സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-05-01-ൽ പ്രസിദ്ധീകരിച്ചതു്)

ആളുകൾക്കു രാഷ്ടവ്യവഹാരസംബന്ധിയായി സ്ഥിരതയുള്ള വിശ്വാസങ്ങളുണ്ടു്. അവർ അതു് ഒരിക്കലും മാറ്റുകയില്ല. ഇനിയൊരു തിരഞ്ഞെടുപ്പു് ഉണ്ടായാലും സ്ഥിതി ഇതുതന്നെയാവും.

കാമാവസ്ഥയിലായ ദുഷ്യന്തൻ ശകുന്തളയെ അന്വേഷിച്ചു് മാലിനീതീരത്തേക്കു പോയി. അപ്പോഴാണു് അദ്ദേഹം പ്രണയിനിയുടെ കാലടിപ്പാടുകൾ കണ്ടതു്. വെളുത്ത മണലുള്ള ലതാമണ്ഡപത്തിന്റെ മുൻപിൽ മുൻവശം ഉയർന്നും ശ്രോണീഭാരം കൊണ്ടു പിൻവശം താഴ്‌ന്നുമുള്ള പുതിയ ചരണ ചിഹ്ന പരമ്പര ദുഷ്യന്തൻ ദർശിക്കുകയായി.

(അഭ്യുന്നതാ പുർസ്താദവഗാഢാ

ജഘനഗൗരവാത്പശ്ചാത്

ദ്വാരേസ്യ പാണ്ഡുസികതേ

പദപംക്തിർ ദൃശതേഭിനവാ)

കാലടിപ്പാടുകളിലൂടെ ശകുന്തളയെ അകക്കണ്ണുകൊണ്ടു കാണുന്ന ദുഷ്യന്തനെപ്പോലെ ലീല (കുമാരനാശാന്റെ ‘ലീല’ എന്ന കാവ്യത്തിലെ നായിക) കുയിലുകളുടെ കുഹൂ കുഹൂ നിനാദത്തിലൂടെ പ്രിയന്റെ കഥ കേൾക്കുന്നു. അയാളെ അന്തർനേത്രം കൊണ്ടുകാണുന്നു.

images/TheVictory.jpg

റ്റാഗോറിന്റെ ‘The Victory’ എന്ന കഥയിലെ കവി നൂതനമായ കവിത രാജാവിന്റെ മുൻപിൽ നിന്നു ചൊല്ലുമ്പോൾ യവനികയുടെ പിറകിൽ ഏതോ നിഴൽ നീങ്ങുന്നതു കാണും. ചിലമ്പിന്റെ സുവർണ്ണനാദം അയാളുടെ കാതിൽ വന്നു വീഴും. ആ നിഴലിൽക്കൂടി. സുവർണ്ണനാദത്തിൽക്കൂടി അയാൾ രാജകുമാരിയെ ഉള്ളിലെ കണ്ണുകൊണ്ടു കാണും. ഞാൻ കുയിലിനെ അങ്ങനെ കണ്ടിട്ടില്ല. പക്ഷേ, സായാഹ്നം കഴിഞ്ഞു് അതിന്റെ ഗാനം അന്തരീക്ഷത്തിലൂടെ ഒഴുകിവരുമ്പോൾ ആ കളകണ്ഠമുരളീരവത്തിലൂടെ പക്ഷിയെ സാക്ഷാത്കരിക്കുന്നു. ഞാൻ നോക്കാത്ത വേളയിൽ പാറിപ്പറന്നു പോയ നീലനിറമാർന്ന പക്ഷിയുടെ നീലിമ അന്തരീക്ഷത്തിൽ രേഖ പോലെ കാണുന്നതിലൂടെ അന്തർദ്ധാനം ചെയ്ത വിഹംഗമത്തെ എന്റെ ആന്തരനേത്രം ദർശിക്കുന്നു.

നളിനങ്ങളറുത്തു നീന്തിയും

കുളിരേലും കയമാർന്നുമുങ്ങിയും

പുളിനങ്ങളിലെന്നോടോടിയും

കളിയാടും പ്രിയന്നുകുട്ടിപോൽ

എന്നു് അടുത്ത വീട്ടിലെ കുട്ടി ഉറക്കെച്ചൊല്ലുമ്പോൾ അതെഴുതിയ കവിയുടെ രൂപം എന്റെ ചിത്തദർപ്പണത്തിൽ പ്രതിഫലിക്കുന്നു. വേറൊരു കവിയുടെയും രൂപം അവിടെ വരാത്തതിനു് ഹേതു ആ കാവ്യശൈലിയുടെ അന്യാദൃശസ്വഭാവമാണു്.

