SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 1998-04-03-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

ഇ. എം. എസ്
images/EMSNamboodiripad.jpg
ഇ. എം. എസ്

അന​ന്ത​മായ കാലം. അത​ങ്ങ​നെ പ്ര​വ​ഹി​ക്കു​മ്പോൾ അതി​ന്റെ ഒരു നി​മി​ഷം അർ​ക്ക​കാ​ന്തി പ്ര​സ​രി​പ്പി​ക്കും. കാലം ഒഴു​കി​പ്പോ​യാ​ലും ആ ശോ​ഭാ​വി​ശേ​ഷം ദി​ശാ​ച​ക്ര​ത്തെ തി​ള​ക്കി​ക്കൊ​ണ്ടി​രി​ക്കും. അമ്മ​ട്ടി​ലു​ള്ള ദി​വാ​ക​ര​ദീ​പ്തി​യാ​ണു് ഇ. എം. എസ്. അദ്ദേ​ഹ​ത്തി​ന്റെ പ്ര​ത്യ​ക്ഷ​ശ​രീ​രം ഇന്നി​ല്ല. എങ്കി​ലും ആ മഹാ​തേ​ജ​സ്സു് ജന​ത​യ്ക്കു് മാർ​ഗ്ഗം കാ​ണി​ച്ചു​കൊ​ടു​ക്കു​ന്നു.

ഇസ്രീ​യൽ രാ​ഷ്ട​ത്തി​ന്റെ ജീർ​ണ്ണ​ത​യെ​യും അപ​ക്ഷ​യ​ത്തെ​യും ധീ​ര​ത​യോ​ടെ എടു​ത്തു​കാ​ണി​ക്കു​ന്ന മഹാ​നായ സാ​ഹി​ത്യ​കാ​ര​നാ​ണു് ഏമസ് ഓസ്സ്

ഇ. എം. എസ്. ന്റെ രാ​ഷ്ട്ര​സേ​വ​നം ജന​ത​യ്ക്കു് ധൈ​ഷ​ണി​ക​മായ ഉത്തേ​ജ​നം നൽകി. ചരി​ത്ര​സ​ങ്ക​ല്പ​ത്തി​നു് നൂതന മാനം കൊ​ടു​ത്തു. പ്ര​വർ​ത്ത​ന​ങ്ങൾ മസ്തി​ഷ്കം കൊ​ണ്ടാ​യാ​ലും കൈ കൊ​ണ്ട​യാ​ലും മഹ​നീ​യ​ങ്ങ​ളാ​ണു് എന്നു് അദ്ദേ​ഹം സ്വ​ന്തം ജീ​വി​തം കൊ​ണ്ടു് തെ​ളി​യി​ച്ചു. അധി​കാ​ര​മ​ല്ല, മനു​ഷ്യ​ത്വ​മാ​ണു് ഉത്കൃ​ഷ്ട​മെ​ന്നു് ഈ മഹാ​വ്യ​ക്തി വ്യ​ക്ത​മാ​ക്കി​ത്ത​ന്നു. പ്രാർ​ത്ഥി​ക്കു​ന്ന ചു​ണ്ടു​ക​ളേ​ക്കാൾ പാ​വ​ന​ങ്ങ​ളാ​ണു് പാ​വ​ങ്ങ​ളു​ടെ കണ്ണീ​രു​തു​ട​യ്ക്കു​ന്ന കര​ങ്ങ​ളെ​ന്നു് നമ്മ​ളെ ഉദ്ബോ​ധി​പ്പി​ച്ച ഈ മഹാ​വ്യ​ക്തി​യു​ടെ തി​രോ​ധാ​ന​ത്തിൽ ഞാനും വാ​യ​ന​ക്കാ​രോ​ടൊ​പ്പം ദുഃ​ഖി​ക്കു​ന്നു.

ഇസ്രാ​യേ​ലും ഇന്ത്യ​യും
images/Amos_Oz.jpg
ഏമസ് ഓസ്സ്

ഐന്ദ്ര​ജാ​ലിക ശക്തി​യു​ള്ള ഇസ്രാ​യേൽ നോ​വ​ലി​സ്റ്റ് ഏമസ് ഓസ്സി​ന്റെ (Amos Oz, born. 1939) മനോ​ജ്ഞ​മായ ഒരു ചെ​റു​ക​ഥ​യു​ണ്ടു്. “Setting the Worlds to Rights” എന്ന പേരിൽ. സർ​വ്വ​വി​ദ്വേ​ഷി​യാ​യി. ഇരു​ട്ടു് സഞ്ച​യി​ച്ചു് ഏകാ​ന്ത​ജീ​വി​തം നയി​ച്ച ഒരാ​ളി​ന്റെ കഥ​യാ​ണ​തു്. അയാൾ വി​വാ​ഹം കഴി​ച്ചു. പക്ഷേ ഏതാ​നും മാ​സ​ങ്ങൾ കഴി​ഞ്ഞു് അവർ പി​രി​ഞ്ഞു. അവൾ വീ​ണ്ടും കല്യാ​ണം കഴി​ക്കാ​ത്ത​തു​കൊ​ണ്ടു് അയാൾ അവ​ളു​ടെ ശരീരം യാ​ചി​ച്ചു​കൊ​ണ്ടു് പി​ന്നെ​യും പി​ന്നെ​യും ചെ​ല്ലു​മാ​യി​രു​ന്നു. വേ​ഗ​മാ​ക​ട്ടെ എന്നു പറ​ഞ്ഞു് അവൾ ചി​ല​പ്പോൾ അതിനു സമ്മ​തി​ക്കും. പതി​വു​പോ​ലെ അയാൾ അവ​ളു​ടെ അടു​ത്തെ​ത്തി ശരീ​ര​ത്തി​നു​വേ​ണ്ടി യാ​ചി​ച്ചു. അവൾ അത്ത​വണ സമ്മ​തി​ച്ചി​ല്ല. തെ​ല്ലു​നേ​രം അയാൾ യാചന നട​ത്തി​യെ​ങ്കി​ലും ഫല​പ്പെ​ട്ടി​ല്ല. തെ​രു​വി​ന്റെ അറ്റ​ത്തു​നി​ന്നു് ഒരു വേ​ശ്യ​യെ കൂ​ട്ടി​ക്കൊ​ണ്ടു് അയാൾ മോ​ശ​പ്പെ​ട്ട ഹോ​ട്ട​ലി​ലേ​ക്കു പോയി. നേരം വെ​ളു​ക്കു​ന്ന​തു​വ​രെ അവ​ളോ​ടു് ഒരു​മി​ച്ചു​ക​ഴി​ഞ്ഞെ​ങ്കി​ലും അയാൾ അവ​ളെ​യും തന്നെ​യും വല്ലാ​തെ വെ​റു​ത്തു. രാ​ത്രി​യാ​യ​പ്പോൾ അയാൾ ഒരു ഉദ്യാ​ന​ത്തിൽ ചെ​ന്നു് അവി​ടെ​യു​ള്ള മര​ത്തിൽ തൂ​ങ്ങി​മ​രി​ച്ചു. ലോകം നന്നാ​ക്കാൻ ശ്ര​മി​ക്കു​ന്ന​വ​നും മറ്റു​ള്ള​വ​രും തമ്മിൽ ഒരു വ്യ​ത്യാ​സ​വു​മി​ല്ല​ല്ലോ. അതു​കൊ​ണ്ടു് അയാ​ളു​ടെ മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടി​യ​തി​നെ​ക്കു​റി​ച്ചു് വി​ശേ​ഷി​ച്ചൊ​ന്നും പറാ​യാ​നി​ല്ല. അയാൾ ശാ​ന്ത​നാ​യി വി​ശ്ര​മി​ക്ക​ട്ടെ.

