​യി​ല്ല. ഉൾ​ക്കാ​ഴ്ച​യി​ല്ലാ​ത്ത സംഭവ വി​വ​ര​ണം ജേ​ണ​ലി​സം മാ​ത്ര​മാ​ണു്. വി​ദ്യാർ​ത്ഥി​നി സി​നി​മ​യിൽ മാ​ത്രം താ​ല്പ​ര്യ​മു​ള്ള​വ​ളാ​ണെ​ന്നു് കണ്ടു് റ്റീ​ച്ചർ അവളെ ശാ​സി​ക്കു​ന്നു. പി​ല്ക്കാ​ല​ത്തു് അവൾ പ്ര​ശ​സ്ത​യായ ചല​ച്ചി​ത്ര താ​ര​മാ​കു​മ്പോൾ ആ റ്റീ​ച്ചർ തന്നെ അഭി​മുഖ സം​ഭാ​ഷ​ണ​ത്തി​നാ​യി ചെ​ല്ലു​ന്നു. ഗാർ​ഹിക ജീ​വി​തം നയി​ക്കു​ന്ന റ്റീ​ച്ച​റി​നോ​ടു് ചല​ച്ചി​ത്ര​താ​ര​ത്തി​നു് അസൂയ മാ​ത്രം. കലാ​കാ​രൻ കാ​ണു​ന്ന യഥാർ​ത്ഥ്യം അതി​നെ​ക്കാൾ ഉയർ​ന്ന വേ​റൊ​രു യഥാർ​ത്ഥ്യ​ത്തി​ലേ​ക്കു് ചെ​ല്ലു​മ്പോ​ഴാ​ണു് കല​യു​ടെ ആവിർ​ഭാ​വം.എഴു​ത്തു​കാ​രൻ കണ്ട യഥാർ​ത്ഥ്യ​ത്തോ​ടു് രണ്ടാ​മ​ത്തെ യഥാർ​ത്ഥ്യ​ത്തി​നു് ഒരു ബന്ധ​വു​മു​ണ്ടാ​യി​രി​ക്കി​ല്ല. പ്ര​ഭാ​ക​രൻ​നാ​യർ​ക്കു് ഉൾ​ക്കാ​ഴ്ച​യി​ലൂ​ടെ ഈ സമു​ന്ന​ത​മായ യാ​ഥാർ​ത്ഥ്യ​ത്തെ ദർ​ശി​ക്കാൻ കഴി​യു​ന്നി​ല്ല. വെറും ജേ​ണ​ലി​സ​മ​ല്ലാ​തെ ഇക്കഥ വേ​റെ​യൊ​ന്നു​മി​ല്ല.

നാ​നാ​വി​ഷ​യ​കം
images/Oscar_Wilde.jpg
ഓസ്കാർ വൈൽഡ്

1. കൈ​നി​ക്കര കു​മാ​ര​പി​ള്ള ആകാ​ശ​വാ​ണി​യി​ലെ വി​ദ്യാ​ഭ്യാസ പരി​പാ​ടി​യു​ടെ ചു​മ​ത​ല​യേ​റ്റി​രു​ന്ന കാലം. പി. കേ​ശ​വ​ദേ​വി​ന്റെ പ്ര​ഭാ​ഷ​ണ​ത്തി​നു് മുൻ​പു് പ്ര​ഭാ​ഷ​ക​ന്റെ പേരും സം​സാ​രി​ക്കാൻ പോ​കു​ന്ന വി​ഷ​യ​ത്തി​ന്റെ സ്വ​ഭാ​വ​വും വ്യ​ക്ത​മാ​ക്കി കൈ​നി​ക്കര ആദ്യ​മാ​യി നാലു വാ​ക്യ​മെ​ങ്കി​ലും പറയണം. കൈ​നി​ക്കര അതി​നു് വയ്യെ​ന്നു പറ​ഞ്ഞു. ‘എന്താ സാർ ഈ വൈ​മു​ഖ്യം?’ എന്നു് അവി​ടെ​യി​രു​ന്ന ഞാൻ ചോ​ദി​ച്ചു. കൈ​നി​ക്ക​ര​യു​ടെ മറു​പ​ടി ഇങ്ങ​നെ​യാ​യി​രു​ന്നു: ‘എനി​ക്കു് അയാളെ കഥാ​കാ​ര​നെ​ന്നോ നോ​വ​ലി​സ്റ്റെ​ന്നോ വി​ശേ​ഷി​പ്പി​ക്കാൻ വയ്യ’ കൈ​നി​ക്ക​ര​ക്കു് പകരം ആരോ ആ വാ​ക്യ​ങ്ങൾ പറ​ഞ്ഞു. എന്റെ ഓർമ്മ ശരി​യാ​ണോ എന്തോ. ശ്രീ കരമന ഗം​ഗാ​ധ​രൻ നാ​യ​രാ​ണു് ആമു​ഖ​മെ​ന്ന മട്ടിൽ ചില വാ​ക്യ​ങ്ങൾ പ്ര​ക്ഷേ​പ​ണം ചെ​യ്ത​തു്. കൈ​നി​ക്ക​ര​യു​ടെ ഈ വി​മു​ഖത കേ​ശ​വ​ദേ​വു് അറി​ഞ്ഞി​ല്ല. അറി​ഞ്ഞെ​ങ്കിൽ വഴ​ക്കു് തന്നെ ഉണ്ടാ​കു​മാ​യി​രു​ന്നു.