ഉന്തിയ പല്ല്
images/Fyodor_Sologub.jpg
സലഗുപ്

റഷൻ സാഹിത്യകാരനായ സലഗുപ് (Sologub 1813–1882) എഴുതിയ ‘വളയം’എന്ന ചെറുകഥ ഞാൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ വായിച്ചതാണു്. എങ്കിലും എനിക്കതു മറക്കാൻ കഴിയുന്നില്ല. സുന്ദരനായ ഒരു ബാലൻ വളയമുരുട്ടിക്കളിക്കുന്നതു് പല്ലില്ലാത്ത വൃദ്ധൻ കാണുന്നു. അയാൾക്കും ആഗ്രഹം അതുപോലെ വളയമുരുട്ടിക്കളിക്കാൻ. അയാൾക്കു വളയം കിട്ടി. അതുംകൊണ്ടു് അയാൾ വനത്തിൽ പോയി ഉരുട്ടിക്കളിക്കുകയായി. ആ ബാലൻ കൂടെക്കൂടെ കമ്പുയർത്തിയും വളയത്തിൽ തട്ടിയുമാണു് വളയം ഓടിച്ചതു്. അതുപോലെയൊക്കെ അയാളും ചെയ്തു. മഞ്ഞുകാലമായതുകൊണ്ടു് വൃദ്ധനു വിനോദം ദോഷം ചെയ്തു. അയാൾ പനി പിടിച്ചു കിടപ്പിലായി. മരിച്ചു പോകുകയും ചെയ്തു. വാർദ്ധക്യം രണ്ടാം ബാല്യമാണല്ലോ. അതിന്റെ ചാപല്യം മുഴുവൻ അയാൾ കാണിച്ചു. ലോകത്തോടു് എല്ലാക്കാലത്തേക്കുമായി യാത്ര പറയുകയും ചെയ്തു.

How often have I picked the parsley by the river bank

And yet my wishes still are unfulfilled

എന്നു പതിനൊന്നാം ശതാബ്ദത്തിലെ ജാപ്പനീസ് എഴുത്തുകാരിയായ ലേഡി സാരാഷീനാ. (parsley = മണമുള്ള ഇലകളോടുകൂടിയ ഒരു ചെടി) ബാല്യകാലത്തു് വീട്ടിനടുത്തുള്ള റോസാപ്പൂന്തോട്ടത്തിൽ കയറി ആരുമറിയാതെ ഞാൻ പൂക്കൾ ഇറുത്തെടുക്കുമായിരുന്നു. റോസാപ്പൂ കണ്ടോ എങ്കിൽ ഞാൻ അടർത്തിയെടുത്തതുതന്നെ. ഇപ്പോൾ അതു ചെയ്യാറില്ല. ആഗ്രഹമുണ്ടെങ്കിലും.

images/CV_Raman_Pillai.jpg
സി. വി. രാമൻപിള്ള

സാഹിത്യത്തെസ്സംബന്ധിച്ചും ഇതുതന്നെയാണു് എന്റെ മാനസികനില. എത്ര പരിവൃത്തിയാണു് ഞാൻ സി. വി. രാമൻപിള്ള യുടെ ‘മാർത്താണ്ഡവർമ്മ’യും ചന്തുമേനോന്റെ ‘ഇന്ദുലേഖ’യും വായിച്ചതു്. കെ. ദാമോദരനാണു് (സി. വി. കുഞ്ഞുരാമന്റെ പുത്രൻ) 1945-ൽ. എനിക്കു മോപസാങ്ങിന്റെ In the Moonlight എന്ന കഥ വായിക്കാൻ നിർദ്ദേശം നല്കിയതു്. അന്നുതൊട്ടു് ഞാനതു വീണ്ടും വീണ്ടും വായിക്കുന്നു. ചെക്കോവിന്റെ ‘ഡാർലിങ്‘ എന്ന കഥ എത്ര പരിവൃത്തി ഞാൻ വായിച്ചിട്ടുണ്ടെന്നു് പറയാൻ വയ്യ. യൂക്കിയോ മീഷീമ യുടെ The Sound of Waves പ്യേർലോതിയുടെ (Pierre Loti 1850–1923) The Iceland Fisherman ക്നൂട്ടു് ഹാംസൂണിന്റെ Victoria ഇവയെല്ലാം അനേകം തവണ ഞാൻ വായിച്ചിട്ടുണ്ടു്. എന്തുകൊണ്ടാണിതു്? പനിനീർപ്പൂവിന്റെ ഉള്ള് കൂടുതൽ ചുവന്നിരിക്കുന്നതു പോലെ കലയുടെ അരുണിമ ഈ രചനകളുടെയെല്ലാം അന്തർഭാഗത്തു് ഉണ്ടു് എന്നതാണു് ഉത്തരം. ശ്രീ. സക്കറിയ ‘ഭാഷാപോഷിണി’യിൽ എഴുതിയ ‘ഡിക്യുലായുടെ ഉമ്മ’ എന്ന കഥയിൽ ഈ സവിശേഷതയില്ല. ഒരുത്തൻ സ്നേഹിച്ചിരുന്ന പെണ്ണിനെ വേറൊരുത്തൻ കെട്ടി. അവൾ ഗർഭം ധരിച്ചു ഭർത്താവിൽ നിന്നു്. പക്ഷേ, അവൾക്കു് സിസ്സേറിയൻ ശസ്ത്രക്രിയ വേണം. അതിനു് രക്തവും വേണം. പൂർവ കമിതാവ് താനറിയാതെ സ്വവർഗ്ഗരതിക്കു് വിധേയനായി സ്വന്തം രക്തവും കൊണ്ടു് തിരിച്ചുവരുന്നു. ഇതാണു് രക്തബന്ധം. എല്ലാവിധത്തിലും രക്തബന്ധം തന്നെ. മറ്റാരും കൈകാര്യം ചെയ്യാത്ത വിഷയം താൻ പ്രതിപാദിച്ചുവെന്നു് സക്കറിയയ്ക്കു് അഭിമാനിക്കാം. എന്നാൽ എനിക്കു് ഇക്കഥ ഒരിക്കൽക്കൂടി വായിക്കാൻ വയ്യ. ഹേതു സ്പഷ്ടമാണു്. വായനക്കാരന്റെ ധിഷണ കൊണ്ടുമാത്രം പിടിച്ചെടുക്കാവുന്ന ആശയം മാത്രമേ ഇതിലുള്ളു. ചെക്കോവിന്റെയും മോപാസാങ്ങിന്റെയും കഥകളിലെ ആശയം വികാരമായി മാറുന്നു. സക്കറിയയുടെ കഥയിലെ ആശയം മുഴച്ചു നിൽക്കുന്നു. സുന്ദരിയുടെ ഒരുപല്ല് ഉന്തി നിൽക്കുന്നതുപോലെ.

