സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-04-24-ൽ പ്രസിദ്ധീകരിച്ചതു്)

വീടുകളെ വേർതിരിക്കുന്നതു് മതിലുകളാണു്. മതിലുകൾ കെട്ടുന്നതെന്തിനെന്നു ചോദിച്ചാൽ പലരും പല ഉത്തരങ്ങൾ നല്കും. ഭവനങ്ങളിലെ സ്ത്രീകൾക്കു് അന്യോന്യം സംസാരിക്കാനാണു് ഭിത്തികൾ നിർമ്മിക്കുന്നതെന്നു ഞാൻ കരുതുന്നു. ജോലിയെല്ലാം കഴിഞ്ഞു് കല്യാണിക്കുട്ടി മതിലിനോടു ചേർന്നുനിന്നു് അടുത്തവീട്ടിലെ സരോജിനിയെ വിളിക്കുന്നു. സരോജിനി തിടുക്കത്തിലെത്തുന്നു. ‘അറിഞ്ഞില്ലേ സരൂ. പ്ലാംപറമ്പിലെ ലതയുടെ കല്യാണം കഴിഞ്ഞിട്ടു് ഏഴു മാസമേ ആയുള്ളു. ഇന്നലെ വളർച്ചയെത്തിയ ഒരു പെൺകുട്ടിയെ അവൾ പെറ്റു. ഇതുകേട്ടു സരോജിനി മൂക്കിൽ വിരൽ ചേർത്തു നില്ക്കുന്നു. ഈ അപവാദ വ്യവസായം നടത്താൻ മതിലുകളില്ലെങ്കിൽ ഒക്കുകില്ല. കളങ്കമാർന്ന വാക്കുകൾ മതിലിന്റെ മുകളിലൂടെ മാത്രമേ കടന്നുപോകൂ. ഭിത്തിയില്ലെന്നു വിചാരിക്കു. സ്ത്രീകൾ തമ്മിൽത്തമ്മിൽ സംസാരിക്കില്ല.

images/Helene_Cixous.jpg
സീസ്സൂ

ഈ ഭിത്തി നിർമ്മിതി ഏറ്റവും അധികം കാണുന്നതു പടിഞ്ഞാറൻ തത്ത്വചിന്തകളിലാണു്. വിശേഷിച്ചും തത്ത്വചിന്തയിൽ വ്യാപരിക്കുന്ന സ്ത്രീകളുടെ കാര്യത്തിൽ. പ്ലേറ്റോ തൊട്ടു് റസ്സൽ വരെ. സാർത്രു് വരെയുള്ള തത്ത്വചിന്താ പ്രവാഹത്തിൽ നിന്നുമാറി സ്വന്തം ഭവനങ്ങൾ നിർമ്മിച്ചു് അവർ ഭിത്തികൾ കെട്ടിപ്പൊക്കുന്നു. അപവാദ വ്യവസായത്തിനല്ല. സ്വകീയങ്ങളായ ദാർശനികതത്ത്വങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറയാൻ. ഫ്രഞ്ചു് ഫെമിനിസ്റ്റ് ക്രിട്ടിക് സീസ്സൂ (Cixous, born 1937) ഒരു സിദ്ധാന്തം ഉദ്ഘോഷിക്കുന്നു. വേറൊരു ഫ്രഞ്ചു് സൈക്കോ അനാലിസ്റ്റായ ഈറിഗറേ (Irigaray, born 1932) മറ്റൊരു സിദ്ധാന്തം മതിലിനു മുകളിലൂടെ എറിയുന്നു. രണ്ടിനും പൊരുത്തമില്ല പ്രധാന ചിന്താപ്രവാഹത്തോടും അവയ്ക്കു ബന്ധമില്ല. മതിലുകൾ. എങ്ങും മതിലുകൾ.

ചോദ്യം, ഉത്തരം

ചോദ്യം: അജാതശത്രു എന്നാൽ അർത്ഥമെന്തു്?

ഉത്തരം: ശത്രുവില്ലാത്തവൻ അജാതശത്രു. ആരുടെയും ശത്രു അല്ലാത്തവനും അജാതശത്രുവാണു്. യുധിഷ്ഠിരനെ അജാതശത്രുവെന്നു പറയുന്നു. ‘ഹന്ത ജാതമജാതാരേഃ പ്രഥമേന ത്വയാരിണാ’ എന്നു മാഘമഹാകാവ്യത്തിൽ (അജാതശത്രുവായ ധർമ്മപുത്രർക്കു നീ തന്നെ ഒന്നാമത്തെ ശത്രുവായിഭവിക്കും) ജനനത്തിനു മുൻപുതന്നെ ശത്രുവെന്നും അർത്ഥം പറയാം. മഗധരാജാവിന്റെ മകൻ—ബിംബിസാരന്റെ മകൻ—അജാതശത്രുവായിരുന്നു. അച്ഛനെ കൊല്ലുകയും ബുദ്ധനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ആ അജാതശത്രു ജനനത്തിനു മുൻപുതന്നെ എല്ലാവരുടെയും ശത്രു ആയിരുന്നു.

ചോദ്യം: ഗാന്ധിജിയെയും നെഹ്രുവിനെയും ജനങ്ങൾ ഒരേ തരത്തിൽ ബഹുമാനിച്ചിരുന്നു അല്ലേ?