images/Guy_de_Maupassant.jpg
മോ​പ​സാ​ങ്

കൈ​നി​ക്ക​ര​യു​ടെ ഈ നി​ല​പാ​ടു് ശരി​യാ​യി​രു​ന്നോ? ആയി​രു​ന്നി​ല്ല എന്നാ​ണു് എന്റെ തോ​ന്നൽ. സർ​ഗ്ഗ​ശ​ക്തി​യെ അവ​ലം​ബി​ച്ചു് നോ​ക്കു​ക​യാ​ണെ​ങ്കിൽ കേ​ശ​വ​ദേ​വി​നു​ള്ള പ്ര​തിഭ കൈ​നി​ക്ക​ര​യ്ക്കു് ഇല്ല. അന്യ​രു​ടെ കാ​ര്യം വരു​മ്പോൾ നമ്മൾ നമു​ക്കും അവർ​ക്കു​മി​ട​യി​ലാ​യി അന്ധ​കാ​രം കൊ​ണ്ടു് വേലി കെ​ട്ടു​ന്നു. അതിനെ ഇല്ലാ​താ​ക്കാൻ നമ്മൾ നി​സ്വാർ​ത്ഥ മനോ​ഭാ​വ​ത്തി​ന്റെ പ്ര​കാ​ശം പ്ര​സ​രി​പ്പി​ക്കു​ന്നി​ല്ല. കൈ​നി​ക്കര കു​മാ​ര​പി​ള്ള പു​രു​ഷ​ര​ത്ന​മാ​യി​രു​ന്നു. അദ്ദേ​ഹ​ത്തി​നു​പോ​ലും മി​ഥ്യാ​സ​ങ്ക​ല്പ​ത്തെ തകർ​ക്കാൻ കഴി​ഞ്ഞി​ല്ല.

2. പ്രൈ​വ​റ്റ് കോ​ളേ​ജു​ക​ളിൽ അധ്യാ​പ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു് വേ​ണ്ടി എനി​ക്കു് പല​പ്പോ​ഴും പോ​കേ​ണ്ട​താ​യി വന്നി​ട്ടു​ണ്ടു്. സർ​വ്വ​ക​ലാ​ശാ​ല​യു​ടെ പ്ര​തി​നി​ധി​യാ​യി ഞാൻ. സർ​ക്കാ​രി​ന്റെ പ്ര​തി​നി​ധി​യാ​യി വി​ദ്യാ​ഭ്യാസ സെ​ക്ര​ട്ട​റി. പലരും ഇന്റർ​വ്യൂ കഴി​ഞ്ഞു​പോ​യി.

ഒരാ​ളെ​ത്തി​യ​പ്പോൽ ഞാൻ ചോ​ദി​ച്ചു:

“എന്താ സ്പെ​ഷൽ സബ്ജ​ക്ട്”?