ചോദ്യം, ഉത്തരം

ചോദ്യം: കാമുകിക്കും കാമുകനും പ്രേമിക്കാൻ നല്ല സ്ഥലമേതു്? മ്യൂസിയം പാർക്കോ യൂണിവേഴ്സിറ്റി ലൈബ്രറിയോ?

ഉത്തരം: രണ്ടും കൊള്ളാം. കാഴ്ചബംഗ്ലാവിലെ പൂന്തോട്ടത്തിലാണെങ്കിൽ പ്രേമം പരിമളമേറ്റു് ഉത്കൃഷ്ടമാവും. ലൈബ്രറിയിലാണെങ്കിൽ സാഹിത്യസൃഷ്ടികളുടെ സൗന്ദര്യം കലർന്നു് അതു് കൂടുതൽ ഭംഗിയുള്ളതായിത്തീരും.

ചോദ്യം: നിങ്ങൾ പ്രസംഗിക്കൽ നിറുത്തിയതു് എന്തുകൊണ്ടു്?

ഉത്തരം: പുതുതായി ഒന്നും പറയാനില്ലാത്തതുകൊണ്ടു്. ഞാൻ ആവിഷ്കരിക്കുന്ന ആശയങ്ങളെക്കാൾ പ്രൗഢങ്ങളായ ആശയങ്ങൾ ശ്രോതാക്കൾക്കു് ഉണ്ടെന്നു് മനസ്സിലാക്കിയതു് കൊണ്ടു്. ഞാൻ സഞ്ചരിക്കുന്ന കാറ് സൂപർ ഫാസ്റ്റ് ബസ്സ് വന്നിടിച്ചു് എനിക്കു് മരണം സംഭവിക്കുമെന്നുള്ളതുകൊണ്ടു്. മൂന്നുതവണ ആ കൂട്ടിയിടിക്കലുണ്ടായി. ദൗർഭാഗ്യത്താൽ രക്ഷപ്പെട്ടു.

ചോദ്യം: ഭയമുണ്ടാകുന്നതു് എപ്പോൾ?

ഉത്തരം: നിങ്ങൾ മാത്രം വീട്ടിൽ താമസിക്കുന്നു. പട്ടണത്തിൽ പോയിട്ടു് തിരിച്ചു് വീട്ടിന്റെ ഗെയ്റ്റിൽ എത്തുമ്പോൾ പൂട്ടിയിട്ട ഭവനത്തിനകത്തു് നിന്നു് റ്റെലിഫോൺ മണിനാദം ഇടവിടാതെ കേൾക്കുന്നു. തിടുക്കത്തിൽ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ ദീർഘനേരം ഉണ്ടായിരുന്ന മണിനാദം നിലയ്ക്കുന്നു. അപ്പോൾ ഭയമുണ്ടാകും. എനിക്കു ചില കവിതകളിൽ ഫുട്നോട് ഏറെക്കാണുമ്പോഴും പേടിയുണ്ടാകുന്നു.

ചോദ്യം: നമ്മുടെ കവികൾക്കു് വേണ്ട ഗുണം?

ഉത്തരം: വിനയം.

ചോദ്യം: ടെലിവിഷൻ കണ്ടുപിടിച്ചതാരു്?

ഉത്തരം: സ്കോട്ട്ലൻഡിലെ ജോൺ ബയർഡ്. 1946-ലാണു് അദ്ദേഹം മരിച്ചതു്. സ്വാഭാവിക മരണമായിരിക്കാനിടയില്ല. അദ്ദേഹം കണ്ടുപിടിച്ച റ്റെലിവിഷനിലെ സീരിയൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ ഹൃദയസ്തംഭനം വന്നിരിക്കും.

ചോദ്യം: സ്ത്രീയുടെ സൗന്ദര്യം ഇത്ര ആകർഷണീയമായതു് എന്തുകൊണ്ടു്?

ഉത്തരം: അറിഞ്ഞുകൂടാ. ഒരിക്കൽ ഞാൻ തിരുവനന്തപുരത്തെ മൃഗശാലയിൽ കുരങ്ങിൻകൂട്ടിനടുത്തു നിൽക്കുകയായിരുന്നു. കൂട്ടിനകത്തുള്ള ഒറ്റകുരങ്ങൻ എന്റെ അടുത്തു നിന്ന സുന്ദരിയെ ഏതാണ്ടു് അഞ്ചു മിനിറ്റോളം കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു. അവൾ പോയപ്പോൾ കുരങ്ങനും കൂട്ടിനകത്തേക്കു നിരാശതയോടെ പോയി. അത്രയ്ക്കാണു് ആകർഷകത്വം. ആകർഷണീയം എന്നാൽ to be attracted എന്നാണു് അർത്ഥം. നിങ്ങളുടെ പ്രയോഗം തെറ്റു്.

ചോദ്യം: നമ്മുടെ രാജ്യത്തു് എപ്പോൾ തിരഞ്ഞെടുപ്പു് ഉണ്ടായാലും ഒരു പാർട്ടിക്കു ഭൂരിപക്ഷം കിട്ടുന്നില്ല. എന്താവാം കാരണം?