ഇസ്രാ​യേൽ രാ​ഷ്ട്ര​ത്തി​ന്റെ ജീർ​ണ്ണ​ത​യേ​യും അപ​ക്ഷ​യ​ത്തെ​യും ധീ​ര​ത​യോ​ടെ എടു​ത്തു കാ​ണി​ക്കു​ന്ന മഹാ​നായ സാ​ഹി​ത്യ​കാ​ര​നാ​ണു് ഏമ​സ്സ് ഓസ് (ആസ്സ് എന്നും ഉച്ചാ​ര​ണ​മു​ണ്ടു്). ഈ രച​ന​യി​ലെ കഥാ​പാ​ത്രം തന്നെ ആ രാ​ജ്യ​ത്തി​ന്റെ ഭ്രം​ശ​ത്തി​നു് പ്ര​തി​നി​ധീ​ഭ​വി​ക്കു​ന്നു. കഥ​യെ​ക്കു​റി​ച്ചു് പ്രി​യ​പ്പെ​ട്ട വാ​യ​ന​ക്കാ​രോ​ടു് പറ​യാ​ന​ല്ല എന്റെ കൗ​തു​കം. സ്വ​ന്തം രാ​ജ്യ​ത്തി​ന്റെ ദു​ര​വ​സ്ഥ​യെ​സ്സം​ബ​ന്ധി​ച്ചു് ചില വാ​ക്യ​ങ്ങൾ അതി​ലു​ണ്ടു്. അവ​യി​ലേ​ക്കു് വാ​യ​ന​ക്കാ​രെ കൊ​ണ്ടു​ചെ​ല്ലാ​നാ​ണു് എനി​ക്കു് താ​ല്പ​ര്യ​മു​ള്ള​തു്. എന്റെ ദുർ​ബ​ല​മായ ഭാ​ഷാ​ന്ത​രീ​ക​ര​ണ​ത്തി​ലൂ​ടെ ഇം​ഗ്ലീ​ഷ് വാ​ക്യ​ങ്ങ​ളു​ടെ ശക്തി അവർ​ക്കു് അറി​യാൻ കഴി​ഞ്ഞെ​ങ്കിൽ!

“യു​ദ്ധ​സം​ബ​ന്ധി​യായ പരാ​ജ​യം കൊ​ണ്ടോ സാ​മ്പ​ത്തി​ക​മായ തകർ​ച്ച കൊ​ണ്ടോ അല്ല ആളുകൾ നശി​ച്ചു് പോ​കു​ന്ന​തു്. അവർ​ക്കു് ഇത​റി​ഞ്ഞു​കൂ​ടാ. നേ​താ​ക്ക​ന്മാ​രെ​ന്നു് സ്വയം കരു​തു​ന്ന​വർ​ക്കും ഇത​റി​യാൻ പാ​ടി​ല്ല. ജന​ങ്ങൾ ജീർ​ണ്ണ​ത​യിൽ വീ​ഴു​മ്പോൾ മാ​ത്ര​മേ ശത്രു എത്തു​ക​യു​ള്ളൂ. വാ​തി​ലി​ലൂ​ടെ അക​ത്തേ​ക്കു് കട​ക്കൂ… തെ​ളി​ഞ്ഞ ആകാ​ശ​ത്തു് നി​ന്നു് കൊ​ള്ളി​യാ​നെ​ന്ന​പോ​ലെ അപ​ത്തു് ആഞ്ഞ​ടി​ക്കും… രാ​ജ്യ​ത്തെ നശി​പ്പി​ക്കു​ന്ന​തു് യു​ദ്ധ​മ​ല്ല: അഴി​മ​തി​യാ​ണു്. അതി​ന്റെ പു​തു​ഗ​ന്ധം കന​മാർ​ന്നു് അന്ത​രീ​ക്ഷ​ത്തിൽ വ്യാ​പി​ച്ചി​രി​ക്കു​ന്നു”.

വേ​റൊ​രി​ട​ത്ത്: “ഭ്രാ​ന്തു​പി​ടി​ച്ച ഈ രാ​ജ്യം അത​റി​യാ​തെ സ്വ​ന്തം മാംസം കൊ​ണ്ടു് വയറു നി​റ​യ്കു​ക​യാ​ണു്. ഈ രൂപം ഇപ്പോ​ഴും വള​രു​ന്നു, വ്യാ​പി​ക്കു​ന്നു. പ്ര​ത്യ​ക്ഷ​മാ​യി സ്ഥാ​പ​ന​ങ്ങൾ കൂ​ട്ടി​ച്ചേർ​ക്ക​പ്പെ​ടു​ന്നു​ണ്ടു്. പുതിയ റോ​ഡു​കൾ നിർ​മ്മി​ക്ക​പ്പെ​ടു​ന്നു​ണ്ടു്. പക്ഷേ ശവ​ത്തി​ന്റെ മു​ടി​യും നഖ​ങ്ങ​ളും അതു് അഴു​കു​ന്ന​തു​വ​രെ വളർ​ന്നു കൊ​ണ്ടി​രി​ക്കു​മെ​ന്നു് ഏതു ജീ​വ​ശാ​സ്ത്ര​ജ്ഞ​നും സമ്മ​തി​ക്കും. അഴി​മ​തി​യിൽ നി​ന്നു് അഴി​മ​തി​യി​ലേ​ക്കു് ചെ​ന്നു് ഈ ഘട​ന​യാ​കെ നാ​ശോ​ന്മു​ഖ​മാ​കു​ന്നു. വേശ്യ മരി​ക്കു​ന്ന​തു വരെ കാൻസർ അവളെ കാർ​ന്നു തി​ന്നും” ഏമസ് ഓസ്സ് സ്വ​ന്തം രാ​ജ്യ​ത്തെ​യാ​ണു് വേ​ശ്യ​യെ​ന്നു വി​ളി​ക്കു​ന്ന​തു്. ജന്മ​ദേ​ശ​ത്തി​ന്റെ ദയ​നീ​യാ​വ​സ്ഥ​യിൽ മനം നൊ​ന്തു് പരി​ദേ​വ​നം ചെ​യ്യു​ക​യാ​ണു് അദ്ദേ​ഹം. പക്ഷേ ഓസ്സ് പറ​യു​ന്ന​തു ഇൻ​ഡ്യാ​ക്കാ​രായ ഞങ്ങൾ​ക്കും ചേ​രു​മെ​ന്നു് അദ്ദേ​ഹം അറി​യു​ന്നു​ണ്ടോ എന്തോ?

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: ഞാൻ നി​ങ്ങ​ളെ ആദ്യ​മാ​യി കണ്ടാൽ എന്റെ വി​ചാ​രം എന്താ​യി​രി​ക്കും?

ഉത്ത​രം: നി​ങ്ങ​ളു​ടെ വി​ചാ​ര​മെ​ന്താ​യി​രി​ക്കു​മെ​ന്നു് എനി​ക്ക​റി​ഞ്ഞു കൂടാ. പക്ഷേ നി​ങ്ങ​ളെ​യാ​ണു് ഞാൻ ആദ്യ​മാ​യി കാ​ണു​ന്ന​തെ​ങ്കിൽ ‘ഇതാ ഒരു തസ്ക​രൻ’ എന്നു വി​ചാ​രി​ക്കും.

ചോ​ദ്യം: കീർ​ത്തി​കേ​ട്ട സ്ഥ​ല​ങ്ങൾ സന്ദർ​ശി​ക്കു​മ്പോൾ നമു​ക്കു ഒന്നും വി​ശേ​ഷി​ച്ചു തോ​ന്നാ​ത്ത​തു് എന്തു​കൊ​ണ്ടു്?