ഉത്തരം: “നെഹ്രു ജീനിയസ്സായിരുന്നു. ബഹുജനം ജീനിയസ്സിനെ ബഹുമാനിക്കും. ഗാന്ധിജി സ്വഭാവഗുണത്തിന്റെ പ്രതീകമായിരുന്നു. സ്വഭാവശുദ്ധിയുള്ളവരെ ജനങ്ങൾ സ്നേഹിക്കും”. സ്വേച്ഛാധിപത്യ പ്രവണതയുള്ളവരെ ആളുകൾ പേടിക്കും. ഇന്ദിരാഗാന്ധിയെ ജനത പേടിച്ചു.

ചോദ്യം: സാറേ ഈ ബഡ്ജറ്റ് എന്നു പറഞ്ഞാൽ എന്താണു്?

ഉത്തരം: ഒരു നികുതി ഇല്ലാതാക്കീട്ടു് വേറൊരു നികുതി വളരെക്കൂട്ടുന്ന ഏർപ്പാടു്.

ചോദ്യം: നിങ്ങൾ നിരൂപകർക്കു മനസാക്ഷിയുണ്ടോ?

ഉത്തരം: ഞാൻ അങ്ങനെയൊരു നിരൂപകനല്ല. ലിറ്റററി ജേണലിസമാണു് എന്റേതു്. അതുകെണ്ടു് താങ്കളുടെ ചോദ്യത്തിനു പ്രകരണ യോഗ്യതയില്ല. പിന്നെ കേരളത്തിലങ്ങനെ നിരൂപകരുമില്ല. എന്തായാലും ഇവിടെ സാഹിത്യത്തെക്കുറിച്ചു് എഴുതുന്നവർ കൂട്ടുകാരുടെ പുസ്തകം കിട്ടിയാൽ മനസ്സാക്ഷിയെ ഉറക്കഗുളിക കൊടുത്തു ഉറക്കുന്നു. ശത്രുക്കളുടെ പുസ്തകം കിട്ടിയാൽ amphetamine sulphate കൊടുത്തു മനസ്സാക്ഷിക്കു് ഉത്തേജനം നല്കുന്നു.

ചോദ്യം: സിനിമയിൽ പുരുഷന്മാർ ഡൻസ് ചെയ്യുന്നതു കാണുമ്പോൾ എനിക്കു് അറപ്പും വെറുപ്പും ഉണ്ടാകുന്നു. നിങ്ങൾക്കോ?

ഉത്തരം: എനിക്കു് അറപ്പുമില്ല വെറുപ്പുമില്ല. അതിമദ്യപൻ റോഡിലൂടെ തപ്പിയും തടഞ്ഞും വീണും എഴുന്നേറ്റും പതറിപ്പോകുമ്പോൾ നമുക്കു അയാളോടു സഹതാപമല്ലേ ഉണ്ടാവുക? പിന്നെ നൃത്തം സ്ത്രീകളുടെ കല മാത്രമാണു്. ബ്രാ ധരിച്ചു നൃത്തം ചെയ്യേണ്ട പുരുഷന്മാർ അതു ധരിക്കാതെ നെഞ്ചുകുലുക്കി ചാടുമ്പോൾ എനിക്കു ഛർദ്ദിക്കാൻ തോന്നും.

ചോദ്യം: രാഷ്ടീയ നേതാക്കന്മാർ, ചലച്ചിത്ര നടന്മാർ, അധ്യാപകർ, സമൂഹ പരിഷ്കർത്താക്കൾ ഇവരുടെ ഓട്ടോഗ്രാഫുകൾ പെൺപിള്ളേർ വാങ്ങുന്നതു് എന്തിനാണു്?

ഉത്തരം: എനിക്കുമുണ്ടു് ആ സംശയം. അവരുടെ കൈയൊപ്പിനു പകരം വിരലടയാളം വാങ്ങിയാൽ പിന്നീടു് പോലീസ് ഡിപ്പാർട്ടുമെന്റിനു് ഉപകാരപ്പെടും.

ചോദ്യം: ഏതു മണ്ടനും വിമർശിക്കാം. അന്യനെ ആക്ഷേപിക്കാം. ശരിയല്ലേ?

ഉത്തരം: ശരിയാണു് താങ്കൾ തന്നെ ഇപ്പോൾ രണ്ടും നടത്തുന്നല്ലോ?