ഉത്തരം: ആളുകൾക്കു രാഷ്ടവ്യവഹാരസംബന്ധിയായി സ്ഥിരതയുള്ള വിശ്വാസങ്ങളുണ്ടു്. അവർ അതു് ഒരിക്കലും മാറ്റുകയില്ല. ഇനിയൊരു തിരഞ്ഞെടുപ്പു് ഉണ്ടായാലും സ്ഥിതി ഇതുതന്നെയാവും.

ചിരിപ്പിക്കുന്ന ട്രാജഡി
images/Pierre_Loti.jpg
പ്യേർലോതി

ശ്രീ. സേതു വിന്റെ ‘മറ്റൊരു രാത്രിയിൽ’ എന്ന ചെറുകഥയിലെ പ്രധാനകഥാപാത്രമായ അച്ചുതൻനായരോടു് ആരെങ്കിലും ‘അച്ചുതൻനായരേ നിങ്ങളുടെ കഥ പറയൂ’ എന്നു പറഞ്ഞാൽ അയാൾ ഉടനെ തുടങ്ങും ‘ഞാൻ കുട്ടിക്കാലത്തു് കഷ്ടപ്പെട്ടെങ്കിലും പ്രായം കൂടിയതോടെ ഭാഗ്യങ്ങൾ എന്നെ പൊതിഞ്ഞു. ക്രമേണ ഞാൻ മഹത്ത്വമാർജ്ജിച്ചു. എന്തെല്ലാം ഞാൻ അനുഭവിച്ചു? ഏതെല്ലാം രാജ്യങ്ങൾ സന്ദർശിച്ചു. എന്നെപ്പോലെ അനുഭവസമ്പത്തുള്ളവർ വേറെയാരുണ്ടു്. പക്ഷേ, പ്രായം കൂടിയപ്പോൾ എനിക്കു മോഹഭംഗമുണ്ടായി. ഞാൻ മനസ്സിലാക്കി പരിഷ്കാരവും അതിനോടു ചേർന്ന ഔന്നത്യവുമെല്ലാം പൊള്ളയാണെന്നു്. അംബരത്തെ സ്പർശിക്കുന്ന സൗധങ്ങളുടെ അന്തർഭാഗത്തു് നൃശംസതയേയുള്ളു. അന്യദേശങ്ങളിലെ വിശാലമാർഗ്ഗങ്ങളിലെ ചലനം യഥാർത്ഥമായ ചലനമല്ല ജഡതയുടെ മറ്റൊരു രൂപമാണു് അതു്. ഈ കാപട്യത്തിൽ നിന്നു് രക്ഷപ്പെടാനായി ഞാൻ നാട്ടിലേക്കു് തിരിച്ചുപോരാൻ ശ്രമിച്ചു. പൊള്ളയായ സംസ്കാരത്തിന്റെ പ്രതിനിധികളായ എന്റെ മക്കൾ തലമുറകളിലെ വിടവുകൾ നിർല്ലജ്ജം പ്രദർശിപ്പിച്ചുകൊണ്ടു് എന്നോടു പറഞ്ഞു എനിക്കു ഭ്രാന്താണെന്നു്. ഞാൻ നാട്ടിലെത്തി. അന്തസ്സാരശൂന്യമായ പാശ്ചാത്യസംസ്കാരത്തിന്റെ കരാളഹസ്തങ്ങൾ എന്റെ ഗളനാളം ഞെരിക്കാൻ നീണ്ടു വരികയായി. മദാമ്മമാരുടെ നഗ്ന നൃത്തം കാണാൻ കൊതിച്ച കൊച്ചുകുട്ടികൾ എന്റെ വീട്ടിൽ കേബിൾ റ്റി. വി. ഉണ്ടോ എന്നു ചോദിക്കുന്നു. ഈ ക്രൂരതയിൽ നിന്നു് എനിക്കു് രക്ഷപ്പെടാനാവില്ല. മരണമേ എനിക്കു സ്ഥിരമായ ആശ്വാസം നൽകൂ’.

images/Knut_Hamsun.jpg
ക്നൂട്ടു് ഹാംസൂൺ

ഞാനെഴുതിയ ഈ ആത്മഗതത്തിനു് കഥാഗതിയുമായി വലിയ വ്യത്യാസമുണ്ടാകാനിടയില്ല. ഇതിൽ നിന്നു് ഒറ്റ നോട്ടത്തിൽത്തന്നെ വായനക്കാർക്കു ഗ്രഹിക്കാം ഇതിവൃത്തത്തിനു് പുതുമയൊന്നുമില്ലെന്നു്. തലമുറകളുടെ വിഭിന്നതയും പരിഷ്കാരത്തിന്റെ പൊള്ളത്തരവും ശതാബ്ദങ്ങളായി പ്രതിപാദിക്കപ്പെടുകയാണു് രാജ്യമെമ്പാടും. ആ പ്രതിപാദനത്തിൽ വ്യത്യസ്തത—വേരിയേഷൻ—വരുത്തിയാലേ കഥയ്ക്കു് അന്യാദൃശസ്വഭാവം വരൂ. പത്തുമരങ്ങളുടെ ചിത്രങ്ങൾ പ്രതിഭയുള്ള പത്തു ചിത്രകാരന്മാർ വരച്ചാൽ ഓരോന്നിനും അന്യാദൃശസ്വഭാവം ഉണ്ടാകും. സേതുവിന്റെ കഥയിലെ സർവ സാധാരണത്വം പീഡാജനകമായിരിക്കുന്നു. കൈകാര്യം ചെയ്യുന്ന വിഷയത്തിനു് നൂതന മൂല്യം പ്രദാനം ചെയ്തു് ‘ചൈതന്യധന്യ’മായ രീതിയിൽ ആവിഷ്കരിച്ചാലേ കലയാവൂ. ആ കല ഇക്കഥയിൽ ഇല്ലാത്തതുകൊണ്ടാണു് കഥാപാത്രത്തിന്റെ അന്ത്യം നമ്മളെ സപർശിക്കാത്തതു്. ഓസ്കർ വൈൽഡിന്റെ ഒരു പ്രയോഗം കടമെടുക്കട്ടെ. മനസ്സ് കരിങ്കല്ലുപോലെയുള്ളവർക്കു മാത്രമേ അച്ചുതൻനായരുടെ ട്രാജഡിയിൽ ചിരിക്കാതിരിക്കാനാകൂ.