ഉത്ത​രം: അത​ങ്ങ​നെ​യാ​ണു്. കന്യാ​കു​മാ​രി​യും കോ​വ​ള​വും ആദ്യ​മാ​യി കണ്ട​പ്പോൾ നരച്ച സ്ഥ​ല​ങ്ങ​ളാ​യി​ട്ടേ എനി​ക്കു തോ​ന്നി​യു​ള്ളു. ചില നോ​വ​ലി​സ്റ്റു​കൾ​ക്കും കവി​കൾ​ക്കു​മു​ള്ള കീർ​ത്തി അവ​രു​ടെ ഗ്ര​ന്ഥ​ങ്ങൾ​ക്കി​ല്ലാ​ത്ത​തു​പോ​ലെ​യാ​ണി​തു്.

ചോ​ദ്യം: സാ​ഹി​ത്യ​വാ​ര​ഫ​ല​ത്തിൽ ക്രി​ട്ടി​സി​സ​മൊ​ന്നു​മി​ല്ല​ല്ലോ?

ഉത്ത​രം: താ​ങ്കൾ തെ​ങ്ങിൽ കയ​റു​ന്ന​തു് പു​ല്ല് പറി​ക്കാ​നാ​ണോ?

ചോ​ദ്യം: കൊ​തു​കു കടി​ക്കാ​തി​രി​ക്കാൻ എന്തു ചെ​യ്യ​ണം?

ഉത്ത​രം: വി​വാ​ഹം കഴി​ക്കൂ. മധു​വി​ധു​കാ​ല​മ​ത്ര​യും കൊ​തു​കു കടി​ച്ചാ​ലും നി​ങ്ങ​ള​തു അറി​യു​ക​യി​ല്ല.

ചോ​ദ്യം: നി​ങ്ങ​ളു​ടെ കോളം പോലെ രസ​ക​ര​മാ​യി വേറെ കോ​ള​മു​ണ്ടോ മല​യാ​ള​ത്തിൽ?

ഉത്ത​രം: സ്തു​തി​ച്ച​തി​നു നന്ദി. ദീപിക ദി​ന​പ​ത്ര​ത്തി​ന്റെ വാ​രാ​ന്ത്യ​പ്പ​തി​പ്പിൽ ശ്രീ. എം. വി. ബെ​ന്നി എഴു​തു​ന്ന അവ​ലോ​ക​ന​ങ്ങൾ നന്നു്. സാ​ഹി​ത്യ​വാ​ര​ഫ​ല​ക്കാ​ര​നു നർ​മ്മ​ബോ​ധ​മി​ല്ല. ബെ​ന്നി​ക്കു് അതു് ഏറെ​യു​ണ്ടു്.

ചോ​ദ്യം: ഹി​റ്റ്ല​റും ഈശ്വ​ര​നും ഒരു​പോ​ലെ. ശരി​യ​ല്ലേ?

ഉത്ത​രം: ശരി. ഹി​റ്റ്ലർ നി​ര​പ​രാ​ധ​രായ ജൂ​ത​ന്മാ​രെ ലക്ഷ​ക്ക​ണ​ക്കി​ന്നു കൊ​ന്നു. ഈശ്വ​രൻ അപ​രാ​ധം ചെ​യ്യാ​ത്ത​വ​രെ ഭൂ​ക​മ്പ​ത്തി​ലൂ​ടെ കൊ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. രണ്ടു​പേ​രും സദൃശർ.

ചോ​ദ്യം: എനി​ക്കു ധാ​രാ​ളം വാ​യി​ക്ക​ണ​മെ​ന്നു​ണ്ടു്. കു​റ​ച്ചു​കാ​ല​ത്തേ​ക്കു് നി​ങ്ങ​ളു​ടെ ലൈ​ബ്ര​റി​യിൽ എനി​ക്കു താ​മ​സി​ക്കാൻ സൗ​ക​ര്യം തരുമോ?

ഉത്ത​രം: ജീ​വി​താ​സ്ത​മ​യ​മാ​യ​തു​കൊ​ണ്ടു് ഞാൻ പു​സ്ത​ക​ങ്ങ​ളെ​ല്ലാം മക്കൾ​ക്കു് വീ​തി​ച്ചു​കൊ​ടു​ത്തു. ഒന്നു​ര​ണ്ടു നി​ഘ​ണ്ടു​ക്ക​ളും വി​ശ്വ​വി​ജ്ഞാ​ന​കോ​ശ​ത്തി​ന്റെ ഒരു വാ​ല്യ​വും മാ​ത്ര​മേ എന്റെ വീ​ട്ടി​ലു​ള്ളു. പു​സ്ത​ക​ങ്ങൾ വീ​ട്ടി​ലു​ണ്ടെ​ങ്കിൽ​ത്ത​ന്നെ​യും നി​ങ്ങൾ​ക്കു പ്ര​യോ​ജ​ന​മു​ണ്ടാ​കു​മെ​ന്നു് തോ​ന്നു​ന്നി​ല്ല. ദേ​വേ​ന്ദ്ര​നു നപും​സ​ക​ത്വ​മു​ണ്ടെ​ങ്കിൽ അയാ​ളു​ടെ ചു​റ്റും ഉർ​വ്വ​ശി​യും രം​ഭ​യും മേ​ന​ക​യും തി​ലോ​ത്ത​മ​യും മറ്റും വന്നു നി​ന്നാൽ എന്തു പ്ര​യോ​ജ​നം?

ചോ​ദ്യം: ക്ലി​ന്റ​ന്റെ രഹ​സ്യ​ജീ​വി​ത​ത്തിൽ ആളുകൾ ഇത്ര ക്ഷോ​ഭി​ക്കു​ന്ന​തെ​ന്തി​ന്നു്? അദ്ദേ​ഹ​ത്തി​ന്റെ സ്ത്രീ​ജി​ത​ത്വം ഭര​ണ​കാ​ര്യ​ങ്ങ​ളെ ബാ​ധി​ക്കി​ല്ല​ല്ലോ.

ഉത്ത​രം: ക്ലി​ന്റൺ തെ​റ്റു​കാ​ര​നാ​ണോ എന്നു് എനി​ക്ക​റി​യി​ല്ല. പക്ഷേ ഒരു വലിയ രാ​ജ്യ​ത്തി​ന്റെ അധി​കാ​രി ഇത്ത​ര​ത്തിൽ പ്ര​വർ​ത്തി​ച്ചാൽ അദ്ദേ​ഹ​ത്തി​ന്റെ വി​ശ്വാ​സ്യത നഷ്ട​മാ​കും. ഓഫീ​സി​ലെ കാ​ര്യ​ക്ഷ​മത തകരും. അതു തകർ​ന്നാൽ രാ​ജ്യ​ത്തി​ന്റെ ഡി​സി​പ്ലിൻ തകരും. അതോടെ രാ​ജ്യം നശി​ക്കും.