ബഹുമാനം തടസ്സമുണ്ടാക്കുന്നു

എനിക്കു് ഒന്നിലും മനഃപ്രവേശമില്ല (ശ്രദ്ധ എന്നു് മലയാളത്തിൽ പ്രയോഗിക്കുന്ന അർത്ഥത്തിൽ മനഃപ്രവേശം). പണ്ടു് പുസ്തകങ്ങളെ കാര്യമായി കരുതിയിരുന്നു. പ്രായത്തിന്റെ ആധിക്യം കൊണ്ടാവണം ഇപ്പോൾ അവയിലും താല്പര്യമില്ല. ഈ അനവധാനത നാല്പത്തിയഞ്ചുകൊല്ലം മുൻപും ഉണ്ടായിരുന്നു. പുസ്തകങ്ങളെ അന്നു് സ്നേഹിച്ചുവെന്നു മാത്രം. അക്കാലത്തല്ല പിന്നെയും കുറേ വർഷങ്ങൾ കഴിഞ്ഞു് ഡോക്ടർ പി. കെ. നാരായണപിള്ളയോടൊരുമിച്ചു് ഞാൻ തിരുവല്ലയിൽ ഒരു സമ്മേളനത്തിനു് പോയി. മീറ്റിങ് കഴിഞ്ഞു് തിരിച്ചുവരുമ്പോൾ അങ്ങാടിമദ്ധ്യത്തിലെത്തിയ സമയത്തു് പി. കെ. ‘സ്റ്റോപ്പ്’ എന്നു് ഡ്രൈവറോടു് ആജ്ഞാപിച്ചു. കാറ് നിന്നു. സമ്മേളന സംഘാടകൻ കാറിലുണ്ടായിരുന്നു, അപ്പോഴും. അയാളോടു് പി. കെ. പറഞ്ഞു. ‘അക്കാണുന്ന ഏത്തക്കുലകളിൽ നിന്നഞ്ചെണ്ണം വാങ്ങി കാറിന്റെ പുറകിൽ വയ്ക്കൂ’. സംഘാടകൻ വിനയാന്വിതനായി ‘വയ്ക്കാമേ’ എന്നു പറഞ്ഞു: നാലെണ്ണം മതിയായിരുന്നു. കൃഷ്ണൻ നായരുടെ വീട്ടിന്റെ മുൻപിൽ ഏത്തവാഴയിൽ ഒന്നാന്തരം കുല വിളഞ്ഞു നിൽക്കുന്നുണ്ടു്. അതുകൊണ്ടു് കൃഷ്ണൻ നായർക്കു് ഇപ്പോൾ കുല വാങ്ങേണ്ടതില്ല. ഞാൻ ഗ്രാമീണ ഭാഷയിൽ പറഞ്ഞാൽ അന്തിച്ചുപോയി. എന്റെ വീട്ടുമുറ്റത്തു് ഏത്തവാഴക്കുല ഉണ്ടെന്നു് ഞാനറിഞ്ഞിരുന്നില്ല. കാറിൽ നേരത്തേ വന്നു് എന്നെ കൂട്ടിക്കൊണ്ടുപോകാനായി വീട്ടിലേക്കു് കയറിയ അദ്ദേഹം അതു് കണ്ടു വച്ചിരുന്നു. തിരിച്ചു് രാത്രി പന്ത്രണ്ടു മണിയോടടുപ്പിച്ചു് വീട്ടിൽ തിരിച്ചെത്തിയ ഞാൻ വാതിൽ തുറന്ന സഹധർമ്മിണിയോടു് ചോദിച്ചു: ‘നമ്മുടെ മുറ്റത്തു് ഏത്തവാഴ കുലച്ചു നിൽക്കുന്നുണ്ടോ?’ ‘ഉണ്ടു്. അതാ വലതുഭാഗത്തു്’ എന്നു് മറുപടി. അപ്പോഴാണു് ഞാൻ ഏത്തവാഴ വീട്ടിലുണ്ടെന്നു് മനസ്സിലാക്കിയതു്.

അക്കാലത്തു് തന്നെ വീട്ടിൽ നിന്നു് കോടാലി കാണാതെയായി. കിളയ്ക്കാനും വാഴ നടാനും വേണ്ടി പതിവായി വീട്ടിൽ വന്നിരുന്ന ഒരു ജോലിക്കാരനാണു് കോടാലി മോഷ്ടിച്ചതെന്നു് സഹധർമ്മിണി പറഞ്ഞുവെങ്കിലും ഞാനതു വിശ്വസിച്ചില്ല. മാസങ്ങൾ കഴിഞ്ഞപ്പോൾ ആ ജോലിക്കാരൻ തന്നെ മരപ്പിടിയില്ലാത്ത കോടാലിയുമായി വീട്ടിലെത്തി. ‘അമ്മച്ചീ നല്ലൊരു കോടാലി. അറുപതു രൂപയേയുള്ളൂ വില. വേണോ?’ എന്നു ചോദിച്ചു. ‘അയ്യോ നമ്മുടെ കോടാലിയാണിതു്’ എന്നു സഹധർമ്മിണി. മോഷ്ടാവിനെ പോലീസിൽ എൽപ്പിക്കരുതു്, അയാൾ മോഷ്ടിച്ചുവെന്നു് പരസ്യമായിപ്പറഞ്ഞു് അയാളെ വേദനിപ്പിക്കരുതു് എന്നൊക്കെ വിചാരമുള്ളയാളാണു് ഞാൻ. അതുകൊണ്ടു് ‘വേലൂ അറുപതു രൂപ കൂടുതൽ. അമ്പതു രൂപ തരാം’. എന്നു പറഞ്ഞു് ഞാൻ എന്റെ കോടാലി ആ തുകകൊടുത്തു വീണ്ടും വാങ്ങി വച്ചു. ‘ഒരു പിടി കൂടി നിങ്ങൾ കൊണ്ടു വന്നു തരണം’ എന്ന അഭ്യർത്ഥനയും നടത്തി അയാളോടു്. ‘തരാം’ എന്നറിയിച്ചു് വേലു പോയി.