കണ്ടിട്ടുണ്ടു്, കേട്ടിട്ടുണ്ടു്

സങ്കല്പാതീതമായ വേഗത്തിൽ ചങ്ങമ്പുഴ പരുക്കൻ മലയാളപദങ്ങളെ ശുദ്ധസംഗീതമാക്കി കവിതയെഴുതുന്നതു ഞാൻ പല തവണ കണ്ടിട്ടുണ്ടു്. ആ പദങ്ങൾ ചിറകുകളാർന്നു രാജഹംസങ്ങളായി എന്റെ ഹൃദയസരസ്സിൽ മെല്ലെ നീങ്ങുന്നതു ഞാൻ കണ്ടിട്ടുണ്ടു്.

1. ഞാൻ ശംഖും‌മുഖം കടപ്പുറത്തു നിൽക്കുമ്പോൾ നീലക്കടലിൽ സാമാന്യം വലിപ്പമുള്ള യാനപാത്രം നീങ്ങുന്നതും അതു ക്രമേണ ചെറുതായി ചെറുതായി വരുന്നതും ഒടുവിൽ ഒരു ബിന്ദുവായി മാറുന്നതും അതിൽ സായാഹ്നസൂര്യൻ അരുണരശ്മികൾ വീഴ്ത്തി സിന്ദൂരപ്പൊട്ടാക്കി മാറ്റുന്നതും കണ്ടിട്ടുണ്ടു്.

2. നോക്കെത്താത്തദൂരത്തോളം ജനങ്ങൾ ഇരിക്കുമ്പോൾ മഹാത്മാഗാന്ധി ഉന്നതമായ പ്ലാറ്റ്ഫോമിൽ കാലുകൾ പിറകോട്ടാക്കി വച്ചു് ഇരുന്നു് മന്ദസ്മിതത്തോടെ പ്രസംഗിക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. ആർജ്ജവമാർന്ന ആ പ്രസംഗം കേട്ടിട്ടുണ്ടു്.

images/Harindranath_Chattopadhyay.jpg
ഹരീന്ദ്രനാഥ ചട്ടോപാദ്ധ്യയ

3. പുരുഷന്മാർക്കു പോലും രാഗമുളവാക്കുന്ന അതിസൗന്ദര്യമുള്ള ഹരീന്ദ്രനാഥ ചട്ടോപാദ്ധ്യയ ആലപ്പുഴ സനാതന ധർമ്മവിദ്യാലയത്തിലെ ആനി ബെസന്റ് ഹോളിൽ കവിതയെക്കുറിച്ചു പ്രസംഗിക്കുന്നതും യുവതികൾ അദ്ദേഹത്തിന്റെ സൗന്ദര്യം കണ്ണുകൾ കൊണ്ടു് പഠനം ചെയ്യുന്നതും ഞാൻ കണ്ടിട്ടുണ്ടു്. വർഷങ്ങൾ ഏറെ കഴിഞ്ഞു് അതേ ഹരീന്ദ്രനാഥ് സ്ഥൂലഗാത്രത്തോടുകൂടി വൈരൂപ്യത്തിനു് ആസ്പദമായി ഒരു സുന്ദരിപ്പെൺക്കുട്ടിയോടു കൂടി തിരുവനന്തപുരത്തെ ടൗൺ ഹോളിൽ ‘കേഡ് സെല്ലറാ’യി അഭിനയിക്കുന്നതു ഞാൻ കണ്ടിട്ടുണ്ടു്. വർഷങ്ങൾക്കു മുൻപുള്ള ചേതോഹാരമായ പ്രസംഗവും വർഷങ്ങൾക്കു ശേഷമുള്ള പരുക്കൻ പ്രസംഗവും ഞാൻ കേട്ടിട്ടുണ്ടു്.

4. സങ്കല്പാതീതമായ വേഗത്തിൽ ചങ്ങമ്പുഴ പരുക്കൻ മലയാളപദങ്ങളെ ശുദ്ധസംഗീതമാക്കി കവിതയെഴുതുന്നതു ഞാൻ പല തവണ കണ്ടിട്ടുണ്ടു്. ആ പദങ്ങൾ ചിറകുകളാർന്നു രാജഹംസങ്ങളായി എന്റെ ഹൃദയസരസ്സിൽ മെല്ലെ നീങ്ങുന്നതു ഞാൻ കണ്ടിട്ടുണ്ടു്.