തങ്ക​മോ​തി​ര​മോ ശ്രീ​ച​ക്ര​മോ

ഞാ​നൊ​രു പഴയ മനു​ഷ്യ​നാ​ണു്. ഇനി​യു​ള്ള ഹ്ര​സ്വ​കാ​ല​മ​ത്ര​യും ആ രീ​തി​യിൽ​ത്ത​ന്നെ കഴി​ഞ്ഞു പോ​ക​ണ​മെ​ന്നാ​ണു് എന്റെ ആഗ്ര​ഹം. പഴ​ഞ്ച​നാ​യ​തു​കൊ​ണ്ടു് ഭവ​ന​നിർ​മ്മാ​ണ​ത്തി​ന്റെ നൂ​ത​ന​ത്വ​ത്തി​ലോ വീ​ട്ടി​ന​ക​ത്തെ ഉപ​ക​ര​ണ​ങ്ങ​ളു​ടെ വ്യാ​മി​ശ്ര​ത​യി​ലോ എനി​ക്കു അഭി​ര​മി​ക്കാൻ വയ്യ. ‘മല​യാ​ള​നാ​ട്’ വാ​രി​ക​യു​ടെ പത്രാ​ധി​പ​രാ​യി​രു​ന്ന എസ്. കെ. നാ​യ​രു​ടെ കൊ​ല്ല​ത്തു​ള്ള വീ​ട്ടിൽ ഞാൻ ഒരു ദിവസം പോയി. കാ​പ്പി​കു​ടി കഴി​ഞ്ഞു് കൈ കഴു​കാ​നാ​യി ബാ​ത്റൂ​മി​ലേ​ക്കു ചെ​ന്ന​പ്പോൾ വാ​ഷ്ബേ​സി​ന്റെ മു​ക​ളി​ലാ​യി ചില ഉപ​ക​ര​ണ​ങ്ങൾ വെ​ട്ടി​ത്തി​ള​ങ്ങു​ന്ന​തു കണ്ടു. ഒന്നി​ന്റെ പിടി തി​രി​ച്ചു​നോ​ക്കി. വെ​ള്ളം ഒഴു​കു​ന്നി​ല്ല. വേ​റൊ​ന്നു നോ​ക്കി. അതും ഫല​മി​ല്ല. വല്ല​തും പി​ടി​ച്ചു​തി​രി​ച്ചു് ജല​പ്ര​വാ​ഹ​മു​ണ്ടാ​യാ​ലോ? ഞാനും എസ്. കെ​യു​ടെ വീടും മു​ങ്ങി​പ്പോ​കു​മ​ല്ലോ. അതു​കൊ​ണ്ടു് ‘എച്ചിൽ​ക്കൈ’ ഉയർ​ത്തി​ക്കൊ​ണ്ടു ഞാൻ എസ്. കെ. നാ​യ​രു​ടെ അടു​ത്തെ​ത്തി അപേ​ക്ഷി​ച്ചു ലജ്ജ​യോ​ടെ. “റ്റാ​പ് തു​റ​ക്കാ​ന​റി​ഞ്ഞു​കൂ​ടാ”. മാ​ന്യ​നായ അദ്ദേ​ഹം ചി​രി​യും പു​ച്ഛ​വു​മ​ട​ക്കി​ക്കൊ​ണ്ടു് എന്റെ കൂടെ വന്നു് റ്റാ​പ് തു​റ​ന്നു തന്നു. കൈ കഴു​കി​ത്തീ​രു​ന്ന​തു​വ​രെ എസ്. കെ അവിടെ നി​ന്ന​തു​കൊ​ണ്ടു് ‘ഇത​ട​യ്ക്കു​ന്ന​തെ​ങ്ങ​നെ?’ എന്നു ചോ​ദി​ക്കേ​ണ്ടി വന്നി​ല്ല എനി​ക്കു്. അദ്ദേ​ഹം തന്നെ റ്റാ​പ് അട​ച്ചു.

രച​യി​താ​വി​ന്റെ ഉള്ളിൽ ഒരു സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ണ്ടായ സത്യ​പ്ര​തീ​തി ബഹിഃ​പ്ര​കാ​ശ​നം കൊ​ള്ളു​മ്പോൾ സത്യാ​ത്മക പ്ര​തീ​തി​യാ​യി​ബ്ഭ​വി​ക്കു​ന്നു.

‘മല​യാ​ളം’ വാ​രി​ക​യു​ടെ പ്ര​മു​ക്തി നടന്ന ദിവസം. ഇൻ​ഡ്യൻ എക്സ്പ്ര​സ് പത്ര​ത്തി​ന്റെ അധി​കാ​രി​കൾ ഒരു നക്ഷ​ത്ര​ഹോ​ട്ട​ലി​ലെ മനോ​ഹ​ര​മായ മു​റി​യാ​ണു് എന്റെ താ​മ​സ​ത്തി​നു ഏർ​പ്പാ​ടു ചെ​യ്ത​തു്. അങ്ങ​നെ അതി​ന​ക​ത്തി​രി​ക്കു​മ്പോൾ റോ​ഡി​ലേ​ക്കു പോകാൻ കൗ​തു​കം. മുറി പൂ​ട്ടേ​ണ്ട​തി​ല്ലെ​ന്നു കരുതി ഞാൻ താ​ക്കോൽ മു​റി​ക്കു​ള്ളിൽ വച്ചി​ട്ടു കതകു വലി​ച്ച​ട​ച്ചു് റോ​ഡി​ലേ​ക്കു ചെ​ന്നു. തി​രി​ച്ചു് വന്നു് കതകു തു​റ​ക്കാൻ ശ്ര​മി​ച്ച​പ്പോൾ അതു തു​റ​ക്കു​ന്നി​ല്ല. ഹോ​ട്ട​ലി​ലെ ഒരു ജോ​ലി​ക്കാ​രൻ അതിലേ പോ​യ​പ്പോൾ വാതിൽ തു​റ​ക്കാൻ വയ്യ​ല്ലോ എന്നു ഞാൻ അയാ​ളോ​ടു പറ​ഞ്ഞു. ആ യു​വാ​വ് മറു​പ​ടി നൽകി: “വെ​ളി​യിൽ നി​ന്നു് അട​ച്ചാൽ ഓട്ടോ​മാ​റ്റി​ക്കാ​യി പൂ​ട്ടി​പ്പോ​കു​ന്ന​താ​ണു് ഇവി​ട​ത്തെ വാ​തി​ലു​കൾ. താ​ക്കോ​ലെ​വി​ടെ?” താ​ക്കോ​ലി​ന്റെ ഡ്യൂ​പ്ലി​കെ​യ്റ്റ് ഹോ​ട്ട​ല​ധി​കാ​രി​യിൽ നി​ന്നു് കണ്ടു​പി​ടി​ച്ചെ​ടു​ത്തു മുറി തു​റ​ക്കാൻ രണ്ടു മണി​ക്കൂർ കാ​ത്തു നിൽ​ക്കേ​ണ്ട​താ​യി വന്നു എനി​ക്കു്.

images/Basheer.jpg
ബഷീർ

അടു​ത്ത കാ​ല​ത്തു് ഒരു സമ്പ​ന്ന​ന്റെ വീ​ട്ടിൽ ഞാൻ പോയി. ഞാ​നി​ന്നു​വ​രെ കണ്ടി​ട്ടി​ല്ലാ​ത്ത ജം​ഗ​മ​സ്സാ​മാ​ന​ങ്ങ​ള​വി​ടെ​യേ​റെ. വി​ശേ​ഷ​പ്പെ​ട്ട ഒരു ഉപ​ക​ര​ണം. അതി​ലി​രി​ക്കാ​മോ എന്നെ​നി​ക്ക​റി​ഞ്ഞു​കൂ​ടാ​യി​രു​ന്നു. അതു​കൊ​ണ്ടു് അറ​ച്ച​റ​ച്ചു് ഞാൻ ഗൃ​ഹ​നാ​യ​ക​നോ​ടു ചോ​ദി​ച്ചു ‘ഇതു് ഇരി​ക്കാ​നു​ള്ള​താ​ണോ?’ അദ്ദേ​ഹം പു​ച്ഛം മറ​ച്ചു് ‘അതേ​യ​തേ ഇരു​ന്നാ​ട്ടെ’ എന്നു മറു​പ​ടി പറ​ഞ്ഞു. ഇതൊ​ക്കെ​ക്കൊ​ണ്ടാ​ണു് ഞാ​നാ​ദ്യ​മേ പറ​ഞ്ഞ​തു് ‘ഞാൻ പഴയ മനു​ഷ്യ​നാ’ണെ​ന്നു്. മു​ത​ലാ​ളി​ത്ത​ത്തി​ന്റെ കൃ​ത്രി​മ​പ്പ​കി​ട്ടു് എനി​ക്കു് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ശരീ​ര​ഭാ​ഗം വേ​ദ​നി​പ്പി​ക്കു​ന്ന മര​ക്ക​സേ​ര​യിൽ ഇരി​ക്കാ​നാ​ണു് എനി​ക്കു കൊതി; പട്ടു​മെ​ത്ത​യി​ട്ട സെ​റ്റി​യി​ലി​രി​ക്കാ​ന​ല്ല.