images/N_Prabhakaran.jpg
എൻ. പ്രഭാകരൻ

അദ്ഭുതാവഹമായ സാദൃശ്യത്തോടു കൂടി ഈ യഥാർത്ഥ സംഭവം ശ്രീ. എൻ. പ്രഭാകരന്റെ ബി. എം. പി. എന്ന കാല്പനിക കഥയിൽ പ്രത്യക്ഷമാകുന്നു. ജലജയുടേയും ഭർത്താവിന്റെയും വീട്ടിൽ നിന്നു് ഒരു ഓട്ടുരുളി കാണാതെയാവുന്നു. കുറേക്കാലം കഴിഞ്ഞു് ഒരുത്തൻ അതുതന്നെ അവിടെ വിൽപ്പനയ്ക്കു് കൊണ്ടു വരുന്നു. ജലജയ്ക്കു് ഉരുളി കൊടുത്ത മുത്തച്ഛൻ അയാളുടെ പേരിന്റെ—ബിച്ചന്റവിട മാധവപ്പണിക്കർ എന്നതിന്റെ ഹ്രസ്വരൂപമായി ബി. എം. പി. എന്നു് കൊത്തിയിരുന്നു, ഉരുളിയിൽ. ബെൽ മെറ്റൽ പാൻ എന്നാണു് പാത്രത്തിന്റെ പേരെന്നു് കാണിക്കാനായി അതിൽ ബി. എം. പി. എന്ന ചുരുക്കപ്പേരുണ്ടു്. ചായമടിച്ചു മറച്ചിരുന്ന ആ അക്ഷരങ്ങളെ ചുരണ്ടി സ്പഷ്ടമാക്കിയതു് ജലജയായിരുന്നു.

മറ്റു മലയാള കഥാകാരന്മാരിൽ നിന്നു് വിഭിന്നത പുലർത്തുന്ന സർഗ്ഗവൈഭവമുള്ളയാളാണു് പ്രഭാകരൻ. അദ്ദേഹത്തിൽ നിന്നു് ഇങ്ങനെ ക്ഷുദ്രമായ കഥ ഉണ്ടായതിൽ എനിക്കു് അനല്പമായ ദുഃഖമുണ്ടെന്നു് എഴുതിയാൽ അതു കള്ളമാവും. പക്ഷേ, വൈഷമ്യമുണ്ടു്. നിത്യജീവിതസംഭവത്തിന്റെ പ്രതികൃതി എന്നല്ലാതെ ഈ രചനയ്ക്കു് കലയുമായി ഒരു ബന്ധവുമില്ല. ജിലേബി രുചിക്കുമ്പോൾ അതു് ഒന്നാന്തരമാണെങ്കിൽ നമ്മുടെ അഭിനന്ദന വചനങ്ങൾക്കു് പരിമിതിയുണ്ടായിരിക്കും. ‘കൊള്ളാം ജിലേബി’ എന്നല്ലാതെ ‘ഹാ ഹാ’ എന്നും മറ്റും നിലവിളിക്കില്ല. അതല്ല കെട്ട ജിലേബി വായ്ക്കകത്തേക്കു് ഇടുമ്പോൾ ഉണ്ടാകുന്ന പ്രതികരണം. അതു ദൂരെ തുപ്പും. കാർക്കിച്ചു് വീണ്ടും വീണ്ടും തുപ്പും. വാ കഴുകും. നന്മയും തിന്മയും തമ്മിലുള്ള അനുപാതം സമമാണെങ്കിലും തിന്മയുളവാക്കുന്ന പ്രതികരണത്തിനു് തീക്ഷ്ണത കൂടും. അതുകൊണ്ടു് ഞാൻ പരുക്കൻ വാക്കുകൾ പ്രയോഗിക്കേണ്ടതാണു് പ്രഭാകരന്റെ കഥയെക്കുറിച്ചു്. അതു ചെയ്യാത്തതു് അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണു്.

കമന്റുകൾ

നെഹ്രു ജീനിയസ്സായിരുന്നു. ബഹുജനം ജീനിയസ്സിനെ ബഹുമാനിക്കും. ഗാന്ധിജി സ്വഭാവഗുണത്തിന്റെ പ്രതീകമായിരുന്നു. സ്വഭാവശുദ്ധിയുള്ളവരെ ജനങ്ങൾ സ്നേഹിക്കും