മറു​പ​ടി:

“കഥകളി”

എന്റെ ചോ​ദ്യം:

“ആട്ട​ക്ക​ഥ​ക​ളി​ലെ​ല്ലാം ‘പാ​ട​ച്ച​ര​കീ​ടൻ’ എന്നു കാ​ണാ​മ​ല്ലോ. അതി​ന്റെ അർ​ഥ​മെ​ന്താ​ണു് ”?

ഉദ്യോ​ഗാർ​ത്ഥി മി​ണ്ടി​യി​ല്ല. അപ്പോൾ ആ കോ​ളേ​ജി​ലെ മല​യാ​ളം പ്രൊ​ഫ​സ്സർ അയാളെ സഹാ​യി​ച്ചു.

അദ്ദേ​ഹം ചോ​ദി​ച്ചു: ഇത​റി​ഞ്ഞു​കൂ​ടേ നി​ങ്ങൾ​ക്കു് ? ‘പാ​ട​ത്തിൽ ചരി​ക്കു​ന്ന കീടം’.

ഞാൻ ചി​രി​ച്ചി​ല്ല. മല​യാ​ള​മോ സം​സ്കൃ​ത​മോ അറി​ഞ്ഞു​കൂ​ടാ​ത്ത കോ​ളേ​ജ് പ്രിൻ​സി​പ്പ​ലും ചി​രി​ച്ചി​ല്ല.

‘പാ​ട​ച്ച​രൻ’ എന്ന വാ​ക്കി​നു് കള്ളൻ എന്നാ​ണു് അർ​ത്ഥം. പ്രൊ​ഫ​സ്സ​റെ അപ​മാ​നി​ക്ക​രു​ത​ല്ലോ എന്നു​വി​ചാ​രി​ച്ചു് ഞാൻ അർത്ഥ പ്ര​ദർ​ശ​നം നട​ത്തി​യ​തു​മി​ല്ല (പാ​ട​ച്ച​രഃ = പാടയൻ, ഛി​ന്ദൻ ചരതി) ‘കു​സു​മ​രസ പാ​ട​ച്ച​രഃ’ എന്നു ശാ​കു​ന്ത​ളം നാ​ട​ക​ത്തിൽ (ആറാ​മ​ങ്കം). ‘പദ്മി​നീ പരി​മ​ലാ​ലി പാ​ട​ച്ച​രഃ’ എന്നു ഭാ​മി​നീ​വി​ലാ​സ​ത്തിൽ. പാ​ട​ച്ച​ര​കീ​ടൻ എന്ന​തി​നു് പാ​ട​ത്തിൽ ചരി​ക്കു​ന്ന കീടം എന്നു പറഞ്ഞ പ്രൊ​ഫ​സ​റെ​ക്കാൾ ഉന്ന​ത​നാ​ണു് അർ​ത്ഥ​മ​റി​ഞ്ഞു​കൂ​ടെ​ന്ന മട്ടിൽ മി​ണ്ടാ​തെ നിന്ന ജീ​വി​കാർ​ത്ഥി.

ബാ​ഹ്യ​വും ഭൗ​തി​ക​വു​മായ യാ​ഥാർ​ത്ഥ്യ​ത്തെ ത്യ​ജി​ച്ചു് അതീത യാ​ഥാർ​ത്ഥ്യ​ത്തെ പ്ര​കാ​ശി​പ്പി​ക്കാ​നാ​ണു് ഇപ്പോ​ഴ​ത്തെ കലാ​കാ​ര​ന്മാർ ശ്ര​മി​ക്കു​ന്ന​തു്.

3. സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ രച​ന​ക​ളി​ലെ അശ്ലീല പ്ര​സ്താ​വ​ങ്ങ​ളെ​ക്കു​റി​ച്ചു് മു​റ​വി​ളി കൂ​ട്ടു​ന്ന​വർ തങ്ങ​ള​റി​യാ​തെ ടെ​ലി​വി​ഷ​നി​ലൂ​ടെ അശ്ലീ​ലത ആസ്വ​ദി​ക്കു​ക​യാ​ണെ​ന്നു് അറി​യു​ന്നു​ണ്ടോ? ബോൾ പോ​യി​ന്റ് പേ​ന​യെ​ടു​ത്തു് താ​ലോ​ലി​ച്ചു​കൊ​ണ്ടു് ഒരു സു​ന്ദ​രി അതി​ന്റെ പേരു പറ​യു​ന്നു. ദ്ര​ഷ്ടാ​ക്ക​ളു​ടെ ശ്ര​ദ്ധ മു​ഴു​വൻ ആ യു​വ​തി​യു​ടെ സൗ​ന്ദ​ര്യ​ത്തി​ലാ​ണു്. ‘ഈ മൃ​ദു​ല​ത​യാ​ണു് എനി​ക്കി​ഷ്ടം’ എന്നു പറ​ഞ്ഞ് മനോ​ഹ​ര​ങ്ങ​ളായ കൈകളെ തഴു​കു​ന്നു, ഒരു​ത്തൻ. അവ​യു​ടെ മനോ​ഹാ​രി​ത​യി​ലാ​ണു് കാ​ഴ്ച​ക്കാ​രു​ടെ ശ്ര​ദ്ധ. അതി​നു് ശേ​ഷ​മു​ണ്ടാ​കു​ന്ന ആലിം​ഗ​നം കാ​ഴ്ച​ക്കാർ​ക്കു് കാ​മോ​ദ്ദീ​പ​ക​മാ​ണു് എന്ന​തിൽ എന്തു​ണ്ടു് സംശയം. ദ്ര​ഷ്ടാ​ക്കൾ തങ്ങ​ള​റി​യാ​തെ ഞര​മ്പു​ക​ളെ ചൂടു പി​ടി​പി​ക്കു​ക​യാ​ണു് ഇമ്മാ​തി​രി പര​സ്യ​ങ്ങൾ കണ്ടു്. കു​ട്ടി​ക​ളാ​ണു് ഇവ ദർ​ശി​ച്ചു് ഏറ്റ​വും കൂ​ടു​ത​ലാ​യി ചീ​ത്ത​യാ​കു​ന്ന​തു്. ഈ മഹാ​പ​രാ​ധ​ത്തെ​ക്കു​റി​ച്ചു് നമ്മു​ടെ സദാ​ചാര തല്പ​രർ​ക്കു് ഒര​ക്ഷ​രം പോലും ഉരി​യാ​ടാ​നി​ല്ല. അശ്ലീല വർ​ണ്ണ​ന​കൾ നി​റ​ഞ്ഞ ഗ്ര​ന്ഥ​ങ്ങൽ മനു​ഷ്യ​രെ അധഃ​പ​തി​പ്പി​ക്കു​ന്ന​തി​നേ​ക്കാൾ വളരെ വളരെ കൂ​ടു​ത​ലാ​യി, ടെ​ലി​വി​ഷ​നി​ലെ അശ്ലീ​ല​രം​ഗ​ങ്ങൾ ദ്ര​ഷ്ടാ​ക്ക​ളെ അധഃ​പ​തി​പ്പി​ക്കു​ന്നു. അഴു​ക്കു് ചാലിൽ എറി​യു​ന്നു. കു​ട്ടി​കെ​ളെ ‘sex mania’ ഉള്ള​വ​രാ​ക്കി മാ​റ്റു​ന്നു.

ആന്റി റി​യ​ലി​സം
images/Fredric_Jameson.jpg
Fredric Jameson

അനു​ക​ര​ണ​ത്തി​നു​ള്ള ഗ്രീ​ക്കു് പദ​മാ​ണു് മി​മീ​സി​സ് (mimesis) എന്ന​തു്. (The Concise Oxford Dictionary of Literary Terms – Chris Baldick) ബാ​ഹ്യ​യാ​ഥാർ​ത്ഥ്യ​ത്തെ അതു​പോ​ലെ ആവി​ഷ്ക​രി​ക്ക​ലാ​ണ​തു്. പക്ഷേ ഈ അനു​ക​ര​ണം കല​യു​ടെ സമു​ചിത മണ്ഡ​ല​മ​ല്ല എന്നാ​ണു് ആധു​നി​ക​മ​തം. ബാ​ഹ്യ​വും ഭൗ​തി​ക​വു​മായ യാ​ഥാർ​ത്ഥ്യ​ത്തെ ത്യ​ജി​ച്ചു് അതീത യാ​ഥാർ​ത്ഥ്യ​ത്തെ പ്ര​കാ​ശി​പ്പി​ക്കാ​നാ​ണു് ഇപ്പോ​ഴ​ത്തെ കലാ​കാ​ര​ന്മാർ ശ്ര​മി​ക്കു​ന്ന​തു്. വസ്തു​നി​ഷ്ഠ​ത്വ​ത്തെ പര​മ​ല​ക്ഷ്യ​മാ​ക്കി വസ്തു​നി​ഷ്ഠ​മായ പ്ര​തി​പാ​ദ​നം നിർ​വ​ഹി​ക്കു​ന്ന​തു് കല​യ​ല്ലെ​ന്നു് വരെ അമൂർ​ത്ത​ക​ല​യു​ടെ ഉദ്ഘോ​ഷ​ക​നായ മലി​വി​ച്ച് എന്ന റഷ്യൻ ചി​ത്ര​കാ​രൻ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടു്.