സാ​ഹി​ത്യ​ത്തി​ലും എന്റെ വീ​ക്ഷ​ണ​ഗ​തി ഇത​ത്രേ. വള്ള​ത്തോ​ളി​ന്റെ ‘മഗ്ദ​ല​ന​മ​റി​യം’ വാ​യി​ക്കു​മ്പോൾ കൊ​ച്ചു​വ​ള്ള​ത്തി​ലി​രു​ന്നു് നി​ലാ​വിൽ മു​ങ്ങിയ തടാ​ക​ത്തി​ലൂ​ടെ മെ​ല്ലെ നീ​ങ്ങു​ന്ന പ്ര​തീ​തി. കു​മാ​ര​നാ​ശാ​ന്റെ പ്രൗ​ഢ​ത​യാർ​ന്ന ‘കരുണ’യി​ലൂ​ടെ സഞ്ച​രി​ക്കു​മ്പോൾ മസ്തി​ഷ്ക​ത്തോ​ടു ബന്ധ​പ്പെ​ട്ട ആഹ്ലാ​ദ​ത്തിൽ വീണു ഞാൻ വി​സ്മ​യി​ക്കു​ന്നു. പക്ഷേ വി​സ്മ​യ​മി​ല്ലാ​തെ ചന്ദ്രി​കാ​ചർ​ച്ചി​ത​മായ രാ​ത്രി​യിൽ കൊ​തു​മ്പു​വ​ള്ള​ത്തി​ലി​രു​ന്നു തു​ഴ​യു​വാ​നാ​ണു് എനി​ക്കു് താ​ല്പ​ര്യം. സി​ദ്ധി​ക​ളു​ള്ള അയ്യ​പ്പ​പ്പ​ണി​ക്ക​രു​ടെ കാ​വ്യ​ങ്ങൾ വാ​യി​ക്കു​ന്ന​തി​നേ​ക്കാൾ എനി​ക്കി​ഷ്ടം

images/MagdalenaMariam.jpg

ചങ്ങ​മ്പുഴ യു​ടെ​യും ഇട​പ്പ​ള്ളി രാ​ഘ​വൻ​പി​ള്ള യു​ടെ​യും കവിതാ സ്ത്രോ​ത​സ്വി​നി​യിൽ ആമ​ജ്ജ​നം ചെ​യ്യാ​നാ​ണു്. വൈ​ക്കം മു​ഹ​മ്മ​ദ് ബഷീ​റി​ന്റെ ‘തങ്ക​മോ​തി​രം’ എന്ന കഥ ഉപ​രി​ത​ല​സ്പർ​ശി മാ​ത്ര​മാ​യി​രി​ക്കാം. പക്ഷേ ശ്രീ. കാ​ക്ക​നാ​ട​ന്റെ ‘ശ്രീ​ച​ക്രം’ വാ​യി​ക്കു​ന്ന​തി​നെ​ക്കാൾ നല്ല​തു ‘തങ്ക​മോ​തി​രം’ വാ​യി​ക്കു​ന്ന​താ​ണെ​ന്നു ഞാൻ വി​ചാ​രി​ക്കു​ന്നു.

ഇരു​പ​താം ശതാ​ബ്ദ​ത്തി​ന്റെ ആദ്യ​കാ​ല​യ​ള​വിൽ സാ​ഹി​ത്യ രച​ന​യിൽ ഉണ്ടായ ഈ ഇച്ഛാ​ശ​ക്തി പ്ര​ക​ട​നം വി​ക​സി​താ​വ​സ്ഥ​യി​ലെ​ത്തി​യി​രി​ക്കു​ന്നു ഇപ്പോൾ. അതു​കൊ​ണ്ടു് മോ​പാ​സാ​ങ്ങി​ന്റെ ഹൃ​ദ​യം​ഗ​മ​ങ്ങ​ളായ ചെ​റു​ക​ഥ​കൾ ഇന്നാ​രും എഴു​തു​ന്നി​ല്ല.റ്റോ​മ​സ് മാ​നി​ന്റെ ‘ഡെ​ത്തു് ഇൻ വെ​നീ​സ്’ എന്ന ധി​ഷ​ണാ​പ​ര​മായ ചെ​റു​ക​ഥ​യി​ലാ​ണു് ആളു​കൾ​ക്കു തല്പ​ര​ത്വം. (ഹെൻ​ട്രി മി​ല്ലർ മാ​നി​നെ (fabricator) കപട രച​യി​താ​വ്—എന്നു വി​ളി​ച്ച​തു ഓർ​ക്കുക) ബാ​തൽ​മീ യുടെ (Donald Barthelme 1931–1989) മസ്തി​ഷ്ക സം​ബ​ന്ധ​ക​ങ്ങ​ളായ കഥ​ക​ളെ​ക്കാൾ എനി​ക്ക​ഭി​മ​ത​ങ്ങൾ ഹൃ​ദ​യ​ത്തിൽ നി​ന്നു​വ​രു​ന്ന ചെ​ക്കോ​വി​ന്റെ കഥ​ക​ളാ​ണു്. ‘The Master and Margarita’ എന്ന വി​ശ്വ​വി​ഖ്യാ​ത​മായ നോ​വ​ലെ​ഴു​തിയ ബുൾ​ക​ഫി​ന്റെ (BulgaKov 1891–1940) ‘The Heart of a Dog’ എന്ന മസ്തി​ഷ്ക സം​ബ​ന്ധി​യായ കഥ​യെ​ക്കാൾ എനി​ക്കാ​ദ​രി​ക്കാൻ കഴി​യു​ന്ന​തു് വി​ക്തോ​റിയ തൊ​ക്ക​റേഫ യുടെ കലാ​മൂ​ല്യം കൂടിയ കഥ​ക​ളാ​ണു്. (പ്രി​യ​പ്പെ​ട്ട വാ​യ​ന​ക്കാർ ഇവ​രു​ടെ കഥകൾ വാ​യി​ക്ക​ണം. ഓരോ കഥയും അതി​സു​ന്ദ​ര​മാ​ണു്).