1. ഞാൻ കൗതുകത്തോടെ വായിക്കുന്ന പംക്തിയാണു് ശ്രീ ലക്ഷ്മണന്റെ ‘അലയൊലി’ എന്നതു് (കേസരി വാരിക). അതിലൊരു വാക്യം: “അതു കണ്ടറിഞ്ഞു് അങ്ങേർക്കു് മദാമ്മ വല്ലതും കൊടുക്കാതിരുന്നതു കഷ്ടായീന്നു് ചിലർക്കെങ്കിലും തോന്നിയിരിക്കണം.” ഇതിലെ മദാമ്മ മിസ്സിസ്സ് സോണിയയാണു്. സ്വർണ്ണാഭരണത്തിൽ രത്നം പതിച്ചതുപോലെയുള്ള പ്രയോഗം. ഒരു ശബ്ദമുണ്ടാക്കിയാൽ അതിന്റെ തരംഗങ്ങൾ ബഹുദൂരം വ്യാപിക്കുന്നതുപോലെ നാനാർത്ഥങ്ങൾ ഈ പ്രയോഗം ധ്വനിപ്പിക്കുനു. ലക്ഷ്മണനു് അഭിനന്ദനം. 2. ‘ആഖ്യാനത്തിന്റെ രാഷ്ട്രീയം’ എന്ന പേരിൽ ശ്രീ. ഉണ്ണികൃഷ്ണൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ പ്രബന്ധത്തിൽ ‘പിതൃപുത്രദ്വന്ദം’ എന്നൊരു പ്രയോഗംകണ്ടു. ‘ഋ’ കാരത്തിൽ അവസാനിക്കുന്ന രണ്ടു പദങ്ങൾ ദ്വന്ദ്വ സമാസമാകുമ്പോൾ പൂർവ്വപദത്തിന്റെ അന്ത്യത്തിലുള്ള ‘ഋ’ കാരം പോയി ‘ആ’ കാരം ആദേശമായി വരും. അതിനാൽ പിതാപുത്രദ്വന്ദ്വം എന്നാണു് വേണ്ടതു്. പിതൃപുത്രദ്വന്ദ്വമെന്നല്ല. ഉണ്ണികൃഷ്ണന്റെ പ്രബന്ധമാകെ സ്ഥൂലവും അദക്ഷവുമായതുകൊണ്ടു് ഈ നിസ്സാരമായ വ്യാകരണത്തെറ്റു് എടുത്തുകാണിക്കേണ്ടിയിരുന്നില്ലെന്നു് ഞാൻ സമ്മതിക്കുന്നു. ഡോക്ടർ കെ. ഗോദവർമ്മയുടെ ‘ഉത്കൃഷ്ട ബന്ധങ്ങൾ’ ഫിഫ്തു് ഫോമിൽ എനിക്കു് പഠിക്കാനുണ്ടായിരുന്നു. അതിലൊരു പ്രബന്ധം ‘പിതൃപുത്രബന്ധം’ എന്നതും. എന്നെ മലയാളം പഠിപ്പിച്ച അയ്യങ്കാർസ്സാറ് ആ തലക്കെട്ടു് വായിച്ചിട്ടു് പറഞ്ഞു, ‘പിതൃപുത്രബന്ധം’ എന്ന പ്രയോഗം രണ്ടാംതരം തെറ്റല്ല, ഒന്നാം തരം തെറ്റാണു്. പുത്രശബ്ദം പിൻവരുമ്പോൾ പൂർവ്വപദാന്ത്യമായ ‘ഋ’ കാരത്തിനു് ‘ആ’ കാരം ആദേശം വരും. അതിനാൽ പിതാപുത്രബന്ധം എന്നു വേണം. വർഷങ്ങളേറെക്കഴിഞ്ഞു് ഞാൻ പ്രഫെസർ എം. എച്ച്. ശാസ്ത്രികളോടു ചോദിച്ചു: സാറല്ലേ ഗോദവർമ്മസ്സാറിന്റെ ഉത്കൃഷ്ടബന്ധങ്ങൾ എന്ന പുസ്തകത്തിന്റെ പ്രൂഫ് തിരുത്തിയതു്. ഈ തെറ്റ് എങ്ങനെ വന്നു. സാറ് പറഞ്ഞു: “അതു പറ്റിപ്പോയി” ഗോദവർമ്മസ്സാറിനു വന്ന തെറ്റു് ഉണ്ണിക്കൃഷ്ണനു് വന്നതിൽ അത്ഭുതമെന്തിരിക്കുന്നു? (ഉണ്ണികൃഷ്ണനെന്നല്ല ഉണ്ണിക്കൃഷ്ണൻ എന്നാണു് ഞാനെഴുതുക).

3. മനുഷ്യനുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കുമുള്ള മരുന്നു പ്രകൃതിയിൽത്തന്നെയുണ്ടെന്നും അതു കണ്ടുപിടിക്കേണ്ടതേയുള്ളുവെന്നും വൈക്കം മുഹമ്മദ് ബഷീർ കൂടെക്കൂടെ പറയുമായിരുന്നു. സത്യമാണതു്. കാൻസറിനും എയ്ഡ്സിനും ഔഷധങ്ങൾ പ്രകൃതിയിലുണ്ടു്. മനുഷ്യൻ ഒരു കാലത്തു അതു കണ്ടുപിടിക്കുകയും ചെയ്യും.

കണ്ടുപിടുത്തത്തെക്കുറിച്ചു് ആങ്ദ്രേ ഷീദ് രസകരമായ വിധത്തിൽ പറഞ്ഞിട്ടുണ്ടെന്നു് ഓർമ്മ. ഒരാൾ അദ്ദേഹത്തോടു പറഞ്ഞു: ഒരു പാസ്തോയ്ർ ആരു്. ഒരു ലവ്വസ്യാ ആരു്. ഒരു പുഷ്കിനാരു് (Pasteur, Lavoisier, Pushkin) ചക്രവും സൂചിയും പമ്പരവും കണ്ടുപിടിച്ചവരോടു താരതമ്യപ്പെടുത്തുമ്പോൾ. കുഞ്ഞിന്റെ വളയം ഉരുളുമ്പോൾ അതു നേരേ നിൽക്കുന്നു എന്നു മനസ്സിലാക്കിയവനോടു തട്ടിച്ചു നോക്കുമ്പോൾ ഇവരൊക്കെ ആരു്? പോക്കറ്റ് (കീശ) തന്നെ എന്തൊരു അഭിനന്ദനാർഹമായ കണ്ടുപിടുത്തം! അതാ ഒരാൾ അദ്ദേഹത്തോടു സംസാരിച്ചു നോക്കു. ‘താങ്കൾ എന്തു കണ്ടുപിടിച്ചുവെന്നു് അറിഞ്ഞാലേ ഞാൻ അദ്ദേഹത്തിന്റെ അടുക്കലേക്കു പോകുന്നുള്ളു’വെന്നു് ഷീദ്. ‘ഞാൻ ബട്ടൺ കണ്ടുപിടിച്ചു’ എന്നു് അയാൾ.

നമ്മുടെ ചെറുകഥകൾ വീപ്പയ്ക്കുള്ളിലെ നാറുന്ന ചവറുപോലെയാണു്. വിമർശനം കൊണ്ടു് അതാരുമിളക്കാതെയിരുന്നാൽ നാറ്റം വ്യാപിക്കില്ല.

