SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 1998-03-20-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: നമ്മു​ടെ രാ​ജ്യ​ത്തി​ന്റെ ഇന്ന​ത്തെ സ്ഥി​തി എന്താ​ണു്?

ഉത്ത​രം: ചോ​ദ്യ​കർ​ത്താ​വായ നി​ങ്ങൾ​ക്കോ മാ​ന്യ​വാ​യ​ന​ക്കാർ​ക്കോ അറി​യാൻ പാ​ടി​ല്ലാ​ത്ത ഒന്നും എനി​ക്കു പറ​യാ​നി​ല്ല. എങ്കി​ലും എഴു​തു​ക​യാ​ണു്. നമ്മു​ടെ രാ​ഷ്ട്ര​വ്യ​വ​ഹാ​രം ജീർ​ണ്ണി​ച്ചി​രി​ക്കു​ന്നു. അതി​ന്റെ പൂ​തി​ഗ​ന്ധം ശ്വ​സി​ച്ചു് ആളുകൾ മര​ണ​പ്രാ​യ​രാ​യി​രി​ക്കു​ന്നു. നേ​താ​ക്ക​ന്മാർ ക്രൈം കൊ​ണ്ടു കളി​ക്കു​ന്നു. ബഹു​ജ​നം അത്ത​രം പാ​ത​ക​ങ്ങ​ളെ ഏതാ​നും നി​മി​ഷ​ങ്ങൾ കൊ​ണ്ടു മറ​ക്കു​ക​യും അവരെ ധീ​ര​പു​രു​ഷ​ന്മാ​രാ​യും ധീ​ര​വ​നി​ത​ക​ളാ​യും കൊ​ണ്ടാ​ടു​ക​യും ചെ​യ്യു​ന്നു. വി​ശു​ദ്ധി​യാർ​ന്ന കര​ത​ല​ങ്ങ​ളു​ള്ള ജന​നേ​താ​ക്ക​ന്മാർ വിരളം. സത്യ​ത്തി​ന്റെ മന്ദ്ര​ധ്വ​നി​ക്കു് പകരം അസ​ത്യ​ത്തി​ന്റെ കു​ഴ​ലൂ​ത്താ​ണു നമ്മൾ കേൾ​ക്കുക. ഇതി​നൊ​ക്കെ ഹേതു നമു​ക്കു ഡെ​മോ​ക്രേ​റ്റി​ക്ക് പാ​ര​മ്പ​ര്യ​മോ റി​പ​ബ്ലി​ക്കൻ പാ​ര​മ്പ​ര്യ​മോ ഇല്ല എന്ന​താ​ണു്.

ചോ​ദ്യം: ഒരു സി​നി​മ​യിൽ നായകൻ വെ​ളു​ത്ത ഷേർ​ടും വെ​ളു​ത്ത ട്രൗ​സേ​ഴ്സും ധരി​ച്ചു കൊ​ണ്ടു നായിക കി​ട​ക്കു​ന്ന മു​റി​ലേ​ക്കു കയ​റി​പ്പോ​കു​ന്ന​താ​യി ഞാൻ കണ്ടു. അടു​ത്ത നി​മി​ഷ​ത്തിൽ അയാൾ ചു​വ​ന്ന ഷേർ​ടും ചു​വ​ന്ന ട്രൗ​സേർ​ഴ്സും ധരി​ച്ചു പു​റ​ത്തി​റ​ങ്ങു​ന്നു. ഇതെ​ങ്ങ​നെ?

ഉത്ത​രം: നി​ങ്ങൾ കണ്ട​തു ചല​ച്ചി​ത്ര​ത്തി​ലെ നാ​യ​ക​നെ ആയി​രി​ക്കി​ല്ല. വെ​ളു​ത്ത ഷേർ​ടും വെ​ളു​ത്ത മു​ണ്ടും ധരി​ച്ചു് തി​രു​വ​ന​ന്ത​പു​ര​ത്തെ പബ്ലി​ക് ലൈ​ബ്ര​റി​യിൽ കയറി ഒരു സെ​ക്കൻ​ഡ് നേരം പു​സ്ത​ക​ങ്ങൾ വച്ച ഷെൽ​ഫി​ന്റെ അടു​ത്തു നി​ന്നാൽ മതി. പൊ​ടി​കൊ​ണ്ടു വസ്ത്ര​ങ്ങൾ കാവി നി​റ​മാ​കും. ജല​ദോ​ഷ​വും വരും. അങ്ങ​നെ ആരെയോ നി​ങ്ങൾ കണ്ട​താ​ണു ചല​ച്ചി​ത​ത്തി​ലെ രം​ഗ​മാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ട​തു്.

ചോ​ദ്യം: ഈശ്വ​രൻ സത്യം കാ​ണു​ന്നു. പക്ഷേ അദ്ദേ​ഹം കാ​ത്തി​രി​ക്കു​ന്നു—എന്തി​നു കാ​ത്തി​രി​ക്ക​ണം. ശിക്ഷ ഉടനെ കൊ​ടു​ക്കേ​ണ്ട​ത​ല്ലേ?

ഉത്ത​രം: ഈ വിഷയം പ്ലൂ​ട്ടാർ​ക്ക് കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ടു്. അദ്ദേ​ഹ​ത്തി​ന്റെ പ്ര​ബ​ന്ധം വാ​യി​ച്ച ഓർ​മ്മ​യിൽ നി​ന്നു് എന്റേ​തായ നി​രീ​ക്ഷ​ണ​ങ്ങ​ളോ​ടു കൂടി ഞാൻ ഉത്ത​രം എഴു​ത​ട്ടെ. പൂ വി​ട​രു​ന്ന​തു പെ​ട്ടെ​ന്ന​ല്ല. ആദ്യം ചെറിയ മൊ​ട്ടു്, പി​ന്നീ​ടു് വലിയ മൊ​ട്ടു്. ദി​ന​ങ്ങൾ കഴി​യു​മ്പോൾ വി​ടർ​ന്ന പൂവു്. കോ​ഴി​മു​ട്ട പെ​ട്ടെ​ന്ന​ങ്ങു കോ​ഴി​ക്കു​ഞ്ഞാ​വു​ക​യി​ല്ല. കുറെ ദി​വ​സ​ങ്ങൾ തള്ള​ക്കോ​ഴി അതിൽ അട​യി​രു​ന്നാ​ലേ ആ മുട്ട വി​രി​യൂ. കട​ലി​ലെ തിര ആദ്യം തീരെ ചെ​റു​തു്. അതു ക്ര​മേണ വലു​താ​കു​ന്നു. ഏഴാ​മ​ത്തെ തിര ഏറ്റ​വും വലു​തു് (സാ​യ്പ​ന്മാ​രു​ടെ മത​മ​നു​സ​രി​ച്ചു് മൂ​ന്നാ​മ​ത്തെ തി​ര​യാ​ണു് ഏറ്റ​വും വലു​തു്). ഈ മന്ദ​ഗ​തി എല്ലാ​യി​ട​ത്തും കാണാം. പ്ര​പ​ഞ്ച​ത്തി​ന്റെ ഘട​ന​യി​ലു​ള്ള​താ​ണു ഈ മന്ദ​ഗ​തി. അതി​നാൽ കു​റ്റം ചെ​യ്ത​വ​നു് ഉടനെ ശിക്ഷ കി​ട്ടു​കി​ല്ല. കാലം കഴി​യു​മ്പോൾ അതു കി​ട്ടും തീർ​ച്ച. തൽ​ക്കാ​ലം അപ​വാ​ദ​ങ്ങൾ പ്ര​ച​രി​പ്പി​ക്കാം. അന്യ​ന്റെ വസ്തു കൈ​യേ​റാം. കു​തി​കാൽ വെ​ട്ടാം. ഉടനെ പ്ര​കൃ​തി ശി​ക്ഷി​ക്കി​ല്ല. പക്ഷേ ശിക്ഷ ഈ ജീ​വി​ത​കാ​ല​ത്തു തന്നെ​കി​ട്ടും.