images/Viktoria_Tokareva.jpg
വി​ക്തോ​റിയ തൊ​ക്ക​റേഫ

രച​യി​താ​വി​ന്റെ ഉള്ളിൽ ഒരു സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ണ്ടായ സത്യ​പ്ര​തീ​തി ബഹിഃ​പ്ര​കാ​ശ​നം കൊ​ള്ളു​മ്പോൾ സത്യാ​ത്മക പ്ര​തീ​തി​യാ​യി​ഭ​വി​ക്കു​ന്നു. അതിനെ ഉചി​ത​ങ്ങ​ളായ പദ​ങ്ങ​ളി​ലൂ​ടെ, ബിം​ബ​ങ്ങ​ളി​ലൂ​ടെ രൂ​പ​വ​ത്ക​രി​ക്കു​മ്പോൾ നൈ​സർ​ഗ്ഗി​കത എന്ന ഗുണം വരു​ന്നു. ഈ നൈ​സർ​ഗ്ഗി​ക​ത​യ​ല്ല ശ്രീ. പി. കെ. ശ്രീ​നി​വാ​സ​ന്റെ ‘ഒളി​ച്ചു​ക​ളി​യു​ടെ ഗു​ണ​പാ​ഠ​ങ്ങൾ’ എന്ന ചെ​റു​ക​ഥ​യ്ക്കു് (മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പ്, ലക്കം 4) ഒരു സ്ത്രീ​യു​ടെ​യും പു​രു​ഷ​ന്റെ​യും പ്ര​ച്ഛ​ന്ന​മായ രതി​ഭാ​വ​ത്തെ ആഖ്യാ​ന​വൈ​ഭ​വ​ത്തോ​ടെ ആവി​ഷ്ക​രി​ക്കു​ന്ന ഇക്ക​ഥ​യ്ക്കു വാ​യ​ന​ക്കാ​രിൽ നി​ന്നു് വേർ​പെ​ട്ടു നി​ല്ക്കു​ന്ന ഉന്ന​ത​സ​ത്യ​ത്തി​ന്റെ പ്ര​കാ​ശ​മി​ല്ല. മറഞ്ഞ സെ​ക്സി​ന്റെ പ്ര​തി​പാ​ദ​ന​മു​ള​വാ​ക്കു​ന്ന ക്ഷോ​ഭ​മേ​യു​ള്ളൂ. ഇതു് ഇപ്പോ​ഴ​ത്തെ സാ​ഹി​ത്യ​ത്തി​ന്റെ സാ​മാ​ന്യ സ്വ​ഭാ​വ​മാ​ണെ​ന്നു ഞാൻ സമ്മ​തി​ക്കു​ന്നു. ആ സ്വ​ഭാ​വം നല്ല​ത​ല്ലെ​ന്ന പക്ഷ​ക്കാ​ര​നാ​ണു ഞാൻ.

വി​ചാ​ര​ങ്ങൾ
images/Ulysses.jpg

‘യൂ​ലി​സ്’ എന്ന നോ​വ​ലെ​ഴു​തിയ ജെ​യിം​സ് ജോ​യ്സ് ഇന്ന​ത്തെ ഹോ​മ​റാ​ണെ​ന്നാ​ണു് അഭി​ജ്ഞ​മ​തം. അതു​കൊ​ണ്ടു് ആ നോ​വ​ലി​നെ​ക്കു​റി​ച്ചോ നോ​വ​ലി​സ്റ്റി​നെ​ക്കു​റി​ച്ചോ ഞാ​നൊ​ന്നും എഴു​തേ​ണ്ട​തി​ല്ല. ഒരു യുഗം സൃ​ഷ്ടി​ച്ച ആ നോ​വ​ലി​നെ​യും അതി​ന്റെ രച​യി​താ​വി​നെ​യും കു​റി​ച്ചു് വി. എസ്. നയ്പോൾ എന്ന നോ​വ​ലി​സ്റ്റ് പറ​ഞ്ഞ​തു് മാർ​ച്ചു് 23-ലെ ഔട്ലു​ക്കു് വാരിക റി​പ്പോർ​ട്ടു് ചെ​യ്യു​ന്നു​ണ്ടു്. “What’s there in Joyce for me? A blind man living in Trieste. And talking about Dublin. There’s nothing in it for me, it’s not universal. And a man of so little, so little imagination, able to record the life about him, in such a petty way, but depending on an ancient narrative. No, no, no.” ഈ പ്ര​സ്താ​വ​ത്തി​ലെ ഓരോ വാ​ക്യ​ത്തി​ലും പ്ര​ക​ട​മാ​കു​ന്ന​തു് അന്ത​സ്സാര ശൂ​ന്യ​ത​യാ​ണു്. വി​വേ​ക​മി​ല്ലാ​യ്മ​യാ​ണു്. മീ​ഡി​യോ​ക്കർ (ഇട​ത്ത​ര​ക്കാ​രൻ) നോ​വ​ലി​സ്റ്റും മീ​ഡി​യോ​ക്കർ ചി​ന്ത​ക​നു​മായ നയ്പോൾ ഒരു​ത്തുംഗ പ്ര​തി​ഭാ​ശാ​ലി​യെ നോ​ക്കി കൊ​ഞ്ഞ​നം കാ​ണി​ക്കു​ക​യാ​ണി​വി​ടെ. ശക്തൻ റോ​ഡി​ലൂ​ടെ നട​ന്നു​പോ​കു​മ്പോൾ മു​ട​ന്തു​ള്ള​വൻ മു​ട​ന്തി മു​ട​ന്തി​ച്ചെ​ന്നു് ആ ശക്ത​ന്റെ പൃ​ഷ്ഠ​ത്തിൽ ഒന്നു തോ​ണ്ടും. അയാൾ തി​രി​ഞ്ഞു നോ​ക്കു​മ്പോൾ മൊ​ണ്ടി ഓടി​ക്ക​ള​യും. ശക്തൻ ചി​രി​ക്കു​ക​യേ​യു​ള്ളൂ. ജോ​യ്സ് ഇന്നി​ല്ല. അദ്ദേ​ഹം ശവ​കു​ടീ​ര​ത്തി​ന​ക​ത്തു കി​ട​ന്നു​കൊ​ണ്ടു പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​തു ഞാൻ കേൾ​ക്കു​ന്നു.

2. വലി​ഞ്ഞു​മു​റു​കി പൊ​ട്ടാൻ കാ​ത്തു​നി​ല്ക്കു​ന്ന ഞര​മ്പു​കൾ പോ​ലെ​യാ​ണു് വർ​ത്ത​മാ​ന​കാല സം​സ്കൃ​തി​യിൽ ദാ​മ്പ​ത്യം. പെ​ണ്ണി​ന്റെ കവി​ള​ത്തു​കൂ​ടെ ചാ​ലു​കീ​റു​ന്ന​തു് കണ്ണു​നീ​ര​ല്ല. ഹൃ​ദ​യ​ര​ക്ത​മാ​ണു്. ജീ​വ​സ്പ​ന്ദ​മി​ല്ലാ​ത്ത സ്നേ​ഹ​മാ​ണു് കി​ട്ടാൻ പോ​കു​ന്ന​തെ​ങ്കിൽ സ്ത്രീ​ധ​ന​ത്തോ​ടൊ​പ്പം വി​വാ​ഹ​ത്തെ​യും അവൾ ത്യ​ജി​ക്ക​ണം. അവൾ​ക്കു മു​മ്പിൽ അപ്പോ​ഴും വി​ശാ​ല​ത​യു​ടെ ലോകം ഉണ്ടു്.