താദാത്മ്യമില്ല
images/Malayattoor_Ramakrishnan.jpg
മലയാറ്റൂർ രാമകൃഷ്ണൻ

ചേർത്തല ബ്രാൻഡിയുണ്ടാക്കുന്ന ഒരു സ്ഥാപനത്തിന്റെ വാർഷികമാഘോഷിക്കുന്ന വേളയിൽ മലയാറ്റൂർ രാമകൃഷ്ണൻ, മലയാളനാടു് പത്രാധിപർ എസ്. കെ. നായർ, കാക്കനാടൻ ഇവരോടൊരുമിച്ചു ഞാനും പോയിരുന്നു. സമ്മേളനം കാലത്തു്. എല്ലാവരും പ്രസംഗിച്ചു. മീറ്റിംഗ് കഴിഞ്ഞപ്പോൾ ഞാൻ മലയാറ്റൂർ രാമകൃഷ്ണനോടു് ചോദിച്ചു: “എന്റെ പ്രസംഗം എങ്ങനെയിരുന്നു” ഉടനെ അദ്ദേഹം മറുപടി നൽകി: “അസാധാരണമായ വിധത്തിൽ ബോറിങ്ങായിരുന്നു”.

ഞങ്ങൾ നാലുപേർ അലൈനിൽ നിന്നു് ദുബായി നഗരത്തിലേയ്ക്കു പോകുകയായിരുന്നു. അങ്ങകലെ നാലഞ്ചു ഒട്ടകങ്ങൾ മെല്ലെ നടക്കുന്നു. കാറ് നിർത്തി ഞങ്ങൾ പാതയുടെ ഒരു വശത്തു നിന്നു മണൽക്കാടു നോക്കി. കുറെ നേരം നോക്കിയശേഷം ഓരോ ആളും കാറിനകത്തു കയറി ഇരുന്നു. അവർ ഞാൻ തിരിച്ചുകയറാൻ കാത്തിരിക്കുകയായിരുന്നു. പക്ഷേ, ഞാൻ അതറിയുന്നില്ല. ക്ഷമ കെട്ടപ്പോൾ കേരള സമാജത്തിന്റെ സെക്രട്ടറി ശ്രീ. സോമൻ എന്നോടു ചോദിച്ചു: “സാർ മണൽക്കാടു കണ്ടു തീർന്നില്ലേ?” അതുകേട്ടു ഞാൻ കാറിനടുത്തേയ്ക്കു ചെന്നു.

മലയാറ്റൂർ രാമകൃഷ്ണനും സോമനും ജയിക്കട്ടെ എന്നു ഞാൻ എഴുതുമായിരുന്നു. പക്ഷേ, കഷ്ടം മലയാറ്റൂർ ഇന്നില്ലല്ലോ. എങ്കിലും ദേശാഭിമാനി വാരികയിൽ ‘സ്വപ്നങ്ങളുടെ പുസ്തകം’ എന്ന കഥയെഴുതിയ ശ്രീ. മോഹൻദാസ് ശ്രീകൃഷ്ണപുരത്തോടു് എനിക്കു പറയാവുന്ന വാക്കുകൾ അവർ എനിക്കുവേണ്ടി നേരത്തേ പറഞ്ഞല്ലോ. ശ്രീ. മോഹൻദാസ് താങ്കളുടെ കഥ അസാധാരണമായ വിധത്തിൽ ബോറിങ്ങാണു്. താങ്കൾ കലയുടെ മണ്ഡലമെന്നു വിചാരിച്ചു് മണൽക്കാടു നോക്കിക്കൊണ്ടിരിക്കുകയാണു്.

ഒരുത്തൻ സ്വപ്നം കാണുന്നതെല്ലാം കുറിച്ചു വയ്ക്കുന്നു. സ്വപ്നം ചിലർക്കു ചില കാലമൊത്തിടും എന്നു അയാളുടെ മുത്തശ്ശി പറഞ്ഞതുപോലെ ഒരു സ്വപ്നം നിത്യജീവിതത്തിൽ യാഥാർത്ഥ്യമായിത്തന്നെ ആവിർഭവിക്കുന്നു. കഥാകാരന്റെ സങ്കൽപ്പങ്ങൾ പാരായണവേളയിൽ വായനക്കാരന്റെയും സങ്കൽപ്പങ്ങളായി മാറുമ്പോഴാണു് കഥ വിജയത്തിലെത്തുന്നതു്. ഒരുദാഹരണം ശ്രീ. എം. ടി. വാസുദേവൻനായരുടെ ‘വാനപ്രസ്ഥ’മെന്ന കഥ. ഇവിടെ കഥാകാരൻ വേറെ, കഥ വേറെ, വായനക്കാരൻ വേറെ എന്നു തോന്നുന്നില്ല. എല്ലാം ഒന്നാകുന്നു. ഉപന്ന്യാസത്തിന്റെ രീതിയിലെഴുതിയ മോഹൻദാസിന്റെ കഥയിലെ സംഭവങ്ങൾ അതിലെ സംഭവങ്ങളായി മാത്രം നിൽക്കുന്നു. അതിൽ ഹൃദയസംവാദമില്ല.