ചോ​ദ്യം: വൈ​ലോ​പ്പി​ള്ളി, ഇട​ശ്ശേ​രി, എൻ. വി. കൃ​ഷ്ണ​വാ​രി​യർ, ചങ്ങ​മ്പുഴ, വയലാർ രാ​മ​വർ​മ്മ ഇവരിൽ ഒന്നാം സ്ഥാ​ന​മാർ​ക്കു്?

ഉത്ത​രം: ഏതു കവി ചര​മ​ത്തി​നു ശേഷം തന്നെ​പ്പോ​ലെ അനേകം കവി​ക​ളെ സൃ​ഷ്ടി​ക്കു​ന്നു​വോ ആ കവി​യാ​ണു് അദ്വി​തീ​യൻ. വൈ​ലോ​പ്പി​ള്ളി തു​ട​ങ്ങി​യ​വർ കവി​ക​ളെ​ന്ന പേരിൽ കീർ​ത്തി​യാർ​ജ്ജി​ച്ചെ​ങ്കി​ലും ചങ്ങ​മ്പു​ഴ​യെ​പ്പോ​ലെ മറ്റു കവി​ക​ളെ സൃ​ഷ്ടി​ച്ചി​ല്ല. അദ്ദേ​ഹ​ത്തെ​പ്പോ​ലെ ഒരു യുഗം ഉദ്ഘാ​ട​നം ചെ​യ്തി​ല്ല. അതി​നാൽ ചങ്ങ​മ്പു​ഴ​യാ​ണു് ഒന്നാം സ്ഥാ​ന​ത്തി​നു അർഹൻ. ചങ്ങ​മ്പു​ഴ​യൊ​ഴി​ച്ചു​ള്ള കവികൾ—വി​ശേ​ഷി​ച്ചും എൻ. വി. കൃ​ഷ്ണ​വാ​രി​യർ—സമീ​പ​ഭാ​വി​യിൽ വി​സ്മ​രി​ക്ക​പ്പെ​ടും.

ചോ​ദ്യം: നി​ങ്ങ​ളു​ടെ അഭി​മു​ഖ​സം​ഭാ​ഷ​ണ​ങ്ങൾ ഇപ്പോൾ കാ​ണാ​റി​ല്ല​ല്ലോ. പത്ര​ക്കാർ നി​ങ്ങ​ളെ അവ​ഗ​ണി​ക്കു​ന്നു​ണ്ടോ?

ഉത്ത​രം: ഒന്നാ​മ​ത്തെ കാ​ര്യം എനി​ക്കു് അതിനു പ്രാ​ധാ​ന്യ​മി​ല്ല എന്ന​താ​ണു്. വരു​ന്ന​വ​രോ​ടു് ഞാനതു പറയും സത്യ​സ​ന്ധ​മാ​യി​ത്ത​ന്നെ. രണ്ടാ​മ​ത്തെ കാ​ര്യം അഭി​മു​ഖ​സം​ഭാ​ഷ​ണ​ത്തി​നു വരു​ന്ന​വർ നെ​ഞ്ചു കു​ത്തി​ക്കീ​റി ഹൃ​ദ​യ​മെ​ടു​ക്കാൻ ശ്ര​മി​ക്കു​ന്നു എന്ന​താ​ണു്. രക്താ​ശ​യ​മി​ല്ലാ​തെ ജീ​വി​ക്കാൻ പറ്റു​മോ?

ചോ​ദ്യം: എ. സി. റൂം നല്ല​താ​ണോ?

ഉത്ത​രം: കഴി​യു​ന്ന​തും അതു ഒഴി​വാ​ക്ക​ണം. വലിയ ബാ​ങ്കു​ക​ളി​ലെ മാ​നേ​ജർ​മാർ അകാല ചര​മ​മ​ട​യു​ന്ന​തു് എപ്പോ​ഴും എ. സി. മു​റി​യിൽ ഇരി​ക്കു​ന്ന​തു കൊ​ണ്ടാ​ണു്.

എനി​ക്കു് മന​സ്സി​ലാ​യി

1. കാ​ല​ത്തു ഡോർ ബെൽ ശബ്ദി​ക്കു​ന്നു. ഓടി​ച്ചെ​ന്നു് വാതിൽ തു​റ​ന്ന​പ്പോൾ ഭം​ഗി​യാ​യി വസ്ത്ര​ധാ​ര​ണം ചെയ്ത രണ്ടു മാ​ന്യ​ന്മാർ. ‘വരണം വരണം, ഇരി​ക്കൂ’ എന്നു ബഹു​മാ​ന​ത്തോ​ടെ ക്ഷ​ണി​ച്ചു, ഞാൻ അവരെ. പണ​പ്പി​രി​വി​നെ​ത്തി​യ​വ​രാ​ണു് തങ്ങ​ളെ​ന്നു് അവർ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ എന്റെ ബഹു​മാ​നം കാ​ണി​ക്കൽ അസ്ഥാ​ന​ത്താ​യി​പ്പോ​യെ​ന്നു് ഞാൻ മന​സ്സി​ലാ​ക്കി.

2. രാ​ത്രി​യാ​ണു് ഇതെ​ഴു​തു​ന്ന​തു്. ഇന്നു വൈ​കു​ന്നേ​രം ഞാ​നൊ​രു ഡോ​ക്ട​റെ കാണാൻ പോയി. രോ​ഗി​ക​ളെ കാ​ണാ​നി​ല്ല. അതു​ക​ണ്ടു് ഉടനെ ഡോ​ക്ട​റോ​ടു് സം​സാ​രി​ക്കാ​മ​ല്ലോ എന്നു വി​ചാ​രി​ച്ചു് ഡോർ ബെ​ല്ലിൽ വി​ര​ല​മർ​ത്തി പി​ടി​ച്ചു് അഞ്ചു മി​നി​റ്റു നേരം മി​ണ്ടാ​തെ നി​ന്നു. വീ​ണ്ടും വി​ര​ല​മർ​ത്തി. ഡോ​ക്ടർ വരു​ന്നി​ല്ല. അഞ്ചു​മി​നി​റ്റ് കഴി​ഞ്ഞു് വീ​ണ്ടും വി​ര​ല​മർ​ത്തൽ. ബട്ട​ണിൽ നി​ന്നു് വി​ര​ലെ​ടു​ക്കാ​തെ അതു് അമർ​ത്തി​ക്കൊ​ണ്ടു് നി​ന്നു. അപ്പോൾ അദ്ദേ​ഹം വന്നു, നീ​ര​സ​ത്തോ​ടെ ഒരു നോ​ട്ട​മെ​റി​ഞ്ഞു. ഡോ​ക്ട​റെ കാ​ണ​ണ​മെ​ങ്കിൽ അദ്ദേ​ഹ​ത്തി​ന്റെ ഡോർ​ബെൽ നി​ര​ന്ത​രം ശബ്ദി​ച്ചു​കൊ​ണ്ടി​രി​ക്ക​ണ​മെ​ന്നു് എനി​ക്കു് മന​സ്സി​ലാ​യി.