images/WorldPostmodernFiction.jpg

മീ​മീ​സി​സി​നും റി​യ​ലി​സ​ത്തി​നും എതി​രാ​യു​ള്ള ആന്റി റി​യ​ലി​സ​ത്തെ​ക്കു​റി​ച്ചു് അത്യു​ജ്ജ്വ​ല​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന ഗ്ര​ന്ഥ​മാ​ണു് Christopher Nash-​ന്റെ World Postmodern Fiction എന്ന​തു് (Longman, London and New York, Pages 388) റൊ​മാ​ന്റി​സി​സം ആവി​ഷ്കാര രീ​തി​യിൽ ഊന്നൽ കൊ​ടു​ക്കു​ന്നു. റി​യ​ലി​സം വസ്തു​നി​ഷ്ഠ​മായ ചി​ത്രീ​ക​ര​ണ​ത്തി​ലും. ഇതൊരു നാ​ണ​യ​ത്തി​ന്റെ തന്നെ രണ്ടു വശ​ങ്ങ​ളാ​ണു്. അം​ഗീ​ക​രി​ക്ക​പ്പെ​ട്ട അർ​ത്ഥ​ത്തി​നു് കീ​ഴ്പ്പെ​ടു​ത്തു​ക​യാ​ണു് റൊ​മാ​ന്റി​സി​സ​വും റി​യ​ലി​സ​വും. എന്നാൽ ആന്റി റി​യ​ലി​സം അർ​ത്ഥ​ര​ഹി​ത​മാ​യി, അയു​ക്തി​ക​മാ​യി, യാ​ഥാർ​ത്ഥ്യ​ര​ഹി​ത​മാ​യി സൃ​ഷ്ടി​ക്കു് ഉദ്യ​മി​ക്കു​ന്നു. ജെ​യിം​സ്, ജോ​യി​സ്, പ്രൂ​സ്ത്, മാൻ, ഫോ​ക്നർ, വൂൾഫ്, ലോ​റൻ​സ്, സെലീൻ, മൽറോ, സാർ​ത്ര്, കമ്യൂ, കാഫ്ക ഇവർ റി​യ​ലി​സ്റ്റു​ക​ളാ​ണു്. ഇവരിൽ നി​ന്നു് വി​ഭി​ന്ന​രാ​യി ആന്റി​റി​യ​ലി​സ്റ്റി​ക്കാ​യി കാൽ​വീ​നോ, ബോർ​ഹേ​സ്, ബെ​ക്കി​റ്റ്, റോബ് ഗ്രി​യേ, ബാർത് (Barth) ഇവർ കലാ​സൃ​ഷ്ടി​കൾ​ക്കു് രൂപം നൽ​കു​ന്നു. ഈ ആന്റി​റി​യ​ലി​സ്റ്റു​ക​ളെ മന​സ്സി​ലാ​ക്കാൻ, അവ​രു​ടെ രച​ന​ക​ളെ ആഴ​ത്തിൽ പഠി​ക്കാൻ ഈ ഗ്ര​ന്ഥം സഹാ​യി​ക്കു​ന്നു, നമ്മ​ളെ. അതു​കൊ​ണ്ടാ​വ​ണം ലോ​ക​പ്ര​ശ​സ്ത​നായ മാർ​ക്സി​സ്റ്റ് നി​രൂ​പ​കൻ Fredric Jameson ഇങ്ങ​നെ പറ​ഞ്ഞ​തു്: World Postmodern fiction is very rich in all kinds of observations about the post realistic and is a very important document in… the post modern debate… a book which will occupy me now for sometime.