images/Dolores_Ibarruri.jpg
ദോ​ലോ​റാ​സ്

“പെൺ​കു​ട്ടി​കൾ​ക്കു വേ​ണ്ട​തു് സ്നേ​ഹ​ത്തി​ന്റെ ശാ​ശ്വ​ത​മൂ​ല്യ​ങ്ങൾ തേ​ടു​ന്ന ഒരു പു​രു​ഷ​നെ​യാ​ണു്. ഹീ​മ​ത്തി​ന്റെ ഗുണം തേ​ടു​ന്ന അധമനെ അല്ല”. ശ്രീ​മ​തി കെ. പി. സുധീര മല​യാ​ളം വാ​രി​ക​യിൽ (ലക്കം 45) എഴു​തിയ ‘ദ്ര​വ്യ​മോ​ഹ​ങ്ങ​ളു​ടെ ഉൾ​പ്പൊ​രുൾ’ എന്ന ലേ​ഖ​ന​ത്തി​ലു​ള്ള​താ​ണു് ശക്തി​യാർ​ന്ന ഈ വാ​ക്യ​ങ്ങൾ. ഇതിൽ ദാ​മ്പ​ത്യ​ജീ​വി​ത​മെ​ന്ന ശാ​ശ്വ​ത​വി​പ​ത്തിൽ​പ്പെ​ട്ടു ഉഴ​ലു​ന്ന സ്ത്രീ​യു​ടെ നേർ​ക്കു​ള്ള കാ​രു​ണ്യ​മു​ണ്ടു്. അവളെ കഷ്ട​പ്പെ​ടു​ത്തു​ന്ന ഭർ​ത്താ​വ് എന്ന നരാ​ധ​മ​നോ​ടും അയാൾ​ക്കു് അവ​ലം​ബ​മ​രു​ളു​ന്ന വ്യ​വ​സ്ഥി​തി​യോ​ടു​മു​ള്ള പ്ര​തി​ഷേ​ധ​മു​ണ്ടു്. സ്പാ​നി​ഷ്/റഷ്യൻ കമ്മ്യു​ണി​സ്റ്റ് ദോ​ലോ​റാ​സ് ഇബാ​റൂ​റി (Dolores Ibarruri, 1895–1989) It is better to die on your feet than to live on your knee, മു​ട്ടു​കു​ത്തി ജീ​വി​ക്കു​ന്ന​തി​നേ​ക്കാൾ നി​വർ​ന്നു​നി​ന്നു് മരി​ക്കു​ന്ന​താ​ണു് നല്ല​തു്—എന്നു പറ​ഞ്ഞു. ദാ​മ്പ​ത്യ ദുഃഖം അനു​ഭ​വി​ക്കു​ന്ന സ്ത്രീ​കൾ ഇബാ​റൂ​റി​യു​ടെ വാ​ക്കു​കൾ​ക്കു യോ​ജി​ച്ച വി​ധ​ത്തിൽ ജീ​വി​ക്ക​ണം.

images/James_Joyce.jpg
ജെ​യിം​സ് ജോ​യ്സ്

3. “നി​ങ്ങ​ളു​ടെ വാ​ച്ചിൽ ഓരോ മി​നി​റ്റ് കഴി​യു​മ്പോ​ഴും ലോ​ക​ത്തി​ന്റെ ഏതെ​ങ്കി​ലു​മൊ​രു ഭാ​ഗ​ത്തു ഒരു കൊ​ല​പാ​ത​കം നട​ന്നി​രി​ക്കും. ന്യൂ​യോർ​ക്കിൽ ഒരു ദി​വ​സ​ത്തിൽ ഒരു കൊ​ല​പാ​ത​കം. പാ​രീ​സിൽ ദിവസം രണ്ടു കൊ​ല​പാ​ത​ക​ങ്ങൾ. ലണ്ടൻ നി​യ​മ​ത്തെ അനു​സ​രി​ക്കു​ന്നു​ണ്ടു്. പതി​ന​ഞ്ചു ദി​വ​സ​ത്തി​ലൊ​രി​ക്കൽ മാ​ത്ര​മേ അവിടെ കൊ​ല​പാ​ത​കം നട​ക്കു​ന്നു​ള്ളൂ. ഉഷ്ണ​മേ​ഖ​ല​യിൽ​പെ​ട്ട രാ​ജ്യ​ങ്ങ​ളിൽ കൊ​ല​പാ​ത​ക​ത്തി​ന്റെ നി​ര​ക്കു വളരെ ഉയർ​ന്ന​താ​ണു്. മക്സി​ക്കോ​യിൽ രോ​ഗ​ങ്ങൾ കൊ​ണ്ടു​ള്ള മര​ണ​ങ്ങ​ളെ​ക്കാൾ കൂ​ടു​ത​ലാ​ണു് കൊ​ല​പാ​ത​ക​ങ്ങൾ” 1960-ൽ കോളിൻ വിൽസൺ എഴു​തി​യ​താ​ണി​തു്. മു​പ്പ​ത്തി​യെ​ട്ടു വർ​ഷ​ങ്ങൾ കഴി​ഞ്ഞി​രി​ക്കു​ന്നു ഇപ്പോൾ. കൊ​ല​പാ​ത​ക​ങ്ങൾ സങ്ക​ല്പാ​തീ​ത​മായ വി​ധ​ത്തിൽ പെ​രു​കി​യി​രി​ക്കു​ന്നു താനും. അതിൽ സെൻ​സി​റ്റീ​വ് ആർ​ടി​സ്റ്റ് പ്ര​തി​ക​രി​ക്കാ​തി​രു​ന്നി​ല്ല. ആ പ്ര​തി​ക​ര​ണ​മാ​ണു് ശ്രീ. ടി. എൻ. പ്ര​കാ​ശി​ന്റെ ‘ഇല്ല ആരും പി​റ​കി​ലി​ല്ല’ എന്ന കഥയിൽ ഉള്ള​തു് (മല​യാ​ളം വാരിക) രാ​ഷ്ട്ര വ്യ​വ​ഹാ​ര​ത്തോ​ടു ബന്ധ​പ്പെ​ട്ട ഒരു വധ​ത്തി​നു ശേഷം മരി​ച്ച​വ​ന്റെ സു​ഹൃ​ത്തി​നെ പി​ന്തു​ട​രു​ന്നു കൊ​ല​പാ​ത​കി​കൾ. ആ സു​ഹൃ​ത്തി​ന്റെ ഭയ​ത്തെ​യും പ്ര​ക​മ്പ​ന​ത്തെ​യും കഥാ​കാ​രൻ വി​ശ്വാ​സ​ജ​ന​ക​മാ​യി ആവി​ഷ്ക​രി​ച്ചി​രി​ക്കു​ന്നു.

images/Colin_Wilson.jpg
കോളിൻ വിൽസൺ

4. ദി​ല്ലി​യിൽ നി​ന്നു ശ്രീ. അകവൂർ നാ​രാ​യ​ണൻ കു​ങ്കു​മം വാ​രി​ക​യു​ടെ എഡി​റ്റർ​ക്കു് എഴു​തു​ന്നു: “എൻ. വി. കൃ​ഷ്ണ​വാ​രി​യ​രെ​പ്പ​റ്റി രാ​മ​വാ​രി​യർ എഴു​തു​ന്ന അനു​സ്മ​ര​ണ​ക്കു​റി​പ്പു​കൾ വളരെ രസ​ക​ര​വും വി​ജ്ഞാ​ന​പ്ര​ദ​വും ചി​ലർ​ക്കു അപ​കീർ​ത്തി​ക​ര​വു​മാ​കു​ന്നു​ണ്ടു്” എന്നു വാ​ക്യം മാ​റ്റി​യെ​ഴു​തി​യാൽ വളരെ ശരി. വളരെ വളരെ ശരി. മാന്യ സു​ഹൃ​ത്തു അകവൂർ തു​ട​രു​ന്നു: “അമാ​നു​ഷ​പ്ര​തിഭ എന്നും അലൗ​കി​ക​ധി​ഷണ എന്നും അന്യാ​ദൃ​ശ​മ​നീഷ എന്നും മറ്റും പറ​യു​ന്ന​തി​നു് പ്ര​ത്യ​ക്ഷോ​ദാ​ഹ​ര​ണ​മാ​യി​രു​ന്ന എൻ. വി. യുടെ പൊ​തു​മു​ഖം എല്ല​വർ​ക്കു​മ​റി​യാം”. കു​ട്ടി​കൃ​ഷ്ണ​മാ​രാ​രു​ടെ ഒരു പ്ര​യോ​ഗം കട​മെ​ടു​ക്ക​ട്ടെ. ബ്ര​ഹ്മാ​ണ്ഡ കടാ​ഹ​ത്തി​ന്റെ മേൽ​ത്ത​ട്ടിൽ ചെ​ന്നി​ടി​ച്ചി​ട്ടു് അവിടെ നി​ന്നും ഉയർ​ന്നു പോ​കു​ന്ന അത്യു​ക്തി​യാ​ണി​തു്. വാൽ​മീ​കി, ഹോമർ, ഷേ​ക്സ്പി​യർ ഇവ​രെ​ക്കു​റി​ച്ചു് പറ​യു​മ്പോ​ഴും അലൗ​കിക ധിഷണ, അമാ​നു​ഷിക പ്ര​തിഭ, അന്യാ​ദൃ​ശ​മ​നീഷ എന്നൊ​ക്കെ പ്ര​യോ​ഗി​ക്കാൻ വയ്യ. ‘അപ്പോൾ​പ്പി​ന്നെ’ ഈ വി​ശേ​ഷ​ണ​ങ്ങൾ​ക്കു് എന്തു് ഉചി​ത​ജ്ഞ​ത​യി​രി​ക്കു​ന്നു?