3. മേ​ശ​യ്ക്ക​ടു​ത്തു കസേ​ര​യി​ട്ടു് അതിൽ നട്ടെ​ല്ല് നി​വർ​ത്തി​യി​രു​ന്നു് എഴു​ത​ണം എന്നാ​ണു് സ്കൂ​ളിൽ പഠി​ച്ച​തു്. അത​നു​സ​രി​ച്ചു് ‘സാ​ഹി​ത്യ​വാ​ര​ഫ​ലം’ എഴു​താ​നി​രു​ന്നു, ഞാൻ. ആദ്യ​മാ​യി മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പു് തു​റ​ന്നു നോ​ക്കി. ശ്രീ. എം. വി. നാ​രാ​യ​ണ​ന്റെ ‘ഭാ​ര​തീ​യ​രു​ടെ അസ്ക്യ​ത​കൾ’ എന്ന ലേഖനം വാ​യി​ച്ചു. ‘അസ്ക്യ​ത​കൾ’ എന്ന പ്ര​യോ​ഗം കണ്ടു് ഞാ​നൊ​ന്നു് പി​ട​ഞ്ഞു. അസ​ഹ്യത എന്ന​തി​ന്റെ വട​ക്കൻ രൂ​പ​മാ​കാ​മ​തു് എന്നു് പി​ന്നീ​ടു് വി​ചാ​രി​ക്കു​ക​യും ചെ​യ്തു. ഈ പ്ര​ബ​ന്ധ സാ​ഗ​ര​ത്തിൽ പലതവണ മു​ങ്ങി​ത്ത​പ്പി​യി​ട്ടു് മു​ത്തു കി​ട്ടി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ചി​പ്പി​പോ​ലും കി​ട്ടി​യി​ല്ല. താ​ഴെ​ച്ചേർ​ക്കു​ന്ന ഭാ​ഗ​മെ​ത്തി​യ​പ്പോൾ എനി​ക്കു് തളർ​ച്ച​യു​ണ്ടാ​യി. കസേ​ര​യിൽ നി​ന്നു് എഴു​ന്നേ​റ്റ് ചാ​രു​ക​സേ​ര​യിൽ കി​ട​ന്നു. പരി​ചാ​ര​ക​നെ വി​ളി​ച്ചു് ‘കേശവാ, ഒരു ഗ്ലാ​സ്സ് ചു​ക്കു​വെ​ള്ളം വേഗം കൊ​ണ്ടു വാ’ എന്നു​പ​റ​ഞ്ഞു. എനി​ക്കു് തല​ചു​റ്റ​ലും ഓക്കാ​ന​വു​മു​ണ്ടാ​ക്കിയ ഭാ​ഗ​മി​താ:

കു​റ്റം ചെ​യ്ത​വ​നു് ഉടനെ ശിക്ഷ കി​ട്ടു​ക​യി​ല്ല. കാലം കഴി​യു​മ്പോൾ അതു കി​ട്ടും. തീർ​ച്ച. തൽ​ക്കാ​ലം അപ​വാ​ദ​ങ്ങൾ പ്ര​ച​രി​പ്പി​ക്കാം. അന്യ​ന്റെ വസ്തു കയ്യേ​റാം. കു​തു​കാൽ വെ​ട്ടാം. ഉടനെ പ്ര​കൃ​തി ശി​ക്ഷി​ക്കി​ല്ല. പക്ഷേ ശിക്ഷ ഈ ജീ​വി​ത​കാ​ല​ത്തു തന്നെ കി​ട്ടും.

“ഈ നി​ല​പ​ടി​നെ, ആധു​നി​കോ​ത്ത​ര​ത​യെ സം​ബ​ന്ധി​ക്കു​ന്ന ഒരു ബ്രോ​ദ്രി​ലാർ​ഡി​യൻ വീ​ക്ഷ​ണ​വു​മാ​യി കൂ​ട്ടി​ച്ചേർ​ക്കു​ക​യാ​ണു് പി​ന്നീ​ടു് ലേഖനം ചെ​യ്യു​ന്ന​തു്. എല്ലാം ആവരണം ചെ​യ്യു​ന്ന ഒരു മാ​ധ്യ​മ​സം​സ്കാ​ര​ത്തിൽ അകവും പു​റ​വും തമ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങൾ ഇല്ലാ​താ​ക്കു​ന്ന​തോ​ടെ, വി​ശ​ക​ല​ന​ത്തി​നും വി​മർ​ശ​ന​ത്തി​നു​മു​ള്ള ഒരു കേ​ന്ദ്രം നഷ്ട​പ്പെ​ടു​ന്നു​വെ​ന്നും, സാ​രൂ​പ​ങ്ങ​ളു​ടെ ഒരു അതി​യാ​ഥാർ​ത്ഥ്യ​ത്തിൽ വി​ല​യി​ക്കുക മാ​ത്ര​മാ​ണു് മനു​ഷ്യ​ന്റെ അതി എന്നു​മു​ള്ള ബോ​ദ്രി​ലാർ​ഡി​ന്റെ കാ​ഴ്ച​പ്പാ​ടി​നെ ‘കാ​ണു​ന്ന ദൃ​ശ്യ​വു​മാ​യി തന്മ​യീ​ഭ​വി​ക്കു​ക​യെ​ന്ന മാ​ധ്യ​മ​സം​സ്കാ​ര​മാ​യും’, ‘ഉപ​ഭോ​ഗി​ക്കാ​നാ​യി ഉപ​ഭോ​ഗി​ക്കു​ക​യെ​ന്ന ഉപ​ഭോ​ഗ​സം​സ്കാ​ര​മാ​യും’ ലേഖനം അവ​ത​രി​പ്പി​ക്കു​ന്നു.”

എങ്ങ​നെ​യി​രി​ക്കു​ന്നു നാ​രാ​യ​ണ​ന്റെ നര​നാ​യാ​ട്ടു്? ഇമ്മ​ട്ടി​ലാ​ണു് കേ​ര​ള​ത്തി​ലെ നി​രൂ​പ​കർ അറി​വി​ല്ലാ​ത്ത നമ്മ​ളെ ഉദ്ബോ​ധി​പ്പി​ക്കാൻ ശ്ര​മി​ക്കു​ന്ന​തെ​ന്നു് എനി​ക്കു് മന​സ്സി​ലാ​ക്കാൻ കഴി​ഞ്ഞു (ഇത്ത​രം ലേ​ഖ​ന​ങ്ങൾ പര​സ്യ​പ്പെ​ടു​ത്തു​മ്പോൾ പത്ര​മാ​പ്പീ​സി​ലെ ആരെ​ങ്കി​ലും അതി​ന്റെ മല​യാ​ളം തർ​ജ്ജമ കൂടി പാ​വ​പ്പെ​ട്ട ഞങ്ങൾ​ക്കു് നൽ​ക​ണ​മെ​ന്നു് അപേ​ക്ഷി​ക്കു​ന്നു. അസ്ക്യത പോ​ലെ​യു​ള്ള വൾഗർ വാ​ക്കു​കൾ നാ​രാ​യ​ണൻ മേ​ലി​ലും ധാ​രാ​ളം പ്ര​യോ​ഗി​ക്ക​ണ​മെ​ന്നും അഭ്യർ​ത്ഥ​ന​യു​ണ്ടു്).