അത്ഭു​താ​വ​ഹ​മാ​ണു് ഗ്ര​ന്ഥ​കാ​ര​ന്റെ അപ​ഗ്ര​ഥ​ന​പാ​ട​വം. അദ്ദേ​ഹ​ത്തി​ന്റെ പാ​ണ്ഡി​ത്യം അന്യാ​ദൃ​ശ്യം. പക്ഷേ ഇതു് വാ​യി​ച്ചു കഴി​ഞ്ഞ് വി​സ്മ​യാ​ധീ​ന​നാ​യി ഇരു​ന്ന ഞാൻ എന്നോ​ടു് തന്നെ ചോ​ദി​ച്ചു, തോമസ് മാൻ, പ്രൂ​സ്ത്, കാ​ഫ്കാ, ജോ​യി​സ് ഇവ​രേ​ക്കാൾ വലിയ കലാ​കാ​ര​ന്മാ​രാ​ണോ കാൽ​വീ​നോ, റോ​ബ്ഗ്രി​യേ,ബോർ​ഹെ​സ് ഇവ​രെ​ല്ലാം. ഭൂ​ത​കാ​ല​സ്മ​ര​ണ​കൾ (പ്രൂ​സ്തി​ന്റെ നോവൽ) ഇവ നി​ല​നിൽ​ക്കു​മോ അതോ ബോർ​ഹെ​സി​ന്റെFicciones’-ഉം കാൽ​വി​നോ​യു​ടെThe Casate of Crossed Destinies’-ഉം നി​ല​നിൽ​ക്കു​മോ? ഈ സം​ശ​യ​ത്തോ​ടു​കൂ​ടി​ത്ത​ന്നെ ഞാൻ ഇപ്പു​സ്ത​കം വീ​ണ്ടും വീ​ണ്ടും വാ​യി​ക്കും. എന്റെ അറി​വി​ന്റെ പരിധി വി​ക​സി​പ്പി​ക്കാൻ ഇതെ​ന്നെ സഹാ​യി​ക്കും.

അവർ എന്നോ​ടു് പറ​ഞ്ഞു

എൻ. ഗോ​പാ​ല​പി​ള്ള: കണ്ണ​ശ്ശ​പ്പ​ണി​ക്കർ​ക്കു് ശൗചം ചെ​യ്തു കൊ​ടു​ക്കാ​നു​ള്ള യോ​ഗ്യത നി​ങ്ങ​ളു​ടെ എഴു​ത്ത​ച്ഛ​നു് ഇല്ല.

എം. പി. അപ്പൻ: എൻ. ജി. പി.ക്കു് എഴു​ത്ത​ച്ഛ​ന്റെ കവിത ഇഷ്ട​മ​ല്ലാ​യി​രു​ന്നു. (എൻ. ജി. പി. എന്നാൽ എൻ. ഗോ​പാ​ല​പി​ള്ള)

ജോസഫ് മു​ണ്ട​ശ്ശേ​രി: സാ​ഹി​ത്യ​വാ​ര​ഫ​ലം എന്തി​നാ എഴു​തു​ന്ന​തു്. അതു് നി​റു​ത്ത​ണം.

വയലാർ രാ​മ​വർ​മ്മ: നി​ങ്ങൾ​ക്കു് മീ​ശ​യു​ടെ കു​റ​വു​ണ്ടു്. അതു് ഉടനെ വയ്ക്ക​ണം.

ഡോ​ക്ടർ ഗോ​ദ​വർ​മ്മ: (വൈ​വ​വോ​സി പരീ​ക്ഷ നട​ക്കു​ന്ന ഹാ​ളി​ലേ​ക്കു് ഞാൻ കയ​റു​ന്ന​തി​നു് മുൻ​പു്) ഉണ്ണു​നീ​ലി നന്ദേ​ശ​ത്തി​ലെ പാ​ഠ​ഭേ​ദ​ങ്ങ​ളെ​ക്കു​റി​ച്ചു് ഉള്ളൂർ ചോ​ദി​ച്ചാൽ അദ്ദേ​ഹം അം​ഗീ​ക​രി​ച്ച പാ​ഠ​മാ​ണു് ശരി​യെ​ന്നു് പറ​ഞ്ഞേ​ക്ക​ണം. ഞാൻ സ്വീ​ക​രി​ച്ച പാഠം ശരി​യെ​ന്നു് പറ​യ​രു​തു്. പറ​ഞ്ഞാൽ ക്ലാ​സ് കി​ട്ടു​കി​ല്ല.