ഷീദ് ദൂരെക്കണ്ട ആളിന്റെ അടുക്കലെത്തി. അയാൾ ബട്ടൺ കണ്ടുപിടിച്ച ആളിനെ ലക്ഷ്യമാക്കിപ്പറഞ്ഞു: ‘ഒരു കാലത്തു് ഞങ്ങൾ ആപ്തമിത്രങ്ങളായിരുന്നു. പക്ഷേ, ഞാനില്ലാതെ അയാൾക്കു് അസ്തിത്വമില്ലെന്നു ഗ്രഹിച്ചതോടെ അയാൾക്കു് എന്നോടു് അസൂയയാണു്’. അയാൾ ബട്ടൺ കണ്ടുപിടിച്ചു. ശരി തന്നെ. പക്ഷേ, ഞാനാണു് ബട്ടൺദ്വാരം കണ്ടുപിടിച്ചതു്. ഇതുകേട്ടു ഷീദ് ചോദിച്ചു: ‘അപ്പോൾ നിങ്ങൾ ശണ്ഠ കൂടി അല്ലേ’. അയാളുടെ മറുപടി: ‘അതില്ലാതെ ഒക്കുമോ?’

images/BraveNewWorldRevisited.jpg

തികച്ചും നിസ്സാരങ്ങളെന്നു നമുക്കു് ഇന്നു തോന്നുന്ന കണ്ടുപിടുത്തങ്ങളാണു് മനുഷ്യരാശിയെ പുരോഗമിപ്പിച്ചതെന്നു പറയുകയാവാം ഷീദ്. അതേസമയം ഓരോ കണ്ടുപിടുത്തവും അന്യോന്യപൂരകവും പരസ്പരാശ്രിതവുമാണെന്നും. ഈ സങ്കല്പത്തിനു് ഇന്നു കൂടുതൽ പ്രാധാന്യം വന്നിരിക്കുന്നു. വെടിമരുന്നു് കണ്ടുപിടിച്ചതാരു്? ഗുരുത്വാകർഷണസിദ്ധാന്തത്തിന്റെ ഉദ്ഘോഷകനാരു്? എന്നൊക്കെ ചോദിച്ചാൽ ഏതു സ്ക്കൂൾ വിദ്യാർത്ഥിയും മറുപടി ഉടനെ പറയും. പക്ഷേ, ആറ്റംബോംബിന്റെ നിർമ്മിതിക്കു സഹായിച്ച ചെയ്ൻ റിയാക്ഷൻ കണ്ടുപിടിച്ചതാരു്? എന്നു ചോദിച്ചാൽ കോളേജ് വിദ്യാർത്ഥി ഉടനെ മറുപടി നൽകിയില്ലെന്നു വരും (അൽഡസ് ഹക്സിലിയുടെ Brave New World Revisited മുപ്പതുകൊല്ലം മുൻപു് വായിച്ച ഓർമ്മയിൽ നിന്നു കുറിക്കുന്നതു്). ശാസ്ത്രീയങ്ങളായ കണ്ടുപിടുത്തങ്ങൾ ഇന്നു കൂട്ടായ പ്രവർത്തനമായി മാറിയിരിക്കുന്നു. അപ്പോഴും സർഗ്ഗാത്മകത്വം വ്യക്തിയിൽ അധിഷ്ഠിതമത്രേ. Bronze Horseman പുഷ്കിനല്ലാതെ വേറെയാരും എഴുതുകില്ല.

images/Alexander_Pushkin.jpg
പുഷ്കിൻ

4. വെണ്മയുള്ള വസ്ത്രങ്ങൾ പോലും പരസ്യമായി അലക്കാൻ പാടില്ല. അപ്പോൾ മാലിന്യമുള്ള വസ്ത്രങ്ങൾ ആളുകൾ കാൺകെ അലക്കുന്നതിനെക്കുറിച്ചു് എന്തു പറയാൻ? അന്തരിച്ച എൻ. വി. കൃഷ്ണവാരിയരുടെ സഹോദരൻ ശ്രീ. എൻ. വി. രാമവാരിയർ കുറെക്കാലമായി നാറുന്ന വസ്ത്രങ്ങൾ ബഹുജനം കാണുന്ന വിധത്തിൽ അടിച്ചു നനയ്ക്കുന്നു. ഈ കുത്സിത പ്രക്രിയയുടെ ദർശനം ചിലർക്കു് പുളകോദ്മഗകാരിയുമാവുന്നു. ഈ ആഴ്ചത്തെ കുങ്കുമം വാരികയിൽ തകഴി ശിവശങ്കരപ്പിള്ളയ്ക്കല്ല ജ്ഞാനപീഠം സമ്മാനം നൽകേണ്ടിയിരുന്നതു് എന്നു ധ്വനിപ്പിച്ചിരിക്കുന്നു ലേഖകൻ. വൈലോപ്പിള്ളിക്കാണത്രേ അതു കൊടുക്കേണ്ടിയിരുന്നതു്. ഒന്നിനും മര്യാദയില്ലാത്ത കാലമാണിതെന്നു് എനിക്കറിയാം. പക്ഷേ, ഇത്രത്തോളമാകാമോ?