രണ്ടു് പു​സ്ത​ക​ങ്ങൾ

“മറ്റു പു​രു​ഷ​ന്മാ​രു​ടെ ശരീ​ര​ങ്ങ​ളെ കൊ​ല്ലാൻ പു​രു​ഷ​ന്മാർ ആഗ്ര​ഹി​ക്കു​ന്ന​തു് എന്തു​കൊ​ണ്ടു്? സ്ത്രീ​കൾ​ക്കു് മറ്റു സ്ത്രീ​ക​ളു​ടെ ശരീ​ര​ങ്ങ​ളെ കൊ​ല്ലാൻ ആഗ്ര​ഹ​മി​ല്ല…

വഴ​ക്ക​ങ്ങൾ അനു​സ​രി​ച്ച ചില കാ​ര​ണ​ങ്ങൾ ഇതാ:

കൊ​ള്ള​യ​ടി​ക്കൽ, പ്ര​ദേ​ശം, അധി​കാ​ര​ത്തി​നു​ള്ള അത്യാർ​ത്തി. അന്തർ​ഗ്ര​ന്ഥി സ്രാ​വം (ഹാർ​മോൺ), ഉയർ​ന്ന എഡ്രി​നെ​ലിൻ (ഹൃ​ദ​യ​സ്പ​ന്ദ​നം, ശ്വാ​സോ​ച്ഛ ്വാസം ഇവ​യു​ടെ നി​ര​ക്കു കൂ​ട്ടൂ​ന്ന ഒരു ഗ്ര​ന്ഥി​സ്രാ​വം). ദേ​ഷ്യം, ഈശ്വ​രൻ, കൊടി, അഭി​മാ​നം, ധർ​മ്മ​രോ​ഷം, പ്ര​തി​കാ​രം, പീഡനം, അടി​മ​ത്തം, പട്ടി​ണി, ആത്മ​ര​ക്ഷ, സ്നേ​ഹം അല്ലെ​ങ്കിൽ സ്ത്രീ​ക​ളെ​യും കു​ഞ്ഞു​ങ്ങ​ളെ​യും രക്ഷി​ക്കാ​നു​ള്ള ആഗ്ര​ഹം. ഏതിൽ നി​ന്നു രക്ഷി​ക്കാൻ? മറ്റു പു​രു​ഷ​ന്മാ​രു​ടെ ശരീ​ര​ങ്ങ​ളിൽ നി​ന്നു രക്ഷി​ക്കാൻ.

images/GoodBones.jpg

പു​രു​ഷ​ന്മാർ കൂ​ടു​തൽ പേ​ടി​ക്കു​ന്ന​തു് സിം​ഹ​ങ്ങ​ളെ​യ​ല്ല, പാ​മ്പു​ക​ളെ​യ​ല്ല, ഇരു​ട്ടി​നെ​യ​ല്ല, സ്ത്രീ​ക​ളെ​യ​ല്ല… പു​രു​ഷ​ന്മാർ കൂ​ടു​തൽ പേ​ടി​ക്കു​ന്ന​തു് മറ്റൊ​രു പു​രു​ഷ​ന്റെ ശരീ​ര​ത്തെ​യാ​ണു്. പു​രു​ഷ​ശ​രീ​ര​ങ്ങ​ളാ​ണു് ഈ ഭൂ​മി​യി​ലെ ഏറ്റ​വും അപ​ക​ട​കാ​രി​ക​ളായ വസ്തു​ക്കൾ. കനേ​ഡി​യൻ നോ​വ​ലി​സ്റ്റ് മാർ​ഗ​റ​റ്റ് അറ്റ്വു​ഡി​ന്റെ ‘Good Bones’ എന്ന പു​സ്ത​ക​ത്തി​ലു​ള്ള​താ​ണി​തു്.

ഇതു് ‘വാചിക നൈ​പു​ണ്യ​മ​ല്ല’ (verbal cleverness എന്നു് ഇം​ഗ്ലീ​ഷിൽ വി​ചാ​രി​ച്ചി​ട്ടു് തർ​ജ്ജമ ചെയ്ത പ്ര​യോ​ഗം) ബു​ദ്ധി​ശ​ക്തി​യു​ടെ ഫല​മാ​ണു്. ഓസ്കാർ വൈൽഡി നെ​പ്പോ​ലെ വാചിക കസർ​ത്തു​കൾ ചെ​റു​തായ ശ്രമം കൊ​ണ്ടു് ആർ​ക്കും നട​ത്താ​വു​ന്ന​തേ​യു​ള്ളൂ.

images/Oscar_Wilde.jpg
ഓസ്കാർ വൈൽഡ്

‘I am due at the club. It is the hour when we sleep there’ എന്നു് വൈൽഡ് പറ​യു​മ്പോൾ നമ്മൾ ചി​രി​ക്കു​ന്നു. പക്ഷേ ആ ചി​രി​യ​ല്ലാ​തെ വേ​റൊ​ന്നു​മി​ല്ല അതിൽ. അറ്റ്വു​ഡി​ന്റെ പ്ര​സ്താ​വ​ങ്ങൾ നമ്മ​ളു​ടെ ബു​ദ്ധി​ശ​ക്തി​ക്കു് ഉത്തേ​ജ​കം നൽ​കു​ന്നു. ‘The English have a miraculous power of turning wine into water’ എന്ന വൈൽ​ഡി​ന്റെ വാ​ക്യ​ത്തി​ലും ശ്രോ​താ​ക്ക​ളെ ചി​രി​പ്പി​ക്കു​ന്ന സാ​മർ​ത്ഥ്യ​മേ​യു​ള്ളൂ. ബു​ദ്ധി​ശ​ക്തി​യു​ടെ സ്ഫു​ര​ണ​മി​ല്ല.

അറ്റ്വു​ഡി​ന്റെ ‘Murder in the Dark’ എന്ന പു​സ്ത​ക​വും ഇതു​പോ​ലെ ധി​ഷ​ണ​യെ ഉത്തേ​ജി​പ്പി​ക്കു​ന്ന​താ​ണു്. ആദ്യ​ത്തെ വേ​ഴ്ച​യ്ക്കു ശേഷം പു​രു​ഷ​നു് കാ​മു​കി​യി​ലു​ള്ള തല്പ​ര​ത്വം ഇല്ലാ​താ​വു​ന്നു. പക്ഷേ അവൾ​ക്കു് അയളെ വി​ട്ടു​ക​ള​യാൻ വയ്യ. അതു​കൊ​ണ്ടു് അവൾ എന്തു ചെ​യ്യു​ന്നു? ഗ്ര​ന്ഥ​കർ​ത്രി പറ​യു​ന്ന​തു് കേൾ​ക്കുക:

images/MurderInTheDark.jpg

“He doesn’t take off Mary’s clothes, she takes them off herself, she acts as if she’s dying for it every time, not because she likes sex exactly, she doesn’t, but she wants John to think she does because if they do it often enough surely he’ll get used to her, he’ll come to depend on her and they will get married, but John goes out the door with hardly so much as a good-​night and three days later he turns up at six o’clock and they do the whole thing over again…”

“Young men want to be faithful, and are not; old men want to be faithless, and cannot” എന്നു വൈൽഡ് പറ​യു​ന്ന​തി​ന്റെ ആദ്യ​ത്തെ ഭാഗം വാ​ചി​ക​നൈ​പു​ണ്യ​ത്തോ​ടെ ആവി​ഷ്ക​രി​ച്ച​താ​ണു്. അതു തന്നെ അറ്റ്വു​ഡ് ധി​ഷ​ണാ​വി​ലാ​സ​ത്തോ​ടെ മു​ക​ളി​ലെ​ഴു​തിയ ഭാ​ഗ​ത്തിൽ പ്ര​കാ​ശി​പ്പി​ക്കു​ന്നു. അറ്റ്വു​ഡി​ന്റെ രണ്ടു ഗ്ര​ന്ഥ​ങ്ങ​ളും ഉത്കൃ​ഷ്ട​ങ്ങ​ളാ​ണു് (Good Bones, Vrago Press, Murder in the Dark, Vrago Press)