റുഷ്ദി പുരീഷമെറിയുന്നു

സൊക്രട്ടീസ്, പ്ലേറ്റോ, ബുദ്ധൻ, യേശുക്രിസ്തു, മഹാത്മാഗാന്ധി ഇവർ ജനിച്ചിട്ടില്ലായിരുന്നെങ്കിൽ ലോക ജനത ഇപ്പോഴും കാട്ടാളന്മാരായി കഴിഞ്ഞു കൂടിയേനേ. മനുഷ്യരാശിയുടെ മനസ്സു തുറന്നു് അവരിൽ ഐശ്വരാംശം ഉണ്ടെന്നു് എല്ലാവരെയും ഗ്രഹിപ്പിക്കുകയും ആ ഐശ്വരാംശത്തിലേയ്ക്കു മനുഷ്യനെ എടുത്തു് ഉയർത്തുകയും ചെയ്ത മഹാന്മാരാണു് ഇവർ. ഇവരിലൊരാളായ മഹാത്മാഗാന്ധിയെ ഇൻഡ്യയെ നിന്ദിക്കുന്നു എന്നതിന്റെ പേരിൽ മാത്രം ഒന്നാംകിട എഴുത്തുകാരനായി സായ്പന്മാർ ഉയർത്തിവച്ചിരിക്കുന്ന പത്താംകിട എഴുത്തുകാരനായ സൽമാൻ റുഷ്ദി അക്ഷന്തവ്യമായ വിധത്തിൽ നിന്ദിച്ചിരിക്കുന്നു. അപമാനിച്ചിരിക്കുന്നു. ഗാന്ധിജിയുടെ നേർക്കുള്ള ഈ നിന്ദനവും അപമാനവും യഥാർത്ഥത്തിൽ ഭാരതീയരുടെ നേർക്കുള്ള നിന്ദനവും അപമാനവുമാണു് (റ്റൈം വാരിക ഏപ്രിൽ 13). മോഹൻദാസ്ഗാന്ധി എന്നു മാത്രം പേരു നൽകി എഴുതിയ ആ ലേഖനത്തിലൂടെ ഗാന്ധിജിയെ പുരീഷം വാരിയെറിഞ്ഞു റുഷ്ദി. മൂക്കു് പൊത്തിക്കൊണ്ടു് വായിക്കുക ഇനിയുള്ള ഭാഗം.

1. ഗ്രാമജീവിതത്തെ വാഴ്ത്തിയ ഗാന്ധി ബിർലയെപ്പോലുള്ള കോടീശ്വരന്മാരെ ആശ്രയിച്ചാണു് ജീവിച്ചതു്.

2. സസ്യഭക്ഷണം, മലശോധന, മനുഷ്യമലത്തിന്റെ പ്രയോജനം ഇവയെക്കുറിച്ചു് കിറുക്കൻ സിദ്ധാന്തങ്ങൾ ഗാന്ധിജിക്കുണ്ടായിരുന്നു.

3. നഗ്നകളായ യുവതിമാരോടൊപ്പമാണു് ഗാന്ധി രാത്രി മുഴുവൻ ഉറങ്ങിയതു്. അതു ബ്രഹ്മചാരിയുടെ പരീക്ഷണമായിരുന്നുപോലും.

4. വിരലിലെണ്ണാവുന്ന കുറെ കിറുക്കന്മാർ മാത്രമേ ഇന്നു ഗാന്ധിജിയുടെ തത്ത്വചിന്തയിൽ വിശ്വസിക്കുന്നുള്ളൂ.

5. റ്റൈപ്റൈറ്ററിനു പകരം പെൻസിലും ബിസ്നെസ്സ്യൂട്ടിനു പകരം കടിദേശ വസ്ത്രശകലവും നിർമ്മാണശാലയ്ക്കു പകരം ഉഴുതിട്ട വയലുമാണു് ഗാന്ധിയ്ക്കു വേണ്ടിയിരുന്നതു്.

6. കോൺഗ്രസ് സമ്മേളനത്തിൽ ജിന്ന ഗാന്ധിയെ മഹാത്മാഗാന്ധിയെന്നു വിളിക്കാത്തതുകൊണ്ടു് കോൺഗ്രസുകാർ അക്രമാസക്തരായി. ഗാന്ധിയുടെ അനുചരന്മാർ ജിന്നയെ കൂവിയിരുത്തി. സ്വാർത്ഥരഹിതനെന്നും വിനയസമ്പന്നനെന്നും ആത്മപ്രശംസ നടത്തുന്ന ഗാന്ധി അതു തടഞ്ഞില്ല.

7. What, then, is greatness? In what does it reside? എന്നു ചോദിച്ചിട്ടു് റുഷ്ദി പറയുന്നു ഗാന്ധിക്കു മഹത്ത്വമില്ലെന്നു്.

ഇനിയുമുണ്ടു് വൃത്തികെട്ട പ്രസ്താവങ്ങൾ. അക്രമരാഹിത്യത്തിലൂടെ നമ്മുടെ നാടിനെ ബ്രിട്ടീഷുകാരിൽ നിന്നു് മോചിപ്പിച്ച ഋഷിതുല്യനായ ഗാന്ധിജിയുടെ നേർക്കു് പുരീഷം വാരിയെറിയുകയാണു് റുഷ്ദി. ഇതിനെ എതിർത്തില്ലെങ്കിൽ നമ്മൾ മനുഷ്യരല്ലാതെയായിത്തീരും.