ഏതോ പുസ്തകത്തിൽ വായിച്ചതാണു് ഇനിപ്പറയുന്ന കഥ. ഒരിടത്തു് ഒരു ചത്ത തത്തയെ ആണിയടിച്ചു വച്ചിട്ടു് അതിന്റെ താഴെ ഇങ്ങനെ കുറിച്ചു വച്ചിരിക്കുന്നു: ഇതു ചത്തുപോയ തത്തയാണു്. ഇതിന്റെ ജീവൻ പോയിട്ടു് കുറെ ദിവസമായി. സ്രഷ്ടാവിനെ കാണാൻ തത്ത പോയി. ഇനി തിരിച്ചു വരില്ല. ഈ തത്തയുടെ ജീവനില്ലാത്ത ദേഹം ഇങ്ങനെ ആണിയടിച്ചു വച്ചില്ലെങ്കിൽ പല ആപത്തുകളുമുണ്ടാകും. അതു് വീട്ടുകാരൻ പറയുന്നതൊക്കെ അതുപോലെ പറയും. ഉടമസ്ഥന്റെ മകൾ കാമുകനോടു് ഒരുമ്മ തരു എന്നു പറഞ്ഞതുകേട്ടു് അവളുടെ തന്ത വരുമ്പോൾ ‘ഒരുമ്മ തരു’ എന്നു് തത്ത അപേക്ഷിക്കും. മാത്രമല്ല, വാരികകളിൽ പ്രസിദ്ധപ്പെടുത്താൻ തത്ത കത്തുകൾ അയച്ചുകൊടുക്കും. മാന്യന്മാരെ ഒരു ചേർത്തു അപമാനിക്കും. ഒരു കുട്ടിക്കൃഷ്ണമാരാർ. ഒരു മുണ്ടശ്ശേരി. ഒരു സഞ്ജയൻ എന്നൊക്കെയാവും തത്ത എഴുതുക. പ്രാണൻ പോയ തത്തകളെ വാരികകളുടെ അധികാരികൾ ആണിയടിച്ചൂ വയ്ക്കട്ടെ.

ഞാൻ മുൻപു് താമസിച്ച വീട്ടിൽ നിന്നു റോഡിലേക്കു ചെല്ലാൻ ഒരു ചെറിയ പാതയുണ്ടായിരുന്നു. ഇന്നും അതുണ്ടു് പരിഷ്കരിച്ച മട്ടിൽ. പാതയിറങ്ങിച്ചെന്നാൽ റോഡിന്റെ ഒരു വശത്തു് ഒരു വലിയ വീപ്പ ഇരിക്കുന്നതു കാണാം. കോർപൊറെയ്ഷൻ ജോലിക്കാർ സകല മാലിന്യങ്ങളും അതിൽ നിക്ഷേപിച്ചിരുന്നു. അതു നിറഞ്ഞാൽ പിന്നെയും ചവറുകൊണ്ടു മുകളിൽ വച്ചു് കൈകൊണ്ടു് ബലത്തോടെ അവർ അമർത്തുമതിനെ. കുഴപ്പമില്ല. ആ അഭി മർദ്ദം കൊണ്ടു് വീപ്പയ്ക്കകത്തെ പുതിഗന്ധം പുറത്തേക്കു വരില്ല. എന്നാൽ ഏതെങ്കിലുമൊരു ദിവസം കോർപൊറെയ്ഷൻ ലോറി വന്നു നിൽക്കുകയും അതിൽ നിന്നിറങ്ങിയ ജോലിക്കാർ കോരിക കൊണ്ടു് മാലിന്യം കോരിയെടുക്കുകയും ചെയ്താൽ ദുസ്സഹമായ നാറ്റമിളകും. അകലെയുള്ള എന്റെ വീട്ടിൽപ്പോലും എനിക്കിരിക്കാൻ പറ്റില്ല. നമ്മുടെ ചെറുകഥകൾ വീപ്പയ്ക്കുള്ളിലെ നാറുന്ന ചവറുപോലെയാണു്. വിമർശനം കൊണ്ടു് അതാരുമിളക്കാതെയിരുന്നാൽ നാറ്റം വ്യാപിക്കില്ല. പക്ഷേ, ഞാനൊരു കോർപൊറെയ്ഷൻ ജോലിക്കാരനാണു്. ചവറു കോരിയെടുക്കുമ്പോൾ ഉണ്ടാകുന്ന നാറ്റം ഞാൻ സഹിക്കുന്നു. ബഹുജനവും തെല്ലുനേരം അതു സഹിക്കണമെന്നു് അപേക്ഷിക്കുന്നു. വീപ്പ ശൂന്യമാക്കി വയ്ക്കേണ്ടതല്ലേ? ഇല്ലെങ്കിൽ മാലിന്യം റോഡിൽ നാലുപാടും ചിതറി സാംക്രമികരോഗങ്ങൾ ഉണ്ടാവുകയില്ലേ?

മലയാളം വാരികയിലെ രണ്ടു ചെറുകഥകളും കലയുടെ പരിധിക്കുള്ളിൽ സസുഖം വർത്തിക്കുന്നവയല്ല. ശ്രീ. കെ. ജയചന്ദ്രന്റെ ‘തീർത്ഥസ്മൃതികളിൽ’ ഭൂതകാലസംഭവങ്ങളും വർത്തമാനകാല സംഭവങ്ങളും കൂട്ടിക്കലർത്തി ജീവിതത്തിലേക്കു് അന്തർദൃഷ്ടി വ്യാപരിപ്പിക്കാനാണു് ശ്രമം. പക്ഷേ, സംഭവങ്ങളുടെ പിറകിൽ വികാരമേയില്ല. ഇതൊരു എലൂവിയൽ (alluvial-എക്കൽ) നിക്ഷേപം മാത്രമാണു്. ഭാവമില്ലാതെയുള്ള രൂപം കിളിയില്ലാത്ത കൂടുപോലെയാണു്.