വൈ​ക്കം, കെ. പി. ഉമ്മർ
images/Vaikom_Chandrasekaran_Nair.jpg
വൈ​ക്കം ചന്ദ്ര​ശേ​ഖ​രൻ നായർ

ശ്രീ വൈ​ക്കം ചന്ദ്ര​ശേ​ഖ​രൻ നായർ കു​ങ്കു​മം വാ​രി​ക​യു​ടെ പത്രാ​ധി​പ​രാ​യി​രി​ക്കു​ന്ന കാലം. ഞാൻ ഒരാ​ളി​ന്റെ കവിത വാ​രി​ക​യിൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണ​മെ​ന്ന അപേ​ക്ഷ​യു​മാ​യി​ട്ടാ​ണു് അദ്ദേ​ഹ​ത്തെ കാണാൻ ചെ​ന്ന​തു്. നല്ല മനു​ഷ്യ​നും നല്ല പത്രാ​ധി​പ​രു​മാ​യി​രു​ന്ന ചന്ദ്ര​ശേ​ഖ​രൻ നായർ കവിത വാ​രി​ക​യ്ക്കു് കൊ​ടു​ക്കാ​മെ​ന്നു സമ്മ​തി​ച്ചു. കൊ​ടു​ക്കു​ക​യും ചെ​യ്തു. അതു പറ​യാ​ന​ല്ല ഞാൻ ഒരു​മ്പെ​ട്ട​തു്. അക്കാ​ല​ത്തു് പത്രാ​ധി​പ​രെ വാ​രി​ക​യു​ടെ കാ​ര്യ​ത്തിൽ സഹാ​യി​ച്ചി​രു​ന്ന ഒരാൾ സ്ത്രീ​ക​ളു​ടെ പറ​ട്ട​ക്ക​ഥ​കൾ ഏറെ വാ​രി​ക​യിൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രു​ന്നു. ചന്ദ്ര​ശേ​ഖ​രൻ നാ​യ​രു​ടെ സമ്മ​തം കൂ​ടാ​തെ​യു​ള്ള ആ പ്ര​സി​ദ്ധീ​ക​ര​ണ​ത്തിൽ അദ്ദേ​ഹം പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു​മി​ല്ല. ഞാൻ കു​ങ്കു​മം ഓഫീ​സിൽ ചെന്ന ആഴ്ച​യി​ലും പറ​ട്ട​ക​ളിൽ പറ​ട്ട​യായ ഒരു കഥ ആ വ്യ​ക്തി വാ​രി​ക​യിൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രു​ന്നു. അദ്ദേ​ഹ​വും​കൂ​ടി ഇരി​ക്കു​ന്ന ഓഫീസ് മു​റി​യിൽ വച്ചു് ഞാൻ വൈ​ക്ക​ത്തോ​ടു് പറ​ഞ്ഞു: ‘ഇമ്മാ​തി​രി കഥകൾ തു​ടർ​ച്ച​യാ​യി വന്നാൽ വാ​രി​ക​യു​ടെ അന്ത​സ്സു നശി​ക്കും”. അദ്ദേ​ഹം അതു​കേ​ട്ടു് ചി​രി​ച്ചു​കൊ​ണ്ടു് കഥ വാ​രി​ക​യിൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തിയ ആളി​നോ​ടു ചോ​ദി​ച്ചു: സാറ് പറ​ഞ്ഞ​തു് കേ​ട്ടി​ല്ലേ? സ്ത്രീ​ജന തല്പ​ര​നായ ആ ആൾ കറു​ത്ത പല്ലു​ക​ളും അവ​യേ​ക്കാൾ കറു​ത്ത മോ​ണ​യും കാ​ണി​ച്ചു് ചി​രി​ച്ചു​കൊ​ണ്ടു് മറു​പ​ടി നൽകി: കഥ​യെ​ഴു​തിയ സ്ത്രീ എഞ്ചി​നീ​യ​റാ​ണു്. വൈ​ക്കം ചിരി വി​ടാ​തെ ഏറ്റ​വും സൗ​മ്യ​നാ​യി ചോ​ദി​ച്ചു: ‘അവർ​ക്കു് എഞ്ചി​നീ​യ​റി​ങ് മാ​ത്രം നോ​ക്കി​ക്കൊ​ണ്ടി​രു​ന്നാൽ​പ്പോ​രേ? ഈ സാ​ഹ​സ​വും കൂടി വേണോ? വാ​യ​ന​ക്കാ​രെ​യും വാ​രി​ക​യേ​യും അധഃ​പ​തി​പ്പി​ക്ക​ണോ?’

എന്റെ അഭി​വ​ന്ദ്യ സു​ഹൃ​ത്തായ, കീർ​ത്തി​ച​ന്ദ്രി​ക​യിൽ ആമ​ജ്ജ​നം ചെ​യ്തു നിൽ​ക്കു​ന്ന അഭി​നേ​താ​വായ ശ്രീ. കെ. പി. ഉമ്മർ ‘മഹി​ളാ​ച​ന്ദ്രി​ക​യിൽ’ എഴു​തിയ ‘ഝിം, ഝിം, ഝം’ എന്ന ചെ​റു​കഥ വാ​യി​ച്ച​പ്പോൾ എനി​ക്കു് വൈ​ക്കം ചന്ദ്ര​ശേ​ഖ​രൻ നാ​യ​രെ​പ്പോ​ലെ അദ്ദേ​ഹ​ത്തോ​ടും ചോ​ദി​ക്കാൻ തോ​ന്നി: “സു​ഹൃ​ത്തേ, താ​ങ്കൾ​ക്കു് അഭി​ന​യം മാ​ത്രം പോരേ? തക​ഴി​യും, വൈ​ക്കം ബഷീ​റും വ്യാ​പ​രി​ച്ച കഥാ​മ​ണ്ഡ​ല​ത്തിൽ താ​ങ്ക​ളും കൂടി ഈ വേഷം കെ​ട്ടേ​ണ്ട​തു​ണ്ടോ?”

ബാ​ലി​ശ​വും ക്ഷു​ദ്ര​വു​മാ​ണു് ഉമ്മ​റി​ന്റെ കഥ. ഒരു പാവം വടി​യു​ടെ അറ്റ​ത്തു​കെ​ട്ടിയ ചി​ല​ങ്ക കി​ലു​ക്കി​ക്കൊ​ണ്ടു് റോ​ഡി​ലൂ​ടെ എന്നും കാ​ല​ത്തു പോകും. ഝിം, ഝിം, ഝിം എന്ന ശബ്ദം കേ​ട്ടു് എല്ലാ​വ​രും പേ​ടി​ച്ചു. ഒടു​വിൽ മൂ​ന്നോ നാലോ ധീ​ര​ന്മാർ അയാളെ തട​ഞ്ഞു​നി​റു​ത്തി​യ​പ്പോ​ഴാ​ണു് ശബ്ദം കേൾ​പ്പി​ച്ച​യാൾ പ്രേ​ത​മ​ല്ലെ​ന്നും പള്ളി​യിൽ പോ​കു​ന്ന പാ​വ​മാ​ണെ​ന്നും പട്ടി കടി​ക്കാ​തി​രി​ക്കൻ വേ​ണ്ടി ചി​ല​ങ്ക കി​ലു​ക്കി​യ​താ​ണെ​ന്നും സ്പ​ഷ്ട​മാ​യ​തു്. കഥാ​സാ​ഹി​ത്യ​ത്തി​ന്റെ വസ​ന്ത​കാ​ലം കേ​ര​ള​ത്തിൽ കഴി​ഞ്ഞെ​ങ്കി​ലും ഉമ്മ​റി​ന്റെ രച​ന​യു​ടെ ബീ​ഭ​ത്സ​ത​യോ​ളം ബീ​ഭ​ത്സ​ത​യി​ല്ല അത്യ​ന്താ​ധു​നിക കാ​ല​ത്തു​ണ്ടാ​കു​ന്ന ചെ​റു​ക​ഥ​കൾ​ക്കു്.