എം. എച്ച്. ശാ​സ്ത്രി​കൾ: (സ്റ്റാ​ഫ് റൂമിൽ എല്ലാ ദി​വ​സ​വും ഒരേ കസേ​ര​യിൽ വന്നി​രു​ന്നു് എല്ലാ അദ്ധ്യാ​പ​ക​രോ​ടും സം​സാ​രി​ക്കു​ന്ന പ്രിൻ​സി​പ്പ​ലി​നെ ലക്ഷ്യ​മാ​ക്കി) വി​ഡ്ഢി​ത്തം പറ​യ​ണ​മെ​ന്നാ​ണു് കൃ​ഷ്ണൻ നാ​യ​രു​ടെ ആഗ്ര​ഹ​മെ​ങ്കിൽ ഇപ്പോ​ളി​രി​ക്കു​ന്ന കസേ​ര​യിൽ നി​ന്നു മാറി മറ്റേ​ക്ക​സേ​ര​യിൽ ഇരി​ക്കു. (മറ്റേ​ക്ക​സേ​ര​യെ​ന്നു പറ​ഞ്ഞ​തു് പ്രിൻ​സി​പ്പൽ പതി​വാ​യി ഇരി​ക്കാ​റു​ള്ള കസേര)

തെ​റ്റാ​യി ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന ഒരു പ്രിൻ​സി​പ്പൽ: (വർ​ഷാ​വ​സാ​ന​ത്തിൽ ക്ലാ​സ്സ് സോഷൽ ഏർ​പ്പാ​ടു് ചെ​യ്തു പ്രിൻ​സി​പ്പ​ലി​ന്റെ ആഗമനം പ്ര​തീ​ക്ഷി​ച്ചു നിൽ​ക്കു​ന്ന എന്നോ​ടു് പെൺ​കു​ട്ടി​കൾ നിൽ​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു് നോ​ക്കി) Well, I want to enjoy all of them.

കെ. ബാ​ല​കൃ​ഷ്ണൻ: (ശ്രീ. സു​കു​മാർ അഴീ​ക്കോ​ടും ഡോ​ക്ടർ എസ്. കെ. നാ​യ​രും വാ​ദ​പ്ര​തി​വാ​ദം കൗ​മു​ദി ആഴ്ച​പ്പ​തി​പ്പി​ലൂ​ടെ നട​ത്തി​യ​തു് ഉദ്ദേ​ശി​ച്ചു്). ആരേ​യും ഒരി​ക്ക​ലും എതിർ​ക്കാ​ത്ത സു​കു​മാർ അഴീ​ക്കോ​ടാ​ണു് ഇതെ​ഴു​തു​ന്ന​തെ​ന്നു് നി​ങ്ങൾ ഓർ​മ്മി​ക്ക​ണം.

ഡോ​ക്ടർ സി. കെ. കരീം: (അദ്ദേ​ഹ​ത്തി​ന്റെ പു​ക​വ​ലി​ക്കൽ അമി​ത​മാ​കു​ന്നു​വെ​ന്നു് പറഞ്ഞ എന്നോ​ടു്) ഇനി വലി​ച്ചാ​ലെ​ന്തു് വലി​ച്ചി​ല്ലെ​ങ്കി​ലെ​ന്തു്?

ഞാൻ എന്നോ​ടു് തന്നെ: ശ്രീ. ഇ. എം. എസ്സി​ന്റെ അഭി​പ്രാ​യ​ങ്ങ​ളോ​ടു് എല്ലാ​വ​രും യോ​ജി​ച്ചെ​ന്നു് വരി​ല്ല. പക്ഷേ അദ്ദേ​ഹം World figure ആണെ​ന്ന കാ​ര്യം ആരും മറ​ക്ക​രു​തു്. (World figure = A personage of great distiction before the eyes of the world).

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-02-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.