ശ്രീ. ഉണ്ണികൃഷ്ണൻ തിരുവാഴിയോടിന്റെ ‘ന ജായതേ മൃയതേ’ എന്ന കഥയിൽ (ന ജായതേ മ്രിയതേ എന്നു വേണം—ആത്മാവ് ജനിക്കുന്നില്ല, മരിക്കുന്നില്ല) ഉത്തരഭാരതത്തിലെ നഗരങ്ങൾ, ക്ഷേത്രങ്ങൾ, ഹിന്ദുമതത്തിലെ മിത്തുകൾ ഇവയെക്കുറിച്ചു് പറഞ്ഞു വായനക്കാർക്കു അനുഭൂതിയുണ്ടാക്കാനുള്ള വ്യർത്ഥയത്നം മാത്രമേയുള്ളൂ. ഇതിൽ കഥയില്ല, ആഖ്യാനമില്ല, സ്വഭാവചിത്രീകരണമില്ല, വികാരനിബന്ധനമില്ല, ഒന്നുമില്ല.

പുതിയ പുസ്തകം
images/harvest.jpg

ആരും വഴക്കിനു വരരുതേ. എനിക്കു ശരിയെന്നു തോന്നുന്നതു പറയുകയാണു്. സി. ജെ. തോമസിന്റെ നാടകങ്ങൾ യഥാർത്ഥ നാടകങ്ങളാണു് പക്ഷേ, തോപ്പിൽ ഭാസിയുടെ നാടകങ്ങൾ യഥാർത്ഥ നാടകങ്ങളല്ല. അവ തീയട്രിക്കൽ മാത്രമാണു്. എന്താണു് തീയട്രിക്കലിസം? നാടക വേദിയെ സംബന്ധിക്കുന്ന കൃത്രിമത്വങ്ങൾ. അസ്വാഭാവികതകൾക്കു മൂർദ്ധന്യാവസ്ഥ കൈവരുമ്പോഴാണു് നാടകം ഓടിയൊളിക്കുന്നതും തീയട്രിക്കലിസം തലയുയർത്തി പ്രത്യക്ഷമാകുന്നതും. നാടകത്തിൽ അസ്വാഭാവികതയില്ല. തീയട്രിക്കൽ സംഭാഷണങ്ങളിൽ സൂത്രപ്പണിയേറും.

images/C_J_Thomas.jpg
സി. ജെ. തോമസ്സ്

രണ്ടുലക്ഷത്തി അമ്പതിനായിരം ഡോളർ ഒന്നാം സമ്മാനമായി നേടിയ (The Onassis Prize) മഞ്ജുള പദ്മനാഭന്റെ Harvest എന്ന ‘നാടകം’ നാടകമല്ല. വെറും പ്രകടനാത്മകതയാണു്. അവയവ വില്പനയിലൂടെ ദരിദ്രരാജ്യങ്ങളെ ചൂഷണം ചെയ്തു് അവയെ കൂടുതൽ ദരിദ്രമാക്കുന്ന മുതലാളിത്ത രാഷ്ട്രത്തെ പരിഹസിക്കുന്ന ഈ രചനയ്ക്കു പ്രചാരണമൂല്യമുണ്ടെങ്കിലും കലാമൂല്യമില്ല. പ്രചാരണത്തിനു ഊന്നൽ നല്കിയതുകൊണ്ടു് ഇതിൽ മനുഷ്യജീവിതമില്ല. സംഘട്ടനമില്ല. സ്വാഭാവിക സംഭാഷണങ്ങളില്ല. ഗൗരവമാർന്ന മാനുഷികാനുഭവങ്ങളെ പ്രതിഭാശാലികളായ നാടക കർത്താക്കന്മാർ വിദഗ്ദ്ധമായി പ്രതിപാദിക്കുമ്പോൾ മഞ്ജുളാ പദ്മനാഭനെപ്പോലെയുള്ളവർ ആ അനുഭവങ്ങളെ തരം താഴ്ത്തുന്നു. അവയുടെ വില താഴ്ത്തുന്നു. ഈ ക്ഷുദ്രരചനയ്ക്കു എങ്ങനെ ഈ വലിയ സമ്മാനം കിട്ടിയെന്നു ഞാൻ അദ്ഭുതപ്പെടുന്നു. അല്ലെങ്കിൽ അദ്ഭുതപ്പെടാനെന്തിരിക്കുന്നു?

ആളുകൾക്കൊക്കെ കാണാൻ കൊള്ളുകില്ലെന്നു അഭിപ്രായമുള്ള ചെറുപ്പക്കാരി അവളുടെ കാമുകന്റെ ദൃഷ്ടിയിൽ സുന്ദരിയാണു്. കലാവൈരൂപ്യത്തിന്റെ പേരിൽ പരക്കെ നിന്ദിക്കപ്പെടുന്ന കഥയോ കവിതയോ സുന്ദരമായി ഒരുത്തനു അനുഭവപ്പെടും. എന്താണിതിനു കാരണം? കാമുകിക്കു കോങ്കണ്ണും ഹ്രസ്വകേശവും പരുക്കൻ ശബ്ദവും ഉണ്ടെങ്കിലും കാമുകൻ അവയിലൂടെ അയാളുടെ അഭിലാഷങ്ങൾക്കു സാഫല്യം നേടുന്നു. ആ സഫലതയാണു സൗന്ദര്യമായി തോന്നുന്നതു്. രചനയുടെ കാര്യത്തിലും ഇതുതന്നെയാണു പറയേണ്ടതു്. പക്ഷേ, ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണു ശരി.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-04-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.