മഷിയെ അവ​ഗ​ണി​ക്കു​ക​യും ചു​ണ്ട​മർ​ത്ത​ലി​നു് തൂ​ലി​ക​യ​മർ​ത്ത​ലി​നേ​ക്കാൾ പ്രാ​ധാ​ന്യം കല്പി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ല​യ​ള​വാ​ണു് നമ്മു​ടേ​തു്.

ഉമ്മർ രച​നാ​വൈ​ഭ​വ​മി​ല്ലാ​ത്ത ആളല്ല. പണ്ടു് അദ്ദേ​ഹ​ത്തി​ന്റെ ഒരു ബന്ധു​വി​നു രോഗം കൂ​ടി​യ​പ്പോൾ ഡോ​ക്ടർ​ക്കു് ടെ​ലി​ഫോൺ ചെ​യ്യാൻ ശ്ര​മി​ച്ച​തും, അല​വ​ലാ​തി​ക​ളായ ഒരു കാ​മു​ക​നും കാ​മു​കി​യും ഇട​വി​ടാ​തെ ദീർ​ഘ​നേ​രം ഫോണിൽ സം​സാ​രി​ച്ച​തി​നാൽ അദ്ദേ​ഹ​ത്തി​നു് ഡോ​ക്ട​റെ വി​വ​ര​മ​റി​യി​ക്കാൻ കഴി​യാ​തെ വന്ന​തും, അതി​ന്റെ ഫല​മാ​യി രോഗി അന്ത്യ​ശ്വാ​സം വലി​ച്ച​തു​മൊ​ക്കെ അദ്ദേ​ഹം ഹൃ​ദ​യ​സ്പർ​ശി​യാ​യി വർ​ണ്ണി​ച്ചി​രു​ന്നു. ഇരു​പ​തു​കൊ​ല്ലം മുൻ​പാ​ണു് ഞാ​ന​തു് വാ​യി​ച്ച​തു്. അന്നു് ഉമ്മർ കാ​ണി​ച്ച രച​നാ​വൈ​ദ​ഗ്ദ്ധ്യം ഇന്നു കാ​ണി​ക്കു​ന്നി​ല്ല.

പലരും പലതും

1.എം. ഗോ​വി​ന്ദൻ, ശ്രീ. ആന​ന്ദി​ന്റെ ‘ആൾ​ക്കൂ​ട്ടം’ എന്ന നോ​വ​ലി​ന്റെ സ്തോ​താ​വാ​യി നട​ക്കു​ന്ന കാലം. ഞാൻ ആ നോവൽ വാ​യി​ച്ച​തി​നു ശേഷം എന്റെ ശി​ഷ്യൻ ശ്രീ. ഇ. എൻ. മു​ര​ളീ​ധ​രൻ നാ​യ​രോ​ടു് (മു​ഖ്യ​മ​ന്ത്രി ശ്രീ. ഇ. കെ. നാ​യ​നാ​രു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ഇപ്പോൾ) പറ​ഞ്ഞു ധി​ഷ​ണാ​പ​ര​മായ ഭാ​വ​ന​യു​ടെ സൃ​ഷ്ടി​യായ ആ നോ​വ​ലി​നെ എനി​ക്കു് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു്. മു​ര​ളീ​ധ​രൻ നായർ എന്റെ ആ മതം ഗോ​വി​ന്ദ​നെ അറി​യി​ച്ച​പ്പോൾ അദ്ദേ​ഹം പറ​ഞ്ഞു: “അതു സാ​ര​മി​ല്ല. കൃ​ഷ്ണൻ നാ​യർ​ക്കു് ഒര​ഭി​പ്രാ​യ​മു​ണ്ട​ല്ലോ അതു​മ​തി.” ഒര​ഭി​പ്രാ​യ​വു​മി​ല്ലാ​തെ നട​ക്കു​ന്ന​വ​രേ​ക്കാൾ അഭി​പ്രാ​യ​മു​ള്ള​വ​രെ ആദ​രി​ക്കു​ന്ന സ്വ​ഭാ​വ​മു​ണ്ടാ​യി​രു​ന്നു ഗോ​വി​ന്ദ​നു്.

images/bonjour_tristesse.jpg

2. Francoise Sagan എന്ന ഫ്ര​ഞ്ചു് നോ​വ​ലി​സ്റ്റി​ന്റെ (സ്ത്രീ) ‘Bonfour Tristesse’ എന്ന നോവൽ മനോ​ഹ​ര​മാ​ണെ​ന്നു് കൗ​മു​ദി ആഴ്ച​പ്പ​തി​പ്പി​ന്റെ എഡി​റ്റ​റാ​യി​രു​ന്ന കെ. ബാ​ല​കൃ​ഷ്ണൻ എന്നോ​ടു് പലതവണ പറ​ഞ്ഞി​ട്ടു​ണ്ടു്. ഫ്ര​ഞ്ചു് ഭാ​ഷ​യി​ലു​ള്ള മൂ​ല​കൃ​തി 8,40,000 പ്ര​തി​ക​ളാ​ണു് വി​റ്റു​പോ​യ​തു്. തർ​ജ്ജ​മ​കൾ 45,00,000 പ്ര​തി​കൾ വി​റ്റു. ഇത്ര​യും കോ​പ്പി​കൾ വി​റ്റ​തു​കൊ​ണ്ടു് നോവൽ കേ​മ​മാ​ണെ​ന്നു് വരു​ന്നി​ല്ല. ഇതെ​ഴു​തു​ന്ന​യാൾ സഗാ​ങ്ങി​ന്റെ എല്ലാ നോ​വ​ലു​ക​ളും വാ​യി​ച്ചി​ട്ടു​ണ്ടു്. പൈ​ങ്കി​ളി നോ​വ​ലു​ക​ളു​ടെ നിർ​മ്മാ​ണ​ത്തി​നു് ഒരു ഫാ​ക്ട​റി ഉണ്ടാ​ക്കി അതി​ന്റെ അധി​കാ​ര​സ്ഥാ​ന​ത്തി​രു​ന്ന സ്ത്രീ​യാ​ണു് ഇവർ. ബാ​ല​കൃ​ഷ്ണൻ വാ​ഴ്ത്തിയ നോ​വ​ലും പൈ​ങ്കി​ളി തന്നെ.