ബു​ദ്ധിർ​മ്മ​നീ​ഷാ ധിഷണാ ധീഃ

പ്ര​ജ്ഞാ ശേ​മു​ഷീ മതിഃ

എന്നു് അമ​ര​കോ​ശം. മനീ​ഷ​യ്ക്കും ധി​ഷ​ണ​യ്ക്കും തമ്മിൽ അർ​ത്ഥ​ഭേ​ദ​മി​ല്ല. “പ്ര​ജ്ഞാ നവ​ന​വോ​ന്മേഷ ശാ​ലി​നീ പ്ര​തി​ഭാ​മ​താ” എന്നു് രു​ദ്ര​ടൻ. ഇതൊ​ന്നും മന​സ്സി​ലാ​ക്കാ​തെ അജ​ഗ​ജാ​ന്തര വ്യ​ത്യാ​സ​മെ​ന്നും, നാ​സി​കാ​ചൂർ​ണ്ണ​പ്പൊ​ടി എന്നും എഴു​തു​ന്ന​വ​രെ​ക്കു​റി​ച്ചു് എന്തു പറ​യാ​നാ​ണു്!

നഞ്ചെ​ന്തി​നു നാ​നാ​ഴി
images/Schumacher.jpg
ഷോ​മാ​ഹാർ

ജർ​മ്മ​നി​യിൽ ജനി​ച്ചെ​ങ്കി​ലും 1937-ൽ ഇം​ഗ്ല​ണ്ടി​ലേ​ക്കു​പോ​ന്ന സാ​മ്പ​ത്തിക ശാ​സ്ത്ര​ജ്ഞൻ ഷൊ​മാ​ഹർ (Schumacher 1944–1977. പണ്ടൊ​രു കവി ഉച്ച​രി​ച്ച​തു​പോ​ലെ ഷൂ​മേ​ക്കർ എന്ന​ല്ല. ആ ഉച്ചാ​ര​ണ​ത്തി​നു് ഒരു ന്യാ​യ​വും അദ്ദേ​ഹം പറ​ഞ്ഞു. ഷൂ​മാ​ഹ​റു​ടെ അച്ഛൻ ഷൂ​മേ​ക്കർ—ചെ​രു​പ്പു​കു​ത്തി—ആയി​രു​ന്നു​പോ​ലും) ‘Small is Beautiful’ എന്ന ഗ്ര​ന്ഥ​ത്തി​ന്റെ കർ​ത്താ​വാ​ണു്. ലഘൂ​ക​രി​ച്ച സാ​മ്പ​ത്തിക വളർ​ച്ച​യേ പാ​ടു​ള്ളൂ. പക്ഷേ അടി​സ്ഥാ​ന​പ​ര​ങ്ങ​ളായ ആവ​ശ്യ​ത​കൾ നിർ​വ്വ​ഹി​ക്ക​പ്പെ​ടു​ക​യും വേണം. ഇതാ​ണു് ഷൂ​മാ​ഹ​റു​ടെ നിർ​ദ്ദേ​ശം. ഇതാ​ണു് ‘ചെ​റു​തു് സു​ന്ദ​രം’ എന്ന സങ്ക​ല്പ​ത്തി​ന്റെ അർ​ത്ഥം. സാ​മ്പ​ത്തിക ശാ​സ്ത്ര​ത്തി​നു് മാ​ത്ര​മ​ല്ല കവി​ത​യ്ക്കും കഥ​യ്ക്കും ഇതു ചേരും. ദേ​ശാ​ഭി​മാ​നി വാ​രി​ക​യി​ലെ കഥ​ക​ളെ​ല്ലാം ഹ്ര​സ്വ​ങ്ങ​ളാ​യേ ഞാൻ കണ്ടി​ട്ടു​ള്ളൂ. അതു​കൊ​ണ്ടു് ഞാനവ വാ​യി​ക്കു​ക​യും ചെ​യ്യും. ശ്രീ. കെ. എസ്. പ്രേ​മ​ന്റെ ‘ആകാ​ശ​യാ​ത്രി​കർ’ എന്ന കഥ വാ​രി​ക​യിൽ കു​റ​ച്ചു സ്ഥലം മാ​ത്രം അപ​ഹ​രി​ച്ചു് വി​ല​സു​ന്ന​തു് കണ്ട​പ്പോൾ എനി​ക്കു് ഉത്സാ​ഹ​മാ​യി. വാ​യി​ച്ചു. സ്മാ​ളാ​ണെ​ങ്കി​ലും ബ്യൂ​ട്ടി​ഫുൾ അല്ല​ല്ലോ എന്നു് തോ​ന്നു​ക​യും ചെ​യ്തു. ഒരു പെ​ണ്ണു് ആഭ​ര​ണ​ക്ക​ട​യ്ക്കു് പര​സ്യ​ത്തി​നു വേ​ണ്ടി ഫോ​ട്ടോ​യെ​ടു​ക്കാൻ രാ​ത്രി​യിൽ കാറിൽ കയ​റി​പ്പോ​കു​ന്നു. ഡ്രൈ​വ​റും വേ​റൊ​രു​ത്ത​നും ചേർ​ന്നു് അവളെ ബലാൽ​സം​ഗം ചെ​യ്യു​ന്നു. പഴയ നി​യ​മ​ത്തി​ലെ നോഅ (Noah) മഹാ​പ്ര​ള​യ​ത്തിൽ നി​ന്നും രക്ഷ​പ്പെ​ടാൻ യാ​ന​പാ​ത്ര​മു​ണ്ടാ​ക്കു​ന്ന​തി​നു മുൻപ് അയാ​ളു​ടെ അച്ഛൻ ലേ​മെ​ക് (Lamech) കൈ​കാ​ര്യം ചെ​യ്തി​രി​ക്കാ​നി​ട​യു​ള്ള ഒരു വിഷയം തി​ക​ഞ്ഞ കൃ​ത്രി​മ​ത്വ​ത്തോ​ടു കൂടി വീ​ണ്ടും പ്ര​തി​പാ​ദി​ക്കു​ക​യാ​ണു് പ്രേ​മൻ. വാ​ക്യ​ഝം​ഝാ​വാ​ത​ത്താൽ വി​കാ​ര​പാ​ത്ര​ങ്ങൾ അടി​ച്ചു പറ​പ്പി​ക്ക​പ്പെ​ടു​ന്ന ഒരു കലാ​ഭാ​സ​മാ​ണി​തു്. സ്മാൾ തന്നെ. പക്ഷേ ‘നഞ്ചെ​ന്തി​നു നാ​നാ​ഴി?’

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-04-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.