പ്രതിഭാവിലാസം

പോളണ്ടിലെ ചലച്ചിത്ര സംവിധായകൻ ക്രിഷ്തോഫ് കീസ്സിലോവ്സ്കിയുടെ ‘Three Colours: Blue, White, Red’ എന്ന ചലനചിത്രത്രിതയം (trilogy) സിനിമയുടെ മണ്ഡലത്തിലെ വിസ്മയമാണെന്നു് നിരൂപകർ പറയുന്നു. ഫ്രഞ്ചു് പതാകയുടെ നീലം, വെളുപ്പ്, ചുവപ്പു് (ഇടത്തേയറ്റം നീല നിറം, പിന്നീടു് വെളുത്ത നിറം, അതിനു ശേഷം ചുവന്ന നിറം) ഇവയെ അവലംബിച്ചു് നിർമ്മിക്കപ്പെട്ടതാണു് ഈ മൂന്നു ചിത്രങ്ങളും. അവ യഥാക്രമം ഫ്രഞ്ചു് വിപ്ലവത്തിന്റെ “ആദർശങ്ങളായ” സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഇവയ്ക്കു് പ്രതിനിധീഭവിക്കുന്നു. ഈ ചിത്രങ്ങളൂടെ സ്ക്രിപ്റ്റുകൾ ഒറ്റപ്പുസ്തകമാക്കി ഇംഗ്ലണ്ടിലെ ‘Faber and Faber’ പ്രസാധകന്മാർ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. (Three Colours Trilogy – Blue, White, Red, Krysztof Keislowski and Krysztof Kiesiewicz, Translated by Danusia Stock, pp. 291, 1998) ചലച്ചിത്രങ്ങളിൽ സാമാന്യമായും കിസ്സിലോവ്സ്കി ചിത്രങ്ങളിൽ സവിശേഷമായും താല്പര്യമുള്ളവർക്കു് ഹർഷാതിശയമുളവാക്കുന്നതാണു് ഈ സ്ക്രിപ്റ്റുകളുടെ സമാഹാരം. നമ്മുടെ സ്ക്രിപ്റ്റ് എഴുത്തുകാർക്കും ഇതു് പ്രയോജനം ചെയ്യും. രണ്ടു് ചിത്രങ്ങളെക്കുറിച്ചു് ഹ്രസ്വമായി പറയാനേ സ്ഥലമുള്ളൂ. പ്രത്യക്ഷത്തിൽ സ്വാതന്ത്ര്യമെന്നു് തോന്നുന്നതു് യഥാർത്ഥത്തിൽ പാരതന്ത്ര്യമാണെന്നു് വിചാരിക്കുന്നു കീസ്സ്ലോവ്സ്കി.

images/ThreeColorsTrilogy.jpg

ഭർത്താവിനോടും മകളോടും കൂടി ജൂലി കാറിൽ സഞ്ചരിച്ചപ്പോൾ അപകടമുണ്ടായി. അതിൽ ഭർത്താവും മകളും മരിച്ചു. ആശുപത്രിയിലായ ജൂലി രക്ഷപ്പെട്ടു. അന്നു തൊട്ടു് എല്ലാം മറന്നു് അവൾ ജീവിക്കാൻ ശ്രമിച്ചു. ആ ജിവിതമാണു് സ്വാതന്ത്ര്യമായി അവൾ കണ്ടതു്. ഭർത്താവിനെക്കുറിച്ചുള്ള സ്മരണകൾ പോലും അവൾ പരിത്യജിച്ചു. പക്ഷേ, സ്നേഹമെന്ന കെണിയിൽ നിന്നു് അവൾക്കു് മുക്തി നേടാൻ കഴിയുന്നില്ല. ഗാനരചയിതാവായിരുന്നു ഭർത്താവ്. സ്നേഹം കൊണ്ടേ ലോകത്തിനു് രക്ഷയുള്ളൂ എന്നു് വിശ്വസിച്ച അയാളുടെ ഗാനത്തിന്റെ ലയത്തിൽ മുങ്ങി നിസ്സഹായാവസ്ഥയിൽ ജൂലി കരയുമ്പോൾ ചലച്ചിത്രം അവസാനിക്കുന്നു. വികാരത്തിന്റെ തടവറയിൽത്തന്നെയാണു് അവൾ.

‘White’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം കരോളാണു്. അയാൾക്കു് ധ്വജഭംഗം. അതുകൊണ്ടു് ഭാര്യ അയാളെ ഉപേക്ഷിച്ചു.

ജഡ്ജി കരോളിനോടു് ചോദിക്കുന്നു:

When did intercourse stop?

കരോൾ:

Intercourse… we haven’t made love since we got married.

images/Krzysztof_Kieślowski.jpg
കിസ്സിലോവ്സ്കി

ഒരു നാട്ടുകാരന്റെ സഹായത്തോടെ പോളണ്ടിലെത്തിയ കരോൾ ധനികനായി. താൻ മരിച്ചുവെന്നു് അഭിനയിക്കുകയായി അയാൾ. ‘ശവസംസ്കാര’ത്തിനെത്തുന്ന ഭാര്യ അയാളെ തിരിച്ചറിഞ്ഞു. അയാൾ അവളെയും. പക്ഷേ, ഫലമില്ല. കരോൾ കാരാഗൃഹത്തിലായി. കരിഞ്ചന്തയിൽ പണം സമ്പാദിച്ചതും മരണമഭിനയിച്ചതും ആകാം അയാളുടെ പേരിലുള്ള കുറ്റം. ഭാര്യയെ ഉദ്ദേശിച്ചു് ‘You’ll let her know I’m here’ എന്നു് കരോൾ ഗാർഡിനോടു് പറയുന്നു. കമ്പിവലയ്ക്കപ്പുറത്തു് കൈവീശുന്ന നിഴൽ കണ്ടു് അയാൾ കരയുമ്പോൾ ചലച്ചിത്രം അവസാനിക്കുന്നു.

ഏതു മഹനീയമായ ചലച്ചിത്രത്തിന്റെ കഥയും ഹ്രസ്വമായി പറഞ്ഞാൽ അതു് പരിഹാസ്യമാകുമെന്നു് അറിഞ്ഞുകൊണ്ടു തന്നെയാണു് ഞനിത്രയും കുറിച്ചതു്. അതിനാൽ പ്രതിഭാശാലിയായ കീസ്സിലോവ്സ്കിയുടെ സ്ക്രിപ്റ്റുകൾ തന്നെ വായിച്ചു നോക്കാൻ ഞാൻ വായനക്കാരോടു് അഭ്യർത്ഥിക്കുന്നു. വായിച്ചാൽ വിമർശകർ പറയുന്നതുപോലെ ‘Classic Kieslowski’ എന്നു് നമ്മളും പറയും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-05-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.