images/Joseph_Brodsky.jpg
ബ്രോ​ഡ്സ്കി

3. വാ​മൊ​ഴി​യേ​ക്കാൾ വര​മൊ​ഴി​യാ​ണു് ശ്രേ​ഷ്ഠ​മെ​ന്നു് വി​ശ്വ​സി​ക്കു​ക​യും അത​നു​സ​രി​ച്ചു് പ്ര​വർ​ത്തി​ക്കു​ക​യും ചെയ്ത മഹാ​ക​വി​യാ​ണു് യോ​സി​ഫ് ബ്രോ​ഡ്സ്കി. ‘Ink is more honest than blood’ എന്നും ‘There are places where lips touched lips for the first time ever, or pen pressed paper with real fervour’ എന്നും അദ്ദേ​ഹം പറ​ഞ്ഞി​ട്ടു​ണ്ടു്. ചു​ണ്ടു​കൾ ആദ്യ​മാ​യി മറ്റു ചു​ണ്ടു​ക​ളെ അമർ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളു​ണ്ടു്. പക്ഷേ തൂലിക കട​ലാ​സ്സിൽ അമ​രു​മ്പോ​ഴാ​ണു് യഥാർ​ത്ഥ തീ​വ്ര​ത​യോ വികാര തീ​ക്ഷ്ണ​ത​യോ ഉണ്ടാ​കു​ന്ന​തു്. മഷി​ക്കു് രക്ത​ത്തേ​ക്കാൾ സത്യ​സ​ന്ധ​ത​യു​മു​ണ്ടു്. ബ്രോ​ഡ്സ്കി​യു​ടെ രണ്ടു് പ്ര​സ്താ​വ​ങ്ങ​ളും രച​ന​ക​ളു​ടെ മാ​ഹാ​ത്മ്യ​ത്തെ പ്ര​കീർ​ത്തി​ക്കു​ന്നു. ദൗർ​ഭാ​ഗ്യ​ത്താൽ മഷിയെ അവ​ഗ​ണി​ക്കു​ക​യും ചു​ണ്ട​മർ​ത്ത​ലി​നു് തൂ​ലി​ക​യ​മർ​ത്ത​ലി​നേ​ക്കാൾ പ്രാ​ധാ​ന്യം കല്പി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ല​യ​ള​വാ​ണു് നമ്മു​ടേ​തു്.

4. പെ​രി​ങ്ങോ​ളു​കാ​ര​നായ ഒരെ​ഴു​ത്തു​കാ​രൻ എന്റെ വീ​ട്ടി​ലെ​ത്തി. എത്തി കസേ​ര​യി​ലി​രു​ന്ന​തേ​യു​ള്ളൂ. പെ​ട്ടെ​ന്നു് അദ്ദേ​ഹം ചാ​ടി​യെ​ഴു​ന്നേ​റ്റു് എന്റെ വീ​ട്ടി​ന്റെ ഉള്ളി​ലേ​ക്കു് ഒറ്റ​ച്ചാ​ട്ടം. ‘സാ​റി​ന്റെ ഗ്ര​ന്ഥ​പ്പു​ര​യൊ​ന്നു കാ​ണ​ട്ടെ’ എന്നു് ചാ​ടു​ന്ന വേ​ള​യിൽ ആ മനു​ഷ്യൻ പറ​ഞ്ഞ​തു ഞാൻ കേ​ട്ടു. അതി​ഥി​യെ അപ​മാ​നി​ക്ക​രു​ത​ല്ലോ എന്നു വി​ചാ​രി​ച്ചു് വീ​ട്ടി​ന​ക​ത്തേ​ക്കു​ള്ള ചാ​ട്ടം എന്റെ ഏകാ​ന്ത​ത​യി​ലേ​ക്കു​ള്ള (privacy) കറ​ന്നു​ക​യ​റ്റ​മാ​ണെ​ങ്കി​ലും സാ​ര​മി​ല്ല എന്നു് ചി​ന്തി​ച്ചു് ഞാനും അദ്ദേ​ഹ​ത്തോ​ടൊ​പ്പം ചാ​ടി​ച്ചെ​ന്നു. പു​സ്ത​ക​ങ്ങ​ളാ​കെ നോ​ക്കി, ചി​ല​തെ​ടു​ത്തു് കക്ഷ​ത്തിൽ വച്ചു് അദ്ദേ​ഹം തി​രി​ച്ചു വന്നു. ഭാ​ഗ്യം കൊ​ണ്ടു് മല​യാ​ളം പു​സ്ത​ക​ങ്ങ​ളേ അദ്ദേ​ഹം എടു​ത്തു​ള്ളൂ. പെ​രി​ങ്ങോ​ളു​കാ​ര​നു് നന്ദി.

നമ്മൾ മറ്റു​ള്ള​വ​രു​ടെ പേരിൽ ചു​മ​ത്തു​ന്ന കു​റ്റ​മെ​ല്ലാം നമ്മു​ടെ കു​റ്റം തന്നെ​യാ​ണു്.

സ്ത്രീ​കൾ വീ​ട്ടിൽ വന്നാൽ പു​സ്ത​ക​ങ്ങൾ കണ്ടി​ട്ടേ പോ​കു​ക​യു​ള്ളൂ. ഒരു ദിവസം എന്റെ വീ​ട്ടി​ലെ​ത്തിയ ഒരു ചെ​റു​പ്പ​ക്കാ​രി ‘പു​സ്ത​ക​ങ്ങൾ കാ​ണ​ട്ടെ’ എന്നു പറ​ഞ്ഞു. ‘വരൂ’ എന്നു ഞാൻ. ഞാൻ മുൻ​പിൽ നട​ന്നു. ഓരോ അല​മാ​രി​യും തു​റ​ന്നി​ട്ടു. മേ​ശ​പ്പു​റ​ത്തു അടു​ക്കി​വ​ച്ച പു​സ്ത​ക​ങ്ങൾ മേൽ​ത്ത​ട്ടിൽ ചെ​ന്നു തട്ടി നിൽ​ക്കു​ന്നു​ണ്ടു്. അവ​യു​ടെ ഇടയിൽ നി​ന്നു് ഇറ​ങ്ങി വന്ന എലി​ക​ളും പാ​റ്റ​ക​ളും യു​വ​തി​യെ സ്വാ​ഗ​തം ചെ​യ്തു വെ​ളി​യി​ലേ​ക്കു ചാടി. സൂ​ക്ഷി​ച്ചു നോ​ക്കി​യി​രു​ന്നെ​ങ്കിൽ ഞാൻ ആ ആഴ്ച​യിൽ വാ​ങ്ങി​ച്ച ഇലി​യ​ഡി​ന്റെ ഇം​ഗ്ലീ​ഷ് തർ​ജ്ജ​മ​പ്പു​സ്ത​ക​ത്തി​ന്റെ (ഫി​റ്റ്സ് ജെ​റാൾ​ഡി​ന്റെ തർ​ജ്ജമ) ഒരു മൂല മു​ഴു​വൻ എലി​യു​ടെ വാ​യി​ലി​രി​ക്കു​ന്ന​തു കാ​ണാ​മാ​യി​രു​ന്നു. ശ്രീ. സു​കു​മാർ അഴീ​ക്കോ​ടു പറ​ഞ്ഞ​തു സത്യം. വാ​ങ്ങിയ പു​സ്ത​ക​ങ്ങൾ നമ്മൾ വാ​യി​ക്കാ​ത്ത​തു കൊ​ണ്ടു് അവ തീ​റ്റി​ച്ചു നമ്മ​ളോ​ടു പ്ര​തി​കാ​രം ചെ​യ്യു​ന്നു. മു​റി​യിൽ ദൂരെ ഒര​ല​മാ​രി നിറയെ പു​സ്ത​ക​ങ്ങൾ, ‘ചെ​ന്നു നോ​ക്കി​ക്കൊ​ള്ളു അവയും’ എന്നു ഞാൻ പറ​ഞ്ഞെ​ങ്കി​ലും യുവതി ശങ്കാ​കു​ല​യാ​യി നി​ന്ന​തേ​യു​ള്ളു. ഞാൻ അക​ലെ​യാ​ണു നിൽ​ക്കു​ന്ന​തു്. എങ്കി​ലും അവർ അല​മാ​രി​യു​ടെ അടു​ത്തു​പോ​ലും പോ​യി​ല്ല. പോ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല സം​ശ​യ​ത്തോ​ടെ കൂ​ട​ക്കൂ​ടെ തി​രി​ഞ്ഞു നോ​ക്കു​ക​യും ചെ​യ്തു. നൂറു വയ​സ്സു​ള്ള എന്റെ നേർ​ക്കാ​ണു് ഭയ​ത്തി​ന്റെ​യും സം​ശ​യ​ത്തി​ന്റെ​യും നോ​ട്ട​ങ്ങൾ അവർ അയ​ച്ച​തു്. വാ​തി​ലി​നു അടു​ത്തു വച്ച അല​മാ​രി​യി​ലെ മല​യാ​ളം പു​സ്ത​ക​ങ്ങൾ നോ​ക്കാൻ ചെ​റു​പ്പ​ക്കാ​രി എത്തി​യ​പ്പോൾ ഞങ്ങൾ തമ്മി​ലു​ള്ള അകലം കു​റ​വാ​ണെ​ന്നു കണ്ടു ഞാൻ തൊ​ട്ട​ടു​ത്തു​ള്ള മു​റി​യി​ലേ​ക്കു ചെ​ന്നു കസേ​ര​യിൽ ഇരു​ന്നു. അപ്പോൾ അവ​രു​ടെ അസ്വ​സ്ഥ​ത​യും സം​ശ​യ​വും മാറി. എന്നി​ട്ടു് ഓരോ പു​സ്ത​ക​വു​മെ​ടു​ത്തു് അഭി​പ്രാ​യം പറ​ഞ്ഞു.

തക​ഴി​യു​ടെ ചെ​മ്മീൻ

നല്ല പ്രേ​മ​കഥ. കല​യി​ലൂ​ടെ സ്വർ​ണ്ണം വാ​രി​യെ​റി​ഞ്ഞു കൊ​ടു​ക്കും വാ​യ​ന​കാർ​ക്കു അദ്ദേ​ഹം. പക്ഷേ നി​ത്യ​ജീ​വി​ത​ത്തിൽ ലു​ബ്ധ്.

പൊൻ​കു​ന്നം വർ​ക്കി​യു​ടെ കഥാ​സ​മാ​ഹാ​രം

സർ. സി. പിയെ കഥ​ക​ളി​ലൂ​ടെ എതിർ​ത്ത ധീരൻ. സമ്മാ​നം നൽ​കു​ന്ന​വ​രെ​പ്പോ​ലും എതിർ​ക്കു​ന്ന ധീ​ര​ത​യു​ണ്ടു് അദ്ദേ​ഹ​ത്തി​നു്.

കേ​ശ​വ​ദേ​വി​ന്റെ അയൽ​ക്കാർ

ടോൾ​സ്റ്റോ​യി​യു​ടെ യു​ദ്ധ​വും സമാ​ധാ​ന​വും എന്ന നോ​വ​ലി​നെ​ക്കാൾ ഉത്കൃ​ഷ്ട​മാ​ണു് ഇതെ​ന്നു സ്വയം വി​ശ്വ​സി​ച്ചു ദേവ്. ഈ വി​ശ്വാ​സ​മ​റി​ഞ്ഞു് ടോൾ​സ്റ്റോ​യി ശവ​കു​ടീ​ര​ത്തി​ന​ക​ത്തു കി​ട​ന്നു് അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും തി​രി​യു​ന്നു​ണ്ടു്.

ഇത്ര​യും പറ​ഞ്ഞി​ട്ടു് അവർ പൂ​മു​ഖ​ത്തേ​ക്കു വന്നു. അല്പം കഴി​ഞ്ഞു പോ​കു​ക​യും ചെ​യ്തു. യു​വ​തി​യു​ടെ പെ​രു​മാ​റ്റം കണ്ടി​ട്ടാ​വ​ണം എനി​ക്കു് പൊ​ടു​ന്ന​നെ അമ്പ​തു വയ​സ്സു കൂടി. ഇപ്പോൾ നൂ​റ്റ​മ്പ​തു വയ​സ്സാ​ണെ​നി​ക്കു്.

5. ഞാൻ ജോലി നോ​ക്കി​യി​രു​ന്ന കാ​ല​ത്തു് ഒരു വി​ദ്യാർ​ത്ഥി​നി എന്നോ​ടു പതി​വാ​യി ഒര​ധ്യാ​പ​ക​നെ​ക്കു​റി​ച്ചു പരാതി പറ​യു​മാ​യി​രു​ന്നു. ‘കു​ട്ടി തന്നെ നേരായ വി​ധ​ത്തിൽ പെ​രു​മാ​റി​യാൽ മതി’ എന്നു ഞാൻ മറു​പ​ടി പറ​ഞ്ഞു. യു​വാ​വായ സന്ന്യാ​സി ആചാ​ര്യ​നോ​ടു പരാ​തി​യു​മാ​യി ചെ​ന്നു. ‘ഗുരോ ഞാൻ ധ്യാ​ന​ത്തിൽ മു​ഴു​കു​മ്പോ​ഴേ​ല്ലാം ഒരു സു​ന്ദ​രി വന്നു എന്നെ വശീ​ക​രി​ക്കാൻ ശ്ര​മി​ക്കു​ന്നു’. ആചാ​ര്യൻ ചു​വ​പ്പു ചാ​യ​ത്തിൽ മു​ക്കിയ ബ്രഷ് അയാളെ ഏല്പി​ച്ചി​ട്ടു അറി​യി​ച്ചു, “ഇനി അവൾ വരു​മ്പോൾ ഈ ബ്രഷ് കൊ​ണ്ടു അവ​ളു​ടെ നെ​റ്റി​യിൽ ഗു​ണ​ന​ചി​ഹ്ന​മി​ട്ടു കൊ​ടു​ക്ക​ണം. അപ്പോൾ നമു​ക്ക​റി​യാം പെ​ണ്ണു് ആരെ​ന്നു്. അടു​ത്ത ധ്യാ​ന​വേ​ള​യിൽ യുവതി വന്നു. യു​വാ​വ് ആചാ​ര്യൻ പറ​ഞ്ഞ​തു പോലെ ചി​ഹ്ന​മി​ട്ടു. അയാൾ ഓടി വന്നു് ഗു​രു​വി​നെ കാ​ര്യം അറി​യി​ച്ചു. “നല്ല​തു് ഇനി പോയി കു​ളി​ച്ചു് ഉറ​ങ്ങു”. അയാൾ കു​ളി​മു​റി​യിൽ കയറി കണ്ണാ​ടി​യിൽ നോ​ക്കി​യ​പ്പോൾ തന്റെ നെ​റ്റി​യിൽ ചു​വ​ന്ന അട​യാ​ളം കണ്ടു. ഗു​ണ​പാ​ഠം, നമ്മൾ മറ്റു​ള്ള​വ​രു​ടെ പേരിൽ ചു​മ​ത്തു​ന്ന കു​റ്റ​മെ​ല്ലാം നമ്മു​ടെ കു​റ്റം തന്നെ​യാ​ണു്.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-03-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.